Thursday, March 31, 2022

പുലി വിഷാദരോഗിയാണ്; മനുഷ്യനും?/എം.കെ.ഹരികുമാർ

 





Straw dogs :Thoughts on humans and other Animals എന്ന പുസ്തകം എഴുതിയ ജോൺ ഗ്രേ (John Gray) പറയുന്നുണ്ട് ,പ്രകൃതിയിലെ ജീവികൾ (മനുഷ്യനൊഴികെ)അവയുടെ ജീവിതത്തിനപ്പുറം മറ്റൊരു അർത്ഥവും കാണുന്നില്ലെന്ന്. മനുഷ്യൻ മൃഗമല്ലാത്തതുകൊണ്ടാണത്രേ അവനു ചരിത്രമുള്ളത്. അവൻ അറിയത്തക്കതല്ലാത്ത ജീവിതത്തിൻ്റെ ആകെത്തുകയായി പൂർവ്വകാലത്തെ എഴുതിവയ്ക്കുന്നു. ഒരു പൂച്ചയ്ക്ക് അതിൻ്റെ ആവശ്യമില്ല. പൂച്ച തൻ്റെ  സ്വഭാവത്തെ ,പ്രകൃതിയെ നന്നായി മനസ്സിലാക്കുന്നതുകൊണ്ട്  എപ്പോഴും സന്തോഷം നേടാൻ കഴിയുന്നു എന്നാണ് ഗ്രേ പറയുന്നത്.

ആത്മബോധമില്ലാത്തതുകൊണ്ട് മറ്റു ജീവികൾ അസ്തിത്വപ്രതിസന്ധി (Existential Dilemma)  അഭിമുഖീകരിക്കുന്നില്ല എന്നു ജോൺ ഗ്രേ പറയുന്നതിനോട് യോജിക്കാനാവില്ല .അവയുടെ മേൽ അടിച്ചേൽപ്പിക്കപ്പെട്ട ഒരു പ്രതിസന്ധിയുണ്ട്. അത് സ്വന്തം പ്രകൃതിയെ മനസ്സിലാക്കാത്തതുകൊണ്ട്  സംഭവിക്കുന്നതല്ല. ഭൂരിപക്ഷം ജീവികളും അവയേക്കാൾ ശക്തിയുള്ള  ഒരു എതിരാളിയോ ,ഒരു കൂട്ടം എതിരാളികളോ അടുത്തുവരുമ്പോൾ തീർച്ചയായും അവ പ്രാണരക്ഷാർത്ഥം ഓടുകയാണ് ചെയ്യുന്നത്. അവയുടെ ബുദ്ധിയുടെ പരമാവധി ഉപയോഗിച്ച് രക്ഷപ്പെടാൻ ശ്രമിക്കും ;സർവശക്തിയുമുപയോഗിച്ചു ചെറുക്കുകയും ചെയ്യും. ഇതിനപ്പുറം, വിശ്രമിക്കുമ്പോഴും ഇരതേടുമ്പോഴും ജീവികൾ അഭിമുഖീകരിക്കുന്ന അസ്തിത്വപ്രശ്നങ്ങൾ വേറെയാണ്.

ജീവിതത്തിൽ ഒരർത്ഥം കണ്ടെത്താനുള്ള ശ്രമമാണ് അസ്തിത്വപ്രതിസന്ധിയുണ്ടാക്കുന്നത്. ഒരു ജീവിയും മുൻകൂട്ടി അനുവാദം ചോദിച്ചിട്ടല്ലല്ലോ ജനിക്കുന്നത്.  മനുഷ്യനും അങ്ങനെയാണല്ലോ . മഹാബുദ്ധിശാലിയായ മനുഷ്യനു സ്വന്തം ജന്മത്തിൻ്റെ കാര്യത്തിൽ ഒരധികാരവും പ്രയോഗിക്കാൻ നിവൃത്തിയില്ല .അവൻ എവിടെയോ ജനിക്കുന്നു ;എങ്ങനെയോ ചിന്തിക്കാനുള്ള ശേഷി നേടുന്നു. ഇതൊന്നും അവൻ്റെ  ആജ്ഞക്കനുസരിച്ച് സംഭവിക്കുന്നതല്ലല്ലോ. ജീവിതത്തിൽ എന്തെങ്കിലും നേടണമെങ്കിൽ അവന് പ്രതികൂലസാഹചര്യങ്ങളെ നേരിടേണ്ടി വരും. അവൻ ഒരർത്ഥം കണ്ടെത്താൻ പാടുപെടണം. എല്ലാ നിരർത്ഥകതകളും  തിരിച്ചടികളും അവനെ മാത്രം ആശ്രയിച്ചാണിരിക്കുന്നത്. അവൻ്റെ  അനുഭവങ്ങളുടെ കേന്ദ്രവും  ഉത്തരവാദിത്തവും മറ്റൊരാളിലേക്ക് കൈമാറാനാവില്ല .അവൻ ചെയ്യുന്ന പ്രവൃത്തികളുടെ ഭാഗധേയം  അവനറിയില്ല .അസ്തിത്വം  എന്തിനാണെന്ന പ്രാഥമികമായ ചോദ്യത്തിനു തൃപ്തികരമായ ഉത്തരമില്ലാതിരിക്കെ ,അവൻ സ്വന്തം ഭാവനയ്ക്കൊത്ത് ചിലതെല്ലാം  കണ്ടുപിടിക്കുന്നു ;മൂല്യങ്ങൾക്കായി പരതുന്നു. മൂല്യങ്ങളുടെ അടിമയായാൽ സ്വാസ്ഥ്യം ലഭിക്കുമെന്ന് കരുതി അതിനുള്ളിലേക്ക് വലിഞ്ഞു ഒരു ദോഷൈകദൃക്കായി മാറുന്നു. തനിക്കു പുറത്തുള്ളതെല്ലാം തെറ്റാണെന്ന് അവൻ വിചാരിക്കുന്നു. തൻ്റെ യുക്തിയാണ് ഏറ്റവും സത്യമുള്ള വാൾ എന്ന മിഥ്യാധാരണയിൽ അവൻ എത്തിച്ചേരുന്നു. അതേസമയം തൻ്റെ നിശ്ചിതമായ സൂത്രവാക്യങ്ങൾക്ക് പുറത്ത് അപ്രവചനീയമായ ഒരു ലോകമുണ്ടെന്ന് ചിന്തിക്കുന്നവനാണ് അസ്തിത്വവ്യഥയനുഭവിക്കുന്നത്.

സ്വതന്ത്രമായി നിന്ന് അവൻ  ജീവിതത്തിലെ കർമ്മങ്ങൾക്ക് എന്തെങ്കിലും അർത്ഥമുണ്ടോ എന്നു ചിന്തിക്കുന്നു .വിശ്വാസിയാകാൻ
മനസ്സില്ലെങ്കിൽ കഷ്ടപ്പെടും. അർത്ഥമില്ലാതെ ഉഴറും. തൻ്റെ വികാരങ്ങൾ തന്നെ ചതിക്കുന്നുണ്ടോയെന്ന് ചിന്തിക്കാൻ തുടങ്ങും .ഇത് ജീവി എന്ന നിലയിലുള്ള കുഴപ്പമാണ്. ജീവിക്കുന്നതുതന്നെ ഒരു കുഴപ്പമായി തീരുകയാണ്. കാരണം, യാതൊന്നാണോ തീരുമാനിക്കുന്നത്, അത് ആത്യന്തികമായി ശരിയാകണമെന്നില്ല; തുടക്കത്തിൽ  ശരിയാണെങ്കിലും പിന്നീട് തെറ്റിപ്പോകുന്നു. ശരിയാണെന്ന് തോന്നുന്ന നിമിഷത്തിൽ പല സാധ്യതകൾ ഉണ്ടായിരിക്കാം. ഏതെങ്കിലുമൊന്നു തിരഞ്ഞെടുക്കുകയേ മാർഗ്ഗമുള്ളൂ. അതിൻ്റെയർത്ഥം ഒരു പ്രശ്നത്തിനു  മുൻകൂട്ടി നിർമ്മിക്കപ്പെട്ട ഒരു  ഉത്തരമില്ല എന്നാണ് ;നമ്മുടെ യുക്തിക്കനുസരിച്ച് കണ്ടെത്തുകയാണ് .അതിൻ്റെ  പേരിലുള്ള വ്യഥ ഒരിക്കലും അവസാനിക്കുകയില്ല .ഇതാണ് മനുഷ്യൻ്റെ സ്വാഭാവികമായ അസ്തിത്വവ്യഥ .എന്നാൽ ഒരു പുലിയുടെ വ്യഥ ഇതിൽ നിന്ന് ഭിന്നമാണ് .അതിൻ്റെ പ്രകൃതിയിൽ നിസ്സഹായമായ വിധത്തിൽ ഈ ദുരവസ്ഥ വിന്യസിക്കപ്പെട്ടിരിക്കുകയാണ്. പുലിക്ക് അതിൻ്റെ അനിവാര്യമായ വിധിയിൽനിന്ന് മാറിനിൽക്കാനാവില്ല. ധാർമ്മികമായ വ്യഥയെക്കുറിച്ച് മറ്റൊരു ജീവിയോടു സംവദിക്കാനാവില്ല.
കാരണം, അതിൻ്റെ ജീവിതത്തിൻ്റെ  നിലനിൽപ്പുതന്നെ അധാർമ്മികമായ  കടന്നുകയറ്റത്തിൽ തളച്ചിടപ്പെട്ടിരിക്കയാണ്. 

ജീവിതത്തിനുള്ളിലെ കാടുകൾ

അസ്തിത്വത്തെ നമുക്കു നിർവ്വചിക്കാൻ കഴിയുമോ? പലരും അതിനു ശ്രമിച്ചിട്ടുണ്ട്. ചിലർ തത്ത്വശാസ്ത്രത്തിലൂടെ മറികടക്കാൻ ശ്രമിച്ചു. സൗന്ദര്യം ഒരുപാധിയാണ് .വസ്തുക്കളിലെ സൗന്ദര്യം കണ്ടെത്താൻ ശ്രമിക്കുന്നതിൽ വ്യക്തിപരമായ സ്വഭാവവൈചിത്ര്യം ഒരു ഘടകമാണ്. വ്യക്തിപരമായ നോട്ടം ഒരാളുടെ അസ്തിത്വത്തിൻ്റെ സമസ്യയാണ്.എന്തുകൊണ്ടാണ് ഒരാൾ വേറിടാനായി ,വസ്തുവിൽ തൻ്റേതായ തൊങ്ങലുകൾ വച്ചുപിടിപ്പിക്കുന്നത് ?ശില്പപരമായ അലങ്കാരങ്ങളുണ്ടാക്കുന്നത് ?സത്യത്തെയാണോ നാം അലങ്കരിക്കുന്നത്? അല്ലെങ്കിൽ സത്യത്തെ നോക്കാൻ ഭയമായിരിക്കും. സൗന്ദര്യത്തെ ഏതായാലും , സമീപിക്കാൻ പ്രയാസമാണ്. അപ്രതീക്ഷിതവും അപ്രവചനീയവുമായ സൗന്ദര്യത്തെ നേരിടാനാവാതെ കലാകാരൻ ഉന്മാദിയാവുകയാണ് ചെയ്യുന്നത്. സൗന്ദര്യം തീയാണ്. അതിനടുത്തേക്ക് ചെന്നാൽ വെന്തുപോകും. സാധാരണമായ ജീവിതം തള്ളിക്കളഞ്ഞുകൊണ്ട് അപാരതയെക്കുറിച്ചുള്ള വാക്കുകൾക്കായി കലാകാരന്മാർ ജീവിതത്തിനുള്ളിലെ കാടുകൾ അന്വേഷിക്കുന്നു. ഒരു തണൽ, തീർത്തും അനൈഹികമായ തണൽ അവിടെ തേടാവുന്നതാണ്.

സൗന്ദര്യത്തിന്മേൽ നമുക്ക് ഒരു ഉപാധിയും സാധ്യമല്ല;അത് ഒരു വ്യാഖ്യാനവും കാഴ്ചയുമാണ്. ചന്ദ്രികാ ചർച്ചിതമായ രാത്രി ഓരോ മനുഷ്യൻ്റെയും വ്യഥ എന്ന അർത്ഥത്തിൽ വ്യത്യസ്തമാണ്. എങ്കിലും അത് എപ്പോഴും എല്ലായിടത്തും ഒരുപോലെയല്ല. എല്ലാം ഒന്നുപോലെ അല്ലാത്തതുപോലെ, ഒരാൾക്ക് അത് എപ്പോഴും ഒരുപോലെയല്ല. നമ്മൾ സൗന്ദര്യജീവിയാകയാൽ ജീവിക്കാനും സ്വപ്നംകാണാനും വയസ്സാവാനും വാക്കുകൾ തേടുന്നു. വാക്കുകൾകൊണ്ടാണ് നമ്മൾ  വയസ്സാവുന്നത്; വാക്കുകളാണ് ചിന്തയാകുന്നത് .വാക്കുകളിലാണ് നാം സൗന്ദര്യത്തെ നിർവ്വചിക്കുന്നത് ;വാക്കുകളിൽ നാം ജീവിക്കുകയാണ്.

കൊല്ലുക എന്ന ധർമ്മം 

മനുഷ്യൻ്റെ ജന്മവാസനയിൽ, പ്രകൃതത്തിൽ മാറ്റംവരുത്താൻ സൗന്ദര്യത്തിനോ കലയ്ക്കോ കഴിയില്ല. കഴിയുമെന്ന വിശ്വാസത്തിൽ നാം പ്രലോഭനങ്ങളളുടെയും സന്തോഷങ്ങളുടെയും മലനിരകൾ കയറുന്നു. സ്വയം ശുദ്ധീകരിക്കാൻ നമുക്ക് കലയെങ്കിലുമുണ്ട്; അറിവുകളുണ്ട്. എന്നാൽ പ്രാണികൾക്കും ജന്തുക്കൾക്കും അതിന് കഴിയുന്നില്ല .ഒരു ജീവിക്ക് ഇണങ്ങാത്ത അസ്തിത്വനിർവ്വചനം നമുക്കെങ്ങനെ സ്വീകരിക്കാനാവും ? നമ്മുടെ അസ്തിത്വത്തെക്കുറിച്ചുള്ള നിഗമനങ്ങളും തത്ത്വങ്ങളും വളരെ സങ്കുചിതവും നൈമിഷികവും സമ്മിശ്രവുമാണ്;എപ്പോഴും ഏകപക്ഷീയമായിരിക്കുമത്.നമ്മൾ തന്നെ നാൾക്കു നാൾ നിഷേധിക്കുന്നതുമാണത്.

I have no chair
Nor church
Nor philosophy

എന്നു വാൾട്ട് വിറ്റ്മാൻ ‘ലീവ്സ് ഓഫ് ഗ്രാസി’(Leaves of Grass) ൽ പറഞ്ഞത് ആത്മവിചാരണയ്ക്ക് സഹായിക്കും. നമുക്ക് ഒരിടമില്ല; ആരാധനാലയവുമില്ല, തത്ത്വശാസ്ത്രവുമില്ല. എല്ലാം ഉണ്ടെന്ന് ഭാവിക്കുകയും ,അടുത്ത ക്ഷണം അതിനെ നിരാകരിക്കുകയും ചെയ്യുകയാണ്. ഒന്നിലും ഉറച്ചു നില്ക്കാനാവുന്നില്ല .നമ്മുടെ നിർവ്വചനങ്ങൾ മനുഷ്യശരീരത്തിൻ്റെ അതിരുകൾക്കകത്ത് മാത്രമേ നിലനിൽക്കുന്നുള്ളൂ .മനുഷ്യൻ വ്യക്തിഗതമായ ശാരീരികാനുഭവങ്ങളുടെ തടവറയിലാണ്. അതിനു പുറത്തുള്ളതെല്ലാം അവൻ നിരാകരിക്കുകയാണ്.

ഒരു പുലി എന്തിനു വിഷാദിക്കണം ,ഒരു മൃഗത്തെ കൊന്നു തിന്നുന്നതിൻ്റെ പേരിൽ? .അസ്തിത്വപരമായ പ്രതിസന്ധി ഏറ്റവുമധികം അനുഭവിക്കുന്ന ജീവികളിലൊന്നാണ് പുലി. പുലിക്ക് കൊല്ലാതെ ഭക്ഷിക്കാനാവില്ല .കാരണം, അതിൻ്റെ പ്രകൃതിയിൽ ,ജന്മവാസനയിൽ കൊല്ലുന്നത് അനിവാര്യതയാക്കി നിബന്ധിച്ചിരിക്കുകയാണ് .ദൈവം എന്തിനാണ്, ദീനവിലാപങ്ങൾ കേട്ടാലും യാതൊന്നും തോന്നാത്തവിധം കൊല നടപ്പാക്കാനുള്ള നിഷ്ഠ അതിൽ സന്നിവേശിപ്പിച്ചിരിക്കുന്നത് ? പുലിയുടെ അസ്തിത്വപരമായ പ്രതിസന്ധിയാണിത്. ജന്മവാസനയിൽ സ്വയം നിറഞ്ഞ് ,നിഷ്കളങ്കമായി ജീവിക്കുന്ന പുലി ,താനറിയാതെ , തൻ്റെ സമ്മതമില്ലാതെ ഒരു നിയോഗം ഏറ്റെടുത്തിരിക്കുകയാണ് .കൊല്ലുന്നത് നിസ്സഹായമാകുന്ന വല്ലാത്ത ഒരു അവസ്ഥയാണിത്. മനുഷ്യരെ കൊന്നു തിന്നുന്നതിനേക്കാൾ ആയിരം മടങ്ങ് വലിയ പ്രതിസന്ധിയാണിത്.പുലിക്ക് അതിൽ നിന്നു പിന്നോക്കം പോകാനാവില്ല. ദൈവത്തിൻ്റെ ഒരു കൈയ്യൊപ്പ് ഇതിൽ കാണാവുന്നതാണ്.

നിഷ്കളങ്കമായി മാംസഭുക്കാകുന്നു 

വിശേഷബുദ്ധിയോ സ്വപ്നങ്ങളോ ഇല്ലാത്ത ഒരു ജീവിക്ക് ആരെയെങ്കിലും കൊല്ലാതെ ജീവിക്കാനാകില്ല;ജീവിതത്തിലെ ഒരു കെണി. കൊല്ലുന്നതിന് വേറൊരു അർത്ഥമാണിവിടെ കാണാനാവുക. കൊല്ലൽ ഒരു ക്രൂരതയല്ല. ബോധപൂർവ്വമായ കൊലയല്ല; പൂർവ്വവൈരാഗ്യത്തിൻ്റെ പേരിലുള്ള കൊലയല്ല .ആ കൊലയിൽ പകയില്ല.
മനുഷ്യൻ ചെയ്യുന്ന നൂറായിരം തരത്തിലുള്ള കൊലകളിൽ ഒന്നുപോലും ഇതിനേക്കാൾ നിസ്സഹായമല്ല. പുലി ഒരു കുരങ്ങനെയോ മാനിനെയോ പിടിക്കുന്നത്, വിശപ്പല്ലാതെ മറ്റൊരു കാരണവുമില്ലാതെയാണ്. വിശക്കുന്നവർക്ക് ഭക്ഷണം എത്തിക്കലാണോ ഈ ചെറുജീവികളുടെ ഉത്തരവാദിത്തം ?

പുലിയുടെ ജീവിതത്തിനു ഒഴിവാക്കാനാവാത്ത ഈ ക്രൂരതയ്ക്ക് ,യാതൊരു തെറ്റും ചെയ്യാതെ മറ്റു ജീവികൾ ഇരയാകുന്നു. പുലിയാകട്ടെ തനിക്ക് ഇരയായി കിട്ടിയ ജീവികളുടെ മേലുള്ള കടന്നുകയറ്റത്തിന് കാരണമായി അത് മനസ്സിലാക്കുന്നത് തൻ്റെ വിശപ്പ് മാത്രമാണ്. വെറുക്കാതെ, പകയില്ലാതെ അതിനു കൊല്ലേണ്ടിവരുന്നു. കൊല്ലുക മാത്രമല്ല അതിനെ തിന്നുകയും ചെയ്യുന്നു. തിന്നു കഴിയുന്നതോടെ അതു വീണ്ടും തൻ്റെ നിർവ്വികാരതയിലേക്ക് തിരിച്ചു വരുന്നു.ഒരു മാംസഭുക്കാവുക ,പുലിയുടെ തിരഞ്ഞെടുപ്പല്ല. വളരെ ദുരൂഹമായ അസ്തിത്വപരമായ തിരഞ്ഞെടുപ്പാണിത്; നിഷ്കളങ്കതയുടെ ചിഹ്നമാണത് .

പുലിക്ക് തൻ്റെ അസ്തിത്വപ്രതിസന്ധിയെപ്പറ്റി ആരോടും പറയാനാവില്ല. അതുകൊണ്ടുതന്നെ അത് മൗനത്തിലായിരിക്കുന്നു. ദൈവം മൃഗങ്ങളെ മൗനികളാക്കിയിരിക്കുന്നതിൻ്റെ ദുരൂഹത ഇവിടെനിന്നാണ് ആലോചിക്കേണ്ടത്. നിശ്ശബ്ദത ഒരു അഭയസങ്കേതമാകുന്നതിൻ്റെ ദൃഷ്ടാന്തമാണിത്. നിശ്ശബ്ദതയിലാണ് അവനവൻ എന്ന കുരുക്ക് അഴിക്കാതിരിക്കുന്നതിൻ്റെ സാദ്ധ്യതയെ അത് ഉൾക്കൊള്ളുന്നത്. ജീവിതം ഒരു കടന്നുപോകലാണ്; അതിൻ്റെ ദൈവികമായ പൂട്ടിനുള്ളിൽ വിധേയമായിരിക്കുന്നതാണ് പുലികളിൽ നാം കാണുന്നത്.

പുലി മറ്റൊരു വലയിൽ

പുലിക്ക് ധർമ്മത്തിൻ്റെയോ സൗന്ദര്യത്തിൻ്റെയോ ലോകത്ത് പ്രത്യേകിച്ചൊരു സൗധവും സ്ഥാപിക്കാനില്ല. അതിന് സ്വയം കൂടുതൽ വിമലീകരിക്കാനാവില്ല. സദ്ഫലങ്ങൾക്കായി തപസ്സ് ചെയ്യാനാവില്ല. കലാപരമായ പ്രവർത്തനത്തിലൂടെ സൗന്ദര്യം കണ്ടെത്താനാവില്ല .അതുകൊണ്ടു തൻ്റെ അസ്തിത്വപ്രശ്നങ്ങൾ മാറ്റിവച്ചിട്ട് കുറേക്കൂടി മെച്ചപ്പെട്ട ഒരു ലോകമുണ്ടാക്കാനായി ഒന്നും ചെയ്യാനില്ല. തിന്നുന്നതുപോലും അധാർമ്മികമാണെന്ന ഒരവസ്ഥയാണ് ദൈവം അതിൻ്റെ മേൽ വച്ചിരിക്കുന്നത്. കൊല്ലുന്നതും തിന്നുന്നതും ഒരുപോലെ അനീതിയായി തീരുന്നതുകൊണ്ട് അത് സ്വാഭാവികമായും ശൗര്യവും നിന്ദയും പ്രകടിപ്പിക്കാതിരിക്കുന്നില്ല .എന്നാൽ മൗനം പാലിക്കുന്നതിലാണ് അത് അല്പമെങ്കിലും ശക്തി വീണ്ടെടുക്കുന്നത്.പുലിക്ക് പ്രാർത്ഥനയിലൂടെ തൻ്റെ മേലുള്ള ദൈവത്തിൻ്റെ ഘടന മാറ്റാനാവില്ല. ദൈവം എന്നു പറഞ്ഞത് ഒരു മൂർത്തിയെ ഉദ്ദേശിച്ചല്ല. അതു നമ്മുടെ സഹജമായ വ്യവസ്ഥകളുടെ ആകെത്തുകയാണ്. ആ വ്യവസ്ഥയിൽ നിന്ന് ഒരു ജീവിക്കും മോചനമില്ല. കണ്ണുകൊണ്ട് കാണുന്നതുപോലെ, മൂക്കുകൊണ്ട് മണംപിടിക്കുന്നതു പോലെ ഇത് ശരീരത്തിൽ ജനിതകമായി ലയിപ്പിച്ചെടുത്ത ഘടനയാണ്.ഇത് മാറ്റിമറിക്കാനാവില്ല .ഇവിടെയാണ് ദൈവത്തിൻ്റെ രഹസ്യം. ആന്തരാവയവങ്ങൾ സ്വമേധയാ പ്രവർത്തിക്കുന്നു. അത് നിശ്ചയിക്കപ്പെട്ട പ്രവൃത്തിയാണ്. സ്വാഭാവികമായ എല്ലാ വ്യവസ്ഥകളും അങ്ങനെ തന്നെ തുടരുകയാണ്. പുലിക്ക് മറ്റൊരു ജീവിയെ കൊന്നു തിന്നേണ്ടി വരുന്നത് ഇതിൻ്റെ ഭാഗമാണ്. ദൈവത്തിൻ്റെ ഡിസൈനിംഗാണിത്. എന്തിനാണ് പുലിയെ ഇതുപോലൊരു ധാർമ്മിക പ്രതിസന്ധിയിൽ, വ്യഥയിൽ ദൈവം എത്തിച്ചിരിക്കുന്നത്? ഉത്തരമില്ല.
അതങ്ങനെയാണ് .കോഴിമുട്ട വെളുത്തിരിക്കുന്നു. അത് എല്ലായ്പോഴും അങ്ങനെയാണ്. ചില ദിവസങ്ങളിൽ നിറം മാറ്റാൻ കോഴിക്കു കഴിയില്ല. അതുപോലെ കരയുമ്പോൾ മനുഷ്യൻ്റെ കണ്ണീരു നിറഞ്ഞൊഴുകുന്നു. അത് മാറ്റാനാവില്ല. കണ്ണുകൾക്ക് സത്യമേ അറിയാവൂ. പുലിക്കും സത്യമേ അറിയാവൂ. ആ സത്യം അതിൽ നിബന്ധിച്ചിരിക്കുകയാണ്. ഇതിൻ്റെ വലയിൽ കിടക്കുന്നതാണ് പുലിക്ക് സ്വാഭാവികത. മനുഷ്യൻ വിരിക്കുന്ന വലയ്ക്കപ്പുറം പുലി വേറൊരു വലയിൽ വീണിരിക്കുകയാണ് .അത് ദൈവത്തിൻ്റെ വലയാണ്. ഉണ്മയിൽ തന്നെ ഒരു വൈരുദ്ധ്യത്തെ കൊണ്ടുനടക്കുന്ന ജീവി നേരിടുന്ന നീതിയുടെ പ്രശ്നങ്ങൾ ഒരിടത്തും ഉന്നയിക്കപ്പെടുന്നില്ല. പുലിയുടെ കാര്യത്തിൽ ദൈവം മറിഞ്ഞിരിക്കുകയാണ്. ഉത്തരം കൊടുക്കേണ്ട ഒരു ചോദ്യം അതിലില്ലെന്ന തരത്തിലുള്ള നിഗൂഢതയാണ് ദൈവം സൃഷ്ടിച്ചിട്ടുള്ളത്. എല്ലാ അസ്തിത്വപ്രശ്നങ്ങളിലും ദൈവത്തിൻ്റെ ഈ ഉത്തരരാഹിത്യം കനത്തതാണ്. ജനിച്ചുവീഴുന്ന ഓരോ ജീവിയും പ്രതികൂല സാഹചര്യങ്ങളോടാണ് ഏറ്റുമുട്ടുന്നത്. എന്നാൽ ഒരിടത്തും ഒരു ഉത്തരമില്ല.

ഇരതേടലിൻ്റെ മാനം 

ദാനിഷ് തത്ത്വചിന്തകനായ കീർക്കഗോർ (Kierkegaard)പറഞ്ഞു ,Do it or do not do it – you will regret both.
ചെയ്താലും ചെയ്തില്ലെങ്കിലും ദുഃഖിക്കേണ്ടിവരും. ഇതല്ലേ പുലി നേരിടുന്ന അസ്തിത്വപ്രതിസന്ധി?. ദൈവവുമായി ആശയപരമായോ അനുഷ്ഠാനപരമായോ യാതൊരു സംഘർഷത്തിലുമേർപ്പെടാൻ പുലിക്ക് കഴിവില്ല. എന്നാൽ തൻ്റെ കർമ്മമേഖലയിൽ തിരഞ്ഞെടുപ്പു നടത്താൻ പരിമിതമായ സ്വാതന്ത്ര്യമേയുള്ളുവെന്ന യാഥാർത്ഥ്യത്തെ അംഗീകരിക്കാനേ കഴിയൂ.

ഭക്ഷണശേഷമുള്ള വിശ്രമത്തിൽ പുലി താൻ ജീവിക്കുന്നതിൻ്റെ തെറ്റിനെ വിചാരണ ചെയ്തിട്ടും ഫലമില്ല; കീർക്കഗോർ പറഞ്ഞതുപോലെ വിഷാദത്തിലേക്ക് ആഴ്ന്നിറങ്ങുകയേയുള്ളൂ .പുലി ഒരു വിഷാദരോഗിയാണ്. എന്നാൽ ആ വിഷാദം പ്രത്യക്ഷമായതല്ല. അത് പുറത്തു പ്രകടിപ്പിക്കാൻ സാധ്യമല്ല. ഇരകളെ കൊന്നശേഷമുള്ള നിശ്ശബ്ദതകളിൽ ആ വിഷാദമാകാം  പുനരാലോചിക്കപ്പെടുന്നത്. പലപ്പോഴും വിഷാദം പൊട്ടിത്തെറിയായി മാറുന്നുണ്ടാവും. ആ പൊട്ടിത്തെറി ഇരയ്ക്കു പിന്നാലെയുള്ള ക്രൂരമായ ഓട്ടമാണ്. ഓട്ടത്തിൻ്റെ ഓരോ നിമിഷത്തിലും അതിനെ വലയം ചെയ്യുന്നത് ദൈവം ഒരുക്കിയ അകാരണമായ കെണിയും സ്വയം ഒഴിഞ്ഞുമാറാനാവാത്തതിൻ്റെ  സമ്മർദ്ദവുമായിരിക്കും. ഇരയ്ക്കു പിന്നാലെ ഓടാതിരുന്നാലും ഓടിയാലും ഒരേപോലെ വിഷമിക്കേണ്ടി വരും. ഓടിയാൽ കൊല്ലേണ്ടി വരും. ഓടാതിരുന്നാൽ ജീവിക്കാനാവില്ല .ഒരു വികാരത്തിൻ്റെ വായ്ത്തലയിലൂടെ മാത്രമേ സഞ്ചരിക്കാനാവൂ .ആ വായ്ത്തലയിൽ കിട്ടുന്ന അപകടകരവും സ്വയം നഷ്ടപ്പെടുത്തുന്നതുമായ സ്വാതന്ത്ര്യമേ അതിനു ഉപയോഗിക്കാനാവൂ. സ്വാതന്ത്യം കൈയാളുകയാണെങ്കിൽ കാലിഡോസ്കോപ്പിലെന്നപോലെ ജീവിതം മാറിക്കൊണ്ടിരിക്കും. അതിനുമുമ്പ് കണ്ടതിൽ നിന്നും വിഭിന്നമായി നമ്മുടെ യുക്തിയും മാറുന്നു. മനസ്സിന് മാത്രമല്ല യുക്തിക്കും ചാഞ്ചാട്ടമാണുള്ളത്. ഒരേ പ്രശ്നത്തെ രണ്ടു സന്ദർഭങ്ങളിൽ ഒരാൾ രണ്ടുരീതിയിലാവും വിലയിരുത്തുക. അതു ഒരുപോലെയാകണമെന്ന് ഒരു ജനിതകശാസ്ത്രവും പറയുന്നില്ല.
സ്വാതന്ത്ര്യം നമ്മുടെ ജനിതകശാസ്ത്രത്തെയാണ് അട്ടിമറിക്കുന്നത്. സ്വാതന്ത്ര്യം നമ്മെ നവീകരിക്കുകയാണ്. അതിൽ ഒരു വേർപിരിയൽ അടങ്ങിയിരിക്കുന്നു. അസ്തിത്വപരമായ വ്യഥയാണത്. അത്  മന:ശാസ്ത്രത്തെയും തകർക്കുന്നു. ഒരാൾ എങ്ങനെ പെരുമാറുമെന്ന പ്രവചനത്തെ നിഷ്കാസനം ചെയ്യുന്നത് ഈ വ്യഥയാണ്‌. ഏതു വഴിയേ പോയാലും ഒരിടത്തു തന്നെ എത്തിച്ചേരുമെന്ന വിഷാദമാണ് അസ്തിത്വപരമായി കുഴയ്ക്കുന്നത്. ഏത് തിരഞ്ഞെടുത്താലും സ്ഥിരതയില്ലെങ്കിൽ മനസ്സിനു എന്ത് പ്രസക്തി?ലോകത്തിൻ്റെ മണ്ടത്തരത്തെയോർത്ത് ചിരിച്ചാലും കരഞ്ഞാലും നിങ്ങൾക്കു ഒരുപോലെ ദുഃഖിക്കേണ്ടിവരുമെന്ന കീർക്കഗോറിൻ്റെ വാക്യം വീണ്ടും പ്രസക്തമാവുകയാണ്.

ക്ഷോഭം ഒരു ഛന്ദസ്സ് 

മനസ്സിനു എന്തെങ്കിലും പ്രസക്തിയുണ്ടോ ?എക്സി(x)നെ തിരഞ്ഞെടുത്താലും വൈ(Y)യെ തിരഞ്ഞെടുത്താലും ദുഃഖിക്കേണ്ടിവരും. പിന്നെ മനസ്സിനു എങ്ങനെയാണ് പ്രസക്തിയുണ്ടാവുക? പുലി, അതുകൊണ്ടുതന്നെ, തെരഞ്ഞെടുപ്പിൽ നിന്ന് സ്വാഭാവികമായിതന്നെ വിട്ടു നില്ക്കുന്നു. അത് അസ്തിത്വപരമായ അനിവാര്യതകളിൽ ,ജന്മവാസനയുടെ കെണിയിൽ അമർന്നിരിക്കുന്നു. ഏതെടുത്താലും ദുഃഖമാണെങ്കിൽ , ഒന്നും തന്നെ തിരഞ്ഞെടുക്കാതെ വരുന്നപോലെ പോകട്ടെയെന്ന് കരുതുന്നതല്ലേ നല്ലത്? അതുകൊണ്ട് ഏതിലും ഒരുപോലെ വിമുഖമാവുകയാണ് പുലി ചെയ്യുന്നത് .അങ്ങനെ പുലി വിഷാദത്തെ തനിക്കനുകൂലമാക്കുന്നു. അതിലൂടെ വ്യക്തിപരമായ തിരഞ്ഞെടുപ്പ് എന്ന നരകത്തെ അതിജീവിക്കാനാവുന്നു.

ഫ്രഞ്ച് അസ്തിത്വചിന്തകനായ ഷാങ് പോൾ സാർത്ര് പറഞ്ഞത് ഇതാണ് : It is certain that we cannot escape anguish, for we are anguish. തീവ്രമായ വിഷാദത്തിൽനിന്ന് നമുക്ക് രക്ഷപ്പെടാനാവില്ല ,കാരണം നമ്മൾ തന്നെയാണ് ആ വിഷാദം .സാർത്രിൻ്റെ ഈ വാക്യത്തിൽ നിന്ന് മനുഷ്യൻ്റെ ദുരിതവും പുലിയുടെ അടഞ്ഞ ലോകത്തെ ജീവിതവും തമ്മിലുള്ള വ്യത്യാസം വ്യക്തമാകും. പുലി വിഷാദത്തിൽ തന്നെ തുടരുകയും വിശക്കുമ്പോൾ തന്നിൽ അടിച്ചേല്പിച്ച ആവേഗങ്ങളെ നിലനിർത്തുകയും ചെയ്യുന്നു .ജീവിതം അധാർമ്മികമാണെന്ന് നേരത്തെതന്നെ സ്ഥാപിച്ചുവച്ചിരിക്കുന്ന ഒരവസ്ഥയ്ക്കകത്ത് പുലിക്കു പ്രത്യേകിച്ചൊന്നും ചെയ്യാനില്ല.ക്ഷോഭം ഒരു ഛന്ദസ്സു മാത്രമാണ് .രുദ്രഭാവം ഒരു കവിതയാണ്. പക്ഷേ ,യാഥാർത്ഥ്യം അതിനുള്ളിലെ വിഷാദമാണ്.

ആന്തരികമായി മുറിവേൽക്കുമ്പോൾ ചിലർ ആക്രമണകാരികളാകാറുണ്ട്. പുലിയും അങ്ങനെതന്നെ. പരാജയപ്പെട്ട കാമുകന്മാർ അക്രമികളാകാറുണ്ട് .പുലിക്ക് അത്തരത്തിലുള്ള പരാജയമല്ല ഉള്ളത്. താൻ എത്രമാത്രം ശുദ്ധമായി ജീവിച്ചാലും, തൻ്റെ ജീവിതം തന്നെ ഒരു തെറ്റായി തന്നിൽ നെയ്ത് ചേർത്തിരിക്കുന്നതാണ് അതിനെ അക്രമത്തിലേക്ക് തള്ളിവിടുന്നത്.
കർണ്ണൻ്റെ മാറിൽ ജന്മം മുതലേ ബന്ധിക്കപ്പെട്ടിരുന്ന പ്രതിരോധമറപോലെ ,പ്രകൃത്യാ ഉള്ള ഒരു തെറ്റാണ് പുലി ചുമക്കുന്നത്. അതിന് കാരണമില്ലാത്തതുപോലെ പരിഹാരവുമില്ല .അതുകൊണ്ട് പുലി തൻ്റെ അസംബന്ധത്തെ നേരിടുകയും അതിൽ നിന്ന് രക്ഷപ്പെടാൻ അക്രമാസക്തമാവുകയുമാണ് ചെയ്യുന്നത്. അക്രമത്തിനു സാധൂകരണമില്ലാത്തതുപോലെ പരിഹാരവുമില്ല .ഇതു പുലിയുടെ ജീവിതത്തെ അസംബന്ധമാക്കുന്നു. ഈ അസംബന്ധം അതിനെ നിത്യവിഷാദത്തിലേക്ക് എടുത്തെറിഞ്ഞിരിക്കുകയാണ്.
വിഷാദത്തിനകത്ത് യുക്തിചിന്തയ്ക്ക് സ്ഥാനമില്ല. അസ്തിത്വപരമായ ദുരൂഹതയുടെ വലിയൊരു ഭാരം അത് പേറുകയാണ് .പുലിയിൽ പ്രത്യക്ഷതയിൽ ഒരു സംഹാര രൂപിയായ സർവ്വസൈന്യാധിപൻ്റെ ഭാവമില്ല. അത് നടപ്പിൽ ശാന്തമാണ്. ആ ശാന്തതയ്ക്കുള്ളിലാണ് അസംബന്ധമുള്ളത്. എന്നാൽ ഒരു തേളിൽ സംഹാരരൂപമായ സൈന്യാധിപൻ്റെ ഭാവമുണ്ട് ,എല്ലാ ചലനങ്ങളിലും. തേൾ സഞ്ചരിക്കുമ്പോൾ ഒരു സൈന്യാധിപൻ മാത്രമല്ല ,സൈനികവ്യൂഹമാണ്, വാഹനങ്ങൾ ഉൾപ്പെടെ ,നീങ്ങുന്നത്. അത് ഏതു ശത്രുവിനെയാണ് നേരിടാൻ പോകുന്നത്? .അതിനു എങ്ങനെയാണ് മുന്നറിയിപ്പ് കിട്ടിയത്?

കോമാളിയുടെ സാധ്യതകൾ 

ആൽബർട്ട് കമ്യുവിൻ്റെ വീക്ഷണത്തിൽ ജീവിതത്തിനു എന്തെങ്കിലും അർത്ഥമില്ല; ജീവിതാനന്തരവും അങ്ങനെതന്നെ. എന്നാൽ അതറിയാൻ പരിമിതികളുണ്ട് .അത് തൻ്റെ പരിധിക്കപ്പുറമുള്ള കാര്യമാണ്. താൻ അതാലോചിക്കുന്നതുകൊണ്ട് പരിഹാരമില്ല. മനുഷ്യൻ്റേതായ അവസ്ഥയിൽ നിന്നുകൊണ്ട് മാത്രമേ എന്തെങ്കിലും ആലോചിക്കാനാവൂ. പുലിക്കും അതേ സാധ്യതയുള്ളൂ. ഒരു പുലിയായിരിക്കുക എന്ന ഒരേയൊരു തിരഞ്ഞെടുപ്പ് മാത്രമാണ് അതിനുള്ളത്. മനുഷ്യനു അപരവ്യക്തിത്വം എന്ന പോലെ കലാകാരനാകാം; കഥാപാത്രമാകാം. അങ്ങനെ സ്വന്തം അസ്തിത്വത്തെ കുറച്ചുനേരത്തേക്കെങ്കിലും മറ്റൊന്നായി മാറ്റാം. ഒരു കോമാളിയാകാൻ കഴിയുന്നിടത്ത് മനുഷ്യനു അനന്ത സാധ്യതകളുണ്ട്.
അവൻ ജീവിതത്തിലെ സമ്പത്തിലും ഉയർന്ന പദവിയിലും അധികാരത്തിലുമെത്തുമ്പോൾ കോമാളിത്തത്തെ ആശ്രയിക്കുന്നവരുണ്ട്. ഹിറ്റ്ലർ ആ കോമാളിത്തത്തെ നല്ലപോലെ ആസ്വദിച്ചു, സ്റ്റാലിനും . സംശയമുള്ളവരെ വധിക്കുന്നതിൽ ഈ കോമാളിത്തമുണ്ട് .വലിയ ശക്തിയുള്ളവനായിരിക്കുകയും തീരെ ശക്തി കുറഞ്ഞവരെ ശങ്കയുടെ പേരിൽ കൊല്ലുകയും ചെയ്യുന്നതിൽ കോമാളിത്തമുണ്ട് .ഇത് ഒരു രക്ഷാമാർഗ്ഗമാണ് ;അവനവനായിരിക്കുക എന്ന അവസ്ഥയെ വക്രീകരിച്ച് മറ്റൊന്നാക്കുന്ന വിദ്യ.

മനുഷ്യൻ ഒറ്റപ്പെടുന്നു 

വാൾട്ട് വിറ്റ്മാൻ എഴുതി:
If there be any soul
There is truth…
If there be man or woman
There is truth

മനുഷ്യൻ്റെ ലോകത്തെ നിലനിർത്താൻ ശേഷിയുള്ള ഒരു പ്രസ്താവമാണിത് .ആത്മാവുണ്ടെങ്കിൽ സത്യവുമുണ്ട്. ആണും പെണ്ണുമുണ്ടെങ്കിൽ സത്യമുണ്ട്. അത് കാഴ്ചശക്തിപോലെ പരമപവിത്രമാണെന്ന് വിറ്റ്മാൻ പ്രസ്താവിക്കുന്നു. എന്നാൽ ആ സത്യത്തെ മിക്കവാറും മറച്ചു കഴിഞ്ഞിരിക്കുകയാണ് മനുഷ്യൻ. അവനിലെ സത്യത്തിനു ഗതികെട്ട് പിന്നിലേക്ക് പോകേണ്ടിവരുന്നു. അവൻ മുഖാവരണം ധരിച്ച് സ്വയം മറ്റൊരാളാണെന്ന് സങ്കല്പിക്കുന്നു. പഞ്ചഭൂതങ്ങളെയും നശിപ്പിക്കുന്നു. അവൻ എല്ലാത്തിൽനിന്നും അകന്നു നിൽക്കുകയാണ്. അവനിലെ സത്യം ഒരു ഇരുട്ടുമുറിയിൽ അകപ്പെട്ടിരിക്കുന്നതുപോലെ തോന്നുന്നു .മനുഷ്യന് വിജയിക്കാൻ വലിയ സാധ്യതകൾ ഉണ്ടായിരുന്നു. എല്ലാ സദ്ഫലങ്ങളെയും അവൻ ഇല്ലാതാക്കി. പ്രേമിക്കാനും ആനന്ദിക്കാനും ധാരാളം സാമഗ്രികൾ ശരീരത്തിലുണ്ടെന്നിരിക്കെ , യാതൊന്നിനെയും വിശ്വസിക്കാതെ അവൻ ഒറ്റപ്പെടാനാണ് ശ്രമിക്കുന്നത്. വെറുക്കുന്നതിൽ അവൻ ആനന്ദം കണ്ടെത്തുന്നു .സ്നേഹിക്കുമ്പോൾ വെറുക്കാനുള്ള കാരണങ്ങളാണ് തിരയുന്നത്.
അവൻ്റെ യുക്തി തിന്മ കണ്ടുപിടിക്കാനുള്ള ഒരായുധമായി തീർന്നിരിക്കുന്നു .സ്വന്തം വൈരുദ്ധ്യത്തെ വിപുലീകരിക്കുകയും അതിലൂടെ സ്വയം മറക്കുകയുമാണ് മനുഷ്യൻ ചെയ്യുന്നത്. അവൻ ഒറ്റപ്പെടുന്നത് ഈ ഒഴിവിലാണ്. അവനിലേക്ക് കണ്ണുകൾ നീണ്ടു വരാത്തവിധം വൈരുദ്ധ്യത്തെ ബാഹ്യമായി ശതഗുണീഭവിപ്പിക്കുകയാണ് ചെയ്യുന്നത് .സുകുമാർ അഴീക്കോട് എഴുതിയ ഒരു ചെറിയ ലേഖനത്തിൽ (മനുഷ്യൻ ചീത്ത മൃഗമാണ്) ഇങ്ങനെ വായിക്കാം :

“മൃഗങ്ങൾ എല്ലാം നല്ല മൃഗങ്ങളാണ്. മനുഷ്യൻ ചീത്ത മൃഗമാണ്. എല്ലാ മൃഗങ്ങളും സ്വന്തം വംശത്തെ നശിപ്പിക്കില്ല .മനുഷ്യൻ ഉണ്ടായ കാലം തൊട്ട് ഇന്നും നടത്തുന്ന ഏകവിനോദം സ്വന്തം സംഹാരമാണ്. അവൻ്റെ വളർച്ചയുടെ എല്ലാ നേട്ടങ്ങളും കേന്ദ്രങ്ങളും ഈ പ്രാകൃതമായ ക്രൂരതയെ തൃപ്തിപ്പെടുത്താൻ ഉപയോഗിക്കുകയാണ്. ശാസ്ത്രത്തിൻ്റെ എല്ലാ കണ്ടുപിടിത്തങ്ങളും ആത്യന്തികമായി അവൻ പ്രയോഗിക്കുന്നത് മറ്റു മനുഷ്യരുടെ നേർക്കാണ്. തോക്കും അണുബോംബും എല്ലാം ഈ കഥ പറഞ്ഞുകൊണ്ടേയിരിക്കുന്നു” .

അഴീക്കോട് തുടർന്നു പറയുന്നത് മനുഷ്യൻ അവൻ്റെ വാസനകളെ ചീത്തക്കാര്യങ്ങൾക്കായി വർധിപ്പിച്ചതുപോലെ മൃഗങ്ങൾ ചെയ്തിട്ടില്ലെന്നാണ് .വാസ്തവത്തിൽ മനുഷ്യൻ വളരുകയാണോ ചെയ്യുന്നത്? സ്നേഹവും നന്മയും കൈവിട്ടുകളയുന്ന ഒരു വർഗ്ഗം എങ്ങനെയാണ് വളരുന്നത് ?
അവൻ എല്ലാം നല്ല പ്രതീക്ഷകളും തകർത്തപ്പോൾ മൃഗങ്ങൾ അതിൻ്റെ പേരിൽ യാതനയനുഭവിച്ചു. പുലി എന്തുകൊണ്ട് മൗനമായിരിക്കുന്നു ?അതിൻ്റെ മുരളലും ദയയില്ലാത്ത നോട്ടവുമല്ലാതെ വേറെന്താണ് ഈ ദുരവസ്ഥയ്ക്ക് മുമ്പിൽ വെക്കാനുള്ളത് ? ദൈവം ഏൽപ്പിച്ച കെണിയിൽ ജീവിതം തന്നെ അധാർമ്മികതയായി തലയിലേറ്റി അത് നടക്കുകയാണ് .ഒരു പുലി നടന്നു വരുമ്പോൾ അത് കാടിനെയല്ല തലയിലേറ്റുന്നത്; കാടിൻ്റെ പേരിൽ കൈവിട്ടുകളഞ്ഞ ധർമ്മത്തെയാണ്. അനിവാര്യമായി നടപ്പാക്കേണ്ടി വരുന്ന ധർമ്മവധത്തിൻ്റെ പേരിലുള്ള തീവ്ര വിഷാദമാണ് പുലി ചുമക്കുന്നത്.

മനുഷ്യനും പുലിയെപോലെ 

പുലിയുടെ അപ്രതിരോധ്യമായ ഈ വിഷാദാത്മകത മനുഷ്യനെയും ബാധിച്ചിരിക്കുന്നു എന്നാണ്  തോന്നുന്നത്. കാരണം, മനുഷ്യൻ അവൻ്റെ ക്രൂരതയെന്ന അസംബന്ധത്തിൽനിന്ന് മുക്തനാകാൻ നൂറു നൂറു അവസരങ്ങളുണ്ടായിട്ടും  അതിൽ തന്നെ തുടരുകയാണ്. 
തൻ്റെ പ്രകൃതിയിൽ മറ്റൊന്നിനെ  ദ്രോഹിക്കേണ്ടതിൻ്റെ ആവശ്യകതയില്ലെന്നിരിക്കെ, അവൻ  അതുതന്നെ ആവർത്തിക്കുകയാണ്. യുക്തിയെ വിശകലനം ചെയ്തും തർക്കിച്ചും അവൻ അതിൻ്റെ തന്നെ  അസംബന്ധം സൃഷ്ടിക്കുകയാണ്.

ഇല്ലാത്ത ഒരു സംഭവത്തെക്കുറിച്ച്  ചർച്ചചെയ്തു അതുണ്ടെന്ന് സ്ഥാപിക്കാനും ശിക്ഷ വിധിക്കാനും മനുഷ്യനു കഴിയുന്നത് അവൻ്റെ ഈ അസംബന്ധയുക്തിയുടെ തെളിവാണ്. ഓരോ മനുഷ്യൻ്റെയും വിധി അസംബന്ധയുക്തിയുടെയും ക്രൂരതയുടെയും ഭാഗമായി മാറ്റിയെഴുതപ്പെടുകയാണ്. സ്വന്തം ഇഷ്ടങ്ങളോട് ,താല്പര്യങ്ങളോട് , അഭിനിവേശങ്ങളോട് ,യുക്തികളോട് ഇണങ്ങിപ്പോകാനാവാത്ത വിധം മനുഷ്യൻ അവനെ തന്നെ അപനിർമ്മിക്കുകയാണ് ചെയ്യുന്നത്. ഒരു പിടക്കോഴി കുഞ്ഞുങ്ങളെ കൊത്തിയകറ്റുന്നപോലെ നമ്മൾ നമ്മുടെ തന്നെ ഇഷ്ടങ്ങളെ, ബന്ധങ്ങളെ ,യുക്തികളെ ഒരു ഘട്ടം കഴിയുമ്പോൾ കൊത്തിയകറ്റുന്നു .അതുകൊണ്ട് നമ്മുടെ അസ്തിത്വത്തിൽ നാം നിർമ്മിക്കുന്ന തിരഞ്ഞെടുപ്പുകളുടെ വ്യഥയ്ക്കുപരി ,പുലിയുടേതിനു സമാനമായ, അപ്രതിരോധ്യമായ ധർമ്മസങ്കടങ്ങളും വന്നു ചേരുന്നു.
ഇതാണ് നമ്മെ വിഷാദരോഗിയാക്കുന്നത് . വിഷാദത്തെ ഉള്ളിലിട്ടുകൊണ്ടു നടന്ന്  നാം സ്വയം ചീത്തയാക്കുന്നു, മറ്റാരുടെയും സഹായമില്ലാതെ തന്നെ.
വിഷാദത്തിൽ നിന്ന് നിസ്സഹായമായ ക്രോധം പുറത്തുവരുകയാണ്. 


No comments:

Post a Comment

നിരാസത്തിന്റെ തത്ത്വം /ഡോ.യാക്കോബ്‌ മാർ ഐറേനിയോസ്‌

  ശ്രീ. എം.കെ.ഹരികുമാറിന്റെ 'എന്റെ മാനിഫെസ്റ്റോ' വായിച്ചു തുടങ്ങിയപ്പോൾ ഇത്‌ ഏതോ ദുരൂഹതയുടെ ഗുഹാമുഖമാണെന്ന്‌ തോന്നിപ്പോയി. വായനപുര...