Love is reckless ; not reason.
Reason seeks a profit.
Love comes on strong,
Consuming herself, unabashed.
Jalaluddin Rumi
മനുഷ്യൻ
പഴയകാലത്തും പുതിയ കാലത്തും ഭാരമേന്തിയ ഒരു മൃഗം തന്നെയാണ് .തലയിൽ നീണ്ട
കൊമ്പുകളും ശിഖരങ്ങളുമായി വരുന്ന ഒരു മാൻ തന്നിൽ കാലം ഏൽപ്പിച്ച കാടാണ്
ചുമക്കുന്നത് .
മനുഷ്യനും ഋണങ്ങൾ ചുമക്കുന്നവനാണ്.
സ്വന്തം
വിധിയെ രൂപപ്പെടുത്തുന്നവനും സാന്ദർഭികമായി അന്യമായ വിധിക്കു
കീഴടങ്ങുന്നവനുമാണ്. എങ്ങനെയാണ് അവൻ ഋണങ്ങളിൽനിന്ന് മുക്തനാകുക?
പതിമൂന്നാം
നൂറ്റാണ്ടിലെ പ്രമുഖ പേർഷ്യൻ കവിയും ഇസ്ലാം മതപണ്ഡിതനും ഇസ്ലാം നിയമജ്ഞനും
സുന്നി ഇസ്ലാമിക് ദൈവചിന്തകനും സൂഫി ജ്ഞാനിയുമായ ജലാലുദ്ദീൻ റൂമി
(1207-1273)നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും വറ്റാത്ത ആത്മീയ പ്രഭാവമായി
,സ്വതന്ത്രരാഗമായി നിൽക്കുകയാണ്.മധ്യേഷ്യയിൽ എന്നപോലെ യൂറോപ്പിലും
അമേരിക്കയിലും റൂമിയുടെ യോഗാത്മകചിന്തകൾക്ക് പ്രിയമേറുകയാണ്. നിമിഷം തോറും
യന്ത്രവത്കൃതമാകുന്ന, അന്യവത്ക്കരിക്കപ്പെടുന്ന ഈ ആധുനികലോകത്തും ഉള്ളിൽ
സ്വയം രൂപപ്പെടുന്ന ,അവസാനിക്കാത്ത പ്രഭയുള്ള ലോകത്തെക്കുറിച്ച് അറിവ്
തരുന്ന വാക്കുകളാണ് റൂമിയുടേത്.
ആ നിലയിൽ ,വാക്കുകളിലൂടെ നിർമ്മിക്കപ്പെട്ട ശാന്തി തേടി വായനക്കാർ റൂമിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു, ലോകത്തെവിടെയും .
മസ്നാവി
,റൂമിയുടെ സംഭാഷണങ്ങൾ ശേഖരിച്ചു ശിഷ്യന്മാർ പിന്നീട് തയ്യാറാക്കിയ ഫിഹി മാ
ഫിഹി, റൂമിയുടെ കവിതകൾ എന്നീ കൃതികളാണ് റൂമിയുടെ പേരിൽ ഇപ്പോൾ
പ്രചാരത്തിലുള്ളത്. Discourse of Rumi എന്ന പേരിൽ ബ്രിട്ടീഷ് പണ്ഡിതൻ എ
.ജെ. ആർബെറി ഇംഗ്ലീഷിലേക്ക് ഫിഹി മാ ഫിഹി പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
ഇതിൻ്റെ രണ്ടാംഭാഗമായ Sign of the Unseen അമേരിക്കയിലെ അറബ് പണ്ഡിതനായ
വീലർ താക്സ്റ്റൺ പരിഭാഷപ്പെടുത്തി.
റൂമി
ഏത് കാലത്ത് ജീവിച്ചു എന്നത് സാങ്കേതികമായ വിഷയമായി കണ്ടാൽ മതി. എപ്പോഴും
റൂമി ജീവിക്കുന്നു ,നമ്മുടെ ഋണഭാരങ്ങളിൽ, സങ്കടങ്ങളിൽ ,പീഡനങ്ങളിൽ ,ഒരു ഒരു
തിരി വെളിച്ചമായി .വലിയ ചുമതലകൾ ഏറ്റെടുക്കുന്ന നമ്മൾ പക്ഷേ,
ഏകാകികളുമാണ്. തനിച്ചിരിക്കുമ്പോൾ നാം ശൂന്യതയിലാണ്.
അവിടെയാണ്
പ്രാപഞ്ചികമായ സാരങ്ങൾക്കായി കാതോർക്കുന്നത്. ശക്തിമാനായ മനുഷ്യൻ ഒരു
കൃമിയേക്കാൾ ദുർബലനാണ്. ഒരില യുടെ അഗ്രത്തിൽനിന്നും കാൽനീട്ടി മറ്റൊരു
ഇലയുടെ അഗ്രത്തിലേക്ക് സഞ്ചരിക്കാൻ ഉറുമ്പിനാവും ,എത് ഉയരം കൂടിയ
മരത്തിൻ്റെ മുകളിലും .മനുഷ്യനാകട്ടെ ഒരു വൈറസിനെ പോലും പേടിക്കണം.
ഉറുമ്പിനെയും പേടിക്കണം. വഴിതെറ്റി മൂന്നോ നാലോ ഉറുമ്പുകൾ തീൻമേശയിൽ വന്നാൽ
മനുഷ്യർക്ക് സമാധാനം നഷ്ടപ്പെടും .ദുർബലനായ മനുഷ്യൻ സ്വയം തിരിച്ചറിയുന്ന
നിമിഷം മൂല്യമുള്ളതാണ്. അവൻ്റെ പാപവും ദുഃഖവും അർത്ഥരഹിതമാകുന്നത്
എങ്ങനെയാണെന്ന് പറഞ്ഞു തന്ന കവിയാണ് റൂമി .അദ്ദേഹത്തിൻ്റെ വാക്കുകൾ ഇപ്പോൾ
മാനവരാശിയുടെ ഓർമ്മകളിൽ തഴച്ചുവളരുകയാണ്.
പ്രേമത്തിൻ്റെ രഹസ്യാംബരങ്ങൾ
റൂമിയുടെ
കവിതകൾ ,ചിന്തകൾ, ആത്മീയമായ യാത്രകൾ എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഒരു
വിചിന്തനമാണ് ഇവിടെ അവതരിപ്പിക്കുന്നത്. റൂമി അന്ധവിശ്വാസമോ മതമോ ആരിലും
അടിച്ചേല്പിക്കുന്നില്ല. മനുഷ്യനെ അവന്ന് കാണിച്ചു കൊടുക്കുകയാണ് ചെയ്തത്.
ആത്മീയയാത്രകൾ മതപരമായ നിബന്ധനകൾ ഉൾക്കൊള്ളുന്നതല്ല ;അതിൽ
സ്വാതന്ത്ര്യത്തിൻ്റെ മനസ്സാണുള്ളത്. ഭൂതകാലത്തിലേക്ക് എന്ന പോലെ
ഭാവിയിലേക്കും സഞ്ചരിച്ചു നമുക്ക് വർത്തമാനത്തെ സ്വതന്ത്രമാക്കാം.
റൂമി എഴുതി:
"ഇതാണ് പ്രേമം:
ഒരു രഹസ്യാംബരത്തിലേക്ക്
പറക്കുക ,
ഓരോ നിമിഷത്തിലും
നൂറു മൂടുപടങ്ങൾ
അഴിഞ്ഞു വീഴട്ടെ "
പ്രേമത്തെ
എല്ലാകാലത്തേക്കുമായി റൂമി പുനർദർശനം ചെയ്യുകയാണ്. നമുക്ക് എത്ര നാൾ
പഴകിയതും കാലഹരണപ്പെട്ടതും അർത്ഥരഹിതവുമായ ആശയങ്ങളുമായി നീങ്ങാനാവും ?
ഇതിൻ്റെ ചതി മനസ്സിലാക്കിയില്ലെങ്കിൽ നമ്മൾ ഉപയോഗക്ഷമമല്ലാത്ത വീക്ഷണങ്ങൾക്കകത്ത് എടുക്കാത്ത നാണയങ്ങളായി തരംതിരിക്കപ്പെടും.
റൂമി
അത് എന്നേ ഉൾക്കൊണ്ടു !അദ്ദേഹം ജ്ഞാനമാർഗത്തിൽ പ്രേമത്തെ പുനർമൂല്യവിചാരണ
ചെയ്തു. മൂടുപടങ്ങൾ അഴിഞ്ഞാലേ പ്രേമമുണ്ടാകൂ .അല്ലെങ്കിൽ അത്
ഭൗതികമായ ഒരു നുണയായിരിക്കും.
"ഈ ലോകത്തെ
അദൃശ്യമായി കണക്കാക്കുക.
നമ്മൾ അല്ലെങ്കിൽ നമ്മുടേത്
എന്നുള്ളതിനെ
ഗൗനിക്കാതിരുന്നാൽ മതി"
ഈ
ലോകത്ത് നമ്മൾ കാണാത്തതാണ് കൂടുതലും .നമ്മുടെ പിന്നിലുള്ള ലോകത്തെ കാണാൻ
കണ്ണില്ലല്ലോ .മുന്നിലുള്ള ലോകമാകട്ടെ കാണാൻ എളുപ്പമല്ല. ഭൗതികമായി
നിശ്ചയിക്കപ്പെട്ട ദൂരത്തിലാണ് കാഴ്ചയുള്ളത്. ബുദ്ധികൊണ്ട് ഭാവിയെ
പിടിച്ചുകെട്ടാനാവില്ല. മനുഷ്യനു ഇനിയും പ്രവചനശേഷിയില്ലല്ലോ. അസാധാരണമായ
ചെറിയ ശബ്ദമോ ചെറിയ വസ്തുക്കളോ നമ്മുടെ അനുഭവമണ്ഡലത്തിലില്ല. മനുഷ്യനു
അവനൊഴികെ ഒന്നിൻ്റെയും ആത്മീയപ്രശ്നങ്ങൾ അറിയില്ല. അവൻ്റെ ആത്മീയ
പ്രശ്നങ്ങൾ അവൻ ഗുരുക്കന്മാരെയും, മനശാസ്ത്രജ്ഞന്മാരെയും പുസ്തകങ്ങളെയും
ഡോക്ടർമാരെയും ഏൽപ്പിച്ചിരിക്കുകയാണ്. അവൻ അറിവുണ്ടായിട്ടും അജ്ഞതയെ
ഇഷ്ടപ്പെടുന്നു.
അവൻ ഭാഷകൊണ്ട് ജീവിച്ച് ചിന്താശൂന്യമായ മനസ്സിനെ മറികടക്കുന്നു.
നിശ്ശബ്ദതയുടെ ആഗ്നേയലോകങ്ങൾ
ചിന്തിക്കുമ്പോൾ
എല്ലാം ഉണ്ടെന്നു തോന്നും .എന്നാൽ തൊട്ടടുത്ത നിമിഷം അവൻ നിശ്ശൂന്യനാകും
.ചിന്തിച്ചതിനെതിരായി പ്രവർത്തിക്കും. സ്നേഹിക്കുന്നതിനെ മറന്നുപോകും
.എല്ലാറ്റിലും വലുത് വികാരങ്ങളാണത്രേ.
വികാരങ്ങൾ നമ്മെ
ചതിക്കുകയല്ലേ ചെയ്യുന്നത് ? ഒരിക്കൽ തെറ്റാണെന്ന് കരുതിയതൊക്കെ
അങ്ങനെയല്ലെന്ന് തെളിയിക്കപ്പെട്ട ചരിത്രമല്ലേ നമുക്കുള്ളത്? ജീവനുവേണ്ടി
നിരന്തരമായി പല രീതികളിൽ പോരാടുന്ന ജീവികൾ നമ്മുടെ സമീപത്തുള്ളപ്പോൾ
,അതിലൊന്നും ശ്രദ്ധിക്കാനാകാതെ നാം സന്തോഷിക്കുന്നു.ഇത് നാം ലോകത്തെ
കാണുന്നില്ല എന്നല്ലേ സൂചിപ്പിക്കുന്നത് ?
"ശബ്ദത്തിനും
സാന്നിധ്യത്തിനുമിടയിൽ
അറിവ് പ്രവഹിക്കുകയാണ്
വരുതിയിലായ നിശ്ശബ്ദതയിൽ
അത് സംവാദപ്പെടുന്നു
അലയുന്ന വാക്കുകളിൽ
അതടഞ്ഞുപോകുന്നു "
ശബ്ദമെന്നത്
നമ്മുടെ ഭാഷയും ചിന്തയുമെല്ലാം ചേർന്നതാണ് . നമ്മുടെ മുന്നിൽ യാതൊരു
വസ്തുവിനും നിലനിൽക്കാൻ ഇതാവശ്യമാണല്ലോ. അതുകൊണ്ട് വസ്തുവിനും മനുഷ്യനും
അറിവിനുമിട യിലാണ് വ്യാഖ്യാനങ്ങളും തർക്കങ്ങളുമുള്ളത് .ഇതെല്ലാം
നിശ്ശബ്ദതയുടെ ആഗ്നേയലോകങ്ങളാണ്. മാഞ്ഞു പോകുന്ന തർക്കങ്ങൾ വേറൊരു രീതിയിൽ,
മറ്റൊരിടത്ത് , ഉയർന്നുവരുന്നു. അകന്നുപോയ സ്മൃതികൾ ,ബന്ധങ്ങൾ
മറ്റൊരിടത്ത്, മറ്റൊരു കാലത്ത് പ്രത്യക്ഷപ്പെടുന്നു.
" ദൈവം ചോദിച്ചു :
തീയിൽ നീയെത്ര
വേവും ?
ഞാൻ പറഞ്ഞു:
ഞാൻ ശുദ്ധനാകുന്നതുവരെ "
ദുഃഖിക്കുന്തോറും
നമുക്ക് ജ്ഞാനമുണ്ടാകേണ്ടതാണ്, ഓരോ പനിയും ശരീരത്തെ ശുദ്ധമാക്കുന്നതുപോലെ.
മാലിന്യം നിർമ്മാർജ്ജനം ചെയ്യാൻ ശരീരം അതിൻ്റെ വഴി തേടുമല്ലോ. രോഗം ഒരാളെ
സ്വന്തം ശൂന്യതയിലെങ്കിലും എത്തിച്ച് സമാശ്വസിപ്പിക്കാതിരിക്കില്ല.
അതുകൊണ്ട് തനിച്ചാകുകയും ശുദ്ധമാകുകയും ചെയ്യുന്നതിനെ രോഗമെന്ന്
വിളിക്കാവുന്നതാണ്.രോഗത്തിൽനിന്ന് എഴുന്നേറ്റു വരുന്ന രോഗി ,തത്ത്വത്തിൽ
,ജ്ഞാനം നേടിയവനാണ്.അവൻ മാലിന്യത്തിൽനിന്നാണ് ഉയിർത്തെഴുന്നേറ്റത്.
പൂക്കൾ മറയ്ക്കുന്ന ലോകം
"ദൈവം ചോദിച്ചു:
ഈ ജീവിതത്തിൽനിന്ന്
നിങ്ങൾ എന്താണ് നേടുന്നത് ?
ഞാൻ പറഞ്ഞു :
എന്നോട് തന്നെ
സത്യസന്ധനായിരുന്നാൽ മതി"
ജീവിതത്തിലെ
നേട്ടം സമ്പത്തോ , അധികാരമോ ആകാം എന്നു കരുന്നതുവരുണ്ട് .നമ്മുടെ മുഴുവൻ
വിദ്യാഭ്യാസവും അങ്ങനെയാണ് ചിന്തിപ്പിക്കുന്നത്. കാരണം ,ഇങ്ങനെ
പഠിപ്പിച്ചില്ലെങ്കിൽ വിദ്യാഭ്യാസത്തിനു അതിൻ്റെ വിപണിമൂല്യം
നഷ്ടപ്പെടും. അതുകൊണ്ട് വിദ്യാഭ്യാസത്തെ എപ്പോഴും ഭരിക്കുന്നത് പണവും
അധികാരവുമാണ്. വിദ്യാഭ്യാസം നേടുന്നതോടെ മനുഷ്യൻ്റെ പ്രകൃതിയിലെ പങ്കും ,
നിരുപാധികമായ സ്നേഹവും ബന്ധങ്ങളും നിസ്വാർത്ഥതയും നഷ്ടപ്പെടുകയാണ്
ചെയ്യുന്നത്. വിദ്യാഭ്യാസം നേടിയ ആളെ അയാളുടെ പൂർവകാലത്തെ നന്മകളിൽ
എത്തിച്ചു സ്വതന്ത്രമായ ആലോചനകളിലൂടെ ശുദ്ധീകരിക്കുകയാണ് റൂമി
ചെയ്യുന്നത്.
"ഞാനൊരു
മാനിനെ വേട്ടയാടി ;
എന്നാൽ എന്നെ
വേട്ടയാടാൻ വന്ന
പന്നിയെ ഞാൻ പിന്നിൽ കണ്ടു "
പിന്നിലെ കാലത്തെ, കണ്ണുകളെ ഓർമ്മിപ്പിക്കുകയാണ് കവി .നമ്മൾ തിരഞ്ഞെടുക്കുന്നതൊന്നും സുന്ദരമായിരിക്കുകയില്ല.
നമുക്ക്
നമ്മെ ഒട്ടും തന്നെ അറിയില്ല. നാം ആകൃഷ്ടരാവുന്ന നിറങ്ങൾ രാത്രിയിൽ
എവിടെയോ പോയി മറയും .ഇരുളിൽ നമുക്കായി ആരും പ്രകാശിക്കുന്നില്ല .നമ്മൾ
വഴിതെറ്റിപ്പോകുന്നത് തുടക്കത്തിൽ അറിയില്ല ;എന്നാൽ ഒടുവിൽ പിന്നിട്ട വഴികൾ
നമ്മുടെ മനസ്സിൽ തെളിഞ്ഞു വരും. ആഗ്രഹങ്ങൾ വർണക്കടലാസിൽ പൊതിഞ്ഞ
തിന്മകളാവുമോ ? പുഷ്പങ്ങൾകൊണ്ട് മൂടിയാൽ എല്ലാം കാണാൻ സുന്ദരമാണ് .എന്നാൽ
പൂക്കൾ മറയ്ക്കുക മാത്രമാണ് ചെയ്യുന്നത് .അടിയിലുള്ളതിനെ മാറ്റാനാവില്ല
.പൂക്കൾക്ക് ഇഷ്ടമില്ലാത്തതും മറയ്ക്കാൻ അത് നിർബന്ധിതമാകുന്നു. കവികളും
കലാകാരന്മാരും പൂക്കളുടെ പ്രദർശനത്തിലൂടെ എന്തെല്ലാമാണ് മറിച്ചത് ? തിന്മയെ
മറയ്ക്കുന്ന പൂക്കൾക്കും ചിലത് പറയാനുണ്ട്. പൂക്കളിലൂടെ നിർമ്മിച്ചെടുത്ത
സൗന്ദര്യ ചരിത്രമാണ് നമ്മുടേത്. അത് യഥാർത്ഥ സൗന്ദര്യമായിരുന്നോ ?
"ഈ ഏകാന്തത ഒരായിരം ജീവിതങ്ങളേക്കാൾ
മൂല്യമുള്ളതാണ്
ഈ സ്വാതന്ത്ര്യത്തിന്
ഭൂമിയിലെ മുഴുവൻ
കരയേക്കാള്ളും മൂലമുണ്ട്.
ഒരു നിമിഷമെങ്കിലും സത്യത്തോട് ചേർന്നു നില്ക്കുക .
അതിനു ലോകത്തേക്കാൾ ജീവിതത്തെക്കാൾ
മൂല്യമുണ്ട് " .
ഏകാന്തത
മൂല്യമുള്ളതാകുന്നത് ,അത് യാഥാർത്ഥ്യത്തെ അനാവരണം ചെയ്യുമ്പോഴാണ്
.സ്വാതന്ത്ര്യത്തിനു നമ്മെ ഉൾക്കൊള്ളാനാകണം. അതിൻ്റെയർത്ഥം
സ്വാതന്ത്ര്യംകൊണ്ട് നാം ചീത്തയാകരുതെന്നാണ്.എന്താണ് നാം ജീവിക്കുന്നതിൻ്റെ
അർത്ഥമെന്നു ചിന്തിക്കുന്നവനു പാഴ് വസ്തുക്കൾ ഉപേക്ഷിക്കാൻ തോന്നും.
ഉപയോഗശൂന്യമായതും ഉപദ്രവകരമായതും വലിച്ചെറിയുന്നതോടെ നമ്മുടെ ഏകാന്തതയാണ്
സ്വതന്ത്രമാകുന്നത്.
സാമൂഹികമായ അദ്വൈതം
"നിങ്ങൾ ദൈവത്തിൻ്റെ
സന്ദേശത്തെ
വ്യക്തിവൽക്കരിച്ചു കാണുന്നു
രാജാവിൻ്റെ മുഖം നിങ്ങൾ
കാണിച്ചുതരുന്നുണ്ട്.
നമ്മുടേതല്ലാത്തതായി
ലോകത്ത് ഒന്നും തന്നെയില്ല
നിങ്ങൾക്ക് എന്താണോ വേണ്ടത്,
അത് നിങ്ങളുടെ ഉള്ളിൽ അന്വേഷിക്കുക .
നിങ്ങൾ അതിൽ എത്തിച്ചേരും"
ഏതോ
പ്രേരണയാൽ നമ്മൾ അന്യമായതിനെയാണ് ജീവിതകാലമത്രയും തേടുന്നത് . ബാഹ്യമായ
പ്രലോഭനങ്ങൾ കൺമുന്നിൽ വന്നുനിൽക്കുകയാണ്. മറ്റൊന്നും കാണാനാവുന്നില്ല.
അലങ്കരിച്ച രൂപങ്ങളിൽ നാം സ്വയം ദർശിക്കാമെന്ന് വ്യാമോഹിക്കുന്നു. എന്നാൽ
അന്യമായതെല്ലാം കുറേ കഴിയുമ്പോൾ അനാവരണം ചെയ്യപ്പെടുന്നു. ഒന്നും
സ്വന്തമാക്കാനില്ലെങ്കിൽ ,എന്തും നമ്മുടെ സ്വന്തമായി കാണാനാവും .
അന്യമായതെല്ലാം നമ്മുടേതായിരുന്നുവെന്ന മിഥ്യാബോധം തകരുന്നു. ഒന്നും തന്നെ
ആവശ്യമുള്ളതല്ലായിരുന്നു. ആവശ്യമുള്ളതെല്ലാം നമ്മളിൽ തന്നെയാണ് ഇരുളിൽ
എന്ന പോലെ കഴിഞ്ഞിരുന്നതെന്ന് അറിയുന്നതോടെ പുതിയൊരു അവബോധം
ഇരച്ചെത്തുകയാണ് .അതല്ലേ സത്യബോധം? സത്യത്തെക്കുറിച്ചുള്ള തർക്കങ്ങളോ,
സന്ദേഹങ്ങളോ , സത്യത്തിന് പകരമാവില്ല. അപ്രിയമായതിൻ്റെയും
അസത്യമായതിൻ്റെയും മുന്നിൽ നാം നിരായുധരാവുകയാണ്. വ്യർത്ഥത നമ്മെ എരിച്ചു
കളയും .കാലത്തിൻ്റെ വ്യർത്ഥതയായി നമ്മൾ നിരാലംബതയിൽ ഒഴുകും .ഓരോ മനുഷ്യനും
അവനവനെ തേടേണ്ടതാണെന്ന മതസാരം ഇവിടെ കാണാം.
"നിങ്ങളുടെയുള്ളിൽ
ഒരു ജീവശക്തിയുണ്ട്.
അതാണ് തേടേണ്ടത് "
എന്താണീ
ഈ ആത്മാന്വേഷണം നേടിത്തിരുന്നത്? അത് ഒരാത്മസൗഹൃദം മാത്രമല്ല,
സാമൂഹികമായ ഒരു ചരടു കൂടിയാണ്. ബൃഹത്തായ സാമൂഹ്യചേതനയിൽ കണ്ണിചേരലാണത്
.അതിലൂടെ നാം മറ്റുള്ളവരിൽ നിന്ന് വേറിട്ടതല്ലെന്നു ബോധ്യപ്പെടുന്നു.
"നിങ്ങളുടെ ശരീരത്തിൽ
ഒരു രത്നമുണ്ട്.
അത് തേടുക "
രത്നം
എന്നത് അമൂല്യമായ ഈ അറിവാണ്. നമ്മൾ ഏകാകികളായിരിക്കാം; എന്നാൽ സാമൂഹികമായ
അദ്വൈതത്തിൽ നമ്മൾ കൈകൾ പരസ്പരം കോർത്ത് നിൽക്കുന്നവരാണ് .എല്ലാവരുടെയും
കാര്യങ്ങൾ നമ്മെ തൊട്ടുനിൽക്കുകയാണ് .കൈകൾ പന്തങ്ങളാണ്; അനേകർക്ക്
കൊളുത്തിയെടുക്കാനുള്ള പന്തങ്ങൾ .
"യാത്രികാ ,നിങ്ങൾ തേടുന്നത്
എന്തായാലും
പുറത്തു പരതിയിട്ട് കാര്യമില്ല
നിങ്ങളുടെ ഉള്ളിൽ അന്വേഷിച്ചു
കണ്ടെത്തുക "
സമ്പത്തും
പ്രേമവും രതിയും മോഹവും സ്വപ്നവുമെല്ലാം നമ്മൾ പുറത്താണല്ലോ തേടുന്നത്
.തെളിഞ്ഞ ആഗ്രഹങ്ങൾ പൂർത്തീകരിക്കാനായി നമ്മൾ യാത്രചെയ്യുന്നു, ശൂന്യമായ
ഒരാശയത്തിലേക്ക് നാം പറക്കുന്നു. എന്നാൽ പറക്കലിൻ്റെ ഒടുവിൽ തേടിയതെല്ലാം
വേദനകളായിരുന്നുവെന്നു തിരിച്ചറിയുന്നു. ജീവിതത്തിൻ്റെ ഐഹികമായ ഈ ചര്യകൾ
മനുഷ്യനെ വലിഞ്ഞു മുറുക്കിയിരിക്കുന്നു. ഹൃദയം തുറക്കാനാവാത്ത വിധം
മനുഷ്യർ അവരിൽ തന്നെ ബന്ധിതരായിരിക്കുന്നു ,ബാഹ്യപ്രലോഭനങ്ങൾ മൂലം .
ഈ കാഴ്ചകൾ ആരുടേത് ?
"ഞാൻ എവിടെ നിന്നാണ്
വരുന്നത്?
എന്താണ് ഞാനിവിടെ ചെയ്യുന്നത് ?
ഒരു പിടിയുമില്ല.
എൻ്റെ ആത്മാവ് വന്നത്
മറ്റെവിടെ നിന്നെന്തെങ്കിലുമാവാം
ഈ അന്വേഷണം ഇവിടെവെച്ച് മതിയാക്കാം "
ഞാനാരാണ്
എന്ന ചോദ്യം ലോകത്തിലെ ഏറ്റവും മികച്ച കവിതയാണ്. കാരണം, ആ ചോദ്യത്തിന്
ഉത്തരമില്ല. ചോദ്യമാകട്ടെ അത്യപൂർവമായ ലാവണ്യത്തോടെ പ്രശോഭിക്കുകയാണ് .നാം
എവിടെ നിന്നു വന്നു ?ആർക്കും അതിനു ഒരുത്തരമില്ല .മഹാബുദ്ധിശാലിയായ
മനുഷ്യന് പൂർവകാലത്തെക്കുറിച്ച് ഒന്നുമറിയില്ല. നാഡികളോ ,രക്തമോ ജീനുകളോ
ഒന്നും ഇതുവരെ ആ രഹസ്യം കണ്ടുപിടിച്ചിട്ടില്ല.
"എൻ്റെ കണ്ണുകളിലൂടെ
ആരാണ് നോക്കുന്നത് ?
എന്താണ് എൻ്റെ ആത്മാവ്?"
'ഞാനാ'രാണെന്ന്
അറിയാത്തത് മനുഷ്യൻ്റെ എന്നത്തെയും നിസ്സഹായതയാണ് .ശാസ്ത്രമൊക്കെ അവിടെ
തോറ്റുപോയിരിക്കുന്നു. ആയിരം വർഷം മുമ്പ് മൺമറഞ്ഞ ഒരാളുടെ അസ്ഥികൂടം
പരിശോധിച്ച് അയാളുടെ യഥാർത്ഥ മാംസശരീരം എങ്ങനെയായിരുന്നുവെന്ന്
കണ്ടെത്താൻ കഴിയുമായിരിക്കും. പക്ഷേ ജനനത്തിനു മുൻപ് എന്താണ്? ഞാൻ
നോക്കുകയാണോ എൻ്റെ കണ്ണുകളിലൂടെ? അല്ലെങ്കിൽ മറ്റാരെങ്കിലും നോക്കുകയാണോ
?ഈ കാണൽ ഒരു വിധിയായിരുന്നോ ? ഞാൻ ഈ കാണലുകൾക്ക് എങ്ങനെ യോഗ്യനായി ?
"രണ്ടു തരം അറിവുകളുണ്ട്
ഒന്ന്, സ്കൂളുകളിൽനിന്നും പുസ്തകങ്ങളിൽനിന്നും
ലഭിക്കുന്നത് .
രണ്ട് ,നിങ്ങളുടെയുള്ളിൽ
നിങ്ങൾ തന്നെ ആർജിച്ചതും
നിങ്ങളിൽ തന്നെ സൂക്ഷിക്കപ്പെടുന്നതും .
ഇത് ഒരുറവപോലെയാണ് .
അത് നെഞ്ചിനുള്ളിലെ
ശൂന്യതയാണ് "
സ്കൂളുകളിൽനിന്ന്
പഠിച്ച അറിവുകൾ സഹപാഠികളെപോലും സാമ്പത്തികമായി വേർതിരിവുകളിലൂടെ
നോക്കാനാണ് പഠിപ്പിക്കുന്നത്. കാരണം ,കുത്തിവയ്ക്കപ്പെടുന്ന ലക്ഷ്യങ്ങളും
മൂല്യചിന്തകളും അത്തരത്തിലുള്ളതാണ്. അധികാരം ,ശ്രേണി, ജാതി,മതം തുടങ്ങിയ
വേലിക്കെട്ടുകൾ മനുഷ്യാസ്തിത്വത്തിൻ്റെ അവിഭാജ്യഘടകമാണെന്ന്
പ്രചരിപ്പിക്കുന്നുണ്ട്. ഇതെല്ലാമാണ് വിദ്യാഭ്യാസത്തിൻ്റെ ആകെത്തുകയെങ്കിൽ
അതൊരു വലിയ പരാജയമാണ്.
"വേദന എന്താണെന്ന് അറിയുന്നതുവരെ
നിങ്ങൾക്ക് രോഗശാന്തി
ലഭിക്കുകയില്ല.
ജീവിതത്തെ പരിത്യജിക്കുന്നതുവരെ പരമമായ ആത്മാവുമായി
നിങ്ങൾക്ക് ചേരാനാവില്ല "
ഇവിടെ
ആത്മാവെന്നു പറയുന്നത് ജ്ഞാനസുഖമാണ്. ജ്ഞാനത്താൽ സുഖമനുഭവിക്കുക. അതു
തന്നെയാണ് ദൈവികത .എല്ലാം നമ്മുടെ കൈപ്പിടിയിലാക്കുന്നതാണ് സൗഖ്യമെങ്കിൽ
നിരാശപ്പെടേണ്ടി വരും. കാരണം, എല്ലാ ഭൗതികമായ സുഖങ്ങളും ദുഃഖങ്ങളും
പ്രശ്നാധിഷ്ഠിതമാകയാൽ താത്ക്കാലികമാണ് ;ഒരു നാൾ ക്ഷയിക്കും. മനുഷ്യൻ്റെ
സുഖം ആപേക്ഷികമാണ്. മനസ്സിന് സുഖം നഷ്ടപ്പെടാൻ ശരീരം കാരണമാകും
.ശരീരസുഖങ്ങൾ മായയാണ്. അത് ദുഃഖമാണ് കൊണ്ടുവരുന്നത്. പിന്നെ എന്ത് സുഖമാണ്
സ്ഥായിയായിട്ടുള്ളത്? ജ്ഞാനസുഖം ഭൗതികമായ സുഖത്തിലും ദു:ഖത്തിലും
നിലനില്ക്കുന്നു. തീവ്രമായ ജീവിതാവസ്ഥയെക്കുറിച്ചുള്ള അറിവ് നേടാൻ
ആത്മപീഢയനുഭവിക്കേണ്ടി വരും .അത് വിമോചനമാണ് .മിഥ്യകൾ സമീപത്തു
തന്നെയുണ്ടെന്ന ധാരണയാണ് തകരുന്നത്.
ആശകളിൽ ആടിയുലഞ്ഞ്
"നിങ്ങളുടെയുള്ളിലാണ്
തീയുള്ളത് "
തീയുണ്ടെങ്കിലേ
വെളിച്ചമുണ്ടാക്കാനാവൂ ;കത്തിക്കാനല്ല.മനസ്സിലെ തീ ജീവിതത്തിൽ
ജ്വലിക്കാനുള്ളതാണ്. സ്വയം ആരാണെന്നറിയാത്തത് ഒരു അന്ധതയാണ്. ആ അന്ധതയിൽ
വെളിച്ചമാകുന്നത് മനസ്സിലെ തീയാണ്; അകക്കണ്ണാണത്. ഉള്ളിലെ കണ്ണുകൾ
കാണുന്നത്,
കാല,ദേശങ്ങൾക്കപ്പുറത്താണ്. ഏതു കാലത്ത് ജീവിക്കുന്നതും ഒരുപോലെയാണ്.
ശാസ്ത്ര,സാങ്കേതിക സൗകര്യങ്ങളിലാണ് ഈ തലമുറ ഊറ്റംകൊള്ളുന്നതെങ്കിൽ ,
ഇതിനെല്ലാമുള്ള സ്വീകാര്യമായ ബദലുകൾ പണ്ടും ഉണ്ടായിരുന്നു. മനസ്സ്
ചിതറിയതാണ് പുതിയ കാലത്തെ ദുരന്തം .
"നമ്മൾ ചിന്തിക്കുന്നതൊന്നും
ഭാവനയല്ല.
അത് സന്തോഷമോ
ദുഃഖമോ അല്ല.
അത് വരുന്നു, പോകുന്നു,
എന്നാൽ നിലനിൽക്കുന്നില്ല"
മനുഷ്യനു
ഭാവനചെയ്യാൻ കഴിയാത്തതായി യാതൊന്നുമില്ല. മാർക്ക് ഷഗ്ഗാലി (Marc Chagall)
ൻ്റെയും മറ്റും ചിത്രങ്ങൾ അത് ബോധ്യപ്പെടുത്തുന്നുണ്ട്. അയാഥാർത്ഥമായ
ലോകത്തിൻ്റെ മാനുഷികമായ സാധ്യതകളാണ് ഷഗ്ഗാൽ തേടിയത്. ഭാവന ചെയ്താലും ഒന്നും
സംഭവിക്കുന്നില്ല. ഭാവനയുടെ ഒടുവിൽ മറ്റൊരു യാഥാർത്ഥ്യമാണ്
കാത്തിരിക്കുന്നത്. ഒരു പുഴയുടെ ഒഴുക്ക് പോലെയാണ് മനുഷ്യഭാവനയും
യാഥാർത്ഥ്യങ്ങളും .അതു കൂടിക്കുഴഞ്ഞ് ഒഴുകുകയാണ്, പരസ്പരം
തെറ്റിദ്ധരിപ്പിച്ച് .അവയിൽ ഏതിലാണ് സുരക്ഷിതത്വമെന്നത് നൈമിഷികമായ
കാര്യമാണ്.
"സങ്കടങ്ങളൊഴിഞ്ഞ് ,
പ്രതിബിംബമില്ലാത്ത
കണ്ണാടിപോലെ
ഹൃദയം ശുദ്ധമാകട്ടെ ,
ഒരു തെളിഞ്ഞ
കണ്ണാടിയാകണമെങ്കിൽ
നിങ്ങളിൽതന്നെ
ചേർന്നു നില്ക്കുക " .
ഹൃദയത്തിലെ
മോഹങ്ങളും സങ്കടങ്ങളുമാണ് വഴിയടച്ചുകളയുന്നത്. ആശകൾ മനുഷ്യനെ മറ്റൊരു
വഴിക്ക് നടത്തിക്കുന്നു .മനസ്സിൽ സംഘർഷങ്ങളും സന്ദേഹങ്ങളുമൊഴിഞ്ഞ്
നാമെന്നു ശുദ്ധി നേടും?. എത്ര നദികളിൽ സ്നാനം ചെയ്താലും ശരീരമല്ലാതെ
മറ്റൊന്നും വൃത്തിയാകുന്നില്ല. പക ,അസൂയ, ദേഷ്യം ആർത്തി ഇവയൊന്നും നദിയിലെ
ജലത്തിന് ഇല്ലാതാക്കാനാവില്ല. മനസ്സ് അതുപോലെ തന്നെ തുടരുകയാണ്. മനസ്സിൽ
പരിവർത്തനത്തിന് അവിടെ തന്നെ വിപ്ളവമുണ്ടാകണം.
ചിന്തകൾ രോഗിയാക്കുന്നു
"ഹൃദയം രഹസ്യങ്ങൾ
സൂക്ഷിക്കുന്നു ,
എന്നാൽ കണ്ണാടിക്ക്
അതിനു കഴിയില്ല "
കണ്ണാടി
ഒന്നും ഒളിപ്പിക്കുകയില്ല. അതിനു പക്ഷഭേദമില്ല .അത് ഏതിനെയും
പ്രതിഫലിപ്പിക്കുക എന്ന കർമ്മം ചെയ്യുന്നു. അത് ആരുടെയും രഹസ്യം
സൂക്ഷിക്കുന്നില്ല. മനുഷ്യനാകട്ടെ കണ്ണാടിയേക്കാൾ ചീത്തയാണ്. എല്ലാ
മാലിന്യങ്ങളും പേറുന്നു ; ഒളിപ്പിച്ചു വയ്ക്കുകയും ചെയ്യുന്നു .റഷ്യൻ
-യുക്രെയ്ൻ യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ സാധാരണക്കാരനായ ഒരാൾ
മനസ്സിലാക്കുന്നത് എന്താണ്? മനുഷ്യൻ അവൻ്റെ മനസ്സിലെ താൽക്കാലിക
വികാരങ്ങളാൽ ,തിന്മകളാൽ നശിച്ച ഒരു ജീവിയാണ്. ആർക്കും
പരിവർത്തനപ്പെടുത്താനാവാത്ത ജീവി.
"ഞാൻ എന്നെ സ്നേഹിക്കുന്നുണ്ടെങ്കിൽ ,
ഞാൻ നിന്നെ സ്നേഹിക്കുന്നു .
ഞാൻ നിന്നെ സ്നേഹിക്കുന്നുണ്ടെങ്കിൽ ഞാൻ എന്നെയും സ്നേഹിക്കുന്നു "
സ്നേഹിക്കുന്നത്
ഒരു മാറ്റത്തിന് കാരണമാകുന്നുണ്ടോ ? യേശുക്രിസ്തുവിനുപോലും മനുഷ്യരാശിയെ
സ്വാധീനിക്കാനായില്ല . അക്രമരാഹിത്യമാണല്ലോ യേശുവിൻ്റെ ആദർശം .മനുഷ്യൻ
പക്ഷേ ,അക്രമിയായി തുടരുന്നു. അവനവനെ സ്നേഹിക്കുമ്പോൾ അപരനെയും
സ്നേഹിക്കണം. അപരനെ സ്നേഹിക്കുമ്പോൾ നാം നമ്മെയും ഇഷ്ടപ്പെടുന്നു .അങ്ങനെ
സ്നേഹം ഒന്നായിത്തീരുന്നു. ഇവിടെ സ്നേഹം കുറയ്ക്കാനോ കൂട്ടാനോ സാധ്യമല്ല .
"നിങ്ങളെ ഭയപ്പെടുത്തുന്നതും
ദു:ഖിപ്പിക്കുന്നതുമെല്ലാം
അവഗണിക്കുക ,
അല്ലെങ്കിൽ അതെല്ലാം
നിങ്ങളെ രോഗത്തിലേക്കും
മരണത്തിലേക്കും
എത്തിക്കും" .
നാം
കൊണ്ടുനടക്കുന്ന ചിന്തകൾ നമ്മെ രോഗിയാക്കുന്നു; നമ്മുടെ ചിന്തകളിലാണ്
ഊർജ്ജമുണ്ടാവേണ്ടത് .ഭയം ,ദുഃഖം എന്നിവ മനുഷ്യമനസിനെ മലിനപ്പെടുത്തുകയാണ്. ആ
മാലിന്യം ചുമക്കുമ്പോൾ വീക്ഷണം മാറിപ്പോകുന്നു. മനുഷ്യൻ അവനിൽ തന്നെ
കേന്ദ്രീകരിക്കുകയും ലക്ഷ്യമില്ലാതാവുകയും ചെയ്യുന്നു. അതിൻ്റെയർത്ഥം,
രോഗാവസ്ഥ ഒരാഗ്രഹത്തിൽ നിന്നുണ്ടാകുന്നു എന്നാണ്. നമ്മെ പിന്നോട്ട്
പിടിച്ചുവലിക്കുന്നതും വെളിച്ചത്തിലേക്ക് എത്തിച്ചേരാൻ
തടസ്സപ്പെടുത്തുന്നതുമായ യാതൊന്നിനെയും പിന്തുടരരുത്; അതിൽ
നിന്നുണ്ടാകുന്ന ഫലം ദുരനുഭവമായിരിക്കും .
പ്രകൃതിയെ ആലപിക്കുന്നു
"പക്ഷികളുടെ പാട്ടു
പാടാനാണ് എനിക്കിഷ്ടം;
അത് കേട്ടു ദുഃഖിക്കുകയോ ചിന്തിക്കുകയോ ചെയ്യാനില്ല"
പക്ഷികളെപോലെ
ശുദ്ധമായി ,ഹൃദ്യമായി പാടാൻ നമുക്കാവില്ലല്ലോ .അവ കൃത്രിമമായി, ചിന്തിച്ചു
ഒന്നും തന്നെ അതിൽ ചേർക്കുന്നില്ല .പ്രകൃതി നല്കിയതാണ് അത് ആലപിക്കുന്നത്.
അതിൻ്റെ ആലാപനം ലോകത്തിനു ആശ്വാസം പകരുന്നു. അത് പാടുക മാത്രമല്ല ,ഒരാശയ
,വൈകാരിക വിനിമയത്തിൻ്റെ ജ്ഞാനസുഖം നേടുകയുമാണ്. മനുഷ്യൻ്റെ ആസക്തവും
നാശോന്മുഖവുമായ അധിനിവേശങ്ങളുടെ പരിണാമം ശൂന്യതയാണെന്നും അതിൽ നിന്ന്
പിന്തിരിയുകയാണ് സംഗീതം ആസ്വദിക്കാനുള്ള പ്രാഥമികമായ മാർഗമെന്നും
അതിൽനിന്നും മനസ്സിലാക്കാം. എങ്കിലും ആ പാട്ട് ശരിക്കും ഒരാശയമല്ല;
ലോകത്തെ ഉപാസിക്കുന്നത് സ്നേഹം തന്നെയാണ്.
"ലോകത്തെ സ്നേഹിച്ചവനും
അറിവിനെ സ്നേഹിച്ചവനും
ഒരിക്കലും തൃപ്തനാവില്ല "
സേവിക്കുന്നതും
ഉപാസനയാണ്. ഉപാസിക്കുമ്പോൾ അഹം മാഞ്ഞുപോകുന്നു .തന്നിൽ നിന്നു അഹത്തെ
മാറ്റുമ്പോൾ സ്നേഹത്തിൻ്റെ ഉപാസനയുണ്ടാകുന്നു. എപ്പോഴും ദുഷിച്ചു
പോകാവുന്ന ഒരു മനസ്സുമായി നടക്കുന്ന മനുഷ്യനു സ്നേഹിക്കുമ്പോഴാണ്
അർത്ഥമുണ്ടാകുന്നത് .റൂമി ഉപദേശിക്കുന്നത് ,നിശ്ചിതവും ഹ്രസ്വവുമായ
ജീവിതത്തിൽ ഉണർന്ന മനുഷ്യന് എങ്ങനെ തൻ്റെ ദിനവേലകളെ പ്രാപഞ്ചികമായ ഒരു
സത്തയിലേക്ക് ഉയർത്താമെന്നാണ്.
"ഞങ്ങൾ പുല്ലാങ്കുഴലിനെ പോലെയാണ് ,
അതിനുള്ളിലെ സംഗീതം
നീ തന്നതാണ് .
ഞങ്ങൾ പർവ്വതത്തെപോലെയാണ്
അതിലെ പ്രതിധ്വനികൾ
നിന്നിൽ നിന്നാണ് വരുന്നത് "
മനുഷ്യാസ്തിത്വം
പൂർവ്വനിശ്ചിതമല്ലെന്നും പിറന്നു വീണശേഷം ഒരോരുത്തരും അവരവരുടെ സ്വന്തം
തിരഞ്ഞെടുപ്പുകളിലൂടെ ഒരു വിധി തേടുകയാണ് ചെയ്യുന്നതെന്നുമുള്ള
ചിന്തയുണ്ട്.
എന്നാൽ റൂമി അത് അങ്ങനെയല്ല കാണുന്നത്.
വെളിച്ചത്തിനുവേണ്ടി എവിടേക്കും നോക്കണമെന്നാണ് വിവക്ഷ. നമ്മൾ എന്താണോ ,
അതിൽ സർവ്വാതിശായിയായ അത്ഭുതങ്ങൾ സന്നിവേശിപ്പിച്ചിട്ടുണ്ട്. കലകളും
സിദ്ധികളും സ്നേഹവും കാരുണ്യവുമെല്ലാം ഈ അത്ഭുതങ്ങളിൽപ്പെടുന്നു. നാല്
ദേശക്കാർ കൈയിൽ ആകെയുള്ള ഒരു നാണയംകൊണ്ട് മുന്തിരിപ്പഴം വാങ്ങാൻ നാലു
ഭാഷയിൽ ആഗ്രഹം പ്രകടിപ്പിച്ചതിനെപ്പറ്റി ഒരു സംഭവം റൂമി
വിവരിച്ചിട്ടുണ്ട് .നാലു ഭാഷയിലുള്ള വാക്കുകളാണ് അവർ പറയുന്നത്, അവരുടെ
ഭാഷയിലെ വാക്കുകൾ എന്ന നിലയിൽ .എന്നാൽ ഓരോരുത്തരും പറയുന്നത്
മറ്റുള്ളവർക്ക് മനസ്സിലാകുന്നില്ല. വാദപ്രതിവാദങ്ങളുയർന്നു . നാലുപേരും
വ്യത്യസ്ത വസ്തുക്കളാണ് ആവശ്യപ്പെടുന്നതെന്ന ധാരണയിലാണ് തർക്കം .ഒരു
വഴിപോക്കൻ തർക്കം പരിഹരിക്കാമെന്ന് പറഞ്ഞ് അവരെ അടുത്തുള്ള ഒരു കടയിൽ
കൊണ്ടുപോയി മുന്തിരിപ്പഴം വാങ്ങിക്കൊടുത്തപ്പോൾ തർക്കം അവസാനിച്ചു.
അതുകൊണ്ട് ഭാഷയിലും വേഷത്തിലും വിശ്വാസത്തിലും വ്യത്യാസപ്പെടുന്നു എന്ന
കാരണത്താൽ നമുക്ക് ഒരേയൊരു ലക്ഷ്യമാണുള്ളതെന്ന കാര്യം വിസ്മരിക്കരുത്.
ഉറവിടത്തിൽനിന്നു വേർപെടാതെ
"നിഗൂഢതകളെക്കുറിച്ചുള്ള
അറിവ്
ശൂന്യമായ മനസ്സിൽനിന്നാണ് ഉണ്ടാകുന്നതെങ്കിൽ
അത് മനസ്സിൻ്റെ പ്രകാശമാണ് " .
പൂർവ്വനിശ്ചിതമായ
പക്ഷഭേദങ്ങളിൽ നിന്ന് വിടുതൽ നേടിയാൽ സ്വാതന്ത്ര്യം കിട്ടും .അതു നമ്മെ
ഉപാധികളില്ലാതെ സംയോജിപ്പിക്കും.വേർപിരിയാൻ കാരണങ്ങളില്ലാത്തവരായി
മാറുകയാണ് മാനവരാശിയുടെ ലക്ഷ്യമായി കാണേണ്ടത്. ഉറവിടത്തിൽനിന്ന് വേർപെട്ട്
കാരണമറിയാതെ, ദിക്കു തെറ്റി അലയുന്നവരായാൽ മാനവജീവിതത്തിനു
സാംസ്കാരികമഹത്വം നഷ്ടപ്പെടാനിട യാക്കും. ഒരൊറ്റ ജനത എന്ന ആശയമാണ് റൂമി
മുന്നിൽ കാണുന്നത്. അതാകട്ടെ ,മതപരമോ, ദേശീയമോ ആയ ഒരുമയല്ല ; സ്വതന്ത്രമായ
മനുഷ്യാത്മാവിൻ്റെ രമ്യതയാണ്.
"നിങ്ങൾ ഇവിടെ വന്നത്
ഒരു നക്ഷത്രത്തെപോലെ
പേരില്ലാതെയാണ് .
രാത്രിയിലെ ആകാശത്തിനു നേർക്ക്
സഞ്ചരിക്കൂ ,
അജ്ഞാതമായ പ്രകാശധൂളികളെ
ഒപ്പം കൂട്ടുക " .
ഈ
വാക്കുകളിൽ ആ സ്വാതന്ത്ര്യത്തിൻ്റെ ആഹ്ലാദകരമായ, അതിശയകരമായ ആകാംക്ഷ
തുടിക്കുകയാണ്. സ്വാതന്ത്ര്യമുള്ളപ്പോൾ തന്നെ വല്ലാത്ത ജിജ്ഞാസ
ഘനീഭവിക്കുകയാണ് .ഏതോ വ്യാമിശ്രമായ പ്രപഞ്ചലോകങ്ങളുമായി നിഗൂഢമായി
ആശയവിനിമയം നടത്തുന്ന മാനവമനസ്സ് ഒരു സവിശേഷസംഗീതസഭയാണെന്ന്
ഉൾകൊള്ളുന്നവരാണ്, ഈ ജീവിതത്തെ ഗൗരവമായെടുക്കുന്നത്.നൈമിഷികമായ
സംസാരജീവിതത്തെ സാരവത്തായ അന്വേഷണമാക്കി അവർ രൂപാന്തരപ്പെടുത്തുന്നു.
"സൂര്യദേവൻ !
അതു പറയണ്ട .
ദൈവം ഒന്നേയുള്ളൂ .
ശുദ്ധമാണത് ,
ഏകസത്യം"
ഏകദൈവത്തിൻ്റെ
അനിഷേധ്യമായ സത്യത്തിലെത്താതെ വേറൊരു സാധ്യതയില്ല .ദൈവത്തിനു പ്രത്യേക
ഭൂവിഭാഗത്തിൻ്റെ മാത്രം മേൽനോട്ട മോ ,ചില പ്രത്യേക വർഗത്തിൻ്റെ മാത്രം
പരിപാലനമോ സാധ്യമാകുകയില്ലല്ലോ. അപ്പോൾ ആ ശക്തിയെ ദൈവം എന്ന വാക്കിൻ്റെ
വ്യാപ്തിയിൽ കാണാൻ പ്രയാസമായിരിക്കും. ദൈവത്തിന്നു എല്ലാറ്റിനെയും ചൂഴ്ന്നു
നില്ക്കാതെ തരമില്ല .ദൈവത്തിന് പല പേരുകളും അർത്ഥങ്ങളും ഉണ്ടാകാമെങ്കിലും,
അസ്തിത്വപരമായി പലതാകാൻ കഴിയില്ല.ഒരു ദൈവത്തിനു മാത്രമേ എല്ലാറ്റിലും
ഒരുപോലെ വസിക്കാനാകൂ .നമ്മുടെ സ്നേഹവും നന്മയും ദൈവവുമായി
ബന്ധപ്പെടുത്തുന്നതിൽ അർത്ഥമുണ്ട്.
പ്രേമിക്കുമ്പോൾ സ്വാതന്ത്ര്യം
"ഒരു സൂഫിയെ
സൃഷ്ടിക്കുന്നതെന്താണ് ?
ഹൃദയശുദ്ധി .
എടുത്തുകെട്ടുകളോ
തലതിരിഞ്ഞ മോഹങ്ങളോ അല്ല "
ഹൃദയശുദ്ധി
ഉള്ളവർക്ക് മാത്രമേ പരമമായ പൊരുളിനു നേർക്ക് നിർവ്യാജമായി നോക്കി
,യാതൊന്നും സമ്പാദിക്കണമെന്ന മോഹമില്ലാതെ നിശ്ശബ്ദതയെ അറിയാനൊക്കൂ .
ഒന്നിലും കെട്ടിയിടപ്പെടാതിരിക്കുന്നതാണ് മനസ്സിനു സ്വാതന്ത്ര്യം
നല്കുന്നത്. ഒന്നിനും ആധിപത്യമില്ലാത്തവർ പ്രകൃതിയോടാണ് അടുക്കുന്നത്.
പ്രകൃതിയുടെ നീതിയാണത്. പ്രകൃതി ഒന്നിനെയും അന്തിമമായി
അധികാരപ്പെടുത്തുന്നില്ല. വലിയ വൃക്ഷങ്ങൾ ഉണ്ടെങ്കിലും അവയ്ക്കും
അന്ത്യമുണ്ട്. വലിയ വൃക്ഷങ്ങൾ ഉള്ളപ്പോഴും ചെറിയ സസ്യങ്ങൾക്ക് യഥേഷ്ടം
വളരാം.
" പ്രേമിക്കുമ്പോൾ
ഒരു ഇരയാകുക ;
വേട്ടക്കാരനാകണ്ട .
ഒരു മെഴുകുതിരിയായി നടിക്കാതിരിക്കുക;
ഒരു പ്രാണിയാവുക .
എങ്കിൽ ജീവിതം ആസ്വദിക്കാം;
സേവിക്കുമ്പോഴുള്ള
ശക്തി തിരിച്ചറിയാം"
പ്രേമിക്കുമ്പോൾ
എല്ലാം വിട്ടുകൊടുക്കുന്നതാണ് സ്വാതന്ത്ര്യം. എന്തിലെങ്കിലും
പിടിമുറുക്കുന്നത് ബന്ധനമാണ്. നദികൾ ഒഴുകട്ടെ. ജലത്തിൻ്റെ ഒഴുക്ക്
വിശ്രാന്തിയാണ് ,പുനർജനനമാണ് ,ലയമാണ്. അത് ഹൃദയത്തിൻ്റെ മമതയാണ്.
പ്രേമിക്കുമ്പോൾ ആരെയും നാം രക്ഷപ്പെടുത്തുകയാണെന്നു കരുതേണ്ട.
പ്രേമിക്കുന്നവനാണ് രക്ഷപ്പെടുന്നത്.
ശരിതെറ്റുകൾക്ക് പുറത്താണ് യഥാർത്ഥ പ്രകൃതി എന്ന് റൂമി പറയുന്നു:
Out beyond ideas of
Wrongdoing and rightdoing,
There is a field.
I'will meet you there.
When the soul lies down in that grass,
The world is too full to talk about.
Ideas, language, even the phrase each other
Doesn't make any sense
ഭാഷ തന്നെ അപ്രസക്തമാകുന്നു.