ഒരു
വലിയ കവി എങ്ങനെയായിരിക്കണമെന്ന് ചോദിച്ചാൽ അതിൻ്റെ പ്രത്യക്ഷ ഉദാഹരണമാണ്
കുമാരനാശാൻ്റെ (1873 ഏപ്രിൽ 12-1924 ജനുവരി 16) ജീവിതം. സാമൂഹ്യമനുഷ്യനായി
ഒരാൾ രൂപാന്തരപ്പെടുകയും സമൂഹത്തിൻ്റെ രോഗങ്ങളെ ചികിത്സിക്കുന്ന ആത്മീയ
ഭിഷഗ്വരനായി മാറുകയും ചെയ്യുന്ന അത്ഭുതകരമായ കാഴ്ചയാണ് നാം കാണുന്നത്.
എല്ലാ കവികളും സാമൂഹ്യ മനുഷ്യരല്ല .അവർ അകന്നു മാറുന്നവരാണ്. എത്ര
പ്രകൃതിസ്നേഹമുണ്ടായാലും ,നമ്മൾ എഴുതുന്നത് കന്നുകാലികളെയോ പക്ഷികളെയോ
വായിച്ചു കേൾപ്പിക്കാനാവില്ല. മനുഷ്യൻ തന്നെ വേണം ,പ്രണയമുള്ള മനുഷ്യൻ.
ആശാനിൽ അതിഭാവുകത്വമില്ല .ഭാവുകത്വമേയുള്ളു. ഭാവുകത്വത്തെ
പരിവർത്തനപ്പെടുത്തിയ കവിയാണ് ആശാൻ. അങ്ങനെയുള്ളവർ നൂറ്റാണ്ടിൽ തന്നെ
വിരളമാണ്. ശീലിച്ച ഭാഷയിൽ നിന്ന്, ആലോചനകളിൽ നിന്ന് ,വഴക്കങ്ങളിൽ നിന്ന്,
വീക്ഷണങ്ങളിൽ നിന്ന്, രുചികളിൽ നിന്ന് സമൂലമായ ഒരു മാറ്റം കൊണ്ടുവരുന്ന
കവിയാണ് ഭാവുകത്വത്തെ മാറ്റുന്നവനായി അറിയപ്പെടുന്നത്. മാറ്റുവിൻ ചട്ടങ്ങളെ
എന്നു പറഞ്ഞത് ,സാമൂഹ്യരാഷ്ട്രീയ അനാചാരങ്ങളെ മാത്രം ഉദ്ദേശിച്ചല്ല;
കവിതയുടെ ജീർണതയെയും ലക്ഷൃം വച്ചിരുന്നു. കവിത ജീർണിക്കുന്നത് കവികളെല്ലാം
ഒരുപോലെ ചിന്തിക്കുമ്പോഴാണ്. എല്ലാവരും ഒരേ വൃത്തത്തിനുള്ളിൽ
കറങ്ങിക്കൊണ്ടിരിക്കുമ്പോൾ ഭാവുകത്വമില്ല .പുതിയ ഒരു അഭിരുചിയുടെ പ്രസക്തി
തന്നെ ഇല്ലാതാവുന്നു.
ആശാൻ അഭിരുചിയെ നവീകരിച്ചു.
'നിത്യഭാസുരനഭശ്ചരങ്ങളേ' എന്നു വിളിക്കുന്നത് വിസ്മയങ്ങളുടെ ആകാശത്തെ
ഭേദിച്ചുകൊണ്ട് അന്തരാത്മാവ് സൂചിമുഖി പക്ഷിയെപ്പോലെ പറക്കുന്ന അനുഭവം
തരുകയാണ്. ആശാന് മുമ്പായിരുന്നെങ്കിൽ ഒരു കവി അങ്ങനെ പ്രയോഗിക്കില്ല ;പകരം
അന്തമറ്റ നക്ഷത്രസമൂഹങ്ങളേ എന്നേ വിളിക്കൂ .അല്ലെങ്കിൽ അനശ്വരതാരകങ്ങളെ
എന്നു വിളിക്കും.
എന്നാൽ 'നിത്യഭാസുരനഭശ്ചരങ്ങളേ' എന്നു
വിളിക്കുമ്പോൾ അതിൽ ഒരു മിസ്റ്റിക് പ്രഭാവം കൈവരുന്നു .പ്രപഞ്ച നിഗൂഢതയുടെ
നേർക്കുള്ള വ്യക്തിനിഷ്ഠമായ വിലാപവും അതിശയവുമാണത്. 'ആ നല്ല ഹൈമവതഭൂവിൽ '
എന്ന് ആശാനു മാത്രമേ എഴുതാനൊക്കൂ. എന്തിനാണ് നല്ല എന്നു പ്രയോഗിച്ചത്
?അതിൽ പുരാതനത്വത്തിൻ്റെ അവിഭാജ്യമായ നന്മകൾ അടങ്ങിയിരിക്കുന്നു.
പരിശുദ്ധവും അചുംബിതവുമായ പ്രകൃതിയെ ഒരു ചെറിയ വാക്കു കൊണ്ട്
ഒപ്പിയെടുക്കുകയാണ്.
മറ്റൊരു രാഗം
പ്രകൃതി
മനുഷ്യനാൽ നശ്വരമാക്കപ്പെട്ടതല്ല.; അത് നല്ല പ്രകൃതത്തിലുള്ളതാണ്.
മനുഷ്യൻ്റെ മനസ്സിനെ വിശുദ്ധമാക്കുന്ന തരത്തിൽ ഹൈമവതഭൂവ് എന്ന പ്രയോഗത്തിൽ
നവീനതയുണ്ട് .വേറെ വല്ല എഴുത്തുകാരായിരുന്നെങ്കിൽ ഹിമാലയ താഴ്വരകൾ എന്നേ
എഴുതൂ. എന്നാൽ ആശാന് ഭാഷ മറ്റൊരു രാഗമാണ്. അത് സംഗീതമാണ് ,പ്രാപഞ്ചികതയുടെ
ഏതോ കോണിൽ നിന്നു വരുന്ന രാഗം .
'നളിനി ' ഈ ഭാഗം നോക്കൂ:
സ്വന്തകർമ്മവശരായ് തിരിഞ്ഞിടു -
ന്നന്തമറ്റ ബഹുജീവകോടികൾ ,
അന്തരാളഗതിതന്നിലൊന്നൊടൊ-
ന്നന്തരാ പെടുമണുക്കളാണ് നാം "
ഓരോ
ജീവിയും കർമ്മവിവശരായി നട്ടം തിരിയുകയാണ്. അവയ്ക്കിടയിലുള്ള ദുരൂഹമായ
വഴികളിൽ വച്ച് നാം യാദൃച്ഛികമായി കണ്ടുമുട്ടുന്നു ,വേർപിരിയുന്നു .ഇതല്ലേ
ജീവിതം ?
ഭാഷയുടെ അദൃശ്യതയിൽ ഒരു കവിയെ
കാത്തിരിക്കുന്ന പലതുമുണ്ട്. എന്തുകൊണ്ടാണ് ആശാൻ പുതിയ ഭാഷ സൃഷ്ടിച്ചത്
?അങ്ങനെയേ അനുഭവങ്ങളുടെ അന്തർ മണ്ഡലത്തിലേക്ക് കടക്കാനാവൂ.
ലോകത്തെ
തൻ്റേത് മാത്രമായി കാണാനാവണം. അപ്പോഴാണ് ഭാഷയുണ്ടാവുന്നത്. മറ്റുള്ളവരുടെ
മൂശയിൽ കയറിയിരിക്കുന്നവൻ അനുകർത്താവാണ് .എല്ലാവർക്കും അറിയാവുന്ന
മൂല്യങ്ങളെ വല്ലാതങ്ങ് വാഴ്ത്താൻ ആശാൻ തയ്യാറായിട്ടില്ല. നമ്മുടെ കവിതയിൽ
അമ്മ ,അച്ഛൻ ബിംബങ്ങളൊക്കെ എടുത്തിട്ട് അലക്കി ബോറടിപ്പിക്കുന്നതിന് കാരണം
ആവർത്തിക്കപ്പെട്ട ആശയങ്ങളിൽ ഗത്യന്തരമില്ലാതെ കവികൾ
ചുറ്റിത്തിരിയുന്നതുകൊണ്ടാണ്.
ആശാൻ തൊട്ടതെല്ലാം
പുതിയതായി. 1907 ലാണല്ലോ 'വീണപൂവ്' പ്രസിദ്ധീകരിക്കുന്നത്. ആരും തന്നെ
പ്രമേയമാക്കുകയില്ല ,വീണു കിടക്കുന്ന ഒരു പൂവിനെ. ഒരു പെണ്ണിനെ
ലൈംഗികച്ചുവയോടെ വർണ്ണിച്ചാൽ പെട്ടെന്ന് കവിത വിൽക്കാവുന്ന
കാലമായിരുന്നല്ലോ അത്. എന്നാൽ കൊൽക്കത്തയിൽ പോയി കൂടുതൽ പഠിച്ച്
മടങ്ങിയെത്തിയ ആശാൻ ആഗോളതലത്തിൽ കാവ്യശാഖയെ മറ്റൊരു മാനത്തിൽ സമീപിക്കുന്നു
എന്നാണ് 'വീണപൂവി'ൽ നിന്ന് നാം മനസ്സിലാക്കുന്നത്. വീണപൂവ് ഒരു കാമുകിയുടെ
പ്രതീകമാണെന്ന് ചില പ്രൊഫസർമാർ പറഞ്ഞിട്ടുണ്ട്; തെറ്റാണത്. കാമുകിയെ
ആരെങ്കിലും വീണു കിടന്നു ജീർണിക്കാൻ പോകുന്ന പൂവായി സങ്കല്പിക്കുമോ ?
വീണപൂവ് ഒരു വസ്തുവിനെ അതിൻ്റെ അനന്യതയിൽ നോക്കിക്കാണുകയാണ് ചെയ്യുന്നത്.
പൂവ് പൂവ് മാത്രമാണ്, പ്രതീകമല്ല. പൂവിനു മറ്റൊന്നും ആകേണ്ട .ലോകത്തിലെ ഓരോ
വസ്തുവിനും ഇങ്ങനെ തനിച്ചൊരു ജീവിതമുണ്ട്. പൂവ് പൂവിൽ തന്നെ
അവസാനിക്കുന്നു. അതിൽ ഈ ലോകജീവിതത്തിൻ്റെ സാരം തേടുകയാണ് കവി.
എല്ലാം ശുദ്ധമാക്കുന്ന പ്രേമം
പ്രണയത്തെ
മനുഷ്യാത്മാവിൻ്റെ ഏറ്റവും ഉയർന്ന വിതാനമായി കാണാനാണ് ആശാൻ
ഇഷ്ടപ്പെടുന്നത്. നളിനി ,ലീല എന്നീ കാവ്യങ്ങളിലൂടെ അത് തെളിയിച്ചു.
'ലീല'യിലെ പ്രണയം എങ്ങനെയാണ് മാംസത്തിൻ്റെയും കാമത്തിൻ്റെയും
വിളികൾക്കപ്പുറത്ത് യഥാർത്ഥവും അന്തര്യാമിയുമായ ഒരു മൗലികഭാവത്തിൽ
എത്തുന്നത്. അത് ശുദ്ധമായ മനുഷ്യാത്മാവിൻ്റെ ഒരു സാധ്യതയാണ് .ചിലപ്പോൾ
നമുക്ക് സ്വയം വിമലീകരിക്കാൻ പ്രേമം വേണം. എല്ലാ ലൗകികമോഹങ്ങളും
മിഥ്യകളാവുകയും അതിനപ്പുറത്തുള്ള ചില മൂല്യങ്ങൾ അനിവാര്യമായി നമ്മെ
ആശ്വസിപ്പിക്കുകയും ചെയ്യുന്ന നിമിഷങ്ങൾ ജീവിതത്തിലുണ്ട്.
ശരീരം അനുനിമിഷം ദുർബ്ബലമാകുന്നതാണ്. എന്നാൽ അതിനുള്ളിലും ചേതനയോടെ ഒരു ജീവി ത്രസിക്കുന്നുണ്ട്. ആ ജീവി
ജീവിതത്തിൻ്റെ ഭാഗധേയത്തെക്കുറിച്ച് ചിന്തിക്കുന്നു.
ആശാൻ്റെ
പ്രണയത്തിൽ സന്യാസമുണ്ട്. നിളിനിയിൽ അത് വ്യക്തമാണ്. പ്രണയമകലുമ്പോൾ
സന്യാസതുല്യമായ ശാന്തതയും വിരക്തിയുമുണ്ടാവുകയാണ്. പ്രണയം ആത്മീയമായ ഒരു
വിമോചനവും അറിവുമായി മാറുന്നു .ജീവിതത്തിൽ തികച്ചും പ്രായോഗികമായ
രാഷ്ട്രീയാദർശനങ്ങളാണ് ആശാൻ ഉയർത്തിയത്. അതിൻ്റെ കാതൽ നിസ്സീമമായ
മനുഷ്യത്വവും ഉണർവ്വുമാണ്. ജാതിയുടെയോ മതത്തിൻ്റെയോ വേലിക്കെട്ടുകൾക്ക്
പുറത്താണ് താൻ എന്ന് ഉറച്ചുവിശ്വസിച്ചുകൊണ്ടാണ് ആശാൻ ശ്രീനാരായണഗുരുവിൻ്റെ
ധർമ്മങ്ങൾ പ്രചരിപ്പിക്കാൻ തയ്യാറായത്. കൂടുതൽ നല്ല മനുഷ്യനാവുക എന്ന
പ്രലോഭനത്തിൽ നിന്നു ഹൃദയാലുവായ ആശാന് ഒഴിഞ്ഞുനില്ക്കാനാവില്ലായിരുന് നു.
'വിവേകോദയം' മാസികയുടെ പത്രാധിപരായിരുന്നത് അതുകൊണ്ടാണ്.
തൻ്റെ
കാലഘട്ടത്തിലെ ബൗദ്ധികജീവിതത്തിൻ്റെ ഉന്നതമായ ഒരു ദിശാസൂചിയാകാൻ ഈ കവി
നിയുക്തനായി. കായിക്കരയിലെ കുമാരൻ ആശാനാകുന്നത് അങ്ങനെയാണ്. പ്രബുദ്ധതയുടെ
ഐകമത്യം ആശാനെ എ.ആർ .രാജരാജവർമ്മ തുടങ്ങിയ പണ്ഡിതന്മാരിലേക്ക്
അടുപ്പിച്ചു. അദ്ദേഹം എ .ആറിൻ്റെ മരണത്തിൽ അനുശോചിച്ചുകൊണ്ട് 'പ്രരോദനം'
എന്ന മഹത്തായ കാവ്യം എഴുതിയത് ഇതിനു ദൃഷ്ടാന്തമാണ്. ഈ പ്രബുദ്ധമനസ്സിനു
ജാതിയില്ല. അതേസമയം ജൈവലോകപ്രണയവും പ്രബുദ്ധതയുമുണ്ട്. പ്രബുദ്ധതയ്ക്ക്
അന്നും ഇന്നും ജാതിയില്ല. പ്രബുദ്ധതയാണ് മൂർച്ചയുള്ള വാൾ. അന്ധതയെ ആ വാൾ
നിഗ്രഹിക്കുന്നു.
വാക്കുകളാകുന്ന പന്തങ്ങൾ
രാഷ്ട്രീയപ്രവർത്തനവും
പത്രാധിപത്യവും ആശാനു സ്വന്തം തൊഴിൽ ആയിരുന്നില്ല. ഉപജീവനത്തിന് ഓട്
ഫാക്ടറി നടത്തുകയാണ് ചെയ്തത്. തൻ്റെ വീക്ഷണമനുസരിച്ചുള്ള ആഗോള
മനുഷ്യസാഹോദര്യത്തെ ഉയർന്ന തലത്തിൽ നോക്കിക്കാണുന്ന ദർശനമാണ് ആശാൻ്റെ
മൂലധനം. ശ്രീനാരായണഗുരുവിൽ നിന്ന് ബുദ്ധനിലേക്കും ബുദ്ധനിൽ നിന്ന്
ഗുരുവിലേക്കും ആശാൻ സഞ്ചരിച്ചു.
അവശതയനുഭവിക്കുന്നവരോട്
അനുകമ്പയുണ്ടായിരുന്നു .അവർക്ക് വേണ്ടിയാണ് അനീതിക്കെതിരെ നിരന്തരമായി
അദ്ദേഹം വാക്കുകളാകുന്ന പന്തങ്ങൾ വീശിയെറിഞ്ഞത്.
സാഹിത്യവും സമൂഹവും രാഷ്ട്രീയവും വിപുലമായ ഒരു ശ്രേണിയിൽ എത്തുകയാണ്.
ആശാൻ്റെ
ഗദ്യ ലേഖനങ്ങളിൽ സ്പന്ദിക്കുന്നത് പതിതൻ്റെ ആത്മാവാണ്.
നിശ്ശബ്ദമാക്കപ്പെട്ടതിനു ഭാഷ നല്കി പുനരുജ്ജീവിപ്പിച്ച മാന്ത്രികനായി ഈ
കവി മാറുന്നു.
അദ്ദേഹത്തിൻ്റെ ഗദ്യലേഖനങ്ങൾ വായിച്ച് ആ
കാലഘട്ടത്തിലെ ഉൽപതിഷ്ണുക്കൾ ചിന്താക്കുഴപ്പം പരിഹരിച്ചു എന്ന അർത്ഥത്തിൽ
ലളിതാംബിക അന്തർജനം ഒരു കഥയിൽ ആദരവോടെ സൂചിപ്പിച്ചിട്ടുണ്ട്.
ആശാൻ
കവിത ബുദ്ധശരീരമാണെന്ന് പറയട്ടെ .ദയയുള്ളവനായിരുന്നാൽ യാതന നമ്മെ
ഏശുകയില്ലെന്ന ബുദ്ധദർശനമാണത്. നമ്മളിൽ എത്ര സ്നേഹമുണ്ടോ ,അത്രത്തോളം നമ്മെ
ആർക്കും മുറിപ്പെടുത്താനാവില്ല. സ്നേഹാധിക്യത്തിലൂടെ നമ്മുടെ മനസ്
വലുതാവുന്നു. അങ്ങനെയുള്ളവരുടെ ശരീരമാണ് ബുദ്ധശരീരം. തപസും യാതനയും
ഏകാന്തതയുമെല്ലാം ആ ശരീരത്തിൽ തട്ടി പൂക്കളായിതീരുന്നു. ലോകത്തെ
മനസ്സിലാക്കാനായി ഓരോ നിമിഷവും തന്നിൽ കേന്ദ്രീകരിക്കുമ്പോൾ ബുദ്ധ
ശരീരമുണ്ടാകുന്നു. അത് ലൗകികാസക്തികൾക്കപ്പുറത്ത് ഈ ലോകത്തെ
സ്നേഹിക്കുകയാണ്. മഹത്വവും വിവേകവും ഒന്നിച്ചുദിക്കുകയാണ്.
പാവപ്പെട്ടവരുടെയും താഴ്ന്ന വിഭാഗങ്ങളുടെയും അവകാശങ്ങൾക്കുവേണ്ടി
ശബ്ദിച്ചതുകൊണ്ട് ആശാൻ ഏറ്റവും വ്യക്തതയുള്ള ,ലക്ഷ്യബോധമുള്ള,
പ്രതിബദ്ധതയുള്ള കവിയായി.
അതിനപ്പുറത്താണ് ഈ
ബുദ്ധിജീവി കവിതയിൽ വലിയ വിപ്ളവം യാഥാർത്ഥ്യമാക്കിയത്. കവിതയിലെ കളകൾ
പറിച്ചു കളഞ്ഞ കവിയാണദ്ദേഹം. പഴകി ദ്രവിച്ച വിഷയങ്ങളെ നിർമ്മാർജനം ചെയ്ത
അദ്ദേഹം ഉൽകൃഷ്ടമായ സംസ്കാരചിന്തകൾക്ക് കവിതയെ എങ്ങനെ
ഉപയോഗപ്പെടുത്തണമെന്ന് പഠിപ്പിച്ചു .കവിത നമ്മുടെ പ്രവചനാത്മകമായ അറിവാണ്
.അത് നമ്മെ ആന്തരികമായി നേരെയാക്കുന്നു. കുഴഞ്ഞുമറിഞ്ഞ ഒരു ലോകത്ത് കവിത
മരുന്നാണ്. അതുകൊണ്ട് ഗൊയ്ഥെ ,മാത്യു ആർനോൾഡ് എന്നിവരെപോലെ ആശാൻ ഭാഷയിലൂടെ
ചീത്ത അഭിരുചികളെയും ചിന്തകളെയും ചികിത്സിക്കുന്നതിൽ വിജയിച്ചു .
കവിതയെ ദാർശനികമാക്കുകയാണ് അതിൽ പ്രധാനം. ദാർശനികതയില്ലെങ്കിൽ കവിത വെറും പതിരായിപ്പോകും.
വെള്ളത്തിനു ജാതിയില്ല
സ്ഥൂലവും
ബാഹ്യവുമായ വസ്തുതകളെ അതിവൈകാരികതയോടെ എഴുതുന്നവരെ ഇന്നു നാം
കാണുന്നുണ്ട്. അവർ രചനയിൽ സ്വന്തമായി ഒന്നും സംഭാവന ചെയ്യുന്നില്ല .മറിച്ച്
,ആശാൻ ബാഹ്യ വസ്തുക്കളെ അതേനിലയിൽ എടുക്കാതെ ,ആത്മീയതയുടെ
സ്റ്റെതസ്കോപ്പുകൊണ്ട് പരിശോധിച്ച് ആവശ്യമായത് എടുത്ത് നവീനമാക്കി.
വസ്തുതയുടെ
ആത്മാവിനനുസരിച്ചു നവസംവേദനപാതകൾ തിരഞ്ഞെടുത്തു. കവിതയിൽ സാമൂഹികവിഷയങ്ങൾ
അവതരിപ്പിച്ചപ്പോഴൊക്കെ ഈ പ്രതിഭ നക്ഷത്രത്തെ പോലെ
തിളങ്ങി.'ചണ്ഡാലഭിക്ഷുകി'യിൽ ജാതിചിന്ത എന്ന ചരടു പൊട്ടിച്ചു തീയിലിട്ടു
.വെള്ളം കുടിക്കുന്നതിൽ പോലും ജാതിയുണ്ടെങ്കിൽ അത് മഹത്വമല്ല, പതനമാണെന്ന്
വിളിച്ചു പറഞ്ഞു.സംസ്കാരചിത്തരാവൂ എന്ന ആഹ്വാനമായിരുന്നു അത്.
ദാഹിക്കുന്നവന് വെള്ളം കൊടുക്കൂ എന്ന് ഒരു കവിക്ക് പറയേണ്ടി വന്നു.
ഭക്ഷ്യവസ്തുക്കൾക്ക്
ജാതിയുണ്ടോ? ഒരു ഗ്ലാസ് വെള്ളത്തിനു ജാതിയില്ല. എന്നാൽ അത് ആര് ആർക്ക്
കൊടുക്കുന്നു എന്നതിൻ്റെ അടിസ്ഥാനത്തിൽ ജാതിയുണ്ടാകുന്നു! .വെള്ളത്തെയും
നാം അപമാനിക്കുന്നു.
ഈ കവി കവിതയിലൂടെ
പ്രാപഞ്ചികസാരമാണ് തേടിയത്. സൂക്ഷ്മതകൾ ഒന്നൊന്നായി തിരഞ്ഞ് ചെല്ലുന്നത്
കാണാം.'കരുണ'യിൽ ലൈംഗികതയെ തോൽപ്പിക്കുന്ന പ്രണയത്തെയാണ് കാണുന്നത്. ഒരു
വേശ്യക്ക് ഗാഢവും ശുദ്ധവും തീക്ഷ്ണവുമായ പ്രേമമുണ്ടാകുന്നത് കാരുണ്യമായാണ്
മനസ്സിലാക്കേണ്ടത്.
പ്രണയം ഒന്നും നേടാനല്ല; അത് മനസ്സിൻ്റെ
കരുണാർദ്രമായ ഒരാശ്ളേഷമാണ്. വിഷാദത്തെ സകലതിലും ദർശിച്ച ആശാൻ ലോകത്തിൻ്റെ
ഭാവിയെ കവിതയിലൂടെ പ്രവചിച്ചു. പ്രണയത്തിൻ്റെ ശുദ്ധവും സുതാര്യവുമായ അംശം
കണ്ടെത്തുന്നതിനാണ് കവി കാമത്തെ ,ശരീരത്തെ വിട്ട് മറ്റൊരു അസ്തിത്വം
തേടുന്നത്. കാമത്തിലൂടെ അറിയാനാവാത്ത പ്രണയമുണ്ട്.
വീണപൂവ് പ്രസിദ്ധീകരിച്ചതോടെ പരമ്പരാഗത കാവ്യരൂപങ്ങളായ
മുക്തകങ്ങൾ ,ചമ്പുക്കൾ, മണിപ്രവാളം, സന്ദേശകാവ്യങ്ങൾ, തുള്ളൽക്കവിതകൾ ,ആട്ടക്കഥകൾ ,തുടങ്ങിയവയെല്ലാം കാലഹരണപ്പെട്ടു.
പകരം
,ആശാൻ ഭാരതത്തിൻ്റെ ഇനിയും കണ്ടെത്താത്ത സൗന്ദര്യ സമസ്യകളിലേക്ക്
വായനക്കാരെ ക്ഷണിച്ചു. നളിനിയിലെ നായിക പ്രണയത്തിനു വേണ്ടി തപസ്വിയാകുന്നു.
പ്രണയത്തെയും തപസ്സിനെയും അടുത്തടുത്ത് നിർത്തുകയാണ്. അദ്വൈതവും
ബുദ്ധദർശനവും സമന്വയിക്കുകയാണ്.
ദൈവവും വൈയക്തികതയും ഒന്നിച്ചു
ചേരുകയാണ്. കവിയുടെ ദിവാകരൻ ജ്ഞാനഭിക്ഷു മാത്രമല്ല, ലോകസേവകനുമാണ്. പ്രണയം
,തപസ്സ് ,ലോകസേവ എന്നിവയെല്ലാം ഒരാളിൽ കേന്ദ്രീകരിക്കുമ്പോൾ മാനുഷികതയ്ക്ക്
പുതിയ അർത്ഥം ലഭിക്കുകയാണ്.
'ദുരവസ്ഥ'യിൽ
മതാന്ധതയ്ക്കെതിരെ കവി ഗർജിക്കുന്നു. ആ ഗർജനം കാടിളക്കാൻ പോന്നതായിരുന്നു.
ഇന്നത്തെ കവികൾക്ക് ഇങ്ങനെയൊന്നും എഴുതാൻ കഴിയില്ല.
കുട്ടികൃഷ്ണമാരാരും
ജോസഫ് മുണ്ടശ്ശേരിയും എഴുത്തച്ഛനെക്കുറിച്ച് മൗനം പാലിക്കുമ്പോൾ ആശാനെ
സൂക്ഷ്മമായി പഠിച്ച് വിശകലനം ചെയ്യുകയാണ്. 'പ്രയാണം 'എന്ന കൃതിയിൽ
മുണ്ടശ്ശേരി, ആശാനെ മറ്റെല്ലാ മലയാളകവികൾക്കും മുകളിലാണ് നിർത്തുന്നത്.
ആശാൻ വിപ്ളവകാരിയാണ്. കുഞ്ചൻ നമ്പ്യാർക്ക് ദാർശനികതയും നർമ്മവും
കവിത്വവുമുണ്ടെങ്കിലും ആശാനെ പോലെ എന്നും നവീനത നിലനിർത്താനാവുന്നില്ല.
എഴുത്തച്ഛൻ പുരാണങ്ങളുടെ സംഗ്രഹീത പുനരാഖ്യാനങ്ങളിലൂടെ വേദാന്തവും ഭക്തിയും
തത്ത്വചിന്തയും പ്രചരിപ്പിച്ചു. പക്ഷേ ,അനീതിക്കെതിരെ പൊരുതുകയും ഏറ്റവും
മഹത്തായ മനുഷ്യത്വത്തെ തേടുകയും ചെയ്യുന്ന ആശാനുമായി താരതമ്യമില്ല.
കുമാരനാശാൻ്റെ
നൂറ്റിയമ്പതാം ജന്മ ദിനത്തിൽ പ്രഗത്ഭനായ കെ.പി. കുമാരൻ സംവിധാനം ചെയ്ത
'ഗ്രാമവൃക്ഷത്തിലെ കുയിൽ' തീയേറ്ററുകളിൽ പ്രദർശിപ്പിക്കുന്നു എന്ന
ആഹ്ളാദമുണ്ട്. ആശാനെ അറിയുക എന്ന ആഹ്വാനമാണ് ഈ ചിത്രം
കുമാരനാശാന്റെ കാവ്യലോകത്തെ സൗന്ദര്യാത്മകമായും ധൈഷണികമായും കണ്ടെടുത്ത് അവതരിപ്പിക്കുകയാണ് ഈ ലേഖനത്തിലൂടെ.
ReplyDeleteഅഭിനന്ദനങ്ങൾ