a
ദൈവം ,മനസ് ,ചിന്ത ,വായന ,സന്തോഷം തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി ഒരു സംഭാഷണം
ദുർഗ്രഹമായ ഒരു അസന്തുഷ്ടി ;ക്ളേശകരമായ ആനന്ദം
ചോദ്യം: മനുഷ്യൻ ദൈവമാകണമെന്നു വിചാരിച്ചാൽ ഒരു ശക്തിക്കും അവനെ തടയാനാവില്ലെന്നു താങ്കൾ എഴുതിയത് വായിച്ചു .എന്താണ് താങ്കളുടെ ദൈവ സങ്കല്പം ?
എം.കെ.ഹരികുമാർ :'ദൈവമല്ലേ മനുഷ്യൻ? ദൈവത്തെക്കുറിച്ച് ചർച്ചചെയ്യുന്നത് അവനല്ലേ? മറ്റേതെങ്കിലും ജീവികൾ ദൈവത്തെക്കുറിച്ച് ചർച്ച ചെയ്തു വഴക്കടിക്കുന്നതായി കണ്ടിട്ടില്ല. ദൈവത്തെ നിർവ്വചിക്കുകയോ ദൈവവുമായി ഇടപഴകുകയോ ചെയ്യുന്നതാരാണ് ? മനുഷ്യൻ. അതിനു കഴിയുന്നുണ്ടെങ്കിൽ അവനു ദൈവികമായ ഒരു വാതായനം തുറന്നു കിട്ടി എന്നല്ലേ അർത്ഥം ?ദൈവമാകാതെ തന്നെ ദൈവത്തെക്കുറിച്ചുള്ള ചർച്ച അന്തരീക്ഷത്തിൽ നിലനിർത്തുന്നവനെന്ന നിലയിൽ മനുഷ്യനാണ് ദൈവത്തിൻ്റെ സ്രഷ്ടാവെന്നു വ്യാഖ്യാനിക്കാവുന്നതാണ്.
നാം ദൈവത്തെക്കുറിച്ച് കേട്ടതെങ്ങനെയാണ്, ഒരു വംശം എന്ന നിലയിൽ ?മനുഷ്യബുദ്ധിയുടെയും ശക്തിയുടെയും ഒരു വിരാട് രൂപമാണത്. മനുഷ്യൻ്റെ ലോകം ദൈവത്തിൻ്റേതുമാണ് . അതുകൊണ്ടാണ് അമേരിക്കൻ കവി ചാൾസ് ബുകോവ്സ്കി ഞാൻ എൻ്റെ ദൈവമാണെന്നു (I am my own God) എന്നു പ്രഖ്യാപിച്ചത്. ഒരു കവി തന്നിൽ തന്നെ ദൈവത്തെ കാണുകയാണ് .ആലോചിച്ചാൽ അതിൽ സാരമുണ്ട് .നമ്മൾ ചെയ്യുന്ന കാര്യങ്ങളിലെ ബുദ്ധികേന്ദ്രം ആരാണ് ? നമ്മൾ ഓരോന്ന് ആലോചിച്ചല്ലേ ചെയ്യുന്നത് ?ആലോചിക്കാതെയും പ്രവർത്തിക്കും. അതിൻ്റെ ഉത്തരവാദിത്വം ആര് ഏറ്റെടുക്കും ? നമ്മെക്കൊണ്ട് മറ്റാരോ ചെയ്യിക്കുകയാണെന്നു പറയുന്നതിൽ സൗന്ദര്യമാണുള്ളത് .
നമ്മെ ശരിയും തെറ്റും ചെയ്യാൻ പ്രേരിപ്പിക്കുന്നത് ദൈവമാന്നെന്നു ചിന്തിക്കുന്നതിൽ മറ്റൊരു നീതിയാണുള്ളത് .നമുക്ക് അർഹതപ്പെട്ട ശരികളാണോ കിട്ടുന്നത് ?അല്ലെങ്കിൽ തെറ്റുകളാണോ കിട്ടുന്നത് ?അപ്പോഴും നമുക്ക് ഉത്തരവാദിത്വമുണ്ട്, നമ്മുടെ പ്രവൃത്തികളുടെ നിയന്താവായി .കാരണം, നമ്മുടെ ശരികൾ നമ്മുടെ മാത്രം ശരികളാണ്. നമ്മൾ ആഗ്രഹിച്ചതാണ് ആ ശരികൾ .നമ്മൾ വൈകാരികമായി ഉണരുകയും തകരുകയും ചെയ്യാറുണ്ട്. അത് നമ്മുടെ ശാരീരികമായ അവസ്ഥാഭേദങ്ങളാണല്ലോ .നമുക്ക് എങ്ങനെയാണ് കൂടുതൽ മെച്ചപ്പെട്ട ഒരു മനുഷ്യനാകാൻ കഴിയുന്നത് ? അത് അറിവാണ്.ലോകം സഞ്ചരിച്ച വഴികളെക്കുറിച്ച് ധാരാളം അറിവുകൾ നമുക്കുണ്ട് .രണ്ടാം നൂറ്റാണ്ടിലോ പത്താം നൂറ്റാണ്ടിലോ നേടിയതിനേക്കാൾ ബൃഹത്തായ ജീവിതപാഠങ്ങൾ നമ്മുടെ മുന്നിലുണ്ട് .നമുക്ക് മനുഷ്യസ്വഭാവത്തെക്കുറിച്ച് എത്രയോ പാഠങ്ങളാണുള്ളത്. മനുഷ്യൻ്റെ ചരിത്രത്തിൽ നിന്നും മന:ശാസ്ത്രത്തിൽ നിന്നും പഠിക്കാൻ ധാരാളമുണ്ടല്ലോ.അതുകൊണ്ട് നമ്മുടെ ശരികളെ വേർതിരിച്ചെടുക്കാൻ നമുക്കല്ലാതെ ആർക്കും കഴിയില്ല. നമ്മൾ ആർജിക്കേണ്ടതായ മഹത്വം ദയ, പ്രാർത്ഥന, സൗകുമാര്യത ,ത്യാഗം ,ദാനം തുടങ്ങിയവയിലാണുള്ളത്. നമ്മെ ഇരുട്ടിലേക്ക് തള്ളിവിടാതിരിക്കാൻ ഈ ഗുണങ്ങൾക്കേ കഴിയൂ. അതിലേക്ക് നാം എത്തിച്ചേരുന്നതോടെ മനുഷ്യൻ്റെ പരമോന്നതമായ കഴിവുകൾ അവനിൽ പ്രവർത്തിക്കാൻ തുടങ്ങുകയാണ്. അങ്ങനെ അവൻ ദൈവമായിത്തീരുന്നു .
Image
ചോദ്യം: താങ്കൾ 'എം.കെ.ഹരികുമാറിൻ്റെ സിദ്ധാന്തങ്ങൾ ' എന്ന കൃതിയിൽ ഇങ്ങനെ എഴുതി: "ചില സസ്യങ്ങൾ അതിൻ്റെ ശരീരത്തിൽ ഏത് ഭാഗത്തുനിന്നും മറ്റൊരു ജനിക്ക് സജ്ജമാണ്. അവ ശരീരം നിറയെ മറ്റു ജന്മങ്ങളെ കൊണ്ടുനടക്കുകയാണ്. എവിടെ നിന്നും അത് പുതിയ മുളകളെ അനുവദിക്കുകയാണ് .ഏത് സാഹചര്യത്തിലും ആ മുളകൾ നാമ്പെടുക്കും. അതിനു സുരക്ഷിതമായ ഇടമില്ല .കാലാവസ്ഥയാണ് സുരക്ഷ ; മണ്ണ് എവിടെയായാലും മതി" .എന്താണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്? ഇത് താങ്കളുടെ നവാദ്വൈതം അഥവാ ഉൾപ്പരിവർത്തനവാദവുമായി എങ്ങനെയാണ് ബന്ധപ്പെടുന്നത് ?
എം.കെ .ഹരികുമാർ :ഇത് ഓരോന്നിന്റെയും ആത്മീയത എന്ന തത്ത്വത്തെ വിശദീകരിക്കാനായി സൂചിപ്പിച്ചതാണ്. ഓരോ നിമിഷത്തിലും ജീവിതമുണ്ടല്ലോ .'തനിമനസ്സ്'എന്ന അധ്യായത്തിലാണ് ഇത് വിവരിക്കുന്നത്. കൈകൊണ്ട് ഒരു കർമ്മം ചെയ്യുമ്പോൾ ,മനസ്സാണ് കൈയ്ക്ക് ആ പ്രമേയം നൽകുന്നത്. എന്നാൽ കൈ സ്വന്തം ഇഷ്ടത്തിനൊത്ത് എന്ന പോലെയാണ് പെരുമാറുന്നത് .കൈകൊണ്ട് ചെയ്യുന്ന കാര്യങ്ങൾ കാലുകൊണ്ട് ചെയ്യാൻ പ്രയാസമായിരിക്കും. ഓരോ അവയവത്തിനും അതിൻ്റേതായ ഒരു പ്രമേയമുണ്ട്, ഒരു ആലോചനയുണ്ട് ; സ്വാഭാവികമായ ഒരാത്മീയതയാണത്.
കർമ്മത്തിലൂടെ ഒരു മനസ്സ് ജനിക്കുന്നു. നമ്മൾ സൂചിയിൽ നൂൽ കോർത്തെടുക്കാൻ തുനിയുമ്പോൾ വേറൊരു മനസ് ജനിക്കുന്നു. പിന്നീട് ഒരു പശുവിനെ കുളിപ്പിക്കുമ്പോൾ വേറൊരു മനസ്സുണ്ടാകുന്നു.
ഒരു വാഴ വെട്ടി വീഴ്ത്തുമ്പോൾ ചുവട്ടിൽ നിന്നു മുളപൊട്ടുന്നതു പോലെയാണ് മനസ് ജനിക്കുന്നത് .എന്നാൽ അതിനു സ്ഥിരതയില്ല. ഇതാണ് തനിമനസിൻ്റെ സ്വയം നിർമ്മാണവും ആത്മീയമായ നൈസർഗികതയും. ഇത് ജീവിതഭാഷയിൽ മനസ്സിന്റെ പിറവിയെ തേടുന്ന ആനന്ദമാണ്. മനസ്സ് എപ്പോഴാണ് പുതിയതാകുന്നതെന്ന് പറയാനാവില്ല. അത് എപ്പോഴും മാറുകയാണ്. ചിലപ്പോൾ, അത് പഴയതാണ്. അതിനു കാലമില്ല .അത് ഭൂതകാലത്തെയും വർത്തമാനത്തെയും ഭാവിയെയും കൂട്ടി ഒട്ടിച്ചിരിക്കുകയാണ്.
നാവിലാണ് എല്ലാ രുചികളും പരിശോധിക്കുന്നത്. എന്നാൽ നാവ് ഒരു രുചിയല്ല. നാവിനു സ്വന്തമായ ഇഷ്ടാനിഷ്ടങ്ങളുണ്ട്; അത് ശരീരത്തിന് ഇണങ്ങുന്നതല്ലെങ്കിൽ പോലും .നാവ് മനസ് സൃഷ്ടിക്കുകയാണ്. നാവിൽ നിന്നു വേർപെട്ടു ഉള്ളിലേക്ക് പോകുന്നതോടെ രുചികൾ അസ്തമിക്കുകയാണ്. അതിന്റെയർത്ഥം ശരീരത്തിൽ നിന്നു ഭിന്നമായി അകലം സൃഷ്ടിക്കുന്ന വേറൊരു മനസും രുചികേന്ദ്രവും നാവു സൂക്ഷിക്കുന്നു എന്നാണ് .ഇതാണ് തനിമനസ്. നാവ് ഒരു വിശുദ്ധ ആചാരത്തെയാണ് പരിരക്ഷിക്കുന്നത്. അത് ശരീരത്തെ രക്ഷിക്കാൻ പരിശ്രമിക്കുന്നു, അരുചികളെ തളളിമാറ്റിക്കൊണ്ട്. നാവ് സ്വന്തമായി ഒന്നും കാംക്ഷിക്കുന്നില്ല. നാവ് ഒരു ഗുണവ്യവസ്ഥയായി മാറുകയാണ്.
സസ്യം മരണത്തെ സ്വീകരിക്കുന്നത് ഒരു വഴിമാറൽ എന്നപോലെയാണ്. മരണം അന്ത്യമല്ല .ഒരു സസ്യം വെട്ടിമാറ്റപ്പെടുമ്പോൾ അതിന്റെ ശരീരത്തിന്റെ ഏതെങ്കിലുമൊരു ഭാഗത്ത് നിന്ന് മറ്റൊന്ന് പിറവിയെടുക്കുന്നു..ഒരു സസ്യം പലതായി പിറക്കുന്നു. മരച്ചീനിയെ നോക്കൂ .അതിൻ്റെ തണ്ടിലെ മൊട്ടുകൾ പല ജീവിതങ്ങളെയാണ് ഗർഭം ധരിക്കുന്നത്. മരിക്കുന്നതോടെ പലതായി ജനിക്കുകയാണ്.
മൃത്യുവിനെക്കുറിച്ചുള്ള നമ്മുടെ ധാരണകളെ തലകീഴായി മറിക്കുന്ന അഭ്യാസമാണ് ഒരു മരച്ചീനി നടത്തുന്നത് .മൃത്യുവല്ലത്; അവിടെ ജനിയുടെ വഴിത്തിരിവാണ് സംഭവിക്കുന്നത്. അതിനെ മൃത്യുവായി നാം തെറ്റിദ്ധരിക്കുകയാണ്. മനുഷ്യനിലും ഈ Radicant
സ്വഭാവമുണ്ട്. അവൻ്റെ ജീവിതം എങ്ങനെ മൃത്യുവിനെ മിഥ്യയിലാക്കി മുന്നേറുന്നു എന്നു നോക്കണം. അവൻ മരിക്കുന്നത് ശരീരികമായാണ് ;അവൻ്റെ ശരീരം നിറയെ പ്രകൃതിയാണ്. പ്രകൃതിയിൽ അവൻ നിറയുകയാണ്. അവൻ്റെ ചിന്തകൾ എവിടെയെല്ലാം സഞ്ചരിച്ചു! .മനുഷ്യൻ ജീവിച്ചപ്പോഴാണ് പലതായി വിഘടിപ്പിക്കപ്പെടുന്നത്;പലതായി ജനിച്ചത് .
ഓരോന്നിന്റെയും തനിമനസു കണ്ടാണ് അവൻ ജീവിച്ചത്. അവനു എന്താണ് ഉപേക്ഷിക്കാനുള്ളത് ? ശരീരം അതിനാവശ്യമായ വിധത്തിൽ വളരുന്നത് ശ്രദ്ധിച്ചാൽ ബോധ്യപ്പെടും. ചിലർക്ക് വിഷാദം മതി .അവർ എപ്പോഴും വിഷാദത്തെ തേടിക്കൊണ്ടിരിക്കും .വിഷാദ ശീലരായ കവികളെ കണ്ടിട്ടില്ലേ? കാല്പനിക കവികളായ മാത്യു ആർനോർഡും കീറ്റ്സുമൊക്കെ വിഷാദത്തെയാണ് അനുഭവിച്ചത്. മഹാചിന്തകനായ ഷോപ്പനോർ ജീവിതം ദുഃഖമാണെന്നു പ്രസ്താവിച്ചത് ആഴത്തിലുള്ള ഒരറിവായി കാണണം. ശരീരത്തിനു വേണ്ടത് കാമമാണെങ്കിൽ ,ശരീരം കാമരൂപിയായാണ് വളരുന്നത്. മനുഷ്യൻ്റെ ആഗ്രഹങ്ങൾ നടപ്പാക്കാൻ ശരീരവും തയ്യാറാവുകയാണ്.
ആഗ്രഹങ്ങൾക്കൊത്ത് ശരീരം ചേഷ്ടകളും ശീലങ്ങളും കണ്ടുപിടിക്കുന്നു. ശരീരം ഒരു പാമ്പോ , ചെടിയോ, വൃക്ഷമോ ആകുന്നത് അങ്ങനെയാണ്. കാമിക്കുന്നവരുടെ ശരീരത്തിലെ ഓരോ അവയവവും കാമമായി രൂപാന്തരപ്പെടുന്നു. നമ്മൾ സ്നേഹിച്ചാൽ മതി ,ഓരോ വസ്തുവും നമ്മുടേതാകും.
ചോദ്യം:താങ്കളുടെ വായന എങ്ങനെയാണ്? പതിവായി വായിക്കുന്ന പുസ്തകങ്ങളുണ്ടോ?
എം.കെ.ഹരികുമാർ : ചില പുസ്തകങ്ങളിലേക്ക് വല്ലപ്പോഴും ഞാൻ മടങ്ങിപ്പോകാറുണ്ട് .അത് എനിക്ക് ഒരു പുതിയ ഉണർവ്വാണ്.തോറോയുടെ ലേഖനങ്ങൾ, അക്കൂട്ടത്തിൽ പ്രധാനമാണ്. ബുദ്ധൻ്റെ ചിന്തകളും സെൻ കഥകളും വായിക്കാറുണ്ട്. വർഷത്തിൽ ഒരിക്കലെങ്കിലും യോഗവാസിഷ്ടം ,ഉപനിഷത്തുക്കൾ തുടങ്ങിയവ കുറെ ഭാഗമെങ്കിലും സമയം കിട്ടുന്നപോലെ വായിക്കാറുണ്ട്.
ഹെർമൻ ഹെസ്സെയുടെ എന്തും ഞാൻ വായിക്കും, എത്ര തവണ വേണമെങ്കിലും .മാർകസ് ഒറേലിയലി സിൻ്റെ meditations വായിക്കാറുണ്ട്. തത്ത്വചിന്തയുടെ ശാഠ്യങ്ങൾ ഒഴിഞ്ഞു പോകാൻ അത് സഹായിക്കും .
വാൻഗോഗ്, മാറ്റിസ് തുടങ്ങിയ ചിത്രകാരന്മാരെ ഞാനിപ്പോഴും പഠിക്കുന്നു. വാൻഗോഗിൻ്റെയും കാഫ്കയുടെയും കത്തുകൾ എനിക്കു പ്രിയങ്കരമാണ്. ദസ്തയെവ്സ്കി ,ഇവാൻ ബുനിൻ ,ടോൾസ്റ്റോയി തുടങ്ങിയവരുടെ കൃതികൾ ഒഴിവാക്കാനാവില്ല .ബൈബിളും ഗീതയും പലപ്പോഴും വായിക്കാറുണ്ട്.എന്നാൽ എഴുതാനിരിക്കുമ്പോൾ ഇതൊന്നും എന്നെ സ്വാധീനിക്കാറില്ല .
ചോദ്യം: ജീവിതത്തെ ഏറ്റവും ദീപ്തമാക്കുന്നത് എന്താണ് ?ജീവിതത്തിലെ ആയുസിൻ്റെ ദൈർഘ്യമാണോ ? നിത്യപ്രചോദനമാണോ ?സന്തോഷമാണോ ?
എം.കെ: സന്തോഷമില്ലെങ്കിൽ എന്ത് നേടിയാലും വ്യർത്ഥമാണ്. എന്നാൽ സന്തോഷം തീരുമാനിക്കുന്നത് നമ്മളാണ് .എങ്ങനെ സന്തോഷിക്കും? കലാപരമായ പ്രവൃത്തികളിൽ നിന്ന് കിട്ടുന്ന സന്തോഷം അത്ര ശുദ്ധമായതല്ല; അത് ദുർഗ്രഹമായ ഒരു അസന്തുഷ്ടിയാണ്. ക്ലേശകരമായ ആനന്ദമാണത്. ടോൾസ്റ്റോയ് ഇങ്ങനെ എഴുതി:
The only real science is the knowledge of how a person should live his life.And this knowledge is open to everyone.
സ്വന്തം ജീവിതം എങ്ങനെ ഉപയോഗപ്രദമാക്കാം എന്ന ചിന്ത വളരെ പ്രധാനപ്പെട്ടതാണ്. ജീവിക്കാൻ പഠിക്കുക എന്ന തത്ത്വമാണ് ടോൾസ്റ്റോയി നിർദ്ദേശിക്കുന്നത്. ഇവിടെയാണല്ലോ നാമൊക്കെ പരാജയപ്പെടുന്നത്. അത് എല്ലാവർക്കും പ്രയോജനപ്പെടുന്നതാണെങ്കിൽ ഏറ്റവും നല്ലത് .
ചോദ്യം :ഒരു പുസ്തകം വായിക്കുമ്പോൾ താങ്കൾ സ്വയം കണ്ടെത്തുകയാണെന്ന് പറഞ്ഞല്ലോ. അപ്പോൾ നേരത്തെ തന്നെ താങ്കളുടെ മനസ്സിൽ ഇതെല്ലാം എഴുതപ്പെട്ടു എന്നാണോ അർത്ഥം ?
എം. കെ :ജോർജ് ബർണാഡ് ഷായുടെ വാക്കുകൾ ഇതാണ്:
Life isn't finding yourself. Life is about creating youself.നിങ്ങൾ സ്വയം കണ്ടെത്തുന്നതല്ല ജീവിതം ;അത് നിങ്ങൾ സൃഷ്ടിക്കുന്നതാണ് .ഞാൻ നേരത്തെ പറഞ്ഞതും ഇതും തമ്മിൽ വൈരുദ്ധ്യമില്ല. ഞാൻ എന്നിലുള്ളത് തിരയുന്നു എന്നു പറഞ്ഞാൽ , എനിക്ക് അറിയാത്തതാണത്. സാധാരണ ജീവിതത്തിൽ ഞാനതിനെക്കുറിച്ച് ബോധവാനല്ല. എന്നാൽ അതെല്ലാം എന്നിലുണ്ട്. അത് കണ്ടെത്തുന്നതോടെ ഒരു സൃഷ്ടി പ്രക്രിയയാണ് നടക്കുന്നത്. എന്നിലേക്ക് ആഴ്ന്നിറങ്ങി ഖനനം ചെയ്താണ് ഞാനത് തിരിച്ചറിയുന്നത്. ആ ഘട്ടം വരുമ്പോൾ ഒരു സാക്ഷാത്കാരമാണുണ്ടാകുന്നത്.
ചോദ്യം:ഭൂതകാലം ശരിക്കും മനുഷ്യനെ ദു:ഖിതനാക്കുകയാണോ ? ഗ്രഹാതുരത്വം തുടങ്ങിയ വാക്കുകൾ ഇവിടെ ഇപ്പോഴും മുഴങ്ങുകയാണല്ലോ. ഒരാളുടെ ജീവിതായോധനത്തിനു ,അതിജീവനത്തിനു ഭൂതകാലം എത്രത്തോളം ആവശ്യമാണ്?
എം.കെ: ഭൂതകാലം എപ്പോഴും നിർമ്മിക്കപ്പെടുകയാണ് .അത് സ്ഥിര മോ അവസാനിച്ചതോ അല്ല. അതുകൊണ്ടാണ് അത് നമ്മുടെ മനസ്സുകളിൽ നിന്ന് മാഞ്ഞുപോകാത്തത്. നമ്മൾ മണ്ണ്, വായു ,ആകാശം, വെള്ളം, അഗ്നി എന്നിവകൊണ്ടാണല്ലോ ഉണ്ടാക്കപ്പെട്ടത്. അതിനു സമാനമായി ഭൂതകാലവും നമ്മുടെ പിറവിയിൽ പങ്കുചേർന്നിട്ടുണ്ട്. അമിതമായ ഭൂതകാലജ്വരം ഒരു ഭാരമായി കൊണ്ടു നടക്കുന്നവരുണ്ട്. ചിലർ ധൈഷണികമായി, വൈകാരികമായി ഭൂതകാലത്തിൽ തന്നെ ജീവിക്കുകയാണ്.
ഇവർക്ക് വ്യക്തികളോട് സ്നേഹമു ണ്ടായിരിക്കുകയില്ല. ഇവർക്ക് ഭൂതകാലത്തിലെ നന്മതിന്മകളെപ്പറ്റിയുള്ള ചർച്ച നീട്ടിക്കൊണ്ടുപോകുന്നതിലാണ് താല്പര്യം .ഇവർ ഭൂതകാലത്തെ ലഹരിയാക്കുന്നു. ഭാവിയിൽ എങ്ങനെ ജീവിക്കണമെന്ന് ചിന്തിക്കുന്നില്ല .അവർ ഭൂതകാലത്തെ പുന:സൃഷ്ടിക്കുകയോ നിർമ്മിക്കുകയോ ചെയ്യുന്നവരല്ല .മറിച്ച് ,പഠിച്ചത് അതേപടി പാടുന്നവരാണ് .യാഥാർത്ഥ്യത്തിൻ്റെ ഏകദേശവും ബാഹ്യവുമായ അർത്ഥ തലങ്ങൾ മാത്രം മനസിലാക്കി അതിൽ അഭിരമിക്കുന്നവരാണ്. വെറും ഓർമ്മ പുതുക്കൽ എന്നതിനപ്പുറം ഇതിനു പ്രസക്തിയില്ല .ഇവർ ഭാവന ചെയ്യാൻ കഴിവില്ലാത്തവരാണ്. ഇവർക്ക് ചരിത്ര വസ്തുതകൾ മതിയാകും .എനിക്ക് ഭൂതകാലം സമുദ്രംപോലെയാണ്. അതിനു പരിധിയില്ല.
ജാപ്പനീസ് എഴുത്തുകാരൻ ഹാറുകി മുറകാമിയുടെ South of the border ,west of the Sun എന്ന കൃതിയിൽ Hysteria siberiana എന്ന അപൂർവ്വ രോഗത്തെക്കുറിച്ചത് വിവരിക്കുന്നുണ്ട്. മുറകാമി നല്കുന്ന വിവരണം ചുരുക്കി എഴുതാം:
നിങ്ങളൊരു കർഷകനാണെന്ന് സങ്കല്പിക്കുക. സൈബീരിയയുടെ വിജനമായ ഭൂമിയിലാണ് നിങ്ങൾ കൃഷി ചെയ്യുന്നത് .എല്ലാ ദിവസവും നിങ്ങൾ നിലം ഉഴുതു മറിക്കുന്നു. എങ്ങോട്ടു നോക്കിയാലും പ്രത്യേകിച്ച് ഒന്നുമില്ല;ചക്രവാളങ്ങൾ മാത്രം. സൂര്യൻ കിഴക്കുദിക്കുന്നു.പടിഞ്ഞാറ് അസ്തമിക്കുന്നു. രാവിലെ ഉണർന്ന് ജോലി തുടങ്ങി വൈകിട്ട് വീട്ടിലേക്ക് മടങ്ങുന്ന നിങ്ങളിൽ, ഒരു ദിവസം എന്തോ മരിക്കുന്നതായി അനുഭവപ്പെട്ടു തുടങ്ങും. സൂര്യാസ്തമയങ്ങളല്ലാതെ മറ്റൊന്നും കാണാനില്ല. അപ്പോൾ നിങ്ങൾ കലപ്പ ഉപേക്ഷിച്ച് ,മനസ്സ് ശൂന്യമാക്കി പടിഞ്ഞാറിനെ ലക്ഷ്യമാക്കി നടന്നു തുടങ്ങും .അവിടെയാണല്ലോ സൂര്യൻ അസ്തമിക്കുന്നത്. അസ്തമിക്കുന്ന സൂര്യൻ്റെ തൊട്ടടുത്തുള്ള സ്ഥലം
ദിവസങ്ങൾ നീളുന്ന യാത്രയാണത്, ഒന്നും കഴിക്കുകയോ കുടിക്കുകയോ ചെയ്യാതെ .ആ യാത്ര അവസാനിക്കുന്നത് ,ക്ഷീണിച്ച് അവശനായി മണ്ണിൽ തളർന്നുവീണു മരിക്കുമ്പോഴാണ്. ഇതാണ് ഹിസ്റ്റീരിയ സൈബീരിയാന .ഏതാണ്ട് ഇതിനു സമാനമായാണ് ഞാൻ ഭൂതകാല ബന്ധത്തെ അനുഭവിക്കുന്നത്. എത്ര സഞ്ചരിച്ചാലും അവസാനിക്കാത്ത യാത്രയാണത്. മോചിതമാവാൻ കഴിയുമെന്ന പ്രതീക്ഷയിൽ നടക്കുകയാണ്. അതിൽ ഭാവനയും മറവിയുമണ്ട് .ഭൂതകാലത്തെയാണ് ഞാൻ വിദൂരങ്ങളിൽ കാണുന്നത്, അല്ലെങ്കിൽ കാണാനാഗ്രഹിക്കുന്നത്.
അത് ഒരു ഗൃഹാതുരത്വമല്ല; ഭൂതകാലത്തെ ,എൻ്റെ വീടായി സങ്കല്പിക്കുകയല്ല; അകന്നിരിക്കുന്നതു കൊണ്ടുള്ള ദുഃഖമല്ലത്. ഞാൻ കണ്ടെത്തുന്നതാണത്. ഓർക്കുന്ന കാര്യങ്ങളൊക്കെ വ്യത്യസ്തമാവുകയാണ്. കുട്ടിക്കാലത്ത് കളിച്ചതോ കരഞ്ഞതോ ആയ കാര്യങ്ങൾ പിന്നീട് ,വർഷങ്ങൾക്ക് ശേഷം ഓർക്കുമ്പോൾ വേറൊരു ചിത്രമാണ് ഉണ്ടാകുന്നത് .ഓരോ തവണ ഓർക്കുമ്പോഴും അത് വ്യത്യസ്തമാകും .ഒരേ വസ്തുതയ്ക്ക് ,അനുഭവത്തിനു ഭിന്ന മാനങ്ങളാണുള്ളത്. അത് പല കാലങ്ങളിലൂടെയാണ് അനാവരണം ചെയ്യുന്നത് .നോക്കിക്കാണാൻ ഒരേയൊരു ഉപകരണമേയുള്ളൂ :മനസ്സ്.
No comments:
Post a Comment