m k harikumar highlights

Thursday, March 31, 2022

നവമലയാളകവിതയും ദാരിദ്ര്യത്തിൻ്റെ ദാർശനികതയും /എം.കെ.ഹരികുമാർ

 






മാധവിക്കുട്ടിയുടെ 'എൻ്റെ ലോകം' എന്ന പുസ്തകത്തിൽ ഇങ്ങനെ വായിക്കാം: 
"അവർ പോവുമ്പോൾ ഞങ്ങൾ വണ്ടി കയറാൻ പോയിരുന്നു. അവരുടെ നിഷ്കളങ്കമായ പുഞ്ചിരി എന്നിൽ നേർത്ത ഒരപരാധബോധം വളർത്തി.
ഞാൻ ജീവിതത്തിലുടനീളം നടിക്കുക മാത്രമേ ചെയ്യുന്നുള്ളൂ എന്ന് എനിക്ക് മനസ്സിലായി. ഒന്നാന്തരം ഒരു നടി. പാപിയാണെന്ന് വായനക്കാരെ ധരിപ്പിക്കുകയും വീട്ടുകാരെയും ദൈവങ്ങളെയും ഒരു മാലാഖയാണെന്ന്  ധരിപ്പിക്കുകയും ഒരേ സമയത്ത് ഞാൻ ചെയ്യുന്നു? വാസ്തവത്തിൽ ഞാൻ ആരാണ്? എന്താണ് ഞാൻ? വെറും ഒരു ശൂന്യത മാത്രം. പക്ഷേ ,ഈ ശൂന്യതയുടെ പേര് മനുഷ്യൻ എന്നാണ് ".

ഒരു വിചിന്തനത്തിൽ ,ആത്മാവിനു ബാഹ്യമായതെല്ലാം ബഹിഷ്കരിക്കുകയാണ് കഥാകാരി. അവർ ഒരു ശൂന്യതയെ അഭിമുഖീകരിക്കുന്നുണ്ട്. മനുഷ്യൻ ഇതുപോലൊരു ശൂന്യതയാണെങ്കിൽ , അവൻ എങ്ങനെയാണ് ആത്മാവിൽ തകരാതിരിക്കുന്നത് ?തുടർന്ന് മാധവിക്കുട്ടി ഇങ്ങനെയെഴുതുന്നു: "എൻ്റെ  മനസ്സിൻ്റെ ,അല്ല ,എൻ്റെ ആത്മാവിൻ്റേതായ കാപട്യങ്ങളെല്ലാം വേഷവിധാനങ്ങളെയെന്നപോലെ അഴിച്ചുവെച്ചു കഴിയുമ്പോൾ ഒരു യാഥാർത്ഥ്യം മാത്രം അവശേഷിക്കും. സ്നേഹം സമ്പാദിക്കാനുള്ള  ദുരാഗ്രഹം. ഏറ്റവും വിലയേറിയ ഒരു വസ്തുവിനുവേണ്ടി ഏറ്റവും അനർഹമായ ഒരു പെണ്ണിൻ്റെ വെറും  കൊതി. മുറ്റത്ത് ധർമ്മം യാചിക്കുന്നവൾ ഒരു രാത്രിയിൽ താൻ രാജ്ഞിയായി കൊട്ടാരത്തിൽ വാണു എന്ന് സ്വപ്നം കണ്ടിട്ട് എന്തുഫലം?" 

ആത്മാവിനെ ഇതുപോലെ നഗ്നമാക്കി എഴുതുമ്പോഴാണ് പല വ്യാജവിശ്വാസങ്ങളും അഴിഞ്ഞുവീഴുന്നത്. മനുഷ്യനെ തേടിച്ചെന്ന് പിടിക്കുകയാണ് കഥാകാരി .അവർക്ക് മുന്നിൽ ഒന്നും  ഒളിക്കാനാവില്ല .സ്നേഹത്തിനു വേണ്ടിയുള്ള ആഗ്രഹത്തെപോലും അവർ നിരാകരിക്കുന്നു. കാരണം, അതിൽ ദുഷിച്ച എന്തെങ്കിലും വാസനകൾ കടന്നുവന്നു സ്വാർത്ഥമാക്കിയാലോ? .ഒരു ബിന്ദുവിൽ മനുഷ്യൻ്റെ ചിന്തയുടെ തേര് നിൽക്കുന്നു .തൻ്റെ സ്നേഹം തന്നെക്കാൾ എത്രയോ ദൂരെയാണെന്ന് അവർ അറിയുന്നു.അവർ ആത്മാവിൽ ദരിദ്രയാകുന്നതിൻ്റെ ആന്തരിക സംഘർഷങ്ങളാണ് വിവരിക്കുന്നത്.

ദാരിദ്ര്യം എന്ന ഉപഭോഗവസ്തു 

ദാരിദ്ര്യമാണ് നമ്മുടെ ഏറ്റവും വലിയ ഉപഭോഗവസ്തു .ദാരിദ്ര്യം പലതലങ്ങളിൽ ,വിതാനങ്ങളിൽ സങ്കൽപങ്ങളിൽ നിലനിൽക്കുന്നു . ദാരിദ്ര്യം പ്രലോഭിപ്പിക്കപ്പെടുന്നു. ദാരിദ്ര്യം ഒരാശയമാണ്, സങ്കല്പമാണ്.
അത് കൈമാറാവുന്നതാണ്. ദാരിദ്ര്യത്തിന് ആത്മീയതയുണ്ട് ; ദാർശനികമാണത് .ദാരിദ്ര്യത്തിന് സ്വീകാര്യതയുണ്ട്. അത്  നഗ്നമാണ്. അതിനോട് എപ്പോഴും മനുഷ്യനു അനുകമ്പയുണ്ട്.

ഒരു ജീവൻ്റെ തൊട്ടടുത്താണതുള്ളത്. സുഭിക്ഷത, ധാരാളിത്തം ,സമ്പന്നത  എന്നീ കാര്യങ്ങളെ വർജിച്ച് ദാരിദ്ര്യം സ്വയം എടുത്തണിയുന്നവരുണ്ട്. ധാരാളിത്തം പാപമാണെന്ന് കരുതുന്നവരുണ്ട് .ആവശ്യത്തിൽ കൂടുതൽ ഉള്ളതെല്ലാം സമ്പത്താണെന്ന ചിന്തയുള്ളവരുണ്ട്. റസ്കിൻ ബോണ്ട് , ഗാന്ധിജി, ടോൾസ്റ്റോയി തുടങ്ങിയവർ ആ ചിന്താഗതി പുലർത്തിയിരുന്നു. ദരിദ്രനാകാൻ വേണ്ടി ജീവിതത്തിൽ പലതിൽ നിന്നും ഒഴിഞ്ഞു നിൽക്കുന്നവരുണ്ട്.സമ്പത്ത് നേടുന്നത് കുറ്റമായതിനാൽ ദാരിദ്ര്യത്തിലൂടെ മോചനം എന്ന ആത്മീയവഴി തിരഞ്ഞെടുത്തവരുണ്ട്. ദാരിദ്ര്യം മാറരുതെന്ന് ചിലർ ആഗ്രഹിക്കുന്നു. അതുകൊണ്ട് തന്നെ ദാരിദ്ര്യം ഒരു വലിയ ആത്മീയവിപണിയാണ് തുറന്നിട്ടിരിക്കുന്നത്.

മതങ്ങളും രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളും ,പല തലങ്ങളിലാണെങ്കിലും ,മുഖ്യമായും ദാരിദ്ര്യമാണ് വിപണനം ചെയ്യുന്നത്. ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാന്മാർ എന്ന് ബൈബിളിൽ പറഞ്ഞത് ദാരിദ്ര്യത്തിൻ്റെ  ആത്മീയമായ മഹത്വവത്ക്കരണമാണ്.  ദൈവത്തെക്കുറിച്ചുള്ള അജ്ഞതയാണ് നമ്മെ പാപിയാക്കുന്നത്. പാപിയായതുകൊണ്ട് ആത്മാവിൽ ദരിദ്രരായിരിക്കുന്നു. പാപിയിരിക്കുന്ന അവസ്ഥ ദൈവരാഹിത്യം; ദരിദ്രമായ അവസ്ഥയാണത്. പാപത്തിൽ നിന്ന് രക്ഷപ്പെടാൻ ദൈവത്തെ ലഭിക്കണം.അതിനു ആത്മീയമായ ദാരിദ്ര്യം അനുഭവിക്കണം.  ആത്മീയമായ ശൂന്യതയാണ് ഈ ദാരിദ്ര്യം. ദൈവമാണ് ആ ശൂന്യത പരിഹരിക്കുന്നത്. ലോകത്തിൽ ദു:ഖിതരുടെ കണ്ണീരൊപ്പുമെന്നാണ് ക്രിസ്തുമതം പറയുന്നത്. അതുകൊണ്ട് ആ ദാരിദ്ര്യത്തിന് ആകർഷണം കൂടുതലാണ്. മതങ്ങൾ ദാരിദ്ര്യമാണ് മുന്നോട്ടുവയ്ക്കുന്നത്. 
പാപികളായ ദരിദ്രരെയാണ് അഭിസംബോധന ചെയ്യുന്നത് .

ദരിദ്രരാകാൻ വേണ്ടി നാം തയ്യാറെടുക്കണമെന്നാണ് ആഹ്വാനം. ഹിന്ദുമതത്തിലും ദാരിദ്ര്യത്തിനു പരമോന്നത സ്ഥാനമാണ്. നാല് ആശ്രമങ്ങളിൽ ഒടുവിലത്തേത് സന്യാസമാണ്. സന്യാസം ദാരിദ്ര്യത്തിൻ്റെ ആശയപരമായ മഹത്വവത്ക്കരണമാണ്. സുരക്ഷിതത്വമോ ,ആശയോ ,സ്വത്തോ ,പണമോ ഇല്ലാത്ത വെറും  ഒരാൾ എന്ന നിലയിലാണ് സന്യാസി ജീവിക്കേണ്ടതത്രേ. അപ്പോൾ അദ്ദേഹത്തെ ആരു സംരക്ഷിക്കും? അദ്ദേഹത്തിനു രോഗം വന്നാൽ ?സംരക്ഷിക്കപ്പെടാൻ ആഗ്രഹിക്കാതെ ഒറ്റയ്ക്ക് തപസ്സു ചെയ്യാൻ പോകുന്ന സന്യാസി ഒരു പവിത്രമായ ബിംബമാണെങ്കിൽ, അവിടെയും പ്രധാന ചിന്ത ദാരിദ്ര്യം തന്നെയാണ്. 
ദാരിദ്ര്യത്തിൻ്റെ  ആത്മീയ പദവിയാണത്.

നിരാസത്തിൻ്റെ ഈ ലോകം 

ആത്മാവിൽ ഭൗതികമായി  ദരിദ്രരാകാൻ ,മാർക്സിസ്റ്റ് പ്രത്യയശാസ്ത്രം ,വേറൊന്നു  രീതിയിൽ, പറയുന്നുണ്ട് .സ്വത്തെല്ലാം ഇല്ലാതാക്കി ,എല്ലാവരെയും രാഷ്ട്രത്തിലെ  നിസ്വവ്യക്തികളാക്കാമെന്നാണ് കമ്മ്യൂണിസം പറയുന്നത് .നഷ്ടപ്പെടാൻ ചങ്ങലകളേയുള്ളു. കിട്ടാനുള്ളത് വലിയ ലോകമാണ്. ഈ ലോകം എന്നത് സമ്പന്നതയുടെ ലോകമല്ല;നിരാസത്തിൻ്റെ ,ത്യാഗത്തിൻ്റെ ലോകമാണ്.  ആഗ്രഹിക്കാതിരിക്കുന്നതിൽ  ദാരിദ്ര്യമുണ്ട്. അത് ശാരീരികവും  മാനസികവുമായ ദാരിദ്ര്യമാണ്. ഒരു ഗൃഹസ്ഥന് ദാരിദ്ര്യം പീഢയും ,രാഷ്ട്രീയ പ്രത്യയശാസ്ത്ര വാദിക്ക് വിമോചനവുമാണ്; സന്യാസിക്ക് സ്ഥാസ്ഥ്യമാണത്‌. 

സാഹിത്യത്തിലും ,കാതലായ അന്വേഷണങ്ങൾ ദാരിദ്ര്യത്തിൻ്റെ ദർശനികതയിലാണ് എത്തിക്കുന്നത്. വൈകാരികക്ഷമതയുടെയും അത്യാനന്ദത്തിൻ്റെയും ത്വരകൾ ദാരിദ്ര്യം എന്ന സമസ്യയ്ക്ക് ചുറ്റും കറങ്ങുകയാണ്. ദാരിദ്ര്യം ഒരു ദാർശനിക പ്രശ്നമെന്നതലത്തിൽ ചിന്തയുടെയും വാക്കുകളുടെയും സമ്പദ്ശാസ്ത്രത്തെ ചൂഴുകയാണ്.  കവികളും എഴുത്തുകാരും ദാരിദ്ര്യത്തെ  ഉപാസിച്ചിട്ടുണ്ട്. ചിലർ ദരിദ്രരാകാൻ വേണ്ടി ജോലി രാജിവയ്ക്കുന്നു ,പ്രണയിക്കുന്നു ,ഒളിച്ചോടുന്നു ,ധൂർത്തടിക്കുന്നു ,വേദാന്തിയാകുന്നു ,കവിതയെഴുതുന്നു. 
ആശയപരമായ ദാരിദ്ര്യമല്ല ,വിഷാദാത്മകമായ ഭൗതിക ദാരിദ്ര്യത്തിലൂടെ വാക്കുകൾക്കുള്ളിലെ നീതിദ്രവ്യം തേടുന്നു. 

നമ്മുടെ കവിതയിൽ എ. അയ്യപ്പൻ ദാരിദ്ര്യത്തെ ദാർശനികവത്ക്കരിച്ചു. അയ്യപ്പനു ശേഷം വന്ന കവികളിലൂടെ ദാരിദ്ര്യത്തിൻ്റെയും കാവ്യാത്മകതയുടെയും സമസ്യകൾ അന്വേഷിക്കാനാണ് ഞാൻ ശ്രമിക്കുന്നത്. മനുഷ്യജീവിതത്തിലെ യാതനകളുടെ ആത്മീയതയും  , ദാരിദ്ര്യത്തിൻ്റെ ദാർശനികതയും ഒരേസമയം പുരാതനവും കാവ്യാത്മകവുമാണ്. കവി വാക്കുകൾക്കുള്ളിൽ ഒളിപ്പിച്ചുവച്ചിരിക്കുന്ന നിസ്വാർത്ഥതയുടെ ,പരിതാപത്തിൻ്റെ ,വിശ്വാസരാഹിത്യത്തിൻ്റെ , വിടവാങ്ങലിൻ്റെ, പരിത്യാഗത്തിൻ്റെ ,അലച്ചിലിൻ്റെ ,ദയനീയതയുടെ ,ധാർമ്മികമായ ദാരിദ്ര്യത്തിൻ്റെ, സങ്കടങ്ങളുടെ അവസ്ഥ ഇവിടെ ആരായുകയാണ്. ദാരിദ്യം വിപുലമായ ഒരസ്തിത്വപ്രശ്നമായി വികസിക്കുകയാണ്.  മനുഷ്യാത്മാവിൻ്റെ പാപമല്ല, മാനവജാതിയുടെ പാപബോധത്തെ മുൻനിർത്തി അസ്തിത്വത്തിൻ്റെ ദാരിദ്ര്യമാണ് ഉയർന്നുവരുന്നത്. അത് നിസ്സാരതയുടെയും നിസ്സീമമായ ഏകാന്തതയുടെയും ഭാഷ്യമായി മാറുന്നു. പാപിയായ മനുഷ്യൻ അനുഭവിക്കുന്ന ധാർമ്മിക വ്യസനത്തിന് ദാരിദ്ര്യത്തിൻ്റെ  ഉന്നതമായ ഛായയുണ്ട്. പരിത്യജിക്കപ്പെടുന്നതെന്തിലും ദാരിദ്ര്യത്തിൻ്റെ ഛായയുണ്ട് .

കവികൾ സ്വയം കുത്തിനോവിച്ചും  സ്വയം പരിഹസിച്ചും ക്രൂരവിമർശനമുയർത്തിയും സ്വയം വെന്തുനീറിയും മാനവവംശത്തിൻ്റെ  ആത്മീയമായ ദാരിദ്ര്യത്തിൻ്റെ ഭിന്ന വശങ്ങൾ ആവിഷ്‌കരിക്കുന്നു. ജീവിതത്തിൻ്റെ ഹൃദയത്തിൽ ഒരാൾ അനുഭവിക്കുന്ന ആത്മീയമായ നിരാഹാരമാണത്. യാതൊന്നിനെയും അകത്തേക്ക് പ്രവേശിക്കാനാവാത്ത വിധം ഒരാൾ തന്നിൽ തന്നെ എരിയുന്ന അവസ്ഥ .ഭൗതികജീവിതത്തിൻ്റെ രുചിയോ ഗുണമോ കനമോ വേണ്ടാത്ത നിമിഷത്തിൽ ഒരുവന് അവൻ തന്നെയാണ് പ്രാണൻ.അതിലാണ് അവൻ എരിയുന്നത്. 

 

സമ്മോഹനമായ വായ്ത്തലകൾ

കളത്തറ ഗോപൻ 'ഇരുട്ടെന്നോ വെളിച്ചമെന്നോ തീർച്ചയില്ലാത്ത ഒരാൾ '(ഫേബിയൻ)എന്ന സമാഹാരത്തിൽ ഇങ്ങനെ എഴുതുന്നു:
"ചിലപ്പോൾ അയാൾ പകൽ 
മൊത്തം കിടന്നുറങ്ങും 
കിളികൾ ചിലയ്ക്കുന്നത്
കാക്ക കരയുന്നത് 
കോഴി കൂകുന്നത് 
മൊബൈൽ അലാറം
സ്കൂൾ, കോളേജ് കുട്ടികൾ 
ജോലിക്ക് പോകുന്ന മനുഷ്യർ
വണ്ടികൾ ,ഒച്ച ,വെയിൽ എന്നു വേണ്ട 
പകലാണെന്നു തോന്നിപ്പിക്കുന്ന ഒന്നിലും 
അയാളുടെ ശ്രദ്ധ
ചെന്നതേയില്ല "
(ഇരുട്ടെന്നോ വെളിച്ചമെന്നോ തീർച്ചയില്ലാത്ത ഒരാൾ) 

"ആൾക്കാരെന്നോ ,ഒച്ചുകളെന്നോ , ഉറുമ്പുകളെന്നോ ,കോഴികളെന്നോ 
ചിലന്തികളെന്നോ ,പശുവെന്നോ
ആളുകളെന്നോ ഏതുമായിക്കൊള്ളട്ടെ
എല്ലാം നിറത്തിലും വലിപ്പത്തിലും
സ്വഭാവത്തിലും ഒരുപോലെതന്നെ
ആൾക്കാർക്കിതു മടുപ്പായി 
വല്ലാത്ത ഇടങ്ങേറായി 
ഒരുവൻ /ഒരുവൾ 
എങ്ങനെയാണോ നടക്കുന്നത്
ഇരിക്കുന്നത് ,കിടക്കുന്നത്
സംസാരിക്കുന്നത് എന്നുവേണ്ട
കരയുമ്പോൾ ഉതിരുന്ന 
കണ്ണീർത്തുള്ളിവരെ ഒരേപോലെ.
എപ്പോഴും രാത്രിയായിരുന്നെങ്കിലെന്നു
വല്ലാതെ ആഗ്രഹിച്ചും 
പ്രാർത്ഥിച്ചും
അവരെല്ലാവരും 
ഒരേപോലിരിക്കുന്നു "
(ഒരേപോലെ )

ഈ രണ്ടു കവിതകളിലും  അനുഭവിക്കുന്ന ഏകാകിയായ മനുഷ്യൻ കവി തന്നെയാണ്. ആത്മപ്രധാനമായ കാവ്യാഖ്യാനങ്ങളിൽ ,ജീവിതാന്തർഭാഗം എന്നപോലെ ഉയർത്തിക്കൊണ്ടു വരുന്നത് കവിയെ തന്നെയാണ്. തന്നിൽ നിന്ന് വേറിട്ട് കവിതയില്ലെന്നാണ് ഇവിടെ കവി വ്യംഗ്യമായി സൂചിപ്പിക്കുന്നത്.ഗോപൻ്റെ കവിതയിൽ മനുഷ്യനെ ,ഈ ലോകത്തെ മനസ്സിലാക്കാൻ കഴിയാത്ത വിധം പ്രത്യേകമായ ഭ്രമം ബാധിച്ചിരിക്കുകയാണ് .ഒരു അഗാധക്കാഴ്ചയാണത്. അയാൾ തന്നിലേക്ക് തന്നെ ഉൾവലിഞ്ഞു പോയിരിക്കുന്നു. ഈ ലോകം തന്നിൽ ഒരു മാറ്റവും ഉണ്ടാക്കുകയില്ലെന്നാണ് അയാൾ കരുതുന്നത്‌. 

ദാരിദ്ര്യത്തിൻ്റെയും പീഢയുടെയും സമ്മോഹനമായ വായ്ത്തലകളിലൂടെ കടന്നു പോകുന്ന ആ മനസ്സിൽ കട്ടിയായ വിഷംപോലെ ദുഃഖം പടർന്നിരിക്കയാണ് ,ഇരുട്ടായാലെന്ത് , വെളിച്ചമായാലെന്ത്? അയാൾ എല്ലാ മനുഷ്യരെയും ഒരുപോലെ കാണുകയാണ് ;അല്ലെങ്കിൽ  എല്ലാവരും ഒരുപോലെയായിരിക്കുന്നു.
സ്വഭാവത്തിലും നിസ്സംഗതയിലും ക്രൂരതയിലും വേർതിരിച്ചെടുക്കാനായി എന്തെങ്കിലും ഉണ്ടാകണമെന്നില്ലല്ലോ.
പതനത്തിൻ്റെ സാകല്യതയിൽ ഒരുവനു  മറ്റെല്ലാം ഒരുപോലെയാണ് .ലോകം വളരെ ഭ്രാന്തമായി നിസ്സംഗമാവുകയും ഒന്നും കേൾക്കാത്ത വിധം മൃതമാവുകയും ചെയ്യുകയാണ്. ഉണർന്നിരിക്കുന്നവനു മുന്നിൽ യാതൊരു സുവിശേഷവും പകരാൻ  കെല്പില്ലാത്ത ലോകം തൻ്റെ 
മുന്നിൽ ചലനശേഷിയറ്റ് ,ഒരു നനഞ്ഞ പൂച്ചയെപ്പോല കമഴ്ന്നു കിടക്കുകയാണ്. 

 

കവിത എന്ന വിധി 

കണ്ണനാർ എഴുതിയ 'അയ്യപ്പൻ വെറുമൊരു കവിയല്ല'(പേപ്പർ പബ്ളിക്ക) എന്ന സമാഹാരത്തിലെ ഈ വരികൾ നോക്കൂ : 

"ക്ളാവു മണക്കും നഷ്ടകാലങ്ങൾ
ചരമഗതിയടയാതെ 
വിപിനയാമങ്ങളിൽ 
ചേക്കേറാതെ തുണയ്ക്കണം
ഇരതേടാൻ 
ചിറകൊരുങ്ങുമ്പോൾ
ഇണതന്നിമതാരകത്തെ
ധ്യാനിക്കുമ്പോൾ 
'ഇദം ന മമ '
കാതിൽ മന്ത്രിക്കണം .
ജ്ഞാനപ്പാനയിൽ കുളിപ്പിക്കണം
ഒടുവിലൊന്നുമേ പറയാതെ
ഉടൽ വിട്ടകലുമ്പോളുയർന്ന 
നിശ്വാസ നനവിനോടൊപ്പം 
ചിദംബരമാകണം ,
മണ്ണിൻ്റെ കറുകമുനയിലും 
തിരളണം സൗന്ദര്യലഹരി "
(പുനർജന്മം)

ആത്മാവിൻ്റെ ഏറ്റവും നിസ്വമായ ഒരു പക്ഷത്തേക്കാണ് കവി ചായുന്നത്.  ജ്ഞാനപ്പാനയിൽ കുളിപ്പിക്കണമെന്ന അപേക്ഷ തരളമാണ്, ശുദ്ധമാണ്.
ലോകകളങ്കങ്ങളെ തൻ്റെ ആത്മീയമായ നിരാഹാരംകൊണ്ടാണ് കവി നേരിടുന്നത് .വിശ്വാസവും ആത്മീയതയും മനുഷ്യനെ സംസ്കര ചിത്തനാക്കുന്നത് ഇവിടെയാണ് .ലോകത്തിൻ്റെ വിശേഷപ്പെട്ട സമ്പാദ്യങ്ങളിൽ, മനുഷ്യർ കൂട്ടത്തോടെ പാഞ്ഞുചെന്ന്  തട്ടിയെടുക്കാൻ ആഗ്രഹിക്കുന്ന ഭൗതികമായ സൗവർണസ്വപ്നങ്ങളിൽ കവി നിരർത്ഥകതയാണ് കാണുന്നത്. 
ആന്തരികകമായ, ദാർശനികമായ ഔന്നിത്യമാണത്. തനിക്ക് വിഷമായതെല്ലാം വേണ്ടെന്നു തോന്നുന്ന നിമിഷം .
എപ്പോഴാണ് ഒരു കവി ആ വലിയ സത്യത്തെ അറിയുന്നതെന്ന് പറയുക പ്രയാസമാണ്. അനുഭവങ്ങളിൽ ഉരുകി ഉറയുമ്പോൾ, ചിലപ്പോൾ, അസുലഭമായ ഒരറിവ്  കാത്തുനിൽക്കുന്നുണ്ടാവാം.  ചിദംബരമാകണമെന്നത് ഒരു ദുഃഖശ്രുതിയുമാണ്; നിരർത്ഥകമായ യാത്രകളുടെ ഓർമ്മകളിൽ നിന്നുള്ള തിരിച്ചവരവ് .

 

'ഒറ്റയിലത്തണൽ' (ഫേബിയൻ)എന്ന കവിതാസമാഹാരത്തിൽ രാജൻ കൈലാസ് എഴുതുന്നു :

"കറുത്തുപോയ ആകാശത്തേക്ക്
ഒരു തളിരിലപോലും നീളില്ല...
വിഷം കുതിർന്ന മണ്ണിൽ 
ഒരു കുഞ്ഞുവേരും മുളയ്ക്കില്ല
പഴങ്ങൾ കൊത്തി ,പക്ഷികൾ-
കൂട്ടത്തോടെ ചത്തുപോയി.
ഒരു പഴം പോലും 
കുട്ടികൾ എടുക്കുന്നില്ല...
ദൈവം അവരെയാകെ
തിരിച്ചുവിളിച്ചിരിക്കുന്നു...
 
മാവു പൂക്കാത്ത  ഒരു കാലത്ത് എങ്ങനെയാണ് കവിത പുക്കുക ? നിശ്വാസങ്ങൾക്കും 
നേർത്തുപോയ കരച്ചിലിനുമിടയിൽ
ആരാണിനി കവിത പാടുക ...?
ഒരു ശ്വാസം 
ഒരു തുള്ളി വെള്ളം 
ഒരു പിടി മണ്ണ് 
ഒരു പുഞ്ചിരി 
വിഷം തീണ്ടാതെ 
ആരാണ് തരിക?"
(മാവു പൂക്കാത്ത കാലം) 

ജീവിതം കണ്ട ഒരു മനസ്സിൻ്റെ  ഉൾവിലാപങ്ങൾ ഇങ്ങനെയൊക്കെയാണ്. ലോകത്തിൻ്റെയുള്ളിലേക്ക് നോക്കാനുള്ള കഴിവു കിട്ടിയതെങ്ങനെയാണ്?
അത് കവിയുടെ വിധിയാണ്. അയാൾക്ക് ചില സത്യങ്ങൾ കണ്ടേ പറ്റൂ .അയാളെ കവിത എവിടെയൊക്കെയോ കൊണ്ടുപോകുന്നു .എന്തൊക്കെയോ കാണിക്കുന്നു .തൻ്റെയുള്ളിൽ കവി മറ്റൊരാളെ ഇതിനായി സജ്ജമാക്കുകയാണ്. കവിതകൊണ്ട് കാണേണ്ട ചില കാര്യങ്ങളുണ്ട്; കവിത കൊണ്ട് അറിയേണ്ടതും .കവിതകൊണ്ട് 
രൂപാന്തരപ്പെടുന്നതുണ്ട്.
അതിലാണ് കവി ജീവിക്കുന്നത്.അയാൾ എല്ലാവരും ഉറങ്ങുമ്പോൾ ഉണർന്നിരുന്നു അസാധാരണസത്യങ്ങൾ ദർശിക്കുന്നു. തൻ്റെ മുന്നിൽ വേഷപ്രച്ഛന്നമായി വന്ന ലോകം എങ്ങനെയെല്ലാമാണ് ഉടയാടകൾ അഴിച്ചു നഗ്നമാകുന്നതെന്ന് അയാൾ കണ്ടുപിടിക്കുന്നു. 

 

കവി തന്നെ തൂലിക

സന്തോഷ് പാലായുടെ 'കാറ്റുവീശുന്നിടം' (ലോഗോസ് )എന്ന സമാഹാരത്തിൽ തൂലികയ്ക്ക് മുന്നിൽ മൗനിയായിപ്പോകുന്ന കവിയുടെ ആത്മപീഡനം കാണാം. 

"പടർന്നു പന്തലിച്ചു 
കേറുന്ന
കവിതയ്ക്ക് നടുവിൽ 
വാലു മുറിച്ചിട്ട് 
ഒരു പല്ലി ചിലയ്ക്കുന്നു 
മഷിക്കുപ്പി കാണാതെ 
വീണ്ടുമെൻ്റെ പേന 
പോക്കറ്റിലൊരു 
നോക്കുകുത്തി മാത്രമാവുന്നു" .
(എഴുത്തുപുര)

'ഒരു വെള്ളിയാഴ്ച വൈകുന്നേരം ധ്യാനിക്കാനിരുന്നപ്പോൾ' എന്ന കവിതയിലെ വരികൾ ഇങ്ങനെ:

" ദൈവത്തിൽ 
വിശ്വസിക്കുന്നതുകൊണ്ടാണല്ലോ
മോഹങ്ങളെല്ലാം വിശപ്പുപോലെ
കയറിയിറങ്ങുന്നത്.
ഒരിടത്തും 
ഒരു ചിലന്തിവലപോലും 
കാണാനില്ല 
എങ്കിലും എവിടെയാണ് കുരുക്ക്?

ഒരു ചുമരിലുമില്ല പല്ലി ,
ഒന്നു ചിലച്ചു സത്യം കേൾക്കുവാൻ.
അമ്പിൻ്റെ മുനകൊണ്ട്  
പരതുമ്പോൾ 
വെറുതെ 
അൽപ്പായുസ്സുകളാവുന്നു 
ഡിജിറ്റൽ പേജുകൾ " 

എഴുത്ത് എന്ന പ്രക്രിയ തന്നെ സന്ദേഹത്തിൻ്റെ തടവറയിലാകുന്ന പുതിയൊരു ശൈലിയും അർത്ഥവുമാണ് സന്തോഷ് പാലായുടെ കവിതകളിലുള്ളത്. നിരാശയെ ദാർശനികമാക്കുകയാണ് കവി. എഴുതിയിട്ടു തന്നെ പ്രയോജനമില്ല എന്നറിഞ്ഞ് സ്വയമൊരു നോക്കുകുത്തിയാവുന്നു;താൻ തന്നെയാണ് ആ പേന.  അദ്ദേഹം പരാവൃത്തത്തെ തൻ്റേതായ നിലയിൽ നോക്കുക മാത്രമല്ല, തേച്ചുമിനുക്കുകയും ചെയ്തു. എഴുത്തിൻ്റെ ഒരു ഘട്ടത്തിൽ ,അതിൻ്റെ നൈരന്തര്യത്തെ വിട്ട് ഏതോ വ്യഥയുടെ ആഴങ്ങളിൽ തപ്പുന്നു. അർത്ഥശൂന്യതകൾ  ഘോഷയാത്രയായി വരികയാണ്. ഒന്ന് മറ്റൊന്നിനെ വിഴുങ്ങുന്നതിൽ  മാത്രമാണ് ഗൗരവം കാണിക്കുന്നത്. 
അതിലാണ് ഓരോന്നിൻ്റെയും അർത്ഥമുണ്ടാകുന്നത്.
കവി തൻ്റെ ഉറവിടത്തിലേക്ക് തന്നെ മടങ്ങുന്നതിൻ്റെ വീണ്ടുവിചാരമാണിത്.

എന്തിനാണ് കവി പിൻവാങ്ങുന്നത്?താൻ എഴുതാൻ തുടങ്ങുമ്പോൾ തന്നെ അതിൻ്റെ അർത്ഥം നഷ്ടപ്പെടുന്നതായി   മനസ്സിലാക്കുകയാണ് .പൂവ് അതിൻ്റെ തണ്ടിലേക്ക് തന്നെ മടങ്ങുന്നത് എപ്പോഴാണ് ? ലോകത്തേക്ക് എത്തിനോക്കാൻ വിസമ്മതിക്കുമ്പോൾ ;ലോകം അത്രമേൽ ചീത്തയും തിന്മനിറഞ്ഞതുമാകുമ്പോൾ മറ്റെന്താണ് വേണ്ടത്? ഒരു കവി എഴുതുന്നത് അയാൾ കലാശാലകളിൽ പഠിച്ചതല്ല. തന്നെയാരും പിടിപ്പിക്കാത്തത് ചിലതുണ്ട്.അതിലേക്ക് നൈമിഷികമായി വാതിൽ തുറന്നിടുമ്പോഴാണ് അയാളുടെ ഇന്ദ്രിയങ്ങൾ പ്രവർത്തിച്ചുതുടങ്ങുന്നത്. 
വൈകാരികക്ഷമതയും മനസ്സിൻ്റെ സിദ്ധികളും ഒരു ജീവി എന്ന നിലയിൽ കവിക്ക് സ്വന്തം ലോകത്തെ തുറന്നു കാണാനുള്ളതാണ് .

അമെരിക്കൻ കവി  ലാംഗ്സ്റ്റൺ ഹ്യൂഗ്സ് (Langston Hughes, 1901-1967) എഴുതി:
"എനിക്ക് നദികള അറിയാം :
എനിക്ക് നദികളെ
അറിയാം ,ലോകത്തെപോലെ പുരാതനവും
മനുഷ്യസിരകളിലെ
മനുഷ്യരക്തത്തിൻ്റെ 
ഒഴുക്കിനേക്കാൾ 
പഴകിയതും എന്ന പോലെ .
എൻ്റെ ആത്മാവ് 
നദികളെപോലെ 
അഗാധമായിത്തീർന്നിരിക്കുന്നു" .

ഈ ഒഴുക്ക് സ്വയം തിരിച്ചറിവാണ് .ഞാൻ ഒഴുകിയിരുന്നു ; നദിയായും രക്തമായും .എന്നിലൂടെയാണ് നദി ഒഴുകുന്നത്. താൻ നദികളെ പോലെ രക്തവുമായി ഒഴുകുന്നു എന്ന് അദ്ദേഹം എഴുതിയത് The Negro Speaks of Rivers  എന്ന കവിതയിലാണ്.  ഒരു കറുത്ത വർഗക്കാരൻ്റെ പോരാട്ടമാണ് കവി എല്ലായിടത്തും കാണുന്നത്; കവിയുടെ താദാത്മ്യമാണത് .മനുഷ്യനേക്കാൾ മുമ്പേ ഒഴുകിയ നദികൾ സത്യമാണെന്ന് പറയുകയാണ്. ആ സത്യത്തെയാണ് പിന്തുടരേണ്ടത്.  നദിക്ക് ആരെയും വേർതിരിച്ചു കാണേണ്ടതോ ,ഉപദ്രവിക്കേണ്ടതോ ഇല്ല. ഭീകരവും വിഭാഗീയവും വ്യയവുമായതിൽ നിന്നെല്ലാം ഒഴിഞ്ഞ് തന്നിൽ തന്നെ എത്തിച്ചേരുന്ന കവി  ആത്മാവിൽ ഒരു പ്രതീകമാണ്.

 

പരിത്യജിക്കുമ്പോൾ കാണുന്നത് 

എം .എസ്. ബനേഷ് 'നെഞ്ചുംവിരിച്ചു തലകുനിക്കുന്നു '(ഡിസി) എന്ന സമാഹാരത്തിൽ ചേർത്തിരിക്കുന്ന ഈ വരികൾ ശ്രദ്ധിക്കാം:

" കൊല വന്നത് 
കത്തിയിൽനിന്നാവാം; 
വെടിയുണ്ടയിൽനിന്നും .
ഒരു തൂണിൽനിന്നല്ലേയല്ല . 

കൊല്ലപ്പെട്ടവൻ 
ഞാനാകാം:
എന്നിലെ അല്പം ഹിരണ്യൻ. 
നീയാകാം:
നിന്നിലെ അല്പം കശ്യപു.
കൊല്ലപ്പെടാത്തവനോ 
ഹിരണ്യകശ്യപുവും .
മരിക്കാത്തവനെ കൊന്ന് ,
കൊല്ലപ്പെടാത്തവനെ
മരിപ്പിച്ച് 
ആത്മഹത്യ ചെയ്യാത്തവന് 
സയനൈഡായി 
അവൻ്റെ തുടർച്ചകൾ "
(കൊലപാതകം :ചില നിരീക്ഷണങ്ങൾ )

സകലയുക്തിയുടെയും സുസ്ഥിരതയെ ,സ്വാസ്ഥ്യത്തെ എടുത്തുമാറ്റുകയാണ് കവി. ഒരു കൊല സംഭവിച്ചു .അതിൽ കൊല്ലപ്പെട്ടവൻ താൻ തന്നെയാകാമെന്ന് കവിയുടെ വിവക്ഷ .കൊല്ലുന്നവനും  കൊല്ലപ്പെടുന്നവനും കെട്ടിയാടുന്ന രണ്ടു വേഷങ്ങൾ മാത്രം .അവർ രണ്ടുപേരും ഇരകൾ തന്നെ. കൊല്ലപ്പെടാത്തവൻ ഒരു കാരണവുമില്ലാതെ കൊല്ലപ്പെട്ടിരിക്കും.
ആത്മഹത്യ ചെയ്തില്ലെങ്കിൽ തീർച്ചയായും അവന് ഈ ലോകം സയനൈഡ് എത്തിച്ചിരിക്കും. അതിനുള്ള കാരണങ്ങൾ അവന് ഏത് അങ്ങാടിയിൽ നിന്നും  ലഭിക്കാവുന്നതേയുള്ളൂ. നമ്മളല്ല കൊല്ലുന്നതും ചാകുന്നതും ;നമ്മളിലെ മിത്തുകളാണ് .മഹാവിഷ്ണുവിനോട് പക പോക്കിയ ഹിരണ്യകശിപുവിനെ നരസിംഹാവതാരം കൊല്ലുകയായിരുന്നുവല്ലോ. ഹിരണ്യകശിപു ജനിച്ചത് തന്നെ അധർമ്മത്തിനായാണ്. ഹിരണ്യനും ഹിരണ്യകശിപുവും സഹോദരന്മാരാണ്.   ഈ രണ്ടുപേരും ഓരോരുത്തരിലുമുള്ളതുകൊണ്ട്  കൊലയ്ക്കു ന്യായീകരണമാകുന്നത്.

 

'ഭൂമിവാതിൽ എന്ന പ്രേമകൗമുദി' (പുലിറ്റ്സർ)എന്ന സമാഹാരത്തിൽ ഷാജി ഷണ്മുഖം എഴുതുന്നത് ഇങ്ങനെയാണ്:

"എങ്കിലും പ്രാണനേ , 
നിന്നെ വെടിഞ്ഞിട്ട് 
എന്തിനു ജീവിതം ഭൂമിയിൽ ?
ചിന്തിച്ചു ,പക്ഷേ 
പഴകി ദ്രവിച്ച ഞാൻ 
എന്നെ പഴിച്ചുവോ ?
എൻ്റെ മനസ്സിനെ ,
മുങ്ങും പ്രതീക്ഷയെ 
മൂടും വികാരത്തെ 
മൂടാവികാരത്തെ ,മൂഢത
പൂക്കുന്ന ഛായാന്തരങ്ങളെ 
ഒക്കെ വിചാരിച്ച് 
എന്നെ ചിതറി ഞാൻ
ദൂരെയെറിഞ്ഞു ഞാൻ ".
(പ്രാവിൻ്റെ ഗീതം) 

ഒരാൾ അയാളുടെ മനോനിലയ്ക്കനുസരിച്ചാണ് ആത്മാവിൻ്റെ ദരിദ്രാവസ്ഥയെ നിർവ്വചിക്കുന്നത്. പരിത്യജിച്ചുകൊണ്ട് സ്വയം കണ്ടെത്താം .
സ്വന്തമായി ഉള്ളതെല്ലാം ക്രമേണ നഷ്ടപ്പെടുന്നതാണല്ലോ .മനുഷ്യൻ നിസ്വനാകാൻ വിധിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ട് ,അവൻ അതുപേക്ഷിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതും അതിനു തയ്യാറെടുക്കുന്നതും നന്നായിരിക്കും.

"നിലയില്ലാ
വേരുകളിൽ 
നിലയില്ലാ
ശിഖരത്തിൽ 
നിലയില്ലാപ്പൂക്കൾ ചൂടി 
ആടുന്നൂ മരം .
ദുഃഖത്തിൻ്റെ ദുഃഖമായി 
ദുഃഖത്തിൻ്റെ ചില്ലയായി
ദുഃഖമാം പൊരുന്നയായി 
ആടുന്നൂ മരം '
(പറഞ്ഞുനടക്കാനാണെങ്കിൽ )

മരത്തിലും കവി ദുഃഖമാണ് കാണുന്നത് .വിഷാദത്തെ സ്വഭാവമായി കൊണ്ടുനടക്കുന്നവർ താടി വളർത്താറുണ്ട്. ലൗകികജീവിതത്തിൽ തന്നെ സന്യാസത്തിൻ്റെ കവിതയും സൂക്ഷിക്കാം. സന്തോഷിക്കാൻ വിസമ്മതിക്കുന്നവരുണ്ട്.
അവർ ഉള്ളിൽ ദരിദ്രരാകാൻ സന്നദ്ധരുമാണ്. അവരുടെ ഉള്ളിൽ ഒരാൾ എല്ലാത്തിൽ നിന്നും അകലുകയാണ്. എല്ലാറ്റിൻ്റെയും അർത്ഥരഹിത്യം എപ്പോഴെങ്കിലുമൊക്കെ ഉള്ളു തുളച്ചുകയറി വരുന്നുണ്ടാവും.
 


കവിത കവിക്ക് അജ്ഞാതം

പി.ബി .ഹൃഷികേശൻ 'ഒന്നടത്തു വരാമോ നീ '(കറൻ്റ് ,തൃശൂർ )എന്ന സമാഹാരത്തിൽ എഴുതുന്നത് ഇങ്ങനെയാണ് :

"പെയ്തുപോയ നിറങ്ങൾ ,നിലാവുകൾ
ഒഴുകിയെത്തിയ സന്ധ്യക,ളിത്തിരി ത്തണലു തേടിയണഞ്ഞ പ്രതീക്ഷകൾ പ്രണയഭാഷ കുറിച്ചൊരു പേജ് ,വെൺ
മുകിലുകൊണ്ടൊരു ചീന്ത് ,മനസ്സിലെ 
കതിരു,മോർമ്മ കുതിർന്നൊഴുകുന്ന നിൻ
മിഴികൾപോലു,മിതിൽ തെളിയുന്നു,പാ
തിരയിലുണ്ണി നടന്നകലുന്നു തൊ- ട്ടരികിൽ നിദ്രയിലാർ കരയുന്നു, കൈ
കാൽകുടഞ്ഞൊരു  കു,ഞ്ഞരയാലില 
ത്തളിര് ,കാലമുറഞ്ഞൊരു തുള്ളിയായ് "
(ബോധിമരച്ചുവട്ടിൽ)

വാൾട്ട് വിറ്റ്മാൻ Leaves of Grass ൽ  പറഞ്ഞതുപോലെ ,ഉപകരണങ്ങൾ ഓർമ്മിപ്പിക്കുമ്പോൾ നമ്മുടെയുള്ളിൽ ഉണർന്നുവരുന്നതാണ് സംഗീതം .കവിത നമ്മളിൽ അപ്രതീക്ഷിതമായി ഉണരണം: അത് മുൻകൂട്ടി നിശ്ചയിക്കപ്പെട്ട യുക്തിയല്ല .കവിക്കു തന്നെ അജ്ഞാതമാണ് അയാളുടെ കവിത. അതിനു അയാളെ സഹായിക്കുന്നത് വസ്തുവിൻ്റെ മറുവശമാണ് .കവിത ഒരാളെ ഉള്ളിലൂടെ നടത്തിക്കുന്നു;
മുൻപു നിശ്ചയിച്ചിട്ടില്ലാത്ത വഴികളിലൂടെ. അതിന് അന്തിമലക്ഷ്യമില്ല .നടക്കുന്തോറും അത് കൂടുതൽ അപരിചിതമാകുകയാണ്. അത് ഒരു വ്യക്തിയെ അയാൾക്ക് തന്നെ അപരിചിതമായ മറ്റെവിടെയെങ്കിലും എത്തിക്കാതിരിക്കില്ല. കവിത, നമ്മുടെ യുള്ളിൽ ,ഒരു വന്യതയിൽ വേറൊന്നിൻ്റെ ഉദയമാണ് .(ഇത് എല്ലാത്തരം കവിതകൾക്കും ബാധകമാകണമെന്നില്ല) 
അതിൻ്റെ സങ്കടങ്ങൾ നമ്മുടെ ശരീരവും ത്വക്കുമാണ്.
അത് നഗ്നമാണ് ,അത്രമേൽ .

ഉറൂബിൻ്റെ 'സുന്ദരികളും സുന്ദരന്മാരും' എന്ന കൃതിയിൽ  കുഞ്ഞിരാമനെക്കുറിച്ചുള്ള വിവരണം നോക്കുക :" വ്യക്തിഗതമായ പ്രശ്നങ്ങളോടെ അയാൾ ഒന്നും പ്രവർത്തിച്ചിരുന്നില്ല. വ്യക്തികൾ അയാൾക്ക് പ്രശ്നമേ ആയിരുന്നില്ല.  ജലകണങ്ങളല്ല - പുഴ ,പുഴയാണ് പരിഗണിക്കപ്പെടുന്നത്. അയാളുടെ സ്നേഹമോ ക്രൂരതയോ വ്യക്തിയോടല്ല .ഒരു വർഗ്ഗം ,ഒരു സമൂഹം എന്നിവ മാത്രം നിലനിൽക്കുന്നു. ശക്തിയായ വെയിലിൽ നാലോ അഞ്ചോ ഇലകൾ കരിഞ്ഞുപോകുന്നുണ്ടാകാം. പക്ഷേ, സൂര്യപ്രകാശം കൂടാതെ ,വൃക്ഷത്തിന് വളരാൻ കഴിയുന്നില്ല. ഇങ്ങനെ വ്യക്തിഗതമായ നേട്ടങ്ങളോ  വ്യക്തിപരമായ പകയോ ലക്ഷ്യമില്ലാതിരുന്നതുകൊണ്ട് അയാൾക്ക് ഒരു തരം അചഞ്ചലത്വവും   കാഠിന്യവുമുണ്ടായിരുന്നു ". 

ഇതും വ്യത്യസ്തമായ സന്യാസമാണ്. ദൈവഹിതമായ ,മതരഹിതമായ  സന്യാസമാണിത്. ആഗ്രഹങ്ങളെ നിയന്ത്രിച്ചും അവനവൻ്റെ  ആവശ്യങ്ങളെ ലഘൂകരിച്ചും സ്വയം എന്താണെന്ന് അന്വേഷിക്കുകയാണ്.   മനുഷ്യവർഗ്ഗത്തോടാണ് അയാൾ സംവദിക്കുന്നത് ,വ്യക്തിയോടല്ല .വ്യക്തികൾ അയാളെ പ്രചോദിപ്പിക്കുന്നില്ല .







at March 31, 2022
Email ThisBlogThis!Share to TwitterShare to FacebookShare to Pinterest

No comments:

Post a Comment

Newer Post Older Post Home
Subscribe to: Post Comments (Atom)

അക്ഷരജാലകം ഇരുപത്തിയഞ്ച് വർഷങ്ങൾ പിന്നിട്ടിരിക്കുന്നു: എം. സി. രാജനാരായണൻ

  ഇന്ത്യയിലെ പ്രശസ്ത സിനിമാ വിമർശകനും ഫിപ്രസി അംഗവും ഗ്രന്ഥകാരനുമായ എം.സി. രാജനാരായണൻ എഴുതുന്നു പ്രചാരവും സ്വീകാര്യതയും നിലനിർത്തിക്കൊണ്ട്‌ ...

  • എം.കെ.ഹരികുമാർ വിഷുപ്പതിപ്പ് 2022
      എം.കെ.ഹരികുമാറിൻ്റെ  ലേഖനങ്ങൾ ഉത്തര- ഉത്തരാധുനികത   ഉപഭോഗവും വിദ്വേഷവുംകൊണ്ടു നിർമ്മിച്ചെടുക്കുന്ന മാനുഷികമിഥ്യകൾ  വസ്തുവിൻ്റെ അസ്തിത്വത്...
  • കുരീപ്പുഴയുടെ ഉപരിപ്ളവം /എം.കെ.ഹരികുമാർ
      സർവ്വക്രമവും തെറ്റിച്ച് ,സ്വന്തം പാതയിൽ അനന്യതയെയും  അനന്തതയെയും സംയോജിപ്പിക്കുന്നവനാണ് കവി.  അങ്ങനെയുള്ളവർക്കേ കവിയാകാൻ കഴിയൂ. സ്വന്തം ...
  • സാഹിത്യകൃതിയുടെ ഉള്ളടക്കം അപ്രസക്തമായി: എം.കെ.ഹരികുമാർ
      എം.കെ. ഹരികുമാർ പുസ്തകം പ്രകാശനം ചെയ്ത് പ്രസംഗിക്കുന്നു. കായംകുളം,ക്ളാപ്പന: സാഹിത്യകൃതിയുടെ ഉള്ളടക്കത്തെക്കുറിച്ചുള്ള ചർച്ചകൾ അവസാനിച്ചതാ...

Search This Blog

  • Home

About Me

m k harikumar highlights
View my complete profile

Report Abuse

Labels

  • anudhavanam
  • google
  • m k harikumar
  • m k harikumar highlights
  • m k harikumar talk
  • m k harikumar vishu spl 2022
  • pachamalayalam
  • part 1
  • part 2
  • search
  • sivagiri
  • sreedhareeyam
  • എം.കെ ഹരികുമാർ/
  • എം.കെ.ഹരികുമാർ
  • എഴുത്തുകാരൻ
  • പൂവാൽ ചോക്കുന്നു കാടന്തിമേഘങ്ങൾ പോലെ
  • പ്രാപഞ്ചികമായ സൂക്ഷ്മധ്വനികൾ
  • ഭാഷയിൽ

Blog Archive

  • February 2023 (2)
  • January 2023 (16)
  • November 2022 (1)
  • October 2022 (4)
  • September 2022 (21)
  • July 2022 (8)
  • June 2022 (3)
  • May 2022 (2)
  • April 2022 (13)
  • March 2022 (19)
Watermark theme. Powered by Blogger.