Thursday, April 7, 2022

സ്നേഹം പ്രവർത്തിക്കാനുള്ളതാണ്/എം.കെ.ഹരികുമാർ

 






ചിന്തിക്കുന്നവർക്കേ ലോകമുള്ളു. ചിന്തിക്കുന്തോറും അത് പെരുകിവരുന്നു. നാമവിഷയകമായും അല്ലാതെയും മനുഷ്യൻ ഊരാക്കുടുക്കുകളിലാണ്. കുഴഞ്ഞ ,തല തിരിഞ്ഞ, ഉത്തരം കിട്ടാതെ അലയുന്ന ലോകങ്ങൾ കാഫ്ക ,ബോർഹസ് തുടങ്ങിയ കഥാകൃത്തുക്കളുടെ രചനകളിൽ കാണാം .ഒരു നേർരേഖയിൽ എന്നപോലെ ലളിതമല്ല ഒന്നും. കർണാടക സംഗീതത്തിലെ ഒരു രാഗം നന്നായി പഠിച്ചു പാടിയാൽ, അതിന് നിയതമായ സഞ്ചാരപാതയുണ്ടെന്ന് അനുവാചകനു ബോധ്യപ്പെടും. കൃത്യമായ തുടക്കവും കൃത്യമായ അന്ത്യവുമുണ്ട്. ഏതെല്ലാം കയറ്റങ്ങളും ഇറക്കങ്ങളുമുണ്ടെന്ന് സുചിന്തിതമാണ്.

രാഗമാണത്;നിശ്ചിതമായ ഉദയാസ്തമനമുള്ള ഒരു യാത്രയാണത്. ആ യാത്രയിൽ സങ്കോചമില്ല ;പതർച്ചയില്ല. എന്നാൽ മനുഷ്യാസ്തിത്വത്തിൻ്റെ പ്രശ്നങ്ങൾ അത്ര ലളിതമല്ല. അത് നിറയെ മരീചികകളാണ്. ഓരോ നിമിഷവും മരീചികയാണ്. യഥാർത്ഥമെന്ന് കരുതി ,പ്രലോഭിപ്പിക്കപ്പെട്ട് ഓടിച്ചെല്ലുമ്പോൾ പിടിതരാതെ ദൂരേക്ക് മാറുകയോ ഭ്രമിപ്പിക്കുകയോ ചെയ്യുന്നതാണ് എല്ലാം. യഥാർത്ഥമെന്ന ആശയം തന്നെ വ്യാജമാണ് .ജീവിതം യഥാർത്ഥമാണെങ്കിൽ മരണമുള്ളതുകൊണ്ട് അത് അയഥാർത്ഥവുമാണ്.മരിച്ചതിനുശേഷം ജീവിതമില്ലാത്തതുകൊണ്ട് ,അതിനുമുമ്പ് ജീവിതമുണ്ടായിരുന്നുവെന്ന് പറയുന്നത് പ്രതീതിയോ സങ്കല്പമോ ആണ്. അതുകൊണ്ട് നമുക്ക് നമ്മെക്കുറിച്ചുള്ള ആശങ്കകൾ ഒഴിയുന്നില്ല.

സന്ദേഹവും ദു:ഖവും

ശ്രീനാരായണഗുരുവിൻ്റെ ചിന്തകളിൽ ലോകവും മനുഷ്യനും തമ്മിലുള്ള സംഘർഷം കാണാം. ഗുരു  അതിനെക്കുറിച്ച് അഗാധമായി ചിന്തിച്ചിട്ടുണ്ട് .ഗുരുവിൻ്റെ സന്ദേഹം  ഇതാണ്: "എങ്കിലും ഇതിലും ഒരു സംശയം കൂടിയിരിക്കുന്നു. അതെന്തെന്നാൽ, തേജോമയങ്ങളായിരിക്കുന്ന ഇന്ദ്രിയങ്ങളിൽനിന്ന് തമോമയങ്ങളായ വിഷയങ്ങൾ വരുന്നു എങ്കിൽ ഇതിൽ  സൂര്യങ്കൽ നിന്നും ഇരുളു പൊന്തിവരുന്നു എന്നുള്ള വിരോധം നേരിടുന്നു. അതുകൊണ്ട് അങ്ങനെ പറഞ്ഞുകൂടാ. പിന്നെ ഇന്ദ്രിയങ്ങളോടുകൂടി വരുന്നതിനു വല്ലതും ന്യായമുണ്ടോ എന്നു നോക്കിയാൽ അതും കാണുന്നില്ല. എന്തെന്നാൽ അങ്ങനെയെങ്കിൽ ഇരുളും വെളിയും കൂടി ഒരു ദിക്കിലിരുന്നു ഒരേസമയം പൊന്തി വരുന്നു എന്നു പറയണം. അത് ഒരിക്കലും നടപ്പിലുള്ളതുമല്ല ".(ചിജ്ജഡചിന്തകം)

എന്തായിരിക്കും ഈ സന്ദേഹത്തിനു കാരണം? പരംപൊരുളിനെ വ്യവഛേദിച്ചെടുക്കുന്നതിൽ അന്തർഭവിച്ചിരിക്കുന്ന സ്വാഭാവിക സന്ദേഹമാണിത്. ഉന്നത ധിഷണാശാലിയും ദാർശനികനുമായ ഗുരുവിനു ഈ സന്ദേഹം കൂടുതൽ ആഴമുള്ളതായി തോന്നുന്നതിൽ അതിശയിക്കാനില്ല .ചിന്തിക്കുന്തോറും  ലോകം അന്തമറ്റതായി തീരുകയാണ്‌.
ഇന്ദ്രിയങ്ങളിൽനിന്ന് ദ്വേഷവും ഉണ്ടാകുന്നുവോ? സൂര്യനിൽനിന്നു ഇരുട്ടു വരികയാണോ ? ഇന്ദ്രിയങ്ങളിൽനിന്ന് പുറപ്പെടുന്നതിനെ  അപാരവും ആത്യന്തികവുമായ സത്യമായി കാണാനാവുമോ?
ഇല്ല; അതെല്ലാം ക്ഷണികമായ കാര്യങ്ങളാണ്. ഇരുട്ടും വെളിച്ചവും കൂടി ഒരിടത്തുനിന്ന് പുറപ്പെടുന്നുവെന്നും പറയാനാവില്ല. അതുകൊണ്ട് ഇരുളും വെളിച്ചവും നമ്മുടെ ഭേദകല്പനകളായി അവശേഷിക്കുകയാണ്.

ഈ സന്ദേഹം മനുഷ്യൻ്റെ എന്നത്തെയും സമസ്യയാണ്. മനുഷ്യൻ നിത്യമായ സങ്കടങ്ങൾ അനുഭവിക്കുന്നതിന് ഇത് കാരണമാകുന്നു. ജീവിതത്തിന് എന്തെങ്കിലും അർത്ഥമുണ്ടോ എന്ന് ചിന്തിക്കുന്നത് ജീവിതത്തിൻ്റെ  സ്വഭാവമാണ് .അതുകൊണ്ടാണ് പ്രസിദ്ധ ഫ്രഞ്ച് ചിന്തകനും എഴുത്തുകാരനുമായ ഷാങ് പോൾ സാർത്ര് ഇങ്ങനെ പറഞ്ഞത് :" ഒരുവൻ അവൻ്റെ മരണത്തെ ജീവിക്കുന്നു; ഒരുവൻ അവൻ്റെ ജീവിതത്തെ മരണമായി അനുഭവിക്കുന്നു". എന്തുകൊണ്ടാണ് നാം മരണത്തെ ജീവിക്കുന്നത് ?അനുനിമിഷം നാം മരിച്ചുകൊണ്ടിരിക്കുകയല്ലേ ?എപ്പോഴും മരണമുണ്ട് .അന്തിമമായ മരണത്തിലേക്ക് ഓരോ നിമിഷവും അകലം കുറയുകയാണല്ലോ . അതുകൊണ്ട് ജീവിക്കുന്നത് മരണത്തെയാണെന്ന് പറയാം. ജീവിതത്തെയാണ് നാം മരണമാക്കുന്നതെന്ന് വ്യാഖ്യാനിക്കാം. ജീവിക്കുന്നു എന്ന് പറയുമ്പോൾ  അതിനടിയിൽ മരണമുണ്ട്; അതുപോലെ ,ഒരുവൻ  മരിക്കുമ്പോഴും അവൻ്റെ ജീവിതമാണത്.
ഈ പ്രതിസന്ധി നിലനിൽക്കുമ്പോൾ  നമുക്ക് ഒന്നിനെക്കുറിച്ചും ഉറപ്പു പറയാനാവില്ല.സാർത്ര് വീണ്ടും പറയുന്നു ,Nothingness lies coiled at the heart of being like a worm. ഒരു കീടത്തെ പോലെ നമ്മുടെ ഉണ്മയുടെ ഹൃദയത്തിൽ ശൂന്യതയാണ് പറ്റിച്ചേർന്നു കിടക്കുന്നത്.ഇതിൽനിന്ന് രക്ഷപ്പെടാനുള്ള പരിശ്രമങ്ങൾ നമ്മെ  കടുത്ത വിഷാദത്തിലേക്കും ആലോചനയിലേക്കും തള്ളിവിടുന്നു.

ദൈവത്തിലെത്തുന്ന പ്രാർത്ഥന

ഗുരുവിൻ്റെ 'ഇന്ദ്രിയവൈരാഗ്യം' എന്ന കവിത ഈ പ്രശ്നത്തെ കൂടുതൽ ഗൗരവത്തിൽ അവതരിപ്പിക്കുന്നുണ്ട്. നമുക്ക് നല്ല പാട്ടു കേട്ടാൽ  സുഖം തോന്നും. അതുകൊണ്ടാണല്ലോ നാം പാട്ട് കേൾക്കാനായി വിവിധ ഉപകരണങ്ങൾ കൊണ്ടുനടക്കുന്നത്. ഇമ്പമുള്ള വാക്കുകൾ സംഗീതമായി ഒഴുകിവന്നാൽ ചെവിക്ക് തൃപ്തിയായി. അതിനപ്പുറം വേറെ യാതൊന്നുമില്ല.

നാദം കടന്നു നടുവേ വിലസുന്ന നിന്മെയ്
ചേതസ്സിലായ് വരിക ജന്മമറുന്നതിന്നായ്
ബോധം കളഞ്ഞു പുറമേ ചുഴലും ചെവിക്കൊ-
രാതങ്കമില്ല,ടിയനുണ്ടിതു തീർക്ക ശുഭോ !"

ചെവിക്ക് യാതൊരു ദു:ഖവുമില്ല. എന്നാൽ അടിയനു ദുഃഖമുണ്ട്. എന്തുകൊണ്ടാണ് ദുഃഖിക്കുന്നത് ?
ഗുരു ഭൗതികശബ്ദങ്ങളിലെ സുഖങ്ങൾക്കപ്പുറത്തുള്ള ഉണ്മയെപ്പറ്റി ചിന്തിക്കുന്നു. അന്തമറ്റ ലോകത്തിൻ്റെ അങ്ങേപ്പുറത്തുള്ള ഉണ്മയെക്കുറിച്ചാണ് ഗുരു ചിന്തിക്കുന്നത് .ആ ചിന്ത ദുഃഖകാരണമാണ്.അതുകൊണ്ട് ആ ദു:ഖം തീർക്കണമെന്ന് പ്രാർത്ഥിക്കുന്നു. ദൈവത്തെ അന്വേഷിച്ചു പരിഹാരം കാണുന്നതിൻ്റെ അസ്തിത്വവ്യഥയാണിത്.

അവനവൻ എന്ന ചുഴിയെ മറികടക്കുവാൻ ദൈവത്തിൽ അഭയം പ്രാപിക്കുകയാണ് .ദൈവത്തിലെത്തുന്ന പ്രാർത്ഥനയാണിത്. മറ്റൊന്നിന്നും ഈ  ദുരിതം പരിഹരിക്കാനുള്ള ശക്തിയില്ല. കണ്ണുകളുടെ കാര്യത്തിലും ഈ യാഥാർത്ഥ്യമുണ്ട് .

"കാണുന്ന കണ്ണിനൊരു ദണ്ഡവുമില്ല കണ്ടെൻ
പ്രാണൻ വെടിഞ്ഞിടുകിലെന്തിനു പിന്നെയെല്ലാം!
കാണും നിറം തരമിതൊക്കെയഴിഞ്ഞെഴും നിൻ
ചേണുറ്റ ചെങ്കഴലു തന്നു ജയിക്ക ശംഭോ! "

കണ്ണുകൾക്ക് നിറവും ഗുണവുമെല്ലാം തിരിച്ചറിയാം. എന്നാൽ അതിനപ്പുറമുള്ള മറ്റൊരു സൗന്ദര്യമുണ്ട്. കണ്ണുകൾക്ക് ദുഃഖമില്ല. കണ്ടുകൊണ്ട് മാത്രം ജീവിച്ചു മരിക്കുകയാണെങ്കിൽ പിന്നെ ജീവിതം തന്നെ എന്തിനാണെന്ന് ഗുരു ചോദിക്കുന്നു. കേവലാനന്ദമല്ല ,സുഖത്തെക്കുറിച്ചുള്ള ഗുരുവിൻ്റെ വീക്ഷണം. അത് പ്രാപഞ്ചികമാണ്. ഇന്ദ്രിയങ്ങൾക്ക് ദു:ഖമില്ല. അവ ഒരു തടസ്സവുമില്ലാതെ തങ്ങളുടെ പ്രവർത്തനം തുടരുന്നു. അതിൻ്റെ ഭൗതികമായ ആനന്ദത്തിൽ മുഴുകിയാൽ തൻ്റെ ജീവിതത്തിനു ആത്യന്തികമായ  അർത്ഥമുണ്ടാവുകയില്ലെന്ന് ഗുരു  ചിന്തിക്കുന്നത് അസ്തിത്വത്തിൻ്റെ  സാർവലൗകികമായ വിഷയമാണ്. ഇതാണ് മനുഷ്യവ്യഥയെ ആഴമുള്ളതാക്കുന്നത് .

നാം ജീവിച്ച ഇടങ്ങളിലേക്ക് തിരിച്ചുപോകാനാവില്ലെങ്കിലും ,അത് ദുഃഖിപ്പിക്കുന്നു. ജീവിച്ചത് മറ്റൊരു രീതിയിൽ പിന്നീട് ജീവിക്കാനാവാത്തതു പോലെ ഇന്ദ്രിയങ്ങളുടെ ആനന്ദം കുറേക്കഴിയുമ്പോൾ അർത്ഥം നഷ്ടപ്പെട്ട് തൊണ്ടായി മാറും .മനുഷ്യൻ ഒറ്റയ്ക്കാവുന്നത് അവിടെയാണ് .പ്രമുഖ കവി ജലാലുദ്ദീൻ റൂമി ചോദിച്ചു: You were born with wings, why prefer to crawl through life . ജീവിക്കാൻ ചിറകുകൾ തന്നാണ് നിങ്ങളെ ഭൂമിയിലേക്ക് അയച്ചിരിക്കുന്നത്. പിന്നെന്തിനാണ് ജീവിതത്തിലുടനീളം ഇഴയുന്നത്? ഇഴഞ്ഞു നടക്കാൻ ശീലിച്ചാൽ അത്  സുഖകരമായി തോന്നും. ആ സുഖം  ഉപേക്ഷിക്കാൻ തോന്നുകയില്ല .ഇഴഞ്ഞവർ ,ഇഴഞ്ഞതിൽ അഭിരമിച്ചവർ എഴുന്നേറ്റ ചരിത്രമില്ല .

അഭൗമാനുഭവം

അവർക്ക് എന്തിനാണ് ചിറകുകൾ എന്ന് ചോദിക്കേണ്ടി വരും. ഗുരു ചിറകുകളെക്കുറിച്ച് സദാ ചിന്തിച്ച  കവിയാണ് .ഗുരു എഴുതുമ്പോൾ മനുഷ്യത്വത്തിൻ്റെ ഒരടി മുകളിൽ നടക്കാനാണ് ശ്രദ്ധിച്ചത്. എല്ലാ മോഹങ്ങളും സുഖങ്ങളും ഉപേക്ഷിച്ച ഗുരു മനുഷ്യാസ്തിത്വമെന്ന  പ്രഹേളികയെ ശുദ്ധമായ ഒരു അഭൗമാനുഭവം പോലെ ഉന്നതമാക്കി.

ശിവഗിരി തീർത്ഥാടനത്തിന് അനുമതി നൽകുമ്പോഴും ഗുരുവിൻ്റെ മനസ്സിൽ ഈ ശൂന്യതയും പറക്കലുമാണ് ഉണ്ടായിരുന്നതെന്ന് വ്യക്തമാണ്. പരമമായ ശുചിത്വം എങ്ങനെ കിട്ടും? അലക്കിയ വസ്ത്രമുപയോഗിച്ചാൽ കിട്ടുന്നത് ഭൗതികമായ ശുദ്ധിയാണ്. വാക്കിലും നോക്കിലും ചിന്തയിലും കർമ്മത്തിലും ശുദ്ധി നേടിയാൽ നാം കൂടുതൽ നല്ല മനുഷ്യരായേക്കും.

എന്നാൽ ഇതുകൊണ്ട് ഗുരു ഉദ്ദേശിച്ച മനുഷ്യത്വം കിട്ടുകയില്ല. മനസ്സുള്ള  ജീവികളോട് കരുണ കാണിക്കുമ്പോഴാണ് നമ്മുടെ ജീവിതത്തിന് അർത്ഥമുണ്ടാകുന്നത്. മറ്റുള്ളവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യുന്നത് നമ്മേക്കാൾ വലിയ അർത്ഥമാണ് നേടിത്തരുന്നത്. ഒരു നേരത്തെ ഭക്ഷണം മറ്റൊരാൾക്ക് നല്കുന്നിടത്താണ് ഗുരുധർമ്മം പ്രവർത്തിച്ചുതുടങ്ങുന്നത്.അവിടെയാണ് അർത്ഥവത്തായ അപരത്വമുള്ളത്. സ്നേഹിക്കുക എന്നു പറഞ്ഞാൽ ഒഴിഞ്ഞോടലല്ല .ആത്മാവിൽ സ്നേഹമുണ്ടെന്ന് എഴുതിയാൽ പോരാ; അത്  പ്രവർത്തിക്കണം.ഏറ്റവും വലിയ പ്രവർത്തനമാണ്  സ്നേഹത്തിലുള്ളത് .ഭക്ഷണം, സഹായം, ഉപകാരം, സംഭാവന ,ശുശൂഷ തുടങ്ങിയയെല്ലാം  സ്നേഹത്തിൻ്റെ പ്രവർത്തനമാണ്.
പ്രവർത്തിക്കാതിരുന്നാൽ സ്നേഹം പതിറ്റാണ്ടുകളായി ഉപേക്ഷിക്കപ്പെട്ട ഒരു വാഹനം പാതവക്കിൽ കിടന്നു നശിക്കുന്നതു പോലെയായിരിക്കും.

ശിവഗിരി തീർത്ഥാടനത്തിൻ്റെ ലക്ഷ്യം ഗുരുവിൻ്റെ മനസ്സിന് ഇണങ്ങുന്ന തരത്തിൽ സാക്ഷാത്കരിക്കാൻ മാനവരാശിക്ക് തന്നെ കഴിയുമോ എന്നറിയില്ല.

"കൊല പാപവുമാകുന്നു
കളവിൻ മാംസഭക്ഷണം "

എന്ന ഏറ്റവും മഹത്തായ ആദർശം ഗുരു ഉദ്ബോധിപ്പിച്ചു. എന്നാൽ മാനവരാശിക്ക് അവിടേക്ക് എത്താൻ ഇനിയും വളരെ കാലം കാത്തിരിക്കണം. കാരണം, മനുഷ്യൻ പാപത്തിൽ മുങ്ങിയതോടെ ലോകത്തിൻ്റെ നിറം കെട്ടു പോയിരിക്കുന്നു. ഇരുട്ടു വരുന്നതിൻ്റെ സൂചന ഓരോ ദിവസത്തെ പ്രഭാത പത്രത്തിലും കൃത്യമായി  ഇടംപിടിച്ചിട്ടുണ്ട് .ഇതു ദുരീകരിക്കാൻ എന്തെല്ലാം ചെയ്യാമോ അതെല്ലാമാണ് ശിവഗിരി തീർത്ഥാടനത്തിലും ഗുരുധർമ്മ പ്രചരണത്തിലും ഉണ്ടാകേണ്ടത്. സമൂഹത്തിലെ ആലംബഹീനരെ പാർപ്പിടമുള്ളവരാക്കണം. അവർക്ക് ഭക്ഷണം ഉറപ്പാക്കണം. കൈത്തൊഴിലുകൾ പഠിപ്പിച്ചാൽ പോരാ , ജീവിതാന്ത്യം വരെ അതിൻ്റെ വരുമാനംകൊണ്ട് ജീവിക്കാൻ കഴിയണം. വൃദ്ധജനങ്ങൾക്കായി നിലവാരമുള്ള ആശ്രമങ്ങൾ നിർമ്മിക്കണം. വൃദ്ധജനങ്ങൾക്ക് മക്കളുടെയോ ബന്ധുക്കളുടെയോ സഹായത്തിനായി കൈ നീട്ടേണ്ടി വരരുത്. വയോധികർക്ക് ഗുരുവിൻ്റെ വൃദ്ധജന ആശ്രമങ്ങളിലേക്ക് വന്ന് സ്വന്തം ഇഷ്ടപ്രകാരം ശിഷ്ടജീവിതം ജീവിക്കാനാകണം. ഇതൊക്കെയായിരിക്കണം നമ്മുടെ കാലത്തെ ഗുരുധർമ്മം .





 

No comments:

Post a Comment

നിരാസത്തിന്റെ തത്ത്വം /ഡോ.യാക്കോബ്‌ മാർ ഐറേനിയോസ്‌

  ശ്രീ. എം.കെ.ഹരികുമാറിന്റെ 'എന്റെ മാനിഫെസ്റ്റോ' വായിച്ചു തുടങ്ങിയപ്പോൾ ഇത്‌ ഏതോ ദുരൂഹതയുടെ ഗുഹാമുഖമാണെന്ന്‌ തോന്നിപ്പോയി. വായനപുര...