Wednesday, January 11, 2023

ഒരേ പ്രപഞ്ചത്തിൽ  /എം.കെ.ഹരികുമാർ 






മനസ്സിനുള്ളിലേക്ക് പ്രവേശിക്കാൻ എപ്പോഴും കഴിയണമെന്നില്ല. കലാകാരന്മാർ ഏകാന്തത തേടുന്നത് ഈ പ്രവേശനം സാധ്യമാക്കുന്നതിനാണ്. തിരക്കേറിയ ഒരു നഗരത്തിലൂടെ  സഞ്ചരിക്കുമ്പോഴും കലാകാരൻ തൻ്റെ മനസ്സിനുള്ളിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കും. ഇത് ഒരു സഹനമാണ് .ആ സഹനത്തെ ഏകാന്തതയെന്നു വിളിക്കാം.അതുകൊണ്ട് ഈ  ഏകാന്തതയ്ക്ക് പവിത്രതയുണ്ട്. കാരണം ,അത് നമ്മുടേതാണ്. നമ്മളാണല്ലോ നമുക്കൊപ്പം തനിച്ചാകുന്നത്. അതിൻ്റെയർത്ഥം നമ്മുടെയുള്ളിലേക്ക് നോക്കാൻ നമുക്ക് പ്രാപ്തിയുണ്ടെന്നാണ് .സാഹിത്യമോ കലയോ നമ്മുടെ തന്നെ ആന്തരിക ലോകത്തെയാണ് അനാവരണം ചെയ്യുന്നത്. എത്രത്തോളം തുറക്കുന്നുവോ അത്രത്തോളം അത് പവിത്രമായിരിക്കും;വിഭജനങ്ങൾക്ക് അപ്പുറമായിരിക്കും.മനുഷ്യൻ്റെ  ചിന്തയിൽ നിറയെ പ്രതിലോമ വികാരങ്ങളും അശുഭചിന്തകളുമാണ് കൂടുകൂട്ടിയിരിക്കുന്നത്. അതുകൊണ്ടാണ് ജലാലുദ്ദീൻ റൂമിക്കും കബീർദാസിനും ഖലിൽ ജിബ്രാനും മനുഷ്യത്വത്തിൻ്റെ  ശുചീകരണത്തെക്കുറിച്ച് പറയേണ്ടി വരുന്നത്. ഒരു നവീനമായ സ്നേഹാത്മകതയാണ് ഈ കവികളെല്ലാം അവതരിപ്പിച്ചത്. സ്വാർത്ഥതയോ ഗൂഢലക്ഷ്യമോ ഇല്ലാത്ത ,വെയിൽ പോലെ പരക്കുന്ന ഇന്ദ്രിയങ്ങളുള്ള സ്നേഹം.

ഒരേയൊരു പ്രപഞ്ചത്തിൽ 

എഴുതുമ്പോൾ മനസ്സിനുള്ളിലേക്ക് കയറാൻ സാധിക്കണമെന്നില്ല. കാരണം, നമ്മുടെ മനസ്സിന്റെ ഉപരിതലത്തിലുള്ള തോന്നലുകളെ പോലും, ചിലപ്പോൾ സ്വാംശീകരിക്കാൻ കഴിയണമെന്നില്ല. ഒരു തോന്നലിന്റെ പിറകിലുള്ളത് ഏത് പ്രചോദനമാണെന്ന് തിരക്കിയാലല്ലേ അത് കണ്ടുപിടിക്കാനാവൂ .മനസ്സിൻ്റെ അടിത്തട്ടിലേക്ക് ചെല്ലുന്തോറും കൂടുതൽ അടുക്കുകയാണ് ചെയ്യുന്നത്, ഈ പ്രപഞ്ചത്തോട്. നാമെല്ലാം ഈ ഒരേയൊരു പ്രപഞ്ചത്തിലാണല്ലോ. അതുകൊണ്ട് നമ്മുടെയുള്ളിലേക്ക് തുരങ്കം നിർമ്മിച്ചു ചെന്നാലും മറ്റെങ്ങും പോകാനാവില്ല. അത് പ്രപഞ്ചത്തിന്റെ മറ്റൊരു വശത്തേക്ക് തന്നെ ചെന്നെത്തും. 




നമ്മുടെ മനസ്സ് നമ്മുടേത് മാത്രമാണെന്നു പറയുന്നത് ഈ വസ്തുത ഗ്രഹിക്കാത്തതുകൊണ്ടാണ് .മനസ്സ് ഈ ഒരേയൊരു പ്രപഞ്ചത്തിൻ്റേതാണ്.
അതുകൊണ്ട് പ്രപഞ്ചത്തിന്റെ എല്ലാ അർത്ഥസൂചനങ്ങളും ഘടനകളും മനസ്സിലുമുണ്ടാവും. പ്രപഞ്ചത്തിൽ നിന്നു വേറിട്ട് മനസ്സിന് അസ്തിത്വമില്ല. മനസ്സിനെ നാം നിർമ്മിച്ചതല്ലല്ലോ. ഈ പ്രപഞ്ചത്തിന്റെ നിയമത്തിനനുസരിച്ചാണ് മനസ്സ് പ്രവർത്തിക്കുന്നത്. എന്നാൽ മനസ്സിന് മാറ്റമില്ലാതിരിക്കാനാവില്ല .മനസ്സ് ഒരുപേക്ഷിക്കൽ പ്രക്രിയയിലൂടെ കടന്നു പോവുകയാണ്. അത് അതിവേഗം നൃത്തം ചെയ്യുകയാണ്. വെള്ളത്തിലാണെങ്കിൽ അത് മത്സ്യത്തോടാണ് മത്സരിക്കുന്നത്; ആകാശത്തിലാണെങ്കിൽ നക്ഷത്രങ്ങളോടും. പടം പൊഴിക്കാത്ത പാമ്പുകൾ ചത്തൊടുങ്ങുകയേയുള്ളൂ. അതുപോലെ അഭിപ്രായങ്ങൾ മാറ്റാത്ത മനസ്സുകളും മരിക്കുകയാണ്.
The  snakes which cannot cast its skin has to die . As well the minds which are prevented from changing their opinions ; they cease to be mind_
ഫ്രഞ്ച് തത്ത്വജ്ഞാനി നിഷേ പറഞ്ഞു.

മനസ്സിൽ നിന്നു അന്യമായി യാതൊന്നുമില്ല. പ്രപഞ്ചത്തിൽ നിന്ന് അന്യമായി യാതൊന്നും മനസ്സിലുമില്ല. മനസ്സുതന്നെയാണ് പ്രപഞ്ചം .മനസ്സിന്റെ വേഗത്തെ ആരും നിർണിക്കുന്നില്ലല്ലോ .മനസ്സിനുള്ളിൽ നക്ഷത്രങ്ങളെപ്പോലെ പലതും സഞ്ചരിക്കുന്നു. ചിലത് എരിഞ്ഞടങ്ങുന്നു; ചിലത് പിറക്കുന്നു, പൊട്ടിത്തെറിക്കുന്നു. മനസ്സിൻ്റെ ഒരേയൊരു മേൽക്കൂര ഈ പ്രപഞ്ചം തന്നെയാണ്. ഒരേ ലോകത്ത് ഒരേ രക്തം കുടിച്ചു വളരുന്ന മനസ്സുകൾക്ക് ഒരേ കാലാവസ്ഥയിലാണ് വളരാൻ വിധി. അതുകൊണ്ട് എല്ലാ മനസ്സുകളിലും എല്ലാമുണ്ട്. എല്ലാത്തിൻ്റെയും വിത്തിട്ടിരിക്കുന്ന , അളക്കാനാവാത്ത ആഴമുള്ള മണ്ണാണ് മനസ്സ് .മനസ്സിൽ ഈ പ്രപഞ്ചത്തിലെ എല്ലാ കാലങ്ങളുമുണ്ട്. മൂവായിരം  വർഷം മുമ്പുണ്ടായ ഒരു പ്രാർത്ഥനയും കാട്ടിലെ അലർച്ചയും ആക്രമിക്കപ്പെട്ടു കരയുന്ന മൃഗത്തിൻ്റെ കരച്ചിലും മനസ്സിലുണ്ട്. മനസ്സിനു കാലമില്ല. അത് കാലത്തെ തന്നെ എപ്പോഴും പുതുക്കുകയാണ്. പഴയകാലവും പുതിയകാലവും ഭാവിയും അതിൽ ഒരു രേഖയിലെന്നപോലെ സഞ്ചരിക്കുന്നു.  ക്ളോക്കിലെ സമയം രേഖീയമാണെങ്കിൽ മനസ്സിലെ കാലം രേഖീയതയിൽ തന്നെ ഭൂതവർത്തമാനഭാവി കാലങ്ങളെ കശക്കിയും ഒടിച്ചു മടക്കിയും രേഖീയമാക്കുന്നു. 




അയ്യായിരം വർഷം മുമ്പുള്ള മനുഷ്യർ നമ്മുടെയുള്ളിലുണ്ട്. പ്രാകൃതമായ ചേഷ്ടകൾ നമ്മളിൽ മരിക്കുന്നില്ല, ഉറങ്ങുക മാത്രമാണ് ചെയ്യുന്നത്. ഭയമാണ് നമ്മുടെ കാട് .കാട്ടിൽ ജീവിച്ച മനുഷ്യന്റെ കാടുകൾ ഒരിക്കലും അവസാനിക്കുന്നില്ല. കാട്ടിൽ കേട്ട നിലവിളി നമ്മുടെയുള്ളിൽ പ്രതിധ്വനിക്കുന്നു. അതുകൊണ്ട് നമുക്ക് ഒന്നിനോടും അകൽച്ചയില്ല. നാം എല്ലാത്തിൻ്റെയും സിരാകേന്ദ്രമാണെന്ന് തിരിച്ചറിയുക. എല്ലാ പുസ്തകങ്ങളും നമ്മളിലുണ്ട്. എത്ര നൂറ്റാണ്ട്  മുമ്പ് രചിച്ച കൃതികളും ഇനി രചിക്കാനിരിക്കുന്ന കൃതികളും  നമ്മളിലുണ്ട് .നമ്മുടെ ശേഷിക്കൊത്ത്  അത് കണ്ടെത്തുന്നുവെന്ന് മാത്രം. നമ്മുടെയുള്ളിലില്ലാത്ത ഒരു കൃതിയോ ആശയമോ ഭാഷയോ മറ്റൊരാൾക്ക് കണ്ടുപിടിക്കാനാവില്ല. കാരണം, നമ്മൾ ഒരേ ആകാശത്തിനു കീഴിലുള്ളവരാണ്. നമ്മുടെ ഘടന ഈ പ്രപഞ്ചത്തിന്റെ ഭാഗമാണ്. പ്രപഞ്ചത്തിലെ ആശയങ്ങളാണ് മനസ്സുകളിലൂടെ പുറത്തുവരുന്നത്. മനസ്സുകൾ പല വഴികളിലൂടെ ഓർക്കുന്നത് പ്രപഞ്ചത്തെക്കുറിച്ചാണ്. പ്രപഞ്ചത്തിൻ്റെ ഒരു ഡിസൈനാണത്.  പ്രപഞ്ചത്തിലില്ലാത്തതൊന്നും മനസ്സുകളിലൂടെ പുറത്തു വരുന്നില്ല.

ഒരേ ആകാശത്തിനു കീഴിൽ 

എൻ്റെ മനസ്സിൽ ആയിരമോ പതിനായിരമോ പുസ്തകങ്ങളുണ്ട്. അത് കണ്ടുപിടിക്കാനാവശ്യമായ, അഗാധമായ, ഏകാന്തതയോ ധ്യാന മോ എനിക്കില്ല. വല്ലപ്പോഴുമൊരിക്കൽ മനസ്സിലേക്ക് പ്രവേശനം കിട്ടുകയും, അതിനുള്ളിലെ മായക്കാഴ്ചകൾക്കായി അവസരമുണ്ടാവുകയും ചെയ്യുമ്പോഴാണ് വിചിത്രമായ ചില ആശയങ്ങളും വാക്യങ്ങളും പുസ്തകങ്ങളും രചിക്കാനാകുന്നത്.
ഞാൻ എന്റെ നോവലുകൾ (ജലഛായ ,ശീനാരായണായ, വാൻഗോഗിന്) രചിച്ചത്  ഇങ്ങനെയാണ്. ഈ നോവലുകളിൽ പറയുന്ന ആശയങ്ങളോ കഥാപാത്രങ്ങളോ പശ്ചാത്തലമോ ഭാഷയോ യാതൊന്നും  എനിക്കുണ്ടായിരുന്നില്ല. മനസ്സിനുള്ളിലേക്ക് കയറിയപ്പോൾ ഏതോ ലോകത്തേക്ക് എന്നെ ആരോ പിടിച്ചുകൊണ്ടുപോയ അനുഭവമാണുണ്ടായത്. എൻ്റെ നിയന്ത്രണങ്ങൾക്കപ്പുറത്തുള്ള ഒരു പ്രവാഹമാണത്. അതിനുള്ളിൽ ഞാനകപ്പെടുകയല്ലാതെ വേറെ വഴിയില്ലായിരുന്നു. അപരിചിതമായ വഴികളിലൂടെ എന്നെ അത് വലിച്ചിഴച്ച് കൊണ്ടുപോയി പുതിയ ഭൂപ്രകൃതി കാണിച്ചുതന്നു. 

 

എല്ലാവരുടെയും മനസ്സ് ഒരേ ആകാശത്തിലാണല്ലോ ജീവിക്കുന്നത്. ഞാൻ മാത്രമല്ല ,എല്ലാ കാലങ്ങളിലെയും എഴുത്തുകാരും കലാകാരന്മാരും അതിൽ ജീവിച്ചവരാണ്. ഒരാൾക്കും ഈ ആകാശമല്ലാതെ വേറൊന്നുമില്ല. അതുകൊണ്ട് ഈ ആകാശം വിനിമയം ചെയ്യുന്നതിൻ്റെ ആകെത്തുക ഒന്നു തന്നെയായിരിക്കും -വിഭിന്നമായ രൂപഭാവങ്ങളുണ്ടെങ്കിലും. ഓരോ മനുഷ്യനും വ്യത്യസ്തമായ ആകാശമുണ്ടെന്ന് പറയുന്നത് ആലങ്കാരികമാണ്. വ്യക്തിപരമായ അഭിവീക്ഷണങ്ങളുടെ ആകാശമുണ്ടാകാം. ചിലപ്പോൾ വ്യക്തികൾ അവരുടെ മാനസികാവസ്ഥയ്ക്കനുസരിച്ച് പലതും കാണുന്നു.  ആത്മനിഷ്ഠമായ കാഴ്ചകളുണ്ട്. കലയിൽ ആത്മനിഷ്ഠതയാണുള്ളത്. ഓരോ നിമിഷത്തിലെയും തോന്നലുകൾക്ക് മാനമുണ്ട്. തോന്നലുകളാണ് ജീവിപ്പിക്കുന്നത്. സത്യത്തെക്കുറിച്ചും  മിഥ്യയെക്കുറിച്ചുമുള്ള ചിന്തകൾ ഒരേ തരം യുക്തി കൊണ്ട് ഉണ്ടാക്കപ്പെട്ടതാണ് .സത്യം കുറേ കഴിയുമ്പോൾ മിഥ്യയാകാം. അനേകം സത്യങ്ങളുണ്ടാകുന്നത്, പലർ പല കോണുകളിലൂടെ നോക്കുന്നതു കൊണ്ടാണ്. ഒരു സാഹിത്യകൃതിയെ വായനക്കാർ പല കോണുകളിലൂടെ നോക്കി പല അനുമാനങ്ങളിലെത്തിച്ചേരുകയാണല്ലോ ചെയ്യുക. ഒരു ചിത്രത്തെയും അങ്ങനെയാണ് നോക്കുന്നത്.വാൻഗോഗിൻ്റെ The Starry Night ഓരോ കാണിക്കും ഓരോ അനുഭവമാണ്. എല്ലാ കാണികളെയും കാഴ്ചയുടെ തലത്തിൽ ഏകീകരിക്കാനോ ഉദ്ഗ്രഥിക്കാനോ കലാകാരൻ ഉദ്ദേശിച്ചിട്ടില്ല. അത് അസാധ്യവുമാണ്.

മനുഷ്യമനസ്സ് എപ്പോഴും സ്വയം ഭിന്നിക്കുകയാണ്. കാരണം, അതിനു സ്ഥായിയായ ഒരവസ്ഥയിരിക്കുന്നതാണ് വിമുഖമായിട്ടുള്ളത്. എപ്പോഴും സ്വയം കലഹിച്ചുകൊണ്ടാന്ന് മനസ്സ് പ്രവർത്തിക്കുന്നത്. അത് മനസ്സിൻ്റെ അതിജീവനമാണ് .നമ്മളെല്ലാം അളവറ്റ രീതിയിൽ ,സീമയറ്റ രീതിയിൽ ഒരേ മനുഷ്യകുലത്തിന്റെയും ജൈവാനുഭവത്തിൻ്റെയും ഒരേ പ്രാപഞ്ചികതയാണ് വീതിച്ചെടുക്കുന്നത്; മറ്റൊന്ന് അസാധ്യമാണ് .എല്ലാം മനസ്സിൽ നിറച്ചിരിക്കുകയാണ്. ഒരു വലിയ പാറയിൽ നിന്ന് ഏത് ശില്പവും  കൊത്തിയെടുക്കാം. മയിലും ഒട്ടകവും മനുഷ്യനുമെല്ലാം പാറയിലുണ്ട്.
എല്ലാത്തിനും ആ പാറ തന്നെ മതി. പക്ഷേ ,ശില്പി ഏതാണോ കാണുന്നത് അതാണ് കൊത്തിയെടുക്കുന്നത്. അതുകൊണ്ട് മറ്റു ശില്പങ്ങൾ അതിലില്ല എന്നു പറയാനാവില്ല .എല്ലാം ആ പാറയിലുണ്ട് .എല്ലാം നമുക്ക് കൊത്തിയെടുക്കാനാവില്ല. ഇതുതന്നെയാണ് മനസ്സിന്റെ കാര്യത്തിലുമുള്ളത്. മനസ്സില്‍ നിന്ന് ഏതുകാലത്തിന്റെയും ചരിത്രം കണ്ടുപിടിക്കാം. ഏതു പ്രവചനവും സാധ്യമാണ്. ഒരു പ്രപഞ്ചമേയുള്ളു. ഭൂമിയിലെ കാലത്തിൽ മാത്രമാണ് നമ്മുടെ കൊത്തുപണികൾ. ഭൂമിയിലെ കാലമാകട്ടെ ആവർത്തനമാവുകയാണ് ചെയ്യുന്നത് .പിറവി തന്നെ ആവർത്തനമല്ലേ? ഒരു വിത്തിൽ നിന്നു മറ്റൊരു വിത്ത് ;അതിൽ നിന്നു മറ്റൊരു വിത്ത്. അതങ്ങനെ തുടരുകയാണ്. മനുഷ്യനിൽ വീണ്ടും മനുഷ്യൻ പിറക്കുന്നു. പല കാലങ്ങളിൽ, പല സ്ഥലങ്ങളിൽ ഇതുതന്നെ സംഭവിക്കുന്നു. ആഫ്രിക്കയിലും യൂറോപ്പിലും ഏഷ്യയിലുമെല്ലാം മനുഷ്യൻ തന്നെ പിറക്കുന്നു .മനുഷ്യപ്പിറവിക്ക് മനുഷ്യൻ  തന്നെയാണ് കാരണമാകുന്നത്. എല്ലാവർക്കും ചിന്തിക്കാൻ ഒരു  മനസ്സേയുള്ള .ഒരേ മനസ്സ് എന്നു പറയാം. ഒരേ മനസ്സുള്ള നമ്മൾ അഭേ ദ്യമായി ബന്ധിക്കപ്പെട്ടിരിക്കയാണ്.

 

പാറയിൽ നിന്ന് എന്തും കൊത്താം

എനിക്ക് നെപ്പോളിയനിൽ നിന്നോ , ബിഥോവനിൽ നിന്നോ  വ്യത്യാസപ്പെടാനാവുന്നത് തിരഞ്ഞെടുപ്പുകളുടെയും സിദ്ധികളുടെയും കാര്യത്തിലാണ്. മനസ്സിൻ്റെ കാര്യത്തിൽ ഞങ്ങൾ ഒരേ ഉറവിടത്തിൽ നിന്നാണ് വന്നിട്ടുള്ളത്. ഒരേ മനസ്സുകൊണ്ടാണ് ഞങ്ങൾ സ്വയം അറിഞ്ഞിട്ടുള്ളത് .എൻ്റെ സ്നേഹിതനെ ഞാനും എന്നെ എൻ്റെ സ്നേഹിതനും അറിയുന്നത് ഒരേ മനസ്സുകൊണ്ടാണ്. എന്നാൽ പാറയിൽ നിന്നു എന്ത് കൊത്തിയെടുക്കണമെന്നത് 'ശില്പി' യുടെ തിരഞ്ഞെടുപ്പായതുകൊണ്ട് ഒരേപോലെ ചിന്തിക്കണമെന്നില്ല.  ഒരേപോലെ ചിന്തിച്ചാൽ മനുഷ്യൻ തമ്മിൽ ഒരു സംവാദവും സാധ്യമല്ല; പ്രണയം പോലും സാധ്യമല്ല. പ്രണയത്തിന്റെ അടിസ്ഥാനം എന്നിലില്ലാത്തത് ഞാൻ തേടുന്നു എന്നതാണ്. എന്നെ ഭ്രമിപ്പിക്കണമെങ്കിൽ, ആകർഷിക്കണമെങ്കിൽ എനിക്കില്ലാത്തത് എന്തോ ആകണം.  ഒരേ പ്രപഞ്ചത്തിന്റെ, മനസ്സിന്റെ ആകാശത്തിനുള്ളിൽ മാത്രമേ ഈ ആകർഷണം സാധ്യമാകൂ .അന്യമായൊരു ലോകത്തിനോട് നമുക്ക് ആകർഷണമുണ്ടാവുകയില്ല. എല്ലാത്തിന്റെയും സ്വരം ഒന്നാണെന്നു ഗ്രഹിക്കാൻ അനേകമനേകം  പൊയ്സ്വരങ്ങളെ കണ്ടുപിടിച്ചു ഡിലീറ്റ് ചെയ്യേണ്ടിവരും. നമ്മുടേതായ ഒന്നിനെ തന്നെയാണ് ഡിലീറ്റ് ചെയ്യുന്നത്; അത് നമ്മുടേതായി നിലനിൽക്കുന്നതിനാൽ  പ്രസക്തിയില്ല എന്നറിയുന്നതുകൊണ്ടാണ് .

ലോകത്തിലെ വ്യത്യസ്തതകൾ റിഹേഴ്സുലുകളായി കണ്ടാൽ മതി. ഒരു കോസ്മിക് ഷോയിലെന്നപോലെ അത് മറവിയിലേക്ക് മായുകയാണല്ലോ ചെയ്യുന്നത് .എത്രയോ കോടി കോസ്മിക് ഷോകൾ നാം ഈ ലോകത്തും നമ്മുടെ മനസ്സിലും കണ്ടുകഴിഞ്ഞു! .എല്ലാം അപ്രത്യക്ഷമായിരിക്കുന്നു ,പുതിയ ഷോകൾക്ക് വേണ്ടി .വിവിധ വർണ്ണങ്ങളും രൂപങ്ങളും വന്നു നിറയുകയാണ് .തൊട്ടടുത്ത നിമിഷത്തിൽ നിഷ്ക്രമിക്കുകയാണ്.ഇന്നലെകളിലെ വർത്തമാനങ്ങളെല്ലാം ലോകമറിയാതെ തന്നെ വിസ്മൃതമായിരിക്കുന്നു. ഈ ലോകത്തിൻ്റെ വർത്തമാനങ്ങൾ ആർക്കും തന്നെ സ്ഥിരമായി വേണ്ട; അത് ഓരോരുത്തരുടെയും താൽക്കാലിക ആവശ്യം മാത്രമാണ്.  അതിനുശേഷം അത് മറവിയിലേക്കാണ് പോകുന്നത് .പ്രകൃതി മറവിയിലാണ് വീണ്ടും ജനിക്കുന്നത് .എല്ലാം മറക്കുകയാണ് ,മറവിയിലേക്ക് ആഴ്ന്നു പോവുകയാണ് .പക്ഷി,മൃഗ,പ്രാണിക്കൂട്ടങ്ങളെല്ലാം ,നൂറ്റാണ്ടുകളായി, വിസ്മൃതിയിലേക്ക് പോയി എരിയുന്നു. മനുഷ്യരും അങ്ങനെ തന്നെ. അങ്ങനെ നോക്കുമ്പോൾ ഈ ലോകത്തിൻ്റെ ആവർത്തനങ്ങൾക്ക് വ്യത്യസ്ത അർത്ഥമുണ്ടാവാൻ തരമില്ല. 




എന്നും ഒരു സൂര്യൻ

എല്ലാം അതിൻ്റെ തന്നെ മറവിയിൽ, കുമിളകളെന്ന പോലെ ഇല്ലാതാവുകയാണ്. ലോകത്തിൽ ആര് ചിന്തിച്ചതും എന്നിലുണ്ട്. എന്നിലേക്ക് നിർബാധം എല്ലാ കെട്ടുപാടുകളും  ഉപേക്ഷിച്ചു കടന്നു ചെന്നാൽ എനിക്ക് എല്ലാ മഹത്തായ ചിന്തകളിലുമെത്താം. അതിൽ അതിശയമൊന്നുമില്ല. മണ്ണിനടിയിൽ ആഴത്തിലുള്ള ഒരു ജലപാത എല്ലാവർക്കും കാണാവുന്നതാണ്; അവിടേക്ക് എത്താനാണ് പ്രയാസം .അങ്ങനെയൊരു ജലപാതയുണ്ടെന്ന വസ്തുത നിരാകരിക്കാതിരുന്നാൽ മതി. നമുക്ക് സ്വന്തമല്ലാത്തതായി ഇവിടെ യാതൊന്നുമില്ല. നൂറ്റാണ്ടുകൾ കഴിഞ്ഞ് എഴുതപ്പെടാവുന്ന പുസ്തകങ്ങൾ എന്നിലുണ്ട്. മിന്നൽ പോലെ ആ പുസ്തകങ്ങൾ നമ്മുടെ മനസ്സിലൂടെ പാഞ്ഞുപോകുന്നുണ്ട് .നേരിയ ഒരു തോന്നലിൽ  അത് പ്രകാശം വിതറുന്നു. എന്നാൽ അതിനെ യഥാർത്ഥ വലിപ്പത്തിൽ ,പരപ്പിൽ ഉൾക്കൊള്ളാനുള്ള സന്ദർഭം നമുക്ക് ഒത്തുവരുന്നില്ല .അഗാധതകളിൽ നമ്മെ ഒന്നിപ്പിക്കുന്ന ഒരു ചാലുണ്ട്. 

നമുക്ക് ഒരു സൂര്യനെയുള്ളൂ .അതാണല്ലോ നമ്മെ ജീവിപ്പിക്കുന്നത്. എല്ലാ കാലത്തും ഒരു സൂര്യൻ മാത്രമേ ഉണ്ടായിരുന്നുള്ളു എന്ന സത്യം നമ്മൾ ഏത് കാലത്തും ഒന്നാണെന്നു ഉറപ്പിക്കുന്നു.  എല്ലാവരുടെയും സൂര്യൻ ഒന്നു തന്നെ. അതുകൊണ്ട് എല്ലാ കാലങ്ങളുടെയും പ്രതീകമാണത്.

No comments:

Post a Comment

അക്ഷരജാലകം ഇരുപത്തിയഞ്ച് വർഷങ്ങൾ പിന്നിട്ടിരിക്കുന്നു: എം. സി. രാജനാരായണൻ

  ഇന്ത്യയിലെ പ്രശസ്ത സിനിമാ വിമർശകനും ഫിപ്രസി അംഗവും ഗ്രന്ഥകാരനുമായ എം.സി. രാജനാരായണൻ എഴുതുന്നു പ്രചാരവും സ്വീകാര്യതയും നിലനിർത്തിക്കൊണ്ട്‌ ...