Friday, January 6, 2023

എം.കെ.ഹരികുമാർ ഇരുനൂറ് പുസ്തകങ്ങൾ സംഭാവന ചെയ്തു

 a

കൂത്താട്ടുകുളം ശ്രീധരീയം നഗർ ലൈബ്രറിക്ക്  എം.കെ. ഹരികുമാർ സംഭാവനയായി നല്കിയ ഇരുനൂറ് പുസ്തകങ്ങൾ പ്രസിഡൻ്റ് ഹരി എൻ നമ്പൂതിരി ഏറ്റുവാങ്ങുന്നു.

മാമൂലുകളെ ഭേദിക്കുന്ന ഒരു വാക്യമെഴുതിയാൽ മതി ,അതോടെ പലരും അകലും :എം.കെ.ഹരികുമാർ 

 


എം.കെ.ഹരികുമാർ പ്രസംഗിക്കുന്നു. ടി.കെ.പ്രഫുല്ലചന്ദ്രൻ ,ഡോ.കെ.ശ്രീകുമാർ ,വെണ്ണല മോഹൻ ,ജസ്റ്റിസ് എൻ. നഗരേഷ് ,ടി.സതീശൻ ,പത്മജ എസ്‌. മേനോൻ ,ശ്രീവളളി രാജീവൻ എന്നിവർ സമീപം




കൊച്ചി: 'ആത്മായനങ്ങളുടെ ഖസാക്ക് 'എന്ന വിമർശനകൃതി എഴുതിയതോടെ തനിക്ക് നേരെ സാഹിത്യലോകത്ത് ഒരു വിഭാഗം ഒളിയുദ്ധം തുടങ്ങിയെന്ന്  സാഹിത്യകാരനും കോളമിസ്റ്റും വിമർശകനുമായ എം.കെ. ഹരികുമാർ പറഞ്ഞു.

അന്താരാഷ്ട്ര പുസ്തകോത്സവസമിതി ഏർപ്പെടുത്തിയ കെ.രാധാകൃഷ്ണൻ മെമ്മോറിയൽ സാഹിത്യഅവാർഡ് വെണ്ണല മോഹനും പൂർണാ ബുക്സിനും(ഡോ.കെ. ശ്രീകുമാർ)  ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എൻ. നഗരേഷ് സമ്മാനിച്ച ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .

കോളേജിൽ പഠിക്കുന്ന കാലത്ത് എഴുതിയതാണ് ആത്മായനങ്ങളുടെ ഖസാക്ക് (1984).എന്നാൽ അത് ഒരു സാമ്പ്രദായിക പഠനമോ അക്കാദമിക് പ്രബന്ധമോ അല്ല .താൻ ഒരു നോവലിനെക്കുറിച്ച് ഒരു പുസ്തകമാണ് എഴുതിയത്; പലരും ലേഖനങ്ങളാണ് എഴുതിക്കൊണ്ടിരുന്നത്. എന്നാൽ താൻ ചെയ്തത് വലിയ തെറ്റാണെന്ന് പലരും വിശ്വസിക്കുന്നു.തന്റെ പുസ്തകം വ്യക്തിപരമായ കലാസൗന്ദര്യാന്വേഷണത്തിൻ്റെയും സറിയലിസ്റ്റിക് ,എക്സ്പ്രഷണിസ്റ്റിക്ക്  അനുഭവങ്ങളുടെയും ഒരു ആവിഷ്കാരമായിരുന്നു. അങ്ങനെ വിമർശനമെഴുതാൻ പാടില്ലെന്ന ചിലരുടെ നിലപാടാണ് തനിക്കും തന്റെ പുസ്തകത്തിനും ദോഷകരമായി മാറിയത്. ഒരു സാഹസം ചെയ്തു പോയി. അതോടു കൂടി സാഹിത്യലോകത്ത് പലതും തനിക്ക് നിഷേധിക്കപ്പെടാനുള്ള  പ്രവണതകളുണ്ടായി. സാഹിത്യ അക്കാഡമിയുടെ ആളുകൾ സ്കൂളിൽ വന്ന് സംസാരിക്കാറുണ്ട് , കുട്ടികളേ ,നിങ്ങൾ എഴുതൂ ഞങ്ങൾ സംരക്ഷിച്ചു കൊള്ളാമെന്ന്!. എന്നാൽ നമ്മൾ വായിച്ച് വായിച്ച് അറിവു നേടി സ്വന്തം നിലയിൽ ചിന്തിക്കാൻ തുടങ്ങുന്നതോടെ അവർ പറഞ്ഞത്  കളവാണെന്ന് ബോധ്യപ്പെടും. സ്വന്തം സൗന്ദര്യബോധത്തിന്റെ പശ്ചാത്തലത്തിൽ മാമൂലകളെ ഭേദിക്കുന്ന ഒരു വാക്യം എഴുതുന്നതോടെ നമ്മൾ അവർക്ക് അപ്രിയരായി മാറുന്നു. അതുവരെ പ്രശംസിച്ച ബന്ധുക്കളും സുഹൃത്തുക്കളും സാവധാനം അകലുകയാണ് ചെയ്യുന്നത്. അവരുടെ മനോഭാവമുള്ള എഴുത്തുകാർ നമ്മെ എല്ലാ രംഗത്തും ദ്രോഹിക്കും. അവർ നമ്മുടെ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കരുതെന്നു പറഞ്ഞ് പലർക്കും കത്തയ്ക്കും .അവാർഡുകൾ കൊടുക്കരുതെന്നു പറയും- അദ്ദേഹം പറഞ്ഞു. 

താൻ എഴുതുന്നത് വായനക്കാരുടെ ഒരു കൂട്ടത്തിനുവേണ്ടിയല്ല. ആരാണ് വായനക്കാർ ,അറിയില്ല .അവർ സ്ഥിരമായി കൂടെയുണ്ടാവുമോ ? തൊട്ടടുത്ത മുറിയിൽ നമ്മെ പ്രതീക്ഷിച്ച് ഒരു കൂട്ടം വായനക്കാർ ഇരുപ്പുണ്ടെന്നറിഞ്ഞാൽ പിന്നെ  ഉറങ്ങാനൊക്കുമോ? അത് എഴുതാനുള്ള ധൈര്യം ചോർത്തിക്കളയും .അവർക്കുവേണ്ടി എങ്ങനെയാണ് എഴുതാനാവുക ? അവരുടെ താല്പര്യം സംരക്ഷിക്കുന്ന ഒരാളാവാൻ തനിക്കാവില്ല. താൻ ,പ്രാഥമികമായി തനിക്കു വേണ്ടിയാണ് എഴുതുന്നത് . എല്ലാവർക്കും അറിയാവുന്നതും എല്ലാവരും തുടയിൽ താളം പിടിച്ചു തലകുലുക്കി സമ്മതിക്കുന്നതുമായ കാര്യങ്ങൾ എന്തിനാണ് എഴുതുന്നത്? അത് എല്ലാവർക്കും അറിയാവുന്നതാണല്ലോ. അമ്മയെ ബഹുമാനിക്കണമെന്നു പറഞ്ഞ് കവിയെഴുതുന്നവരെ കണ്ടിട്ടുണ്ട്. അമ്മയെ ബഹുമാനിക്കണമെന്നു ആർക്കാണ് അറിയാത്തത്? അത് കവി പറഞ്ഞു തരണമോ ?മറ്റുള്ളവർ ചിന്തിച്ച വഴിയിലൂടെ നടന്നു മറ്റുള്ളവരുടെ ഭാഷ ഉപയോഗിച്ച് എഴുതുന്നതിനെ എഴുത്തെന്ന്  പറയാനാവില്ല. നിങ്ങൾ വള്ളത്തോളിനെ പോലെ കവിത എഴുതണ്ടേ. അതിനു വള്ളത്തോൾ എഴുതിയ കൃതികൾ ഉണ്ടല്ലോ. നിങ്ങൾ എംടിയെ പോലെ കഥകൾ എഴുതേണ്ട. എം.ടിയുടെ കഥകൾ ഉണ്ടല്ലോ. നിങ്ങൾ നിങ്ങളുടെ മൗലികതയിൽ എഴുതുകയാണ് വേണ്ടത് .നിങ്ങളുടെ ഭാഷയിൽ അത് വായിക്കാനാണ് നല്ല വായനക്കാരൻ ആഗ്രഹിക്കുക. നൂറാം പതിപ്പും ആഘോഷപൂർവ്വം വിൽക്കുന്ന പുസ്തകങ്ങളെപ്പറ്റി പറഞ്ഞിട്ട് കാര്യമില്ല .അത് എല്ലാവരെയും സന്തോഷിപ്പിക്കുന്നുണ്ടാകാം. വെറുതെ സന്തോഷിപ്പിക്കുന്നവർ നിലവിലുള്ളതിനെ നവീകരിക്കാൻ ശ്രമിക്കുന്നവരല്ല. അവർക്ക് സർഗാത്മകതയില്ല .വർഷങ്ങളുടെ വായനയിലൂടെയേ സാഹിത്യത്തിൻ്റെ അടിത്തട്ടിലെത്താനാവുകയുള്ളു. മണ്ണിനടിയിൽ ജലമൊഴുകുന്ന ഒരു പാതയുണ്ട് .അവിടെ ചെന്നാൽ പലരെയും കാണാം. നിങ്ങൾ ഒരു കാര്യം തീവ്രമായി ആഗ്രഹിക്കുമ്പോൾ പ്രപഞ്ചം മുഴുവൻ ഗൂഢാലോചന നടത്തുകയാണെന്ന വാക്യം പാവ്ലോ കൊയ്ലോയുടേതായി ഇവിടെ പ്രചരിക്കുകയാണ്. കൊയ്ലോ അങ്ങനെ പറഞ്ഞിട്ടുണ്ടാകാം. എന്നാൽ അത് ആദ്യം പറഞ്ഞത് അമേരിക്കൻ ചിന്തകനായ എമേഴ്സൺ ആണ്. പിന്നീട് ഹെർമ്മൻ ഹെസ്സേ പറഞ്ഞു. അതു തന്നെ ജിദ്ദു കൃഷ്ണമൂർത്തിയും പറഞ്ഞു. അവിടെ നിന്നാണ് അത്  കൊയിലോയിൽ എത്തിയത് .ഇങ്ങനെ വല്ലവരുടെയും ആശയങ്ങൾ കടമെടുത്തു സ്വന്തമാണെന്ന മട്ടിൽ പ്രചരിപ്പിക്കുന്നവരുണ്ട്. അതിനെ എഴുത്തെന്ന് പറയാനാവില്ല. എഴുതുമ്പോൾ നിങ്ങൾ മറ്റുള്ളവർ പറഞ്ഞതോ ചിന്തിച്ചതോ സ്വീകരിക്കരുത്. ഒരു ബ്ലാങ്ക് പേപ്പറിൽ എഴുതുകതാണ് വേണ്ടത് .അപ്പോൾ അതിനുമുമ്പ് ഉണ്ടായിരുന്നത് തുടച്ചു കളഞ്ഞിരിക്കണം -ഹരികുമാർ പറഞ്ഞു. 

തന്നെ ഇരുപത്തിയഞ്ച് വർഷം ഒരു സാഹിത്യമാസികയുടെ പത്രാധിപർ ഒഴിവാക്കിയ കാര്യം ഹരികുമാർ അനുസ്മരിച്ചു. ഇത്തരം പത്രാധിപന്മാർ സ്വന്തം പരിചയക്കാരെയും സുഹൃത്തുക്കളെയും ബന്ധുക്കളെയുമാണ് കാണുന്നത് .ഒരു പത്രം പത്രാധിപരുടെ ബന്ധുക്കൾക്കുള്ളതല്ല. അത് സമൂഹത്തിന്റെയാണ്. പത്രപ്രവർത്തകർക്കും എഴുത്തുകാർക്കും നന്ദി കിട്ടാൻ പ്രയാസമാണ്. മുപ്പത് വർഷം ജോലി ചെയ്ത് പിരിയുമ്പോൾ സ്വന്തം പത്രത്തിൽ അതിനെക്കുറിച്ച് ഒരു വാർത്ത വരാത്ത അനുഭവമാണ് മിക്ക പത്രപ്രവർത്തകർക്കുമുള്ളത്. 
എഴുത്തുകാർ ഓർമിക്കപ്പെടണമെങ്കിൽ പ്രതിഭയുടെ മഹാസമ്പത്തുണ്ടാകണം. ഒരു നൂറുവർഷത്തിനിടയിൽ ഓർക്കാൻ മാത്രം പ്രസക്തി നേടുന്നത് ചിലപ്പോൾ ഒരാളായിരിക്കും. എഴുത്തച്ഛൻ അദ്ദേഹം ജീവിച്ച നൂറ്റാണ്ടിലെ ഒരേയൊരു കവിയാണ്. സാഹിത്യകാരൻ്റെ ജീവിതം സംഘർഷാത്മകവും സ്വയം ചതിക്കുന്നതുമാണ്. ഓരോ  എഴുത്തുകാരനും സ്വന്തം വിധിയോടു പൊരുതേണ്ടി വരുന്നു. അവനവൻ്റെ ഭാഷയും ശൈലിയും വിമർശനാത്മകതയും എഴുത്തുകാരനെ  ഒറ്റപ്പെടുത്തുകയാണ്- ഹരികുമാർ ചൂണ്ടിക്കാട്ടി. 

പുസ്തകോത്സവസമിതിയുടെ മുഖ്യ സംഘാടകരിലൊരാളായിരുന്ന കെ.രാധാകൃഷ്ണനുമായി ഊഷ്മളമായ ഹൃദയബന്ധം സൂക്ഷിക്കാനായിട്ടുണ്ട്. മാത്രമല്ല ,വളരെ മുന്നേ തന്നെ  സൗഹൃദമുള്ള ഒരാളോട് എന്നപോലെയാണ് അദ്ദേഹം പെരുമാറിയത്. അത് വിസ്മയകരമായിരുന്നു.കെ.രാധാകൃഷ്ണനെ ഓർമ്മിച്ച പുസ്തകോത്സവ സമിതിയെ അഭിനന്ദിക്കുകയാണ്. എറണാകുളത്തിനു സാഹിത്യപ്രതാപം നഷ്ടപ്പെട്ട ഒരു കാലത്താണ് അന്താരാഷ്ട്ര പുസ്തകോത്സവസമിതി രൂപീകൃതമായത്. ഇക്കാര്യത്തിൽ മുഖ്യ സംഘാടകനായ നന്ദകുമാറിനെയും സുഹൃത്തുക്കളെയും പ്രശംസിക്കാതിരിക്കാനാവില്ല. ജി. ശങ്കരക്കുറുപ്പ് ,സുകുമാർ അഴീക്കോട്, സി.പി.ശ്രീധരൻ തുടങ്ങിയവരുടെ കാലത്ത് എറണാകുളത്ത് പ്രവർത്തിച്ച സാഹിത്യപരിഷത്ത് ഒരു വലിയ സാഹിത്യകേന്ദ്രമായിരുന്നു. എന്നാൽ അത് ക്ഷയിച്ചിരിക്കുന്നു. അവിടെ ഇപ്പോൾ സിൽബന്ധികൾക്ക് മാത്രമാണ് സ്ഥാനം. അവർക്ക് ആശയങ്ങൾ നഷ്ടപ്പെട്ടിരിക്കുന്നു. ഈ സാഹചര്യത്തിലാണ് സൂര്യനെ പോലെ ഉദിച്ചുവന്ന അന്താരാഷ്ട്ര പുസ്തകോത്സവസമിതിയെ താൻ  ആദരിക്കുന്നതെന്നു ഹരികുമാർ ചൂണ്ടിക്കാട്ടി.

അദ്ധ്യക്ഷത വഹിച്ച ടി.സതീശൻ ,ജസ്റ്റിസ് എൻ. നഗരേഷ്, ടി.കെ. പ്രഫുല്ലചന്ദ്രൻ, പത്മജ എസ്. മേനോൻ ,വെണ്ണല മോഹൻ ,ഡോ. കെ. ശ്രീകുമാർ, ശ്രീവള്ളി രാജീവ് എന്നിവർ പ്രസംഗിച്ചു. 


പ്രിയപ്പെട്ട വസ്തുക്കൾ എന്തുകൊണ്ടു ആത്മഹത്യ ചെയ്യുന്നു ?/എം.കെ.ഹരികുമാർ

 


ഏതൊരു വസ്തുവും നമ്മുടെ ജീവിതത്തിലേക്ക് വരുന്നത് ഒരു ആരവമായാണ്;കട്ടപിടിച്ച നിശ്ശബ്ദതകളെ അത് തകർക്കുന്നു.  ഒരു പേനയാകട്ടെ, വർത്തമാനപ്പത്രമാകട്ടെ ,വീട്ടുപകരണമാകട്ടെ, മൊബൈൽ ഫോണാകട്ടെ അതിനൊക്കെ കുറച്ചുനേരത്തേക്കെങ്കിലും നമ്മെ ഒന്നു  നവീകരിക്കാനാവും. നവീകരിക്കുക എന്നു പറഞ്ഞത് പഴയതെല്ലാം ഉപേക്ഷിച്ച് പുതിയതാകും എന്നയർത്ഥത്തിലല്ല; ഒരു ഉണർവും ഉത്തേജനവും സാധ്യമാക്കുന്ന നവീനതയാണത്. യാത്രയുടെ ചൂട് സഹിക്കുമ്പോൾ ഒരു തണുത്ത കാറ്റ് വന്നാലുണ്ടാകുന്ന ഉണർവ്വു പോലൊന്ന്. 

കുറേ വർഷങ്ങൾക്കു മുമ്പ് ഞാനൊരു  സുഹൃത്തിനൊത്ത് യാത്ര ചെയ്യുകയായിരുന്നു. രാത്രി ഒരു മണി കഴിഞ്ഞു. യാത്രയുടെ ക്ഷീണവും ഉറക്കം വരുന്നതിന്റെ മരവിപ്പും എല്ലാം കൂടി എന്റെ സുഹൃത്തിനെ വല്ലാതെ വലിച്ചു. അദ്ദേഹം ഉണർവ്വിന് വേണ്ടി പരതുന്നതു ഞാൻ കണ്ടു. ബാഗിലുണ്ടായിരുന്ന ഒരു മാഗസിനിലെ  ചില പേജുകൾ അദ്ദേഹം ആർത്തിയോടെ വായിക്കാൻ ശ്രമിക്കുന്നത് ഞാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. എന്നാൽ വായനയിൽ ശ്രദ്ധിക്കാനാവുന്നില്ല. ഞങ്ങൾ ബസിൽ നിന്നിറങ്ങി. ബസ്സ്റ്റാൻഡിൽ ഏതാനും കടകൾ മാത്രം പ്രവർത്തിക്കുന്നുണ്ട്. അടുത്ത ബസ് വരാൻ കുറെ സമയമെടുക്കുമത്രേ. ഞങ്ങൾ സ്റ്റാൻഡിനു മുന്നിലുള്ള റോഡിലൂടെ സാവധാനം നടന്നു. അപ്പോഴാണ് ഒരു പൂക്കട കണ്ണിൽപ്പെട്ടത്. ഞങ്ങൾ വെറുതെ അങ്ങോട്ട് നടന്നു. സുഹൃത്ത് കടയിലേക്ക് ഓടിച്ചെന്ന് രണ്ടുമുഴം മുല്ലപ്പൂ വാങ്ങി കൈയിൽ പിടിച്ചു. എന്നാൽ അതോടെ അദ്ദേഹത്തിൻ്റെ പ്രകൃതം മാറി. അതിലെ പൂവുകൾ വല്ലാത്ത ആസക്തിയോടെ മൂക്കിനോടടുപ്പിച്ചു ശ്വസിച്ചു. 'എന്തൊരുന്മാദം! .ഇതാണ് എന്നെ ഇപ്പോൾ ജീവിപ്പിക്കുന്നത്. എനിക്ക് ജീവിതം തന്നത് ഈ പൂവാണ്. ഇത് എൻ്റെ എല്ലാ ദുഃഖവും അകറ്റി ' - അദ്ദേഹം പറഞ്ഞുകൊണ്ടിരുന്നു.

ഇതാണ് ഒരു വസ്തു നമ്മളിലേക്ക് വരുന്നതിന്റെ ശരിയായ അനുഭവം. നമ്മൾ സ്നേഹിക്കുന്നതിനനുസരിച്ചു ഓരോ വസ്തുവും ചലിക്കുകയാണ്. എല്ലാറ്റിലും നമ്മെ ബന്ധിപ്പിക്കുന്ന എന്തോ ഉണ്ട്. അത് സ്നേഹമാണെന്ന് ഞാൻ വിചാരിക്കുന്നു. സ്നേഹം എല്ലാ വസ്തുക്കൾക്കും തിരിച്ചറിയാം.  നമ്മൾ അത് ആദ്യം തിരിച്ചറിയണം. നമുക്കാണ് ഒരു ലോകത്തിൻ്റെ  ആവശ്യമുള്ളത് .വെറും ലോകമല്ല; ആരവങ്ങൾ ഒഴിയാത്ത, പ്രകടനങ്ങൾക്ക് വിരാമമില്ലാത്ത, ധാരാളിത്തത്തിനു അറുതിയില്ലാത്ത ലോകം. ആ ലോകവുമായി നാം സൃഷ്ടിക്കുന്ന ബന്ധം നമ്മെയും നിർവ്വചിക്കുന്നു. നാം എന്താണോ, എന്തായിതീരണോ എന്നൊക്കെ നിശ്ചയിക്കുന്നത് നാം സൃഷ്ടിക്കുന്ന ഈ ബന്ധമാണ് .നമ്മൾ കല്ലെടുത്ത് എറിഞ്ഞു കൊള്ളിച്ചു ഓടിച്ച ഒരു മൃഗവും നമ്മുടെ സുഹൃത്തായിരിക്കില്ല .കാരണം, അതോടെ നമ്മളുമായുള്ള ബന്ധത്തിൻ്റെ ഐന്ദ്രിയ കോഡ് നഷ്ടപ്പെടുന്നു. അതിനെ സംശയവും ഭീതിയും മറ്റൊരു വഴിക്ക് കൊണ്ടുപോവുകയാണ്.

നാം പുരാതന ജീവികളാണ്. ഒരു കടലു കണ്ടാൽ നമുക്ക് പൂർവ്വകാലങ്ങളിലെ  കടൽത്തിരകൾ ഓർമ്മവരും. ഓർമ്മകൾ കാലങ്ങളിലൂടെ പിന്നോട്ട് പോയി ശതഗുണീഭവിക്കും. മാത്യു ആർനോൾഡ് 'ഡോവർ ബീച്ച് 'എന്ന കവിതയിൽ അത് കാണിച്ചു തന്നത് ഓർക്കുമല്ലോ :

Sophocles long ago 

Heard it on the Aegean, and it brought 

Into his mind the turbid ebb and flow

Of human misery ;we

Find also in the sound a thought ,

Hearing it by this distant northern sea"

സോഫോക്ലിസ് ഈജിയൻ കടൽതീരത്ത് അത് കേട്ടു. അത് മനുഷ്യദുരിതത്തിൻ്റെ പ്രക്ഷുബ്ധമായ കയറ്റിറക്കങ്ങൾ കാണിച്ചു കൊടുത്തു. നമ്മളും ഈ ശബ്ദത്തിൽ പ്രാചീനമായ ചിന്തകൾ അനുഭവിക്കുന്നു .ഈ വിദൂരമായ വടക്കൻ കടലിലും അതു തന്നെ .പുരാതനത്വം നമ്മളിലിരുന്ന് തുബുരു മീട്ടുകയാണ്. അതെല്ലാം ചുറ്റുപാടുമുള്ള വസ്തുക്കളെ അറിയാൻ സഹായിക്കുന്ന കോഡുകളാണ്. കേൾക്കാനുള്ള കാതും അറിയാനുള്ള മനസ്സും വേണം. മനസ്സ് നഷ്ടപ്പെടുകയാണ് എപ്പോഴും. ചിതറിയത് പെറുക്കിക്കൂട്ടി യോജിപ്പിച്ചാലേ മനസ്സ് നിലനിൽക്കുന്നുള്ളൂ. മനസ്സിൽ സ്നേഹിച്ചതൊക്കെ അങ്ങനെ തന്നെയായിരിക്കുന്നില്ല .കണ്ണാടി താഴെ വീണു പൊട്ടുന്നതു പോലെ മനസ്സ് ഓരോ നിമിഷവും ചിതറുന്നു .വീണ്ടും അത് മറ്റൊന്നായി പുന:സംഘടിപ്പിക്കപ്പെടുന്നു. അതുകൊണ്ടാണ് വർഷങ്ങൾക്കു മുമ്പ് മന:ശാസ്ത്രം മരിച്ചു എന്നു ഞാൻ എഴുതിയത്. ഒരാൾക്ക് കൃത്യമായ ഒരു സ്വഭാവം ഉണ്ടെന്നത് ഒരു സങ്കല്പമാണ്. അയാൾ പല കാലങ്ങളിൽ പലതാണ്.

എന്നാൽ അങ്ങനെയല്ലാതെ ജീവിക്കേണ്ടത് ആവശ്യമാണ്. അതുകൊണ്ട് സ്വയം കള്ളം പറയുന്നു. സന്ദർഭത്തിനൊത്ത് മനുഷ്യൻ മാറുന്നു. യാതൊന്നിനോടും കൂറില്ലാത്തവൻ ഒരു  പ്രത്യേക ഘട്ടത്തിൽ ഏതെങ്കിലും ഒന്നിനോട് അടുപ്പം കാണിക്കുന്നതിനെ സ്നേഹമെന്ന് വിളിക്കാനാവില്ലല്ലോ.

കാരണം ,മനസ്സ് ഒരു സത്യമല്ല. അതുകൊണ്ട് സ്നേഹത്തിനു കുറേക്കൂടി മൂല്യം കൈവരുന്നു. ചിതറിയ മനസ്സിൽ നിന്ന് വൈകാരികമായ സത്യത്തിലേക്ക് മനസ്സ് ഉണർന്നുവരുന്ന അനുഭവമാണത്.

സ്നേഹിക്കുന്നത് ഒന്നിനും വേണ്ടിയല്ല ;അതുകൊണ്ടാണ് അത് മഹത്വമുള്ളതാകുന്നത്. പ്രത്യേക കാര്യം നേടിയെടുക്കാനാണ് സ്നേഹമെങ്കിൽ അത് മനസ്സിനൊപ്പം ഇല്ലാതാകും .മനസിനൊപ്പം തകരാതെ നോക്കാനാണ് നാം ശ്രദ്ധിക്കേണ്ടത്. 

മനുഷ്യൻ പരിചയപ്പെട്ട സ്നേഹത്തിനു അപ്പുറത്തുള്ള സ്നേഹമാണിത്. ഏതൊരു വസ്തുവിനെയും ആത്മാർത്ഥമായി സ്നേഹിച്ചാൽ അത് തിരിച്ചും സ്നേഹിക്കും .നമ്മൾ അതിനു കൊടുത്ത സ്നേഹം ആ വസ്തുവിന്റെ മുഖത്ത് കാണാനാവും.ഒരു പുസ്തകം ഉദാഹരണമായെടുക്കാം. നമ്മൾ  സ്ഥിരമായി ഉപയോഗിക്കുകയാണെങ്കിൽ അതൊരു സ്നേഹബന്ധമായി മാറുന്നതാണ്. സ്നേഹമായാൽ പുസ്തകത്തെ അഴുക്കു പുരളാതെ നാം സൂക്ഷിക്കും. പുസ്തകത്തിൽ അതിൻ്റെ ഗുണം കാണാനുണ്ടാകും.

അത് എപ്പോഴും നമ്മുടെയടുത്തുണ്ടാകും. നമ്മൾ തലോടാൻ കൈയിലെടുക്കുമെന്ന്  പുസ്തകം പ്രതീക്ഷിക്കും .അതിനായി അധികം തിരയേണ്ടി വരില്ല. 

കാരണം ,നാം അതിനു ശ്രദ്ധ കൊടുക്കുകയാണല്ലോ. 

പുസ്തകത്തിൻ്റെ ജീവിതം സജീവമായി നിൽക്കും. അതിനോട്  ഒരു ബന്ധം ഉണ്ടാകുന്നു. പുസ്തകം അത് മനസ്സിലാക്കുന്നു. പ്രാപഞ്ചിക ജീവിതത്തിലെ വലിയൊരു ബന്ധമാണത്. ആ ബന്ധം എന്നെന്നും  നിലനിൽക്കണമെന്ന് ആരാണ് ആഗ്രഹിക്കാത്തത് ? പുസ്തകത്തിനു ഈ ലോകത്തെ ഉപേക്ഷിക്കാനാവില്ല. പുസ്തകത്തെ സ്നേഹിക്കുന്ന നമുക്കും അതിന് കഴിയില്ല.  അതിനോടുള്ള സ്നേഹം ഉപേക്ഷിക്കുകയാണെങ്കിലോ ? ആ പുസ്തകത്തിൻ്റെ കുറെക്കൂടി നല്ലൊരു പതിപ്പ് കൈയിൽ കിട്ടിയാൽ പഴയതിനെ ഒരിടത്തേക്ക് മാറ്റിവയ്ക്കാനിടയുണ്ട് .അതോടെ ആ പുസ്തകത്തിനു തകർച്ച സംഭവിക്കുകയാണ്. ആന്ധ്യത്തിലും ബാധിര്യത്തിലും അത് ഉലയും. ലക്ഷ്യം തെറ്റി യാത്രയവസാനിപ്പിക്കും . പൊടിപടലം അതിൽ നിറയും. പ്രാണികൾക്ക് കയറി യഥേഷ്ടം നശിപ്പിക്കാനും വിളയാടാനുള്ള ഒരു പേടകമായി അത് മാറും. ആ പുസ്തകം ആത്മഹത്യ ചെയ്യുകയാണ്. ഒരു യാത്രയുടെ അപ്രതീക്ഷിതമായ വഴിത്തിരിവ് അതിനെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണ് .ആരാണ് തടയാനുള്ളത് ?

പതിമൂന്നാം നൂറ്റാണ്ടിലെ പേർഷ്യൻ കവി ജലാലുദ്ദീൻ റൂമി എഴുതുന്നു:

"Why are you so busy 

with this or that or good or bad 

pay attention to how things blend "

ഇങ്ങനെയാണ് ഏതൊരു വസ്തുവും . നമ്മുടെ സ്നേഹത്തിനായി വസ്തുവിന്റെ ഹൃദയം തുടിക്കുന്നു. നമ്മൾ പക്ഷേ ,അതറിയുന്നില്ല. മനുഷ്യർ സ്നേഹത്തിനല്ലല്ലോ ഉപയോഗത്തിനല്ലേ വില കൊടുക്കുന്നത്. ഒരു പശുവിനെ വാങ്ങി അതിൻ്റെ പാൽ കറന്നെടുത്ത ശേഷം നാം കൊല്ലാൻ കൊടുക്കുകയല്ലേ ? അവിടെ ഉപയോഗമല്ലേയുള്ളു. മനുഷ്യൻ ഉപേക്ഷിച്ചാൽ ഒരു വസ്തുവിനു പിടിച്ചുനിൽക്കാനാവില്ല. കാരണം, സ്നേഹനഷ്ടം അതിനു താങ്ങാനാവില്ല .ഏതൊരു സസ്യവും സ്നേഹരാഹിതത്തിൽ വിമുഖമായി ജീവിച്ചേക്കാം.എന്നാൽ മനുഷ്യൻ സ്പർശിച്ചു സ്നേഹിക്കുകയാണെന്ന് ഉറപ്പു വരുത്തുന്ന നിമിഷം തൊട്ട് അത് ജീവിതത്തെ തേടിപ്പിടിക്കുന്നു. വളരാനായി വെമ്പുന്നു. തണ്ടു വളഞ്ഞ് ഇനി വളരേണ്ട എന്നു തീരുമാനിച്ചു താഴേക്ക് നോക്കി നിൽക്കുന്ന ഒരു ചെടിയെ പിടിച്ചെഴുന്നേല്പിച്ച് ഉയർത്തി നിർത്തി നോക്കൂ .സ്നേഹമാണ് അതിലേക്ക് പ്രവഹിക്കുന്നത്. ആ സ്നേഹത്തെ തിരിച്ചറിയാൻ ആ സസ്യത്തിനു കഴിവുണ്ട് .അതിനെ നമ്മളുമായി ബന്ധിപ്പിക്കുന്ന ഒരു പ്രാപഞ്ചികമായ കോഡാണത്.

നമ്മുടെ എല്ലാ സംജ്ഞകളും വസ്തുക്കൾക്ക് സംവേദനം ചെയ്യുന്നില്ല. അതിൻ്റെ ആവശ്യമില്ല. എന്നാൽ സ്നേഹസ്പർശത്തെ അത് പെട്ടെന്ന് മനസ്സിലാക്കുന്നു. വളരാൻ വിസമ്മതിക്കുന്ന ഏത് സസ്യത്തെയും സ്നേഹപ്രകടനത്തിലൂടെ ഉണർത്താനാവും. ഏതാനും ആഴ്ചകൾക്കുള്ളിൽ അത് സൂര്യനെ ലക്ഷ്യമാക്കി വളരും. അതിനു ദൈവത്തിന്റെ ഒരു ഭാഷയിലേക്ക് പ്രവേശനം ലഭിച്ചിരിക്കുന്നു .ദൈവം എന്നു കേൾക്കുമ്പോൾ ചില ഭൗതികവാദികൾ അന്ധവിശ്വാസമെന്ന് പ്രചരിപ്പിക്കാനിടയുണ്ട്. അവർക്ക് മറുപടി, ദൈവം അവർ വിചാരിക്കുന്ന പോലെ ഒരു പ്രതിഷ്ഠയോ, മൂർത്തിയോ അല്ലെന്നതാണ്. ദൈവം ഒരു വ്യക്തിയല്ല; അത് ഒരു അദൃശ്യമായ റിഥമാണ്. അതിൻ്റെ ഘടകങ്ങൾ സന്തോഷവും രമ്യതയും സ്നേഹവുമാണ്. ശരീരത്തിലെ അവയവങ്ങൾ ഒരു റിഥത്തിൽ പ്രവർത്തിക്കുന്നതുപോലെ പ്രപഞ്ചവും പ്രവർത്തിക്കുന്നു. സ്നേഹഭാവനയിലൂടെ നാം മറ്റൊന്നിനോട് പെരുമാറുമ്പോൾ, അതിൻ്റെ സത്യത്തിലും സാക്ഷാത്കാരത്തിലും  തിരിച്ചറിയപ്പെടുമ്പോൾ പ്രാപഞ്ചികമായ ഒരു സംവേദന തലം  രൂപപ്പെടുകയാണ്. അവിടെ ദൈവത്തിൻ്റെ ഒരു സംവേദനം സംഭവിക്കുന്നു. ഈ ദൈവത്തെ മതാത്മകമായി കാണരുത്. ഇത് പ്രാപഞ്ചികമായ രമ്യതയുടെ ബോധമാണ് .

ഒരു കാക്കയ്ക്ക് നിങ്ങൾ കുറച്ചു ദിവസങ്ങൾ തുടർച്ചയായി ദാഹജലം നൽകി നോക്കൂ. പതിവായി അത് വന്ന് വെള്ളം കുടിക്കും .പിന്നീട് നിങ്ങൾ വെള്ളം കൊടുക്കാതിരുന്നാലും അത് വരും. നിങ്ങളുടെ വീടിനു സമീപത്തും , ചിലപ്പോൾ വീട്ടിലും വന്നിരിക്കും. അതിനു നിങ്ങളെ വിശ്വാസമാണ്;നിങ്ങളെ മനസ്സിലായി എന്നർത്ഥം. പിന്നീടത് നിങ്ങളുടെ വീടിനടുത്ത് നിന്നു പോകാൻ വിസമ്മതിക്കും. ഓടിച്ചു വിട്ടാലും പോകില്ല .എന്തുകൊണ്ട്? അത് പ്രാപഞ്ചികമായ ഒരറിവിൻ്റെ 

നേർരേഖയിൽ ഉചിതമായി സംവേദനം ചെയ്യപ്പെട്ടിരിക്കുന്നു. അതിനു മനസ്സിലാകുന്ന വിശേഷപ്പെട്ട ഒരു ധാരയാണത്. പിന്നെന്തിനു അത് ദൂരേക്ക് പറന്നു പോകണം? പൂച്ചകളെ സ്നേഹിക്കൂ. അത് നിങ്ങളെ ഉപേക്ഷിച്ചു എങ്ങും പോകില്ല. എപ്പോഴും നിങ്ങളെ സ്നേഹിച്ചുകൊണ്ട് അത് കൂടെ നടക്കും. അതിൻ്റെ സദാ നിർവ്വികാരമായ മുഖം സ്നേഹത്തിൽ പ്രകാശിക്കും .ഒരു പൂച്ച ജീവിതത്തിന്റെ ഭാവിയെയോ, ആശങ്കകളെയോ ഗൗരവമായെടുക്കുന്നില്ല.അത് ഒരു തത്ത്വജ്ഞാനിയാണെന്ന

ജോൺ ഗ്രേ(John Gray)യുടെ വാദം അംഗീകരിക്കുകയാണ്.അദ്ദേഹത്തിൻ്റെ Felin Philosophy:Cats and the Meaning of Life എന്ന പുസ്തകം മനുഷ്യനിൽ നിന്നു പൂച്ചകൾ എങ്ങനെ അനായാസമായി സുഖം നേടുന്നുവെന്ന് ചർച്ച ചെയ്യുന്നുണ്ട്. വോക്സ് ഡോട്ട് കോമിലെ ഒരു അഭിമുഖത്തിൽ 

അദ്ദേഹം പറഞ്ഞു:

"Unless cats are hungry or mating or directly threatened,they default to a condition of rest or contentment or tranquility basically the opposite of humans.

പൂച്ചയ്ക്ക് ദാഹത്തിൻ്റെയോ ഇണ ചേരലിൻ്റെയോ ഭീതിയുടെയോ പ്രശ്നങ്ങളില്ലെങ്കിൽ അവയ്ക്ക് സ്വസ്ഥമായി വിശ്രമിക്കാനും ശാന്തമായിരിക്കാനും കഴിയും ;ഇത് അടിസ്ഥാനപരമായി മനുഷ്യർക്കു വിപരീതമാണ് .പൂച്ച ഒരു സമ്മർദ്ദവുമില്ലാതെ അപരാഹ്നങ്ങളിൽ നിലത്ത് മലർന്നു കിടക്കുന്നു. അത് സ്നേഹത്തിൽ വിശ്വസിക്കുന്നു. ബന്ധങ്ങൾ തിരിച്ചറിയുന്നു. പൂച്ചയെ നാം എത്ര ദൂരം അകലെ കൊണ്ടുവിട്ടാലും അത് തിരിച്ചെത്തുന്നു. ഇതാണ് പ്രാപഞ്ചികമായ സ്നേഹം; ഈ സ്നേഹം മനുഷ്യർക്ക് പൊതുവേ അത്ര പരിചയമുള്ളതല്ല.മനുഷ്യൻ എല്ലാത്തിനെയും സംശയിക്കുകയും അകറ്റുകയും ചെയ്യുകയാണല്ലോ. മനുഷ്യനു സ്നേഹത്തെ ദ്വേഷം കൊണ്ടേ അളക്കാനാവൂ .അതായത് ,ഒരാളെ സ്നേഹിക്കുമ്പോൾ തന്നെ മനുഷ്യൻ  അവനെ വെറുക്കുന്നതെങ്ങനെയെന്നും പരിശോധിക്കുന്നു .വെറുത്തുകൊണ്ടും വെറുപ്പിനെ അമർത്തിക്കൊണ്ടുമാണ്  അവൻ സ്നേഹിക്കുന്നത്.  അതുകൊണ്ട് സ്നേഹത്തിൻ്റെ  ശുദ്ധാവസ്ഥ അവനു നഷ്ടമാകുന്നു.

എന്നാൽ മനുഷ്യൻ്റെ സ്നേഹത്തെ വിമോചനദ്രവ്യമായി മനസ്സിലാക്കുന്ന എല്ലാ വസ്തുക്കൾക്കും അത് നഷ്ടപ്പെട്ടാൽ ആത്മഹത്യ ചെയ്യാനേ കഴിയൂ.  ഉപേക്ഷിക്കപ്പെടുന്ന വസ്തുക്കളുടെ സ്വാഭാവികമായ മരണമാണത്. അവിടെ സ്വയം ഉപേക്ഷിക്കുകയല്ലാതെ വേറെ മാർഗ്ഗമില്ല .ആത്മഹത്യ എന്ന വാക്കിൻ്റെ വിപുലമായ അർത്ഥത്തിലാണ് ഇവിടെ ഉപയോഗിക്കുന്നത്. മരണവാസന ഏതു ജീവിക്കുമുണ്ട് .ഒഴിവുവേളകളിൽ മരണത്തെക്കുറിച്ച് ചിന്തിക്കാത്ത ഒരു മനുഷ്യനുമില്ല. നമ്മൾ നിത്യവും ഉപയോഗിക്കുന്നതും സ്നേഹിക്കുന്നതുമായ ഏതു വസ്തുവും ജീവിതത്തിൻ്റെ  ആകസ്മികമായ വെല്ലുവിളികൾക്ക് നടുവിലാണ്.ഏത് നിമിഷവും ആ സ്നേഹം നഷ്ടപ്പെടുമല്ലോ. 

ചിലർ പുരാവസ്തുക്കൾ സൂക്ഷിച്ചു വയ്ക്കുന്നത് കാണാം. അവർ അതിനെ നിത്യവും തുടച്ചു വൃത്തിയാക്കി സജീവമാക്കുന്നതുകൊണ്ട് നിലനിൽക്കുന്നു .എന്നെങ്കിലും ആ വസ്തുക്കളെ ശ്രദ്ധിക്കാതായാൽ അതെല്ലാം ആക്രിസാധനങ്ങൾക്ക് സമാനമാകും.ആത്മഹത്യ ചെയ്ത വസ്തുക്കൾ എന്ന സ്ഥാനമാണ് അതിനുണ്ടാവുക. 

ലോകത്തെ നിലനിർത്തുന്ന ഒരു മഹാശ്രംഖലയിൽ നിന്നു താഴെ വീഴുമ്പോൾ ആത്മഹത്യയല്ലാതെ വേറൊരു വഴിയില്ല .അത് സ്വാഭാവികമാണ്. ഇതു മനുഷ്യബന്ധങ്ങളിലും കാണാം. നാം ഉപേക്ഷിക്കുകയാണെങ്കിൽ, ഒരു സുഹൃത്ത് അക്ഷരാർത്ഥത്തിൽ മരിക്കുന്നില്ലായിരിക്കാം .എന്നാൽ അയാൾക്ക് നമ്മോടുണ്ടായിരുന്ന മനോഭാവം ആത്മഹത്യ ചെയ്യും .

ചിലപ്പോൾ ഒരു പുനരുജ്ജീവനം സാധ്യമാകാതെ വരും.അങ്ങനെ പുനരുജ്ജീവനം സാധ്യമാകാത്ത എത്രയോ മനുഷ്യബന്ധങ്ങളുണ്ട്. പതിറ്റാണ്ടിലേറെക്കാലം ഭാര്യാഭർത്താക്കന്മാരായിരുന്ന ശേഷം വേർപിരിഞ്ഞവർ പരസ്പരം ഉപേക്ഷിക്കപ്പെട്ടവരെന്ന നിലയിൽ ആത്മഹത്യയുടെ പ്രതീതിയിൽ തന്നെ  തുടരുകയാണ് .അവരുടെ വലിയൊരു മനസ്സ് അപ്രത്യക്ഷമാവുകയാണ്. സ്നേഹിച്ച കാലത്തെ പെരുമാറ്റങ്ങളും ഓർമ്മകളും അവർ നശിപ്പിച്ചു കളയുന്നു. അവരുടെ മനസ്സിൽ അതെല്ലാം ഉപേക്ഷിക്കപ്പെട്ട വസ്തുക്കളായിപോലും കാണില്ല .ഒരാത്മഹത്യ തന്നെയാണ് അവിടെ സംഭവിക്കുന്നത്.

ഓഷോവിൻ്റെ ഒരു നിർദ്ദേശം ഓർക്കുകയാണ്. നമ്മെ അപമാനിക്കുകയോ വേദനിപ്പിക്കുകയോ ചെയ്യുന്ന വ്യക്തിയോട് പെട്ടെന്ന് പ്രതികരിക്കരുതെന്നാണ് അദ്ദേഹം  പറയുന്നത്. ഇരുപത്തി നാലു മണിക്കൂർ സമയത്തേക്ക് ഒന്നും പറയുകയോ ചെയ്യുകയോ അരുത്. ഇരുപത്തിനാലു മണിക്കൂർ കഴിഞ്ഞ് എന്തു തോന്നുന്നുവോ അത് ചെയ്യുക .സ്വാഭാവികമായും ഇരുപത്തിനാലു മണിക്കൂർ പിന്നിടുന്നതോടെ ക്ഷമിക്കാൻ തോന്നും. മനുഷ്യരെ  ഉപേക്ഷിക്കാതിരിക്കാൻ ഇതു  സഹായിക്കും. നമ്മളിൽ സ്നേഹവും ജീവിക്കാനുള്ള ആശയുമുണ്ടെങ്കിലേ ഇത് സാധ്യമാകുകയുള്ളൂ .തച്ചുടയ്ക്കാനുള്ള വാസനകൾ എല്ലാവരിലുമുണ്ട്. അതിനെ അമർച്ച ചെയ്യാനുള്ള ഇച്ഛാശക്തിയുണ്ടാകണം. അതിനുവേണ്ടിയാണ് ത്യാഗം ചെയ്യേണ്ടത്.പരിത്യാഗം അഥവാ ഭോഗത്തിൽ നിന്നുള്ള പിന്തിരിയൽ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഈ ഇച്ഛാശക്തിയാണ്. നശീകരണ, ഭോഗ, വിദ്വേഷവാസനകളെ നിയന്ത്രിച്ചില്ലെങ്കിൽ എല്ലാറ്റിനെയും നിർദ്ദയം ഉപേക്ഷിക്കുന്ന ക്രൂരനായി നാം മാറും .സ്നേഹം എന്തിനെയെങ്കിലും ഉപേക്ഷിക്കാനുള്ളതല്ല .എല്ലാറ്റിനെയും സ്നേഹിക്കുക എന്നാൽ എല്ലാറ്റിനെയും സ്വന്തമാക്കുക എന്നാണർത്ഥം. അമിതമായ സ്വാർത്ഥ, ഭോഗതാൽപര്യങ്ങൾ ഇല്ലെങ്കിൽ എല്ലാ സൗന്ദര്യവും വസ്തുക്കളും നമ്മുടേതാണ്.

ഹിമാലയ താഴ്വരയിൽ നിൽക്കുന്ന സുന്ദരവൃക്ഷങ്ങൾ നമ്മുടേതല്ലേ ? നമ്മുടേതാക്കാൻ വേണ്ടി ആ സ്ഥലം തീറെഴുതി വാങ്ങണോ ?അല്ലെങ്കിൽ ആ വൃക്ഷങ്ങൾ പിഴുതു കൊണ്ടുവന്ന് സ്വന്തം തൊടിയിൽ നട്ടുപിടിപ്പിക്കണോ ?നാം സ്വന്തം അസ്തിത്വത്തെ അനശ്വരമായി കാണുന്നതുകൊണ്ടാണ് എല്ലാം സ്വന്തം തൊടിയിലോ വീട്ടിലോ ഉണ്ടാകണമെന്ന് ശഠിക്കുന്നത്. സ്വന്തമെന്ന അനുഭവത്തെക്കുറിച്ചുള്ള ശരിയായ ധാരണയായി ഇതിനെ കാണാനാവും. സ്വന്തമാക്കുക എന്നാൽ വാങ്ങുക എന്നല്ല ;അത് ഒരു അധീശത്വമല്ല ;അധികാര പ്രയോഗമല്ല. സ്വന്തം പോക്കറ്റിലെ പേന എടുത്തുപയോഗിക്കുന്നപോലെ ലോകത്തോടുള്ള ബന്ധത്തെ കാണാനാവില്ല .സ്വന്തമാക്കലിൽ നിർവാജ്യമായ സ്നേഹമുണ്ടായാൽ മതി .എല്ലാം നമ്മുടേതാണ്. ഓരോന്നും അതാതിന്റെ യഥാർത്ഥ സ്ഥാനത്ത് തുടരട്ടെ. അല്ലെങ്കിൽ അത് നമ്മുടെ മനസ്സിനെ മഥിക്കാൻ തുടങ്ങും. സ്ഥാനചലനങ്ങൾക്ക് ശ്രമിച്ചാൽ അലങ്കോലമാവും ഫലം. ഒന്നിനെ മറ്റൊന്നാക്കി സ്വന്തമാക്കുമ്പോൾ അതിൻ്റെ ഉത്തരവാദിത്വവും നമ്മുടെ മേലായിരിക്കും .

ഉത്തരവാദിത്വമേൽക്കാൻ നമുക്ക് കഴിയാറില്ല. അതുകൊണ്ട് ശരിയായ ശ്രദ്ധകൊടുക്കാനും സാധ്യമാവില്ല. ഈ അവസ്ഥ നാം സ്വന്തമാക്കിയതിനെ തന്നെ അപകടത്തിലാക്കും. ഉപേക്ഷിക്കപ്പെട്ടപോലെ അത് നമ്മുടെ അധീനതയിൽ കിടന്നു വീർപ്പുമുട്ടി ആത്മഹത്യ ചെയ്യും .ഇതാണ് ശരിക്കും  സംഭവിക്കുന്നത്. പ്രേമിക്കുന്ന പെണ്ണിനെ വെറുതെ പ്രേമിച്ചാൽ പോരാ; സമൃദ്ധമായി പ്രേമിക്കണം; പ്രേമിച്ചുകൊണ്ടേയിരിക്കണം. മറന്നുപോകുന്ന സ്നേഹങ്ങൾക്ക് പകരമായി പുതിയ സ്നേഹങ്ങൾ അവൾക്കായി കരുതിയിട്ടുണ്ടാകണം. ഉപേക്ഷിക്കപ്പെടുന്നതായി, അവഗണിക്കപ്പെടുന്നതായി അവൾക്ക് തോന്നി തുടങ്ങുന്ന നിമിഷം ഏറ്റവും ആപത്ക്കരമായി കാണണം. അത് ദൂരവ്യാപകമായ ഒരാപത്തിൻ്റെ സൂചനയാണ് .അവളുടെ സൗന്ദര്യവും രതിയും നശിക്കാൻ അതിടയാക്കും. ഒരു താളവുമില്ലാതെ നൃത്തം ചെയ്താൽ എന്തു സംഭവിക്കും. ?

നൃത്തം ഇടയ്ക്കുവെച്ച് മുറിയും.

അതുതന്നെയാണ് ആത്മഹത്യ. 

ഓഷോ പറഞ്ഞു :"No എന്നു പറഞ്ഞുകൊണ്ടിരുന്നാൽ ജീവിതം സാധ്യമാകില്ല .No പറഞ്ഞുകൊണ്ട് ജീവിതം നയിച്ചാൽ ജീവിതം നഷ്ടപ്പെടും .No യിൽ നിന്ന് ഒരു താവളം സൃഷ്ടിക്കാനാവില്ല. കാരണം, No ശൂന്യതയാണ് .No  ഇരുട്ടുപോലെയാണ്. ഇരുട്ടിനു യഥാർത്ഥമായ നിലനിൽപ്പില്ല; അത് പ്രകാശത്തിന്റെ അഭാവം മാത്രമാണ് . അതിനാൽ ഇരുട്ടുകൊണ്ട് നിങ്ങൾക്ക് നേരിട്ട് ഒന്നും ചെയ്യാനാവില്ല. മുറിക്കു വെളിയിലേക്ക് അതിനെ തള്ളി നീക്കാനാവില്ല. അയൽപക്കത്തെ വീട്ടിലേക്ക് അതിനെ എറിഞ്ഞുകളയാനുമാവില്ല .ഇരുട്ടു കൊണ്ട് ഒന്നും ചെയ്യാനാവില്ല. എന്തെങ്കിലും ചെയ്യാനാകണമെങ്കിൽ പ്രകാശം തെളിക്കണം. yes എന്നതാണ്  പ്രകാശം.No എന്നതാണ് ഇരുട്ട്. ജീവിതത്തിൽ യഥാർത്ഥത്തിൽ എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ Yes ൻ്റെ വഴി  പഠിക്കണം. Yes അസാധാരണമായി മനോഹരമാണ് .അത് വളരെ ആശ്വാസകരമാണ് .അത് നിങ്ങളുടെ ജീവിതരീതിയാകട്ടെ; മരങ്ങളോടും പക്ഷികളോടും ആളുകളോടും Yes പറഞ്ഞു നോക്കൂ ,അതിശയകരമായിരിക്കും ഫലം. ജീവിതം ഒരു അനുഗ്രഹമായിരിക്കും, നിങ്ങൾ അതിനോട് Yes പറയാനുണ്ടെങ്കിൽ ".

ജീവിതം ഒരു വലിയ സാഹസികതയാണ്. നമ്മൾ സ്നേഹിച്ച വസ്തുക്കളെ ആത്മഹത്യയിലേക്ക്  തള്ളിവിടാതിരിക്കാൻ ഓഷോയുടെ  വാക്കുകളും സഹായകമാണ്. Yes  പറയാനായി നമ്മൾ താഴോട്ട് മുട്ടുകുത്തണം ;പേരോ,നാടോ,വീടോ നമുക്ക് ഉപേക്ഷിക്കാനാവില്ല. നമ്മുടെ കപട ആത്മാഭിമാനത്തെയും പൊയ്‌വിശ്വാസങ്ങളെയും മിഥ്യകളെയും  ഉപേക്ഷിക്കാനാവും .

നമ്മളിൽ നേരത്തെ തന്നെ വേരുപിടിച്ച ആഗ്രഹങ്ങൾ ,പതനമോഹങ്ങൾ, പ്രത്യക്ഷത്തിൽ നമുക്ക് ബോധ്യപ്പെടണമെന്നില്ല; അതിനെ അംഗീകരിക്കണമെന്നുമില്ല .കാരണം അതൊന്നും ഒരു സിവിൽ സമൂഹത്തിൽ ആരും ശരിവയ്ക്കുകയില്ല. പൗരജീവിതത്തിൻ്റെ തുറസ്സായ വീഥികളിൽ നെഗറ്റീവ് ചിന്തകൾക്കിടമില്ല. അതുകൊണ്ട് വ്യക്തികളുടെ പ്രതിലോമത്വരകൾ മനസ്സിനടിയിലേക്ക് താഴ്ത്തപ്പെടുന്നു. ഇത് ബോധപൂർവ്വം സംഭവിക്കുന്നില്ല. വ്യക്തിയിൽ അബോധമായി  സംഭവിക്കുകയാണ് .എന്നാൽ പ്രായം ചെല്ലുംതോറും അത് സാവധാനം പുറത്തേക്ക് വരാൻ തുടങ്ങും. അതു വരെയുണ്ടായിരുന്ന ചിന്തകൾ മുന്നോട്ടു പോകാനാവാതെ വരുകയോ , തിരിച്ചടി നേരിടുകയോ ചെയ്യുന്ന ഘട്ടത്തിൽ നാം നമ്മിൽ തന്നെ നിമജ്ജനം ചെയ്തതെല്ലാം തിരിച്ചു വരും.

സ്മൃതിനാശം പോലെയുള്ള രോഗങ്ങളും മറ്റു ശാരീരിക ,മാനസിക പ്രശ്നങ്ങളും അങ്ങനെയുണ്ടാകുന്നതാണെന്നു ഇന്നു ലഭ്യമായിട്ടുള്ള മന:ശാസ്ത്ര ചിന്തകളുടെ അടിസ്ഥാനത്തിൽ പറയാനാകും .റോണ്ടാ ബയേണിൻ്റെ The Power ((Law of Attraction) ,വിയറ്റ്നാം ബുദ്ധിസ്റ്റ് തീച്ച് നാത് ഹാൻ എഴുതിയ Being Peace,True Love തുടങ്ങിയ  പുസ്തകങ്ങൾ, ജിദ്ദു കൃഷ്ണമൂർത്തിയുടെ ചിന്തകൾ ,റോമാ ചക്രവർത്തിയും തത്ത്വചിന്തകനുമായിരുന്ന ഒറേലിയസിൻ്റെ ധ്യാനങ്ങൾ (Meditations) തുടങ്ങിയവയെല്ലാം  ഇതിലേക്ക് വെളിച്ചം വിതറുന്നു. ഒറേലിയസിൻ്റെ വാക്കുകൾ ഇങ്ങനെ:

Reject your sense of injury and the injury itself disappears.

ബൈബിളിലെ സഭാപ്രസംഗകനും നവസാഹിത്യപ്രമേയങ്ങളും / എം.കെ.ഹരികുമാർ

 


 

സഭാപ്രസംഗകൻ്റെ വാക്കുകളിലെ സാഹിത്യവിവക്ഷകളെക്കുറിച്ച് മലയാളത്തിൽ ഇതാദ്യമായി എം.കെ. ഹരികുമാറിൻ്റെ ലേഖനം

"ധനം എത്രയായാലും അവനു മതിവരുന്നില്ല .ആർക്കുവേണ്ടിയാണ് അധ്വാനിക്കുകയും സന്തോഷങ്ങൾ ഉപേക്ഷിക്കുകയും ചെയ്യുന്നതെന്ന് അവൻ ചിന്തിക്കുന്നില്ല .ഇതും മിഥ്യയും പരിതാപകരവുമാണ് "

സഭാപ്രസംഗകൻ ,4-8

സന്തോഷം മിഥ്യയാണെന്ന് ബൈബിളിൽ സഭാപ്രസംഗകൻ പറയുകയാണ്. പുരാതനമായ ഒരു ജ്ഞാനഗ്രന്ഥമായും വിവിധ ആശയസംഹിതകളുടെ പ്രഭവസ്ഥാനമായും സഭാപ്രസംഗകൻ്റെ വാക്കുകളെ കാണാനാണ് ഞാൻ താല്പര്യപ്പെടുന്നത്. ക്രിസ്തുവിനു മുൻപ് മൂന്നാം നൂറ്റാണ്ടിൽ ജീവിച്ച ഈ യഹൂദ ചിന്തകൻ ജ്ഞാനത്തിൻ്റെ ആഴത്തിലേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോവുകയാണ് .'ഭൂമിയുടെ വിളവ് എല്ലാവർക്കുമുള്ളതാണ്' എന്ന വാക്യത്തിൽ നിന്നല്ലേ മാർക്സിസം  ഉണ്ടായത് ?അധ്വാനിക്കുന്നവർക്ക് അതിൻ്റെ വീതം കിട്ടാതെ വരുമ്പോൾ, ഈ പ്രസ്താവം തെറ്റുകയാണ്. എന്നാൽ അതിലും സഭാപ്രസംഗകൻ മിഥ്യ കാണുകയാണ് .

"രാജാവിനും വിളവിൽ ആശ്രയിക്കാതെ വയ്യ. ദ്രവ്യഗ്രഹിക്കു ദ്രവ്യം കൊണ്ട് തൃപ്തിയടയുകയില്ല .ഇതും മിഥ്യ തന്നെ ". ദ്രവ്യം തുല്യമായി വീതിക്കപ്പെടുന്നതു നല്ലതുതന്നെ. പക്ഷേ അതുകൊണ്ട് എല്ലാം പരിഹരിച്ചു എന്നർത്ഥമില്ല. മനുഷ്യൻ അതിൽ തൃപ്തി നേടണമെന്നില്ല. അവൻ്റെ ആഗ്രഹങ്ങൾ പെരുകിക്കൊണ്ടിരിക്കും. മാർക്സിസത്തിൽ നിന്ന് വ്യതിചലിച്ചാൽ ദ്രവ്യമോഹത്തിലെത്തും. അധികാരവും അങ്ങനെ തന്നെ. അതിനെ ആഗ്രഹിക്കുന്നവനു തൃപ്തി കിട്ടുകയില്ലല്ലോ .ഉത്തരകൊറിയൻ ഭരണാധികാരി ഉൻ തൻ്റെ മരിച്ചുപോയ പിതാവ് ഇല്ലിൻ്റെ ഓർമ്മദിനത്തെ  മുന്നിൽ കണ്ടു പത്തു ദിവസത്തേക്ക് ചിരി നിരോധിച്ചത് അധികാരംകൊണ്ടു തൃപ്തി വന്നിട്ടില്ല എന്നാണ് സൂചിപ്പിക്കുന്നത്. സഭാപ്രസംഗകൻ ഇതിനെ മുന്നിൽ കണ്ടിരിക്കുന്നു. "ഇത് മിഥ്യ തന്നെ " എന്ന വാക്യം എപ്പോഴും മുഴങ്ങുകയാണ്. ഫലശൂന്യതയുടെയും   യുക്തിരാഹിത്യത്തിൻ്റെയും പെരുമ്പറ നാദം മുഴങ്ങിക്കൊണ്ടിരിക്കുമ്പോൾ സമാധാനത്തോടെ എങ്ങനെ പ്രാർത്ഥിക്കും?. മനുഷ്യൻ വന്നതുപോലെ പോലെ പോകേണ്ടവനാണ്. "അമ്മയുടെ ഉദരത്തിൽ നിന്ന് പുറത്തു വന്നതു പോലെ നഗ്നനായി തന്നെ അവൻ പോകും .അവൻ്റെ പ്രയത്നഫലത്തിലൊന്നും അവൻ കൊണ്ടുപോകുകയില്ല .അതും വലിയ തിന്മയാണ് .അവൻ വന്നതുപോലെ തന്നെ പോകും ".(5 -15-16)

ഈ ശൂന്യതയല്ലേ യാഥാർത്ഥ്യം ?നമ്മൾ എപ്പോഴു യാഥാർത്ഥ്യത്തിനു വില കൊടുക്കുന്നു. യാഥാർത്ഥ്യം ഒരു  മൂർത്തതയായി നാം വ്യാഖ്യാനിക്കുന്നു. ഭൗതികേതരമായ ആദർശങ്ങളെ തേടിച്ചെല്ലുന്ന എഴുത്തുകാരൻ യഥാർത്ഥ്യത്തെ നിഷേധിക്കുന്നു. എന്തിന് ? യാഥാർത്ഥ്യം അനീതി നിറഞ്ഞതാകയാൽ അതിൽ അയാൾക്ക് അഭിരമിക്കാൻ ഒന്നുമില്ല. അയാൾ ഭൗതികലോകത്തെ നിരാകരിക്കുകയാണ്. 1827 ൽ ഓസ്കാർ വൈൽഡിൻ്റെ ക്രോംവെൽ എന്ന നാടകത്തിനെഴുതിയ ആമുഖം  ഫ്രഞ്ച് കാല്പനികതയുടെ ഉദയം കുറിക്കുകയാണ്. കലയുടെ സൗന്ദര്യം കലയിൽ തന്നെ ഒതുങ്ങുകയാണിവിടെ .എന്നാൽ റിയലിസ്റ്റ് എഴുത്തുകാരും ഇതിനോട് യോജിക്കുന്നതാണ് കാണുന്നത്.  എമിലി സോളയും മറ്റും യഥാതഥമായി കഥ പറഞ്ഞപ്പോഴും ദാർശനികമായ സൂക്ഷ്മദർശനം സാധ്യമാക്കി.ക്ലാസിക്കൽ ,നിയോക്ലാസിക്കൽ സാഹിത്യത്തിൻ്റെ മൂശയിലിട്ടുവാർത്ത  സങ്കല്പങ്ങളോടു വിയോജിച്ചുകൊണ്ടാണ് അവർ യാഥാർത്ഥ്യം എന്ന ആശയത്തെ വികസിപ്പിച്ചത്.

എന്തിലാണ് സന്തോഷമുള്ളത് ?

യാഥാർത്ഥ്യം ,ഒരു ദാർശനികൻ്റെ കാഴ്ചപ്പാടിൽ മിഥ്യയാണ്. അവിടെ പ്രത്യക്ഷത്തിൽ കാണാത്തത് പലതും കാണേണ്ടിവരും. യാഥാർത്ഥ്യത്തെ കാൽപനികമായി മോടി പിടിപ്പിച്ചുകൊണ്ട് എഴുതിയവരുണ്ട്. വൈരുദ്ധ്യങ്ങൾക്കകത്ത്  തലയുയർത്താനാവാതെയാണ് ലോകത്ത് മനുഷ്യർ ജീവിക്കുന്നത്. എന്നാൽ എന്തിലാണ് അവന് സന്തോഷിക്കാനുള്ളത്?. സന്തോഷം തന്നെ മിഥ്യയായിരിക്കെ ,അവൻ എന്തെഴുതും ?

നിഴൽ പോലെ കടന്നുപോകുന്ന ഈ വ്യർത്ഥമായ ഹ്രസ്വജീവിതത്തെ എങ്ങനെ മനസ്സിലാക്കും? പൊരുളുകൾ  അറിയാത്തതിൻ്റെ വ്യഥ ഭയങ്കരമാണ്. കാഫ്കയുടെ കഥകൾ അതല്ലേ വിവരിക്കുന്നത്? പൊരുളുകളെ അത്  തുറിച്ചുനോക്കുന്ന പോലെയുണ്ട്. എന്നാൽ ആത്യന്തികമായ യാതൊന്നിലും എത്തിച്ചേരാനാകുന്നുമില്ല .മനുഷ്യൻ എങ്ങനെയാണ് തൻ്റെ ഏറ്റവും അഗാധവും ഏകാന്തവുമായ ഒരിടത്ത്  മറ്റാരോടും വിനിമയം ചെയ്യാനാകാത്ത വ്യഥ അനുഭവിക്കുന്നതെന്ന് ആ കഥകൾ സൂചന തരുന്നു.

It  sounds absurd, but it is true എന്ന കാഫ്കയുടെ നിരീക്ഷണം അദ്ദേഹത്തിൻ്റെ മിഥ്യാ ലോകത്തെക്കുറിച്ചുള്ള ഏകദേശ ധാരണ തരുന്നുണ്ട് .ഒരേ സമയം അസംബന്ധവും യാഥാർഥ്യവുമായിരിക്കുന്നതിൻ്റെ  മരവിപ്പും സന്ത്രാസവുമാണത്. 

ഉദ്യോഗസ്ഥന്മാരുടെയും നിയമങ്ങളുടെയും ഒരു മഹാപ്രപഞ്ചത്തിൽ എത്തിപ്പെടുന്ന ഒരാൾ ശരിയാണെന്ന് വിശ്വസിക്കുന്നത്, അപ്രതീക്ഷിതമായി തെറ്റാണെന്ന് തെളിയിക്കപ്പെടുന്നു. പ്രതീക്ഷ നിലനിർത്തുകയും അത് പൊടുന്നനെ തകർക്കപ്പെടുകയുമാണ് ചെയ്യുന്നത് .

ഒരു വ്യവസ്ഥയ്ക്കകത്ത് നിൽക്കുന്നത് നമുക്ക് വേണ്ടിയാകണമെന്നില്ല; അതിൻ്റെ നിലനിൽപ്പിനുവേണ്ടിയായിരിക്കാം. വ്യവസ്ഥമാത്രമാണുള്ളത്; എന്നാൽ  അത് നിറയെ യുക്തിരാഹിത്യവും സമസ്യകളുമായിരിക്കും. ദുർഗത്തിൽ പ്രവേശിക്കാനെത്തുന്ന ലാൻഡ് സർവെയറായ കെ എന്ന കഥാപാത്രമാണല്ലോ 'കാസിലി'ലെ  കേന്ദ്രബിന്ദു. എന്നാൽ അയാൾക്ക് ദുർഗത്തിൽ പ്രവേശിക്കാനാവുന്നില്ല. പല വഴികൾ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ടെങ്കിലും, അതൊന്നും അയാളെ രക്ഷിക്കുന്നില്ല. 

അപരിചിതത്വം നിമിഷംതോറും വർദ്ധിക്കുന്നതല്ലാതെ ഒന്നും സംഭവിക്കുന്നില്ല. ഓരോ പുതിയ വ്യക്തിയെ പരിചയപ്പെടുമ്പോഴും  ലക്ഷ്യത്തെക്കുറിച്ചുള്ള ചർച്ചകൾ മാത്രമാണുണ്ടാവുന്നത് .ദുർഗ്ഗവുമായി യാതൊരു ബന്ധവുമില്ലാതിരുന്ന കെക്ക് രണ്ട് ഉത്തരങ്ങളാണ് ദുർഗ്ഗത്തിൽ നിന്നു ലഭിക്കുന്നത്. ആദ്യത്തേത് അയാളെ അറിയില്ലെന്നും രണ്ടാമത്തേത് അറിയാമെന്നുമാണ്. ഏതാണ് ഇതിൽ ശരി? നോവലിൻ്റെ  അവസാനം വരെ ഇതിന് സ്ഥിരീകരണം ലഭിക്കുന്നില്ല .അയാളെ അറിയില്ലെന്ന് ദുർഗത്തിൽ നിന്ന് ആരാണ് അറിയിക്കുന്നത്? പൊടുന്നനെ അതെങ്ങനെ മാറി? ഇതു തന്നെയാണ് ഉദ്യോഗസ്ഥൻമാരുടെയും നിയമങ്ങളുടെയും ലോകത്ത് ഒരു മനുഷ്യവ്യക്തി അനുഭവിക്കുന്ന ഏകാന്തത .അയാൾക്ക് എപ്പോഴും രണ്ട് ഉത്തരങ്ങൾ ലഭിക്കുന്നു :തുടക്കത്തിൽ അറിയില്ലെന്നും പിന്നീട് അറിയാമെന്നും .രണ്ടും  വാസ്തവത്തിൽ ഒന്നുതന്നെയാണ്.

ഒരിക്കലും അനാവൃതമാകാത്ത ഒരു ദുർഗ്ഗമാണ് കാഫ്കയുടെ നോവലിലെ ദുർഗ്രഹത .അത് ജീവിതത്തിലുള്ളതാണ്. അതിനെ ഭേദിക്കാനാണ് കെ ശ്രമിക്കുന്നത്.  അങ്ങനെയുള്ള ദുർഗ്ഗം  നിലനിൽക്കുന്നുണ്ടോ എന്നു തന്നെ വായനക്കാരൻ സംശയിച്ചുപോകും. എന്തിനാണ് ദുർഗം ഇത്രമാത്രം രഹസ്യസ്വഭാവം സൂക്ഷിക്കുന്നത്?. കെ എന്ന വ്യക്തിക്ക് എന്തുകൊണ്ടാണ് അവിടെ പ്രവേശിക്കാൻ അനുവാദം കിട്ടാത്തത് ?കെ ഏതു തരത്തിലാണ് അപ്രിയനാകുന്നത്? കെയുടെ  ജീവിതത്തിൽ ദുർഗപ്രവേശനം കൊണ്ട് എന്താണ് ലഭിക്കുക ?കേവലം ഉദ്യോഗലബ്ധി മാത്രമാണോ? ഗ്രാമത്തിൽ താമസിക്കണമെങ്കിൽ ദുർഗത്തിലെ ക്ളാമിൻ്റെ(Klamm) അനുവാദം വേണമെന്ന് പറയുന്നുണ്ട്.അപ്പോൾ ക്ളാം ഒരു ഏകാധിപതിയായിരിക്കാം.  മനുഷ്യമനസ്സിന് പിടികൊടുക്കാത്ത ആ ഏകാധിപതി അദൃശ്യനായി ജീവിക്കുകയാവാം. അയാളുടെ  സമ്മതമില്ലെങ്കിൽ ആർക്കും തന്നെ അവിടെ ജീവിക്കാൻ കഴിയില്ല. അല്ലെങ്കിൽ ഈ ദുർഗം പ്രപഞ്ചത്തിൻ്റെ രഹസ്യമാകാം. അവിടേക്കെത്താൻ മനുഷ്യരാശിക്ക് കഴിയില്ല. മനുഷ്യൻ്റെ സകല ഇന്ദ്രിയങ്ങളും വിചാരിച്ചാലും, പ്രാപഞ്ചിക നിയമങ്ങളുടെ പൊരുൾ വ്യക്തമാവില്ല. അത് അദൃശ്യവും അപ്രാപ്യവുമായി തുടരുകയാണ്.ദൈവത്തെ പോലെ ദുർഗത്തിലെ ക്ളാമും മറഞ്ഞിരിക്കുന്നു. ദൈവം എന്തുകൊണ്ട് അദൃശ്യനായിരിക്കുന്നു ? ദൈവത്തിനു മനുഷ്യരുടെ ദൈനംദിന കാര്യങ്ങളിൽ ഏർപ്പെടേണ്ടതില്ല.  മനുഷ്യനാണ് ദൈവത്തെ ആവശ്യമുള്ളത്. മനുഷ്യർ തിന്മകളാണ് പ്രയോഗിക്കുന്നത്. ചോദ്യവും ഉത്തരവും തിന്മ നിറഞ്ഞതാണ്. നോട്ടവും പിന്തിരിയലും തിന്മയാണ്.

 

സത്യമല്ല ,വിചിന്തനങ്ങൾ

സഭാപ്രസംഗകൻ പറയുന്നു: " എല്ലാവർക്കും ഒരേ ഗതി വന്നുചേരുന്നത് സൂര്യനു കീഴെ എല്ലാ പ്രവൃത്തികളിലും അടങ്ങിയിരിക്കുന്ന തിന്മയാണ്. മനുഷ്യഹൃദയം  തിന്മകൊണ്ട് നിറഞ്ഞിരിക്കുന്നു, ജീവിതകാലം മുഴുവൻ അവർ ഭ്രാന്തുകൊണ്ട് നിറഞ്ഞിരിക്കുന്നു".കാഫ്കയുടെ നോവലിൽ ജീവിച്ചിരിക്കുന്നവരെ പ്രതിനിധാനം ചെയ്യുന്നത് കെ മാത്രമാണ് .കാരണം, അയാൾ മാത്രമാണ് ദുരിതമനുഭവിക്കുന്നത് .അയാൾ തിന്മ അടിഞ്ഞുകൂടിയിരിക്കുന്നു. അയാൾ കള്ളം പറയുകയും അധാർമ്മികമായ വഴികളിലൂടെ തൻ്റെ  മാർഗ്ഗം നേരെയാക്കാൻ അദ്ധ്വാനിക്കുകയും ചെയ്യുന്നു .എന്നാൽ അയാളുടെ എല്ലാ അധ്വാനവും പാഴായിപ്പോകുന്നു. കാരണം, അയാൾ ഭ്രാന്തുകൊണ്ട് ജീവിക്കുന്നവനാണല്ലോ. മനുഷ്യനിൽ നിറഞ്ഞിരിക്കുന്ന യുക്തിവൈചിത്ര്യവും ആഗ്രഹങ്ങളും അവനെ എന്നും നരകിക്കാൻ വിധിച്ചിരിക്കുന്നു.

കാഫ്ക സത്യത്തെയല്ല , അതിനെക്കുറിച്ചുള്ള വിചിന്തനങ്ങളാണ് ആവിഷ്കരിക്കുന്നതെന്ന് സുഹൃത്ത് മാക്സ് ബ്രോഡ് പറഞ്ഞിട്ടുണ്ട് .നോവലിൽ സത്യം തന്നെ ഇല്ല; സത്യത്തെ തേടുക മാത്രമാണ് ചെയ്യുന്നത് .കെ യിൽ വഴിവിട്ട സമീപനങ്ങളുണ്ടെങ്കിലും, അയാൾ ദുർഗത്തിൽ പ്രവേശിക്കാൻ നടത്തുന്ന ശ്രമങ്ങളെ ധാർമികമായി കാണാനാവും.കാരണം ,അവിടെ ചെന്ന് ക്ളാമിനെ കാണണമെന്നും ജീവിക്കാനുള്ള അനുവാദം വേണമെന്നുമാണല്ലോ അയാളുടെ ആവശ്യങ്ങൾ .ഇതു രണ്ടും നിരാകരിക്കപ്പെടുന്നു. ജീവിക്കാനുള്ള അനുവാദം കിട്ടാൻ വേണ്ടി അയാൾ  അനുഭവിക്കേണ്ടിവരുന്ന അലച്ചിൽ തന്നെയായിരുന്നു അയാളുടെ ജീവിതം. അയാൾ ആഗ്രഹിച്ച ജീവിതം ഒരു സ്വപ്നമായിരിക്കാം, അങ്ങനെയൊന്നുണ്ടെങ്കിൽ .എന്നാലും നീ ഭീകരമായ ഒരു നിഴൽപോലെ കൊണ്ടുനടക്കുന്ന ജീവിതമാണ് അയാൾക്ക് മുന്നിലുള്ളത്.

ഈ നോവലിൽ 'താരതമ്യേന ' നീതിമാനായി നമുക്ക് കാണാവുന്നത് കെയെ മാത്രമാണ്. അയാൾ നിലനിൽക്കാനായി കള്ളം പറയുന്നു. എന്നാൽ അയാളെ തടയുന്നവരെല്ലാം നീതിമാന്മാരാണെന്ന വ്യാജേന നീചന്മാരായിരിക്കുന്നു. "നീതിമാന്മാർക്ക് നീചന്മാരുടെ പ്രവൃത്തികൾക്ക് യോജിച്ച അനുഭവവും നീചമാർക്ക് നീതിമാന്മാരുടെ പ്രവൃത്തികൾക്ക് യോജിച്ച അനുഭവവും ഉണ്ടാക്കുന്നു  എന്നത് ഭൂമിയിലുള്ള ഒരു മിഥ്യയാണ് " -സഭാപ്രസംഗകൻ പറയുന്നു. 

ദൈവം മനുഷ്യനെ സൃഷ്ടിച്ചത് ഒരു കെണിയിലകപ്പെടുത്താനാണോ ? അവൻ്റെ സന്ദേഹങ്ങൾ മാറ്റിക്കൊടുക്കാൻ ദൈവം ഒന്നും ചെയ്യുന്നില്ല. അത് അവൻ തന്നെ മാറ്റണം. അവൻ്റെ ഉത്തരവാദിത്വം സ്വന്തം സംശയങ്ങൾ ഇല്ലാതാക്കുന്നതിലുമാണുള്ളത്. അവൻ സന്ദേഹങ്ങളും അതിൽ നിന്നുണ്ടാകുന്ന ദുഃഖങ്ങളും ഒറ്റയ്ക്ക് ചുമക്കണം. അതുകൊണ്ടു തന്നെ അലങ്കോലത്തിലേക്ക് ,സംഘർഷത്തിലേക്ക് വീഴുക എന്നത് അവൻ്റെ  വിധിയാണ് ."ദൈവം മനുഷ്യനെ സരളഹൃദയനായി സൃഷ്ടിച്ചു .എന്നാൽ അവൻ്റെ സങ്കീർണപ്രശ്നങ്ങൾ അവൻ്റെ തന്നെ സൃഷ്ടിയാണ് "-സഭാപ്രസംഗകൻ പറയുന്നു. 

കാഫ്കയുടെ ഡയറിയിൽ ഇങ്ങനെ വായിക്കാം: And also looking back on it in retrospect. What have you done with your gift of sex!? It was a failure, in the end that is all that they will say. But it might easily have succeeded എന്തുകൊണ്ടാണ് സെക്സ് ഉപയോഗിക്കപ്പെടാതെ പോയതെന്ന് ,അത്  പരാജയമായിരുന്നെന്ന് ഏറെക്കുറെ സമ്മതിക്കേണ്ടിവരും. അങ്ങനെ സംഭവിച്ചത് ഭയം കാരണമായിരുന്നു. എന്നാൽ അതിൻ്റെ പരാജയത്തിൻ്റെയും വിജയത്തിൻ്റെയും  ഇടയിൽ വളരെ നിരർത്ഥകമായ കാര്യങ്ങളാണുണ്ടാവുകയെന്ന് കാഫ്ക  കൂട്ടിച്ചേർക്കുന്നു .ചരിത്രത്തിലെ വലിയ ജയങ്ങളുടെയെല്ലാം ഭാഗമായിരുന്നു അത് .നിരർത്ഥകതകൾ നിരർത്ഥകതകളെ നിർണയിക്കുന്നു എന്നാണ് അദ്ദേഹം എഴുതുന്നത്. നിരർത്ഥകതകളെയാണ് പരാജയമായും വിജയമായും നമ്മൾ സ്വീകരിക്കുന്നത് ,വ്യാഖ്യാനിക്കുന്നത്. ഇത് വൈരുദ്ധ്യാത്മകമായ ഒരു യുക്തിയാണ്.

വിശകലനം ചെയ്ത് അർത്ഥമുണ്ടാക്കുന്നവർ

വിജയത്തിനു ആധാരമായ യുക്തികൾ  ചേർത്തുവയ്ക്കുമ്പോൾ വിജയമുണ്ടാകുന്നു; മറിച്ചാകുമ്പോൾ പരാജയവും .എല്ലാവരും ആത്യന്തികമായ ഒരേ മിഥ്യയിൽ തളച്ചിടപ്പെട്ടിരിക്കുമ്പോൾ തന്നെ ,വിവിധങ്ങളായ പ്രത്യക്ഷതകൾ കൊണ്ട് പലവിധ യുക്തികൾ നിർണായകമായിത്തീരുന്നു.സഭാപ്രസംഗകൻ ഈ നിരപ്പാക്കലിനെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്: " അവൻ്റെ മുൻപിലുള്ളതെല്ലാം മിഥ്യയാണ്. എന്തെന്നാൽ നീതിമാനും നീചനും സന്മാർഗിക്കും ദുർമാർഗിക്കും ശുദ്ധനും അശുദ്ധനും ബലിയർപ്പിക്കുന്നവനും അർപ്പിക്കാത്തവനും നല്ലവനും ദുഷ്ടനും ശപഥം ചെയ്യുന്നവനും ചെയ്യാത്തവനും ഗതി ഒന്നു തന്നെ. എല്ലാവർക്കും ഒരേ ഗതി വന്നുചേരുന്നത് സൂര്യനു കീഴെ എല്ലാ പ്രവൃത്തികളിലും അടങ്ങിയിരിക്കുന്ന തിന്മയാണ് ". ഈ തിന്മയെ  സാർവ്വത്രികമായ മനുഷ്യാനുഭവമായി ആവിഷ്കരിക്കുകയാണ് കാഫ്ക ചെയ്തത്. സിദ്ധാന്തമായും ആശയങ്ങളുടെ ശാസ്ത്രത്തെ നിർണയിക്കുന്ന ചിന്തയായും സഭാപ്രസംഗകൻ കാഫ്കക്ക് പ്രേരണയായിട്ടുണ്ടെന്നാണ് ഞാൻ വിലയിരുത്തുന്നത് .ജീവിതത്തിൻ്റെ  നശ്വരതയെക്കുറിച്ച് ഏറെ ചിന്തിച്ച്  അസ്വസ്ഥനായ കാഫ്ക താൻ എപ്പോഴും റൊമാ ചക്രവർത്തിയായിരുന്ന മാർകസ് ഒറേലിയസിൻ്റെ 'മെഡിറ്റേഷൻസ്‌' എന്ന കൃതി കൊണ്ടുനടന്നതായി വെളിപ്പെടുത്തിയിട്ടുണ്ട്. ഒറേലിയസിൻ്റെ ചിന്തകളുമായി ആത്മബന്ധം സ്ഥാപിക്കുന്നതാണ് സഭാപ്രസംഗകൻ്റേത്. രണ്ടിലും ഭൂമിയിലെ ജീവിതത്തിൻ്റെ ക്ഷണികത, നിരർത്ഥകത, നിമിഷങ്ങളുടെ ആകെത്തുക, ദൈവം, സത്യം, ഉച്ചനീചത്വങ്ങൾ ,നന്മ ,തിന്മ തുടങ്ങിയവയെല്ലാം ചർച്ചചെയ്യുന്നു. കാഫ്ക തൻ്റെ സന്ദിഗ്ദ്ധതയും ദുരൂഹതയുടെ നേർക്കുള്ള നോട്ടവും പരസ്പര പൊരുത്തരാഹിത്യവും അർത്ഥങ്ങൾക്കിടയിലെ കലാപവും  ശേഖരിച്ചത് സഭാപ്രസംഗകൻ്റെ ഒരു വാചകത്തിൽ നിന്നാണെന്ന് ഞാൻ  പറഞ്ഞാൽ അതിൽ ചിന്തിക്കാൻ വകയുണ്ട്. ആ വാക്യം ഇതാണ് :"ഭോഷൻ്റെയും എൻ്റെയും ഗതി ഒന്നുതന്നെയെങ്കിൽ ഞാൻ എന്തിന്  ജ്ഞാനിയായിരിക്കണം? ഇതും മിഥ്യയെന്ന് ഞാൻ ആത്മഗതം ചെയ്തു".മിഥ്യയാണെന്ന് ഉറപ്പുള്ളവന് മാത്രമേ ,അതിൻ്റെ  അന്വേഷണത്തിൽ മനസ്സ് കൊടുക്കാനാവൂ .ഉത്തരമില്ലെന്ന്  അറിഞ്ഞാൽ പിന്നെ, ആരും തന്നെ ഉത്തരത്തിനായി അലയില്ല. ഉത്തരം തരാൻ ആരുമില്ലെന്നറിഞ്ഞാൽ നാം നിശ്ചലരാവുകയേയുള്ളൂ. 'ദുർഗ്ഗ'ത്തിലെ കെക്ക് ദൂരെ കുന്നിൻ മുകളിലുള്ള ദുർഗ്ഗത്തെപ്പറ്റിയുള്ള അറിവുകൾ സ്വയം ക്ഷയിക്കുന്നതും ഉറപ്പില്ലാത്തതുമാണ്. എന്നാൽ അസംബന്ധങ്ങളുടെ ഒരു കളിക്ക് അയാൾ നിന്നുകൊടുക്കുന്നു. അതിനായി അയാൾ സ്വയം ഉപേക്ഷിക്കുന്നു. സത്യത്തെപ്പറ്റിയുള്ള വേവലാതി ഉപേക്ഷിച്ച ശേഷം, സത്യം തേടുന്നവൻ്റെ വിധി ഇതായിരിക്കുന്നുവെന്ന് കാണിച്ചു തരുന്നു. എന്നാൽ അപ്പോഴും അയാൾ പ്രതീക്ഷ കൈവിടാത്തവനെ പോലെ കാണപ്പെടുന്നു .അതിൻ്റെയർത്ഥം ഇതായിരിക്കാം: മനുഷ്യന് ജീവിക്കാൻ ഇതുപോലുള്ള ഏടാകൂടങ്ങൾ അനിവാര്യമാണ്. അവനു സംശയിച്ചു കൊണ്ട്, അവിശ്വസിച്ചുകൊണ്ട് മാത്രമേ ജീവിക്കാനാവൂ .

അതിൽ അവൻ ജീവിതമെന്ന ദുർഗ്രഹതയെ ചേർത്തുനിർത്തുന്നു. അവൻ തന്നെയാണ് ആ ജീവിതം. അവൻ ചിന്തിക്കുന്നതിലൂടെ അവനെ തന്നെയാണ് കണ്ടെത്തുന്നത്. അവനാകട്ടെ ,സത്യത്തെക്കുറിച്ച് ഉത്ക്കണ്ഠപ്പെടുന്നത് ജീവിക്കാൻ വേണ്ടി തന്നെയാണ് .സത്യത്തെ ലഭിച്ചുകഴിഞ്ഞാൽ അവന് പിന്നെ എന്താണ് ജീവിക്കാനുള്ളത്. നിരർത്ഥകതയെ അറിഞ്ഞശേഷം, അതുതന്നെ വിശകലനം ചെയ്തു ഒരർത്ഥം ഉണ്ടാക്കാൻ ഒരുമ്പെടുകയാണ്. സ്വയം നിർമ്മിക്കുന്നതും സ്വയം പിന്തുടരുന്നതുമായ ദുരന്തമായി അസംബന്ധങ്ങളെ ജീവിക്കുന്ന കാലമത്രയും നിലനിർത്തേണ്ടത് അവൻ്റെ ആവശ്യമാണ് .ഈ സിദ്ധാന്തമാണ് കാഫ്ക തൻ്റെ രചനയ്ക്കായി കണ്ടെത്തിയത് .ഒരു വ്യവസ്ഥയിലേക്ക് ,അസംബന്ധങ്ങളെ പരിഭാഷപ്പെടുത്തുകയാണ്

അദ്ദേഹം ചെയ്തത്.

ജീവിതം കലാരൂപങ്ങൾക്ക് മുകളിൽ 

'ദ് കാസിൽ' ഒരു സൈദ്ധാന്തിക, തത്വശാസ്ത്ര എടാകൂടമാണ്. അതിൽ ചെന്നു വീണാൽ നട്ടം തിരിയുകയേയുള്ളു. അതിൻ്റെ  ആത്യന്തികമായ വ്യഥ മിഥ്യയുമായി  ബന്ധപ്പെട്ടതാണ്. മിഥ്യയ്‌ക്കകത്ത് ഒരാൾ സ്വന്തം സമസ്യകളെ പരമാവധി യുക്തികൊണ്ടു വിഘടിപ്പിക്കാനും നിലനിർത്താനുമാണ് അത് ലക്ഷ്യംവയ്ക്കുന്നത്. ജീവിതം ഒരു കഥയല്ല, അതിനു ഫിക്ഷ്ൻ്റെ ഛായ ഉണ്ടെങ്കിലും. ജീവിതത്തെ ഭാവനയ്ക്കോ രചനയ്ക്കോ  പൂർണമായി പിടിച്ചെടുക്കാനാവില്ല;ഒന്നുകിൽ  യാഥാർത്ഥ്യത്തിനപ്പുറമുള്ള ഒരിടത്തേക്ക് സഞ്ചരിക്കാം. അല്ലെങ്കിൽ യാഥാർത്ഥ്യത്തെക്കുറിച്ച് തന്നെ വിവരിക്കാം .ജീവിതം ഒരു കലാരൂപത്തിനും താഴെയല്ല; മുകളിലാണ് .അതുകൊണ്ട് ക്രൂരതയുടെ നാടകവേദിയുടെ ഉപജ്ഞാതാവായ ഫ്രഞ്ച് നാടകകൃത്ത് അഥനൊ അർത്തോ (Antonin Arthaud)ജീവിതം എല്ലാ  കഥകൾക്കും കടങ്കഥകൾക്കും ദൈവികതയ്ക്കും സറിയലിസത്തിനും വളരെ മുകളിലാണെന്ന് പറഞ്ഞു .അർത്തൊ ഇങ്ങനെ എഴുതി :"ആകെ വേണ്ടത് ജീവിതത്തെ വ്യാഖ്യാനിക്കാനുള്ള സിദ്ധിയാണ്. വാൻഗോഗിനു മാത്രമാണ് കലയിൽ ആ സിദ്ധിയുണ്ടായിരുന്നത്. വാൻഗോഗിനു മുമ്പ് ആർക്കും ആ കഴിവില്ലായിരുന്നു. അതിനുശേഷം വന്നവർക്കും ആ കഴിവില്ല.അതിൻ്റെയർത്ഥം, കലാവസ്തുവിൽ നിന്ന് മിത്തിൻ്റെ അംശത്തെ മാറ്റണമെന്നാണ്. പിന്നെ, എന്താണുള്ളത് ?വസ്തുവിനെ കലാകാരൻ തൻ്റെയുള്ളിലേക്ക് കൊണ്ടുവരികയാണ്. അതിനെ അടുത്തുനിന്ന് കാണുകയാണ്. ആ കാഴ്ചയിൽ യാഥാർത്ഥ്യം കൂടുതൽ പ്രകാശിക്കുന്നു. എന്തിനു ? അല്ലെങ്കിൽ ,യാഥാർത്ഥ്യം അയാൾക്ക് പ്രയോജനരഹിതമാകും .എല്ലാവരുടെയും മിഥ്യയെ അയാളും അനുകരിക്കേണ്ടിവരും. കലാകാരനു തൻ്റെ യഥാർത്ഥ്യത്തെയല്ല , അതിൽനിന്ന് സൃഷ്ടിക്കുന്ന സൂക്ഷ്മ യാഥാർത്ഥ്യത്തെയാണ്  ആസ്വദിക്കാനാവുക .അവൻ്റെ  പ്രവൃത്തിയിലാണ് ആസ്വാദനമുള്ളത് ". 

ഈ വ്യാഖ്യാനകല മനുഷ്യനു ആകെയുള്ള നേട്ടമാണ്. സഭാപ്രസംഗകൻ പറയുന്നു: " അതുകൊണ്ട് മനുഷ്യൻ തൻ്റെ പ്രവൃത്തി ആസ്വദിക്കുന്നതിനേക്കാൾ മെച്ചമായി ഒന്നുമില്ലെന്നും  അതുതന്നെയാണ് അവൻ്റ ഗതിയെന്നും  ഞാൻ മനസ്സിലാക്കി "(3-22).കലാകാരൻ്റെ മുന്നിൽ ആ ഒരു നിമിഷമേയുള്ളു .പഴയതോ പുതിയതോ അവൻ തേടിപ്പോകുമ്പോൾ നഷ്ടപ്പെടുന്നത് ആ നിമിഷമായിരിക്കും. പഴയതിനെ വർത്തമാനകാലമാക്കേണ്ടതുണ്ട്. തൻ്റെ  പ്രവൃത്തി ആസ്വദിക്കുന്ന ഒരു കലാകാരനെ കാണാൻ വിഷമമാണ്. കാരണം, അവൻ ജീവിതത്തിലെ വരാനിരിക്കുന്ന മിഥ്യയെക്കുറിച്ച് അറിവ് നേടിയിട്ടുണ്ടാവില്ല. തനിക്ക് മുന്നിലുള്ള ജീവിതത്തെ പുതുതായി നിർമ്മിക്കേണ്ടതുണ്ട്. കലാകാരൻ അങ്ങനെ ചെയ്തില്ലെങ്കിൽ അവൻ്റെ  വാക്കുകൾ ആരും കേൾക്കുകയില്ല .

"അത് മിഥ്യയിൽ ജനിച്ച് അന്ധകാരത്തിലേക്ക് പോകുന്നു; അതിൻ്റെ നാമം അവിടെ തിരോഭവിക്കുന്നു "(6 -4)എന്താണ് ജീവിതമെന്ന് നമുക്കറിയില്ല; അത് അറിയാത്തതുകൊണ്ട് കാണുന്നതിൻ്റെ  അർത്ഥത്തെ വ്യാഖ്യാനിക്കേണ്ടി വരുന്നു. ഓരോ വ്യാഖ്യാനവും ഓരോ  ജീവിതമാണ് ."ജീവിതകാലം മുഴുവൻ അവർ ഭ്രാന്തുകൊണ്ട് നിറഞ്ഞിരിക്കുന്നു"(9-3)എന്ന് പറയുന്നത് വാൻഗോഗിൻ്റെ കലയിൽ നാം കാണുന്നു. ആകാശത്തിലെ നക്ഷത്രങ്ങളെ ഇലാസ്തികമാക്കുന്നത് വഴി അദ്ദേഹം അതിനെയും ജൈവമാക്കിയിരിക്കുന്നു. നക്ഷത്രങ്ങൾ അലട്ടലിൻ്റെയും അലച്ചിലിൻ്റെയും  സംഘർഷമനുഭവിക്കുകയാണ്. നക്ഷത്രങ്ങൾ ആകാശത്ത് സ്വസ്ഥത നഷ്ടപ്പെട്ടവരായി കാണപ്പെടുന്നു. 

പ്രകാശത്തിനു ഭ്രാന്ത് എന്ന് വിളിക്കാവുന്ന വിധത്തിൽ ആ ചലനങ്ങൾ മാറുകയാണ് .ഏതോ മിഥ്യയിൽപ്പെട്ട് നട്ടം തിരിയുന്ന  മനുഷ്യരെ ആശ്വസിപ്പിക്കാനായി  നക്ഷത്രങ്ങൾ ഉറ്റുനോക്കുകയാണ്. നക്ഷത്രങ്ങൾക്കും ഈ ഭൂമിയിലെ ജീവിതം മിഥ്യയാണെന്നറിയാം എന്നു സാരം. ഭ്രാന്തിനെ കലാപരമായ ജീവിതത്തിൻ്റെ പ്രതീതിയായി വാൻഗോഗ് ചിത്രകലയിൽ പരീക്ഷിച്ചു. എന്തിന് ഈ ഭ്രാന്തിൽ നിന്ന് രക്ഷപ്പെടണം?

ജീവിതം ,തിന്മ, ക്രൂരത

വസ്തുക്കളെ അന്യാദൃശവും ഭീകരവും ജ്ഞാനകേന്ദ്രീകൃതവുമായി നോക്കുന്നതിനു ബൗദ്ധികമായ ഒരു സ്ഥാനചലനം ആവശ്യമാണ്. ആ നോട്ടം നോക്കുന്നവൻ്റെ അസ്തിത്വത്തെ നിർണയിക്കുകയാണ്, മുൻപൊരിക്കലും ഉണ്ടായിട്ടില്ലാത്ത വിധം. അർത്തോ എഴുതി:

"നന്മ എന്ന് പറയുന്നത് ബാഹ്യമായി കാണുന്നതാണ്; ആന്തരികമായ മുഖം തിന്മയുടേതാണ് ".മനുഷ്യഹൃദയം തിന്മകൊണ്ട് നിറഞ്ഞിരിക്കുന്നുവെന്ന സഭാപ്രസംഗകൻ്റെ ഭാഷതന്നെയാണിത്. 

അർത്തോയെ ഈ ബൈബിൾ കൃതി ആഴത്തിൽ സ്വാധീനിച്ചിട്ടുണ്ടെന്നതിനു  ഇതുമാത്രമല്ല തെളിവ് .അദ്ദേഹം ക്രൂരതയുടെ നാടകവേദിയാണ് അന്വേഷിച്ചത് .മനുഷ്യജീവിതം തിന്മ മാത്രമല്ല ക്രൂരവുമാണെന്ന് അർത്തോ തൻ്റെ നാടകങ്ങളിലൂടെ വിളിച്ചുപറഞ്ഞു. ലോകത്തിൻ്റെ ക്രൂരത പ്രേക്ഷകർ അറിയണമെന്ന് വ്യക്തമാക്കുന്നത് അതുകൊണ്ടാണ്. തിന്മയും ക്രൂരതയും മനസ്സിൽ വച്ചുകൊണ്ട് നടക്കുന്ന മനുഷ്യരെ അതിന് അഭിമുഖമാക്കിനിർത്താനാണ് അദ്ദേഹം ശ്രമിച്ചത്. മനുഷ്യൻ തിന്മകൊണ്ട് നിറയപ്പെട്ടിരിക്കുന്നതിനാൽ സൗന്ദര്യം എങ്ങനെ സൃഷ്ടിക്കും ,ആവിഷ്ക്കരിക്കും? നാടകം ഒരു വിശ്വസനീയമായ അനുഭവമായി ആളുകൾ ഒരിക്കലും കാണുന്നില്ലെന്ന പക്ഷക്കാരനാണ് അർത്തോ .മനുഷ്യൻ ജീവിതത്തെ തന്നെ തിന്മയിലും ക്രൂരതയിലും മുക്കിവച്ചിരിക്കുന്നതിനാൽ അവൻ്റെ പ്രവൃത്തികൾ മിഥ്യയുടെ തരംഗമാവുകയുള്ളൂ.

"lt must give the impression that it is as unprecedented,as incapable of repeating itself as any action in life ". ജീവിതത്തെ അതിൻ്റെ ആന്തരികതയിൽ ,ക്രൂരമായി സമീപിക്കാനാണ് നാടകം എന്ന  രംഗവേദി തിരഞ്ഞെടുത്തത്. ജീവിതമല്ല സ്റ്റേജ് ,എന്നാൽ ജീവിതവുമായി അതിനു ബന്ധമുണ്ട്. തീയേറ്റർ ഒരു യഥാർത്ഥ രംഗവേദിയല്ല ;അത് നാടകകൃത്ത് മനുഷ്യമനസ്സിൽ നിന്ന് സൃഷ്ടിച്ചെടുക്കുന്ന മാനുഷികവും അല്ലാത്തതുമായ ജൈവചോദനകളുടെ ഉറവിടങ്ങളിലേക്കുള്ള യാത്രയാണ്.

"നാടകം ഒരു കച്ചവടമല്ല,അത് ചില വലിയ മനുഷ്യമനസ്സുകൾ സകലതും  ബലികഴിക്കുന്നതിൻ്റെ ഫലമാണ് "എന്ന്  അർത്തോ പറയുന്നത് തൻ്റെയുള്ളിലെ  ജ്വാലയുടെ പശ്ചാത്തലത്തിലാണ് .എന്തിനാണ് ഇങ്ങനെ സ്വയം ബലിയർപ്പിച്ചു  നാടകമൊരുക്കുന്നത് ?എന്താണോ  തന്നെ ചുറ്റിവരിഞ്ഞിരിക്കുന്ന അപകടകരമായ മിഥ്യ ,അത്  ലോകത്തിനുമുന്നിൽ കാണിച്ചുകൊടുക്കാൻ തന്നെ. നാടകം ഒരു കണ്ടുപിടുത്തമാണ്. മനുഷ്യൻ അഭിമുഖീകരിക്കുന്ന ക്രൂരതയുടെ അന്തർമണ്ഡലത്തെ അനാവരണം ചെയ്യുമ്പോൾ അതിനു മുമ്പൊരിക്കലും ഉണ്ടാകാത്ത ചലനങ്ങൾ ആവശ്യമാണ്.ജീവിതത്തെക്കുറിച്ചുള്ള സ്വപ്നങ്ങളും മിഥ്യകളും അതിൽ വിഭ്രാമകമായി രംഗപ്രവേശം ചെയ്യുകയാണ് .യഥാർത്ഥ്യത്തെ  അതിനിടയിൽ ചെന്ന് വിശകലനം ചെയ്ത് മനുഷ്യമനസ്സിൽ കുഴിച്ചിട്ടിരിക്കുന്ന ചലനവേഗങ്ങൾ കണ്ടെടുക്കണം. ആന്തരികതയിൽ വ്യാപിച്ച തിന്മയെ ബോധതലത്തിൽ ഒരാൾ ഉൾക്കൊള്ളണമെന്നില്ല. എല്ലാവരും സുന്ദരികളും സുന്ദരന്മാരുമായി സ്വയം കാണുന്നത് ആഴം കുറഞ്ഞ ലോകത്തെയാണ് നിർമ്മിക്കുന്നത്. വികാരങ്ങളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന പുറംലോകം ഒരു നുണയാണ്. അർത്തോ എഴുതി "അദൃശ്യത സൃഷ്ടിക്കുന്ന ഭീഷണികളിൽ നമ്മൾ വിശ്വസിക്കുന്നു .നമ്മൾ പോരാടുന്നതും  ആ അദൃശ്യതയ്ക്കെതിരെയാണ്. ചില രഹസ്യങ്ങൾ പുറത്തു കൊണ്ടുവരാനാണ് നമ്മൾ ശ്രമിക്കുന്നത് ".ആരും വിശ്വസിക്കാത്ത, നാടകം എന്ന നുണയെ പുറത്തുകൊണ്ടുവരാൻ വേണ്ടി ആഗ്രഹങ്ങളും സ്വപ്നങ്ങളും മിഥ്യകളും വരുന്നു. ജീവിതത്തിൻ്റെ മിഥ്യ അദൃശ്യതകളിലാണെന്ന കാഴ്ചപ്പാടിന് വലിയ അർത്ഥമുണ്ട്. യാഥാർത്ഥ്യത്തെ അതേപടി പിന്തുടരുന്നവർ മനസ്സിലാക്കാത്ത മിഥ്യയാണത്.

അത് മറ്റെവിടെയുമല്ല ഉള്ളത് ; അവരിൽ തന്നെയാണ്. "ബോധത്തിൻ്റെ ഇരുണ്ട ഇടങ്ങൾ കാണിച്ചുകൊടുക്കുകയാണ് ലക്ഷ്യം.  അത് ഭീമമായ പരാജയമാണ്. നമ്മൾ നമ്മെ തന്നെ നശിപ്പിച്ചുകൊണ്ട് തുറന്നു കാണിച്ചുകൊണ്ട് ,പരാജയവും പരിഹാസ്യതയും ഏറ്റുവാങ്ങുന്നു ".

മരിക്കാത്ത ആഗ്രഹങ്ങൾ 

മനുഷ്യനിൽ അന്തർവഹിക്കുന്ന ശൂന്യത പ്രകൃതിയിൽ എവിടെയുമുള്ളതല്ലെന്നാണ് അർത്തോ പറയുന്നത് .ബാഹ്യലോകത്തെ  ശൂന്യത മനുഷ്യമനസ്സിന് ആവാഹിക്കാൻ കഴിയണമെന്നില്ല . എന്നാൽ മനുഷ്യനിൽ തന്നെയുണ്ടാകുന്ന ശൂന്യതയെ അവൻ  നേർക്കുനേർ കാണുന്നത് വിരളമാണ്. 

"പ്രേക്ഷകരുടെയുള്ളിൽ മനുഷ്യമാംസം ഭക്ഷിക്കാനുള്ള ആഗ്രഹം പോലുമുണ്ട്. അതവരെ ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യം. കുറ്റവാസന, ലൈംഗിക വാസന ,കിരാതവാസന ,ഭ്രമചിന്തകൾ -ഇതെല്ലാം ആന്തരികമായി അതിനൊപ്പം നിലനിൽക്കുന്നു". മനുഷ്യൻ്റെ അന്തരംഗം നിറയെ തിന്മയും ക്രൂരതയുമാണെന്ന വാദത്തെ ശരിവയ്ക്കുന്നതാണ് ഈ പ്രസ്താവം . സഭാപ്രസംഗകൻ അത് നേരത്തെ പറഞ്ഞു. മനുഷ്യൻ തിന്മയിൽ തന്നെയാണ് കഴിയുന്നത് .അത് പക്ഷേ, അവനു അറിയുകയുമില്ല. മനുഷ്യരെ കൊന്നു തിന്നാനുള്ള ആഗ്രഹംപോലും അവനിൽ ഇപ്പോഴും പ്രവർത്തിക്കുന്നുവെന്ന അറിവ്, ഈ വിഷയത്തിൽ അർത്തോ എത്ര  ആഴത്തിൽ പഠനം നടത്തിയെന്നതിന് തെളിവാണ് .ലൈംഗികവും പരപീഢ നിറഞ്ഞതുമായ ആഗ്രഹങ്ങൾ ഒരിക്കലും മരിക്കുന്നില്ല .എന്നാൽ ഒരു സിവിൽ സമൂഹത്തിൽ അതെല്ലാം ആളുകൾ ഒളിപ്പിക്കുകയാണ് ചെയ്യുന്നത്. അവസരം കിട്ടുമ്പോൾ അത് പുറത്തുവരികയും ചെയ്യും. ഇത് ഒരു പൊതുവേദിയിൽ അവതരിപ്പിച്ചാൽ ആളുകൾ വിശ്വസിക്കണമെന്നില്ല. എന്നാണ് അത് അവതരിപ്പിക്കാത്തിടത്തോളം ജീവിതത്തോട് തനിക്ക് സത്യസന്ധനാ കാനാവില്ലെന്നാണ് അദ്ദേഹം വിചാരിക്കുന്നത്. ജീവിതകാലത്തിൻ്റെ നല്ലൊരു പങ്കും മാനസികരോഗാശുപത്രിയിൽ കഴിഞ്ഞയാളായിരുന്നല്ലോ അർത്തോ .അദ്ദേഹം സുഖപ്പെട്ടു എന്ന് തോന്നുന്ന ഘട്ടത്തിൽ തിരിച്ചുപോന്നാൽ തന്നെ അധികം താമസിയാതെ ആശുപത്രിയിലെത്തിച്ചേരുകയാണ്  പതിവ് .തൻ്റെ മാനസികരോഗം ഈ ലോകജീവിതത്തിൻ്റെ അടിത്തട്ട് കാണാനുള്ള ഒരു സൂക്ഷ്മദർശിനിയായിട്ടാണ് അർത്തോ ഉപയോഗിച്ചത്. 

"ഒരു വസ്തുവിനെ നോക്കേണ്ടത് അതിൻ്റെ വ്യവസ്ഥാപിതമായ പരിസരത്ത് വച്ചല്ല; അത് എവിടെയാണോ അപ്രത്യക്ഷമാകാൻ പോകുന്നത് അവിടെ വച്ചാണ് " -ഒരു കലാകാരൻ്റെ ,ചിന്തകൻ്റെ  വസ്തുബോധത്തെ വളരെ ആഴത്തിൽ തന്നെ അർത്തോ പരിശോധിക്കുന്നുണ്ട്. എങ്ങനെയാണ് വസ്തു അപ്രത്യക്ഷമാകുന്ന ഇടം കണ്ടെത്തുന്നത്? വസ്തുക്കൾ  എങ്ങനെയാണ് അപ്രത്യക്ഷമാകുന്നത്? യാഥാർത്ഥ്യം അതിൻ്റെ ബാഹ്യമായ കാഴ്ചയിൽ ഒരു അപ്രത്യക്ഷതയെ ഓർമ്മിപ്പിക്കുന്നു. അതിൻ്റെ കാണിക്ക് അദൃശ്യമായ ഒരു കോൺ ഉണ്ടാവും .ഏതൊരു വസ്തുവും രഹസ്യമാണ് ,കൃത്രിമമാണ്. അതിനെ അനാവരണം ചെയ്യാൻ ബാഹ്യവസ്തുവിനെ ഇല്ലാതാക്കേണ്ടതുണ്ട് .ഒരു മനുഷ്യനെ നോക്കുമ്പോൾ അവൻ്റെ മരണവും കാണേണ്ടതുണ്ട് ;കൂരതയുടെ ബോധത്തിൽ അതും ഉൾച്ചേർന്നിട്ടുണ്ട്. 

മനുഷ്യൻ അവൻ്റെ മരണവുമാണല്ലോ. മരണത്തിലൂടെ മാത്രമാണല്ലോ ഈ കാണുന്ന ജനസഞ്ചയമെല്ലാം അവരുടെ അസ്തിത്വത്തെ പൂർത്തീകരിച്ചത്.  അതുകൊണ്ട് അവൻ അതിവേഗം സഞ്ചരിക്കുമ്പോഴും അപ്രത്യക്ഷതയുടെ ഒരു ഉറവിടം അവൻ്റെ യുള്ളിൽതന്നെയാണ് .നമ്മൾ എന്താണെന്നത് നമ്മുടെ ബോധത്തിൻ്റെ യാഥാർത്ഥ്യമാണ്. എന്നാൽ നമ്മൾ ഒന്നുമല്ല എന്നുള്ളത് ഈ അപ്രത്യക്ഷതയുടെ ഉറവിടത്തിൽ വ്യക്തമാണ്.

"ധൂളി അതിൻ്റെ ഉറവിടമായ  മണ്ണിലേക്ക് മടങ്ങും "(12-7)എന്നു സഭാപ്രസംഗകൻ പറയുന്നത് അർത്തോ അപ്രത്യക്ഷതയുടെ  ഇടവുമായി ബന്ധിപ്പിക്കാവുന്നതാണ്.

"മനുഷ്യനു മൃഗത്തേക്കാൾ യാതൊരു മേന്മയുമില്ല .എല്ലാം മിഥ്യയാണ്. എല്ലാം  ഒരിടത്തേക്ക് പോകുന്നു. എല്ലാം പൊടിയിൽനിന്നുണ്ടായി ,എല്ലാം പൊടിയിലേക്ക് മടങ്ങുന്നു "(3-20). സഭാപ്രസംഗകൻ യാഥാർത്ഥ്യത്തെയല്ല, അതിൻ്റെയടിയിലുള്ള അപ്രത്യക്ഷകളെ തുറന്നു കാണിച്ചിരിക്കുന്നു .ഓരോന്നും അതിൻ്റെ തന്നെ ശൂന്യതയും റദ്ദാകലും  അപ്രത്യക്ഷതയും പിന്തിരിയലും മൗനവുമാണ് .

നിരാസവും വെറുപ്പും 

വളരുമ്പോൾ തന്നെ അതിൽ നിശ്ചലതയും ഇരുട്ടും വ്യാപിച്ചിരിക്കുന്നു. അതുകൊണ്ട്  കാഴ്ചയുടെ സമഗ്രതയ്ക്കുവേണ്ടി, അതിൻ്റെ ആത്യന്തികവും അദൃശ്യവുമായ ഉറവിടങ്ങളെക്കൂടി  കാണേണ്ടതുണ്ട്. To live life by denying life 

എന്ന് അർത്തോ പറയുന്നത് മിഥ്യയെക്കുറിച്ചും ശൂന്യതയെക്കുറിച്ചു മുള്ള ഒരു ഭ്രാന്തൻ കാഴ്ചയായി  മാറുകയാണ് .ജീവിതത്തെ നിഷേധിക്കുമ്പോഴാണ് അതിൻ്റെ പിടികിട്ടാത്ത സ്വഭാവം പ്രകടമാകുന്നത്. 

കാരണം ,നാം നമ്മെത്തന്നെ പൂർണമായി അംഗീകരിക്കുന്നില്ലല്ലോ .നമ്മൾ പലതും അമർത്തുകയും ഒളിക്കുകയും ചെയ്യുന്നു; നമ്മെത്തന്നെ ചതിക്കുന്നു. നമുക്ക് പോലും വേണ്ടാത്ത വസ്തുവാണ്, ചില നേരങ്ങളിൽ നമ്മൾ. നമ്മളിൽ തന്നെ നമ്മുടെ നിരാസവും വെറുപ്പും നിന്ദയും കുഴിച്ചിട്ടിരിക്കുന്നു. അതുകൊണ്ട് ഒരുവന് സ്വയം  തള്ളിക്കളയേണ്ടിവരുന്നു .അവൻ ഒരിക്കലും ഏകതാനമായി പെരുമാറുന്നില്ല .അവന് സ്വത്വമില്ല. 

അവൻ്റെ ഇഷ്ടങ്ങൾപോലും അവനു  രസിക്കില്ല. രസമുണ്ടെങ്കിൽ തന്നെ അവൻ അത് സന്ദർഭത്തിനൊത്ത് തളളിക്കളയുകയും ചെയ്യും. അവൻ്റെ പ്രേമങ്ങൾ അവൻ്റെ നിരാകരണവുമാണ് .അവന് സ്വയം പീഡിപ്പിച്ചകൊണ്ട് മാത്രമേ പ്രേമിക്കാനാവൂ. അവൻ്റെ യഥാർത്ഥ ഇഷ്ടം അവനു പോലും അറിയില്ലല്ലോ ;അവനു  യഥാർത്ഥ ഇഷ്ടം തന്നെ ഉണ്ടാകണമെന്നില്ല. അത് അവൻ തെറ്റിദ്ധരിച്ചതാകാം. അതുകൊണ്ട് അവൻ ഇഷ്ടപ്പെട്ടതെല്ലാം പെട്ടെന്ന് തകർന്നു വീഴുകയും ചെയ്യും. അവന് മനസ്സിലാക്കാനാവാത്ത ഇഷ്ടങ്ങളെ അവൻ എങ്ങനെ ദീർഘകാലം കൊണ്ടുനടക്കും? അതുകൊണ്ട് ഇഷ്ടത്തോടൊപ്പം അവൻ വെറുപ്പും കൊണ്ടുനടക്കുന്നു. വെറുപ്പും  ഇഷ്ടവും മാറിക്കൊണ്ടിരിക്കുകയാണ്.

ഇതിനിടയിലെ സംഘർഷത്തിൽ നിന്ന് രക്ഷനേടാൻ ഏതെങ്കിലും ഒന്നിനെ അവൻ താത്കാലികമായി ഇഷ്ടപ്പെട്ടേക്കാം .നമ്മെ തന്നെ നിരാകരിക്കാൻ ആഗ്രഹിക്കുമ്പോൾ മറ്റൊന്നിനെ സ്നേഹിക്കാനാകുമോ ? അതുകൊണ്ട് സ്നേഹിക്കുന്നു എന്ന് പറയുന്നത് ഒരു പ്രത്യേക സ്വഭാവമുള്ള വെറുപ്പാണ്. ഇതെല്ലാം കാലത്തിൻ്റെ  പരിഗണനകളായി കാണാവുന്നതാണ്. സഭാപ്രസംഗകൻ പറയുന്നു: "എല്ലാറ്റിനും ഒരു സമയമുണ്ട്. ആകാശത്തിനു കീഴിലുള്ള സമസ്ത കാര്യത്തിനും ഒരവസരമുണ്ട്. ജനിക്കാൻ ഒരു കാലം, മരിക്കാനൊരു കാലം ,നാടാനൊരു കാലം ,നട്ടത് പറിക്കാനൊരു കാലം .കൊല്ലാൻ ഒരു കാലം ,സൗഖ്യമാക്കാൻ ഒരു കാലം , തകർക്കാൻ ഒരു കാലം ,കരയാൻ ഒരു  കാലം ,ചിരിക്കാൻ ഒരു കാലം , വിലപിക്കാൻ ഒരു കാലം ,നൃത്തം ചെയ്യാൻ ഒരു കാലം .കല്ലുപെറുക്കി കളയാൻ ഒരു കാലം ,കല്ലുപെറുക്കി കൂട്ടാനൊരു കാലം, ആലിംഗനം ചെയ്യാൻ ഒരു കാലം ,ആലിംഗനം  ചെയ്യാതിരിക്കാൻ ഒരു കാലം .സമ്പാദിക്കാൻ ഒരു കാലം, നഷ്ടപ്പെടുത്താൻ ഒരു കാലം, സൂക്ഷിച്ചുവയ്ക്കാൻ ഒരു കാലം , എറിഞ്ഞുകളയാൻ ഒരു കാലം, കീറാൻ ഒരു കാലം ,തുന്നാൻ ഒരു കാലം, മൗനം പാലിക്കാൻ ഒരു കാലം , സംസാരിക്കാൻ ഒരു കാലം , സ്നേഹിക്കാൻ ഒരു കാലം, ദ്വേഷിക്കാൻ ഒരു കാലം ,യുദ്ധത്തിന് ഒരു കാലം ,സമാധാനത്തിനു ഒരു കാലം" (3-3-8) .ഇതെല്ലാം ചേർന്നതാണ് മനുഷ്യൻ. അവൻ്റെ കാലങ്ങൾ അവനുപോലും അപഗ്രഥിക്കാനാവുന്നതല്ല .അവൻ കാലത്തിൻ്റെ നിഗൂഢതയിൽ ഒരു കളിപ്പാട്ടം പോലെ ഉപയോഗിക്കപ്പെടുകയാണ്. ലോകാവസ്ഥ അറിയാതെ ഒരു ജീനിയസിന് എഴുതാനൊക്കില്ല. ശാന്തതയിലോ ക്രമപ്പെടുത്തലിലോ വ്യവസ്ഥാപിതത്വത്തിലോ സാഹിത്യമില്ല. പുതിയതായി സൃഷ്ടിക്കുന്നതെന്തും  ക്രമപ്പെടുത്തലിനു എതിരാണ്. 

അപ്രവചനീയമായ കാലം 

ഫ്രഞ്ച് നോവലിസ്റ്റും ചിന്തകനുമായ ആൽബേർ കമ്യു പറഞ്ഞു: " ലോകത്തിൻ്റെ സൗമ്യമായ അനാസ്ഥയിലേക്ക് ഞാൻ എന്നെത്തന്നെ തുറന്നു പിടിച്ചിരിക്കുന്നു".'സിസിഫസ് പുരാണം' എഴുതിയ കമ്യുവിനു പ്രധാനം അലങ്കോലവും അനാസ്ഥയുമായിരുന്നു. ലോകം സ്വാഭാവികതയിൽ അങ്ങനെയാണ്. മനുഷ്യനോ മറ്റേതെങ്കിലും ജീവികളോ  വിചാരിക്കുന്നതുപോലെ ഒന്നുംതന്നെ സംഭവിക്കുന്നില്ല. എല്ലാ യുക്തിക്കും ശാസ്ത്രത്തിനും അപ്പുറം  അപ്രവചനീയമായ കാലം നിൽക്കുന്നു. ശാസ്ത്രയുക്തിയുടെ അരികിൽ നിന്ന് അപ്രവചനീയതയും മിഥ്യയും  ആരംഭിക്കുകയാണ് .ഒരു വിമാനം ശാസ്ത്രയുക്തിയാണ്. എന്നാൽ അത് ആകാശത്ത് വച്ച് കേടാകുമ്പോൾ മിഥ്യയാരംഭിക്കുന്നു. എല്ലാത്തിൻ്റെയും അസംബന്ധത്തെ ആദ്യമേ തിരിച്ചറിയണമെന്ന് കമ്യു എഴുതുന്നതു അതുകൊണ്ടാണ്. ഒരു സംഭവത്തിൻ്റെ എപ്പോഴും നിലനിൽക്കുന്നതും വ്യാഖ്യാനങ്ങൾക്ക് അപ്പുറമുള്ളതും മറുപുറവുമായ  അസംബന്ധമാണത്.

അതിനെക്കുറിച്ചുള്ള അറിവാണ് ഒരാളുടെ അസ്തിത്വം .ഈ അസംബന്ധം ഒരാളുടെ നിസ്സാരതയും ലഘുത്വവുമാണ്. ഭൂമിയിലെ ജീവിതത്തെക്കുറിച്ച് കിട്ടാവുന്നതിൽ ഏറ്റവും സത്യസന്ധമായ പ്രസ്താവനയാണത്. ഓർമ്മകളോ ,മനസ്സുകളോ പ്രകൃതിയിൽ ശേഷിക്കുകയല്ല , അപ്രത്യക്ഷമാകുകയാണല്ലോ ചെയ്യുന്നത്‌.

ജീവിച്ചിരിക്കുന്ന വേളയിൽ മാത്രം പ്രവർത്തിക്കുന്ന ഈ സങ്കേതങ്ങൾ  യഥാർത്ഥമാണെന്ന് എങ്ങനെ പറയും ?"അസംബന്ധമാണെന്ന് കരുതി അതിൽ തന്നെ എല്ലാം  അവസാനിപ്പിക്കരുത്. അതിനെതിരായി  പോരാടണമെന്ന് കമ്യു പറയുന്നത് ഈ മിഥ്യയെ എങ്ങനെ  മറികടക്കണമെന്ന പദ്ധതിയുടെ ഭാഗമാണ് ."ജീവിതകാലം മുഴുവൻ ആനന്ദിക്കുകയും ആസ്വദിക്കുകയും ചെയ്യുന്നതിനേക്കാൾ കാര്യമായി മനുഷ്യർക്ക് യാതൊന്നുമില്ലെന്ന് ഞാൻ അറിയുന്നു " എന്ന് സഭാപ്രസംഗകൻ പറയുന്നത് (3-12) ഈ പശ്ചാത്തലത്തിൽ വ്യാഖ്യാനിച്ചു മനസ്സിലാക്കണം. ആനന്ദിക്കുക,ആസ്വദിക്കുക എന്നു  പറയുന്നതിലൂടെ സഭാപ്രസംഗകൻ  ലക്ഷ്യമാക്കുന്നത് അർത്ഥനിർമ്മിതിയാണ്. ദൈവത്തെക്കുറിച്ചോ, പൊരുളിനെക്കുറിച്ചോ യാതൊന്നും അറിയാൻ നിവൃത്തിയില്ലാത്തതുകൊണ്ട് സ്വന്തം അസംബന്ധത്തിൽ നിന്ന്  രക്ഷപ്പെടാനുള്ള ഉപാധിയായാണ് ഇത് ചൂണ്ടികാണിക്കുന്നത്. ആ പോരാട്ടം ഒരർത്ഥമുണ്ടാക്കാതിരിക്കില്ല എന്ന് കമ്യു പറയുന്നത് ഈ അർത്ഥത്തിലാണ്. ആനന്ദവും ആസ്വാദനവുമാണ് ജീവിതത്തിലെ ആകെയുള്ള മൂല്യങ്ങൾ. കാരണം ,മറുവശത്ത് പൊരുളുകൾ അജ്ഞാതമായി തുടരുകയാണ്. അതുകൊണ്ട് ജീവിക്കണമെങ്കിൽ ആനന്ദത്തിലേക്കും ആസ്വാദനത്തിലേക്കും തിരിയേണ്ടതുണ്ട്. 

ആൽബേർ കമ്യു Revolt എന്ന വാക്കിലൂടെ ഉദ്ദേശിക്കുന്നതും ഇതിനു സമാനമാണ്. നമ്മുടെ ഓർമ്മകൾ നിലനിൽക്കുന്നത് ഇതിൻ്റ ബലത്തിലാണ്. കമ്യു എഴുതുന്നു:

"നഷ്ടപ്പെട്ട വീടിനെക്കുറിച്ചുള്ള ,വാഗ്ദത്ത ഭൂമിയെക്കുറിച്ചുള്ള ഓർമ്മകൾ നമുക്കില്ലാതാവുകയാണെങ്കിൽ ,അതിന് പരിഹാരമില്ല".നമ്മുടെ അന്യവൽക്കരണം  പൂർത്തിയാകുമെന്നാണ് വിവക്ഷ. ആകെയുള്ള ബന്ധം ഇതാണല്ലോ .നമ്മെ ഇവിടെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത് നമ്മുടേതെന്ന് പറയാവുന്ന എന്തെങ്കിലുമുണ്ടെന്ന ചിന്തയാണ്. അത് നഷ്ടപ്പെടുകയാണെങ്കിലോ  പിന്നീട് നിരാശയും ആത്മഹത്യയുമായിരിക്കും ഫലം .എല്ലാ പരിശ്രമവും പരിശുദ്ധമാണോ ?ഈ ലോകം നന്നായി നിലനിൽക്കണമെന്നോ ലോകത്ത് എല്ലാവർക്കും നല്ലതു വരണമെന്നോ  എല്ലാവരും വിചാരിക്കുന്നുണ്ടോ ? അങ്ങനെയുള്ള പ്രവർത്തനങ്ങൾ ഉണ്ടോ?"എല്ലാ സൗന്ദര്യത്തിൻ്റെയും  ഹൃദയത്തിൽ മനുഷ്യത്വമില്ലാത്ത എന്തോ ഉണ്ട്" എന്ന് കമ്യു എഴുതുന്നത് സംസ്കൃതിയുടെ ആന്തരികമായ ശൂന്യതയിലാണ് നമ്മെ എത്തിക്കുന്നത്."എല്ലാ അധ്വാനവും എല്ലാ വൈദഗ്ദ്ധ്യവും മനുഷ്യരുടെ പരസ്പര സ്പർദ്ധയുടെ ഫലമാണെന്ന് ഞാൻ ഗ്രഹിച്ചു " എന്ന് സഭാപ്രസംഗകൻ (4-4) ആണയിടുന്നുണ്ട്. സംസ്കാരത്തിന് പവിത്രതയില്ലെന്നാണ് അത് സൂചിപ്പിക്കുന്നത്. മിഥ്യയുടെ മറ്റൊരു തലമാണിത്. ആർക്കോവേണ്ടി അധ്വാനിക്കുന്നവരുണ്ട്. അവർ അദ്ധ്വാനിക്കുകയും സമ്പത്ത് കുന്നുകൂട്ടുകയും ചെയ്യുന്നു. എന്നിട്ട് അതിനായി തങ്ങൾ ചെയ്ത ക്രൂരതകൾ ആ സമ്പത്തിനോടൊപ്പം  ഉപേക്ഷിച്ച ശേഷം ലോകം വിട്ടു പോകുന്നു .ഇതും മിഥ്യ തന്നെ .

സൗന്ദര്യം നൂറടി മുകളിൽ 

സൗന്ദര്യത്തിൽ മനുഷ്യത്വമില്ലാത്ത എന്തോ ഉണ്ടെന്ന കമ്യുവിൻ്റെ വീക്ഷണം സാഹിത്യ, കലാപ്രവർത്തനത്തിൽ പോലും വ്യക്തികൾ വിചിത്രവും ദുരൂഹവുമായി  ഇടപെട്ടിരിക്കുന്നു എന്നാണ് വ്യക്തമാക്കുന്നത്. സൗന്ദര്യം ഈ ലോകത്തിൻ്റേതല്ല ;അത് അഭൗമമാണ്. അഭൗമമായതിനോട് മനുഷ്യന് ഹൃദയബന്ധമുണ്ടാകുന്നത്  വിസ്മയകരമാണ്. സൗന്ദര്യം തേടുന്നത് സകലതും   ഉപേക്ഷിച്ചിട്ടായിരിക്കണം .അത്  കുടുംബബന്ധങ്ങളിലോ , സ്വാർത്ഥതയിലോ ,വെട്ടിപ്പിടിത്തത്തി ലോ ദുരയിലോ കാണുകയില്ല. സൗന്ദര്യം ഒരടിയല്ല, നൂറടി മുകളിൽ പറക്കുന്നു. അതിനു വേണ്ടി മനുഷ്യൻ ഉത്സുകനാവുന്നത് അവൻ പിന്നിലുപേക്ഷിക്കുന്ന വ്യർത്ഥതയെക്കുറിച്ച് ഓർത്തിട്ടാണ്.അവൻ ചവിട്ടിനിൽക്കുന്ന മണ്ണ് പാപത്തിൻ്റേതാണെങ്കിൽ ,അവിടെ അവന് സമാധാനം കിട്ടില്ല. ഭൗതികമായ പാരതന്ത്ര്യത്തിൻ്റെയും മാലിന്യത്തിൻ്റെയും ഇടയിൽ നിന്ന് കൂടുതൽ ഉന്നതമായത് നേടാനുള്ള ശക്തി മനുഷ്യനിലുണ്ട്. ഇത് വ്യർത്ഥതയെ മറികടക്കുന്നതാണ്.  എന്നാൽ ആ സൗന്ദര്യമാകട്ടെ മനുഷ്യത്വമില്ലാത്തതാണ്; അത് മനുഷ്യൻ്റേതല്ല. "സൂര്യനു കീഴെ  ദൈവം നിനക്ക് നല്കിയിരിക്കുന്ന വ്യർത്ഥമായ ജീവിതം"(9-9) മനുഷ്യനെ മഥിക്കുന്നു. അവൻ്റെ അദൃശ്യതകൾ മരണത്തിൽ നിന്നല്ല ,ജനത്തിൽനിന്നു തന്നെ ആരംഭിക്കുന്നു .അവൻ മായുന്നവനാണ് ,വിസ്മരിക്കപ്പെടുന്നവനാണ് .അതുകൊണ്ട് അവനിൽ അസ്ഥിരതയെക്കുറിച്ചുള്ള ആകുലത കലാപത്തിനു വഴിതെളിക്കുന്നു. നിഴലിനോടെങ്കിലും അവൻ യുദ്ധം ചെയ്യാതിരിക്കില്ല .അവന് അത്രത്തോളം ജീവിക്കുന്ന ഇടം സംഘർഷാത്മകമാണ്. പ്രകൃതിയിൽ സൗന്ദര്യം ഉണ്ടെങ്കിലും അത് മാനുഷികമല്ല ;അതിനു മനുഷ്യനെ രക്ഷിക്കാനാവില്ല. മനുഷ്യനെ ഉദ്ദേശിച്ചോ ,വൈകാരികമായ ലക്ഷ്യങ്ങളുടെ ഫലമായോ ഉണ്ടാക്കപ്പെട്ടതല്ല ആ സൗന്ദര്യം. അതിനെ ഒന്നിനെയും രക്ഷിക്കാനാവില്ല. പൂക്കൾ വാരിവിതറിയതുപോലെ തോന്നുന്ന ഒരു താഴ്വരയോ ,സ്ഫടിക ജലം ഒഴുകുന്ന നദിയോ നമ്മെ ആകർഷിക്കും . അതെടുത്തു മനസ്സിലേക്ക് പകർത്താൻ തോന്നും. എന്നാൽ അവിടെ നിന്നാൽ  ജീവിതം ഒരു തരത്തിലും സുരക്ഷിതമാകണമെന്നില്ല. 

സോറൻ കീർക്കഗോറിൻ്റെ 'ദ് സിക്നസ് അൺ ടു ഡത്ത്' എന്ന കൃതിയിൽ മനുഷ്യരാശി നിത്യമായ നിരാശയിലാണെന്ന് പറയുന്നുണ്ട്. ദൈവം ഒരു മനുഷ്യനായി എന്തുകൊണ്ട് അവതരിച്ചു എന്നതിനെപ്പറ്റി കീർക്കഗോർ ചിന്തിക്കുന്നുണ്ട്. പ്രത്യേകമായ ചിലത് ചെയ്യാനുണ്ടെന്ന ബോധ്യത്തിൽ നിന്നാണ് ദൈവം ഈ തീരുമാനമെടുത്തത്. ദൈവമായിരിക്കുന്നതിൻ്റെ വിരസത  അവസാനിപ്പിക്കുകയായിരുന്നു ലക്ഷ്യം. 

ഇതൊരു സാഹസികതയല്ല .ഇത് വളരെ ഗൗരവത്തോടെയാണ് ദൈവം കണ്ടത്. അസ്തിത്വത്തിനു വന്നുചേർന്ന പ്രാമുഖ്യമാണിത്. ഓരോരുത്തർക്കും ഇതിനെക്കുറിച്ച് ഒരു അഭിപ്രായമുണ്ടാകുമെന്നാണ് ദൈവം കരുതിയത് .എന്നാൽ ദൈവത്തിലെത്തിച്ചേരുക മനുഷ്യന് സാധ്യമല്ല. വിശ്വാസത്തിലൂടെയാണ്  അതിനായി ശ്രമിക്കുന്നത്.ദൈവം  മനുഷ്യൻ്റെ അസ്തിത്വത്തെ അംഗീകരിക്കുകയാണ് ചെയ്തത്. അല്ലെങ്കിൽ മനുഷ്യനായി നിലകൊള്ളേണ്ട ആവശ്യമില്ലല്ലോ. 

തൻ്റെ പാപത്തിന് അല്ലെങ്കിൽ നിരാശയ്ക്ക് പരിഹാരമുണ്ടാക്കാനാണ്  മനുഷ്യൻ ദൈവത്തെ സൃഷ്ടിച്ചത്. പക്ഷേ, അത് നിത്യമായ നിരാശയാണ് നല്കുന്നത്. ഓരോ വ്യക്തിക്കും ദൈവം വേറിട്ട അനുഭവമേകുന്നതാണ് ആത്മാവിൻ്റെ സമസ്യയാകുന്നത്.

ആത്മാവ് അല്ലെങ്കിൽ self നമ്മുടെ ശരിയായ പ്രതിഫലനമാണോ? നമ്മൾ പലതും സങ്കൽപ്പിക്കുന്നുണ്ടെങ്കിലും  നമുക്ക് നമ്മുടേതായ ഒരാത്മാവുണ്ടോ?

അത് നിമിഷംതോറും പലതായി വേഷം മാറുകയല്ലേ ചെയ്യുന്നത് ?പരസ്പര പൊരുത്തമോ ,യുക്തിയോ ഇല്ലാതെ പെരുമാറുന്ന ആത്മാവ് ദൈവവുമായി എങ്ങനെ സമന്വയിക്കും?

എപ്പോഴെങ്കിലും നമ്മൾ ആത്മാവിൻ്റെ സഹജവും സ്ഥിരവുമായ ഒരനുഭവത്തിന് വിധേയമാക്കുന്നുണ്ടോ ? ഇല്ല. അതുകൊണ്ടാണ് കീർക്കഗോർ ആത്മാവ് ഒരു ഘട്ടത്തിലും പൂർണ്ണമല്ലെന്നു പറയുന്നത് .അത് എന്തോ ആയിത്തീരാനുള്ള പ്രക്രിയയിലാണ്. ആത്മാവ് നിലനിൽക്കുന്നില്ലെന്നാണ് കീർക്കഗോറിൻ്റെ പക്ഷം. അതിനെക്കുറിച്ചുള്ള ചിന്ത മനുഷ്യനു നിരാശയുണ്ടാക്കുന്നു. എല്ലാം അറിയാമെന്ന ധാരണയിൽ അവൻ പാപം ചെയ്യുകയാണ്.പാപിയാകുന്നതിൻ്റെ  കാരണം ആത്മാവ് അവന് അനുഭവപ്പെടാത്തതുകൊണ്ടാണെന്ന് വരുമോ?

അനശ്വരമായ ആ രോഗം 

"ജീവിച്ചിരിക്കുന്നവരേക്കാൾ ഭാഗ്യവാന്മാരാണ് മരിച്ചുപോയവരെന്ന്  ഞാൻ വിചാരിച്ചു "(4-2) എന്നു പറയുന്നത് ഇതിൻ്റെ പശ്ചാത്തലത്തിൽ കൂടുതൽ അർത്ഥപൂർണമാണ്. ജീവിച്ചിരിക്കുന്നത് നിരാശയ്ക്കും ദൈവത്തിനുമിടയിലുള്ള ഓട്ടമാണെന്ന തരത്തിൽ കീർക്കഗോർ വ്യാഖ്യാനിക്കുന്നത് ഈ മിഥ്യയെ തന്നെയാണ് .മനുഷ്യൻ്റെ ശരീരത്തിലല്ല, മനസ്സിലാണ് അനശ്വരമായ ഈ രോഗം പിടിപെട്ടിരിക്കുന്നത്. അവൻ ആത്മീയമായി രോഗിയാണ്. അവൻ്റെ  രോഗത്തെക്കുറിച്ചുള്ള വ്യാഖ്യാനങ്ങളും   അതിൻ്റെ ആവിഷ്കാരങ്ങളുമാണ് അവൻ്റെ സൃഷ്ടികൾ .അതിൽ അവൻ സ്വന്തം പാപബോധത്തെ അന്വേഷിക്കുകയാണ്. എന്നാൽ ആത്മാവ് ഒരു ഘട്ടത്തിലും  അതായിരുന്നില്ലെങ്കിൽ ,അത് അതിനു അന്യമായിരിക്കും. ഇതാണ് രോഗാവസ്ഥയിലേക്ക് നയിക്കുന്നത്- കീർക്കഗോർ ചൂണ്ടിക്കാട്ടുന്നു.ആത്മാവിൻ്റെ പ്രതീക്ഷയിൽ മനുഷ്യൻ ജീവിക്കുകയാണ്. എന്നാൽ അതൊരിക്കലും ആർജിക്കാനാവുന്നില്ല, ഓരോഘട്ടത്തിലും. അവൻ അതിൻ്റെ  പരീക്ഷണശാലയിലാണ്; അല്ലെങ്കിൽ അതിൻ്റെ രൂപാന്തരപ്രക്രിയയിൽ അവൻ ഒരുപകരണമാക്കപ്പെടുന്നു. ഓരോ വ്യക്തിയും നിരാശയിലാണെന്ന് കീർക്കഗോർ പറയുന്നു. ദൈവത്തെ  അവൻ കണ്ടെത്താൻ വിധിക്കപ്പെട്ടിരിക്കുന്നു. അല്ലെങ്കിൽ അവൾ നിരാശയിൽ നീറിക്കഴിയേണ്ടിവരും.എന്നാൽ എന്തിനാണ് അവൻ നിരാശപ്പെട്ടുകൊണ്ടും തെറ്റ് ചെയ്യുന്നത്?അല്ലെങ്കിൽ സന്തോഷം ഉപേക്ഷിക്കുന്നത്? സഭാപ്രസംഗകൻ  ചോദിക്കുന്നുണ്ട് ,

കീർക്കഗോർ മനുഷ്യനെ വ്യാഖ്യാനിച്ച് അവൻ്റെ അസ്തിത്വത്തെ ബാധിച്ചിരിക്കുന്ന അവസാനിക്കാത്ത ഉത്ക്കണ്ഠയെക്കുറിച്ച് പറയുന്നതിൽ സഭാപ്രസംഗകൻ സൂചിപ്പിച്ച മിഥ്യ തന്നെയാണുള്ളത്. എന്താണ് ഈ മിഥ്യ ?അദൃശ്യതയോ മാന്ത്രികതയോ അല്ല; ഫലശൂന്യതയാണ് .ഒരർത്ഥം കണ്ടെത്താൻ എത്ര ശ്രമിച്ചിട്ടും കഴിയാത്ത അവസ്ഥയാണിത്. അർത്ഥം തിരഞ്ഞു ജീവിതം  നശിപ്പിക്കരുതെന്ന് സഭാപ്രസംഗകൻ പറഞ്ഞിട്ടുണ്ട്. "ചെയ്യാനുള്ളത് സർവ്വ ശക്തിയോടും കൂടെ ചെയ്യുക; എന്തെന്നാൽ നീ ചെന്നു ചേരേണ്ട പാതാളത്തിൽ ജോലിക്കോ ചിന്തയ്ക്കോ വിജ്ഞാനത്തിനോ അറിവിനോ സ്ഥാനമില്ല ".(9 -10).മനുഷ്യനെ വിഭ്രമിപ്പിക്കുന്ന കാര്യമാണിത്. എന്തുതന്നെ ചെയ്താലും അതിൻ്റെ ഫലം ഇവിടെത്തന്നെ തന്നെ മങ്ങിപ്പോകും. ജ്ഞാനിയായതുകൊണ്ടോ, സന്മാർഗ്ഗിയായതുകൊണ്ടോ നല്ലത് വരണമെന്നില്ല. അപ്പം ജ്ഞാനിക്ക്  ലഭിച്ചിട്ടില്ലെന്നും ധനം ബുദ്ധിമാന്  എത്തിച്ചേർന്നിട്ടില്ലെന്നും  സഭാപ്രസംഗകൻ പറയുന്നത് ഇതിൻ്റെ 

ആഴം വ്യക്തമാക്കുന്നു .ഏത് ദിശയിൽ സഞ്ചരിച്ചാലും മനുഷ്യനു ക്ളേശം തന്നെയാവും ഫലം. എല്ലാ നേട്ടങ്ങളും അതിനു വേണ്ടി ചെയ്ത അദ്ധ്വാനവുമെല്ലാം വ്യർത്ഥമാണെന്നറിയുന്ന മനുഷ്യനെയാണ് നവസാഹിത്യം അവതരിപ്പിച്ചത് .ഒരിക്കലും അഴിക്കാനാവാത്ത കുരുക്കാണത്. എന്നാൽ സന്തോഷം എന്തിന് ഉപേക്ഷിക്കണം?ചെയ്യാനുള്ളത് എന്തിനു ചെയ്യാതിരിക്കണം ?ഒന്നും തന്നെ വേണ്ടെന്ന് വെക്കുന്നതുകൊണ്ട് പ്രയോജനമില്ല. പാതാളത്തിൽ ഇതിൻ്റെ  പേരിൽ ഒന്നും ഉണ്ടാവുകയില്ല. മരണാനന്തരം മറ്റൊരു ശൂന്യതയാണ് കാത്തിരിക്കുന്നത്. അതുകൊണ്ട് ജീവിച്ചിരിക്കുന്നത് തന്നെയാണ് കുറേക്കൂടി പ്രസക്തമായ മിഥ്യ .ആ മിഥ്യ ഏകാന്തതയെ  താൽക്കാലികമായി നിലനിർത്തുന്നു. സ്വയം നഷ്ടപ്പെടുമ്പോഴും അതിൽ ജീവിക്കുന്നതിൻ്റെ മിഥ്യ ഒരടയാളമാകുന്നു.

യാഗാശ്വമായി പൊരുൾ 

"യാഥാർത്ഥ്യം എത്ര വിദൂരത്താണ്; ആഴത്തിൽ, അളക്കാൻ കഴിയാത്ത ആഴത്തിൽ, ആർക്ക് അത്  കണ്ടുപിടിക്കാൻ കഴിയും" (7_24)

യാഥാർത്ഥ്യം അപ്രാപ്യമാണെന്ന ഈ ബൈബിൾ വാക്യം കഴിഞ്ഞ ഏതാനും നൂറ്റാണ്ടുകളിലെ സാഹിത്യപരീക്ഷണങ്ങളെയെല്ലാം സ്വാധീനിച്ചിട്ടുള്ളതാണ്. യാഥാർത്ഥ്യത്തെ സമീപിക്കാൻ കഴിയാത്തതുകൊണ്ടാണ് ഫിക്ഷ്നും  കവിതയും ആവശ്യമായിവരുന്നത്.

ഫിക്ഷ്ന് യാഥാർഥ്യത്തിൻ്റെ  അപനിർമാണമാണ് വേണ്ടത്. വസ്തുവിൻ്റെ തനത് സ്വഭാവത്തെ മാറ്റാനാണ് ഫിക്ഷ്ൻ എഴുതുന്നത്. ജനാധിപത്യരാജ്യത്തോ ,സർക്കാർ നിരീക്ഷണത്തിലോ ഉൾപ്പെടാത്ത മറ്റൊരു ലോകമുണ്ട്. അതിനെ  യാഥാർത്ഥ്യം എന്ന വാക്കുകൊണ്ട് വിവരിക്കാനാവില്ല. ഒരാൾക്കും അയാളെക്കുറിച്ചുള്ള യാഥാർത്ഥ്യം അറിയില്ലെന്നതാണ് സത്യം .ഏതോ വലിയ ദുരൂഹത നമ്മെ ചൂഴുകയാണ്. അർത്ഥമറിയാതെ പ്രവർത്തിക്കാൻ വിധിക്കപ്പെട്ടതുകൊണ്ട് ദു:ഖിക്കുകയാണ് നമ്മുടെ മാർഗം. ദു:ഖിക്കുന്നതിലൂടെ ,സഹനത്തിനു  ഒരർത്ഥം സൃഷ്ടിക്കുകയാണ്. ദു:ഖം ജൈവമായ സത്യമാകയാൽ ,അതിനു നീതീകരണമുണ്ട്. അത് സഹനത്തെ എളുപ്പമുള്ളതാക്കുന്നു. സഹസ്രാബ്ദത്തിലെ വാക്കുകളായി, മുകളിൽ ചേർത്ത സഭാപ്രസംഗകൻ്റെ  ഉദ്ധരണിയെ കാണാവുന്നതാണ് .എല്ലാ നവരചനകളും ഇതിൻ്റെ പരിധിയിൽ വരും.

"ഹാ!ശുഭേ! നിജഗതാഗതങ്ങൾ ത-

ന്നീശനിശ്ചയമറിഞ്ഞിടാ നരൻ ,

ആശ നിഷ്ഫലവുമായ് വരുന്നവ-

ന്നാശിയാതിഹ വരുന്നഭീഷ്ടവും"

സ്വന്തകർമ്മവശരായ് തിരിഞ്ഞിടു -

ന്നന്തമറ്റ ബഹുജീവകോടികൾ

അന്തരാളഗതിതന്നിലൊന്നൊടൊ-

ന്നന്തരാ പെടുമണുക്കളാണ് നാം " 

യാഥാർത്ഥ്യത്തെ കണ്ടെത്താൻ പ്രയാസമായിരിക്കുമെന്നു തന്നെയാണ് ആശാനും പറയുന്നത്. ജനിമൃതികൾക്കിടയിൽ എന്തോ തുടിക്കുന്നു ,മിന്നിമായുന്നു , ശബ്ദങ്ങൾ പുറപ്പെട്ട് നിശ്ശബ്ദമാകുന്നു... എന്തെങ്കിലും മനസിലാകുന്നുണ്ടോ ?പ്രകൃതി നീണ്ട വിസ്മൃതിയുടെ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. പൊരുളിനെക്കുറിച്ച് തലങ്ങും വിലങ്ങും ചർച്ചകൾ ഉണ്ടാകുന്നു. ഒരു പൊരുളിനെയും ഉറപ്പിച്ചുനിർത്താനോ  ബന്ധിക്കാനോ കഴിയില്ല. യാഗാശ്വമായി പായുന്നത് പൊരുളാണ്; പിടിതരാത്ത യാഥാർഥ്യമാണത്. അതിനെ പിടിച്ചുകെട്ടാൻ ആരുമില്ല. ഈശ്വരനിശ്ചയമറിയില്ല എന്ന് ആശാൻ പറയുന്നതിൽ സഭാപ്രസംഗകൻ്റെ  വാക്കുകൾ മുഴങ്ങുന്നു. ആശയാലുണ്ടാകുന്ന വ്യർത്ഥതാബോധവും സന്തോഷവും എന്തുകൊണ്ട് സംഭവിക്കുന്നുവെന്ന് പറയാൻ മനുഷ്യൻ അശക്തനാണ്. കർമ്മം ശരിയായി വരുന്നുവെന്ന് നമുക്ക് തോന്നുന്നതാകാം. ചിലപ്പോൾ പ്രതീക്ഷിച്ച പോലെയായിരിക്കില്ല. അപ്പോൾ വിഷാദമാണുണ്ടാവുക. നമുക്ക് വേണ്ടി പല പമ്പരങ്ങൾ കറങ്ങുന്നു. എന്താണ് പൊരുൾ ?ഏതോ നിമിത്തത്തിൽ പ്രചോദിതരായി നാം സഞ്ചരിക്കുന്നു. അതാണ് പൊരുളെന്ന് വിചാരിക്കുന്നു ;അതിനപ്പുറത്തുള്ള യാഥാർത്ഥ്യം എന്താണ് ? ആശാൻ വലിയ തത്ത്വചിന്തകനെപോലെ തുടർന്നു പറയുന്നുണ്ട് ,കർമ്മത്തിൻ്റെ  പൊരുളറിയാതെ ചുറ്റിത്തിരിയുന്നത്  സഹസ്രകോടി ജീവികളാണെന്ന്. ഈ ലോകത്തിൻ്റെ ദുരൂഹമായ ഇടനാഴികളിൽ നാം നിസ്സഹായരായിപ്പോയിരിക്കുകയാണ് . "അന്തരാള ഗതി തന്നിലൊന്നൊടൊന്നന്തരാ" എന്നു പറയുമ്പോൾ യാഥാർത്ഥ്യം തീർത്തും അപ്രാപ്യമാണെന്നതിനെക്കുറിച്ചുള്ള ശൂന്യതാബോധമാണ് തെളിയുന്നത് .

ജനിമൃതികളിലെ ഇടനാഴിയിൽ നാം ഒറ്റപ്പെട്ടിരിക്കുന്നു. നിഗൂഢവും പൊരുളറിയാതെ വിഭ്രമിപ്പിക്കുന്നതുമായ ഈ ഇടനാഴിയിൽ യാദൃശ്ചികമായി ചിലരെ കണ്ടുമുട്ടുന്നു. അവരെയൊന്നും നാം  ക്ഷണിച്ചു വരുത്തിയതല്ല; കർമ്മഗതിയെന്ന് പറയാമെന്ന് മാത്രം. അതിനു നിശ്ചയമില്ല. വിചാരിച്ചിരിക്കാതെ നമ്മളിലേക്ക് ചിലർ വരുന്നു ;ചിലരിലേക്ക് നാം എത്തിച്ചേരുന്നു .ഒന്നിനും ഉറപ്പില്ല .

ചിലപ്പോൾ സ്നേഹം എന്ന പശ ഉല്പാദിപ്പിക്കപ്പെട്ടേക്കാം ;അല്ലെങ്കിൽ അകൽച്ചയുടെ നോവറിയാം .സ്നേഹ ബന്ധത്തിൽ നിന്നുള്ള വേദനയേറ്റുവാങ്ങി പിന്തിരിയാൻ കഴിയാതെ വരാം. ഈ സാർവത്രിക ഗതികേടിൽപ്പെട്ട അണുക്കളാണ്  മനുഷ്യർ. എല്ലാ ജീവികളും അങ്ങനെതന്നെ. രണ്ടായിരം കോടി പുഴുക്കൾ ഒരു ഇരുണ്ട ഓവുചാലിൽ പുളയ്ക്കുമ്പോൾ ,അവയിലൊന്നു പോലും മറ്റൊന്നിൻ്റെ  ജീവിതത്തിലേക്ക് നേരിട്ട് പ്രവേശനാനുമതി നേടിയിട്ടില്ല.

അവ എങ്ങനെ ഒന്നിച്ചുകൂടി? എന്തിനു അവ പിരിയുന്നു. അജ്ഞതയുടെ  തണുത്തുറഞ്ഞ ഒരു തടാകമായി ഈ ലോകം മാറുന്നു. ഒട്ടും പ്രതീക്ഷിക്കാതെ ലക്ഷക്കണക്കിന് പുഴുക്കൾ ഏതോ ലക്ഷ്യപൂരണത്തിനെന്നപോലെ ഒത്തുകൂടുകയും അവ താമസിയാതെ നശിക്കുകയും ചെയ്യുന്നു. ലോകം അവയ്ക്ക് അന്യമായിരിക്കുക മാത്രമല്ല, അജ്ഞാതവുമാണ്. മനുഷ്യനും അങ്ങനെയാണ് .അവന് അന്യഗ്രഹങ്ങളെക്കുറിച്ചുള്ള അറിവ് എത്രയോ പരിമിതമാണ്.

മാത്യു അർനോൾഡ് കേട്ട ഗാനം 

മനുഷ്യനും ഒരിടവേളയിൽ ഒട്ടും വിചാരിക്കാതെ പരസ്പരം ബന്ധത്തിലേർപ്പെടുന്നു .കാരണങ്ങൾ  എന്ന പേരിൽ ഉണ്ടാകുന്നതെല്ലാം മറയാക്കി വേർപിരിയുകയും ചെയ്യുന്നു.

ജനിമൃതികളുടെ പൊരുളിലേക്ക് നോക്കാനാവാത്ത മനുഷ്യൻ അജ്ഞനാണ് .അവൻ്റെ കർമ്മഫലങ്ങൾക്ക് വിശദീകരണങ്ങൾ പര്യാപ്തമല്ല. ഒരു ഫലശൂന്യതയെയാണ് ജീവിതം അഭിമുഖീകരിക്കുന്നത് . 'ഡോവർ ബീച്ച്' എന്ന കവിതയിൽ മാത്യു അർനോൾഡ് കേൾക്കുന്ന കടൽത്തീരത്തെ വിഷാദരാഗം (The eternal note of sadness)എന്താണ് ഈജിയൻ തീരത്ത് സോഫോക്ലീസ്  നൂറ്റാണ്ടുകൾക്ക് മുമ്പ് കേട്ട ഗാനമാണത്. അത് നിറയെ മനുഷ്യദുരിതമാണ്. അത്  കലങ്ങുന്നതും അടിച്ചുകയറുന്നുതും ഇറങ്ങിപ്പോകുന്നതുമാണ്. 

കവി എഴുതുന്നു :

But now I only hear

It's melancholy, long, withdrawing roar, 

Retreating, to the breath of the night wind,down the vast edges drear

And naked shingles of the world.

മാറ്റമില്ലാത്ത ശോകത്തെക്കുറിച്ചാണ് കവി സംസാരിക്കുന്നത് .തൻ്റെ  പ്രിയപ്പെട്ടവളോട് കവിക്ക് പറയാനുള്ളത് ലോകത്തിൻ്റെ  ഒരിക്കലും പിടിതരാത്ത വിഷാദാരവ ങ്ങളെക്കുറിച്ചാണ് .സന്തോഷിക്കേണ്ട നിമിഷങ്ങളിൽ അതിനെ ഹനിച്ചുകൊണ്ട് തീരവും ചരൽക്കല്ലുകളും തിരകളും ഒരേയൊരു രാഗം മാത്രം കേൾപ്പിക്കുന്നു .കവിയെ തിരിച്ചുവിളിക്കുകയാണ് ആ ഗാനം. ഓരോ തിരയും മനുഷ്യദുരിതത്തെ തന്നെ ആഖ്യാനം ചെയ്യുന്നതായി കവിക്ക് തോന്നുന്നു. അപ്പോൾ കവിയുടെ പ്രണയമോ? ആ പ്രണയത്തിൻ്റെ ആനന്ദത്തെപോലും വലിഞ്ഞു മുറുക്കുകയാണ് വിഷാദത്തിൻ്റെ ആ ഗാനം; അതിൽ നിന്ന് ആർക്കും മോചനമില്ല. ഈ ലോകം നമ്മെ ചതിക്കുകയാണോ  ചെയ്യുന്നത്? കവി അത് ഇങ്ങനെ ധ്വനിപ്പിക്കുന്നു:

Ah, love, let us be true

To one another! for the world, which seems 

To lie before us like a land of dreams 

പ്രേമത്തെ എങ്ങനെ മൂല്യമുള്ളതാക്കാമെന്ന ചിന്തയിൽ നിന്നാണ് നമുക്ക് പരസ്പരം സത്യസന്ധരാകാമെന്ന സമാധാനത്തിൽ എത്തുന്നത്. ലോകത്തിൻ്റെ അനശ്വരമായ ആ വിഷാദരാഗം എല്ലാവരെയും ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ് .പ്രേമിക്കുമ്പോൾ മനസ്സിന് സത്യസന്ധത ഒരു ഭാരമായിട്ടുണ്ടാകാം. 

അതുകൊണ്ട് സ്വപ്നഭൂമി പോലെ തോന്നിക്കുന്ന ഈ ലോകം നമ്മോട് നുണ പറയുകയാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ നമുക്ക് സത്യസന്ധരാകാം. നിസ്വരായവരുടെ കൈയിൽ ഈ ആയുധമേയുള്ളു .

"അവൻ്റെ ദിനങ്ങളെല്ലാം വേദന നിറഞ്ഞതാണ്; അദ്ധ്വാനമാകട്ടെ ,ദു:ഖ സങ്കുലവും .രാത്രിയിൽ പോലും അവൻ്റെ മനസ്സിനു സ്വസ്ഥതയില്ല. ഇതും മിഥ്യ തന്നെ "(2-23).

ഈ സ്വസ്ഥതക്കുറവാണ് മാത്യു അർണോൾഡ് ഡോവർ കടൽതീരത്ത് വച്ച് തുറന്നു വിട്ടത് .അദ്ദേഹം നൂറ്റാണ്ടുകളായുള്ള ജനതയുടെ മിഥ്യകളിൽ മുങ്ങിത്താഴുന്നതിൻ്റെ  വേദനയാണ് പകരുന്നത് .അത്  മറച്ചുപിടിക്കാൻ കവിക്ക് അറിയില്ല. അദ്ദേഹം അത് തുറന്നുപറയാനാണ് എഴുതുന്നത്. ലോകം നുണകളാൽ രൂപീകരിക്കപ്പെടുമ്പോൾ അതിനെതിരെ സത്യസന്ധതയിലൂടെ അതിജീവിക്കാൻ ശ്രമിക്കുകയാണ്. എല്ലാ നുണകളും അഴിഞ്ഞുവീഴണം ,എങ്കിലേ സത്യത്തെ നേർക്കുനേർ കാണാനാവൂ .ഭുമിയിലെ മനുഷ്യൻ്റെ പ്രയത്നത്തെക്കുറിച്ച് സഭാപ്രസംഗകൻ പറയുന്നതിൻ്റെ സാരം ഇതാണ്.

സാരത്തിനുള്ളിലെ സാരം 

എല്ലാ ആഘോഷങ്ങൾക്കും ശേഷം അവശേഷിക്കുന്നത് സ്വയം കാണാനുള്ള ചില കാഴ്ചകളാണ്. അത്  നൂറ്റാണ്ടുകൾക്ക് പിന്നിലേക്ക് നമ്മെ കൊണ്ടുപോകുന്നു. അനുഭവങ്ങളുടെ സാരം ഗ്രഹിച്ചവരൊക്കെ സഭാപ്രസംഗകൻ ഉയർത്തിയ പരമമിഥ്യയിലേക്ക് തന്നെ  നിപതിച്ചിട്ടുണ്ട്. ജർമ്മൻ തത്ത്വചിന്തകൻ ഷോപ്പനോർ ജീവിതം ദു:ഖമാണെന്ന് നിർവ്വചിച്ചതിനു സമാനമാണ് ഡോവർ ബീച്ചിൽ മാത്യു അർനോൾഡ് സത്യം വെളിപ്പെടുത്തുന്നത്. മനുഷൻ ഒരു ചതിയാണ്;എന്തിനു വേണ്ടി ,എന്തിനു ചുറ്റും കറങ്ങുന്നുവെന്ന് അറിയാത്തതുകൊണ്ട് ഓരോ നിമിഷത്തെയും അവൻ മഹത്വവത്ക്കരിക്കുന്നു. ആനന്ദമായാലും ദുഃഖമായാലും വറ്റിച്ചുനോക്കിയാൽ ഒന്നുമുണ്ടാവില്ല. 

"സൂര്യന് കീഴുള്ള കഠിനാധ്വാനവും മനുഷ്യക്ളേശവുംകൊണ്ട് മനുഷ്യനു  എന്ത് നേട്ടം? അവൻ്റെ ദിനങ്ങളെല്ലാം വേദന നിറഞ്ഞതാണ് .അധ്വാനമാകട്ടെ, ദുഃഖസങ്കുലവും "(2-22,23) - സഭാപ്രസംഗകൻ്റ ഈ വാക്കുകൾക്കപ്പുറം ലോകസാഹിത്യം ഒന്നും കണ്ടെത്തുന്നില്ല. സാരത്തിനുള്ളിലെ സാരം ഇതുതന്നെയാണ്. ഒരു തുരങ്കത്തിലൂടെ സഞ്ചരിക്കുന്നത് സാഹസമാണ്. ആന്ദ്രേ തർക്കോവ്സ്കിയുടെ Stalker എന്ന സിനിമയിൽ തുരങ്കത്തിലൂടെയുള്ള സഞ്ചാരം കാണാം. മൂന്നുപേർ വിചിത്രമായ ഒരു സ്ഥലവും അവിടുത്തെ പ്രഭുവിനെയും കാണാൻ പോവുകയാണ് .അവർക്ക് ഒന്നും തന്നെ കണ്ടെത്താനായില്ല. അവസാനം അവർ തർക്കിക്കുകയും ലക്ഷ്യം മറക്കുകയും ചെയ്യുന്നു.  അവർ തങ്ങളുടെ യുക്തിക്കനുസരിച്ച് പലതും ഇഴ പിരിച്ച് പരിശോധിക്കുന്നു. ഓരോരുത്തരും സ്വയം ന്യായീകരിച്ചു. സാഹിത്യവും കലയുമെല്ലാം നിറം കെട്ട് വീഴുകയാണ്. നിശ്ചലവും നിരാലംബവുമായ യാതൊന്നിൻ്റെയോ  നിഴലുകളായി അവർ രൂപാന്തരപ്പെടുന്നു. അല്ലെങ്കിൽ ,അവർ ആ നിഴൽ തന്നെയല്ലേ? നിഴലായതുകൊണ്ട് യാഥാർത്ഥ്യത്തെ അറിയണമെന്നില്ല .ആ നിഴലിനു കാരണമായ യഥാർത്ഥ വസ്തുത എവിടെ ?ഉദ്വേഗവും നിരാശയും സംശയവും ഉത്തരമില്ലാത്ത അവസ്ഥയും അവരെ  പിരിമുറുക്കത്തിലാക്കുന്നു. 

മനുഷ്യൻ കഠിനാധ്വാനത്തിലൂടെ എന്താണ് നേടുന്നതെന്ന ചോദ്യം ആർക്കും തന്നെ ചോദിക്കാനാവില്ല. ആ ചോദ്യം നമ്മെ തകർക്കാൻ ശേഷിയുള്ളതാണ്. യാതൊന്നിനോടും ബന്ധമില്ലാത്ത സഭാപ്രസംഗകൻ അത് ചോദിച്ചത് ദൈവത്തിൻ്റെ ചിരി തനിക്ക് രഹസ്യമായി കാണാനായതുകൊണ്ടാണ്. മനുഷ്യൻ്റെ പ്രയത്നം വേദനനിറഞ്ഞതാണെന്ന്  ഡോവർ ബീച്ചിൽ പറയുന്നത്, അനശ്വരമായ ഒരു ദു:ഖരാഗം സമുദ്രതീരത്ത് നിന്ന് ഒഴുകി വരുന്നു എന്ന അർത്ഥത്തിലാണ്. ഓരോ വ്യക്തിയും അത് വേറിട്ട വഴിയിൽ കേൾക്കുന്നു, സാരം ഒന്നു തന്നെ .അധ്വാനിക്കുന്നവർ സന്തോഷിക്കുന്നു .എന്നാൽ അവരെ ദുഃഖം നിറഞ്ഞ സന്ദേഹങ്ങൾ കാത്തിരിക്കുകയാണ്. ഒരു കവിക്ക് ഇത് മനസ്സിലാക്കാനായില്ലെങ്കിൽ എഴുതിയിട്ട് കാര്യമില്ല. എല്ലാ മികച്ച സാഹിത്യവും ആത്യന്തികമായി ഈ പൊരുളിലേക്കാണ് എത്തിച്ചേരുന്നത് .മിഥ്യ ,അതുമാത്രമാണ് സത്യം ; ആ സത്യത്തെ മറയ്ക്കാനോ ,ഭേദിക്കാനോ വേണ്ടിയാണ് മിക്കവരും എഴുതുന്നത്, വരയ്ക്കുന്നത്. 

മറ്റെന്താണ്  ചെയ്യാനുള്ളത് ?

m k harikumar quotes

 

























അഭിമുഖം :എം.കെ.ഹരികുമാർ / രാജന്ദ്രൻ നിയതി

 a


 ദൈവം ,മനസ് ,ചിന്ത ,വായന ,സന്തോഷം തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി ഒരു സംഭാഷണം 

 
ദുർഗ്രഹമായ ഒരു അസന്തുഷ്ടി ;ക്ളേശകരമായ ആനന്ദം

ചോദ്യം: മനുഷ്യൻ ദൈവമാകണമെന്നു വിചാരിച്ചാൽ ഒരു ശക്തിക്കും അവനെ തടയാനാവില്ലെന്നു താങ്കൾ എഴുതിയത് വായിച്ചു .എന്താണ് താങ്കളുടെ ദൈവ സങ്കല്പം ?

എം.കെ.ഹരികുമാർ :'ദൈവമല്ലേ  മനുഷ്യൻ? ദൈവത്തെക്കുറിച്ച് ചർച്ചചെയ്യുന്നത് അവനല്ലേ? മറ്റേതെങ്കിലും ജീവികൾ ദൈവത്തെക്കുറിച്ച് ചർച്ച ചെയ്തു വഴക്കടിക്കുന്നതായി കണ്ടിട്ടില്ല. ദൈവത്തെ നിർവ്വചിക്കുകയോ ദൈവവുമായി ഇടപഴകുകയോ ചെയ്യുന്നതാരാണ് ? മനുഷ്യൻ. അതിനു കഴിയുന്നുണ്ടെങ്കിൽ അവനു ദൈവികമായ ഒരു വാതായനം തുറന്നു കിട്ടി എന്നല്ലേ അർത്ഥം ?ദൈവമാകാതെ തന്നെ  ദൈവത്തെക്കുറിച്ചുള്ള ചർച്ച അന്തരീക്ഷത്തിൽ നിലനിർത്തുന്നവനെന്ന നിലയിൽ മനുഷ്യനാണ് ദൈവത്തിൻ്റെ സ്രഷ്ടാവെന്നു വ്യാഖ്യാനിക്കാവുന്നതാണ്.

നാം ദൈവത്തെക്കുറിച്ച് കേട്ടതെങ്ങനെയാണ്, ഒരു വംശം എന്ന നിലയിൽ ?മനുഷ്യബുദ്ധിയുടെയും ശക്തിയുടെയും ഒരു വിരാട് രൂപമാണത്. മനുഷ്യൻ്റെ ലോകം ദൈവത്തിൻ്റേതുമാണ് . അതുകൊണ്ടാണ് അമേരിക്കൻ കവി ചാൾസ് ബുകോവ്സ്കി ഞാൻ എൻ്റെ ദൈവമാണെന്നു (I am my own God) എന്നു പ്രഖ്യാപിച്ചത്. ഒരു കവി തന്നിൽ തന്നെ ദൈവത്തെ കാണുകയാണ് .ആലോചിച്ചാൽ അതിൽ സാരമുണ്ട് .നമ്മൾ ചെയ്യുന്ന കാര്യങ്ങളിലെ ബുദ്ധികേന്ദ്രം ആരാണ് ? നമ്മൾ ഓരോന്ന് ആലോചിച്ചല്ലേ ചെയ്യുന്നത് ?ആലോചിക്കാതെയും പ്രവർത്തിക്കും. അതിൻ്റെ ഉത്തരവാദിത്വം ആര് ഏറ്റെടുക്കും ? നമ്മെക്കൊണ്ട് മറ്റാരോ ചെയ്യിക്കുകയാണെന്നു പറയുന്നതിൽ  സൗന്ദര്യമാണുള്ളത് .

നമ്മെ ശരിയും തെറ്റും ചെയ്യാൻ പ്രേരിപ്പിക്കുന്നത് ദൈവമാന്നെന്നു ചിന്തിക്കുന്നതിൽ മറ്റൊരു നീതിയാണുള്ളത് .നമുക്ക് അർഹതപ്പെട്ട ശരികളാണോ  കിട്ടുന്നത് ?അല്ലെങ്കിൽ തെറ്റുകളാണോ കിട്ടുന്നത് ?അപ്പോഴും നമുക്ക് ഉത്തരവാദിത്വമുണ്ട്, നമ്മുടെ പ്രവൃത്തികളുടെ നിയന്താവായി .കാരണം, നമ്മുടെ ശരികൾ നമ്മുടെ മാത്രം ശരികളാണ്.  നമ്മൾ ആഗ്രഹിച്ചതാണ് ആ ശരികൾ .നമ്മൾ വൈകാരികമായി ഉണരുകയും തകരുകയും ചെയ്യാറുണ്ട്. അത് നമ്മുടെ ശാരീരികമായ അവസ്ഥാഭേദങ്ങളാണല്ലോ .നമുക്ക് എങ്ങനെയാണ് കൂടുതൽ മെച്ചപ്പെട്ട ഒരു മനുഷ്യനാകാൻ കഴിയുന്നത് ? അത് അറിവാണ്.ലോകം സഞ്ചരിച്ച വഴികളെക്കുറിച്ച് ധാരാളം അറിവുകൾ നമുക്കുണ്ട് .രണ്ടാം നൂറ്റാണ്ടിലോ പത്താം നൂറ്റാണ്ടിലോ നേടിയതിനേക്കാൾ ബൃഹത്തായ ജീവിതപാഠങ്ങൾ നമ്മുടെ മുന്നിലുണ്ട് .നമുക്ക് മനുഷ്യസ്വഭാവത്തെക്കുറിച്ച് എത്രയോ പാഠങ്ങളാണുള്ളത്. മനുഷ്യൻ്റെ ചരിത്രത്തിൽ നിന്നും മന:ശാസ്ത്രത്തിൽ നിന്നും പഠിക്കാൻ ധാരാളമുണ്ടല്ലോ.അതുകൊണ്ട് നമ്മുടെ ശരികളെ വേർതിരിച്ചെടുക്കാൻ നമുക്കല്ലാതെ ആർക്കും കഴിയില്ല. നമ്മൾ ആർജിക്കേണ്ടതായ മഹത്വം ദയ, പ്രാർത്ഥന, സൗകുമാര്യത ,ത്യാഗം ,ദാനം തുടങ്ങിയവയിലാണുള്ളത്. നമ്മെ ഇരുട്ടിലേക്ക് തള്ളിവിടാതിരിക്കാൻ ഈ ഗുണങ്ങൾക്കേ കഴിയൂ. അതിലേക്ക് നാം എത്തിച്ചേരുന്നതോടെ മനുഷ്യൻ്റെ പരമോന്നതമായ കഴിവുകൾ അവനിൽ  പ്രവർത്തിക്കാൻ തുടങ്ങുകയാണ്. അങ്ങനെ അവൻ ദൈവമായിത്തീരുന്നു .
Image

ചോദ്യം: താങ്കൾ 'എം.കെ.ഹരികുമാറിൻ്റെ സിദ്ധാന്തങ്ങൾ ' എന്ന കൃതിയിൽ ഇങ്ങനെ എഴുതി: "ചില സസ്യങ്ങൾ അതിൻ്റെ  ശരീരത്തിൽ ഏത് ഭാഗത്തുനിന്നും മറ്റൊരു ജനിക്ക് സജ്ജമാണ്. അവ ശരീരം നിറയെ മറ്റു ജന്മങ്ങളെ കൊണ്ടുനടക്കുകയാണ്. എവിടെ നിന്നും അത് പുതിയ മുളകളെ  അനുവദിക്കുകയാണ് .ഏത് സാഹചര്യത്തിലും ആ മുളകൾ നാമ്പെടുക്കും. അതിനു സുരക്ഷിതമായ ഇടമില്ല .കാലാവസ്ഥയാണ് സുരക്ഷ ; മണ്ണ് എവിടെയായാലും മതി" .എന്താണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്? ഇത് താങ്കളുടെ നവാദ്വൈതം അഥവാ ഉൾപ്പരിവർത്തനവാദവുമായി  എങ്ങനെയാണ് ബന്ധപ്പെടുന്നത് ?

എം.കെ .ഹരികുമാർ :ഇത് ഓരോന്നിന്റെയും ആത്മീയത എന്ന തത്ത്വത്തെ വിശദീകരിക്കാനായി സൂചിപ്പിച്ചതാണ്. ഓരോ നിമിഷത്തിലും ജീവിതമുണ്ടല്ലോ .'തനിമനസ്സ്'എന്ന അധ്യായത്തിലാണ് ഇത് വിവരിക്കുന്നത്. കൈകൊണ്ട് ഒരു കർമ്മം ചെയ്യുമ്പോൾ ,മനസ്സാണ് കൈയ്ക്ക് ആ പ്രമേയം നൽകുന്നത്. എന്നാൽ കൈ സ്വന്തം ഇഷ്ടത്തിനൊത്ത് എന്ന പോലെയാണ് പെരുമാറുന്നത് .കൈകൊണ്ട് ചെയ്യുന്ന കാര്യങ്ങൾ കാലുകൊണ്ട് ചെയ്യാൻ പ്രയാസമായിരിക്കും. ഓരോ അവയവത്തിനും അതിൻ്റേതായ ഒരു പ്രമേയമുണ്ട്, ഒരു ആലോചനയുണ്ട് ; സ്വാഭാവികമായ ഒരാത്മീയതയാണത്.

കർമ്മത്തിലൂടെ ഒരു മനസ്സ് ജനിക്കുന്നു. നമ്മൾ സൂചിയിൽ നൂൽ കോർത്തെടുക്കാൻ തുനിയുമ്പോൾ  വേറൊരു മനസ് ജനിക്കുന്നു. പിന്നീട് ഒരു പശുവിനെ കുളിപ്പിക്കുമ്പോൾ  വേറൊരു മനസ്സുണ്ടാകുന്നു.

ഒരു വാഴ വെട്ടി വീഴ്ത്തുമ്പോൾ ചുവട്ടിൽ നിന്നു മുളപൊട്ടുന്നതു പോലെയാണ് മനസ് ജനിക്കുന്നത് .എന്നാൽ അതിനു സ്ഥിരതയില്ല. ഇതാണ് തനിമനസിൻ്റെ സ്വയം നിർമ്മാണവും ആത്മീയമായ നൈസർഗികതയും. ഇത് ജീവിതഭാഷയിൽ മനസ്സിന്റെ പിറവിയെ തേടുന്ന ആനന്ദമാണ്. മനസ്സ് എപ്പോഴാണ് പുതിയതാകുന്നതെന്ന് പറയാനാവില്ല. അത് എപ്പോഴും മാറുകയാണ്. ചിലപ്പോൾ, അത് പഴയതാണ്. അതിനു കാലമില്ല .അത് ഭൂതകാലത്തെയും വർത്തമാനത്തെയും ഭാവിയെയും കൂട്ടി ഒട്ടിച്ചിരിക്കുകയാണ്.

നാവിലാണ് എല്ലാ രുചികളും പരിശോധിക്കുന്നത്. എന്നാൽ നാവ് ഒരു രുചിയല്ല. നാവിനു സ്വന്തമായ ഇഷ്ടാനിഷ്ടങ്ങളുണ്ട്; അത്  ശരീരത്തിന് ഇണങ്ങുന്നതല്ലെങ്കിൽ പോലും .നാവ് മനസ് സൃഷ്ടിക്കുകയാണ്. നാവിൽ നിന്നു വേർപെട്ടു ഉള്ളിലേക്ക് പോകുന്നതോടെ രുചികൾ അസ്തമിക്കുകയാണ്. അതിന്റെയർത്ഥം ശരീരത്തിൽ നിന്നു ഭിന്നമായി അകലം സൃഷ്ടിക്കുന്ന വേറൊരു മനസും രുചികേന്ദ്രവും നാവു സൂക്ഷിക്കുന്നു എന്നാണ് .ഇതാണ് തനിമനസ്. നാവ് ഒരു വിശുദ്ധ ആചാരത്തെയാണ് പരിരക്ഷിക്കുന്നത്. അത് ശരീരത്തെ രക്ഷിക്കാൻ പരിശ്രമിക്കുന്നു, അരുചികളെ തളളിമാറ്റിക്കൊണ്ട്. നാവ് സ്വന്തമായി ഒന്നും കാംക്ഷിക്കുന്നില്ല. നാവ് ഒരു ഗുണവ്യവസ്ഥയായി മാറുകയാണ്.

സസ്യം മരണത്തെ സ്വീകരിക്കുന്നത്  ഒരു വഴിമാറൽ എന്നപോലെയാണ്. മരണം അന്ത്യമല്ല .ഒരു സസ്യം വെട്ടിമാറ്റപ്പെടുമ്പോൾ അതിന്റെ ശരീരത്തിന്റെ ഏതെങ്കിലുമൊരു ഭാഗത്ത് നിന്ന് മറ്റൊന്ന് പിറവിയെടുക്കുന്നു..ഒരു സസ്യം പലതായി പിറക്കുന്നു. മരച്ചീനിയെ നോക്കൂ .അതിൻ്റെ തണ്ടിലെ മൊട്ടുകൾ പല ജീവിതങ്ങളെയാണ് ഗർഭം ധരിക്കുന്നത്. മരിക്കുന്നതോടെ പലതായി ജനിക്കുകയാണ്.

മൃത്യുവിനെക്കുറിച്ചുള്ള നമ്മുടെ ധാരണകളെ തലകീഴായി മറിക്കുന്ന അഭ്യാസമാണ് ഒരു മരച്ചീനി നടത്തുന്നത് .മൃത്യുവല്ലത്; അവിടെ  ജനിയുടെ വഴിത്തിരിവാണ് സംഭവിക്കുന്നത്. അതിനെ മൃത്യുവായി നാം തെറ്റിദ്ധരിക്കുകയാണ്. മനുഷ്യനിലും ഈ Radicant

സ്വഭാവമുണ്ട്. അവൻ്റെ ജീവിതം എങ്ങനെ മൃത്യുവിനെ മിഥ്യയിലാക്കി മുന്നേറുന്നു എന്നു നോക്കണം. അവൻ മരിക്കുന്നത് ശരീരികമായാണ് ;അവൻ്റെ ശരീരം  നിറയെ പ്രകൃതിയാണ്. പ്രകൃതിയിൽ അവൻ നിറയുകയാണ്. അവൻ്റെ  ചിന്തകൾ എവിടെയെല്ലാം സഞ്ചരിച്ചു! .മനുഷ്യൻ  ജീവിച്ചപ്പോഴാണ് പലതായി വിഘടിപ്പിക്കപ്പെടുന്നത്;പലതായി ജനിച്ചത് .


ഓരോന്നിന്റെയും തനിമനസു കണ്ടാണ്  അവൻ ജീവിച്ചത്. അവനു എന്താണ് ഉപേക്ഷിക്കാനുള്ളത് ? ശരീരം അതിനാവശ്യമായ വിധത്തിൽ വളരുന്നത് ശ്രദ്ധിച്ചാൽ ബോധ്യപ്പെടും. ചിലർക്ക് വിഷാദം മതി .അവർ എപ്പോഴും വിഷാദത്തെ തേടിക്കൊണ്ടിരിക്കും .വിഷാദ ശീലരായ കവികളെ കണ്ടിട്ടില്ലേ? കാല്പനിക കവികളായ മാത്യു ആർനോർഡും കീറ്റ്സുമൊക്കെ വിഷാദത്തെയാണ് അനുഭവിച്ചത്. മഹാചിന്തകനായ ഷോപ്പനോർ  ജീവിതം ദുഃഖമാണെന്നു പ്രസ്താവിച്ചത് ആഴത്തിലുള്ള ഒരറിവായി കാണണം. ശരീരത്തിനു വേണ്ടത് കാമമാണെങ്കിൽ ,ശരീരം കാമരൂപിയായാണ് വളരുന്നത്. മനുഷ്യൻ്റെ ആഗ്രഹങ്ങൾ നടപ്പാക്കാൻ  ശരീരവും തയ്യാറാവുകയാണ്.

ആഗ്രഹങ്ങൾക്കൊത്ത് ശരീരം ചേഷ്ടകളും ശീലങ്ങളും കണ്ടുപിടിക്കുന്നു. ശരീരം ഒരു പാമ്പോ , ചെടിയോ, വൃക്ഷമോ  ആകുന്നത് അങ്ങനെയാണ്. കാമിക്കുന്നവരുടെ ശരീരത്തിലെ ഓരോ അവയവവും കാമമായി രൂപാന്തരപ്പെടുന്നു. നമ്മൾ സ്നേഹിച്ചാൽ മതി ,ഓരോ വസ്തുവും നമ്മുടേതാകും.

ചോദ്യം:താങ്കളുടെ വായന എങ്ങനെയാണ്? പതിവായി വായിക്കുന്ന പുസ്തകങ്ങളുണ്ടോ?

എം.കെ.ഹരികുമാർ : ചില പുസ്തകങ്ങളിലേക്ക് വല്ലപ്പോഴും ഞാൻ മടങ്ങിപ്പോകാറുണ്ട് .അത് എനിക്ക് ഒരു പുതിയ ഉണർവ്വാണ്.തോറോയുടെ ലേഖനങ്ങൾ, അക്കൂട്ടത്തിൽ പ്രധാനമാണ്. ബുദ്ധൻ്റെ ചിന്തകളും സെൻ കഥകളും വായിക്കാറുണ്ട്. വർഷത്തിൽ ഒരിക്കലെങ്കിലും യോഗവാസിഷ്ടം ,ഉപനിഷത്തുക്കൾ തുടങ്ങിയവ കുറെ ഭാഗമെങ്കിലും സമയം കിട്ടുന്നപോലെ വായിക്കാറുണ്ട്.


ഹെർമൻ ഹെസ്സെയുടെ എന്തും ഞാൻ വായിക്കും, എത്ര തവണ വേണമെങ്കിലും .മാർകസ് ഒറേലിയലി സിൻ്റെ meditations വായിക്കാറുണ്ട്. തത്ത്വചിന്തയുടെ ശാഠ്യങ്ങൾ ഒഴിഞ്ഞു പോകാൻ അത് സഹായിക്കും .

വാൻഗോഗ്, മാറ്റിസ് തുടങ്ങിയ ചിത്രകാരന്മാരെ ഞാനിപ്പോഴും പഠിക്കുന്നു. വാൻഗോഗിൻ്റെയും കാഫ്കയുടെയും കത്തുകൾ എനിക്കു പ്രിയങ്കരമാണ്. ദസ്തയെവ്സ്കി ,ഇവാൻ ബുനിൻ ,ടോൾസ്റ്റോയി തുടങ്ങിയവരുടെ കൃതികൾ ഒഴിവാക്കാനാവില്ല .ബൈബിളും ഗീതയും പലപ്പോഴും വായിക്കാറുണ്ട്.എന്നാൽ എഴുതാനിരിക്കുമ്പോൾ ഇതൊന്നും എന്നെ സ്വാധീനിക്കാറില്ല .

ചോദ്യം: ജീവിതത്തെ ഏറ്റവും ദീപ്തമാക്കുന്നത് എന്താണ് ?ജീവിതത്തിലെ ആയുസിൻ്റെ ദൈർഘ്യമാണോ ? നിത്യപ്രചോദനമാണോ ?സന്തോഷമാണോ ?

എം.കെ: സന്തോഷമില്ലെങ്കിൽ എന്ത് നേടിയാലും വ്യർത്ഥമാണ്. എന്നാൽ  സന്തോഷം തീരുമാനിക്കുന്നത് നമ്മളാണ് .എങ്ങനെ സന്തോഷിക്കും? കലാപരമായ പ്രവൃത്തികളിൽ നിന്ന് കിട്ടുന്ന സന്തോഷം അത്ര ശുദ്ധമായതല്ല; അത് ദുർഗ്രഹമായ ഒരു അസന്തുഷ്ടിയാണ്. ക്ലേശകരമായ  ആനന്ദമാണത്. ടോൾസ്റ്റോയ് ഇങ്ങനെ എഴുതി:

The only real science is the knowledge of how a person should live his life.And this knowledge is open to everyone.

സ്വന്തം ജീവിതം എങ്ങനെ ഉപയോഗപ്രദമാക്കാം എന്ന ചിന്ത വളരെ പ്രധാനപ്പെട്ടതാണ്. ജീവിക്കാൻ പഠിക്കുക എന്ന തത്ത്വമാണ് ടോൾസ്റ്റോയി നിർദ്ദേശിക്കുന്നത്. ഇവിടെയാണല്ലോ നാമൊക്കെ പരാജയപ്പെടുന്നത്. അത്  എല്ലാവർക്കും പ്രയോജനപ്പെടുന്നതാണെങ്കിൽ ഏറ്റവും നല്ലത് .


ചോദ്യം :ഒരു പുസ്തകം വായിക്കുമ്പോൾ താങ്കൾ സ്വയം കണ്ടെത്തുകയാണെന്ന് പറഞ്ഞല്ലോ.  അപ്പോൾ നേരത്തെ തന്നെ താങ്കളുടെ മനസ്സിൽ ഇതെല്ലാം എഴുതപ്പെട്ടു എന്നാണോ അർത്ഥം ?

എം. കെ :ജോർജ് ബർണാഡ് ഷായുടെ വാക്കുകൾ ഇതാണ്:

Life isn't finding yourself. Life is about creating youself.നിങ്ങൾ സ്വയം കണ്ടെത്തുന്നതല്ല ജീവിതം ;അത് നിങ്ങൾ സൃഷ്ടിക്കുന്നതാണ് .ഞാൻ നേരത്തെ പറഞ്ഞതും ഇതും തമ്മിൽ വൈരുദ്ധ്യമില്ല. ഞാൻ എന്നിലുള്ളത് തിരയുന്നു എന്നു പറഞ്ഞാൽ , എനിക്ക് അറിയാത്തതാണത്.  സാധാരണ ജീവിതത്തിൽ ഞാനതിനെക്കുറിച്ച് ബോധവാനല്ല. എന്നാൽ അതെല്ലാം എന്നിലുണ്ട്. അത് കണ്ടെത്തുന്നതോടെ ഒരു സൃഷ്ടി പ്രക്രിയയാണ് നടക്കുന്നത്. എന്നിലേക്ക് ആഴ്ന്നിറങ്ങി ഖനനം ചെയ്താണ് ഞാനത് തിരിച്ചറിയുന്നത്. ആ ഘട്ടം വരുമ്പോൾ ഒരു സാക്ഷാത്കാരമാണുണ്ടാകുന്നത്.


ചോദ്യം:ഭൂതകാലം ശരിക്കും മനുഷ്യനെ ദു:ഖിതനാക്കുകയാണോ ? ഗ്രഹാതുരത്വം തുടങ്ങിയ വാക്കുകൾ ഇവിടെ ഇപ്പോഴും മുഴങ്ങുകയാണല്ലോ. ഒരാളുടെ ജീവിതായോധനത്തിനു ,അതിജീവനത്തിനു ഭൂതകാലം എത്രത്തോളം ആവശ്യമാണ്?

എം.കെ: ഭൂതകാലം എപ്പോഴും നിർമ്മിക്കപ്പെടുകയാണ് .അത് സ്ഥിര മോ അവസാനിച്ചതോ അല്ല. അതുകൊണ്ടാണ് അത് നമ്മുടെ മനസ്സുകളിൽ നിന്ന് മാഞ്ഞുപോകാത്തത്. നമ്മൾ മണ്ണ്, വായു ,ആകാശം, വെള്ളം, അഗ്നി എന്നിവകൊണ്ടാണല്ലോ ഉണ്ടാക്കപ്പെട്ടത്. അതിനു സമാനമായി ഭൂതകാലവും നമ്മുടെ പിറവിയിൽ പങ്കുചേർന്നിട്ടുണ്ട്. അമിതമായ ഭൂതകാലജ്വരം ഒരു ഭാരമായി കൊണ്ടു നടക്കുന്നവരുണ്ട്. ചിലർ ധൈഷണികമായി, വൈകാരികമായി ഭൂതകാലത്തിൽ തന്നെ ജീവിക്കുകയാണ്.

ഇവർക്ക് വ്യക്തികളോട് സ്നേഹമു ണ്ടായിരിക്കുകയില്ല. ഇവർക്ക് ഭൂതകാലത്തിലെ നന്മതിന്മകളെപ്പറ്റിയുള്ള ചർച്ച നീട്ടിക്കൊണ്ടുപോകുന്നതിലാണ് താല്പര്യം .ഇവർ ഭൂതകാലത്തെ ലഹരിയാക്കുന്നു.  ഭാവിയിൽ എങ്ങനെ ജീവിക്കണമെന്ന് ചിന്തിക്കുന്നില്ല .അവർ ഭൂതകാലത്തെ പുന:സൃഷ്ടിക്കുകയോ നിർമ്മിക്കുകയോ ചെയ്യുന്നവരല്ല .മറിച്ച് ,പഠിച്ചത് അതേപടി  പാടുന്നവരാണ് .യാഥാർത്ഥ്യത്തിൻ്റെ ഏകദേശവും ബാഹ്യവുമായ അർത്ഥ തലങ്ങൾ മാത്രം മനസിലാക്കി അതിൽ അഭിരമിക്കുന്നവരാണ്. വെറും ഓർമ്മ പുതുക്കൽ എന്നതിനപ്പുറം ഇതിനു പ്രസക്തിയില്ല .ഇവർ ഭാവന ചെയ്യാൻ  കഴിവില്ലാത്തവരാണ്. ഇവർക്ക് ചരിത്ര വസ്തുതകൾ മതിയാകും .എനിക്ക് ഭൂതകാലം സമുദ്രംപോലെയാണ്. അതിനു പരിധിയില്ല.


ജാപ്പനീസ് എഴുത്തുകാരൻ ഹാറുകി മുറകാമിയുടെ South of the border ,west of the Sun എന്ന കൃതിയിൽ Hysteria siberiana എന്ന അപൂർവ്വ രോഗത്തെക്കുറിച്ചത് വിവരിക്കുന്നുണ്ട്. മുറകാമി നല്കുന്ന വിവരണം ചുരുക്കി എഴുതാം:

നിങ്ങളൊരു കർഷകനാണെന്ന് സങ്കല്പിക്കുക. സൈബീരിയയുടെ വിജനമായ ഭൂമിയിലാണ് നിങ്ങൾ കൃഷി ചെയ്യുന്നത് .എല്ലാ ദിവസവും നിങ്ങൾ നിലം ഉഴുതു മറിക്കുന്നു. എങ്ങോട്ടു നോക്കിയാലും പ്രത്യേകിച്ച് ഒന്നുമില്ല;ചക്രവാളങ്ങൾ മാത്രം. സൂര്യൻ കിഴക്കുദിക്കുന്നു.പടിഞ്ഞാറ് അസ്തമിക്കുന്നു. രാവിലെ ഉണർന്ന് ജോലി തുടങ്ങി വൈകിട്ട് വീട്ടിലേക്ക്  മടങ്ങുന്ന നിങ്ങളിൽ, ഒരു ദിവസം എന്തോ മരിക്കുന്നതായി അനുഭവപ്പെട്ടു തുടങ്ങും. സൂര്യാസ്തമയങ്ങളല്ലാതെ മറ്റൊന്നും കാണാനില്ല. അപ്പോൾ  നിങ്ങൾ കലപ്പ ഉപേക്ഷിച്ച് ,മനസ്സ് ശൂന്യമാക്കി പടിഞ്ഞാറിനെ ലക്ഷ്യമാക്കി നടന്നു തുടങ്ങും .അവിടെയാണല്ലോ സൂര്യൻ അസ്തമിക്കുന്നത്. അസ്തമിക്കുന്ന സൂര്യൻ്റെ തൊട്ടടുത്തുള്ള സ്ഥലം
ദിവസങ്ങൾ നീളുന്ന യാത്രയാണത്, ഒന്നും കഴിക്കുകയോ കുടിക്കുകയോ ചെയ്യാതെ .ആ യാത്ര അവസാനിക്കുന്നത് ,ക്ഷീണിച്ച് അവശനായി മണ്ണിൽ തളർന്നുവീണു മരിക്കുമ്പോഴാണ്. ഇതാണ് ഹിസ്റ്റീരിയ  സൈബീരിയാന .ഏതാണ്ട്  ഇതിനു സമാനമായാണ് ഞാൻ ഭൂതകാല ബന്ധത്തെ അനുഭവിക്കുന്നത്. എത്ര സഞ്ചരിച്ചാലും അവസാനിക്കാത്ത യാത്രയാണത്. മോചിതമാവാൻ  കഴിയുമെന്ന പ്രതീക്ഷയിൽ നടക്കുകയാണ്. അതിൽ ഭാവനയും മറവിയുമണ്ട് .ഭൂതകാലത്തെയാണ് ഞാൻ വിദൂരങ്ങളിൽ കാണുന്നത്, അല്ലെങ്കിൽ കാണാനാഗ്രഹിക്കുന്നത്.

അത് ഒരു ഗൃഹാതുരത്വമല്ല; ഭൂതകാലത്തെ ,എൻ്റെ വീടായി സങ്കല്പിക്കുകയല്ല; അകന്നിരിക്കുന്നതു കൊണ്ടുള്ള ദുഃഖമല്ലത്. ഞാൻ കണ്ടെത്തുന്നതാണത്. ഓർക്കുന്ന കാര്യങ്ങളൊക്കെ വ്യത്യസ്തമാവുകയാണ്. കുട്ടിക്കാലത്ത് കളിച്ചതോ കരഞ്ഞതോ ആയ കാര്യങ്ങൾ പിന്നീട് ,വർഷങ്ങൾക്ക് ശേഷം ഓർക്കുമ്പോൾ വേറൊരു ചിത്രമാണ് ഉണ്ടാകുന്നത് .ഓരോ തവണ ഓർക്കുമ്പോഴും അത് വ്യത്യസ്തമാകും .ഒരേ വസ്തുതയ്ക്ക് ,അനുഭവത്തിനു ഭിന്ന മാനങ്ങളാണുള്ളത്. അത് പല കാലങ്ങളിലൂടെയാണ് അനാവരണം ചെയ്യുന്നത് .നോക്കിക്കാണാൻ  ഒരേയൊരു ഉപകരണമേയുള്ളൂ :മനസ്സ്.

അക്ഷരജാലകം ഇരുപത്തിയഞ്ച് വർഷങ്ങൾ പിന്നിട്ടിരിക്കുന്നു: എം. സി. രാജനാരായണൻ

  ഇന്ത്യയിലെ പ്രശസ്ത സിനിമാ വിമർശകനും ഫിപ്രസി അംഗവും ഗ്രന്ഥകാരനുമായ എം.സി. രാജനാരായണൻ എഴുതുന്നു പ്രചാരവും സ്വീകാര്യതയും നിലനിർത്തിക്കൊണ്ട്‌ ...