എം.കെ.ഹരികുമാർ വായനാവാരം ഉദ്ഘാടനം ചെയ്യുന്നു. |
എം.കെ.ഹരികുമാർ വായനാവാരം ഉദ്ഘാടനം ചെയ്യുന്നു. |
കൂത്താട്ടുകുളം ,പാലക്കുഴ :വിദ്യാഭ്യാസത്തിലൂടെ എത്ര ധനമോ പദവിയോ നേടിയാലും അനുകമ്പയുള്ള മനസ്സ് നിലനിർത്താനായില്ലെങ്കിൽ അതിനെ പരാജയമായി കാണണമെന്നു പ്രമുഖ കോളമിസ്റ്റും എഴുത്തുകാരനും വിമർശകനുമായ എം.കെ.ഹരികുമാർ അഭിപ്രായപ്പെട്ടു .
പാലക്കുഴ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ പ്രവേശനോത്സവത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .
വിദ്യാഭ്യാസം അവിദ്യാഭ്യാസമാവാതെ നോക്കേണ്ടതുണ്ട്. വിദ്യാഭ്യാസത്തിൻ്റെ സദ്ഫലങ്ങളാണ് പ്രധാനം .ജോലി നേടുകയും കുടുംബമണ്ടാവുകയും ചെയ്യുന്നത് സ്വാഭാവികമായ കാര്യമാണ്. തൊഴിൽ പരിശീലനം നേടുന്നവർക്കെല്ലാം ജോലി കിട്ടും. എന്നാൽ അതിനപ്പുറം എന്താണ് ചെയ്യാനുള്ളതെന്നു ആലോചിക്കണം. സിലബസിന് പുറത്ത് മറ്റാരു സിലബസ് വ്യക്തിപരമായി തേടുകയാണ് അഭികാമ്യം. ലോകത്തിലെ മികച്ച പുസ്തകമോ സിനിമയോ പെയിൻറിംഗോ നമുക്ക് ആരും നിഷേധിച്ചിട്ടില്ല. അതിൻ്റെ അനുഭവത്തിനു പകരം നിസ്സാരമായ കാര്യങ്ങൾക്ക് വേണ്ടിയല്ല ഹൈടെക് സാങ്കേതികവിദ്യ ഉപയോഗിക്കേണ്ടത്. ലോകവിജ്ഞാനത്തിലേക്കും സാഹിത്യത്തിലേക്കും നമ്മെ പരിചയപ്പെടുത്തുന്ന ഉപകരണമാണ് മൊബൈൽ ഫോൺ. എന്നാൽ ആ രീതിയിൽ അത് എത്ര പേർ ഉപയോഗിക്കുന്നുണ്ട് ?ഇന്ത്യയിലെ ഏറ്റവും വലിയ സംവിധായകനായ സത്യജിത് റായിയുടെ പേര് കേൾക്കാതെ ഒരാൾ പത്താംക്ലാസ് പാസായി പോകുന്നുണ്ടെങ്കിൽ അത് വലിയ തിരിച്ചടിയാണ് .ലോകത്തിലെ മികച്ച നൂറ് സിനിമകൾ ബ്രിട്ടീഷ് സിനിമാവിമർശകനായ ഡെറക് മാൽക്കം തിരഞ്ഞെടുത്തപ്പോൾ അതിൽ ഇന്ത്യയിൽ നിന്ന് റായിയുടെ ‘പഥേർ പാഞ്ചാലി’ മാത്രമാണ് ഉൾപ്പെട്ടത് -ഹരികുമാർ പറഞ്ഞു.
സാങ്കേതികവിദ്യയിലൂടെ നമുക്ക് എങ്ങനെ ഉള്ളടക്കവും ആവിഷ്കാരവും വികസിപ്പിക്കാമെന്നാണ് ആലോചിക്കേണ്ടത്. സൗജന്യമായി ഇംഗ്ളീഷ് പുസ്തകങ്ങൾ വായിക്കാനുള്ള ഒരു ഉപകരണമാണ് മൊബൈൽ ഫോൺ . ലോകവിജ്ഞാനമാണ് അതിലുള്ളത്. അതിൽ എഴുതാൻ സംവിധാനമുണ്ട്. വനം വെട്ടി നശിപ്പിച്ചു കടലാസ് ഉണ്ടാക്കി നമുക്ക് അധികകാലം മുന്നോട്ടുപോകാനാവില്ല .കടലാസുരഹിത സംസ്കാരത്തിൻ്റെ ആധുനിക സാങ്കേതികരൂപമാണ് മൊബൈൽ ഫോൺ. യാഥാസ്ഥിതിക രക്ഷിതാക്കളുടെയും അദ്ധ്യാപകരുടെയും വേലിക്കെട്ടുകൾ തകർത്തുകൊണ്ട് മൊബൈൽ കുട്ടികളിലേക്ക് എത്തിച്ചേരാൻ ഇടയാക്കിയത് കോവിഡ് വ്യാപനമാണ് .സിലബസിനു പുറത്ത് സ്വന്തം വിജ്ഞാനം നേടി വളരാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്- ഹരികുമാർ വിശദീകരിച്ചു.
അഹംബോധത്തിൻ്റെ സർഗാത്മകത, ചിന്തകൾക്കിടയിലെ ശലഭം , ആത്മായനങ്ങളുടെ ഖസാക്ക് തുടങ്ങിയ തൻ്റെ ഗ്രന്ഥനാമങ്ങൾ ചില അനുവാചകരെയെങ്കിലും അസ്വസ്ഥപ്പെടുത്തിയിട്ടുണ്ടാകാമെന്നു അദ്ദേഹം പറഞ്ഞു. പഠിച്ച സിലബസ് വിട്ട് മറ്റു വഴികൾ അന്വേഷിക്കുകയാണ് താൻ ചെയ്തത്. ‘മനുഷ്യാംബരാന്തങ്ങൾ’ എന്ന് ഒരു പുസ്തകത്തിന്നു ഞാൻ പേരിട്ടപ്പോൾ പുനത്തിൽ കുഞ്ഞബ്ദുള്ള അതിനെതിരെ ഭാഷാപോഷിണിയിൽ ലേഖനമെഴുതി. പിന്നീട് അമേരിക്കയിൽ ചേർന്ന സാഹിത്യസമ്മേളനത്തിലും അദ്ദേഹം അതിനെതിരെ വിമർശനമുന്നയിച്ചു .അന്ന് അവിടെ ഉണ്ടായിരുന്ന ഒരു മലയാളി കവിയാണ് അതിനു മറുപടി പറഞ്ഞത്.എന്നാൽ ഈ ഗ്രന്ഥനാമം തൻ്റെ സാഹിത്യ ജീവിതത്തിലെ മനോഹരമായ ഒരു കണ്ടെത്തലാണ്. മനുഷ്യൻ പരിചിതമാണല്ലോ. അംബരം എന്നാൽ ആകാശമാണ്. അംബരാന്തം ആകാശത്തിൻ്റെ അതിർത്തിയാണ്. അതാണ് ചക്രവാളം. മനുഷ്യൻ്റെ ചിന്തയുടെ ചക്രവാളം എന്നാണ് താൻ വിവക്ഷിച്ചത്. അത് പല പണ്ഡിതന്മാരും ശരിവയ്ക്കുകയും ചെയ്തിട്ടുണ്ട്. തൻ്റെ സാഹിത്യജീവിതം വായനയുടെയും സർഗാത്മക ചോദനകളുടെയും ആഴത്തിൽ നിന്നുള്ള പ്രതികരണങ്ങളെ ആവാഹിക്കാനാണ് ശ്രമിക്കുന്നത്. അതിൽ വെള്ളം ചേർക്കാറില്ല. വായനക്കാരെ വശീകരിക്കാൻ വേണ്ടി താൻ ഒരിക്കലും ചിന്തയെ വഴിതിരിച്ചു വിട്ടിട്ടില്ല. തൻ്റെ സാഹസിക സഞ്ചാരങ്ങൾ ഇഷ്ടപ്പെടുന്നവരാണ് എന്നെ നിലനിർത്തുന്നത്. അവർ ആസ്വദിക്കുന്നു എന്ന് തനിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. പഠിച്ച സ്കൂളുകളുടെ സിലബസിന് പുറത്ത് സ്വന്തം സിലബസ് തേടുമ്പോഴാണ് ഒരു യഥാർത്ഥ വിദ്യാർത്ഥി ജനിക്കുന്നത് .ആത്മായനങ്ങളുടെ ഖസാക്ക് എന്ന ആദ്യപുസ്തകത്തിൽ നിന്ന് തനിക്ക് മുന്നോട്ടുപോകേണ്ടതുണ്ടായിരുന്നു. അതിനായി സ്വയം പഠിച്ചു. അതിൻ്റെ ഭാഗമായാണ് ഉത്തര-ഉത്തരാധുനികത, നവാദ്വൈതം തുടങ്ങിയ ചിന്താപദ്ധതികൾ വികസിപ്പിച്ചത് -ഹരികുമാർ പറഞ്ഞു.
വിദ്യാഭ്യാസം ഈ നൂറ്റാണ്ടിൽ സമൂലമായ സാങ്കേതിക പരിവർത്തനത്തിനാണ് തയ്യാറെടുക്കുന്നത്. ഈ രംഗത്ത് ഇപ്പോൾ കിടമത്സരമാണ് പ്രാമുഖ്യം നേടുന്നത്. മത്സരിക്കാത്ത ഒരു സ്കൂളിനും നിലനിൽപ്പില്ല .സ്വകാര്യ മാനേജ്മെൻറുകൾ നടത്തുന്ന സ്കൂളുകൾ അതിസാങ്കേതികതയിൽ മുന്നേറുമ്പോൾ സർക്കാർ സ്ഥാപനങ്ങൾക്ക് മത്സരിക്കേണ്ടിവരുന്നു. സർക്കാർ സ്കൂളുകൾ ഈ കാലഘട്ടത്തിനൊത്ത് മത്സരിക്കുന്നത് കാണാം .അപ്പോഴും വിദ്യാഭ്യാസത്തിൻ്റെ മാനസിക മൂല്യങ്ങൾ ഇവിടെ നിലനിൽക്കേണ്ടതുണ്ട് .പരീക്ഷ പാസാകുന്നതും ജോലി തേടുന്നതും വിവാഹം കഴിച്ച് കുടുംബമാകുന്നതുമൊക്കെ സ്വാഭാവികമായി നടക്കുന്ന കാര്യങ്ങളാണ്. അതൊക്കെ ദിനചര്യപോലെയാണ്. ദിനചര്യയ്ക്ക് അമിതപ്രാധാന്യം കൊടുക്കാറില്ലല്ലോ . അതിനപ്പുറത്ത് വേറെ മൂല്യങ്ങളുണ്ട്. ശ്രീകൃഷ്ണനും കുചേലനും തമ്മിലുള്ള ബന്ധത്തിൽ അത് കാണാം .പരമദരിദ്രനായ കുചേലൻ തൻ്റെ സതീർത്ഥ്യനായ ശ്രീകൃഷ്ണനെ കാണാൻ വരുന്നത് വേറെ മാർഗ്ഗമില്ലാത്തതുകൊണ്ടാണ്. എന്നാൽ സഹായം അഭ്യർത്ഥിക്കാനുള്ള മനസ്സില്ല .തന്നെ കാണാൻ കുചേലൻ എന്തിനു വന്നുവെന്ന് കാണുന്ന മാത്രയിൽ തന്നെ മനസ്സിലാക്കുന്നിടത്താണ് ശ്രീകൃഷ്ണൻ്റെ വിദ്യാഭ്യാസ മൂല്യമിരിക്കുന്നത്. തന്നോടു സഹായം ചോദിക്കുന്നതിനു വേണ്ടി കാത്തു നിൽക്കാതെ ശ്രീകൃഷ്ണൻ തന്നാലാവുന്നത് ചെയ്യുന്നു. നമ്മെ പോലെയുള്ള സാധാരണ മനുഷ്യരാണെങ്കിൽ കുചേലൻ പത്തുവട്ടം സഹായമഭ്യർത്ഥിച്ച് പിന്നാലെ നടക്കണമെന്ന് ശഠിക്കും! . ശ്രീകൃഷ്ണൻ്റെ ഈ ഭാവം വിദ്യാഭ്യാസം നൽകുന്ന ഏറ്റവും മഹത്തായ മൂല്യമാണ് .സഹജമായ അനുകമ്പയും സ്നേഹവുമാണത്. ഭൗതികമായി എന്തൊക്കെ നേടിയാലും ഇത് നഷ്ടപ്പെടുത്തിയാൽ എല്ലാം നിഷ്പ്രയോജനമാവും – ഹരികുമാർ ചൂണ്ടിക്കാട്ടി.
പാലക്കുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു മുണ്ടപ്ലാക്കൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയ കെ.എ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജിബി സാബു പഠനോപകരണങ്ങളുടെ വിതരണം നിർവഹിച്ചു. സാലി ജോർജ്, സിജി ബിനു, സിബി സഹദേവൻ, മാണിക്കുഞ്ഞ്, സാലി പീതാംബരൻ, പ്രിൻസിപ്പൽ ജെയിംസ് മണക്കാട്, പിടിഎ പ്രസിഡന്റ് അജിമോൻ പള്ളിത്താഴത്ത്, സലി തങ്കച്ചൻ, പിആർഒ രജനി ആർ എന്നിവർ പ്രസംഗിച്ചു. എച്ച്.എം. ഇൻ ചാർജ് ഒ. എം. ഷാജി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി അഭിലാഷ് പത്തിൽ നന്ദിയും പറഞ്ഞു.
എം.കെ.
ഹരികുമാർ പുസ്തകം പ്രകാശനം ചെയ്യുന്നു. ആദ്യപ്രതി സ്വീകരിക്കുന്നത്
കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ ,ഷാബു എസ്
ധരൻ സമീപം . |
ഇന്ത്യയിലെ പ്രശസ്ത സിനിമാ വിമർശകനും ഫിപ്രസി അംഗവും ഗ്രന്ഥകാരനുമായ എം.സി. രാജനാരായണൻ എഴുതുന്നു പ്രചാരവും സ്വീകാര്യതയും നിലനിർത്തിക്കൊണ്ട് ...