Tuesday, September 27, 2022

ഓണം മലയാളിയുടെ വൈരുദ്ധ്യദർശനം :എം.കെ.ഹരികുമാർ

 


കൂത്താട്ടുകുളം : ഓണം മലയാളിയുടെ ജീവിതത്തിലെ ഒരു വൈരുദ്ധ്യദർശനമാണെന്നു എഴുത്തുകാരനും വിമർശകനുമായ എം.കെ .ഹരികുമാർ അഭിപ്രായപ്പെട്ടു.

ഉപ്പുകണ്ടം പബ്ലിക് ലൈബ്രറിയുടെ ഓണാഘോഷ സമാപനയോഗത്തിൽ ഓണസന്ദേശം നല്കി സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഓണത്തിൻ്റെ സമത്വവും സാഹോദര്യവും സത്യവും എല്ലാം ഒരു കവിയുടെ ഭാവനയാകാനാണ് സാധ്യത .മഹാബലി ഒന്നുകിൽ ഒരു മന:ശാസ്ത്രജ്ഞനായിരിക്കണം; അല്ലെങ്കിൽ ഒരു മജീഷ്യനായിരിക്കണം. കാരണം ,ഒരു രാജ്യത്തെ ജനങ്ങളെയാകെ സത്യസന്ധരും സന്തോഷമുള്ളവരും സാഹോദര്യ ബോധമുള്ളവരുമാക്കി മാറ്റാൻ ആർക്കും കഴിയില്ല. മനുഷ്യപ്രകൃതിയെ മനസ്സിലാക്കുന്നവർ അത് അംഗീകരിക്കുകയില്ല .മനുഷ്യനിൽ സമത്വബോധമോ സാഹോദര്യമോ ഇല്ല. മനുഷ്യൻ പ്രകൃതിക്കു എതിരാണ്. മനുഷ്യനു സത്യം മാത്രം പറഞ്ഞുകൊണ്ട് ജീവിക്കാനാവില്ല. ജീവിതത്തിൽ ദൈവം ഉണ്ടാക്കി വച്ചിരിക്കുന്ന ഒരു ഏടാകൂടമാണിത്. നമുക്ക് ആരോടെങ്കിലും അനീതി ചെയ്യാതെ ജീവിക്കാനാകില്ല .മനുഷ്യപ്രകൃതി അങ്ങനെയാണ്. മനുഷ്യനു ധർമ്മം പാലിക്കണമെങ്കിൽ മറ്റാരോടെങ്കിലും അധർമ്മം പ്രവർത്തിക്കേണ്ടിവരും. അതാണ് അവന്റെ ധർമ്മസങ്കടം. ഒരു പീഢയെറുമ്പിനും വരുത്തരുതെന്നു നാരായണഗുരു പറയുന്നത് ആ ഹൃദയത്തിന്റെ വലിപ്പമാണ് കാണിക്കുന്നത്. എന്നാൽ മനുഷ്യനു ഉറുമ്പിനെ കൊല്ലാതിരിക്കാനാവില്ല. മനുഷ്യൻ ക്രൂരനാണ് ,ഈ ഭൂമുഖത്തുള്ള ഏത് ജീവിയേക്കാൾ. അവൻ്റെ വീടിൻ്റെ ചുറ്റുമതിൽ കടന്നു ഏത് ജീവി വന്നാലും കൊല്ലപ്പെടും. മനുഷ്യനിൽ ദയ ഇല്ല .അതുകൊണ്ടാണ് മദർ തെരേസ സ്വന്തം ജീവിതകാലം മുഴുവൻ ദയ എന്താണെന്നു പഠിപ്പിക്കാൻ തീരുമാനിച്ചത്. മനുഷ്യർക്ക് വേണ്ടി മാത്രമാണ്  ഈ ഭൂമി എന്നു മനുഷ്യൻ ചിന്തിക്കുന്നു. പഞ്ചഭൂതങ്ങളെയും മലിനമാക്കിയിരിക്കുകയാണ്. മറ്റൊരു ജീവിക്കും ഇതിൽ പങ്കില്ല. കടലിൽ വലിയ രാജ്യങ്ങളുടെ വലിപ്പത്തിൽ പ്ലാസ്റ്റിക് കുന്നുകൂടി കിടക്കുകയാണ് .പ്ലാസ്റ്റിക് സുന്ദരമായ ജീവിതമാണ് കഴിഞ്ഞകാലങ്ങളിൽ സമ്മാനിച്ചതെങ്കിൽ ഇപ്പോൾ അത് ദുരന്തമായിരിക്കുന്നു -ഹരികുമാർ പറഞ്ഞു.

ഓണത്തിൻ്റെ സന്ദർഭം നമ്മെ സ്വയം നിരീക്ഷിക്കാൻ സഹായിക്കുന്നു. അതിനുള്ള അവസരമാണിത്. സമത്വബോധമില്ലാത്ത നമുക്ക് അത് ഭാവനയിൽ ആചരിക്കാം. നമ്മൾ എന്നാണ് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാൻ തുടങ്ങിയത് ?എന്നാണ് പാത്രത്തിൽ ഭക്ഷണം കഴിച്ചത്? അതിനുമുമ്പ് ഓണത്തിനായി നമ്മൾ ഒരുമിച്ചിരുന്നു എന്നു പറയുന്നത് അവിശ്വസനീയമാണ്. നമ്മുടെ ഈ ഓണം ഒരു നവകേരള സങ്കൽപ്പമാണ്. നാം എങ്ങനെയാണ് മുന്നേറേണ്ടതെന്നു അത് ഓർമിപ്പിക്കുന്നു. ഒരു പുതിയ വസന്തകാലത്തെയാണ് ഓണം മനസിലേക്കു കൊണ്ടുവരുന്നത് – ഹരികുമാർ പറഞ്ഞു.

ഒരു വിഭാഗം ജനതയ്ക്ക്  സഞ്ചാരസ്വാതന്ത്ര്യവും വിദ്യാഭ്യാസ സ്വാതന്ത്യവുമില്ലാതിരുന്ന കാലത്ത് ഓണത്തിന് സാധ്യതയില്ല.എന്നാൽ നമുക്ക് പ്രതീക്ഷയും യഥാർത്ഥ ലക്ഷ്യവും ആവശ്യമുണ്ട് .അതിനാണ് ഓണം .ഓണം പുതിയ ഒരു രാഷ്ട്രീയവും സംസ്കാരവുമാണ്. നീതിക്കു വേണ്ടിയുള്ള തീവ്രമായ അഭിലാഷം അത് ഊതിക്കത്തിക്കുന്നു.   ഒന്നിച്ചിരുന്ന് ഉണ്ടിട്ടില്ലാത്ത മലയാളി ഒരു ഇലയിൽ ചോറും കറികളും വിളമ്പി ഒരുമിച്ചിരിക്കാമെന്നു തീരുമാനിക്കുന്നത് പുതിയ കേരളത്തിൻ്റെ നല്ല വാർത്തയാണ്. എല്ലാവർക്കും എല്ലാ രുചികളും ലഭ്യമല്ലാതിരുന്ന കേരളമായിരുന്നു ഇവിടെ നേരത്തെ ഉണ്ടായിരുന്നത്. പശുവില്ലാത്തവനു പാല് കിട്ടുമോ? അതുകൊണ്ട് വിവിധ സമുദായങ്ങളുടെ രചികൾ ഒരു  ഇലയിൽ  വിളമ്പുന്നതോടെ ഒരു പുതിയ ജനാധിപത്യകേരളം ഉണ്ടാവുകയാണ്.  മലയാളത്തിന്റെ പൊതുശബ്ദമാണത്. സംസ്കൃതബദ്ധമായ സാഹിത്യത്തെ തനിമലയാളമാക്കി തകഴിയും കേശവദേവും മറ്റും അവതരിപ്പിച്ചത് കൂടുതൽ വായനക്കാരിലേക്ക് ഈ അവബോധമെത്തിക്കാൻ സഹായിച്ചു. 

എഴുതാൻ പത്രമോ പ്രസംഗിക്കാൻ വേദിയോ ഇല്ലാതിരുന്ന ദേവ് എത്ര കഷ്ടപ്പെട്ടാണ് ‘ഓടയിൽ നിന്നു ‘എഴുതിയത് ! .ഒരു നവമലയാളിയുടെ ആദർശത്തിന്റെയും ത്യാഗത്തിന്റെയും സ്വപ്നത്തിന്റെയും ഗോപുരമാണ് കേശവദേവ് പരിചയപ്പെടുത്തിയത്. മനുഷ്യനിൽ കള്ളം നിലനിൽക്കുമ്പോൾ മാവേലിക്ക് എല്ലാവരെയും സന്തോഷിപ്പിക്കാനാവില്ല. മനുഷ്യമനസ്സ് ഒരു പിടികിട്ടാപ്പുള്ളിയാണ് .എപ്പോഴാണ് മനസ്സിൻ്റെ ഇഷ്ടം മാറുന്നത് എന്നറിയില്ല. മനസ്സ് ഒരു യാഥാർത്ഥ്യമല്ല. എന്നാൽ നിങ്ങൾ ഒരിക്കലും കാണാൻ മുതിരാത്ത സൂര്യോദയം ഒരു യാഥാർത്ഥ്യമാണ്. മനസ്സിൽ ആരോടും സ്നേഹമോ ബന്ധമോ ഇല്ലാത്ത ഒരവസ്ഥയിൽ സന്തോഷവും സമത്വവും മിത്തായി മാറുകയാണ് – ഹരികുമാർ ചൂണ്ടിക്കാട്ടി.

പാലക്കുഴ പഞ്ചായത്ത് പ്രസിഡണ്ട് ജയ കെ .എ ,ലൈബ്രറി പ്രസിഡണ്ട് സതീഷ് തെറോത്ത് ,ലൈബ്രറി കൗൺസിൽ അംഗം ജോസ് കരിമ്പന , ലൈബ്രറി സെക്രട്ടറി റെജി ജോസഫ്, കൺവീനർ ലാലു മാത്യു എന്നിവർ പ്രസംഗിച്ചു.

സമൂഹം കാണാത്തത് കാണാൻ കവിയുടെ തൃക്കണ്ണ്: എം.കെ.ഹരികുമാർ

പ്രീത ടി.കെ യുടെ കവിതാസമാഹാരം പ്രകാശനം ചെയ്തു. 

 


കണ്ണൂർ :സമൂഹം ഒരുതരത്തിലും കാണാത്തതും കേൾക്കാത്തതുമായ കാര്യങ്ങൾ എഴുതുമ്പോഴാണ് കവിയുടെ മൂന്നാം കണ്ണ്  പ്രവർത്തിക്കുന്നതെന്ന് വിമർശകനും കോളമിസ്റ്റും നോവലിസ്റ്റുമായ എം.കെ.  ഹരികുമാർ അഭിപ്രായപ്പെട്ടു .കണ്ണൂർ നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് ഹാളിൽ പ്രീത ടി.കെ. എഴുതിയ The Love Trio എന്ന ഇംഗ്ലീഷ് കവിതാസമാഹാരം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കവിക്ക് നേരെ മുന്നിലുള്ള കാഴ്ചകൾ മാത്രം മതിയാവുകയില്ല .പിന്നിലുള്ളതും കാണണം. അതാര്യമായ ലോകത്തെ കവി കാണാനാഗ്രഹിക്കുന്നു. അത് ദൈവത്തിൻ്റെ മേഖലയാണ്. മനുഷ്യന്റെ അറിവിനപ്പുറമുള്ള ലോകത്തേക്ക് സഞ്ചരിക്കാൻ കവിയുടെ കൈയിലുള്ളത് ജ്ഞാനേന്ദ്രിയമാണ്.  അത് സൗന്ദര്യം എന്ന ഭീകരാവസ്ഥയെയാണ്  അഭിമുഖീകരിക്കുന്നത്. സൗന്ദര്യം  ഭീകരമാണെന്ന ദസ്തയെവ്സ്കിയുടെ വാക്യം ഓർമ്മിപ്പിച്ചുകൊണ്ട് ഹരികുമാർ പറഞ്ഞു .

ദൈവത്തിൻ്റെ സ്പർശം അനുഭവിപ്പിക്കുന്ന കൃതിയാണ് ‘ദ് ലവ് ട്രിയോ ‘എന്ന് ഹരികുമാർ ചൂണ്ടിക്കാട്ടി. ദൈവം നമ്മുടെ ജീവിതത്തിന്റെ അദൃശ്യതയിലാണുള്ളത് .കാണാത്തതെല്ലാം ദൈവത്തിൻ്റെ കൈകളിലാണ്. കാലം മറഞ്ഞിരിക്കുകയാണ് .ഒരു മണിക്കൂർ കഴിഞ്ഞാൽ ,ഒരു ദിവസം കഴിഞ്ഞാൽ എന്താണ് സംഭവിക്കുന്നതെന്ന് ആർക്കുമറിയില്ല. പ്രപഞ്ചത്തിന്റെ ആ ഭാഗം അദൃശ്യതയാണ് .അവിടെയാണ് ദൈവമുള്ളത് .അതിലേക്ക് എത്താൻ പരിമിതികളുള്ള നമ്മൾ അതിനാൽ ജ്ഞാനേന്ദ്രിയം പ്രവർത്തിപ്പിക്കണം. സാഹിത്യകലയുടെ മഹത്വം അറിഞ്ഞാൽ അന്തർദർശനത്തിലേക്കാണ് നാം എത്തിച്ചേരുക .മഹത്തായ കലാസൃഷ്ടികൾ നമ്മൾ കണ്ടില്ലെങ്കിലും അതിൻ്റെ  രചയിതാക്കൾക്ക് ഒന്നും സംഭവിക്കുകയില്ല. വിൻസൻ്റ് വാൻഗോഗിൻ്റെ ‘ഗോതമ്പ് പാടം’ നമ്മൾ കണ്ടില്ലെങ്കിലും അതിൻ്റെ ആന്തരിക മൂല്യം നിലനിൽക്കും. കവിക്കും എഴുത്തുകാരനുമെല്ലാം ഈ സത്യം ബാധകമാണ്. അതുകൊണ്ട് നമ്മൾ ഒരു കലാനുഭവത്തിൻ്റെ ,സാഹിത്യസംസ്കാരത്തിന്റെ ഭാഗമാകാൻ ശ്രമിക്കേണ്ടതുണ്ട് .കാരണം, അങ്ങനെയാണ് നമ്മൾ ഉന്നതമായ മനുഷ്യസർഗാത്മകതയുമായി ആത്മ ബന്ധത്തിലേർപ്പെടുന്നത്. സാഹിതീയ  സംസ്കാരം നമ്മെ എപ്പോഴും പ്രചോദിപ്പിക്കേണ്ടതാണ്. എന്തെന്നാൽ അത് മൂന്നാം കണ്ണിൻ്റെ വിവരണമാണ്. സാഹിത്യമല്ലാത്തതായി ഈ ലോകത്ത് യാതൊന്നും തന്നെയില്ല .ഒരു പക്ഷിയുടെ കരച്ചിൽ പോലും സാഹിത്യമാണ്. ആ കരച്ചിലിലുള്ളത് ശബ്ദമാണ്. ശബ്ദം ഒരാഖ്യാനമാണ്. ആഖ്യാനം അർത്ഥത്തെയാണ് തേടുന്നത്. ആ ശബ്ദം കേൾക്കുന്ന ഓരോ വ്യക്തിക്കും കവിക്കും എഴുത്തുകാരനും അതിൻ്റെ നരേറ്റീവ് ഓരോന്നാണ്. അങ്ങനെയത് സാഹിത്യമായിത്തീരുന്നു. അതേസമയം അത് മൂന്നാം കണ്ണിന്റെ വിവരണവുമാണ്. ദൈവം സ്നേഹത്തിൻ്റെ മാന്ത്രികതയിലൂടെ എല്ലാറ്റിനെയും ബന്ധിപ്പിച്ചിരിക്കുകയാണ് .എന്നാൽ സ്നേഹം എന്ന വികാരം നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്. ആ വികാരം നമുക്കുണ്ടോ എന്ന് സ്വയം ചോദിച്ചു കൊണ്ട് സ്നേഹിച്ചാൽ പ്രപഞ്ചത്തിലെ ഓരോ വസ്തുവും അതിനോട് പ്രതികരിക്കും .ഇക്കാര്യത്തിൽ നമ്മുടെ സമീപനത്തിന് വലിയ പ്രാധാന്യമുണ്ട്.  നമ്മുടെ കൂടെയുള്ള വസ്തുക്കളെ സ്നേഹിക്കുകയാണെങ്കിൽ അതെല്ലാം നമ്മെ തിരിച്ചും സ്നേഹിക്കും. അതിൻ്റെ ആന്തരികഘടന അത്തരത്തിലുള്ളതാണ്. സ്നേഹിച്ചുകൊണ്ടിരുന്ന വസ്തുക്കളെ  നമ്മൾ ഉപേക്ഷിച്ചാൽ അവ ആത്മഹത്യയിലേക്ക് നീങ്ങും. സത്യമായ കാര്യമാണ് പറയുന്നത്. എന്നും തുടച്ചു വൃത്തിയാക്കി വച്ചാൽ  ഏതു ഉപകരണവും നമ്മെയും  സ്നേഹിക്കും. കാരണം, അത് ദൈവികമായ സ്നേഹത്തെ അറിയുന്നു. നമ്മൾ ഉപേക്ഷിക്കുമ്പോൾ അത് പൊടിപിടിച്ചു, ക്ളാവു പിടിച്ചു  നശിക്കുന്നു. ഉപേക്ഷിക്കപ്പെട്ട വസ്തുക്കളെല്ലാം ആത്മഹത്യയുടെ പാതയിലാണ്. അതുകൊണ്ട് എല്ലാറ്റിനെയും സ്നേഹംകൊണ്ട് നമ്മളോട് ബന്ധിപ്പിക്കുന്നതാണ് സർഗാത്മകത. പ്രീതിയുടെ കവിതകൾ സ്നേഹത്തിന്റെ നിഷ്കളങ്കതയും സൗന്ദര്യത്തിൻ്റെ തീവ്രതയും ഉൾക്കൊള്ളുന്നു. അതിലെ സ്നേഹം വിവിധ ലോകങ്ങളെ കൂട്ടിയിണക്കുകയാണ്. കൃഷ്ണപ്രേമത്തിൻ്റെ നീലിമയാണ് ഇതിലുള്ളത്. കൃഷ്ണൻ നല്ലൊരു വഴികാട്ടിയാണ്. അദൃശ്യതയിലും അഗാധതയിലുമാണ് കൃഷ്ണനുള്ളത്. അർജുനെ കുരുക്ഷേത്ര യുദ്ധത്തിൽ ജ്ഞാനത്താൽ ഉണർത്തുന്ന കൃഷ്ണൻ നമ്മുടെയുള്ളിലും ഉണ്ടാവണം. അപ്പോൾ നമ്മുടെ സ്നേഹത്തിന് കൂടുതൽ വിശുദ്ധിയുണ്ടാവും. നമ്മെ തിന്മയിൽ നിന്ന് മാറ്റി വിടുന്ന ആന്തരികശക്തി പ്രവർത്തിക്കേണ്ടത് അനിവാര്യമാണ്- ഹരികുമാർ പറഞ്ഞു.

ലോകത്തിലെ ഓരോ വസ്തുവും അനന്യമാണ്. ഓരോന്നിനും വ്യക്തിത്വമുണ്ട്. രണ്ടുപേർ എഴുതുന്നത് ഒരുപോലെയാകാത്തത് അതുകൊണ്ടാണ് .എന്നാൽ അതിനെയെല്ലാം ബന്ധിപ്പിക്കുന്നത് സ്നേഹത്തിൻ്റെ കണ്ണുകൾ കൊണ്ടാണ്. സ്നേഹത്തിന് വേണ്ടി ഓരോ ജീവകണവും പരതുകയാണ്. പ്രീതയെ പോലെ ഇംഗ്ലീഷിൽ നല്ല കവിതകൾ എഴുതുന്നവർക്ക് നമ്മുടെ നാട്ടിൽ വേണ്ടത്ര മാധ്യമശ്രദ്ധ ലഭിക്കാത്തത് അപചയമാണെന്ന് ഹരികുമാർ പറഞ്ഞു. ഇംഗ്ലീഷിനോട് നമ്മൾ ഇപ്പോഴും അകൽച്ചയുള്ളവരാണ്. ചെറിയ ക്ലാസുകൾ മുതൽ ഇംഗ്ലീഷ് പഠിക്കുന്നുണ്ടെങ്കിലും ഇംഗ്ലീഷിൽ എഴുതുന്നതിനെ പിന്തുണയ്ക്കുന്നില്ല.  എന്തുകൊണ്ട് മലയാളികൾ എഴുതുന്ന ഇംഗ്ലീഷ് സാഹിത്യം വേണ്ടപോലെ അംഗീകരിക്കപ്പെടുന്നില്ല? ഇവർ ഇംഗ്ലീഷ് എഴുത്ത് നിർത്തി മലയാളത്തിൽ എഴുതാൻ വേണ്ടി കാത്തിരിക്കരുത് .ഇംഗ്ലീഷനോടുള്ള വിപ്രതിപത്തി മൂലമാണ് മലയാള കൃതികൾ ഇപ്പോഴും പരിഭാഷ ചെയ്യപ്പെടാതിരിക്കുന്നത് .നല്ല കൃതികൾക്ക് പരിഭാഷയുണ്ടാകുന്നില്ല. ആഫ്രിക്കയിലോ ,ലാറ്റിനമേരിക്കയിലോ ഇങ്ങനെയൊരു ദുരവസ്ഥയില്ല. 

ഡോ. ടി. കെ .പ്രഭാകരൻ ആദ്യപ്രതി സ്വീകരിച്ചു. പ്രൊഫ.ഡോ.എൻ .സാജൻ, ചിന്മയ മിഷൻ ചീഫ് സേവക് കെ. കെ. രാജൻ, കണ്ണൂർ ചിന്മയാ മിഷൻ സെക്രട്ടറി മഹേഷ് ചന്ദ്ര ബാലിഗ ,പി.ജി.കമ്മത്ത് ഫൗണ്ടേഷൻ ട്രസ്റ്റി ആനന്ദി ജി.കമ്മത്ത് ,ചിന്മയാ വിദ്യാലയ പ്രിൻസിപ്പൽ റോഷൻ പി. നായർ ,ഡയറക്ടർ ഓഫ് ഫോട്ടോഗ്രാഫി(യു.എസ്.എ )മാത്യു സൊക്കി ,പ്രീത ടി.കെ എന്നിവർ പ്രസംഗിച്ചു. 

പ്രീത ടി.കെ. രചിച്ച ‘ദ് ലവ് ട്രിയോ’ എന്ന പുസ്തകം ഡോ. ടി.കെ. പ്രഭാകരനു ആദ്യ കോപ്പി നല്കി എം.കെ. ഹരികുമാർ പ്രകാശനം ചെയ്യുന്നു.പ്രൊഫ.ഡോ.എൻ .സാജൻ, ചിന്മയ മിഷൻ ചീഫ് സേവക് കെ. കെ. രാജൻ, കണ്ണൂർ ചിന്മയാ മിഷൻ സെക്രട്ടറി മഹേഷ് ചന്ദ്ര ബാലിഗ ,പി.ജി.കമ്മത്ത് ഫൗണ്ടേഷൻ ട്രസ്റ്റി ആനന്ദി ജി.കമ്മത്ത് ,ചിന്മയാ വിദ്യാലയ പ്രിൻസിപ്പൽ റോഷൻ പി. നായർ ,ഡയറക്ടർ ഓഫ് ഫോട്ടോഗ്രാഫി(യു.എസ്.എ )മാത്യു സൊക്കി എന്നിവർ സമീപം .

സ്നേഹത്തിൽ വേവുന്നു എന്ന അനുഭൂതി /എം.കെ. ഹരികുമാർ

 


fbt

സ്നേഹം മനുഷ്യനു ആവശ്യമില്ലാതായി  തീർന്നുവോ എന്നു  ചിന്തിക്കേണ്ടിയിരിക്കുന്നു. സ്നേഹിക്കാൻ ചെല്ലുമ്പോൾ പിന്തിരിയുന്നവരെ കാണാം.  മറ്റൊരാളുടെ സ്നേഹം ഇല്ലാതെതന്നെ തനിക്ക് ജീവിക്കാൻ കഴിയുമെന്ന അഹന്ത കടന്നുവന്നത് ആധുനിക നാഗരികതയുടെ ധാർഷ്ട്യത്തിലാണെങ്കിൽ അത് അർത്ഥശൂന്യമാണ്. കൊറോണ വൈറസ് പടർന്നപ്പോൾ സ്നേഹം വേണ്ടെങ്കിലും മറ്റുള്ളവരുടെ ദയ വേണമായിരുന്നു. എന്തുകൊണ്ടാണ് ആളുകൾ സ്നേഹത്തിന് വിലക്കേർപ്പെടുത്തുന്നത്? മുതലാളിത്ത സമൂഹത്തിൻ്റെ മൂല്യങ്ങൾ വ്യക്തിയെ അവനിൽ തന്നെ അന്യവത്ക്കരിക്കുകയാണ്. അവൻ സ്വയം ബന്ധമറ്റവനാകുകയാണ്. ആ മൂല്യങ്ങൾ വ്യക്തികേന്ദ്രീകൃതവും വാണിജ്യപരവും പ്രയോജനാധിഷ്ഠിതവുമായി മാറിയതുകൊണ്ടാണ് സ്നേഹം  അനുഭവിക്കാൻ കഴിയാത്തത് .നമ്മുടെ കവിതകളിൽ നിറയെ സ്നേഹമാണ്. ഉദ്ബോധനങ്ങൾക്കും  കണക്കില്ല.സ്നേഹത്തെ ഒരു പ്രഭാഷണ വിഷയമാക്കുന്നതിൽ മനുഷ്യൻ്റെ  ശക്തി അപാരമാണ്. മതപണ്ഡിതന്മാരുടെ മേഖലയാണത്. മനുഷ്യൻ വിശ്വസിക്കാത്ത കാര്യങ്ങൾ ദീർഘിപ്പിച്ചും പരത്തിയും ഊന്നിയും  പറയുന്നതിൽ നിന്ന് അവൻ പിൻവാങ്ങുകയില്ല.എന്നാൽ അസന്ദിഗ്ദ്ധമായി പറയട്ടെ , മനുഷ്യരുടെ യുക്തിയുടെയും കാര്യലാഭത്തിൻ്റെയും സ്വാർത്ഥതയുടെയും കറപുരളാത്ത മറ്റൊരു സ്നേഹമുണ്ട്. അത് ഓരോ വസ്തുവിൻ്റെയും ഉള്ളിൽ കത്തുകയാണ്. സ്നേഹദീപ്തിയാണത്. അത് വാക്കുകളോ, വിവേചനങ്ങളോ, പരിദേവനങ്ങളോ അല്ല; പ്രകാശത്തിൻ്റെ ഒരു എയ്ത്താണ്. 

ഗുരുവിൻ്റെ ‘ദർശനമാല’യിൽ ഇങ്ങനെ വായിക്കാം:

“ഭക്തിരാത്മാനുസന്ധാനം

ആത്മാfനന്ദഘനോ യത:

ആത്മാനമനുസന്ധത്തേ

സദൈവാത്മവിദാത്മനാ “

വലിയ ഒരു വിചിന്തനത്തിലേക്ക് പ്രവേശിക്കുകയാണ് ഗുരു. ഭക്തി എന്ന ആശയത്തെ വ്യാഖ്യാനിച്ചുകൊണ്ട് അതിനെ എങ്ങനെ സർവ്വപ്രപഞ്ചത്തിൽ ഒരു അന്തരാനുഭവമായി മാറ്റാം എന്നു  കാണിക്കുന്നു. സ്നേഹത്തിൻ്റെ മറ്റൊരു ഭാവഭേദമാണ് ഭക്തി .എന്താണ് ഈ ഭക്തി ?ആത്മാവിനെ അനുസന്ധാനം  ചെയ്യുന്നതാണത്. ഒരു മൂർത്തിയോടോ ,വിഗ്രഹത്തോടോ ഉള്ള ആഭ്യർത്ഥനയല്ല. തന്നിലേക്കു തന്നെ പിന്തിരിഞ്ഞ് സ്വയം അനുസന്ധാനം ചെയ്യുകയാണ്. തന്നിലെ ദൈവത്തെ അറിയുകയാണവിടെ. ഉള്ളിലെ ആത്മരാഗമാണ് ഭക്തി; സ്വയം അറിയാനുള്ള വഴി. തന്നിലെ ദൈവത്തെ അറിയാനുള്ള  ആത്മാവാണത്.

തന്നിൽ നിന്നു ഭേദമായിട്ടുള്ളത്  ഒന്നുമില്ലെങ്കിൽ അവിടെ രമ്യതയ്ക്കല്ലാതെ വേറെ ഒന്നിനും  സ്ഥാനമില്ല. ഈ അനുസന്ധാനം  മഹത്തായ പ്രേമമാണ് .തന്നിൽ തന്നെ അത് നിറയുകയാണ് .എന്നാൽ അതിൻ്റെയർത്ഥം പുറത്തുള്ളതിനെയെല്ലാം ഒഴിവാക്കണമെന്നല്ല. അങ്ങനെയൊരു  അർത്ഥം പറയുന്നവർ ഉണ്ടാകാം. ഗുരുവിൻ്റെ ഭക്തി സർവ്വവ്യാപിയായ, സർവ്വ ആന്തരികതയുടെയും സ്വരമായ സ്നേഹത്തിലേക്കാണ് നീങ്ങുന്നത്. അത് ‘സ്നേഹാത്മകമാം പാശ’മാണ് .ആ പാശത്തിൽ നമ്മെ  എല്ലാവരെയും കെട്ടിയിട്ടിരിക്കുകയാണ്. ഗുരു ജനലക്ഷങ്ങളെ ആ പാശത്തിൽ  കെട്ടി.ദൈവം മനുഷ്യരെ മാത്രമല്ല ,സകല ജീവിജാലങ്ങളെയും വസ്തുക്കളെയും ആ പാശത്തിൽ കെട്ടിയിരിക്കുകയാണ്. ആന്തരികാവസ്ഥയിലൂടെയാണ്  വസ്തുക്കൾ തിരിച്ചറിയുന്നത്. മരിക്കാത്ത സത്യമാണത്. ശരീരങ്ങൾ ക്ഷയിക്കുന്നതാണ്. എന്നാൽ സ്നേഹം എന്ന ആന്തരികാവസ്ഥയെ അറിയുകയാണെങ്കിൽ അത് നശിക്കാത്തതാണെന്നു കാണാം. 

മുഖം പിശാചിൻ്റേത് 

“യദ്യാfത്മവിദ്യാസങ്കോച-

സ്തദാfവിദ്യാ ഭയങ്കരം 

നാമരൂപാത്മനാfത്യർത്ഥം

വിഭാതീഹ പിശാചവത് “

നമുക്ക് നമ്മെ നഷ്ടപ്പെടുമ്പോൾ മനസ്സിലേക്ക് പിശാച് കയറിവരുന്നു, ഓരോന്നും വ്യത്യസ്ത നാമരൂപങ്ങളാണെന്ന് കാണിക്കാൻ തുടങ്ങും .നമ്മൾ നമ്മളിൽ ഇല്ലാതാവുമ്പോൾ സ്നേഹവും അപ്രത്യക്ഷമാവും. മനുഷ്യർ എന്തുകൊണ്ടാണ് സ്നേഹത്തെ വേണ്ടെന്നു വയ്ക്കുന്നതെന്ന ചോദ്യത്തിനുള്ള  ഉത്തരം ഗുരുവിൻ്റെ ഈ രചനയിൽ കാണാം .അവിദ്യ ഭയങ്കരമാണ്. കാരണം, അത് എല്ലാറ്റിനെയും നശിപ്പിക്കും. മനുഷ്യരെ തമ്മിൽ അകറ്റും .നമ്മെ പ്രകൃതിക്ക് എതിരാക്കും .ഹിംസയിലൂടെ നടത്തിക്കും .നമുക്ക് ചിന്ത നഷ്ടപ്പെടും. നമ്മൾ  ആസുരരൂപിയായി മാറും. നമ്മെ കണ്ടാൽ കൊച്ചു കുട്ടികളും  ജീവജാലങ്ങളും ഭയപ്പെടുന്ന അവസ്ഥയുണ്ടാകും. നമ്മുടെ മുഖം പിശാചിൻ്റേതിനു സമാനമാകും,അപ്പോൾ .അതുകൊണ്ട് നല്ലതൊന്നും വിനിമയം ചെയ്യാനാവാത്ത വിധം അവിദ്യ എന്ന ഇരുട്ടിലേക്ക് നമ്മൾ ചുരുങ്ങിപ്പോകും.  അതാണ് ഭയങ്കരമായുള്ളത്..

അതേസമയം പ്രകൃതിയിലെ ഓരോന്നിനെയും സ്നേഹത്താൽ ദൈവം എങ്ങനെ കെട്ടിയിട്ടിരിക്കുന്നു എന്ന അറവ് ശ്രമിച്ചാൽ മനസ്സിലാക്കാം. അതൊരു കണ്ടെത്തലാണ് .മറ്റുള്ളതിനെ നമ്മളുമായി ബന്ധിപ്പിക്കുന്ന ഒരു ക്ഷീര പഥമാണത് .ഭൂമിക്കടിയിലേക്ക് കുഴിച്ചാൽ ജലം കണ്ടെത്തുന്നതുപോലെയാണ് അത് കിട്ടുക. എവിടെനിന്നോ വന്ന ഒരു പൂച്ചയ്ക്ക്, നായയ്ക്ക്, പക്ഷിക്ക് കുറച്ചു വെള്ളമോ ഭക്ഷണമോ കൊടുത്തു നോക്കൂ. നമ്മെ അത് പിന്നെ മറക്കില്ല. ഒരാഴ്ച തുടർച്ചയായി നിങ്ങൾ വെള്ളമോ ഭക്ഷണമോ നല്കിയാൽ പിന്നെ നിങ്ങളെ അവ  ഒരിക്കലും ഉപേക്ഷിക്കുകയില്ല. കാരണം ,അതിന് അറിയാവുന്ന ഏറ്റവും മഹത്തായ വികാരമാണത്.  ദൈവമാണ് ആ വികാരത്തിൻ്റെ  അന്തസ്സത്തയായി വർത്തിക്കുന്നത്. അതുകൊണ്ടാണ് സ്നേഹം കാണിച്ചപ്പോൾ ആ വികാരം ഒരു ക്ഷീരപഥമായി പെട്ടെന്ന് ദൃശ്യമാകുന്നത്. ആ വികാരം ഉണരുകയാണ് .ആ ജീവികളെ ഈ പ്രപഞ്ചത്തിൽ ജീവിക്കാൻ ദൈവം അർഹമാക്കിയിരിക്കുന്ന സിദ്ധിയാണത്. പാവപ്പെട്ട ജീവികൾ യൂണിവേഴ്സിറ്റിയിൽ പഠിച്ചു നേടിയതല്ല ഈ സ്നേഹത്തിന്റെ ക്ഷീരപഥം. പ്രാണന്റെ ജനിതകമാണത്. അതിനെ നശിപ്പിക്കാൻ മനുഷ്യൻ തുനിയുന്നത് അവന്റെ അവിദ്യയാലാണ്. അതുകൊണ്ടാണ് ഗുരു അവിദ്യ ഭയങ്കരമാണെന്ന് പറയുന്നത്. എല്ലാ പ്രാണികൾക്കും ഈ തിരിച്ചറിവുണ്ട്. അതിൻ്റെ ഭാഷയിലേക്ക് നമ്മൾ ഉയരേണ്ടതുണ്ടെന്ന് മാത്രം.

മുരടിച്ച നിൽക്കുന്ന ഒരു സസ്യത്തിന്റെയുള്ളിലും ഈ സ്നേഹമുണ്ട്. അത് നമ്മൾ അറിയണം. ചിലപ്പോൾ ഉണങ്ങിയോ, വരൾച്ച മുരടിച്ചോ വീണുപോയേക്കാവുന്ന ഒരു സസ്യം സ്നേഹത്തിനു വേണ്ടിയാണ് ദാഹിക്കുന്നതെന്ന് പറഞ്ഞാൽ യോജിക്കാമോ?എന്നാൽ അതാണ് ശരി .നിങ്ങൾ സന്തോഷത്തോടും സ്നേഹത്തോടും കൂടി ആ സസ്യത്തെ തടവി ഉയർത്തിപ്പിടിച്ച് നിർത്തി നോക്കൂ.അവിശ്വസനീയമായ  ഫലമുണ്ടാകും. ആ ചെടി ഏതാനും ആഴ്ചകൾ കൊണ്ട് ദിവ്യസ്പർശം ഏറ്റിട്ടെന്ന പോലെ ഉണർന്നു വളരും.

എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് ?നമ്മുടെ സ്നേഹത്തോടെയുള്ള സ്പർശം ഒരു ദിവ്യമായ ആഹ്വാനവും രക്ഷാകർതൃത്വവുമാണ്. അതിൽ ആത്മീയമായ ,അന്തരംഗ പ്രധാനമായ വെളിച്ചത്തിൻ്റെ ശക്തിയാണുള്ളത്. അത് ഊർജ്ജം തന്നെയാണ്.പരസ്പരം കടന്നുപോകാവുന്ന ഇടങ്ങളിൽ ഐക്യഭാവനയുള്ളവർ സംഗമിക്കുന്നു.

സ്നേഹമില്ലെങ്കിൽ വസ്തുക്കൾ ആത്മഹത്യ ചെയ്യും 

ഈ സ്നേഹപാശം അചേതന വസ്തുക്കളിലും കാണാം. നാം സ്ഥിരമായി ഉപയോഗിക്കുന്ന വസ്തുക്കൾ അശ്രദ്ധയോടെ  ഉപേക്ഷിച്ചാൽ ആ വസ്തുക്കൾ നമ്മിൽ നിന്ന് അകലാനിടയാക്കും .അകലുക മാത്രമല്ല, ആത്മഹത്യ ചെയ്യും .പേനയോ ,പേപ്പറോ ,പാത്രങ്ങളോ ,പുസ്തകങ്ങളോ ആത്മഹത്യ ചെയ്യുന്നുവെന്ന് പറയുമ്പോൾ അവിശ്വസിക്കേണ്ട ,സത്യമായ കാര്യമാണ്. നമ്മൾ വായിക്കാത്ത പുസ്തകങ്ങൾ  എന്തിനു നമ്മെ കാത്ത് ഉടുത്തൊരുങ്ങിയിരിക്കണം? ആ പുസ്തകങ്ങൾ പൊടിപിടിച്ചു ,മാറാലയിൽ കുരുങ്ങി നശിക്കും .അത് ആത്മഹത്യ തന്നെയാണ്. വേറെ മാർഗമില്ല. എല്ലാ വസ്തുക്കളിലും ദൈവത്തിൻ്റെ  സ്നേഹചൈതന്യം സംഭൃതമാണ്. സ്നേഹം തന്നെയാണ് ദൈവത്തിൻ്റെ   വാഹിനി .സ്നേഹം സന്തോഷവും സൗന്ദര്യവുമാണുണ്ടാക്കുന്നത് .നമ്മൾ എന്നും പരിപാലിക്കുന്ന ചെടിക്കും പുസ്തകത്തിനും വസ്തുവിനും മേശയ്ക്കും മുറിക്കും ജീവിക്കാൻ കൊതിയുള്ളതായി കാണപ്പെടും.

അത് നമ്മെ തിരിച്ചു സ്നേഹിക്കുന്നതിന്റെ അടയാളങ്ങൾ പ്രകടമാകും .അതുകൊണ്ട് സ്നേഹം നമ്മുടെ ഉത്തരവാദിത്വമാണ്. ഈ സ്നേഹം ബുദ്ധിയുടെ ഉല്പന്നമല്ല; നമ്മൾ സ്നേഹത്തിൽ വേവുന്നു എന്നതിൻ്റെ അനുഭൂതിയാണ്.  സ്നേഹിക്കാതിരുന്നിട്ട് ലോകം നമ്മോട് ഉത്തരവാദിത്വം കാണിക്കണമെന്ന് ചിന്തിക്കുന്നതിൽ അർത്ഥമില്ല. സ്നേഹിക്കാത്തവനിലേക്ക് യാതൊന്നിനും പ്രവേശനമില്ല .അവൻ ഒറ്റപ്പെട്ട ,സംവേദനങ്ങൾക്ക് അപ്രാപ്യമായ ഇടമാണ്. 

ഭാര്യയും ഭർത്താവും തമ്മിലുള്ള സ്നേഹത്തെയും ഇതേ വിധത്തിൽ ഉന്നതമായ ഭക്തിയായി കാണാമെന്ന് ഗുരു പറയുന്നത് ഇങ്ങനെയാണ് :

“ഭാര്യാ ഭജതി ഭർത്താരം 

ഭർത്താ ഭാര്യാം ന കേവലം 

സ്വാനന്ദമേവ ഭജതി

സർവ്വോfപി വിഷയസ്ഥിതം “

ഭാര്യാഭർത്തൃബന്ധം പരസ്പരമുള്ള ഒരു ഉപകാരസ്മരണയിലുള്ളതല്ല; ആകരുത്. ആനന്ദമാകണം പ്രധാനം.  അത് പരസ്പരമുള്ള സ്നേഹമായി പ്രതിപ്രവർത്തിക്കേണ്ടതുണ്ട്.  സ്നേഹത്തിലുടെ ആന്തരികതയെ ഉണർത്താൻ സാഹചര്യമുണ്ടാകണം. തന്നിലേക്ക് വാക്കുകളോ, വസ്തുക്കളോ അല്ലാ, സ്നേഹം തന്നെ വന്നുവെന്ന് ഓരോരുത്തർക്കും തോന്നണം.അപ്പോൾ ആത്മസമ്മേളനമായി അത് ഉയരും. ഏതു തരത്തിലുള്ള ശുദ്ധമായ സ്നേഹത്തിനും ആത്മീയമായ ഔന്നത്യമുണ്ടെന്നാണ് ഗുരുവിൻ്റെ  അഭിപ്രായം. വികാരം ശുദ്ധമായിരിക്കുമ്പോൾ ദൈവത്തിൻ്റെ  സന്ദേശങ്ങൾക്ക് തടസ്സമില്ലാതെ പ്രവർത്തിക്കാനാവും. ദൈവത്തിൻ്റെ  മഹാസന്ദേശങ്ങൾ സ്നേഹവും സന്തോഷവും സത്യവുമാണ്. അവിടെ ആരെത്തിയാലും കളങ്കമോ കാലുഷ്യമോ ദേഷ്യമോ ഉണ്ടാകുകയില്ല. അതിൽ നിന്ന്  അകന്നുപോകുന്നതോടെ പിശാചിൻ്റെ ആധിപത്യം തുടങ്ങുകയായി. 

“നിയന്തരി നിഷിദ്ധസ്യ 

സർവ്വേഷാം ഹിതകർത്തരി 

യോfനുരാഗോ ഭക്തിരത്ര

സാ പരാ പരമാത്മനി “

സത്യത്തിൻ്റെ പാതയിൽ സഞ്ചരിച്ച്  ഹിതം പ്രവർത്തിക്കുന്നതാണ്  ഭക്തിയുടെ അടിസ്ഥാനം. ആരാണോ  ഇങ്ങനെ സഞ്ചരിക്കുന്നത് അവനെ സ്നേഹിക്കാൻ നാം യോഗ്യരാകുന്നു. അവനിൽ ഭക്തിയാണുള്ളത്. ഭക്തിയും  സ്നേഹവും ഒന്നുതന്നെയാണ് .അത് പ്രാപഞ്ചികമായ സാക്ഷ്യമാണ്; തിരിച്ചറിവാണ് .ഹൃദയമുള്ളവർ ഒരിടത്ത് കണ്ടുമുട്ടി തിരിച്ചറിയുകയാണ്. മനസ്സിൻ്റെ  ഭൂമിക്കടിയിലെ ജലത്തിൻ്റെ തലത്തിൽ  അവർ ഒരേ പോലെ എത്തുന്നു .ഈ സ്നേഹമാണ് സമൂഹത്തെ  ദൈവാഭിമുഖമായി, സജീവമായി നിലനിർത്തുന്നത്. സമൂഹത്തിൽ സ്നേഹമില്ലാതാകുമ്പോൾ അത് അഴിമതിയിലും അക്രമത്തിലും മുഴുകുന്നു. 

സ്നേഹത്തെ പുറത്താക്കിയവർ

ദൈവം നമ്മുടെയുള്ളിൽ പ്രകാശിപ്പിച്ചു വച്ചിരിക്കുന്ന മഹത്തായ ഒരു സംവേദനം വേണ്ടെന്ന് വയ്ക്കുന്നവൻ പിന്നെങ്ങനെ സൗഖ്യത്തിൽ എത്തിച്ചേരും ? യൂറോപ്യൻ വ്യക്തിവാദ തത്ത്വശാസ്ത്രങ്ങളുടെ ബലത്തിൽ മനുഷ്യൻ ആത്മരതിയിലാണ് ഇന്ന് അഭയം തേടിയിരിക്കുന്നത്. മറ്റാർക്കും പ്രവേശനമില്ലാത്ത ലോകമാണത്.ആരെയും സ്നേഹിക്കയില്ല എന്ന ബോർഡ് വീടിനു മുന്നിൽ വച്ചിരിക്കുന്നവർ എല്ലാ വാതിലുകളും ബന്ധിച്ചിട്ടുണ്ടാവും. പഴയതോ പുതിയതോ ആയിട്ടുള്ള സ്നേഹത്തിന് അവിടെ വിലയില്ല .അവിടെ സ്നേഹിക്കാൻ ശ്രമിക്കുന്നതാണ് സാഹസമായിത്തീരുന്നത്. 

സ്നേഹിച്ചാൽ പ്രതീക്ഷ നഷ്ടപ്പെടും എന്നാണ് അവരുടെ ചിന്ത. നമ്മുടെ സാംസ്കാരിക, സാഹിത്യലോകത്ത് ആത്മീയതയുടെ വെളിച്ചമായ ഈ സ്നേഹം കാണാനില്ല. മറ്റൊരാൾക്ക് മനസ്സിൽ ഇടം കൊടുക്കുന്നില്ല .എല്ലാ പുരസ്കാരങ്ങളും ഫലകങ്ങളും ധനങ്ങളും തന്നിലേക്ക് മാത്രം വരട്ടെ എന്നു പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്നവൻ എന്ത് സന്ദേശമാണ് സാഹിത്യലോകത്ത് നല്കുന്നത്. താൻ വേണ്ടപോലെ പുരസ്കൃതനാണെന്ന് ഒരാൾ സ്വയം അറിയണം. എങ്കിലും തനിക്കിനി  വേണ്ട, മറ്റുള്ളവർക്ക്, അർഹതയുള്ളവർക്ക് കൊടുക്കൂ എന്നു  പറയാനുള്ള ആത്മാർത്ഥതയുണ്ടാവണം .’അവിദ്യാ ഭയങ്കരം’ എന്ന് ഗുരു പറഞ്ഞതിന്റെ വ്യാപ്തി ഈ രംഗത്തുള്ളവരുടെ ചെയ്തികൾ കണ്ടാൽ വ്യക്തമാകും. തനിക്ക് മാത്രം എല്ലാം കിട്ടണം; താൻ ആർക്കും ഒന്നും കൊടുക്കുകയില്ല എന്നാണ് പല മഹാന്മാരുടെയും നിലപാട് .അവർ കിട്ടുന്നതിനുവേണ്ടിയും , കിട്ടിക്കഴിഞ്ഞാലും ക്രൂരമായ മൗനമാണ് ഭക്ഷിക്കുന്നത്. അവരെ ഒന്നും വികാരം കൊള്ളിക്കുന്നില്ല .അവർ യാതൊന്നിലും സ്നേഹം കാണുന്നില്ല. ഒരു പക്ഷിയെ പോലും അവർ സ്നേഹിക്കുകയില്ല. കാരണം, സ്നേഹിച്ചാൽ ,പക്ഷികൾ അവരുടെ വീടിൻ്റെ മതിലിലും വരാന്തയിലും ചെന്ന് എത്തി നോക്കിയാലോ? അതവർക്ക് ദുസ്സഹമായിരിക്കും. അതുകൊണ്ട് അവർ സ്നേഹത്തെ ഒരു ഭരണയിലാക്കി വീട്ടിലെ ആക്രി സാധനങ്ങൾ സൂക്ഷിച്ചിട്ടുള്ള മുറിയിൽ തളളിയിരിക്കകയാണ് .വിചിത്രമെന്ന് പറയട്ടെ ,ഇക്കൂട്ടർ സ്നേഹത്തെക്കുറിച്ചായിരിക്കും എപ്പോഴും പ്രസംഗിക്കുകയും എഴുതുകയും ചെയ്യുക!. സ്കൂളുകളിൽ   ചെന്ന് ഇവർ കുട്ടികളെ നോക്കി ധീരമായി എഴുതൂ എന്ന് ഉപദേശിക്കും. എന്നാൽ ഉള്ളിൽ അവർ പറയുന്നുണ്ടാകും, ഒരിക്കലും ധീരമായി എഴുതരുത്; എത്രയെഴുതിയാലും   നിങ്ങൾക്ക് ആരും ഒന്നും തരാൻ പോകുന്നില്ല. അതെല്ലാം ഞങ്ങൾ നേരത്തെ വിലപറഞ്ഞ് വാങ്ങി വെച്ചിരിക്കുകയാണ് എന്ന്. ഈ വചനങ്ങൾ കേട്ട് ദൈവത്തിന്റെ സ്നേഹാനുഭവം എന്ന മഹാ സുവിശേഷത്തിൽ മാത്രം സ്വയം  തിരിച്ചറിയുന്ന പക്ഷികൾ തൊട്ടടുത്തുള്ള തൊടിയിലെ  ഉയരമുള്ള വൃക്ഷത്തിന്റെ കൊമ്പിലേക്ക് വേഗം മാറിയിരിക്കും .സാഹിത്യകാരന്മാരും കവികളും കാണാനിടയില്ല എന്നുറപ്പാക്കിക്കൊണ്ട് ഏറ്റവും ഉയരത്തിലുള്ള കൊമ്പിൽ കൂട്ടുകെട്ടുകയും ചെയ്യും .

സാംസ്കാരിക രംഗത്ത് സംഭവിച്ചിരിക്കുന്ന ഈ സ്നേഹരാഹിത്യത്തെ ഗുരുവിൻ്റെ വാക്കുകളിൽ വിവരിച്ചാൽ ‘അവിദ്യാ ഭയങ്കരം’ എന്നു  മനസിലാവും .സ്നേഹം ചലനാത്മകവും ലോകോപകാരപ്രദവുമാകുന്നതാണ്  ഗുരുവിൽ നാം കാണുന്നത്. സ്നേഹം കടലാസിൽ എഴുതാനുള്ളതല്ല; അത് വിനീതമായ ഭക്തിയിലേക്ക് മാറുകയാണ് .ലോകം  തന്നിലാണുള്ളത്. ആ ലോകത്താണ് താനുള്ളത് .തന്നിൽ നിന്നു ഒന്നും മാറ്റാനാവില്ല. താൻ എല്ലാറ്റിൻ്റെയും ഭാഗമാണ്. തനിക്ക് വിച്ഛേദമില്ല .രമ്യത മാത്രമേയുള്ളൂ .അതാണ് ആ സ്നേഹമന്ത്രം .

ഓർമ്മകൾക്ക് വേറെന്തോ പരിണാമം/എം.കെ.ഹരികുമാർ

 


റഷ്യൻ -ഫ്രഞ്ച് കലാകാരനായ മാർക് ഷഗാൽ (Marc Chaggal,1887-1985)  കലയുടെ മേഖലയിൽ ഒരു പ്രവാചകനാണ് .നമ്മുടെ കാഴ്ചയെ അദ്ദേഹം അപാരവും വിമോചനപരവുമാക്കി. ക്യൂബിസം ,ഫോവിസം, സറിയലിസം ,സിംബോളിസം   തുടങ്ങിയ ആധുനിക കലാവീക്ഷണങ്ങളെ സംയോജിപ്പിച്ച് തന്റേതായൊരു ശൈലിയും അവബോധവും വർണ്ണബോധവും  സൃഷ്ടിച്ച കലാകാരനാണ് അദ്ദേഹം.

ലോകത്തിൻ്റെ ഒരു കണ്ടുപിടിത്തമാണ് ഷഗാൽ ;അല്ലെങ്കിൽ ലോകത്തെ കണ്ടുപിടിക്കാൻ വേണ്ടി ഷഗാൽ സ്വയം കണ്ടുപിടിച്ചു. ലോകത്ത്  ആവിർഭവിക്കാത്ത ,ഭാവന ചെയ്യാത്ത ആത്മസമീക്ഷകൾ അദ്ദേഹം ആവിഷ്കരിച്ചു. കലാകാരനായാലും എഴുത്തുകാരനായാലും ഷഗാലിനെപോലെ സ്വന്തം മാധ്യമത്തിൽ പര്യവേക്ഷണം ചെയ്യേണ്ടതാണ് .പലരും ഉപയോഗിച്ചതിൻ്റെ ഫലമായി അർത്ഥവും പുതുമയും നഷ്ടപ്പെട്ട ശൈലി പിന്നെയും ആവർത്തിക്കേണ്ടതില്ല. അത് വായനക്കാരനെ മടിപ്പിക്കും. അനുവാചകന്റെ ശ്രദ്ധയെ അറസ്റ്റ് ചെയ്തു വയ്ക്കേണ്ട കുബുദ്ധി ഇവിടെ ആവശ്യമില്ല. വായനക്കാരൻ സ്വാതന്ത്രജീവിയാണ് ;ആയിരിക്കണം.ഷഗാൽ കാൻവാസിൽ അവതരിപ്പിച്ച പുതുലോകം അദ്ദേഹത്തിന്റെ മനസ്സിൻ്റെ വിശുദ്ധിയും ശിശുസഹജമായ നിഷ്കളങ്കതയുമാണ് പുറത്തുകൊണ്ടുവരുന്നത്. ഒരു വസ്തുതയെ കളങ്കമില്ലാതെ നോക്കാൻ ഇന്നാർക്കും തന്നെ കഴിയുന്നില്ല.ഓരോരുത്തരും അവനവൻ്റെ കളങ്കമാണ്;കളങ്കമായി പ്രതിനിധാനം ചെയ്യാൻ വേണ്ടി സത്യത്തെ ബലികഴിക്കുകയാണ്. ഈ ബലികഴിക്കൽ നേരത്തെതന്നെ പ്രോഗ്രാം ചെയ്തിരിക്കുന്നതുകൊണ്ട് ഒരാളും അത് ബോധത്തിൽ തിരിച്ചറിയുന്നില്ല.

ഷഗാൽ ഇങ്ങനെ പറഞ്ഞു: “ലോകത്ത് അത്ഭുതം എന്ന വികാരത്തെ ഉണർത്തുകയാണ് കലാകാരന്റെ ജോലി. ഇക്കാര്യത്തിൽ അവൻ ജാഗ്രത പാലിക്കുന്നതോടൊപ്പം  പ്രചോദനത്തിന്റെ രീതികൾ മാറ്റിക്കൊണ്ടിരിക്കും “. ഷഗാലിൻ്റെ The Poet (1912) എന്ന ചിത്രം ഇത് വ്യക്തമാക്കുകയാണ്. ചിത്രകലയിൽ ആധുനികതയുടെയും നവീനനിറബോധത്തിൻ്റെയും ക്രാഫ്റ്റിൻ്റെയും രൂപബോധത്തിന്റെയും ഏറ്റവും മികച്ച വിളവെടുപ്പാണിത്. ഒരു കലാകാരൻ തൻ്റെ മാധ്യമത്തിൽ എങ്ങനെ സ്വയം നവീകരിക്കുന്നു എന്നതിൻ്റെ ഉദാഹരണമാണിത് .ഇവിടെ നിറങ്ങൾ ധ്യാനവും മൗനവും ശീലിച്ചിരിക്കുന്നു. ശൂന്യസ്ഥലങ്ങൾ പരിവ്റാചക സ്വഭാവമുള്ള ആത്മായനങ്ങളുടെ നിറ രൂപങ്ങളായി മാറുന്നു. ഒരു പുതിയ ഭാഷയാണിത്. 

റേമണ്ട് കാർവർ (Raymond Carver) എഴുതിയ Cathedral എന്ന കഥ പോലെ നമ്മെയാകെ പിടിച്ചു കുലുക്കുന്ന ഒരു ഇടപെടൽ ഇപ്പോൾ ഇല്ലല്ലോ .അന്ധനായ ഒരാൾ പറയുന്നതിന്റെ പേരിൽ ഭദ്രാസനപ്പള്ളിയുടെ ചിത്രം വരയ്ക്കുന്ന  ഒരുവനെ മുൻനിർത്തി കാർവർ മനുഷ്യൻ്റെ അഹന്തയെ തുറന്നുകാണിക്കുന്നു. വി.പി. ശിവകുമാറിൻ്റെ പന്ത്രണ്ടാം മണിക്കൂർ ,മസാലദോശ തുടങ്ങിയ കഥകൾ ഇതേപോലെ നടുക്കമുണ്ടാക്കിയെന്ന് പറയാൻ മടിക്കുന്നില്ല. 

മാർകേസ് മലയാളത്തിൽ എഴുതിയാൽ സംഭവിക്കുന്നത് 

കൊളംബിയൻ ചെറുകഥാകൃത്തും നോവലിസ്റ്റുമായ ഗാർസിയ മാർകേസ് (1927-2014) മലയാളത്തിലാണ് എഴുതിയിരുന്നതെങ്കിൽ അദ്ദേഹം  വലിയ നിരാശയിൽ അകപ്പെടുമായിരുന്നു .മാത്രമല്ല ,എഴുത്ത് നിർത്തുകയും ചെയ്യുമായിരുന്നു. കാരണം ,നമ്മുടേത് ഒരു യാഥാസ്ഥിതിക പരിഷത്ത് അക്കാദമിക് സവർണ വായനാസമൂഹമാണല്ലോ. രാഷ്ട്രീയ പാർട്ടികളുടെയോ ,മതങ്ങളുടെയോ വക്താവാകാതെ ഇവിടെ എഴുതി ജീവിക്കാൻ പ്രയാസമായിരിക്കെ ,മാർകേസ് 

സ്വന്തം നാടിൻ്റെ അതിശയകരമായ ഭൂതകാലത്തെ ക്രൂരമായി ചികഞ്ഞ്  പുറത്തെടുക്കുമ്പോൾ അതിനെയെങ്ങനെ നമ്മുടെ യുജിസി യാഥാസ്ഥിതികരും വരേണ്യ സാഹിത്യ സമൂഹവും അംഗീകരിക്കും ?

Love in the time of Cholera എന്ന പേരു തന്നെ അപമാനകരമായി പലരും വിലയിരുത്തുമായിരുന്നു. One hundred years of solitude വായിച്ചാൽ മനസിലാകുന്നില്ലെന്ന് പറഞ്ഞ് ആക്ഷേപിക്കുമായിരുന്നു. The autumn of the Patriarch എഴുതിയതിന്റെ പേരിൽ പ്രസാധകരിൽ നിന്നു അകറ്റി നിർത്തപ്പെടുമായിരുന്നു. കാരണം ,മാർകേസിൻ്റെ യാഥാർത്ഥ്യബോധം ,ചരിത്രബോധം എന്നിവയുടെ സങ്കലനമായ സാഹിത്യസൗന്ദര്യബോധം മനസ്സിലാക്കുന്ന അപൂർവ്വം വായനക്കാരെ കിട്ടുമെങ്കിലും സാഹിത്യപൗരോഹിത്യം അദ്ദേഹത്തെ കൈനഖങ്ങൾ കൊണ്ട് പരുക്കേല്പിക്കുമായിരുന്നു.

‘കരീബിയൻ ജനതയുടെ ജീവിതത്തിൽ അത്യാഹിതങ്ങളും ദുരന്തങ്ങളും സാധാരണ സംഭവങ്ങളായിരുന്നു. അടിമകൾ കൊണ്ടുവന്ന മിത്തുകളും ഇന്ത്യൻ കടങ്കഥകളും ആൻഡുലേഷ്യൻ  (തെക്കൻ സ്പെയിൻ)ഭാവനയും  ചേർന്നപ്പോൾ വസ്തുക്കളെ നോക്കുന്നതിൻ്റെ രീതി തന്നെ മാറി. എല്ലാത്തിലും അതിശയിപ്പിക്കുന്ന എന്തോ ഉണ്ട് (A bit of the marvellous in everything) എന്ന രീതിയിൽ ജീവിതത്തോടുള്ള സമീപനം മാറി. ഏതൊരു സംഭവത്തിലും ഒരു അതിഭൗതിക മാനം ഉണ്ടായിരിക്കും; യുക്തിയുടെ നിയമങ്ങളെ നിരാകരിക്കുന്ന ഒരു യാഥാർത്ഥ്യം സ്വപ്നത്തിൽ കണ്ടെത്തുന്നതുപോലെയുള്ളത്’ – മാർകേസ് ഒരിക്കൽ പറഞ്ഞു. 

ഒരു കഥാകൃത്ത് ഇന്ത്യയെ കണ്ടെത്തുന്നു

പുരോഗമന സാഹിത്യകാരന്മാരെയും സാമ്പ്രദായിക കഥാകൃത്തുക്കളെയും നിരായുധരാക്കിയ കഥയാണ് ‘എച്ചിൽ ‘(പ്രസാധകൻ ,ജൂലൈ) അജേഷ് വേലായുധൻ എന്ന യുവകഥാകൃത്തിൻ്റെ ഈ രചന  യാഥാർത്ഥ്യത്തിൻ്റെ തന്നെ മറ്റൊരു കാടു കാണിച്ചുതരുന്നു. എല്ലാ ചെത്തിത്തേച്ച വർത്തമാനങ്ങളെയും കുപ്പിയിലാക്കിയ കഥയാണിത് .വലിയ അവകാശവാദങ്ങളോ ,നാട്യങ്ങളോ  ഇല്ലാതെ തുടങ്ങുന്ന ഈ കഥ ഹൈടെക് കേരളത്തിനകത്തു ജീവിക്കുന്ന മനുഷ്യരുടെ ദൈന്യതയും പ്രതിസന്ധിയും കാണിച്ചുതരുന്നു.

കപടമായ ഒരാത്മീയ പ്രതിസന്ധിയും ഈ കഥ കൊണ്ടുവരുന്നില്ല. ആദിവാസി ഊരിൽ വല്ല വിധേനയും  ജീവിച്ചു പോന്ന ഒരു അച്ഛനെയും അമ്മയെയും മകനെയും നഗരത്തിൽ നിന്നെത്തിയ പരിസ്ഥിതി സ്‌നേഹികളും സാമൂഹ്യ ഉദ്ധാരകന്മാരും  നഗരത്തിലേക്ക് കൊണ്ടുവന്ന്  വാടകയ്ക്ക് പാർപ്പിക്കുന്നതും  അവരുടെ ജീവിതം അതോടെ നാലുപാടും ചിതറുന്നതുമാണ് വിഷയം.ഈ കഥയെഴുതാൻ നല്ല ധൈര്യം വേണം. സംഘടനകളിൽ അംഗത്വമെടുത്തും ക്യാമ്പുകളിൽ പ്രസംഗിക്കാൻ പോയും അവാർഡ് വാങ്ങിയും നടക്കുന്ന ഒരവസരവാദിക്കും ഇത്രത്തോളം അതിസമർത്ഥമായി ഒരു കഥ എഴുതാനാവില്ല. ദളിത് ജീവിതത്തെക്കുറിച്ച് പത്രങ്ങളിൽ എഴുതി മേനി നടിക്കുന്ന എല്ലാ തട്ടിപ്പുകാരും ഈ കഥ വായിച്ച് തങ്ങളുടെ അന്തസ്സാര ശൂന്യതയുടെയും കാപട്യത്തിൻ്റെയും ആഴം  ബോധ്യപ്പെടുന്നത് നല്ലതായിരിക്കും.

വാടകയ്ക്ക് താമസിക്കുന്ന കണാരൻ, മാതു എന്നീ മാതാപിതാക്കളും അവരുടെ മകൻ മണികണ്ഠനും  ഇതൊന്നുമറിയുന്നില്ല. മണികണ്ഠന് തരപ്പെടുത്തിയ ജോലി പെൺവാണിഭവും കഞ്ചാവ് വില്പനയും. കണാരന് അടുത്തുള്ള ഒരു ഹോട്ടലിൽ ജോലി കിട്ടിയെങ്കിലും അയാൾക്കത് ദുസ്സഹമാവുകയായിരുന്നു. അത് കഥാകൃത്ത് വ്യവരിക്കുന്നത് ഇങ്ങനെയാണ്:

”ഹോട്ടലിൽ നിന്ന് കഴിക്കാനെന്തെങ്കിലും മാതുവിന് കൊണ്ടുവന്ന് കൊടുക്കാൻ വൈശാഖ് മുതലാളി സമ്മതിച്ചേക്കുമോന്നോർത്തുകൊണ്ട്, ഷർട്ടും മുണ്ടും കൈകൊണ്ടൊന്ന് തട്ടിക്കുടഞ്ഞ്, കണാരൻ റോഡിലേക്കിറങ്ങി നടന്നു. ഏറെക്കുറെ തേഞ്ഞു തീരാറായ വലതുകാൽ മുട്ടിനു പുറമേ ദേഹമാസകലം അയാൾക്ക് വേദന തോന്നി .രണ്ടു ഭാഗങ്ങളും നീരുവച്ച് പിണ്ടി പോലായിരിക്കുന്നു .നഗരസഭ  പ്രതിനിധികൾ പരിസ്ഥിതി ദിനത്തിൽ നട്ടുപോയ മുരടിച്ച തൈകൾ തഴുകികൊണ്ട് അയാൾ നടന്നു.എഴുന്നേറ്റപ്പോൾ മുതൽ തുടങ്ങിയ വയറ്റിലെ ഉരുണ്ടു കയറ്റത്തിനൊപ്പം തലകറക്കവും കൊണ്ടാണ് അയാൾ ഹോട്ടലിൽ ചെന്നു കയറിത് .സമയം വൈകിയതിനു തനിക്ക് മനസ്സിലാവാത്ത എന്തോ ചേർത്തുള്ള വൈശാഖിൻ്റെ (ഹോട്ടൽ മുതലാളി) തെറി കേട്ടിട്ട് ,പാകമാവാത്ത ,ആരോ ഉപേക്ഷിച്ചു പോയ ഒരു പാന്റും വലിച്ചു കയറ്റി അയാൾ പണി തുടങ്ങി. തറയെല്ലാം തുടച്ചു കഴിഞ്ഞപ്പോൾ ബോർഡുമായി കണാരൻ റോഡിലേക്കിറങ്ങി. കത്തുന്ന സൂര്യനെ തലയുയർത്തി അയാൾ നോക്കി. കൈയിൽ പിടിച്ചിരിക്കുന്ന ബോർഡ് വീശിക്കാണിക്കുന്നതിലൂടെ എന്ത് ജോലിയാണ് താൻ ഇവിടെ ചെയ്യുന്നതെന്ന് അയാൾക്കറിയില്ലായിരുന്നു. റോഡിനറ്റത്ത് ഒരു പൊട്ടുപോലെ കാണപ്പെടുന്ന വാഹനങ്ങൾ തന്റെ യടുത്തെത്താൻ എത്ര സമയം വേണമെന്നോ ,ഹോട്ടലിലേക്ക് കയറുന്ന വാഹനങ്ങൾ എങ്ങനെയൊക്കെയാണ് അവിടെ തിരിയുന്നതെന്നോ കണാരന്  യാതൊരു നിശ്ചയവും ഉണ്ടായിരുന്നില്ല”.

ഇതാണ് കേരളത്തിന്റെ ,ഇന്ത്യയുടെ ആത്മാവ്. അത് അജേഷ് എന്ന് കഥാകാരന് മനസ്സിലായി. എന്തുകൊണ്ട്? ഈ കഥാകൃത്തിന് ഔദ്യോഗിക എസ്റ്റാബ്ളിഷ്മെൻറുകൾ ഇട്ടുകൊടുക്കുന്ന ആശയങ്ങളുടെ അപ്പക്കഷണങ്ങൾ കൊണ്ട് തൃപ്തിപ്പെടാൻ മനസ്സില്ല .

അദ്ദേഹത്തിനു കൂടുതൽ ആത്മാർത്ഥതയുണ്ട് ;സത്യസന്ധതയുണ്ട്.

ഭയാനകസത്യവുമായി ജീവിക്കുമ്പോൾ 

മരണശേഷം ബോധം  നിലനിൽക്കുന്നുണ്ടോ എന്നു ചോദിച്ചപ്പോൾ ജോർജ് സോണ്ടേഴ്സ് (George Saunders) പറഞ്ഞത് ഇതാണ് :ഉണ്ട്, ഞാൻ വിശ്വസിക്കുന്നു .ഒരു പ്രത്യേക വ്യക്തിയുടെ കാര്യമല്ല പറയുന്നത്. അങ്ങനെയൊരു ബോധം എത്ര നേരം നിൽക്കുമെന്ന് എനിക്ക് പറയാനൊക്കില്ല.

എബ്രഹാം ലിങ്കന്റെ മകൻ മരിച്ചതിനു ശേഷമുള്ള അവസ്ഥയെ ചിത്രീകരിച്ച Lincoln in the Bardo എന്ന നോവലെഴുതിയ സോണ്ടേഴ്സ് നോവലിൻ്റെ കലയെ വികസിപ്പിക്കുകയാണ് ചെയ്തത്. മരണത്തിനും പുനർജന്മത്തിനും ഇടയിലുള്ള ഒരിടം നോവലിൻ്റെ കഥയ്ക്കു വേണ്ടി അദ്ദേഹം കണ്ടു പിടിച്ചു. അതിൽ മാനവസമൂഹത്തെ വേദനിപ്പിക്കുന്ന ഒരു ഘടകം ശക്തമായി നിൽക്കുന്നുണ്ട്. ജീവിതത്തിലെ ഏറ്റവും വലിയ നിരാശ മരണത്തെക്കുറിച്ചുള്ള അറിവാണ് .

അദ്ദേഹം ഇങ്ങനെ പറഞ്ഞു:’നമ്മുടെ ജീവിതം എപ്പോഴും സുന്ദരമായിരിക്കുമെന്നു കരുതുന്നത് മൗഢ്യമാണ്. അപ്പോൾ ഒരു ധാർമിക പ്രശ്നമുണ്ട്. എന്തിന് നമ്മൾ ആ ഭയാനക സത്യവുമായി ജീവിക്കുന്നു? ഒരു പ്രഭാതത്തിൽ നമ്മൾ നടക്കാനിറങ്ങുന്നത് എന്തുകൊണ്ടാണ് ? നമ്മുടെ കാലിനു പൊട്ടലില്ലാത്തതു കൊണ്ട് .ദൈവം ഓരോ നിമിഷത്തെയും സൃഷ്ടിച്ചിരിക്കുന്നത് എല്ലാം ചേർത്താണ് ;അതിൽ ഭീതിയും സൗന്ദര്യവുമുണ്ട്’.

എഴുത്തുകാരിയുടെ ജീവിതം

മാധവിക്കുട്ടി പറഞ്ഞു ,എഴുത്തുകാരി എന്ന നിലയിൽ തൻ്റെ ജീവിതം  അങ്ങേയറ്റം ക്ളേശകരവും സംഘർഷാത്മകവുമായിരുന്നുവെന്ന്.

‘ഞാനൊരു ഗായികയാണെങ്കിൽ പാടാൻ എനിക്ക് നിങ്ങളുടെ ഓർക്കസ്ട്ര വേണം’ – അവർ പറഞ്ഞു. എഴുതാൻ ഒറ്റയ്ക്കിരിക്കാം .എന്നാൽ എഴുതിക്കഴിഞ്ഞാൽ പിടിച്ചു നിൽക്കാൻ പ്രയാസമാണ്. ആരും സ്നേഹം വാഗ്ദാനം ചെയ്യുന്നില്ല. നിരുത്സാഹപ്പെടുത്തുകയും അവഗണിക്കുകയുമാണ് ചെയ്യുന്നത്. 

ഇതിനു സമാനമായാണ് A house for Mr Biswas എന്ന നോവലിൻ്റെ രചയിതാവും ഇന്ത്യൻ വംശജനും നോബൽ സമ്മാന ജേതാവുമായ വി.എസ് .നെയ്പോൾ (V.S.Naipaul) പറയുന്നത്:

“ഒരെഴുത്തുകാരൻ്റെ ജീവിതം നിറയെ തടസ്സങ്ങളും കുഴപ്പങ്ങളും നിരാശകളും അതുപോലെയുള്ള കാര്യങ്ങളുമാണുള്ളത്. എന്നാൽ ഒന്നുകൊണ്ടും അവൻ തകരാൻ പാടില്ല” .

വിമർശനത്തിന്റെ അനിവാര്യത

സി.കെ. ആനന്ദൻപിള്ളയുടെ പത്രാധിപത്യത്തിലുള്ള ‘സാഹിത്യവിമർശം'(ജൂലൈ ,സെപ്റ്റംബർ)പുതിയ ലക്കം വിചിന്തനവും  വിമർശനവും വിലയിരുത്തലുമായി കടന്നു വരികയാണ് .ഇത്തരം എതിർപ്പുകൾക്ക് പ്രസക്തിയുണ്ട്. എതിരഭിപ്രായങ്ങൾ ഇല്ലെങ്കിൽ, വ്യക്തി ഒച്ചിനെ പോലെ ഇഴയും; അടിമയെ പോലെ നിസ്സഹായനാവും. .കാലഘട്ടത്തിൻ്റെ അന്തർഗതമാണ് ഈ മാസികയിലൂടെ അപ്രിയവാക്യങ്ങളായി പുറത്തു വരുന്നത്. 

യേശു കാശ്മീരിൽ ജനിച്ചു എന്നത് ചരിത്രപരമായി തെറ്റാണ് (റഷീദ് പാനൂർ) ,ബാലസാഹിത്യ ഇൻസ്റ്റിട്യൂട്ടിൽ പള്ളിയറയുടെ പൊള്ള മലയാളം (പി.ഐ. ശങ്കരനാരായണൻ ) ചവറുകൾ പുരസ്ക്കരിക്കപ്പെടുമ്പോൾ (കാവാലം ബാലചന്ദ്രൻ) ബെന്യാമിൻ നോവലിലെ അമേധ്യവർഷങ്ങൾ (എം. പി .ബലറാം )തുടങ്ങിയ ലേഖനങ്ങൾ വായനക്കാർ കൗതുകത്തോടെ കൈയിലെടുക്കുമെന്ന് തീർച്ച. രാമചന്ദ്രനുള്ള മറുപടിയിൽ (മറുപടി മുട്ടിയ മനുഷ്യൻ്റെ ദുരവസ്ഥ)വി. ദത്തൻ ഇങ്ങനെയെഴുതുന്നു :”അഞ്ജനമെന്ന തെനിക്കറിയാം;മഞ്ഞളുപോലെ വെളുത്തിരിക്കും’ എന്ന് പറഞ്ഞതുപോലെ ,രാമചന്ദ്രന് ആത്മീയതയോ ഭൗതികതയോ എന്താണെന്ന് അറിഞ്ഞുകൂടാ. അത്തരം കവിതകൾ ഏതൊക്കെയാണെന്ന് അറിഞ്ഞുകൂടാ. കവിതയും കവിയും എന്താണെന്നറിഞ്ഞുകൂടാ. കുമാരനാശാൻ്റെ കവിതകൾ ഏതിനത്തിൽപ്പെടുമെന്ന് അറിഞ്ഞുകൂടാ എന്നാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത് “.

മലയാളകവിതയിൽ യാതൊരു പ്രതീക്ഷയുമില്ലെന്ന് പറയുന്ന പി. ശിവപ്രസാദിൻ്റെ ലേഖനത്തിൽ (സമീപകാലകവിതയുടെ ദുർദ്ദിനങ്ങൾ )ഷീജ വക്കം എന്ന ഒരേയൊരു കവി മാത്രമാണ് ഇപ്പോൾ നേരാംവണ്ണം എഴുതുന്നത് എന്ന മട്ടിൽ നീണ്ട രണ്ട് ഖണ്ഡികകൾ എഴുതി വച്ചത് അപക്വവും നിരുത്തരവാദപരമായി തോന്നി. കവിതയെക്കുറിച്ച് ലേഖകൻ പറഞ്ഞതൊക്കെ കളവാണെന്ന് തോന്നിപ്പിക്കുന്നതാണ് ഈ ‘ഒരേയൊരു’ കവിയെ ഉയർത്തിക്കാണിക്കുന്ന നടപടി .

ഭാവുകത്വം ഇനിയില്ല 

‘ഭാവുകത്വം ഇനിയില്ല’ എന്ന പേരിൽ ഞാൻ ഒരു ലേഖനം എഴുതിയത് സാന്ദർഭികമായി സൂചിപ്പിക്കട്ടെ. എൻ്റെ ‘മറവിയുടെ നിർമ്മാണം’ (എസ്.പി.സി.എസ്) എന്ന പുസ്തകത്തിൽ ഇത് ചേർത്തിട്ടുണ്ട്. ഭാവുകത്വം അസ്തമിച്ച കാലത്തെ  കവിതകൾ എങ്ങനെയായിരിക്കും? ഇപ്പോൾ പ്രത്യക്ഷപ്പെടുന്നത് അതാണ്. ഈ കവിതകൾ നമുക്ക് ഉപഭോക്തൃ വസ്തുക്കളായ പ്ളാസ്റ്റിക് ഉല്പന്നങ്ങൾ   പോലെയാണ്. ഉപയോഗിച്ച ശേഷം വലിച്ചെറിയാം. പി.കുഞ്ഞിരാമൻ നായരുടെ ‘കളിയച്ഛൻ’ വായിച്ചു വലിച്ചെറിയാനുള്ളതല്ല ;അത് നമ്മളിലേക്ക് തന്നെ പിന്നെയും പിന്നെയും തിരിച്ചുവരും. അങ്ങനെ തിരിച്ചു വരുന്നതിന് നമ്മളിൽ ഉണ്ടായിരിക്കേണ്ട മാനസികാവസ്ഥയാണ് ഭാവുകത്വം .ഈ ഭാവുകത്വം നഷ്ടപ്പെട്ടാൽ എല്ലാം ഉപേക്ഷിക്കാനേ  തോന്നൂ. കവികൾ തന്നെ അവരുടെ രചനകൾ പ്രസിദ്ധീകരിച്ച ശേഷം  വലിച്ചെറിയുന്നു .’ഭാവുകത്വം  ഇനിയില്ല’ (2012) എന്ന ലേഖനത്തിലെ ഒരു ഭാഗം ഉദ്ധരിക്കുകയാണ്:

” ഇൻ്റർനെറ്റ് കമ്മ്യൂണിറ്റി സൈറ്റായ ഫേസ്ബുക്കിലെ വീഡിയോകളും ഫോട്ടോകളും കമൻറുകളും കവിതകളും കഥകളും ഭാവുകത്വത്തിൻ്റെ മരണത്തെ വീണ്ടും  വീണ്ടും പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്നു. കഴിഞ്ഞദിവസം ഫേസ്ബുക്കിൽ, ഒരാൾ നാല്പതടി ഉയരത്തിൽ നിന്ന് ഒരു പുഴക്കടവിലെ കരിങ്കൽപ്പടവുകളിലേക്ക് ചാടി തലയിടിച്ച്‌ ആത്മഹത്യ ചെയ്യുന്ന ദൃശ്യമുണ്ടായിരുന്നു. മറ്റൊന്ന്, കൂടിന്റെ വാതിൽ തുറന്നിട്ട് സിംഹത്തിനു തീറ്റ കൊടുക്കുന്ന ഒരാളെ ആ സിംഹം  കടിച്ചു കുടഞ്ഞ് ബോധരഹിതനാക്കുന്ന ദൃശ്യമാണ് .ഈ രണ്ടു ദൃശ്യങ്ങളും  ഇതിനുമുമ്പ് നമുക്ക് കാണാൻ കഴിയാത്തതാണ്. ഇത്തരം ക്രൂരവിനോദത്തിൻ്റെ ദൃശ്യങ്ങൾ ആളുകൾ മൊബൈൽ ക്യാമറയിലും മറ്റും എടുത്ത് ലോകത്തെ കാണിക്കുകയാണ് .അത് ആസ്വദിക്കുകയാവാം.  നിർവികാരമായി നോക്കി കടന്നുപോവുകയാവാം. അവിടെയും ഭാവുകത്വമില്ല. എല്ലാവർക്കുമായി വയ്ക്കുന്ന ദൃശ്യവാങ്മയ ഉൽപ്പന്നങ്ങളാണ് എല്ലാം. അവയ്ക്ക് വലിയ ഭാവിയൊന്നും കാണില്ലായിരിക്കും. അവയെല്ലാം ചേർത്തുണ്ടാക്കുന്ന അനുഭവമാണ് പ്രധാനം .ഇരുപത്തിനാലു മണിക്കൂറും കമൻറുകൾ വന്നുകൊണ്ടിരിക്കുകയാണ് .പാമ്പ് ഒരാളെ കൊത്തുന്നതോ ,സിംഹം കടിച്ചു കീറുന്നതോ ആയ വീഡിയോ ദൃശ്യങ്ങൾ വന്നു പോകുന്നതിനിടയിൽ  ചിലർ കവിതകളും പോസ്റ്റ് ചെയ്യുന്നു. അതായത്, കവിതയ്ക്ക് മാത്രമായി  പ്രത്യേക ഇടമില്ല എന്നർത്ഥം . വായനക്കാരുടെ മനസ്സിലും അങ്ങനെയൊരു ഇടമില്ല. സവിശേഷമായ വൈകാരികാനുഭൂതി നൽകിയ മാത്യൂ അർനോൾഡ് ,വേർഡ്സ്വർത്ത്  തുടങ്ങിയവരുടെ ധ്രുവങ്ങൾ ഇപ്പോഴില്ല. കാവ്യാനുഭവം വ്യക്തിഗതമാണിന്ന്. പ്രേക്ഷകനെ കവിത എന്ന വികാരത്തിലേക്കല്ല, ഉൽപ്പന്നത്തിലേക്കാണ് ഇപ്പോൾ അടുപ്പിക്കുന്നത്. അതുകൊണ്ടാണ്  പുതിയ കവിതകളൊന്നുമില്ലേ എന്ന് ആളുകൾ ചോദിക്കുന്നത് ;കവിത വായിക്കാനല്ല ,ഉല്പന്നം ഉണ്ടോ എന്നറിയാനാണ്. 

പോൾ വിറിലിയോ പറയുന്നു 

The art of the motor തുടങ്ങിയ പുസ്തകങ്ങൾ എഴുതിയ ഫ്രഞ്ച് ചിന്തകനായ പോൾ വിറിലിയോ (Paul Virilio) സമകാലികലോകത്ത് സ്പീഡ്, നഗരവൽക്കരണം ,മിലിട്ടറി, ഓർമ്മ, വാസ്തുശില്പം ,സാങ്കേതികത തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് എഴുതുന്ന അസാധാരണ പ്രതിഭയാണ്. ഉത്തരാധുനികതയ്ക്ക് ശേഷമുള്ള ലോകത്തെ വ്യാഖ്യാനിക്കുകയാണ് അദ്ദേഹം ചെയ്യുന്നത് .ഇന്ന് ഓർമ്മ എന്ന് ആശയത്തിന് രൂപാന്തരം സംഭവിച്ചിരിക്കുന്നു. പോൾ വിറിലിയോയുമായി Marianne Brausch നടത്തിയ സംഭാഷണങ്ങളുടെ പുസ്തകം A winter’s journey നമ്മെ തീക്ഷ്ണമായ ചിന്തകളിലേക്ക് കൊണ്ടുപോവുകയാണ് .

ഈ പുസ്തകത്തിൽ നാല് സുപ്രധാന അഭിമുഖങ്ങളാണ് ചേർത്തിരിക്കുന്നത്. ഓർമ്മയെ യാന്ത്രികമായി ചൂഷണം ചെയ്യുന്ന ലോകമാണിതെന്ന് വിറിലിയോ വിശദീകരിക്കുന്നു. ഓർമ്മ, ജീവിതം എന്നിങ്ങനെ രണ്ടുതരം അനുഭവങ്ങളാണ് ഇന്നുള്ളത്. മനുഷ്യൻ്റെ ഓർമ്മയും യന്ത്രത്തിന്റെ ഓർമ്മയും എന്നിങ്ങനെ രണ്ടുതരമുണ്ട്.വിറിലിയോ മനുഷ്യൻ്റെ  ഓർമ്മയെ സമീപിക്കുന്നത് ഇങ്ങനെയാണ്. വർത്തമാനത്തിന്റെ ഓർമ്മയെയാണ് ഇവിടെ അദ്ദേഹം ഓർമ്മയെന്ന് വിവക്ഷിക്കുന്നത്.

ഇന്നു കാണുന്ന ത്വരിതപ്പെടുത്തൽ, വേഗം വർദ്ധിപ്പിക്കൽ(Acceleration) ചരിത്രത്തിൻ്റേതല്ല ,യാഥാർത്ഥ്യത്തിൻ്റേതാണ് .പ്രതീതിയാഥാർഥ്യം അഥവാ സൈബർ യാഥാർത്ഥ്യം എന്നു പറയുന്നത് യാഥാർത്ഥ്യത്തിന്റെ  ത്വരിതപ്പെടുത്തലാണ്. ഗ്ലോബലൈസേഷൻ എന്ന വാക്കിലും വേഗം വർദ്ധിപ്പിക്കുക എന്ന ആശയമാണുള്ളത് .ഈ രീതിയിൽ ഓർമ്മയാണ് വിപുലീകരിക്കപ്പെടുന്നത്. 

ഇന്ന് ഓർമ്മകൾ യാന്ത്രികമായിരിക്കുന്നു .അത് ഇപ്പോൾ  ഇലക്ട്രോണിക്കാണ് .ഓർമ്മകളുടെ വികാസം എങ്ങോട്ടാണ്? ഓരോ  നിമിഷത്തിലും എല്ലാം അറിയുക എന്നാണോ? എല്ലാ നിമിഷത്തിലും എല്ലാം അറിയാൻ ആഗ്രഹിക്കുക എന്നാണോ ?

ചരിത്രം ലോകത്തിന്റെ ഓർമ്മയായിരുന്നു .അതിവേഗം സംഭവിക്കുന്ന യാഥാർത്ഥ്യം മറ്റൊരു ഓർമ്മയാണ് തേടുന്നത്. ഒരു യഥാർത്ഥ ഓർമ്മ കമ്പ്യൂട്ടറിൻ്റെ  ഡിസ്കിൽ കാണാത്ത ഒന്നാണ് .പുസ്തകത്തിൽ നിന്ന്, സിനിമയിൽ നിന്ന് ഭിന്നമായ ഓർമ്മ. ത്വരിതപ്പെടുന്ന  വർത്തമാനകാലത്തിന്റെ ഈ ജീവിക്കുന്ന ഓർമ്മ എന്തായി തീരുമെന്ന് പറയാനാവില്ല. ഈ ഓർമ്മകള കണ്ടുപിടിക്കുകയും നിർമ്മിക്കുകയും ചെയ്യേണ്ടതുണ്ട്.

വിറിലിയോ തേടുന്നത് മനുഷ്യന്റെ ഓർമ്മയാണ് .അത് ഈ സാങ്കേതിക യുഗത്തിൽ വേറെ എന്തോ ആയി പരിണമിച്ചിരിക്കുകയാണ്. നിമിഷംതോറും പ്രവഹിക്കുന്ന ഇൻറർനെറ്റ്, സമൂഹമാധ്യമ സൈറ്റുകളിലെ കലാവസ്തുക്കൾ മനുഷ്യൻ്റെ ഓർമ്മയെ കൃത്രിമമായി  ഉണ്ടാക്കാവുന്നതോ യാന്ത്രികമായി സമീപിക്കാവുന്നതോ  ആക്കിയിരിക്കുന്നു.ഒരു ചിത്രമോ സന്ദേശമോ വ്യാജവാർത്തയോ സെൽഫിയോ നമ്മുടെ ഓർമ്മകളായല്ല ജീവിക്കുന്നത്; മാഞ്ഞുപോകുന്ന കലാ വസ്തുക്കളായാണ്. അത് നമ്മുടെ ഓർമ്മയാണെന്ന് സങ്കൽപ്പിക്കുകയാണ് നാം ചെയ്യുന്നത്.

അതിനോട് ആത്മബന്ധമില്ല; അതുകൊണ്ട് തന്നെ അത് സ്വയം വഞ്ചിക്കുന്നതുമാണ് .സ്നേഹിക്കുന്നു എന്ന് പറയുന്നത് തന്നെ അതിനെ നിരാകരിക്കാനും വഞ്ചിക്കാനുമാണ്. 

കാരണം, ഒരു യാന്ത്രിക സംവിധാനത്തിൻ്റെ ചട്ടക്കൂടിൽ അതിൻ്റെ  സൗകര്യം ഉപയോഗിച്ചാണ് നാം ഒരു ഓർമ്മയെ  നിർമ്മിച്ചെടുക്കുന്നത്. അതുകൊണ്ടുതന്നെ അതിനെ യഥേഷ്ടം ഉപയോഗിക്കാനും കഴിയും. സ്വാഭാവികമായി തന്നെ അത് ഉപേക്ഷിക്കപ്പെടുകയാണ് ചെയ്യുന്നത്. 

മറ്റൊരു അർത്ഥത്തിൽ ,മനുഷ്യന്റെ യഥാർത്ഥ ഓർമ്മ മരിക്കുകയും ചെയ്യുന്നു.

കവിത ഒരു അനുഷ്ഠാനം 

സമകാല കവിതയെക്കുറിച്ച് വലിയ ആശയ്ക്ക് അടിസ്ഥാനമുണ്ടെന്നു  തോന്നുന്നില്ല. സൂത്രവാക്യങ്ങളായാണ് അതിൻ്റെ നിലനില്പ്. മാധവൻ അയ്യപ്പത്ത് ,പി.ടി. നരേന്ദ്രമേനോൻ, ആർ .രാമചന്ദ്രൻ തുടങ്ങിയ വലിയ കവികളോടല്ല ,സൂത്രവാക്യങ്ങളെഴുതിയകുഞ്ഞുണ്ണിയോടാണ് പുതിയ കവികൾക്ക് അടുപ്പം .ചങ്ങമ്പുഴയ്ക്ക്  ശേഷം വന്ന പ്രമുഖകവി എ .അയ്യപ്പനാണ്. മാധവൻ അയ്യപ്പത്ത് ,ചാത്തനത്ത് അച്യുതനുണ്ണി ,എ. അയ്യപ്പൻ എന്നിവരിൽ ഞാൻ പുതിയ കവിതയുടെ സ്പന്ദനം കണ്ടു. 

ഇന്ന് കവികൾ തങ്ങളുടെ പേരിനോടൊപ്പം അച്ചടിക്കാനുള്ള നാലുവരി എന്ന നിലയിലാണ് കവിതയെ കാണുന്നത് .തനിക്ക് എഴുതാൻ കഴിയുന്ന മികച്ച രചന എന്ന നിലയിൽ ആരും കവിതയെ സമീപിക്കുന്നില്ല.

തൻ്റെ പേരിനു വേണ്ടി ഒരു പ്രതിനിധാനം .എന്തെങ്കിലും എഴുതി പ്രസിദ്ധീകരിക്കുക എന്നതിൽ കവിഞ്ഞ് ലക്ഷൃബോധമില്ല. ആരെയും സ്പർശിക്കാത്ത വിധമാണ് അത് നിർമ്മിക്കുന്നത്. ശൈലിയോ ഭാഷയോ ഇല്ല. കവിത ഒരു അനുഷ്ഠാനമാണിന്ന്.  പുതിയ ഉള്ളടക്കമില്ല; പഴയതിൻ്റെ അനുകരണവും ആവർത്തനവും മാത്രം .കവിതയിൽ നിന്ന് ഗാഢമായ സൗന്ദര്യം ഉരുത്തിരിയുന്നില്ല .

ദാലി വസ്തുക്കളോടു അതിക്രമം പ്രവർത്തിച്ചു

യുക്തി ഭക്ഷിച്ചു കഴിഞ്ഞ വായനക്കാരന് ഒരു ഷോക്ക് ചികിത്സ  കൊടുക്കാൻ ശ്രമമുണ്ടാവണം. കലാസ്വാദകരെ ഈ ഷോക്കിനു വിധേയമാക്കിയ ചിത്രകാരനാണ് സാൽവദോർ ദാലി .അദ്ദേഹത്തിൻ്റെ ചിത്രങ്ങൾ കാണുന്നതോടെ വീര്യമുള്ള ലഹരി വസ്തു ഉപയോഗിച്ചിട്ടെന്ന പോലെ നമുക്ക് സ്ഥലകാല വിഭ്രാന്തിയുണ്ടാകും. അദ്ദേഹം എല്ലാ വസ്തുക്കളോടും അതിക്രമം പ്രവർത്തിച്ചു. അദ്ദേഹത്തിനു സ്വന്തം ശരീരവും മനസ്സും അതിനുള്ള ഉപകരണങ്ങളായിരുന്നു. വസ്തുവിൻ്റെ  യഥാർത്ഥ്യത്തെ അപനിർമ്മിച്ച ദാലി ഭാവനയിലൂടെ അതിനു പുതിയ വികാരങ്ങൾ നല്കി.

എന്തുകൊണ്ടാണ് ദാലി  അപരിചിതമായ രൂപങ്ങൾ വരച്ചത് ? കലാകാരന് കൺമുന്നിൽ കാണുന്ന വസ്തുക്കൾ മാത്രമല്ല , അബോധത്തിൽ കാണുന്നതും  ഉപയോഗിക്കാമെന്നു ദാലി വാദിച്ചു. അതാണ് സർറിയലിസമായി വികസിച്ചത് .ഒരു വസ്തുവിനെ ഭാവന ചെയ്യാൻ ഒരു പരിധിയുമില്ല .അത് നമ്മുടെ അബോധത്തിൽ നിന്നാണ്  വരുന്നത്. ദാലി പറഞ്ഞു :”സറിയലിസം നശീകരണവാസന പ്രകടിപ്പിക്കുന്നു. എന്നാൽ അത് നശിപ്പിക്കുന്നത് നമ്മുടെ വീക്ഷണത്തെ പരിമിതപ്പെടുത്തുന്ന ചങ്ങലകളെയാണ് “. ഒരു രീതിയിൽ ഒരു വസ്തുവിനെ നോക്കിക്കൊണ്ടിരിക്കുന്നത് കുറ്റകരമാണ് .എന്തെന്നാൽ അത് വികസത്തിനെതിരാണ്. മറ്റൊരു കോണും നോട്ടവും ഉണ്ടാവാൻ നാം നിയുക്തരാണ്. ദാലിയുടെ The persistance of memory (1931)എന്ന ചിത്രം ഇതിൻ്റെ ഏറ്റവും വലിയ തെളിവാണ്. ചെറുകഥയിലും പുതിയ കോണും നോട്ടവും വേണം. 

ഇന്നത്തെ കഥാകാരന്മാർക്ക് നഷ്ടപ്പെടുന്നത്

ഒരു കഥയെഴുതാൻ ഒരു  നിമിഷത്തിന്റെ പ്രചോദനം മതി. കുറെ സംഭവങ്ങൾ കമ്പാർട്ടുമെന്റുകളായി കൂട്ടിക്കെട്ടി വലിക്കേണ്ടതില്ല. ആഴമുള്ളതും ഹൃദയത്തെ സ്പർശിക്കുന്നതുമായ ആ ഒരു നിമിഷത്തെ കണ്ടെത്തുന്നതിൽ മിക്ക  കഥാകൃത്തുക്കളും പരാജയപ്പെടുന്നു. ഒരു ചെറിയ പ്രതീക്ഷയായി തുടങ്ങുന്ന വിവരണം പെട്ടെന്ന് തന്നെ വഴിമുട്ടി തകരുന്നു. പിന്നീട് വേറൊരു വഴിക്ക് നീങ്ങുന്നു. അവിടെയും വഴിമുട്ടുന്നു.  ഒടുവിൽ എവിടെയെങ്കിലും വച്ച് എല്ലാം ഉപേക്ഷിച്ച് കഥാകൃത്ത് രക്ഷപ്പെടുന്നു. ഓടിച്ചു കൊണ്ടുവന്ന വണ്ടിക്ക് അപകടം സംഭവിക്കുമ്പോൾ ഡ്രൈവർ ഓടി രക്ഷപ്പെടുന്നതുപോലെയാണ് ഇപ്പോൾ മലയാളകഥകൾ വായിക്കപ്പെടുമ്പോൾ പൊതുവേ തോന്നുന്നത്. 

ഒരു നിമിഷത്തിൽ എങ്ങനെയാണ് ജീവിതം ഇറങ്ങി വന്ന് ബുദ്ധനെ പോലെ ധ്യാനലീനനായിരിക്കുന്നതെന്ന് കണ്ടെത്തുന്നതിലാണ് കഥാകാരന്റെ പ്രതിഭ നിലനിൽക്കുന്നത്. യു.പി. ജയരാജിൻ്റെ ‘മഞ്ഞ് ‘വായിച്ചാൽ അത് ബോധ്യമാകും. കാക്കനാടൻ്റെ ‘ആൾവാർ തിരുനഗറിലെ പന്നികൾ ‘ വായിച്ചാലും ഇത് മനസ്സിലാവും. എന്തുകൊണ്ട് ഇന്നത്തെ കഥയെഴുത്തുകാർക്ക് ഇത് നഷ്ടപ്പെട്ടു? പുതിയ കഥാകൃത്തുക്കൾ കഥ എന്ന മാധ്യമത്തെ വേണ്ടതു പോലെ വില വയ്ക്കുന്നില്ല .അവർക്ക് എങ്ങനെയെങ്കിലും ഒരു കഥയെഴുതിയാൽ മതി. ഒരു തലക്കെട്ട് ഇടുന്നതോടെ അവർ അടുത്ത  കഥയിലേക്ക് ഊളിയിടുകയായി.

കഥയെഴുതാനുള്ള വേദന എന്താണെന്ന് കേട്ടു കേൾവി പോലുമില്ല. ഫ്രഞ്ച് എഴുത്തുകാരൻ ബൽസാക്ക് (Balzac) പറഞ്ഞു,കഥയെഴുതുന്നയാൾ തന്നെത്തന്നെ കഥയിലേക്ക് എടുത്തെറിയണമെന്ന്. അപ്പോഴാണ് താൻ എന്താണ് എഴുതുന്നതെന്ന്, ആരോടാണ് സംസാരിക്കുന്നതെന്ന് മനസിലാവുന്നത്. എഴുത്തുകാരൻ ഏകാന്തതയിൽ സംസാരിക്കുന്നു. ആരാണത് കേൾക്കുന്നത്? ഏകാന്തതയിലിരിക്കുന്ന മറ്റൊരാൾ .ഈ പാരസ്പര്യം പ്രധാനമാണ് .

പി.ജെ.ജെ ആൻ്റണിയുടെ കഥയിൽ കുത്തിനിറച്ച വിഭവങ്ങൾ 

എന്നാൽ ബൽസാക്ക് പറഞ്ഞത് ആ വഴിക്ക് പോയി. പി.ജെ.ജെ .ആൻറണിയുടെ ‘അൽഗോരിതവും കെ.വി. പത്രോസും'(മാത്യഭൂമി ആഴ്ചപ്പതിപ്പ് ,ജൂൺ 18 ) നിരാശപ്പെടുത്തി .ഈ കഥ വേണ്ടത്ര പ്രചോദനമില്ലാതെയാണ് എഴുതിയത്. ആത്മീയമായ വേദനയനുഭവിച്ചിട്ടില്ല.

ഇതിൽ ഏകാഗ്രതയില്ല. അനാവശ്യമായ വിഷയങ്ങൾ കഥയിലേക്ക് കുത്തിനിറച്ചിരിക്കയാണ്.  വായനക്കാരനെ പല വഴികളിലൂടെ നടത്തി വെള്ളം തരാം, ഭക്ഷണം തരാം എന്നു പറഞ്ഞ് പ്രലോഭിപ്പിച്ചു ദണ്ഡിപ്പിക്കുകയാണ് കഥാകൃത്ത്. 

ഒന്നും കിട്ടുന്നില്ല.’അൽഗോരിതം ‘ എന്നു പേരിടാൻ വേണ്ടി എഴുതിയതാണോ എന്നു സംശയമുണ്ട്. 

എന്താണ് ഈ കഥയിലെ അൽഗോരിതം? ടെക്കികളുടെ സംഘത്തിൽപ്പെട്ട ഒരാൾ ആശുപത്രിയിൽ മരിക്കുന്നു. സുഹൃത്തുക്കളും ഒരു നഴ്സും അതിനു സാക്ഷ്യം വഹിക്കുന്നു .അതിനപ്പുറം  ഇവിടെ എന്താണുള്ളത്? ടെക്കി ആശുപത്രിയിൽ മരിച്ചു കിടക്കുകയാണ്. അയാളെപ്പറ്റി കഥാകൃത്തിനു കൂടുതലൊന്നും പറയാനില്ല .ജീവിതത്തിന്റെ അൽഗോരിതം നിലച്ചു എന്ന് പറയാനാണെങ്കിൽ വിവരണം ഇതു മതിയാവില്ല .

കഥ തുടങ്ങിയ ശേഷം കഥാകൃത്തിനു  മുന്നോട്ടു നീങ്ങാനാകുന്നില്ല. പൊടുന്നനെ അൽഗോരിതം വിദഗ്ധനായ ഒരാളെ കാണാനായി പുറപ്പെടുന്നു .ഒരു പ്രയോജനവുമില്ല. അങ്ങനെ നിൽക്കുമ്പോഴാണ് കഥയിലേക്ക് വിപ്ലവകാരിയായ കെ .വി. പത്രോസിനെ വലിച്ചു കൊണ്ടുവരുന്നത്; ഒരാവശ്യവുമില്ല. എന്താണ് ഈ കഥയിൽ പത്രോസിനുള്ള പ്രസക്തി?

ദഹിക്കാത്ത വസ്തുക്കളായി ഈ കാര്യങ്ങൾ കഥയുടെ ഉദരത്തിൽ കിടക്കുകയാണ് .കഥയ്ക്കാവശ്യമില്ലാത്തതെല്ലാം ഇതിൽ ചർച്ച ചെയ്യുകയാണ്. സൂക്ഷ്മ ഭാവങ്ങളിലേക്ക് വായനക്കാരനെ നയിക്കുന്നില്ല. 

കഥ ,വീണ്ടും പറയുകയാണ്, ഒരു ധ്യാനത്തിലേക്കാണ് നമ്മെ കൊണ്ടുപോകേണ്ടത്. അത് ഒരു കലാസൃഷ്ടിയാണ്. അതിൽ സൗന്ദര്യത്തിനാണ് പ്രഥമ പരിഗണന . ഒരു കഥയ്ക്കകത്ത് അതിനോടു ബന്ധമില്ലാത്ത കാര്യങ്ങൾ വച്ചു കെട്ടുന്നത് വായനക്കാരന് ഭാരമാണ്.

ജീവിതത്തിൻറെ അർത്ഥം

ജീവിതത്തിനു എന്തെങ്കിലും അർത്ഥമുണ്ടോ എന്നന്വേഷിക്കുന്ന സിനിമയാണ് ,റഷ്യൻ സംവിധായകനായ ആന്ദ്രേ തർക്കോവ്സ്കി (Andrei Tarkovsky) സംവിധാനം ചെയ്ത സ്റ്റാക്കർ (Stalker). ജീവിതത്തിൻ്റെ പ്രതീക്ഷയും ശക്തിയും ഓരോ നിമിഷവും നഷ്ടപ്പെടുകയാണ്.സെൻസിറ്റീവായവർക്ക് അത് വേഗം മനസ്സിലാകും .എന്നാൽ മനുഷ്യൻ ജീവിക്കുന്നത് വല്ലതും പ്രതീക്ഷിച്ചു കൊണ്ടു തന്നെയാണ്. വിദൂരമായ ഒരു സ്ഥലത്ത് പണികഴിപ്പിച്ചിട്ടുള്ള ഒരു മന്ദിരത്തിൽ ചെന്നാൽ ആഗ്രഹങ്ങൾ സഫലമാക്കി കിട്ടുമെന്ന പ്രതീക്ഷയിൽ, വിശ്വാസത്തിൽ അങ്ങോട്ട് യാത്ര തിരിക്കുന്ന ഒരു എഴുത്തുകാരൻ്റെയും ശാസ്ത്രജ്ഞൻ്റെയും അവരെ സഹായിക്കുന്ന ഗൈഡിൻ്റെയും കഥയാണ് തർക്കോവ്സ്കി പറയുന്നത്.

ഒരിക്കലും അത് സാധ്യമാകുന്നില്ല. വെറുമൊരു വിശ്വാസം മാത്രമാണത്. എന്നാൽ മനുഷ്യൻ അതിനായി ഒരിക്കലും ശ്രമിക്കാതിരിക്കുന്നില്ല. മനുഷ്യന്റെ ഒടുങ്ങാത്ത മോഹങ്ങളും അതിൻ്റെ ഒടുവിലുള്ള നിരാശയും  വെറുപ്പുമാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. 1979 ലാണ് ഈ ചിത്രം പുറത്തുവന്നത്. ഇത് ശരിയായി നിരീക്ഷിച്ചാൽ ഒരു കാഫ്കയെസ്ക്ക് (Kafkaesque) സ്വഭാവമുള്ള കഥയാണെന്ന് കാണാം. അതായത് ,കാഫ്കയുടെ കഥാപാത്രങ്ങളുടെ ലോകത്തിനു സമാനമായത്).കാഫ്കയാണല്ലോ  ഒരിക്കലും ഉത്തരം കിട്ടാത്ത അവിശ്വസനീയമായ അന്വേഷണങ്ങൾ  പരിചയപ്പെടുത്തിയത്. The castle എന്ന നോവൽ ഉദാഹരണം.ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഉത്തരത്തിനായി അലഞ്ഞു യാതനയനുഭവിക്കുന്നതാണ് ജീവിതത്തിന്റെ തനത് സ്വഭാവം .തർക്കോവ്സ്കി കലയെ  ഇങ്ങനെ നിർവ്വചിച്ചു: അത് ഒരു പ്രണയത്തിൻ്റെ തുറന്നുപറച്ചിൽ പോലെയാണ്. പരസ്പര ആശ്രയത്വത്തിന്റെ ബോധമാണത്. അത് കുമ്പസാരമാണ്. ഒരു അബോധ പ്രവൃത്തിയാണ്; ജീവിതത്തിന്റെ അർത്ഥമാണ് അത് പ്രതിഫലിപ്പിക്കുന്നത് -പ്രേമവും ത്യാഗവും.

സുസ്മേഷിൻ്റെ കഥ ജീവിതത്തെ വഴിയിൽ ഉപേക്ഷിച്ചു

സുസ്മേഷ് ചന്ത്രോത്തിൻ്റെ കഥ ‘നീ പ്രതിയോഗി'(മാതൃഭൂമി ആഴ്ചപ്പതിപ്പ് ,ജൂൺ 4)എന്ന കഥയും വഴി തെറ്റിപ്പോയി. അവിചാരിതമായ   വഴിത്തിരിവുകളും ജീവിതത്തിലെ അജ്ഞാത ശത്രുവിനെക്കുറിച്ചുള്ള ചിന്തകളും പ്രതീക്ഷിച്ചുകൊണ്ടാണ് വായിച്ചത് .എന്നാൽ ഒന്നും സംഭവിച്ചില്ല .കഥ വല്ലാതെ നീണ്ടുപോവുക മാത്രമല്ല, മുഷിപ്പിക്കുകയും ചെയ്തു. കഥ നീട്ടിക്കൊണ്ടു പോകുന്നതിനായി കുറെ വിവരണം എവിടെ നിന്നോ കണ്ടുപിടിച്ചു കൊണ്ടുവരുകയാണ്. എന്നാൽ ഈ വിവരണത്തിനോ കഥാപാത്രങ്ങൾക്കോ ജീവിതവുമായി ബന്ധപ്പെടാനാവുന്നില്ല .ഇതിൽ ജീവിതത്തിൻ്റെ സ്പർശമില്ല. ചന്ത്രോത്ത് പറയുന്ന പലകാര്യങ്ങളും അയഥാർത്ഥമാണ്. എന്താണ് ഈ കഥയിലെ പ്രകോപനത്തിന് അടിസ്ഥാനം? ജീവിതത്തെ ഒരു വഴിയിൽ ഉപേക്ഷിച്ചിരിക്കുകയാണ് കഥാകൃത്ത് ;സങ്കല്പത്തിൽ ചില ചിത്രങ്ങൾ സ്വരൂപിച്ച് അതിൽ അയഥാർത്ഥമായ ജീവിതത്തെ സന്നിവേശിപ്പിക്കാൻ ശ്രമിക്കുന്നു. ഈ കഥ വായിച്ച എനിക്ക് ഒന്നും കിട്ടിയില്ല.

കഥാപാത്രങ്ങളെ കഥാകൃത്ത് ദൂരെ നിന്നാണ് വീക്ഷിക്കുന്നത് ;ഫോക്കസ് കിട്ടുന്നില്ല .യാതൊരു ബന്ധവുമില്ലാത്ത പോലെയാണ് കഥാകൃത്ത് പെരുമാറുന്നത്. ഉലകനാഥനും പിതാവും തമ്മിലുള്ള ബന്ധത്തെ താൻ ദൂരെ നിന്നു വീക്ഷിക്കുകയാണ് .അവർ തമ്മിലുള്ള പ്രശ്നങ്ങൾ കൊലപാതകത്തോളം എത്തിച്ചേക്കാമെങ്കിലും അതിൽ തനിക്ക് യാതൊരു താൽപര്യവുമില്ല എന്നാണ് കഥാകൃത്ത് ചിന്തിക്കുന്നതെന്ന് തോന്നുന്നു. 

അതുകൊണ്ട് എന്താണ് സംഭവിക്കുന്നത്? കഥാപാത്രങ്ങൾ വായനക്കാരൻ്റെ ഫോക്കസിൽ നിന്നും മാറിപ്പോകുന്നു.

1980 -1997 വരെ നൂയോർക്കിലെ സിറാക്യൂസ് (Syracuse) യൂണിവേഴ്സിറ്റിയിലെ ആസ്ഥാന എഴുത്തുകാരനായിരുന്നു തോബിയാസ് വുൾഫ് (Tobias Wolf).വുൾഫിൻ്റെ The Hunters in the Snow (1981) എന്ന കഥ മനഷ്യക്രൂരതയെ  പരിഹസിക്കുകയാണ്.The Hunters in the Snow (1565) എന്ന പേരിൽ മഹാപ്രതിഭയായ പീറ്റർ ബ്രൂഗൽ ദ് എൽഡർ (Peiter Bruegel) വരച്ച ചിത്രമാണ് കഥയ്ക്ക് പ്രചോദനമായതെന്ന് അനുമാനിക്കാം. ഈ ചിത്രത്തിൽ മൂന്നു വേട്ടക്കാരെ കാണാം ;കഥയിലും അതു തന്നെ.

തോബിയാസ് ഇങ്ങനെ പറഞ്ഞു: ”  ഒരു എഴുത്തുകാരനാകണമെങ്കിൽ വസ്തുക്കളെ നിങ്ങൾ അതാതിൻ്റെ നിലയിൽ കാണണം. ഇങ്ങനെ കാണുന്നതിന് നിങ്ങളിൽ  അടിസ്ഥാനപരമായ നിഷ്കളങ്കത ആവശ്യമാണ്”. അതിൻ്റെയർത്ഥം ,കഥാപാത്രങ്ങളെ നാം ബുദ്ധികൊണ്ട് വക്രീകരിക്കരുത് എന്നാണ്. വീണുകിടക്കുന്ന ഇലയെ ഇലയായി കാണുക. അതിനുള്ള  നിഷ്കളങ്കതയാണ് നമുക്ക് വേണ്ടത്.

ജിദ്ദു കൃഷ്ണമൂർത്തി നമ്മുടെ കാണലിന്റെ പക്ഷപാതത്തെക്കുറിച്ച് വെളിപ്പെടുത്തിയിട്ടുണ്ട്. നമ്മൾ കാണാൻ ആഗ്രഹിക്കുന്നതേ  കാണാനൊക്കൂ. അദ്ദേഹം എഴുതുന്നു: We never see because we have opinions about we see 

ഉത്തരാധുനികത മരിച്ചു, ഇനിയെങ്കിലും മനസിലാക്കൂ 

ഉത്തരാധുനികത മരിച്ചു എന്ന് അറിയാത്തവർ ഇന്നും നമ്മുടെ സാഹിത്യസ്ഥാപനങ്ങളിലും കലാശാലകളിലുമുണ്ട്. കലാശാലകൾക്ക് വേറെ മാർഗ്ഗമില്ല. രണ്ടായിരാമാണ്ടിനു ശേഷമുള്ള ഡിജിറ്റൽ വിപ്ളവത്തിൻ്റെ ഫിലോസഫി അവർ പഠിച്ചു തുടങ്ങിയിട്ടില്ല .കലാശാലാ അധ്യാപകരും ഗവേഷകരും ഇപ്പോഴും ഉത്തരാധുനികതയും അതിൻ്റെ സ്വത്വ പ്രശ്നങ്ങളുമാണ് ചർച്ച ചെയ്തു കൊണ്ടിരിക്കുന്നത്. ഭൂതകാലം ചർച്ച ചെയ്ത് അത് ഒരു രതിയായി മാറിയിരിക്കുന്നു. ഡിജിറ്റൽ ഓവർലോഡിന്റെയും സമൂഹമാധ്യമങ്ങളുടെയും ടച്ച് സ്ക്രീനിന്റെയും മൊബൈൽ ഫോണിന്റെയും പ്രചാരത്തോടെ ഉത്തരാധുനികത മരിച്ചു; ഇപ്പോൾ ഉത്തര- ഉത്തരാധുനികതയാണുള്ളത് .ഇത് മനസിലാക്കാത്തവർക്ക് ഇന്നത്തെ  വിഷാദത്തിൻ്റെയും അന്താ.ക്ഷോഭത്തിൻ്റെയും വേദാന്തം  പിടികിട്ടുകയില്ല .

ഉത്തരാധുനികത മരിച്ചു എന്ന പ്രാഥമിക സത്യം അറിയുകയാണ് വേണ്ടത്. എന്നോട് ഒരു പ്രമുഖ സംസ്കൃത പണ്ഡിതനും ചിന്തകനുമായ ഒരാൾ കുറേ വർഷങ്ങൾക്കു മുമ്പ് ചോദിച്ചു, കേരളത്തിൽ ഉത്തര-ഉത്തരാധുനികത അനുഭവപ്പെടുന്നില്ലല്ലോ എന്ന്. എൻ്റെ  ഉത്തര- ഉത്തരാധുനികത(2012) എന്ന പുസ്തകത്തെ ചൂണ്ടി ഞാനത് വിശദീകരിച്ചു. മൊബൈൽ ഫോൺ, ലാപ്ടോപ്പ്, ടച്ച് സ്ക്രീൻ ,ലൈവ് സംപ്രേഷണം ,ഫോൺ ഇൻ പ്രോഗ്രാം, കമ്പ്യൂട്ടർ ഗെയിമുകൾ, കമ്പ്യൂട്ടർ സിനിമകൾ ,അവയവമാറ്റ ശസ്ത്രക്രിയകൾ ,ലിംഗമാറ്റ ശസ്ത്രക്രിയകൾ ,ലൈംഗിക ന്യൂനപക്ഷങ്ങൾ, വാട്സപ്പ്, ഇൻസ്റ്റഗ്രാം, ഫേക്ക് ന്യൂസ്, ഫേസ്ബുക്ക്, യൂട്യൂബ്, ആർട്ടിഫിഷ്യൽ ഇൻടെലിജെൻസ്  തുടങ്ങിയ അനുഭവങ്ങൾ നമ്മെ ഉത്തര- ഉത്തരാധുനിക ലോകത്തേക്ക് എത്തിച്ചിരിക്കുകയാണ്.

ഇതെല്ലാം നല്ലതാണെന്നോ, അനിവാര്യമാണെന്നോ പറയുകയല്ല; ഇതെല്ലാം പുതിയ യാഥാർത്ഥ്യങ്ങളാണ്.

ഇപ്പോൾ സാമ്രാജ്യത്വാനന്തര ,ഫെമിനിസ്റ്റ്, പ്രാദേശിക, സ്വത്വ തത്ത്വചിന്തകളൊക്കെ  കാലഹരണപ്പെട്ടിരിക്കുകയാണ്.ഫെമിനിസം അപ്രസക്തമാകുന്നത് ലിംഗമാറ്റ ശസ്ത്രക്രിയകളും സമൂഹമാധ്യമങ്ങളിലെ അശരീര ജീവിതവും ബയോപൊളിറ്റിക്സും വന്നതോടെയാണ്. ജൻഡർ പക്ഷപാതങ്ങൾ ലിംഗമാറ്റ ശസ്ത്രക്രിയകളുടെയും അവയവദാന ശസ്ത്രക്രിയകളുടെയും ഭാവിയെ കേന്ദ്രീകരിക്കുന്ന ലക്ഷ്യങ്ങൾക്ക്  എതിരാണ് .ഒരു സ്ത്രീയോ പുരുഷനോ താൻ  തിരഞ്ഞെടുക്കുന്നതാണ് തൻ്റെ  ലൈംഗികത എന്നു പറയുന്നത് ഒരു വിപ്ലവമാണ്. താൻ ജന്മനാ ഏത് തരം ലിംഗമാണോ അതു തന്നെ ആയിരിക്കുന്നു എന്നു  പറയുന്നതുപോലെയല്ലിത്.

ഏകാഗ്രതയോ ചിന്തയോ ഇല്ലാത്ത കഥ

ഒരു കൊലക്കേസ് പ്രതിയായ വിനു ശിക്ഷ കഴിഞ്ഞിറങ്ങുകയാണ് .അയാൾ നിരപരാധിയാണത്രേ .എന്നാൽ അയാളെ വേട്ടയാടുന്നത് തൻ്റെ പ്രണയിനിയെ അതൊന്നു  ബോധ്യപ്പെടുത്തണമെന്ന കാര്യമാണ്. കാമുകിയുടെ പിതാവിനെയാണല്ലോ കൊന്നത്. ആരാണ് കൊന്നതെന്ന് കഥാകൃത്തിനു അറിയില്ല .ഏതായാലും വിനുവിനെ ആരൊക്കെയോ ചേർന്ന് വെട്ടിക്കൊല്ലുന്നു. ഇതാണ് രമേഷ് രാമചന്ദ്രൻ എഴുതിയ ‘ചോദ്യോത്തരങ്ങൾക്ക് ഇടയിൽ അല്പനേരം'(എഴുത്ത് ,ജൂലൈ) എന്ന കഥയുടെ വിഷയം. ഈ വിഷയത്തിനപ്പുറം കഥാകൃത്ത് ഒന്നും എഴുതുന്നില്ല .എഴുതിയതാകട്ടെ ഒരു പത്രറിപ്പോർട്ട് പോലെ. എന്തിനാണ് ഈ കഥയെഴുതിയത്? കൊലപാതകകൾക്ക്  പലതും തുറന്നു പറയാൻ അവസരം കിട്ടുന്നില്ലെന്ന് സൂചിപ്പിക്കാനായിരുന്നോ ? എങ്കിൽ  അയാളുടെ മനസ്സ് പഠിക്കണം. എന്താണ് കുറ്റം? എന്തുകൊണ്ട് ശിക്ഷിക്കപ്പെട്ടു ? തുടങ്ങിയ കാര്യങ്ങൾ തിരയണം. ശിക്ഷയനുഭവിച്ചപ്പോൾ അയാളിൽ എന്ത് പരിവർത്തനമാണ് സംഭവിച്ചത് എന്ന് അന്വേഷിക്കണമായിരുന്നു. വായനക്കാരനെ കഥയുടെ കേന്ദ്ര ബിന്ദുവിലേക്ക് നയിക്കണം. വായനയിൽ ആത്മീയമായ ഏകാന്തതയനുഭവിക്കാനാകണം.

ഈ കഥയ്ക്ക് അങ്ങനെയുള്ള ലക്ഷ്യങ്ങളൊന്നുമില്ല. ഇത്തരം കഥകൾ ആർക്കും എഴുതാം. കാരണം, ഇതുപോലുള്ള സംഭവങ്ങൾ പത്രം വായിക്കുന്ന ഏതൊരാൾക്കും അറിവുള്ളതാണ്. ഒരു കഥാകൃത്ത് എന്തിന് ഈ പ്രശ്നം തിരഞ്ഞെടുത്തു എന്ന് വ്യക്തമാകുന്നില്ല. എന്തെങ്കിലും പുതുതായി പറയാനുണ്ടെങ്കിൽ എഴുതിയാൽ മതി. ജീവിതത്തിൽ ഒരു നല്ല കഥയെഴുതിയാൽ മതി ;ഒരേയൊരു മികച്ച കഥ. അത്  എഴുത്തുകാരനെ എത്ര കാലം വരെയും ജീവിപ്പിക്കും. ഒരു നോവൽ മാത്രം എഴുതിയ മെക്സിക്കൻ എഴുത്തുകാരൻ ഹ്വാൻ റുൾഫോ(Juan Rulfo) ഓർമ്മയിൽ വരുകയാണ്. പെഡ്രോ പരാമോ(Pedro Paramo) എന്നാണ് നോവലിൻ്റെ പേര്. എന്തുകൊണ്ട് ഒന്നിൽ നിറുത്തി? എഴുതാനുള്ളതെല്ലാം അതിലുണ്ട്. ഇനി അതിനപ്പുറം ഒന്നുമില്ല.’

മിലാൻ കുന്ദേര നാലു എഴുത്തുകാരെ കണ്ടെത്തുന്നു 

ചെക്ക് നോവലിസ്റ്റും വിമർശകനുമായ മിലാൻ കുന്ദേര(Milan kundera) കണ്ടെത്തുന്ന നാലു പ്രമുഖ യൂറോപ്യൻ നോവലിസ്റ്റുകൾ ഇവരാണ് :ഫ്രാൻസ് കാഫ്ക ,ഹെർമൻ ബ്രോഹ് ,റോബർട്ട് മ്യൂസിൽ ,മരിയാൻ ഗോംബ്രോവിസ് .

മാർസൽ പ്രൂസ്തിനെക്കുറിച്ച് കുറേക്കൂടി ആധികാരികമായ ഒരു പ്രസ്താവമാണ് അദ്ദേഹം മുന്നോട്ടുവച്ചത്. പ്രൂസ്ത് Remembrance of Things Past(1922) എഴുതിയതോടെ  നോവലിന്റെ ചരിത്രത്തിൽ അദ്ദേഹത്തെ മറികടക്കാൻ ആരുമില്ലാത്ത അവസ്ഥയായി.

ഈ എഴുത്തുകാരെ അറിയാതെ  ആധുനിക നോവലുകൾ വായിച്ചിട്ട് കാര്യമില്ലത്രേ. ഈ എഴുത്തുകാർ ആധുനിക കാഴ്ചപ്പാടുള്ളവരാണ്. അവർ നോവലിൽ പുതിയ രൂപങ്ങൾ കൊണ്ടുവരുന്നതിൽ അതീവ തൽപ്പരരായിരുന്നു. അതേസമയം  അവർക്ക് വിപ്ലവത്തിലോ, നവതരംഗങ്ങൾ സൃഷ്ടിക്കുക എന്ന ബോധപൂർവമായ പദ്ധതിയിലോ വിശ്വാസമില്ലായിരുന്നു .കലയുടെ ചരിത്രത്തെക്കുറിച്ച്, നോവലിനെക്കുറിച്ച് അവർക്ക് വേറൊരു വീക്ഷണമാണ് ഉണ്ടായിരുന്നത്. വിപ്ലവകരമായ ഒരു വിച്ഛേദം അവർ അഗ്രഹിച്ചില്ല . നോവലിന്റെ ഔപചാരികമായ സാധ്യതകൾ അവസാനിച്ചതായി അവർ കണ്ടില്ല .അവർ ആ സാധ്യതകളെ വിപുലീകരിക്കുകയാണ് ചെയ്തതെന്ന് കുന്ദേര പറയുന്നു. പാരമ്പര്യത്തെ അവർ മുന്നോട്ടുവന്ന്  പുച്ഛിച്ചില്ല .എന്നാൽ അവർ പാരമ്പര്യത്തെ വേറൊരു രീതിയിൽ സമീപിക്കുകയാണ് ചെയ്തത്. പത്തൊൻപതാം നൂറ്റാണ്ടിലെ നോവലിന്റെ മഹത്തായ കലയെ പിന്നീട് വന്ന എഴുത്തുകാർ മറന്നു .എന്നാൽ ഈ എഴുത്തുകാർ നോവലിന്റെ സൗന്ദര്യാത്മകതയെ ഗൗരവമായി കണ്ടു.സെർവാന്തസിലും റാബേലിയ്സിലും മറ്റുമുണ്ടായിരുന്ന  കലാചാരുത നഷ്ടപ്പെടുത്തുകയാണ്  പിന്നീട് വന്നവർ ചെയ്തത്. നോവലിൻ്റെ ധ്യാനതലങ്ങൾ വീണ്ടെടുക്കാൻ ഈ എഴുത്തുകാർ വേണ്ടി വന്നു.

സാർത്രിൻ്റെയോ കമ്യുവിൻ്റെയോ  തത്ത്വശാസ്ത്ര നോവലുകളെക്കുറിച്ചല്ല കുന്ദേര പറയുന്നത്. അത്തരം നോവലുകൾ തത്ത്വചിന്തയെ  സാഹിത്യത്തിലേക്ക് കൊണ്ടുവരികയായിരുന്നല്ലോ. മ്യൂസിൽ, ബ്രോഹ് തുടങ്ങിയവരുടെ പാത വേറെയാണ് .അവർ തത്ത്വചിന്തയ്ക്ക് വേണ്ടിയല്ല നോവൽ എഴുതിയത് .ഒരു പുതിയ മേഖല അവർ കണ്ടെത്തി.  തത്ത്വചിന്തയുടെ മേഖലയിൽ കടന്നുവരാത്ത ദർശനിക പ്രശ്നങ്ങളെയാണ് അവർ സമീപിച്ചത്.

കാവ്യാത്മകവും ബൗദ്ധികവുമായ  ഒരു സമന്വയത്തിലൂടെ ബ്രോഹ് ,മ്യൂസിൽ തുടങ്ങിയവർ നോവലിനു മാത്രം സ്വരൂപിക്കാൻ കഴിയുന്ന സൗന്ദര്യം കണ്ടെടുത്തു.

ഇത് എഴുതാൻ കാരണം വേറൊന്നാണ്. കുന്ദേര തിരഞ്ഞെടുത്ത കാഫ്ക ,ബ്രോഹ് ,മ്യൂസിൽ ,ഗോംബ്രോവിസ് എന്നിവർ തമ്മിൽ ഒരു ആദരവും ഉണ്ടായിരുന്നില്ല .അവർ ഒരു പ്രത്യേക ലക്ഷ്യത്തിനുവേണ്ടി ഒന്നിക്കുകയോ ,ആശയങ്ങൾ കൈമാറുകയോ  ചെയ്തിട്ടില്ല.കുന്ദേരയുടെ മാത്രം വർഗ്ഗീകരണമാണിത് .കുന്ദേര ഒന്നിച്ചു ചേർത്തു എന്ന് അവർ അറിയാനിടയായാൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് അദ്ദേഹം ഭയപ്പെടുന്നുമുണ്ട്. ഈ എഴുത്തുകാർക്ക് പരസ്പര ബഹുമാനമില്ലായിരുന്നു. മ്യൂസിലിൻ്റെ  വലിയ വിമർശകനായിരുന്നു ബ്രോഹ് .ബ്രോഹിനെക്കുറിച്ച് മ്യൂസിലിനു നല്ലതൊന്നും പറയാനില്ലായിരുന്നു.ഗോംബ്രോവിസിനു  കാഫ്കയെ ഇഷ്ടമല്ലായിരുന്നു. ഗോംബ്രോവിസ് മ്യൂസിലിനെക്കുറിച്ചോ ,ബ്രോഹിനെക്കുറിച്ചോ ഒരക്ഷരം മിണ്ടിയിട്ടുമില്ല. കാഫ്ക ,ബ്രോഹ് ,മ്യൂസിൽ എന്നിവർക്ക് ഗോംബ്രോവിസിനെ  അറിയുക പോലുമില്ലായിരുന്നു.

ഇവരെ ചേർത്തുനിർത്താൻ കുന്ദേരയെ പ്രേരിപ്പിക്കുന്നത് സ്വന്തം പാരമ്പര്യത്തെക്കുറിച്ചുള്ള  നിഷ്പക്ഷമായ അന്വേഷണമാണ്. എഴുത്തുകാരൻ നോവലിൽ നടത്തുന്ന Meditative intervention ആണ് കുന്ദേരയെ ആകർഷിക്കുന്നത്.ഇതിനെ  അദ്ദേഹം Novelistic Meditation എന്ന് വിളിക്കുന്നു. 

ജീവിതം ഒരു ഗുസ്തി 

റോമാ ചക്രവർത്തിയായിരുന്ന മാർകസ്  ഒറേലിയസ് രചിച്ച പ്രശസ്തമായ Meditations എന്ന ഗ്രന്ഥം ധാരാളം എഴുത്തുകാരെ ആകർഷിച്ചു .വായനക്കാർ പ്രഥമ പരിഗണന നല്കുന്ന പുസ്തകങ്ങളിലൊന്നാണിത്. ഫ്രാൻസ് കാഫ്കയുടെ കൈയിൽ ഈ പുസ്തകം എപ്പോഴുമുണ്ടായിരുന്നു.

ഒറേലിയസ് ഒരു ജീവിതതത്ത്വചിന്തകനായിരുന്നു. എല്ലാറ്റിനെയും അദ്ദേഹം തത്ത്വചിന്താപരമായി കണ്ടു .

എല്ലാറ്റിലും ഒരു ഫിലോസഫിയുണ്ട്. അത് കാണാൻ കഴിയുന്നിടത്താണ് ജ്ഞാനം.

ജീവിതത്തെ ഗുസ്തിയോടാണ് അദ്ദേഹം ഉപമിക്കുന്നത്. അപ്രതീക്ഷിത കേന്ദ്രങ്ങളിൽ നിന്ന് തുടർച്ചയായി ഇടി കിട്ടിക്കൊണ്ടിരിക്കുമ്പോഴും സ്വന്തം കാലടികളിൽ തന്നെ ഉറച്ചു നിൽക്കുക എന്ന വെല്ലുവിളിയാണത്. .

ഒരു കഥാകൃത്തിനും ഈ അശയം  വളരെ ഉപകരിക്കും; സ്വന്തം നിലനില്പിനു വേണ്ടിയുള്ള സഹനവും സമരവും .

നേരാംവഴി/എം.കെ.ഹരികുമാർ

 


ശ്രീനാരായണഗുരുവിൻ്റെ ഷഷ്ഠിപൂർത്തിക്ക് കുമാരനാശാൻ എഴുതിയ ‘ഗുരുസ്തവം’ എന്ന ലഘുകവിതയിൽ ‘നേരാംവഴി കാട്ടും ഗുരുവല്ലോ പരദൈവം’ എന്ന് പ്രസ്താവിക്കുന്നുണ്ട്. ദൈവത്തെയും ഗുരുവിനെയും കൂട്ടിയിണക്കുകയാണ് ആശാൻ. ആശാൻ്റെ ദൈവസങ്കല്പവും ഗുരുവിൻ്റെ ദൈവനിയോഗവും ഇവിടെ സമ്മേളിച്ചിരിക്കുന്നു. നേരാംവഴിയാണ് ഗുരു ചൂണ്ടികാണിക്കുന്നത്. നേര്  പലപ്പോഴും അസ്പഷ്ടമാണ്; അജ്ഞാതവുമാണ്. നേരിനെക്കുറിച്ചുള്ള ചർച്ചകളും സങ്കല്പങ്ങളും നമ്മുടെ അന്തരീക്ഷത്തെ വല്ലാതെ പുക നിറഞ്ഞ ആകാശം പോലെ അവ്യക്തമാക്കിയിരിക്കുകയാണ്. ഒരാളോടും ചോദിച്ചാൽ നേരാംവഴി കിട്ടാത്ത കാലമായിത്തീർന്നിരിക്കുന്നു, ഇത്‌. എന്നാൽ നേരിൻ്റെ വഴികൾ വിവരിക്കാൻ ലൈസൻസ് എടുത്തിട്ടുള്ള ധാരാളം സ്ഥാപനങ്ങളും  ഉപദേശകരും അണിനിരന്നിട്ടുണ്ട്. ജീവിതം തന്നെ വ്യാജമായി പോയതുപോലെ തോന്നുകയാണ്. വില കൂടിയ താമസസ്ഥലങ്ങളും അലങ്കരിച്ച മുറികളും ആളുകളെ പ്രലോഭിക്കുന്നതുപോലെ ചെലവേറിയതായിരിക്കുന്നു ശിഷ്യനാകുക എന്ന പ്രക്രിയയും .നേരില്ല, നേരിൻ്റെ തർക്കവും വ്യാഖ്യാനവും മാത്രമാണുള്ളത് .ഇവിടെയാണ് പതിറ്റാണ്ടുകൾക്ക് മുൻപ് ആശാൻ ‘നേരാംവഴി’ എന്ന വിസ്മയകരമായ ഒരു സത്യപ്രസ്താവം അവതരിപ്പിച്ചത്. നേരായ വഴി മാത്രമാണ് ഗുരു ; അവിടെ മാത്രമാണ് പ്രകാശമുള്ളതെന്ന ധ്വനി അതിലുണ്ട്.

ഗുരുവിൻ്റെ നേരെന്താണ് ?’അസത്യദർശന’ത്തിലെ ഈ ശ്ളോകം നോക്കൂ :

“മനസോfനന്യയാ സർവ്വം 

കല്പ്യതേfവിദ്യയാ ജഗത്

വിദ്യയാfസൗ ലയം യാതി

തദാലേഖ്യമിവാഖിലം “

ഈ പ്രപഞ്ചത്തെ എങ്ങനെ സങ്കല്പിക്കപ്പെട്ടിരിക്കുന്നുവെന്നാണ് ഗുരു പറയുന്നത്. അത് അവിദ്യയാണ്; മനസ്സിനു അന്യമല്ലത്. ആ അവിദ്യ മാറണമെങ്കിൽ വിദ്യ വരണം. അപ്പോഴാണ് യഥാർത്ഥ ജ്ഞാനമുണ്ടാകുന്നത് .മനസ്സിൻ്റെ സ്വാതന്ത്ര്യമാണ് ഇതിനാവശ്യം. നമുക്ക് എവിടെയാണ് സ്വാതന്ത്ര്യം? സ്വന്തമായി ചിന്തിക്കാനറിയാതെയല്ലേ തലമുറകൾ ഇവിടെ കടന്നുപോകുന്നത്?

അതുകൊണ്ടല്ലേ എത്ര മഹാഋഷികൾ പറഞ്ഞാലും ആർക്കും ഒന്നും പ്രായോഗികമായി സ്വീകരിക്കാനാവാത്തത്? സ്വാതന്ത്ര്യമില്ലാത്ത നമ്മുടെ മനസ്സ് നമ്മളിൽ തന്നെ കെട്ടിക്കിടക്കുകയാണ്. അതുകൊണ്ട് മറ്റുള്ളവരിലേക്ക് എത്താനാവില്ല .സ്വാതന്ത്ര്യംകൊണ്ടാണ് വിദ്യ നേടേണ്ടത്. വിദ്യ ജ്ഞാനം തന്നെയാണ് .ജ്ഞാനംകൊണ്ട് സ്വതന്ത്രമാകുകയാണ് വേണ്ടത്. അത് സ്വന്തം തന്ത്രമാണ്; സ്വ തന്ത്രമാണ്. സ്വയം വികസിപ്പിക്കുന്നതിൻ്റെ  തന്ത്രമാണത്. മനസ്സിനു അവിദ്യയെ മറികടക്കേണ്ടതുണ്ട് .മനസ്സിന് അത് അന്യമല്ല. അവിദ്യ മനസ്സിനെ എപ്പോഴും മുക്കുന്നു; അല്ലെങ്കിൽ കഷ്ടപ്പെടുത്തുന്നു. 

പൊരുളിൻ്റെ നിഴൽ 

അവിദ്യയുടെ രൂപങ്ങളായി പല വികാരങ്ങൾ കടന്നു വന്നേക്കാം. ദുഷിച്ച വികാരങ്ങൾ മാറാലപോലെ മനസ്സിൽ പറ്റിപ്പിടിച്ചിട്ടുണ്ട് .അതിൽ നിന്നുള്ള മോചനം യാഥാർത്ഥ്യമാണെന്ന് ഗുരു സ്ഥാപിക്കുകയാണ്. വിദ്യയെ തേടി നാം സഞ്ചരിക്കണം; ഉള്ളിലും പുറത്തും. ചിലർ ദീർഘദൂരം യാത്ര ചെയ്യും; പക്ഷേ, ഒരു പ്രയോജനവുമുണ്ടാവുകയില്ല. ചിലർ ഒറ്റയ്ക്കിരുന്ന് ദിവാസ്വപ്നങ്ങൾ കാണും .ഇത് ആത്മസുഖമെന്നതിലുപരി ലോകത്തിന് ഒരു ഗുണവുമില്ല. ലോകപ്രിയമായിരിക്കണം നമ്മുടെ സുഖം. ഗുരു  പറയുന്നു ,ആത്മജ്ഞാനമുണ്ടാകുമ്പോൾ ,ഈ ലോകം ഒരു ആലേഖനമായി തോന്നും. യഥാർത്ഥ്യമായിരിക്കില്ല ലോകം ; പൊരുളിൻ്റെ നിഴൽപോലെ തോന്നിക്കും; മായിക സ്വഭാവമാണ് അതിനുണ്ടാകുക. ജലത്തിലെ ഓളങ്ങൾ പോലെ അത് ക്ഷണികമാണ് .ഈ ക്ഷണികത അഥവാ മിഥ്യ മനസ്സുള്ളവർക്കെല്ലാം പരിചിതമാണ്. ഒരു ഹിമപാളിയാണത്. അതിനപ്പുറമാണ് നമ്മെ പ്രലോഭിപ്പിക്കുന്ന യഥാർത്ഥ ജ്ഞാനമുള്ളത്. 

ഈ ലോകത്തിലെ മിഥ്യകളിൽ ആർത്തു വിശ്വസിക്കുന്ന നമുക്ക്  പരാജയങ്ങൾ ഉണ്ടാകാതിരിക്കില്ല. ആനന്ദം പോലും കുറെ കഴിയുമ്പോൾ വേദനാജനകമാകും. എല്ലാ ബന്ധങ്ങളും വിസ്മൃതമാകുകയാണ്. ഓർമ്മകൾക്ക് നാശം സംഭവിക്കുന്നു . അപ്പോഴാണ് ജ്ഞാനം കടന്നുവരുന്നത്. ജ്ഞാനം അതുവരെയുള്ള അനുഭവത്തെ ഒരു ആലേഖനമായി    കാണിച്ചു തരും .ഈ ജ്ഞാനം നേടുന്നവനാണ് ,അല്ലെങ്കിൽ അത് അന്വേഷിക്കുന്നവനാണ് ലോകത്തിൻ്റെ തിന്മകളെ, അനീതികളെ മാറ്റി നവലോകം സൃഷ്ടിക്കാനുള്ള ശുദ്ധമായ വാസനയുണ്ടാകുന്നത്. വ്യർത്ഥമായ ജീവിതത്തിന് അർത്ഥമുണ്ടാക്കാനുള്ള ശ്രമമാണത്; പൊള്ളയായ ഓടക്കുഴലിൽ നിന്ന് സംഗീതം സൃഷ്ടിക്കുന്നതുപോലെ. 

സങ്കീർണവും സന്ദിഗ്ദ്ധവുമായ ലോക ജീവിതവഴികളിൽ ഗുരു ,ഭൗതിക ജീവികളായ നമുക്ക് വിദ്യയുടെ നേരാണ് നല്കുന്നത്; അതാണ് വഴി. ഈ ലോകത്തെ ഓരോരുത്തരും അവരുടെ സിദ്ധികളുപയോഗിച്ച് സങ്കല്പിക്കുകയാണ്. കവി ഭാവനയുടെ വഞ്ചിയിൽ കയറി സഞ്ചരിക്കുന്നു.  ശാസ്ത്രകാരൻ യുക്തിയുടെ ഭാവന സൃഷ്ടിക്കുന്നു. ഒരു കപ്പൽ കണ്ടുപിടിക്കുന്നത് യുക്തിയുടെ ഭാവനയാണ്. നാനോ കണങ്ങളുടെ കണ്ടുപിടിത്തം യുക്തിയുടെ വ്യവഹാരമാണ് .ഞാൻ എന്ന വ്യക്തി എൻ്റെ ഒരു സങ്കല്പമാണ്. ഓരോരുത്തരും സ്വയം സങ്കൽപ്പിക്കുന്നു. ഇവിടെ പണ്ഡിതനും പാമരനുമെല്ലാം ഒരുപോലെയാണ്.

‘സങ്കല്പകല്പിതം ദൃശ്യം’ എന്ന് പറയുന്നത് അതിൻ്റെ തെളിവാണ്. ലോകം നമ്മെ വർണ്ണങ്ങളാലും  ഭ്രമങ്ങളാലും വശീകരിക്കുന്നു. അന്യഗ്രഹജീവികൾ ഇടപെടുന്നതു കൊണ്ടാണോ നമ്മുടെ മനസ്സുകൾ യുക്തി കൈമോശം വന്ന്  അപകടത്തിൽപ്പെടുന്നതെന്ന്  ചിന്തിക്കാവുന്നതാണ് .നല്ല സൗഹൃദത്തിലായിരിക്കുന്ന രണ്ടു പേർ പെട്ടെന്ന് വഴക്കിട്ട് പിരിയുന്നു. പിന്നീട് അവർ അടുക്കുന്നില്ല. ആരാണ് അവർക്കിടയിൽ ഇടപെട്ടത്? യുക്തിയാണോ, ഭാവനയാണോ വില്ലൻ ? മനസ്സു തന്നെയാണ് വില്ലൻ.

തമസ്സുകൾ പെരുകുന്നു

മനസ്സിന് സങ്കൽപ്പത്തിൽ നിന്ന് ഭിന്നമായിരിക്കാൻ കഴിയില്ല എന്ന മഹത്തായ തത്ത്വം ഗുരു വിളംബരം ചെയ്യുന്നത് ഇങ്ങനെയാണ് :

“സങ്കല്പമനസോ: കശ്ചിണ്ട

ന്നഹി ഭേദോfസ്തി യന്മന :

തദവിദ്യാ തമ: പ്രഖ്യണ്ട 

മിന്ദ്രജാലമിവാദ്ഭൂതം “

സങ്കല്പം ,മനസ്സ് എന്നിവയെല്ലാം ഒന്നു തന്നെ. മനസ്സ് തന്നെയാണ് അവിദ്യ. അതുതന്നെയാണ് തമസ്സ്. തദ വിദ്യാ തമ: എന്ന വാക്യം ശ്രദ്ധിക്കുക. വിദ്യാരാഹിത്യം തന്നെയാണ് തമസ്സ്.  മനസ്സിൽനിന്ന് ഈ തമസ്സിനെ മാറ്റാനാവില്ല. ജാഗ്രതയോടെയിരുന്നില്ലെങ്കിൽ തമസ്സിനാൽ നാം വലയം ചെയ്യപ്പെടും.  ഈ തമസ്സ് തന്നെയാണ് സങ്കല്പങ്ങളായി വിന്യസിക്കപ്പെട്ടിരിക്കുന്നത്. എന്നാൽ ഇത് ആകെ നോക്കുമ്പോൾ അത്ഭുതകരമായ ഒരു മായാജാലമാണ്. അത് ഇന്ദ്രിയങ്ങളെ ഭ്രമിപ്പിക്കുകയാണ്. യുക്തികൊണ്ട് ചിന്തിക്കുന്നതിനപ്പുറത്ത് പലതും നമ്മെ വിശ്വസിപ്പിക്കുന്നു. അതിശയങ്ങൾ തിരകൾ പോലെ വരുകയാണ് .വേറൊരു രീതിയിൽ ചിന്തിച്ചാൽ ഇന്ദ്രിയങ്ങൾ നമ്മെ വഞ്ചിക്കുകയാണ്. ഇന്ദ്രിയങ്ങൾ പറയുന്നതു കേട്ടു യുദ്ധത്തിന് പുറപ്പെടുന്ന പരാജിതരാണോ നമ്മൾ? ജീവിതത്തിൻ്റെ പൊരുൾ എന്ന നിലയിലാണ് ഗുരു അസത്യദർശനം അവതരിപ്പിക്കുന്നത് .ജീവിതം എത്രത്തോളം സത്യമാണോ , അതിൻ്റെ  അളവിൽ അസത്യവുമാണ്.

സത്യമായിരിക്കുന്നത് വൈകാരിക ഐന്ദ്രിയ സങ്കല്പങ്ങളിൽ നിന്ന് രൂപപ്പെട്ടു വരുന്ന അനുഭവത്തിൻ്റെ  തലത്തിലാണ്. ഡച്ച് തത്ത്വചിന്തകനായ ബാറുക് സ്പിനോസ (Baruch Spinoza) പറഞ്ഞു ,ദൈവം ഓരോന്നിൻ്റെയും ഉള്ളിൽ വസിക്കുന്ന ശക്തിയാണ് ,ക്ഷണികമായ കാരണമല്ലെന്ന് .അന്തര്യാമിയായ ആ സാന്നിദ്ധ്യത്തെ അറിയാൻ നേരാംവഴി വേണം. വസ്തു അസത്യമായിരിക്കുന്നത്,വ്യക്തിഗതമായ ഓരോ ഐന്ദ്രിയാനുഭവവും വ്യക്തിയെ തന്നെ വഞ്ചിക്കുന്നു എന്ന തലത്തിലാണ് .ഇതു രണ്ടും തമ്മിലുള്ള മുഖാമുഖം സംഭവിക്കുന്നു, ഓരോ നിമിഷത്തിലും. ഇവിടെ  ‘നേരാംവഴി’എങ്ങനെ കണ്ടുപിടിക്കും?

മനസ്സ് ചീത്ത പിശാച് 

ആശാൻ അതിനെക്കുറിച്ച് ഗാഢമായി ചിന്തിച്ചു. ആശാൻ്റെ മനസ്സിലൂടെ കടന്നുപോയത് സത്യാസത്യദർശനങ്ങളിലൂടെ ഗുരു സഞ്ചരിച്ചതിൻ്റെ നിമിഷങ്ങളായിരിക്കാം. ലോകം ഓരോ നിമിഷവും മാറുന്നു, നമ്മെപ്പോലെ .ഇന്നലെ ശരിയെന്ന് വിശ്വസിച്ചത് തെറ്റാണെന്ന് കരുതാൻ നാം സദാ സന്നദ്ധമാണല്ലോ .ശരിയിലും തെറ്റിലും വിശ്വസിച്ചുകൊണ്ടാണ് ഈ സമൂഹമാധ്യമകാലത്ത് മനുഷ്യർ വ്യാജ വാർത്തകളുമായി പ്രണയത്തിലാകുന്നത്. വ്യാജവാർത്തകൾ തേടിപ്പോകുന്നവരുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുകയാണ് .ശരിയായ വാർത്ത ,വ്യാജവാർത്ത എന്നിവ തമ്മിലുള്ള വ്യത്യാസം അത്ര പ്രധാനമല്ലെന്ന് കരുതുന്ന പുതിയ പ്രേക്ഷകസമൂഹം ഇൻറർനെറ്റിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

യഥാർത്ഥ വാർത്തകൾ വേണ്ട, വ്യാജവാർത്ത മതി എന്ന ചിന്തയിൽ കിട്ടാവുന്ന എല്ലാ ഉറവിടങ്ങളിലേക്കും ഇരച്ചുകയറുകയാണവർ. ഈ പ്രവണത അസത്യസന്ദർശനത്തിന് ഏറ്റവും നല്ല ഉദാഹരണമാണ് .മനസ്സ്, സങ്കല്പം, അവിദ്യ,തമസ്സ് എന്നിവയെല്ലാം ഒന്നുതന്നെയാണ്. അതുകൊണ്ട് വ്യാജത്വത്തെ തേടിപ്പിടിച്ച് ആസ്വദിക്കുന്നതിൽ അത്ഭുതമില്ല. മനസ്സിന് അതാവശ്യമാണ്. മനസ്സ് ഒരു ചീത്ത പിശാചാണ്. അത് എല്ലാറ്റിനെയും ചീത്തയാക്കകയാണ്. അതിന് നേരാംവഴി വേണ്ട;വ്യാജത്വം മതി. തമസ്സിൽ അത് വളരെ തൃപ്തമാണ്. 

അവിദ്യയുടെ തമസ്സ് സജീവമായതുകൊണ്ടാണ് സ്നേഹം ഇല്ലാതാകുമ്പോൾ വെറുപ്പ് ഭീകരരൂപിയാകുന്നത്. സംശയവും കൊലയും അതിൻ്റെ ആളിക്കത്തലാണ്. അകൽച്ചയും വിദ്വേഷവും അതിൻ്റെ  പ്രത്യക്ഷതകളാണ്. ഒറ്റപ്പെടുന്നതിൻ്റെ  വൈഷമ്യവും പകയും അസൂയയും അതിൻ്റെ തന്നെ രൂപങ്ങളാണ്. അതുകൊണ്ടാണ് ഗുരു അസത്യ ദർശനത്തെ മറികടക്കാൻ അനുകമ്പ  ഉപദേശിച്ചത്. അനുകമ്പ, കേവലമായി പോലും വിലപ്പെട്ടതാണ് .നമുക്ക് പ്രത്യക്ഷത്തിൽ ബന്ധമില്ലാത്ത ഒന്നിനോട് കേവലമായ അനുകമ്പ തോന്നുന്നത് മഹത്തായ കാര്യമാണ്.

അനുകമ്പയുടെ ഫലം ജീവൻ്റെ  രക്ഷയാണ്. ജീവൻരക്ഷാമരുന്നാണത്.  നമുക്ക് കാര്യപ്രയോജനമില്ലാത്തവരെ ശത്രുക്കളായി കാണുന്ന വ്യാജന്മാരുടെ ഈ കാലത്ത് അനുകമ്പയല്ലാതെ വേറെന്ത് മരുന്നാണുള്ളത്?.തെറ്റ് ചെയ്തവനോട് പൊറുക്കാമെന്ന് യേശുദേവൻ പറയുന്നതിലും ഈ  ദർശനമുണ്ട്.

വെറുക്കപ്പെട്ടവനെയും സഹായിക്കുന്ന തരത്തിലുള്ള ഉദാരമായ അനുകമ്പ നമ്മെ പ്രബുദ്ധരാക്കുകയാണ് ചെയ്യുന്നത് .ഉപേക്ഷിക്കേണ്ടതിനെ യെല്ലാം ഉൾക്കൊള്ളുന്ന അനുകമ്പയാണത്. ജീവിതത്തിൽ ഉപേക്ഷിച്ചു കളയേണ്ടത് ഉപേക്ഷിക്കുക തന്നെ വേണം. നമുക്ക് അന്യമായതും  നമ്മളിൽ നിന്നു വിട്ടുപോകാൻ കൂട്ടാക്കാത്തതുമായതെല്ലാം ഒഴിവാക്കപ്പെടണം. അപ്പോഴാണ് നേരാംവഴി ബോധ്യമാകുന്നത്. പരിവ്രാജകത്വം എന്നത് കേവലമായി തന്നെ സംഭവിക്കണമെന്നില്ല. ഒരാൾ തൻ്റെ ജീവിതത്തിനുള്ളിൽ തന്നെ മോക്ഷം തേടുന്ന ഒരു പ്രക്രിയയുണ്ട്.

അയാളുടെ അസംബങ്ങളെയും അതൃപ്തികളെയും അപര്യാപ്തതകളെയും അപകർഷത കളെയും ദൂരേക്ക് വലിച്ചെറിയേണ്ടണ്ടതുണ്ട്. അപ്പോഴാണ് നേരാംവഴി തെളിയുന്നത്. ഒരു മനുഷ്യൻ അവൻ്റെയുള്ളിൽ തന്നെ പരിവ്രാജകനായി മാറുന്നത് നേരാംവഴി കണ്ടെത്താനാണ്. അങ്ങനെയും ഒരു ഘടകമുണ്ട് ,സൂക്ഷ്മതലങ്ങളിൽ.

ആഗ്രഹങ്ങളുടെ ദുർമേദസ്സ് 

സത്യത്തെക്കുറിച്ചുള്ള ആന്തരിക ചർച്ചകൾ ചെന്നവസാനിക്കുന്നത് ഈ പരിവ്രാജകത്വത്തിലാണ്. അനഭിലഷണീയമായതിനെ പുറന്തള്ളുന്ന പ്രക്രിയയാണിത്.; വാർദ്ധക്യവും രോഗവും പീഢയുമെല്ലാം ഈ പുറന്തള്ളലിലാണ് വിശദീകരിക്കപ്പെടുന്നത്. വാർദ്ധക്യത്തിൽ മനുഷ്യൻ പടം പൊഴിക്കുകയാണ്. ഓർമ്മകൾ സാവധാനം അഴിഞ്ഞില്ലാതാവുന്നു. അനാവശ്യമായ ആഗ്രഹങ്ങളുടെ മേദസ്സ് ക്ഷയിക്കുന്നു. കൃത്രിമമായ സങ്കല്പങ്ങൾ തകരുന്നു. സുഖം ഒരു ക്രമവിരുദ്ധ സല്ലാപമാണെന്നറിഞ്ഞു സ്വയം പിൻവാങ്ങുന്നു .ബന്ധുജനങ്ങൾ മിഥ്യയായിരുന്നെന്ന്  വെളിപ്പെടുകയാണ്. റഷ്യൻ സാഹിത്യകാരനായ ടോൾസ്റ്റോയിയുടെ ‘ഇവാൻ ഇല്ലിച്ചിൻ്റെ മരണം’ എന്ന നീണ്ടകഥയിൽ ഇത് വിശദീകരിക്കുന്നുണ്ട്. വാർദ്ധക്യം  ലോകത്തെ കൂടുതൽ നഗ്നമാക്കി  കാണിക്കുന്നു. രോഗം മിഥ്യകളെയാണ് ചൂണ്ടിക്കാണിച്ചു തരുന്നത്.

വാർദ്ധക്യവും ഏകാന്തതയും രോഗവും  മനുഷ്യനെ വലിയ ഒരു പാഠം പഠിപ്പിക്കുന്നുണ്ട്; അതുവരെ ശരിയെന്നു കരുതിയതെല്ലാം ഒരു കാൻവാസിൽ കണ്ട ചിത്രം മാത്രമായിരുന്നെന്ന്.  അതിലേക്ക് നോക്കിയപ്പോൾ അത് യഥാർത്ഥമാണെന്ന് തോന്നി.എന്നാൽ അത് മിഥ്യയാണ്; സങ്കല്പങ്ങളാൽ നിർമിതമാണത് .ശരീരത്തിൽ നിന്നും മനസ്സിൽ നിന്നും ഒഴിവാക്കേണ്ട പലതുമുണ്ട്. വാർദ്ധക്യകാലവും രോഗവും അത് ബോധ്യപ്പെടുത്തും.  പിന്നെയും അവശേഷിക്കുന്നതാണ് സത്യത്തിലേക്ക് നമ്മെ അടുപ്പിക്കുന്നത്. നേരാംവഴി സാവധാനം തെളിയുകയാണ് .

“അയ്യോ! കിടന്നലയുമീപ്പുലയർക്ക് നീയെൻ –

മെയ്യോ കൊടുത്തു വിലയായ് വിലസുന്നുമേലിൽ 

കയ്യൊന്നു തന്നു കരയേറ്റണമെന്നെയിന്നീ –

പ്പൊയ്യിങ്കൽ നിന്നു പുതുമേനി പുണർന്നിടാനായ് !” 

(ഇന്ദ്രിയവൈരാഗ്യം)

ഈ ശരീരം ആർക്കാണ് കൊടുത്തിട്ടുള്ളത്? വിശ്രമമില്ലാതെ അലയുന്ന ഇന്ദ്രിയങ്ങൾക്ക്. അവയെല്ലാം ഭ്രാന്തമായി ഓടിത്തളരുമ്പോൾ ‘നേരാംവഴി’ തെളിയുന്നു .അവിടേക്കെത്തിക്കണമെന്നാണ് പ്രാർത്ഥന .പീഢകളുടെ അവസാനകാലത്ത് ഇന്ദ്രിയങ്ങൾക്ക്  കാര്യമായൊന്നും ചെയ്യാനില്ല; അസത്യങ്ങൾ ഒന്നൊന്നായി ഉപേക്ഷിക്കുകയല്ലാതെ.

മായാകല/എം.കെ.ഹരികുമാർ

 


മനുഷ്യജീവിതത്തിലെ എല്ലാ ഇന്ദ്രിയങ്ങളും തുറന്നുപിടിച്ചാലും വളരെക്കുറച്ച് അറിവുകളിലേക്ക് മാത്രമേ തുറക്കുന്നുള്ളൂ .അതിൽ തന്നെ കമ്പാർട്ട്മെൻറലൈസേഷനുണ്ട് .എല്ലാ വ്യക്തികൾക്കും എല്ലാ അറിവുകളുമില്ല. ഒരു ബഹിരാകാശശാസ്ത്രജ്ഞന്  പെയിൻ്റിംഗിനെക്കുറിച്ച് കാര്യമായ  അറിവുണ്ടാകണമെന്നില്ല .ആൽബർട്ട് ഐൻസ്റ്റീനെ ഭൗതികശാസ്ത്രജ്ഞനായി നാം ആദരി ക്കുന്നു. എന്നാൽ ചിത്രകാരൻ വാൻഗോഗിൻ്റെ മനസ്സിലൂടെ കടന്നുപോയ ജീവിതവെളിപാടുകൾ എന്താണെന്ന് ഐൻസ്റ്റീന് അറിയില്ല ;തിരിച്ചും അങ്ങനെ തന്നെ. ഓരോ മനുഷ്യനും ജീവിതത്തെ, ലോകത്തെ ,പ്രപഞ്ചത്തെ ഓരോ കണികയോളം വലിപ്പമേ അറിയുന്നുള്ളു. ഓരോ വ്യക്തിയും സർഗസിദ്ധിയിലൂടെ ലോകത്തെക്കുറിച്ചുള്ള നാമമാത്രമായ അറിവുകൾ കൊണ്ടുവരുന്നു. മഹാനായ സംഗീതജ്ഞൻ യെഹൂദി മെനുവിൻ സംഗീതകലയുടെ ഒരു കണമാണ് നമുക്ക് നല്കിയത്.

പ്രാപഞ്ചിക സംഗീതമെന്ന മഹാസമുദ്രം ഇനിയും അജ്ഞാതമായി ശേഷിക്കുകയാണ്. 

സദാപ്രസന്നവും സൗഖ്യവുമായി ശ്രീകൃഷ്ണൻ ഓടക്കുഴൽ വായിക്കുമ്പോഴുള്ള ശാന്തത എങ്ങനെയുണ്ടാകുന്നുവെന്ന് ആലോചിക്കാൻ പോലും കഴിയില്ല. പ്രാപഞ്ചികമായ പ്രതിഭാസങ്ങളുമായി നമ്മുടെ ജീവിതത്തിലെ ഉദ്വേഗങ്ങളും ത്വരകളും ആശകളും കെട്ടുപിണഞ്ഞു കിടക്കുന്നു. 

ഒരാൾക്ക് ഒറ്റയ്ക്ക് പ്രപഞ്ചത്തെക്കുറിച്ച് ഒന്നുമറിയില്ല. പലരുടെ വിജ്ഞാനം ചേർന്ന ഒരു വലിയ വിജ്ഞാനമേഖല രൂപപ്പെടുകയാണ്. ഓരോ തരം ജീവിയും അങ്ങനെ തങ്ങളുടെ ഐന്ദ്രിയലോകത്തിനകത്താണ് സംവേദനക്ഷമമായ ചര്യകൾ വികസിപ്പിച്ചെടുക്കുന്നത്. അപ്പോൾ പ്രപഞ്ചം അതിൻ്റെ ദൃശ്യതയിലും അഗാധതയിലും അകന്നു തന്നെ നിൽക്കുകയാണ് .അതൊരു അതാര്യ മേഖലയാണ്. അവിടേക്ക് മനുഷ്യർക്കെന്നല്ല ,ഒരു ജീവിക്കും പ്രവേശനമില്ല. എല്ലാ ജൈവ ഇന്ദ്രിയ സിദ്ധികളും പരിമിത പ്പെട്ടിരിക്കുകയാണ്. എന്നാൽ അതൊക്കെ സ്വകാര്യമാണ്‌. അഭൗമമായ ഈ വാദ്യസംഗീതം പുറപ്പെടുവിക്കുന്നവർ പരസ്പരം അതിനെക്കുറിച്ച് അറിയില്ല. ഓരോ ജീവിയും അതിൻ്റെ മാത്രം സംഗീതമാണ് അറിയുന്നത്. അതിൻ്റെ  തൊട്ടരികിലുള്ള സംഗീതസാഗരത്തെ അറിയാനേ കഴിയുന്നില്ല. ഈ നിസ്സഹായതയാണ് ജീവിതത്തിലെ വിവശത,ദു:ഖം,അന്യത,നിരാശ …

“ആത്‌മോപദേശശതക’ത്തിൽ ഗുരു ഇങ്ങനെ എഴുതുന്നു :

“അലയറുമാഴിയിലുണ്ടനന്തമായാ

കലയിതു കല്യ,യനാദി കാര്യമാകും

സലിലരസാദി ശരീരമേന്തി നാനാ-

വുലകുരുവായുരുവായി നിന്നിടുന്നു “

അനന്തമായ ഒരു മായാകലയെക്കുറിച്ചാണ് ഗുരു പറയുന്നത്. എന്താണ് അതിൻ്റെ  സവിശേഷത ?അലകളില്ലാത്ത ഒരു കടലിനെ ഗുരു അവതരിപ്പിക്കുകയാണ്. അലയറുമാഴിയാണത് .അതിലാണ് അന്തമറ്റ മായാലോകമുള്ളത് .ആ കല മായയാണ്. അത് ഓരോ നിമിഷത്തിലും സഹസ്രകോടി സ്വഭാവങ്ങളെ അന്തർവഹിക്കുകയാണ്.

അതിൻ്റെ പൊരുൾ മാറുകയാണ്. അത് മനുഷ്യബുദ്ധിയെ കബളിപ്പിക്കുന്നു. മനുഷ്യനു യാതൊന്നിനെയും ആസ്പദിച്ച് അതിൻ്റെ അർത്ഥമോ പരിണാമമോ വേർതിരിച്ചെടുക്കാനാവില്ല .മനുഷ്യനെ ഉപയോഗിച്ച് വലിച്ചെറിയുകയാണ് ആ മായാകല. അത് അനാദിയായ കാര്യങ്ങളെ ഉൾക്കൊള്ളുന്ന, വെള്ളവും മറ്റ് ഐന്ദ്രിയരസങ്ങളും കൂടിച്ചേർന്നുണ്ടാകുന്ന ഓരോ ജീവിയിലും, ജീവിവർഗ്ഗത്തിലും സന്നിഹിതമാണ്.

ജീവിയുടെ ഉന്മാദ,വിഷാദശീലങ്ങൾക്ക് ബോധ്യപ്പെടാത്ത വിധം യഥാർത്ഥ്യത്തിനുള്ളിൽ  മറിഞ്ഞിരിക്കുകയാണ് ആ മായാകല.  നാനാതരത്തിലുള്ള വസ്തുക്കളും വിഷയങ്ങളും പ്രമേയങ്ങളുമായി അത് ജീവികളിൽ വിലസുകയാണ്.

വ്യർത്ഥതയുടെ ലീല 

അർത്ഥവും അർത്ഥസന്ദിഗ്ദ്ധതകളും ഭാവനകളും എല്ലാം ഈ മായാകലയുടെ   ഫലമായി ആവിർഭവിപ്പിച്ചുകൊണ്ടേയിരിക്കുന്നു.

അന്തമില്ലാത്ത പ്രവാഹമാണത്. അനേകം ശരീരങ്ങൾ അനേകം ലീലകളിൽ ബദ്ധരായിരിക്കുന്നു. ഓരോന്നിനെയും കണ്ണുകെട്ടി നൃത്തം ചെയ്യുകയാണ് ഈ മായാകല. ഇതാകട്ടെ നമ്മെ ചലിപ്പിക്കുകയാണ്; എവിടെയും അവസാനമുണ്ടെന്ന തോന്നലിൽ നമ്മൾ അതിൻ്റെ ലീലയിൽ കണ്ണുകെട്ടി നൃത്തം ചെയ്യുന്നു.

“നവനവമിന്നലെയിന്നു നാളെ മറ്റേ –

ദിവസമിതിങ്ങനെ ചിന്ത ചെയ്തിടാതെ

അവിരതമെണ്ണിയളന്നിടുന്നതെല്ലാം 

ഭ്രമമൊരു ഭേദവുമില്ലറിഞ്ഞിടേണം”

ഭാവിയിലേക്ക് നമ്മെ നടത്തിക്കുകയാണ് ആ മായാകല. അതിന് നമ്മെ ഭ്രമിപ്പിക്കാനാകും. സത്യത്തെ അത് ഓരോ വേളയിലും പലതായി ഉയർത്തിക്കാട്ടുന്നു . നമ്മുടെ ഇഷ്ടങ്ങൾക്കനുസരിച്ച് ഏത് വേണമെങ്കിലും തിരഞ്ഞെടുക്കാം.

മഹാനായ ജർമ്മൻ ചിന്തകൻ ഫ്രെഡറിക് നിഷെ (Friedrich Nietzche)പറഞ്ഞു: Knowledge kills action ;action requires the veils of illusions.ജ്ഞാനികൾ പാരമാർത്ഥികമായ ഒരു അതുല്യതയിലേക്ക് പ്രയാണം ചെയ്യുകയാണ്. അവരുടെ ആന്തരികമായ സജ്ജീകരണം അത്തരത്തിലുള്ളതാണ് .അവർ വസ്തുവിൻ്റെ ബാഹ്യ ആവരണത്തെ  തകർത്ത് അകത്തു കയറുന്നു. വാക്കുകൾ പിളർത്തുന്നു. ജ്ഞാനിക്ക് അതുകൊണ്ട് വൃഥാപ്രയത്നം ആവശ്യമില്ല. ജ്ഞാനികൾ വ്യർത്ഥതയെ തരണം ചെയ്യുകയാണ്. ലോകജീവിതത്തിൽ വ്യർത്ഥത  കടലിലെ ആഫ്രിക്കൻ പായൽ പോലെ പടരുകയാണ് .അതിനടിയിൽ നിന്ന് സാരം ഗ്രഹിക്കാൻ വിധിക്കപ്പെട്ട ജ്ഞാനി വ്യർത്ഥതയെ ഒരു മിഥ്യയായി കാണുകയാണ്. അതിൻ്റെ ആവരണം വിവിധ പ്രവർത്തനങ്ങളാൽ  മുഖരിതമാണ് .പ്രവർത്തിക്കണമെങ്കിൽ മിഥ്യയുടെ മൂടുപടങ്ങൾ ആവശ്യമാണെന്ന് നിഷെ പറയുന്നത് അതുകൊണ്ടാണ്. സാധാരണ മനുഷ്യന് ജീവിക്കാൻ മിഥ്യയാവശ്യമാണ് .കാരണം, ജ്ഞാനം  വളരെ അകലെയാണ്. മിഥ്യകളാൽ  ചുറ്റപ്പെട്ട ഒരു ദ്വീപിൽ അർത്ഥശൂന്യമായി കലഹിക്കുന്നത് അവൻ്റെ ‘വ്യർത്ഥ’മായ അർത്ഥാന്വേഷണത്തിൻ്റെ ഭാഗമാണ്. അത് വീണ്ടും അനിവാര്യമായ വിധത്തിൽ മിഥ്യകളുടെ വേലിയേറ്റമുണ്ടാക്കുന്നു. 

ചീത്തയായ ഒരു ലോകത്തോട് പടവെട്ടുന്ന നമ്മൾ ക്രമേണ ചീത്തയാകുന്നത് സ്വാഭാവികമാണ്. അതിനെതിരെയാണ് ജാഗ്രത വേണ്ടത് .ഇതിനു ജ്ഞാനം ആവശ്യമാണ്. 

നിത്യജീവിതത്തിലെ മായാകലയുടെ സാന്നിദ്ധ്യം തർക്കമറ്റ കാര്യമാണ്. നാം തന്നെ ഒരു മായാകലയാണ്. മായയാൽ ഉണ്ടാക്കപ്പെട്ടതു പോലെ ,സ്വപ്നസമാനമെന്ന പോലെ ,

ജലരേഖകൾ പോലെ ജീവിക്കുന്നവർ. ഓർമ്മകൾക്ക് മാത്രം അസ്തിത്വമുള്ള ഒരു ലോകത്താണ് നമ്മുടെ അർത്ഥങ്ങൾ നിലനിൽക്കുന്നത്. യുക്തിയുടെ ഏറ്റക്കുറച്ചിൽ അനുസരിച്ച് നാം സ്വന്തം നരകങ്ങൾ സദാനിർമ്മിച്ചുകൊണ്ടിരിക്കുന്നു.

അതിനെ മറികടക്കുമ്പോൾ മായാ കലയുടെ പിടിയിൽനിന്ന് മോചിതമാവുന്നു. അതാണ് സദാശിവമായിത്തീരുന്നത്.

മിഥ്യാലോകങ്ങളുടെ പ്രവാഹം

ജീവിതത്തിലെ കോശങ്ങൾ മായാകലകൊണ്ട് നിർമ്മിച്ചതാണ്. ആശകൾ മായകലയുടെ ഫലമാണ്. അത് ഒന്നിനൊന്ന്  വൈവിധ്യമാർന്നതാണ്. ഓരോ ചിന്തയുടെ വ്യക്തിത്വവും വിഭിന്നമായിരിക്കുന്നത് ഇതിൻ്റെ വിധിയാണ്. അതിനെ ആസ്പദിച്ചുപോകുന്ന ,അതിൻ്റെ ഫലമായുള്ള വൈകാരിക ബലാബലങ്ങൾ പരീക്ഷിക്കപ്പെടുന്നു. തൊട്ടടുത്ത നിമിഷം അത് വ്യർത്ഥമാവുകയാണ്. എന്നിട്ടും അതിൽ യുക്തി കണ്ടെത്താൻ ശ്രമിക്കുന്നു .’അനാദികാര്യ’മെന്ന് ഗുരു വിവക്ഷിക്കുന്നത് ഇതിനെയാണ്. ഈ അനാദികാര്യം ഒരു മനുഷ്യനിലോ ഒരു സമൂഹത്തിലോ ഒതുങ്ങുന്നില്ല. അത് ശതഗുണിതങ്ങളായി പെരുകുകയാണ്. അതിൻ്റെ മിഥ്യകൾ താനെ രൂപപ്പെടുന്നു. മിഥ്യാലോകങ്ങളുടെ പ്രവാഹങ്ങൾ നാലുപാടും പടരുകയാണ്. മനുഷ്യൻ അത് നിർമ്മിക്കാൻ നിയോഗിക്കപ്പെട്ടവനാണ്. 

ഓരോ ജീവിയിലും ഈ അനാദികാര്യങ്ങൾ ആവിർഭവിക്കുന്നു. അത് പലകാലങ്ങളിൽ പലതായി പിരിയുന്നു .പരസ്പരം ഏറ്റുമുട്ടാനും  മടിയില്ല.

ഒരാളിൽ തന്നെ പല കർതൃത്വങ്ങൾ രൂപപ്പെടാനും ഇതുമതി. ജലവും രസവും എന്നതുകൊണ്ട് ഗുരു അറിയിക്കുന്നത് ശരീരത്തെയാണ്. ശരീരമുള്ളയിടത്തെല്ലാം ഈ അനാദികാര്യമുണ്ടാകും. അതിൻ്റെ സ്പന്ദങ്ങളും പ്രതിസ്പന്ദങ്ങളും നമ്മെ ഒരു മരുഭൂമിയിലെന്നപോലെ വഴിതെറ്റിക്കാൻ പര്യാപ്തമാണ്. എല്ലാം ഭ്രമമാണെന്ന് ഗുരു തുടർന്നു  പറയുന്നുണ്ട് .എന്തിനാണ് നമുക്ക് ഭ്രമങ്ങൾ? അപ്പോൾ മാത്രമാണ് മായാകല നിലനിൽക്കുന്നത്. അതിൽ നിന്നൊഴിയാൻ നമുക്ക് സാധ്യമല്ല. ജീവിതത്തിൻ്റെ തിരയില്ലാത്ത കടലുകളിൽ നാം കാണുന്നത് മായാകല മാത്രമാണ്.അതിലാണ് നമ്മുടെ അസ്തിത്വം .

അത് പൊള്ളയായ ഒരു കുഴൽ പോലെയാണ്. ഒരിക്കലും അതിൻ്റെയറ്റത്ത് എത്തുവാനാകില്ല.

നശ്വരതയ്ക്ക് എതിരെ പൊരുതാം 

ജീവിതത്തിലെ നശ്വരതയാണ് മനുഷ്യരെ പരിഭ്രാന്തരാക്കുന്നത് ;സ്വയം മറക്കുന്നത് അവിടെയാണ്. മരണം നശ്വരതയുടെ സന്ദേശത്തെ പത്തിവിടർത്തിയ സർപ്പത്തെപ്പോലെ പ്രകടമാക്കി കാണിക്കുകയാണ്. എന്നാൽ നമുക്ക് അതിനെതിരെ പൊരുതേണ്ടതുണ്ട് .മായാ കലയിൽനിന്ന് അതിജീവിക്കാനായി നമ്മൾ ജീവിതത്തെ ജ്ഞാനമുഖിയാക്കേണ്ടതുണ്ട്. അതുകൊണ്ടാണ് അമേരിക്കൻ എഴുത്തുകാരനായ ഡേവിഡ് ലെവിതൻ(David Levithan) പറഞ്ഞത്, ‘നമ്മൾ വെറും ധൂളിയായല്ല തുടങ്ങുന്നത് ,നമ്മൾ ധൂളിയായല്ല  അവസാനിക്കുന്നത് ;ധൂളിയേക്കാൾ വലുത് നമ്മൾ സൃഷ്ടിക്കുന്നുണ്ട് എന്ന്’.അങ്ങനെയൊരു ചിന്തയാണ് മായാകലയിലും മനുഷ്യർ ജീവിതം വെടിയാതിരിക്കാൻ കാരണം .പൊരുളുകളെക്കുറിച്ചുള്ള ചിന്തയിൽ അതിൻ്റെ അന്ധതമസ്സിൽ നമുക്ക് കൂടുതൽ അന്വേഷിക്കേണ്ടതുണ്ട്.

ജീവിതം എവിടെയോ ആർത്ത് തളിർക്കുന്നു ;ഒഴിവാക്കാനാവാത്ത വിധിപോലെ. ഗുരുവിൻ്റെ ഭാഷയിൽ ‘സലിലരസാദി ശരീരമേന്തി’.ശരീരം ഏന്തിയ ജീവികളാണ് നമ്മൾ. നമ്മൾ ഉള്ളിലാണ് ജീവിക്കുന്നത്. നമ്മുടെ ആയുധമാണ് ഈ ശരീരം . നശ്വരതയാണ് ശരീരമായി നമ്മുടെ മുന്നിലുള്ളത്. അതാകട്ടെ ക്ഷയോന്മുഖമാണ്. ശരീരത്തിൽ നശ്വരതയോടെ ഇരിക്കുക എന്ന പൊള്ളുന്ന അനുഭവം മനുഷ്യരെ മാനസികമായി പിരിമുറുക്കത്തിലാക്കുന്നു .മായാകലയിൽപ്പെട്ട് നമ്മൾ മോഹവിവശകരാവുകയാണ്. സൗന്ദര്യം ഒരു പ്രലോഭനവും മരീചികയുമായി നമ്മുടെ മനസ്സിൽ ഉയർന്നുവരികയാണ്. ഈ സൗന്ദര്യം കവികളും എഴുത്തുകാരുമെല്ലാം പാരമ്യതയുടെ  അനുഭവമായി കാണുകയാണ് .എന്നാൽ അത് മായാകലയിൽ ആവൃതമാണ്. അതിനു നമ്മെ മോചിപ്പിക്കാൻ കഴിയില്ല; പകരം അതിൻ്റെ തന്നെ വ്യാമിശ്രമായ കുതൂഹലങ്ങളിലേക്ക് നയിച്ചു കൊണ്ടുപോവുകയാണ് ചെയ്യുന്നത്. സൗന്ദര്യം വിശദീകരിക്കാനാവാത്ത അറിവാണ്; ഭ്രമിപ്പിക്കുന്നതും ഭീകരവുമായ അറിവാണത്. കലാകാരന്മാർ ആ അറിവിൻ്റെ ജ്വാലയിൽ തൊടാനാവാതെ ഭ്രമം ബാധിച്ചു പിന്തിരിയുന്നു. സൗന്ദര്യത്തിലേക്ക് ചെല്ലുന്തോറും അത്  കൂടുതൽ ദുരൂഹവും അപ്രാപ്യവുമായിരുന്നു. സൗന്ദര്യത്തെ തൊട്ടുനോക്കാനാവില്ല ;അത് അസ്തിത്വത്തിൻ്റെ പ്രഹേളികയായി അവശേഷിക്കുകയാണ്. ജ്ഞാനിയായ കവി ജ്ഞാനത്തിനും അതീതമായ സൗന്ദര്യത്തെ തേടി വ്രണിതരാവുന്നു.

ജലം കൊണ്ടു മുറിവേറ്റവനെ കാണണമെന്നു സ്പാനിഷ് കവി ഗാർസിയ ലോർക എഴുതുന്നത് അതുകൊണ്ടാണ്.

“പ്രതിവിഷയം പ്രതിബന്ധമേറിമേവു-

ന്നിതിനെ നിജസ്മൃതിയേ നിരാകരിക്കൂ;

അതിവിശദസ്മൃതിയാലതീതവിദ്യാ-

നിധി തെളിയുന്നിതിനല്ല നീതിഹാനി”

അറിവു തന്നെ പ്രതിബന്ധമായി മാറാം. അറിവിനു ആധാരമായ ഏതൊരു വസ്തുവും നമ്മെ കൂടുതൽ ചോദ്യങ്ങളിലേക്ക് കൊണ്ടുപോവുകയാണ് .അതിനു അന്തമില്ല .ആറ്റം കണ്ടുപിടിച്ചതുകൊണ്ട് മാത്രം ഒന്നും അവസാനിക്കുന്നില്ല. നാനോ സാങ്കേതികത (Nanotechnology) കണ്ടുപിടിച്ചതോടെ പുതിയ ആവശ്യങ്ങൾ ഉണ്ടായിരിക്കുന്നു. സൂര്യനിലെ സംഗീതം പോലും കേൾക്കാൻ മനുഷ്യൻ ശ്രമിക്കുന്നു. അറിവ് പെരുകുകയാണ്; അസ്വസ്ഥതകൾ പെരുകുന്നു .അറിവ് തേടുന്നവൻ ദുഃഖത്തെയും തേടുകയാണല്ലോ. അത് വസ്തുവിനെയും അറിവിനെയും രണ്ടായി തന്നെ നിലനിർത്തുന്നു. 

അതീത വിദ്യാനിധി

വസ്തുവും വസ്തുവിനെ ആരായുന്നവനും ഒന്നായി തീരുന്നില്ല. അതീതവിദ്യാനിധി’യാണ് മാനവമോചനത്തിനായി ഗുരു ഉപദേശിക്കുന്നത്. അവിടെ മായാകലയില്ല. അവനവനെ അറിയുന്ന ആവശ്യകത എപ്പോഴും വന്നുചേരുന്നുമില്ല. ഭൗതിക ജീവിതത്തിലെ സുഖങ്ങളും സ്വപ്നങ്ങളും ആത്മാവിൻ്റെ ആനന്ദവും  ഒന്നായിത്തീരുന്നിടത്താണ് ഭൂരിപക്ഷം മനുഷ്യരും കഴിയുന്നത്. അവർക്ക് ആത്മജ്ഞാനം വളരെ ദൂരെയാണ് .പലപ്പോഴും അവർ ആത്മാവിനെ പരംപൊരുളായി കാണുന്നില്ല. മനസ്സിൽ അറിയുന്ന വികാരങ്ങളും കലകളുമാണ് അവരെ ജീവിതത്തിൽ ഉയർത്തുന്നത്. എന്നാൽ എല്ലായ്പ്പോഴും ആത്മാവിൻ്റെ  അന്വേഷണത്തിൽ ഒരു ശൂന്യത മനുഷ്യനെ മഥിക്കുന്നുണ്ട്. നശ്വരതയുടെ അർത്ഥമെന്ത്, എന്തിനാണ് താൻ ജനിച്ചത് ,എന്താണ് തന്നെ ഉന്മത്തനും ഉത്സുകനുമാക്കുന്നത് തുടങ്ങിയ ചിന്തകൾ ഏതൊരു വ്യക്തിയെയും വല്ലപ്പോഴുമെങ്കിലും അലട്ടാറുണ്ട്. ആ അലട്ടൽ താമസിയാതെ  കെട്ടടങ്ങുകയും ചെയ്യുന്നു. ഒരു മിന്നൽ പോലെ ചില അറിവുകൾ നമ്മളിലൂടെ കടന്നു പോകുന്നു .സ്വപ്നത്തിലെന്നപോലെ അത് മാഞ്ഞുപോവുകയും ചെയ്യുന്നു. മനസ്സിൻ്റെ സിദ്ധിയാണത്. ഒരു അസാധാരണ ഗാനം കേൾക്കുമ്പോഴോ  മഹത്തായ ഒരു പുസ്തകം വായിക്കുമ്പോഴോ നമ്മെ നാമല്ലാതാക്കി  ഉന്നതമാക്കുന്ന എന്തോ  സംഭവിക്കുന്നു; അത് ആത്മീയമാണ്. പ്രാപഞ്ചികമായ ഒരു പൊരുളിന് മുഖാമുഖം വരുന്നതിൻ്റെ സൂചനയാണത്,  അങ്ങനെയാണെങ്കിൽ കലയിലെ സൗന്ദര്യം മായാകലയുടെ ഭാഗമാണോ ? വൈകാരികക്ഷമതയുടെ അത്യുന്നതമായ വിതാനത്തിൽ, സൗന്ദര്യത്തിൻ്റെ സ്പർശത്തിൽ നാം ആത്യന്തികവും അനശ്വരവുമായ  അറിവിനെയല്ലേ സ്പർശിക്കുന്നത്?

ഒരു ദൈവം/എം.കെ ഹരികുമാർ

 


ശ്രീനാരായണഗുരു ദൈവത്തെ നാവികനായും ജീവിതത്തെ സമുദ്രമായും സങ്കല്പിച്ചിട്ടുണ്ടല്ലോ . ‘ദൈവദശക’ത്തിലെ ആദ്യ നാലുവരിയിൽ തന്നെ ഇത് വ്യക്തമാക്കുന്നു. ജീവിതം സമുദ്രമാണെന്ന് പറയുന്നത് രണ്ട് അർത്ഥത്തിൽ മനസ്സിലാക്കാം. ഒന്ന്, അത് അഗാധവും അജ്ഞേയവുമാണ്. സമുദ്രത്തിൻ്റെ വ്യാപ്തി നമ്മുടെ കണ്മുന്നിലില്ല .അത് അജ്ഞേയതയുടെ ഒരു ഭാഗം മാത്രമാണ്. കണ്ണുകൾക്ക് കാണാൻ പറ്റാത്ത വ്യാപ്തിയിലാണ് അത് നിലനിൽക്കുന്നത്. കടൽ ഒരേ സമയം പ്രത്യക്ഷവും അപ്രത്യക്ഷവും ദൃശ്യവും അദൃശ്യവുമാണ്. രണ്ട് ,കടൽ അപ്രവചനാത്മകമാണ്. കടൽ വിഷാദമാണ്. കടലിൽ സൂര്യൻ അസ്തമിക്കുന്നു എന്ന കാഴ്ച തന്നെ വിഷാദാത്മകമാണ്. കടൽ വിഷാദമായിരിക്കെ ,ഭീഷണവുമാണ്. കടൽ നമ്മുടെ ജീവിതത്തിൻ്റെ  ദുരൂഹത വർധിപ്പിക്കുന്നു. ദൈവം നാവികനാവുന്നതിൻ്റെ സൗന്ദര്യം  കടലിൻ്റെ ഈ അഗാധ ,അജ്ഞേയ സത്യങ്ങളുടെ പശ്ചാത്തലത്തിൽ വർധിക്കുകയാണ്. ദൈവം കടലിനെ ഭരിക്കുന്നു. വെറും നാവികനല്ല, മനുഷ്യരെയും ഇതൊരു ജീവജാലങ്ങളെയും കാത്തുരക്ഷിക്കുന്ന ശക്തിയാണത് .നാവികൻ അജ്ഞാത നാമധാരിയായ പൊരുളാണ്. അതുകൊണ്ട് ദൈവം എന്ന പൊതുനാമം ഉപയോഗിക്കുന്നു. വ്യത്യസ്ത പേരുകളിൽ അറിയപ്പെടുന്ന ദൈവങ്ങളുടെ കൂടിച്ചേരലാണ് ഗുരു നാവികൻ അല്ലെങ്കിൽ ദൈവം എന്ന് പറയുമ്പോൾ സംഭവിക്കുന്നത്.

അത് പ്രാപഞ്ചിക ശക്തിയാണ് ;ദൈവം എന്ന നാമത്തിൽ അവതരിക്കുന്ന ഒരു മനുഷ്യശരീരിയല്ല .മാനുഷിക ദൈവത്തെ മാത്രമേ നമുക്ക് പ്രത്യക്ഷത്തിൽ ഭാവന ചെയ്യാനാകൂ. അത് വിഗ്രഹങ്ങളായി, നാമങ്ങളായി നമ്മുടെ മുന്നിലുണ്ട്. എന്നാൽ അതിനപ്പുറമുള്ള ദൈവം ഒരു പൊരുളായി നിലനിൽക്കുകയാണ്. ആ കേവല ദൈവത്തെ ഗുരു  നാവികനായി പരിചയപ്പെടുത്തുന്നു. നാവികനായ ദൈവം നമുക്ക് പരിചയമുള്ളതല്ല. ക്ഷേത്രങ്ങളിലെ ദൈവത്തെ ഗുരു ദൈവശാസ്ത്രവിചിന്തനത്തിനായി വേറൊരു ഭാഷയിലേക്ക് പരിഭാഷപ്പെടുത്തുകയാണ്. ഭാഷ എന്നു പറഞ്ഞത് സംവേദന തലമാണ് .മതാധിഷ്ഠിതവും ആരാധനാസമ്പ്രദായത്തിലുള്ളതുമായ  ദൈവത്തെയല്ല ഗുരു പരിചയപ്പെടുത്തുന്നത് ;നാവികൻ എന്ന രൂപത്തിലുള്ള ദൈവത്തെയാണ്. നാവികൻ ഒരു ആരാധനാസങ്കല്പമല്ല. ദൈവം രക്ഷകനായി വരുകയാണ്; കടലിലാണല്ലോ നാം അകപ്പെട്ടിരിക്കുന്നത് .കടൽ അപകടമേഖലയാണ്. അവിടെ സുരക്ഷയൊരുക്കാൻ പ്രകൃതി തന്നെ വേണം .പ്രകൃതി അവിടെ നാവികൻ്റെ രൂപത്തിലേ വരികയുള്ളു. ആ നാവികൻ്റെ കപ്പൽ കാത്തുകഴിയുന്ന ഭക്തന്മാരെ ഗുരു കാണുന്നു .

നുഷ്യബുദ്ധിക്ക് അപ്പുറം 

“നാവികൻ നീ ഭവാബ്ധിക്കോ രാവിവൻതോണി നിൻപദം ” 

ഭവം എന്നാൽ സംസാരം എന്നർത്ഥം. ഭവാബ്ധി എന്നാൽ സംസാരമാകുന്ന സാഗരം .ഈ വ്യാവഹാരിക ലോക ജീവിതത്തിൻ്റെ സമുദ്രസമാനമായ കയറ്റിറക്കങ്ങളിൽ ,കുഴഞ്ഞുമറിയലുകളിൽ, ദുരവസ്ഥകളിൽ ,അഗാധതകളിൽ സമാധാനത്തിൻ്റെ ജലവാഹനം  വരേണ്ടതുണ്ട് .അത് വാക്കായി, പ്രവൃത്തിയായി ,ചിന്തയായി, ജീവിതചര്യയായി ,സ്നേഹമായി വരാം. അതിനെയെല്ലാം വ്യക്തിത്വവത്ക്കരിക്കുകയാണ് ഗുരു  നാവികൻ എന്ന പദത്തിലുടെ .നാവികൻ്റെ ആവിക്കപ്പൽ എന്താണ്? ദൈവത്തിൻ്റെ പാദമാണത്. ആ പാദത്തിൽ അഭയം തേടുകയാണെങ്കിൽ രക്ഷയായി.ഇത് അന്ധവിശ്വാസമാണെന്ന് പറയുന്ന കുബുദ്ധികൾ കണ്ടേക്കാം .

മനുഷ്യമനസ്സിൽ നിന്ന് യാഥാസ്ഥിതികവും മതാധിഷ്ഠിതവുമായ ദൈവത്തെ മാറ്റി അവിടെ മനുഷ്യനും പ്രകൃതിയും തമ്മിലുള്ള അനശ്വരമായ രമ്യതയെയാണ് ഗുരു പ്രതിഷ്ഠിക്കുന്നത്. ഭൗതികവാദികൾ പറഞ്ഞത് പ്രകൃതിയെ കിടക്കണമെന്നായിരുന്നല്ലോ. പ്രകൃതിയെ കീഴടക്കാൻ മനുഷ്യൻ ആരാണ് ?അവൻ പ്രകൃതിയിലെ ഒരു വൈറസിനെ പേടിച്ച് എത്ര മാസങ്ങളാണ് വീട്ടിൽ നിന്ന് പുറത്തിറങ്ങാതിരുന്നത് എന്നാലോചിക്കണം. എത്ര ലക്ഷം പേരാണ് ആ വൈറസിൻ്റെ ആക്രമണത്തിൽ മരണമടഞ്ഞത്! .

പ്രകൃതിയുടെ വ്യവസ്ഥ ഋതുക്കളായും  ദിനരാത്രങ്ങളായും പഞ്ചഭൂതങ്ങളായും നാം അനുഭവിക്കുന്നു. അതിനോട് ചേർന്നാണ് നാം നിൽക്കേണ്ടത്. അതിനെ അലങ്കോലപ്പെടുത്തിയാൽ ജീവജാലങ്ങളുടെ നിലനിൽപ്പ് അപകടത്തിലാവും. പ്രകൃതിയുടെ ചാക്രികമായ ചലനങ്ങളിൽ നമുക്ക് ഒരുമയോടെ പോകാനാകും. അതുകൊണ്ടാണ് പ്രകൃതിയെ, രക്ഷിക്കുന്ന ബിംബമായി കാണുന്നത്. മനുഷ്യബുദ്ധിക്ക് അപ്പുറത്തുള്ള ദൈവമാണത്. മനുഷ്യൻ്റെ യുക്തി പരിമിതമാണല്ലോ. ഏതു വൈറസ് എവിടെ നിന്ന് പുറപ്പെടുമെന്നു നമുക്കറിയില്ല. ഏത് രീതിയിൽ നാളെ സൂര്യൻ്റെ ചൂട് ഉയരുമെന്ന് മുൻകൂട്ടി പറയാനാവില്ല. കാരണം ,അത് അദൃശ്യതയുടെ ,അജ്ഞേയതയുടെ ലോകമാണ്.

അവിടെയാണ് ദൈവമിരിക്കുന്നത്. ഇത് യുക്തിചിന്തയാണ് .ദൈവത്തിന് അദൃശ്യമായിരിക്കാനേ കഴിയൂ. ദൈവം നാവികനായി വരുന്നത് കാണാനൊക്കുമോ എന്ന് ചോദിച്ചാൽ, നമ്മുടെ ഭാവിയെ അലട്ടലില്ലാതാക്കാൻ  പലതരത്തിൽ പ്രവർത്തിച്ചേക്കാവുന്ന ഘടകങ്ങളുടെ നേർക്ക് നമുക്കുള്ള വിനീതമായ പ്രാർത്ഥനയാണ് മുഖ്യമായിട്ടുള്ളത് .പ്രാപഞ്ചിക ശക്തികളെ വെല്ലുവിളിക്കുന്നത് അവിവേകവും, ബഹുമാനിക്കുന്നത് യുക്തിയുമാണ്. യുക്തിചിന്തയിലാണ് ദൈവം ഉണ്ടാകേണ്ടത്. യുക്തിരാഹിത്യത്തിൽ ദൈവമിരിക്കുന്നില്ല.

നമ്മുടെ കണ്ണുകൾക്കും കാതുകൾക്കും അപ്രാപ്യമായത് ഈ ലോകത്തുണ്ട്. ശാസ്ത്രത്തിന് അങ്ങോട്ട് എത്താനാവില്ല .ഒരു ചിവീട് മനുഷ്യജീവിതത്തെ എങ്ങനെയാണ് കാണുന്നതെന്ന് പറയുന്ന ഒരു ശാസ്ത്രവും എവിടെയുമില്ല .ഒരു നായയുടെ കുരയുടെ ഭാഷ എന്താണെന്ന് വ്യാഖ്യാനിക്കാൻ കഴിവുള്ള ഒരു ഭാഷാശാസ്ത്രജ്ഞനുമില്ല. ഇതാണ് യുക്തി. ഈ യുക്തിയിലൂടെ നമുക്ക് അദൃശ്യതയിലെ ദൈവത്തെ അറിയാം. അപ്രകാശിതമായ ,അദൃശ്യമായ ദൈവത്തെ മനസിലാക്കുമ്പോൾ നാം കൂടുതൽ വിവേകമുള്ളവരാകും. ലോകത്തിൻ്റെ അദൃശ്യത (Invisibility) നമ്മുടെ നിത്യജീവിത സാക്ഷ്യമാണ്. 

ദൈവം അപ്രത്യക്ഷതയാണ് 

മനുഷ്യൻ അജ്ഞാതമായ പൊരുളുകളുടെ ലോകത്ത് നട്ടംതിരിയുകയാണ് .ആ അദൃശ്യതയിൽ ദൈവമിരിക്കുന്നു. നമ്മുടെ മനസ്സിൽ നാളെ എന്ത് ചിന്തയാണ് ഉണ്ടാകാൻ പോകുന്നതെന്ന് പ്രവചിക്കാൻ ഒരു ദൈവശാസ്ത്രജ്ഞനും സാധ്യമല്ല. അതുകൊണ്ട് ദൈവശാസ്ത്രജ്ഞനും  അപ്പുറമാണ് ദൈവം .ദൈവത്തിനു  മറഞ്ഞിരിക്കാനേ കഴിയൂ .

നമ്മളാണ് പ്രത്യക്ഷത ;ദൈവം  അപ്രത്യക്ഷയാണ്. ഭാവിയെ പ്രവചിക്കാ ൻ അറിയാത്തതുകൊണ്ട് ദൈവം ഭാവിയാണ് .ദൈവം ,അവിടെ മറഞ്ഞിരിക്കുന്നു. സൂക്ഷ്മാണുക്കളെ  നമുക്ക് കാണാൻ കഴിയാത്തതുകൊണ്ട്  ആ അദൃശ്യതയിൽ ദൈവത്തെ പ്രതീക്ഷിക്കാം. പ്രപഞ്ചരഹസ്യത്തെ  കണ്ണുകൾകൊണ്ട് കാണാനാവാത്തതിനാൽ ദൈവം എവിടെയുമുണ്ട് എന്ന സത്യം  മനസ്സിലാക്കാൻ ശ്രമിക്കാം. അത് വിരാട് അവസ്ഥയുടെ ചിതറലാണ് ;വികേന്ദ്രീകരണമാണ് .അദൃശ്യതയുടെ സാകല്യതയിൽ ദൈവം പല രൂപഭാവങ്ങളിൽ വസിക്കുന്നു. ഒരു ജീവിയുടെ രൂപത്തിൽ ദൈവമില്ലേ എന്ന് ചോദിക്കാം. എന്നാൽ അത് സൃഷ്ടിയാണ്. അതിൻ്റെ പ്രത്യക്ഷതയിൽ ദൈവത്തിനു പ്രവർത്തിക്കാനാവില്ല .അതേസമയം അതിനെ വലയം ചെയ്തിരിക്കുന്ന അജ്ഞാതത്വത്തിൻ്റെ സമുദ്രത്തിൽ ദൈവം സർവത്ര സന്നിഹിതമാണ്.

തൊട്ടടുത്ത നിമിഷം എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് അറിയാത്തതുകൊണ്ട്, ദൈവം വരാനിരിക്കുന്ന നിമിഷങ്ങളിലാണുള്ളതെന്ന് കാണാം.  കാലത്തിൽ ദൈവം സന്നിവേശിച്ചിരിക്കുന്നു. കാണാമറയത്ത് ദൈവം വിന്യസിക്കപ്പെട്ടിരിക്കുന്നു.

‘ഇന്ദ്രിയവൈരാഗ്യം’ എന്ന കവിതയിൽ “കാണുന്ന കണ്ണിനൊരു ദന്ധവുമില്ല കണ്ടെൻ

പ്രാണൻ വെടിഞ്ഞിടുകിലെന്തിന് പിന്നെയെല്ലാം! 

കാണും നിറം തരമിതൊക്കെയഴിഞ്ഞെഴും നിൻ

ചേണുറ്റ ചെങ്കഴലു തന്നു ജയിക്കശംഭോ!” 

കണ്ണുകൾ കാണുക മാത്രമാണ് ചെയ്യുന്നത് .അത് ആരുടെ ശരീരത്താണെന്ന് നോക്കിയിട്ടല്ല കാണുന്നത്. അതിനു കാണലിൽ വിവേചനമില്ല .കണ്ണുകൾക്ക് കാണാൻ യാതൊരു നിബന്ധനയുമില്ല ;കാണുന്നത് എന്തായാലും അത് കണ്ടതായി അംഗീകരിക്കും. എന്നാൽ കാണുന്ന വ്യക്തിക്ക് കാണലുകളുടെ ഒടുവിൽ ഒരു വ്യർത്ഥത തോന്നിയേക്കാം. കണ്ടതെല്ലാം ശരിയായിരുന്നോ എന്ന ചോദ്യം മനുഷ്യധിഷണയിലാണ് ഉയരുന്നത് .കാണലിൻ്റെ രതിയിൽ മുഴുകിയാലും പ്രാണൻ വെടിയണം, പിന്നീട്. കണ്ടതുകൊണ്ട് ഒന്നും  രക്ഷപ്പെടില്ല; കണ്ടവനും രക്ഷപ്പെടില്ല . കണ്ടു കണ്ടു നാം മെല്ലെ  മാറുകയാണ്; കാണാത്തതിലേക്ക്. കാണാത്തതിൻ്റെ ഒരു മഹാസമുദ്രത്തെ   ഉപേക്ഷിച്ചുകൊണ്ട് .കണ്ടതെല്ലാം ഉപേക്ഷിക്കുകയാണ് ഒടുവിൽ .

കണ്ണുകൾ കണ്ടു കണ്ടു ഓരോന്നിൻ്റെയും നിറവും തരവും മനസ്സിലാക്കുന്നു; വിവേചനം ചെയ്യുന്നുണ്ടെന്നു അർത്ഥം .വിശ്ളേഷണം ചെയ്യാനുള്ളതാണ് കണ്ണുകൾ ,വെറും കാണലിനപ്പുറത്ത്. കണ്ണുകൾ പൊരുളുകളെ ഇഴപിരിച്ചെടുക്കുന്നു . ഓരോന്നിൻ്റെയും വേറിടൽ ,അസ്തിത്വം കണ്ണുകൾ ഉറപ്പുവരുത്തുന്നു .നാം വഴി വിട്ട് പിരിഞ്ഞു പോവുകയാണ് കാഴ്ചകളിലൂടെ .ഉണ്മയിൽ നിന്നു തിരിച്ചു നടക്കുകയാണോ ?ഉണ്മയിലേക്ക് നടക്കുകയാണോ കാഴ്ചകളിലൂടെ കണ്ണുകൾ ?

അതാര്യതയുടെ മഹാസമുദ്രം

എന്നാൽ കാണലുകൾക്കെല്ലാം അപ്പുറത്തുള്ള അദൃശ്യതയുടെ ഒരു ലോകമുണ്ടല്ലോ .ഭാവിയുടെയും  അതാര്യതയുടെയും അജ്ഞാതത്വത്തിൻ്റെയും ആ  മഹാസമുദ്രമുണ്ടല്ലോ. അവിടെയാണ് ‘നിൻ ചേണുറ്റ ചെങ്കഴലു’ള്ളത് എന്ന് ഗുരു കാണുന്നു. അവിടെയാണ് ദൈവത്തിൻ്റെ  വാസസ്ഥലമുള്ളത് .അദൃശ്യതയിൽ ദൈവമിരിക്കുന്നു ,അദൃശ്യതയിൽ മാത്രമാണ് ദൈവമിരിക്കുന്നത് എന്ന തത്ത്വമാണ് ഗുരു അവതരിപ്പിക്കുന്നത്. 

ഇതാണ് ഗുരുവിൻ്റെ ‘ഒരു ദൈവം. ഇത് ഭൗതികജീവിതത്തിൻ്റെ നൂറായിരം  ആഗ്രഹങ്ങളുടെയും പരാതികളുടെയും ഭ്രമങ്ങളുടെയും അപ്പുറത്തുള്ള അപാരതയുടെ കാഴ്ചയാണ്. യഥാർത്ഥ ലോകം നമ്മുടെ അപ്പുറത്താണുള്ളതെന്ന സാരമാണിത്. നാം കണ്ടതൊക്കെ കൊഴിഞ്ഞുപോയ ഇലകളായി നിരീക്ഷിക്കാവുന്നതാണ്. അവിടെ കരിഞ്ഞ ഇലകളാണുള്ളത്.  ഓർമ്മകളായി അത് മനസ്സുകളിലേക്ക് ഇരച്ചെത്തി വീണ്ടും ഭൂതകാലത്തേക്ക് തന്നെ മടങ്ങിപ്പോകുന്നു .ചവറുകൾ പിൻമുറ്റത്തുനിന്നു വന്ന് ഭൂതകാലത്തിലേക്ക് തന്നെ അപ്രത്യക്ഷമാവുകയാണ്.

ഓർമ്മകൾ വന്ന് നൃത്തം ചെയ്യുമ്പോൾ നാം തനിച്ചല്ലെന്നു തോന്നും; കാരണം നാം ഭൂതകാലത്തിൻ്റേതായിരുന്നുവല്ലോ .അവിടെ നിന്നും വരുന്ന ഒരു പൂവിതൾ പോലും ഒരു മഹാവൃക്ഷമായി തോന്നും. ഭ്രമം പോലെ അത് അപ്രത്യക്ഷമാവുകയും ചെയ്യും. ഭൂതകാലത്തിൻ്റെയും  ഓർമ്മകളുടെയും ചവച്ചു തീർത്ത ജീവിതം ഒരു ഭൗതികാവശിഷ്ടമാണ്. അതിനപ്പുറത്ത് ദൈവത്തിൻ്റെ അതാര്യ ലോകമുണ്ട് .ഏകദൈവം എന്ന ഈ അപ്രാപ്യത എല്ലാവർക്കും ഒരുപോലെയാണ്. അതിലേക്ക് അടുക്കാനാണ് മഹാമുനിമാർ തപസ്സ് ചെയ്യുന്നത്. ഭൗതികമായ അലങ്കാരങ്ങളിൽപ്പെട്ട് സ്വസ്ഥത നശിക്കുകയോ ത്വരകൾ വർദ്ധിക്കുകയോ ചെയ്താൽ സൗമ്യമായ ഭാവിയുടെ സ്വരം അപ്രാപ്യമാകും .അതിനു കനത്ത നിശ്ശബ്ദത ആവശ്യമാണ്.

അന്തര്യാമിയായ നിശ്ശബ്ദതയിലെ അവാച്യമായ പ്രാപഞ്ചികസംഗീതം എന്നെങ്കിലും നമുക്ക് അനുഭവവേദ്യമാകുമോ ? ഓരോ വിഷാദകണവും നമ്മെ അങ്ങോട്ട് പ്രലോഭിപ്പിക്കുകയാണ്. ദുഃഖത്തിൻ്റെ  അലകൾ നൃത്തം ചെയ്തു  കഴിയുമ്പോൾ മനസ്സ് ഒരു മാൻകുട്ടിയെപ്പോലെ അപാരതയെ നോക്കി എടുത്തു ചാടും .മഴ മാറി നേർത്ത വെയിലിൽ ആകാശം പതിവിലേറെ വെളുത്ത് വെള്ളയായി പ്രഭാവം കൊള്ളുമ്പോൾ അപാരത നമുക്ക് അടുത്താണെന്ന് തോന്നും .അത് പ്രലോഭനങ്ങളുടെ വാതിലാണ്.

ഗുരുവിൻ്റെ ചിന്തയിൽ ദൈവത്തെ മനുഷ്യൻ ആർജിക്കേണ്ടതിൻ്റെ ഒരു വേദാന്തവുമുണ്ട് .ദൈവം സൃഷ്ടിയും സൃഷ്ടാവും സൃഷ്ടിക്കുള്ള സാമഗ്രിയുമായതുകൊണ്ട്, ദൈവത്തിൻ്റെ സൃഷ്ടികളായ എല്ലാത്തിനും ദൈവികാംശമുണ്ട്; അതിൽ അപ്രത്യക്ഷതയുടെ സൗന്ദര്യം അടങ്ങിയിരിക്കുന്നു. നമ്മൾ എന്താണോ അത് നമ്മൾ മനസ്സിലാക്കിയ ദൈവത്തിൻ്റെ  പ്രത്യക്ഷവത്ക്കരണമാണ്. നാം  കുറ്റകൃത്യങ്ങളെ മഹത്തരമായി കാണുന്നുണ്ടെങ്കിൽ ,അത് നമ്മളിലെ  ദൈവത്തിൻ്റെ ആജ്ഞയാൽ  സംഭവിക്കുന്നതാണ്. നമ്മുടെ വർത്തമാനം നമ്മുടെ ദൈവത്തിൻ്റെ  ഒരു പ്രകടനാത്മകതയാണ്. നാം ചീത്തയായാൽ നമ്മുടെ ദൈവവും ചീത്തയാകും. അതുകൊണ്ട് ദൈവത്തെ പരിശുദ്ധമാക്കണമെങ്കിൽ നാം പരിശുദ്ധമാകണം. ഗുരു പഞ്ചശുദ്ധി പാലിക്കണമെന്ന് പറഞ്ഞത് ദൈവത്തെ മനുഷ്യശരീരത്തിൽ മഹത്വപ്പെടുത്താനാണ്. ഒരു ചീത്ത മനസിൽ ചീത്തദൈവമാണുള്ളത്. അവൻ്റെ മനസിൻ്റെ സാധ്യമായ ദൈവം ചീത്തയായിരിക്കും. ചീത്ത പ്രവൃത്തികൾ ചെയ്തുകൊണ്ടാണല്ലോ അവൻ ദൈവത്തെ കൂട്ടിനു വിളിക്കുന്നത് .അതിനപ്പുറത്ത് വിശുദ്ധമായ ദൈവത്തെ പ്രാപിക്കണമെങ്കിൽ നമുക്ക് കൂടുതൽ പരിശ്രമിച്ചു  മുന്നേറേണ്ടതുണ്ട് .വിളക്ക് കത്തുമ്പോഴേ പ്രകാശമുള്ളു. വിളക്കണഞ്ഞാൽ ഇരുട്ടിൻ്റെ അധിപത്യവും അന്ധതമസുമാണ് ഉണ്ടാവുക .അതുകൊണ്ട് ദൈവത്തെ സൃഷ്ടിക്കുന്നവനാണ് മനുഷ്യൻ. മനുഷ്യനും സൃഷ്ടാവാണല്ലോ .അവൻ സന്താനോല്പാദനം മാത്രമല്ല, വിജ്ഞാന നിർമ്മിതിയിലും  കലാസാഹിത്യസൃഷ്ടികളിലും ഏർപ്പെടുന്നു. സൃഷ്ടിക്കുമ്പോൾ ദൈവമുണ്ടാകുന്നു. ഗുരുവിൻ്റെ  ഒരേയൊരു ദൈവം അവിടെയുണ്ട്. പ്രവൃത്തികളിലൂടെ കൂടുതൽ പ്രകാശം പരത്തുകയാണെങ്കിൽ ,ദൈവം അവിടെയാണുള്ളത്, ഒരേയൊരു ദൈവം .

ഒരു മതം /എം.കെ.ഹരികുമാർ

 


fbt

മതം ഒരു അടയാളമായി മാറിക്കൊണ്ടിരിക്കുകയാണിന്ന്.  ഒരാളുടെ ശരീരത്തിൻ്റെ ,സമൂഹത്തിൻ്റെ  കൊടിയാണിത്. ശരീരത്തിലാണ് മതം . എല്ലാ മതങ്ങളും ശാരീരകവുമാണ്. ഏത് മതാനുയായിയെയും ശരീരം നോക്കി തിരിച്ചറിയാം .

ശരീരത്തിൽ പല തരത്തിലുള്ള വസ്തുക്കൾ ആലങ്കാരികമായി പിടിപ്പിച്ചിട്ടുണ്ടാവും. ശരീരം എന്നാൽ  വസ്ത്രവും കൂടിയതാണ്. ആ വസ്ത്രം ഇന്ന് മതപരവുമാണ് ,മിക്കപ്പോഴും .മതപരമായ ജീവിതമേ നമുക്കുള്ളു. ഓരോരുത്തരും അവരവരുടെ മതത്തിൽ സുരക്ഷിതരാണ് എന്ന് വിശ്വസിക്കുന്നു. ഇന്ന് മതരഹിതനാവാൻ പ്രയാസമാണ്. ഭരണകൂടങ്ങളും നിയമവ്യവസ്ഥയുമെല്ലാം വ്യക്തിയെ മതവത്ക്കരിക്കാനാണ് തുനിയുന്നത്. ഈ മതവൽക്കരണം മനുഷ്യമനസ്സിനെ പ്രത്യേകരീതിയിൽ ചിട്ടപ്പെടുത്തുകയാണ് .ജീവിതത്തെ ഒരു കൂട്ടമായി ഓരോ വ്യക്തിയും തെറ്റിദ്ധരിക്കുന്നു. എ എന്ന വ്യക്തി ഒറ്റയ്ക്കല്ലെന്നു കരുതാൻ കാരണം അയാൾ ഒരു മതമാണെന്ന് തെറ്റിദ്ധരിക്കുന്നതുകൊണ്ടാണ്. അയാളുടെ മതത്തെ വിമർശിക്കുകയോ നിരാകരിക്കുകയോ  ചെയ്താൽ അയാൾ എതിർക്കും; ചിലപ്പോൾ അത് ഒരു കലാപമായി മാറിയേക്കാം. അതിൻ്റെയർത്ഥം വ്യക്തിയുടെ ബോധമായി മതം മാറുന്നു എന്നാണ്. കേവലമായ വിശ്വാസമോ ജീവിതരീതിയോ എന്നതിലുപരി  ജീവിതത്തേക്കാൾ വലിയ ഏതോ പ്രതിഛായയാണത്.

പെരുമാറ്റരീതികളുടെ വിശുദ്ധമായ നിയമാവലിയും കർമ്മശ്രംഖലകളുമായി മതം വ്യക്തിയെ പുനർനിർവ്വചിക്കുകയാണ് ചെയ്യുന്നത്.  മതത്തിൻ്റെ ചത്വരമാണ് ഓരോ വ്യക്തിയും .ഇങ്ങനെ വിവിധ തരം മതങ്ങൾ ലോകത്ത് നിലനിൽക്കുകയും വ്യത്യസ്ത മനുഷ്യപ്പെരുമാറ്റ നിയമവ്യവസ്ഥകൾ സൃഷ്ടിക്കുകയും ചെയ്യുന്നതുകൊണ്ട് ലോകം വിശ്വാസത്തിൽ ഒരു ഏകധ്രുവത്തിലെത്തുക അസാധ്യമായി ത്തീർന്നിരിക്കുന്നു. വ്യക്തികൾക്ക് വേറെ ഒരു മാർഗ്ഗം പരീക്ഷിക്കാനില്ല . കാരണം ,മതം ഒരു വ്യവസ്ഥയും വ്യവഹാരവുമായി തുടരുകയാണ് .അതിൻ്റെ ആചാര്യന്മാരും പൗരോഹിത്യവർഗ്ഗവും വ്യക്തിയിൽ ആധിപത്യം പുലർത്തുകയാണ്. പക്ഷേ ,മതത്തെ നിരോധിക്കണമെന്ന് ഗുരു പറഞ്ഞിട്ടില്ല .ലോകത്ത് എത്ര ലക്ഷം മതങ്ങളുണ്ടായാലും നിങ്ങൾ നന്നായോ എന്നാണ് ഗുരു തിരക്കിയത്.   മതങ്ങൾ പ്രത്യക്ഷതയിലുണ്ടെങ്കിലും അവയ്ക്ക് എന്തുകൊണ്ട് മനുഷ്യരെ കൂടുതൽ നല്ല മനുഷ്യരായി ,കർത്തവ്യബോധമുള്ള, നന്മയുള്ള ,ദയയുള്ള, നന്ദിയുള്ള ജീവികളായി വളർത്താൻ മനുഷ്യർക്ക് കഴിഞ്ഞില്ലെന്ന് ഗുരു ചിന്തിച്ചിട്ടുണ്ട്. അതുകൊണ്ടാണ് നിങ്ങൾ ഏതു മതത്തിൽ ജീവിച്ചാലും മനുഷ്യനായി ജീവിക്കേണ്ടതിൻ്റെ അനിവാര്യതയെക്കുറിച്ച് ഗുരു  ഊന്നിപ്പറഞ്ഞത് .

അയിത്തത്തിനു ബദൽ

മനുഷ്യനാണ് ഇവിടെ വളർച്ച പ്രാപിക്കേണ്ടത്, മതങ്ങളല്ല. മതങ്ങളുടെ പേരിൽ ലോകത്തിൽ ഏറ്റവും വലിയ കെട്ടിടങ്ങളുണ്ടായാൽ മനുഷ്യൻ്റെ ധാർമ്മികമായ അവബോധമൂല്യം ഉയരണമെന്നില്ല.എന്നാൽ 

മതത്തിൻ്റെ അടിമയാകാതിരിക്കാൻ പ്രയാസമാണ്. മതങ്ങൾ തമ്മിലുള്ള സംവാദം എത്രയോ ദരിദ്രമായിക്കഴിഞ്ഞു. ഒരു മതത്തിൻ്റെയുള്ളിൽ മാത്രമാണ് ആളുകൾ ഒത്തുകൂടുന്നത്. ഒരു മതത്തിനുള്ളിൽ തന്നെ പരസ്പരസംവാദമില്ല.മതത്തിനുള്ളിലെ കലഹങ്ങൾ അവസാനിക്കുന്നേയില്ല.

മതപരമായ അയിത്തം ഇപ്പോഴും അവസാനിക്കുന്നില്ല. രണ്ടു മതത്തിൽപ്പെട്ട കമിതാക്കൾക്ക് യഥേഷ്ടം വിവാഹം കഴിക്കാൻ കഴിയാത്തവിധം മതങ്ങൾ പുതിയ അധികാര വ്യവസ്ഥയായിരിക്കുകയാണ്. മതങ്ങൾക്കാണ് മനുഷ്യത്വം വേണ്ടത്. മതസംവാദങ്ങൾ, മതങ്ങൾ തമ്മിലുള്ള സംവാദങ്ങൾ വലിയൊരു സാംസ്കാരികചർച്ചയായി മാറേണ്ടതുണ്ട്. രണ്ടു സമുദായത്തിൽപ്പെട്ടവർ ഇഷ്ടപ്പെട്ടു വിവാഹം കഴിക്കുന്നത് പ്രേമത്തിൻ്റെ വിജയമാണ്, മതങ്ങളുടെ വിജയമല്ല. മതങ്ങൾ പരസ്പരം ആ ആശയം മുന്നോട്ട് വയ്ക്കണം. എന്നാൽ വൈരുദ്ധ്യമെന്നു പറയട്ടെ, മതം വിട്ടുള്ള  വിവാഹത്തെ മതങ്ങൾ തന്നെ എതിർക്കുകയാണിപ്പോൾ. മതങ്ങളുടെ അയിത്തത്തെ ഒഴിവാക്കാനാണ് ഗുരു ഒരു മതം എന്ന ആശയം പരിചയപ്പെടുത്തിയത്. ഇത് ഗുരുവിൻ്റെ വിവിധ കൃതികളിലും ഭാഷണങ്ങളിലും വ്യാപിച്ചു നില്ക്കുന്ന പ്രപഞ്ചജീവിത രമണീയതയാണ്.

അവിടെയാണ് ഗുരുവിൻ്റെ ഒരു മതം എന്ന ആശയം പരിശോധിക്കേണ്ടത്.  ഗുരു ഒരു പുതിയ മതം സ്ഥാപിക്കണമെന്ന് പറഞ്ഞില്ല. ഗുരുവിൻ്റെ ചിന്തകളിൽ ഒരു പുതിയ മതത്തിൻ്റെ ആശയങ്ങളുണ്ട് .പക്ഷേ, അതിനിയും ഇവിടെ ആരായപ്പെട്ടിട്ടില്ല. ഗുരു തൻ്റെ മതം എന്ന അർത്ഥത്തിലല്ല ഒരു മതം എന്നു പറയുന്നത്. ലോകജീവിതത്തിൽ ഒരു കള്ളിയിലൊതുങ്ങാതെ യഥാർത്ഥമായ മതാനുഭവത്തെ സാക്ഷാത്ക്കരിക്കാനാകുമോ എന്ന  വിപ്ലവകരമായ ആലോചനയാണ് ഗുരുവിൻ്റേത് .ചട്ടക്കൂടുകളില്ലാത്ത ,സ്വാതന്ത്ര്യത്തിൻ്റെ മതമാണത്. 

നിർവൃതൻ്റെ മതം

“ജ്ഞാതാജ്ഞാതസമ: സ്വാന്യ –

ഭേദശൂന്യ :കുതോ ഭിദാ

ഇത്യാദി വാദോപരതിർ

യസ്യ തസ്യൈവ നിർവൃതി: “

എന്നു ഗുരു ‘നിർവൃതിപഞ്ചക’ത്തിൽ  എഴുതുന്നുണ്ട്.

അറിഞ്ഞതിനെയും അറിയാത്തതിനെയും ഒരുപോലെ കാണണം. വ്യക്തികൾക്കിടയിലെ ഭേദചിന്തയെ ഉപേക്ഷിക്കണം. വ്യക്തികൾ തമ്മിലുള്ള ഭേദചിന്ത പലതരം നശീകരണ വാസനകളെ ഉദ്ദീപിപ്പിക്കും. ഇന്നത്തെ സമൂഹത്തിൽ അത് വളരെ പ്രകടമാണ്. ഇങ്ങനെ ചെറുതും വലുതുമായ ഭേദങ്ങളെ, സ്പർദ്ധകളെ, വിഭാഗീയതകളെ അന്യഭാവനകളെ, മറികടക്കുന്നവനിൽ ഗുരു ഒരു വിശ്വമാനവനെ കാണുന്നു.

അവനാണ് നിർവൃതൻ

ഈ നിർവൃതന് ഒരു ജാതിയേ ഉള്ളൂ; അത് ലോകത്തെ മുഴുവൻ ഐക്യത്തോടെയും ഹൃദയത്തോടെയും സമീപിക്കുന്നവൻ്റെ സ്നേഹഭാവനയുടെ ജാതിയാണ്. 

ആ ജാതിയിൽ വിശ്വസിക്കുന്നവനു എന്തുകൊണ്ട് ഒരു  മതത്തിൽ ഒരുമിച്ച് കഴിഞ്ഞുകൂടാ?

പേർഷ്യൻ കവി ജലാലുദ്ദീൻ റൂമി എഴുതി:

“In the waters of purity 

I melted like salt 

Neither blasphemy, nor faith,nor conviction nor doubt remained. 

In the centre of my heart a star has appeared

And all the seven heavens have become lost in it ” .

നിർവൃതനെ ഇതിൽ കാണാം .അവൻ ശുദ്ധിയിൽ അലിഞ്ഞ് മാനുഷികമായ പരിമിതികളെ അതിലംഘിക്കുന്നു. ഹൃദയാന്തർ ഭാഗത്തെ നക്ഷത്രം ഏഴു സ്വർഗ്ഗക്കളെക്കാൾ മഹത്തരമാകുന്നത് അസ്തിത്വത്തിൻ്റെ ലക്ഷ്യം സ്വയം കണ്ടെത്തുന്നതിനാലാണ്. പൂർണതയെക്കുറിച്ച് ആലോചിക്കുന്നവർക്കു മാത്രമേ ഇങ്ങനെ എഴുതാനൊക്കൂ .

അറിഞ്ഞതും അറിയാത്തതും ഒരുപോലെയാകുന്നത് ,ഭേദചിന്തകളുടഅവസാനമാണ്. അവിടെയാണ് ഗുരുവിൻ്റെ മതം അന്വേഷിക്കേണ്ടത്.  ഈ മതം എല്ലാ ബഹുസ്വരങ്ങളെയും ഉദ്ഗ്രഥിക്കുകയാണ് അല്ലെങ്കിൽ ഒരു ചരടിൽ കോർക്കുകയാണ് .സകലമതങ്ങളും ചിന്തകളും ആശയസംഹിതകളും വ്യത്യസ്തമായ മാർഗ്ഗങ്ങളിൽ കൂടി മുന്നോട്ടു പോകുമ്പോഴും അടുത്തടുത്ത് ഇരിക്കാൻ സഹായിക്കുന്നത് ഗുരുവിൻ്റെ മതമാണ്. ആ മതം ആന്തരികമായ രമ്യതയാണ്, ഒരു പുഞ്ചിരിയാണ് ,പ്രകൃതിയാണ് ,സുഗന്ധമാണ് ,ആരാമമാണ് ,ഇളംകാറ്റാണ് ,ഹൃദയശുദ്ധിയോടെയുള്ള പ്രാർത്ഥനയാണ് .ഏറ്റവും സംസ്കാരചിത്തനായ മനുഷ്യൻ്റെ മനസ്സിൽ ഈ നവമതം ഒരു പുതിയ ഉണർവ്വായി പ്രവർത്തിക്കും.  എല്ലാം മതാനുയായികൾക്കും പരസ്പരകലഹമില്ലാതെ ഒരുമിച്ചിരുന്ന് പ്രാർത്ഥിക്കാവുന്ന ഒരു ആത്മീയ ഇടമാണ് ഗുരുവിൻ്റെ ‘ഒരു മതം’.

ഹൃദയശുദ്ധിയുടെ ആകാശം നിർമ്മിക്കാം 

ആശങ്കകളോ ,പൂർവജന്മങ്ങളുടെ ഭാരമോ ,പശ്ചാത്താപമോ ,പാപമോ ,ഇല്ലാതെ ഹൃദയശുദ്ധിയുടെ ആകാശം നാം നിർമ്മിക്കേണ്ടിയിരിക്കുന്നു. മാനവസൗഹൃദവും പ്രകൃതിയോടുള്ള രമ്യതയും ഇതരജീവികളോടുള്ള അനുതാപവുമാണ് നമ്മുടെ ഈ  മതത്തിൻ്റെ കാതൽ .മതം , ഒരിക്കലും വിലകൂടിയ വസ്ത്രംപോലെയാകരുത് .അത് ഭൗതികമായ നേട്ടമല്ല, ആത്മീയമായ പ്രഭാവമാണ്. സകലഭൗതിക സ്വത്തുക്കൾക്കും അഹന്തകൾക്കും  മുകളിലുള്ള നൈർമല്യമാണത്. തെറ്റായ വിദ്യാഭ്യാസമൂല്യങ്ങളിൽപ്പെട്ട് നട്ടം തിരിയുന്ന നമ്മൾ ഇനി എന്ന് പ്രാചീനമായ, ശുദ്ധമായ നന്മകളിലേക്ക് മടങ്ങിപ്പോകും? പ്രകൃതിയിലേക്ക് മടങ്ങിപ്പോകുന്നതുപോലെ അനിവാര്യമാണത്. ഗുരുവിൻ്റെ  മതം ഒരാത്മനിർവൃതിയായി പരിലസിക്കുകയാണ്. നമ്മുടെ വിചാരപരമായ വ്യർത്ഥതകളെ തുടച്ചുനീക്കി ,അവിടേക്ക് മൈത്രിയുടെ സംഗീതമാവേശിക്കുകയാണ് .

“കോ നാമ ദേശ: കാ ജാതി:

പ്രവൃത്തി: കാ കിയദ് വയ:

ഇത്യാദി വാദോപരതിർ 

യസ്യ തസ്യൈവ നിർവൃതി “

(നിർവൃതിപഞ്ചകം )

ഇങ്ങനെ പറയുന്നത് മഹത്വത്തിൻ്റെ  പാരമ്യമായി കാണണം. പേരിലും നാട്ടിലും ജാതിയിലും തൊഴിലിലും വയസിലും എത്തിരിക്കുന്നുവെന്നു  ചോദിക്കുന്നവൻ മതത്തിലും എന്തിരിക്കുന്നുവെന്ന് ചോദിക്കുമെന്നാണ് ഈ ശ്ളോകത്തിൽ നിന്നു നാം മനസിലാക്കേണ്ടത്. കാരണം, തൊഴിലും ജാതിയും നമ്മെ ഒരു ചതുരക്കള്ളിയിലാക്കുകയാണെങ്കിൽ, നമ്മുടെ അന്തർലീനമായ ബൃഹദാ കാരത്തിന് അതുൾക്കൊള്ളാനാവുകയില്ല. മനസ്സിൽ പേറുന്ന നിസ്സാരതകളെ , ഉപയോഗശൂന്യമായവയെ വഴിമധ്യേ ഉപേക്ഷിക്കണം. അർത്ഥപൂർണ്ണമായതിനെ പകരം  കൂടെ കൂട്ടണം. ഒരു ജാതിയിൽ എത്താമെങ്കിൽ ഒരു മതത്തിലും എത്താം .

പഞ്ചായത്ത് ഓഫീസിൽ നമ്മെ  തിരിച്ചറിയാൻ സഹായിക്കുന്ന രേഖയല്ല ഗുരുവിൻ്റെ മതം .അത് എല്ലാ കവികളും കലാകാരന്മാരും ലക്ഷ്യമാക്കിയ സാർവദേശീയമായ സൗഹൃദമാണ്. സൗഹൃദത്തിനു ഒരു ആത്മീയതയുണ്ട് .അതാണ് ഒരു മതത്തിലൂടെ  സാക്ഷാത്ക്കരിക്കപ്പെടുന്നത് .

ഒരു മതമെന്നാൽ ഹിന്ദുമതമാണെന്നോ , ക്രിസ്തുമതമാണെന്നോ  തെറ്റിദ്ധരിക്കരുത്. കൺമുന്നിലുള്ള സാമ്പ്രദായികമതമല്ലത്. അതിന്നപ്പുറമുള്ള മനുഷ്യൻ്റെ മേഖലയാണത്. മനുഷ്യൻ്റെ മേഖല നിശ്ചയിക്കുന്നത്  വിദ്യാഭ്യാസമോ ,രാജ്യമോ, മതമോ അല്ല. വിദ്യാഭ്യാസം എങ്ങനെ അവിദ്യാഭ്യാസമായി എന്നു ബോധ്യപ്പെടാൻ സഹായിക്കുന്നതാണ് ഗുരുവിൻ്റെ മേലുദ്ധരിച്ച ശ്ലോകം .

തൊഴിലും പദവിയും സമ്പത്തും അഹന്തയുമാണ്, വിദ്യാഭ്യാസത്തിലൂടെ നമ്മൾ മഹത്തായ ആദർശങ്ങൾ, ജീവിതലക്ഷ്യങ്ങൾ എന്നീ നിലകളിൽ വിപണനം ചെയ്തുപോരുന്നത്. ഈ അപകടകരമായ മൂല്യങ്ങൾ വഹിക്കാത്തത് ഇന്നത്തെ കാഴ്ചപ്പാടിൽ വിദ്യാഭ്യാസമല്ല. അതിനെ ലാഭമില്ലാതായി വിലയിരുത്തും. അന്യൻ്റെ സമ്പത്ത് അപഹരിക്കുന്നതാണ് മിടുക്ക് എന്ന്  പ്രചരിപ്പിക്കുന്നവരുണ്ട്. അസൂയയും ആർത്തിയുമാണ് ഇന്ന് വിദ്യാഭ്യാസ മൂല്യങ്ങളായി കച്ചവടം ചെയ്യുന്നത്. പ്രകൃതിക്ക് നിരക്കാത്ത മത്സരവും ഉത്ക്കണ്ഠകളുമാണ് വിദ്യാലയങ്ങളിൽ നിറയുന്നത്. ശാന്തത എവിടെയുമില്ല. വിദ്യാഭ്യാസം അധികാരത്തിനും പണത്തിനും വേണ്ടി മാത്രമാകുന്നതോടെ അതിനുള്ളിലെ സഹജമായ അനുതാപവും സ്നേഹഭാവവുമെല്ലാം അസ്തമിക്കുന്നു .ഇത് എത്ര ആപൽക്കരമാണ്. വിദ്യാഭ്യാസം ഭാവിയെയാണ് നശിപ്പിക്കുന്നത്. അതുകൊണ്ടാണ് ഗുരു നിർവൃതൻ എന്ന മഹത്തായ ആശയത്തെ അവതരിപ്പിക്കുന്നത്.

മൈത്രിയുടെ ഇടം

നിർവൃതന് യഥാസ്ഥിതിക വിദ്യാഭ്യാസത്തിൻ്റെ പിന്തിരിപ്പൻ വാദങ്ങളോട് യോജിക്കാനാവില്ല .ജാതി, തൊഴിൽ ,പണം, അധികാരം തുടങ്ങിയ മൂല്യങ്ങളിൽ ആർത്തിയോടെ പിടിമുറുക്കിയശേഷം മനുഷ്യനെ വെറുക്കുന്നവരെ  നിർവൃതൻ പ്രോത്സാഹിപ്പിക്കില്ല. വെറുപ്പ്  വിദ്യാഭ്യാസത്തിലൂടെ തടസ്സമില്ലാതെ കടന്നുവരുന്നതു കൊണ്ടാണ് സമൂഹം നിസ്സാര കാര്യങ്ങളിൽ കലഹിക്കുന്നത് .അന്ധത എല്ലായിടത്തേക്കും വ്യാപിച്ചിരിക്കുന്നു. അവിടെയാണ് ഗുരു ഉദ്ബോധിപ്പിക്കുന്നത് ,എല്ലാം മലിനചിന്തകളെയും തരണം ചെയ്യുന്ന ഒരു മതമാണ് വേണ്ടതെന്ന് . ഗുരുവിൻ്റെ മതം ദൈവാരാധനയോ , പൂജാവിധികളോ , സ്വർണാഭരണശേഖരമോ, ഭണ്ഡാരമോ,  ആഴ്ചതോറുമുള്ള പ്രാർത്ഥനയോ, പ്രാർത്ഥനാലയങ്ങളോ ,ദൈവത്തിൻ്റെ  മാധ്യസ്ഥമോ ഒന്നുമല്ല; അത് മനുഷ്യഹൃദയത്തിൻ്റെ ലാവണ്യം  പ്രകടമാക്കുന്ന മൈത്രിയാണ്.

ദൈവമില്ലാത്ത മതങ്ങൾക്കും ദൈവമുള്ള മതങ്ങൾക്കും ഇടയിലാണ് ഗുരുവിൻ്റെ മതം. അതൊരു സ്ഥാപനമല്ല; സ്ഥാപനരഹിതമായ മൈത്രിയുടെ സംവാദവും അവബോധവുമാണ്. മനുഷ്യൻ സവിശേഷമായി ജീവിച്ചിരിക്കുന്നു എന്ന  തത്വത്തിൽ അധിഷ്ഠിതമാണ് ഈ ചിന്ത .സവിശേഷമായ ആ ജീവിതം സ്വന്തം അസ്തിത്വത്തിൻ്റെ അർത്ഥം ആരായുന്നു .

അവൻ്റെ സങ്കീർണമായ മാനസികപ്രശ്നങ്ങളും ക്ഷുദ്രമായ അഹന്തയും മാറിപ്പോകേണ്ടതാണ്. അതിനു പ്രപഞ്ചജീവിതത്തിൽ മനുഷ്യൻ ആർജിക്കേണ്ട ഒരവബോധമുണ്ട്. വിനീതമായി ,അവൻ മറ്റു മനുഷ്യരോടും ജീവജാലങ്ങളോടും  ഇടപെടണം. അവൻ്റെ അന്തരംഗത്തിൽനിന്ന് ഭാവിയിലേക്ക് വ്യാപിക്കുന്ന സുന്ദരമായ സമാധാനചിന്തകളുണ്ടാകണം. അവൻ തനിച്ചല്ല :അതുകൊണ്ട് അവൻ ഇതരമനുഷ്യരുടെ ലോകങ്ങളുമായി ബന്ധിക്കപ്പെടാൻ വിധിക്കപ്പെട്ടിരിക്കുന്നു. സാർവദേശീയ, സർവ്വചരാചരക്ഷേമത്തിൻ്റെ മതമാണത്. അവിടെ മരണാനന്തര ജീവിതത്തേക്കാൾ പ്രധാനമായ സംഗതി ഈ ലോകത്ത് ലോകോപകാരപ്രദമായി ജീവിക്കുക എന്നാണ് .ലോകോപകാരപ്രദമായ ജീവിതമാണ് ഗുരുവിൻ്റെ മതം . അതിനു ക്ഷേത്രമോ, ദൈവമോ ,ആരാധനയോ  വേണമെന്നില്ല. ഇതെല്ലാം മനസ്സിൽ പരിപാവനമായി ഉണ്ടായിരിക്കണം. 

ഗുരു തൻ്റെ മതത്തെ സേവനതത്ത്വമായി ഇങ്ങനെ  സംഗ്രഹിക്കുന്നു:

“ഈശൻ ജഗത്തിലെല്ലാമാ

വസിക്കുന്നതുകൊണ്ട് നീ

ചരിക്ക മുക്തനായാശി

ക്കരുതാരുടെയും ധനം”

“ആസുരം ലോകമൊന്നുണ്ട്,

കുരിരുട്ടാലതാവൃതം 

മോഹമാർന്നാത്മഹന്താക്കൾ

പോകുന്നു മൃതരായതിൽ ” 

എല്ലായിടത്തും ദൈവമുണ്ടല്ലോ . അതുകൊണ്ട് നമുക്ക് സ്വാതന്ത്ര്യത്തോടെ ജീവിക്കാം, നമ്മളിലും ദൈവമുണ്ടല്ലോ. എന്നാൽ അതിൻ്റെ പേരിൽ മറ്റുള്ളവരുടെ ധനം ആഗ്രഹിക്കരുത്.അത് നാശമാണ്. ഈ ലോകത്തിൽ തന്നെയാണ് ആസുരലോകമുള്ളത്. അത്  അജ്ഞാനമാകുന്ന അന്ധകാരത്താൽ  ആവൃതമാണ്. അജ്ഞാനം ഭയവും വെറുപ്പുമാണ്; തിന്മയാണത്.  അവിടേക്ക് ആകർഷിക്കപ്പെടുന്നവൻ ചീത്തയായിപ്പോകും .എന്നാൽ അത്യാർത്തിയുള്ളവർ അതിൽ പോയി നശിക്കുന്നു. ഈ ജ്ഞാനമാണ് ഗുരു മതത്തിൻ്റെ കാതൽ.

അക്ഷരജാലകം ഇരുപത്തിയഞ്ച് വർഷങ്ങൾ പിന്നിട്ടിരിക്കുന്നു: എം. സി. രാജനാരായണൻ

  ഇന്ത്യയിലെ പ്രശസ്ത സിനിമാ വിമർശകനും ഫിപ്രസി അംഗവും ഗ്രന്ഥകാരനുമായ എം.സി. രാജനാരായണൻ എഴുതുന്നു പ്രചാരവും സ്വീകാര്യതയും നിലനിർത്തിക്കൊണ്ട്‌ ...