അവതാരിക
കുട്ടികളുടെയും
അദ്ധ്യാപകരുടെയും രചനകൾ ഒരു പുസ്തകത്തിൽ വരുന്നത് എക്കാലത്തും ഓർമ്മയുടെ
മാമ്പഴക്കാലമായിരിക്കും. സ്കൂൾ വിട്ടു പോകുന്നവരുടെ മനസിൽ നിന്ന്
അതൊരിക്കലും മാഞ്ഞുപോകില്ല. ഓർമ്മിക്കാനുള്ളപ്പോഴാണ് ഒരാൾ മനുഷ്യനാകുന്നത്.
ഓർമ്മയിൽ സഹജീവിസ്നേഹവും ചിന്തയും ഭാവനയുമുണ്ട്. ഈ പുസ്തകം സ്കൂളിൻ്റെ
അഭിമാനമാവട്ടെ.
ഭാവി ഒരു സുഗന്ധമാണ്. നമ്മുടെ
കലാപ്രവർത്തനം ഭാവിയെയാണ് വിവക്ഷിക്കുന്നത്. കാരണം ,നമ്മൾ എഴുതുന്ന ഓരോ
വാക്കും നാളത്തെ വായനക്കാർക്കു വേണ്ടി കാത്തു കഴിയുകയാണ്. ഒരു വലിയ ചിന്തകൻ
പറഞ്ഞത് ,ചില പുസ്തകങ്ങൾ അതിൻ്റെ മികച്ച വായനക്കാരെ പ്രതീക്ഷിച്ച് ഇരുനൂറോ
മുന്നൂറോ വർഷങ്ങൾ കാത്തിരിക്കുമെന്നാണ്.
ഏതൊരു
കലാവസ്തുവിനും ജീവനുണ്ട്. നമ്മുടെ സ്നേഹം പ്രവർത്തിക്കുന്നതുകൊണ്ട് നാം
പെരുമാറുന്ന വസ്തുക്കൾക്കും ജീവനുണ്ട്. എന്നാൽ നാം അവഗണിച്ചാൽ ഏത് വസ്തുവും
മടുത്ത് ,നമ്മെ ഉപേക്ഷിക്കാൻ തയ്യാറാകും. അതുകൊണ്ട് നമ്മൾ നിത്യമായ വിധം
കലാഭിനിവേശമുള്ളവരാകുക, സ്നേഹശ്രദ്ധയുള്ളവരാകുക.
വായനക്കാർക്ക്
സ്വീകാര്യമായത് എന്തായിരിക്കുമെന്ന് വെറുതെ ആലോചിക്കാവുന്നതാണ്. കുറച്ചു
വായനക്കാരെയെങ്കിലും നാം ശ്രദ്ധിക്കണം. എണ്ണത്തിൽ കുറവാണെങ്കിലും നല്ല
വായനക്കാർ ദൈവത്തിനു തുല്യരാണ്. അവർ എഴുത്തുകാരെ വീണ്ടും വീണ്ടും വായിച്ച്
മൂല്യമുള്ളവരാക്കുന്നു.
ഭാവി തന്നെയാണ് സുഗന്ധം. കൈപ്പിടിയിൽ വന്നിട്ടില്ലാത്തതെല്ലാം കൂടുതൽ സുന്ദരമാണ്. പ്രതീക്ഷയുടെ പൂക്കൾ അവിടെയാണുള്ളത്.
ഭാവിയെ
നമുക്ക് കേൾക്കാൻ സാധിക്കുന്ന മട്ടിൽ സമീപത്തേക്ക് കൊണ്ടുവരുന്നതാണ്
സാഹിത്യം .അതിൽ ഭൂതകാലം ഒരു ഉപകരണമാകുകയാണ് .വലിയ ഫലവൃക്ഷത്തിലേക്ക് ഓരോ
ഋതുവിലും പക്ഷികൾ പറന്നെത്തുന്നതു പോലെ വായനക്കാരും എത്തിച്ചേരും ,അവരുടെ
പുസ്തകങ്ങളിലേക്ക്.
സാഹിത്യകൃതി നിറയെ
അപരജീവിതങ്ങളാണ്. നാം തനിച്ചല്ല എന്ന് ഓർമ്മിപ്പിക്കുകയാണ് ഓരോ കൃതിയും
.തനിച്ച് ജീവിക്കുന്നത് വല്ലാത്ത വിരസതയായതുകൊണ്ട് നാം എപ്പോഴും
വാക്കുകളുടെയും ചിത്രങ്ങളുടെയും പുസ്തകങ്ങളുടെയും കഥകളുടെയും പിന്നാലെ
പോകുന്നു. ഇത് അനിവാര്യമാണ്.
ഭാവിയെ നമുക്ക് നിർമ്മിക്കാം, ഒരു പൂന്തോട്ടം എന്നപോലെ. അതിൽ സുഗന്ധം പരക്കട്ടെ.
കൂത്താട്ടുകുളം ഗവണ്മെൻ്റ് യു.പി. സ്കൂളിലെ സാഹിത്യമെന്ന ആരാമത്തിൽ വിരിഞ്ഞ പൂക്കൾക്ക് കൂടുതൽ സുഗന്ധമുണ്ടാകും .
ആശാൻ പാടിയതു പോലെ :
"പൂക്കുന്നിതാ മുല്ല ,പൂക്കുന്നിലഞ്ഞി,
പൂക്കുന്നു തേന്മാവ് പൂക്കുന്നശോകം
വായ്ക്കുന്നു വേലിക്കു വർണങ്ങൾ
പൂവാൽ ചോക്കുന്നു
കാടന്തിമേഘങ്ങൾ പോലെ "
കാരണം ,അത് നിരന്തരമായ അർപ്പണത്തിൻ്റെയും പ്രവൃത്തിയുടെയും ഫലമാണല്ലോ.
No comments:
Post a Comment