Thursday, March 24, 2022

ദൈവം അദൃശ്യമായിരിക്കുന്നത് /എം.കെ.ഹരികുമാർ

 


ശിവഗിരി സാഹിത്യ സമ്മേളനത്തിൽ ചെയ്ത പ്രസംഗം /dec 31, 2021 

ശിവഗിരിയിലെ സമ്മേളനത്തിൽ ഇതിനുമുമ്പും ഞാൻ വന്നിട്ടുണ്ട്. പ്രശാന്തമായ അന്തരീക്ഷത്തിൽ ഇവിടെ പ്രഭാഷണം ചെയ്യുന്ന എല്ലാവർക്കും അവരവരുടെ സ്വതന്ത്രമായ ഒരാശയം തുറന്നു കിട്ടും എന്നാണ് ഞാൻ വിചാരിക്കുന്നത്. ഇവിടെ പ്രസംഗിക്കുമ്പോൾ  ഏതെങ്കിലുമൊരു പ്രത്യേക വിഭാഗത്തിൻ്റെ ആളല്ലാതെ തന്നെ നമുക്ക് കൂടുതൽ സ്വതന്ത്രനാകാം. അല്ലെങ്കിൽ ലോകനിലവാരമുള്ള ഒരു മാനവികത സ്വന്തമാക്കാൻ അനായാസമായി കഴിയും എന്ന് സന്തോഷത്തോടെ ഞാനോർക്കുകയാണ്. ശ്രീനാരായണഗുരുവിൻ്റെ പേരിലുള്ള സാഹിത്യസമ്മേളനമാണ് ഇവിടെ നടക്കുന്നത്. ധാരാളം പേർ ഗുരുവിനെക്കുറിച്ച് സംസാരിക്കുകയാണ്. 

നമ്മുടെ സാംസ്കാരിക രംഗത്ത്, വിശേഷിച്ചും സിനിമ ,സാഹിത്യം തുടങ്ങിയ മേഖലകളിൽ ഇന്നു ഏറ്റവും അയിത്തം നേരിടുന്നത് ശ്രീനാരായണ ഗുരുവാണെന്ന് വ്യസനത്തോടെ പറയട്ടെ .മലയാളസിനിമ ഉണ്ടായിട്ട് എൺപത് വർഷം കഴിഞ്ഞല്ലോ .ഇത്രയും കാലത്തിനിടയിൽ വൃത്തിയായി ,ഗുരുവിൻ്റെ ഒരു ചിത്രം സിനിമയിൽ കാണിച്ചിട്ടില്ല. അതിൻ്റെയർത്ഥം ഇതാണ്: നമ്മുടെ സാധാരണക്കാരായ തൊഴിലാളികൾക്കോ ,അല്ലെങ്കിൽ മറ്റു ഉദ്യോഗസ്ഥന്മാർക്കോ , രാഷ്ട്രീയക്കാർക്കോ ഒന്നും  നേരിടേണ്ടി വന്നിട്ടില്ലാത്ത അയിത്തമാണ് ഗുരു അഭിമുഖീകരിക്കുന്നത്.

ആദ്യമായിട്ട് ഗുരുവിൻ്റെ ഒരു ചിത്രം സിനിമയിൽ കണ്ടത് കെ.എസ്. സേതുമാധവൻ സംവിധാനം ചെയ്ത 'അനുഭവങ്ങൾ പാളിച്ചകൾ' എന്ന ചിത്രത്തിലാണ്. സത്യൻ അഭിനയിച്ച ചെല്ലപ്പൻ എന്ന കഥാപാത്രം കയറി ചെല്ലുന്ന വീടിൻ്റെ ഉമ്മറത്താണ് ആ ഫോട്ടോ കണ്ടത്. അത് ഒരു പാവപ്പെട്ടൻ്റെ ഓലമേഞ്ഞ വീടായിരുന്നു. വീണ്ടും ഒരിക്കൽ കൂടി ഗുരുവിൻ്റെ ചിത്രം കാണിക്കാൻ സേതുമാധവൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു എന്നാണ് അദ്ദേഹം എന്നോടു പറഞ്ഞത്. സിനിമാരംഗത്തുള്ളവർ തന്നെ നിരുത്സാഹപ്പെടുത്തിയത്രേ. എന്തുകൊണ്ടാണ് ഗുരുവിൻ്റെ ചിത്രം ഒരു സീനിൽ ഉൾപ്പെടുത്താൻ തയ്യാറായതെന്ന് ഞാൻ ചോദിച്ചു.അദ്ദേഹം അപ്പോൾ തൻ്റെ സാമൂഹ്യ ,ലോക മാനവ കാഴ്ചപ്പാടുകൾ എന്നോടു പറഞ്ഞു. ഞങ്ങൾ വല്ലപ്പോഴുമൊക്കെ ഫോണിൽ സംസാരിക്കാറുണ്ടായിരുന്നു. അദ്ദേഹത്തിൻ്റെ 'കടൽപാലം 'എന്ന  സിനിമയിൽ 'ഈ കടലും മറുകടലും ഭൂമിയും മാനവും കടന്ന്, ഈരേഴ് പതിനാല് ലോകങ്ങൾ കാണാൻ ഇവിടന്നു പോണവരേ ,
അവിടെ മനുഷ്യനുണ്ടോ അവിടെ മതങ്ങളുണ്ടോ 'എന്ന ഗാനം എഴുതാൻ  വയലാറിനെ പ്രേരിപ്പിച്ചത് താനാണെന്ന് സേതുമാധവൻ എന്നോടു പറഞ്ഞു. അതിലെ ആശയങ്ങൾ സേതുമാധവൻ നിർദ്ദേശിച്ചതാണ്. ഇത് ഞാൻ ചോദിച്ചതുകൊണ്ട് അദ്ദേഹം പറഞ്ഞതാണ്. 

അയിത്തത്തിൻ്റെ മന:ശാസ്ത്രം

സ്വന്തം വീടും പറമ്പും പണയപ്പെടുത്തി ഗുരുവിനെക്കുറിച്ച് സിനിമയെടുക്കുന്നവരുണ്ടാകാം. അവരെക്കുറിച്ചല്ല ,മുഖ്യധാരാ സിനിമയെക്കുറിച്ചാണ് ഞാൻ പറയുന്നത്. മലയാളസിനിമയിൽ ഗുരുവിൻ്റെ ചിത്രം എവിടെയെങ്കിലും കാണിക്കുന്നുണ്ടെങ്കിൽ അത് ഗോഡൗണിലോ വൃത്തിഹീനമായ ചുറ്റുപാടിലോ ആയിരിക്കും.'ഒടിയൻ' എന്ന ചിത്രത്തിൽ ഗുരുവിൻ്റെ ചിത്രം കണ്ടത് ലൈബ്രറിയുടെ പിന്നിൽ സാധനങ്ങൾ കൂട്ടിയിട്ടിരിക്കുന്നിടത്തായിരുന്നു. 

കഴിഞ്ഞ എൺപതിലേറെ വർഷമായി മലയാളസിനിമ തുടർന്നുവരുന്ന ഈ അയിത്തത്തിൻ്റെ മന:ശാസ്ത്രം എന്താണ് ? ഗുരുവിൻ്റെ ചിത്രം സിനിമയിൽ മാന്യമായി കാണിച്ചാൽ പ്രേക്ഷകർ നിരാകരിക്കുമെന്നാണ് ഈ സംവിധായകരും നിർമ്മാതാക്കളും മറ്റും കരുതുന്നത്. ഇത് വലിയ, ആപത്ക്കരമായ ഒരവസ്ഥയല്ലേ  നമ്മുടെ സമൂഹത്തിൻ്റെ  മനശാസ്ത്രത്തികത്ത് സ്വീകാര്യമായ രീതിയിൽ, മഹത്തായ മാനവിക ആശയം ഉൾക്കൊള്ളുന്ന ബിംബം എന്ന നിലയിൽ ,നമ്മുടെ മനസ്സിനകത്ത് ,ഗുരുവിൻ്റെ പ്രതിച്ഛായ കടന്നു ചെന്നിട്ടില്ല എന്നാണ് ഇത് സൂചിപ്പിക്കുന്നത്. ദളിതന്മാരോ പിന്നോക്കക്കാരോ  സിനിമയെടുത്താലും ,അവർ ഒരിക്കലും ,ഗുരുവിൻ്റെ ചിത്രം കാണിക്കില്ല. അവർക്ക് അതിനുള്ള സ്വാതന്ത്ര്യമില്ല. നമ്മൾ അപരിഷ്കൃതവും അപകടകരവുമായ ഒരു മന:ശാസ്ത്രത്തിൻ്റെ തടവറയിലാണ് .

ഇതിൻ്റെ മറ്റൊരു വശമാണ് ചില  സാഹിത്യകാരന്മാർ ഗുരുവിനെ അപമാനിച്ചുകൊണ്ട് ലേഖനങ്ങളും കഥകളും എഴുതുന്നത്. രണ്ടു വർഷം മുമ്പ് ഒരു കഥാകൃത്ത് ഗുരുവിനെയും വാഗ്ഭടാനന്ദനെയും ആക്ഷേപിച്ചുകൊണ്ട് ഒരു കഥയെഴുതി മലയാളത്തിലെ ഏറ്റവും പ്രശസ്തമായ ഓണപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു. ഏറ്റവും ആദ്യം വിമർശിക്കേണ്ടത് ഇവരെയാണെന്ന് ഈ കഥാകൃത്തിനു തോന്നാൻ കാരണമെന്താണ് ഞാനിതിനെ രൂക്ഷമായി വിമർശിച്ച് എഴുതി. അതുപോലെ ,ഒരു വിമർശകൻ ചട്ടമ്പിസ്വാമികളെക്കുറിച്ചെഴുതിയ ലേഖനത്തിൽ യാതൊരു കാര്യവുമില്ലാതെ ഗുരുവിനെ കടന്നാക്രമിച്ചത് ഓർക്കുകയാണ് ; 'ആത്മോപദേശശതക'ത്തെപ്പോലും അപമാനിച്ചു. ആഷാമേനോനാണ് അത് ചെയ്തത്. 

മറ്റൊരു യുക്തിവാദിയായ കവി പറഞ്ഞത്, ഈ അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും കാലഘട്ടത്തിൽ 'ദൈവദശകം' വിദ്യാലയങ്ങളിൽ പഠിപ്പിക്കരുത് ,വായിക്കരുത് എന്നാണ് .പകരം, സഹോദരൻ അയ്യപ്പൻ്റെ 'സയൻസ് ദശകം' പഠിപ്പിക്കണമെന്ന്! .ഈ കവിക്ക് വിവരമുണ്ടോ ? ശാസ്ത്രത്തെക്കുറിച്ചും സാഹിത്യത്തെക്കുറിച്ചും വേണ്ടത്ര അറിവ് നേടാത്തതിൻ്റെ അപകടമാണിത്. ദൈവദശകം എന്ന കൃതി അന്ധവിശ്വാസമാണോ  പ്രചരിപ്പിക്കുന്നത്? ദൈവത്തെക്കുറിച്ച് ഏറ്റവും അപരിഷ്കൃതമായി ചിന്തിക്കുന്നവർക്ക് മാത്രമേ അങ്ങനെ കരുതാനൊക്കൂ .ദൈവചിന്തയെ ഗുരു  ആധുനിക മനുഷ്യനു മനസിലാകുന്ന മട്ടിൽ നവീകരിച്ച കവിതയാണത്. 

പുതിയ ഭാഷ എന്തിനു ?

അന്ധവിശ്വാസങ്ങളെ ഉന്മൂലനം ചെയ്യാൻ വേണ്ടിയാണ് ഗുരു വരുന്നത്.ആ കാലഘട്ടത്തിലെ  മനുഷ്യരുടെ മനസ് ഗുരു വായിക്കുകയും അബദ്ധധാരണകളെ മാറ്റുകയുമാണ് ചെയ്തത്. ഇരുട്ട് അകറ്റാനാണ് ഗുരു ദൈവം എന്ന വാക്കുപയോഗിക്കുന്നത്. മനഷ്യമനസിലെ വ്യർത്ഥമായ സങ്കല്പങ്ങളെ തച്ചുടച്ച് ക്ളീൻ സ്ലേറ്റിലാണ് ഗുരു എഴുതിയത്. എഴുതുക എന്നു പറഞ്ഞാൽ അത് ക്ളീൻ സ്ളേറ്റിലാണ് ഉണ്ടാവേണ്ടത്. മറ്റുള്ളവർ എഴുതിയതിനു പുറത്ത് എഴുതുന്നത് അർത്ഥശൂന്യമാണ്. മറ്റുള്ളവർ എഴുതിയത് മായ്ച്ച് കളയണം. ഗുരു അങ്ങനെയാണ് ചെയ്തത്. ഗുരു മറ്റുള്ളവർ ഉപയോഗിച്ച ഭാഷയ്ക്ക് പകരം സ്വന്തം ഭാഷ ഉപയോഗിച്ചു. നമ്മൾ കവികളായി കൊണ്ടാടുന്ന പലരും നൂറ്റാണ്ടുകളായി മറ്റ് പലരും എഴുതിയതിൻ്റെ പുറത്ത് എഴുതിയവരാണ്. എന്നാൽ അങ്ങനെയല്ല എഴുതേണ്ടത് .മറ്റുള്ളവർ എഴുതിയത് മായ്ച്ചു കളയുമ്പോഴാണ് പുതിയത് ഉണ്ടാകുന്നത്. ദൈവദശകത്തിൽ ഭഗവാൻ നാവികനാണെന്നും ഭഗവാൻ്റെ പാദമാകുന്ന കപ്പൽ വന്നു ഞങ്ങളെ രക്ഷിച്ചു നിർത്തുന്നുവെന്നും എഴുതിയത് ഇതിനു തെളിവാണ്. പുതിയ ഭാഷയാണിത്. 

ദൈവദശകത്തിൽ ഒരു ദൈവത്തിൻ്റെ പേരുപോലും പറയുന്നില്ല. അപ്പോൾ എങ്ങനെയാണ് അന്ധവിശ്വാസമാകുന്നത്? അതിൽ ഇന്ത്യയിലെയോ കേരളത്തിലെയോ  ഒരു പ്രദേശത്തിൻ്റെ പേരു പോലുമില്ല. ഏതെങ്കിലും മതദൈവങ്ങളുടെ പേരുകളും കാണാനില്ല .അതൊരു വിശ്വദൈവമാണ്. ദൈവത്തിൻ്റെ  വിശ്വമായ ഭാവത്തെക്കുറിച്ച് മനുഷ്യനെ ഉദ്ബോധിപ്പിക്കുന്ന അനുഭവമാണ് ആ കൃതി .അത് കവികൾ ശാന്തമായി വായിക്കണം ,പഠിക്കണം. യുക്തിവാദം മനുഷ്യനു അധ:പതിക്കാനുള്ളതല്ല. യുക്തികൊണ്ട് കവിത എഴുതാൻ നടക്കുന്നവർ എത് ലോകത്ത് ജീവിക്കുന്നു?

വായനയുടെ ഏറ്റവും സൂക്ഷ്മമായ അനുഭവങ്ങളിലേക്ക് നമ്മൾ ഇറങ്ങണം.  മനനം ചെയ്യാൻ പല കാര്യങ്ങളുണ്ട്. വായന രണ്ട് രീതിയിലുണ്ട്: വിനോദത്തിനുവേണ്ടിയും, മനനം ചെയ്ത് ജ്ഞാനം നേടാനും .ഇതിൽ രണ്ടാമത്തെ തലത്തിലാണ് ഗുരുവിൻ്റെ കൃതികൾ പ്രസക്തി നേടുന്നത്. മനനം ചെയ്യുന്നത് ഒരു വാചകത്തിനുള്ളിലേക്ക് കടന്നുചെന്ന്  ആത്മീയമായും ധൈഷണികമായും സ്വയം കണ്ടെത്താൻ സഹായിക്കും. പല അർത്ഥങ്ങൾ ഖനനം ചെയ്യുന്നത് അങ്ങനെയാണ്. പുതിയ അർത്ഥമാണ്  പുതിയ ഭാഷയിൽ ഉണ്ടാവേണ്ടത്.
ഇതിനെയാണ് സാഹിത്യരചന എന്നു വിളിക്കുന്നത്.

 

ഒരു വസ്തുതയ്ക്കുകത്തുള്ള ആന്തരികമായ അനുഭവത്തെ ഭാഷയിലൂടെ ആവിഷ്കരിക്കുകയല്ല , സ്വാംശീകരിക്കുകയാണ് പ്രാഥമികമായി  ചെയ്യേണ്ടത് .സ്വാംശീകരിക്കപ്പെടുന്നതാണ് ആവിഷ്ക്കരിക്കുന്നത്. അപ്പോൾ പുതിയ ഭാഷ വേണ്ടി വരും. അവിടെ 
രചന ഒരു പുതിയ നിർമ്മിതിയാണ്; അതിനു മുമ്പ് ഉണ്ടായിട്ടില്ലാത്ത ഒരു  നിർമ്മാണം .സ്വാഭാവികമായിട്ടു തന്നെ ,ഉപയോഗിച്ചു പഴകിയ ഭാഷ ഒരു പ്രതിസന്ധിയാണ് .പഴയ ചിഹ്നങ്ങൾക്കും ചിന്തകൾക്കും പുതിയ സാഹചര്യങ്ങൾക്കനുസരിച്ച് അർത്ഥങ്ങൾ സൃഷ്ടിക്കേണ്ടതുണ്ട്. ഇതാണ് യഥാർത്ഥ എഴുത്തുകാരൻ്റെ ലക്ഷ്യം. ശുദ്ധമായ മാനസികാവസ്ഥയാണ് ഈ അർത്ഥനിർമ്മിതി സാധ്യമാക്കുന്നത്. സർഗാത്മകമായ നിമിഷമാണിത്.  ഗുരു പറയുന്ന 'ഒരു ജാതി ഒരു മതം ഒരു ദൈവം' എന്ന ചിന്ത ഇങ്ങനെ നവീകരിക്കപ്പെട്ട് ഉണ്ടായതാണ്. അത് പഴയ ഒരു ചിന്തയുടെ ആവർത്തനമല്ല. അത് പുതുതായി ഭാവന ചെയ്തതാണ്.  ഒരു ജാതി എന്ന് കേൾക്കുമ്പോൾ ചിലർ വിചാരിക്കും നമ്മൾ ഓരോരുത്തരും പിറന്ന സ്വന്തം ജാതിയാണെന്ന്. എന്നാൽ ഇത് സാമ്പ്രദായിക ജാതിയല്ല .നമ്മുടെ ജാതിയെക്കുറിച്ചല്ല ഗുരു പറയുന്നത്. നമ്മെയെല്ലാം കൂട്ടിയോജിപ്പിക്കുന്ന തിരിച്ചറിവിൻ്റെ ,സ്നേഹത്തിൻ്റെ ,സാഹോദര്യത്തിൻ്റെ ,അനുകമ്പയുടെ ,വ്യഥയുടെ ,ഓർമ്മയുടെ ,സമഭാവനയുടെ ജാതിയാണത്. അനുകമ്പ എന്ന ഒരു വികാരമില്ലാത്തവനെ ഗുരു മനുഷ്യനായി പോലും പരിഗണിക്കുന്നില്ല .മനുഷ്യൻ എന്ന പദം തന്നെ ഗുരുവാണ് സാർവത്രികമായി ഉപയോഗിച്ചത്. അതിനു മുമ്പ് ഇങ്ങനെയൊരു 'മനുഷ്യൻ' ഇല്ലായിരുന്നു. 

നാറുന്ന ഉടലാകരുത് 

മനുഷ്യൻ ഉൾപ്പെടേണ്ടത് ദീനദയ എന്ന ജാതിയിലാണ്.ദീനദയ ഇല്ലാത്തവനെ  നാറുന്ന ഒരു ഉടലായി മാത്രമേ ഗുരു കാണുന്നുള്ളു. അവന് ഗുരുവിൻ്റെ മനുഷ്യജാതിയിൽ പ്രവേശിക്കാനാകില്ല. നമ്മൾ കൂടെ കൊണ്ടുനടന്ന പഴകിയ ,നാറുന്ന ഒരു വസ്ത്രമാണ് സാമ്പ്രദായിക ജാതി. അത് ഉപേക്ഷിച്ച ശേഷം  ഈ 
ഈ ലോകമാകുന്ന വലിയ ജാതിയിലേക്ക് സംക്രമിക്കണം. ഒരു വിശ്വജാതിയാണത്. നമ്മൾ ഏകവചനത്തെ ഉപേക്ഷിച്ച് ബഹുവചനത്തിലേക്ക് പ്രവേശിക്കണമെന്നാണ് ഇതിനർത്ഥം.ഒരു വലിയ ആൾസഞ്ചയത്തിൻ്റെ  പൊതുവായ ജാതിബോധത്തെയാണ് ഗുരു കാണുന്നത്. നമ്മളെല്ലാവരും മനുഷ്യൻ്റെ സ്വാഭാവികവും അനശ്വരവുമായ ജാതി എന്ന നിലയിലാണ് ഒരു ജാതി എന്നു പറയുന്നത്. 

ഒരു മതം എന്നു പറയുന്നത് ഏതെങ്കിലും പ്രത്യേക മതമല്ല ;ഹിന്ദുമതമല്ല, ഇസ്ലാംമതമല്ല ,ക്രിസ്തുമതമല്ല. നമ്മൾ പ്രത്യേക യാഥാസ്ഥിതികമതമല്ല ;പ്രത്യേക മതത്തിനു പകരമായിട്ട് എല്ലാ മതത്തിൽപ്പെട്ടവർക്കും കയറി നിൽക്കാവുന്ന ഒരു വലിയ കൂടാരമാണത്. വിശ്വധാർമ്മികതയുടെ മതമാണത്. ബയോ ഡൈവേഴ്സിറ്റി ഓഫ് റിലീജിയൻ (Bio diversity of religions) അതായത് മതങ്ങളുടെ ജൈവവൈവിധ്യമാണ് ഗുരു ആലോചിക്കുന്നത്. ഏതൊരു മതത്തിലും ഉൾപ്പെട്ടവർക്ക് പൊതുവായുള്ള ധർമ്മസാരം നാം ആരായണം. അതാണ് ഗുരുവിൻ്റെ മതം. അവിടെ നമുക്ക് ഭാരം കുറഞ്ഞ് ,ഒരു അപ്പൂപ്പൻ താടി  പോലെ പാറിപ്പറന്നു നടക്കാം. ഒന്നിൻ്റെയും ഭാരമില്ല. ചട്ടക്കൂടുകളോ  നിയന്ത്രണങ്ങളോ ആചാരങ്ങളോ ഇല്ല. ഇതൊന്നുമില്ലാത്ത സ്വതന്ത്രമായ ഒരു മാനവികതയാണ് ഗുരുവിൻ്റെ മതം.അതിൽ എല്ലാവർക്കും പ്രവേശനമുണ്ട്; മനുഷ്യർക്ക് മാത്രമല്ല ജീവജാലങ്ങൾക്കുമുണ്ട്.അതുകൊണ്ടാണ് ജീവികളെ കൊല്ലരുത് ,തിന്നരുത് എന്ന് ഗുരു ഉപദേശിച്ചത്. 

ഇനി ദൈവത്തെക്കുറിച്ച് ചിന്തിക്കാം. ദൈവം അനുഭൂതിയും ആശയവുമാണ്. ദൈവം എന്ന് പറയുന്നത് വലിയൊരു ആശയവും അനുഭൂതിയുമാണ്.  'ദൈവദശക 'ത്തിൽ സൃഷ്ടിയും സൃഷ്ടാവും സൃഷ്ടിക്കുള്ള സാമഗ്രിയും ദൈവമാണ് എന്നു പറഞ്ഞിരിക്കുന്നു. നമ്മൾ സൃഷ്ടിയാണ്, സ്രഷ്ടാവുമാണ്.നമ്മൾ സൃഷ്ടിക്കുന്നു ,സന്തതികളെയും സർഗാത്മകഭാവനകളെയും .നമ്മളിൽ സൃഷ്ടിയുടെ സാമഗ്രിയുണ്ട്. അതുകൊണ്ട് നമ്മൾ ദൈവാംശമാണ്. മനുഷ്യൻ ദൈവമാകുകയാണ്. മനുഷ്യൻ ദൈവമാകുമ്പോൾ ആ   ദൈവത്തെ തിന്മയിൽ മുക്കാതിരിക്കുക. നമ്മൾ പാപം ചെയ്താൽ നമ്മുടെ ദൈവവും അത് അനുകൂലിച്ച് നിൽക്കുകയാണ്.നമ്മുടെയുള്ളിലെ ദൈവത്തെ പാപിയാക്കരുത്. നമ്മുടെ ദൈവത്തെ പവിത്രമായി സംരക്ഷിക്കണം. ദൈവദശകത്തിൻ്റെ സന്ദേശമാണിത്. മനുഷ്യന് ഗുണപരമായി അഭിവൃദ്ധി പ്രാപിക്കാനാണ് ദൈവത്തിൻ്റെ ആവശ്യമുള്ളത് .ഈ ജാതീയത ഉൾക്കൊണ്ടാൽ ഗുരുവിൻ്റെദൈവത്തെയും അറിയാം.

വേറൊരു അദൃശ്യലോകം

ഇന്ദ്രിയ വൈരാഗ്യത്തിൽ പറയുന്നുണ്ട്, 'കാണും നിറം തരമിതൊക്കെയഴിഞ്ഞെഴും' എന്ന്.
നമ്മൾ കണ്ണുകൊണ്ട് കണ്ടതൊക്കെയും മാഞ്ഞുപോയി .വർഷങ്ങളോളം, നമ്മൾ ഒരുപാട് കാഴ്ചകൾ കണ്ടു. കണ്ടതിൻ്റെ ലഹരിയെല്ലാം നുകർന്നു. അതെല്ലാം മാഞ്ഞുപോയി .ഒന്നും കാണാനില്ല. എല്ലാം മിഥ്യ. ഈ  കണ്ടതെല്ലാം കഴിഞ്ഞിട്ടാണ് ദൈവത്തിൻ്റെ ഭാഗം വരുന്നത്. ദൈവം എന്നു പറയുന്നത് പ്രത്യക്ഷതയിലുള്ളതല്ല .ദൈവം  അദൃശ്യമായിരിക്കുന്നത് അതുകൊണ്ടാണ്. ലോകത്തിൻ്റെ അദൃശ്യതയുടെ തലത്തിലാണ് ദൈവമുള്ളത്. ദൃശ്യമായി കാണുന്നതല്ലാതെ, കാണാൻ പറ്റാത്തതായിട്ടുള്ള വേറൊരു ലോക വുമുണ്ട്. രാത്രിയിൽ കണ്ട ഒരു പൂവിൻ്റെ മൊട്ട് രാവിലെ വിടർന്നു നില്ക്കുന്നു. നഗ്നനേത്രങ്ങൾകൊണ്ട് അത് നമുക്ക് കാണാൻ സാധിക്കില്ല. ആ അദൃശ്യതയിലാണ് ദൈവമിരിക്കുന്നത്. ദൈവം പ്രത്യക്ഷത്തിലിരിക്കാത്തത് അതുകൊണ്ടാണ്. ജീവജാലങ്ങൾക്ക് അപ്രത്യക്ഷമായ നിലയിലാണ് ലോകം ചലിക്കുന്നത് .ഭൂമി ,കാലം ,ഗ്രഹങ്ങൾ ,ഭാവി ഇതൊന്നും നമ്മുടെ കൺമുന്നിലില്ല .കണ്ണുകളുടെ ശേഷിക്കപ്പുറത്താണ് വലിയ ലോകം .പ്രപഞ്ചത്തെയെന്ന പോലെ സൂക്ഷ്മജീവികളെയും നാം കാണുന്നില്ല. ഭാവിയെ നാം കാണുന്നില്ല. ഭാവിയിലാണ് ദൈവം .അദൃശ്യതയിലാണ് ജ്ഞാനവും ഭാവിയും കാലവുമെല്ലാമുള്ളത്. നമുക്ക് അറിയാൻ കഴിയാത്തിടത്താണ് ദൈവത്തിൻ്റെ ആവശ്യവും ശക്തിയും. അതുകൊണ്ട് ദൈവത്തിനു അദൃശ്യമായിരിക്കാനേ കഴിയൂ . 'കാണും നിറം  തരമിതൊക്കെയഴിഞ്ഞെഴും' എന്നു ഗുരു പറഞ്ഞത് ഇവിടെ അന്വേഷിക്കുക. കാഴ്ചയിലല്ല ദൈവമുള്ളത്. 

ഇത് കൃത്രിമബുദ്ധിയുടെയും അൽഗോരിതത്തിൻ്റെയും ഡേറ്റയുടെയും കാലമാണല്ലോ .ഈ കാലത്ത് നാം ഗുരുവിലേക്ക് തിരിയേണ്ടതിൻ്റെ ആവശ്യകതയുണ്ട്. പുതിയൊരു സാഹചര്യമാണിത്. ഇതിനു മുമ്പ് ഉണ്ടാകാത്ത സമസ്യകൾ നമുക്കു മുന്നിലെത്തിയിരിക്കുന്നു.  ടെലിവിഷൻ്റെയും മൊബൈൽ ഫോണിൻ്റെയും അതിവേഗത്തിലൂടെ നമ്മുടെ ഓർമ്മകൾ ഇല്ലാതാവുകയാണ്. ഒരു സിനിമ ഇരുപത് തവണ കണ്ടാലും നമുക്കൊന്നും ഓർമ്മയില്ല. വീണ്ടും വീണ്ടും കാണുന്നതാണ് നമ്മുടെ ഓർമ്മകൾ . മറവിയാണ് അടുക്കി വയ്ക്കുന്നത്. മറവിയാണ് നിർമ്മിക്കപ്പെടുന്നത്. ബ്ളോഗ് ,സെർച്ച് എഞ്ചിൻ തടങ്ങിയവ ഉപയോഗിക്കുമ്പോൾ കൃത്രിമബുദ്ധിയിലൂടെ പ്രവർത്തിക്കുന്ന യന്ത്രങ്ങളാണ് ചോദ്യങ്ങൾക്ക് മറുപടി പറയുന്നത്. കണ്ണില്ലാത്ത യന്ത്രങ്ങൾ നിയന്ത്രിക്കുന്ന ലോകമാണിത്. യന്ത്രമനുഷ്യനായ റോബോട്ടിനു കണ്ണില്ലല്ലോ .കുറെ കഴിയുമ്പോൾ നമ്മളും റോബോട്ടായി മാറും .സ്നേഹത്തിനു ഉപയോഗമില്ലാതായി. സ്നേഹം ഇന്ന് അനിവാര്യതയോ ലക്ഷ്യമോ അല്ല .ഫേസ്ബുക്കിൽ അയ്യായിരം സുഹൃത്തുക്കൾ ഉള്ളപ്പോൾ ഒരാളോടു മാത്രമായ സ്നേഹം അപ്രത്യക്ഷമായി. അനുഭവങ്ങൾ വില കൊടുത്തു മേടിക്കാൻ പറ്റും .വില കൂടിയ വസ്തുക്കൾ സാംസ്കാരിക ചിഹ്നങ്ങളായി. ഒരു വലിയ ഫുഡ് കോർട്ടിൽ ചെന്ന് വിലകൂടിയ  ഭക്ഷണം വാങ്ങി കഴിച്ചിട്ട് ഇറങ്ങുമ്പോൾ നിങ്ങൾ ഈ കാലഘട്ടത്തിലെ തരക്കേടില്ലാത്ത  സാംസ്കാരികമായി ജീവിയാണ്.  കാരണം ,നിങ്ങൾക്ക് മാത്രമേ ഈ  അനുഭവം കിട്ടിയിട്ടുള്ളു. അപൂർവ്വവും വില കൂടിയതുമായ അനുഭവം ഉള്ളവനാണ് ഇന്നത്തെ സാംസ്കാരിക ബുദ്ധിജീവി.അതുകൊണ്ടാണ് ആളുകൾ ഇന്ന് സ്പേസിൽ പോകാൻ വേണ്ടി സീറ്റ് ബുക്ക്ചെയ്ത് കാത്തിരിക്കുന്നത്. അവർക്ക് സാംസ്കാരിക ബുദ്ധിജീവിയാകാൻ വേണ്ടി വലിയ അനുഭവങ്ങൾ വിലകൊടുത്തു വാങ്ങേണ്ടി വരുന്നു.നിങ്ങൾക്ക് വില കൊടുത്തു വാങ്ങാൻ എന്തെല്ലാം ലോകത്ത് പുതുതായി ഉണ്ടോ ,അത് നേടുന്ന മുറയ്ക്ക് നിങ്ങൾ ഈ ലോകത്തിലെ ഏറ്റവും വലിയ സാംസ്കാരി ബുദ്ധിജീവിയായിത്തീരും.

മനുഷ്യശൂന്യത

അനുഭവങ്ങൾ വിലകൊടുത്തു വാങ്ങാൻ സാധിക്കുന്ന ഒരു സാഹചര്യം വന്നതുകൊണ്ട് സ്വാഭാവികവും  സത്യസന്ധവും ആത്മാർത്ഥവുമായ   മനുഷ്യവികാരങ്ങൾക്ക് പ്രസക്തി നഷ്ടപ്പെടുകയാണ്. മനഷ്യൻ്റെ വികാരങ്ങൾക്ക് സാഹിത്യത്തിൽ പോലും ഇടമില്ലാതായി. സ്വർഗത്തിനു വേണ്ടി നമ്മൾ മുറവിളികൂട്ടുകയാണ്. ആ 'സ്വർഗം' നമ്മുടെ തൊട്ടടുത്തുണ്ട്. ഉറ്റവരെ കൊന്നിട്ടു വേണം അത് സ്വന്തമാക്കാനെന്ന ചിന്ത എത്ര ഭയാനകമാണ്! .വേഗത്തിൻ്റെ ഈ ജീവിതം ആത്മശൂന്യമാണ്. കൃത്രിമബുദ്ധിയുടെയും സ്നേഹശൂന്യതയുടെയും ഫലമായി  ഭീകരമായ മനുഷ്യശൂന്യത(Human Emptiness)യാണ് ഉണ്ടാകുന്നത്. ആരോടും ഒരു ബന്ധവും ആവശ്യമില്ലാത്ത ,അകൽച്ചയുടെ പുതിയ അവസ്ഥയാണിത്.  ഈ വരൾച്ച മറികടക്കാനാണ് സാഹിത്യരചനകൾ ഉണ്ടാകേണ്ടത്.
യുക്തി എല്ലാത്തിനുമുള്ള ഉത്തരമല്ല. 

അമേരിക്കൻ ശാസ്ത്രചിന്തകനായ ഫ്രിജോഫ് കാപ്രയുടെ 'താവോ ഓഫ് ഫിസിക്സ് 'എന്ന ഒരു പുസ്തകമുണ്ട്. താവോ എന്നു പറഞ്ഞാൽ ചൈനക്കാരുടെ പ്രാചീനമായ ഒരു മതാനുഭവമാണ്. താവോ ഒരാൾക്കും പറഞ്ഞുകൊടുക്കാൻ കഴിയില്ല .അത് സ്വയം അനുഭവിക്കണം. ഈ പ്രപഞ്ചവുമായി രമ്യതയിലെത്തുന്നതിനു ഒരു പുസ്തകം വായിച്ചാൽ മതിയാവുകയില്ല . ഒറ്റയ്ക്ക് നടന്ന് ജീവിച്ച് ആ രമ്യതയിലെത്തുന്നതിനു നമ്മൾ തന്നെ പ്രയത്നിക്കണം. ബുദ്ധൻ്റെ മാർഗവും ഇതു തന്നെ.

ഹെർമൻ ഹെസ്സെയുടെ 'സിദ്ധാർത്ഥ' എന്ന നോവലിൽ പ്രധാന കഥാപാത്രം  ഒരു നദിക്കരയിൽ വന്നിരിക്കുന്ന രംഗമുണ്ട്. അവിടെ വെള്ളം ഒഴുകുന്നതിൻ്റെ ശബ്ദം അയാളുടെ ശ്രദ്ധയിൽപ്പെടുന്നു. ആദ്യമായി അയാൾ അതിൻ്റെ സ്വാധീനത്തിലാവുന്നു .അയാളുടെ  മനസ്സിൽ അപ്പോൾ ഒന്നുമില്ലായിരുന്നതുകൊണ്ട് വെള്ളം  ഒഴുകുന്ന ശബ്ദത്തിൽ സംഗീതം ശ്രവിക്കാൻ കഴിഞ്ഞു. കുറേ നേരത്തെ നിരീക്ഷണത്തിനു ശേഷം അത് ഓങ്കാരമാണെന്ന് അയാൾക്ക്  മനസ്സിലായി .അത് വലിയൊരു അറിവായിരുന്നു .അത്  മനസ്സിലാക്കാൻ സഹായിച്ചത് ഒരു ഗുരുവല്ല ; സ്വന്തം മനസ്സാണ്. താവോ അങ്ങനെയാണ്. സ്വാനുഭവത്തിലൂടെ പ്രാപഞ്ചികമായ രമ്യതയിലേക്ക് എത്തുകയാണ്. അങ്ങനെ സ്വാനുഭവത്തിലൂടെ രമ്യതയിലെത്തിച്ചേ രണമെന്നാണ് ഫിസിക്സ് ഇത്രയും പഠിച്ച ഒരു വ്യക്തി എഴുതി വച്ചിരിക്കുന്നത്. ഇങ്ങനെ പലരും ശാസ്ത്രത്തെ പഠിച്ചിട്ട് അവസാനം ആത്മീയദർശനത്തിലേക്ക് കടന്നുവരുന്നുണ്ട് .നമ്മുടെ യുക്തിവാദിയായ കവികൾക്ക് ഇതൊന്നും മനസ്സിലാകില്ല .

ജീവിക്കുക എന്ന അനുഭൂതി 

ആത്മീയദർശനത്തിൽ നമ്മൾ ഈ ലോകത്തിൽ ആരാണെന്ന ചോദ്യം അന്തർഭവിച്ചിരിക്കുന്നു. പതിനെട്ടാം നൂറ്റാണ്ടിൽ വേർഡ്സ്വർത്തും കോളിറിഡ്ജും കൂടി എഴുതിയ 'ലിറിക്കൽ ബല്ലാഡ്സ്' (Lyrical Ballads) എന്ന കവിതാ സമാഹാരത്തിൽ വേർഡ്സ്വർത്ത് എഴുതിയ ആമുഖം ഈ ലോകത്തുള്ള മിക്കവാറും യൂണിവേഴ്സിറ്റികളിൽ പഠിപ്പിച്ചിട്ടുള്ളതാണ്. അത് ഈ ലോകത്തെ തന്നെ സ്വാധീനിച്ച ലേഖനമാണ്. അതിൽ വേർഡ്സ്വർത്ത് പറയുന്നുണ്ട് ,ശാസ്ത്രത്തിൻ്റെ യുക്തികളെ സംബന്ധിച്ച് തനിക്ക് എതിർ അഭിപ്രായങ്ങളുണ്ടെന്ന്. ശാസ്ത്രീയമായ യുക്തികൾകൊണ്ട്  സാമാന്യവത്ക്കരിക്കാൻ കഴിയാത്തതുകൊണ്ടാണ് താൻ റൊമാൻറിക്കായി കവിതകൾ എഴുതുന്നത്. അപ്പോൾ നമുക്ക് റൊമാൻറിക് മൈൻഡ് ഉണ്ട്. അത് നമ്മുടെ ഒരു  സ്വപ്നമാണ് ,ഭാവനയാണ്. അതിനെ ശാസ്ത്രത്തിന് കീഴ്പ്പെടുത്താൻ കഴിയില്ല .ജീവിക്കുക എന്ന അനുഭൂതി സാഹിത്യത്തിനു വേണം. എല്ലാം ശാസ്ത്രത്തിൻ്റെ നിർമ്മിതബുദ്ധിക്ക്  അടിയറവ് പറഞ്ഞാൽ ഗുരു പറഞ്ഞ അൻപ് ഇല്ലാതാകും. മനുഷ്യൻ ദയയില്ലാത്തവനായി മാറും ,സാങ്കേതികമായി മുന്നേറുമ്പോഴും. മനുഷ്യത്വം എന്നാൽ  ശാസ്ത്രകാരനെന്നല്ല അർത്ഥം.  മറ്റുള്ളവർക്ക് എന്തെങ്കിലും സഹായം കൊടുക്കാൻ മനസുള്ള ,സാമാന്യബുദ്ധിയുള്ള ആളെയാണ് മനുഷ്യത്വമുള്ളവനെന്ന്  പറയുന്നത് .

റോബോട്ടുകളുടെ പുതിയ ലോകം  മനുഷ്യനെ ആന്തരികമായി നശിപ്പിക്കുമോ എന്നാണ് നാം ചിന്തിക്കേണ്ടത്. മനുഷ്യൻ ഇല്ലാതെ വണ്ടി ഓടുകയാണ്. ആകാശത്തിൽ ആളില്ലാത്ത ഡ്രോൺ കാമറകൾ പറക്കുന്നു. മനുഷ്യനെകൊണ്ട് യാതൊരു ആവശ്യവുമില്ലാതെ വരുമോ ? നമ്മുടെ ചിന്തകളെല്ലാം എവിടെപ്പോയി ? സംസ്കാരം വിലകൊടുത്താൽ കിട്ടുമല്ലോ .അപ്പോൾ മനുഷ്യൻ എവിടെയാണ് ? ഈ സാഹചര്യത്തിലാണ് ഗുരുവിൻ്റെ സാഹിത്യം നമുക്ക് നഷ്ടപ്പെട്ട ആത്മീയത വീണ്ടെടുത്ത് തരുന്നത്. മനുഷ്യൻ ഒരു പുതിയ സന്ദേശമാണ് ഗുരുവിൻ്റെ സാഹിത്യത്തിൽ ;മനുഷ്യൻ നന്നായി മതി. മനുഷ്യൻ്റെ ജീവിതം ഈ ലോകത്തെ ശുദ്ധീകരിക്കട്ടെ.

No comments:

Post a Comment

അക്ഷരജാലകം ഇരുപത്തിയഞ്ച് വർഷങ്ങൾ പിന്നിട്ടിരിക്കുന്നു: എം. സി. രാജനാരായണൻ

  ഇന്ത്യയിലെ പ്രശസ്ത സിനിമാ വിമർശകനും ഫിപ്രസി അംഗവും ഗ്രന്ഥകാരനുമായ എം.സി. രാജനാരായണൻ എഴുതുന്നു പ്രചാരവും സ്വീകാര്യതയും നിലനിർത്തിക്കൊണ്ട്‌ ...