ശ്രീനാരായണഗുരു
ദൈവത്തെ നാവികനായും ജീവിതത്തെ സമുദ്രമായും സങ്കല്പിച്ചിട്ടുണ്ടല്ലോ .
'ദൈവദശക'ത്തിലെ ആദ്യ നാലുവരിയിൽ തന്നെ ഇത് വ്യക്തമാക്കുന്നു. ജീവിതം
സമുദ്രമാണെന്ന് പറയുന്നത് രണ്ട് അർത്ഥത്തിൽ മനസ്സിലാക്കാം. ഒന്ന്, അത്
അഗാധവും അജ്ഞേയവുമാണ്. സമുദ്രത്തിൻ്റെ വ്യാപ്തി നമ്മുടെ കണ്മുന്നിലില്ല
.അത് അജ്ഞേയതയുടെ ഒരു ഭാഗം മാത്രമാണ്. കണ്ണുകൾക്ക് കാണാൻ പറ്റാത്ത
വ്യാപ്തിയിലാണ് അത് നിലനിൽക്കുന്നത്. കടൽ ഒരേ സമയം പ്രത്യക്ഷവും
അപ്രത്യക്ഷവും ദൃശ്യവും അദൃശ്യവുമാണ്. രണ്ട് ,കടൽ അപ്രവചനാത്മകമാണ്. കടൽ
വിഷാദമാണ്. കടലിൽ സൂര്യൻ അസ്തമിക്കുന്നു എന്ന കാഴ്ച തന്നെ വിഷാദാത്മകമാണ്.
കടൽ വിഷാദമായിരിക്കെ ,ഭീഷണവുമാണ്. കടൽ നമ്മുടെ ജീവിതത്തിൻ്റെ ദുരൂഹത
വർധിപ്പിക്കുന്നു. ദൈവം നാവികനാവുന്നതിൻ്റെ സൗന്ദര്യം കടലിൻ്റെ ഈ അഗാധ
,അജ്ഞേയ സത്യങ്ങളുടെ പശ്ചാത്തലത്തിൽ വർധിക്കുകയാണ്. ദൈവം കടലിനെ
ഭരിക്കുന്നു. വെറും നാവികനല്ല, മനുഷ്യരെയും ഇതൊരു ജീവജാലങ്ങളെയും
കാത്തുരക്ഷിക്കുന്ന ശക്തിയാണത് .നാവികൻ അജ്ഞാത നാമധാരിയായ പൊരുളാണ്.
അതുകൊണ്ട് ദൈവം എന്ന പൊതുനാമം ഉപയോഗിക്കുന്നു. വ്യത്യസ്ത പേരുകളിൽ
അറിയപ്പെടുന്ന ദൈവങ്ങളുടെ കൂടിച്ചേരലാണ് ഗുരു നാവികൻ അല്ലെങ്കിൽ ദൈവം എന്ന്
പറയുമ്പോൾ സംഭവിക്കുന്നത്.
അത് പ്രാപഞ്ചിക
ശക്തിയാണ് ;ദൈവം എന്ന നാമത്തിൽ അവതരിക്കുന്ന ഒരു മനുഷ്യശരീരിയല്ല .മാനുഷിക
ദൈവത്തെ മാത്രമേ നമുക്ക് പ്രത്യക്ഷത്തിൽ ഭാവന ചെയ്യാനാകൂ. അത്
വിഗ്രഹങ്ങളായി, നാമങ്ങളായി നമ്മുടെ മുന്നിലുണ്ട്. എന്നാൽ അതിനപ്പുറമുള്ള
ദൈവം ഒരു പൊരുളായി നിലനിൽക്കുകയാണ്. ആ കേവല ദൈവത്തെ ഗുരു നാവികനായി
പരിചയപ്പെടുത്തുന്നു. നാവികനായ ദൈവം നമുക്ക് പരിചയമുള്ളതല്ല.
ക്ഷേത്രങ്ങളിലെ ദൈവത്തെ ഗുരു ദൈവശാസ്ത്രവിചിന്തനത്തിനായി വേറൊരു
ഭാഷയിലേക്ക് പരിഭാഷപ്പെടുത്തുകയാണ്. ഭാഷ എന്നു പറഞ്ഞത് സംവേദന തലമാണ്
.മതാധിഷ്ഠിതവും ആരാധനാസമ്പ്രദായത്തിലുള്ളതുമായ ദൈവത്തെയല്ല ഗുരു
പരിചയപ്പെടുത്തുന്നത് ;നാവികൻ എന്ന രൂപത്തിലുള്ള ദൈവത്തെയാണ്. നാവികൻ ഒരു
ആരാധനാസങ്കല്പമല്ല. ദൈവം രക്ഷകനായി വരുകയാണ്; കടലിലാണല്ലോ നാം
അകപ്പെട്ടിരിക്കുന്നത് .കടൽ അപകടമേഖലയാണ്. അവിടെ സുരക്ഷയൊരുക്കാൻ പ്രകൃതി
തന്നെ വേണം .പ്രകൃതി അവിടെ നാവികൻ്റെ രൂപത്തിലേ വരികയുള്ളു. ആ നാവികൻ്റെ
കപ്പൽ കാത്തുകഴിയുന്ന ഭക്തന്മാരെ ഗുരു കാണുന്നു .
മനുഷ്യബുദ്ധിക്ക് അപ്പുറം
"നാവികൻ നീ ഭവാബ്ധിക്കോ രാവിവൻതോണി നിൻപദം "
ഭവം
എന്നാൽ സംസാരം എന്നർത്ഥം. ഭവാബ്ധി എന്നാൽ സംസാരമാകുന്ന സാഗരം .ഈ
വ്യാവഹാരിക ലോക ജീവിതത്തിൻ്റെ സമുദ്രസമാനമായ കയറ്റിറക്കങ്ങളിൽ
,കുഴഞ്ഞുമറിയലുകളിൽ, ദുരവസ്ഥകളിൽ ,അഗാധതകളിൽ സമാധാനത്തിൻ്റെ ജലവാഹനം
വരേണ്ടതുണ്ട് .അത് വാക്കായി, പ്രവൃത്തിയായി ,ചിന്തയായി, ജീവിതചര്യയായി
,സ്നേഹമായി വരാം. അതിനെയെല്ലാം വ്യക്തിത്വവത്ക്കരിക്കുകയാണ് ഗുരു നാവികൻ
എന്ന പദത്തിലുടെ .നാവികൻ്റെ ആവിക്കപ്പൽ എന്താണ്? ദൈവത്തിൻ്റെ പാദമാണത്. ആ
പാദത്തിൽ അഭയം തേടുകയാണെങ്കിൽ രക്ഷയായി.ഇത് അന്ധവിശ്വാസമാണെന്ന് പറയുന്ന
കുബുദ്ധികൾ കണ്ടേക്കാം .
മനുഷ്യമനസ്സിൽ നിന്ന്
യാഥാസ്ഥിതികവും മതാധിഷ്ഠിതവുമായ ദൈവത്തെ മാറ്റി അവിടെ മനുഷ്യനും പ്രകൃതിയും
തമ്മിലുള്ള അനശ്വരമായ രമ്യതയെയാണ് ഗുരു പ്രതിഷ്ഠിക്കുന്നത്. ഭൗതികവാദികൾ
പറഞ്ഞത് പ്രകൃതിയെ കിടക്കണമെന്നായിരുന്നല്ലോ. പ്രകൃതിയെ കീഴടക്കാൻ മനുഷ്യൻ
ആരാണ് ?അവൻ പ്രകൃതിയിലെ ഒരു വൈറസിനെ പേടിച്ച് എത്ര മാസങ്ങളാണ് വീട്ടിൽ
നിന്ന് പുറത്തിറങ്ങാതിരുന്നത് എന്നാലോചിക്കണം. എത്ര ലക്ഷം പേരാണ് ആ
വൈറസിൻ്റെ ആക്രമണത്തിൽ മരണമടഞ്ഞത്! .
പ്രകൃതിയുടെ വ്യവസ്ഥ
ഋതുക്കളായും ദിനരാത്രങ്ങളായും പഞ്ചഭൂതങ്ങളായും നാം അനുഭവിക്കുന്നു.
അതിനോട് ചേർന്നാണ് നാം നിൽക്കേണ്ടത്. അതിനെ അലങ്കോലപ്പെടുത്തിയാൽ
ജീവജാലങ്ങളുടെ നിലനിൽപ്പ് അപകടത്തിലാവും. പ്രകൃതിയുടെ ചാക്രികമായ ചലനങ്ങളിൽ
നമുക്ക് ഒരുമയോടെ പോകാനാകും. അതുകൊണ്ടാണ് പ്രകൃതിയെ, രക്ഷിക്കുന്ന
ബിംബമായി കാണുന്നത്. മനുഷ്യബുദ്ധിക്ക് അപ്പുറത്തുള്ള ദൈവമാണത്. മനുഷ്യൻ്റെ
യുക്തി പരിമിതമാണല്ലോ. ഏതു വൈറസ് എവിടെ നിന്ന് പുറപ്പെടുമെന്നു
നമുക്കറിയില്ല. ഏത് രീതിയിൽ നാളെ സൂര്യൻ്റെ ചൂട് ഉയരുമെന്ന് മുൻകൂട്ടി
പറയാനാവില്ല. കാരണം ,അത് അദൃശ്യതയുടെ ,അജ്ഞേയതയുടെ ലോകമാണ്.
അവിടെയാണ്
ദൈവമിരിക്കുന്നത്. ഇത് യുക്തിചിന്തയാണ് .ദൈവത്തിന് അദൃശ്യമായിരിക്കാനേ
കഴിയൂ. ദൈവം നാവികനായി വരുന്നത് കാണാനൊക്കുമോ എന്ന് ചോദിച്ചാൽ, നമ്മുടെ
ഭാവിയെ അലട്ടലില്ലാതാക്കാൻ പലതരത്തിൽ പ്രവർത്തിച്ചേക്കാവുന്ന ഘടകങ്ങളുടെ
നേർക്ക് നമുക്കുള്ള വിനീതമായ പ്രാർത്ഥനയാണ് മുഖ്യമായിട്ടുള്ളത് .പ്രാപഞ്ചിക
ശക്തികളെ വെല്ലുവിളിക്കുന്നത് അവിവേകവും, ബഹുമാനിക്കുന്നത് യുക്തിയുമാണ്.
യുക്തിചിന്തയിലാണ് ദൈവം ഉണ്ടാകേണ്ടത്. യുക്തിരാഹിത്യത്തിൽ
ദൈവമിരിക്കുന്നില്ല.
നമ്മുടെ കണ്ണുകൾക്കും
കാതുകൾക്കും അപ്രാപ്യമായത് ഈ ലോകത്തുണ്ട്. ശാസ്ത്രത്തിന് അങ്ങോട്ട്
എത്താനാവില്ല .ഒരു ചിവീട് മനുഷ്യജീവിതത്തെ എങ്ങനെയാണ് കാണുന്നതെന്ന്
പറയുന്ന ഒരു ശാസ്ത്രവും എവിടെയുമില്ല .ഒരു നായയുടെ കുരയുടെ ഭാഷ എന്താണെന്ന്
വ്യാഖ്യാനിക്കാൻ കഴിവുള്ള ഒരു ഭാഷാശാസ്ത്രജ്ഞനുമില്ല. ഇതാണ് യുക്തി. ഈ
യുക്തിയിലൂടെ നമുക്ക് അദൃശ്യതയിലെ ദൈവത്തെ അറിയാം. അപ്രകാശിതമായ ,അദൃശ്യമായ
ദൈവത്തെ മനസിലാക്കുമ്പോൾ നാം കൂടുതൽ വിവേകമുള്ളവരാകും. ലോകത്തിൻ്റെ
അദൃശ്യത (Invisibility) നമ്മുടെ നിത്യജീവിത സാക്ഷ്യമാണ്.
ദൈവം അപ്രത്യക്ഷതയാണ്
മനുഷ്യൻ
അജ്ഞാതമായ പൊരുളുകളുടെ ലോകത്ത് നട്ടംതിരിയുകയാണ് .ആ അദൃശ്യതയിൽ
ദൈവമിരിക്കുന്നു. നമ്മുടെ മനസ്സിൽ നാളെ എന്ത് ചിന്തയാണ് ഉണ്ടാകാൻ
പോകുന്നതെന്ന് പ്രവചിക്കാൻ ഒരു ദൈവശാസ്ത്രജ്ഞനും സാധ്യമല്ല. അതുകൊണ്ട്
ദൈവശാസ്ത്രജ്ഞനും അപ്പുറമാണ് ദൈവം .ദൈവത്തിനു മറഞ്ഞിരിക്കാനേ കഴിയൂ .
നമ്മളാണ്
പ്രത്യക്ഷത ;ദൈവം അപ്രത്യക്ഷയാണ്. ഭാവിയെ പ്രവചിക്കാ ൻ അറിയാത്തതുകൊണ്ട്
ദൈവം ഭാവിയാണ് .ദൈവം ,അവിടെ മറഞ്ഞിരിക്കുന്നു. സൂക്ഷ്മാണുക്കളെ നമുക്ക്
കാണാൻ കഴിയാത്തതുകൊണ്ട് ആ അദൃശ്യതയിൽ ദൈവത്തെ പ്രതീക്ഷിക്കാം.
പ്രപഞ്ചരഹസ്യത്തെ കണ്ണുകൾകൊണ്ട് കാണാനാവാത്തതിനാൽ ദൈവം എവിടെയുമുണ്ട് എന്ന
സത്യം മനസ്സിലാക്കാൻ ശ്രമിക്കാം. അത് വിരാട് അവസ്ഥയുടെ ചിതറലാണ്
;വികേന്ദ്രീകരണമാണ് .അദൃശ്യതയുടെ സാകല്യതയിൽ ദൈവം പല രൂപഭാവങ്ങളിൽ
വസിക്കുന്നു. ഒരു ജീവിയുടെ രൂപത്തിൽ ദൈവമില്ലേ എന്ന് ചോദിക്കാം. എന്നാൽ അത്
സൃഷ്ടിയാണ്. അതിൻ്റെ പ്രത്യക്ഷതയിൽ ദൈവത്തിനു പ്രവർത്തിക്കാനാവില്ല
.അതേസമയം അതിനെ വലയം ചെയ്തിരിക്കുന്ന അജ്ഞാതത്വത്തിൻ്റെ സമുദ്രത്തിൽ ദൈവം
സർവത്ര സന്നിഹിതമാണ്.
തൊട്ടടുത്ത നിമിഷം എന്താണ്
സംഭവിക്കാൻ പോകുന്നതെന്ന് അറിയാത്തതുകൊണ്ട്, ദൈവം വരാനിരിക്കുന്ന
നിമിഷങ്ങളിലാണുള്ളതെന്ന് കാണാം. കാലത്തിൽ ദൈവം സന്നിവേശിച്ചിരിക്കുന്നു.
കാണാമറയത്ത് ദൈവം വിന്യസിക്കപ്പെട്ടിരിക്കുന്നു.
'ഇന്ദ്രിയവൈരാഗ്യം' എന്ന കവിതയിൽ "കാണുന്ന കണ്ണിനൊരു ദന്ധവുമില്ല കണ്ടെൻ
പ്രാണൻ വെടിഞ്ഞിടുകിലെന്തിന് പിന്നെയെല്ലാം!
കാണും നിറം തരമിതൊക്കെയഴിഞ്ഞെഴും നിൻ
ചേണുറ്റ ചെങ്കഴലു തന്നു ജയിക്കശംഭോ!"
കണ്ണുകൾ
കാണുക മാത്രമാണ് ചെയ്യുന്നത് .അത് ആരുടെ ശരീരത്താണെന്ന് നോക്കിയിട്ടല്ല
കാണുന്നത്. അതിനു കാണലിൽ വിവേചനമില്ല .കണ്ണുകൾക്ക് കാണാൻ യാതൊരു
നിബന്ധനയുമില്ല ;കാണുന്നത് എന്തായാലും അത് കണ്ടതായി അംഗീകരിക്കും. എന്നാൽ
കാണുന്ന വ്യക്തിക്ക് കാണലുകളുടെ ഒടുവിൽ ഒരു വ്യർത്ഥത തോന്നിയേക്കാം.
കണ്ടതെല്ലാം ശരിയായിരുന്നോ എന്ന ചോദ്യം മനുഷ്യധിഷണയിലാണ് ഉയരുന്നത്
.കാണലിൻ്റെ രതിയിൽ മുഴുകിയാലും പ്രാണൻ വെടിയണം, പിന്നീട്. കണ്ടതുകൊണ്ട്
ഒന്നും രക്ഷപ്പെടില്ല; കണ്ടവനും രക്ഷപ്പെടില്ല . കണ്ടു കണ്ടു നാം മെല്ലെ
മാറുകയാണ്; കാണാത്തതിലേക്ക്. കാണാത്തതിൻ്റെ ഒരു മഹാസമുദ്രത്തെ
ഉപേക്ഷിച്ചുകൊണ്ട് .കണ്ടതെല്ലാം ഉപേക്ഷിക്കുകയാണ് ഒടുവിൽ .
കണ്ണുകൾ
കണ്ടു കണ്ടു ഓരോന്നിൻ്റെയും നിറവും തരവും മനസ്സിലാക്കുന്നു; വിവേചനം
ചെയ്യുന്നുണ്ടെന്നു അർത്ഥം .വിശ്ളേഷണം ചെയ്യാനുള്ളതാണ് കണ്ണുകൾ ,വെറും
കാണലിനപ്പുറത്ത്. കണ്ണുകൾ പൊരുളുകളെ ഇഴപിരിച്ചെടുക്കുന്നു . ഓരോന്നിൻ്റെയും
വേറിടൽ ,അസ്തിത്വം കണ്ണുകൾ ഉറപ്പുവരുത്തുന്നു .നാം വഴി വിട്ട് പിരിഞ്ഞു
പോവുകയാണ് കാഴ്ചകളിലൂടെ .ഉണ്മയിൽ നിന്നു തിരിച്ചു നടക്കുകയാണോ
?ഉണ്മയിലേക്ക് നടക്കുകയാണോ കാഴ്ചകളിലൂടെ കണ്ണുകൾ ?
അതാര്യതയുടെ മഹാസമുദ്രം
എന്നാൽ
കാണലുകൾക്കെല്ലാം അപ്പുറത്തുള്ള അദൃശ്യതയുടെ ഒരു ലോകമുണ്ടല്ലോ
.ഭാവിയുടെയും അതാര്യതയുടെയും അജ്ഞാതത്വത്തിൻ്റെയും ആ മഹാസമുദ്രമുണ്ടല്ലോ.
അവിടെയാണ് 'നിൻ ചേണുറ്റ ചെങ്കഴലു'ള്ളത് എന്ന് ഗുരു കാണുന്നു. അവിടെയാണ്
ദൈവത്തിൻ്റെ വാസസ്ഥലമുള്ളത് .അദൃശ്യതയിൽ ദൈവമിരിക്കുന്നു ,അദൃശ്യതയിൽ
മാത്രമാണ് ദൈവമിരിക്കുന്നത് എന്ന തത്ത്വമാണ് ഗുരു അവതരിപ്പിക്കുന്നത്.
ഇതാണ്
ഗുരുവിൻ്റെ 'ഒരു ദൈവം. ഇത് ഭൗതികജീവിതത്തിൻ്റെ നൂറായിരം ആഗ്രഹങ്ങളുടെയും
പരാതികളുടെയും ഭ്രമങ്ങളുടെയും അപ്പുറത്തുള്ള അപാരതയുടെ കാഴ്ചയാണ്. യഥാർത്ഥ
ലോകം നമ്മുടെ അപ്പുറത്താണുള്ളതെന്ന സാരമാണിത്. നാം കണ്ടതൊക്കെ കൊഴിഞ്ഞുപോയ
ഇലകളായി നിരീക്ഷിക്കാവുന്നതാണ്. അവിടെ കരിഞ്ഞ ഇലകളാണുള്ളത്. ഓർമ്മകളായി
അത് മനസ്സുകളിലേക്ക് ഇരച്ചെത്തി വീണ്ടും ഭൂതകാലത്തേക്ക് തന്നെ
മടങ്ങിപ്പോകുന്നു .ചവറുകൾ പിൻമുറ്റത്തുനിന്നു വന്ന് ഭൂതകാലത്തിലേക്ക് തന്നെ
അപ്രത്യക്ഷമാവുകയാണ്.
ഓർമ്മകൾ വന്ന് നൃത്തം
ചെയ്യുമ്പോൾ നാം തനിച്ചല്ലെന്നു തോന്നും; കാരണം നാം
ഭൂതകാലത്തിൻ്റേതായിരുന്നുവല്ലോ .അവിടെ നിന്നും വരുന്ന ഒരു പൂവിതൾ പോലും ഒരു
മഹാവൃക്ഷമായി തോന്നും. ഭ്രമം പോലെ അത് അപ്രത്യക്ഷമാവുകയും ചെയ്യും.
ഭൂതകാലത്തിൻ്റെയും ഓർമ്മകളുടെയും ചവച്ചു തീർത്ത ജീവിതം ഒരു
ഭൗതികാവശിഷ്ടമാണ്. അതിനപ്പുറത്ത് ദൈവത്തിൻ്റെ അതാര്യ ലോകമുണ്ട് .ഏകദൈവം
എന്ന ഈ അപ്രാപ്യത എല്ലാവർക്കും ഒരുപോലെയാണ്. അതിലേക്ക് അടുക്കാനാണ്
മഹാമുനിമാർ തപസ്സ് ചെയ്യുന്നത്. ഭൗതികമായ അലങ്കാരങ്ങളിൽപ്പെട്ട് സ്വസ്ഥത
നശിക്കുകയോ ത്വരകൾ വർദ്ധിക്കുകയോ ചെയ്താൽ സൗമ്യമായ ഭാവിയുടെ സ്വരം
അപ്രാപ്യമാകും .അതിനു കനത്ത നിശ്ശബ്ദത ആവശ്യമാണ്.
അന്തര്യാമിയായ
നിശ്ശബ്ദതയിലെ അവാച്യമായ പ്രാപഞ്ചികസംഗീതം എന്നെങ്കിലും നമുക്ക്
അനുഭവവേദ്യമാകുമോ ? ഓരോ വിഷാദകണവും നമ്മെ അങ്ങോട്ട് പ്രലോഭിപ്പിക്കുകയാണ്.
ദുഃഖത്തിൻ്റെ അലകൾ നൃത്തം ചെയ്തു കഴിയുമ്പോൾ മനസ്സ് ഒരു
മാൻകുട്ടിയെപ്പോലെ അപാരതയെ നോക്കി എടുത്തു ചാടും .മഴ മാറി നേർത്ത വെയിലിൽ
ആകാശം പതിവിലേറെ വെളുത്ത് വെള്ളയായി പ്രഭാവം കൊള്ളുമ്പോൾ അപാരത നമുക്ക്
അടുത്താണെന്ന് തോന്നും .അത് പ്രലോഭനങ്ങളുടെ വാതിലാണ്.
ഗുരുവിൻ്റെ
ചിന്തയിൽ ദൈവത്തെ മനുഷ്യൻ ആർജിക്കേണ്ടതിൻ്റെ ഒരു വേദാന്തവുമുണ്ട് .ദൈവം
സൃഷ്ടിയും സൃഷ്ടാവും സൃഷ്ടിക്കുള്ള സാമഗ്രിയുമായതുകൊണ്ട്, ദൈവത്തിൻ്റെ
സൃഷ്ടികളായ എല്ലാത്തിനും ദൈവികാംശമുണ്ട്; അതിൽ അപ്രത്യക്ഷതയുടെ സൗന്ദര്യം
അടങ്ങിയിരിക്കുന്നു. നമ്മൾ എന്താണോ അത് നമ്മൾ മനസ്സിലാക്കിയ ദൈവത്തിൻ്റെ
പ്രത്യക്ഷവത്ക്കരണമാണ്. നാം കുറ്റകൃത്യങ്ങളെ മഹത്തരമായി കാണുന്നുണ്ടെങ്കിൽ
,അത് നമ്മളിലെ ദൈവത്തിൻ്റെ ആജ്ഞയാൽ സംഭവിക്കുന്നതാണ്. നമ്മുടെ വർത്തമാനം
നമ്മുടെ ദൈവത്തിൻ്റെ ഒരു പ്രകടനാത്മകതയാണ്. നാം ചീത്തയായാൽ നമ്മുടെ
ദൈവവും ചീത്തയാകും. അതുകൊണ്ട് ദൈവത്തെ പരിശുദ്ധമാക്കണമെങ്കിൽ നാം
പരിശുദ്ധമാകണം. ഗുരു പഞ്ചശുദ്ധി പാലിക്കണമെന്ന് പറഞ്ഞത് ദൈവത്തെ
മനുഷ്യശരീരത്തിൽ മഹത്വപ്പെടുത്താനാണ്. ഒരു ചീത്ത മനസിൽ ചീത്തദൈവമാണുള്ളത്.
അവൻ്റെ മനസിൻ്റെ സാധ്യമായ ദൈവം ചീത്തയായിരിക്കും. ചീത്ത പ്രവൃത്തികൾ
ചെയ്തുകൊണ്ടാണല്ലോ അവൻ ദൈവത്തെ കൂട്ടിനു വിളിക്കുന്നത് .അതിനപ്പുറത്ത്
വിശുദ്ധമായ ദൈവത്തെ പ്രാപിക്കണമെങ്കിൽ നമുക്ക് കൂടുതൽ പരിശ്രമിച്ചു
മുന്നേറേണ്ടതുണ്ട് .വിളക്ക് കത്തുമ്പോഴേ പ്രകാശമുള്ളു. വിളക്കണഞ്ഞാൽ
ഇരുട്ടിൻ്റെ അധിപത്യവും അന്ധതമസുമാണ് ഉണ്ടാവുക .അതുകൊണ്ട് ദൈവത്തെ
സൃഷ്ടിക്കുന്നവനാണ് മനുഷ്യൻ. മനുഷ്യനും സൃഷ്ടാവാണല്ലോ .അവൻ സന്താനോല്പാദനം
മാത്രമല്ല, വിജ്ഞാന നിർമ്മിതിയിലും കലാസാഹിത്യസൃഷ്ടികളിലും ഏർപ്പെടുന്നു.
സൃഷ്ടിക്കുമ്പോൾ ദൈവമുണ്ടാകുന്നു. ഗുരുവിൻ്റെ ഒരേയൊരു ദൈവം അവിടെയുണ്ട്.
പ്രവൃത്തികളിലൂടെ കൂടുതൽ പ്രകാശം പരത്തുകയാണെങ്കിൽ ,ദൈവം അവിടെയാണുള്ളത്,
ഒരേയൊരു ദൈവം .
No comments:
Post a Comment