"മനുഷ്യനുമായി
ഇടപഴകുമ്പോഴെല്ലാം മുറിവുകൾ മാത്രമാണ് എനിക്ക് കിട്ടിയത് " -ജർമ്മൻ
ചിന്തകനായ ഫ്രഡറിക് നിഷെ (Friedrich Nietzsche) ഒരു സുഹൃത്തിനെഴുതിയ
കത്തിലെ വാചകങ്ങളാണിത്. ജീവിതം ഒരു ചിന്തകനു ,കലാകാരനു എന്താണോ നല്കുന്നത്
,അതിനോടുള്ള പ്രതികരണം എന്ന നിലയിലാണ് സാഹിത്യമുണ്ടാകുന്നത്.
സാമൂഹികജീവിതത്തിൽ വിരക്തനായ നിഷെ ഒരു ദശാബ്ദത്തോളം ഒറ്റയ്ക്ക് കഴിഞ്ഞു.
മനുഷ്യരുമായി ഇടപഴകുന്നതാണ് തന്നെ ഏറ്റവും ദുരിതത്തിലാക്കുന്നതെന്ന
ചിന്തയിൽപ്പെട്ട അദ്ദേഹം രോഗം വന്നപ്പോൾ ചികിത്സയ്ക്കായി ആശുപത്രിയിൽ
പോയിട്ടില്ല. ലോകത്തിലെ ഏറ്റവും മഹത്തായ ഗ്രന്ഥങ്ങളിലൊന്നായ Thus spoke
Zarathustra (1883) എഴുതിയ നിഷെയാണ് ആധുനികകാലത്തെ പ്രക്ഷോഭകാരിയെ
സങ്കല്പിച്ചത്.ഒരു സത്യത്തെ നാം നമുക്കായി വ്യാഖ്യാനിക്കേണ്ടതുണ്ട്.
സ്വാതന്ത്ര്യത്തിൻ്റെ സമസ്യകളിൽ ഒരാൾ നീന്തുകയും തുടിക്കുകയും
ചെയ്യണമെങ്കിൽ ,അയാൾ അതിൻ്റെ തന്നെ സംഘർഷങ്ങളിലൂടെ കടന്നുപോകണം -നിഷെ
എഴുതി.
"You must have chaos within you to give
birth to a dancing star " എന്നു അദ്ദേഹം എഴുതുന്നത് ഈ പശ്ചാത്തലത്തിലാണ്.
നൃത്തം ചെയ്യുന്ന ഒരു നക്ഷത്രത്തെ സൃഷ്ടിക്കാൻ നിങ്ങളിൽ വേണ്ടുവോളം
അലങ്കോലമുണ്ടായിരിക്കണം. സ്വന്തം ക്രമധ്വംനങ്ങളിൽ നിന്ന് ,അവ്യവസ്ഥകളിൽ
നിന്ന് ഭ്രാന്തൻ സ്വാതന്ത്ര്യബോധങ്ങളിൽ നിന്ന് ,അശരണമായ അലച്ചിലുകളിൽ
നിന്നാണ് ഒരാൾ തൻ്റെ സൗന്ദര്യമുണ്ടാക്കേണ്ടത്. കൃത്യമായി കരമടച്ചു ,ഓഫീസ്
ഡ്യൂട്ടി ചെയ്ത് ,അനുസരണയോടെ ,അനുരഞ്ജനപ്പെട്ട് ,രാഷ്ട്രീയതണലിൽ
കഴിയുന്നവർക്ക് ക്ലറിക്കൽ സാഹിത്യമുണ്ടാക്കാൻ കഴിഞ്ഞേക്കാം. എന്നാൽ അതിൽ
സർഗ്ഗാത്മകമായ വെളിച്ചമുണ്ടാവുകയില്ല.
നിഷെയുടെ
ജീവചരിത്രമെഴുതിയ സ്റ്റെഫാൻ സ്വീഗ് (Stefan Zweig) അദ്ദേഹത്തിൽ കണ്ടത്
അഗാധമായ ഏകാന്തതയാണ് -immutable solitude multiplied ; മാറ്റമില്ലാതെ
പെരുകുന്ന ഏകാന്തത മാത്രം. എന്തുകൊണ്ടാണ് നിഷെ സമൂഹത്തിൽ ഒറ്റപ്പെട്ടതെന്ന്
അന്വേഷിക്കാനാണ് സ്വീഗ് തൻ്റെ നിഷെ എന്ന ജീവചരിത്രം എഴുതിയത് .ഇത്
ലോകത്തിൽ പുതിയ വേദം തേടുന്ന എല്ലാ കലാകാരന്മാരുടെയും വിധിയാണ്. ലോകം
നിർമ്മിച്ചുവച്ചിരിക്കുന്ന ബോധനത്തിൻ്റെയും അധ്യയനത്തിൻ്റെയും നിയതമായ
പാതയിലൂടെയല്ല സർഗ്ഗാത്മകത വികസിക്കുന്നത്. അത് മറ്റൊരു ഇരുണ്ടവഴിയാണ്.
അതിലെ സഞ്ചരിക്കാനുള്ള ധീരതയും സഹനശക്തിയുമാണ് കലാകാരനെ സൃഷ്ടിക്കുന്നത്.
സ്വയം സഹിച്ചും വേദനിച്ചുമാണ് അവൻ എതിർക്കുന്നത്. എതിർപ്പിൻ്റെ ,
ഏറ്റുമുട്ടലിൻ്റെ ധൈഷണികസ്വരം സൃഷ്ടിച്ച പ്രതിഭകൾ നമ്മുടെ ഭാഷയിൽ വളരെ
പരിമിതമാണല്ലോ . എതിർപ്പ് സൃഷ്ടിച്ചവർ തന്നെ അതെല്ലാം
മുഖ്യധാരാസാഹിത്യത്തിനു സ്വീകാര്യമായ വിധത്തിലായിരുന്നു.
ഉത്തരമല്ല ,ചോദ്യം
പി.എ.ബക്കർ
,സുരാസു തുടങ്ങിയവരെ ആദരവോടെ ഓർക്കുകയാണ്. ബക്കർ സിനിമയെടുത്തത് ,
മുഖ്യധാരാസങ്കൽപ്പങ്ങൾക്കപ്പുറത്ത് തന്നെ മുറിപ്പെടുത്തിയ പ്രശ്നങ്ങൾക്ക്
ആവിഷ്കാരം എന്ന നിലയിലാണ്. മണിമുഴക്കം, ചുവന്ന വിത്തുകൾ തുടങ്ങിയ സിനിമകൾ
ഉദാഹരണം. ഒരു ചോദ്യത്തെയാണ് സംവിധായകൻ സമീപിച്ചത് ;ഉത്തരത്തെയല്ല .
മനസ്സിൽ നിന്നും മായാത്ത മുഖമാണ് സുരാസുവിൻ്റേത്. വേരുറയ്ക്കാത്ത ഒരു
ജീവിതം നയിച്ച അദ്ദേഹം കലയുടെ അനൈഹികവും പ്രക്ഷുബ്ധവുമായ തീച്ചാലുകൾ തന്നെ
കണ്ടെത്തിയിരുന്നു. കലാപരമായ ഒഴിഞ്ഞുനിൽക്കൽ ഒരു രോഗംപോലെയാണ് ഈ
കലാകാരന്മാരെ പിടികൂടിയത്. സ്വന്തം ചിന്തകളുടെ ചുറ്റിനുമുള്ള
നിശ്ശബ്ദതയാണ് നിഷയെ ഒറ്റപ്പെടുത്തിയതെന്ന് സ്വീഗ് പറയുന്നുണ്ട് .പ്രമുഖ
കവി വിൽ സ്റ്റോൺ പരിഭാഷപ്പെടുത്തിയ നിഷെയുടെ ജീവചരിത്രത്തെക്കുറിച്ച്
എഡ്വാർഡോ കാർലി ഡി മൊറെയ്സ് എഴുതിയ ലേഖനത്തിൽ ഇങ്ങനെ വായിക്കാം: "
നിങ്ങൾക്ക് ജ്ഞാനം വേണോ ,എങ്കിൽ നിങ്ങൾ അഗാധതകളിലെ ഭീകരജീവികളെ
അഭിമുഖീകരിക്കേണ്ടിവരും.ആ അഗാധത നിങ്ങളെ തുറിച്ചു നോക്കാൻ അനുവദിക്കുകയും
വേണം" .നിഷയെക്കുറിച്ച് സ്വീഗ് എഴുതിയത് ഇതിനു സമാനമാണ്. "സുരക്ഷിതമായ
അസ്തിത്വത്തെ തള്ളിക്കളയുന്നു ,സ്വമേധയാ ,എല്ലാ വ്യക്തതയോടെയും . നിഷെ
തൻ്റെ അസാധാരണ ജീവിതത്തെ നിർമ്മിച്ചത് അഗാധമായ ദുരന്തവാസനയോടെയാണ്; അപാരമായ
ധീരതയോടെ ദൈവങ്ങളെ വെല്ലുവിളിച്ചു .മനുഷ്യനു ജീവിക്കാൻ കഴിയുന്ന ഏറ്റവും
അപകടകരമായ നില എന്താണെന്ന് സ്വയം അനുഭവിക്കാൻ വേണ്ടി".
ആവിഷ്കാരത്തിൻ്റെ
ആഴമുള്ള മുറിവുകൾ ഒരിടത്ത് ബാക്കിയാവുകയാണ്. മൗലികവും തീക്ഷ്ണവുമായ
അനുഭവങ്ങളിൽ ജ്വലിക്കുന്ന കലാകാരന്മാരുടെയും എഴുത്തുകാരുടെയും അഖണ്ഡമായ
സൃഷ്ടിക്കു ബദലായി യാതൊന്നുമില്ല. സൗന്ദര്യം എന്ന സൂര്യപ്രഭയിൽ
ഇല്ലാതാകാതിരിക്കാൻ അവർ സ്വീകരിക്കുന്ന ഒഴിഞ്ഞോട്ടവും കലയാവുകയാണ്.
ആന്തരികധ്വനിയിൽ
പുസ്തകങ്ങളും
വാക്കുകളും എഴുത്തുകാരൻ്റെ അപരിചിതമായ ഭൂപ്രദേശമാണ് .അമേരിക്കൻ
എഴുത്തുകാരൻ വില്യം ഫോക്നർ, മിസിസിപ്പി സംസ്ഥാനത്തെ ലഫയെറ്റെ (Lafayette)
കൗണ്ടിക്ക് സമാനമായി തൻ്റെ കൃതികളിൽ മറ്റൊരു സാങ്കല്പിക കൗണ്ടി
സൃഷ്ടിച്ചു. യൊകോണ നദിയെ ആദ്യകാലങ്ങളിൽ വിളിച്ചിരുന്ന
യോക്നാപാടാഫ(Yoknapatawpha ) എന്ന പേരാണ് അദ്ദേഹം ഈ കൗണ്ടിക്ക് നല്കിയത്.
'ഖസാക്കിൻ്റെ
ഇതിഹാസ'ത്തിൽ ഖസാക്ക് എന്ന ഗ്രാമം വിജയൻ സൃഷ്ടിച്ചത് പാലക്കാട്ടെ
തസ്രാക്ക് എന്ന ഗ്രാമത്തിനു ബദലായാണല്ലോ .എഴുത്തുകാരൻ്റെയുള്ളിൽ
രൂപപ്പെടുന്ന ഒരു സാങ്കല്പിക ഭൂപ്രദേശമാണിത് .തൻ്റെ കല ആന്തരികമാണെന്ന്
ധ്വനിപ്പിക്കുകയാണ് നോവലിസ്റ്റ് .എന്നാൽ ഖസാക്ക് യഥാർത്ഥത്തിലുള്ള
ഗ്രാമമാണെന്ന് ധരിച്ച് ചിലർ ഫോട്ടോയെടുത്ത് പ്രചരിപ്പിക്കുന്നതും
ഗ്രാമത്തിൽ ഗവേഷണം നടത്തുന്നതും ഈ വസ്തുത മനസ്സിലാക്കാതെയാണ്. ഖസാക്ക്
എന്ന പേര് വന്നത് ,മുൻ സോവിയറ്റ് റിപ്പബ്ലിക്കിലെ കസാക്ക്സ്ഥാനി
(Kazakhstan) ൽ നിന്നാകാമെന്ന് സുകുമാർ അഴീക്കോട് ഒരു സമ്മേളനത്തിൽ
നിരീക്ഷിച്ചത് കൗതുകത്തോടെ ഓർക്കുകയാണ്. മധ്യപൗരസ്ത്യ ഏഷ്യയിലെ ചില
പ്രദേശങ്ങളിൽ മധ്യകാലത്ത് താമസിച്ചിരുന്ന കസാക്ക്സ് (Kazakhs) എന്ന വംശത്തെ
ചരിത്രത്തിൽ കാണാം. ഈ പേരുകളിൽ ഏതാവാം വിജയനിൽ കൗതുകം ജനിപ്പിച്ചത്? .
വിശുദ്ധമായ പ്രാർത്ഥനപോലെ
സൃഷ്ടിയുടെ
മൂർദ്ധന്യാവസ്ഥയിൽ കലാകാരൻ നന്മതിന്മകൾക്കപ്പുറത്തുള്ള ഒരു
അവസ്ഥയിലെത്തിച്ചേരുകയാണ്. അവിടെ തന്നിലെ ഏകാന്തതയെ അയാൾ
തന്നിലേക്കാവാഹിക്കുകയാണ് ചെയ്യുന്നത്. ബാഹ്യലോകത്തെ തന്നിലേക്ക്
കൊണ്ടുവരികയാണ് കലാകാരൻ. Soul Mountain എന്ന നോവൽ എഴുതിയ ചൈനീസ്
സാഹിത്യകാരൻ ഗാവോ സിങ്ജിയാൻ (Gao Xingjian) ഒരു ചിത്രകാരനുമാണ്. ലെബനീസ്
കവി ഖലീൽ ജിബ്രാനെപോലെ, വ്യക്തിപരമായ മുദ്രയാണ് സിംഗ്ജിയാൻ്റെ
ചിത്രങ്ങളുടെയും പ്രത്യേകത. കറുപ്പിലും വെളുപ്പിലുമുള്ള ആ ചിത്രങ്ങൾക്ക്
മിസ്റ്റിക് സ്വഭാവമാണുള്ളത് .ഒറ്റപ്പെട്ട മനുഷ്യാത്മാവിൻ്റെ
ആന്തരപരിപ്രേക്ഷ്യമാണ് ഓരോ ചിത്രവും. അപരിചിതമായ ഒരിടമാണ് ചിത്രത്തിൻ്റെ
പശ്ചാത്തലം .അവിടെ ഏതോ വിശുദ്ധമായ പ്രാർത്ഥനപോലെ കാണപ്പെടുന്ന മൗനത്തെ
ഉള്ളിലേക്ക് സ്വാംശീകരിക്കുന്ന മനുഷ്യരൂപങ്ങൾ കാണാം .അതു നമ്മുടെ തന്നെ
നിഷ്കളങ്കവും പാരമാർത്ഥികവുമായ ലോകത്തെ തേടുന്ന അവ്യയമായ അന്ത:ക്കരണത്തെ
തന്നെയാണ് പ്രതിനിധീകരിക്കുന്നത് .വിദൂരവും അനന്തവുമായ ഏതോ ഒരു സംസ്കൃതിയെ
ആത്മാവിൻ്റെ കനത്ത നിശ്ശബ്ദതയിൽ ദർശിക്കുകയാണ്. ഈ പ്രപഞ്ചത്തിൻ്റെ നിഗൂഢ
മന്ത്രമുഖരിതമായ പ്രണവങ്ങളിൽ നിന്നു തനിക്കു മാറിനില്ക്കാനാവില്ലെന്ന്
അറിയുന്ന നിമിഷമാണത്.
ഇന്നു ഒരു എഴുത്തുകാരനു
പുതിയതെന്നു പറയാവുന്ന ഒരു പ്രമേയവുമില്ലെന്നാണ് സിങ്ജിയാൻ പറയുന്നത്.
എഴുത്തുകാരൻ അതിനെ പുതിയ രൂപത്തിലും ഭാഷയിലും സന്നിവേശിപ്പിക്കുക മാത്രമാണ്
ചെയ്യുന്നത്. അസ്തിത്വത്തിൻ്റെ പ്രശ്നങ്ങൾ പരിഹരിക്കുകയാണ് എഴുത്തുകാരൻ്റെ
യഥാർത്ഥ പ്രതിസന്ധിയെന്നു സിങ്ജിയൻ വിശദീകരിക്കുന്നത് പ്രസക്തമാവുകയാണ്.
No comments:
Post a Comment