Wednesday, July 20, 2022

ദൈവം വെയിൽപോലെ പെയ്യുകയാണ് /എം.കെ.ഹരികുമാർ

 




യുക്രെയ്നിൻ്റെ നിറങ്ങളെല്ലാം നശിപ്പിക്കപ്പെട്ടു. മനുഷ്യരുടെ മുഖങ്ങളിൽ നിന്നു ഗ്രാമഛായകൾ വിസ്മൃതമായി. മരങ്ങൾ മാത്രം എല്ലാ വിഷവും കുടിച്ചു കറുത്ത് കരുവാളിച്ച് നിൽപ്പുണ്ട് .ശാന്തമായ, സ്വയം  നിറഞ്ഞ ഒരു ബിംബവും  എവിടെയുമില്ല .ഒരു പുല്ലിനുപോലും ബോംബിൻ്റെ ശബ്ദം മാത്രമേ  ഓർക്കാനാവുന്നുള്ളു. യുക്രൈൻ ആർട്ടിസ്റ്റുകളുടെ ബ്രഷിൽ ഗ്രാമത്തിൻ്റെ ഒരു നിറവും അവശേഷിക്കുന്നില്ല. എല്ലാ കാൻവാസും പ്രതിരോധത്തിൻ്റെ പണിയിലാണ് .മിസൈൽ വന്നു പതിച്ച് ചിത്രങ്ങൾ ചിതറുകയാണ്. 

യുക്രെയ്ൻ കലാകാരി മാരിനാ  ഈസ്റ്റ്മാൻ (Marina Eastman) വരച്ച  Ukrainian Village എന്ന ചിത്രം ആധിയുടെയും പലായനത്തിൻ്റെയും വെപ്രാളത്തിനിടയിൽ നിന്നുകൊണ്ട് ഗ്രാമങ്ങളെക്കുറിച്ചോർക്കാൻ സഹായിക്കുന്നു. ഓർമ്മകൾകൊണ്ട് തുന്നിച്ചേർത്ത ചിത്രങ്ങളുടെ ഒരു കൂട് മനസിലേക്ക് വരുകയാണ്. ഈ ചിത്രം നമ്മെ ,തേങ്ങലോടെ ,ഭൂതകാലത്തിൻ്റെ മഴവരും ഇരമ്പങ്ങളിലേക്ക് പ്രാണരക്ഷാർത്ഥം ഓടിച്ചെല്ലാൻ പ്രേരിപ്പിക്കും .നിഷ്കളങ്കവും സ്വരരാഗവിവശവുമായ ഗ്രാമം എത്ര സ്വച്ഛമാണെന്ന് ഓർത്ത് നാം നിശ്ശബ്ദതയിലമരും. ഗ്രാമത്തെ ഓർത്ത് പച്ചിലകളുടെ തണുപ്പിലേക്ക് ചേക്കേറാൻ തോന്നുന്നത് യുദ്ധകാലത്തായിരിക്കും. അപ്പോൾ ഗ്രാമം ഒട്ടും കാല്പനികമായിരിക്കില്ല .ജീവിതത്തിൻ്റെ വിലയാണത് ബോധ്യപ്പെടുത്തുക .ഗ്രാമം കപടമാകുന്നത് നഗരങ്ങൾ പെരുകുമ്പോഴാണ്‌. ഫ്യൂഡൽ ഗ്രാമങ്ങളല്ല യഥാർത്ഥ ഗ്രാമങ്ങൾ .ഈസ്റ്റ്മാൻ്റെ ചിത്രം ഗ്രാമത്തിലേക്ക് ജീവൻ്റെ ശുദ്ധതയും നൈർമ്മല്യവും ആവാഹിക്കുന്നു .വിദ്യാഭ്യാസത്തിലൂടെ നമുക്ക് നഷ്ടപ്പെടുന്നതാണിത്. ഇന്ന് വിദ്യാഭ്യാസം അവിദ്യാഭ്യാസമാണ്. വിദ്യാഭ്യാസത്തിലൂടെ എന്താണോ നേടേണ്ടിയിരുന്നത് അതിനു പകരം അതിൻ്റെ നേർ വിപരീതമായതെല്ലാം - പക ,വാശി ,അസൂയ ,മത്സരബുദ്ധി ,ആർത്തി ,ധനമോഹം ,ഉപദ്രവവാസന - തഴച്ചുവളരുകയാണ്. ഈ ദുർവാസനകളെ പാകപ്പെടുത്തുന്ന ഇടങ്ങളാണ് ക്ളാസ് റൂമുകൾ .യഥാർത്ഥവിദ്യ തേടിപ്പായ കുറെ കഥാകൃത്തുക്കളെ ഓർക്കുകയാണ്. പൊറ്റെക്കാട് ,ഉറൂബ്  സി.വി.ശ്രീരാമൻ തുടങ്ങിയവരുടെ ഗ്രാമങ്ങളെക്കുറിച്ച് ഓർമ്മിക്കാൻ ഈസ്റ്റ്മാൻ്റെ ചിത്രം  ഇടയാക്കി .ദൈവം അവിടെ വെയിൽ പോലെ പെയ്യുകയാണ് ,അവിദ്യയെ തമസ്കരിക്കാൻ. 

പെസ്സോവയുടെ അരുചി 

പോർച്ചുഗീസ് കവി ഫെർണാണ്ടോ പെസ്സോവ തൻ്റെ ആത്മകഥയായ TheBook of Disquiet ൽ ആത്മീയ പ്രക്ഷോഭത്തിൻ്റെ പാരമ്യാവസ്ഥയെ  വിവരിക്കുന്നുണ്ട്. ഭൗതികമോ ആന്തരികമോ ആയ സംഘർഷം നമ്മെ ആത്മീയമായ നിരാഹാരത്തിലേക്ക് തള്ളിവിടും .

"I'am losing my taste for everything, including even my taste for finding everything tasteless "

എല്ലാ രുചികളിൽ നിന്നും മനുഷ്യൻ അകലുന്നത് സംഘർഷകാലത്താണ് ,സന്ദിഗ്ദ്ധ കാലത്താണ്. അരുചി പോലും മനസിലാക്കാനാവാതെ നമ്മെ കഴപ്പിക്കും .യുക്രെയ്നിൽ നിന്ന് പലായനം ചെയ്തവരുടെ മനോനില ഇതായിരിക്കില്ലേ ?

സി.വി.ബാലകൃഷ്ണൻ്റെ കഥ പാളി 

'മോനിക്കയും മാർഗരീത്തയും തമ്മിൽ ഗൗരവതരമായ ഒരു സംഭാഷണം' (പ്രഭാതരശ്മി ,മാർച്ച് ) എന്ന കഥ സി. വി.ബാലകൃഷ്ണൻ എന്തിനെഴുതി എന്നു മനസ്സിലാകുന്നില്ല. 
ഒരു പേജ് നിറയെ എഴുതിവച്ചിട്ടുണ്ട്. ആകെ രണ്ടു ഖണ്ഡികകളെയുള്ളൂ. രണ്ടാമതൊന്ന് ആലോചിക്കുക പോലും ചെയ്യാതെയാണ് ഈ കഥാസാഹസത്തിനു മുതിർന്നതെന്ന് അനുമാനിക്കുന്നു. ബാലകൃഷ്ണൻ കഥയെ ഒരിക്കലും ഗൗരവത്തോടെ കണ്ടിട്ടില്ല. എനിക്ക് ബാലകൃഷ്ണനോട് പറയാനുള്ളത് ഇതാണ്: നമുക്ക് എഴുതാൻ ഒരവസരം വരുമ്പോൾ പരമാവധി ആവിഷ്കരിക്കുക. മുൻകാലങ്ങളിൽ എന്തെഴുതി എന്നത് വച്ചല്ല വായനക്കാർ പുതിയ രചനയെ സമീപിക്കുന്നത്. എന്തെങ്കിലും കാട്ടിക്കൂട്ടിയിൽ വായനക്കാർ കൈകാര്യം ചെയ്യും .ഈ കഥ ഒന്നാന്തരം പൈങ്കിളിയാണ്. ഗർഭം ,അവിഹിതഗർഭം തന്നെയാണ് പ്രമേയം. അവിഹിതഗർഭം പേറുന്ന മോണിക്ക എന്ന സ്ത്രീ ഗർഭം അലസിപ്പിക്കുന്നതിനു എതിരാണത്രേ .അതിനു വായനക്കാർ എന്താ വേണ്ടത് ?അവൾ കൂട്ടുകാരിയോട് ചോദിക്കുകയാണ് മേരി ചെയ്തത്  അങ്ങനെയാണോ എന്ന് ! .ഇതോടെ കഥയുടെ തകർച്ച പൂർത്തിയായി. 

എന്തെങ്കിലും എഴുതുമ്പോൾ ദയവായി വായനക്കാരനെ ഓർക്കുക. ഹെമിംഗ്വേ ,മാക്സിം ഗോർക്കി തുടങ്ങിയവരുടെ കഥകൾ വായിച്ചവർ അവിടെ നില്ക്കുകയല്ല ;അവർ ഹാറുകി മുറകാമിയെയും ജൂലിയൻ ബാൺസിനെയും വായിക്കുന്നു. ഗർഭവും അലസിപ്പിക്കലുമൊക്കെ ഇവിടെ എത്രയോ പേർ എഴുതി നശിപ്പിച്ചതാണ്. ഇനിയും അതു തന്നെ വേണോ ?

താരതമ്യേന രസം തോന്നിയത് വി.എസ്.അജിത് എഴുതിയ 'ഇന്നു  രാത്രി പതിനൊന്നിന് '(പ്രസാധകൻ, ഏപ്രിൽ )വായിച്ചപ്പോഴാണ്. ഇപ്പോൾ ഫേസ്ബുക്ക് പ്രണയവും അനന്തര സമാഗമവുമാണല്ലോ പുതിയ സംഭവ വികാസങ്ങൾ .കഥ പറയാനാഗ്രഹിക്കുന്നവർക്ക് ഫേസ്ബുക്ക് മെസഞ്ചർ ധാരാളം വിഭവങ്ങൾ ഒരുക്കുന്നുണ്ട് .ഈ കഥയിലും വിഭവദാനം നടത്തുന്നത് മെസഞ്ചറാണ്. യാദൃശ്ചികമായി പരിചയപ്പെട്ട ഒരു പെൺസുഹൃത്ത് ക്ഷണിച്ചതനുസരിച്ച് വീര്യമുള്ള ഒരു സമാഗമത്തിനായി, രാത്രിയിൽ അവളുടെ അപരിചിതമായ വീട്ടിലേക്ക് ചെല്ലുകയാണ് കഥാനായകൻ. എന്നാൽ അവളെ കണ്ടു പരിചയപ്പെട്ടു സ്നേഹത്തിൻ്റെ അടയാളങ്ങൾ പുറത്തെടുക്കാൻ തുടങ്ങുമ്പോഴേക്കും അവൾ കലിതുള്ളി തെറിവിളിക്കാൻ തുടങ്ങി.അവളും മകളും ഒറ്റയ്ക്കാണ് താമസം. അവളെ കല്ലെറിഞ്ഞും തെറി പറഞ്ഞും ശല്യപ്പെടുത്തുന്ന കുറേപേർ ചുറ്റുവട്ടത്തൊക്കെയുണ്ട്. അവരിലൊരാളാണ് ഫേസ്ബുക്കിലൂടെ താൻ പരിചയപ്പെട്ട ഈ അതിഥിയെന്ന് അവൾ തെറ്റിദ്ധരിക്കുന്നു. മുട്ടയിൽ കൂടോത്രം എഴുതിയ നരാധമനാണ് അവനെന്ന് ഉറപ്പുവരുത്താൻ അവൾ ഒരു കടലാസിൽ എഴുതിച്ച് കൈയക്ഷരം പരിശോധിക്കുന്നു .ഒരു തെറ്റും ചെയ്യാത്ത അവൻ ഞെട്ടലിൽ നിന്നു മുക്തനാകുന്നതിനു മുന്നേ തന്നെ അവനു കിട്ടി: "ചവിട്ടിത്തള്ളിയിട്ടു കളഞ്ഞു. പുറം തലയിടിച്ചാണ് വീണത്.അവളുടെ കാല് എൻ്റെ കൊരവള്ളിയിലാ " .

ഈ കഥ എന്നെ രസിപ്പിക്കാൻ കാരണമുണ്ട് .സാമ്പ്രദായിക ഫേസ്ബുക്ക് പ്രണയങ്ങളുടെയും കൂടിച്ചേരലുകളുടെയും വേർപെടലുകളുടെയും സ്ഥിരം ട്രാക്കിലല്ല ഈ കഥ ഓടുന്നത്. ഒരു അസാധാരണ ട്വിസ്റ്റ് സംഭവിക്കുകയാണ്. ഇത്രയെങ്കിലും വേണമല്ലോ ഒരു ഫേസ്ബുക്ക് കഥയെഴുതുമ്പോൾ .

ദസ്തയെവ്സ്കി ന്യൂറോട്ടിക് വ്യക്തിത്വം ?

സമീപകാലത്താണ് സമകാലീന സാഹിത്യചിന്തകനായ എൽ. ജയിംസ് ഹാമണ്ട് (L.James Hammond) എഴുതിയ ചില ലേഖനങ്ങൾ വായിച്ചത്. ചിന്താ കുഴപ്പങ്ങൾ പരിഹരിക്കാൻ, അദ്ദേഹം ഇരുപതാംനൂറ്റാണ്ടിനു മുമ്പുള്ള പുസ്തകങ്ങളാണത്രേ വായിച്ചത്. 
ദസ്തയെവ്സ്കി ഒരു ന്യൂറോട്ടിക് വ്യക്തിത്വമായിരുന്നു എന്നാണ് ഹാമണ്ട് പറയുന്നത്. തൻ്റെ മനസ്സിൻ്റെ  പ്രശ്നങ്ങളും നരകങ്ങളുമാണ് അദ്ദേഹം മറ്റുള്ളവരിൽ കാണാൻ ശ്രമിച്ചത് .ദസ്തയെവ്സ്കിയുടെ  കഥാപാത്രങ്ങളിൽ മിക്കവരും ആത്മപീഢയിൽ വേവുകയാണ്. സ്വയം പീഡിപ്പിക്കുന്ന അവരുടെ അതിരുവിട്ട സദാചാരബോധം അവരെ സാധാരണ സ്ത്രീകളുമായി ബന്ധം സ്ഥാപിക്കുന്നതിൽ നിന്ന്  പിന്തിപ്പിക്കുകയാണ് ചെയ്യുന്നത് ;  പകരം അവർ ശാരീരിക അവശതകളുള്ള സ്ത്രീകളെ ഇഷ്ടപ്പെടുന്നു,ഒരു  കൃപ എന്ന നിലയിൽ .സ്വയം അപഹസിക്കുകയും നിന്ദിക്കുകയും ചെയ്യുന്ന സ്വഭാവമുള്ള ഈ കഥാപാത്രങ്ങൾ മിക്കപ്പോഴും  ബഫൂണുകളെപ്പോലെയാണ് പെരുമാറുന്നതെന്ന് ഹാമണ്ട് കണ്ടെത്തുന്നു.

സൗന്ദര്യത്തെക്കുറിച്ച് ഹാമണ്ട് പറയുന്നത് ഇതാണ്: "സൗന്ദര്യം സാർവത്രികമോ കാലാതീതമോ അല്ല.  കാലദേശങ്ങൾക്കനുസരിച്ച് അതിന് മങ്ങൽ സംഭവിക്കുന്നു .പുരാതന ഗ്രീസിലെ ഭാവനാശാലിയായ ഒരെഴുത്തുകാരൻ ഇന്നത്തെ വായനക്കാരെ ആകർഷിക്കുന്നില്ല. പുരാതന ഗ്രീക്ക് എഴുത്തുകാർ പണ്ഡിതന്മാരെയാണ് ആകർഷിക്കുന്നത്. പൗരസ്ത്യ  സംസ്കാരത്തിൽ പാശ്ചാത്യജനതയ്ക്ക് അത്രകണ്ട് താല്പര്യം ജനിച്ചിട്ടില്ല .ചൈനയിലെയോ  ജപ്പാനിലെയോ കവികളെ പാശ്ചാത്യരാജ്യങ്ങളിലെ സാഹിത്യചിന്തകർ കാര്യമായി സ്വാധീനിച്ചിട്ടില്ല" .

ഇത് എത്രയോ ശരിയാണ് .ഇപ്പോൾ പാശ്ചാത്യലോകത്ത്, സാഹിത്യത്തിനും തത്ത്വചിന്തയ്ക്കും വേണ്ടി  ആയിരക്കണക്കിന് പ്രസിദ്ധീകരണങ്ങൾ ഓൺലൈനിലുണ്ട്. മിക്കവാറും പ്രമുഖരുടെ രചനകളെല്ലാം  സൗജന്യമായി വായിക്കാം. എട്ടു കോടി പുസ്തകങ്ങളുടെ പി.ഡി.എഫ് ആർക്കു  വേണമെങ്കിലും യഥേഷ്ടം ഡൗൺലോഡ് ചെയ്തു വായിക്കാം. പാശ്ചാത്യദേശങ്ങളിലെ വിമർശകരുടെ  ലേഖനങ്ങളിൽ ഇന്ത്യയിലയോ  ചൈനയിലെയോ ജപ്പാനിലെയോ   എഴുത്തുകാരുടെ രചനകളെപ്പറ്റി ഒരു പരാമർശംപോലും ഞാൻ കണ്ടിട്ടില്ല.

വിജയൻ്റെ സംഗീതവ്യൂഹം 

ചില വാക്യങ്ങൾ എഴുതുമ്പോൾ സ്കൂളിൽ മാഷുമാർ പറഞ്ഞത് കേൾക്കുന്നവരാണെങ്കിൽ, ആവർത്തനം ഒഴിവാക്കാൻ ശ്രമിക്കും. പകരം പര്യായപദങ്ങൾ ഉപയോഗിക്കും. ഇത് തെറ്റാണ്. ചില വാക്കുകൾ അത്യാവശ്യമായി ആവർത്തിക്കേണ്ടി വരും. അത് സംഗീതത്തിൻ്റെയും കലയുടെയും ആവശ്യമാണ് .ഒരു ഖണ്ഡികയിൽ ഒരു വാക്ക് മൂന്നോ നാലോ പ്രാവശ്യം ആവർത്തിക്കുന്നത് തെറ്റാണെന്ന് പറയുന്നവർ കണ്ടേക്കാം. എന്നാൽ ആവർത്തനത്തിനും ചില ഉപയോഗങ്ങളുണ്ട് .ഒ.വി. വിജയൻ്റെ  'ധർമ്മപുരാണം' എന്ന നോവലിൻ്റെ  ഒടുവിലെ ഭാഗം ശ്രദ്ധിക്കണം. ഒരു നോവൽ എങ്ങനെ അവസാനിപ്പിക്കണമെന്ന് വിജയന്  നല്ല ധാരണകളുണ്ട്. ഇന്ത്യൻ എഴുത്തുകാരിൽ ഇതുപോലൊരു തീവ്രബോധം മറ്റാർക്കെങ്കിലുമുണ്ടോ എന്നറിയില്ല. സാഹിത്യരചന എങ്ങനെ അവസാനിപ്പിക്കണമെന്ന് അറിയണമെങ്കിൽ ആവശ്യത്തിൽ കൂടുതൽ പ്രതിഭ വേണം.'ധർമ്മപുരാണം' അവസാനിപ്പിക്കാൻ വിജയൻ തൻ്റെ ജ്ഞാനം മുഴുവൻ ഉപയോഗപ്പെടുത്തിയിരിക്കുന്നു .കലാ സങ്കേതങ്ങളുടെ മുഖാവരണങ്ങൾ തട്ടിമാറ്റി ,തന്നിലൂടെ തന്നെ  സഞ്ചരിക്കുകയാണ് എഴുത്തുകാരൻ :

" പരാശരൻ ജാഹ്നവിയുടെ തീരത്തുനിന്നു. അപ്പോഴാണ് പൊടുന്നനെ അയാൾ ആ മരം കണ്ടത്. അനാഥനായ പരാശരൻ്റെ  മുകളിൽ അപാരമായ ആ വടവൃക്ഷം പടർന്നു നിന്നു. പരാശരൻ്റെ  കണ്ണുകൾ നിറഞ്ഞൊഴുകി .
പരാശരൻ മരത്തിൻ്റെ മുമ്പിൽ മുട്ടുകുത്തി.
പരാശരൻ മരത്തെ കെട്ടിപ്പിടിച്ചു.
പരാശരൻ അലമുറകൊണ്ടു :
'സിദ്ധാർത്ഥാ രാജാവേ ,ഇത് അങ്ങാണോ ' ?
ഓരോ ഇലയും കൊമ്പും വേരും പരാശരനോട് സംസാരിച്ചു. അതൊരു സ്വരപ്രളയമായി. അതിൻ്റെ അർത്ഥം മനസിലാക്കാതെ പടനായകൻ അതിൻ്റെ തിരകളിൽ മുങ്ങിപ്പൊങ്ങി .
പരാശരൻ പ്രലപിച്ചു:
പറഞ്ഞു തരിക !എനിക്കു പറഞ്ഞു തരിക !' 

വടവൃക്ഷം നിശബ്ദമായി .
അരികിലൂടെ സനാതനയായ ജാഹ്നവി ഒഴുകിക്കടന്നു.
ഒറ്റയ്ക്ക് പടനായകൻ ആ മഹാസസ്യത്തിൻ്റെ ചുവട്ടിൽ ഇരുന്നു. മൃഗസൃഷ്ടിയുടെ തീരാദു:ഖത്തിൽ പരാശരൻ പിന്നെയും പിന്നെയും കരഞ്ഞു.അയാളുടെ ചുമലിൽ ഞാന്നു കിടന്ന ആയുധം ഒരു കുഞ്ഞിനെപോലെ ഉറങ്ങി ".

ഇവിടെ പരാശരൻ എന്ന നാമം ആറ്  തവണ ആവർത്തിച്ചിരിക്കുന്നു .ഇത് എഡിറ്റ് ചെയ്യാൻ ഏതെങ്കിലും പബ്ളിഷിംഗ് കമ്പനിയിലെ എഡിറ്ററെ   ഏൽപ്പിച്ചിരുന്നെങ്കിൽ അയാൾ പരാശരൻ എന്ന വാക്ക് ആവർത്തിക്കാതെ പകരം മറ്റു പല വാക്കുകൾ കണ്ടുപിടിക്കുമായിരുന്നു. 
പരാശരൻ എന്ന വാക്ക് വിജയന്  ആവശ്യമാണ് .വിജയൻ നയിക്കുന്ന  സംഗീതത്തിൻ്റെ  മഹാപ്രസ്ഥാനത്തിന് ഈ വാക്കുകളുടെ ആവർത്തനം ആവശ്യമാണ്. പരാശരൻ്റെ അടുത്തുള്ള വൃക്ഷം വളരുകയാണ്.  അതിൻ്റെ ഓരോ ഇലയും അയാളോട്  സംസാരിക്കുകയും ചെയ്യുന്നു. എപ്പോഴും ഈ സമന്വയവും  സമാശ്വാസവും പ്രകൃതിയിലുണ്ട്. കൈയിലൊതുങ്ങാത്ത ഈ വിഷയം പകർത്തുമ്പോൾ എഴുത്തുകാരൻ വയലിനിസ്റ്റ് യെഹൂദി മെനുവിൻ (yehudi Menuhin) ആകണം ,സാഹിത്യസംഗീതം ഉൾക്കൊള്ളാൻ .സിദ്ധാർത്ഥനായി മാറിയ വൃക്ഷത്തെ അറിയാൻ ബുദ്ധൻ്റെ അഹിംസയെ ആവാഹിക്കണം.

പരാശരൻ എന്ന വാക്ക് മാത്രമല്ല, വേറെയും വാക്കുകൾ ആവർത്തിക്കുന്നുണ്ട്. ആവർത്തനം നമ്മെ ആത്മീയമായ ഒരു മന്ത്രധ്വനിയിലേക്ക് നയിക്കുകയാണ്. വളരെ നിശ്ശബ്ദവും വിജനവുമായി ഒരിടത്ത് ആത്മാവ് അതിനോടു തന്നെ നടത്തുന്ന ഒരു സംവാദമാണത്‌.  

കലയില്ല 

സുരേന്ദ്രൻ മങ്ങാട്  രചിച്ച 'കസ്റ്റഡി' ഒരു പോലീസ് ഇൻസ്പെക്ടറുടെ ജീവിതത്തെയാണ് പരിചയപ്പെടുത്തുന്നത്. പൊലീസുകാരുടെ ജീവിതത്തിൽ ഇതൊക്കെ സാധാരണയാണ് .
റോഡുവക്കിൽ കിടന്ന ഒരാളെ എടുത്തുകൊണ്ട് ആശുപത്രിയിലേക്ക് പോകുന്നവഴിയിൽ മരിക്കുന്നു .കസ്റ്റഡി മരണമാണെന്ന് വ്യാഖ്യാനിക്കപ്പെടുന്നു. അതിനെക്കുറിച്ചോർത്ത് വേവലാതിപ്പെടുന്ന പോലീസ് ഇൻസ്പെക്ടറാണ് കഥയിലുള്ളത്. ഈ കഥയ്ക്ക് എന്താണ് പ്രസക്തിയെന്ന് മനസ്സിലാകുന്നില്ല. ഒരു കഥ ഉണ്ടാകുന്നത് റിയലിസ്റ്റ് ജീവിതത്തിൻ്റെ അടിയിൽ അദൃശ്യമായി, കൂടുതൽ സത്യമായി മറ്റൊരു ജീവിതം ഉണ്ടെന്ന് തോന്നുമ്പോഴാണ്. കഥാകൃത്ത് മാത്രമാണ് അതിൻ്റെ സാക്ഷി. ഈ കഥയിലെ പൊലീസ് ഉദ്യോഗസ്ഥനെ എല്ലാവർക്കും അറിയാവുന്നതാണ്. അസാധാരണമായി ഒന്നുമില്ല. ഉപരിപ്ളവമായ സംഭവങ്ങൾ വിവരിക്കുന്നത് പത്രറിപ്പോർട്ടിൻ്റെ  ഭാഗമാണ് ;ചെറുകഥയല്ല .
ചെറുകഥയിൽ കലയുണ്ടാവണം. നിത്യജീവിതത്തിലെ ഒരു സംഭവം വിവരിക്കുന്നത് കഥയാണെന്ന് തെറ്റിദ്ധരിക്കുന്നവരുണ്ട് .അവർക്ക് കലയോട് കൂറ് ഉണ്ടായിരിക്കില്ല.

നിരർത്ഥകമായ കഥ

ശിഹാബുദ്ദീൻ പൊയ്ത്തുംകടവിൻ്റെ  കഥകൾ ഞാൻ നന്നായി പരിശ്രമിച്ചു വായിച്ചു നോക്കിയിട്ടുണ്ട് .പക്ഷേ, എനിക്കാസ്വദിക്കാൻ പറ്റാറില്ല. കഥ പറഞ്ഞു തുടങ്ങിയശേഷം കഥാകൃത്തിനു ഏകാഗ്രത നഷ്ടപ്പെടുകയോ ലക്ഷ്യം തെറ്റി എവിടെയെങ്കിലും ചെന്നു വീഴുകയോ ചെയ്യുകയാണ് പതിവ്. 

'അരികിൽ നീ വന്നിരിക്കൂ' (മാതൃഭൂമി ആഴ്ചപ്പതിപ്പ് ,ഏപ്രിൽ 2) എന്ന കഥയും അതുപോലെതന്നെ ലക്ഷ്യം കാണാനാവാതെ എവിടെയോ തലകുത്തി വീഴുന്നു. ഇതിൽ ഡോ. അജ്മൽ ഹുസൈൻ എന്ന കഥാപാത്രത്തെ എന്ത് ചെയ്യണമെന്ന് കഥാകൃത്തിനു  അറിയില്ല. അയാളെ വിധ്വംസകസ്വഭാവമുള്ളവനാക്കാൻ  ശ്രമിക്കുന്നുണ്ട്. അയാൾ ചോറുണ്ണുന്നത് ലൈംഗികാനുഭൂതിക്ക് വേണ്ടിയാണ് .അയാൾ ചോറുരുട്ടുന്നത് ഇണയുടെ ജനനേന്ദ്രിയത്തിൽ വിരലിടുന്നതിനു സമാനമാണത്രേ. കഥാകൃത്തിനോട് പറയാനുള്ളത് ഇതാണ്: ഔചിത്യത്തോടെ എഴുതുക. അന്നത്തെയെങ്കിലും വികലമാക്കാതിരിക്കുക. അതൊക്കെ അപക്വമായ സമീപനമായി അവശേഷിക്കുകയാണ്.തുടക്കത്തിൽ അയാളുടെ ഭക്ഷണശീലത്തെക്കുറിച്ച് പറഞ്ഞുതുടങ്ങിയ കഥാകൃത്ത് പിന്നീട് അതെങ്ങനെ വികസിപ്പിക്കണമെന്ന റിയാതെ കുഴങ്ങുന്നു .
അയാൾക്ക് ഭാര്യയുമായുള്ള പ്രശ്നങ്ങൾ അവതരിപ്പിക്കുന്നു. ഭാര്യ വാങ്കുവിളി കേൾക്കുമ്പോൾ ചെയ്തു കൊണ്ടിരിക്കുന്ന പ്രവൃത്തി എന്തായാലും നിർത്തിവയ്ക്കുകയാണത്രേ. അയ്യോ കഷ്ടം .ഡോക്ടറെ സംശയിക്കുകയും  ശകാരിക്കുകയും ചെയ്യുന്നു. അവൾ കോളജ് അധ്യാപികയാണെന്നോർക്കണം!  യാതൊരു ലോജിക്കുമില്ലാത്ത അവതരണം. കഥാകൃത്തിനു കഥ അവസാനിപ്പിക്കാൻ കഴിയുന്നില്ല. ഒടുവിൽ അജ്മലിനെ മദ്യപാനിയാക്കുകയാണ്. ഭാര്യ ജോലി ചെയ്യുന്ന കോളേജിൻ്റെ ഗേറ്റിനു മുന്നിൽ അയാൾ മദ്യപിച്ച് കൂത്താടി വീണു കിടക്കുകയാണത്രേ! എന്നിട്ടോ അതും പരാജയം .ആശുപത്രിയിൽ ജോലി ചെയ്യുന്ന ഡോക്ടർ കോളജ് പടിക്കൽ വീണു കിടക്കുന്നത് അയാളുടെ ഭാര്യ കണ്ട് ബോധ്യപ്പെടുന്നു. അവൾ സഹോദരനെ വിളിച്ചു വരുത്തി നേരെ ആശുപത്രിയിലേക്ക് രണ്ടു മണിക്കൂർ കാറോടിച്ച ചെല്ലുന്നു. ഡോക്ടറെ കണ്ട അവൾ ഉറപ്പു വരുത്തുകയാണ്:
"മുംതാസിൻ്റെ (ഭാര്യ) മുഖത്തേക്ക് ഡോക്ടർ നോക്കിയതേയില്ല .ഫസൽ (ഭാര്യയുടെ സഹോദരൻ)ഇതൊട്ടു ശ്രദ്ധിച്ചതുമില്ല. പക്ഷേ ,അവൾക്ക് എല്ലാം മനസ്സിലായി കഴിഞ്ഞിരുന്നു. കണ്ണുകൾക്ക് താഴെയുള്ള തടിപ്പും  കറുപ്പും .പിന്നെ ,ധൃതിയിൽ ഷേവ്  ചെയ്യുന്നതിനിടയിൽ ഇടത്തെ കൃതാവിനിടയിൽ മുറിഞ്ഞതിൻ്റെ പാട്. അത് ചോദിക്കാൻ  തന്നെ മുംതാസ്  തീരുമാനിച്ചു .പക്ഷേ ,പറഞ്ഞു തുടങ്ങുമ്പോഴേക്കും പള്ളിയിൽ നിന്ന് അസർ ബാങ്ക് മുഴങ്ങി " .

എന്ത് കഥയാണിത് ?എന്തെങ്കിലും വ്യക്തതയുണ്ടോ ? യാതൊന്നും പറയാനില്ലാത്തപ്പോൾ കഥയെഴുതാതിരിക്കുകയാണ് നല്ലത്.

ധൃതരാഷ്ട്രർക്കും പരവതാനി 

ധൃതരാഷ്ട്രർക്ക് സാമാന്യം  തരക്കേടില്ലാത്ത നന്മകളുണ്ടായിരുന്നുവെന്ന് സമർത്ഥിക്കുകയാണ് വി.പി.ഏലിയാസ് 'ഇരുളൻ'(മാതൃഭൂമി ആഴ്ചപ്പതിപ്പ്, ഏപ്രിൽ 16) എന്ന കഥയിൽ .നല്ല ഭാവിയുള്ള പരിപാടിയാണ്. രാവണൻ, ദുശ്ശാസനൻ ,ദുര്യോധനൻ ,കംസൻ ,ശകുനി തുടങ്ങിയവരെയൊക്കെ വിശിഷ്ടവ്യക്തിത്വങ്ങളായി  സ്ഥാപിച്ചുകൊണ്ട് കഥയും നോവലുമെഴുതുന്നവരുണ്ട്. സമൂഹം അത്രമേൽ അഴിമതിയിലേക്കും ദുരയിലേക്കും മൂല്യരാഹിത്യത്തിലേക്കും ചെന്നു പതിച്ചിരിക്കുന്നു എന്നതിൻ്റെ തെളിവാണ് ഇത്തരം സാഹിത്യരചനകൾ .ഇത്തരം രചയിതാക്കൾക്ക് ധർമ്മം എന്ന സമസ്യയെക്കുറിച്ച് വലിയ വിവരമില്ല .

ധർമ്മം ബാങ്കിലെ പലിശപോലെയോ, അവാർഡ് സംഘടിപ്പിക്കുന്നപോലെയോ അനായാസമായി മനസ്സിലാക്കാവുന്ന ഒരു പ്രശ്നമല്ല.വൈരാഗ്യമുള്ള എഴുത്തുകാരനോട് പക പുലർത്തുന്ന  പത്രാധിപരുടെ മനോനിലപോലെ വളരെ ലാഘവത്തോടെ കാണാവുന്നതല്ല ധർമ്മം. ധർമ്മത്തെ ധർമ്മപുത്രർപോലുമല്ല നിർവ്വചിച്ചത് , ശ്രീകൃഷ്ണനാണ്. അർജുനനു പോലും  ധർമ്മത്തെ മനസ്സിലാക്കാനായില്ല. കർണൻ ജീവിതകാലമത്രയും ധർമ്മത്തെ ഇഴപിരിച്ചെങ്കിലും അയാൾക്കും പിടികിട്ടിയില്ല. ഓരോ ശ്വാസത്തിലും ധർമ്മത്തെക്കുറിച്ച് പറഞ്ഞ ഭീഷ്മർ, ഒടുവിൽ ഒരു കുരുക്ഷേത്ര ഭൂമിയിൽ ശ്രീകൃഷ്ണൻ ധർമ്മത്തെ വ്യാഖ്യാനിക്കുന്നത് കണ്ടു നിസ്സഹായനായി ആയുധം താഴെ വയ്ക്കുകയാണ്. ഇതാണ് വസ്തുതയെന്നിരിക്കെ ,മലയാളത്തിൽ ചിലർ ഇതാ ഞങ്ങൾ രാജ്യം പിടിച്ചടക്കുകയാണ് എന്ന് പ്രഖ്യാപിച്ചുകൊണ്ട് മഹാഭാരതത്തെക്കുറിച്ച് തടിച്ച ഗ്രന്ഥങ്ങൾ എഴുതി. ഇവർക്കും ധർമ്മം എന്താണെന്ന് വ്യാഖ്യാനിക്കാൻ അറിയില്ല .

സത്യൻ അന്തിക്കാടിൻ്റെ  സിനിമകളിലെ നായകനെപ്പോലെ ശ്രീകൃഷ്ണനെ സമീപിച്ചിരിക്കുകയാണ് ഈ മഹാഭാരതവ്യാഖ്യാതാക്കൾ. കെ.സി. നാരായണൻ ,സുനിൽ പി. ഇളയിടം തുടങ്ങിയവർക്ക് സംഭവിച്ചത് ഇതാണ്. ശ്രീകൃഷ്ണൻ്റെ ധർമ്മത്തെ മനസിലാക്കാതെ മഹാഭാരതത്തെക്കുറിച്ച് എഴുതിയാൽ കൊമേഴ്സ്യൽ സിനിമാനിരൂപണം പോലാവും ; അവിടെ കഥാപാത്രങ്ങളെ പുറമേ നിന്ന് നിരീക്ഷിച്ചാൽ മതിയല്ലോ .

ഇവിടെ വി.പി.ഏലിയാസ്  സമർത്ഥിക്കുന്നത് ധൃതരാഷ്ട്രർക്ക് നിറയെ നന്മകളുണ്ടെന്നാണ്. ധൃതരാഷ്ട്രറുടെ ഈ വാക്കുകൾ നോക്കുക :"അധർമ്മം പ്രവർത്തിക്കുന്നതിൽ നിന്ന് സുയോധനനെ വിലക്കിയില്ല എന്നതിനപ്പുറം എന്ത് ദോഷമാണ് എന്നിലാരോപിക്കാവുന്നത് ?വിലക്കിയില്ല എന്നതുപോലും സത്യമല്ല. വിലക്കുകളെ അവർ വകവച്ചില്ല എന്നതാണ് സത്യം. വാക്കുകൾക്ക് വിലയില്ലാത്തിടത്ത് ഒരാൾ പതുക്കെപ്പതുക്കെ മൗനിയായിത്തീരുന്നതിൽ എന്താണത്ഭുതം? ഞാൻ ചെയ്ത നന്മകളൊന്നും പരിഗണിച്ചില്ല ".

ധൃതരാഷ്ട്രർ സ്വയം ന്യായീകരിക്കുകയാണ്. അയാൾ പറയണമായിരുന്നു ,ചൂതുകളി നല്ലത്, പക്ഷേ രാജ്യം പണയംവച്ച് കളിക്കരുത് എന്ന് .തൻ്റെ വീട്ടിൽ ധർമ്മം സ്ഥാപിക്കാൻ കഴിയില്ലെന്ന് ബോധ്യപ്പെട്ട ആ കിഴവൻ  ആത്മഹത്യചെയ്യണമായിരുന്നു.

യുക്രൈൻ കവി ഴദാൻ 

ഇന്നത്തെ യുക്രെയ്ൻ സാഹിത്യത്തിലെ പ്രധാന ശബ്ദങ്ങളിലൊന്നാണ് സെറി ഴദാൻ ((Serhiy Zhadan). ഏഴ് നോവലുകളും പന്ത്രണ്ട് കവിതാസമാഹാരങ്ങളും പുറത്തിറക്കിയിട്ടുണ്ട്. ദ് ന്യൂയോർക്ക് ടൈംസ് ഴാദൻ്റെ 'ഹെഡ്ഫോൺസ് എന്ന കവിത മൂന്നു വർഷം മുമ്പാണ് പരിഭാഷചെയ്ത് പ്രസിദ്ധീകരിച്ചത്. ടൈംസിൽ പ്രത്യക്ഷപ്പെടുന്ന ആദ്യ യുക്രെയ്ൻ എഴുത്തുകാരനാണ് ഴാദൻ .ബിബിസി അവാർഡ് ,ഡെറക് വാൽക്കോട്ട് അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. "ഞങ്ങളുടെ രചനകൾ സാഹിത്യഭൂപടത്തിൽ അടയാളപ്പെട്ടു കഴിഞ്ഞു .ഇനിയാർക്കും അത് മായ്ച്ചു കളയാനാവില്ല " -ഴദാൻ പറഞ്ഞു .

To know that you still lie there beyond the scorched mountain എന്ന കവിതയിൽ ഴദാൻ ഇങ്ങനെ കുറിക്കുന്നു:
I don't have a home 
I have only a memory 

ഇത് ഇന്നത്തെ യുക്രെയ്ൻ ജീവിതത്തിൻ്റെ മനസ്സാക്ഷിയുടെ മുഖം പോലെ തുറന്നു കാട്ടുന്നു .
വേറൊരിടത്ത്  ഇങ്ങനെ വായിക്കാം:
When you,God, 
look in to a mirror, 
What do you see in your image? 
Woe unto you, the city forgotten by all .

ഈ യുദ്ധത്തിൽ കണ്ണാടികൾ എന്തുപറയും? അവ നമ്മുടെ മുഖത്തിനു പകരം ആധിയായിരിക്കും കാണിച്ചു തരുക .ഈ നഗരത്തെ എല്ലാവരും മറന്നിരിക്കുകയാണെന്ന് എത്ര നാൾ മുമ്പാണ് ഴാദൻ എഴുതിയതെന്നോർക്കണം. 2019 ലാണ് ഈ കവിത പരിഭാഷ ചെയ്യപ്പെട്ടത്. 
യുദ്ധങ്ങളുടെ ഭൂതകാലമാണ് ഇവിടെ തെളിയുന്നത് . 

എൻ. പ്രഭാകരൻ പിന്തിരിയുന്നു 

എഴുത്തുകാർ നിശ്ശബ്ദരായിപോയ കാലമാണല്ലോ ഇത് .യുക്രെയ്നിൽ എത്ര ലക്ഷം പേർ മരിച്ചാലെന്താ ? സ്വന്തം അവാർഡുകൾ നഷ്ടപ്പെടുത്താതെ നോക്കണം. അത്ര തന്നെ .ഇവിടെയാണ് 'സാഹിത്യവിമർശം' മാസികയും  ആനന്ദൻപിള്ളയും ശ്രദ്ധ നേടുന്നത്.  വിമർശിക്കപ്പെടാത്തതായി ഒന്നും ഉണ്ടായിരിക്കരുത്. ഈ നിലപാട് പ്രതീക്ഷ തരുന്നു. വിഗ്രഹങ്ങൾ സൃഷ്ടിക്കാൻ വേണ്ടി ചിലർ തെറ്റായ മാർഗങ്ങൾ അവലംബിക്കുമ്പോൾ, അതിനെ ചെറുക്കേണ്ടത് ഭാവിയുടെ ആവശ്യമാണ്. 

എൻ. പ്രഭാകരൻ്റെ  ലേഖനം  (സത്യാനന്തരകാലത്തെ സത്യങ്ങൾ ,സാഹിത്യവിമർശം, ജൂൺ ) ഒരു കുറ്റസമ്മതമാണെന്ന് തോന്നുന്നു. അദ്ദേഹം സാഹിത്യാവബോധത്തിൻ്റെ  കാര്യത്തിൽ ഭേദപ്പെട്ട പരിശ്രമങ്ങൾ നടത്തുമെന്ന് വിചാരിച്ചിരുന്നവരെയെല്ലാം തട്ടിമാറ്റിക്കൊണ്ട് രാഷ്ട്രീയ പക്ഷപാതത്തിലും ആഴക്കുറവിലും  അഭിരമിക്കുകയാണ് പ്രഭാകരൻ  ചെയ്തത് .മറ്റുള്ളവർ എന്ത് വിചാരിക്കുമെന്ന് ഭയമുള്ളതുകൊണ്ട് അദ്ദേഹം പ്രധാനപ്പെട്ട ഒരു വിഷയത്തെയും തൊട്ടില്ല .രാഷ്ട്രീയമായ ചെറിയ നേട്ടങ്ങൾക്ക് വേണ്ടി അഭിപ്രായങ്ങൾ വിഴുങ്ങി ജീവിക്കുന്ന എഴുത്തുകാരെ ഇന്ന് ധാരാളമായി കാണാനാവും. അവർ കിട്ടാനുള്ളതെല്ലാം കിട്ടുന്നതു വരെ പ്രസ്ഥാനങ്ങൾക്കൊപ്പം അള്ളിപ്പിടിച്ചിരിക്കും. ഒന്നും കിട്ടാതാവുന്നതോടെ ചീത്ത പറഞ്ഞുതുടങ്ങും. 

പ്രഭാകരൻ കഴിഞ്ഞ രണ്ടുവർഷത്തിനുള്ളിൽ പോലും ഓർമ്മയിൽ തങ്ങിനിൽക്കുന്ന ഒരു കഥ എഴുതിയില്ല .വീക്ഷണപരമായ പ്രതിസന്ധിയായിരുന്നു. ഈ ലേഖനത്തിൽ അദ്ദേഹം ചില  ഉത്തരാധുനിക സിദ്ധാന്തങ്ങൾ ചർച്ച ചെയ്യുന്നുണ്ട് ; നാട്യമാണത്. ഒരിടത്തും കൃത്യമായി ചെന്നുകൊള്ളരുതെന്ന് ശാഠ്യമുള്ളതുകൊണ്ടാണ് ,ഭയമുള്ളതുകൊണ്ടാണ് ഈ ലേഖനത്തിലും ആരുടെയും പേരു പറയാത്തതെന്ന് അനുമാനിക്കാം. തൻ്റെ കഥാരചനയിൽ സംഭവിച്ച സ്തംഭനത്തെ മറച്ചുപിടിക്കാനാണ് അദ്ദേഹം ഇങ്ങനെ എഴുതുന്നത് :" കഴിഞ്ഞ ദശകങ്ങളിൽ ഏറ്റവും ദയനീയമായ അവസ്ഥയിൽ എത്തിച്ചേർന്നത് സാഹിത്യനിരൂപണവും  ഗവേഷണവുമാണ് " .

സമീപകാലത്ത് സാഹിത്യ വിമർശനത്തിൽ എന്ത് സംഭവിച്ചു എന്ന് പ്രഭാകരന് അറിയില്ല. അദ്ദേഹം ഒന്നും വായിച്ചിട്ടുണ്ടാവില്ല.പണ്ട് പഠിച്ചത് തന്നെ യാണ് ഇപ്പോഴും എഴുതിക്കൊണ്ടിരിക്കുന്നത്. സർവകലാശാലകളിലെ ഗവേഷണത്തെ   ഇവിടെ ആരാണ് ഗൗരവമായ എടുത്തിട്ടുള്ളത്? സാഹിത്യനിരൂപണമ ല്ല പരാജയപ്പെട്ടത് ,ചെറുകഥാപ്രസ്ഥാനമാണ്. ഇന്ന് ഏറ്റവും ദുർബലമായ ശാഖയാണത്. ഒരു നല്ല കഥയുണ്ടാവുന്നില്ല. എൻ. പ്രഭാകരൻ്റെ കഥകളിൽ കാണുന്ന പൊള്ളത്തരങ്ങൾ തന്നെയാണ് ഇവിടെ മറ്റു കഥാകൃത്തുക്കളും  ആഘോഷിക്കുന്നത്. സദുദ്ദേശത്തോടെ മാസിക നടത്തുന്ന ആനന്ദൻപിള്ളയെ പോലും വഴിതെറ്റിക്കുന്ന ലേഖനമാണ് പ്രഭാകരൻ്റേത്. 

എം.ആർ .ചന്ദ്രശേഖരൻ്റെ യാഥാസ്ഥിതിക ചിന്തകൾ 

എം. ആർ. ചന്ദ്രശേഖരൻ തൻ്റെ കാലഹരണപ്പെട്ടതും പല്ലുകൊഴിഞ്ഞതുമായ ചിന്തകൾ (സാഹിത്യവിമർശം ,ജൂൺ ഇങ്ങനെ അവതരിപ്പിക്കുന്നു :"കവിതയിൽ കവിത്രയത്തിനു ശേഷം എൻ.വി . കൃഷ്ണവാരിയർ തന്നെ ".

സാഹിത്യനുഭവമില്ലാത്തയാളാണ് എം. ആർ. ചന്ദ്രശേഖരൻ .അറുപത് വർഷം പിന്നിലാണ് അദ്ദേഹത്തിൻ്റെ സാഹിത്യ ചിന്തകൾ .ആധുനികത വേണ്ട, ചെറിയൊരു നവീനാനുഭവം പോലും  അദ്ദേഹത്തിനു ഉൾക്കൊള്ളാനാവില്ല.ചില  എഴുത്തുകാരുണ്ട് ,ജീവിതത്തിൻ്റെ  നല്ലൊരു പങ്കും ഇടതുപക്ഷത്തിൻ്റെ  സാഹിത്യവുമായി നീങ്ങും .
എം.ആർ. ചന്ദ്രശേഖരൻ്റെ ഇടതുപക്ഷ ആഭിമുഖ്യം കാലഹരണപ്പെട്ടോ ?
ഇപ്പോൾ  ഇടതുപക്ഷവും വലിയ പ്രസാധനശാലകളും  സാഹിത്യപ്രവർത്തനം ഏതാനും പേരിലേക്ക്  ചുരുക്കുന്നതാണ് നാം  കാണുന്നത്. അതുകൊണ്ട്  ധാരാളംപേർ പുറത്താക്കപ്പെടുകയാണ്. ഇടതുപക്ഷ സംഘടനകളുമായി അടുത്ത് പെരുമാറുന്ന ഏതാനും പേരിലേക്ക് പാരിതോഷികങ്ങൾ ചുരുങ്ങിയിരിക്കുന്നു. വലിയ പ്രസാധന ശാലകളിൽ നാലോ അഞ്ചോ എഴുത്തുകാരുടെ രചനകൾക്കേ സ്ഥാനമുള്ളു .നമ്മൾ കൊടുത്താൽ പത്ത് മിനിട്ടിനുള്ളിൽ നിരാകരിക്കപ്പെടും .ഏതാനും പേരെ മാത്രം കോടീശ്വരികളും കോടീശ്വരന്മാരുമാക്കുക എന്ന നയം എത്ര ഹീനമാണ്! .പ്രഗത്ഭരെ തഴഞ്ഞ് തങ്ങളിലേക്ക് മാത്രം പ്രസാധന വ്യവസായം ചുരുങ്ങുന്നതിൽ ഈ 'ആർദ്രഹൃദയ'ർക്ക് സന്തോഷമേയുള്ളു. മറ്റനേകം പേരെ എരപ്പാളികളായി നിലനിർത്തുന്നത് ചിലപ്പോൾ, ഒരു തന്ത്രമായിരിക്കും .അവാർഡുകളെല്ലാം  കറങ്ങിത്തിരിഞ്ഞ് ഈ കുറച്ചാളുകളിലേക്ക്  തന്നെ എത്തിച്ചേരുമല്ലോ.

സാഹിത്യമത്സരം എന്തിന് ?

ആദിവാസി ഭാഷയിൽ എഴുതിയാൽ  ഉടനെ അത് മികച്ച കവിതയായി തിരഞ്ഞെടുക്കുകയായി. മാതൃഭൂമി ആഴ്ചപ്പതിപ്പ് നടത്തിയ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ 'കുടിവെപ്പ്' എന്ന കവിത വായിക്കുക. ഒരു ഫാഷനു വേണ്ടിയാണോ കവിതാമത്സരം? കീഴാളൻ എന്ന വിഷയം കടന്നു വന്നാൽ ഉത്തമ കവിതയോ ?

" എൻ്റമ്മേ  പൊന്നാരമ്മേ
എനിക്കിരിക്കാൻ
കാലടി നെലം വേണം 
എന്നെ വടക്കോട്ട് 
കുടിയിരുത്തീല്യേല് 
വിരിഞ്ഞ പൂങ്കൊലവാട്ടും പോലെ തെങ്ങിൻ പൂക്കുല കൊഴിക്കും പോലെ
അടിവേരറുത്തു മുടിക്കും ഞാനേ!"

ഈ കവിത തെരഞ്ഞെടുപ്പ് ജഡ്ജിമാർ സച്ചിദാനന്ദൻ ,പി.പി .രാമചന്ദ്രൻ ,അനിത തമ്പി എന്നിവരാണ്. ഇവരുടെ കാവ്യാവബോധത്തിനു സംഭവിച്ച പാളിച്ച അവരുടെ വിധി തീർപ്പുകളെയും ബാധിച്ചിരിക്കുന്നു.

വെട്ടിയിട്ട തടിക്കഷണങ്ങളുള്ള അറക്കമില്ലിനെ വിവരിച്ചാലും കവിതയുണ്ടാവണം. എന്താണ് കവിത? അതിനു മനുഷ്യനുമായി എന്തെങ്കിലും ബന്ധമുണ്ടോ ? ഇല്ലെങ്കിൽ വേണ്ട. വിഷ്ണുവിൻ്റെ കവിതയ്ക്ക് എം. ജയചന്ദ്രനോ ,ശരത്തോ ഈണമിട്ടാൽ നന്നായിരിക്കും. 

മാതൃഭൂമി ആഴ്ചപ്പതിപ്പിൻ്റെ കഥാമത്സരത്തിൽ ഒന്നാം സ്ഥാനം കിട്ടിയ 'ചീമാബുവെ' (ദിൽദാർ എം, ഏപ്രിൽ 23) എന്ന കഥ വായിച്ച് നിരാശയോടെ തലതാഴ്ത്തുകയാണ് .ഇതിനൊക്കെയാണോ അവാർഡ്  കൊടുക്കുന്നത് ?
ചന്ദ്രമതി, വി.ജെ. ജയിംസ് ,ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് എന്നിവരാണ് വിധികർത്താക്കൾ .അവരുടെ അഭിരുചിയാണോ 'ചീമാബുവെ ' എന്ന കഥയുടെ തിരഞ്ഞെടുപ്പിൽ കാണുന്നത്? .മലയാളകഥയുടെയും കവിതയുടെയും ഭാവിയെ  അപകടപ്പെടുത്തുക എന്ന ഗൂഢ താത്പര്യത്തോടെയാണ് സമ്മാനാർഹമെന്ന നിലയിൽ രചനകൾ തിരഞ്ഞെടുത്തിട്ടുള്ളത്. 
ഒരിക്കലും മലയാള യുവത്വം ഇങ്ങനെ തെക്കും വടക്കുമറിയാതെ കഥയെഴുതില്ല. ആ യുവത്വത്തെ ഇപ്പോൾ മിസ് ചെയ്യുകയാണ്. 
മറ്റു ചില താല്പര്യങ്ങളുടെ പേരിലാണ്  മികച്ച കഥ തിരഞ്ഞെടുക്കുന്നതെങ്കിൽ ഒന്നും പറയാനില്ല. ഇക്കാര്യത്തിൽ മാതൃഭൂമി ആഴ്ചപ്പതിപ്പിനെ കുറ്റപ്പെടുത്താനാവില്ല. 

ദിൽദാർ ഒരു ലേഖനത്തിലെന്ന പോലെ കുറെ ചിത്രകാരന്മാരുടെ  അഭിപ്രായങ്ങളും ചർച്ചകളും  വിശദീകരിക്കുന്നു. അനുവാചകൻ്റെ മനസ്സിനെ സ്പർശിക്കുന്ന ഒരു വാക്യം പോലുമില്ല .കുടത്തിനു പുറത്ത് വെള്ളമൊഴിച്ചിട്ടെന്ത് കാര്യം ? എന്താണ് എഴുതാൻ പോകുന്നതെന്ന് വ്യക്തമായി  അറിഞ്ഞിട്ട് കഥയെഴുതരുത്. അറിയാത്തതിലേക്കാണ് നാം കാടുവെട്ടിത്തെളിച്ച് മുന്നേറേണ്ടത്. നിർഭാഗ്യവശാൽ കഥ തിരഞ്ഞെടുക്കുന്ന ജഡ്ജിമാർക്കും അതൊന്നുമറിയില്ല.

എൻ .ശശിധരൻ്റെ മഹാകണ്ടുപിടിത്തങ്ങൾ 
 
പ്രത്യേകിച്ച് യാതൊരു കണ്ടെത്തലുമില്ലാതെ എഴുതുകയാണ് എൻ. ശശിധരൻ .വർഷങ്ങൾക്കു മുൻപ് കലാകൗമുദിയിൽ ഞാൻ  എഴുതിക്കൊണ്ടിരുന്നപ്പോൾ ശശിധരനോട് എഴുതരുതെന്ന് വരെ  എനിക്ക് പറയേണ്ടി വന്നു.  എല്ലാവർക്കും അറിയാവുന്ന കാര്യങ്ങൾ  മഹാകണ്ടുപിടുത്തമാണെന്ന മട്ടിൽ  എഴുതുന്നവരുടെ കൂട്ടത്തിലാണ് ശശിധരനും. അദ്ദേഹം എഴുതിയ 'മലയാളസാഹിത്യം എവിടെ ?(എഴുത്ത്, ജനുവരി )എന്ന ലേഖനം മൂന്നു പതിറ്റാണ്ടിനു മുൻപ് വായിക്കേണ്ടതായിരുന്നു .2022 ൽ  അതിൻ്റെ ആവശ്യമില്ല. അദ്ദേഹം നിരത്തുന്ന മഹാകണ്ടുപിടുത്തങ്ങൾ ഇങ്ങനെയാണ്:
"കാരൂരിൻ്റെ ശില്പഭദ്രത ഇന്നത്തെ എഴുത്തുകാർക്ക് സങ്കൽപ്പിക്കാൻ കഴിയില്ല, ഉറൂബ് മലയാളത്തിലെ ഏറ്റവും വലിയ നോവലിസ്റ്റുകളിൽ  ഒരാളാണ്, മലയാളത്തിൽ ഏറ്റവും വലിയ എഴുത്തുകാരൻ ബഷീറാണ്, സഞ്ജയനു ശേഷം കണ്ട മഹാനായ ഹാസസാഹിത്യകാരൻ വി.കെ.എൻ ആണ് ,ഒ.വി. വിജയൻ്റെ പാറകൾ ,എം.പി.നാരായണപിള്ളയുടെ മുരുകൻ എന്ന പാമ്പാട്ടി തുടങ്ങിയ കഥകൾ മലയാളത്തിലെ മികച്ച കഥകളാണ് .

ഇതുപോലെ ആരെങ്കിലും എഴുതുമോ ? ശശിധരന് അറിയില്ലെങ്കിൽ പറയാം. ഇതൊക്കെ നൂറ്റൊന്നു വട്ടം ആവർത്തിക്കപ്പെട്ട കാര്യങ്ങളാണ് .വല്ലപ്പോഴും മറ്റുള്ളവരുടെ ലേഖനങ്ങൾ വായിക്കണം. പലരും എഴുതിയെഴുതി ബോറടിപ്പിച്ച കാര്യങ്ങൾ തൻ്റെ സ്വന്തം  കണ്ടുപിടുത്തമാണെന്ന മട്ടിൽ  നിർത്തിവയ്ക്കുന്നത് ശരിയല്ല .
ഇത്രയും ബുദ്ധിശൂന്യമായി സാഹിത്യത്തെ സമീപിക്കാൻ മറ്റാർക്കെങ്കിലും കഴിയുമോ എന്ന് സംശയമാണ്. മലയാളസാഹിത്യം എവിടെ എന്ന തലക്കെട്ടു് വായിക്കുമ്പോൾ നാം ഗഹനമായി പലതും പ്രതീക്ഷിക്കും.എന്നാൽ  ലേഖനം വെറും പതിരാണ്. 

യുക്രെയ്ൻ കവി ലിനാ കോസ്റ്റൻകോ

യുക്രെയ്ൻ പെൺകവിയും എഴുത്തുകാരിയുമായ ലിനാ കോസ്റ്റൻകോ (Lina Kostenko) സമകാലിക സാഹിത്യലോകത്ത് ശക്തമായ ഒരു സാന്നിധ്യമാണ് .
The Rays of the Earth, wandering of the heart എന്നീ കവിതാസമാഹാരങ്ങളിലൂടെ അനുവാചകരെ സ്വാധീനിച്ച കോസ്റ്റൻകോ രചിച്ച വിംഗ്സ് (Wings) എന്ന കവിതയിലെ ചില വരികൾ ഇങ്ങനെയാണ്:

"ഇത് സത്യമാണ് ,
ചിറകുകളുള്ളവർക്ക് 
നിലം വേണ്ട.
നിലം വേണ്ടെങ്കിലും 
ആകാശം ഉണ്ടായിരിക്കും.
യാതൊരു കളിസ്ഥലവുമില്ലെങ്കിലും
സ്വാതന്ത്ര്യം ഉണ്ടായിരിക്കും.
ജോഡികളില്ലെങ്കിലും 
മേഘങ്ങളുണ്ടായിരിക്കും .
പക്ഷികളുടെ സത്യം ഇതാണ് " 

പ്രണയത്തിൻ്റെ കനൽ എരിയുന്നു 

സമീപകാലത്ത് ആസ്വദിച്ച് വായിച്ച കഥയാണ് 'ആർഗിറോപോളസ്'(പ്രസാധകൻ ,മാർച്ച് ).മേഘമൽഹാർ രചിച്ചതാണിത്. 
ഈ കഥാകരിയെ ഞാനാദ്യമായി വായിക്കുകയാണ്. കഥയെഴുതാനുള്ള മൗലികമായ പ്രേരണയും ശക്തിയുമുള്ള കഥാകാരി ഒരു പ്രേമ പരവശൻ്റെ അനിവാര്യമായ സങ്കടങ്ങളും തത്ത്വചിന്തകളും പ്രതിരോധങ്ങളും പലായനങ്ങളുമാണ് പകർത്തുന്നത്. ഇതെല്ലാം യഥാർത്ഥമായി തന്നെ മനുഷ്യമനസ്സിലുള്ളതാണ്. സമൂഹമോ ഭരണകൂടമോ നിർവ്വചിക്കുന്ന സോദ്ദേശ്യകഥാപാത്രമല്ല മനുഷ്യൻ. അവൻ ഓരോ നിമിഷവും വ്യത്യസ്തമാണ് .മനുഷ്യനെ നിർവചിക്കാനാവില്ല;
അവന് ചിന്തകളേയുള്ള; ജീവിതം മറ്റെവിടെയോ ആണ്. കഥയിൽ ഒരിടത്ത് ഇങ്ങനെ വായിക്കാം:

"പ്രണയവും അങ്ങനെയാണ്. കടുംനിറങ്ങളെപോലെ. നമ്മിൽ നിന്ന് മറിഞ്ഞിരിക്കും. കൗമാരത്തിൽ ,യൗവ്വനത്തിൽ ഇതാണ് പ്രണയത്തിൻ്റെ നിറമെന്ന് പറഞ്ഞു ലോകം നമ്മെ തെറ്റിദ്ധരിപ്പിക്കും. നമ്മളത് വിശ്വസിക്കുകയും ചെയ്യും. പക്ഷേ, വളരെ വൈകി മറ്റേതോ നിമിഷത്തിൽ ഒരു നിറം നമ്മെ തേടിയെത്തും, അത് നമ്മെ  സ്വതന്ത്രരാക്കും. ഒരു മാന്ത്രിക വലയത്തിൽ അകപ്പെടുത്തും. കാല്പനികത ഏതുമില്ലാതെ വളരെ സ്വാഭാവികമായി ചിത്രം വരയ്ക്കുന്നതു പോലെ നിങ്ങൾ പ്രണയിക്കപ്പെടുന്നത് എത്ര മനോഹരമായിരിക്കും. പ്രകൃതിയിലെ ഏറ്റവും മനോഹരമായ അവസ്ഥ! അതിനെ കണ്ടെത്തുക ".

അകൃത്രിമമായി പ്രണയിക്കാൻ പ്രേരിപ്പിക്കുന്ന എന്തോ ഒന്ന് മനസ്സിലേക്ക് വരുന്നു. നഷ്ടപ്പെടുന്ന ജീവിതങ്ങളിൽ നിന്ന് നമ്മെ  രക്ഷപ്പെടുത്തുന്നത് അതാണ്.  പക്ഷേ, ഒരിടത്തും സാക്ഷാത്ക്കരിക്കാനാവാതെ, ആന്തരിക ബലഹീനതകളിൽ പ്രേമം  തകർന്നുവീഴുന്നു. വികാരജീവികളുടെ മാത്രം സ്വന്തം ദുരന്തമാണത്. പ്രണയിക്കുമ്പോൾ ദു:ഖവുമുണ്ടാകുന്നു. 

പ്രണയം ശാശ്വതമോ യാഥാർത്ഥ്യമോ അല്ല .അത് സ്വപ്നമാണ് .സ്വപ്നത്തിൽ ആയിരിക്കുമ്പോൾ, നമ്മൾ പൂർവ്വാശ്രമം ഉപേക്ഷിക്കുകയാണ്. ഈ കഥയിലെ യുവാവിൻ്റെ ജീവിതത്തിൽ പല പെൺകുട്ടികളും വന്നു പോകുന്നു. എല്ലാ ആനന്ദങ്ങളും പിന്നിൽ കുറെ ചാരവും പിരിമുറുക്കവും അവശേഷിപ്പിക്കുന്നുണ്ട് .ഈ ഭാഗം അത് വ്യക്തമാക്കുന്നു :

"ഞങ്ങൾ മദ്യം കഴിച്ചു. കുബൂസും അൽഫാമും കഴിച്ചു .നാലഞ്ച് സിഗരറ്റുകൾ ഒരുമിച്ച് വലിച്ചു. അതിനിടയിൽ സംസാരങ്ങളൊന്നുമുണ്ടായില്ല. പിന്നീട് ഗ്രൗണ്ട് ഫ്ലോറിലുള്ള മുറിയിലേക്ക് ഞാനും അപ്സ്റ്റെയറിലുള്ള മുറിയിലേക്ക് അവളും നടന്നു. രാത്രി അതിഭീകരമായി നീലിച്ചിരുന്നു. ഒരുതരം കരിനീല. വിഷപ്പാമ്പുകൾ ഇണചേരുന്നുണ്ടാകും. കട്ടിലിൽ വീണ്ടും കുനിഞ്ഞിരുന്നു. എത്ര കുനിഞ്ഞിരുന്നിട്ടും സ്വസ്ഥത കിട്ടാത്തതെന്ത് ?"

എല്ലാ സുഖവും ഉപേക്ഷിക്കേണ്ടി വരുമെന്ന് അറിഞ്ഞുകൊണ്ട് തന്നെ പ്രണയിക്കുകയാണ്. അതാണ് സുഖം. 

ജയനാരായണൻ്റെ 
വായനാവികൃതികൾ 

ജയനാരായണൻ 'നീലപക്ഷി' തുടങ്ങിയ കഥകൾ എഴുതിയതിൻ്റെ  കരുത്ത് വിസ്മയാവഹമാണ്. അദ്ദേഹം  സൂക്ഷ്മബുദ്ധിയായ ഒരു വായനക്കാരനായിരുന്നു. എന്നാൽ ഒട്ടും പ്രകടനാത്മകതയില്ലായിരുന്നു.  രാഷ്ട്രീയക്കാരുടെ പിൻബലം വേണമെന്ന് ആഗ്രഹിക്കാത്ത അദ്ദേഹം വൈകുന്നേരങ്ങളിൽ മിക്കപ്പോഴും  എറണാകുളത്തെ പുസ്തക കടകളിൽ കയറിയിറങ്ങുമായിരുന്നു. ചിലപ്പോഴൊക്കെ ഞാനും കൂടെ പോകും. ജയനാരായണനാണ് എനിക്ക്  എൺപതുകളിൽ വിദേശ പ്രസാധകന്മാരുടെ പുസ്തകങ്ങൾ വായിക്കാൻ തന്നത്. പ്രമുഖ  എഴുത്തുകാരായ ബ്രേതൻ  ബ്രേതൻബാക്ക്, കാബ്റേയ്‌റ ഇൻഫൻ്റെ ,മാൽക്കം ലൗറി  തുടങ്ങിയ എഴുത്തുകാരെക്കുറിച്ച് ഞാൻ കേൾക്കുന്നത് ജയനാരായണനിൽ നിന്നാണ്. മാർകേസിനെയൊക്കെ  നേരത്തെ പരിചയപ്പെട്ടു കഴിഞ്ഞിരുന്നു. 

ജയനാരായണന് കഥകൾ മാത്രമേ  സ്വന്തമായ ഉണ്ടായിരുന്നുള്ളു. സിവിൽ സപ്ലൈസ് ഓഫീസിലെ ജോലി കഴിഞ്ഞാൽ അദ്ദേഹം തേവരയിലെ ദീപാ ലോഡ്ജിലാണുണ്ടാവുക. ജയനാരായണൻ്റെ ശരീരത്തിലെ ഓരോ കോശവും ചെറുകഥയെ അറിഞ്ഞിരുന്നു. ഇന്നത്തെ എത്ര കഥാകൃത്തുക്കൾ ജയനാരായണനെപ്പോലെ വായിക്കുന്നു ? എത്ര പേർക്ക് കഥ എന്ന മാധ്യമത്തോട് നിർവ്യാജമായ ആത്മാർത്ഥതയുണ്ട്?

ചെറുകഥ ധ്യാനമാണ് /എം.കെ.ഹരികുമാർ





റഷ്യൻ എഴുത്തുകാരനായ ഇസാക്ക് ബാബേൽ (Isaac Babel,1894-1940) രചിച്ച Red Cavalry എന്ന സമാഹാരം പല എഴുത്തുകാരും വാഴ്ത്തുന്നത് കണ്ടിട്ടുണ്ട്. പലരെയും  വിസ്മയിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്ത കഥകളാണ് അതിലുള്ളത്. മാക്സിം ഗോർക്കിയുടെ ഉപദേശം സ്വീകരിച്ച് എഴുതിതുടങ്ങിയ ബാബേൽ റഷ്യൻ യുദ്ധരംഗത്തെ റിപ്പോർട്ടറും പ്രചാരകനുമായിരുന്നു. സ്റ്റാലിൻ എഴുത്തുകാരോട് നിഷ്കർഷിച്ചു , സോഷ്യലിസ്റ്റ് റിയലിസത്തെ ആദർശമായി സ്വീകരിച്ച് എഴുതണമെന്ന്. സ്റ്റാലിൻ എഴുത്തുകാരുടെ സ്വാതന്ത്ര്യത്തെ തടവറയിലിട്ടു.
ഈ ഘട്ടത്തിൽ ബാബേൽ  പിൻവാങ്ങുന്നതാണ് നാം കാണുന്നത്.

പ്രമുഖ അമേരിക്കൻ എഴുത്തുകാരൻ ജെറോമി ചാര്യൻ (Jerome Charyn) ബാബേലിനെക്കുറിച്ച് പറയുന്നത് ശ്രദ്ധിക്കാം: "ബാബേൽ വളരെ അപകടകാരിയാണ്; അദ്ദേഹം നമ്മുടെ സ്വപ്നങ്ങൾ തകർത്തു തരിപ്പണമാക്കുന്നു. അദ്ദേഹം  ക്രൂരനാണ്, അലിവുള്ളവനുമാണ്, ഭ്രാന്തുപിടിച്ച പിശാചുക്കളെപോലെ. അദ്ദേഹത്തിൻ്റെ ഓരോ മികച്ച കഥയും - ദ് കിംഗ് ,ഡി ഗ്രാസ്സോ ,ഗീ ദു മോപ്പസാങ് - ഒരു കുഴിബോംബ് പോലെയാണ് .ഒരു പാഠമാണത്. ഓരോ പേജിലും അത്ഭുതം വിതറിക്കൊണ്ട് അത് പൊട്ടിത്തെറിക്കും; മനസ്സിനെ കീഴടക്കും. ഫ്രാൻസിലെ പ്രമുഖ കഥാകൃത്തായ ഗീ ദു മോപ്പസാങ് (1850 -1893) ചെറുകഥയുടെ ശിൽപികളിലൊരാളായാണ്  പരിഗണിക്കപ്പെടുന്നത്. മോപ്പസാങ്ങ് എന്ന പേരിൽ ബാബേൽ എഴുതിയ കഥയ്ക്ക് പല പ്രത്യേകതകളുമുണ്ട്. ഈ കഥയുടെ ആരാധകനായിരുന്നു  പ്രസിദ്ധ നോവലിസ്റ്റ് വ്ളാദിമിർ നബോക്കോവ് .ദരിദ്രനായ ബാബേൽ സോവിയറ്റ് ദുരിതകാലത്ത് ധനികയായ ഒരു സ്ത്രീയുടെ കൂടെ മോപ്പസാങിൻ്റെ  കഥകൾ പരിഭാഷപ്പെടുത്തി അതിൽ നിന്നുള്ള വരുമാനംകൊണ്ട് കരകയറുന്നതാണ് പ്രമേയം. മറ്റൊരു ഭാഷയിലുള്ള പരിചയവും സാഹിത്യപ്രേമവും ജീവിതാസക്തിയും  ഒരു കഥാകൃത്തിൻ്റെ മനസ്സിലൂടെ മറ്റൊരു കലാസൃഷ്ടിയായി രൂപാന്തരപ്പെടുകയാണ് .ഒരു കഥ എഴുതാൻ അചുംബിതമായ വിഷയമൊന്നും വേണ്ട. മനസ്സിലുള്ള ധ്യാനവും ഭാവതീവ്രതയുമാണ് പ്രധാനം. സെക്സ് എങ്ങനെയാണോ അതിൻ്റെ പാരമ്യത്തിൽ ധ്യാനമായിരിക്കുന്നത് അതുപോലെ ചെറുകഥയും ധ്യാനമാണ്. അത് ഒരു കുന്നിൻ്റെ മുകളിലുള്ള  ഏകാന്തമായ ആശ്രമം തേടിയുള്ള യാത്രയാണ് .അവിടെ ഒരു മനസ്സാണ് സർവകാലങ്ങളിലും നൃത്തം ചെയ്യേണ്ടത് .

മഹാപ്രതിഭാശാലിയായ ഇംഗ്ലീഷ് കലാകാരൻ സർ ജോൺ എവററ്റ് മിലെ (Sir John Everett Millais, 1829-1896) വരച്ച ഒഫീലിയ എന്ന ചിത്രം ധ്യാനത്തിൻ്റെ സമ്മോഹനമായ ഒരാന്തര സ്പർശമാണ്. കലാസൃഷ്ടിയിലെ വികാരം എന്തുതന്നെയായാലും അതിൽ ഇങ്ങനെയൊരു ലയമുണ്ട് .അത് ഏകാഗ്രമായ ഒരു ഒരതാര്യതയാണ്. ഷേക്സ്പിയറുടെ 'ഹാംലെറ്റ് 'എന്ന നാടകത്തിലെ കഥാപാത്രമായ ഒഫീലിയ, ഹാംലറ്റിൻ്റെ  പ്രവർത്തനത്തിൽ സമനില തെറ്റി വെള്ളത്തിൽ മുങ്ങിമരിക്കുകയാണ്.  ചെറുകഥയിൽ എപ്പോഴും ഒരു 'ഒഫീലിയ' ലയമുണ്ടാകണം ;കാരണം അത് വൈകാരികധ്യാനമാണ് .അത് നമ്മെ ആഴത്തിലേക്ക് സൂക്ഷ്മഗ്രാഹിയായ സാരസ്വതമായി ലയിപ്പിക്കുന്നു.

ആനന്ദിൻ്റെ ഖഡ്ഗം

ഒരു കഥ എന്ന നിലയിൽ ആനന്ദിൻ്റെ  'കർണ്ണനും വികർണ്ണനും' (മാതൃഭൂമി ആഴ്ചപ്പതിപ്പ് ,മെയ് 21 )ഒരു മികച്ച രചനയല്ല .പതിവുപോലെ അനാവശ്യവും കൃത്രിമവും ആഴം കുറഞ്ഞതുമായ കുറെ തത്ത്വചിന്ത വിതറി. വേഗം, ശരീരം, നടത്ത, ചാരിത്രവതി ,സ്വഭാവം തുടങ്ങിയ പരാമർശങ്ങളൊക്കെ വിരസവും അർത്ഥശൂന്യവുമാണ്. എന്നാൽ ആനന്ദ് ഖഡ്ഗം പ്രയോഗിച്ചത്  ഇന്നത്തെ മുഖ്യസാഹിത്യകാരന്മാർക്കും സാഹിത്യപൗരോഹിത്യത്തിനും എതിരെയാണ്. അഡ്ജസ്റ്റ്മെൻറിൽ സ്വന്തം കാര്യങ്ങൾ നേടാൻ ഭരണ വർഗത്തിനൊത്ത് നീങ്ങുന്നവരെ കർണ്ണൻ്റെ രൂപങ്ങളായി പരിചയപ്പെടുത്തുന്നു. സ്വന്തം ചിന്തയാൽ സ്വതന്ത്രരാകുന്നവരെ വികർണൻ്റെ രൂപങ്ങളായി കാണുന്നു. പാഞ്ചാലിയുടെ വസ്ത്രാക്ഷേപം നടന്നപ്പോൾ അത് തെറ്റാണെന്ന് പറഞ്ഞ സാധാരണക്കാരനാണല്ലോ വികർണ്ണൻ. അതേസമയം പണ്ഡിതന്മാരായ ഭീഷ്മർ ,ദ്രോണർ
തുടങ്ങിയവരൊക്കെ അവിടെ കല്ലുപോലെ ഇരിക്കുകയായിരുന്നല്ലോ.
ഒരു നാടക കമ്പനിയിലെ നല്ല നടന്മാരെപോലെ ,കിട്ടിയ വേഷങ്ങൾ നന്നായി ആടിയവർക്ക് പുരസ്കാരങ്ങൾ കിട്ടുന്നു.  എല്ലാവരുടെയും ഗുഡ്‌ബുക്കിൽ കയറുന്നവരെ ആനന്ദ് പരിഹസിക്കുകയും വെട്ടുകയും ചെയ്യുകയാണ്. യാതൊന്നിനോടും ആത്മാർത്ഥതയില്ലാത്ത, സ്വന്തം എഴുത്തിൽ പോലും സത്യസന്ധരല്ലാത്ത ആളുകൾക്ക് അനുസരണയുടെ  പേരിൽ പുരസ്കാരങ്ങളും പദവികളും യഥേഷ്ടം കിട്ടുന്ന കാലത്തെയാണ്  ആനന്ദ് വെട്ടിപ്പരിക്കേൽപ്പിക്കുന്നത്.

അത് വളരെ നന്നായി.
സ്വന്തം മനസിനെ ബാധിച്ച ദുരയുടെ അഴുക്കുചാലിലേക്ക് താഴ്ന്നു പോകുന്ന സാഹിത്യപൗരോഹിത്യത്തെ ആക്രമിച്ച് പരിക്കേല്പിക്കുന്ന ഇതു പോലുള്ള  'ചികിത്സകൾ 'ആവശ്യമാണ്. "എതിരാളിയുടെ കടലാസു വാൾ ദേഹത്തിൽ മുട്ടിയപ്പോഴത്തെ കർണ്ണൻ്റെ അഭിനയത്തിന് നീണ്ട കൈയ്യടികൾ കിട്ടി .തിരശീല വീണിട്ടും  നടന്മാർ വശങ്ങളിലേക്ക് വിരമിച്ചിട്ടും അയാൾ അരങ്ങിൽ നിന്ന്  എഴുന്നേറ്റില്ല .കുറച്ചു കഴിഞ്ഞ് മറ്റുള്ളവർ തിരക്കിവന്നപ്പോൾ അവർ കണ്ടു, അയാൾ ശരിക്കും മരിച്ചിരുന്നു എന്ന് ".

ഒരു കടലാസുകൊണ്ട് വെട്ടിയാൽ വീഴാൻ മാത്രം ദുർബലരാണ് ഈ പദവിക്കാർ എന്ന് ആനന്ദ് അടിവരയിടുന്നു.

യാൻ മാർട്ടൽ

'ലൈഫ് ഓഫ് പി' എന്ന നോവൽ എഴുതിയ യാൻ മാർട്ടൽ (Yann Martel) വീട് ,ഐഡിൻറിറ്റി തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ഇങ്ങനെ പറഞ്ഞു;

" വീട് ,അതിൻ്റെ നഷ്ടം ,അലച്ചിൽ ഇതൊക്കെ ഇരുപതാം നൂറ്റാണ്ടിലെയും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെയും പൊതുവിഷയമായിരിക്കയാണ്.
ഞാൻ പറയുന്നു ,വീട് ,അതിൻ്റെ പ്രശ്നങ്ങൾ ,ഐഡൻ്റിറ്റി ,അനന്തര ഫലങ്ങൾ തുടങ്ങിയവ ഒന്നും  പഴയതുപോലെയല്ല .വീടും ഐഡൻ്റിറ്റിയും വല്ലാതെ മാറി .വീട് ഒരു ഒത്തുതീർപ്പാണ്, നിർമ്മിതിയാണ്, വന്നു ചേരുന്നതാണ്. മുൻ  നൂറ്റാണ്ടുകളെ അപേക്ഷിച്ച് നാം ഇപ്പോൾ അന്വേഷിക്കുന്നത് നമ്മൾ ആരാണ്, എന്തിൻ്റെ  പിന്തുടർച്ചക്കാരാണ് എന്നൊക്കെയാണ് " .

ഫേസ്ബുക്കും പരിപ്രേക്ഷ്യവും തെറിയും

നവമാധ്യമ കാലത്ത് മൂല്യം, ഗുണം, ഭാവി, അനശ്വരത എന്നീ പ്രമേയങ്ങൾ ആരും തന്നെ അഭിമുഖീകരിക്കുന്നില്ല. എന്ത്  എഴുതുന്നു എന്നത് പ്രസക്തമല്ല .നോവലാണെങ്കിൽ എത്രപേജുണ്ട് എന്നാണ് പ്രസാധകരും വായനക്കാരും ചോദിക്കുന്നത്. മൂല്യങ്ങൾ ഉപേക്ഷിക്കപ്പെട്ട കാലത്ത് എഴുതുന്നതെന്തും മാർക്കറ്റ് ചെയ്യപ്പെടും. അതിനു പണവും എസ്റ്റാബ്ളിഷ്മെൻറും  ഉപയോഗിക്കപ്പെടുകയാണ് .എത്രമാത്രം ശക്തിയോടെ മാർക്കറ്റിലെത്തുന്നുവോ  അതാണ് ജീവിക്കുന്നത് .മാർക്കറ്റിൽ ഇല്ലാത്തത് സ്വകാര്യമായി  ശേഷിക്കുന്നു. മാർക്കറ്റ് ഏകധ്രുവമല്ല ; നിങ്ങളുടെ വീടുപോലും മാർക്കറ്റാണ്. നിങ്ങളുടെ ബ്ളോഗു പോലും മാർക്കറ്റാണ്. വില നിങ്ങളാണ് നിശ്ചയിക്കുന്നത് .എഴുതിക്കൊണ്ടിരുന്നാൽ മതിയെന്ന ബോധ്യത്തിലേക്ക് ആളുകൾ വന്നിരിക്കുന്നു. അതിന് അറിവോ പഠനമോ വേണ്ട. അറിവും പഠനവും നിരാകരിക്കപ്പെട്ടിരിക്കുന്നു. അറിവുള്ളവൻ പരിഹസിക്കപ്പെട്ടേക്കാം.  വെറുതെ എഴുതുക മാത്രം ചെയ്താൽ തന്നെ 'വിജയം' സുനിശ്ചിതമായിരിക്കെ ,ധാരാളം പേർ എഴുത്ത് എന്ന പ്രക്രിയയെ അനുകരിക്കുന്നു; ഒരു പ്രമേയത്തെയെയോ ശൈലിയെയോ അല്ല.അതുകൊണ്ട് ധാരാളം എഴുത്തുകാരുണ്ടാവുന്നു. അതുകൊണ്ട് ധാരാളം പുരസ്കാരങ്ങൾ ഉണ്ടാകുന്നു; ധാരാളം തെറികൾ ഉണ്ടാകുന്നു.

തെറിക്ക് ഏതൊരു പ്രവർത്തനവും അർഹമാണ്. യാതൊരുവനും തെറിക്ക് അർഹനാണ് .അവനിലേക്ക് തെറി എത്തിച്ചേരുന്നത് ഇന്നത്തെ നവമാധ്യമ പരിപ്രേക്ഷ്യത്തിൻ്റെ സദാചാരമായിട്ടാണ്. സദാചാരത്തിൻ്റെ അർത്ഥം മാറി. ഇല്ലാത്ത  വാർത്തകളെക്കുറിച്ച് ചർച്ച നടത്തുക ;ഇല്ലാത്ത വാർത്തയുടെ പേരിൽ തെറി പറയുക , തർക്കിച്ച് വാർത്ത സ്ഥാപിക്കുക ,വാർത്തയില്ലാത്തപ്പോൾ ഫേക് ന്യൂസ് അഥവാ വ്യാജവാർത്തയെ  പൂർണമായി ആശ്രയിക്കുക ,വ്യാജ വാർത്ത മതി എന്ന നിലപാടെടുക്കുക  തുടങ്ങിയ കാര്യങ്ങളെല്ലാം നവമാധ്യമ കാലത്തെ  സദാചാരമാണ് .

ഏകധ്രുവ ലോകം അസ്തമിക്കുകയും ബഹുധ്രുവ ലോകം ഉണ്ടാവുകയും ചെയ്തതൊക്കെ കഴിഞ്ഞ നൂറ്റാണ്ടോടുകൂടി അവസാനിച്ച വിഷയങ്ങളാണ് .ഇപ്പോൾ ധ്രുവങ്ങൾ തന്നെയില്ല; ഏതൊരു വ്യക്തിയും ഒന്നിലധികം ധ്രുവങ്ങളാണ് .ഒരു വൈരുദ്ധ്യമായിരിക്കുന്നതാണ് ജീവിക്കാൻ നല്ലതെന്ന ധാരണ വന്നു.  ഒരാൾ പല കാലങ്ങളിൽ പലതായിരിക്കുന്നു. യാതൊന്നായിരിക്കുമ്പോൾ തന്നെ സ്വയം വ്യക്തതയില്ലാതാവുകയും ചെയ്യുകയാണ് .

ആഷാമേനോൻ്റെ വായ്ത്തലപോയ ഗദ്യം

ആഷാമേനോൻ്റെ ഭാഷ ഞാൻ വായിച്ചിട്ടുള്ളതിൽ ,ഏറ്റവും വക്രീകരിക്കപ്പെട്ടതാണ്. എന്താണ് അദ്ദേഹം പറയുന്നതെന്ന്  സ്വരൂപിച്ചെടുക്കാനാവാത്ത വിധം കാടും പടലും നിറഞ്ഞതാണത്. ആ ഗദ്യത്തിൽ നിന്ന് ആവശ്യമില്ലാത്തത് ഓരോരോന്നായി എടുത്തുമാറ്റിയാൽ പിന്നൊന്നും ബാക്കിയുണ്ടാവില്ല. അദ്ദേഹം ലക്ഷ്യം വയ്ക്കുന്നത് എന്താണെന്ന് ആർക്കും കണ്ടുപിടിക്കാനാവില്ല .കാലഹരണപ്പെട്ട ഒരു ഗദ്യമാണത്. അതിന് യുക്തിയുടെ മൂർച്ചയുള്ള ഒരായുധവുമില്ല. കലാപരമായ ഗദ്യമാകാൻ ആ ഭാഷയ്ക്ക് കഴിയില്ല. അതുകൊണ്ടാണ് അതിൻ്റെ യുക്തിരാഹിത്യം അസുഖകരമായിത്തീരുന്നത്. സമകാലികമായ അവബോധത്തിൽ നിന്ന് ബോധപൂർവ്വം മാറിനിൽക്കുന്ന ആഷാമേനോൻ്റെ മനസ്സ് വൈദിക കാലത്തെ സംജ്ഞകളിലും ബിംബങ്ങളിലുമാണ് അഭിരമിക്കുന്നത്.
അതുകൊണ്ടുതന്നെ അസംബന്ധമായ ഒരു ലഹരിക്കപ്പുറത്ത് ആ ഭാഷ യാതൊന്നിനെയും സൃഷ്ടിക്കുന്നില്ല. അദ്ദേഹം സംസ്കൃതം ഉപയോഗിക്കുന്നത് സാമൂഹികമായ മേധാവിത്വം പുലർത്തിയ ചില പുരാതനവംശങ്ങളുടെ സ്മൃതികളിൽ അഭയം തേടുന്നതിനാണ്.  ആത്മീയതയെ തേടുമ്പോഴും അദ്ദേഹത്തിന് ഈ വംശസ്മൃതി അനിവാര്യമാണ്.ആധുനികതയുടെ സമീപത്തുകൂടി പോലും അദ്ദേഹം കടന്നുപോയിട്ടില്ല. വിമർശനത്തെ ഒരു കലാസൃഷ്ടിയായി കാണാൻ ആഷാമേനോന് കഴിയില്ല. അദ്ദേഹം എഴുതുമ്പോൾ ചിന്തയുടെ യുക്തിയിലൂടെ ഒരു കാര്യവും സമർത്ഥിക്കപ്പെടുന്നില്ല.

ഒരു ഭാഗം ശ്രദ്ധിക്കാം :"മാതൃസംബന്ധിയായ പേലവ വികാരങ്ങൾ സ്വായത്തമായ ഒരു സ്ത്രീയല്ല ബാലാമണിയമ്മ എന്ന് ചിലരെങ്കിലും ധരിച്ചുവച്ചിട്ടുണ്ട്. അതിനെ പാടേ നിഷേധിക്കാൻ എന്നെ പ്രേരിപ്പിക്കുന്നത് സുവർണ്ണ നാലപ്പാട്ട് ഈ കഴിഞ്ഞ ദിവസം പങ്കുവച്ച ചില സ്മൃതികളാണ്. മൃദൂഷ്മളം എന്ന പദത്തിൻ്റെ മൂർത്തതയായാണ് എനിക്കാകൃതികൾ അനുഭവപ്പെട്ടത്. ആ പരിലാളനകൾ ലൗകികത്തിൻ്റെ  ഭംഗിയാർന്ന മാർദ്ദവങ്ങളാണെന്ന് മാത്രം സൂചിപ്പിക്കട്ടെ. ചില അരുമകൾ സ്വകാര്യമായി തന്നെ നിലനിൽക്കട്ടെ" . (കവിതയുടെ സ്വരജതി, ഭാഷാപോഷിണി, മാർച്ച് )

ഈ ഗദ്യം എന്തെങ്കിലും വിനിമയം ചെയ്യുന്നുണ്ടോ ?മറ്റെന്തോ ആണ് ആഷാമേനോൻ ലക്ഷ്യം വയ്ക്കുന്നത്.  തീർത്തും അശക്തവും കാലംതെറ്റി പിറന്നതുമാണത്. പേലവ വികാരം ,സ്വായത്തമായ, മാതൃസംബന്ധി ,മൃദൂഷ്മളം , ഭംഗിയാർന്ന മാർദ്ദവങ്ങൾ, അരുമകൾ സ്വകാര്യമായി തന്നെ തുടങ്ങിയ പ്രയോഗങ്ങൾക്ക് ഈ കാലത്ത് പ്രസക്തിയില്ല. അർത്ഥം നഷ്ടപ്പെട്ടതും മുനയൊടിഞ്ഞതുമായ വാങ്മയങ്ങളാണ് ഇതെല്ലാം .ഈ വാക്കുകൾക്കിടയിൽ നിശ്ചയിക്കപ്പെടുന്നത് മറ്റു ചില വികാരങ്ങളാണ് .എന്തിനാണ് അരുമകൾ സ്വകാര്യമായി സൂക്ഷിക്കുന്നത്? ഒരു ചിന്തയെ സ്വയം ബോധ്യപ്പെട്ട് ,കൃത്യമായി യുക്തിയിൽ  സ്ഥാപിച്ച് അപഗ്രഥിക്കാൻ ആഷാമേനോൻ അശക്തനാണ്.

യുക്രെയ്ൻ ഗാഥ, സുന്ദരമായതെല്ലാം
പാപം


യുക്രെയ്ൻ ,ജ്യൂവിഷ് നോവലിസ്റ്റ് ഇറെനി നെമിറോവ്സ്കി(Irene Nemirovsky, 1903-1942) ജർമൻ അധിനിവേശകാലത്തിൻ്റെ പശ്ചാത്തലത്തിലാണ് എഴുതിയത്.
റഷ്യൻ വിപ്ലവത്തെ തുടർന്ന് അവരുടെ കുടുംബം കീവിൽ നിന്ന് മോസ്കോയിലേക്കും പിന്നീട്  ഫിൻലൻഡിലേക്കും തുടർന്നു ഫ്രാൻസിലേക്കും  കുടിയേറുകയായിരുന്നു.എന്നാൽ അവിടെയും അവർക്ക് സമാധാനം ലഭിച്ചില്ല. മതപരിവർത്തനത്തിൻ്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ടു. നാസി പട്ടാളത്തിൻ്റെ ഓഷ്വിറ്റ്സ് ക്യാമ്പിൽ അവർ കൊല്ലപ്പെടുകയായിരുന്നു.

അവരുടെ അഞ്ച് നോവലുകളുടെ പരമ്പര Suite Francaise വളരെ പ്രശസ്തമാണ്. ജർമ്മൻ അധിനിവേശത്തിൻ്റെ നേർസാക്ഷ്യമാണ്  ഇറെനി അവതരിപ്പിച്ചത്. ജീവിത ദുരന്തങ്ങളെ അതിൻ്റെ പോർമുഖത്ത് കണ്ട അവർ മനുഷ്യൻ്റെ കാതലായ വിധി എന്താണെന്ന് ആഴത്തിൽ മനസ്സിലാക്കി. ഇംഗ്ളീഷ് കവി ജോൺ കീറ്റ്സിൻ്റെ Endymion എന്ന  കവിതയിലെ A thing of beauty is a joy for ever എന്ന ആദ്യ വരി തൻ്റെ ജീവിതവിഷാദാത്മകതയിലും പ്രതിഷേധത്തിലും ആഴ്ന്നിറങ്ങി നിന്ന്  ഇങ്ങനെ തിരുത്തിയെഴുതി:
This thing of beauty is a guilt for ever.

സുന്ദരമായതെല്ലാം പാപമാണെന്ന ചിന്തയിൽ അവർ എത്തിച്ചേരുകയായിരുന്നു. എല്ലാം അകലെയായിരിക്കുമ്പോഴാണ് സുന്ദരമാകുന്നത്. സൗന്ദര്യം, മനുഷ്യൻ്റെ സാധാരണ അനുഭവങ്ങൾക്കപ്പുറം തീവ്രമായ ഒരു ആഭിമുഖ്യമാണ്. അത് ലഹരിപിടിപ്പിക്കുന്ന ,അതേ സമയം നിരാശയിലവസാനിക്കുന്ന ഒരാനന്ദമാണ് .ജീവിതം അത്രയൊന്നും വാഗ്ദത്തമല്ലെന്ന് അറിയുമ്പോഴും ഇടയ്ക്ക് എപ്പോഴോ നാമതിൻ്റെ ദുർഗ്രഹമായ ലഹരിക്കായി വാശി പിടിക്കുന്നു.

എഴുത്തുകാരൻ തന്നെ മാധ്യമമാണ്

അമ്പതു വർഷം മുമ്പായിരുന്നെങ്കിൽ ഒരു പത്രമോ ഒരു വാരികയോ ആയിരിക്കും നാം വായിക്കുക. അതിൽ വരുന്നതേ നമ്മൾ അറിയൂ. ഇന്ന് ആ കുത്തക അവസാനിച്ചു. പത്രാധിപർ മരിച്ചു എന്നതാണ് ഉത്തര- ഉത്തരാധുനികതയുടെ പ്രധാന ആശയങ്ങളിലൊന്ന്. ഓരോ എഴുത്തുകാരനും ഓരോ മാധ്യമമാണ് ഇപ്പോൾ. അവൻ തന്നെയാണ് അവൻ്റെ ഇടം.അവന് ബ്ലോഗറാകാം, ഫേസ്ബുക്കറാകാം, ട്വിറ്റർ ,ഇൻസ്റ്റഗ്രാം വാട്സപ്പ് തുടങ്ങിയ ഹാൻഡിലുകൾ പ്രവർത്തിപ്പിക്കാം. അവൻ സ്വതന്ത്രനാണ് .അവൻ്റെ അറിവാണ് മാറ്റുരയ്ക്കപ്പെടുന്നത്‌. എഴുത്തുകാരൻ ആണെങ്കിൽ ഭാഷ,ശൈലി, ക്രാഫ്റ്റ്  തുടങ്ങിയ കാര്യങ്ങൾ സജീവമായി നവീകരിക്കാനുള്ള ഒരു ആന്തരിക ഓട്ടോമെക്കാനിസം വേണം.  അയാളുടെ ശാരീരികാവസ്ഥ ഇതിനു സ്വമേധയാ സജ്ജമാക്കുന്ന തലത്തിലേക്ക് നമ്മുടെ അറിവുകൾ ഉയരണം.

വാൻഗോഗ് 'പൊട്ടറ്റോ ഈറ്റേഴ്സ്  ' എന്ന ചിത്രം വരച്ചത് കേരളത്തിലെയോ മറ്റേതെങ്കിലും സംസ്ഥാനങ്ങളിലെയോ ലളിതകലാ അക്കാദമികളെയോ അതിൻ്റെ അദ്ധ്യക്ഷന്മാരെയോ കണ്ടിട്ടല്ല .
വാൻഗോഗ് സ്വന്തം പ്രതിഭയിലാണ്  വിശ്വസിച്ചത്. മറ്റെല്ലാം അപ്രസക്തമാണ്. സ്വന്തം ഭാഷയിലും അറിവിലും ഉറച്ചു വിശ്വസിക്കുക, അത് എപ്പോഴും നവീകരിക്കുക .ഫ്രാൻസ് കാഫ്ക രചിച്ച A Hunger Artist (1922)എന്ന കഥ എഴുതിയത് കേരളത്തിലെ ഏതെങ്കിലും മാഗസിൻ പ്രവർത്തകരെ കണ്ടിട്ടല്ല.അദ്ദേഹം സ്വന്തം ആലോചനകളെ  സൂക്ഷ്മതയോടെ പിന്തുടരുകയാണ് ചെയ്തത്. ലോകത്തിലെ സാഹിത്യത്തിൽ നിന്ന് പത്ത് കഥകൾ തെരഞ്ഞെടുത്താൽ അതിൽ 'എ ഹങ്കർ ആർട്ടിസ്റ്റ് ' ഉണ്ടാവും. കാരണം ,അത് കലയാണ് ; മഹനീയമായ മന:സാക്ഷിയുടെ ഉന്നതമായ ചിത്രണമാണത്. സത്യസന്ധതയുടെ മുഖമാണത്.   ഏതെങ്കിലും മാധ്യമത്തിൻ്റെ ലേബലിൽ മാത്രം എഴുത്തുകാരനോ കവിയോ  ആകുന്ന കാലം അവസാനിച്ചു. അതിപ്പോൾ മനസ്സിലാകുന്നില്ലെങ്കിൽ  പത്തു വർഷം കഴിയുമ്പോൾ വ്യക്തമാകും .

പ്രേമത്തിനായി ദാഹിക്കുന്ന കാലം

വിനു ഏബ്രഹാമിൻ്റെ 'വന്ദനം'(എഴുത്ത് ,മെയ്)ഒരു ഫ്രോഡ് സിനിമാനിർമാതാവിൻ്റെ ജീവിതത്തെ  തുറന്നുകാണിക്കുകയാണ് .ആത്മനിന്ദയുടെയും കാപട്യത്തിൻ്റെയും നാളുകൾക്കൊടുവിൽ ശേഷിക്കുന്നത് ശൂന്യതയാണ്. അതെല്ലാം ഓർമ്മിക്കാൻ അയാൾക്ക് അവസരമുണ്ടാകുകയാണ്. എന്നാൽ ഒരു കഥയുടെ രചനാപരമായ മികവോ ,ഭാഷാപരമായ സവിശേഷതകളോ ഒന്നും ഏബ്രഹാമിൻ്റെ രചനയിൽ കണ്ടില്ല.
ഒരു സാധാരണ കഥയുടെ ക്രാഫ്റ്റ് മാത്രമാണിത്. കഥ ധ്യാനമാണ് ,കലയാണെന്ന കാര്യം മറന്നു പോയി.

മധ്യവയസ്സ് പിന്നിടുന്ന ഒരാൾ ,ഒരിക്കൽ തൻ്റെ ഭാര്യയായിരുന്ന സ്ത്രീയെ  യാദൃശ്ചികമായി കണ്ടുമുട്ടുന്ന കഥയാണ് ആർ .പവിത്രൻ എഴുതിയ 'കർച്ചീഫ് '(പ്രഭാത രശ്മി ,ഏപ്രിൽ ).
യഥാർത്ഥ പ്രേമവും വിവശതകളും   തീവ്രമോഹങ്ങളും ഒരു മനുഷ്യൻ്റെ  ഇരുപതുകളിലൊ മുപ്പതുകളിലോ അല്ല കത്തിപ്പിടിക്കുന്നത് ; അമ്പതുകളിലും അറുപതുകളിലുമാണത് ആളുന്നത്. പ്രേമം അപ്പോൾ കറയറ്റ ഒരു ഔഷധമാണ്. പ്രേമത്തിനായി ആ കാലം ദാഹിക്കുന്നു എന്നാണ് പവിത്രൻ്റെ കഥ ബോധ്യപ്പെടുത്തുന്നത്.

അയാൾ ഒട്ടും വിചാരിക്കാത്ത നേരത്താണ് അവളെ നഗരത്തിൽ ഒരിടത്ത് കണ്ടുമുട്ടുന്നത്. സംസാരം ഒരു ചായകുടിയിലേക്ക് എത്തുന്നു.  ഓർമ്മകളുടെ ഭാരമിറക്കി അവൾ  തിരിച്ചുപോയപ്പോൾ മറന്നുവച്ച ഒരു കർച്ചീഫ് അയാളെ ഉന്മത്തനാക്കുന്നു .അതുവരെ മനസിൽ സംഭരിച്ചു നിർത്തിയിരുന്ന സ്നേഹകാമങ്ങൾ അയാൾ ആ കർച്ചീഫിലേക്ക് ചൊരിയുന്നു .വിവാഹബന്ധം വേർപ്പെടുത്തിയെങ്കിലും പ്രേമത്തിനും മോഹത്തിനും അവസാനമില്ല. അയാൾ ആ കർച്ചീഫ് എടുത്തു മൂക്കിൽ ചേർത്തുവച്ചു വലിച്ചു. കോവിഡ് കാലമാണോ ,കോവിഡിനന്തര കാലമാണോ എന്നൊന്നും ചിന്തിക്കേണ്ട സമയമല്ലിത്. ഇത് ഹൃദയത്തിൻ്റെ പ്രശ്നമാണ്.  

ഫ്രഞ്ച് സാഹിത്യകാരനും ചിന്തകനുമായ ഷാങ് പോൾ സാർത് Portraits എന്ന കൃതിയിൽ
Reply to Albert Camus എന്നൊരു  ലേഖനമുണ്ട് .കമ്യു അവതരിപ്പിച്ച ചിന്തകളിലെ വൈരുദ്ധ്യത്തെയും അസംബന്ധങ്ങളെയും കടന്നാക്രമിക്കുന്ന ലേഖനമാണിത്.അതിൽ സാർത്ര് ഇങ്ങനെ നിരീക്ഷിക്കുന്നു :"ലോകം അനീതി നിറഞ്ഞതാണെന്ന് പറഞ്ഞാൽ നിങ്ങൾ കളിയിൽനിന്ന് പുറത്താവും .നിങ്ങൾ പുറത്തായിരിക്കെ ,നീതിയില്ലാത്ത ലോകത്തെ കാമ്പില്ലാത്ത നീതിയുമായി താരതമ്യം ചെയ്യുന്നു. മനുഷ്യരാശിയെ നിങ്ങൾ  അവിശ്വസിക്കുന്നതുകൊണ്ടാണ് ഏതൊരു കുറ്റാരോപിതനായ വ്യക്തിയും കുറ്റവാളിയാണെന്ന് പ്രാഥമികമായി നിങ്ങൾ തീരുമാനിക്കുന്നത്.

കേശവദേവിൻ്റെ കലാപങ്ങൾ

കേശവദേവ് ഏറ്റവും നിന്ദ്യനും നിസ്സഹായനുമായ മനുഷ്യനെയും കലാപകാരിയായ മനുഷ്യനെയും കണ്ടു. സാഹിത്യസംസ്കാരത്തിൻ്റെ പുറം വാതിൽ മേഖലകളെയും ദേവ്‌  നിരീക്ഷിച്ചു. അധമവും നീചവുമായ സാംസ്കാരിക പ്രവർത്തനങ്ങളോടും ആചാര്യസമൂഹത്തോടും നിർദ്ദയം ഏറ്റുമുട്ടിയ അദ്ദേഹം തൻ്റെ രചനകളേക്കാൾ വലിയ ആകാശങ്ങൾ അന്വേഷിക്കുകയാണ് ചെയ്തത്.
ചിന്താപരമായ നിഷ്കളങ്കതയിലും  പ്രതിഷേധത്തിലും ആണ്ടിറങ്ങി ജീവിച്ച ദേവിൻ്റെ 'ജന്മദിനത്തിൽ 'എന്ന കഥ നമ്മെ കഥ നോവിക്കുകയും നടുക്കുകയും ചെയ്യും .ഇതിൽ ദേവിൻ്റെ തന്നെ ജീവിതത്തിലെ ഒരിതളാണ് നമുക്ക് ദൃശ്യമാകുന്നത്.  താൻ എന്തിനെഴുതി ,ജീവിച്ചു എന്ന് ബാഹ്യസ്വാധീനങ്ങളൊന്നുമില്ലാതെ അന്വേഷിക്കുന്നു. താൻ കടന്നുപോകുന്ന വഴികൾ ഏതൊക്കെയാണെന്ന് ദേവ് ഓർമ്മിച്ചെടുക്കുന്നത് ഇങ്ങനെയാണ്:
" രക്തത്തിൽ കുളിച്ച അധികാര ഖഡ്ഗങ്ങളുടെ മാരകമായ വീശലുകൾ ഫണമുയർത്തി ഉഗ്രമായി ആടുന്ന, സാമൂഹ്യസർപ്പങ്ങൾ.'ഞാനും അനന്തൻ്റെ വർഗത്തിലുള്ളത്'എന്ന ഭാവത്തിൽ തലപൊക്കി പിടിച്ചിരിക്കുന്ന സാഹിത്യ നീർക്കോലികൾ; ചോരയും ചലവും ഒലിക്കുന്ന ദുർഗന്ധമലീമസമായ ഓടകൾ;ആ ഓടകളിൽനിന്ന് ജനിച്ച് അവയിൽ തന്നെ മരിക്കുന്ന മനുഷ്യപ്പുഴുക്കൾ ; കല്ലും മുള്ളും വിഷജന്തുക്കളുംകൊണ്ട് നിറഞ്ഞ ദുർഗമമാർഗങ്ങൾ -അമ്പമ്പോ !ഞാൻ കടന്നു പോന്ന മാർഗ്ഗങ്ങൾ !".

എന്തിനാണ് ഇങ്ങനെയെല്ലാം താൻ ജീവിച്ചതെന്ന ചോദ്യത്തിന് അദ്ദേഹം നല്കുന്ന ഉത്തരം ഇതാണ്:
"മറ്റൊരു വിധത്തിൽ ജീവിക്കുവാൻ എനിക്ക് സാധ്യമല്ലാത്തതുകൊണ്ട് ".

ലോകത്തിലെ അനീതിയും കളങ്കവും പീഡനവും അസമത്വവുമാണ് കേശവദേവിനെ നിർത്താതെ ഓടിച്ചത്.  അദ്ദേഹത്തിന് ഒരു മനസ്സുണ്ടായിരുന്നു. അതിൽ എരിയുന്ന കനലുണ്ടായിരുന്നു. എന്തിനാണ് താൻ ഓടുന്നതെന്ന്  അദ്ദേഹം ഇങ്ങനെ വിശദീകരിക്കുന്നു:
"ചോരയും ചലവും ഒലിക്കുന്ന ഓടകളിലെ ദുർഗന്ധത്തിൽ നിന്നകന്ന് , അധികാരവാളുകളുടേയും മാരകമായ ചീറ്റലുകൾ എത്താത്തിടത്ത് ചെന്ന് , എൻ്റെ ശരീരത്തിലെയും ഹൃദയത്തിലെയും വ്രണങ്ങളെ തലോടി ആശ്വസിപ്പിക്കുവാൻ ,സ്വതന്ത്രമായി ശ്വാസോച്ഛ്വാസം ചെയ്യുവാൻ എൻ്റെ  ആത്മാവിൽ ശുദ്ധവായു ഉൾക്കൊള്ളുവാൻ -അതിനുവേണ്ടിയാണ് ഞാൻ ഓടുന്നത് ".
ദേവിൻ്റെ വിചാരങ്ങൾക്ക് ഇന്ന് കൂടുതൽ ആഴമുണ്ടെന്ന് തോന്നുകയാണ്. അന്നത്തേക്കാൾ എത്രയോ ഭീകരമാണ് ഇന്ന് 'സാംസ്കാരികമർദ്ദനം'.

സാഹിത്യവും ഫേസ്ബുക്കും

ഫേസ്ബുക്കിലെ കുറിപ്പുകൾ ഇന്ന് എഴുത്തുകാരുടെ വിമർശനമനോഭാവത്തെയും സ്വാധീനിച്ചിരിക്കുകയാണ്. ഫേസ്ബുക്കിൻ്റെ ഫിലോസഫി എന്താണ് ? സ്ഥാപകൻ സൂക്കർബർഗ്ഗ് അത് വളരെ മുന്നേ പറഞ്ഞിട്ടുണ്ട്. തൻ്റെ വീടിൻ്റെ മുന്നിൽക്കിടന്നു മരിക്കുന്ന ഒരു അണ്ണാറക്കണ്ണൻ എങ്ങനെയാണ് ഒരാൾക്ക് ആഫ്രിക്കയിലെ മനുഷ്യരുടെ മരണത്തെക്കാൾ പ്രധാനപ്പെട്ടതായിരിക്കുന്നതെന്ന്  അദ്ദേഹം ഇങ്ങനെയാണ് വിശദീകരിച്ചത്:
"A squirrel dying in front of your house may be more relevant to your interests right now than people dying in Africa "

ഇന്നത്തെ മനുഷ്യരുടെ മാറിയ സാമൂഹ്യ, ലോകാവബോധമാണിത്. നിസ്സാരമെന്നു പറയാവുന്നതായി  യാതൊന്നുമില്ല .ഒരാൾ അയാളുടെ തന്നെ ഭാവുകത്വം, അത് അസംബന്ധമാണെങ്കിലും, മുന്നോട്ടു വയ്ക്കുകയാണ്. നിലവാരമില്ലാത്ത ചിന്തകൾക്ക് നൂറുകണക്കിന് ലൈക്കും ഷെയറും കിട്ടുക തന്നെ ചെയ്യും. ഫേസ്ബുക്ക് പേജ് തന്നെ ഒരു കലാരൂപമാണ്. മാധ്യമം ഒരു സന്ദേശമല്ല; കല തന്നെയാണ്. ഫേസ്ബുക്കിൽ പ്രൊഫൈൽ ചിത്രം വയ്ക്കുന്നതോടെ ഏതൊരുവനും കലാകാരനായി ,വിമർശകനായി. ഫേസ്ബുക്കർക്ക് ആരെയും  വിമർശിക്കാം .ഒന്നും മനസ്സിലാകണമെന്നില്ല .ലോക നർത്തകി പത്മാ സുബ്രഹ്മണ്യത്തിനു നൃത്തം അറിയില്ലെന്നോ ,സത്യജിത് റായിക്ക് സിനിമയെടുക്കാൻ അറിയില്ലെന്നോ തട്ടിവിട്ടാൽ  ആയിരക്കണക്കിനു ലൈക്കുകളും  ഷെയറുകളും കിട്ടിയെന്നിരിക്കും.

ഈ മനോഭാവത്തോടെയാണ് ഇന്ന് ചിലർ സാഹിത്യകലയിലും പ്രവർത്തിക്കുന്നത്. യാതൊന്നും മനസിലാക്കാതെ എന്തും തട്ടിമൂളിക്കുകയാണ്. ലൈക്കുകൾക്ക് പഞ്ഞമുണ്ടാവുകയില്ല. ബിഥോവൻ്റെ സിംഫണിയും മോഹൻ സിതാരയുടെ ചലച്ചിത്രസംഗീതവും തമ്മിൽ താരതമ്യം ചെയ്ത് ഒരു ഫേസ്ബുക്കർ മോഹൻ സിത്താരെയെ അമിതമായി വാഴ്ത്തുന്നതു കണ്ടാൽ ഞാൻ ഞെട്ടില്ല. കാരണം ,നമ്മൾ അത് കാണാൻ വിധിക്കപ്പെട്ടവരാണ്. മനുഷ്യൻ്റെ സ്വാതന്ത്ര്യമാണ് വിജയിക്കേണ്ടത്. ഡേറ്റയുടെ  സ്വാതന്ത്ര്യത്തിനാണ് പ്രസക്തി. ചിന്തിപ്പിക്കുന്ന എന്തിനെയും കരിവാരിത്തേക്കാനോ  അടിച്ചമർത്താനോ ഫേസ്ബുക്കിലെ ആൾക്കൂട്ടങ്ങൾ നിയുക്തരാണ്. എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കും അത് ആൾക്കൂട്ടത്തിൻ്റെ ആരവമാണ്.
അവിടെ പതുങ്ങി നടക്കുന്നവർ ഏറുകയാണ്.

കുഞ്ഞബ്ദുള്ളയും കാഫ്കയും

പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ 'പൂരപ്രബന്ധം' എന്ന സമാഹാരത്തിലെ ചെറിയൊരു കഥയാണ് 'കാഫ്ക വീണ്ടും കേരളത്തിൽ! '.കാഫ്ക പതിവായി കേരളത്തിൽ വന്നുപോകുന്ന ഒരു വിദേശിയാണെന്ന മട്ടിലാണ് ടൈറ്റിൽ. കുഞ്ഞബ്ദുള്ളയുടെ സവിശേഷമായ കഥാഖ്യാനത്തിൻ്റെ ഉദാഹരണമാണിത്.  അദ്ദേഹം, വാസ്തവത്തിൽ ,നമ്മുടെ കഥയിലെ അവസാനത്തെ കണ്ണുകളിലൊന്നാണ്. കുഞ്ഞബ്ദുള്ളയ്ക്ക് ശേഷം നല്ല കഥാകൃത്തുകളുണ്ടായോ ? കാണാനില്ല.
ഈ ചെറിയ കഥയിലൂടെ അദ്ദേഹം താനൊരു വിചാരജീവിയും അതേസമയം അസ്തിത്വജീവിയുമാണെന്ന് വിളിച്ചുപറയുന്നു. അസ്തിത്വദുഃഖത്തിൽ നിന്ന് തനിക്ക് മോചനമില്ലെന്നും എന്നാൽ ഇത്തരം വേദനകൾ ജീവിതശൂന്യതയെ നേരിടുമ്പോൾ വേരറ്റുപോയ ഒരു ഫലിതമായി മാറുകയാണെന്നും ഈ കഥാകൃത്തിനു അറിയാമായിരുന്നു.

മാനന്തവാടി -വാളാട് റൂട്ടിലോടുന്ന കെ.എസ്.ആർ.ടി.സി ബസ്സിലെ കണ്ടക്ടറായ ശ്രീജനാണ് കഥയിലെ പ്രധാന കഥാപാത്രം .സ്ഥിരമായി ട്രിപ്പ്പോകുന്ന റൂട്ടിലെ കാഴ്ചകൾ ശ്രീജനെ വല്ലാത്ത വിരസതയിലേക്ക് മുക്കിത്താഴ്ത്തുകയാണ്.ഒന്നിനും ഒരു മാറ്റവുമില്ല .'കാലത്ത് കണ്ട കുമാരൻ്റെ കടയിലെ പഴക്കുല വൈകിട്ടാവുമ്പോൾ തീർന്നിരിക്കും' - ഇതാണ് ആ റൂട്ടിലെ മാറ്റം! '

 ഒരു ദിവസം ,അവസാന ട്രിപ്പ്  കഴിഞ്ഞുള്ള ശ്രീജൻ്റെ മനോഭാവത്തെ കഥാകൃത്ത് ഇങ്ങനെ വിവരിക്കുന്നു:
"പൊടിപടലങ്ങൾ ഉയർത്തിക്കൊണ്ട് കുതിച്ചുപോകുന്ന ബസ്സിനെ തല തിരിച്ചുപിടിച്ച് അയാൾ നോക്കി നിന്നു. റോഡിൽ അയാൾ തനിച്ചായി .ബസ്സിറങ്ങിയവർ ഇടവഴികളിൽ മറഞ്ഞു. മാനം ഇരുണ്ടു. ശ്രീജൻ അല്പം കൂടി മുന്നോട്ടു നടന്നു.
എങ്ങും പോകാനില്ലാത്ത അയാൾ പാതവക്കിലെ സമൃദ്ധമായി വളരുന്ന പുൽക്കൊടിയിൽ മലർന്നുകിടന്നു .പണ്ട് രവിയെ കടിച്ച സർപ്പം ഇഴഞ്ഞ് വരുന്നതും കാത്ത് " .

മരണത്തെ  ഇത്ര ലാഘവത്തോടെ സമീപിക്കുന്ന കഥാകൃത്ത് ,വിജയൻ്റെ 'ഖസാക്കിൻ്റെ ഇതിഹാസ 'ത്തിലെ രവിയെ ഓർത്ത് ,ജീവിതത്തെ എവിടെയോ കണ്ടു മറന്ന ഒരു സ്വപ്നം പോലെ കനം കുറഞ്ഞതാക്കാൻ പരിശ്രമിക്കുകയാണ്. എങ്കിലും അതിനടിയിൽ ജീവിത നിരർത്ഥകതയുടെ ചെളി കട്ടിയായി അടിഞ്ഞിരിക്കുകയാണ്. ഒന്നും ഇല്ലാത്തതുകൊണ്ട് ചിലർ സാഹിത്യകൃതികളിൽ കഥാപാത്രങ്ങളെ   അനുകരിക്കുന്നു. അനുകരണം പുതുമയില്ലാത്തതാകാം; എന്നാൽ അനുകരിക്കുന്നത് എന്താണെന്നതിൻ്റെ  അടിസ്ഥാനത്തിൽ അതിനു മാനം കൈവരുന്നു .ജീവിതവിഷാദത്തെ ശാന്തമായി, മറ്റൊരു പുസ്തകത്തിലെ കഥാപാത്രമായി, ഓർമ്മയായി ഏറ്റുവാങ്ങുന്ന ഈ കഥാപാത്രം ആഴമേറിയ മുറിവാണ് വായനക്കാരനു നല്കുക.

ഒരു നക്ഷത്രം പോലെ

Sea of Tranquility, Station Elevan എന്നീ നോവലുകളിലൂടെ അറിയപ്പെടുന്ന കനഡിയൻ എഴുത്തുകാരി എമിലി സെൻ്റ് ജോൺ മാൻഡൽ (Emily St John Mandel) പറഞ്ഞു ,ഭൂമിയെക്കുറിച്ച് അധികം സന്തോഷിക്കാൻ ഒന്നുമില്ലെന്ന് .കാരണം, ഭൂമിയിൽ ജീവിതം താൽക്കാലികമാണ് എന്ന സത്യത്തെ അംഗീകരിക്കണമെന്ന് .നശ്വരതയെ ഭക്ഷിക്കുകയാണ് മനുഷ്യൻ .നിമിഷങ്ങൾ തന്നെയാണ് നമ്മുടെ അനുഭവം .അനുഭവത്തിൻ്റെ ആയുസ്സ് നിമിഷത്തിൽ ബന്ധിതമാണ്.

"We orbit a star, and stars naturally die" .

ഒരു നക്ഷത്രത്തെ പോലെ നമ്മൾ അനന്തതയിൽ അപ്രത്യക്ഷമാകുന്നു.

കഥാനുഭവമില്ല

ഫ്രാൻസിസ് നെറോണയുടെ 'കാണി പണിയുന്ന കസേരകൾ '(ഭാഷാപോഷിണി, മാർച്ച്) ഒരു നാടകാവതരണം ,മതിഭ്രമം, ഗ്രാമീണജീവിതം, അമച്വർ ആർട്ടിസ്റ്റ്  തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുന്നു. ഒരു സിനിമാകഥയായി തോന്നി. പക്ഷേ, എന്ന കഥയുടെ അനുഭവം കണ്ടില്ല .ചെറുകഥ കഥ ഒരു കലാരൂപമാണ്. ഏകാഗ്രമായ ഒരു തലമില്ല. പലതും ചിതറിപ്പോകുകയാണ്. കഥാകൃത്തിനു ഒന്നിലും ഉറച്ചുനിൽക്കാനാവുന്നില്ല. ചെറുകഥ എന്ന മാധ്യമത്തെപ്പറ്റി ധാരാളം പഠിക്കേണ്ടിയിരിക്കുന്നു .ഡി .എച്ച്. ലോറൻസിൻ്റെ Odor of Chrysanthemums വായിച്ചാൽ ചെറുകഥ എന്ന കലാരൂപം എങ്ങനെ മനുഷ്യമനസ്സിലെ വിവിധ ധാരകളെ ഏകോപിപ്പിച്ച് സൗന്ദര്യം സൃഷ്ടിക്കുന്നുവെന്ന് മനസ്സിലാക്കാം. ഭർത്താവ് വാൾട്ടർ തൻ്റെ ഭാര്യ എലിസബത്തിന് വിവാഹവാർഷികത്തിനു സമ്മാനമായി കൊടുക്കുന്നത് ക്രിസാന്തിമപ്പൂക്കളാണ്.  എന്നാൽ ഈ പൂക്കൾ തന്നെയാണ് ശവക്കല്ലറകളിലും വയ്ക്കാറുള്ളത്.  അവർക്കിടയിൽ യാതൊരു ബന്ധവുമില്ലായിരുന്നുവെന്നും എല്ലാം വെറും ചടങ്ങുകൾ മാത്രമായിരുന്നെന്നും കഥാകൃത്ത് തെളിയിക്കുകയാണ്.
കഥാകാരൻ ക്രൂരമായ ചില  സത്യങ്ങൾ കണ്ടെത്താൻ വിധിക്കപ്പെട്ടിരിക്കുന്നു .ഒരു പട്ടി മണം പിടിച്ച് മണ്ണുമാന്തി ശവം പുറത്തെടുക്കുന്നത് പോലെയാണ് എഴുത്തുകാരൻ എഴുതേണ്ടത്. അവൻ്റെ ആയുധം വാക്കുകളാണ്.

കാഫ്കയുടെ ഹംഗർ ആർട്ടിസ്റ്റ് ഭക്ഷണം ഉപേക്ഷിച്ച് നാല്പതു ദിവസം കഴിയുമെന്ന് തെളിയിക്കുകയാണല്ലോ. അയാളെ, പക്ഷേ ,അവസാനം ആരും ഗൗനിക്കുന്നില്ല .പ്രദർശനം  പരാജയപ്പെടുന്നു. അയാൾ വൈയ്ക്കോൽ കെട്ടിനുള്ളിൽ കിടന്നു മരിക്കുന്നു, ആരും ശ്രദ്ധിക്കാതെ.ഒരു കലാകാരൻ സ്വജീവിതകാലത്ത് മനസ്സിലാക്കപ്പെടുന്നില്ലെന്നും  അവനിൽ എരിയുന്ന വിശപ്പിന് ഒരിക്കലും ശമനമുണ്ടാകുന്നില്ലെന്നും കാഫ്ക ഈ കഥയിലൂടെ ധ്വനിപ്പിക്കുന്നു. മറ്റുള്ളവർ അയാളെ അവഗണിക്കുകയും തിരസ്ക്കരിക്കുകയും ചെയ്യുന്നതാണ് ഇവിടെ അയാളുടെ നിരാഹാരമായി പരിണമിക്കുന്നത് .ഇത് ആത്മീയമായ നിരാഹാരമാണ്. ഈ ലോകത്തിനോടുള്ള അരുചി ,യാതൊന്നുമായും സംവേദനം സാധ്യമല്ലാതാക്കുന്ന ആത്മീയമായ അരാജകത്വം ,നിസ്സഹായത ഇവിടെ നിരാഹാരമായി വിവരിക്കപ്പെടുകയാണ്.

സർഗ്ഗാത്മകതയും സെക്സും

സർഗ്ഗാത്മകതയ്ക്ക് പിന്നിലുള്ള ശക്തി ലൈംഗികമാണെന്ന് പറയുന്നവരുണ്ട്. മനുഷ്യൻ്റെ പ്രാചീനവും സജീവവുമായ ശക്തിയാണത്. അത് പല രൂപങ്ങളിൽ ഉദാത്തവത്ക്കരിച്ച് ആവിഷ്കാരങ്ങളായി പുറത്തുവരുകയാണ്‌.

പ്രമുഖ നാടകകൃത്ത് ടെന്നസി വില്യംസ് ഇങ്ങനെ പറഞ്ഞു :"ലൈംഗികോർജം  മിക്കപ്പോഴും സർഗാത്മക ഊർജ്ജമായി ആയി മാറുന്നുവെന്ന്  ഞാൻ കരുതുന്നില്ല .സർഗാത്മകശക്തി ലൈംഗികശക്തിപോലെ പെട്ടെന്ന് നഷ്ടപ്പെടുന്നതല്ല .ഒരാഴ്ചയിൽ രണ്ട് അല്ലെങ്കിൽ മൂന്നു തവണയിൽ കൂടുതൽ ലൈംഗികബന്ധം പുലർത്താൻ പൊതുവേ ഒരുവൻ താല്പര്യപ്പെടുന്നില്ല; എന്നാൽ അവൻ  എല്ലാദിവസവും എഴുതുന്നു. സാധാരണ ഗതിയിൽ ,സർഗാത്മക ശേഷിയുള്ള ഒരാൾക്ക് വളരെ ഉയർന്നതോതിൽ ലൈംഗികാഭിനിവേശം ഉണ്ടായിരിക്കും. അമിതമായ ലൈംഗികാസക്തി നിങ്ങളെ ക്രമേണ അലസനാക്കിത്തീർക്കും" .

സെക്സില്ലാത്തവരാണ് ,മിക്കപ്പോഴും സെക്സ് ഫാൻ്റസി എഴുതുന്നത്. സെക്സ് സങ്കല്പിക്കാനും കൂടിയുള്ളതാണ്. സെക്സ് യാഥാർത്ഥ്യമാകണമെന്ന് ഒരുവൻ സദാ സമയം ആഗ്രഹിക്കുന്നില്ല. എന്നാൽ അവൻ സങ്കല്പിക്കാതിരിക്കുന്നില്ല. സെക്സ് ,ആരെയും ഉപദ്രവിക്കാതെ ,വിചിത്രമായ ആലോചനകളിലും ജീവിക്കുന്നു. ഇഷ്ടമുള്ള ഇണയെക്കുറിച്ച് ലൈംഗിക സ്വപ്നം കാണുന്നത് മനുഷ്യജീവിയുടെ മാത്രം സിദ്ധിയാണ്.

നവനോവലിൻ്റെ വക്താവ് ഇംഗ്ലീഷ് എഴുത്തുകാരൻ ജോൺ ഫൗൾസ് (John Fowles) പറഞ്ഞു:
ലൈംഗികതയുടെ മഹത്തായ രസതന്ത്രം ഇതാണ് :ശുദ്ധമായ നന്മയുടെ അധികബലം.

ഫൗൾസിൻ്റെ The Aristos :A self-portrait in Ideas (1964) എന്ന താത്ത്വിക സൂത്രവാക്യപുസ്തകം പ്രശസ്തമാണ്‌.

എല്ലാ നോവലിസ്റ്റുകളും രണ്ടു വ്യത്യസ്ത ലോകങ്ങളിൽ ജീവിക്കണം. യഥാർത്ഥവും അയഥാർത്ഥവുമായ ലോകങ്ങൾ -ഫൗൾസിൻ്റെ ചിന്ത.
സമകാലജീവിതത്തെക്കുറിച്ച് അദ്ദേഹം ഇങ്ങനെ പറയുന്നു: "ഞാനൊരു രാഷ്ട്രീയജീവിയല്ല. ലോകം ഇന്ന് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ രാഷ്ട്രീയത്തിലുടെ പരിഹരിക്കാനാവില്ല. സാമൂഹ്യശാസ്ത്രജ്ഞന്മാരും ജീവ ശാസ്ത്രജ്ഞന്മാരുമാണ് പരിഹരിക്കേണ്ടത്.  ജീവശാസ്ത്രപരമായ പ്രശ്നമാണ് നമ്മൾ ഇപ്പോൾ നേരിടുന്നത് " .

അഖില കെ.എസ്. എഴുതിയ 'കൂട്ടിക്കൊടുപ്പുകാരും വിശ്വാസികളും'(പ്രസാധകൻ, മാർച്ച്) പുതിയൊരു ക്രാഫ്റ്റും പ്രമേഹവും സൃഷ്ടിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. കേന്ദ്രീകൃതമായ  ഒരാശയമോ ചിന്തയോ കഥയിലില്ല. പല ആശയങ്ങളും കൂട്ടിക്കെട്ടാൻ ശ്രമിക്കുകയാണ്. എന്നാൽ ഒന്നിനും  ഏകാഗ്രതയില്ല. നിർജീവമാണ് അവതരണരീതി. കഥ ഒരു കലാസൃഷ്ടിയാണെന്ന കാര്യം മിക്ക കഥാകൃത്തുക്കൾക്കും അറിയില്ല. കലയില്ലാത്തവർ മാസത്തിൽ നാല് കഥകൾ എഴുതുന്ന നാടാണിത്. അതുകൊണ്ടാണ് ഇന്ന് മലയാളത്തിലെ താരതമ്യേന ക്ഷീണിച്ച ഒരു സാഹിത്യ ശാഖയായി കഥ തരംതാണത്.

കാക്കനാടൻ ,എം.പി, നാരായണപിള്ള ,മാധവിക്കുട്ടി, വി.പി. ശിവകുമാർ ,യു.പി, ജയരാജ്  തുടങ്ങിയവരുടെ കാലമാണ് മലയാള കഥയുടെ സുവർണയുഗം. ഏത് കലാസൃഷ്ടിയിലും പ്രഥമപരിഗണന സൗന്ദര്യത്തിനായിരിക്കണം. രാഷ്ട്രീയ പ്രചരണവും മതസ്പർദ്ധയുമൊക്കെ മുന്നാമതോ നാലാമതോ നിന്നാൽ മതി.
സെക്സ് കലയുടെ ഭാഗമായിരിക്കണം .


വായനക്കാരൻ്റെ പുസ്തകം

Francis of Assisi എന്ന പുസ്തകമെഴുതിയ ഫ്രഞ്ച് എഴുത്തുകാരനായ ക്രിസ്ത്യൻ ബോബിൻ (Christian Bobin) പറഞ്ഞു:
When you are reading a book you are writing it .
വായനക്കാരൻ പുസ്തകം മനസിൽ എഴുതുകയാണ്. അത് സ്വന്തം ഭാവനയ്ക്കൊത്താണ് സംഭവിക്കുന്നത്.


ചീഞ്ഞ കാല്പനികതയും
ഫ്യൂഡൽ നഷ്ടപ്രതാപങ്ങളും


ഇന്നത്തെ മലയാളസാഹിത്യരചനകൾ  പൊതുവിൽ സമകാലിക ജീവിതത്തിൻ്റെ തീക്ഷ്ണമായ പ്രശ്നങ്ങൾക്ക് വളരെ താഴെയാണ് നിലയുറപ്പിക്കുന്നത്. ചീഞ്ഞ കാല്പനികതയിലും ഫ്യൂഡൽ കാലത്തെ വിലകുറഞ്ഞ സൗന്ദര്യബോധത്തിലും അത് മുങ്ങി നിവരുകയാണ് .അത് ആരെയും ചിന്തിപ്പിക്കുകയോ രസിപ്പിക്കുകയോ അസ്വസ്ഥപ്പെടുത്തുകയോ ചെയ്യുന്നില്ല. യാതൊരു ചലനവും ഉണ്ടാക്കാതെ അത് ഭൂതകാലത്തിൻ്റെ ജുഗുപ്സകളിൽ ഒതുങ്ങുകയാണ്. അവാർഡുകൾ കൊടുക്കുന്നത് ഫ്യൂഡൽ നഷ്ടപ്രതാപങ്ങളെ  ഓർക്കാനും വീണ്ടെടുക്കാനുമാണ്. നവീനതയോ പരിഷ്ക്കരണമോ നൂതനാവബോധമോ ഇല്ലാതെ ജീർണ്ണ സംസ്കാരത്തെ മാലയിട്ടു സ്വീകരിക്കുകയാണ് അവാർഡ് കമ്മിറ്റികൾ ചെയ്യുന്നത്.

ബ്രസീലിയൻ കവി അന്ദ്രാദെ

ബ്രസീലിയൻ ആധുനികകവി അന്ദ്രാദെ(Carlos Drummond de Andrade)ഇങ്ങനെ എഴുതി:
No one answers
Life is cruel

To wake to live എന്ന കവിതയിലെ ഒടുവിലത്തെ വരികളാണിത്. മുറിവുകളിൽ നിന്ന് രക്ഷനേടാൻ എന്താണ് വഴിയെന്ന് ആലോചിക്കുകയേ വേണ്ട, ഓടിപ്പോകാൻ ഒരിടമില്ലല്ലോ. ഈ ലോകത്തെ ഓരോ ദിനവും ഒരു സംഭവം പോലെയാണ്. അതിൽ ചിതറപ്പെടുകയാണ് ആത്മാവ്.

Any event that resembles the earth and its purple madness?

ഭൂമിയുടെ ധൂമവർണ്ണമാർന്ന ഭ്രാന്തിനെ ഓർമിപ്പിക്കുകയാണ് ഓരോന്നും .


മായാകല/എം.കെ.ഹരികുമാർ

 



 

മനുഷ്യജീവിതത്തിലെ എല്ലാ ഇന്ദ്രിയങ്ങളും തുറന്നുപിടിച്ചാലും വളരെക്കുറച്ച് അറിവുകളിലേക്ക് മാത്രമേ തുറക്കുന്നുള്ളൂ .അതിൽ തന്നെ കമ്പാർട്ട്മെൻറലൈസേഷനുണ്ട് .എല്ലാ വ്യക്തികൾക്കും എല്ലാ അറിവുകളുമില്ല. ഒരു ബഹിരാകാശശാസ്ത്രജ്ഞന്  പെയിൻ്റിംഗിനെക്കുറിച്ച് കാര്യമായ  അറിവുണ്ടാകണമെന്നില്ല .ആൽബർട്ട് ഐൻസ്റ്റീനെ ഭൗതികശാസ്ത്രജ്ഞനായി നാം ആദരി ക്കുന്നു. എന്നാൽ ചിത്രകാരൻ വാൻഗോഗിൻ്റെ മനസ്സിലൂടെ കടന്നുപോയ ജീവിതവെളിപാടുകൾ എന്താണെന്ന് ഐൻസ്റ്റീന് അറിയില്ല ;തിരിച്ചും അങ്ങനെ തന്നെ. ഓരോ മനുഷ്യനും ജീവിതത്തെ, ലോകത്തെ ,പ്രപഞ്ചത്തെ ഓരോ കണികയോളം വലിപ്പമേ അറിയുന്നുള്ളു. ഓരോ വ്യക്തിയും സർഗസിദ്ധിയിലൂടെ ലോകത്തെക്കുറിച്ചുള്ള നാമമാത്രമായ അറിവുകൾ കൊണ്ടുവരുന്നു. മഹാനായ സംഗീതജ്ഞൻ യെഹൂദി മെനുവിൻ സംഗീതകലയുടെ ഒരു കണമാണ് നമുക്ക് നല്കിയത്.
പ്രാപഞ്ചിക സംഗീതമെന്ന മഹാസമുദ്രം ഇനിയും അജ്ഞാതമായി ശേഷിക്കുകയാണ്. 
സദാപ്രസന്നവും സൗഖ്യവുമായി ശ്രീകൃഷ്ണൻ ഓടക്കുഴൽ വായിക്കുമ്പോഴുള്ള ശാന്തത എങ്ങനെയുണ്ടാകുന്നുവെന്ന് ആലോചിക്കാൻ പോലും കഴിയില്ല. പ്രാപഞ്ചികമായ പ്രതിഭാസങ്ങളുമായി നമ്മുടെ ജീവിതത്തിലെ ഉദ്വേഗങ്ങളും ത്വരകളും ആശകളും കെട്ടുപിണഞ്ഞു കിടക്കുന്നു. 

ഒരാൾക്ക് ഒറ്റയ്ക്ക് പ്രപഞ്ചത്തെക്കുറിച്ച് ഒന്നുമറിയില്ല. പലരുടെ വിജ്ഞാനം ചേർന്ന ഒരു വലിയ വിജ്ഞാനമേഖല രൂപപ്പെടുകയാണ്. ഓരോ തരം ജീവിയും അങ്ങനെ തങ്ങളുടെ ഐന്ദ്രിയലോകത്തിനകത്താണ് സംവേദനക്ഷമമായ ചര്യകൾ വികസിപ്പിച്ചെടുക്കുന്നത്. അപ്പോൾ പ്രപഞ്ചം അതിൻ്റെ ദൃശ്യതയിലും അഗാധതയിലും അകന്നു തന്നെ നിൽക്കുകയാണ് .അതൊരു അതാര്യ മേഖലയാണ്. അവിടേക്ക് മനുഷ്യർക്കെന്നല്ല ,ഒരു ജീവിക്കും പ്രവേശനമില്ല. എല്ലാ ജൈവ ഇന്ദ്രിയ സിദ്ധികളും പരിമിത പ്പെട്ടിരിക്കുകയാണ്. എന്നാൽ അതൊക്കെ സ്വകാര്യമാണ്‌. അഭൗമമായ ഈ വാദ്യസംഗീതം പുറപ്പെടുവിക്കുന്നവർ പരസ്പരം അതിനെക്കുറിച്ച് അറിയില്ല. ഓരോ ജീവിയും അതിൻ്റെ മാത്രം സംഗീതമാണ് അറിയുന്നത്. അതിൻ്റെ  തൊട്ടരികിലുള്ള സംഗീതസാഗരത്തെ അറിയാനേ കഴിയുന്നില്ല. ഈ നിസ്സഹായതയാണ് ജീവിതത്തിലെ വിവശത,ദു:ഖം,അന്യത,നിരാശ ...
"ആത്‌മോപദേശശതക'ത്തിൽ ഗുരു ഇങ്ങനെ എഴുതുന്നു :

"അലയറുമാഴിയിലുണ്ടനന്തമായാ
കലയിതു കല്യ,യനാദി കാര്യമാകും
സലിലരസാദി ശരീരമേന്തി നാനാ-
വുലകുരുവായുരുവായി നിന്നിടുന്നു "

അനന്തമായ ഒരു മായാകലയെക്കുറിച്ചാണ് ഗുരു പറയുന്നത്. എന്താണ് അതിൻ്റെ  സവിശേഷത ?അലകളില്ലാത്ത ഒരു കടലിനെ ഗുരു അവതരിപ്പിക്കുകയാണ്. അലയറുമാഴിയാണത് .അതിലാണ് അന്തമറ്റ മായാലോകമുള്ളത് .ആ കല മായയാണ്. അത് ഓരോ നിമിഷത്തിലും സഹസ്രകോടി സ്വഭാവങ്ങളെ അന്തർവഹിക്കുകയാണ്.
അതിൻ്റെ പൊരുൾ മാറുകയാണ്. അത് മനുഷ്യബുദ്ധിയെ കബളിപ്പിക്കുന്നു. മനുഷ്യനു യാതൊന്നിനെയും ആസ്പദിച്ച് അതിൻ്റെ അർത്ഥമോ പരിണാമമോ വേർതിരിച്ചെടുക്കാനാവില്ല .മനുഷ്യനെ ഉപയോഗിച്ച് വലിച്ചെറിയുകയാണ് ആ മായാകല. അത് അനാദിയായ കാര്യങ്ങളെ ഉൾക്കൊള്ളുന്ന, വെള്ളവും മറ്റ് ഐന്ദ്രിയരസങ്ങളും കൂടിച്ചേർന്നുണ്ടാകുന്ന ഓരോ ജീവിയിലും, ജീവിവർഗ്ഗത്തിലും സന്നിഹിതമാണ്.
ജീവിയുടെ ഉന്മാദ,വിഷാദശീലങ്ങൾക്ക് ബോധ്യപ്പെടാത്ത വിധം യഥാർത്ഥ്യത്തിനുള്ളിൽ  മറിഞ്ഞിരിക്കുകയാണ് ആ മായാകല.  നാനാതരത്തിലുള്ള വസ്തുക്കളും വിഷയങ്ങളും പ്രമേയങ്ങളുമായി അത് ജീവികളിൽ വിലസുകയാണ്.

വ്യർത്ഥതയുടെ ലീല 

അർത്ഥവും അർത്ഥസന്ദിഗ്ദ്ധതകളും ഭാവനകളും എല്ലാം ഈ മായാകലയുടെ   ഫലമായി ആവിർഭവിപ്പിച്ചുകൊണ്ടേയിരിക്കുന്നു.
അന്തമില്ലാത്ത പ്രവാഹമാണത്. അനേകം ശരീരങ്ങൾ അനേകം ലീലകളിൽ ബദ്ധരായിരിക്കുന്നു. ഓരോന്നിനെയും കണ്ണുകെട്ടി നൃത്തം ചെയ്യുകയാണ് ഈ മായാകല. ഇതാകട്ടെ നമ്മെ ചലിപ്പിക്കുകയാണ്; എവിടെയും അവസാനമുണ്ടെന്ന തോന്നലിൽ നമ്മൾ അതിൻ്റെ ലീലയിൽ കണ്ണുകെട്ടി നൃത്തം ചെയ്യുന്നു.

"നവനവമിന്നലെയിന്നു നാളെ മറ്റേ -
ദിവസമിതിങ്ങനെ ചിന്ത ചെയ്തിടാതെ
അവിരതമെണ്ണിയളന്നിടുന്നതെല്ലാം 
ഭ്രമമൊരു ഭേദവുമില്ലറിഞ്ഞിടേണം"

ഭാവിയിലേക്ക് നമ്മെ നടത്തിക്കുകയാണ് ആ മായാകല. അതിന് നമ്മെ ഭ്രമിപ്പിക്കാനാകും. സത്യത്തെ അത് ഓരോ വേളയിലും പലതായി ഉയർത്തിക്കാട്ടുന്നു . നമ്മുടെ ഇഷ്ടങ്ങൾക്കനുസരിച്ച് ഏത് വേണമെങ്കിലും തിരഞ്ഞെടുക്കാം.

മഹാനായ ജർമ്മൻ ചിന്തകൻ ഫ്രെഡറിക് നിഷെ (Friedrich Nietzche)പറഞ്ഞു: Knowledge kills action ;action requires the veils of illusions.ജ്ഞാനികൾ പാരമാർത്ഥികമായ ഒരു അതുല്യതയിലേക്ക് പ്രയാണം ചെയ്യുകയാണ്. അവരുടെ ആന്തരികമായ സജ്ജീകരണം അത്തരത്തിലുള്ളതാണ് .അവർ വസ്തുവിൻ്റെ ബാഹ്യ ആവരണത്തെ  തകർത്ത് അകത്തു കയറുന്നു. വാക്കുകൾ പിളർത്തുന്നു. ജ്ഞാനിക്ക് അതുകൊണ്ട് വൃഥാപ്രയത്നം ആവശ്യമില്ല. ജ്ഞാനികൾ വ്യർത്ഥതയെ തരണം ചെയ്യുകയാണ്. ലോകജീവിതത്തിൽ വ്യർത്ഥത  കടലിലെ ആഫ്രിക്കൻ പായൽ പോലെ പടരുകയാണ് .അതിനടിയിൽ നിന്ന് സാരം ഗ്രഹിക്കാൻ വിധിക്കപ്പെട്ട ജ്ഞാനി വ്യർത്ഥതയെ ഒരു മിഥ്യയായി കാണുകയാണ്. അതിൻ്റെ ആവരണം വിവിധ പ്രവർത്തനങ്ങളാൽ  മുഖരിതമാണ് .പ്രവർത്തിക്കണമെങ്കിൽ മിഥ്യയുടെ മൂടുപടങ്ങൾ ആവശ്യമാണെന്ന് നിഷെ പറയുന്നത് അതുകൊണ്ടാണ്. സാധാരണ മനുഷ്യന് ജീവിക്കാൻ മിഥ്യയാവശ്യമാണ് .കാരണം, ജ്ഞാനം  വളരെ അകലെയാണ്. മിഥ്യകളാൽ  ചുറ്റപ്പെട്ട ഒരു ദ്വീപിൽ അർത്ഥശൂന്യമായി കലഹിക്കുന്നത് അവൻ്റെ 'വ്യർത്ഥ'മായ അർത്ഥാന്വേഷണത്തിൻ്റെ ഭാഗമാണ്. അത് വീണ്ടും അനിവാര്യമായ വിധത്തിൽ മിഥ്യകളുടെ വേലിയേറ്റമുണ്ടാക്കുന്നു. 

ചീത്തയായ ഒരു ലോകത്തോട് പടവെട്ടുന്ന നമ്മൾ ക്രമേണ ചീത്തയാകുന്നത് സ്വാഭാവികമാണ്. അതിനെതിരെയാണ് ജാഗ്രത വേണ്ടത് .ഇതിനു ജ്ഞാനം ആവശ്യമാണ്. 
നിത്യജീവിതത്തിലെ മായാകലയുടെ സാന്നിദ്ധ്യം തർക്കമറ്റ കാര്യമാണ്. നാം തന്നെ ഒരു മായാകലയാണ്. മായയാൽ ഉണ്ടാക്കപ്പെട്ടതു പോലെ ,സ്വപ്നസമാനമെന്ന പോലെ ,
ജലരേഖകൾ പോലെ ജീവിക്കുന്നവർ. ഓർമ്മകൾക്ക് മാത്രം അസ്തിത്വമുള്ള ഒരു ലോകത്താണ് നമ്മുടെ അർത്ഥങ്ങൾ നിലനിൽക്കുന്നത്. യുക്തിയുടെ ഏറ്റക്കുറച്ചിൽ അനുസരിച്ച് നാം സ്വന്തം നരകങ്ങൾ സദാനിർമ്മിച്ചുകൊണ്ടിരിക്കുന്നു.
അതിനെ മറികടക്കുമ്പോൾ മായാ കലയുടെ പിടിയിൽനിന്ന് മോചിതമാവുന്നു. അതാണ് സദാശിവമായിത്തീരുന്നത്.

മിഥ്യാലോകങ്ങളുടെ പ്രവാഹം

ജീവിതത്തിലെ കോശങ്ങൾ മായാകലകൊണ്ട് നിർമ്മിച്ചതാണ്. ആശകൾ മായകലയുടെ ഫലമാണ്. അത് ഒന്നിനൊന്ന്  വൈവിധ്യമാർന്നതാണ്. ഓരോ ചിന്തയുടെ വ്യക്തിത്വവും വിഭിന്നമായിരിക്കുന്നത് ഇതിൻ്റെ വിധിയാണ്. അതിനെ ആസ്പദിച്ചുപോകുന്ന ,അതിൻ്റെ ഫലമായുള്ള വൈകാരിക ബലാബലങ്ങൾ പരീക്ഷിക്കപ്പെടുന്നു. തൊട്ടടുത്ത നിമിഷം അത് വ്യർത്ഥമാവുകയാണ്. എന്നിട്ടും അതിൽ യുക്തി കണ്ടെത്താൻ ശ്രമിക്കുന്നു .'അനാദികാര്യ'മെന്ന് ഗുരു വിവക്ഷിക്കുന്നത് ഇതിനെയാണ്. ഈ അനാദികാര്യം ഒരു മനുഷ്യനിലോ ഒരു സമൂഹത്തിലോ ഒതുങ്ങുന്നില്ല. അത് ശതഗുണിതങ്ങളായി പെരുകുകയാണ്. അതിൻ്റെ മിഥ്യകൾ താനെ രൂപപ്പെടുന്നു. മിഥ്യാലോകങ്ങളുടെ പ്രവാഹങ്ങൾ നാലുപാടും പടരുകയാണ്. മനുഷ്യൻ അത് നിർമ്മിക്കാൻ നിയോഗിക്കപ്പെട്ടവനാണ്. 
ഓരോ ജീവിയിലും ഈ അനാദികാര്യങ്ങൾ ആവിർഭവിക്കുന്നു. അത് പലകാലങ്ങളിൽ പലതായി പിരിയുന്നു .പരസ്പരം ഏറ്റുമുട്ടാനും  മടിയില്ല.

ഒരാളിൽ തന്നെ പല കർതൃത്വങ്ങൾ രൂപപ്പെടാനും ഇതുമതി. ജലവും രസവും എന്നതുകൊണ്ട് ഗുരു അറിയിക്കുന്നത് ശരീരത്തെയാണ്. ശരീരമുള്ളയിടത്തെല്ലാം ഈ അനാദികാര്യമുണ്ടാകും. അതിൻ്റെ സ്പന്ദങ്ങളും പ്രതിസ്പന്ദങ്ങളും നമ്മെ ഒരു മരുഭൂമിയിലെന്നപോലെ വഴിതെറ്റിക്കാൻ പര്യാപ്തമാണ്. എല്ലാം ഭ്രമമാണെന്ന് ഗുരു തുടർന്നു  പറയുന്നുണ്ട് .എന്തിനാണ് നമുക്ക് ഭ്രമങ്ങൾ? അപ്പോൾ മാത്രമാണ് മായാകല നിലനിൽക്കുന്നത്. അതിൽ നിന്നൊഴിയാൻ നമുക്ക് സാധ്യമല്ല. ജീവിതത്തിൻ്റെ തിരയില്ലാത്ത കടലുകളിൽ നാം കാണുന്നത് മായാകല മാത്രമാണ്.അതിലാണ് നമ്മുടെ അസ്തിത്വം .
അത് പൊള്ളയായ ഒരു കുഴൽ പോലെയാണ്. ഒരിക്കലും അതിൻ്റെയറ്റത്ത് എത്തുവാനാകില്ല.

നശ്വരതയ്ക്ക് എതിരെ പൊരുതാം 

ജീവിതത്തിലെ നശ്വരതയാണ് മനുഷ്യരെ പരിഭ്രാന്തരാക്കുന്നത് ;സ്വയം മറക്കുന്നത് അവിടെയാണ്. മരണം നശ്വരതയുടെ സന്ദേശത്തെ പത്തിവിടർത്തിയ സർപ്പത്തെപ്പോലെ പ്രകടമാക്കി കാണിക്കുകയാണ്. എന്നാൽ നമുക്ക് അതിനെതിരെ പൊരുതേണ്ടതുണ്ട് .മായാ കലയിൽനിന്ന് അതിജീവിക്കാനായി നമ്മൾ ജീവിതത്തെ ജ്ഞാനമുഖിയാക്കേണ്ടതുണ്ട്. അതുകൊണ്ടാണ് അമേരിക്കൻ എഴുത്തുകാരനായ ഡേവിഡ് ലെവിതൻ(David Levithan) പറഞ്ഞത്, 'നമ്മൾ വെറും ധൂളിയായല്ല തുടങ്ങുന്നത് ,നമ്മൾ ധൂളിയായല്ല  അവസാനിക്കുന്നത് ;ധൂളിയേക്കാൾ വലുത് നമ്മൾ സൃഷ്ടിക്കുന്നുണ്ട് എന്ന്'.അങ്ങനെയൊരു ചിന്തയാണ് മായാകലയിലും മനുഷ്യർ ജീവിതം വെടിയാതിരിക്കാൻ കാരണം .പൊരുളുകളെക്കുറിച്ചുള്ള ചിന്തയിൽ അതിൻ്റെ അന്ധതമസ്സിൽ നമുക്ക് കൂടുതൽ അന്വേഷിക്കേണ്ടതുണ്ട്.

ജീവിതം എവിടെയോ ആർത്ത് തളിർക്കുന്നു ;ഒഴിവാക്കാനാവാത്ത വിധിപോലെ. ഗുരുവിൻ്റെ ഭാഷയിൽ 'സലിലരസാദി ശരീരമേന്തി'.ശരീരം ഏന്തിയ ജീവികളാണ് നമ്മൾ. നമ്മൾ ഉള്ളിലാണ് ജീവിക്കുന്നത്. നമ്മുടെ ആയുധമാണ് ഈ ശരീരം . നശ്വരതയാണ് ശരീരമായി നമ്മുടെ മുന്നിലുള്ളത്. അതാകട്ടെ ക്ഷയോന്മുഖമാണ്. ശരീരത്തിൽ നശ്വരതയോടെ ഇരിക്കുക എന്ന പൊള്ളുന്ന അനുഭവം മനുഷ്യരെ മാനസികമായി പിരിമുറുക്കത്തിലാക്കുന്നു .മായാകലയിൽപ്പെട്ട് നമ്മൾ മോഹവിവശകരാവുകയാണ്. സൗന്ദര്യം ഒരു പ്രലോഭനവും മരീചികയുമായി നമ്മുടെ മനസ്സിൽ ഉയർന്നുവരികയാണ്. ഈ സൗന്ദര്യം കവികളും എഴുത്തുകാരുമെല്ലാം പാരമ്യതയുടെ  അനുഭവമായി കാണുകയാണ് .എന്നാൽ അത് മായാകലയിൽ ആവൃതമാണ്. അതിനു നമ്മെ മോചിപ്പിക്കാൻ കഴിയില്ല; പകരം അതിൻ്റെ തന്നെ വ്യാമിശ്രമായ കുതൂഹലങ്ങളിലേക്ക് നയിച്ചു കൊണ്ടുപോവുകയാണ് ചെയ്യുന്നത്. സൗന്ദര്യം വിശദീകരിക്കാനാവാത്ത അറിവാണ്; ഭ്രമിപ്പിക്കുന്നതും ഭീകരവുമായ അറിവാണത്. കലാകാരന്മാർ ആ അറിവിൻ്റെ ജ്വാലയിൽ തൊടാനാവാതെ ഭ്രമം ബാധിച്ചു പിന്തിരിയുന്നു. സൗന്ദര്യത്തിലേക്ക് ചെല്ലുന്തോറും അത്  കൂടുതൽ ദുരൂഹവും അപ്രാപ്യവുമായിരുന്നു. സൗന്ദര്യത്തെ തൊട്ടുനോക്കാനാവില്ല ;അത് അസ്തിത്വത്തിൻ്റെ പ്രഹേളികയായി അവശേഷിക്കുകയാണ്. ജ്ഞാനിയായ കവി ജ്ഞാനത്തിനും അതീതമായ സൗന്ദര്യത്തെ തേടി വ്രണിതരാവുന്നു.
ജലം കൊണ്ടു മുറിവേറ്റവനെ കാണണമെന്നു സ്പാനിഷ് കവി ഗാർസിയ ലോർക എഴുതുന്നത് അതുകൊണ്ടാണ്.

"പ്രതിവിഷയം പ്രതിബന്ധമേറിമേവു-
ന്നിതിനെ നിജസ്മൃതിയേ നിരാകരിക്കൂ;
അതിവിശദസ്മൃതിയാലതീതവിദ്യാ-
നിധി തെളിയുന്നിതിനല്ല നീതിഹാനി"

അറിവു തന്നെ പ്രതിബന്ധമായി മാറാം. അറിവിനു ആധാരമായ ഏതൊരു വസ്തുവും നമ്മെ കൂടുതൽ ചോദ്യങ്ങളിലേക്ക് കൊണ്ടുപോവുകയാണ് .അതിനു അന്തമില്ല .ആറ്റം കണ്ടുപിടിച്ചതുകൊണ്ട് മാത്രം ഒന്നും അവസാനിക്കുന്നില്ല. നാനോ സാങ്കേതികത (Nanotechnology) കണ്ടുപിടിച്ചതോടെ പുതിയ ആവശ്യങ്ങൾ ഉണ്ടായിരിക്കുന്നു. സൂര്യനിലെ സംഗീതം പോലും കേൾക്കാൻ മനുഷ്യൻ ശ്രമിക്കുന്നു. അറിവ് പെരുകുകയാണ്; അസ്വസ്ഥതകൾ പെരുകുന്നു .അറിവ് തേടുന്നവൻ ദുഃഖത്തെയും തേടുകയാണല്ലോ. അത് വസ്തുവിനെയും അറിവിനെയും രണ്ടായി തന്നെ നിലനിർത്തുന്നു. 

അതീത വിദ്യാനിധി

വസ്തുവും വസ്തുവിനെ ആരായുന്നവനും ഒന്നായി തീരുന്നില്ല. അതീതവിദ്യാനിധി'യാണ് മാനവമോചനത്തിനായി ഗുരു ഉപദേശിക്കുന്നത്. അവിടെ മായാകലയില്ല. അവനവനെ അറിയുന്ന ആവശ്യകത എപ്പോഴും വന്നുചേരുന്നുമില്ല. ഭൗതിക ജീവിതത്തിലെ സുഖങ്ങളും സ്വപ്നങ്ങളും ആത്മാവിൻ്റെ ആനന്ദവും  ഒന്നായിത്തീരുന്നിടത്താണ് ഭൂരിപക്ഷം മനുഷ്യരും കഴിയുന്നത്. അവർക്ക് ആത്മജ്ഞാനം വളരെ ദൂരെയാണ് .പലപ്പോഴും അവർ ആത്മാവിനെ പരംപൊരുളായി കാണുന്നില്ല. മനസ്സിൽ അറിയുന്ന വികാരങ്ങളും കലകളുമാണ് അവരെ ജീവിതത്തിൽ ഉയർത്തുന്നത്. എന്നാൽ എല്ലായ്പ്പോഴും ആത്മാവിൻ്റെ  അന്വേഷണത്തിൽ ഒരു ശൂന്യത മനുഷ്യനെ മഥിക്കുന്നുണ്ട്. നശ്വരതയുടെ അർത്ഥമെന്ത്, എന്തിനാണ് താൻ ജനിച്ചത് ,എന്താണ് തന്നെ ഉന്മത്തനും ഉത്സുകനുമാക്കുന്നത് തുടങ്ങിയ ചിന്തകൾ ഏതൊരു വ്യക്തിയെയും വല്ലപ്പോഴുമെങ്കിലും അലട്ടാറുണ്ട്. ആ അലട്ടൽ താമസിയാതെ  കെട്ടടങ്ങുകയും ചെയ്യുന്നു. ഒരു മിന്നൽ പോലെ ചില അറിവുകൾ നമ്മളിലൂടെ കടന്നു പോകുന്നു .സ്വപ്നത്തിലെന്നപോലെ അത് മാഞ്ഞുപോവുകയും ചെയ്യുന്നു. മനസ്സിൻ്റെ സിദ്ധിയാണത്. ഒരു അസാധാരണ ഗാനം കേൾക്കുമ്പോഴോ  മഹത്തായ ഒരു പുസ്തകം വായിക്കുമ്പോഴോ നമ്മെ നാമല്ലാതാക്കി  ഉന്നതമാക്കുന്ന എന്തോ  സംഭവിക്കുന്നു; അത് ആത്മീയമാണ്. പ്രാപഞ്ചികമായ ഒരു പൊരുളിന് മുഖാമുഖം വരുന്നതിൻ്റെ സൂചനയാണത്,  അങ്ങനെയാണെങ്കിൽ കലയിലെ സൗന്ദര്യം മായാകലയുടെ ഭാഗമാണോ ? വൈകാരികക്ഷമതയുടെ അത്യുന്നതമായ വിതാനത്തിൽ, സൗന്ദര്യത്തിൻ്റെ സ്പർശത്തിൽ നാം ആത്യന്തികവും അനശ്വരവുമായ  അറിവിനെയല്ലേ സ്പർശിക്കുന്നത്?

നേരാംവഴി/എം.കെ.ഹരികുമാർ

 





ശ്രീനാരായണഗുരുവിൻ്റെ ഷഷ്ഠിപൂർത്തിക്ക് കുമാരനാശാൻ എഴുതിയ 'ഗുരുസ്തവം' എന്ന ലഘുകവിതയിൽ 'നേരാംവഴി കാട്ടും ഗുരുവല്ലോ പരദൈവം' എന്ന് പ്രസ്താവിക്കുന്നുണ്ട്. ദൈവത്തെയും ഗുരുവിനെയും കൂട്ടിയിണക്കുകയാണ് ആശാൻ. ആശാൻ്റെ ദൈവസങ്കല്പവും ഗുരുവിൻ്റെ ദൈവനിയോഗവും ഇവിടെ സമ്മേളിച്ചിരിക്കുന്നു. നേരാംവഴിയാണ് ഗുരു ചൂണ്ടികാണിക്കുന്നത്. നേര്  പലപ്പോഴും അസ്പഷ്ടമാണ്; അജ്ഞാതവുമാണ്. നേരിനെക്കുറിച്ചുള്ള ചർച്ചകളും സങ്കല്പങ്ങളും നമ്മുടെ അന്തരീക്ഷത്തെ വല്ലാതെ പുക നിറഞ്ഞ ആകാശം പോലെ അവ്യക്തമാക്കിയിരിക്കുകയാണ്. ഒരാളോടും ചോദിച്ചാൽ നേരാംവഴി കിട്ടാത്ത കാലമായിത്തീർന്നിരിക്കുന്നു, ഇത്‌. എന്നാൽ നേരിൻ്റെ വഴികൾ വിവരിക്കാൻ ലൈസൻസ് എടുത്തിട്ടുള്ള ധാരാളം സ്ഥാപനങ്ങളും  ഉപദേശകരും അണിനിരന്നിട്ടുണ്ട്. ജീവിതം തന്നെ വ്യാജമായി പോയതുപോലെ തോന്നുകയാണ്. വില കൂടിയ താമസസ്ഥലങ്ങളും അലങ്കരിച്ച മുറികളും ആളുകളെ പ്രലോഭിക്കുന്നതുപോലെ ചെലവേറിയതായിരിക്കുന്നു ശിഷ്യനാകുക എന്ന പ്രക്രിയയും .നേരില്ല, നേരിൻ്റെ തർക്കവും വ്യാഖ്യാനവും മാത്രമാണുള്ളത് .ഇവിടെയാണ് പതിറ്റാണ്ടുകൾക്ക് മുൻപ് ആശാൻ 'നേരാംവഴി' എന്ന വിസ്മയകരമായ ഒരു സത്യപ്രസ്താവം അവതരിപ്പിച്ചത്. നേരായ വഴി മാത്രമാണ് ഗുരു ; അവിടെ മാത്രമാണ് പ്രകാശമുള്ളതെന്ന ധ്വനി അതിലുണ്ട്.

ഗുരുവിൻ്റെ നേരെന്താണ് ?'അസത്യദർശന'ത്തിലെ ഈ ശ്ളോകം നോക്കൂ :

"മനസോfനന്യയാ സർവ്വം 
കല്പ്യതേfവിദ്യയാ ജഗത്
വിദ്യയാfസൗ ലയം യാതി
തദാലേഖ്യമിവാഖിലം "

ഈ പ്രപഞ്ചത്തെ എങ്ങനെ സങ്കല്പിക്കപ്പെട്ടിരിക്കുന്നുവെന്നാണ് ഗുരു പറയുന്നത്. അത് അവിദ്യയാണ്; മനസ്സിനു അന്യമല്ലത്. ആ അവിദ്യ മാറണമെങ്കിൽ വിദ്യ വരണം. അപ്പോഴാണ് യഥാർത്ഥ ജ്ഞാനമുണ്ടാകുന്നത് .മനസ്സിൻ്റെ സ്വാതന്ത്ര്യമാണ് ഇതിനാവശ്യം. നമുക്ക് എവിടെയാണ് സ്വാതന്ത്ര്യം? സ്വന്തമായി ചിന്തിക്കാനറിയാതെയല്ലേ തലമുറകൾ ഇവിടെ കടന്നുപോകുന്നത്?
അതുകൊണ്ടല്ലേ എത്ര മഹാഋഷികൾ പറഞ്ഞാലും ആർക്കും ഒന്നും പ്രായോഗികമായി സ്വീകരിക്കാനാവാത്തത്? സ്വാതന്ത്ര്യമില്ലാത്ത നമ്മുടെ മനസ്സ് നമ്മളിൽ തന്നെ കെട്ടിക്കിടക്കുകയാണ്. അതുകൊണ്ട് മറ്റുള്ളവരിലേക്ക് എത്താനാവില്ല .സ്വാതന്ത്ര്യംകൊണ്ടാണ് വിദ്യ നേടേണ്ടത്. വിദ്യ ജ്ഞാനം തന്നെയാണ് .ജ്ഞാനംകൊണ്ട് സ്വതന്ത്രമാകുകയാണ് വേണ്ടത്. അത് സ്വന്തം തന്ത്രമാണ്; സ്വ തന്ത്രമാണ്. സ്വയം വികസിപ്പിക്കുന്നതിൻ്റെ  തന്ത്രമാണത്. മനസ്സിനു അവിദ്യയെ മറികടക്കേണ്ടതുണ്ട് .മനസ്സിന് അത് അന്യമല്ല. അവിദ്യ മനസ്സിനെ എപ്പോഴും മുക്കുന്നു; അല്ലെങ്കിൽ കഷ്ടപ്പെടുത്തുന്നു. 

പൊരുളിൻ്റെ നിഴൽ 

അവിദ്യയുടെ രൂപങ്ങളായി പല വികാരങ്ങൾ കടന്നു വന്നേക്കാം. ദുഷിച്ച വികാരങ്ങൾ മാറാലപോലെ മനസ്സിൽ പറ്റിപ്പിടിച്ചിട്ടുണ്ട് .അതിൽ നിന്നുള്ള മോചനം യാഥാർത്ഥ്യമാണെന്ന് ഗുരു സ്ഥാപിക്കുകയാണ്. വിദ്യയെ തേടി നാം സഞ്ചരിക്കണം; ഉള്ളിലും പുറത്തും. ചിലർ ദീർഘദൂരം യാത്ര ചെയ്യും; പക്ഷേ, ഒരു പ്രയോജനവുമുണ്ടാവുകയില്ല. ചിലർ ഒറ്റയ്ക്കിരുന്ന് ദിവാസ്വപ്നങ്ങൾ കാണും .ഇത് ആത്മസുഖമെന്നതിലുപരി ലോകത്തിന് ഒരു ഗുണവുമില്ല. ലോകപ്രിയമായിരിക്കണം നമ്മുടെ സുഖം. ഗുരു  പറയുന്നു ,ആത്മജ്ഞാനമുണ്ടാകുമ്പോൾ ,ഈ ലോകം ഒരു ആലേഖനമായി തോന്നും. യഥാർത്ഥ്യമായിരിക്കില്ല ലോകം ; പൊരുളിൻ്റെ നിഴൽപോലെ തോന്നിക്കും; മായിക സ്വഭാവമാണ് അതിനുണ്ടാകുക. ജലത്തിലെ ഓളങ്ങൾ പോലെ അത് ക്ഷണികമാണ് .ഈ ക്ഷണികത അഥവാ മിഥ്യ മനസ്സുള്ളവർക്കെല്ലാം പരിചിതമാണ്. ഒരു ഹിമപാളിയാണത്. അതിനപ്പുറമാണ് നമ്മെ പ്രലോഭിപ്പിക്കുന്ന യഥാർത്ഥ ജ്ഞാനമുള്ളത്. 

ഈ ലോകത്തിലെ മിഥ്യകളിൽ ആർത്തു വിശ്വസിക്കുന്ന നമുക്ക്  പരാജയങ്ങൾ ഉണ്ടാകാതിരിക്കില്ല. ആനന്ദം പോലും കുറെ കഴിയുമ്പോൾ വേദനാജനകമാകും. എല്ലാ ബന്ധങ്ങളും വിസ്മൃതമാകുകയാണ്. ഓർമ്മകൾക്ക് നാശം സംഭവിക്കുന്നു . അപ്പോഴാണ് ജ്ഞാനം കടന്നുവരുന്നത്. ജ്ഞാനം അതുവരെയുള്ള അനുഭവത്തെ ഒരു ആലേഖനമായി    കാണിച്ചു തരും .ഈ ജ്ഞാനം നേടുന്നവനാണ് ,അല്ലെങ്കിൽ അത് അന്വേഷിക്കുന്നവനാണ് ലോകത്തിൻ്റെ തിന്മകളെ, അനീതികളെ മാറ്റി നവലോകം സൃഷ്ടിക്കാനുള്ള ശുദ്ധമായ വാസനയുണ്ടാകുന്നത്. വ്യർത്ഥമായ ജീവിതത്തിന് അർത്ഥമുണ്ടാക്കാനുള്ള ശ്രമമാണത്; പൊള്ളയായ ഓടക്കുഴലിൽ നിന്ന് സംഗീതം സൃഷ്ടിക്കുന്നതുപോലെ. 

സങ്കീർണവും സന്ദിഗ്ദ്ധവുമായ ലോക ജീവിതവഴികളിൽ ഗുരു ,ഭൗതിക ജീവികളായ നമുക്ക് വിദ്യയുടെ നേരാണ് നല്കുന്നത്; അതാണ് വഴി. ഈ ലോകത്തെ ഓരോരുത്തരും അവരുടെ സിദ്ധികളുപയോഗിച്ച് സങ്കല്പിക്കുകയാണ്. കവി ഭാവനയുടെ വഞ്ചിയിൽ കയറി സഞ്ചരിക്കുന്നു.  ശാസ്ത്രകാരൻ യുക്തിയുടെ ഭാവന സൃഷ്ടിക്കുന്നു. ഒരു കപ്പൽ കണ്ടുപിടിക്കുന്നത് യുക്തിയുടെ ഭാവനയാണ്. നാനോ കണങ്ങളുടെ കണ്ടുപിടിത്തം യുക്തിയുടെ വ്യവഹാരമാണ് .ഞാൻ എന്ന വ്യക്തി എൻ്റെ ഒരു സങ്കല്പമാണ്. ഓരോരുത്തരും സ്വയം സങ്കൽപ്പിക്കുന്നു. ഇവിടെ പണ്ഡിതനും പാമരനുമെല്ലാം ഒരുപോലെയാണ്.

'സങ്കല്പകല്പിതം ദൃശ്യം' എന്ന് പറയുന്നത് അതിൻ്റെ തെളിവാണ്. ലോകം നമ്മെ വർണ്ണങ്ങളാലും  ഭ്രമങ്ങളാലും വശീകരിക്കുന്നു. അന്യഗ്രഹജീവികൾ ഇടപെടുന്നതു കൊണ്ടാണോ നമ്മുടെ മനസ്സുകൾ യുക്തി കൈമോശം വന്ന്  അപകടത്തിൽപ്പെടുന്നതെന്ന്  ചിന്തിക്കാവുന്നതാണ് .നല്ല സൗഹൃദത്തിലായിരിക്കുന്ന രണ്ടു പേർ പെട്ടെന്ന് വഴക്കിട്ട് പിരിയുന്നു. പിന്നീട് അവർ അടുക്കുന്നില്ല. ആരാണ് അവർക്കിടയിൽ ഇടപെട്ടത്? യുക്തിയാണോ, ഭാവനയാണോ വില്ലൻ ? മനസ്സു തന്നെയാണ് വില്ലൻ.

തമസ്സുകൾ പെരുകുന്നു

മനസ്സിന് സങ്കൽപ്പത്തിൽ നിന്ന് ഭിന്നമായിരിക്കാൻ കഴിയില്ല എന്ന മഹത്തായ തത്ത്വം ഗുരു വിളംബരം ചെയ്യുന്നത് ഇങ്ങനെയാണ് :

"സങ്കല്പമനസോ: കശ്ചിണ്ട
ന്നഹി ഭേദോfസ്തി യന്മന :
തദവിദ്യാ തമ: പ്രഖ്യണ്ട 
മിന്ദ്രജാലമിവാദ്ഭൂതം "

സങ്കല്പം ,മനസ്സ് എന്നിവയെല്ലാം ഒന്നു തന്നെ. മനസ്സ് തന്നെയാണ് അവിദ്യ. അതുതന്നെയാണ് തമസ്സ്. തദ വിദ്യാ തമ: എന്ന വാക്യം ശ്രദ്ധിക്കുക. വിദ്യാരാഹിത്യം തന്നെയാണ് തമസ്സ്.  മനസ്സിൽനിന്ന് ഈ തമസ്സിനെ മാറ്റാനാവില്ല. ജാഗ്രതയോടെയിരുന്നില്ലെങ്കിൽ തമസ്സിനാൽ നാം വലയം ചെയ്യപ്പെടും.  ഈ തമസ്സ് തന്നെയാണ് സങ്കല്പങ്ങളായി വിന്യസിക്കപ്പെട്ടിരിക്കുന്നത്. എന്നാൽ ഇത് ആകെ നോക്കുമ്പോൾ അത്ഭുതകരമായ ഒരു മായാജാലമാണ്. അത് ഇന്ദ്രിയങ്ങളെ ഭ്രമിപ്പിക്കുകയാണ്. യുക്തികൊണ്ട് ചിന്തിക്കുന്നതിനപ്പുറത്ത് പലതും നമ്മെ വിശ്വസിപ്പിക്കുന്നു. അതിശയങ്ങൾ തിരകൾ പോലെ വരുകയാണ് .വേറൊരു രീതിയിൽ ചിന്തിച്ചാൽ ഇന്ദ്രിയങ്ങൾ നമ്മെ വഞ്ചിക്കുകയാണ്. ഇന്ദ്രിയങ്ങൾ പറയുന്നതു കേട്ടു യുദ്ധത്തിന് പുറപ്പെടുന്ന പരാജിതരാണോ നമ്മൾ? ജീവിതത്തിൻ്റെ പൊരുൾ എന്ന നിലയിലാണ് ഗുരു അസത്യദർശനം അവതരിപ്പിക്കുന്നത് .ജീവിതം എത്രത്തോളം സത്യമാണോ , അതിൻ്റെ  അളവിൽ അസത്യവുമാണ്.
സത്യമായിരിക്കുന്നത് വൈകാരിക ഐന്ദ്രിയ സങ്കല്പങ്ങളിൽ നിന്ന് രൂപപ്പെട്ടു വരുന്ന അനുഭവത്തിൻ്റെ  തലത്തിലാണ്. ഡച്ച് തത്ത്വചിന്തകനായ ബാറുക് സ്പിനോസ (Baruch Spinoza) പറഞ്ഞു ,ദൈവം ഓരോന്നിൻ്റെയും ഉള്ളിൽ വസിക്കുന്ന ശക്തിയാണ് ,ക്ഷണികമായ കാരണമല്ലെന്ന് .അന്തര്യാമിയായ ആ സാന്നിദ്ധ്യത്തെ അറിയാൻ നേരാംവഴി വേണം. വസ്തു അസത്യമായിരിക്കുന്നത്,വ്യക്തിഗതമായ ഓരോ ഐന്ദ്രിയാനുഭവവും വ്യക്തിയെ തന്നെ വഞ്ചിക്കുന്നു എന്ന തലത്തിലാണ് .ഇതു രണ്ടും തമ്മിലുള്ള മുഖാമുഖം സംഭവിക്കുന്നു, ഓരോ നിമിഷത്തിലും. ഇവിടെ  'നേരാംവഴി'എങ്ങനെ കണ്ടുപിടിക്കും?

മനസ്സ് ചീത്ത പിശാച് 

ആശാൻ അതിനെക്കുറിച്ച് ഗാഢമായി ചിന്തിച്ചു. ആശാൻ്റെ മനസ്സിലൂടെ കടന്നുപോയത് സത്യാസത്യദർശനങ്ങളിലൂടെ ഗുരു സഞ്ചരിച്ചതിൻ്റെ നിമിഷങ്ങളായിരിക്കാം. ലോകം ഓരോ നിമിഷവും മാറുന്നു, നമ്മെപ്പോലെ .ഇന്നലെ ശരിയെന്ന് വിശ്വസിച്ചത് തെറ്റാണെന്ന് കരുതാൻ നാം സദാ സന്നദ്ധമാണല്ലോ .ശരിയിലും തെറ്റിലും വിശ്വസിച്ചുകൊണ്ടാണ് ഈ സമൂഹമാധ്യമകാലത്ത് മനുഷ്യർ വ്യാജ വാർത്തകളുമായി പ്രണയത്തിലാകുന്നത്. വ്യാജവാർത്തകൾ തേടിപ്പോകുന്നവരുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുകയാണ് .ശരിയായ വാർത്ത ,വ്യാജവാർത്ത എന്നിവ തമ്മിലുള്ള വ്യത്യാസം അത്ര പ്രധാനമല്ലെന്ന് കരുതുന്ന പുതിയ പ്രേക്ഷകസമൂഹം ഇൻറർനെറ്റിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
യഥാർത്ഥ വാർത്തകൾ വേണ്ട, വ്യാജവാർത്ത മതി എന്ന ചിന്തയിൽ കിട്ടാവുന്ന എല്ലാ ഉറവിടങ്ങളിലേക്കും ഇരച്ചുകയറുകയാണവർ. ഈ പ്രവണത അസത്യസന്ദർശനത്തിന് ഏറ്റവും നല്ല ഉദാഹരണമാണ് .മനസ്സ്, സങ്കല്പം, അവിദ്യ,തമസ്സ് എന്നിവയെല്ലാം ഒന്നുതന്നെയാണ്. അതുകൊണ്ട് വ്യാജത്വത്തെ തേടിപ്പിടിച്ച് ആസ്വദിക്കുന്നതിൽ അത്ഭുതമില്ല. മനസ്സിന് അതാവശ്യമാണ്. മനസ്സ് ഒരു ചീത്ത പിശാചാണ്. അത് എല്ലാറ്റിനെയും ചീത്തയാക്കകയാണ്. അതിന് നേരാംവഴി വേണ്ട;വ്യാജത്വം മതി. തമസ്സിൽ അത് വളരെ തൃപ്തമാണ്. 

അവിദ്യയുടെ തമസ്സ് സജീവമായതുകൊണ്ടാണ് സ്നേഹം ഇല്ലാതാകുമ്പോൾ വെറുപ്പ് ഭീകരരൂപിയാകുന്നത്. സംശയവും കൊലയും അതിൻ്റെ ആളിക്കത്തലാണ്. അകൽച്ചയും വിദ്വേഷവും അതിൻ്റെ  പ്രത്യക്ഷതകളാണ്. ഒറ്റപ്പെടുന്നതിൻ്റെ  വൈഷമ്യവും പകയും അസൂയയും അതിൻ്റെ തന്നെ രൂപങ്ങളാണ്. അതുകൊണ്ടാണ് ഗുരു അസത്യ ദർശനത്തെ മറികടക്കാൻ അനുകമ്പ  ഉപദേശിച്ചത്. അനുകമ്പ, കേവലമായി പോലും വിലപ്പെട്ടതാണ് .നമുക്ക് പ്രത്യക്ഷത്തിൽ ബന്ധമില്ലാത്ത ഒന്നിനോട് കേവലമായ അനുകമ്പ തോന്നുന്നത് മഹത്തായ കാര്യമാണ്.
അനുകമ്പയുടെ ഫലം ജീവൻ്റെ  രക്ഷയാണ്. ജീവൻരക്ഷാമരുന്നാണത്.  നമുക്ക് കാര്യപ്രയോജനമില്ലാത്തവരെ ശത്രുക്കളായി കാണുന്ന വ്യാജന്മാരുടെ ഈ കാലത്ത് അനുകമ്പയല്ലാതെ വേറെന്ത് മരുന്നാണുള്ളത്?.തെറ്റ് ചെയ്തവനോട് പൊറുക്കാമെന്ന് യേശുദേവൻ പറയുന്നതിലും ഈ  ദർശനമുണ്ട്.

വെറുക്കപ്പെട്ടവനെയും സഹായിക്കുന്ന തരത്തിലുള്ള ഉദാരമായ അനുകമ്പ നമ്മെ പ്രബുദ്ധരാക്കുകയാണ് ചെയ്യുന്നത് .ഉപേക്ഷിക്കേണ്ടതിനെ യെല്ലാം ഉൾക്കൊള്ളുന്ന അനുകമ്പയാണത്. ജീവിതത്തിൽ ഉപേക്ഷിച്ചു കളയേണ്ടത് ഉപേക്ഷിക്കുക തന്നെ വേണം. നമുക്ക് അന്യമായതും  നമ്മളിൽ നിന്നു വിട്ടുപോകാൻ കൂട്ടാക്കാത്തതുമായതെല്ലാം ഒഴിവാക്കപ്പെടണം. അപ്പോഴാണ് നേരാംവഴി ബോധ്യമാകുന്നത്. പരിവ്രാജകത്വം എന്നത് കേവലമായി തന്നെ സംഭവിക്കണമെന്നില്ല. ഒരാൾ തൻ്റെ ജീവിതത്തിനുള്ളിൽ തന്നെ മോക്ഷം തേടുന്ന ഒരു പ്രക്രിയയുണ്ട്.
അയാളുടെ അസംബങ്ങളെയും അതൃപ്തികളെയും അപര്യാപ്തതകളെയും അപകർഷത കളെയും ദൂരേക്ക് വലിച്ചെറിയേണ്ടണ്ടതുണ്ട്. അപ്പോഴാണ് നേരാംവഴി തെളിയുന്നത്. ഒരു മനുഷ്യൻ അവൻ്റെയുള്ളിൽ തന്നെ പരിവ്രാജകനായി മാറുന്നത് നേരാംവഴി കണ്ടെത്താനാണ്. അങ്ങനെയും ഒരു ഘടകമുണ്ട് ,സൂക്ഷ്മതലങ്ങളിൽ.

ആഗ്രഹങ്ങളുടെ ദുർമേദസ്സ് 

സത്യത്തെക്കുറിച്ചുള്ള ആന്തരിക ചർച്ചകൾ ചെന്നവസാനിക്കുന്നത് ഈ പരിവ്രാജകത്വത്തിലാണ്. അനഭിലഷണീയമായതിനെ പുറന്തള്ളുന്ന പ്രക്രിയയാണിത്.; വാർദ്ധക്യവും രോഗവും പീഢയുമെല്ലാം ഈ പുറന്തള്ളലിലാണ് വിശദീകരിക്കപ്പെടുന്നത്. വാർദ്ധക്യത്തിൽ മനുഷ്യൻ പടം പൊഴിക്കുകയാണ്. ഓർമ്മകൾ സാവധാനം അഴിഞ്ഞില്ലാതാവുന്നു. അനാവശ്യമായ ആഗ്രഹങ്ങളുടെ മേദസ്സ് ക്ഷയിക്കുന്നു. കൃത്രിമമായ സങ്കല്പങ്ങൾ തകരുന്നു. സുഖം ഒരു ക്രമവിരുദ്ധ സല്ലാപമാണെന്നറിഞ്ഞു സ്വയം പിൻവാങ്ങുന്നു .ബന്ധുജനങ്ങൾ മിഥ്യയായിരുന്നെന്ന്  വെളിപ്പെടുകയാണ്. റഷ്യൻ സാഹിത്യകാരനായ ടോൾസ്റ്റോയിയുടെ 'ഇവാൻ ഇല്ലിച്ചിൻ്റെ മരണം' എന്ന നീണ്ടകഥയിൽ ഇത് വിശദീകരിക്കുന്നുണ്ട്. വാർദ്ധക്യം  ലോകത്തെ കൂടുതൽ നഗ്നമാക്കി  കാണിക്കുന്നു. രോഗം മിഥ്യകളെയാണ് ചൂണ്ടിക്കാണിച്ചു തരുന്നത്.

വാർദ്ധക്യവും ഏകാന്തതയും രോഗവും  മനുഷ്യനെ വലിയ ഒരു പാഠം പഠിപ്പിക്കുന്നുണ്ട്; അതുവരെ ശരിയെന്നു കരുതിയതെല്ലാം ഒരു കാൻവാസിൽ കണ്ട ചിത്രം മാത്രമായിരുന്നെന്ന്.  അതിലേക്ക് നോക്കിയപ്പോൾ അത് യഥാർത്ഥമാണെന്ന് തോന്നി.എന്നാൽ അത് മിഥ്യയാണ്; സങ്കല്പങ്ങളാൽ നിർമിതമാണത് .ശരീരത്തിൽ നിന്നും മനസ്സിൽ നിന്നും ഒഴിവാക്കേണ്ട പലതുമുണ്ട്. വാർദ്ധക്യകാലവും രോഗവും അത് ബോധ്യപ്പെടുത്തും.  പിന്നെയും അവശേഷിക്കുന്നതാണ് സത്യത്തിലേക്ക് നമ്മെ അടുപ്പിക്കുന്നത്. നേരാംവഴി സാവധാനം തെളിയുകയാണ് .

"അയ്യോ! കിടന്നലയുമീപ്പുലയർക്ക് നീയെൻ -
മെയ്യോ കൊടുത്തു വിലയായ് വിലസുന്നുമേലിൽ 
കയ്യൊന്നു തന്നു കരയേറ്റണമെന്നെയിന്നീ -
പ്പൊയ്യിങ്കൽ നിന്നു പുതുമേനി പുണർന്നിടാനായ് !" 
(ഇന്ദ്രിയവൈരാഗ്യം)

ഈ ശരീരം ആർക്കാണ് കൊടുത്തിട്ടുള്ളത്? വിശ്രമമില്ലാതെ അലയുന്ന ഇന്ദ്രിയങ്ങൾക്ക്. അവയെല്ലാം ഭ്രാന്തമായി ഓടിത്തളരുമ്പോൾ 'നേരാംവഴി' തെളിയുന്നു .അവിടേക്കെത്തിക്കണമെന്നാണ് പ്രാർത്ഥന .പീഢകളുടെ അവസാനകാലത്ത് ഇന്ദ്രിയങ്ങൾക്ക്  കാര്യമായൊന്നും ചെയ്യാനില്ല; അസത്യങ്ങൾ ഒന്നൊന്നായി ഉപേക്ഷിക്കുകയല്ലാതെ.





ഒരു ദൈവം /എം.കെ ഹരികുമാർ

 





ശ്രീനാരായണഗുരു ദൈവത്തെ നാവികനായും ജീവിതത്തെ സമുദ്രമായും സങ്കല്പിച്ചിട്ടുണ്ടല്ലോ . 'ദൈവദശക'ത്തിലെ ആദ്യ നാലുവരിയിൽ തന്നെ ഇത് വ്യക്തമാക്കുന്നു. ജീവിതം സമുദ്രമാണെന്ന് പറയുന്നത് രണ്ട് അർത്ഥത്തിൽ മനസ്സിലാക്കാം. ഒന്ന്, അത് അഗാധവും അജ്ഞേയവുമാണ്. സമുദ്രത്തിൻ്റെ വ്യാപ്തി നമ്മുടെ കണ്മുന്നിലില്ല .അത് അജ്ഞേയതയുടെ ഒരു ഭാഗം മാത്രമാണ്. കണ്ണുകൾക്ക് കാണാൻ പറ്റാത്ത വ്യാപ്തിയിലാണ് അത് നിലനിൽക്കുന്നത്. കടൽ ഒരേ സമയം പ്രത്യക്ഷവും അപ്രത്യക്ഷവും ദൃശ്യവും അദൃശ്യവുമാണ്. രണ്ട് ,കടൽ അപ്രവചനാത്മകമാണ്. കടൽ വിഷാദമാണ്. കടലിൽ സൂര്യൻ അസ്തമിക്കുന്നു എന്ന കാഴ്ച തന്നെ വിഷാദാത്മകമാണ്. കടൽ വിഷാദമായിരിക്കെ ,ഭീഷണവുമാണ്. കടൽ നമ്മുടെ ജീവിതത്തിൻ്റെ  ദുരൂഹത വർധിപ്പിക്കുന്നു. ദൈവം നാവികനാവുന്നതിൻ്റെ സൗന്ദര്യം  കടലിൻ്റെ ഈ അഗാധ ,അജ്ഞേയ സത്യങ്ങളുടെ പശ്ചാത്തലത്തിൽ വർധിക്കുകയാണ്. ദൈവം കടലിനെ ഭരിക്കുന്നു. വെറും നാവികനല്ല, മനുഷ്യരെയും ഇതൊരു ജീവജാലങ്ങളെയും കാത്തുരക്ഷിക്കുന്ന ശക്തിയാണത് .നാവികൻ അജ്ഞാത നാമധാരിയായ പൊരുളാണ്. അതുകൊണ്ട് ദൈവം എന്ന പൊതുനാമം ഉപയോഗിക്കുന്നു. വ്യത്യസ്ത പേരുകളിൽ അറിയപ്പെടുന്ന ദൈവങ്ങളുടെ കൂടിച്ചേരലാണ് ഗുരു നാവികൻ അല്ലെങ്കിൽ ദൈവം എന്ന് പറയുമ്പോൾ സംഭവിക്കുന്നത്.

അത് പ്രാപഞ്ചിക ശക്തിയാണ് ;ദൈവം എന്ന നാമത്തിൽ അവതരിക്കുന്ന ഒരു മനുഷ്യശരീരിയല്ല .മാനുഷിക ദൈവത്തെ മാത്രമേ നമുക്ക് പ്രത്യക്ഷത്തിൽ ഭാവന ചെയ്യാനാകൂ. അത് വിഗ്രഹങ്ങളായി, നാമങ്ങളായി നമ്മുടെ മുന്നിലുണ്ട്. എന്നാൽ അതിനപ്പുറമുള്ള ദൈവം ഒരു പൊരുളായി നിലനിൽക്കുകയാണ്. ആ കേവല ദൈവത്തെ ഗുരു  നാവികനായി പരിചയപ്പെടുത്തുന്നു. നാവികനായ ദൈവം നമുക്ക് പരിചയമുള്ളതല്ല. ക്ഷേത്രങ്ങളിലെ ദൈവത്തെ ഗുരു ദൈവശാസ്ത്രവിചിന്തനത്തിനായി വേറൊരു ഭാഷയിലേക്ക് പരിഭാഷപ്പെടുത്തുകയാണ്. ഭാഷ എന്നു പറഞ്ഞത് സംവേദന തലമാണ് .മതാധിഷ്ഠിതവും ആരാധനാസമ്പ്രദായത്തിലുള്ളതുമായ  ദൈവത്തെയല്ല ഗുരു പരിചയപ്പെടുത്തുന്നത് ;നാവികൻ എന്ന രൂപത്തിലുള്ള ദൈവത്തെയാണ്. നാവികൻ ഒരു ആരാധനാസങ്കല്പമല്ല. ദൈവം രക്ഷകനായി വരുകയാണ്; കടലിലാണല്ലോ നാം അകപ്പെട്ടിരിക്കുന്നത് .കടൽ അപകടമേഖലയാണ്. അവിടെ സുരക്ഷയൊരുക്കാൻ പ്രകൃതി തന്നെ വേണം .പ്രകൃതി അവിടെ നാവികൻ്റെ രൂപത്തിലേ വരികയുള്ളു. ആ നാവികൻ്റെ കപ്പൽ കാത്തുകഴിയുന്ന ഭക്തന്മാരെ ഗുരു കാണുന്നു .

മനുഷ്യബുദ്ധിക്ക് അപ്പുറം 


"നാവികൻ നീ ഭവാബ്ധിക്കോ രാവിവൻതോണി നിൻപദം " 

ഭവം എന്നാൽ സംസാരം എന്നർത്ഥം. ഭവാബ്ധി എന്നാൽ സംസാരമാകുന്ന സാഗരം .ഈ വ്യാവഹാരിക ലോക ജീവിതത്തിൻ്റെ സമുദ്രസമാനമായ കയറ്റിറക്കങ്ങളിൽ ,കുഴഞ്ഞുമറിയലുകളിൽ, ദുരവസ്ഥകളിൽ ,അഗാധതകളിൽ സമാധാനത്തിൻ്റെ ജലവാഹനം  വരേണ്ടതുണ്ട് .അത് വാക്കായി, പ്രവൃത്തിയായി ,ചിന്തയായി, ജീവിതചര്യയായി ,സ്നേഹമായി വരാം. അതിനെയെല്ലാം വ്യക്തിത്വവത്ക്കരിക്കുകയാണ് ഗുരു  നാവികൻ എന്ന പദത്തിലുടെ .നാവികൻ്റെ ആവിക്കപ്പൽ എന്താണ്? ദൈവത്തിൻ്റെ പാദമാണത്. ആ പാദത്തിൽ അഭയം തേടുകയാണെങ്കിൽ രക്ഷയായി.ഇത് അന്ധവിശ്വാസമാണെന്ന് പറയുന്ന കുബുദ്ധികൾ കണ്ടേക്കാം .

മനുഷ്യമനസ്സിൽ നിന്ന് യാഥാസ്ഥിതികവും മതാധിഷ്ഠിതവുമായ ദൈവത്തെ മാറ്റി അവിടെ മനുഷ്യനും പ്രകൃതിയും തമ്മിലുള്ള അനശ്വരമായ രമ്യതയെയാണ് ഗുരു പ്രതിഷ്ഠിക്കുന്നത്. ഭൗതികവാദികൾ പറഞ്ഞത് പ്രകൃതിയെ കിടക്കണമെന്നായിരുന്നല്ലോ. പ്രകൃതിയെ കീഴടക്കാൻ മനുഷ്യൻ ആരാണ് ?അവൻ പ്രകൃതിയിലെ ഒരു വൈറസിനെ പേടിച്ച് എത്ര മാസങ്ങളാണ് വീട്ടിൽ നിന്ന് പുറത്തിറങ്ങാതിരുന്നത് എന്നാലോചിക്കണം. എത്ര ലക്ഷം പേരാണ് ആ വൈറസിൻ്റെ ആക്രമണത്തിൽ മരണമടഞ്ഞത്! .
പ്രകൃതിയുടെ വ്യവസ്ഥ ഋതുക്കളായും  ദിനരാത്രങ്ങളായും പഞ്ചഭൂതങ്ങളായും നാം അനുഭവിക്കുന്നു. അതിനോട് ചേർന്നാണ് നാം നിൽക്കേണ്ടത്. അതിനെ അലങ്കോലപ്പെടുത്തിയാൽ ജീവജാലങ്ങളുടെ നിലനിൽപ്പ് അപകടത്തിലാവും. പ്രകൃതിയുടെ ചാക്രികമായ ചലനങ്ങളിൽ നമുക്ക് ഒരുമയോടെ പോകാനാകും. അതുകൊണ്ടാണ് പ്രകൃതിയെ, രക്ഷിക്കുന്ന ബിംബമായി കാണുന്നത്. മനുഷ്യബുദ്ധിക്ക് അപ്പുറത്തുള്ള ദൈവമാണത്. മനുഷ്യൻ്റെ യുക്തി പരിമിതമാണല്ലോ. ഏതു വൈറസ് എവിടെ നിന്ന് പുറപ്പെടുമെന്നു നമുക്കറിയില്ല. ഏത് രീതിയിൽ നാളെ സൂര്യൻ്റെ ചൂട് ഉയരുമെന്ന് മുൻകൂട്ടി പറയാനാവില്ല. കാരണം ,അത് അദൃശ്യതയുടെ ,അജ്ഞേയതയുടെ ലോകമാണ്.

അവിടെയാണ് ദൈവമിരിക്കുന്നത്. ഇത് യുക്തിചിന്തയാണ് .ദൈവത്തിന് അദൃശ്യമായിരിക്കാനേ കഴിയൂ. ദൈവം നാവികനായി വരുന്നത് കാണാനൊക്കുമോ എന്ന് ചോദിച്ചാൽ, നമ്മുടെ ഭാവിയെ അലട്ടലില്ലാതാക്കാൻ  പലതരത്തിൽ പ്രവർത്തിച്ചേക്കാവുന്ന ഘടകങ്ങളുടെ നേർക്ക് നമുക്കുള്ള വിനീതമായ പ്രാർത്ഥനയാണ് മുഖ്യമായിട്ടുള്ളത് .പ്രാപഞ്ചിക ശക്തികളെ വെല്ലുവിളിക്കുന്നത് അവിവേകവും, ബഹുമാനിക്കുന്നത് യുക്തിയുമാണ്. യുക്തിചിന്തയിലാണ് ദൈവം ഉണ്ടാകേണ്ടത്. യുക്തിരാഹിത്യത്തിൽ ദൈവമിരിക്കുന്നില്ല.

നമ്മുടെ കണ്ണുകൾക്കും കാതുകൾക്കും അപ്രാപ്യമായത് ഈ ലോകത്തുണ്ട്. ശാസ്ത്രത്തിന് അങ്ങോട്ട് എത്താനാവില്ല .ഒരു ചിവീട് മനുഷ്യജീവിതത്തെ എങ്ങനെയാണ് കാണുന്നതെന്ന് പറയുന്ന ഒരു ശാസ്ത്രവും എവിടെയുമില്ല .ഒരു നായയുടെ കുരയുടെ ഭാഷ എന്താണെന്ന് വ്യാഖ്യാനിക്കാൻ കഴിവുള്ള ഒരു ഭാഷാശാസ്ത്രജ്ഞനുമില്ല. ഇതാണ് യുക്തി. ഈ യുക്തിയിലൂടെ നമുക്ക് അദൃശ്യതയിലെ ദൈവത്തെ അറിയാം. അപ്രകാശിതമായ ,അദൃശ്യമായ ദൈവത്തെ മനസിലാക്കുമ്പോൾ നാം കൂടുതൽ വിവേകമുള്ളവരാകും. ലോകത്തിൻ്റെ അദൃശ്യത (Invisibility) നമ്മുടെ നിത്യജീവിത സാക്ഷ്യമാണ്. 

ദൈവം അപ്രത്യക്ഷതയാണ് 

മനുഷ്യൻ അജ്ഞാതമായ പൊരുളുകളുടെ ലോകത്ത് നട്ടംതിരിയുകയാണ് .ആ അദൃശ്യതയിൽ ദൈവമിരിക്കുന്നു. നമ്മുടെ മനസ്സിൽ നാളെ എന്ത് ചിന്തയാണ് ഉണ്ടാകാൻ പോകുന്നതെന്ന് പ്രവചിക്കാൻ ഒരു ദൈവശാസ്ത്രജ്ഞനും സാധ്യമല്ല. അതുകൊണ്ട് ദൈവശാസ്ത്രജ്ഞനും  അപ്പുറമാണ് ദൈവം .ദൈവത്തിനു  മറഞ്ഞിരിക്കാനേ കഴിയൂ .

നമ്മളാണ് പ്രത്യക്ഷത ;ദൈവം  അപ്രത്യക്ഷയാണ്. ഭാവിയെ പ്രവചിക്കാ ൻ അറിയാത്തതുകൊണ്ട് ദൈവം ഭാവിയാണ് .ദൈവം ,അവിടെ മറഞ്ഞിരിക്കുന്നു. സൂക്ഷ്മാണുക്കളെ  നമുക്ക് കാണാൻ കഴിയാത്തതുകൊണ്ട്  ആ അദൃശ്യതയിൽ ദൈവത്തെ പ്രതീക്ഷിക്കാം. പ്രപഞ്ചരഹസ്യത്തെ  കണ്ണുകൾകൊണ്ട് കാണാനാവാത്തതിനാൽ ദൈവം എവിടെയുമുണ്ട് എന്ന സത്യം  മനസ്സിലാക്കാൻ ശ്രമിക്കാം. അത് വിരാട് അവസ്ഥയുടെ ചിതറലാണ് ;വികേന്ദ്രീകരണമാണ് .അദൃശ്യതയുടെ സാകല്യതയിൽ ദൈവം പല രൂപഭാവങ്ങളിൽ വസിക്കുന്നു. ഒരു ജീവിയുടെ രൂപത്തിൽ ദൈവമില്ലേ എന്ന് ചോദിക്കാം. എന്നാൽ അത് സൃഷ്ടിയാണ്. അതിൻ്റെ പ്രത്യക്ഷതയിൽ ദൈവത്തിനു പ്രവർത്തിക്കാനാവില്ല .അതേസമയം അതിനെ വലയം ചെയ്തിരിക്കുന്ന അജ്ഞാതത്വത്തിൻ്റെ സമുദ്രത്തിൽ ദൈവം സർവത്ര സന്നിഹിതമാണ്.

തൊട്ടടുത്ത നിമിഷം എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് അറിയാത്തതുകൊണ്ട്, ദൈവം വരാനിരിക്കുന്ന നിമിഷങ്ങളിലാണുള്ളതെന്ന് കാണാം.  കാലത്തിൽ ദൈവം സന്നിവേശിച്ചിരിക്കുന്നു. കാണാമറയത്ത് ദൈവം വിന്യസിക്കപ്പെട്ടിരിക്കുന്നു.

'ഇന്ദ്രിയവൈരാഗ്യം' എന്ന കവിതയിൽ "കാണുന്ന കണ്ണിനൊരു ദന്ധവുമില്ല കണ്ടെൻ
പ്രാണൻ വെടിഞ്ഞിടുകിലെന്തിന് പിന്നെയെല്ലാം! 
കാണും നിറം തരമിതൊക്കെയഴിഞ്ഞെഴും നിൻ
ചേണുറ്റ ചെങ്കഴലു തന്നു ജയിക്കശംഭോ!" 

കണ്ണുകൾ കാണുക മാത്രമാണ് ചെയ്യുന്നത് .അത് ആരുടെ ശരീരത്താണെന്ന് നോക്കിയിട്ടല്ല കാണുന്നത്. അതിനു കാണലിൽ വിവേചനമില്ല .കണ്ണുകൾക്ക് കാണാൻ യാതൊരു നിബന്ധനയുമില്ല ;കാണുന്നത് എന്തായാലും അത് കണ്ടതായി അംഗീകരിക്കും. എന്നാൽ കാണുന്ന വ്യക്തിക്ക് കാണലുകളുടെ ഒടുവിൽ ഒരു വ്യർത്ഥത തോന്നിയേക്കാം. കണ്ടതെല്ലാം ശരിയായിരുന്നോ എന്ന ചോദ്യം മനുഷ്യധിഷണയിലാണ് ഉയരുന്നത് .കാണലിൻ്റെ രതിയിൽ മുഴുകിയാലും പ്രാണൻ വെടിയണം, പിന്നീട്. കണ്ടതുകൊണ്ട് ഒന്നും  രക്ഷപ്പെടില്ല; കണ്ടവനും രക്ഷപ്പെടില്ല . കണ്ടു കണ്ടു നാം മെല്ലെ  മാറുകയാണ്; കാണാത്തതിലേക്ക്. കാണാത്തതിൻ്റെ ഒരു മഹാസമുദ്രത്തെ   ഉപേക്ഷിച്ചുകൊണ്ട് .കണ്ടതെല്ലാം ഉപേക്ഷിക്കുകയാണ് ഒടുവിൽ .

കണ്ണുകൾ കണ്ടു കണ്ടു ഓരോന്നിൻ്റെയും നിറവും തരവും മനസ്സിലാക്കുന്നു; വിവേചനം ചെയ്യുന്നുണ്ടെന്നു അർത്ഥം .വിശ്ളേഷണം ചെയ്യാനുള്ളതാണ് കണ്ണുകൾ ,വെറും കാണലിനപ്പുറത്ത്. കണ്ണുകൾ പൊരുളുകളെ ഇഴപിരിച്ചെടുക്കുന്നു . ഓരോന്നിൻ്റെയും വേറിടൽ ,അസ്തിത്വം കണ്ണുകൾ ഉറപ്പുവരുത്തുന്നു .നാം വഴി വിട്ട് പിരിഞ്ഞു പോവുകയാണ് കാഴ്ചകളിലൂടെ .ഉണ്മയിൽ നിന്നു തിരിച്ചു നടക്കുകയാണോ ?ഉണ്മയിലേക്ക് നടക്കുകയാണോ കാഴ്ചകളിലൂടെ കണ്ണുകൾ ?

അതാര്യതയുടെ മഹാസമുദ്രം

എന്നാൽ കാണലുകൾക്കെല്ലാം അപ്പുറത്തുള്ള അദൃശ്യതയുടെ ഒരു ലോകമുണ്ടല്ലോ .ഭാവിയുടെയും  അതാര്യതയുടെയും അജ്ഞാതത്വത്തിൻ്റെയും ആ  മഹാസമുദ്രമുണ്ടല്ലോ. അവിടെയാണ് 'നിൻ ചേണുറ്റ ചെങ്കഴലു'ള്ളത് എന്ന് ഗുരു കാണുന്നു. അവിടെയാണ് ദൈവത്തിൻ്റെ  വാസസ്ഥലമുള്ളത് .അദൃശ്യതയിൽ ദൈവമിരിക്കുന്നു ,അദൃശ്യതയിൽ മാത്രമാണ് ദൈവമിരിക്കുന്നത് എന്ന തത്ത്വമാണ് ഗുരു അവതരിപ്പിക്കുന്നത്. 
ഇതാണ് ഗുരുവിൻ്റെ 'ഒരു ദൈവം. ഇത് ഭൗതികജീവിതത്തിൻ്റെ നൂറായിരം  ആഗ്രഹങ്ങളുടെയും പരാതികളുടെയും ഭ്രമങ്ങളുടെയും അപ്പുറത്തുള്ള അപാരതയുടെ കാഴ്ചയാണ്. യഥാർത്ഥ ലോകം നമ്മുടെ അപ്പുറത്താണുള്ളതെന്ന സാരമാണിത്. നാം കണ്ടതൊക്കെ കൊഴിഞ്ഞുപോയ ഇലകളായി നിരീക്ഷിക്കാവുന്നതാണ്. അവിടെ കരിഞ്ഞ ഇലകളാണുള്ളത്.  ഓർമ്മകളായി അത് മനസ്സുകളിലേക്ക് ഇരച്ചെത്തി വീണ്ടും ഭൂതകാലത്തേക്ക് തന്നെ മടങ്ങിപ്പോകുന്നു .ചവറുകൾ പിൻമുറ്റത്തുനിന്നു വന്ന് ഭൂതകാലത്തിലേക്ക് തന്നെ അപ്രത്യക്ഷമാവുകയാണ്.

ഓർമ്മകൾ വന്ന് നൃത്തം ചെയ്യുമ്പോൾ നാം തനിച്ചല്ലെന്നു തോന്നും; കാരണം നാം ഭൂതകാലത്തിൻ്റേതായിരുന്നുവല്ലോ .അവിടെ നിന്നും വരുന്ന ഒരു പൂവിതൾ പോലും ഒരു മഹാവൃക്ഷമായി തോന്നും. ഭ്രമം പോലെ അത് അപ്രത്യക്ഷമാവുകയും ചെയ്യും. ഭൂതകാലത്തിൻ്റെയും  ഓർമ്മകളുടെയും ചവച്ചു തീർത്ത ജീവിതം ഒരു ഭൗതികാവശിഷ്ടമാണ്. അതിനപ്പുറത്ത് ദൈവത്തിൻ്റെ അതാര്യ ലോകമുണ്ട് .ഏകദൈവം എന്ന ഈ അപ്രാപ്യത എല്ലാവർക്കും ഒരുപോലെയാണ്. അതിലേക്ക് അടുക്കാനാണ് മഹാമുനിമാർ തപസ്സ് ചെയ്യുന്നത്. ഭൗതികമായ അലങ്കാരങ്ങളിൽപ്പെട്ട് സ്വസ്ഥത നശിക്കുകയോ ത്വരകൾ വർദ്ധിക്കുകയോ ചെയ്താൽ സൗമ്യമായ ഭാവിയുടെ സ്വരം അപ്രാപ്യമാകും .അതിനു കനത്ത നിശ്ശബ്ദത ആവശ്യമാണ്.

അന്തര്യാമിയായ നിശ്ശബ്ദതയിലെ അവാച്യമായ പ്രാപഞ്ചികസംഗീതം എന്നെങ്കിലും നമുക്ക് അനുഭവവേദ്യമാകുമോ ? ഓരോ വിഷാദകണവും നമ്മെ അങ്ങോട്ട് പ്രലോഭിപ്പിക്കുകയാണ്. ദുഃഖത്തിൻ്റെ  അലകൾ നൃത്തം ചെയ്തു  കഴിയുമ്പോൾ മനസ്സ് ഒരു മാൻകുട്ടിയെപ്പോലെ അപാരതയെ നോക്കി എടുത്തു ചാടും .മഴ മാറി നേർത്ത വെയിലിൽ ആകാശം പതിവിലേറെ വെളുത്ത് വെള്ളയായി പ്രഭാവം കൊള്ളുമ്പോൾ അപാരത നമുക്ക് അടുത്താണെന്ന് തോന്നും .അത് പ്രലോഭനങ്ങളുടെ വാതിലാണ്.

ഗുരുവിൻ്റെ ചിന്തയിൽ ദൈവത്തെ മനുഷ്യൻ ആർജിക്കേണ്ടതിൻ്റെ ഒരു വേദാന്തവുമുണ്ട് .ദൈവം സൃഷ്ടിയും സൃഷ്ടാവും സൃഷ്ടിക്കുള്ള സാമഗ്രിയുമായതുകൊണ്ട്, ദൈവത്തിൻ്റെ സൃഷ്ടികളായ എല്ലാത്തിനും ദൈവികാംശമുണ്ട്; അതിൽ അപ്രത്യക്ഷതയുടെ സൗന്ദര്യം അടങ്ങിയിരിക്കുന്നു. നമ്മൾ എന്താണോ അത് നമ്മൾ മനസ്സിലാക്കിയ ദൈവത്തിൻ്റെ  പ്രത്യക്ഷവത്ക്കരണമാണ്. നാം  കുറ്റകൃത്യങ്ങളെ മഹത്തരമായി കാണുന്നുണ്ടെങ്കിൽ ,അത് നമ്മളിലെ  ദൈവത്തിൻ്റെ ആജ്ഞയാൽ  സംഭവിക്കുന്നതാണ്. നമ്മുടെ വർത്തമാനം നമ്മുടെ ദൈവത്തിൻ്റെ  ഒരു പ്രകടനാത്മകതയാണ്. നാം ചീത്തയായാൽ നമ്മുടെ ദൈവവും ചീത്തയാകും. അതുകൊണ്ട് ദൈവത്തെ പരിശുദ്ധമാക്കണമെങ്കിൽ നാം പരിശുദ്ധമാകണം. ഗുരു പഞ്ചശുദ്ധി പാലിക്കണമെന്ന് പറഞ്ഞത് ദൈവത്തെ മനുഷ്യശരീരത്തിൽ മഹത്വപ്പെടുത്താനാണ്. ഒരു ചീത്ത മനസിൽ ചീത്തദൈവമാണുള്ളത്. അവൻ്റെ മനസിൻ്റെ സാധ്യമായ ദൈവം ചീത്തയായിരിക്കും. ചീത്ത പ്രവൃത്തികൾ ചെയ്തുകൊണ്ടാണല്ലോ അവൻ ദൈവത്തെ കൂട്ടിനു വിളിക്കുന്നത് .അതിനപ്പുറത്ത് വിശുദ്ധമായ ദൈവത്തെ പ്രാപിക്കണമെങ്കിൽ നമുക്ക് കൂടുതൽ പരിശ്രമിച്ചു  മുന്നേറേണ്ടതുണ്ട് .വിളക്ക് കത്തുമ്പോഴേ പ്രകാശമുള്ളു. വിളക്കണഞ്ഞാൽ ഇരുട്ടിൻ്റെ അധിപത്യവും അന്ധതമസുമാണ് ഉണ്ടാവുക .അതുകൊണ്ട് ദൈവത്തെ സൃഷ്ടിക്കുന്നവനാണ് മനുഷ്യൻ. മനുഷ്യനും സൃഷ്ടാവാണല്ലോ .അവൻ സന്താനോല്പാദനം മാത്രമല്ല, വിജ്ഞാന നിർമ്മിതിയിലും  കലാസാഹിത്യസൃഷ്ടികളിലും ഏർപ്പെടുന്നു. സൃഷ്ടിക്കുമ്പോൾ ദൈവമുണ്ടാകുന്നു. ഗുരുവിൻ്റെ  ഒരേയൊരു ദൈവം അവിടെയുണ്ട്. പ്രവൃത്തികളിലൂടെ കൂടുതൽ പ്രകാശം പരത്തുകയാണെങ്കിൽ ,ദൈവം അവിടെയാണുള്ളത്, ഒരേയൊരു ദൈവം .



Tuesday, July 12, 2022

സമൂഹം കാണാത്തത് കാണാൻ കവിയുടെ തൃക്കണ്ണ്: എം.കെ.ഹരികുമാർ

 

അക്ഷരജാലകം ഇരുപത്തിയഞ്ച് വർഷങ്ങൾ പിന്നിട്ടിരിക്കുന്നു: എം. സി. രാജനാരായണൻ

  ഇന്ത്യയിലെ പ്രശസ്ത സിനിമാ വിമർശകനും ഫിപ്രസി അംഗവും ഗ്രന്ഥകാരനുമായ എം.സി. രാജനാരായണൻ എഴുതുന്നു പ്രചാരവും സ്വീകാര്യതയും നിലനിർത്തിക്കൊണ്ട്‌ ...