Wednesday, July 20, 2022

അഗാധഗർത്തത്തിനു മുകളിലൂടെ ഒരു കയറിൽ /എം.കെ.ഹരികുമാർ

 
മെക്സിക്കൻ ചിത്രകാരി ഫ്രീദാ കാലോ (Frida Kahlo,1907-1954) തൻ്റെ  കാലത്തിൻ്റെ വേദനിപ്പിക്കുന്ന നിത്യസാക്ഷ്യമായി ഓർമ്മിക്കപ്പെടുന്ന രചനകളാണ് സംഭാവന ചെയ്തത്. ഒരു സ്ത്രീയായും എപ്പോഴും പോരാടുന്ന മനുഷ്യവ്യക്തിയായും അവർ അസ്തിത്വത്തെ പിന്തുടർന്നു. The wounded Deer(1946) എന്ന ചിത്രം ആത്മവ്യഥകളെ കാലത്തിലേക്ക് സമന്വയിപ്പിക്കുകയാണ്. ഒരു പുതിയ ദൃശ്യഭാഷയാണ് അവർ ഇതിനായി തിരഞ്ഞത്. വളരെ അനാവരണം ചെയ്യപ്പെട്ടതും മഥിക്കുന്നതും അതേസമയം അദൃശ്യതകളെ സ്വാംശീകരിക്കുന്നതുമായ ഭാഷയാണിത്. അമ്പുകളേറ്റു വിരണ്ടോടുന്ന ഒരു മാനാണ് ചിത്രത്തിൽ. മാനിൻ്റെ തലയായി ചിത്രകാരി വച്ചിരിക്കുന്നത്  സ്വന്തം തല തന്നെയാണ് .അതിൽ മാനിൻ്റെ കൊമ്പുകളുമുണ്ട് .കൊമ്പുകൾ വിലാപങ്ങളുടെ ഒരു  കാടിനെക്കുറിച്ചു സൂചന തരുന്നു. അമ്പുകൾ തുടരെ വരുകയാണ്. കാടിനെ ചുമക്കുന്നവളാണ് താൻ എന്നും വിവക്ഷ.  എന്നാൽ താൻ നിലം പതിക്കാൻ തയ്യാറല്ലെന്നാണ് ചിത്രകാരിയുടെ മനസ്സ് പറയുന്നത്. 
ആ മുഖം അതു വിളിച്ചു പറയുന്നു.
തനിക്കു കുറേ ദൂരം പോകാനുണ്ട് എന്നാണു ആ കണ്ണുകൾ വ്യക്തമാക്കുന്നത്. 

പിന്നിലായി, കലുഷിതമെങ്കിലും പ്രകാശരേണുക്കൾ ചിതറിയ ഒരാകാശ ഭാഗം കാണാം. ചുറ്റുമുള്ള മരങ്ങളാകട്ടെ,ഒരു വനമാണെന്ന്  തോന്നിപ്പിക്കുമെങ്കിലും അതെല്ലാം  ഏറെക്കുറെ ഉണങ്ങി വീഴാറായി നിൽക്കുകയാണ് .പച്ചപ്പുകൾ നഷ്ടമായ ഒരു വന്യതയിലൂടെ, അവൾ ശരീരത്തിൽ തറച്ച അമ്പുകളുമായി പായുകയാണ്. 
ആരാണ് രക്ഷിക്കാൻ വരുക ?ഒരു പക്ഷേ ,ആ മാൻപേടയുടെ വേദന ആർക്കും തന്നെ മനസ്സിലാകുന്നില്ലായിരിക്കാം .വേദനിക്കുന്നവർ കാഴ്ചവസ്തുക്കളാവുന്ന സമകാലിക ദുരന്തത്തെ തീവ്രമായി ചിത്രീകരിച്ച ഫ്രീദ കാലോ ഈ ചിത്രത്തിൽ വരച്ചു ചേർത്ത ഒടിഞ്ഞ ചില്ല എന്തായിരിക്കും സൂചിപ്പിക്കുന്നത് ?മാർസൽ പ്രൂസ്ത് പറഞ്ഞ തലയ്ക്കു മുകളിലെ ആകാശമുണ്ടല്ലോ. അത് ജീവിപ്പിക്കുന്ന പ്രതീക്ഷയാണ്. ചുറ്റും വരണ്ടുണങ്ങി നില്ക്കുമ്പോൾ ഒരു പച്ചിലചില്ല ജീവൻ്റെ പ്രചോദനമാണ്.
കഥയിലും ഈ പച്ചിലചില്ല വേണം. ഓരോ പെണ്ണും എഴുതുമ്പോൾ ഈ ശോകഭാവം (Pathos ) അടിയിലുണ്ടായിരിക്കണം.  വായനക്കാരൻ്റെ ഹൃദയത്തിലേക്ക് നേരെ ചെല്ലുന്ന ഒരു സംഗീതപാതയാണത്.

ഭാഷ എഴുതുന്നു

നമുക്ക് ധാരാളം ഫെമിനിസ്റ്റ് എഴുത്തുകാരികളുണ്ടെങ്കിലും കഥയിൽ കല സൃഷ്ടിക്കാനറിയുന്നവർ തീരെയില്ല. ഒരു സ്ത്രീയുടെ അവസ്ഥയെ അടുത്തുനിന്ന് ആത്മാർത്ഥതയോടെ നോക്കാനറിയില്ല. പത്രമാധ്യമങ്ങളുടെ കണ്ണിലൂടെ നോക്കുന്നത് നിഷ്പ്രയോജനമാണ്. ഒരു സർക്കാർ ഉദ്യോഗസ്ഥയുടെയോ  കോളേജ് അധ്യാപികയുടെയോ കണ്ണിലുടെ ജീവിതത്തെ നോക്കരുത്. അപ്പോൾ ജീവിതം താരനിശയുടെ റിപ്പോർട്ടിംഗാവും. അനന്തമായ കാലത്തിൻ്റെ ഏതോ ഒരു ബിന്ദുവിൽ നിസഹായമായി നിൽക്കുന്ന മനുഷ്യജീവി എന്ന നിലയിലാണ് ജീവിതത്തെ നോക്കേണ്ടത്, നിരുപാധികമായി .അപ്പോൾ സഹജവും ആഴത്തിലുള്ളതും സത്യാത്മകവുമായ കാര്യങ്ങൾ പൊന്തിവരും. 

പതിറ്റാണ്ടുകൾക്കു മുമ്പ് മാധവിക്കുട്ടി  'കഥ' മാസികയിൽ ഒറ്റപ്പേജിൽ അനുഭവക്കുറിപ്പുകൾ എഴുതുമായിരുന്നു. ഇന്നത്തെ പല വനിതകളുടെയും കഥകളെക്കാൾ വായനക്കാരെ ആ കുറിപ്പുകൾ വശീകരിക്കുമായിരുന്നു. 
അവർ കൃത്രിമമായ ഭാഷയോ , ഫെമിനിസ്റ്റ് ഭാഷയോ  ഉപയോഗിച്ചിരുന്നില്ല. വികാരങ്ങളിൽ സത്യസന്ധത പാലിച്ചുകൊണ്ട് തന്നെയും ചുറ്റുപാടുകളെയും നിരീക്ഷിക്കുകയാണ് അവർ ചെയ്യാറുണ്ടായിരുന്നത്.
അതിൽ കരടായി ഒന്നും തന്നെ ഉണ്ടായിരുന്നില്ല .സ്ഫടികജലംപോലെ അത് തുറന്നു കാണിക്കപ്പെട്ടു.
അതിൽ നിറഞ്ഞു നിന്നത് മാധവിക്കുട്ടി എന്ന എഴുത്തുകാരിയായിരുന്നു. 

ആധുനികതയോ ഉത്തരാധുനികതയോ  ഒന്നുമല്ല മാധവിക്കുട്ടിയെ ശ്രദ്ധേയയാക്കുന്നത്. അവർ ഒരു മനുഷ്യവ്യക്തിയായിരിക്കാൻ നന്നായി പരിശ്രമിച്ചു. ആരുടെയും പ്രചാരണം അവർ ഏറ്റെടുത്തില്ല. ഒരു സൗഹൃദസംഭാഷണത്തിൽ തൻ്റെ  കവിതയെക്കുറിച്ച് അവർ എന്നോട് ഇങ്ങനെ പറഞ്ഞു: "എനിക്ക് ടി.എസ്.എലിയറ്റിനെപോലെയോ യേറ്റ്സിനെപോലെയോ എഴുതാനാവില്ല. ഞാൻ ബുദ്ധിജീവിയെപോലെ എഴുതില്ല. ഞാൻ എന്നെക്കുറിച്ചാണ് എഴുതുന്നത്. എനിക്ക് അതേ അറിയാവൂ ".ഈ സത്യസന്ധത അവരുടെ തിളക്കം വർദ്ധിപ്പിക്കുകയാണ്.

സിതാര .എസ് എഴുതിയ റാണി (എഴുത്ത് ,ജനുവരി)ആരവങ്ങളിൽ നിന്ന് വലിച്ചെറിയപ്പെട്ട ഒരു സിനിമാനടിയുടെ പിൽക്കാല ജീവിതത്തിലെ അലച്ചിലും ഒറ്റപ്പെടലും കളങ്കമില്ലാതെ അവതരിപ്പിക്കുകയാണ്. എന്ത് എഴുതുന്നു എന്നതല്ല ,എഴുതുന്നതിൽ എഴുതുന്ന യാളുണ്ടോ എന്നാണ് നോക്കേണ്ടത്. ഈ കഥയിൽ ഉപയോഗിച്ചിരിക്കുന്ന ഭാഷ അതിലെ കഥാപാത്രമായ കമലയെ അനുഭാവപൂർവ്വം വീക്ഷിക്കുകയാണ്. സദാചാര ലംഘനത്തിനു ,തൻ്റെ സഹായി കളോടൊപ്പം അവളെ പോലീസ് സ്റ്റേഷനിലേക്ക് പിടിച്ചു കൊണ്ടുവന്നിരിക്കുകയാണ്.ജീവിതത്തിൻ്റെ ഗ്രാമ്യഭംഗിയോ ,ശാലീന സൗന്ദര്യമോ ,സൗന്ദര്യലഹരിയോ , മര്യാദയോ ഒന്നും എവിടെയുമില്ല. പൊള്ളയായ മനുഷ്യർ കൂട്ടമായി വരുകയാണ്. ജീവിതത്തിലെ ശൂന്യതയെ കഥാകാരി തൻ്റെ ഭാഷകൊണ്ട് മറികടക്കുന്നു. അഗാധഗർത്തത്തിനു മുകളിലുടെ ഒരു കയറിൽ സാഹസികമായി സഞ്ചരിക്കുന്ന മനുഷ്യനെയാണ് കണ്ടെത്തേണ്ടത്. അത് സിതാര നന്നായി നിർവ്വഹിച്ചു.

"വാ ,ക്ഷീണിച്ചെങ്കിലും ലാഘവമാർന്ന കാൽവയ്പുകളിലേക്ക് തണുപ്പിൻ്റെ  നേരിയ നാരുകൾ കരുണയോടെ നാക്കു നീട്ടി. വാ ,പകുതി മാഞ്ഞ ചന്ദ്രൻ വഴിമായ്ക്കുന്ന നിഴലുകളെ വിരലുകളാൽ തുടച്ചെടുത്തു. വാ ,നേർത്ത മുടിയിഴകളിലേക്ക് കാറ്റു കരുതലോടെ ചുണ്ടു ചേർത്തു .വാ ,ഇരുട്ടും ഉഷ്ണവുമകന്ന നീളൻ പാത, ഓരോ പാദസ്പർശത്തിലും വാത്സല്യത്താൽ തളിർത്തു .ആയുസ്സിൻ്റെ അറ്റത്തെത്തിയ ക്ഷീണിച്ചെല്ലിച്ച ഒരു സ്ത്രീ പെൺകുഞ്ഞുങ്ങളെ ചുറ്റിപ്പിടിച്ചു നടന്നുപോകുന്നത് മേഘങ്ങളിലൊളിച്ച മിന്നൽപ്പിണറുകൾ സ്നേഹത്തോടെ നോക്കി നിന്നു. കാറ്റിലൂടെ കുതിച്ച് അവരിലൊരാൾ അവളുടെ കാൽക്കീഴിലേക്ക് ആരാധനയോടെ മുട്ടുകുത്തി. റാണി, ഞാൻ നിങ്ങളുടെ ചെങ്കോൽ .നക്ഷത്രങ്ങൾ നിറഞ്ഞ എൻ്റെ ആകാശം നിങ്ങളുടെ കിരീടവും. സ്വീകരിച്ചാലും " .

ഇതു വായിച്ചപ്പോൾ ആഹ്ലാദം തോന്നി. ഇങ്ങനെയൊക്കെ എഴുതാൻ  മലയാളത്തിലും എഴുത്തുകാരി ഉണ്ടല്ലോ എന്നാണ് ചിന്തിച്ചത്. നമ്മുടെ അനുഭവങ്ങളെ ആത്മാവിൻ്റെ  കണ്ണുകൊണ്ട് കണ്ടാൽ മാത്രമേ ഇങ്ങനെ എഴുതാൻ കഴിയൂ .എന്നാൽ  ഭാഷാസംസ്കാരവും വേണം. ആ സംസ്കാരം സിതാര നേടിയെടുത്തിരിക്കുന്നു.

മോണാലിസ വളരെ ദൂരെ 

എന്തുകൊണ്ട് ഡാവിഞ്ചിയുടെ 'മോണാലിസ'പോലെ ഒന്ന് നമുക്ക് സൃഷ്ടിക്കാൻ കഴിയുന്നില്ല എന്ന് ചോദിക്കുമ്പോൾ, അതിനു കഴിവില്ല, അതു നമ്മുടെ ശൈലിയല്ല, അത് പ്രാചീനമാണ് എന്നൊക്കെ പറയുന്നത് മണ്ടത്തരമാണ്. ഏറ്റവും ഉയർന്ന കലാനുഭവം ഇല്ലാത്തതുകൊണ്ടാണ് ഇതുപോലെ എക്കാലത്തെയും മഹത്തായ ചിത്രം വരയ്ക്കാനാവാത്തത്. ചിത്രം വരയ്ക്കാനും എഴുതാനും ഭൂരിപക്ഷത്തിനും കഴിയും .എന്നാൽ കലയുടെ കാര്യത്തിൽ ഏറ്റവും ഉന്നതമായ ലയം , മാന്ത്രികാനുഭവം ആർജിക്കുന്നതിൽ വലിയ പരാജയമാണ് മിക്കവരും നേരിടുന്നത്. ഭൂരിപക്ഷത്തിനും ആവേശവും വിദ്യാഭ്യാസവുമാണുള്ളത് ;ജ്ഞാനമില്ല മനസ്സ് പല ജാതി, മത, സങ്കുചിത ചിന്തകളിൽപ്പെട്ട് ഛിന്നഭിന്നമായി കിടക്കുകയാണെങ്കിൽ കലയ്ക്കു  വേണ്ടതായ അന്തർലീനശക്തി ഉണരുകയില്ല. മനസ്സിലെ യുക്തിയും വിദ്വേഷവും സങ്കുചിതത്വവുമാവും മുന്നോട്ടു വരുക .അതിനെയെല്ലാം തള്ളിമാറ്റി ഏറ്റവും മഹത്തായ, മനുഷ്യനു അപ്രാപ്യമായ ബോധാവസ്ഥയിലെത്തുമ്പോഴാണ് കലയുടെ മാജിക് സംഭവിക്കുന്നത്.

വായനയിലും ഈ പെർഫോമൻസ് ഉണ്ട് .ഒരു കൃതി വായിക്കുമ്പോൾ അതിൻ്റെ നാനാതരത്തിലുള്ള ഓർമ്മകൾ സമാഹരിക്കാനും അതിൽനിന്ന് കലയുടെ അപാരതയിലെത്താനും  സിദ്ധിയുണ്ടെങ്കിലേ സാഹിത്യകലയിൽ പ്രധാനമാകുന്നുള്ളു. ഒരു നോവലിലെ കഥാപാത്രങ്ങൾക്കൊപ്പം എഴുത്തുകാരനുമുണ്ട്. അത് നോവൽ എഴുതിയ വ്യക്തിയല്ല .നോവലിസ്റ്റിൻ്റെ  തന്നെ മറ്റൊരു അന്തർമണ്ഡലമാണത്. 

ആ അന്തർവ്യക്തിയുമായി സംവദിക്കണം. ദസ്തയെവ്സ്കിയുടെ 'കരമസോവു സഹോദരന്മാർ ' വായിക്കുമ്പോൾ മറ്റു കഥാപാത്രങ്ങക്കൊപ്പം ദസ്തയെവ്സ്കി യും കഥാപാത്രമാണ്. ഇതു കണ്ടു പിടിക്കുന്നുണ്ടെങ്കിലേ വായനയുള്ളു. ദസ്തയെവ്സ്കി എന്ന ചൂതുകളിക്കാരനോ, റഷ്യാക്കാരനോ ,അന്നയുടെ കാമുകനോ അല്ല നോവലിലെ കഥാപാത്രമായി വരുന്നത്. 
മറ്റൊരു ആളാണ് ,അന്തർ വ്യക്തിയാണ്. അയാളോടൊപ്പം സഞ്ചരിക്കുന്നതിനെയാണ് വായന എന്നു പറയുന്നത്. 

വായനയും അനുഭവവും 

അമൽ 'ടിഷ്യുപേപ്പർ കഥകൾ' (മാതൃഭൂമി ആഴ്ചപ്പതിപ്പ് ,ഫെബ്രുവരി 12) എന്ന പേരിൽ കുറെ കഥകൾ കൂട്ടിക്കെട്ടി തീവണ്ടിപോലെ വായനക്കാരുടെ മുന്നിൽ വച്ചിരിക്കുന്നു. ഒന്നും മനസിലായില്ല.  ഇതിലെ കഥകൾക്കു പിന്നിൽ പ്രചോദനമുള്ളതായി തോന്നിയില്ല. കഥ എഴുതാൻ വേണ്ടി ബോധപൂർവം ശ്രമിക്കുകയാണ്. പക്ഷേ ,കഥയാകുന്നില്ല .ഇത്തരം കുറിപ്പുകൾ കഥനപ്രക്രിയയെ തന്നെ അപഹാസ്യമാക്കുകയാണ്. 

Beyond the Blurb എന്ന വിമർശന കൃതിയെഴുതിയ ദാനിയേൽ ഗ്രീൻ Daniel Green പറഞ്ഞു: 
"ഭാഷയുടെ അനുഭവമാണ് വായന. വാക്കുകളുടെ ക്രമീകരണമാണ് നാം കൃതിയിൽ കാണുന്നത് .ഈ ക്രമീകരണം മനസ്സിലാക്കാൻ കഴിവുള്ളവനായിരിക്കണം വിമർശകൻ .അതുകൊണ്ട് ഒരു സാഹിത്യകൃതിയുടെ അർത്ഥം എന്നു പറഞ്ഞാൽ അതിൻ്റെ  വായനാനുഭവമാണ് ഉദ്ദേശിക്കുന്നത് ".

വിമർശനത്തിൻ്റെ വിമർശനം

മലയാളത്തിൽ ചെറുകഥയെക്കുറിച്ചോ ,കവിതയെക്കുറിച്ചോ ഒരു റിവ്യു എഴുതാൻ ധാരാളം പേരെ കിട്ടും .കോളേജ് അധ്യാപകർ മിക്കവാറും പേരും റിവ്യൂ എഴുതും .അടുപ്പമുള്ളവരുടെ  പുസ്തകങ്ങൾക്ക് പ്രചാരം കിട്ടാൻ വേണ്ടി ഫേസ്ബുക്കും മറ്റു മാധ്യമങ്ങളും ഉപയോഗിക്കുന്നതിൽ കുഴപ്പമില്ല .ഫേസ്ബുക്കിൽ പുസ്തകത്തിൻ്റെ കവർ റിലീസ് ചെയ്യാമോ എന്ന് ചോദിച്ചുകൊണ്ട് എഴുത്തുകാർ തന്നെ പരിചയമുള്ളവർക്കെല്ലാം സന്ദേശമയയ്ക്കുന്നു .ഇക്കൂട്ടത്തിൽ  അവർ സാഹിത്യവിമർശകരെയും വെറുതെ വിടുന്നില്ല. ഇത് തികച്ചും അനുചിതമായ ഒരു കളിയാണ്. ഒരു വിമർശകൻ ഏതൊരു കൃതിയും പരിചയത്തിൻ്റെയോ  സൗഹൃദത്തിൻ്റെയോ ബലത്തിൽ മാത്രം പ്രോത്സാഹിപ്പിക്കാൻ നില്ക്കുകയാണെങ്കിൽ അത് അധാർമ്മികമാണ്. ഈ രീതി വിമർശകനെ നശിപ്പിക്കും. ഒരു കഥാകൃത്തിൻ്റെ പുസ്തകം ഫേസ്ബുക്ക് പേജിൽ റിലീസ്  ചെയ്താൽ വിമർശകൻ ആ  കഥാസമാഹാരത്തെ സർവാത്മനാ സ്വാഗതം ചെയ്തതായാണ് വായനക്കാർ വിലയിരുത്തുക.എന്നാൽ വിമർശകന് ചിന്താരീതി, ഭാവന ,സാഹിത്യാവബോധം ,കലാസങ്കല്പം തുടങ്ങിയവ സ്വന്തമായുണ്ടെങ്കിൽ  അനാവശ്യമായി പുസ്തകങ്ങളെ പ്രചരിപ്പിക്കാനാവില്ല .

റിവ്യു എഴുത്തുകാർ പെരുകിയെങ്കിലും സാഹിത്യവിമർശനത്തിൻ്റെ വിമർശനമെഴുതാൻ നമ്മുടെ നാട്ടിൽ ആളില്ലാതായി എന്ന വസ്തുത അവഗണിക്കരുത്. 
പത്താം ക്ലാസിൽ മലയാളം മാഷ് പറഞ്ഞുകൊടുത്ത വിമർശനപാഠങ്ങളുമായി, ഈ  ഉത്തര- ഉത്തരാധുനിക കാലത്തെ വിമർശന ചിന്തകളെ സമീപിക്കുന്ന വിരുതന്മാരെ  കണ്ടിട്ടുണ്ട്. ഫീച്ചറെഴുതുന്ന മാനസികാവസ്ഥ ഇതിനു ചേരില്ല. വിമർശനത്തിൻ്റെ ഉറവിടം എവിടെ നിന്നാണെന്നു വ്യക്തമായാലേ  വിമർശനത്തെക്കുറിച്ച് എഴുതാനാവൂ. വിമർശനപ്രക്രിയയിൽ ,വിമർശന ബോധത്തിൽ തത്ത്വചിന്തയുടെ സമസ്യകളുണ്ട്‌. വാൾട്ടർ ബെഞ്ചമിൻ ,കാതറിൻ ബെൽസി തുടങ്ങിയവർ ഇതിനെക്കുറിച്ച് എഴുതിയിട്ടുണ്ട്. 

കലാസ്വാദന(Art experience )വും കലാപരമായ ആവിഷ്കാരപൂർണത (Virtuosity)യും ജീവതത്ത്വപരമായ  ചിന്ത (Ontological Thought) യും ഒരാളിൽ കേന്ദ്രീകരിച്ചാലേ വിമർശനത്തിൻ്റെ ബോധം രൂപപ്പെടുകയുള്ളു. നമ്മുടെ നാട്ടിലെ ഏറ്റവും ദരിദ്രമായ അവസ്ഥയാണ് സാഹിത്യവിമർശനത്തിൻ്റെ വിമർശനത്തിനുള്ളത്. 'ആത്മായനങ്ങളുടെ ഖസാക്ക് '(1984)എന്ന പുസ്തകമെഴുതിയ  ഞാൻ സമീപകാലത്ത് 'ആത്മായനങ്ങളുടെ ജനിതകം'എന്ന ഒരു കൃതിയെഴുതി. ആദ്യത്തെ പുസ്തകം എങ്ങനെ എഴുതപ്പെട്ടു എന്നു പതിറ്റാണ്ടുകൾക്കുശേഷം പരിശോധിക്കുന്ന അസാധാരണമായ രചനയാണിത്. ഇത് ബ്ലോഗിൽ സൗജന്യമായി വായിക്കാൻ കൊടുത്തിരിക്കയാണ്. വിമർശനത്തെക്കുറിച്ച് എഴുതാൻ മലയാളത്തിൽ ആരും തന്നെയില്ല എന്നറിഞ്ഞുകൊണ്ടാണ് ഇത്തരം ആത്മവിചിന്തനങ്ങൾ വേണ്ടിവരുന്നത്. ആധുനികതയോ തുടർന്നുള്ള പ്രവണതകളോ എന്താണെന്ന് മനസ്സിലാക്കാത്ത ഇന്നത്തെ റിവ്യു എഴുത്തുകാർ എങ്ങനെ ഉത്തര - ഉത്തരാധുനികമായ സിദ്ധാന്തങ്ങളെ ഉൾക്കൊള്ളും? .വിവരമില്ലാത്തവർ കാലിന്മേൽ കാൽ കയറ്റി വച്ച് അസംബന്ധം പറയുന്ന കാഴ്ചയാണ് വിമർശത്തിൻ്റെ വിമർശനത്തിൽ  ഇന്നു കാണുന്നത് .

കലാപരമായ മഹത്വത്തെ ഉൾക്കൊള്ളുന്നില്ലെങ്കിൽ സാഹിത്യവിമർശനമില്ല. കലാകാരൻ എഴുതേണ്ടതാണത്. ഒരു സിദ്ധാന്തത്തെ തന്നെ ആശ്രയിക്കണമെന്നുമില്ല. കാരണം, കലയ്ക്കാണ് പ്രാധാന്യം. എന്നാൽ തത്ത്വചിന്തയുടെയും കലയുടെയും ചരിത്രത്തിൽനിന്ന് ഏത് ഉപകരണവും എടുക്കാം. ഏതെടുക്കുമ്പോഴും ഏറ്റവും ഗാഢമായത് ,അഗാധമായത് , സവിശേഷമായത് ,ഇതുവരെ അനാവരണം ചെയ്യപ്പെടാത്തത് എന്ന പരിഗണനയിലാണ് വിമർശകൻ  പ്രവർത്തിക്കേണ്ടത്. അതുകൊണ്ടാണ് ഒരു സാധാരണ മനുഷ്യൻ തന്നിൽ കുഴപ്പങ്ങളൊന്നും കാണുന്നില്ലെങ്കിലും, ചിലർ മനുഷ്യനിലെ ആന്തരികമായ അതൃപ്തിയെക്കുറിച്ച് പറഞ്ഞത് 'ആരാണ് ഞാൻ' എന്നു ചോദിക്കാൻ പ്രേരിപ്പിക്കുന്നുവെന്ന്  കോളിൻ വിത്സൻ(Colin Wilson) വിശദീകരിച്ചത് .ഇക്കാര്യത്തിൽ എഡ്മണ്ട് ഹുസ്സേളി (Edmund Husserl) ൻ്റെ പ്രാതിഭാസിക ചിന്തകളും ,ജോൺ ബുന്യ (John Bunyan )ൻ്റെ 'രക്ഷപ്പെടാൻ ഞാനെന്ത്  ചെയ്യണ'മെന്ന ആശയവും ,റഷ്യൻ തത്ത്വചിന്തകനായ ജോർജ്ജ് ഗുർജി ഫ് (George Gurdjieff) നമ്മളെല്ലാം ഉറങ്ങുകയാണെന്ന് പറഞ്ഞതും  പരിഗണിക്കണമെന്നാണ് കോളിൻ വിത്സൻ പറയുന്നത്.
എന്തിന്? 'എൻ്റെ  മനസ്സിനെ ഉണർത്താൻ ഞാൻ എന്താണ് ചെയ്യേണ്ടത്?' എന്ന് തിരിച്ചറിയാൻ.

റിബൽ സങ്കല്പത്തെക്കുറിച്ച് വർഷങ്ങൾക്ക് മുൻപ് വി.പി.ശിവകുമാർ എഴുതിയ ലേഖനം ഇപ്പോഴും മനസ്സിലേക്ക് വരികയാണ്. സാഹിത്യകാരൻ ഒരു റിബലാണോ ?ഇനി അങ്ങനെയൊരു റോൾ അവശേഷിക്കുന്നുണ്ടോ ? എല്ലാവരും എല്ലാത്തിനോടും ഒത്തുതീർപ്പിലെത്തിയ ഈ കാലത്ത്. 


വി. ഗിരീഷ് എഴുതിയ വിശ്വാസം (എഴുത്ത് ,നവംബർ, 2001) ഒരു കഥ എന്ന നിലയിൽ വിജയിച്ചില്ല .ഒരിടത്ത്  നാഗപൂജയുമായി കുറേപ്പേർ  വീട്ടിലേക്ക് വരുന്നു. കുഴൽ കിണർ കുഴിക്കാൻ വീട്ടുകാർ പദ്ധതിയിടുന്നു.  ഇതു തമ്മിലെന്താണ് ബന്ധമെന്ന്  വ്യക്തമാക്കുന്നില്ല. ഒരിടത്തും എത്താത്ത കുഴൽ കിണർ കുഴിച്ച്  കഥാകൃത്ത് കഥ അവസാനിപ്പിച്ചു. കഥ അവസാനിപ്പിക്കുന്നതിനു വലിയ ജ്ഞാനം ആവശ്യമാണ്. അവിടെ ഒരു മാന്ത്രിക വിരൽസ്പർശമുണ്ടാകണം.

കമ്യു ,ദി ഫസ്റ്റ് മാൻ

'ഭീകരമായ ഒരു ശൂന്യതയാണ് എന്നിലുള്ളതെന്ന് ഫ്രഞ്ച് എഴുത്തുകാരൻ ആൽബേർ കമ്യു  'ദ് ഫസ്റ്റ്മാൻ' എന്ന നോവലിൽ പറയുന്നുണ്ട്.  എന്താണ് ഈ ശൂന്യത?വലിയ ആഗ്രഹങ്ങൾ വച്ചുപുലർത്തിയവൻ  തകർന്നുകഴിയുമ്പോഴുള്ള ശൂന്യതയല്ല ;ജീവിതനിരാശയല്ല ; ദാർശനികമായ ഒരാന്തരബോധമാണത്. യാത്രകളെക്കുറിച്ചും ഓർമ്മകളെക്കുറിച്ചും കമ്യു വളരെ വ്യത്യസ്തമായ സമീപനമാണ് കൈക്കൊണ്ടത്. വലിയ യാതനകൾ അനുഭവിച്ചാൽ മനുഷ്യൻ ആന്തരികമായി ക്രമീകരിക്കപ്പെടുമെന്ന മതപരമായ വിശ്വാസത്തെയല്ല അദ്ദേഹം പിന്തുടർന്നത്. കമ്യു യാതന യെ  കണ്ടെത്തുകയാണ്  ചെയ്തത്.തുടർച്ചയായ യാതനയും  അതിനോടുള്ള ബന്ധവും ഒരു വ്യക്തിയെ ദുരന്തങ്ങളിലേക്ക് വലിച്ചടുപ്പിക്കുമെന്ന് അദ്ദേഹം ദീർഘദർശനം ചെയ്തു.കാരണം ,അയാൾ യാതനയിൽനിന്ന് എന്തോ പ്രതീക്ഷിക്കുന്നു. ആ പ്രതീക്ഷയിൽ തുടരാനായിരിക്കും അയാൾ താൽപര്യപ്പെടുക. താൻ യാതനയനുഭവിക്കുന്തോറും കൂടുതലെന്തോ തൻ്റെ അസ്തിത്വത്തിലേക്ക് കൂട്ടിച്ചേർക്കപ്പെടുമെന്ന മിഥ്യാധാരണയിൽ അയാൾ അതിൻ്റെ  ഭവിഷ്യത്തുകളെ സ്വീകരിക്കുന്നു.

ഇത് ഓർമ്മകളിൽനിന്ന് രതിക്ക്  സമാനമായ വികാരം തിരയുന്നവർക്കും ബാധകമാണ് .അവനവൻ്റെ  ഓർമ്മകളുമായി അമിതമായ ലൈംഗികബന്ധം പുലർത്തുന്നവർ പുറംലോകത്തുനിന്ന് സ്വയം നിഷ്കാസനം ചെയ്തവരാണ്. അവർ  ദാരിദ്ര്യത്തെയും സഹനത്തെയും ഇതുമായി ചേർത്തു കനം വയ്പ്പിക്കുന്നു. ഓർമ്മകൾ സമ്പന്നർക്ക് ഭൂതകാലത്തിലെ അവരുടെ പങ്കിനെക്കുറിച്ചുള്ള മിഥ്യാസങ്കല്പങ്ങൾക്ക് രൂപം നല്കാനുള്ളതാണ്. 
എന്നാൽ  പാവപ്പെട്ടവർക്ക് അത് മരണമാണ്. ഓർക്കുന്തോറും അവർ മരണത്തിലേക്ക് അടുക്കുകയാണ്. 

കാതറിൻ കമ്യു 

ആൽബേർ കമ്യു 1960 ൽ കാർ അപകടത്തിൽ കൊല്ലപ്പെടുകയായിരുന്നല്ലോ. അപകടത്തിൽപ്പെട്ട ആ കാറിൽ നിന്നാണ് അദ്ദേഹത്തിൻ്റെ 'ദ് ഫസ്റ്റ്മാൻ' എന്ന നോവലിൻ്റെ  കൈയെഴുത്തുപ്രതി കണ്ടെടുത്തത്. കമ്യുവിൻ്റെ മരണത്തിന് മുപ്പത് വർഷത്തിനുശേഷമാണ് അപൂർണമായ 'ദ് ഫസ്റ്റ്മാൻ' പ്രസിദ്ധീകരിച്ചത് .കമ്യുവിൻ്റെ മകൾ കാതറിൻ കമ്യു ഒട്ടും എഡിറ്റ് ചെയ്യാതെയാണ് അത് പ്രസാധകരെ ഏല്പിച്ചത്. കമ്യുവിൻ്റെ കുട്ടിക്കാലത്തെ ദാരിദ്ര്യവും പീഢകളുമാണ് അതിലെ ഇതിവൃത്തം. 

കമ്യുവിനു ഒരിക്കലും വായനക്കാരെ നഷ്ടപ്പെട്ടിട്ടില്ല എന്നാണ് കാതറിൻ പ പറയുന്നത്. ഇപ്പോഴും അദ്ദേഹം വായനക്കാർക്ക് പ്രിയങ്കരനാണ്. "ബുദ്ധിജീവികൾ കമ്യുവിലേക്ക് മടങ്ങി വരികയാണിപ്പോൾ .അതിന് കാരണമുണ്ട്. കമ്മ്യൂണിസത്തിൻ്റെ പതനം സംഭവിച്ചല്ലോ. കമ്യു എന്നും സ്റ്റാലിൻ്റെ വിചാരണകളെയും ലേബർ ക്യാമ്പുകളെയും വിമർശിച്ചിട്ടുണ്ട്. കമ്യു ശരിയായിരുന്നുവെന്ന് ഇപ്പോൾ എല്ലാവർക്കും ബോധ്യമായിരിക്കുന്നു . സോവിയറ്റ് റിപ്പബ്ലിക്കിൽ കോൺസൻട്രേഷൻ ക്യാമ്പുകൾ ഉണ്ടായിരുന്നുവെന്ന കാര്യം ഇപ്പോൾ  എല്ലാവർക്കുമറിയാം" - കാതറിൻ പറയുന്നു. 

നാനോ കഥകൾ 

സിബിൻ ഹരിദാസിൻ്റെ 'നാനോ കഥകൾ ' (ഹരിതം ) ശ്രദ്ധ നേടുകയാണ്. കഥ എന്ന നിലയിൽ, കവിതയിൽനിന്നു വേർപെടുത്താൻ കഴിയാത്ത രചനകളാണിത്. 
കഥയുടെ സത്ത് പിഴിഞ്ഞ് ഊറ്റി വച്ചിരിക്കുന്നു .പാലക്കാട് എടത്തനാട്ടുകര സ്വദേശിയായ സിബിൻ ചെമ്മാണിയോട് പി. ടി. എം. യു. പി. സ്കൂൾ അദ്ധ്യാപകനാണ്. 

ഇന്നത്തെ മികച്ച ക്യാപ്സൂൾ കഥാകാരനാണ് സാബിൻ എന്നു പറയട്ടെ. ജീവിതത്തിനുള്ളിലെ പ്രഹേളികയുടെ രഹസ്യം പകരാൻ ഈ കഥാകൃത്ത് നന്നായി അദ്ധ്വാനിച്ചിട്ടുണ്ട്. എന്തെങ്കിലും കുറെ വാക്കുകൾ എഴുതിവെച്ചു 'കുഞ്ഞുകഥ' എന്നു  പറയുന്നവരുണ്ട്. ഇവിടെ അതിനപ്പുറം പോവുകയാണ് സിബിൻ . 

'അവൾ' എന്ന കഥയിൽ മൂന്നു  വാക്യങ്ങളേയുള്ളു . സമകാല സ്ത്രീ ജീവിതത്തെ സാന്ദ്രമായി അനുഭവപ്പെടുത്തുകയാണിവിടെ:

"അവൾ വലതുകാൽ വച്ച് അകത്തേക്ക് കയറി .
അനുഗമിച്ചത് ഒരു പരിച.
സ്വീകരിച്ചത് ഒരു വാൾ " .

'പരിണാമം' എന്ന കഥ ഇങ്ങനെയാണ്:
" നമുക്ക് രണ്ട് ഇലകളായി പരിണമിച്ചാലോ?
അവൻ വികാരവായ്പോടെ അവളോട് ചോദിച്ചു .
എന്നിട്ടോ ?
അവളുടെ ആശ്ചര്യചോദ്യം .
നമുക്ക് തളിർക്കാം 
വളരാം 
പഴുക്കാം 
പിന്നെ കൊഴിഞ്ഞു വീഴാം" .

റാഷാമോൺ 

അകിര കുറസോവ റാഷാമോൺ Rashamon) എന്ന സിനിമയെടുത്തത്  ജപ്പാനിലെ പ്രമുഖ കഥാകൃത്തായ അകുതാഗാവ റുയുനോസുകെ (Akutaguwa Ryunosuke, 1892-1927)യുടെ ഇതേ പേരിലുള്ള കഥയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് .ചിത്രത്തിൻ്റെ പ്രമേയത്തെ വികസിപ്പിക്കുന്നതിനു  റുയുനോസുകെയുടെ In a Grove  എന്ന കഥ കൂടി ഇതിൽ സംയോജിപ്പിക്കുകയായിരുന്നു. ജാപ്പനീസ് കഥാസാഹിത്യത്തിലെ ആചാര്യനായ റുയുനോസുകെ റാഷാമോൺ എന്ന പേര് സ്വീകരിച്ചത് ജാപ്പനീസ് പുരാതന ബാലെ നോഹ് (Noh)എന്ന കലാരൂപത്തിൽ നിന്നാണ് .റാഷാമോൺ എന്നു വിളിക്കുന്നത് പുരാതന നഗരമായ ക്യോട്ടോ (Kyoto)യുടെ  പ്രവേശനകവാടത്തെയാണ്. 

തകർന്ന കവാടത്തിന് മുന്നിൽ ഗത്യന്തരമില്ലാതെ കാവൽ നിൽക്കുകയാണ് ഒരു ഭടൻ . അയാളോടൊപ്പമുണ്ടായിരുന്നവരൊക്കെ   ഒഴിഞ്ഞുപോയി .അയാൾ ,പക്ഷേ ,തൻ്റെ ഉത്തരവാദിത്തം നിറവേറ്റാനായി അവിടെത്തന്നെ നിലയുറപ്പിച്ചു. നിശ്ശബ്ദതയിൽ അയാൾ  ഏകാകിയായിരുന്നു. മുകളിലത്തെ നിലയിലേക്ക് ചെന്ന ആ ഭടൻ കണ്ടത് മൃതദേഹങ്ങളിൽ നിന്നു തലമുടി മോഷ്ടിച്ചെടുക്കുന്ന ഒരുവളെയാണ്. അവൾ തലമുടി മോഷ്ടിച്ച് വിഗ്ഗ് ഉണ്ടാക്കി വിറ്റ് ജീവിക്കുകയാണ് .അല്ലെങ്കിൽ പട്ടിണികിടന്നു മരിക്കും. അവൾ  ജീവിക്കാൻവേണ്ടി പാമ്പിനെ കൊന്ന് പരിചയക്കാർക്ക് മത്സ്യമാണെന്ന് തെറ്റിദ്ധരിപ്പിച്ച് വിൽക്കാറുണ്ട്. 
മരണം മുന്നിൽ വന്നു നിൽക്കുമ്പോൾ ആദർശത്തിനു പ്രസക്തിയില്ല.എന്നാൽ ഭടൻ അവളെ തടഞ്ഞു. അയാൾ വാൾ അവൾക്കു നേരെ നീട്ടി. നിൻ്റെ ശരീരത്തിലെ വസ്ത്രങ്ങൾ താൻ  അപഹരിക്കാൻ പോവുകയാണ്, എങ്കിൽ തനിക്ക് അതിജീവിക്കാനുള്ള പണം കിട്ടുമെന്ന് അയാൾ അറിയിക്കുന്നു .അത് അയാൾ ചെയ്തു കാണിച്ചു .ആ വസ്ത്രങ്ങളുമായി അയാൾ ഓടി രക്ഷപ്പെടുകയാണ്. ഇപ്പോഴും ഈ കഥയ്ക്ക് പ്രസക്തിയുണ്ട് .പ്രമേയത്തിൻ്റെ കാര്യത്തിലാണെങ്കിൽ ദാരിദ്യത്തിൻ്റെ അഗാധമൂല്യങ്ങൾ അറിയാവുന്ന ഒരു സാഹിത്യകാരൻപോലും ഇന്നില്ല.  പുലിയെ കറിവെച്ച് കഴിക്കാനും  മേഘത്തെകൊണ്ട് യുവതിയെ ഗർഭിണിയാക്കാനുമാണ് മലയാള കഥാകൃത്തുക്കൾ ഉത്സാഹിക്കുന്നത്. 

ജീവിതത്തിലെ അടിസ്ഥാനപ്രശ്നങ്ങളെ  എങ്ങനെ സമീപിക്കണമെന്ന് അറിയില്ല. സ്വാധീനമുപയോഗിച്ച് രണ്ടുമൂന്ന് കഥകൾ പ്രസിദ്ധീകരിക്കുക, സ്വന്തം പണം മുടക്കി പുസ്തകമിറക്കുക , ഫേസ്ബുക്കിൽ നൂറു പേരെക്കൊണ്ട് പുസ്തകം പ്രകാശനം ചെയ്യിക്കക, പിന്നെ ഒരു യൂട്യൂബ് എൻട്രി.... മലയാളത്തിൽ ഒരു വലിയ കഥാകൃത്ത് ഉദയം ചെയ്യുകയായി. ഇത് അതേപടി ഏറ്റുപാടുന്ന വായനക്കാർ ഉണ്ടെങ്കിൽ അവർ കപടവായനക്കാരാണ് ,കറപ്റ്റാണ്.

വെളിച്ചം വേണം 

അനിത മാത്യുവിൻ്റെ 'ബൂമറാങ്' ( എഴുത്ത് ,നവംബർ 2021) എന്ന കഥയിൽ ഒരു  സന്ദേശമാണുള്ളത് .നല്ലതു ചെയ്താൽ അതിൻ്റെ ഫലം എപ്പോഴെങ്കിലും തിരിച്ചുവരാതിരിക്കില്ല. എന്നാൽ ഇത് പറയാൻ വേണ്ടി കഥകളെഴുതുന്നത്  ഇന്നത്തെ നിലയ്ക്ക് അപര്യാപ്തമാണ്. ഇതൊക്കെ വളരെ പഴയ രചനാരീതിയാണ്. ഒരാളുടെ ജീവിതത്തെ പുറമേ നിന്നു നോക്കി  ചില നിഗമനങ്ങളിലെത്തുന്നതു ശരിയല്ല. എന്നാൽ ജീവിതത്തിലെ സംഭവങ്ങളെ എങ്ങനെയാണ് നാം സമീപിക്കേണ്ടതെന്ന കാര്യത്തിൽ കൂടുതൽ പഠിക്കേണ്ടതുണ്ട്. ഒരു സന്ദേഹിയായാലേ  സത്യത്തെക്കുറിച്ചുള്ള ചിന്ത  ആരംഭിക്കുകയുള്ളൂ .സന്ദേഹം തന്നെ സത്യാന്വേഷണമാണ് .സന്ദേഹമില്ലാത്തവൻ ചിന്തിക്കാത്തവനാണ്.
ചിന്തിക്കുന്നവൻ അസ്വസ്തനാവും. അവൻ വെളിച്ചത്തിനുവേണ്ടി ഏത്  ദിക്കിലേക്കും നോക്കും .

ഫോക്നർ പറഞ്ഞത് 

എന്തും കഥയായെഴുതി കടലാസ് നിറയ്ക്കുന്നവരുണ്ട്. ഒരു വാചകംപോലും അനുവാചകനെ  സ്പർശിക്കില്ല .വൈകാരികക്ഷമത നഷ്ടപ്പെട്ട ഒരു കൂട്ടമാളുകളെ സൃഷ്ടിച്ചെടുത്തശേഷമാണ് ചിലർ എഴുതുന്നത്. സുഹൃത്തുക്കളോടോ സത്യത്തോടോ ഒരു കണികയുടെ ആത്മാർത്ഥതപോലുമില്ലാത്തവർ എഴുതരുത്.
എഴുതുന്നത് ഒരു ത്യാഗമാണ്,
നഷ്ടമാണത്. നഷ്ടപ്പെടാനുള്ള മനസ്സിൽ നിന്നാണ് സാഹിത്യകൃതിയിലെ ഭാഷയുണ്ടാകുന്നതെന്ന് ഞാൻ വിചാരിക്കുന്നു. ഒന്നും നേടിയെടുക്കാനുള്ള മനസ്സല്ല അത്; അപ്രവചനാത്മകവും വിലമതിക്കാനാവാത്തതുമായ ആത്മീയ മൂല്യങ്ങളുടെ അദൃശ്യലോകത്തെയാണ് എഴുത്തുകാരൻ ലക്ഷ്യം വയ്ക്കുന്നത്. 
സി.വി. ശ്രീരാമൻ്റെ 'ക്ഷുരസ്യധാര' ,യു. പി. ജയരാജിൻ്റെ 'ഓക്കിനാവയിലെ പതിവ്രതകൾ ' തുടങ്ങിയ കഥകൾ എഴുതണമെങ്കിൽ ഈ മാനസികാവസ്ഥയുടെ സമീപമെങ്കിലും എത്താനാകണം.

അമേരിക്കൻ കഥാകത്ത് വില്യം ഫോക്നർ ഓർമ്മിപ്പിക്കുന്നത് ഇതാണ് :

"എഴുതുന്നതുകൊണ്ട് തൃപ്തിപ്പെടരുത് .നമുക്ക് എഴുതാൻ കഴിയുന്നപോലെ മികച്ചതായിരിക്കില്ല അത്. എപ്പോഴും സ്വപ്നത്തിലെന്നപോലെ പ്രതീക്ഷിക്കുക, നിങ്ങൾക്ക് അറിയാവുന്നതിനും ,ചെയ്യാൻ കഴിയുന്നതിനും അപ്പുറത്ത്. നിങ്ങളുടെ സമകാലികർ ,മുൻഗാമികൾ എന്നിവരേക്കാൾ മികവു പുലർത്തണമെന്നതാവരുത് ലക്ഷ്യം. നിങ്ങളേക്കാൾ മികച്ചത് എഴുതണം. പിശാചുക്കൾ നിയന്ത്രിക്കുന്ന ജീവിയാണ് എഴുത്തുകാരൻ. എന്തുകൊണ്ടാണ് പിശാചുക്കൾ തന്നെ തിരഞ്ഞെടുത്തതെന്ന് എഴുത്തുകാരനു  അറിയില്ല .അതിനെപ്പറ്റിയോർത്ത് അതിശയംകൊള്ളാൻ പറ്റാത്ത വിധം അയാൾ തിരക്കുള്ളവനാണ്. ഇക്കാര്യത്തിൽ തികച്ചും അധാർമ്മിക വ്യക്തിത്വമാണ് അയാളുടേത്; ആരിൽ നിന്നും എവിടെ നിന്നും കൊള്ളയടിക്കുകയോ ,കടം വാങ്ങുകയോ ,യാചിക്കുകയോ , മോഷ്ടിക്കുകയോ ചെയ്യും, തൻ്റെ  രചന പൂർത്തീകരിക്കുന്നതിനുവേണ്ടി. എഴുത്തുകാരൻ്റെ ഒരേയൊരു  ഉത്തരവാദിത്വം തൻ്റെ കലയോടു മാത്രമാണ് ".

ഇതിനോട് വിയോജിക്കുന്നവരോട് യോജിപ്പില്ലെന്ന് അറിയിക്കട്ടെ .എൻ്റെ മനസ്സിൽ ഈ ചിന്തകൾ എന്നുമുണ്ടായിരുന്നു. ഫോക്നറുടെ വാക്കുകൾ കണ്ടപ്പോൾ അദ്ദേഹം ഇങ്ങനെ നേരത്തെ ചിന്തിച്ചല്ലോ  എന്നാണ് തോന്നിയത്.

ആനന്ദ് വിമർശിക്കപ്പെടുന്നു

ആനന്ദ് വിമർശിക്കപ്പെടേണ്ടതുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. അദ്ദേഹത്തിൻ്റെ  'ആൾക്കൂട്ടം','ഗോവർധൻ്റെ യാത്രകൾ' എന്നീ നോവലുകളെ നമുക്ക് നിരാകരിക്കാനാവില്ല. എന്നാൽ ആനന്ദിനെ സമകാലജീവിതത്തിൻ്റെ  നിരീക്ഷകനായോ ,ചിന്തകനായോ കാണാൻ നിവൃത്തിയില്ല.അദ്ദേഹം കേരളീയ ജീവിതത്തിൻ്റെ കഴിഞ്ഞ നൂറ്റാണ്ടിനെക്കുറിച്ച് ഇതുവരെ ഒന്നും മിണ്ടിയിട്ടില്ല. ചില കേവല താത്ത്വിക വിഷയങ്ങളെപ്പറ്റി തുടർച്ചയായി പറയുന്ന അദ്ദേഹം അധ:സ്ഥിതരുടെ വിമോചനത്തിൻ്റെ പാതകളെക്കുറിച്ചോ സാമൂഹ്യമായ പീഡനങ്ങളെക്കുറിച്ചോ  ഇതുവരെ മിണ്ടിയിട്ടില്ല .

താൻ ഒരു മലയാളിയാണെന്ന് ഒരിക്കൽപോലും അദ്ദേഹം സമ്മതിച്ചതായി തോന്നുകയില്ല, ആ രചനകൾ വായിച്ചാൽ. ആനന്ദിൻ്റെ കൃതികളിലെ കഥാപാത്രങ്ങൾക്കുപോലും മലയാളി പേരുകളില്ല .മലയാളിയെയും മൗലികമായ അവൻ്റെ സാംസ്കാരിക ത്വരകളെയും ആനന്ദിനു ഇനിയും സ്പർശിക്കാനായിട്ടില്ല. ജാഗ്രതയും ചിന്തയുമുള്ള ഒരു  എഴുത്തുകാരനും തൻ്റെ നാടിൻ്റെ, മിത്തുകളുടെ , ഭാഷയുടെ ഓർമ്മകളുമായി സംഗമിക്കാൻ മടിക്കില്ല .ദസ്തയെവ്സ്കി റഷ്യൻ മനസ്സുമായി എപ്പോഴും സംവദിച്ചിട്ടുണ്ട്. ഒർഹൻ പാമുക്ക് ഇസ്താംബൂളിൽ തൻ്റെ പ്രാചീന മനസ്സിനെ തിരയുന്നു .
മാർകേസ് ലാറ്റിനമേരിക്കയുടെ ചരിത്രമാണ് കലാപരമായി കണ്ടെത്തുന്നത് .ആനന്ദാകട്ടെ , വൈകാരികമായി ഒന്നിനോടും കണ്ണി ചേർക്കുന്നില്ല. മൺമറഞ്ഞവരിൽനിന്ന് കൃത്യമായ അകലം പാലിക്കുന്നു. 
എല്ലാ സാമൂഹ്യ പോരാട്ടങ്ങളെക്കുറിച്ചും മൗനം പാലിക്കുകയാണ്.  

ഈസ്റ്റിന്ത്യാ  കമ്പനിയുടെയും ഫ്യൂഡൽ മനശ്ശാസ്ത്രത്തിൻ്റെയും അതാര്യതകളിൽ അബോധമായി അമർന്നു പോവുകയാണ് ആനന്ദ് . അദ്ദേഹത്തിനു മലയാളത്തിലെ പൂർവ്വകാല എഴുത്തുകാരെ അറിയുമോ എന്ന് എനിക്ക് സംശയമുണ്ട്. ആനന്ദിൻ്റെ പാത പിന്തുടർന്ന എഴുത്തുകാരും പത്രാധിപന്മാരുമെല്ലാം  ഇങ്ങനെ മാനസികമായി അയിത്തം സൂക്ഷിക്കുകയാണ് ചെയ്തിട്ടുള്ളത്. വളരെ ആപത്ക്കരമായ നിലപാടാണിത്.

പ്രതീക്ഷ നശിച്ച് ഓർവെൽ

1984 എന്ന മഹത്തായ നോവൽ എഴുതിയ ജോർജ് ഓർവെല്ലിനെക്കുറിച്ച്  ബി.ബി.സി നിർമ്മിച്ച A Life in Picture  എന്ന ഡോക്യുമെൻററി മനുഷ്യൻ്റെ അധികാരാസക്തിക്കും തിന്മയ്ക്കുമെതിരെയുള്ള ചൂണ്ടുപലകയാണ്. വരാനിരിക്കുന്ന കാര്യങ്ങളെ ,അദ്ദേഹം ഇങ്ങനെ സംഗ്രഹിക്കുന്നു:

" ക്രോധം ,ഭയം, ജയഘോഷം, വ്യക്തിപരമായ അപമാനം എന്നിവയല്ലാതെ ലോകത്ത് ഇന്ന് വേറെ വികാരങ്ങളൊന്നുമില്ല . ലൈംഗികത അപ്പാടെ ഉന്മൂലനം ചെയ്യപ്പെടും. രതിമൂർച്ഛ നിർത്തലാക്കും. പാർട്ടിയോടല്ലാതെ വേറൊന്നിനോടും  വിശ്വസ്തതയുണ്ടാവില്ല. എന്നാൽ അധികാരത്തോടുള്ള ലഹരി  എല്ലായിടത്തുമുണ്ടായിരിക്കും .ഓരോ നിമിഷത്തിലും വിജയത്തിൻ്റെ  രോമാഞ്ചമുണ്ടായിരിക്കും, നിസ്സഹായനായ ഒരു ശത്രുവിനെ ചവിട്ടി മെതിക്കുന്നതിൻ്റെ അനുഭൂതിയുണ്ടായിരിക്കും .ഭാവിയുടെ ഒരു ചിത്രം വേണമെങ്കിൽ ,ഒരു മനുഷ്യമുഖത്ത് ബൂട്ടിട്ടു ചവിട്ടുന്ന ഒരു ദൃശ്യം ഭാവന ചെയ്യുക ,എന്നെന്നേക്കും.  അപകടകരമായ ,ഈ പേടിസ്വപ്നസമാനമായ സാഹചര്യത്തിൽനിന്ന് പഠിക്കാനുള്ള പാഠം ഇതാണ് :അത് സംഭവിക്കാൻ അനുവദിക്കരുത്. ഇത് നിങ്ങളെ ആശ്രയിച്ചിരിക്കുന്നു" .

ഓർവെലിൻ്റെ 1984 എന്ന നോവൽ  ലോകത്തിൻ്റെ  അധികാരമനശാസ്ത്രത്തെ വിശകലനം ചെയ്തു. ഒരിക്കലും അവസാനിക്കാത്ത തിന്മകളെ അദ്ദേഹം ഓർമ്മപ്പെടുത്തി. തൻ്റെ കാലത്തിൻ്റെ മനുഷ്യമുഖം വളരെ ക്രൂരമാണെന്ന് പറയുമ്പോൾ ഓർവെല്ലിൻ്റെ മുഖത്ത് നിരാശ പടരുന്നുണ്ടായിരുന്നു. 

No comments:

Post a Comment

നിരാസത്തിന്റെ തത്ത്വം /ഡോ.യാക്കോബ്‌ മാർ ഐറേനിയോസ്‌

  ശ്രീ. എം.കെ.ഹരികുമാറിന്റെ 'എന്റെ മാനിഫെസ്റ്റോ' വായിച്ചു തുടങ്ങിയപ്പോൾ ഇത്‌ ഏതോ ദുരൂഹതയുടെ ഗുഹാമുഖമാണെന്ന്‌ തോന്നിപ്പോയി. വായനപുര...