Wednesday, March 23, 2022

മയിൽപ്പീലിക്കണ്ണുകളിൽ നീലീനമായത്/എം.കെ.ഹരികുമാർ

 

ഓരോ ജീവിയും സ്വയം സമ്പൂർണമാണ്. ഒരു തേനീച്ചയ്ക്ക് താൻ പ്രത്യേക സിദ്ധികളുള്ള ഒരു ഈച്ചയാണെന്ന് അറിയാം .അതുകൊണ്ടാണ് അതിനു ഒരു വലിയ തേനീച്ചക്കൂട്ടത്തിൽ ഒരു വ്യക്തിയുടെ കടമകൾ, അതിർവരമ്പുകൾ പാലിച്ചുകൊണ്ട് ജോലി ചെയ്യാനാകുന്നത്. പ്രകൃതിയിൽ നിന്നു സ്വാഭാവികമായ സിദ്ധികളാണ് അവയെ സ്വയം സമ്പൂർണമാക്കുന്നത്. ജീവനം ,വൈകാരികവസ്തുക്കളുടെ നിർമ്മാണം ,ഭക്ഷണം കണ്ടെത്തൽ ,ഭക്ഷണം കഴിക്കൽ ,പ്രത്യുല്പാദനം ,വിശ്രമം ,സാംസ്കാരികജീവിതം ,സംവാദങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങൾ എല്ലാ ജീവികൾക്കുമുണ്ട്. അതിനായി വിചിത്രമായ അവയവങ്ങളും ഭാഷയും വിനിമയോപാധികളുമാണ് ഓരോന്നിനുമുള്ളത്. ഓരോ ഇന്ദ്രിയവും അനുഗ്രഹമാണ് ;ഓരോ സാധ്യതയാണത്. ഒരേ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കാനായി വിവിധ തരം വ്യവസ്ഥകളാണ് പ്രവർത്തിക്കുന്നത്. മഹാസൗന്ദര്യമാണ് അവ ചുമക്കുന്നത്. എന്നാൽ ആ സൗന്ദര്യം അവയുടെ വേദനയും പ്രതിസന്ധിയുമാകുന്നുണ്ടോ ?

മനുഷ്യൻ്റെയും ഇതരജീവികളുടെയും ജൈവമണ്ഡലം എങ്ങനെയാണ് സ്വാഭാവികമായ ഒരു നിഗൂഢസൗന്ദര്യത്തിൻ്റെ ആവാസ മേഖലയായിരിക്കുന്നതെന്ന് പരിശോധിക്കുന്നത് പ്രസക്തമായിരിക്കുമെന്നു തോന്നുന്നു . ഒരു മയിൽ നൃത്തം ചെയ്യുമ്പോൾ പ്രപഞ്ചത്തിനു എന്തു സംഭവിക്കുന്നു ?മയിൽപ്പീലി കണ്ണുകൾ ഏത് ജാലകമാണ് തുറക്കുന്നത് ?

മയിൽപ്പീലിയിലെ കണ്ണുകൾ മനോഹരമാണെന്ന് ഏതൊരു കവിയും സമ്മതിക്കും. ആ കണ്ണുകൾ കൃഷ്ണമാണ്. അതിൽ അഗാധമായതെന്തോ ഉണ്ട്. ഒരു മയിലിൻ്റെ പീലികളിൽ ഇത്രയധികം കണ്ണുകൾ സൃഷ്ടിച്ചിരിക്കുന്നത് ഒരു പ്രതീതിയാണെങ്കിലും യാഥാർഥ്യംപോലെ നമുക്ക് അനുഭവപ്പെടുന്നു.തൂവലുകൾ ഒന്നൊന്നായി മാറ്റി നോക്കിയാൽ കണ്ണുകളില്ല; ചേർന്നിരുന്നാൽ കണ്ണുകൾ നമ്മെ വ്യാമോഹിപ്പിക്കുകയാണ്. ആ കണ്ണുകൾ കാണുന്നുണ്ടാവും നമ്മെ, നാം കാണാത്ത വിധത്തിൽ !.ഇങ്ങനെ ചിന്തിക്കുന്നതും കവിതയല്ലേ? യഥാർത്ഥ കവിതകൾ യഥാർത്ഥ്യത്തിനെതിരെ നീങ്ങി അതിനെ കബളിപ്പിക്കുക തന്നെ ചെയ്യും.

എന്തൊക്കെയാവും മയിൽപീലി കണ്ണുകൾ നമ്മെ നോക്കുമ്പോൾ കാണുന്നത്? ഒരിടത്തും ഇരിക്കാൻ പറ്റാത്ത വിധം ജ്വരബാധിതരായ മനുഷ്യർ ഇന്നലെകളെ വഞ്ചിച്ചുകൊണ്ട് സ്വയം സ്വഭാവഹത്യ ചെയ്യുന്നു. ശാരീരികമായി ജീവിതത്തിൽ ഒരിടത്തും ഒരു അനുഷ്ഠാനവ്രതമില്ല. എല്ലാം വിലകെട്ട വസ്തുക്കളായി തള്ളിക്കളഞ്ഞിരിക്കുന്നു .ആ കണ്ണുകൾ നമ്മുടെ അനുനിമിഷമുള്ള ഇല്ലാതാകലിൽ സംഭ്രമം കൊള്ളുകയാണ്. വികാരപ്രകടനം നടത്താനാവാതെ മൃത്യുവിനെ നേരിടുന്ന മൃഗങ്ങളുടെ ചേഷ്ടകൾക്ക് സമാനമാണത്.

ഗഹനതയുടെ സൂചനകൾ 

ഗഹനതകൾ നമ്മോടു കൂടെയാണ് എപ്പോഴും .നാം കാലടികൾ വച്ച് മുന്നോട്ടു പോകുമ്പോൾ ഗഹനതയാണുണ്ടാവുക. എൻ്റെ ‘ശ്രീനാരായണായ’ എന്ന നോവലിൽ കാലുകളുടെ മുന്നോട്ടുള്ള സഞ്ചാരത്തെ വിവരിച്ചത് ഓർക്കുകയാണ്. ഓരോ കാലും മുന്നോട്ടു നിങ്ങുന്നു,പരസ്പരധാരണയിലെന്നപോലെ. ഒരു കാൽ മുന്നോട്ടെന്നപോലെ പിന്നോട്ടും പോകണം. അതൊരു താളമായിത്തീരുന്നു. ഈ താളം ഒരാഖ്യാനമാകുന്നതോടൊപ്പം ഗഹനവുമാണ്.

മയിൽപ്പീലി നമ്മെ എങ്ങോട്ടാവും പ്രലോഭിപ്പിക്കുന്നത് ? നമ്മുടെ കണ്ണുകളെ വശീകരിക്കുന്ന നിറവിന്യാസത്തിനപ്പുറത്ത് അത് ലൗകികതീതമായ ലോകത്തിൻ്റെ സൂചനകളെയാവുമോ അന്തർവഹിക്കുന്നത് ?നമ്മുടെ ലൗകിക ജീവിതത്തിനു കടന്നുചെല്ലാനാവാത്ത അതീതനിഗൂഢതകളിലേക്ക് എത്തിച്ചേരാനുള്ള കവാടങ്ങളാണോ ആ കണ്ണുകൾ ?

ജീവിതം പരമദുഃഖമാണെന്ന് പറഞ്ഞ മഹാദാർശനികനായ ഷോപ്പനോറുടെ മനോനിലയ്ക്ക് അജ്ഞാതമായ ഏതോ ഒരു പ്രതീക്ഷയല്ലേ മയിൽപ്പീലികൾ ഒരുക്കുന്നത് ?കണ്ണുള്ളവർ കാണൂ എന്ന് അത് ആഹ്വാനം ചെയ്യുന്നപോലെ തോന്നുന്നു.ആ തോന്നലിൽ എന്തെങ്കിലും കഴമ്പില്ലാതിരിക്കുമോ? എന്തിനാണ് ഇത്രയും വശ്യമായ സൗന്ദര്യം ഒരു പക്ഷിയുടെ തൂവലിൽ പ്രകൃതി ഒരുക്കിയിരിക്കുന്നത്? അത് എങ്ങോട്ടോ തിരിച്ചുവച്ച ഒരു വാതിലാണ്,തീർച്ച .ശ്രീകൃഷ്ണൻ്റെ ശിരസ്സിൽ ചൂടിയ മയിൽപ്പീലിയെ ഈ അതാര്യതയെക്കുറിച്ചുള്ള മുന്നറിയിപ്പായി കാണാമോ?

ലൗകികജീവിതത്തെ വൈകാരികമായി സമീപിക്കുന്നവർക്കെല്ലാം ആത്യന്തികമായി നഷ്ടബോധവും നിരാശയുമാണുണ്ടാക്കുന്നത്. സന്തോഷത്തിൻ്റെ മിന്നൽ വല്ലപ്പോഴും വന്നുപോയാലും ,മനുഷ്യമനസ്സ് അതിൻ്റെ തന്നെ വിധ്വംസകശക്തിയായി നിന്നുകൊണ്ട് ആ സന്തോഷത്തെ തകർക്കുന്നു.

വീണ്ടും നിരാശയിലെത്തുന്നു. സന്തോഷത്തെ നിലനിർത്താനുള്ള പാഠങ്ങൾ ഇനിയും പഠിക്കാൻ മനുഷ്യർക്ക് കഴിഞ്ഞിട്ടില്ല.

സന്തോഷത്തിനുവേണ്ടി തപസ്സിരിക്കാൻ പോകുന്നതിലർത്ഥമില്ല. അത് ഒഴിഞ്ഞു പോകലായിരിക്കും .സന്തോഷത്തിലായിരിക്കുന്നത് ജീവിച്ചിരിക്കുന്നതിൻ്റെ ഏറ്റവും അർത്ഥവത്തായ നിമിഷമാണ്.സന്തോഷം എപ്പോഴും ഉള്ളിൽനിന്നുതന്നെ തേടിക്കൊണ്ടിരിക്കണം. മയിലിൻ്റെ സന്തോഷം അതിൻ്റെ ശരീരത്തിലാണ് പ്രകടമാകുന്നത് .എന്നാൽ അത് ശോകാന്തമായ ഒരു വലയത്തിനുള്ളിലാണ് വസിക്കുന്നത്. അന്യാദൃശമായ ലാവണ്യത്തെയും ഭൗതികാതീതമായ സൂചനകളെയും അത് ഒരേ സമയം ചുമക്കുന്നു. ലാവണ്യം അതിനെ ഏകാന്തമാക്കുകയാണ്. മറ്റുള്ളതിൽ നിന്നുള്ള വിച്ഛേദം സ്വയമൊരു സമസ്യയാക്കുകയും ചെയ്യുന്നു. ഭാഷാജ്ഞാനി ഭാഷയറിയാത്തവരുടെയിടയിൽ വന്നാൽ എന്തു ചെയ്യും? അതുപോലെയാണിത്. സന്തോഷം ഒരാളിൽ യഥാർത്ഥത്തിൽ നിലനിൽക്കുന്നുണ്ടോ ?അത് ഒരുവൻ ഏതോ പ്രാചീനസാരത്തിൻ്റെ ബലത്തിൽ വികലമായി അനുകരിക്കാൻ ശ്രമിക്കുന്നതല്ലേ? പ്രണയവും അങ്ങനെയാണ്. പ്രണയത്തിൻ്റെ പ്രാചീനമായ പാഠങ്ങളെയാണ് ഒരുവൻ അനുകരിക്കാൻ ആഗ്രഹിക്കുന്നത്.

എന്നാൽ ഓരോ നിമിഷവും അവൻ പരാജയപ്പെടുന്നു. കാരണം, അവൻ ഇന്ധനം നിറച്ച ഒരു വാഹനം മാത്രമാണ്. ഇന്ധനം തീരുന്ന മുറയ്ക്ക് അത് നിന്നുപോകുമല്ലോ. അതുകൊണ്ട് ആത്യന്തികമായ വിരസതയും ദു:ഖവും ചൂണ്ടിക്കാണിച്ചുതരുന്ന പരിമിതിയുടെ

ഈ ലോകത്തെ മറികടന്നാലുണ്ടാകാവുന്ന മഹത്തായ വർണ്ണങ്ങളുടെയും മോചനത്തിൻ്റെയും സൂക്ഷ്മമായ ഒരു ആലേഖനമായി മയിൽപ്പീലിയെ കാണാവുന്നതാണ്. ഇതും ഒരു കാവ്യപരമായ നോട്ടമാണ്.കവിതയില്ലെങ്കിൽ മനുഷ്യനു ജീവിക്കാനാവില്ല. ആരെങ്കിലും എഴുതിയ കവിതയല്ലിത്. അതിനു എഴുതപ്പെട്ട കവിതകൾ തന്നെ വേണമെന്നില്ല .മനസ്സിലുണ്ടാകുന്ന വിഭ്രാമകവും പ്രലോഭനാത്മകവുമായ ചിന്തകളും മതി. അതീതത്വത്തിലേക്കുള്ള പ്രലോഭനമാണത്.

അലൗകികതയുടെ ആവിർഭാവം 

യാഥാർത്ഥ്യത്തെ ഒടിച്ചു മടക്കി ഒരു മയിൽപ്പീലിയാക്കുന്നിടത്ത് മനുഷ്യൻ വിജയിക്കുന്നത് ഈ കവിതയിലൂടെയാണ്.അഹത്തിൻ്റെയും വിഷാദാത്മകത്വത്തിൻ്റെയും മൂടൽമഞ്ഞുവീണ് അടഞ്ഞുപോയ നമ്മുടെ അകകണ്ണുകൾക്ക് അപ്രാപ്യമായ കവിതയാണ് മയിലിൻ്റേത്.പൂർണമായി വിടർത്തിയ പീലികൾ കൂടിച്ചേർന്ന് പിന്നിലൊരു ഭിത്തിപോലെ കനക്കുന്നു. ആ ഭിത്തിയുടെ പശ്ചാത്തലത്തിൽ മയിൽ തൻ്റെ അലൗകികതയെ ആസ്വദിക്കുന്നു. അപൂർവമായ ഒരു ആവിർഭാവമായി അത് ലോകത്തെ നിരീക്ഷിക്കുകയാണ്. ഉത്തരമില്ലാത്ത അലങ്കോലങ്ങളിലേക്ക് ചോദ്യങ്ങൾ എറിഞ്ഞുകൊണ്ടിരിക്കുന്നു ;ഓരോ ചോദ്യവും തന്നിലേക്ക് തന്നെ തിരിച്ചു വരുമെന്ന് അറിഞ്ഞുകൊണ്ടു തന്നെ.

മരണാനന്തരമായ സൗഖ്യത്തിൻ്റെ കോഡ് ചിറകിലൊളിപ്പിച്ച പക്ഷിയാണ് മയിൽ. അത് യാഥാർത്ഥ്യത്തെ പ്രതീതിയും കവിതയുമാക്കി, നമുക്കിടയിൽ നിരാശയുടെയും വിമുഖതയുടെയും ലോകത്തെ ചലനാത്മകമാക്കുന്നു .വിചിത്രമായ രീതിയിൽ തൻ്റെ മാറുന്ന മനോനിലക ളെ കാണിച്ചുതരുന്ന ആ പക്ഷിക്ക് പക്ഷേ ,സ്വന്തം സൗന്ദര്യത്തിൽ നിന്നുള്ള സൗഖ്യം കിട്ടുന്നില്ല. അത് ഇവിടെ ,നശ്വരതയുടെ ഈ ചതുപ്പിൽ വ്യഥയെ സ്നിഗ്ദ്ധമാക്കുകയാണ്.

സൗന്ദര്യത്തോടൊപ്പം ഒരു യുവതിക്ക് കടുത്ത ദാരിദ്ര്യവും നേരിടേണ്ടി വന്നാൽ എങ്ങനെയെല്ലാം ഭൗതികമായി സങ്കോചപ്പെടുത്തുമോ അതിനു സമാനമാണ് മയിലിൻ്റെ പീലിവിശേഷം.അത് ഈ ലോകത്തിൻ്റെ രഹസ്യത്തിൻ്റെ വിചിത്രമായ കണ്ണുകളെ ഉൾക്കൊള്ളുന്നു. പരത്തെക്കുറിച്ചുള്ള ഭ്രമിപ്പിക്കുന്ന സൂചനയാണതെന്ന് ചിന്തിക്കുന്നതിൽ സാർത്ഥകമായ ചിലതുണ്ട്. ജീവിതം പതിതവും ചപലവുമായി തുടർന്ന് ക്രൂരതകളിൽ വീഴുമ്പോൾ നമ്മെ തൊട്ടു കടന്നു പോകുന്ന വസന്തങ്ങൾ അറിയുന്നില്ലല്ലോ. ഏകാന്തതകളിൽ നങ്കൂരമിട്ടിരിക്കുന്ന അജ്ഞേയമായ ശക്തിയെക്കുറിച്ച് സംസാരിച്ചവരുണ്ട്.

വേഗതയേറിയ ബുള്ളറ്റു ട്രെയിനുകളിൽ യാത്ര ചെയ്തുകൊണ്ടല്ലല്ലോ ഭാരതത്തിലെ ഋഷികൾ പ്രപഞ്ചത്തെക്കുറിച്ച് സാരം ഗ്രഹിച്ചത് .

അകന്നുമാറിയിരിക്കുക, നിശ്ശബ്ദതയെ ആയുധമാക്കുക ,പ്രകൃതിയിലേക്ക് കൂടുതൽ അടുക്കുക തുടങ്ങിയ കാര്യങ്ങളിലെല്ലാം മനുഷ്യൻ്റെ അറിയപ്പെടാത്ത ഉണ്മയുമായി ബന്ധമുള്ള എന്തോ ഉണ്ട്. നിശ്ശബ്ദതകളിൽ ഏതോ ജാലകം തുറക്കുന്നുണ്ട് ,പൊരുളുകളിലേക്ക്.

മയിൽ നിൽക്കുന്നതെങ്ങനെ? മയിൽപീലി വിടർത്താതെ ,പിന്നിലേക്ക് നീട്ടി നിവർത്തി, വാലറ്റം തറയിൽ തട്ടുന്ന രീതിയിൽ വിരിച്ചുനിർത്തുന്നത് മറ്റൊരു വിതാനമാണ്. യാതൊന്നും പ്രതീക്ഷിക്കേണ്ടതില്ലാത്ത ഒരു ലോകത്ത് വ്യവസ്ഥകൾ മിഥ്യയാണെന്ന സന്ദേശമാണിത്. മിലാൻ കുന്ദേര (Milan Kundera) പറഞ്ഞു ,അസുഖകരമായ ഒരു സത്യമാണെന്ന് സൂചിപ്പിച്ചുകൊണ്ടു തന്നെ സ്വന്തം ഇഷ്ടപ്രകാരം ജീവിക്കുന്ന യാതൊരാളെയും ഇവിടെ കാണാനില്ല .അത് നമ്മൾ മാത്രം മനസ്സിലാക്കുന്നില്ല. തന്നിൽ നിന്നു തന്നെ ഒഴിഞ്ഞ് നിൽക്കുന്നതാണ് നമ്മുടെ വിധി. മഹത്തായതെന്തോ നമ്മുടെ സമീപത്തുണ്ട്. പക്ഷേ, അത് അദൃശ്യമാണ് .അത് നമ്മെ തൊട്ടു കടന്നു പോവുകയാണോ ?ശതകോടി ജീവികളിൽ വിശേഷപ്പെട്ട അറിവുകൾ  രഹസ്യസ്വഭാവമുള്ള തരംഗങ്ങളായി മാറുന്നു .എന്നാൽ ആ സിദ്ധികൾ പ്രകൃതിയിൽ തന്നെ നഷ്ടപ്പെടുകയാണ് .

ആത്മീയമായ അവ്യക്തത

അമെരിക്കൻ ഫോട്ടോഗ്രാഫർ തബീതാ സോറൻ (Tabitha Sorren) എടുത്ത Surface Tension എന്ന പേരിലുള്ള ഫോട്ടോഗ്രാഫുകൾ നമുക്ക് സ്വയം എങ്ങനെ കണ്ടെത്താമെന്ന ചിന്തയാണ് പങ്കുവയ്ക്കുന്നത്. എല്ലാ നരകക്കാഴ്ചകളും ക്രൂരതകളും നമ്മൾ കാണുന്നത് മൊബൈലിലോ ടെലിവിഷനിലോ ആണ്.സ്ക്രീൻ നമ്മെ മനുഷ്യത്യരഹിതമായ മരവിപ്പിലേക്ക് തള്ളിയിരിക്കുകയാണ് .ഇത് അനുഭവിപ്പിക്കുന്നതിനായി അമൂർത്ത ചിത്രകലയുടെ സങ്കേതം ഫോട്ടോഗ്രാഫിൽ അവർ ഉപയോഗിച്ചിരിക്കുന്നു. ആത്മീയമായ ഒരു അവ്യക്തതയാണ് ഫ്രെയിമിൽ നിറയുന്നത്.നമ്മൾ എങ്ങനെയാണ് സ്ക്രീൻ ഉപയോഗിച്ച് ലോകത്തെ മറച്ചുപിടിക്കുന്നതെന്ന് കാണിച്ചുതരുകയാണ്‌ സോറൻ .

സമരം ചെയ്യന്നവരെ ഓടിക്കാൻ പൊലീസ് ടിയർഗ്യാസ് പ്രയോഗിക്കുന്നതിൻ്റെ  കലാപരമായ ഒരു ഫോട്ടോഗ്രാഫ് ഓർക്കുകയാണ്. സോറൻ്റെ സ്പർശംകൊണ്ട് അത് അനന്യമാകുന്നു.

ദൈവത്തിൻ്റെ ചില ലിപികൾ മയിൽപീലിക്കണ്ണുകളിൽ വായിക്കാനാവുമോ? രഹസ്യങ്ങൾ ജീവിതത്തെ മറികടന്നും നില്ക്കുകയാണല്ലോ ;ജീവിതത്തിലല്ല.

ബിംബങ്ങളും ചലനങ്ങളും കൂടിക്കുഴഞ്ഞു നമ്മളിൽതന്നെ ജസമായി തീരുന്ന അനുഭവം. ഫോൺ സ്ക്രീനിലൂടെ കിട്ടുന്ന ചിത്രങ്ങൾ നമ്മെ കബളിപ്പിക്കുന്നുണ്ട്. അതിൽ സ്വാഭാവികമായ ഒരു മാസ്കുണ്ട്‌. ഈ ചിത്രണങ്ങളിലൂടെ നമ്മൾ യാതൊന്നിനെക്കുറിച്ചും ഉത്ക്കണ്ഠയില്ലാത്തവരാകുന്നു. നമ്മുടെയുള്ളിൽ ഈ ഡിജിറ്റൽ കൂമ്പാരം ഒരു നിശ്ചലതയെ നിർമ്മിക്കുന്നു.നമുക്ക് ക്രൂരമായി രക്ഷപ്പെടാനുള്ള ഒരു പാതയാണത്. പൊലിസ് ടിയർഗ്യാസ് പ്രയോഗിക്കുമ്പോൾ ഇരകൾ ചിതറുന്നു. എന്നാൽ ആ സമയം നമ്മൾ ചിതറുന്നുണ്ടോ? നമ്മളിൽ എന്തായിരിക്കും സംഭവിക്കുക? നമ്മൾ ആ ചിതറലിനു മുന്നിൽ ഫോൺസ്ക്രീനിനെ തന്നെ മറയാക്കുന്നു.സ്ക്രീനിൻ്റെ മറയ്ക്കപ്പുറത്ത് ,നമുക്ക് അജ്ഞാതമായ ക്ഷോഭങ്ങളാണുള്ളത്. ഒരാളുടെ പരിധികളെ എടുത്തുകാണിക്കുകയാണത്. വാസ്തവത്തിൽ കാണുന്നതെന്തോ തൊട്ടുടുത്ത നിമിഷത്തിൽ അത് നമുക്ക് അന്യമാവുകയാണ്.അന്ത:കരണത്തിൻ്റെ കുത്തനെയുള്ള കയറ്റങ്ങളിൽ നമുക്ക് മനസ്സിലാവുന്നത് ചൂണ്ടുവിരലിൻ്റെ സ്പർശം മാത്രം .

ലോകത്തെ സദാ ത്രസിപ്പിക്കുന്ന മയിൽ ഒരു ദൗത്യമെന്നപോലെ പീലി വിടർത്തി വട്ടം തിരിയുന്നു. എന്നാൽ ആ ദൗത്യം ,സൗന്ദര്യം ഉൾക്കൊള്ളാൻ ലോകത്തിനാവുന്നില്ല. ലോകം മയിലിനെ കൊന്ന് ബൊമ്മയാക്കി വഴിവക്കിൽ പ്രദർശിപ്പിക്കുന്നു. മയിലെണ്ണ ഔഷധമാണല്ലോ .മയിൽപ്പീലിയും മയിലെണ്ണയും രണ്ടു ധ്രുവങ്ങളിലല്ലേ നിലനിൽക്കുന്നത് ? സൗന്ദര്യത്തെ കപടമായി വാഴ്ത്തുന്ന ,തക്കം കിട്ടിയാൽ നല്ലതെല്ലാം കൊഴിച്ചു കളയുന്ന, സ്വന്തം സ്നേഹത്തെ വെറുപ്പിലേക്ക് പരിഭാഷ ചെയ്യുന്ന മനുഷ്യൻ്റെ ലോകത്ത് മയിലിൻ്റെ മഹത്വവും നൃത്തവും മറ്റൊരു ഭാഷയാണ്, സംവാദമാണ്. ഒരു ലോകവീക്ഷണത്തിൻ്റെ ബാഹ്യഘടന അതിൽ കാണാം. നാശോന്മുഖമായ ഒരു ചുറ്റുപാടിൽ എങ്ങനെ ഉദ്ബോധനാത്മകമായവിധം ശരീരത്തെ ഉപയോഗിക്കാമെന്നതാണ് മയിലിൻ്റെ പാഠം. ആർത്തുല്ലസിക്കുന്ന ഒരു ഓർമ്മ അവിടെ കളിക്കുകയാണ്. ആ ഉദാരതയും ആകർഷണീയതയും ഈ ലോകം ഉൾക്കൊള്ളുന്നേയില്ല ;അങ്ങനെ നടിക്കുകയാണെന്നങ്കിലും .

വ്യഥകൾ ആ തൂവലുകൾക്കു ചുറ്റും 

മയിലിൻ്റെ പ്രാചീനതയിലാണ് മനുഷ്യൻ്റെ കണ്ണ്. അവൻ്റെ സൗന്ദര്യബോധം ഒരു നിർമ്മിതിയാണ്. മയിലിൻ്റേത് സ്വാഭാവികമായ ഒരു ആവിഷ്കാരമാണ്. ശരീരത്തിൽ എന്തിനെയും മഹത്വമുള്ളതാക്കാൻ പോന്ന തൂവലുകളുള്ള ഒരു ജീവി ,ലോകം ദരിദ്രമായതുകൊണ്ട് ഒറ്റപ്പെടുകയാണ്.ജ്ഞാനവും വിവേകവുമുള്ളവർ എല്ലായിടത്തും തോറ്റു പോകുന്നത് എത്ര നിസ്സഹായമാണ്!. അവർ പരാജിതരാണെന്ന് ആരെങ്കിലും ഉച്ചത്തിൽ വിളിച്ചു പറയുകയാണെങ്കിലോ? പരാജിതരുടെ ലോകത്ത് നിസ്സംഗതയോടെ വന്ന് നൃത്തം ചെയ്യേണ്ടിവരുന്ന ഒരു ജീവിയുടെ മനോഗതങ്ങൾ എവിടെയും തൂവിപ്പോവുകയാണ്‌, വെറുതെ; വ്യഥകളാണ് ആ തൂവലുകൾക്കു ചുറ്റും നൃത്തം വയ്ക്കുന്നത്.

ഒരിടത്തും എത്തില്ലെന്ന് ഉറപ്പുള്ളതുകൊണ്ടുതന്നെ അത് നൃത്തം വയ്ക്കുന്നു.നിഗൂഢതയുടെ നേർക്കുള്ള ഒരു ജീവൻ്റെ ഏറ്റവും സഹതാപാർദ്രമായ നോട്ടമാണത്. നശ്വരതയെ അത് നമ്മളിലേക്ക് തുളച്ചി റക്കുന്നു. തൻ്റെ മേൽ ദൈവം ചുമത്തിയിട്ടുള്ള ഒരു കർമ്മം എന്ന പോലെ അത് വിദ്വേഷത്തിൻ്റെയും അന്ധതയുടെയും നടുവിൽ നേത്രങ്ങൾ കൊണ്ട് വിന്യാസരൂപങ്ങൾ തീർക്കുന്നു. എല്ലാ ഈശ്വരന്മാരും അതിലൂടെ കാണുകയാണ് .ജീവിതം ആത്യന്തികമായി ഒരു മറഞ്ഞുപോകലാണ്, അനന്തതയിലേക്ക്.ആരും അറിയാത്ത വിധം അത് അടഞ്ഞതാണ്. ഡബ്ളിയൂ.ബി.യേറ്റ്സ് പറഞ്ഞതുപോലെ ,ദുരന്തങ്ങളാൽ നിയന്ത്രിതമാണ് ജീവിതമെന്നറിയുമ്പോഴാണ് നാം ജീവിക്കാൻ തുടങ്ങുന്നത്. അറിയത്തക്കതല്ലാത്ത ശത്രുക്കൾക്കെതിരെ പൊരുതിക്കൊണ്ട്, വികാരങ്ങൾ പാഴാക്കിക്കൊണ്ട് അതിവേഗം കുതിക്കുന്നതിനെ ജീവിതമെന്ന് വിളിക്കാം .

മറവികൊണ്ടാണ് മയിലുകൾ നൃത്തം സാധ്യമാക്കുന്നത്. ഇന്നലെകളിൽ ചെയ്ത നൃത്തം പാഴായിപ്പോയതിൽ അതിനു ദുഃഖമില്ല. മറവി ഒരു സ്വാതന്ത്ര്യമാണ്,വ്യഥയിൽനിന്നൊഴിയാൻ.എന്നാൽ ഓർക്കുന്തോറും നാം പുതിയ വ്യക്തികളാവുകയാണ്. ഓർമ്മകൾക്ക് യാദൃശ്ചികതയുണ്ട്. നമ്മുടെ ഇഷ്ടത്തിനൊത്തല്ലല്ലോ ഓർമ്മകൾ അവതരിക്കുന്നത്? അത് അവിചാരിതമായി സംഭവിക്കുകയാണ്.

ഇങ്ങനെ പുതിയതാകാനാണ് മയിലുകൾ നൃത്തം വയ്ക്കുന്നത്.

ദാർശനികനായ മൗറിസ് ബ്ളാങ്ക്ഷോ(Maurice Blanchot)യുടെ അഭിപ്രായത്തിൽ ഓർമ്മ ഭൂതകാലത്തിൻ്റെ സ്വാതന്ത്ര്യമാണ്. അതിന് ഒരു വർത്തമാനകാലമില്ല. അത് ഒരോർമ്മയുടെ വർത്തമാനത്തെ സ്വീകരിക്കുകയുമില്ല. ഒരു സംഭവത്തിൻ്റെ ഓർമ്മയെക്കുറിച്ച് ബ്ളാങ്ക്ഷോ പറയുന്നത് ഇപ്രകാരമാണ്: “The irremediable character of what has no present, of what is not even there as having one been there “

വർത്തമാനകാലമില്ലാത്ത ഒന്നാണത്; അതിൽ നിന്ന് ഒട്ടും കുറയ്ക്കാനാവില്ല .ഒരിക്കൽ സംഭവിച്ചതായിപോലും അത് നിലനിൽക്കുന്നില്ല .അതൊരിക്കലും സംഭവിച്ചിട്ടില്ല, ഒറ്റത്തവണ എന്ന നിലയിൽപോലും .എന്നാൽ അത് ആരംഭിക്കുന്നു ,വീണ്ടും വീണ്ടും ,അനന്തമായി. അതിനു അന്ത്യമില്ല, തുടക്കവുമില്ല. അതിനു ഭാവിയുമില്ല. എന്താണ് ഇതിനർത്ഥം? ഓർമ്മ ഒരു ജലരേഖയാണ്. അത് സംഭവിച്ചപ്പോഴേ ഇല്ലാതായി. അതവിടെയില്ല, പഴയ രീതിയിൽ .അതിന് വർത്തമാനമില്ല. ഭൂതകാലത്തിലും അതില്ല .എന്നാൽ അത് യാത്ര ചെയ്യുന്നു, വീണ്ടും വീണ്ടും. അതിനു തുടക്കമില്ലാത്തതുപോലെ അന്ത്യവുമില്ല. അത് നമ്മുടെ മനസ്സിൽ സൃഷ്ടിക്കപ്പെടുകയാണ്. ഓരോ തവണയും പുതുതാവുകയാണ്.

ഓർമ്മകളിലില്ലാത്ത നൃത്തം

മയിൽ നൃത്തം ചെയ്യുമ്പോൾ ഈ സത്യം കൂടുതൽ തെളിയുന്നുണ്ട്. ഒരിക്കൽ ചെയ്ത നൃത്തം അതോർക്കുന്നില്ല .അതുകൊണ്ട് വീണ്ടും വീണ്ടും നൃത്തംചെയ്യുന്നു. ഓർമ്മയിൽനിന്ന് വീണ്ടും വീണ്ടും പുതുതാവുകയാണ് ചെയ്യുന്നത്.

നഷ്ടപ്പെട്ടത് വീണ്ടെടുക്കാൻ ഇങ്ങനെ ആത്മാവിൽ ദരിദ്രമാകുകയേ നിർവ്വാഹമുള്ളു. ലോകം ഉൾക്കൊള്ളാത്ത ഒരു പ്രകടനമാണത്. ലോകത്തെ ഏറ്റവും വലിയ ദാരിദ്ര്യം മയിലിൻ്റേതാണ്. അത് കാണികളെ പ്രതീക്ഷിക്കാതെ തന്നെ പീലി വിടർത്തുകയാണ്.ഏറ്റവും മനോഹരവും അതീവരഹസ്യാത്മകവുമായ ഒരു നിഗൂഢശ്രംഖല ചിറകുകളിൽ വിന്യസിച്ച് അത് ഭാവിയെക്കുറിച്ച് ,മരണാനന്തര ശാന്തിയെക്കുറിച്ച് സന്ദേശം നല്കുന്നു. വാക്കുകളിലൂടെ പകരാനാവാത്ത ആ സൗന്ദര്യം മനുഷ്യനിൽ ആഘാതമാണ്; അതുകൊണ്ടുതന്നെ അവൻ അതിൻ്റെ ഉപരിതലത്തിൽ മാത്രം ഒതുങ്ങുന്നു. വായുവിൽ വാൾകൊണ്ട് വെട്ടുന്നത് സ്വാർത്ഥമാണ് ,മുറിവേല്ക്കാൻ ആരെങ്കിലും ഉണ്ടായാലും ഇല്ലെങ്കിലും; ക്ഷോഭം തീർക്കാൻ ആകാശം മതി. ശൂന്യതയിൽ കത്തിക്കയറി ഇല്ലാതാകുന്നതിനെ ജീവിതമെന്ന് വിളിക്കാമോ ?

അമേരിക്കൻ ഭൗതികശാസ്ത്ര ഗ്രന്ഥകാരനായ ഫ്രിജോഫ് കാപ്ര(Fritjof Kapra)യുടെ Uncommon Wisdom എന്ന ഗ്രന്ഥത്തിൽ സ്റ്റാനിസ്ളാവ് ഗ്രോഫ് ,ആർ.ഡി .ലെയിംഗ് എന്നീ മന:ശാസ്ത്രജ്ഞന്മാരുമായുള്ള സംഭാഷണം ചേർത്തിട്ടുണ്ട്. അതിൽ ലെയിംഗ് മനോരോഗത്തെക്കുറിച്ച് പറയുന്നത് ശ്രദ്ധേയമാണ്:

“There is no Schizophrenic person : there is only a Schizophrenic system” (Swimming in the same ocean)

യഥാർത്ഥത്തിൽ മനോരോഗിയായ ഒരു വ്യക്തിയില്ല; അങ്ങനെയുള്ള ഒരു സമൂഹമാണുള്ളത്. സൗന്ദര്യത്തിൻ്റെ മുന്നിൽ മാനവരാശിയാകെത്തന്നെ അന്ധതമസ്സുകളായി മാറുകയല്ലേ ചെയ്യുന്നത് ?അഗാധവും ലോകത്തിൻ്റെ പരിധികൾ കടന്നുപോകുന്നതുമായ സൗന്ദര്യധാരകളെ മനുഷ്യന് കണ്ടെത്താനാവുന്നില്ല. അവനു ചുറ്റിനുമുള്ള ജീവികൾക്കെല്ലാം ബഹുവിധമായ മറ്റു സിദ്ധികളുണ്ട്. ശലഭങ്ങൾ അനായാസേന ആനന്ദം നേടുന്നു. ഈച്ചകൾ അത്ഭുതകരമായ ആകാരത്തിൽ, (വളരെ നേർത്ത കാലുകളിൽ അവ ചലനത്തെ സുഗമമാക്കുന്നു)പറക്കുന്നു. തേനീച്ചകൾ വിചിത്രമായ സാമൂഹ്യവ്യവസ്ഥ സൃഷ്ടിക്കുന്നു. തുമ്പികൾ പ്രസാദസൗഖ്യത്തിൻ്റെ തികഞ്ഞ പ്രകൃതത്തിൽ വായുവിൽ പറന്നു നിൽക്കുന്നു. സ്നിഗ്ദ്ധവും സുതാര്യവുമായ ആ വാലിൽ, ചിറകിൽ പ്രപഞ്ചത്തിൻ്റെ ഏറ്റവും വിലപിടിപ്പുള്ള കനിവിൻ്റെ വൈഡൂര്യം അണിഞ്ഞിരിക്കുന്നു.

സ്വപ്നങ്ങൾ തോറ്റുപോകുന്ന വിധം ആ ചിറകുകൾ ജീവത്താണ്. ജീവിതത്തിൻ്റെ നശ്വരതയെയും ഓർമ്മകളായി ഇല്ലാതാകുന്ന അവസ്ഥയെയും നിരാകരിക്കുന്ന വിധം തുമ്പികൾ എല്ലാ വ്യവസ്ഥകളെയും നിർവീര്യമാക്കി മറ്റൊരു ഭാഷയിൽ സംവദിക്കുന്നു .തീർച്ചയായും നമ്മുടെ അസ്തിത്വത്തിനരികിൽ അവയുണ്ടാകണം. നമ്മൾ ഇരുട്ടിൽ തപ്പിത്തടയുമ്പോൾ ,സകല ബുദ്ധിവൈഭവങ്ങളും ഉപയോഗിച്ച് നാം നരകിക്കുമ്പോൾ, ജീവിതാനന്തരമായ ഹർഷത്തിൻ്റെ പൊരുൾ എന്നപോലെ തുമ്പികൾ അതിൻ്റെ സ്വയം സമ്പൂർണമായ ആകാരത്തിൽ സ്വപ്നങ്ങൾക്കുപോലും അതീതമായ ബാലൻസ് നിലനിർത്തുന്നു.

ആനന്ദത്തിൻ്റെ അപാരത

അസ്തിത്വപരമായ ഭാരക്കുറവോടെ ജീവിക്കുന്നതാണ് അതിൻ്റെ സൗഖ്യം. നശ്വരത വന്നു ഭയപ്പെടുത്തുന്നില്ല; കാരണം ,അത് നശ്വരതയുടെ തന്നെ പ്രസാദമാണല്ലോ. തുമ്പി ,അവിടെ അസ്തിത്വത്തിൻ്റെ തീവ്രദു:ഖമല്ല; നൈമിഷികമായ ആനന്ദതരംഗങ്ങളുടെ ഒരു അപാരതയാണ്. മാനവനു നിഷേധിക്കപ്പെട്ട ആനന്ദങ്ങളുടെ അതാര്യത .ആ അതാര്യതയെ വർണാഭമാക്കുകയാണ് മയിൽ. ഒരു സമൂഹം മുഴുവൻ ബധിരരാകുന്നത് എന്തുകൊണ്ടാണ്? അല്ലെങ്കിൽ ഒരു വംശം മുഴുവൻ ബധിരരാകുന്നത് ? ഹെൻറി ഡേവിഡ് തോറോയുടെ ‘വാൽഡണി’ (Waldon) ൽ കൊതുകുകളുടെ സംഗീതത്തെക്കുറിച്ച് വിവരിക്കുന്നുണ്ട് .കൊതുകുകൾ രാത്രിയിൽ ഉറങ്ങുന്നേയില്ല. അവ പാടുകയാണ്. നിർഭാഗ്യവശാൽ, ആ പാട്ട് കേൾക്കാനുള്ള സിദ്ധി നമുക്കില്ല .നമ്മുടെ കാതുകൾ പകുതി അടഞ്ഞതാണല്ലോ .കൊതുകുകൾ തങ്ങളുടെ മനോഹരമായ സംഗീതം കേൾപ്പിക്കാൻവേണ്ടി മനുഷ്യൻ്റെ കാതുകൾക്കുള്ളിലേക്ക് കയറി വരികയാണ്. എന്നാൽ മനുഷ്യൻ അപാരമായ ആ സംഗീതം ഏൽപ്പിച്ച ആഘാതത്തിൽ മുഷിയുകയാണ്. അവൻ ക്രുദ്ധനാവുന്നു.അതുവരെ ശാന്തനും സൽസ്വഭാവിയുമായിരുന്ന അവൻ ആക്രമിക്കാൻ തുടങ്ങുന്നു.

മയിലിനെ നോക്കൂ ;അത് ശാന്തതയിൽ സ്വയം നിറയ്ക്കുകയാണ്. ലോകം മനസ്സിലാകാത്ത അസ്തിത്വത്തിൻ്റെ ഒരു പടലം മയിൽ തൻ്റെ ശരീരത്തിലും നൃത്തത്തിലും വഹിക്കുകയാണ്. ചലിക്കുന്നതാകട്ടെ മറ്റൊരു താളത്തിലും;ലോകം ചുരുങ്ങിപ്പോകുമ്പോൾ നിഷ്കളങ്കമായി ദുഃഖിച്ചുകൊണ്ട് സ്വയം ആരായുന്നപോലെ. മയിൽ പ്രത്യക്ഷതയിൽ ഒരു അടയാളമാണ്. ഓർമ്മകളെ വീണ്ടെടുക്കുകയാണെങ്കിൽ ആ അടയാളത്തിൻ്റെ നിഗൂഢത വെളിവാകും. അസംഗതമായ സമയത്ത് അടിച്ചേല്പിക്കപ്പെട്ട ഒരു നിയോഗംപോലെയാണ് അത് പീലി വിടർത്തുന്നത്.

ജർമ്മൻ ചിത്രകാരനായ ഫ്രാൻസ് മാർക് (Franz Marc ,1880-1916) പറഞ്ഞു ,മൃഗങ്ങളിലെ ശുദ്ധമായ ജീവിതാവസ്ഥ തന്നിലെ നന്മകളെ ഉണർത്തി വിട്ടുവെന്ന്. കാരണം നമ്മേക്കാൾ നൈസർഗ്ഗികമായ പ്രകൃതിയോട് അവ പ്രതികരിക്കുന്നു. അവയ്ക്ക് വ്യാജമായി നോക്കാനാവില്ല, വ്യാജമായി സംസാരിക്കാനാവില്ല;അഭിനയിക്കാനുമറിയില്ല. എന്താണോ ശാരീരികമായ വ്യവസ്ഥയിലൂടെ രൂപപ്പെടുന്നത് ,അത് സ്വാഭാവികമായി പ്രകാശിപ്പിക്കുകയാണ്. മയിലിൻ്റെ നൃത്തം കാണുമ്പോൾ മനുഷ്യന് അവൻ്റെ നഷ്ടപ്പെട്ടതും കുഴിച്ചുമൂടപ്പെട്ടതുമായ ലാവണ്യാത്മക ശുദ്ധതകളെക്കുറിച്ച് ഓർമ്മ വരേണ്ടതാണ്.

ജൈവമായ വിനിമയങ്ങളെ പങ്കിലമാക്കി തുലച്ചുകളഞ്ഞ മാനവസമുദായത്തിനു ആ നൃത്തം ഒരാദിമമായ ജൈവാവിഷ്കാരമാണ്.

അതാര്യതയുടെ ആവിഷ്കാരം

ഒരു പരാജയപ്പെട്ട കലാകാരൻ്റെ ജീവിതമാണ് മയിലിൻ്റേത്.കാണികൾ ഇല്ലാതെയും ആവിഷ്ക്കാരം വേണ്ടിവരും. കാണികൾ ഉണ്ടെങ്കിലും ,മയിലിൻ്റെ അസ്തിത്വപരമായ ധർമ്മസങ്കടങ്ങൾ ആരും ഗൗനിക്കുന്നുമില്ല .അമേരിക്കൻ ഗായിക അമാൻഡ പാമർ (Amanda Palmer) പറഞ്ഞത് ഇതാണ്: You’re a good artist when you make somebodyelse experience or feel something deep or unexpected “.

ഒരു നല്ല കലാകാരനാകണമെങ്കിൽ മറ്റൊരാളെ അഗാധമായത് അല്ലെങ്കിൽ അപ്രതീക്ഷിതമായത് അനുഭവിപ്പിക്കണം.എന്നാൽ  കലാകാരന്മാർ അപ്രതീക്ഷിതമായത് ആവിഷ്കരിച്ചാലും അത് തിരിച്ചറിയപ്പെടണമെന്നില്ല. അതുകൊണ്ട് നല്ല കലാകാരന്മാർ പരാജയപ്പെടുന്നു. ഇത് തന്നെയല്ലേ മയിലിൻ്റെ ജീവിതത്തിലും കാണാനാവുന്നത് ? മയിലിൻ്റെ പരാജയങ്ങൾ കലാകാരൻ്റെ ജീവിതത്തെ കണ്ണാടിയിലെന്നപോലെ പ്രതിഫലിപ്പിക്കുന്നു. ഒരു മാധ്യമമെന്ന നിലയിൽ ആ പീലി വിടർത്തുന്നതിൽ കലാപ്രക്രിയയാണുള്ളത്.മാധ്യമം തന്നെ കലയാണല്ലോ. ഒരു മാധ്യമത്തിനു അതിൻ്റെ പ്രത്യക്ഷതയിൽ ,ഘടനയിൽ ,വ്യവഹാരപ്രക്രിയയിൽ കലയായിരിക്കാതെ തരമില്ല. മയിൽ തൻ്റെ അസംബന്ധം നിറഞ്ഞ ജീവിതത്തെ പീലികൾകൊണ്ട് മറച്ച് കലയാക്കുന്നു. പുറംലോകത്തെ അതാര്യതയെ ,ശൂന്യതയെ നേരിടാനാവാതെ വരുമ്പോൾ, അത് തന്നിൽതന്നെ സ്വയം ആവിഷ്കരിച്ച് അസ്തിത്വത്തെ ലഘുവാക്കുന്നു.

അസ്തിത്വത്തെ ലഘൂകരിക്കാതെ അതിനു ജീവിക്കാനാകില്ല. ആരും തിരിച്ചറിയാത്ത പറക്കലിൻ്റെ ആനന്ദത്തെ മയിൽ ഒളിപ്പിക്കുകയാണ്. അല്ലെങ്കിൽ അതിനു പറക്കാനാവില്ല. നിഗൂഢലാവണ്യങ്ങളെ അപരിചിതമായ ഭാഷയായി കാണാം. ഈ ലോകം പരമമായ നിസഹായതയിലാണ് ജീവിക്കുന്നത്. സ്വപ്നത്തെയോ സൗന്ദര്യത്തെയോ മരണത്തെയോ ആർക്കും പ്രതിരോധിക്കാനാവില്ല. അപ്രകാരം ചിന്തിക്കുമ്പോൾ മയിൽ അജ്ഞാതമായ ലോകത്തിൻ്റെ കിളിവാതിലായിരിക്കണം .അതിൻ്റെ ദൃശ്യദാഷ അജ്ഞാതമാണ്. പൊരുളുകൾ തൂവലുകൾ പൊഴിഞ്ഞ പക്ഷിയെപോലെ  പാതവക്കിലിരിക്കുന്നു. 


No comments:

Post a Comment

നിരാസത്തിന്റെ തത്ത്വം /ഡോ.യാക്കോബ്‌ മാർ ഐറേനിയോസ്‌

  ശ്രീ. എം.കെ.ഹരികുമാറിന്റെ 'എന്റെ മാനിഫെസ്റ്റോ' വായിച്ചു തുടങ്ങിയപ്പോൾ ഇത്‌ ഏതോ ദുരൂഹതയുടെ ഗുഹാമുഖമാണെന്ന്‌ തോന്നിപ്പോയി. വായനപുര...