എനിക്ക് മനസ്സിൻ്റെ
കമിതാവാകണമെന്നുണ്ട് ,
അത്രയെളുപ്പമല്ലെങ്കിലും
ഞാനെൻ്റെ പുരാതനമായ തനിമകളിലേക്കു വല്ലപ്പോഴും മടങ്ങിയെത്താറുണ്ട് -
ദുരിതമാണത്
ഞാനെൻ്റെ ഭവിഷ്യത്തിൻ്റെ
വന്യമായ,
ചിത്രശലഭവർണവിരചിതമായ,
നിബിഡഭാവനാസ്ഥലികളിലേക്ക്
സഞ്ചരിക്കാറുണ്ട് -
സ്വപ്നമാണത്
ഞാനെൻ്റെ മനസ്സിൻ്റെ പകൽപ്പോരാട്ടങ്ങളിലേക്ക്,
ആൾമാറാട്ടങ്ങളിലേക്ക് ,
സ്വയം ക്രൂശാരോഹണങ്ങളിലേക്ക്
നിപതിക്കാറുണ്ട് -
പ്രതീക്ഷയറ്റ ജീവിതമാണത്
ഞാനെൻ്റെ ആഘോഷങ്ങളെ
എങ്ങനെ ഉല്ലാസപ്പൂക്കളുടെ
പ്രഭാതങ്ങളാക്കാമെന്നാലോചിച്ച് സന്തോഷത്തിൻ്റെ ശബ്ദതാരാവലികൾ
തിരയാറുണ്ട് -
അതാണ് സൗഖ്യം
എന്നാലോ ജീവിതം എവിടെയുമില്ല.
എം.കെ.ഹരികുമാർ
ഒരാശയം
അതിനെതിരായി ഗൂഢാലോചന നടത്തുകയാണ്. അതുകൊണ്ട് ആശയം അതിൻ്റെ
അദൃശ്യശത്രുവിനെ പ്രതീക്ഷിച്ചു കൊണ്ടെന്ന പോലെ എപ്പോഴും സ്വയം
തർക്കിക്കാനും മറ്റുള്ളതിനെ നിരാകരിക്കാനും ശ്രമിക്കുന്നു .
മറ്റൊന്നിനെ
ഭൂമുഖത്ത് നിന്നു തന്നെ തുടച്ചു നീക്കാനാണ് ഒരാശയം അതിൻ്റെ യുക്തിയുടെ
സർവ്വ സന്നാഹങ്ങളും ഉപയോഗിക്കുന്നത്. അതിനു ബഹുസ്വരതയില്ല ;എന്നാൽ
മനുഷ്യമനസ്സിൽ ബഹുസ്വരതയുണ്ട്.
ഏതൊരാശയവും
അതിൻ്റെ മൗലികതയും അതിൻ്റെ തന്നെ നിരാകരണവുമാണ്. സ്വയം ഗൂഢാലോചന നടത്തുന്ന
ആശയം ആന്തരികമായി ,നിഗൂഢമായി സ്വയം നിരസിച്ച് മറ്റൊന്നാകാനാണ്
ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അങ്ങനെ ലോകം വികസിക്കുന്നു.
എം.കെ.ഹരികുമാർ
No comments:
Post a Comment