Tuesday, June 21, 2022

ജീവിതത്തിൽ സമയത്തെക്കുറിച്ചുള്ള അവബോധം തമസ്കരിക്കപ്പെട്ടു: എം.കെ.ഹരികുമാർ

 

എം.കെ.ഹരികുമാർ വായനാവാരം ഉദ്ഘാടനം ചെയ്യുന്നു.

കൂത്താട്ടുകുളം, ആറൂർ: വേഗത്തിൻ്റെയും ധനത്തിൻ്റെയും പിന്നാലെയുള്ള പാച്ചിലിനിടയിൽ ജീവിതത്തിൽ സമയത്തെക്കുറിച്ചുള്ള അവബോധം തമസ്കരിക്കപ്പെട്ടതായി വിമർശകനും കോളമിസ്റ്റും നോവലിസ്റ്റുമായ എം.കെ .ഹരികുമാർ അഭിപ്രായപ്പെട്ടു.

ആറൂർ ഹൈസ്കൂളിൽ വായനാവാരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .

പണത്തേക്കാൾ മൂല്യമുള്ളതാണ് സമയമെന്ന് പലരും മനസ്സിലാക്കുന്നില്ല. ഇന്നലെ നഷ്ടപ്പെട്ട സമയം തിരിച്ചെടുക്കാൻ പണം എത്രയുണ്ടായാലും മതിയാവുകയില്ല. സമയം പോയിക്കൊണ്ടിരിക്കുകയാണ്. അത് തിരിച്ചെടുക്കാനാവാത്ത വിധം  നഷ്ടപ്പെടുകയാണ്. സമയത്തിന് പകരം നമുക്ക് മറ്റെന്താണുള്ളത്? ഒരു നിശ്ചിത സമയത്തിനുള്ളിൽ കൂടുതൽ കാര്യങ്ങൾ ചെയ്യാനുള്ള കഴിവ് വികസിപ്പിക്കേണ്ടതുണ്ട്. സമയം പാഴാക്കാതിരിക്കുന്നതിനെക്കുറിച്ച് പഠിക്കാൻ വൈകുന്നു .വായനയുടെ നാനാവിധ ഉപയോഗങ്ങളിലൊന്നാണ്  സമയബോധമെന്ന് ഹരികുമാർ പറഞ്ഞു .

നഷ്ടപ്പെടുന്ന സമയത്തെക്കുറിച്ച് ബോധമുണ്ടായാൽ മാത്രമേ വായനയുടെ അനിവാര്യത ബോധ്യമാകുകയുള്ളു. പുസ്തകം വായിക്കണമെന്ന് സർക്കാർ പറഞ്ഞതുകൊണ്ടാണ് നമ്മൾ ഈ വാരം ആചരിക്കുന്നത്. എന്നാൽ നമുക്ക് ഓരോരുത്തർക്കും ഇത് തോന്നണം. വായിക്കുന്നത് പണമുണ്ടാക്കാനല്ല .ഒരു ജോലിയല്ല അത്. രാവിലെ മുതൽ വൈകിട്ട് വരെ പുസ്തകങ്ങൾ വായിച്ചു തള്ളുന്നതല്ല  വായനകൊണ്ട് ഉദ്ദേശിക്കുന്നത് .അത് നമ്മുടെ ഒരു അഭിരുചിയാവണം, വികാരമാവണം. നമ്മൾ ജീവിച്ചിരിക്കുന്നതിൻ്റെ മനോഹരമായ ഒരു കാരണമതാകണം. ഏത് തൊഴിൽ ചെയ്യുന്നവർക്കും അവരവരുടെ അഭിരുചിയും വായനയുമാണ് ഉണ്ടാകേണ്ടത്. ഡോക്ടർമാരോ പ്രൊഫഷണലുകളോ തൊഴിലിൻ്റെ ഭാഗമല്ലാതെയുള്ള വായനയും വികസിപ്പിക്കുകയാണെങ്കിൽ അത് തങ്ങളുടെ വീക്ഷണപരമായ കാര്യങ്ങളിൽ മൂല്യപരമായി സഹായിക്കും. പുസ്തകം വായിക്കുന്നത് സംസ്കാരമാകണം. അത് മറ്റൊരാളുടെ ആവശ്യമല്ല - ഹരികുമാർ പറഞ്ഞു.

മൃണാൾ സെൻ എന്ന പ്രശസ്തനായ ഇന്ത്യൻ സംവിധായകൻ ഉണ്ടായതിനു പിന്നിൽ ഒരു പുസ്തകമാണെന്ന്  എത്രപേർക്കറിയാം? സൗണ്ട് റെക്കോർഡിങ്ങിനെക്കുറിച്ച് തൊഴിൽപരമായി പഠിക്കാൻ കൊൽക്കത്തയിലെ നാഷണൽ ലൈബ്രറിയിൽ പോയ മൃണാൾ സെൻ  യാദൃശ്ചികമായാണ് റുഡോൾഫ് അർണീം എഴുതിയ Film as Art എന്ന പുസ്തകം കാണാനിടയായത് .അദ്ദേഹം അതീവ താല്പര്യത്തോടെ അത് വായിച്ചു. സിനിമയുടെ സൗന്ദര്യശാസ്ത്രത്തെക്കുറിച്ച് അദ്ദേഹം വായിച്ച ആദ്യപുസ്തകമാണത്. സിനിമയ്ക്ക് സ്വന്തമായി ഒരു തത്ത്വശാസ്ത്രമുണ്ടെന്ന് അപ്പോഴാണ് സെൻ മനസിലാക്കുന്നത്. വായനയുടെ ഫലമായാണ് ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൻ്റെ ആശയങ്ങൾ രൂപപ്പെട്ടതെന്ന് ഹരികുമാർ ഓർമ്മിപ്പിച്ചു.

മഹാനായ റഷ്യൻ സാഹിത്യകാരൻ ടോൾസ്റ്റോയിയുടെ ലേഖനങ്ങൾ വായിച്ചും 
അദ്ദേഹവുമായി കത്തിടപാടുകൾ നടത്തിയുമാണ് ഗാന്ധിജി അഹിംസ എന്ന സമരമുറ കണ്ടെത്തിയത്. അത് ടോൾസ്റ്റോയിയുടെ നിർദ്ദേശമായിരുന്നു. 
ദക്ഷിണാഫ്രിക്കയിലെ സ്വാതന്ത്ര്യ സമരത്തിൽ ഗാന്ധിജി അത് പ്രായോഗികമായി പരീക്ഷിച്ചു. അതാണ് പിന്നീട് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൻ്റെയും മുഖ്യമായ ആയുധമായി മാറിയത്. അധികാരങ്ങളുള്ള ഒരു ഭരണകൂടത്തോട് ആയുധങ്ങൾ കൊണ്ട് പോരാടുന്നത് കൂടുതൽ ഹിംസയും മരണവുമുണ്ടാക്കുമെന്ന ധാരണ ഗാന്ധിജിക്കുണ്ടായിരുന്നു.
അദ്ദേഹത്തിൻ്റെ വായനയുടെ പ്രത്യേകതകൊണ്ടാണ് അങ്ങനെയുള്ള ഉപകരണങ്ങൾ കണ്ടെത്തപ്പെടുന്നത്. നിസ്സഹകരണമാണ് മറ്റൊരു പ്രധാന ആശയമായി ഗാന്ധിജി സ്വീകരിച്ചത്. സിവിൾ ഡിസ്ഒബീഡിയൻസ് എന്ന പേരിൽ അമേരിക്കൻ പ്രകൃതിസ്നേഹിയും  എഴുത്തുകാരനുമായ ഹെൻറി ഡേവിഡ് തോറോ എഴുതിയ ലേഖനമാണ് ഗാന്ധിജിയെ പ്രചോദിപ്പിച്ചത്. അത് അദ്ദേഹം നമ്മുടെ സ്വാതന്ത്ര്യസമരത്തിൽ ഉപയോഗിച്ചു. ബ്രിട്ടീഷുകാരോടുള്ള വിയോജിപ്പ് അവരുടെ നിയമങ്ങളോട് നിസ്സഹകരിച്ചുകൊണ്ടാണ് ഗാന്ധിജി നടപ്പാക്കിയത്. അവർ പ്രക്ഷുബ്ധരായപ്പോൾ ഗാന്ധിജി ദൃഢനിശ്ചയമുള്ള സത്യഗ്രഹ സമരങ്ങൾ സംഘടിപ്പിച്ചു. സത്യഗ്രഹം അഹിംസയാണ് .ഗാന്ധിജി വായനയിലൂടെ സ്വരൂപിച്ച മറ്റൊരു ചിന്തയാണ് സർവ്വോദയം .Unto This Last എന്ന പേരിൽ ബ്രിട്ടീഷ് സാമ്പത്തികചിന്തകൻ ജോൺ റസ്കിൻ എഴുതിയ ഒരു ലേഖനമാണ് ഗാന്ധിജിയെ അതിലേക്ക് നയിച്ചത് .അദ്ദേഹം അതിനെ സർവോദയം എന്ന പരിഭാഷപ്പെടുത്തി. അവസാനത്തെ ആളിൻ്റെ വരെ വിമോചനമാണ് സർവോദയം .എല്ലാവർക്കും പാർപ്പിടം, ഭക്ഷണം, വസ്ത്രം എന്നതാണ് ആ  ആശയത്തിനു പിന്നിലുള്ള താൽപര്യം. ദരിദ്രരായ ഇന്ത്യക്കാരെ നോക്കി ഗാന്ധിജി അത് പ്രതിജ്ഞയായി ഉയർത്തിപ്പിടിച്ചു.സർവ്വോദയവും  നിസ്സഹകരണവും അഹിംസയും  ഗാന്ധിജി വായനയിലൂടെയാണ് കണ്ടെത്തിയത്. അദ്ദേഹം വായിച്ചില്ലായിരുന്നെങ്കിൽ ഇന്ത്യ വേറൊരു ഗതിക്കാകുമായിരുന്നു .തൻ്റെ  ചിന്തകൾ മറ്റുള്ളവർക്ക് പ്രയോജനപ്പെടണമെന്ന്  നിർബന്ധമുള്ളതുകൊണ്ടാണ് ഗാന്ധിജി  'യംഗ് ഇന്ത്യ' പോലുള്ള പത്രങ്ങൾ ആരംഭിച്ചത്. അതിൽ ഗാന്ധിജി  തന്നെയാണ് എഴുതിയത്. ഗാന്ധിജിയുടെ കൃതികളുടെ നൂറു വാല്യങ്ങൾ പ്രസിദ്ധീകൃതമായിട്ടുണ്ട് -ഹരികുമാർ ചൂണ്ടിക്കാട്ടി.
 


ഇന്നും നമ്മുടെ സാമൂഹ്യ, സാംസ്കാരിക ,രാഷ്ട്രീയ മേഖലകളിൽ ഗാന്ധിജിയുടെ സർവ്വോദയവും അഹിംസയും ബാലികേറാമലകളായി ഉയർന്നു നിൽക്കുകയാണ്. ആ വീക്ഷണം നമ്മുടെ പൊതുമണ്ഡലത്തിൽ നിന്നു അപ്രത്യക്ഷമായിരിക്കുന്നു.തനിക്കു മാത്രം ഭക്ഷണവും പാർപ്പിടവും വസ്ത്രവും ഉണ്ടായാൽ പോര, എല്ലാവർക്കും വേണമെന്ന് ശഠിച്ച് ഗാന്ധിജി തൻ്റെ ഷർട്ട് ഉപേക്ഷിച്ച് ഒരു ഒറ്റമുണ്ട് മാത്രം ചുറ്റിനടന്നു. ഇതാണ് അദ്ദേഹത്തെ മഹാത്മാവാക്കുന്നത്. എന്നാൽ ഗാന്ധിജിയുടെ ആശയങ്ങളെ  തിരസ്കരിച്ച് എല്ലാം തനിക്ക് മാത്രം മതിയെന്ന ദുഷ്ചിന്ത വ്യാപകമാകുകയാണ്. സാഹിത്യത്തിലും മറ്റു മേഖലകളിലും തനിക്കു മാത്രം അവാർഡ് ,പണം ,പദവി എന്ന ചിന്ത പ്രബലമാവുന്നുണ്ട്. വായനയുടെ സദ് ഫലങ്ങൾ നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നു -ഹരികുമാർ പറഞ്ഞു. 

പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് അംഗം ജോസ് കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു. 
ക്ലാസ്തല സാഹിത്യമത്സരങ്ങളിൽ വിജയികളായവർക്ക് എം.കെ.ഹരികുമാർ സാക്ഷ്യപത്രവും സമ്മാനവും വിതരണം ചെയ്തു. ഹെഡ്മിസ്ട്രസ് ഇൻ ചാർജ് ദീപ ഡി. പിള്ള സ്വാഗതവും സീനിയർ അസിസ്റ്റന്റ് ബിജോയ് കെ.എസ്. നന്ദിയും പറഞ്ഞു.
Thursday, June 2, 2022

സിലബസിനു പുറത്ത് മനുഷ്യത്വത്തിൻ്റെ മൂല്യങ്ങളെ അന്വേഷിച്ചുകൊണ്ടിരിക്കണം: എം.കെ.ഹരികുമാർ

 

പ്രവേശനോത്സവത്തിൽ എം.കെ. ഹരികുമാർ പ്രസംഗിക്കുന്നു 

കൂത്താട്ടുകുളം ,പാലക്കുഴ :വിദ്യാഭ്യാസത്തിലൂടെ എത്ര ധനമോ പദവിയോ നേടിയാലും അനുകമ്പയുള്ള മനസ്സ് നിലനിർത്താനായില്ലെങ്കിൽ അതിനെ പരാജയമായി കാണണമെന്നു പ്രമുഖ കോളമിസ്റ്റും എഴുത്തുകാരനും വിമർശകനുമായ എം.കെ.ഹരികുമാർ അഭിപ്രായപ്പെട്ടു .

പാലക്കുഴ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ പ്രവേശനോത്സവത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .

വിദ്യാഭ്യാസം അവിദ്യാഭ്യാസമാവാതെ നോക്കേണ്ടതുണ്ട്. വിദ്യാഭ്യാസത്തിൻ്റെ സദ്ഫലങ്ങളാണ് പ്രധാനം .ജോലി നേടുകയും കുടുംബമണ്ടാവുകയും ചെയ്യുന്നത് സ്വാഭാവികമായ കാര്യമാണ്. തൊഴിൽ പരിശീലനം നേടുന്നവർക്കെല്ലാം ജോലി കിട്ടും. എന്നാൽ അതിനപ്പുറം എന്താണ് ചെയ്യാനുള്ളതെന്നു ആലോചിക്കണം. സിലബസിന് പുറത്ത് മറ്റാരു  സിലബസ് വ്യക്തിപരമായി തേടുകയാണ് അഭികാമ്യം. ലോകത്തിലെ മികച്ച പുസ്തകമോ സിനിമയോ പെയിൻറിംഗോ നമുക്ക് ആരും നിഷേധിച്ചിട്ടില്ല. അതിൻ്റെ  അനുഭവത്തിനു പകരം നിസ്സാരമായ കാര്യങ്ങൾക്ക് വേണ്ടിയല്ല ഹൈടെക് സാങ്കേതികവിദ്യ ഉപയോഗിക്കേണ്ടത്. ലോകവിജ്ഞാനത്തിലേക്കും സാഹിത്യത്തിലേക്കും നമ്മെ പരിചയപ്പെടുത്തുന്ന ഉപകരണമാണ് മൊബൈൽ ഫോൺ. എന്നാൽ ആ  രീതിയിൽ അത് എത്ര പേർ ഉപയോഗിക്കുന്നുണ്ട് ?ഇന്ത്യയിലെ ഏറ്റവും വലിയ സംവിധായകനായ സത്യജിത് റായിയുടെ പേര് കേൾക്കാതെ ഒരാൾ പത്താംക്ലാസ് പാസായി പോകുന്നുണ്ടെങ്കിൽ അത് വലിയ തിരിച്ചടിയാണ് .ലോകത്തിലെ മികച്ച നൂറ് സിനിമകൾ ബ്രിട്ടീഷ് സിനിമാവിമർശകനായ ഡെറക് മാൽക്കം തിരഞ്ഞെടുത്തപ്പോൾ അതിൽ ഇന്ത്യയിൽ നിന്ന് റായിയുടെ ‘പഥേർ പാഞ്ചാലി’ മാത്രമാണ് ഉൾപ്പെട്ടത് -ഹരികുമാർ പറഞ്ഞു.

എം.കെ. ഹരികുമാർ ദീപം തെളിക്കുന്നു 

സാങ്കേതികവിദ്യയിലൂടെ നമുക്ക് എങ്ങനെ ഉള്ളടക്കവും ആവിഷ്കാരവും വികസിപ്പിക്കാമെന്നാണ് ആലോചിക്കേണ്ടത്. സൗജന്യമായി ഇംഗ്ളീഷ് പുസ്തകങ്ങൾ വായിക്കാനുള്ള ഒരു ഉപകരണമാണ് മൊബൈൽ ഫോൺ . ലോകവിജ്ഞാനമാണ് അതിലുള്ളത്.  അതിൽ എഴുതാൻ സംവിധാനമുണ്ട്. വനം വെട്ടി നശിപ്പിച്ചു കടലാസ് ഉണ്ടാക്കി നമുക്ക് അധികകാലം  മുന്നോട്ടുപോകാനാവില്ല .കടലാസുരഹിത സംസ്കാരത്തിൻ്റെ ആധുനിക സാങ്കേതികരൂപമാണ് മൊബൈൽ ഫോൺ. യാഥാസ്ഥിതിക രക്ഷിതാക്കളുടെയും അദ്ധ്യാപകരുടെയും വേലിക്കെട്ടുകൾ തകർത്തുകൊണ്ട് മൊബൈൽ കുട്ടികളിലേക്ക് എത്തിച്ചേരാൻ ഇടയാക്കിയത് കോവിഡ് വ്യാപനമാണ് .സിലബസിനു പുറത്ത് സ്വന്തം വിജ്ഞാനം നേടി വളരാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്- ഹരികുമാർ വിശദീകരിച്ചു.

അഹംബോധത്തിൻ്റെ സർഗാത്മകത, ചിന്തകൾക്കിടയിലെ ശലഭം , ആത്മായനങ്ങളുടെ ഖസാക്ക് തുടങ്ങിയ തൻ്റെ ഗ്രന്ഥനാമങ്ങൾ ചില അനുവാചകരെയെങ്കിലും  അസ്വസ്ഥപ്പെടുത്തിയിട്ടുണ്ടാകാമെന്നു അദ്ദേഹം പറഞ്ഞു. പഠിച്ച സിലബസ് വിട്ട് മറ്റു വഴികൾ അന്വേഷിക്കുകയാണ് താൻ ചെയ്തത്.  ‘മനുഷ്യാംബരാന്തങ്ങൾ’ എന്ന് ഒരു പുസ്തകത്തിന്നു ഞാൻ പേരിട്ടപ്പോൾ പുനത്തിൽ കുഞ്ഞബ്ദുള്ള അതിനെതിരെ ഭാഷാപോഷിണിയിൽ ലേഖനമെഴുതി. പിന്നീട് അമേരിക്കയിൽ ചേർന്ന സാഹിത്യസമ്മേളനത്തിലും അദ്ദേഹം അതിനെതിരെ വിമർശനമുന്നയിച്ചു .അന്ന് അവിടെ ഉണ്ടായിരുന്ന ഒരു മലയാളി കവിയാണ് അതിനു മറുപടി പറഞ്ഞത്.എന്നാൽ ഈ ഗ്രന്ഥനാമം തൻ്റെ സാഹിത്യ ജീവിതത്തിലെ മനോഹരമായ ഒരു കണ്ടെത്തലാണ്. മനുഷ്യൻ പരിചിതമാണല്ലോ. അംബരം എന്നാൽ ആകാശമാണ്. അംബരാന്തം  ആകാശത്തിൻ്റെ അതിർത്തിയാണ്. അതാണ് ചക്രവാളം. മനുഷ്യൻ്റെ ചിന്തയുടെ ചക്രവാളം എന്നാണ് താൻ വിവക്ഷിച്ചത്. അത് പല പണ്ഡിതന്മാരും ശരിവയ്ക്കുകയും ചെയ്തിട്ടുണ്ട്. തൻ്റെ സാഹിത്യജീവിതം വായനയുടെയും സർഗാത്മക ചോദനകളുടെയും ആഴത്തിൽ നിന്നുള്ള പ്രതികരണങ്ങളെ ആവാഹിക്കാനാണ് ശ്രമിക്കുന്നത്. അതിൽ വെള്ളം ചേർക്കാറില്ല. വായനക്കാരെ വശീകരിക്കാൻ വേണ്ടി താൻ ഒരിക്കലും ചിന്തയെ വഴിതിരിച്ചു വിട്ടിട്ടില്ല. തൻ്റെ സാഹസിക സഞ്ചാരങ്ങൾ ഇഷ്ടപ്പെടുന്നവരാണ് എന്നെ നിലനിർത്തുന്നത്. അവർ ആസ്വദിക്കുന്നു എന്ന് തനിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. പഠിച്ച സ്കൂളുകളുടെ സിലബസിന് പുറത്ത് സ്വന്തം സിലബസ് തേടുമ്പോഴാണ് ഒരു യഥാർത്ഥ വിദ്യാർത്ഥി ജനിക്കുന്നത് .ആത്മായനങ്ങളുടെ ഖസാക്ക് എന്ന ആദ്യപുസ്തകത്തിൽ നിന്ന് തനിക്ക് മുന്നോട്ടുപോകേണ്ടതുണ്ടായിരുന്നു.   അതിനായി സ്വയം പഠിച്ചു. അതിൻ്റെ  ഭാഗമായാണ് ഉത്തര-ഉത്തരാധുനികത, നവാദ്വൈതം തുടങ്ങിയ ചിന്താപദ്ധതികൾ വികസിപ്പിച്ചത് -ഹരികുമാർ പറഞ്ഞു. 

വിദ്യാഭ്യാസം ഈ നൂറ്റാണ്ടിൽ സമൂലമായ സാങ്കേതിക പരിവർത്തനത്തിനാണ് തയ്യാറെടുക്കുന്നത്. ഈ രംഗത്ത് ഇപ്പോൾ കിടമത്സരമാണ് പ്രാമുഖ്യം നേടുന്നത്. മത്സരിക്കാത്ത ഒരു സ്കൂളിനും നിലനിൽപ്പില്ല .സ്വകാര്യ മാനേജ്മെൻറുകൾ നടത്തുന്ന സ്കൂളുകൾ അതിസാങ്കേതികതയിൽ മുന്നേറുമ്പോൾ സർക്കാർ സ്ഥാപനങ്ങൾക്ക് മത്സരിക്കേണ്ടിവരുന്നു. സർക്കാർ സ്കൂളുകൾ ഈ കാലഘട്ടത്തിനൊത്ത് മത്സരിക്കുന്നത് കാണാം .അപ്പോഴും  വിദ്യാഭ്യാസത്തിൻ്റെ മാനസിക മൂല്യങ്ങൾ ഇവിടെ നിലനിൽക്കേണ്ടതുണ്ട് .പരീക്ഷ പാസാകുന്നതും ജോലി തേടുന്നതും വിവാഹം കഴിച്ച് കുടുംബമാകുന്നതുമൊക്കെ സ്വാഭാവികമായി നടക്കുന്ന കാര്യങ്ങളാണ്. അതൊക്കെ ദിനചര്യപോലെയാണ്. ദിനചര്യയ്ക്ക്  അമിതപ്രാധാന്യം കൊടുക്കാറില്ലല്ലോ . അതിനപ്പുറത്ത് വേറെ മൂല്യങ്ങളുണ്ട്. ശ്രീകൃഷ്ണനും കുചേലനും തമ്മിലുള്ള  ബന്ധത്തിൽ അത് കാണാം .പരമദരിദ്രനായ കുചേലൻ  തൻ്റെ സതീർത്ഥ്യനായ ശ്രീകൃഷ്ണനെ കാണാൻ വരുന്നത് വേറെ മാർഗ്ഗമില്ലാത്തതുകൊണ്ടാണ്. എന്നാൽ സഹായം അഭ്യർത്ഥിക്കാനുള്ള മനസ്സില്ല .തന്നെ കാണാൻ കുചേലൻ എന്തിനു വന്നുവെന്ന് കാണുന്ന മാത്രയിൽ തന്നെ മനസ്സിലാക്കുന്നിടത്താണ് ശ്രീകൃഷ്ണൻ്റെ വിദ്യാഭ്യാസ മൂല്യമിരിക്കുന്നത്. തന്നോടു സഹായം ചോദിക്കുന്നതിനു വേണ്ടി കാത്തു നിൽക്കാതെ ശ്രീകൃഷ്ണൻ തന്നാലാവുന്നത് ചെയ്യുന്നു. നമ്മെ പോലെയുള്ള സാധാരണ മനുഷ്യരാണെങ്കിൽ കുചേലൻ പത്തുവട്ടം സഹായമഭ്യർത്ഥിച്ച് പിന്നാലെ നടക്കണമെന്ന് ശഠിക്കും! . ശ്രീകൃഷ്ണൻ്റെ ഈ ഭാവം വിദ്യാഭ്യാസം നൽകുന്ന ഏറ്റവും മഹത്തായ മൂല്യമാണ് .സഹജമായ അനുകമ്പയും സ്നേഹവുമാണത്. ഭൗതികമായി എന്തൊക്കെ നേടിയാലും ഇത് നഷ്ടപ്പെടുത്തിയാൽ എല്ലാം നിഷ്പ്രയോജനമാവും – ഹരികുമാർ ചൂണ്ടിക്കാട്ടി. 

പാലക്കുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു മുണ്ടപ്ലാക്കൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയ കെ.എ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജിബി സാബു പഠനോപകരണങ്ങളുടെ വിതരണം നിർവഹിച്ചു. സാലി ജോർജ്, സിജി ബിനു, സിബി സഹദേവൻ,  മാണിക്കുഞ്ഞ്, സാലി പീതാംബരൻ, പ്രിൻസിപ്പൽ ജെയിംസ് മണക്കാട്, പിടിഎ പ്രസിഡന്റ് അജിമോൻ പള്ളിത്താഴത്ത്, സലി തങ്കച്ചൻ, പിആർഒ രജനി ആർ എന്നിവർ പ്രസംഗിച്ചു. എച്ച്.എം. ഇൻ ചാർജ് ഒ. എം. ഷാജി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി അഭിലാഷ് പത്തിൽ നന്ദിയും പറഞ്ഞു.   

സാഹിത്യകൃതിയുടെ ഉള്ളടക്കം അപ്രസക്തമായി: എം.കെ.ഹരികുമാർ

 

എം.കെ. ഹരികുമാർ പുസ്തകം പ്രകാശനം ചെയ്ത് പ്രസംഗിക്കുന്നു.
കായംകുളം,ക്ളാപ്പന: സാഹിത്യകൃതിയുടെ ഉള്ളടക്കത്തെക്കുറിച്ചുള്ള ചർച്ചകൾ അവസാനിച്ചതായി പ്രമുഖ വിമർശകനും കോളമിസ്റ്റും എഴുത്തുകാരനുമായ എം.കെ. ഹരികുമാർ അഭിപ്രായപ്പെട്ടു.

ക്ലാപ്പനയിൽ അക്ഷരപ്പുര ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ ഷാബു എസ് ധരൻ രചിച്ച 'പൊട്ടിത്തെറിക്കുന്ന നക്ഷത്രങ്ങൾ' എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എത് സാഹിത്യകൃതിയുടെയും കവറും ഫേസ്ബുക്ക് റിലീസും പേജുകളുടെ എണ്ണവുമാണ് ഇന്ന് ചർച്ചയാകുന്നത്. എന്തെഴുതി എന്നത് എല്ലാ വേദികളിൽ നിന്നും അപ്രത്യക്ഷമായിക്കഴിഞ്ഞു. 
ആശയങ്ങൾ പിൻവാങ്ങിയിരിക്കുകയാണ്. ഒരു തരത്തിലുള്ള വിമർശനവും അനുവദിക്കാത്ത വിധം സമൂഹത്തിന്, സാംസ്കാരിക ലോകത്തിന് സുഹൃദയത്വം സമ്പൂർണ്ണമായി നഷ്ടമായിരിക്കുകയാണ് .വിനാശകമായ പ്രതിരോധശേഷിയാണ് പ്രകടമാവുന്നത്. സാഹിത്യ ,സിനിമാ ,കലാവിമർശനങ്ങളൊന്നും ഇന്നു പത്രങ്ങളിലോ മറ്റു മുഖ്യധാരാമാധ്യമങ്ങളിലോ വരുകയില്ല. സിനിമയെക്കുറിച്ച് വിമർശനം എഴുതിയാൽ ലേഖകൻ്റെ ജോലി നഷ്ടപ്പെട്ടേക്കാം. സിനിമയുടെ പിന്നണി പ്രവർത്തകർ പങ്കെടുക്കുന്ന ചർച്ചയാണ് അതിനെക്കുറിച്ചുള്ള പരമാവധി വിമർശനമായി പ്രത്യക്ഷപ്പെടുന്നത്. അതുകൊണ്ട് നിങ്ങൾ സകല ചോദ്യങ്ങളും അവസാനിപ്പിച്ചുകൊള്ളണം -ഹരികുമാർ പറഞ്ഞു. 
 


ടെലിവിഷൻ ചാനലുകളിലും യൂട്യൂബ് ചാനലുകളിലും വാർത്തകളെക്കുറിച്ചുള്ള ചർച്ചകളും അവതരണവും വാർത്തയ്ക്കപ്പുറത്തുള്ള അസംബന്ധ മേഖലകളിലേക്കാണ് സഞ്ചരിക്കുന്നത്. 
നന്നായി നുണ പറയുന്ന ഒരു യൂട്യൂബ് ചാനലുകാരനു പെട്ടെന്ന് പണക്കാരനാവാം. ഒരു നടൻ മരിച്ചു എന്നു നിങ്ങൾ യൂട്യൂബിൽ പറഞ്ഞാൽ പെട്ടെന്ന് ലൈക്കുകൾ ലക്ഷത്തിലേക്ക് ഉയരും. നിങ്ങൾ തെറ്റാണ് ചെയ്യുന്നതെങ്കിൽ അത് തിരുത്തിക്കൊണ്ട് മറ്റൊരു വീഡിയോ ഇടാം. അപ്പോഴും ആയിരക്കണക്കിന് ലൈക്കുകൾ കിട്ടിക്കൊണ്ടിരിക്കും; പണവും കിട്ടും.നുണ പറയുന്നത് വിലയേറിയ കലയാണ് ,ജീവിതമാർഗമാണ്. അതിനു ഔദ്യോഗിക അംഗീകാരം ലഭിച്ചിരിക്കുകയാണ്. നന്നായി നുണ പറയുന്നവനാണ് വിജയം. പ്രേക്ഷകരും നുണയിൽ അഭിരമിക്കുകയാണ് .ഇന്നത്തെ പ്രേക്ഷകർക്ക് നുണ വാർത്തകളോടുള്ളത് രതിബന്ധമാണ്. നുണ വാർത്തകൾ വായിക്കുമ്പോൾ അവർക്ക് രതിസുഖം കിട്ടുന്നു. ഇത് മാധ്യമങ്ങളുടെ സ്വതന്ത്രമായ കച്ചവടമാർഗത്തിൻ്റെ ഭാഗമായി രൂപപ്പെടുന്നതാണ്. ചാനൽ ചർച്ചകൾ ഒരു കേസിൻ്റെയോ  സംഭവത്തിൻ്റെയോ വസ്തുതകളല്ല മിക്കപ്പോഴും അന്വേഷിക്കുന്നത് ;അതിനെക്കുറിച്ചള്ള വിചിത്രമായ പ്രതികരണങ്ങളാണ്. തത്സമയം ഒരു വാർത്ത സൃഷ്ടിക്കുകയാണ് അവരുടെ ലക്ഷ്യം. 
വാർത്തകൾ സ്റ്റുഡിയോയിൽ പരിണമിക്കുകയാണ്. ചാനൽ അവതാരകൻ തന്നെ ഒരു പക്ഷം പിടിക്കുകയും തൻ്റെ  നിർബന്ധങ്ങൾക്ക് വഴങ്ങാത്തവരെ തടസ്സപ്പെടുത്തുകയുമാണ് ചെയ്യുന്നത്.ഇതിൻ്റെ ലക്ഷ്യം യുടൂബ് പണമാണ്. അസംബന്ധങ്ങളും വിചിത്രയുക്തികളും അവതരിപ്പിക്കാനും ക്ഷോഭത്തോടെ അഭിനയിക്കാനും പരിശീലനം നേടിയ വിദഗ്ധരാണ് ചർച്ചയ്ക്ക് എത്തുന്നത്. ഈ വിഭാഗത്തിൽ നല്ലൊരുപങ്കും രാഷ്ട്രീയനേതാക്കളുടെ നോമിനികളാണെന്നതാണ് സത്യം. എങ്കിലും അതു മറച്ചുവെച്ച് വാർത്തയെ അസംബന്ധത്തിൻ്റെ തരിശുനിലങ്ങളിലേക്ക് കൊണ്ടുപോവുകയാണ്. അങ്ങനെ വളച്ചൊടിക്കുകയും അസംബന്ധമാക്കുകയുമാണ് അവതാരകൻ്റെ വിജയം; പുറമേ ,യൂട്യൂബിലൂടെയുള്ള സാമ്പത്തികനേട്ടവും. ഈ നുണബോംബുകളുടെയും അയുക്തികളുടെയും തള്ളിക്കയറ്റത്തിൽ 
കഥാകൃത്തുക്കൾ ഒറ്റപ്പെട്ടുപോവുക തന്നെ ചെയ്യും .അവർ എഴുതുമ്പോൾ തന്നെ ഈ ഭീകരലോകത്തോട് പരാജയപ്പെടും .അവർക്ക് ഒരിടത്തു നിന്നും പിന്തുണ കിട്ടുകയില്ല .എന്നാൽ ഒരു ഗ്രാമത്തിൽ സാഹിത്യത്തിൻ്റെ അനിവാര്യമായ ഒരാഖ്യാനവും തലവുമുണ്ട്. അത് ആരു വിചാരിച്ചാലും മായ്ച്ചു കളയാനാവില്ല. അത് ചെറിയൊരു കൂട്ടം ആളുകൾക്ക് ആവശ്യമാണ് .അതവരുടെ പ്രാണവായുവാണ്. ഒരു സാഹിത്യരചനയ്ക്ക് ഏഴു  വായനക്കാർ ഉണ്ടായാൽ മതിയെന്ന് പ്രമുഖ ലാറ്റിനമേരിക്കൻ സാഹിത്യകാരനായ ബോർഹസ് പറഞ്ഞു .എന്നാൽ ഞാനത് തിരുത്തുകയാണ് .ഒരു സാഹിത്യകൃതിക്ക് ഇന്നത്തെ സാഹചര്യത്തിൽ മികച്ച ഒരു വായനക്കാരൻ മതി. സാഹിത്യകല ഒരാളുടെ ആകെ ജ്ഞാനത്തിൽ നിന്നാണുണ്ടാകുന്നത്. അതിനു പുതിയ കാലത്ത് വലിയ പിന്തുണ പ്രതീക്ഷിക്കണ്ട. അതേസമയം ശ്രദ്ധാലുക്കളായ വായനക്കാർ ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്നറിയുന്നത് വിസ്മയകരമാണ്-ഹരികുമാർ ചൂണ്ടിക്കാട്ടി.

എം.കെ. ഹരികുമാർ പുസ്തകം പ്രകാശനം ചെയ്യുന്നു. ആദ്യപ്രതി സ്വീകരിക്കുന്നത് കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ ,ഷാബു എസ് ധരൻ സമീപം .

 

കഴിഞ്ഞ ഇരുപത്തഞ്ച് വർഷത്തിനിടയിൽ ദളിത് ,പിന്നോക്ക വിഭാഗങ്ങളിൽ നിന്ന് ഒരു എഴുത്തുകാരൻ പോലും വെള്ളിവെളിച്ചത്തിൽ എത്തിയില്ല .മലയാളസാഹിത്യം അതിൻ്റെ ഫ്യൂഡൽ നഷ്ടരുചികളുടെ നെറ്റിയിൽ ചന്ദനക്കുറിയണിഞ്ഞ് ഇനിയും കൊതി തീർത്തിട്ടില്ല. എല്ലാ പുരസ്കാരങ്ങളും ഫ്യൂഡൽ നഷ്ടപ്രതാപങ്ങളെ തിരിച്ചുകൊണ്ടുവരാനുള്ളതാണ്. ഒരു നാടുവാഴിത്ത സംസ്കാരത്തിൻ്റെ സ്വപ്നസമാനമായ കൂടാരത്തിനകത്താണ് കേരളത്തിലെ അവാർഡ് സ്ഥാപനങ്ങൾ .അത് നടത്തുന്ന ഏതു പാർട്ടിക്കാരനാണെങ്കിലും ഫലം ഒന്നുതന്നെയാണ്. ഇവിടുത്തെ സിനിമാപാട്ടുകളിൽ ഫ്യൂഡൽ തമ്പുരാക്കന്മാരുടെ സൗന്ദര്യസങ്കല്പമാണ് പതിറ്റാണ്ടുകളായി ഒഴുകി നിറയുന്നത് . സാധാരണക്കാരനെപ്പറ്റി ഒരു പാട്ടെഴുത്തുകാരനും എഴുതിയിട്ടില്ല. ഇവിടെ എല്ലാ അവാർഡുകളും ജീർണിച്ച സാമൂഹ്യസ്ഥാപനങ്ങളെ വീണ്ടെടുക്കാനായി പ്രതിജ്ഞാബദ്ധമാണ് - ഹരികുമാർ വിശദീകരിച്ചു .
 
എം.കെ. ഹരികുമാറിനോടൊപ്പം ഷാബു  ധരൻ വളളിക്കാവ് കടപ്പുറത്ത്

മികച്ച കൃതികൾ എഴുതുന്നത് മലയാളത്തിൻ്റെ പശ്ചാത്തലത്തിൽ സാഹസമാണ്. ആശയപരമായ ഔന്നത്യമുള്ള, ഉയർന്ന സർഗ്ഗാത്മകമാനമുഉള്ള കൃതികൾ എഴുതുന്നവൻ ആക്രമിക്കപ്പെടാനാണ്  സാധ്യത .കാരണം ,ഭൂരിപക്ഷവും ഇടത്തരം കൃതികളുടെ യാഥാസ്ഥിതിക മന:ശാസ്ത്രവുമായി ആത്മബന്ധം സ്ഥാപിച്ചിരിക്കുകയാണ്. ഷാബു ധരൻ തൻ്റെ ജന്മനാടായ ക്ളാപ്പനയിൽ ഈ ചടങ്ങ് നടത്താൻ തീരുമാനിച്ചത് ശ്രദ്ധേയമായ കാര്യമാണ് .അദ്ദേഹം ഭോപ്പാലിൽ താമസമാക്കിയ വ്യക്തിയാണ് .അവിടെ സാംസ്കാരികരംഗത്ത് മുന്നിൽനിന്ന് പ്രവർത്തിക്കുകയാണ്. അദ്ദേഹത്തിൻ്റെ  നേതൃത്വത്തിൽ ഭോപ്പാലിൽ നിന്നു  'നർമ്മദ 'എന്ന മാസികയും പുറത്തിറക്കുന്നുണ്ട്. ഷാബുവിൻ്റെ മൂന്നാമത്തെ കഥാസമാഹാരമാണിത്. മികച്ച സാഹിത്യത്തെയും സംസ്കാരത്തെയും അനുഭവിക്കാൻ ശ്രമിക്കുന്ന നല്ലൊരു വായനക്കാരനുമാണദ്ദേഹം -ഹരികുമാർ പറഞ്ഞു .

വി. വിജയകുമാർ,ഷാബു എസ്. ധരൻ ,എൽ. കെ. ദാസൻ,,കെ. ആർ വത്സൻ,നന്ദകുമാർ വള്ളിക്കാവ്, എ. മജീദ്, ദീപ്തി രവീന്ദ്രൻ,ഒ.മിനി
തുടങ്ങിയവർ പ്രസംഗിച്ചു.
Tuesday, May 17, 2022

വെളിച്ചത്തിനു വേണ്ടി ദാഹിക്കുന്ന വായനക്കാർ ഇപ്പോഴുമുണ്ട്: എം.കെ.ഹരികുമാർ

 

ലൈവ് ബുക്സ് വേദിയിൽ എം .കെ ഹരികുമാർ സംസാരിക്കുന്നു
കൊച്ചി, തുരുത്തിക്കര :എഴുതാൻ ശ്രമിക്കുന്നവർ സ്വന്തം ബോധത്തെയും ചിന്തകളെയും ഏതെല്ലാം ചങ്ങലകളാണ് ബന്ധിച്ചിരിക്കുന്നതെന്ന്  തിരിച്ചറിയണമെന്ന് പ്രമുഖ വിമർശകനും എഴുത്തുകാരനും കോളമിസ്റ്റുമായ എം. കെ .ഹരികുമാർ അഭിപ്രായപ്പെട്ടു. ലൈവ് ബുക്സിൻ്റെ നേതൃത്വത്തിൽ തുരുത്തിക്കരയിൽ സംഘടിപ്പിച്ച എഴുത്തുകാരുടെ സമ്മേളനത്തിൽ അവാർഡ് വിതരണവും പുസ്തകങ്ങളുടെ പ്രകാശനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

എഴുതാൻ തുടങ്ങുന്നതിനു മുന്നേ ചങ്ങലകളെ അറിയുക. അതിൽ നിന്ന് മോചനം നേടാൻ ശ്രമിക്കുക. അല്ലെങ്കിൽ ചങ്ങലകളെ പ്രേമിക്കേണ്ടിവരും.പതിറ്റാണ്ടുകൾക്കുമുമ്പായിരുന്നെങ്കിൽ മാധ്യമമുതലാളിമാരെയും പത്രാധിപന്മാരെയും ആശ്രയിച്ചലേ എന്തെങ്കിലും എഴുതാൻ കഴിയുമായിരുന്നുള്ളു .എന്നാൽ  എഴുത്തുകാരൻ സ്വയമൊരു മാധ്യമമാണിന്ന്. അവനു സ്വതന്ത്രമായി മാധ്യമങ്ങൾ ആരംഭിക്കാം. അവൻ്റെ സന്ദേശങ്ങൾ പുറത്തുകൊണ്ടുവരാൻ ആരെയും ആശ്രയിക്കണമെന്നില്ല.  സമൂഹമാധ്യമങ്ങളുണ്ട്. എന്നാൽ എപ്പോഴും എന്തെങ്കിലും എഴുതുക എന്ന ലഹരിക്കടിപ്പെട്ടതുകൊണ്ട് പ്രയോജനമില്ല .എഴുതാനുള്ള പ്രമേയവും ഭാഷയും ചിന്തയും കണ്ടെത്താൻ തീവ്രമായ പഠനത്തിലും അന്വേഷണത്തിലും ഏർപ്പെടണം - ഹരികുമാർ പറഞ്ഞു.

ഞാൻ 1981 ൽ എഴുതി തുടങ്ങുമ്പോൾ 'സംക്രമണം' എന്ന ഒരു ലിറ്റിൽ മാഗസിൻ മാത്രമാണ് വാതിൽ തുറന്നത്. അത് ആയിരത്തിലധികം കോപ്പികൾ മാത്രമേ അച്ചടിച്ചിരുന്നുള്ളു.
ആ പ്രസിദ്ധീകരണത്തിലൂടെ എനിക്ക് ലഭിച്ച അമ്പതോ നൂറോ വായനക്കാരാണ് എന്നെ നിലനിർത്തിയത്‌. അവർ ദൈവങ്ങളാണ് .ഇന്നും ഞാൻ കോളമെഴുതുമ്പോൾ ആ പഴയകാലത്തിൻ്റെ തീക്ഷണമായ ആലോചനകൾ അവസാനിക്കുന്നില്ല . ഓരോ ആഴ്ചയിലെയും എൻ്റെ കോളം വായിക്കപ്പെടുന്നു. അപരിചിതരായ ആരെങ്കിലും വിളിക്കാതെ ഒരാഴ്ചയും  കടന്നുപോയിട്ടില്ല.ഇത്രയും കച്ചവടവത്ക്കരിക്കപ്പെട്ട ഈ കാലത്ത് വെളിച്ചത്തിനു വേണ്ടി ദാഹിക്കുന്ന നല്ല വായനക്കാരുണ്ടെന്നോർക്കണം. അവർക്ക് വേണ്ടി എഴുതണം. എല്ലാ രംഗത്തും മൂല്യങ്ങൾക്കു മാറ്റം സംഭവിച്ചു. മാധ്യമം എന്ന സങ്കൽപ്പം തന്നെ തകർന്നു. ശരിയായ വാർത്തകൾക്ക് പകരം വളച്ചൊടിച്ച വ്യാജവാർത്തകൾ (ഫേക്ക് ന്യൂസ് ) മാത്രം വിൽക്കുന്ന യൂ ട്യൂബ് ചാനലുകൾ ധാരാളമായി പ്രത്യക്ഷപ്പെട്ടിരിക്കുന്നു. എന്താണിത്  സൂചിപ്പിക്കുന്നത്? ആളുകൾക്ക് വ്യാജവാർത്ത മതി എന്നായിരിക്കുന്നു. ചില ലഹരി വസ്തുക്കൾ മനുഷ്യരെ അടിമപ്പെടുത്തുന്നതു പോലെയാണിത്. 
വ്യാജവാർത്തകൾ ഇല്ലാതെ ജീവിക്കാൻ കഴിയാത്ത അവസ്ഥയിലേക്ക് നല്ലൊരു പങ്ക് വായനക്കാർ എത്തിച്ചേർന്നിരിക്കുന്നു. വ്യാജവാർത്തകൾ അതിൻ്റെ  ഉൽപാദകർക്ക് നല്ല വരുമാനം ഉണ്ടാക്കിക്കൊടുക്കുന്നു - ഹരികുമാർ ചൂണ്ടിക്കാട്ടി. 
 
ലൈവ് ബുക്സ് വേദിയിൽ എം .കെ ഹരികുമാർ സംസാരിക്കുന്നു


എൻ്റെ ഭാഷ 1981 ൽ നിന്ന് വളരെ വളർന്നു. ഞാൻ വായിച്ചതും ചിന്തിച്ചതുമെല്ലാം എൻ്റെ ബോധത്തെ കനമുള്ളതാക്കിയിരിക്കാം. എൻ്റെ ഒരു വാചകം അല്ലെങ്കിൽ ഗദ്യം ഉണ്ടാവുന്നതിനു പിന്നിൽ ദീർഘനാളത്തെ പരിചയവും ചിന്തയും ഉണ്ടെന്ന് ഞാൻ മനസ്സിലാക്കുന്നു. 
നല്ലൊരു വാചകം നിർമ്മിക്കാൻ എൻ്റെ ശാരീരിക,മാനസിക വ്യവസ്ഥകളാകെ ഒന്നായി പരിശ്രമിക്കുന്നുണ്ട് .ഇത് സ്വാഭാവികമായി സംഭവിക്കുകയാണ്.സ്റ്റാറ്റസ്കോ നിലനിർത്താൻ മാത്രം എഴുതുന്നവൻ എഴുത്തുകാരനല്ല. അവനു അമ്പതോ നൂറോ അവാർഡുകൾ കിട്ടുമായിരിക്കും. അവൻ മാനേജർമാരെയും  മുതലാളിമാരെയും തൃപ്തിപ്പെടുത്താൻ എഴുതുന്നവനാണ്. അവൻ്റെ  അവാർഡുകൾ ദൗർബല്യത്തിൻ്റെ ഒരു അടയാളമാണ് .അത്രയും അവാർഡുകൾ കിട്ടിയ പുസ്തകങ്ങൾ ഞാൻ വായിക്കാറില്ല .കാലം കഴിയുന്നതോടെ ഈ അവാർഡുകളും അത്തരം കൃതികളും ക്ലാവ് പിടിച്ച് നിലംപതിക്കും. സ്റ്റാറ്റസ്കോയെ എതിർക്കുകയാണ് വേണ്ടത്. കാമ,ശൃംഗാര വേലകളുമായി നീങ്ങിയ ഒരു യാഥാസ്ഥിതിക കാലത്ത് കുമാരനാശാൻ കവിതയെ ആകാശത്തേര് പോലെ ഉയർത്തിയത് 'വീണപൂവ്'എന്ന കവിതയിലൂടെയാണ്. ദാർശനികവും തത്ത്വചിന്താപരമായ ഒരാധി അദ്ദേഹം കവിതയിൽ വിളിക്കിച്ചേർത്തു. സൗന്ദര്യത്തിൻ്റെ മാനം ഉയർത്തി.അത് സ്റ്റാറ്റസ്കോയെ എതിർക്കുന്നതിൻ്റെ ഭാഗമാണ്. ഇത്തരം കൃതികൾ എന്നും ഉണ്ടാവുകയില്ല .എനിക്കും എന്നെപ്പോലുള്ളവരുടെ  തലമുറകൾക്കും എന്നെന്നും പ്രചോദനം നല്കാൻ ഇത്തരം കൃതികൾക്ക് കഴിയും - ഹരികുമാർ പറഞ്ഞു.

എഴുതാനിരിക്കുമ്പോൾ താൻ മിക്കപ്പോഴും കേശവദേവിനെ  ഓർക്കാറുണ്ടെന്ന് അദ്ദേഹം അനുസ്മരിച്ചു. ഒരു കാലത്ത് ദേവിനു എഴുതാൻ പത്രങ്ങളോ പ്രസംഗിക്കാൻ വേദികളോ ഉണ്ടായിരുന്നില്ല .ഉല്പതിഷ്ണുവായ, നവലോകപ്രണേതാവായ ദേവിനെ സാഹിത്യ,സാംസ്കാരിക സമൂഹം എതിർക്കുകയായിരുന്നു. സാമൂഹ്യസർപ്പങ്ങൾ, സാംസ്കാരികമർദ്ദനം എന്നീ  വാക്കുകൾ ഉപയോഗിച്ചാണ് ദേവ് ആ കാലത്ത് നേരിട്ട ദുരനുഭവങ്ങളെ വിവരിച്ചിട്ടുള്ളത്. ദേവ് സത്യത്തെ തേടുകയാണ് ചെയ്തത്. തന്നെ ചുറ്റിവരിഞ്ഞ ചങ്ങലകൾ ധീരമായി എടുത്തുമാറ്റിയ ദേവിനെ എപ്പോഴും പ്രണമിക്കുന്നു. അദ്ദേഹം നല്ലൊരു പ്രചോദനമാണ് .എഴുത്തുകാരൻ സ്വന്തം പ്രതിഭയിലാണ് വിശ്വസിക്കേണ്ടത് ;പ്രസാധകനിലോ ,അവാർഡുമുതലാളിമാരിലോ അല്ല - ഹരികുമാർ പറഞ്ഞു .
Tuesday, May 3, 2022

സർവ്വസ്വ ആത്മന : ബൃഹദാരണ്യകോപനിഷത് വായന/എം.കെ.ഹരികുമാർ

 

 

FULL TEXT

മഹാസാരസ്വതമായ ബൃഹദാരണ്യകോപനിഷത്ത് വായിച്ചതിൻ്റെ അനുഭവം ആദ്യമായി കവിതയിൽ

പതിറ്റാണ്ടുകളായി ,ഞാൻ ഉപനിഷത്ത് വായിക്കുന്നു. എങ്കിലും ഞാനൊരു
വേദാന്തിയല്ല .ബൃഹദാരണ്യകോപനിഷത്ത് വായിച്ചതിൻ്റെ അനുഭവമാണ്
ഈ കവിതകൾ .മൃഡാനന്ദസ്വാമി വ്യാഖ്യാനം എഴുതിയ ടെക്സ്റ്റ് എനിക്ക്  പ്രചോദനം നല്കി .എൻ്റെ വൈകാരിക ,ആത്മീയ പാതകളിലൂടെ സഞ്ചരിച്ചുകൊണ്ടാണ് ഉപനിഷത്തിൻ്റെ കാവ്യാനുഭവം ഇവിടെ അവതരിപ്പിക്കുന്നത്.
ഇത് പരിഭാഷയോ, വ്യാഖ്യാനമോ, സംഗ്രഹമോ അല്ല; സ്വതന്ത്രമായ സാരാന്വേഷണമാണ്.
(സർവ്വസ്വ ആത്മന: = എല്ലാ ആത്മാവിനും)


സർവ്വസ്വ ആത്മന :
ബൃഹദാരണ്യകോപനിഷത് വായന

1

അതും പൂർണ്ണമായതാണ്
ഇതും പൂർണമായതാണ് പൂർണമുണ്ടാകുന്നത്
ശൂന്യതയിൽനിന്നല്ല ,
പൂർണ്ണത്തിൽ നിന്നാണ്.

നാം കാണുന്ന പൂർണത്തിൽ
കാണാത്ത പൂർണമുണ്ട്.
അദൃശ്യമായ പൂർണത്തിൽ
ദൃശ്യപൂർണമുണ്ട്.

പൂർണം എപ്പോഴും പൂർണമായിരിക്കുന്നു
പൂർണത്തിൽനിന്നു
ഈ ദൃശ്യലോകപൂർണത്തെ
എടുത്താലും
പൂർണം പൂർണമായിതന്നെയിരിക്കുന്നു

പൂർണത്തെ
ന്യൂനീകരിക്കാനോ
അധികരിക്കാനോ സാധ്യമല്ല;
പൂർണം
സദാപൂർണമാണ്.

ലോകം എപ്പോഴും നശിക്കുകയും
ജനിക്കുകയും ചെയ്യുന്നു
അപ്പോഴും ലോകം ശേഷിക്കുന്നു
ലോകത്തിലെ ജൈവവസ്തുക്കൾ നശ്വരമായിരിക്കുമ്പോഴും
പൂർണമാണ്

ഭ്രമത്തിലാണ് നമ്മൾ
സർവാത്മഭാവത്തെ അറിയാനെന്ന
തലത്തിൽ .
അങ്ങനെയേ മനുഷ്യനു
സാർത്ഥകമാകാനാവൂ

രോഗവും  
പ്രകൃതിക്ഷോഭവും
തടസ്സപ്പെടുത്താത്ത  
ശാന്തി പരക്കട്ടെ

2


എന്തായിരുന്നു തുടക്കത്തിൽ?
എല്ലാം മൃത്യുവിൻ്റെ ആവരണത്തിനകത്ത്
ഭദ്രമായിരുന്നു

മൃത്യു വിശപ്പാണ്
മൃത്യുവിന് മനസ്സ് വേണമായിരുന്നു മൃത്യുവിൻ്റെ മനസ്സിൽനിന്ന്
ജലമുണ്ടായി
 
വിശപ്പു കൊല്ലാനും തിന്നാനും പ്രേരിപ്പിക്കുന്നു

ആദ്യം ജലമാണുണ്ടായത്
അതിൽനിന്നു ഭൂമിയുണ്ടായി
സൃഷ്ടാവിൻ്റെ ശരീരത്തിൽനിന്നു  ഒഴുകിയ സാരം അഗ്നിയായി

ഒരു യാഗാശ്വം കുതിക്കുകയാണ്
ആ കുതിര ലക്ഷ്യംവയ്ക്കുന്നത്
സമ്പത്തല്ല ,ഭോഗമല്ല ,
വിനോദമല്ല ;
ഉള്ളറകളിൽ നിലീനമായ
അറിവാണ് -
വാക്കുകളോ ശബ്ദങ്ങളോ  അർത്ഥങ്ങളോ ഇല്ലാത്ത അറിവ്.

ജ്ഞാനാനുസാരിയായ
കർമ്മത്തിൻ്റെ സാരം
ഗ്രഹിക്കാൻ
ഈ കുതിരയെ മതി .

ഈ കുതിരയിൽ സൃഷ്ടികർത്താവാണുള്ളത്.
ഈ കുതിരയുടെ
അവയവങ്ങൾ :
തല പ്രഭാതമുഹൂർത്തമാണ്
കണ്ണു സൂര്യനാണ്
പ്രാണൻ വായുവും
വായ് വൈശ്വാനര(അഗ്നി)നാണ്.
ആത്മാവ് കാലമാണ്
ദിക്കുകളാണ്
രണ്ട് പാർശ്വങ്ങൾ
അവയവങ്ങൾ ഋതുക്കളുമാണ്
ശരീരത്തിൻ്റെ മുൻ പകുതി
ഉദയസൂര്യനാണ്
പിൻപകുതി
അസ്തമയസൂര്യനാണ്

മനസ്സിൽനിന്നു വാക്ക്
വാക്കിൽനിന്ന് രേതസ്സ്
രേതസ്സിൽനിന്നു
പ്രജാപതി

3

മൃത്യുവിന് ഭക്ഷിക്കാൻ വേണ്ടിയാണ്
സകലതിനെയും സൃഷ്ടിച്ചിരിക്കുന്നത്
സൃഷ്ടിച്ചതിനെയെല്ലാം
മൃത്യു ഭക്ഷിക്കും

സൂര്യൻ തന്നെയാണ് അശ്വമേധം
അജ്ഞാനത്തിൽ നിന്ന്
ജ്ഞാനത്തിലേക്കാണ്
ആ ജ്വാലകൾ സഞ്ചരിക്കുന്നത്.

മൃത്യുവിനെ അറിയുന്ന
നിമിഷത്തിൽ
സൂര്യനും അശ്വവും
മൃത്യു തന്നെയുമായിത്തീരുന്നു.
മൃത്യു അതിനാൽ ആത്മാവാണ്.

ദേവന്മാർ ഉദ്ഗാദാവിനെകൊണ്ട്
പ്രാണജ്ഞാനം നേടുന്നു
ഓരോ ഇന്ദ്രിയവും തേടുന്നത്
ഈ ഉദ്ഗാനമാണ്
ഇതു തന്നെയാണ് ജീവിതമാകുന്നത്,
അനുഭവമാകുന്നത് ,
യാത്രയാകുന്നത് ,
അറിവാകുന്നത് .

4

ഓരോ പ്രാണിയുടെയും ഭക്ഷണം
പ്രാണൻ തന്നെയാണ്

അന്നത്തിൽ
പ്രാണനിരിക്കുന്നു

ശരീരത്തിൽ
പ്രാണനുള്ളതുകൊണ്ട്
ഭക്ഷണം വേണം
പ്രാണൻ്റെ നിലനില്പിനു
അന്നം വേണം
അന്നം തന്നെയാണ് പ്രാണൻ

ഇന്ദ്രിയങ്ങൾക്കെല്ലാം
പ്രാണനെ വേണം
പ്രാണനു ചുറ്റുമാണ്
അവയുടെ വാസസ്ഥാനം

പ്രാണൻ അദൃശ്യനായിരിക്കെ തന്നെ അന്നരൂപത്തിൽ
സന്നിഹിതമാണ്.

പഞ്ചേന്ദ്രിയങ്ങളുടെ അറിവും രസവും പ്രാണനാണ്
പ്രാണൻ മങ്ങുകയോ
ദുർബലമാവുകയോ ചെയ്താൽ അവയവങ്ങൾ ക്ഷയിക്കും

അവയവങ്ങൾക്ക് വേണ്ട അന്നം
അന്തരീക്ഷത്തിൽനിന്നു
ലഭിക്കാതാവുമ്പോൾ
പ്രാണൻ ക്ഷയിക്കുന്നു
അതോടെ അവയവങ്ങളും ക്ഷയിക്കുന്നു

5

അസതോ മാ സദ്ഗമയ
തമസോ മാ ജ്യോതിർഗമയ
മൃത്യോർമാ അമൃതംഗമയ

അസത്തിൽനിന്ന് സത്തിലേക്കും
അന്ധകാരത്തിൽനിന്നു
പ്രകാശത്തിലേക്കും
മൃത്യുവിൽനിന്നു
മൃത്യുവില്ലാത്തയിടത്തേക്കും
പോകാൻ അനുവദിക്കണം

അസത്ത് എങ്ങനെയുണ്ടാകുന്നു ? അമിതമായ ആസക്തിയുടെ
ദുഷ്ടഫലമാണത്

ആഗ്രഹം ഒരാളെ അസത്താക്കുന്നു
ആസക്തി മനസിനെ  അന്ധകാരമയമാക്കുന്നു
അമിതമായ ത്വരകൾ
മൃത്യുവിനിരയാക്കുന്നു

കർമ്മങ്ങളിലുള്ള ജ്ഞാനം
തെറ്റായി പോകാം
അസത്യത്തിലേക്ക് ജ്ഞാനത്താൽ
നയിക്കപ്പെടുന്നവൻ
സ്വയം ദുഷിക്കുന്നു
അവനു സ്വയം അകപ്പെട്ട വലയും മനസ്സിലാവുന്നില്ല

അടഞ്ഞ ലോകങ്ങളിൽ സത്തില്ല;
അത് സ്വയം അസത്താകുകയാണ്
അത് മൃത്യുവിനു
സമമാണ്

അസത്തിൽനിന്ന്
സത്തും
അന്ധകാരത്തിൽനിന്നു
പ്രകാശവും
മൃത്യുവിൽനിന്നു
അമൃതും
സ്വായത്തമാകുന്നിടത്ത്
കർമ്മജ്ഞാനം സഫലമാകുന്നു

ആത്മാവിനു നാശം
വിതയ്ക്കുന്നതിൽനിന്നു
ജൈവപ്രഭാമണ്ഡലത്തിലേക്ക്  നയിക്കുമ്പോഴാണ്
ദൈവികതയുണ്ടാവുന്നത്

യാതൊരു കാമത്തെയാണോ വേണ്ടത്
അതിനെ വരമായി സ്വീകരിക്കണം
അപ്പോൾ പരാജയമില്ല
മനസ്സിൽ യാതൊന്നാണോ
കർമ്മജ്ഞാനത്താൽ
ഗാഢമായി,
സത്യമായി അനുഭവപ്പെടുന്നത്
അതിനെ വരമായി കാണണം.

അപ്പോൾ അത്
സാക്ഷാത്കാരമായി തീരുന്നു.

6

അവൻ, ആ ആത്മാവ്
ആദിയിൽ എല്ലാത്തിലും
കണ്ടത് തന്നെത്തന്നെ

നമ്മളും എല്ലാറ്റിലും കാണുന്നത് ,
കാണേണ്ടത്
നമ്മെത്തന്നെയാണ്
അപരനാണ് കണ്ണാടി

ആരാണ് ?
ഞാൻ തന്നെ .
ഞാൻ ആരാണ് ?
ഒരാൾ .
ആ ആളിന് ഒരു പേര്
വന്നുചേരുന്നു

അവൻ ആദ്യമേ തന്നെ
എല്ലാ പാപങ്ങളെയും ദഹിപ്പിച്ചതാണ്
വേദത്തെ ,ജ്ഞാനത്തെ  അറിയുന്നവൻ
ഈ പാപത്തെ ദഹിപ്പിച്ചവനെ അറിയുന്നു

എന്നിലാണ് പ്രജാപതിയുള്ളത്
അത് അകലെയുമാണ്
എന്നിലെ പുരുഷനാണ്
അത് നേടേണ്ടത്
അതിനായി ഞാൻ
എന്നിലെ പാപങ്ങളെയെല്ലാം ദഹിപ്പിക്കേണ്ടതുണ്ട്
പാപങ്ങളെ ദഹിപ്പിച്ചവനാണ്
പുരുഷൻ

7

ആത്മാവിൽ
വാക്കും കണ്ണുകളും കർണവും മനവും കൂടിച്ചേർന്നിരിക്കുന്നു
ഐന്ദ്രിയങ്ങളിലൂടെ എത്തിച്ചേരാനുള്ള തലമാണത്

എല്ലാറ്റിലും പ്രിയം ആത്മാവാണ്
അത് നശിക്കുന്നില്ല
മറ്റു പ്രിയങ്ങളെല്ലാം താൽക്കാലികങ്ങളാണ്

അപരമായത്
അന്യമായത്  
എന്ന ചിന്ത തന്നെ
ആത്മാവിനെതിരാണ്
ആത്മോപാസന
സർവ്വാത്മഭാവമാണു
തരുന്നത്

ഈ ജ്ഞാനമുള്ളവർ
യാഗം ചെയ്യേണ്ട.

8

യാഗത്തിനു വേണ്ടി
യാഗകർമ്മങ്ങൾക്കു വേണ്ടിയാണ് ജാതികൾ സൃഷ്ടിക്കപ്പെട്ടത്

യാഗങ്ങൾ മനുഷ്യർക്ക് വേണ്ടിയാണ് ജ്ഞാനത്തിലേക്കുള്ള പാതയാണത്

പുരോഹിതിനെ സഹായിക്കാൻ
ക്ഷത്രിയനെ സൃഷ്ടിച്ചു:
ഇന്ദ്രൻ ,വരുണൻ, സോമൻ ,രുദ്രൻ ,പർജന്യൻ ,യമൻ, മൃത്യു ,ഈശാനൻ....

ധനശേഖരണത്തിനുവേണ്ടി വൈശ്യരെയും
മണ്ണിൽ പണിയെടുക്കാൻ
ശൂദ്രരെയും
സൃഷ്ടിച്ചു

എന്നിട്ടും കർമ്മം ബാക്കിയായി

അതിനായി ധർമ്മത്തെ
സൃഷ്ടിച്ചു

ധർമ്മമുള്ളവർ എല്ലാ ജാതികളിലും മേലെയാണ്

എല്ലാ കർമ്മജന്മാരെയും
വഴികാട്ടുന്നതാണ് ധർമ്മം

9

ആത്മാവിനെ ഉപാസിക്കുന്നതാണ്
ശാശ്വതത്വം

അവന് ആവശ്യമുള്ളതെല്ലാം
അതാണ് നല്കുന്നത്

പുണ്യകർമ്മങ്ങൾ ചെയ്യുന്നവനു
ആത്മോപസനയില്ലെങ്കിൽ
അത് നാശോന്മുഖമാണ്
ദേവന്മാർക്ക് അഗ്നിയാണ്
കർമ്മഫലമാകുന്നത്

മനുഷ്യർക്ക് കർമ്മഫലത്തിന്
ആത്മജ്ഞാനമാണ് വേണ്ടത്

ആത്മാവിനെ
അറിയാത്തവനു  
സ്വയം രക്ഷിക്കാനാവില്ല
ആത്മാവിനെ അറിയാതെ
മരിച്ചാൽ
അവനറിയാത്ത ആത്മാവ്
രക്ഷിക്കില്ല;
പഠിക്കാത്ത വേദവും
രക്ഷിക്കില്ല .

പാപിയാണെന്നു
അറിഞ്ഞുകൊണ്ട്
കർമ്മം ചെയ്യുക.
അങ്ങനെ ബ്രഹ്മജ്ഞാനം നേടാൻ ശ്രമിക്കുകയാണെങ്കിൽ
ആത്മലോകത്തിൻ്റെ ആനുകൂല്യം ലഭിക്കും.
കർമ്മങ്ങൾ വ്യർത്ഥമാകുകയില്ല. പാപത്തെക്കുറിച്ചുള്ള അറിവ് ആത്മാവിലേക്ക് അടുപ്പിക്കുന്നു
അത് കൂടുതൽ മനുഷ്യത്വമുണ്ടാക്കുന്നു

10

കുടുംബം ,ലൗകികം
എന്നിങ്ങനെയുള്ള പൂർണതയെയും
കാമിക്കാം.

പൂർണതയ്ക്കായി
മനസ്സ് ,
വാക്ക് ,
ഭാര്യ ,
ജീവൻ ,
കണ്ണുകൾ ,
ശരീരം ,
എന്നിവ ഒഴിച്ചിട്ടിരിക്കുന്നു

ഓരോന്നിലും അറിവിൻ്റെ ,ധർമ്മത്തിൻ്റെ
പാതകൾ വിന്യസിച്ചിട്ടുണ്ട്.

ഏകാകിയായ ഒരാൾ അങ്ങനെയാകണമെന്നില്ല
അയാൾ ഈ യജ്ഞസാമഗ്രികൾകൊണ്ട്
പൂർണതയെ
അറിയുന്നുണ്ടാകണം

11

അന്നത്തിനു
ക്ഷയമില്ല
എല്ലാം - പ്രാണനം
ചെയ്യുന്നതും
അല്ലാത്തതും -
അന്നത്തിൽ അടങ്ങിയിരിക്കുന്നു.

പ്രാണൻ്റെ വസ്ത്രമാണ് ജലം.
എല്ലാം പ്രാണൻ്റെ ഭക്ഷണമാണ് - ജീവികൾ, ചെറുകൃമികൾ എല്ലാം.

മനസ്സും വാക്കും പ്രാണൻ്റെ
പ്രവേശനകവാടങ്ങളാണ് മനസ്സുണ്ടെങ്കിലേ കേൾക്കാനാകൂ

മനസ്സുണ്ടെങ്കിലേ കാണാനാകൂ മനസ്സുണ്ടെങ്കിലേ ചിന്തിക്കാനാവൂ

ഇന്ദ്രിയങ്ങൾ ഒറ്റയ്ക്ക്
നിസ്സഹായരാണ്

മനസ്സ് യാതൊന്നിൽ
കേന്ദ്രീകരിക്കുന്നുവോ
അതിൽ പ്രാണൻ്റെ ജീവിതമുണ്ട്

12

പ്രജാപതി കലാത്മാവാണ്
അവൻ്റെ കലകൾ
രാത്രികളാണ്

കറുത്തവാവിൻ്റെ രാത്രിയിൽ
അവൻ എല്ലാ ജീവികളിലും പ്രവേശിക്കുന്നു
പിറ്റേദിവസം വീണ്ടും ജനിക്കുന്നു

പാരമ്യത്തിൽ എല്ലാ വാക്കുകളും
ഒന്നാകുന്നു
ഒരേ അർത്ഥം
പുറപ്പെടുവിക്കുന്നു

ഈ അർത്ഥം ഉൾക്കൊള്ളുന്നവൻ
പുത്രനാണ്

അവൻ അർത്ഥശൂന്യതയിൽനിന്ന്
അവ്യക്തതയിൽനിന്ന്  
ലോകത്തെ രക്ഷിക്കുന്നു

13

എന്തെല്ലാം പഠിച്ചിട്ടുണ്ടോ
അതെല്ലാം പൊരുളാണ്,
ബ്രഹ്മമാണ്.
 
എല്ലാം ലോകങ്ങളും ഒന്നാണ്

എല്ലാ യജ്ഞങ്ങളും ഒന്നാണ്
ഈ അറിവുകൾ കൈമാറുന്നവനാണ് പിതാവ് .

പിതാവ് എപ്പോഴുമുണ്ട്
അറിവുകൾ എപ്പോഴുമുണ്ട്.
അറിവുകൾ കണ്ടെത്തുന്നവനാണ്
പിതാവ്

പിതാവില്ലാതെ അറിവില്ല അറിയുന്നവനാണ് പിതാവ്
ഞാനറിയുന്നു ,അതുകൊണ്ട്
ഞാൻ പിതാവാണ്

പിതാവ് ആർക്കാണോ
ഇത് പകരുന്നത്  
അവൻ പുത്രനാണ്

പുത്രനാണ് അത്
സ്വീകരിക്കുന്നത്

പുത്രൻ പിതാവിനെ രക്ഷിക്കുന്നു ;
പിതാവ് പൂരിപ്പിക്കാത്ത
ജീവിതത്തെ
അറിവുകൊണ്ട്
നികത്തുന്നവനാണ് പുത്രൻ

14

പ്രാണനു ദുഃഖമില്ല
പ്രാണനു വിധേയമായ
പ്രജ ദു:ഖിക്കുന്നു .

വേർപെട്ട ആത്മാവായിരുന്നതു - കൊണ്ടാണ് ദുഃഖം

എന്നാൽ പ്രാണനു ദുഃഖമില്ല
ദൈവമായ മനസ്സാണ് പ്രാണൻ

അതിൽ ആനന്ദമാണുള്ളത്.

ഒരുവൻ ദു:ഖിക്കുന്നത്
അവനെക്കൊണ്ട് തന്നെയാണ്
ഇന്ദ്രിയങ്ങളാണ് ദുഃഖമുണ്ടാക്കുന്നത്
ഇന്ദ്രിയങ്ങൾ ഒരിക്കൽ ക്ഷയിക്കുന്നു  അപ്പോഴും പ്രാണൻ
ശേഷിക്കുന്നു

മൃത്യുവിനാൽ വീഴ്ത്താനാവാത്ത
ഒരു വസ്തുവുണ്ട്
അത് സദാ സന്നിഹിതമാണ്

പ്രാണനിൽ നിന്നാണ്
സൂര്യൻ ഉദിക്കുന്നതും
അസ്തമിക്കുന്നതും

15

വാക്ക് എല്ലാ നാമങ്ങൾക്കും പിന്നിലായി
എപ്പോഴുമുണ്ട്
ശബ്ദം എല്ലാത്തിനെയും
ചൂഴുന്നു

എല്ലാ വാക്കുകളുടെയും
അർത്ഥം ഒന്നാണ്

ശരീരം ഒരു ആത്മാവാണ്
നാമത്തിൻ്റെയും രൂപത്തിൻ്റെയും കർമ്മത്തിൻ്റെയും .

ആത്മാവ് സത്യത്തിൻ്റെ
സത്യമാണ്
എല്ലാ പ്രശ്നങ്ങളുടെയും
ഇന്ദ്രിയങ്ങളുടെയും
സത്യമാണത് .

സ്വപ്നാവസ്ഥയിലും ആത്മാവ് പ്രവർത്തിക്കുന്നു
അപ്പോൾ അത്
ശരീരത്തിൽ
സഞ്ചരിക്കുകയാണ്

16

വിവക്ഷിക്കാൻ സാധിക്കാത്തതാണ്
ബ്രഹ്മം
ബ്രഹ്മത്തിനു
ഉപാധിയോ വിശേഷമോ
ഇല്ല.

അത് സത്യത്തിൽ
സത്യം മാത്രമാണ്
ബ്രഹ്മം എല്ലാ വിഷയങ്ങൾക്കും
അതീതമാണ്

യാതൊന്നിനെയും ആത്മാവിൽനിന്ന് അകറ്റിയാൽ
പുരുഷാർത്ഥത്തിൽനിന്ന്
അകറ്റപ്പെടും

17

ഒരു ശംഖിൽ നിന്ന്
പുറപ്പെടുന്ന ശബ്ദത്തെ
വിശേഷശബ്ദമായി
വേർതിരിക്കാനാവില്ല

ശംഖ് ,
ഊതുന്ന ശംഖ്
എന്നിവയിലൂടെ
ശംഖിൻ്റെ ശബ്ദം തിരിച്ചറിയപ്പെടുകയാണ്

ഈ ശരീരത്തിൽ ഒരു പുരുഷനുണ്ട്
അവൻ എല്ലാ ഭൂതങ്ങളുടെയും  മധുവാണ്
എല്ലാ ഭൂതങ്ങൾക്കും
അവൻ മധുവാണ്

എല്ലാ ഭൂതങ്ങൾക്കും
മധുവായിട്ടുള്ളതാണ്  
ആത്മാവ്

എല്ലാം ശരീരങ്ങളിലും
അവൻ പ്രവേശിച്ചിരിക്കുന്നു
അവൻ ലിംഗാത്മാവും
ലിംഗശരീരവുമാകുന്നു

ഈ പുരുഷൻ അസംഖ്യം ഇന്ദ്രിയങ്ങളാണ്
ഇതിന് കാര്യകാരണങ്ങളില്ല
പല ജീവികളും
ഇതിനെ പലതായി അറിയുന്നു

,

18

എല്ലാറ്റിൻ്റെയും ഉള്ളിൽ
ഈ ആത്മാവ് മാത്രം :
പ്രാണൻ പ്രാണനക്രിയയിലും
അപാനൻ (വിസർജനം)
അപാനക്രിയയിലും
വ്യാനൻ (പ്രാണവായു )
വ്യാനക്രിയയിലും
ഉദാനൻ (ശബ്ദത്തെ ഉയർത്തുന്ന വായു )
ഉദാനക്രിയയിലും മുഴുകുന്നു
ഇതെല്ലാം ചൂഴുന്നത്
ആത്മാവിനെയാണ്

കാഴ്ച വേറെ
കാണി വേറെ ;
കാഴ്ചയ്ക്ക് ഒരു കാണിയുണ്ട്
ആ കാണിയെ കാണാനാവില്ല കേൾവിയും കേൾക്കുന്നവനും
ഉണ്ടെങ്കിലും കേൾക്കുന്നവനെ
കേൾക്കാനാവില്ല

മനസ്സിലെ ചിന്തകൾ
ധൂളികളെ പോലെയാണ്.

മനസ്സിൽ മനനമുണ്ട്
മനസ്സിൻ്റെ ഉടമയെ
മനനം ചെയ്യാനാവില്ല

വിജ്ഞാനത്തെ അറിയാം
വിജ്ഞാനത്തിനു പാത്രമാകുന്നവനെ
അറിയാനൊക്കില്ല

19

മനുഷ്യനിൽ ഒരു
മുനിയുണ്ട് ;
ഒളിഞ്ഞിരിക്കുകയാണ്

വിശപ്പ് ,
ദാഹം ,
ലൈംഗികത ,
മോഹം ,
ജര ,
മരണം
എന്നിവയുടെ സ്പർശമേൽക്കാത്തതാണത്

ഇതറിയുന്ന ഒരുവൻ
മകൻ,
ധനം ,
ലോകം
എന്നിവയുടെ ആഗ്രഹം
ഉപേക്ഷിച്ച് ഭിക്ഷാടകനാകണം

ഈ അറിവുള്ളവനാണ്
ബ്രാഹ്മണൻ .
അവനാണ് മൗനി
അവനാണ് ശക്തൻ

20

അന്തര്യാമിയുടെ
കൈകളിലാണ്
ലിംഗാത്മാവ് .
പത്ത് ഇന്ദ്രിയങ്ങളും
അഞ്ച് പ്രാണങ്ങളും
മനസേന്ദ്രിയവും
ബുദ്ധിന്ദ്രിയവും ചേർന്നതാണത്

ഭൂമിയുടെയുള്ളിലും
നമ്മുടെയുള്ളിലും
ഒരേ ആത്മാവ്

നമ്മൾ ഉള്ളിലുള്ള
ഈശ്വരനെ അറിയുന്നില്ല

ഒരു തുള്ളി വെള്ളത്തിനുള്ളിലും
ആ അന്തര്യാമിയുണ്ട്
അത് വെള്ളത്തുള്ളികളിൽ
ജീവിക്കുന്നു
എന്നാൽ ആ തുള്ളികൾ
അന്തര്യാമിയെ അറിയുന്നില്ല

ഒരു തുള്ളിയെ നിയന്ത്രിക്കുന്നു
ഒരു തുള്ളിയായി വേഷമെടുക്കുന്നു
അതാണ് അന്തര്യാമി
അത് എന്നിലുമുണ്ട്

എന്നിലാണെങ്കിലും
അതിനു മരണമില്ല

21

അഗ്നി ,
അന്തരീക്ഷം ,
വായു ,
സ്വർഗ്ഗം ,
സൂര്യൻ,
ദിക്കുകൾ ,
ചന്ദ്രൻ ,
നക്ഷത്രങ്ങൾ,
ആകാശം ,
തമസ് ,
പ്രകാശം
എന്നിവയിലെല്ലാം
ശരീരമായും  
ആത്മാവായും
ഒരേ ആത്മാവ്

ഈ അന്തര്യാമി
സകല ധർമ്മ, സംസാര
ഭേദങ്ങളെയും  
നിരാകരിക്കുന്നു
 
നാസിക ,
വാക്ക് ,
കണ്ണുകൾ ,
കാതുകൾ ,
മനസ്സ് ,
ചർമ്മം ,
ജ്ഞാനം ,
ബുദ്ധി  ,
രേതസ്സ്...
എല്ലാം ഒരേ അന്തര്യാമിയുടെ
ശരീരമാണ്

അവയുടെ ആത്മാവ്
ഒന്നുതന്നെ
ആർക്കും കാണാനാകില്ല;
എല്ലാം അത് കാണുന്നു
കാണപ്പെടാത്തതെല്ലാം
കാഴ്ചപ്പെടുന്നു ,ആത്മാവിലൂടെ .


22

ഒരു വിജ്ഞാനത്തിനും
കടന്നുചെല്ലാനാകാത്ത
ആ ആത്മാവ്
എല്ലാം അറിയുന്നു

അത് ക്ഷയിക്കാത്തതാണ്
അത് അണുവല്ല ,
ഹ്രസ്വമല്ല ,
ദീർഘമല്ല ,
സ്ഥൂലമല്ല,
ചുവപ്പല്ല ,
എണ്ണമയമല്ല ,
നിറമുള്ളതല്ല ,
ഇരുട്ടല്ല ,
വായുവല്ല,
ആകാശമല്ല .

രസമില്ലാത്തതാണ്
ഗന്ധമില്ലാത്തതും
കണ്ണില്ലാത്തതുമാണ്
കാതില്ലാത്തതാണ്
വാക്കില്ലാത്തതാണ്
മനസ്സുമില്ല
പ്രകാശമില്ലാത്തതാണ്
പ്രാണനുമില്ല
മുഖവുമില്ല .

അളവില്ലാത്തതും
ഉൾഭാഗമോ പുറംഭാഗമോ
ഇല്ലാത്തതുമാണ്

അത് ഒന്നിനെയും
ഭക്ഷിക്കുന്നില്ല
അതിനെ ആരും ഭക്ഷിക്കുന്നുമില്ല

ഇത് അക്ഷരമാണ്
ഇത് അറിയാതെ തപസ്സുചെയ്യുന്നത്  വ്യർത്ഥമാണ്

23

ആത്മാവ് അക്ഷരമാണ്
കാണാനൊക്കില്ല
ഇത് സ്വയം ദൃഷ്ടിയാണ്
സ്വയം കേൾക്കുന്നു
മറ്റാർക്കും കേൾക്കാനാവില്ല
സ്വയം മനനം ചെയ്യുന്നു

അത് അറിവാണ് ,
അറിയാനൊക്കില്ലെങ്കിലും .
ആകാശം ഇതിൽ
ഓതവും പ്രോതവുമായിരിക്കന്നു

പ്രാണികൾ വസിക്കുന്ന
ഭൂതങ്ങളെല്ലാം ദേവന്മാരാണ്
അഗ്നി, ഭൂമി ,വായു,
അന്തരീക്ഷം
ആദിത്യൻ ,ആകാശം ,ചന്ദ്രൻ
താരാഗണങ്ങൾ ...

ഇന്ദ്രൻ :
ഇന്ദ്രൻ ദേവനാണ് -
മേഘം തന്നെയാണത്
പ്രജാപതി യജ്ഞമാണ്
യജ്ഞം പശുക്കളും

24

ദേവന്മാരെ മൂന്നായും രണ്ടായും
പിരിക്കാം :
മൂന്നു ലോകങ്ങളാണ്;  
രണ്ടു ലോകങ്ങളാണ്
അന്നവും പ്രാണനും.

ഭൂമിയാണ് ശരീരം
കാമമാണത്
താപങ്ങളാണത്
ആകാശമാണത്
ഇരുട്ടാണത്
പ്രതിബിംബങ്ങളാണത്
ജലമാണത്
രേതസ്സാണത്

അഗ്നികൊണ്ടാണ് കാണുന്നത്
മനസ്സാകട്ടെ പ്രകാശമാണ്
 
മൃത്യുവിലേക്ക് പോയവർ
വീണ്ടും വരും -
അനുഭവങ്ങളുടെ
ഫലം സ്വീകരിക്കാനുള്ളതുകൊണ്ട്;
അനുഭവിക്കാത്തതിൻ്റെയും .
 

  25

വാക്കുകൊണ്ട് അറിയപ്പെടുന്നതും
അറിയപ്പെടാനിരിക്കുന്നതും
ബ്രഹ്മമാണ്
അതിനാൽ അതെല്ലാം
ഒന്നുതന്നെയാണ്

ഇന്ദ്രിയങ്ങളിലൂടെ
നാമറിയുന്നു ,
ജീവിക്കുന്നു .
അതെല്ലാം ആനന്ദവുമാണ്
അതിനാൽ
അതെല്ലാം ഒന്നുചേരുന്നു ബ്രഹ്മത്തിൽ.

ഹൃദയത്തിൽ വസിക്കുക
ഹൃദയത്തെ ഉപാസിക്കുക

26

ഇന്ദ്രിയങ്ങൾ ഗ്രഹങ്ങളാണ്
അവയുടെ അറിവുകൾ അതിഗ്രഹങ്ങളും
മൃത്യുവിനോടുക്കുമ്പോൾ
ഗ്രഹങ്ങൾ
ഇല്ലാതാകുന്നു;
അത് പരമാത്മരൂപത്തിൽ
ലയിച്ചുചേരുന്നു

ശരീരമാണ് ഉപേക്ഷിക്കപ്പെടുന്നത്
അത് കാറ്റുകൊണ്ടു വീർത്തു നശിക്കുന്നു

ദേഹം ഒരു തിരിച്ചുപോക്ക്
നടത്തുകയാണ് ,
അതിൻ്റെ പ്രകൃതിയിലേക്ക് .
പ്രാണനാകട്ടെ
മൃത്യുവിനെ ജയിക്കുന്നു

27

കർമ്മങ്ങളുടെ ഫലം
പുരുഷനെ കാത്തിരിക്കുന്നു

മനസ്സുണ്ടാകണം
മനസ്സാണ്  
ശരീരമാകുന്നത്.  
ഇതിൽനിന്ന് ആനന്ദവും
ലഭിക്കണം

മനസ്സില്ലെങ്കിൽ കാമമില്ല
കാമത്തിൽനിന്ന്
ആനന്ദമുണ്ടാകുന്നു

ഭൂതങ്ങളിൽനിന്ന് സന്തോഷത്തെ ഉല്പാദിപ്പിക്കുന്നവൻ ജ്ഞാനിയാണ്

മനസ്സിനുള്ളിൽ ദേവനിരിക്കുന്നു
അത് ആനന്ദവുമാണ്

28

ദാഹിക്കുമ്പോൾ
ജലം പാനം ചെയ്യും
അപ്പോൾ ആനന്ദമുണ്ടാകുന്നു
മനസ്സാണ് ആനന്ദം

ആത്മാവ് ഇതൊന്നുമല്ല
അത് നഷ്ടപ്പെടാത്തതുകൊണ്ട്
ധൈര്യമായിരിക്കാം

അത് പൊടിയല്ല
ദു:ഖിക്കുകയുമില്ല
അതൊരു വാഹനമാണ്

സകല ഇന്ദ്രിയങ്ങളാലും
പ്രകാശിതമാകാത്ത
ഒരാത്മാവുണ്ട് .

അതാകട്ടെ ദേഹത്തിൽ
എപ്പോഴുമില്ല

ദേഹം ഉപേക്ഷിക്കപ്പെടുമ്പോൾ നാമതിനെ ജഡം എന്നു വിളിക്കും
ആ ദേഹത്തിൽ ആത്മാവിന്
ഇടമില്ല

29

മനസ്സ് ചിന്തയിൽ
മുഴുകുമ്പോഴും
അത് ഭൗതികമാണ്
അതിൽ ആത്മാവ്
എങ്ങനെ സ്വയം പ്രകാശിക്കും ?

ആത്മാവ് ശരീരത്തിനും
മനസ്സിനുമിടയിൽ
നിർവ്വചിക്കാനാവാത്ത വിധം
ഒരിടമുണ്ടാക്കിയിരിക്കുന്നു

ദേഹത്തിലെ രക്തചംക്രമണവും  
മനസ്സിലെ മനനവും
ഈ ആത്മാവിൻ്റെ
പ്രതീതിയാഥാർത്ഥ്യത്തിൽ  നിലനിൽക്കുകയാണ്

30

ആത്മാവിനെ തൊടണോ ?
ബുദ്ധിയുടെയുള്ളിൽ
ഒരു ദേവനുണ്ട് ;
കാഴ്ചയുടെയുള്ളിലും .

അഞ്ച് ഇന്ദ്രിയങ്ങളുടെയും
ഉള്ളിൽ ഒരാളുണ്ട്
അവനെ പുരുഷൻ എന്നു
വിളിക്കാം;
അല്ലെങ്കിൽ സ്ത്രീയെന്നും.

അത് ഒരു
ഉൾപ്രകാശമാണ് .
ആ പ്രകാശത്തിൻ്റെയെല്ലാം  ആകത്തുക ഒരു വിവേകമാണ്.
അത് ആത്മാവാണ്
ഈ ആത്മാവ്
ഇന്ദ്രിയങ്ങളല്ല .

31

ആത്മാവ് ശരീരത്തിലെത്തുന്നത്
ജനനവും
വിട്ടുപോകുന്നത് മരണവുമാണ്.

ഈ ദേഹം
പൂർവ്വകാലജീവിതസംസ്കാരങ്ങളുടെ
സൃഷ്ടിയാണ്

പാപങ്ങളെയും പുണ്യങ്ങളെയും
വേർതിരിക്കാൻ കഴിയുന്നുണ്ടെങ്കിൽ
അതിൻ്റെ പരിണാമവും
സുവ്യക്തമാണ് .

സ്വപ്നത്തിൽ ആത്മാവ് പൂർവകാലത്തെയാണ്  
ഉപന്യസിക്കുന്നത്
സ്വപ്നശരീരം
അവിടെയാണുള്ളത്
അതിനാകട്ടെ ,
യഥാർത്ഥശരീരത്തോടോ മനസ്സിനോടോ ബന്ധമില്ല

32

ഈ ശാരീരികജീവിതത്തിനും  
ശരീരാന്തരജന്മത്തിനുമിടയിൽ സ്വപ്നത്തിൻ്റെ  
ഒരിടനാഴിയുണ്ട്
ഈ ജന്മത്തിനും
അടുത്ത ജന്മത്തിനും  
ഇടയിലുള്ള ഇടം

സ്വപ്നത്തിൽ ആത്മാവ്
ലീലയിലാണ്
 
അത് പുറത്തേക്ക്
സഞ്ചരിക്കുകയാണ്
അതിനു അവിടെ പ്രത്യക്ഷരൂപങ്ങൾ വേണം

ഉണരുമ്പോൾ ഭൗതികമായ  ഇന്ദ്രിയങ്ങൾ എന്ന  വാതിലുകളിൽക്കൂടി
അകത്തേക്ക് വന്ന് പൂർവസ്ഥിതിയിൽ എത്തുന്നു

സ്വപ്നത്തിൽ ,ആത്മാവിനു
ഇന്ദ്രിയങ്ങൾക്ക് പകരം
വേറൊരു ശരീരത്തെ സൃഷ്ടിക്കാനാവുന്നു
ഇതാകട്ടെ ,സ്വപ്നത്തിനുശേഷം ഉപേക്ഷിക്കപ്പെടുന്നു

33

ആത്മാവിന് പുറംലോകത്തിൻ്റെയോ അകംലോകത്തിൻ്റെയോ കോലാഹലങ്ങൾ ആവശ്യമില്ല
അത് അകമേയുള്ള രസമായിരിക്കുകയാണ്

എല്ലാ കാമങ്ങളും ആത്മാവിൽ ലയിച്ചിരിക്കുന്നതാകയാൽ
വേറൊരു കാമത്തെ
തേടേണ്ടതില്ല

നമ്മളിൽ നിന്നു ഭിന്നമായി
വെറൊന്നുമില്ല ;
ഉണ്ടെന്നു തോന്നുമ്പോൾ
അതിന് മണമുണ്ട് ,
രൂപമുണ്ട്,
സ്വഭാവമുണ്ട് ,
ശബ്ദമുണ്ട് ,
അർത്ഥമുണ്ട് .

34

ആത്മാവിനു ശുദ്ധമാകാൻ കഴിയുന്നിടത്താണ് സുഷുപ്തി:
അവിടെ അവിദ്യയില്ല,
ദ്വയമില്ല ,
ക്ഷണികലോകങ്ങളില്ല .
 
അവിടെ പരമമായ ആനന്ദമുണ്ട്
ആനന്ദത്തിന് ഉപാധിയുമില്ല

എല്ലാവരുടെയും ആനന്ദം ഒരുപോലെയല്ല

മനുഷ്യരിൽ തന്നെ
പലതരം ആനന്ദം അനുഭവിക്കുന്നവരുണ്ട്
സർവ്വഭോഗങ്ങളും നേടിയവൻ്റെ  
ആനന്ദത്തേക്കാൾ
വലിയ ആനന്ദമുണ്ട്
അതാണ് ആത്മസുഖം

പരമമായ ആനന്ദത്തിൻ്റെ
അനേകം ഇതളുകളിലൊന്നു
മാത്രമാണ്
കേവലമായ ഭോഗാനന്ദം;
ഭോഗാനന്ദം നഷ്ടപ്പെട്ടുകൊണ്ടിരിക്കും.
 
35

ഇത് ലിംഗശരീരമാണ്
ഇതിൽ ലിംഗാത്മാവ് വസിക്കുന്നു
എന്നാൽ ദേഹം നശിക്കുന്നതോടെ അവിടം വിട്ട് മറ്റൊരിടത്തേക്ക് പോകുന്നു

ഈ ലിംഗാത്മാവ് ഓരോ അവയവത്തിലുമുണ്ടായിരുന്നു

36

കർമ്മങ്ങൾക്ക് യോജിക്കുന്ന ശരീരത്തെ തേടിവരുകയാണ് ആത്മാവ് അതിനെ സകലഭൂതങ്ങളും സ്വീകരിക്കുകയാണ്.
കർമ്മഫലങ്ങൾക്ക് വേണ്ടിയാണ്
ശരീരം

ശരീരം ദുർബ്ബലമാകുമ്പോൾ
ആത്മാവ് അതുപേക്ഷിക്കുന്നു
പിന്നീട് ,അതിനു പറ്റിയ
മറ്റൊരിടം തിരഞ്ഞെടുക്കുന്നു.
പൂർവ്വസംസ്കാരങ്ങൾക്ക്
ഇണങ്ങുന്ന തരത്തിലുള്ള
കർമ്മഫലങ്ങളെ പ്രാപിക്കാനുള്ള ശരീരത്തിലേക്ക് ആത്മാവെത്തുന്നു.

ദേഹം അതിനെ സ്വീകരിക്കുന്നത്
കർമ്മഫലങ്ങളുടെ അനുസ്യൂതിക്ക്  വേണ്ടിയാണ്

37

ആത്മാവ് ദേഹം വിടുന്നത്
ഒരു നാടകമാണ്
ഒരു ഐഹികാനൈഹിക
നാടകം

ഇന്ദ്രിയങ്ങൾ പിൻവാങ്ങുകയാണ് അവയുടെ
മൂലദേവതകളിലേക്ക്

ആത്മാവ് ഹൃദയത്തിൽ
ഇടംനേടുന്നു

കണ്ണ് ലിംഗാത്മാവിലേക്ക്
ലയിക്കുന്നു,
അതുകൊണ്ട് കാഴ്ചയില്ല.
മൂക്ക് ലിംഗാത്മാവിലേക്ക് ,
അതുകൊണ്ട് ഗന്ധമില്ല.
നാക്ക് ലിംഗാത്മാവിലേക്ക്, അതുകൊണ്ട് രുചിയില്ല.
കാത് ലിംഗാത്മാവിലേക്ക് ,
അതുകൊണ്ട് കേൾക്കുന്നില്ല .
മനസ്സ് ലിംഗാത്മാവിലേക്ക്,
അതുകൊണ്ട് ചിന്തയില്ല .
ത്വക്ക് ലിംഗാത്മാവിലേക്ക്,
അതുകൊണ്ട് സ്പർശമില്ല.
ബുദ്ധി ലിംഗാത്മാവിലേക്ക്;
അതുകൊണ്ട് യുക്തിയില്ല.

ഇതിൻ്റെ ഫലമായി
ഹൃദയത്തിനുള്ളിൽനിന്ന്
ആത്മാവ് പുറത്തുപോകുന്നു;
കണ്ണുകളിലൂടെയോ  
ശിരോഭാഗത്തുകൂടെയോ .

38

ആത്മാവ് ഒരു ദേഹത്തെ
ഉപേക്ഷിച്ച്
മറ്റൊന്നിലേക്ക് പോകുന്നു.

ഒരട്ട പുല്ലിലൂടെ സഞ്ചരിക്കുന്നു
ഓരോ ഘട്ടത്തിലും
അത് ഇലയിൽ നിന്ന് ഇലയിലേക്ക്
കടക്കുന്നു

ഒരു പുല്ലിൻ്റെ
അഗ്രത്തിൽനിന്ന്
മറ്റൊന്നിലേക്ക്
പ്രവേശിക്കുമ്പോൾ
ശരീരം അതിനനുസരിച്ച്
ചുരുണ്ടു നിവരുന്നു

ഒരു ദേഹം
നിർജ്ജീവമാകുന്നതോടെ
ആത്മാവിൻ്റെ പ്രയാണമാരംഭിക്കുന്നു;
മറ്റൊരു ശരീരത്തിലേക്ക് .

39

സ്വർണാഭരണം പണിയുന്നയാൾ സ്വർണ്ണംകൊണ്ട്
പല ആഭരണങ്ങളുണ്ടാക്കുന്നു . പുതിയ സ്വർണരൂപങ്ങൾ ഉണ്ടാക്കുന്നു .
അതുപോലെ ആത്മാവ്
ഒരു ദേഹത്തെ
നിർവീര്യമാക്കി ,
മറ്റൊന്നുണ്ടാക്കുന്നു .
അതോടെ പുതിയ രൂപത്തിൽ
ജീവിതമുണ്ടാക്കുന്നു .
പഴയ ശരീരം
നഷ്ടസ്മൃതിയാകുന്നു.

ആത്മാവ് പഞ്ചഭൂതങ്ങളെ അന്വേഷിക്കുന്നു
അതിന് കാമക്രോധ മോക്ഷങ്ങൾ വേണം .

അത് ക്രോധവുമാണ്
സ്നേഹവുമാണ്
ധർമ്മവുമാണ്
അധർമ്മവുമാണ്

കാമങ്ങളാണ് ജനിക്ക്
കാരണം.
ശരീരത്തിൽ വസിച്ച്
നാം ചെയ്യുന്നതിന് ഫലങ്ങളായി
അടുത്ത ജന്മത്തിൽ കാമങ്ങളെത്തന്നെ ലഭിക്കുന്നു.

കാമങ്ങളുണ്ടായിരിക്കുന്നത്
ജന്മങ്ങൾക്ക്
കാരണമാകുകയാണ്

കാമങ്ങളെ വർജിച്ചവനു
ഫലങ്ങളുമില്ല .

ആത്മാവിൽ തന്നെ
കാമം വ്യയം ചെയ്യണം
അങ്ങനെ കാമം ആത്മാവായി  രൂപാന്തരപ്പെടുന്നു.

40

സംസാരചക്രത്തിൽ
മോചനത്തിനായി
ജ്ഞാനത്തെ തന്നെ പ്രാപിക്കണം

ആത്മാവിൽനിന്ന്
അന്യമല്ലാതെ ആയിത്തീരണം

ജ്ഞാനിക്ക് കാമമില്ല
അതുകൊണ്ട് ജനിയുമില്ല.

സർപ്പത്തിൻ്റെ പടംപോലെ,
കാമങ്ങൾ ഒന്നൊന്നായി  കൊഴിയുമ്പോൾ ,
ആത്മാവ് മാത്രം ശേഷിക്കുന്നു .

41

ന്യൂനീകരണമാണ്
സമ്പത്ത് .
സങ്കലനമല്ല.
 
സങ്കലനങ്ങൾ
ധനമായാലും
സൗന്ദര്യമായാലും
വ്യഥകളായാലും
പ്രണയങ്ങളായാലും കാമങ്ങൾ തന്നെയാണ്

അത് വീണ്ടും സങ്കടരൂപങ്ങളായി
മാറുന്നു

ഒന്നിൽനിന്നു വിടുതൽ തേടി
ഉള്ളിലേക്ക് തന്നെ മടങ്ങിയെത്തുമ്പോൾ
നാം പുതുതാകുന്നു

ആത്മാവ് ഒരു സ്വൈരശാന്തതയാണ്;
അത് ഏറ്റവും
താഴ്ന്ന മൂല്യമുള്ള സംഖ്യയാണ് .
എന്നാൽ അത് പൂജ്യമല്ല

42

ന്യൂനമൂല്യങ്ങൾക്ക്
അന്തമില്ല
മൂല്യങ്ങൾ കുറയുന്നത്
അനന്തമായി നീളുന്നു .

ആത്മാവിൻ്റെ  
അനന്യമായ ഏകതയിൽ
അത് നിശ്ചലമാകുന്നു .

ഒരു ഘട്ടത്തിൽ
ശരീരികളായ നമ്മൾ
അശരീരികളായി
അനുയോജ്യപഞ്ചഭൂതങ്ങളെ
തേടുന്നു

യാത്ര ,
അനുയാത്ര,
വീണ്ടും യാത്ര,
അനുയാത്ര.
 
കൂടുപേക്ഷിച്ച്
പുതിയ കൂട്ടിലേക്ക് .

പുതിയ മനുഷ്യരായി ,
പുതിയ ജീവികളായി
ജീവിച്ചുകൊണ്ടേയിരിക്കുന്നു.

കാമജീവിതങ്ങൾക്ക്
നിതാന്തയാത്രകളാണുള്ളത്

പല ജീവികളായി
മനുഷ്യരായി നമുക്ക് ജീവിക്കാം .
പ്രാപഞ്ചികമായ
അനാസക്ത തൃഷ്ണകൾ

കാമം തന്നെയാണ് മൃത്യു
കാമങ്ങൾ ഇല്ലാതാവുമ്പോൾ
മൃത്യുവും ഇല്ലാതാവുകയാണ്
ഈ ശരീരത്തിൽ തന്നെ
മരണമില്ലാതെ ജീവിക്കാം .

43

ജ്ഞാനരഹിതമായ ഉപാസന ,
ആരാധന,
പൂജ
എന്നിവ വ്യർത്ഥമാണ് .

ഉപാസനയിലൂടെ
ജ്ഞാനമുണ്ടാവണം.

ആത്മാവാണ് താനെന്ന്
അറിയുന്നതോടെ
മറ്റെല്ലാം മറയുന്നു
 
ശരീരവും ദുഃഖവും
ഓളങ്ങൾ മാത്രമാകുന്നു;
അന്യരായി വേറൊന്നുമില്ല

ശരീരത്തിലെ ആത്മാവ് സത്യമാണോ എന്ന ചിന്ത
സന്ദേഹവും ദുഃഖവുമായി ഇഴപിരിയുന്നു

പലവഴികളിലൂടെ അലഞ്ഞാലും
ഉത്തരം കിട്ടണമെന്നില്ല
ആത്മാവ് അനന്യമാണെന്ന് അറിയുമെങ്കിൽ
പിന്നെ എല്ലാം നാം തന്നെയാണ്.

44

ശരീരത്തിനുള്ളിൽ
നമ്മൾ തന്നെ തപ്പിത്തടയുന്നു ,
വലിയ തടവറകളിൽ
പുറത്തേക്കുള്ള വാതിൽ കാണാതെ
ചുറ്റിത്തിരിയുന്നപോലെ

പഞ്ചഭൂതങ്ങളാൽ നിർമ്മിതമായ ശരീരത്തിനുള്ളിൽ
ആത്മാവ് ആകാശമായിരിക്കുന്നു
 
ജീവിതം ആദ്യം നാനാത്വത്തിലേക്ക്
പോവുകയാണ് ,
പലതായി പലതും
സാക്ഷാത്കരിക്കാൻ .

എന്നാൽ മിഥ്യകളായി
നാനാത്വതത്ത്വങ്ങൾ
എരിഞ്ഞമരുമ്പോൾ
തിരിച്ചുനടക്കുകയാണ്
ഏകത്വത്തിലേക്ക് .

ഏകത്വം ആകാശമാണ്
രൂപരഹിതമാണത് ,
ജനനരഹിതവും
മരണരഹിതവുമാണ്.

45

ആത്മാവ് ശിരസിലല്ല,
ഹൃദയാന്തർഭാഗത്താണുള്ളത്

പൂവിൻ്റെ സൗന്ദര്യവും
കുഞ്ഞിൻ്റെ ചിരിയും
കന്നുകുട്ടിയുടെ കളിയും
കാറ്റിൻ്റെ സാരോപദേശവും
ജീവിതയാതനയും
ഹൃദയാന്തർഭാഗത്തേക്ക്
നേർത്ത് നേർത്ത് വരികയാണ്

എല്ലാ ഭൂതങ്ങളുടെയും
അപ്രകാശിത ദൈവം
അവിടെയാണുള്ളത് .

ഒരു വാക്ക് ഉച്ചരിക്കപ്പെട്ടശേഷം
അവിടേക്ക് പോയി
ലയിക്കുന്നു.

ഒരു ചിന്ത ഉയരാൻ കൊതിച്ചു, പിൻവാങ്ങുന്നത് അവിടേക്കാണ്.

പാപപുണ്യങ്ങളില്ലാത്ത അവിടെ
ഇന്ദ്രിയങ്ങളുടെ അതിർത്തി
പൂർവ്വനിശ്ചിതമാണ് .
ആത്മാവ് അവിടേക്ക് വ്യാപിച്ചിരിക്കുന്നു

46

സർവ്വതും കളഞ്ഞ്
ഒരുവൻ
ഈ ആത്മാവിനെ
അറിയുന്നു .

അവനു പിന്നീട് ഈ ലോകം തന്നെ ഒരാശയമല്ല

യാതൊന്നും തേടാൻ  
ബാക്കിയില്ലാതാവുകയാണ്

ആത്മാവിൻ്റെ പ്രകാശിതരൂപമായ
ഒരുവനാണ് എല്ലാം ഉപേക്ഷിച്ചവൻ

അവൻ സ്വന്തം ശരീരത്തെ
അതിനുള്ള പരിഹാരമാക്കുന്നു

47

പ്രപഞ്ചം തന്നെയാണ് ശരീരം
 
ശരീരത്തിൽ ജലമുണ്ടല്ലോ ,
വായുവുമുണ്ട് .
അഗ്നിയുണ്ട് ,
ദഹിപ്പിക്കാൻ .
ആകാശമുണ്ട്,
മനസ്സിൻ്റെ അനന്തമായ ലോകമായി.

മണ്ണില്ലാതെ അന്നമില്ലല്ലോ

എല്ലാ ഭൂതങ്ങളും
പ്രാണനിൽ രമ്യതയോടെ
വസിക്കുന്നു

അന്നമില്ലാതെ
പ്രാണനില്ല .
പ്രാണനില്ലെങ്കിൽ
അന്നം ജീർണിക്കുന്നു

48

"ഹിരണ്മയേന പാത്രേണ
സത്യസ്യാപിഹിതം മുഖം"

സത്യത്തിൻ്റെ മുഖം സ്വർണംകൊണ്ടുള്ള പാത്രത്താൽ മറയ്ക്കപ്പെട്ടിരിക്കുന്നു.

പ്രാണൻ കണ്ണുകളിലുണ്ട് ,
മനസ്സിലുണ്ട് ,
ചിന്തകളിലുണ്ട് ,
ശബ്ദത്തിലുണ്ട് ,
വാക്കിലുണ്ട് ,
ബീജത്തിലുണ്ട്

പ്രാണൻ്റെ ഭക്ഷണം
എന്താണ് ?
കൃമികീടങ്ങൾ തുടങ്ങി മറ്റെല്ലാം ഭക്ഷണമാണ് .
ജലമാണ് ആവരണം .

എല്ലാത്തിൻ്റെയും ആത്മാവാണ്
പ്രാണൻ .

ജലത്തിൽ സ്പർശിക്കൂ
പ്രാണനെ അറിയൂ

49

പുരുഷൻ തീയാണ്
അവൻ വായകൊണ്ട്
തീപിടിപ്പിക്കുന്നു
വാക്ക് ജ്വാലയാകുന്നു
പ്രാണൻ പുകയും

കണ്ണ് കനലുകളെ പേറുന്നു  ചെവിയിൽ അഗ്നിസ്ഫുലിംഗങ്ങളും

ഈ തീയിലാണ് ഭക്ഷണം
പാചകം ചെയ്യുന്നത് .
അങ്ങനെ ബീജമുണ്ടാകുന്നു

അഗ്നിയല്ലാത്തതായി
യാതൊന്നുമില്ല -
സൂര്യൻ ,പകൽ ,
ദിക്കുകൾ ,
മേഘങ്ങൾ ,മഴ ,
മണ്ണ് ,ലിംഗം ,വാക്ക്,
സ്ത്രീ,
എല്ലാം അഗ്‌നി തന്നെ.

50

മരണാനന്തരം ഒരുവനെ
അഗ്നി ഏറ്റെടുക്കുന്നു
അവൻ അഗ്നിയായി മാറുന്നു.
അവൻ വീണ്ടും ജനിക്കുന്നു

മരണാനന്തരം അവൻ
ചന്ദ്രനെ പ്രാപിക്കുന്നു
അവിടെ ഭക്ഷണമായിത്തീരുന്നു
അവനെ ദേവന്മാർ സ്വന്തമാക്കുന്നു
കർമ്മഫലം തീരുന്ന മുറയ്ക്ക്
അവൻ ആകാശത്തെ പ്രാപിക്കുന്നു
 
പിന്നീട് അവൻ ഭൂമിയെ പ്രാപിക്കുന്നു,  മണ്ണിൽ അന്നമായിത്തീരുന്നു

പിന്നീട് പുരുഷനാകുന്ന തീയിൽ
വേവുന്നു
പിന്നീട് സ്ത്രീയാകുന്നു
തീയിൽ വേവുന്നു,
ജനിക്കുന്നു

51

ഭൂതങ്ങളുടെ ഫലമാണ്
മണ്ണ്
മണ്ണിൻ്റെ ഫലമാണ്
ജലം
ജലത്തിൻ്റെ ഫലമാണ്
ഔഷധങ്ങൾ
ഔഷധങ്ങളുടെ ഫലമാണ്
പൂക്കൾ
പൂക്കളുടെ ഫലമാണ്
പഴങ്ങൾ
പഴങ്ങളുടെ ഫലമാണ്
പുരുഷൻ
പുരുഷൻ്റെ ഫലമാണ്
ബീജം

52

രോഗപീഢ തപസ്സാണ്,
രോഗശുശ്രൂഷയും.
ഈ അറിവു തന്നെ
പാപമുക്തിയാണ്

മൃതദേഹം ചുമക്കുന്നത്
തപസ്സാണ്
 
മൃതദേഹം ദഹിപ്പിക്കുന്നത്
തപസ്സാണ്

53

ആത്മാവിനെക്കുറിച്ച്
ചിന്തിച്ച്
നാം ഓരോന്നിനെയും
തള്ളിക്കളയും ...
നേതി നേതി

ഇതുവരെ കണ്ടതല്ല
കേട്ടതല്ല
അറിഞ്ഞതല്ല
രുചിച്ചതല്ല
തൊട്ടതല്ല
മണത്തതല്ല
സ്നേഹിച്ചതല്ല,
അറിഞ്ഞതിനെ അറിയാനുളള
അറിവാണത് 

MK


Thursday, April 14, 2022

എം.കെ.ഹരികുമാർ വിഷുപ്പതിപ്പ് 2022

 


എം.കെ.ഹരികുമാറിൻ്റെ  ലേഖനങ്ങൾ

ഉത്തര- ഉത്തരാധുനികത

 ഉപഭോഗവും വിദ്വേഷവുംകൊണ്ടു നിർമ്മിച്ചെടുക്കുന്ന മാനുഷികമിഥ്യകൾ

 വസ്തുവിൻ്റെ അസ്തിത്വത്തിനകത്ത് യാത്രയുടെ അസംഖ്യം സാധ്യതകൾ

 പാരമാർത്ഥികവും അവ്യയവുമായ അന്ത:കരണം

 വൈരുദ്ധ്യങ്ങളുമായി  ഒരു ലീല

 

 സ്യൂഡോ റിയലിസം / നവാദ്വൈതം

 ഭാഷ പുനർജനിയാണ്

 പ്രിയപ്പെട്ടതെല്ലാം പഴയ വസ്തുക്കൾ 

 

സാഹിത്യവിമർശനം 

 ആശാൻ :കവിതയുടെ ബുദ്ധശരീരം

 നവമലയാളകവിതയും ദാരിദ്ര്യത്തിൻ്റെ  ദാർശനികതയും

 ജ്ഞാനസൗഖ്യത്തിൽ ജലാലുദ്ദീൻ റൂമി 

പൂവാൽ ചോക്കുന്നു കാടന്തിമേഘങ്ങൾ പോലെ

 

തത്ത്വചിന്ത

പുലി വിഷാദരോഗിയാണ്; മനുഷ്യനും?

 മയിൽപ്പീലിക്കണ്ണുകളിൽ നീലീനമായത്

 പ്രിയപ്പെട്ടതെല്ലാം പഴയ വസ്തുക്കൾ

 ആത്മീയതയുടെ ശരീരരാഷ്ട്രീയം

 ഒരു ജാതി

 ഒരു മതം

 സ്നേഹം പ്രവർത്തിക്കാനുള്ളതാണ്

 

സാഹിത്യത്തിൻ്റെ തത്ത്വചിന്ത

 നോവലിലെ ക്രിസ്തു കുരിശിൽ

 ഉണ്ണായിവാര്യരിൽ നിന്നു  സാർത്രിലേക്ക്

 വിഗ്രഹം പൂജാരിയാകുമ്പോൾ

കുരീപ്പുഴയുടെ ഉപരിപ്ളവം 

അദൃശ്യതയിൽനിന്ന് ഉയിർക്കുന്നത് 

അഗാധഗർത്തത്തിനു മുകളിലൂടെ ഒരു കയറിൽ


വിമർശനത്തിൻ്റെ വിമർശനം

ആത്മായനങ്ങളുടെ ജനിതകം

 

എം.കെ.ഹരികുമാറിൻ്റെ കവിതകൾ

 സർവ്വസ്വ ആത്മന :/ബൃഹദാരണ്യകോപനിഷത് വായന

 ഭാഗം ഒന്ന്

ഭാഗം രണ്ട്

ചിത്രശലഭവർണവിരചിതം

 

അക്ഷരജാലകം 

യുദ്ധവും സമാധാനവും

 

പ്രസംഗം

ദൈവം അദൃശ്യമായിരിക്കുന്നത്

 ഭാഷയിൽ  പ്രാപഞ്ചികമായ സൂക്ഷ്മധ്വനികൾ തേടണം

 

 m k harikumar quotes 

 മനസ്സ്

 

 പ്രതികരണം

 knowledge of discovering things 

 Sukshmananda Swami
 

Monday, April 11, 2022

ആശാൻ :കവിതയുടെ ബുദ്ധശരീരം /എം.കെ.ഹരികുമാർ

 

ഒരു വലിയ കവി എങ്ങനെയായിരിക്കണമെന്ന് ചോദിച്ചാൽ അതിൻ്റെ പ്രത്യക്ഷ ഉദാഹരണമാണ് കുമാരനാശാൻ്റെ (1873 ഏപ്രിൽ 12-1924 ജനുവരി 16) ജീവിതം. സാമൂഹ്യമനുഷ്യനായി ഒരാൾ  രൂപാന്തരപ്പെടുകയും സമൂഹത്തിൻ്റെ  രോഗങ്ങളെ ചികിത്സിക്കുന്ന ആത്മീയ ഭിഷഗ്വരനായി മാറുകയും ചെയ്യുന്ന അത്ഭുതകരമായ കാഴ്ചയാണ് നാം കാണുന്നത്. എല്ലാ കവികളും സാമൂഹ്യ മനുഷ്യരല്ല .അവർ അകന്നു മാറുന്നവരാണ്. എത്ര പ്രകൃതിസ്നേഹമുണ്ടായാലും ,നമ്മൾ എഴുതുന്നത് കന്നുകാലികളെയോ പക്ഷികളെയോ വായിച്ചു കേൾപ്പിക്കാനാവില്ല. മനുഷ്യൻ തന്നെ വേണം ,പ്രണയമുള്ള മനുഷ്യൻ. ആശാനിൽ അതിഭാവുകത്വമില്ല .ഭാവുകത്വമേയുള്ളു. ഭാവുകത്വത്തെ പരിവർത്തനപ്പെടുത്തിയ കവിയാണ് ആശാൻ. അങ്ങനെയുള്ളവർ നൂറ്റാണ്ടിൽ തന്നെ വിരളമാണ്. ശീലിച്ച ഭാഷയിൽ നിന്ന്, ആലോചനകളിൽ നിന്ന് ,വഴക്കങ്ങളിൽ നിന്ന്, വീക്ഷണങ്ങളിൽ നിന്ന്, രുചികളിൽ നിന്ന് സമൂലമായ ഒരു മാറ്റം കൊണ്ടുവരുന്ന കവിയാണ് ഭാവുകത്വത്തെ മാറ്റുന്നവനായി അറിയപ്പെടുന്നത്. മാറ്റുവിൻ ചട്ടങ്ങളെ എന്നു പറഞ്ഞത് ,സാമൂഹ്യരാഷ്ട്രീയ അനാചാരങ്ങളെ മാത്രം ഉദ്ദേശിച്ചല്ല; കവിതയുടെ ജീർണതയെയും ലക്ഷൃം വച്ചിരുന്നു. കവിത ജീർണിക്കുന്നത് കവികളെല്ലാം ഒരുപോലെ ചിന്തിക്കുമ്പോഴാണ്. എല്ലാവരും ഒരേ വൃത്തത്തിനുള്ളിൽ കറങ്ങിക്കൊണ്ടിരിക്കുമ്പോൾ ഭാവുകത്വമില്ല .പുതിയ ഒരു അഭിരുചിയുടെ പ്രസക്തി തന്നെ ഇല്ലാതാവുന്നു.

ആശാൻ അഭിരുചിയെ നവീകരിച്ചു. 'നിത്യഭാസുരനഭശ്ചരങ്ങളേ' എന്നു വിളിക്കുന്നത് വിസ്മയങ്ങളുടെ ആകാശത്തെ ഭേദിച്ചുകൊണ്ട് അന്തരാത്മാവ് സൂചിമുഖി പക്ഷിയെപ്പോലെ പറക്കുന്ന അനുഭവം തരുകയാണ്. ആശാന് മുമ്പായിരുന്നെങ്കിൽ ഒരു കവി അങ്ങനെ പ്രയോഗിക്കില്ല ;പകരം അന്തമറ്റ നക്ഷത്രസമൂഹങ്ങളേ എന്നേ  വിളിക്കൂ .അല്ലെങ്കിൽ അനശ്വരതാരകങ്ങളെ എന്നു വിളിക്കും. 
എന്നാൽ 'നിത്യഭാസുരനഭശ്ചരങ്ങളേ' എന്നു വിളിക്കുമ്പോൾ അതിൽ ഒരു മിസ്റ്റിക് പ്രഭാവം കൈവരുന്നു .പ്രപഞ്ച നിഗൂഢതയുടെ നേർക്കുള്ള   വ്യക്തിനിഷ്ഠമായ വിലാപവും അതിശയവുമാണത്. 'ആ നല്ല ഹൈമവതഭൂവിൽ ' എന്ന് ആശാനു മാത്രമേ എഴുതാനൊക്കൂ. എന്തിനാണ് നല്ല എന്നു പ്രയോഗിച്ചത് ?അതിൽ പുരാതനത്വത്തിൻ്റെ അവിഭാജ്യമായ നന്മകൾ അടങ്ങിയിരിക്കുന്നു. പരിശുദ്ധവും അചുംബിതവുമായ പ്രകൃതിയെ ഒരു ചെറിയ വാക്കു കൊണ്ട് ഒപ്പിയെടുക്കുകയാണ്. 

മറ്റൊരു രാഗം 

പ്രകൃതി മനുഷ്യനാൽ നശ്വരമാക്കപ്പെട്ടതല്ല.; അത് നല്ല പ്രകൃതത്തിലുള്ളതാണ്. മനുഷ്യൻ്റെ മനസ്സിനെ വിശുദ്ധമാക്കുന്ന തരത്തിൽ ഹൈമവതഭൂവ് എന്ന പ്രയോഗത്തിൽ നവീനതയുണ്ട് .വേറെ വല്ല എഴുത്തുകാരായിരുന്നെങ്കിൽ ഹിമാലയ താഴ്വരകൾ എന്നേ എഴുതൂ. എന്നാൽ ആശാന് ഭാഷ മറ്റൊരു രാഗമാണ്. അത് സംഗീതമാണ് ,പ്രാപഞ്ചികതയുടെ ഏതോ കോണിൽ നിന്നു വരുന്ന രാഗം .
'നളിനി ' ഈ ഭാഗം നോക്കൂ:

സ്വന്തകർമ്മവശരായ് തിരിഞ്ഞിടു -
ന്നന്തമറ്റ ബഹുജീവകോടികൾ ,
അന്തരാളഗതിതന്നിലൊന്നൊടൊ-
ന്നന്തരാ പെടുമണുക്കളാണ് നാം " 

ഓരോ ജീവിയും കർമ്മവിവശരായി നട്ടം തിരിയുകയാണ്. അവയ്ക്കിടയിലുള്ള ദുരൂഹമായ വഴികളിൽ വച്ച് നാം യാദൃച്ഛികമായി കണ്ടുമുട്ടുന്നു ,വേർപിരിയുന്നു .ഇതല്ലേ ജീവിതം ?

ഭാഷയുടെ അദൃശ്യതയിൽ ഒരു കവിയെ കാത്തിരിക്കുന്ന പലതുമുണ്ട്.  എന്തുകൊണ്ടാണ് ആശാൻ പുതിയ ഭാഷ സൃഷ്ടിച്ചത് ?അങ്ങനെയേ അനുഭവങ്ങളുടെ അന്തർ മണ്ഡലത്തിലേക്ക് കടക്കാനാവൂ.
ലോകത്തെ തൻ്റേത് മാത്രമായി കാണാനാവണം. അപ്പോഴാണ് ഭാഷയുണ്ടാവുന്നത്. മറ്റുള്ളവരുടെ മൂശയിൽ കയറിയിരിക്കുന്നവൻ അനുകർത്താവാണ്‌ .എല്ലാവർക്കും അറിയാവുന്ന മൂല്യങ്ങളെ വല്ലാതങ്ങ് വാഴ്ത്താൻ ആശാൻ തയ്യാറായിട്ടില്ല. നമ്മുടെ കവിതയിൽ അമ്മ ,അച്ഛൻ ബിംബങ്ങളൊക്കെ എടുത്തിട്ട് അലക്കി ബോറടിപ്പിക്കുന്നതിന് കാരണം ആവർത്തിക്കപ്പെട്ട ആശയങ്ങളിൽ  ഗത്യന്തരമില്ലാതെ കവികൾ ചുറ്റിത്തിരിയുന്നതുകൊണ്ടാണ്.

ആശാൻ തൊട്ടതെല്ലാം പുതിയതായി. 1907 ലാണല്ലോ 'വീണപൂവ്' പ്രസിദ്ധീകരിക്കുന്നത്. ആരും തന്നെ പ്രമേയമാക്കുകയില്ല ,വീണു  കിടക്കുന്ന ഒരു പൂവിനെ. ഒരു പെണ്ണിനെ ലൈംഗികച്ചുവയോടെ വർണ്ണിച്ചാൽ പെട്ടെന്ന് കവിത വിൽക്കാവുന്ന കാലമായിരുന്നല്ലോ അത്‌. എന്നാൽ കൊൽക്കത്തയിൽ പോയി കൂടുതൽ പഠിച്ച് മടങ്ങിയെത്തിയ ആശാൻ ആഗോളതലത്തിൽ കാവ്യശാഖയെ മറ്റൊരു മാനത്തിൽ സമീപിക്കുന്നു എന്നാണ് 'വീണപൂവി'ൽ നിന്ന് നാം മനസ്സിലാക്കുന്നത്. വീണപൂവ് ഒരു കാമുകിയുടെ പ്രതീകമാണെന്ന് ചില പ്രൊഫസർമാർ പറഞ്ഞിട്ടുണ്ട്; തെറ്റാണത്. കാമുകിയെ ആരെങ്കിലും വീണു കിടന്നു ജീർണിക്കാൻ പോകുന്ന പൂവായി സങ്കല്പിക്കുമോ ? വീണപൂവ് ഒരു വസ്തുവിനെ അതിൻ്റെ അനന്യതയിൽ നോക്കിക്കാണുകയാണ് ചെയ്യുന്നത്. പൂവ് പൂവ് മാത്രമാണ്, പ്രതീകമല്ല. പൂവിനു മറ്റൊന്നും ആകേണ്ട .ലോകത്തിലെ ഓരോ വസ്തുവിനും ഇങ്ങനെ തനിച്ചൊരു ജീവിതമുണ്ട്. പൂവ് പൂവിൽ തന്നെ അവസാനിക്കുന്നു. അതിൽ ഈ ലോകജീവിതത്തിൻ്റെ സാരം തേടുകയാണ് കവി.

എല്ലാം ശുദ്ധമാക്കുന്ന പ്രേമം

പ്രണയത്തെ മനുഷ്യാത്മാവിൻ്റെ  ഏറ്റവും ഉയർന്ന വിതാനമായി കാണാനാണ് ആശാൻ ഇഷ്ടപ്പെടുന്നത്. നളിനി ,ലീല എന്നീ കാവ്യങ്ങളിലൂടെ അത് തെളിയിച്ചു. 'ലീല'യിലെ പ്രണയം എങ്ങനെയാണ് മാംസത്തിൻ്റെയും കാമത്തിൻ്റെയും വിളികൾക്കപ്പുറത്ത് യഥാർത്ഥവും അന്തര്യാമിയുമായ ഒരു മൗലികഭാവത്തിൽ എത്തുന്നത്. അത് ശുദ്ധമായ മനുഷ്യാത്മാവിൻ്റെ ഒരു സാധ്യതയാണ് .ചിലപ്പോൾ നമുക്ക് സ്വയം വിമലീകരിക്കാൻ പ്രേമം വേണം.  എല്ലാ ലൗകികമോഹങ്ങളും മിഥ്യകളാവുകയും അതിനപ്പുറത്തുള്ള ചില മൂല്യങ്ങൾ അനിവാര്യമായി നമ്മെ ആശ്വസിപ്പിക്കുകയും ചെയ്യുന്ന നിമിഷങ്ങൾ ജീവിതത്തിലുണ്ട്.
ശരീരം അനുനിമിഷം ദുർബ്ബലമാകുന്നതാണ്. എന്നാൽ അതിനുള്ളിലും ചേതനയോടെ ഒരു ജീവി ത്രസിക്കുന്നുണ്ട്‌. ആ ജീവി
ജീവിതത്തിൻ്റെ ഭാഗധേയത്തെക്കുറിച്ച് ചിന്തിക്കുന്നു. 

ആശാൻ്റെ പ്രണയത്തിൽ സന്യാസമുണ്ട്. നിളിനിയിൽ അത് വ്യക്തമാണ്. പ്രണയമകലുമ്പോൾ സന്യാസതുല്യമായ ശാന്തതയും വിരക്തിയുമുണ്ടാവുകയാണ്. പ്രണയം  ആത്മീയമായ ഒരു വിമോചനവും അറിവുമായി മാറുന്നു .ജീവിതത്തിൽ തികച്ചും പ്രായോഗികമായ രാഷ്ട്രീയാദർശനങ്ങളാണ് ആശാൻ ഉയർത്തിയത്. അതിൻ്റെ കാതൽ നിസ്സീമമായ മനുഷ്യത്വവും ഉണർവ്വുമാണ്. ജാതിയുടെയോ മതത്തിൻ്റെയോ വേലിക്കെട്ടുകൾക്ക് പുറത്താണ് താൻ എന്ന് ഉറച്ചുവിശ്വസിച്ചുകൊണ്ടാണ് ആശാൻ ശ്രീനാരായണഗുരുവിൻ്റെ ധർമ്മങ്ങൾ പ്രചരിപ്പിക്കാൻ തയ്യാറായത്. കൂടുതൽ നല്ല മനുഷ്യനാവുക എന്ന പ്രലോഭനത്തിൽ നിന്നു ഹൃദയാലുവായ ആശാന് ഒഴിഞ്ഞുനില്ക്കാനാവില്ലായിരുന്നു. 'വിവേകോദയം' മാസികയുടെ പത്രാധിപരായിരുന്നത് അതുകൊണ്ടാണ്‌. 

തൻ്റെ കാലഘട്ടത്തിലെ ബൗദ്ധികജീവിതത്തിൻ്റെ ഉന്നതമായ ഒരു ദിശാസൂചിയാകാൻ ഈ കവി  നിയുക്തനായി. കായിക്കരയിലെ കുമാരൻ ആശാനാകുന്നത് അങ്ങനെയാണ്. പ്രബുദ്ധതയുടെ ഐകമത്യം ആശാനെ  എ.ആർ .രാജരാജവർമ്മ തുടങ്ങിയ പണ്ഡിതന്മാരിലേക്ക് അടുപ്പിച്ചു. അദ്ദേഹം എ .ആറിൻ്റെ മരണത്തിൽ അനുശോചിച്ചുകൊണ്ട് 'പ്രരോദനം' എന്ന മഹത്തായ കാവ്യം എഴുതിയത് ഇതിനു ദൃഷ്ടാന്തമാണ്. ഈ പ്രബുദ്ധമനസ്സിനു ജാതിയില്ല. അതേസമയം ജൈവലോകപ്രണയവും പ്രബുദ്ധതയുമുണ്ട്. പ്രബുദ്ധതയ്ക്ക് അന്നും ഇന്നും ജാതിയില്ല. പ്രബുദ്ധതയാണ് മൂർച്ചയുള്ള വാൾ. അന്ധതയെ ആ വാൾ നിഗ്രഹിക്കുന്നു. 

വാക്കുകളാകുന്ന പന്തങ്ങൾ 

രാഷ്ട്രീയപ്രവർത്തനവും പത്രാധിപത്യവും ആശാനു  സ്വന്തം തൊഴിൽ ആയിരുന്നില്ല. ഉപജീവനത്തിന് ഓട് ഫാക്ടറി നടത്തുകയാണ് ചെയ്തത്. തൻ്റെ വീക്ഷണമനുസരിച്ചുള്ള ആഗോള മനുഷ്യസാഹോദര്യത്തെ ഉയർന്ന തലത്തിൽ നോക്കിക്കാണുന്ന ദർശനമാണ് ആശാൻ്റെ മൂലധനം. ശ്രീനാരായണഗുരുവിൽ നിന്ന് ബുദ്ധനിലേക്കും ബുദ്ധനിൽ നിന്ന് ഗുരുവിലേക്കും ആശാൻ സഞ്ചരിച്ചു.
അവശതയനുഭവിക്കുന്നവരോട്  അനുകമ്പയുണ്ടായിരുന്നു .അവർക്ക്   വേണ്ടിയാണ് അനീതിക്കെതിരെ നിരന്തരമായി അദ്ദേഹം വാക്കുകളാകുന്ന പന്തങ്ങൾ വീശിയെറിഞ്ഞത്. 
സാഹിത്യവും സമൂഹവും രാഷ്ട്രീയവും വിപുലമായ ഒരു ശ്രേണിയിൽ എത്തുകയാണ്. 

ആശാൻ്റെ ഗദ്യ ലേഖനങ്ങളിൽ സ്പന്ദിക്കുന്നത് പതിതൻ്റെ ആത്മാവാണ്. നിശ്ശബ്ദമാക്കപ്പെട്ടതിനു ഭാഷ നല്കി പുനരുജ്ജീവിപ്പിച്ച മാന്ത്രികനായി ഈ കവി മാറുന്നു.
അദ്ദേഹത്തിൻ്റെ ഗദ്യലേഖനങ്ങൾ വായിച്ച്  ആ കാലഘട്ടത്തിലെ  ഉൽപതിഷ്ണുക്കൾ ചിന്താക്കുഴപ്പം പരിഹരിച്ചു എന്ന അർത്ഥത്തിൽ ലളിതാംബിക അന്തർജനം ഒരു കഥയിൽ ആദരവോടെ സൂചിപ്പിച്ചിട്ടുണ്ട്. 

ആശാൻ കവിത ബുദ്ധശരീരമാണെന്ന്  പറയട്ടെ .ദയയുള്ളവനായിരുന്നാൽ യാതന നമ്മെ ഏശുകയില്ലെന്ന ബുദ്ധദർശനമാണത്. നമ്മളിൽ എത്ര സ്നേഹമുണ്ടോ ,അത്രത്തോളം നമ്മെ ആർക്കും മുറിപ്പെടുത്താനാവില്ല. സ്നേഹാധിക്യത്തിലൂടെ നമ്മുടെ മനസ് വലുതാവുന്നു. അങ്ങനെയുള്ളവരുടെ ശരീരമാണ് ബുദ്ധശരീരം. തപസും യാതനയും ഏകാന്തതയുമെല്ലാം ആ ശരീരത്തിൽ തട്ടി പൂക്കളായിതീരുന്നു.  ലോകത്തെ മനസ്സിലാക്കാനായി ഓരോ നിമിഷവും തന്നിൽ കേന്ദ്രീകരിക്കുമ്പോൾ ബുദ്ധ ശരീരമുണ്ടാകുന്നു. അത് ലൗകികാസക്തികൾക്കപ്പുറത്ത് ഈ ലോകത്തെ സ്നേഹിക്കുകയാണ്. മഹത്വവും വിവേകവും ഒന്നിച്ചുദിക്കുകയാണ്. പാവപ്പെട്ടവരുടെയും താഴ്ന്ന വിഭാഗങ്ങളുടെയും അവകാശങ്ങൾക്കുവേണ്ടി ശബ്ദിച്ചതുകൊണ്ട് ആശാൻ ഏറ്റവും വ്യക്തതയുള്ള ,ലക്ഷ്യബോധമുള്ള, പ്രതിബദ്ധതയുള്ള കവിയായി.

അതിനപ്പുറത്താണ് ഈ ബുദ്ധിജീവി കവിതയിൽ വലിയ വിപ്ളവം യാഥാർത്ഥ്യമാക്കിയത്. കവിതയിലെ  കളകൾ പറിച്ചു കളഞ്ഞ കവിയാണദ്ദേഹം. പഴകി ദ്രവിച്ച വിഷയങ്ങളെ നിർമ്മാർജനം ചെയ്ത അദ്ദേഹം ഉൽകൃഷ്ടമായ സംസ്കാരചിന്തകൾക്ക് കവിതയെ  എങ്ങനെ ഉപയോഗപ്പെടുത്തണമെന്ന്  പഠിപ്പിച്ചു .കവിത നമ്മുടെ പ്രവചനാത്മകമായ അറിവാണ് .അത് നമ്മെ ആന്തരികമായി നേരെയാക്കുന്നു. കുഴഞ്ഞുമറിഞ്ഞ ഒരു ലോകത്ത് കവിത മരുന്നാണ്. അതുകൊണ്ട്  ഗൊയ്ഥെ ,മാത്യു ആർനോൾഡ് എന്നിവരെപോലെ ആശാൻ ഭാഷയിലൂടെ ചീത്ത അഭിരുചികളെയും ചിന്തകളെയും ചികിത്സിക്കുന്നതിൽ വിജയിച്ചു .
കവിതയെ ദാർശനികമാക്കുകയാണ് അതിൽ പ്രധാനം. ദാർശനികതയില്ലെങ്കിൽ കവിത വെറും പതിരായിപ്പോകും.

വെള്ളത്തിനു ജാതിയില്ല 

സ്ഥൂലവും ബാഹ്യവുമായ വസ്തുതകളെ അതിവൈകാരികതയോടെ  എഴുതുന്നവരെ ഇന്നു നാം  കാണുന്നുണ്ട്. അവർ രചനയിൽ സ്വന്തമായി ഒന്നും സംഭാവന ചെയ്യുന്നില്ല .മറിച്ച് ,ആശാൻ ബാഹ്യ വസ്തുക്കളെ അതേനിലയിൽ എടുക്കാതെ ,ആത്മീയതയുടെ സ്റ്റെതസ്കോപ്പുകൊണ്ട് പരിശോധിച്ച് ആവശ്യമായത് എടുത്ത് നവീനമാക്കി.

വസ്തുതയുടെ ആത്മാവിനനുസരിച്ചു നവസംവേദനപാതകൾ തിരഞ്ഞെടുത്തു. കവിതയിൽ സാമൂഹികവിഷയങ്ങൾ അവതരിപ്പിച്ചപ്പോഴൊക്കെ ഈ പ്രതിഭ നക്ഷത്രത്തെ പോലെ തിളങ്ങി.'ചണ്ഡാലഭിക്ഷുകി'യിൽ ജാതിചിന്ത എന്ന ചരടു പൊട്ടിച്ചു തീയിലിട്ടു .വെള്ളം കുടിക്കുന്നതിൽ പോലും ജാതിയുണ്ടെങ്കിൽ അത് മഹത്വമല്ല, പതനമാണെന്ന് വിളിച്ചു പറഞ്ഞു.സംസ്കാരചിത്തരാവൂ എന്ന ആഹ്വാനമായിരുന്നു അത്. ദാഹിക്കുന്നവന് വെള്ളം കൊടുക്കൂ എന്ന് ഒരു കവിക്ക് പറയേണ്ടി വന്നു. 
ഭക്ഷ്യവസ്തുക്കൾക്ക് ജാതിയുണ്ടോ? ഒരു ഗ്ലാസ് വെള്ളത്തിനു ജാതിയില്ല. എന്നാൽ അത് ആര് ആർക്ക് കൊടുക്കുന്നു എന്നതിൻ്റെ അടിസ്ഥാനത്തിൽ ജാതിയുണ്ടാകുന്നു! .വെള്ളത്തെയും നാം അപമാനിക്കുന്നു.

ഈ കവി കവിതയിലൂടെ പ്രാപഞ്ചികസാരമാണ് തേടിയത്. സൂക്ഷ്മതകൾ ഒന്നൊന്നായി തിരഞ്ഞ് ചെല്ലുന്നത് കാണാം.'കരുണ'യിൽ ലൈംഗികതയെ തോൽപ്പിക്കുന്ന പ്രണയത്തെയാണ് കാണുന്നത്. ഒരു വേശ്യക്ക് ഗാഢവും ശുദ്ധവും തീക്ഷ്ണവുമായ പ്രേമമുണ്ടാകുന്നത് കാരുണ്യമായാണ് മനസ്സിലാക്കേണ്ടത്.
പ്രണയം ഒന്നും നേടാനല്ല; അത് മനസ്സിൻ്റെ കരുണാർദ്രമായ ഒരാശ്ളേഷമാണ്. വിഷാദത്തെ സകലതിലും ദർശിച്ച ആശാൻ ലോകത്തിൻ്റെ ഭാവിയെ കവിതയിലൂടെ പ്രവചിച്ചു. പ്രണയത്തിൻ്റെ ശുദ്ധവും സുതാര്യവുമായ അംശം കണ്ടെത്തുന്നതിനാണ് കവി കാമത്തെ ,ശരീരത്തെ വിട്ട് മറ്റൊരു അസ്തിത്വം തേടുന്നത്. കാമത്തിലൂടെ അറിയാനാവാത്ത പ്രണയമുണ്ട്. 

വീണപൂവ് പ്രസിദ്ധീകരിച്ചതോടെ പരമ്പരാഗത കാവ്യരൂപങ്ങളായ 
മുക്തകങ്ങൾ ,ചമ്പുക്കൾ, മണിപ്രവാളം, സന്ദേശകാവ്യങ്ങൾ, തുള്ളൽക്കവിതകൾ ,ആട്ടക്കഥകൾ ,തുടങ്ങിയവയെല്ലാം കാലഹരണപ്പെട്ടു.
പകരം ,ആശാൻ ഭാരതത്തിൻ്റെ ഇനിയും കണ്ടെത്താത്ത സൗന്ദര്യ സമസ്യകളിലേക്ക് വായനക്കാരെ ക്ഷണിച്ചു. നളിനിയിലെ നായിക പ്രണയത്തിനു വേണ്ടി തപസ്വിയാകുന്നു. പ്രണയത്തെയും തപസ്സിനെയും അടുത്തടുത്ത് നിർത്തുകയാണ്. അദ്വൈതവും ബുദ്ധദർശനവും സമന്വയിക്കുകയാണ്. 
ദൈവവും വൈയക്തികതയും ഒന്നിച്ചു ചേരുകയാണ്. കവിയുടെ ദിവാകരൻ ജ്ഞാനഭിക്ഷു മാത്രമല്ല, ലോകസേവകനുമാണ്. പ്രണയം ,തപസ്സ് ,ലോകസേവ എന്നിവയെല്ലാം ഒരാളിൽ കേന്ദ്രീകരിക്കുമ്പോൾ മാനുഷികതയ്ക്ക് പുതിയ അർത്ഥം ലഭിക്കുകയാണ്. 

'ദുരവസ്ഥ'യിൽ മതാന്ധതയ്ക്കെതിരെ കവി ഗർജിക്കുന്നു. ആ ഗർജനം കാടിളക്കാൻ പോന്നതായിരുന്നു. ഇന്നത്തെ കവികൾക്ക് ഇങ്ങനെയൊന്നും എഴുതാൻ കഴിയില്ല.

കുട്ടികൃഷ്ണമാരാരും ജോസഫ് മുണ്ടശ്ശേരിയും എഴുത്തച്ഛനെക്കുറിച്ച് മൗനം പാലിക്കുമ്പോൾ ആശാനെ സൂക്ഷ്മമായി പഠിച്ച് വിശകലനം ചെയ്യുകയാണ്. 'പ്രയാണം 'എന്ന കൃതിയിൽ മുണ്ടശ്ശേരി, ആശാനെ മറ്റെല്ലാ മലയാളകവികൾക്കും മുകളിലാണ് നിർത്തുന്നത്. ആശാൻ വിപ്ളവകാരിയാണ്. കുഞ്ചൻ നമ്പ്യാർക്ക് ദാർശനികതയും നർമ്മവും കവിത്വവുമുണ്ടെങ്കിലും ആശാനെ പോലെ എന്നും നവീനത നിലനിർത്താനാവുന്നില്ല. എഴുത്തച്ഛൻ പുരാണങ്ങളുടെ സംഗ്രഹീത പുനരാഖ്യാനങ്ങളിലൂടെ വേദാന്തവും ഭക്തിയും തത്ത്വചിന്തയും പ്രചരിപ്പിച്ചു. പക്ഷേ ,അനീതിക്കെതിരെ പൊരുതുകയും ഏറ്റവും മഹത്തായ മനുഷ്യത്വത്തെ തേടുകയും ചെയ്യുന്ന ആശാനുമായി താരതമ്യമില്ല. 
കുമാരനാശാൻ്റെ നൂറ്റിയമ്പതാം ജന്മ ദിനത്തിൽ പ്രഗത്ഭനായ കെ.പി. കുമാരൻ സംവിധാനം ചെയ്ത 'ഗ്രാമവൃക്ഷത്തിലെ കുയിൽ' തീയേറ്ററുകളിൽ പ്രദർശിപ്പിക്കുന്നു എന്ന ആഹ്ളാദമുണ്ട്. ആശാനെ അറിയുക എന്ന ആഹ്വാനമാണ് ഈ ചിത്രം

Thursday, April 7, 2022

ആത്മീയതയുടെ ശരീരരാഷ്ട്രീയം /എം.കെ.ഹരികുമാർ

 


ഒരു ജാതി /എം.കെ. ഹരികുമാർ

 

യാഗം നടത്തുന്നതിനു വേണ്ടതായ സാധനങ്ങൾ കൊണ്ടുവരുന്നതിൻ്റെ  പ്രായോഗിക സൗകര്യമനുസരിച്ചാണ്  ഉപനിഷത്തിൽ വർണങ്ങളെപ്പറ്റി പറയുന്നത്. അത് തൊഴിലിൻ്റെയും അറിവിൻ്റെയും അടിസ്ഥാനത്തിലുള്ള തരം തിരിവാണ് .പക്ഷേ, അത് മനുഷ്യർക്കിടയിലുള്ള ആത്യന്തികമായ വിഭജനമല്ല. പല ദേശക്കാർ ഉണ്ടാകുന്നത് സ്വാഭാവികമാണ്. പല തൊഴിലുകളിൽ ഏർപ്പെടുന്നവരും  അവരുടെ മക്കളും ആ തൊഴിലിൽ  തുടരുന്നുണ്ടാവും. അത് മനുഷ്യർക്കിടയിലെ പ്രകൃതിയുടെയോ ജനിയുടെയോ വിഭജനമല്ല. ആടും പോത്തും രണ്ടു വർഗമാണെന്ന് പറയുന്നപോലെയുള്ള വിഭജനം മനുഷ്യർക്ക് അസാധ്യമാണ്. കർമ്മം ചെയ്താൽ സംസ്കാരം നേടാം; അറിവു് നേടിയാൽ ജ്ഞാനിയാകാം . അതുതന്നെയാണല്ലോ ബ്രഹ്മജ്ഞാനികളുടെയും നിയോഗം. ബ്രഹ്മത്തെക്കുറിച്ച് ജ്ഞാനം നേടിയെന്നതുകൊണ്ട് വേറൊരു ജാതിയാകുന്നില്ല. അവരും മനുഷ്യർ തന്നെ. രോഗങ്ങൾ പിടിപെടാം;  സങ്കീർണമായ മനുഷ്യാവസ്ഥകൾ  അവരെയും ബാധിക്കാം. പരമശാന്തി തേടി പർവതമുകളിലേക്ക്  പോകുന്നതുകൊണ്ട് നാം വേറൊരു ജാതിയാകുമോ?

ജാതി ഒരു തളച്ചിടലാണ്; വ്യാജസ്വത്വ നിർമ്മിതിയാണത്. മാനസികമായ ഐഡൻറിറ്റി, തൊഴിൽപരമായ ഐഡൻ്റിറ്റി എന്നിവയെല്ലാം കളവാണ് .അങ്ങനെയൊന്നുമില്ല. ഇത്തരം ധാരണകൾ ഒരാളുടെ വളർച്ചയ്ക്ക് തടസ്സമാകരുത് .കുറേക്കൂടി ഉയർന്നു  ചിന്തിക്കാൻ തടസ്സമാകുന്ന തരത്തിൽ ദൈവചിന്തയോ, ജാതിചിന്തയോ  പാടില്ലെന്നാണ് ഗുരു ഉപദേശിക്കുന്നത്.
'ദൈവദശക'ത്തിൽ ഗുരു ദൈവത്തെ വളരെ അടുത്തുനിന്നാണ് സംബോധന ചെയ്യുന്നത്; പുതിയ ഉപനിഷത്താണത്. അടുത്തില്ലാത്തതല്ല ദൈവം. അടുത്തുനിന്ന് പ്രാർത്ഥിക്കുകയാണ്. എന്തുകൊണ്ടാണ് അടുത്തുനിന്നു പ്രാർത്ഥിക്കുന്നത്? ദൈവചിന്ത നമ്മുടെ വളർച്ചയാണ്. നൈമിഷികവും  നിസ്സാരവും നശ്വരവുമായ ജീവിതസന്ദർഭങ്ങളിൽപ്പെട്ട് തകർന്ന്  തിന്മയിലേക്ക് ചുരുങ്ങിപ്പോകുന്നതിനു പകരം ,അസ്തിത്വത്തിന് ഒരു പടി മുകളിൽ നിൽക്കാനാണ് അത് സഹായിക്കുന്നത്. പെരുവിരലിൽ എഴുന്നുനിന്നു നോക്കുന്ന അനുഭവമാണത്; താഴേക്കുള്ള നോട്ടമല്ല .ദൈവത്തിൻ്റെ മഹത്വത്തെ അറിയാൻ ശ്രമിക്കുന്നവനു ജാതിചിന്ത തടസ്സമാകരുത്. അതുകൊണ്ടാണ് ഗുരു ആഴി ,തിര ,കാറ്റ് ,ആഴം തുടങ്ങിയ ബിംബങ്ങൾ കൊണ്ടുവരുന്നത്. ഇതെല്ലാം ബൃഹത്തായ ആവിർഭാവങ്ങളാണ്. മനസ്സ് ചെറുതാക്കിയാൽ മനസ്സിലാകില്ല.  ലോകവിസ്തൃതിയുടെയും  ജ്ഞാനവിസ്തൃതിയുടെയും  മഹാനുഭവങ്ങൾക്ക് മുൻപിലാണ് നാം സ്വന്തം നിസ്സാരതകളെ വെടിയേണ്ടത്.അത്തരം സാഹചര്യങ്ങൾ നമ്മെ ഉദ്ബുദ്ധരാക്കും .

ഏകവചനാത്മകതയിൽ നിന്നു സമസ്തബോധത്തിലേക്ക് 

ഒരു മനുഷ്യവ്യക്തി ഏകവചനമാണല്ലോ. അയാൾ തനിച്ചാണ്. അയാൾ സ്വന്തം പ്രതിഛായയുമാണ്. അയാളിൽനിന്നു സ്വന്തം പ്രതിഛായയെ വേർപ്പെടുത്താനാവാത്തതുപോലെ , ഏകവചനാത്മകതയെയും വേർപിരിക്കാനാവില്ല. എന്നാൽ അതിനെ മഹത്തായ ഒന്നിനു വേണ്ടി ഉദാത്തവത്ക്കരിക്കാനാകും. ഈ മഹാബ്രഹ്മാണ്ഡ വൈവിധ്യത്തിലും അതിനെ ചൂഴുന്ന അപാരമായ ഉണ്മയിലും നമുക്ക് അനുഭവത്തിൻ്റെ ഒരു ചീന്തെങ്കിലും ലഭിക്കണമെങ്കിൽ ഈ ഏകവചനത്തിൻ്റെ ബാഹ്യമായ തടവറകൾ ഭേദിക്കേണ്ടതുണ്ട്. വ്യക്തിയിലെ സമഷ്ടിബോധത്തെ ഉജ്വലിപ്പിക്കേണ്ടതുണ്ട്. 
നമ്മൾ വൈയക്തികമായ പാരതന്ത്ര്യം അനുഭവിക്കുന്നു എന്നു  ബോധ്യപ്പെടുന്നത് പ്രാപഞ്ചികമായ രമ്യതയെക്കുറിച്ചുള്ള അവബോധമുണ്ടാകുമ്പോഴാണ്. മെക്സിക്കൻ കവി ഒക്ടാവിയോ പാസ് പറഞ്ഞതുപോലെ ജനിക്കുമ്പോൾ നാം  അനാഥനാണ്. ഒറ്റയ്ക്കാണ് ജീവിതത്തെ അറിയുന്നത്;സുഖദുഃഖങ്ങൾ സ്വന്തം ശരീരത്തിലാണല്ലോ നാം കണ്ടുമുട്ടുന്നത്‌. എന്നാൽ നമ്മളിൽ ഒരു ഉത്ക്കടമായ വികാരമുണ്ട് .അത് ലോകത്തോട് ,സമൂഹത്തോട്, ദൈവത്തോട് ചേരാനുള്ള ത്വരയാണ്. 
മറ്റുള്ളവർ ഇല്ലെങ്കിൽ നമ്മളില്ല . നമ്മളിലെ ഏകവചനാത്മകമായ പരിമിതിയെ മറികടന്നു, ഒരു പക്ഷിയെപ്പോലെ, പുറംലോകത്തിൻ്റെ  സമസ്തബോധത്തിലേക്ക് ,രമ്യതയിലേക്ക് ചിറകടിച്ചു പറന്നുയരുരേണ്ടതുണ്ട്.  അത് സമഗ്രമായ ലോകാനുഭവത്തിന് നേർക്കുള്ള നമ്മുടെ അന്തരംഗത്തിൻ്റെ  ഏറ്റവും വിശുദ്ധവും സാംസ്കാരികവുമായ നോട്ടമാണ്. മഹത്തായതിനെ പ്രാപിക്കാനുള്ള മനുഷ്യസഹജമായ അന്ത:ക്കരണമാണത്. അവിടെ നമ്മുടെ ജാതിയില്ലാതാവുന്നു. നമുക്ക് വളരെ പരിമിതവും ബുദ്ധിശൂന്യവും സർഗരഹിവുമായ ഒരു ജാതിവലയത്തിനകത്ത് ദീർഘനാൾ കഴിയാനാവില്ലെന്ന് അറിയുന്നത് അപ്പോഴാണ്. സ്വാതന്ത്ര്യത്തിൻ്റെ  ആകാശം ആവശ്യമായി വരുന്നു.

'അറിവാമാഴിയിൽ നിന്നു 
വരുമെല്ലാവുടമ്പിനും 
കരുവാണിന ,മീ നീരിൻ 
നിര താൻ വേരുമായിടും'
(ജാതിലക്ഷണം) 

എന്നു ഗുരു എഴുതുന്നത് ശ്രദ്ധിക്കണം. വെള്ളം തന്നെയാണ് കടൽ . കടൽത്തിരകളിൽ വേറിട്ടതായി ഒന്നും  തന്നെയില്ല. അങ്ങനെയുള്ള സാകല്യതയിലേക്കാണ് നാം ഉണരേണ്ടത്. വ്യക്തിഗതമായ മനോഭാവനകളുടെ ലീലകളിൽനിന്നു സമഗ്രവും ലോകസാരഗ്രാഹിയും സാംസ്കാരികവുമായ ഉണ്മയിലേക്ക് മനുഷ്യനെ എടുത്തുയർത്തുമ്പോഴാണ് ഗുരുവിനെ ഏകജാതി പ്രവർത്തിച്ചുതുടങ്ങുന്നത്.അല്ലാത്തപ്പോൾ പലതരം ഇനങ്ങൾ എന്ന തെറ്റിദ്ധാരണയിൽപ്പെട്ട് നാം മനസ്സ് ചിതറി, ജീർണിച്ചു നശിക്കുന്നു. അനുകമ്പയും ലോകാവബോധവും സദാചാരവുമാണ് ഗുരു ജാതിനിർമാർജനത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങൾ. അനുകമ്പയും സ്നേഹവും ഉണ്ടായാൽ അകൽച്ച ഇല്ലാതാകും. അനുകമ്പ തെറ്റുകൾ ക്ഷമിക്കാൻ പ്രേരിപ്പിക്കും. ലോകവബോധം നമ്മെ  ഏകവചനത്തിൻ്റെ ബന്ധനത്തിൽനിന്ന് മോചിപ്പിക്കും. നമ്മൾ മാത്രമല്ല ഇവിടെയുള്ളതെന്ന് അത് പഠിപ്പിക്കും. പരസ്പരം കലഹിച്ച് ജീവിതം നശിപ്പിക്കുന്നവർ വേറെയും ലോകങ്ങൾ ഉണ്ടെന്ന് മനസ്സിലാക്കുന്നത് മനുഷ്യനെ പ്രബുദ്ധനാക്കും .

ജീവിതം ദുഃഖം മാത്രമാണെന്നു ജർമൻ ചിന്തകനായ ഷോപ്പനോർ പറഞ്ഞത്  ലോകാവബോധത്തിൻ്റെ ഫലമാണ്. ആശയാണ് ലോകത്തിൻ്റെ  ദുഃഖങ്ങൾക്ക് കാരണമെന്നു ബുദ്ധൻ പറഞ്ഞത് ലോകവബോധമുണ്ടായതുകൊണ്ടാണ്.'സങ്കല്പകല്പിതം ദൃശ്യം'(അസത്യദർശനം)എന്നു ഗുരു പറയുന്നതും ഇതേ ലോകാവബോധം മൂലമാണ് .ലോകത്തു കാണുന്നതെല്ലാം സങ്കല്പത്തിലുള്ളതാണ്. ഒരു വ്യക്തി തൻ്റെ  'ഐഡൻറിറ്റി'യുടെ ,സ്വത്വത്തിൻ്റെ  നിസ്സാരതകൾക്കെതിരെ യുദ്ധം  ചെയ്യേണ്ടതുണ്ട്; തന്നേക്കാൾ മഹത്തായ, പ്രബുദ്ധമായ അനുഭവങ്ങളെ ഉൾക്കൊള്ളാൻ .

ഏകവചനത്തിൽ നിന്ന് ജൈവവൈവിധ്യ (Biodiversity ) ത്തിലേക്കാണ് ഗുരു നമ്മെ  ക്ഷണിക്കുന്നത്. അവിടെ സകലമാനവജാതികളും ഒരു പ്ലാറ്റ്ഫോമിൽ വരികയാണ്. അങ്ങനെയൊരു നോട്ടം അസാധ്യമാകുകയാണെങ്കിൽ ഗുരുവിൻ്റെ ഏകജാതിദർശനം നമ്മളിൽ പ്രവർത്തിക്കുന്നില്ല എന്നാണർത്ഥം .പാരമാർത്ഥിക ലോകത്ത് ,സത്തയുടെ ഒരു കണം  എന്ന നിലയിൽ മനുഷ്യൻ അവൻ്റെ  വ്യാജത്തനിമയിൽ തന്നെ നിലീനമായി ജീവിക്കുമ്പോൾ ഉണ്ടാകുന്ന തനിച്ചാകൽ ദോഷകരമാണ്.

ലോകപ്രിയം എന്ന ജാതി 

ഒരാൾ തന്നിലേക്കുതന്നെ വലിയുന്നത് ഹിംസയ്ക്കും ക്രൂരതയ്ക്കും ഇടയാക്കുന്നു.മറ്റുള്ളവരുമായി സംവാദവും സമ്മേളനവും സാധ്യമാകാതെ വരുന്നത് തനിച്ചാകലിൻ്റെ ദോഷഫലമാണ്. സംവാദങ്ങൾ, അനുതാപങ്ങൾ അസ്തമിക്കുമ്പോൾ അഹന്തയും ഭൗതികത്വരയും ഹിംസയും അക്രമവാസനയുമാണ് ഉയർന്നുവരുന്നത് .ഇതിനെ ചെറുക്കേണ്ടതുണ്ട്. ഏറ്റവും മനോഹരമായ ഒരു ഉദ്യാനമുണ്ടാക്കാൻ നാം ശരിക്കും പണിയെടുക്കണം. ഒരു പൂവിൽനിന്ന് ഒരുദ്യാനത്തിലെത്തിച്ചേരാൻ പൂക്കളെ സ്നേഹിക്കണം. ഒരു പൂവിനോടും താല്പര്യമില്ലാത്തവൻ അവൻ്റെ ചുറ്റുപാട് വൃത്തിഹീനമാക്കിയേക്കാം; അല്ലെങ്കിൽ ഒന്നിലും നന്മ കാണാത്തവനായി മാറാം. ഏകാന്തതയിലെ സർഗ്ഗാത്മകതയെ മറന്നുകൊണ്ടല്ല ഇത് പറയുന്നത്. സൃഷ്ടിയിൽ ഏർപ്പെട്ടിരിക്കുന്ന കലാകാരന്മാർക്ക് ഏകാന്തത ബൗദ്ധികമായ അനിവാര്യതയാണെങ്കിൽ ,ജാതിചിന്തയിൽ ഉടക്കികിടക്കുന്നവനിൽ അത് വിനാശകരമാണ് .അവനവൻ മാത്രം എന്ന ചിന്തയുണ്ടാകുന്നത് അങ്ങനെയാണ്. മറ്റൊരാളുടെ സ്വാതന്ത്ര്യത്തെ ആശ്രയിച്ചാണ് നമ്മുടെ സ്വാതന്ത്ര്യമുള്ളത്. 

'പ്രിയമൊരു ജാതി,യിതെൻ പ്രിയം ത്വദീയ -
പ്രിയ,മപരപ്രിയമെന്നനേകമായി പ്രിയവിഷയം പ്രതി വന്നിടും ഭ്രമം,തൻ
പ്രിയമപരപ്രിയമെന്നറിഞ്ഞിടേണം '
(ആത്മോപദേശശതകം)

പ്രിയമാണ് ജാതി .പ്രിയം  എല്ലാവർക്കും അറിവുള്ള വികാരമാണ്. അത് ലോകത്തോടുള്ള താദാത്മ്യമാണ്; ഏകത്വമാണ്. ഒരുവൻ്റെ പ്രിയം അവൻ്റെ അറിവാണെന്നങ്കിൽ, അതിനപ്പുറം അപരൻ്റെ പ്രിയത്തിൻ്റെ വലിയൊരു ലോകമുണ്ടെന്ന് തിരിച്ചറിയണം .'ഇതെൻപ്രിയം എന്ന് ഗുരു പറയുന്നത് അറിവിനെക്കുറിച്ചാണ്. അപരൻ്റെ  പ്രിയം മനസ്സിലാക്കാത്തവൻ നാശോന്മുഖമായ ഉടൽ മാത്രമാണ്. ഒരു വീട്ടിൽ ഗൃഹനാഥൻ മറ്റുള്ളവരുടെ പ്രിയമറിയണം. അതുപോലെ മറ്റംഗങ്ങളും അപരപ്രിയം ശ്രദ്ധിക്കണം. 
ആൾക്കൂട്ടത്തിൽ ,ഒരു വാക്ക് മറ്റുള്ളവരെ ഉൾക്കൊള്ളണം. അപരൻ്റെ പ്രിയമാണ് നമുക്ക് വേണ്ടത്. പ്രിയം എല്ലാം ഒന്നാണ് ;നമ്മുടേതും  മറ്റുള്ളവരുടേതും .ഈ സമസ്ത താദാത്മ്യമാണ് ഗുരുവിൻ്റെ  ഏകജാതിയുടെ വിശ്വവിജയം.ലോകജീവിതത്തിൻ്റെ  ജൈവവൈവിധ്യമാണ് ഗുരുവിൻ്റെ ഏകജാതി. അതിൽ വേറെ ഒന്നും തന്നെയില്ല; കണ്ണാടിയിലെന്നപോലെ അത് നമ്മെത്തന്നെയാണ് പ്രതിഫലിപ്പിക്കുന്നത്. നമുക്ക് അന്യതയില്ലെന്നതിൻ്റെ ഉത്തമമായ  ദർശനമാണ് ഒരു ജാതി .

"പ്രിയമപരൻ്റെയതെൻപ്രിയം" ഗുരു വ്യക്തമായി സൂചിപ്പിക്കുന്നു. അപരൻ്റെ പ്രിയത്തിലെത്തിച്ചേരണമെങ്കിൽ നമ്മുടെ സങ്കുചിതവും അസ്വതന്ത്രവും  വികലവുമായ പ്രിയങ്ങളെ വെടിയണം.  ഏകജാതിയിലെത്തിച്ചേരാനാണ് കൊല്ലരുത് ,തിന്നരുത് എന്നു ഗുരു ഉദ്ബോധിപ്പിക്കുന്നത് .കൊന്നാൽ നമുക്ക് സങ്കുചിത ജാതിയുടെ ജീർണത മാത്രമേ സ്വന്തമായുള്ളു .കൊല്ലുമ്പോൾ സമസ്തലോകത്തിൻ്റെയും രമ്യത  നഷ്ടപ്പെടുന്നു. കൊല്ലാതിരിക്കുമ്പോൾ സമസ്തദയയുടെയും ഭാഗമാണ് നമ്മൾ. അങ്ങനെ എല്ലാ ജീവിവർഗങ്ങളെയും ഒരു കൂടാരത്തിലെത്തിച്ച് ആത്മസാഹോദര്യം സാക്ഷാത്ക്കരിക്കാനാവുന്നു. 

വ്രണിതരെല്ലാം നമ്മുടെ ജാതി 

ദൈവത്തെ അറിയുന്നത് ഏകജാതിയിലായിരിക്കുമ്പോഴാണ്. ദീനരെല്ലാം നമ്മുടെ ജാതിയാണ്. അയൽക്കാരെല്ലാം നമ്മുടെ ജാതിയാണ്. വ്രണിതരെല്ലാം നമ്മുടെ ജാതിയാണ് .അവരെയെല്ലാം നമ്മോടൊപ്പം ചേർക്കുമ്പോൾ നമ്മുടെ സ്വത്വജാതി ഒരു നുണയും ലോകൈകമായ ഏകജാതി ഉന്നതവുമായിത്തീരുന്നു. ഒരു പക്ഷി ,അതിൻ്റെ കൂട്ടിൽനിന്നു  പുറത്തുവന്ന്, ആയിരമായിരം പക്ഷികൾ മത്സരിച്ചു പറന്നു ആകാശത്ത് തീർക്കുന്ന വിവിധ പക്ഷിച്ചിത്രങ്ങളിൽ പങ്കെടുക്കുന്നതുപോലുള്ള വിചിത്രമായ ഒരു ജീവിതമാണ് ഏകജാതി. ധനുസ്സ് ആകൃതിയിൽ നൊടിയിടയിൽ തിരിഞ്ഞും മറിഞ്ഞും പറന്നു ആയിരക്കണക്കിന് പക്ഷികൾ നടത്തുന്ന വ്യോമാഭ്യാസത്തിൽ പങ്കെടുക്കാൻ ദൂരെ ഒരു കൂട്ടിൽ ഒറ്റയ്ക്ക് കഴിയുന്ന പക്ഷി പുറപ്പെടുന്നുണ്ടെങ്കിൽ ,അവിടെയാണ് നാം ഗുരുവിൻ്റെ ഏകജാതിയുടെ  രൂപകം അന്വേഷിക്കേണ്ടത്. നാമോരോരുത്തരും ആ ഒറ്റപ്പെട്ട പക്ഷിയെപ്പോലെ ആകാശത്തിലെ  പക്ഷികളുടെ വ്യോമാഭ്യാസത്തിൽ പങ്കുചേരാനായി പുറപ്പെടേണ്ടതാണെന്ന  സന്ദേശം ഗുരുവിൻ്റെ വാക്കുകളിൽ കാണാം.നമ്മൾ അപൂർണരാണ്. ഒറ്റയ്ക്ക് നിസ്സഹായരായ മനുഷ്യരാണ്. നമ്മൾ ചെറുസംഘങ്ങളായതുകൊണ്ടു മാത്രം ലോകത്തെ രക്ഷിക്കാനാവില്ല .ലോകം നമ്മുടേതാണെന്ന അറിവ് പ്രധാനമാണ്. ലോകത്ത് എവിടെയും ദുരന്തമുണ്ടായാലും അതു നമ്മുടേതു മാണ്. ഏകവ്യക്തി എന്ന നിലയിൽനിന്നു നമ്മൾ ലോകവ്യക്തി എന്ന തലത്തിലേക്ക് ഉയരുമ്പോഴാണ് ഏകജാതി ദൃശ്യമാവുന്നത് .അപ്പോൾ മാത്രമാണ് മനുഷ്യൻ ഒരു പൂർണ സംസ്കാരികജീവിയാകുന്നത്. വില കൂടിയ വസ്ത്രം ധരിച്ചാൽ മനുഷ്യത്വമുണ്ടാവുകയില്ല. അത് ഹൃദയത്തിൽ നിന്നാണ് ഉണ്ടാകുന്നത്; ലോകത്തെയാകെ പുൽകുന്ന അവബോധം സൃഷ്ടിക്കപ്പെടുന്നത് മനസ്സിൽ നിന്നാണ്.ലെബനീസ് കവി ഖലിൽ ജിബ്രാൻ പറഞ്ഞു : 

"Beauty is eternity 
Gazing at itself
In a mirror.
But you are eternity 
And you are the mirror "

"സൗന്ദര്യം അനശ്വരതയാണ് ,
ഒരു കണ്ണാടിയിൽ 
അത് സ്വയം നോക്കുകയാണ്.
എന്നാൽ നിങ്ങളാണ് 
ആ അനശ്വരത .
നിങ്ങൾ തന്നെയാണ് 
ആ കണ്ണാടി " 

നമ്മൾ അറിവുള്ള ജീവിയായി മാറുമ്പോൾ ലോകവും നന്നാവും. ഒന്നിൽ നിന്നു ഗുണപരമായ നിലയിൽ സംഘസത്തയിലേക്കുള്ള നമ്മുടെ സംക്രമണം നമ്മെ അനശ്വരതയിലാണ് നടത്തിക്കുന്നത്. സൗന്ദര്യമാണ് നമ്മൾ. നമുക്ക് സ്വയം അതു  ദർശിക്കാനാവണം. നമ്മളിൽ തന്നെയാണ് അനശ്വരതയും സൗന്ദര്യവുമുള്ളത് ;അതു നോക്കി ഉറപ്പിക്കേണ്ടതും നമ്മൾ തന്നെയാണ്.
ഗുരുവിൻ്റെ ഏകജാതി എന്നു  പറയുന്നത് ഈ അനശ്വരമായ സൗന്ദര്യത്തിൻ്റെ ലോകസാകല്യമാണ്. ലോകമാണ് നമ്മളിലേക്ക് വരുന്നത്; അല്ലെങ്കിൽ ഏകമായ വ്യക്തി എന്ന നിലയിൽനിന്ന് വളർന്ന് നാം തന്നെയാണ് ലോകമായി മാറുന്നത്
ജീവിതത്തിൽ സമയത്തെക്കുറിച്ചുള്ള അവബോധം തമസ്കരിക്കപ്പെട്ടു: എം.കെ.ഹരികുമാർ

  എം.കെ.ഹരികുമാർ വായനാവാരം ഉദ്ഘാടനം ചെയ്യുന്നു. കൂത്താട്ടുകുളം, ആറൂർ: വേഗത്തിൻ്റെയും ധനത്തിൻ്റെയും പിന്നാലെയുള്ള പാച്ചിലിനിടയിൽ ജീവിതത്തിൽ...