പത്തോട്ട
:സ്വന്തം ഭാഷയുടെയും അവബോധത്തിൻ്റെയും സൂക്ഷ്മമായ ധ്വനികൾ
തേടിപ്പിടിക്കുകയാണ് ഒരു യഥാർത്ഥ എഴുത്തുകാരൻ്റെ പരമോന്നതമായ ലക്ഷ്യമെന്ന്
പ്രമുഖ വിമർശകനും എഴുത്തുകാരനും കോളമിസ്റ്റുമായ എം.കെ .ഹരികുമാർ
അഭിപ്രായപ്പെട്ടു.
എറണാകുളം പൂത്തോട്ട സഹോദരൻ
അയ്യപ്പൻ മെമ്മോറിയൽ കോളേജ് ഓഫ് എജ്യുക്കേഷൻ്റെ കോളജ് യൂണിയൻ്റെയും ആർട്സ്
ക്ലബ്ബിൻ്റെയും ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാസം
തോറും പുസ്തകം പ്രസിദ്ധീകരിച്ച്, പുരസ്കാരങ്ങൾ വാങ്ങി സ്വയം
വാണിജ്യവത്കരിക്കുന്നതല്ല എഴുത്തുകാരൻ്റെ ജോലി. അത് മൂല്യങ്ങളുടെ
അധ:പതനമാണ്. എഴുതുന്നത് വിധിയാണ്. നിരന്തരം എഴുതുകയാണ് അതിനെ നേരിടാനുള്ള
വഴി .എഴുത്തിലൂടെ സ്വന്തം ഭാഷയെ കണ്ടെത്തണം. ഭാഷ മുൻകൂട്ടി
നിശ്ചയിക്കപ്പെട്ടതല്ല. വാക്കുകൾ ഉണ്ടെങ്കിലും ഭാഷ എഴുത്തുകാരൻ
സൃഷ്ടിക്കേണ്ടതാണ് .ഭാഷയിൽ പൂർവ്വകാലവും പരേതരും സ്വപ്നങ്ങളുമെല്ലാം
അടങ്ങിയിരിക്കുന്നു. ഒരു ശബ്ദാലാപനത്തിൽ അനേകം സൂക്ഷ്മമായ സംഗീതാരോഹണങ്ങളും
നോട്ടുകളുമുള്ളതുപോലെ ഭാഷയുടെ പ്രയോഗത്തിലും നിരവധി സൂക്ഷ്മമായ സൂചനകളും
ധ്വനികളുമുണ്ട്. ഭാഷയിൽ പ്രാപഞ്ചികമായ ജൈവാവസ്ഥയുടെ കോടിക്കണക്കിന്
സൂക്ഷ്മധ്വനികൾ ഇനിയും അവശേഷിക്കുകയാണ്. ഇത് മനസ്സിലാക്കുന്നതാണ്
രചനാപ്രക്രിയയുടെ കാതൽ - ഹരികുമാർ പറഞ്ഞു.
കേവലം
ഒരു ജോലി നേടുകയോ കുടുംബമുണ്ടാക്കുകയോ വീട് കെട്ടുകയോ എന്ന
ലക്ഷ്യത്തിലേക്ക് ഒരു വിദ്യാർത്ഥിയും ഒതുങ്ങിപ്പോകരുത്. ഇതൊക്കെ
പരിശ്രമിച്ചാൽ നിസ്സാരമായി നേടാനാവുന്നതാണ്. ഇതിനപ്പുറം എന്തുണ്ട് എന്നാണ്
ആലോചിക്കേണ്ടത്. ലോകത്തിൻ്റെ നിലനിൽപ്പ് മനുഷ്യരുടെ യഥാർത്ഥമായ,
ജീവകാരുണ്യപരമായ അഭിനിവേശങ്ങളിലാണുള്ളത്. മനുഷ്യത്വം എന്നു പറയുന്നത്
മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സാണ്. അനുതാപമില്ലാത്തവനെ നാറുന്ന ഉടൽ
എന്ന് ശ്രീനാരായണ ഗുരു വിളിച്ചത് അതുകൊണ്ടാണ്. വലിയവനും ചെറിയവനും എന്നുള്ള
അന്തരം മാറണമെങ്കിൽ പ്രായോഗികവും മനുഷ്യോപകാരപ്രദമായ അദ്വൈതമാണ്
ഉൾക്കൊള്ളേണ്ടത് .ജീവിതം വളരെ നാശോന്മുഖമാണ്. ഇന്നത്തെ ഈ നിമിഷം ഇവിടെ
നഷ്ടപ്പെടുകയാണ്. ഈ നിമിഷത്തെ, നഷ്ടപ്പെടുന്ന ഈ നിമിഷത്തെ സന്തോഷകരമാക്കാൻ
എന്തൊക്കെ ചെയ്യാമെന്ന് ആലോചിക്കണം .ഓരോ നിമിഷവും അവിടെവച്ച്
ഇല്ലാതാകുന്നതുകൊണ്ട് ജീവിതം അതുല്യവും അളക്കാനാവാത്തതുമായ ഒരവസ്ഥയാണ് .ഈ
അറിവിനെ ആത്മീയത എന്ന് വിളിക്കാം -ഹരികുമാർ ചൂണ്ടിക്കാട്ടി.
വിയറ്റ്നാമിലെ
പ്രമുഖ ബുദ്ധസന്യാസിയും ലോകഗുരുവുമായ തീച്ച് നാത് ഹാൻ പറഞ്ഞത്
വിലപിക്കുന്നതിനുപകരം നിമിഷങ്ങളെ ആഘോഷിക്കണമെന്നാണ്. ആത്മീയത എന്നാൽ
ദൈവത്തെ ആരാധിക്കുന്നത് മാത്രമായി കാണരുത്. ആത്മീയത നമ്മുടെ ഓരോ
പ്രവൃത്തിയിലുമുണ്ട്. മനസ്സിനെ നിർവ്യാജമായി ആനന്ദിപ്പിക്കുന്ന
പ്രക്രിയയാണത്. അത് ലോകത്തിൻ്റെ ഉന്നതിയിലേക്കുള്ള അവബോധാത്മകയാത്രയാണ്.
ദൈവത്തെ വിളിക്കുന്നത് അത് മനുഷ്യൻ്റെ പ്രാചീനമായ ഒരാവശ്യമായതുകൊണ്ടാണ്
.മനുഷ്യൻ സംസാരസാഗരത്തിൽ മുങ്ങുന്നവനാണ്. അവൻ സഹായത്തിനായി ദൈവത്തോട്
അപേക്ഷിക്കുന്നത് ആത്മീയമായ ആവശ്യമാണ്. ദൈവം എപ്പോഴും രക്ഷിക്കുമെന്നല്ല
ഇതിനർത്ഥം. നമ്മെ ശുദ്ധീകരിക്കാനുള്ള ഒരു ആഹ്വാനമാണത്. എന്തെങ്കിലും ഒരു
അഭിനിവേശം(Passon) ഉണ്ടായിരിക്കുന്നത് ദൈവികമായ കാര്യമാണ്. പക്ഷികളെ
വളർത്തുന്നത് ,പൂന്തോട്ടം പരിപാലിക്കുന്നത് ,ചിത്രങ്ങൾ ശേഖരിക്കുന്നത്,
പക്ഷികൾക്ക് വെള്ളം കൊടുക്കുന്നത് തുടങ്ങിയവയെല്ലാം ജീവിതത്തിലെ
അഭിനിവേശങ്ങളായി കാണുന്നവരുണ്ട്. അവരിലാണ് ദൈവമുള്ളത് -ഹരികുമാർ പറഞ്ഞു .
കോളജ്
പ്രിൻസിപ്പൽ ഡോ.കെ. പി. അനിൽകുമാർ സ്വാഗതം പറഞ്ഞ യോഗത്തിൽ യൂണിയൻ ചെയർമാൻ
സച്ചിൻ ദാസ് അധ്യക്ഷത വഹിച്ചു. എസ്.എൻ .എഡ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ്
മാനേജർ ഇ.എൻ.മണിയപ്പൻ ,എ.ഡി. ഉണ്ണികൃഷ്ണൻ, അരുൺ കാന്ത് , കെ. കെ. സുരേഷ്
,എം. വേലായുധൻ , രാംദാസ് കെ.എസ്. ,വിഷ്ണു വി അശോക് എന്നിവർ പ്രസംഗിച്ചു.
No comments:
Post a Comment