Friday, January 6, 2023

പ്രിയപ്പെട്ട വസ്തുക്കൾ എന്തുകൊണ്ടു ആത്മഹത്യ ചെയ്യുന്നു ?/എം.കെ.ഹരികുമാർ

 


ഏതൊരു വസ്തുവും നമ്മുടെ ജീവിതത്തിലേക്ക് വരുന്നത് ഒരു ആരവമായാണ്;കട്ടപിടിച്ച നിശ്ശബ്ദതകളെ അത് തകർക്കുന്നു.  ഒരു പേനയാകട്ടെ, വർത്തമാനപ്പത്രമാകട്ടെ ,വീട്ടുപകരണമാകട്ടെ, മൊബൈൽ ഫോണാകട്ടെ അതിനൊക്കെ കുറച്ചുനേരത്തേക്കെങ്കിലും നമ്മെ ഒന്നു  നവീകരിക്കാനാവും. നവീകരിക്കുക എന്നു പറഞ്ഞത് പഴയതെല്ലാം ഉപേക്ഷിച്ച് പുതിയതാകും എന്നയർത്ഥത്തിലല്ല; ഒരു ഉണർവും ഉത്തേജനവും സാധ്യമാക്കുന്ന നവീനതയാണത്. യാത്രയുടെ ചൂട് സഹിക്കുമ്പോൾ ഒരു തണുത്ത കാറ്റ് വന്നാലുണ്ടാകുന്ന ഉണർവ്വു പോലൊന്ന്. 

കുറേ വർഷങ്ങൾക്കു മുമ്പ് ഞാനൊരു  സുഹൃത്തിനൊത്ത് യാത്ര ചെയ്യുകയായിരുന്നു. രാത്രി ഒരു മണി കഴിഞ്ഞു. യാത്രയുടെ ക്ഷീണവും ഉറക്കം വരുന്നതിന്റെ മരവിപ്പും എല്ലാം കൂടി എന്റെ സുഹൃത്തിനെ വല്ലാതെ വലിച്ചു. അദ്ദേഹം ഉണർവ്വിന് വേണ്ടി പരതുന്നതു ഞാൻ കണ്ടു. ബാഗിലുണ്ടായിരുന്ന ഒരു മാഗസിനിലെ  ചില പേജുകൾ അദ്ദേഹം ആർത്തിയോടെ വായിക്കാൻ ശ്രമിക്കുന്നത് ഞാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. എന്നാൽ വായനയിൽ ശ്രദ്ധിക്കാനാവുന്നില്ല. ഞങ്ങൾ ബസിൽ നിന്നിറങ്ങി. ബസ്സ്റ്റാൻഡിൽ ഏതാനും കടകൾ മാത്രം പ്രവർത്തിക്കുന്നുണ്ട്. അടുത്ത ബസ് വരാൻ കുറെ സമയമെടുക്കുമത്രേ. ഞങ്ങൾ സ്റ്റാൻഡിനു മുന്നിലുള്ള റോഡിലൂടെ സാവധാനം നടന്നു. അപ്പോഴാണ് ഒരു പൂക്കട കണ്ണിൽപ്പെട്ടത്. ഞങ്ങൾ വെറുതെ അങ്ങോട്ട് നടന്നു. സുഹൃത്ത് കടയിലേക്ക് ഓടിച്ചെന്ന് രണ്ടുമുഴം മുല്ലപ്പൂ വാങ്ങി കൈയിൽ പിടിച്ചു. എന്നാൽ അതോടെ അദ്ദേഹത്തിൻ്റെ പ്രകൃതം മാറി. അതിലെ പൂവുകൾ വല്ലാത്ത ആസക്തിയോടെ മൂക്കിനോടടുപ്പിച്ചു ശ്വസിച്ചു. 'എന്തൊരുന്മാദം! .ഇതാണ് എന്നെ ഇപ്പോൾ ജീവിപ്പിക്കുന്നത്. എനിക്ക് ജീവിതം തന്നത് ഈ പൂവാണ്. ഇത് എൻ്റെ എല്ലാ ദുഃഖവും അകറ്റി ' - അദ്ദേഹം പറഞ്ഞുകൊണ്ടിരുന്നു.

ഇതാണ് ഒരു വസ്തു നമ്മളിലേക്ക് വരുന്നതിന്റെ ശരിയായ അനുഭവം. നമ്മൾ സ്നേഹിക്കുന്നതിനനുസരിച്ചു ഓരോ വസ്തുവും ചലിക്കുകയാണ്. എല്ലാറ്റിലും നമ്മെ ബന്ധിപ്പിക്കുന്ന എന്തോ ഉണ്ട്. അത് സ്നേഹമാണെന്ന് ഞാൻ വിചാരിക്കുന്നു. സ്നേഹം എല്ലാ വസ്തുക്കൾക്കും തിരിച്ചറിയാം.  നമ്മൾ അത് ആദ്യം തിരിച്ചറിയണം. നമുക്കാണ് ഒരു ലോകത്തിൻ്റെ  ആവശ്യമുള്ളത് .വെറും ലോകമല്ല; ആരവങ്ങൾ ഒഴിയാത്ത, പ്രകടനങ്ങൾക്ക് വിരാമമില്ലാത്ത, ധാരാളിത്തത്തിനു അറുതിയില്ലാത്ത ലോകം. ആ ലോകവുമായി നാം സൃഷ്ടിക്കുന്ന ബന്ധം നമ്മെയും നിർവ്വചിക്കുന്നു. നാം എന്താണോ, എന്തായിതീരണോ എന്നൊക്കെ നിശ്ചയിക്കുന്നത് നാം സൃഷ്ടിക്കുന്ന ഈ ബന്ധമാണ് .നമ്മൾ കല്ലെടുത്ത് എറിഞ്ഞു കൊള്ളിച്ചു ഓടിച്ച ഒരു മൃഗവും നമ്മുടെ സുഹൃത്തായിരിക്കില്ല .കാരണം, അതോടെ നമ്മളുമായുള്ള ബന്ധത്തിൻ്റെ ഐന്ദ്രിയ കോഡ് നഷ്ടപ്പെടുന്നു. അതിനെ സംശയവും ഭീതിയും മറ്റൊരു വഴിക്ക് കൊണ്ടുപോവുകയാണ്.

നാം പുരാതന ജീവികളാണ്. ഒരു കടലു കണ്ടാൽ നമുക്ക് പൂർവ്വകാലങ്ങളിലെ  കടൽത്തിരകൾ ഓർമ്മവരും. ഓർമ്മകൾ കാലങ്ങളിലൂടെ പിന്നോട്ട് പോയി ശതഗുണീഭവിക്കും. മാത്യു ആർനോൾഡ് 'ഡോവർ ബീച്ച് 'എന്ന കവിതയിൽ അത് കാണിച്ചു തന്നത് ഓർക്കുമല്ലോ :

Sophocles long ago 

Heard it on the Aegean, and it brought 

Into his mind the turbid ebb and flow

Of human misery ;we

Find also in the sound a thought ,

Hearing it by this distant northern sea"

സോഫോക്ലിസ് ഈജിയൻ കടൽതീരത്ത് അത് കേട്ടു. അത് മനുഷ്യദുരിതത്തിൻ്റെ പ്രക്ഷുബ്ധമായ കയറ്റിറക്കങ്ങൾ കാണിച്ചു കൊടുത്തു. നമ്മളും ഈ ശബ്ദത്തിൽ പ്രാചീനമായ ചിന്തകൾ അനുഭവിക്കുന്നു .ഈ വിദൂരമായ വടക്കൻ കടലിലും അതു തന്നെ .പുരാതനത്വം നമ്മളിലിരുന്ന് തുബുരു മീട്ടുകയാണ്. അതെല്ലാം ചുറ്റുപാടുമുള്ള വസ്തുക്കളെ അറിയാൻ സഹായിക്കുന്ന കോഡുകളാണ്. കേൾക്കാനുള്ള കാതും അറിയാനുള്ള മനസ്സും വേണം. മനസ്സ് നഷ്ടപ്പെടുകയാണ് എപ്പോഴും. ചിതറിയത് പെറുക്കിക്കൂട്ടി യോജിപ്പിച്ചാലേ മനസ്സ് നിലനിൽക്കുന്നുള്ളൂ. മനസ്സിൽ സ്നേഹിച്ചതൊക്കെ അങ്ങനെ തന്നെയായിരിക്കുന്നില്ല .കണ്ണാടി താഴെ വീണു പൊട്ടുന്നതു പോലെ മനസ്സ് ഓരോ നിമിഷവും ചിതറുന്നു .വീണ്ടും അത് മറ്റൊന്നായി പുന:സംഘടിപ്പിക്കപ്പെടുന്നു. അതുകൊണ്ടാണ് വർഷങ്ങൾക്കു മുമ്പ് മന:ശാസ്ത്രം മരിച്ചു എന്നു ഞാൻ എഴുതിയത്. ഒരാൾക്ക് കൃത്യമായ ഒരു സ്വഭാവം ഉണ്ടെന്നത് ഒരു സങ്കല്പമാണ്. അയാൾ പല കാലങ്ങളിൽ പലതാണ്.

എന്നാൽ അങ്ങനെയല്ലാതെ ജീവിക്കേണ്ടത് ആവശ്യമാണ്. അതുകൊണ്ട് സ്വയം കള്ളം പറയുന്നു. സന്ദർഭത്തിനൊത്ത് മനുഷ്യൻ മാറുന്നു. യാതൊന്നിനോടും കൂറില്ലാത്തവൻ ഒരു  പ്രത്യേക ഘട്ടത്തിൽ ഏതെങ്കിലും ഒന്നിനോട് അടുപ്പം കാണിക്കുന്നതിനെ സ്നേഹമെന്ന് വിളിക്കാനാവില്ലല്ലോ.

കാരണം ,മനസ്സ് ഒരു സത്യമല്ല. അതുകൊണ്ട് സ്നേഹത്തിനു കുറേക്കൂടി മൂല്യം കൈവരുന്നു. ചിതറിയ മനസ്സിൽ നിന്ന് വൈകാരികമായ സത്യത്തിലേക്ക് മനസ്സ് ഉണർന്നുവരുന്ന അനുഭവമാണത്.

സ്നേഹിക്കുന്നത് ഒന്നിനും വേണ്ടിയല്ല ;അതുകൊണ്ടാണ് അത് മഹത്വമുള്ളതാകുന്നത്. പ്രത്യേക കാര്യം നേടിയെടുക്കാനാണ് സ്നേഹമെങ്കിൽ അത് മനസ്സിനൊപ്പം ഇല്ലാതാകും .മനസിനൊപ്പം തകരാതെ നോക്കാനാണ് നാം ശ്രദ്ധിക്കേണ്ടത്. 

മനുഷ്യൻ പരിചയപ്പെട്ട സ്നേഹത്തിനു അപ്പുറത്തുള്ള സ്നേഹമാണിത്. ഏതൊരു വസ്തുവിനെയും ആത്മാർത്ഥമായി സ്നേഹിച്ചാൽ അത് തിരിച്ചും സ്നേഹിക്കും .നമ്മൾ അതിനു കൊടുത്ത സ്നേഹം ആ വസ്തുവിന്റെ മുഖത്ത് കാണാനാവും.ഒരു പുസ്തകം ഉദാഹരണമായെടുക്കാം. നമ്മൾ  സ്ഥിരമായി ഉപയോഗിക്കുകയാണെങ്കിൽ അതൊരു സ്നേഹബന്ധമായി മാറുന്നതാണ്. സ്നേഹമായാൽ പുസ്തകത്തെ അഴുക്കു പുരളാതെ നാം സൂക്ഷിക്കും. പുസ്തകത്തിൽ അതിൻ്റെ ഗുണം കാണാനുണ്ടാകും.

അത് എപ്പോഴും നമ്മുടെയടുത്തുണ്ടാകും. നമ്മൾ തലോടാൻ കൈയിലെടുക്കുമെന്ന്  പുസ്തകം പ്രതീക്ഷിക്കും .അതിനായി അധികം തിരയേണ്ടി വരില്ല. 

കാരണം ,നാം അതിനു ശ്രദ്ധ കൊടുക്കുകയാണല്ലോ. 

പുസ്തകത്തിൻ്റെ ജീവിതം സജീവമായി നിൽക്കും. അതിനോട്  ഒരു ബന്ധം ഉണ്ടാകുന്നു. പുസ്തകം അത് മനസ്സിലാക്കുന്നു. പ്രാപഞ്ചിക ജീവിതത്തിലെ വലിയൊരു ബന്ധമാണത്. ആ ബന്ധം എന്നെന്നും  നിലനിൽക്കണമെന്ന് ആരാണ് ആഗ്രഹിക്കാത്തത് ? പുസ്തകത്തിനു ഈ ലോകത്തെ ഉപേക്ഷിക്കാനാവില്ല. പുസ്തകത്തെ സ്നേഹിക്കുന്ന നമുക്കും അതിന് കഴിയില്ല.  അതിനോടുള്ള സ്നേഹം ഉപേക്ഷിക്കുകയാണെങ്കിലോ ? ആ പുസ്തകത്തിൻ്റെ കുറെക്കൂടി നല്ലൊരു പതിപ്പ് കൈയിൽ കിട്ടിയാൽ പഴയതിനെ ഒരിടത്തേക്ക് മാറ്റിവയ്ക്കാനിടയുണ്ട് .അതോടെ ആ പുസ്തകത്തിനു തകർച്ച സംഭവിക്കുകയാണ്. ആന്ധ്യത്തിലും ബാധിര്യത്തിലും അത് ഉലയും. ലക്ഷ്യം തെറ്റി യാത്രയവസാനിപ്പിക്കും . പൊടിപടലം അതിൽ നിറയും. പ്രാണികൾക്ക് കയറി യഥേഷ്ടം നശിപ്പിക്കാനും വിളയാടാനുള്ള ഒരു പേടകമായി അത് മാറും. ആ പുസ്തകം ആത്മഹത്യ ചെയ്യുകയാണ്. ഒരു യാത്രയുടെ അപ്രതീക്ഷിതമായ വഴിത്തിരിവ് അതിനെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണ് .ആരാണ് തടയാനുള്ളത് ?

പതിമൂന്നാം നൂറ്റാണ്ടിലെ പേർഷ്യൻ കവി ജലാലുദ്ദീൻ റൂമി എഴുതുന്നു:

"Why are you so busy 

with this or that or good or bad 

pay attention to how things blend "

ഇങ്ങനെയാണ് ഏതൊരു വസ്തുവും . നമ്മുടെ സ്നേഹത്തിനായി വസ്തുവിന്റെ ഹൃദയം തുടിക്കുന്നു. നമ്മൾ പക്ഷേ ,അതറിയുന്നില്ല. മനുഷ്യർ സ്നേഹത്തിനല്ലല്ലോ ഉപയോഗത്തിനല്ലേ വില കൊടുക്കുന്നത്. ഒരു പശുവിനെ വാങ്ങി അതിൻ്റെ പാൽ കറന്നെടുത്ത ശേഷം നാം കൊല്ലാൻ കൊടുക്കുകയല്ലേ ? അവിടെ ഉപയോഗമല്ലേയുള്ളു. മനുഷ്യൻ ഉപേക്ഷിച്ചാൽ ഒരു വസ്തുവിനു പിടിച്ചുനിൽക്കാനാവില്ല. കാരണം, സ്നേഹനഷ്ടം അതിനു താങ്ങാനാവില്ല .ഏതൊരു സസ്യവും സ്നേഹരാഹിതത്തിൽ വിമുഖമായി ജീവിച്ചേക്കാം.എന്നാൽ മനുഷ്യൻ സ്പർശിച്ചു സ്നേഹിക്കുകയാണെന്ന് ഉറപ്പു വരുത്തുന്ന നിമിഷം തൊട്ട് അത് ജീവിതത്തെ തേടിപ്പിടിക്കുന്നു. വളരാനായി വെമ്പുന്നു. തണ്ടു വളഞ്ഞ് ഇനി വളരേണ്ട എന്നു തീരുമാനിച്ചു താഴേക്ക് നോക്കി നിൽക്കുന്ന ഒരു ചെടിയെ പിടിച്ചെഴുന്നേല്പിച്ച് ഉയർത്തി നിർത്തി നോക്കൂ .സ്നേഹമാണ് അതിലേക്ക് പ്രവഹിക്കുന്നത്. ആ സ്നേഹത്തെ തിരിച്ചറിയാൻ ആ സസ്യത്തിനു കഴിവുണ്ട് .അതിനെ നമ്മളുമായി ബന്ധിപ്പിക്കുന്ന ഒരു പ്രാപഞ്ചികമായ കോഡാണത്.

നമ്മുടെ എല്ലാ സംജ്ഞകളും വസ്തുക്കൾക്ക് സംവേദനം ചെയ്യുന്നില്ല. അതിൻ്റെ ആവശ്യമില്ല. എന്നാൽ സ്നേഹസ്പർശത്തെ അത് പെട്ടെന്ന് മനസ്സിലാക്കുന്നു. വളരാൻ വിസമ്മതിക്കുന്ന ഏത് സസ്യത്തെയും സ്നേഹപ്രകടനത്തിലൂടെ ഉണർത്താനാവും. ഏതാനും ആഴ്ചകൾക്കുള്ളിൽ അത് സൂര്യനെ ലക്ഷ്യമാക്കി വളരും. അതിനു ദൈവത്തിന്റെ ഒരു ഭാഷയിലേക്ക് പ്രവേശനം ലഭിച്ചിരിക്കുന്നു .ദൈവം എന്നു കേൾക്കുമ്പോൾ ചില ഭൗതികവാദികൾ അന്ധവിശ്വാസമെന്ന് പ്രചരിപ്പിക്കാനിടയുണ്ട്. അവർക്ക് മറുപടി, ദൈവം അവർ വിചാരിക്കുന്ന പോലെ ഒരു പ്രതിഷ്ഠയോ, മൂർത്തിയോ അല്ലെന്നതാണ്. ദൈവം ഒരു വ്യക്തിയല്ല; അത് ഒരു അദൃശ്യമായ റിഥമാണ്. അതിൻ്റെ ഘടകങ്ങൾ സന്തോഷവും രമ്യതയും സ്നേഹവുമാണ്. ശരീരത്തിലെ അവയവങ്ങൾ ഒരു റിഥത്തിൽ പ്രവർത്തിക്കുന്നതുപോലെ പ്രപഞ്ചവും പ്രവർത്തിക്കുന്നു. സ്നേഹഭാവനയിലൂടെ നാം മറ്റൊന്നിനോട് പെരുമാറുമ്പോൾ, അതിൻ്റെ സത്യത്തിലും സാക്ഷാത്കാരത്തിലും  തിരിച്ചറിയപ്പെടുമ്പോൾ പ്രാപഞ്ചികമായ ഒരു സംവേദന തലം  രൂപപ്പെടുകയാണ്. അവിടെ ദൈവത്തിൻ്റെ ഒരു സംവേദനം സംഭവിക്കുന്നു. ഈ ദൈവത്തെ മതാത്മകമായി കാണരുത്. ഇത് പ്രാപഞ്ചികമായ രമ്യതയുടെ ബോധമാണ് .

ഒരു കാക്കയ്ക്ക് നിങ്ങൾ കുറച്ചു ദിവസങ്ങൾ തുടർച്ചയായി ദാഹജലം നൽകി നോക്കൂ. പതിവായി അത് വന്ന് വെള്ളം കുടിക്കും .പിന്നീട് നിങ്ങൾ വെള്ളം കൊടുക്കാതിരുന്നാലും അത് വരും. നിങ്ങളുടെ വീടിനു സമീപത്തും , ചിലപ്പോൾ വീട്ടിലും വന്നിരിക്കും. അതിനു നിങ്ങളെ വിശ്വാസമാണ്;നിങ്ങളെ മനസ്സിലായി എന്നർത്ഥം. പിന്നീടത് നിങ്ങളുടെ വീടിനടുത്ത് നിന്നു പോകാൻ വിസമ്മതിക്കും. ഓടിച്ചു വിട്ടാലും പോകില്ല .എന്തുകൊണ്ട്? അത് പ്രാപഞ്ചികമായ ഒരറിവിൻ്റെ 

നേർരേഖയിൽ ഉചിതമായി സംവേദനം ചെയ്യപ്പെട്ടിരിക്കുന്നു. അതിനു മനസ്സിലാകുന്ന വിശേഷപ്പെട്ട ഒരു ധാരയാണത്. പിന്നെന്തിനു അത് ദൂരേക്ക് പറന്നു പോകണം? പൂച്ചകളെ സ്നേഹിക്കൂ. അത് നിങ്ങളെ ഉപേക്ഷിച്ചു എങ്ങും പോകില്ല. എപ്പോഴും നിങ്ങളെ സ്നേഹിച്ചുകൊണ്ട് അത് കൂടെ നടക്കും. അതിൻ്റെ സദാ നിർവ്വികാരമായ മുഖം സ്നേഹത്തിൽ പ്രകാശിക്കും .ഒരു പൂച്ച ജീവിതത്തിന്റെ ഭാവിയെയോ, ആശങ്കകളെയോ ഗൗരവമായെടുക്കുന്നില്ല.അത് ഒരു തത്ത്വജ്ഞാനിയാണെന്ന

ജോൺ ഗ്രേ(John Gray)യുടെ വാദം അംഗീകരിക്കുകയാണ്.അദ്ദേഹത്തിൻ്റെ Felin Philosophy:Cats and the Meaning of Life എന്ന പുസ്തകം മനുഷ്യനിൽ നിന്നു പൂച്ചകൾ എങ്ങനെ അനായാസമായി സുഖം നേടുന്നുവെന്ന് ചർച്ച ചെയ്യുന്നുണ്ട്. വോക്സ് ഡോട്ട് കോമിലെ ഒരു അഭിമുഖത്തിൽ 

അദ്ദേഹം പറഞ്ഞു:

"Unless cats are hungry or mating or directly threatened,they default to a condition of rest or contentment or tranquility basically the opposite of humans.

പൂച്ചയ്ക്ക് ദാഹത്തിൻ്റെയോ ഇണ ചേരലിൻ്റെയോ ഭീതിയുടെയോ പ്രശ്നങ്ങളില്ലെങ്കിൽ അവയ്ക്ക് സ്വസ്ഥമായി വിശ്രമിക്കാനും ശാന്തമായിരിക്കാനും കഴിയും ;ഇത് അടിസ്ഥാനപരമായി മനുഷ്യർക്കു വിപരീതമാണ് .പൂച്ച ഒരു സമ്മർദ്ദവുമില്ലാതെ അപരാഹ്നങ്ങളിൽ നിലത്ത് മലർന്നു കിടക്കുന്നു. അത് സ്നേഹത്തിൽ വിശ്വസിക്കുന്നു. ബന്ധങ്ങൾ തിരിച്ചറിയുന്നു. പൂച്ചയെ നാം എത്ര ദൂരം അകലെ കൊണ്ടുവിട്ടാലും അത് തിരിച്ചെത്തുന്നു. ഇതാണ് പ്രാപഞ്ചികമായ സ്നേഹം; ഈ സ്നേഹം മനുഷ്യർക്ക് പൊതുവേ അത്ര പരിചയമുള്ളതല്ല.മനുഷ്യൻ എല്ലാത്തിനെയും സംശയിക്കുകയും അകറ്റുകയും ചെയ്യുകയാണല്ലോ. മനുഷ്യനു സ്നേഹത്തെ ദ്വേഷം കൊണ്ടേ അളക്കാനാവൂ .അതായത് ,ഒരാളെ സ്നേഹിക്കുമ്പോൾ തന്നെ മനുഷ്യൻ  അവനെ വെറുക്കുന്നതെങ്ങനെയെന്നും പരിശോധിക്കുന്നു .വെറുത്തുകൊണ്ടും വെറുപ്പിനെ അമർത്തിക്കൊണ്ടുമാണ്  അവൻ സ്നേഹിക്കുന്നത്.  അതുകൊണ്ട് സ്നേഹത്തിൻ്റെ  ശുദ്ധാവസ്ഥ അവനു നഷ്ടമാകുന്നു.

എന്നാൽ മനുഷ്യൻ്റെ സ്നേഹത്തെ വിമോചനദ്രവ്യമായി മനസ്സിലാക്കുന്ന എല്ലാ വസ്തുക്കൾക്കും അത് നഷ്ടപ്പെട്ടാൽ ആത്മഹത്യ ചെയ്യാനേ കഴിയൂ.  ഉപേക്ഷിക്കപ്പെടുന്ന വസ്തുക്കളുടെ സ്വാഭാവികമായ മരണമാണത്. അവിടെ സ്വയം ഉപേക്ഷിക്കുകയല്ലാതെ വേറെ മാർഗ്ഗമില്ല .ആത്മഹത്യ എന്ന വാക്കിൻ്റെ വിപുലമായ അർത്ഥത്തിലാണ് ഇവിടെ ഉപയോഗിക്കുന്നത്. മരണവാസന ഏതു ജീവിക്കുമുണ്ട് .ഒഴിവുവേളകളിൽ മരണത്തെക്കുറിച്ച് ചിന്തിക്കാത്ത ഒരു മനുഷ്യനുമില്ല. നമ്മൾ നിത്യവും ഉപയോഗിക്കുന്നതും സ്നേഹിക്കുന്നതുമായ ഏതു വസ്തുവും ജീവിതത്തിൻ്റെ  ആകസ്മികമായ വെല്ലുവിളികൾക്ക് നടുവിലാണ്.ഏത് നിമിഷവും ആ സ്നേഹം നഷ്ടപ്പെടുമല്ലോ. 

ചിലർ പുരാവസ്തുക്കൾ സൂക്ഷിച്ചു വയ്ക്കുന്നത് കാണാം. അവർ അതിനെ നിത്യവും തുടച്ചു വൃത്തിയാക്കി സജീവമാക്കുന്നതുകൊണ്ട് നിലനിൽക്കുന്നു .എന്നെങ്കിലും ആ വസ്തുക്കളെ ശ്രദ്ധിക്കാതായാൽ അതെല്ലാം ആക്രിസാധനങ്ങൾക്ക് സമാനമാകും.ആത്മഹത്യ ചെയ്ത വസ്തുക്കൾ എന്ന സ്ഥാനമാണ് അതിനുണ്ടാവുക. 

ലോകത്തെ നിലനിർത്തുന്ന ഒരു മഹാശ്രംഖലയിൽ നിന്നു താഴെ വീഴുമ്പോൾ ആത്മഹത്യയല്ലാതെ വേറൊരു വഴിയില്ല .അത് സ്വാഭാവികമാണ്. ഇതു മനുഷ്യബന്ധങ്ങളിലും കാണാം. നാം ഉപേക്ഷിക്കുകയാണെങ്കിൽ, ഒരു സുഹൃത്ത് അക്ഷരാർത്ഥത്തിൽ മരിക്കുന്നില്ലായിരിക്കാം .എന്നാൽ അയാൾക്ക് നമ്മോടുണ്ടായിരുന്ന മനോഭാവം ആത്മഹത്യ ചെയ്യും .

ചിലപ്പോൾ ഒരു പുനരുജ്ജീവനം സാധ്യമാകാതെ വരും.അങ്ങനെ പുനരുജ്ജീവനം സാധ്യമാകാത്ത എത്രയോ മനുഷ്യബന്ധങ്ങളുണ്ട്. പതിറ്റാണ്ടിലേറെക്കാലം ഭാര്യാഭർത്താക്കന്മാരായിരുന്ന ശേഷം വേർപിരിഞ്ഞവർ പരസ്പരം ഉപേക്ഷിക്കപ്പെട്ടവരെന്ന നിലയിൽ ആത്മഹത്യയുടെ പ്രതീതിയിൽ തന്നെ  തുടരുകയാണ് .അവരുടെ വലിയൊരു മനസ്സ് അപ്രത്യക്ഷമാവുകയാണ്. സ്നേഹിച്ച കാലത്തെ പെരുമാറ്റങ്ങളും ഓർമ്മകളും അവർ നശിപ്പിച്ചു കളയുന്നു. അവരുടെ മനസ്സിൽ അതെല്ലാം ഉപേക്ഷിക്കപ്പെട്ട വസ്തുക്കളായിപോലും കാണില്ല .ഒരാത്മഹത്യ തന്നെയാണ് അവിടെ സംഭവിക്കുന്നത്.

ഓഷോവിൻ്റെ ഒരു നിർദ്ദേശം ഓർക്കുകയാണ്. നമ്മെ അപമാനിക്കുകയോ വേദനിപ്പിക്കുകയോ ചെയ്യുന്ന വ്യക്തിയോട് പെട്ടെന്ന് പ്രതികരിക്കരുതെന്നാണ് അദ്ദേഹം  പറയുന്നത്. ഇരുപത്തി നാലു മണിക്കൂർ സമയത്തേക്ക് ഒന്നും പറയുകയോ ചെയ്യുകയോ അരുത്. ഇരുപത്തിനാലു മണിക്കൂർ കഴിഞ്ഞ് എന്തു തോന്നുന്നുവോ അത് ചെയ്യുക .സ്വാഭാവികമായും ഇരുപത്തിനാലു മണിക്കൂർ പിന്നിടുന്നതോടെ ക്ഷമിക്കാൻ തോന്നും. മനുഷ്യരെ  ഉപേക്ഷിക്കാതിരിക്കാൻ ഇതു  സഹായിക്കും. നമ്മളിൽ സ്നേഹവും ജീവിക്കാനുള്ള ആശയുമുണ്ടെങ്കിലേ ഇത് സാധ്യമാകുകയുള്ളൂ .തച്ചുടയ്ക്കാനുള്ള വാസനകൾ എല്ലാവരിലുമുണ്ട്. അതിനെ അമർച്ച ചെയ്യാനുള്ള ഇച്ഛാശക്തിയുണ്ടാകണം. അതിനുവേണ്ടിയാണ് ത്യാഗം ചെയ്യേണ്ടത്.പരിത്യാഗം അഥവാ ഭോഗത്തിൽ നിന്നുള്ള പിന്തിരിയൽ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഈ ഇച്ഛാശക്തിയാണ്. നശീകരണ, ഭോഗ, വിദ്വേഷവാസനകളെ നിയന്ത്രിച്ചില്ലെങ്കിൽ എല്ലാറ്റിനെയും നിർദ്ദയം ഉപേക്ഷിക്കുന്ന ക്രൂരനായി നാം മാറും .സ്നേഹം എന്തിനെയെങ്കിലും ഉപേക്ഷിക്കാനുള്ളതല്ല .എല്ലാറ്റിനെയും സ്നേഹിക്കുക എന്നാൽ എല്ലാറ്റിനെയും സ്വന്തമാക്കുക എന്നാണർത്ഥം. അമിതമായ സ്വാർത്ഥ, ഭോഗതാൽപര്യങ്ങൾ ഇല്ലെങ്കിൽ എല്ലാ സൗന്ദര്യവും വസ്തുക്കളും നമ്മുടേതാണ്.

ഹിമാലയ താഴ്വരയിൽ നിൽക്കുന്ന സുന്ദരവൃക്ഷങ്ങൾ നമ്മുടേതല്ലേ ? നമ്മുടേതാക്കാൻ വേണ്ടി ആ സ്ഥലം തീറെഴുതി വാങ്ങണോ ?അല്ലെങ്കിൽ ആ വൃക്ഷങ്ങൾ പിഴുതു കൊണ്ടുവന്ന് സ്വന്തം തൊടിയിൽ നട്ടുപിടിപ്പിക്കണോ ?നാം സ്വന്തം അസ്തിത്വത്തെ അനശ്വരമായി കാണുന്നതുകൊണ്ടാണ് എല്ലാം സ്വന്തം തൊടിയിലോ വീട്ടിലോ ഉണ്ടാകണമെന്ന് ശഠിക്കുന്നത്. സ്വന്തമെന്ന അനുഭവത്തെക്കുറിച്ചുള്ള ശരിയായ ധാരണയായി ഇതിനെ കാണാനാവും. സ്വന്തമാക്കുക എന്നാൽ വാങ്ങുക എന്നല്ല ;അത് ഒരു അധീശത്വമല്ല ;അധികാര പ്രയോഗമല്ല. സ്വന്തം പോക്കറ്റിലെ പേന എടുത്തുപയോഗിക്കുന്നപോലെ ലോകത്തോടുള്ള ബന്ധത്തെ കാണാനാവില്ല .സ്വന്തമാക്കലിൽ നിർവാജ്യമായ സ്നേഹമുണ്ടായാൽ മതി .എല്ലാം നമ്മുടേതാണ്. ഓരോന്നും അതാതിന്റെ യഥാർത്ഥ സ്ഥാനത്ത് തുടരട്ടെ. അല്ലെങ്കിൽ അത് നമ്മുടെ മനസ്സിനെ മഥിക്കാൻ തുടങ്ങും. സ്ഥാനചലനങ്ങൾക്ക് ശ്രമിച്ചാൽ അലങ്കോലമാവും ഫലം. ഒന്നിനെ മറ്റൊന്നാക്കി സ്വന്തമാക്കുമ്പോൾ അതിൻ്റെ ഉത്തരവാദിത്വവും നമ്മുടെ മേലായിരിക്കും .

ഉത്തരവാദിത്വമേൽക്കാൻ നമുക്ക് കഴിയാറില്ല. അതുകൊണ്ട് ശരിയായ ശ്രദ്ധകൊടുക്കാനും സാധ്യമാവില്ല. ഈ അവസ്ഥ നാം സ്വന്തമാക്കിയതിനെ തന്നെ അപകടത്തിലാക്കും. ഉപേക്ഷിക്കപ്പെട്ടപോലെ അത് നമ്മുടെ അധീനതയിൽ കിടന്നു വീർപ്പുമുട്ടി ആത്മഹത്യ ചെയ്യും .ഇതാണ് ശരിക്കും  സംഭവിക്കുന്നത്. പ്രേമിക്കുന്ന പെണ്ണിനെ വെറുതെ പ്രേമിച്ചാൽ പോരാ; സമൃദ്ധമായി പ്രേമിക്കണം; പ്രേമിച്ചുകൊണ്ടേയിരിക്കണം. മറന്നുപോകുന്ന സ്നേഹങ്ങൾക്ക് പകരമായി പുതിയ സ്നേഹങ്ങൾ അവൾക്കായി കരുതിയിട്ടുണ്ടാകണം. ഉപേക്ഷിക്കപ്പെടുന്നതായി, അവഗണിക്കപ്പെടുന്നതായി അവൾക്ക് തോന്നി തുടങ്ങുന്ന നിമിഷം ഏറ്റവും ആപത്ക്കരമായി കാണണം. അത് ദൂരവ്യാപകമായ ഒരാപത്തിൻ്റെ സൂചനയാണ് .അവളുടെ സൗന്ദര്യവും രതിയും നശിക്കാൻ അതിടയാക്കും. ഒരു താളവുമില്ലാതെ നൃത്തം ചെയ്താൽ എന്തു സംഭവിക്കും. ?

നൃത്തം ഇടയ്ക്കുവെച്ച് മുറിയും.

അതുതന്നെയാണ് ആത്മഹത്യ. 

ഓഷോ പറഞ്ഞു :"No എന്നു പറഞ്ഞുകൊണ്ടിരുന്നാൽ ജീവിതം സാധ്യമാകില്ല .No പറഞ്ഞുകൊണ്ട് ജീവിതം നയിച്ചാൽ ജീവിതം നഷ്ടപ്പെടും .No യിൽ നിന്ന് ഒരു താവളം സൃഷ്ടിക്കാനാവില്ല. കാരണം, No ശൂന്യതയാണ് .No  ഇരുട്ടുപോലെയാണ്. ഇരുട്ടിനു യഥാർത്ഥമായ നിലനിൽപ്പില്ല; അത് പ്രകാശത്തിന്റെ അഭാവം മാത്രമാണ് . അതിനാൽ ഇരുട്ടുകൊണ്ട് നിങ്ങൾക്ക് നേരിട്ട് ഒന്നും ചെയ്യാനാവില്ല. മുറിക്കു വെളിയിലേക്ക് അതിനെ തള്ളി നീക്കാനാവില്ല. അയൽപക്കത്തെ വീട്ടിലേക്ക് അതിനെ എറിഞ്ഞുകളയാനുമാവില്ല .ഇരുട്ടു കൊണ്ട് ഒന്നും ചെയ്യാനാവില്ല. എന്തെങ്കിലും ചെയ്യാനാകണമെങ്കിൽ പ്രകാശം തെളിക്കണം. yes എന്നതാണ്  പ്രകാശം.No എന്നതാണ് ഇരുട്ട്. ജീവിതത്തിൽ യഥാർത്ഥത്തിൽ എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ Yes ൻ്റെ വഴി  പഠിക്കണം. Yes അസാധാരണമായി മനോഹരമാണ് .അത് വളരെ ആശ്വാസകരമാണ് .അത് നിങ്ങളുടെ ജീവിതരീതിയാകട്ടെ; മരങ്ങളോടും പക്ഷികളോടും ആളുകളോടും Yes പറഞ്ഞു നോക്കൂ ,അതിശയകരമായിരിക്കും ഫലം. ജീവിതം ഒരു അനുഗ്രഹമായിരിക്കും, നിങ്ങൾ അതിനോട് Yes പറയാനുണ്ടെങ്കിൽ ".

ജീവിതം ഒരു വലിയ സാഹസികതയാണ്. നമ്മൾ സ്നേഹിച്ച വസ്തുക്കളെ ആത്മഹത്യയിലേക്ക്  തള്ളിവിടാതിരിക്കാൻ ഓഷോയുടെ  വാക്കുകളും സഹായകമാണ്. Yes  പറയാനായി നമ്മൾ താഴോട്ട് മുട്ടുകുത്തണം ;പേരോ,നാടോ,വീടോ നമുക്ക് ഉപേക്ഷിക്കാനാവില്ല. നമ്മുടെ കപട ആത്മാഭിമാനത്തെയും പൊയ്‌വിശ്വാസങ്ങളെയും മിഥ്യകളെയും  ഉപേക്ഷിക്കാനാവും .

നമ്മളിൽ നേരത്തെ തന്നെ വേരുപിടിച്ച ആഗ്രഹങ്ങൾ ,പതനമോഹങ്ങൾ, പ്രത്യക്ഷത്തിൽ നമുക്ക് ബോധ്യപ്പെടണമെന്നില്ല; അതിനെ അംഗീകരിക്കണമെന്നുമില്ല .കാരണം അതൊന്നും ഒരു സിവിൽ സമൂഹത്തിൽ ആരും ശരിവയ്ക്കുകയില്ല. പൗരജീവിതത്തിൻ്റെ തുറസ്സായ വീഥികളിൽ നെഗറ്റീവ് ചിന്തകൾക്കിടമില്ല. അതുകൊണ്ട് വ്യക്തികളുടെ പ്രതിലോമത്വരകൾ മനസ്സിനടിയിലേക്ക് താഴ്ത്തപ്പെടുന്നു. ഇത് ബോധപൂർവ്വം സംഭവിക്കുന്നില്ല. വ്യക്തിയിൽ അബോധമായി  സംഭവിക്കുകയാണ് .എന്നാൽ പ്രായം ചെല്ലുംതോറും അത് സാവധാനം പുറത്തേക്ക് വരാൻ തുടങ്ങും. അതു വരെയുണ്ടായിരുന്ന ചിന്തകൾ മുന്നോട്ടു പോകാനാവാതെ വരുകയോ , തിരിച്ചടി നേരിടുകയോ ചെയ്യുന്ന ഘട്ടത്തിൽ നാം നമ്മിൽ തന്നെ നിമജ്ജനം ചെയ്തതെല്ലാം തിരിച്ചു വരും.

സ്മൃതിനാശം പോലെയുള്ള രോഗങ്ങളും മറ്റു ശാരീരിക ,മാനസിക പ്രശ്നങ്ങളും അങ്ങനെയുണ്ടാകുന്നതാണെന്നു ഇന്നു ലഭ്യമായിട്ടുള്ള മന:ശാസ്ത്ര ചിന്തകളുടെ അടിസ്ഥാനത്തിൽ പറയാനാകും .റോണ്ടാ ബയേണിൻ്റെ The Power ((Law of Attraction) ,വിയറ്റ്നാം ബുദ്ധിസ്റ്റ് തീച്ച് നാത് ഹാൻ എഴുതിയ Being Peace,True Love തുടങ്ങിയ  പുസ്തകങ്ങൾ, ജിദ്ദു കൃഷ്ണമൂർത്തിയുടെ ചിന്തകൾ ,റോമാ ചക്രവർത്തിയും തത്ത്വചിന്തകനുമായിരുന്ന ഒറേലിയസിൻ്റെ ധ്യാനങ്ങൾ (Meditations) തുടങ്ങിയവയെല്ലാം  ഇതിലേക്ക് വെളിച്ചം വിതറുന്നു. ഒറേലിയസിൻ്റെ വാക്കുകൾ ഇങ്ങനെ:

Reject your sense of injury and the injury itself disappears.

No comments:

Post a Comment

അക്ഷരജാലകം ഇരുപത്തിയഞ്ച് വർഷങ്ങൾ പിന്നിട്ടിരിക്കുന്നു: എം. സി. രാജനാരായണൻ

  ഇന്ത്യയിലെ പ്രശസ്ത സിനിമാ വിമർശകനും ഫിപ്രസി അംഗവും ഗ്രന്ഥകാരനുമായ എം.സി. രാജനാരായണൻ എഴുതുന്നു പ്രചാരവും സ്വീകാര്യതയും നിലനിർത്തിക്കൊണ്ട്‌ ...