Wednesday, July 20, 2022

റിയലിസം: ദൈവചിന്തയിലെ അറിയപ്പെടാത്ത സൗന്ദര്യം /എം.കെ.ഹരികുമാർ

 




റിയലിസം എന്നാൽ ,ചില കഥാകൃത്തുക്കൾ പറയുന്നതുപോലെ, യാതൊരു വികാരവുമില്ലാതെ, പത്രവാർത്തകൾക്കു സമാനമായി ഒരു സംഭവം വിവരിക്കുക എന്നല്ല അർത്ഥം. ചിലർ റിയലിസത്തിനു വേണ്ടി ദാരിദ്യത്തെയാണ് ആശ്രയിക്കുന്നത്. റിയലിസത്തിനു ഒരു സൗന്ദര്യമുണ്ട്. യാഥാർത്ഥ്യത്തെ അമിതമായി വക്രീകരിക്കുകയോ ക്രമപ്പെടുത്തുകയോ ചെയ്താൽ റിയലിസമാവില്ല. തൊഴിലാളികളെ  ചിത്രീകരിക്കുമ്പോൾ റിയലിസ്റ്റുകൾ  അവരുടെ തനിവേഷത്തിലും ഭാവത്തിലുമാണ് പകർത്താൻ ശ്രമിച്ചത്.എന്നാൽ അതിനുള്ളിൽ ഒരു സൗന്ദര്യമുണ്ട് .ഷാൻ - ഫ്രാൻസ്വാ മിലെ(Jean francois Millet, 1814-1875)യുടെ The Gleaners എന്ന ചിത്രം നോക്കിയാൽ റിയലിസത്തിൻ്റെ മഹത്വവും സൗന്ദര്യവും വ്യക്തമാകും. ദൈവചിന്തയിലെ അറിയപ്പെടാത്ത സൗന്ദര്യത്തെക്കുറിച്ചുള്ള ഒരാലോചനയാണത്. ഈ ആലോചന കണ്ണുനീരിനെയും അദ്ധ്വാനത്തെയും മഹത്വപ്പെടുത്തുകയാണ്. കലയുടെ വാഴ്വിലൂടെ അപാരമായ മനുഷ്യത്വത്തെ വീണ്ടെടുക്കുകയാണ്. ദൈവമെന്നത്, ഇവിടെ ,ഭാവനയുടെ പാരമ്യതയാണ്. ആ കാലാപെറുക്കുന്ന മൂന്നു സ്ത്രീകളുടെ വേഷം മുഷിഞ്ഞതാണ്.  അവർ ജോലിയിൽ വ്യാപൃതരാണ്.

റിയലിസമെന്നാൽ സൗന്ദര്യമില്ലാത്തതാണ് എന്ന ധാരണ തെറ്റാണ്. സൗന്ദര്യം എന്താണ് ? അത് അസ്തിത്വത്തിൻ്റെ അറിയപ്പെടാത്ത ഒരു കണമാണ്. റിയലിസത്തിലും മാജിക്ക് റിയലിസത്തിലും പൊതുവായിട്ടുള്ളത് സൗന്ദര്യാത്മകമായ മഹത്വവത്ക്കരണമാണ് .പ്രമേയത്തിൻ്റെ ചിത്രീകരണത്തിലാണ് വ്യത്യാസമുള്ളത്. ഈ മഹത്വവത്ക്കരണത്തിൻ്റെ ഉറവിടം അജ്ഞാതമാണ് .മനസിനെ സൗഖ്യത്തിലേക്കും ആനന്ദത്തിലേക്കും നയിക്കുന്ന ഒരു അവസ്ഥയാണത്. അത് എവിടെ നിന്നു വരുന്നുവെന്ന് പറയാനാവില്ല .ഒരു വസ്തുവിൻ്റെ ആകെയുള്ള ദൃശ്യത്തിൽ ചിലർക്കു മാത്രം കാണാനാവുന്ന പ്രഭയോ അതീതഭംഗിയോ അലൗകികാനുഭൂതിയോ ആണത്.

ഈ സ്ത്രീ തൊഴിലാളികളെ മിലെ  വരയ്ക്കുമ്പോൾ എന്തോ ഒരു ചാരുത വരുകയാണ് .ആ സ്ത്രീകൾ നമുക്ക്  പരിചയമുള്ളവരോ പ്രിയപ്പെട്ടവരോ  ആണ് .അവർക്ക് ചുറ്റും ഏതോ ദീപ്തി വലയം ചെയ്യുന്നുണ്ട്. നമുക്ക് അവരുമായി ഒരു ബന്ധമുണ്ടാകുന്നു. അസുന്ദരമെന്ന് തോന്നാവുന്ന ഒരു ചുറ്റുപാടിൽ ,ലോകം അവരെ കാണുന്നത് പ്രസാദാത്മകമായ കണ്ണുകളോടെ ആയിരിക്കും. ഈ നിഗൂഢമായ യാദൃച്ഛികത റിയലിസത്തിൽ അനിവാര്യമാണ്, 

ബഷീറിൻ്റെ 'ഒരു മനുഷ്യൻ' എന്ന കഥ വായിക്കുമ്പോൾ ഈ അഭൗമഭംഗി ഉണ്ടാകുന്നു. അതിലെ അനുതാപവും സാഹോദര്യവും നമ്മെ പുതുക്കുകയാണ് .


ക്രാഫ്റ്റ് എന്തിനു 

കഥയുടെ ക്രാഫ്റ്റ് കൃത്രിമമായി ഉണ്ടാക്കുന്നതല്ല; ഇത് പലർക്കും  ഇനിയും മനസ്സിലായിട്ടില്ല. വ്യത്യസ്തമായ ക്രാഫ്റ്റ് വേണമെന്ന ആഗ്രഹത്തോടെ ഫ്ലാറ്റിലേക്ക് ഓടിക്കയറുകയോ ,കടൽത്തീരത്തു പോയി കാൽ നീട്ടിവച്ച് ഇരിക്കുകയോ  ചെയ്യുന്നതുകൊണ്ട് ഫലമില്ല .കോഫീഹൗസ് ചർച്ചകളൊക്കെ ,ക്രാഫ്റ്റിൻ്റെ കണ്ടുപിടിത്തത്തിൽ നിസ്സഹായമാണ്. ക്രാഫ്റ്റ് ,യഥാർത്ഥത്തിൽ, ജീവിതത്തിൽ നിന്നാണ് കണ്ടുപിടിക്കേണ്ടത്; ജീവിതത്തിൽ അതുണ്ട്. ഗാർസിയ മാർകേസ് García Marquez രചിച്ച 'The Handsomest Drowned Man  in the World 'എന്ന കഥയിൽ കടൽ തീരത്തടയുന്ന ഒരു മനുഷ്യൻ്റെ ശവശരീരമാണ് വിഷയം. എന്നാൽ ആ ശവത്തെക്കുറിച്ചുള്ള ചർച്ചകളാണ് കഥയുടെ ക്രാഫ്റ്റ് സൃഷ്ടിക്കുന്നത്. അതിലെ എസ്തബാൻ എന്ന കഥാപാത്രത്തിൻ്റെ ചിത്രീകണത്തിനു വേണ്ടിയാണ് ക്രാഫ്റ്റ് ഉണ്ടാകുന്നത്. 

നമ്മൾ ഒരു വാർത്തയ്ക്കകത്തോ ,ലഹരിക്കക ത്തോ പ്രേമത്തിനകത്തോ ജീവിക്കുമ്പോൾ നാം മറ്റു പലതുമാണ്. ഒരേ സമയം നമ്മൾ നിശ്ചിതമായ ഒന്നല്ല. സ്വപ്നത്തിലൂടെയല്ലേ നമ്മൾ സഞ്ചരിക്കുന്നത്?. ഇഷ്ടമുള്ളവരെ കാണുമ്പോൾ സ്വപ്നം കാണും .പല വ്യാഖ്യാനങ്ങൾ ഒരു വസ്തുതയുടെ അവകാശമാണ്. യാഥാർത്ഥ്യത്തെ ആർക്കാണ് വേണ്ടത്?. കാമുകിക്കും കൊലപാതകിയ്ക്കും വിശ്വാസിക്കുമൊന്നും യാഥാർത്ഥ്യം ആവശ്യമില്ല .ഇതിൽ നിന്നാണ് ക്രാഫ്റ്റ് കണ്ടെത്തേണ്ടത്. ഒരേ സമയം നമ്മൾ വൈരുദ്ധ്യാത്മകതകളുടെ ഒരു പുകമറയാണ്. 

സത്യം അമ്മയുടെയും കുഞ്ഞിൻ്റെയും രൂപത്തിൽ
 
പഴയൊരു കഥയുടെ പുതിയ വായനയാണിത് .യു.എ.ഖാദർ എഴുതിയ 'പ്രണയം ധൂർത്തടിച്ച പഴയൊരു കാമുകൻ ' എന്ന കഥ അതേ പേരിലുള്ള സമാഹാരത്തിൽ നിന്നാണ് വായിച്ചത് .ഖാദറിനെ വൈകിയാണ് മനസ്സിലാക്കിയതെന്ന് ഖേദത്തോടെ പറയട്ടെ. നാട്യങ്ങളോ അലങ്കരിച്ച ചിന്തകളോ ഇല്ലാതെ തന്നെ ഖാദർ മനുഷ്യാവസ്ഥയുടെ അസ്ഥി തുളച്ച് അതിൽ വേദനയുടെ ആപത്ക്കരമായ പുളകങ്ങൾ വിരിയിച്ചു. ഈ കഥ മലയാളസാഹിത്യത്തിലെ പ്രധാനപ്പെട്ട രചനകളിലൊന്നാണ്.

ആത്മാവിൽ താപം നിറച്ച ഈ കഥാകൃത്ത് തൻ്റെ ലോകത്തിൻ്റെ  ധൂർത്ത ജീവിതത്തിൽ നൊന്ത്  അവനവൻ്റെ നിസ്സാരതയിലെത്തിച്ചേരുന്നതിൻ്റെ  കഥയാണിത് .ഒരു കാമുകനായിരുന്നു, അയാൾ, ഈ കഥയിലെ മുഖ്യ കഥാപാത്രം. അയാൾക്ക് വേറെ പേരൊന്നുമില്ല .ഉണ്ടെങ്കിൽ തന്നെ അതിനു പ്രസക്തിയുമില്ല. പ്രണയം ധൂർത്തടിച്ച ഏതൊരു കാമുകനെപോലെയും കിനാവുകൾ ജീവിതമാണെന്നും ആഗ്രഹങ്ങൾ രതിയാണെന്നും തെറ്റിദ്ധരിച്ച വ്യക്തിയാണ് അയാൾ.

അയാൾ എപ്പോഴും ആവർത്തിക്കുന്നു, എവിടെയും .കൺമുന്നിൽ തൻ്റെ  പ്രിയപ്പെട്ട യാഥാർത്ഥ്യം തെളിഞ്ഞാലും  കൂട്ടാക്കാത്തവനാണ് അയാൾ. ഒടുവിൽ ഒരനിവാര്യത പോലെ അത്  സംഭവിക്കുന്നു. തൻ്റെ സൗഖ്യങ്ങളുടെയും  സൗകര്യങ്ങളുടെയും ലഹരികളുടെയും ഭ്രമങ്ങളുടെയും ആസക്തികളുടെയും  ജ്വരം മിഥ്യയാണെന്ന് ഒരു നിമിഷത്തിൽ, ആഴ്ന്നിറങ്ങിയ കത്തിമുനപോലെ, അയാളിലേക്ക്  പ്രവേശിക്കുകയാണ്. കുടിച്ച മദ്യവും നുണഞ്ഞ ലഹരിയും സിരകളിൽ പടർന്ന ലൈംഗികജ്വരവുമെല്ലാം വാടിയ പൂക്കൾ പോലെ വീണുപോകുന്നത് അയാൾ സാവധാനം അറിയുകയാണ്.

"അന്നൊക്കെ ബോധം നശിക്കുമാറ്  കുടിക്കും .രാത്രികളിൽ ജ്യൂക്ബോക്സിൽ നിന്ന് മ്യൂസിക് ഉയരുന്നത് കേൾക്കുമ്പോൾ നൃത്തം വയ്ക്കാൻ അയാൾ മുന്നോട്ടായും. ആരെയും കാണില്ല. മുന്നിലെ സീറ്റിലിരുന്ന് ബിയർ കുടിക്കുന്ന ഏതെങ്കിലും പെണ്ണ് ക്ഷണം സ്വീകരിച്ചാൽ ഭാഗ്യമായി. നഷ്ടപ്പെട്ടുവെന്ന് കരുതിയ നല്ല സങ്കല്പങ്ങളെ വീണ്ടും പുണരാനും ഉന്മേഷവാനാകാനും ജീവിതത്തെ കുറേക്കൂടി നിറപ്പകിട്ടുള്ളതാക്കി തീർക്കാനും സ്കോച്ച് വിസ്കിക്കു കഴിയും .ആദ്യത്തെ ലാർജ്, പിന്നെ പതിവായി പാടാറുള്ള ആ ഗാനം മെല്ലെ മൂളും " -ഇതായിരുന്നു അയാളുടെ ലോകം. 

അയാൾക്കു  കുടുംബമുണ്ടായില്ല. അയാൾ  കുടുംബത്തിലോ  മറ്റു ബന്ധങ്ങളിലോ ആകൃഷ്ടനായില്ല. ഒരു ദിവസം രാത്രിയിൽ അയാൾ ബാറിൽ നിന്ന് ഇറങ്ങി നടക്കുകയാണ്, കലങ്ങിയ മനസ്സുമായി. "ഫുട്പാത്തിലൂടെ നടക്കവേ പെട്ടെന്ന് നിന്നു .ഫുട്പാത്തിൽ നിരത്തിയിട്ട സിമൻറ് ബെഞ്ചുകളിൽ ഒന്നിൽക്കിടന്ന് ഒരു സ്ത്രീ കുഞ്ഞിനു മുലകൊടുക്കുന്നു. ഒട്ടിയ കവിളും  എല്ലിച്ച ശരീരവുമുള്ള, ആരോഗ്യം പറ്റേ വറ്റിയ ഒരു സ്ത്രീ. അതിൻ്റെ ശൂന്യമായ മുല ചപ്പിക്കുടിക്കുകയാണ് വയറുന്തി തടിച്ച ഒരു കുട്ടി. സ്ത്രീ ഉറങ്ങുകയാവണം. ചലനമില്ലാതെ കിടക്കുകയാണ്. ഒരു പേക്കോലം .ചുക്കിച്ചുളിഞ്ഞ മുലക്കണ്ണി കടിച്ചീമ്പുന്ന കുട്ടി. ആ കുട്ടി കരഞ്ഞു .കാതുകളെ കുത്തിക്കീറുന്ന ഒച്ചയുണ്ടായിരുന്നു, ആ കരച്ചിലിന് " .

അയാൾ ഭൂതാവിഷ്ടനെപോലെ റൂമിലേക്ക് വേഗത്തിൽ നടന്നെത്തി; ഡയറിയിൽ ,ഇങ്ങനെ എഴുതി: " ഞാൻ അന്വേഷിച്ച കുടുംബത്തെ അവസാനം ഞാൻ കണ്ടെത്തി .എൻ്റെ ഇഷ്ടദേവതയെ, എൻ്റെ കുഞ്ഞിനെ ".

ഈ ബോധമുണ്ടായത് എങ്ങനെയാണെന്ന് വിശദീകരിക്കാനാവില്ല. ലോകത്തെ അയാൾ പുതുതായി അനുഭവിക്കുകയാണ്. ചില അർത്ഥങ്ങൾ തനിയെ ഉണ്ടാകുന്നു.  നേരത്തെ കണ്ടതെല്ലാം മിഥ്യയായിരുന്നു .അതെല്ലാം വഞ്ചിക്കുകയായിരുന്നു. താൻ അന്ന് ഒരു മനുഷ്യനല്ലായിരുന്നുവെന്ന് അയാൾക്ക് തോന്നിയിരിക്കണം.  മനുഷ്യൻ്റെ രൂപമുള്ള വൃത്തികെട്ട ഒരു ജന്മമായിരുന്നു. അയാൾക്ക് മനസ്സ് ഇല്ലായിരുന്നു, ആ സ്ഥാനത്ത് ഭ്രാന്തമായ ഒരു കുതിപ്പാണുണ്ടായിരുന്നത്. സത്യം എത്രയോ അകലെയായിരുന്നു. സത്യം അയാളുടെ മുന്നിൽ ഒരു പാവപ്പെട്ട 
അമ്മയുടെയും കുഞ്ഞിൻ്റെയും രൂപം ധരിച്ച് തെരുവിൽ ഉറങ്ങുകയാണ്. കണ്ണുള്ളപ്പോൾ കാണാം ;അവരിൽ സ്വയം ദർശിക്കാം. മലയാള കഥയിലെ വിക്ടർ ലീനസ് ടി .പി .കിഷോർ ,ബാലചന്ദ്രൻ എൻ.ടി. ,ജയനാരായണൻ, ശ്രീധരൻ ചമ്പാട് തുടങ്ങിയവർ സൃഷ്ടിച്ച സ്വയം കണ്ടെത്താനുള്ള പീഡനങ്ങൾ ,ഈ കഥ വായിച്ചപ്പോൾ ഓർമ്മ വന്നു. ശൂന്യതയെ വരവേൽക്കാൻ കച്ചകെട്ടിയിറങ്ങിയ ആധുനിക നാഗരിക മനുഷ്യരുടെയിടയിൽ വെളിച്ചത്തിനും അർത്ഥത്തിനും കാഴ്ചയ്ക്കും വേണ്ടി ഉത്ക്കണ്ഠാകുലനായ കഥാകൃത്തായിരുന്നു യു.എ.ഖാദർ. 

ജീവിതമില്ലാത്ത കഥ 

വിനോദ് കൃഷ്ണ എഴുതിയ 'ദന്തക്ഷയം'(എഴുത്ത്, ജനുവരി) രണ്ടു തവണ ഞാൻ വായിക്കാൻ ശ്രമിച്ചു ;പരാജയപ്പെട്ടു. നിരാശയും തകർച്ചയുമാണ് ഉണ്ടായത്. എന്തിനാണ് ഈ കഥ എഴുതിയത്? ഡോക്ടർ ജോസ് ,ശ്യാം മുരളി എന്നീ കഥാപാത്രങ്ങളെ എന്തിനു സൃഷ്ടിച്ചുവെന്ന് മനസ്സിലാകുന്നില്ല. പേജുകൾ എഴുതിയിട്ടും എന്താണ് താൻ പറയാൻ ഉദ്ദേശിക്കുന്നതെന്ന് സൂചിപ്പിക്കാൻ കഥാകൃത്ത് അശക്തനാവുകയാണ്. 

തികച്ചും അപ്രസക്തവും വിരസവുമായ  കാര്യങ്ങൾ ഏതോ കണക്കു കൂട്ടലുകളിൽ വിവരിക്കുന്നതല്ലാതെ ജീവിതത്തെ തൊടുന്നില്ല .ഒരു കഥ ജീവിതത്തിൽ നിന്നാണു ഉണ്ടാവേണ്ടത്. അതിനു ജീവിതവുമായി വൈകാരിക ബന്ധമുണ്ടാവണം. വായനക്കാരൻ്റെ മനസ്സിനെ സ്പർശിക്കുന്ന എന്തെങ്കിലുമുണ്ടാവണം.വിനോദ്  കൃഷ്ണയുടെ വാചകങ്ങൾ അവിയലിലെ കഷണങ്ങൾപോലെ വേറിട്ടു നില്ക്കുകയാണ് .സംഗതമായ ഒരു വിനിമയത്തിലും എത്തുന്നില്ല.

വൊഹ്ലിബെൻ 
പ്രകൃതിയെക്കുറിച്ച് 

ഒരു സാഹിത്യകാരന് കുടുംബത്തെക്കുറിച്ചോ ,അധ്യാപനത്തെക്കുറിച്ചോ ,സഹകരണസംഘങ്ങളെക്കുറിച്ചോ പണം പലിശയ്ക്ക് കൊടുക്കുന്നതിനെക്കുറിച്ചോ ,വീട് കെട്ടുന്നതിനെക്കുറിച്ചോ ,ബാങ്കിംഗിനെക്കുറിച്ചോ നല്ലപോലെ  അറിയാമായിരിക്കും. എന്നാൽ ജർമ്മൻ വനപ്രേമിയും എഴുത്തുകാരുമായ പീറ്റർ വൊഹ്ലിബെൻ (Peter Wohlleben) പറയുന്നത് ശ്രദ്ധിക്കണം:

"നമുക്ക് പ്രകൃതിയിൽ നിന്ന് കിട്ടിയ അറിവ് ശാസ്ത്രീയമായി സ്വാധീനിക്കപ്പെട്ടതല്ല, നാം  വിചാരിക്കുന്നതുപോലെ. നമ്മൾ പ്രകൃതിയെക്കുറിച്ച് ചിന്തിക്കുന്നത്  ശ്രേണീബദ്ധമായാണ്. മനുഷ്യർക്ക് ഏറ്റവും ഉയർന്ന സ്ഥാനം കൊടുക്കുന്നു. അതുപോലെ വലിയ മൃഗങ്ങളെയും ചെറിയ മൃഗങ്ങളെയും വലിയ സസ്യങ്ങളെയും ചെറിയ സസ്യങ്ങളെയും  നിശ്ചയിച്ചിട്ടുണ്ട് .ഇങ്ങനെയാണ് യഥാർത്ഥത്തിൽ നാം അവയെ സമീപിക്കുന്നത്. എന്നാൽ ഈ രീതിയിൽ വലുത്, ചെറുത് എന്ന നിലയിൽ ശ്രേണീബദ്ധമാക്കുന്നതിന് യാതൊരു ശാസ്ത്രീയയുക്തിയുമില്ല. പ്രകൃതിയെ നമുക്ക് തരംതിരിക്കാം. പക്ഷേ ,റാങ്കിങ്ങിന് ശാസ്ത്രീയതയില്ല".

ഈ അവബോധമുള്ള എഴുത്തുകാരുണ്ടോ? ഇല്ലെങ്കിൽ ഇത് നേടണം .സാഹിത്യകലയിൽ മനുഷ്യനു  അവൻ്റെ ഗർവ്വ് മാത്രമല്ല വേണ്ടത്; ഈ പ്രകൃതിയാകെ സചേതനമായി, സർവ്വ കാതുകളോടെയും ഉണർന്നിരിക്കുകയാണ്. എന്തെങ്കിലും എഴുതണമെങ്കിൽ പഠിച്ചത് മറക്കുകയാണ് വേണ്ടത്; പുതിയത് പഠിക്കണം. നേരത്തെ പഠിച്ചതൊക്കെ ആവർത്തിച്ചുകൊണ്ടിരുന്നാൽ  വിരസമാകും. എല്ലാവർക്കും അറിയാവുന്ന കാര്യങ്ങൾ മാസത്തിൽ  മൂന്നോ നാലോ കഥകളിലൂടെ പറയുന്ന കഥാകൃത്തുക്കളൊക്കെ കാലഹരണപ്പെട്ടു.

ആശാൻ്റെ ജലരാശികൾ 

ശ്രീനാരായണഗുരുവിനെയും വാഗ്ഭടാനന്ദനെയും  ആക്ഷേപിച്ചുകൊണ്ട് ഒരു മുതിർന്ന കഥാകൃത്ത് എഴുതിയ കഥ  രണ്ടുവർഷം മുമ്പാണ് വായിച്ചത്. ആത്മനിന്ദയുടെ  പാരമ്യാവസ്ഥയിലെത്തുമ്പോൾ ഇതുപോലുള്ള അധമരചനകൾ ഉണ്ടാകും .എന്നാൽ ഈ നിന്ദയ്ക്കു ശേഷവും ഇത്തരം കഥാകൃത്തുക്കൾ   സാമൂഹികമുന്നേറ്റത്തിൻ്റെ  പാരമ്പര്യത്തിൽ അവകാശവാദമുന്നയിക്കുകയാണ്!സ്വന്തം സാമൂഹികവർഗത്തിൽനിന്നു ഉയരാത്ത കഥാകൃത്തുക്കൾ ഇപ്പോഴുമുണ്ട്. ചിലർ  ലോകസാഹചര്യങ്ങളോ ,സങ്കീർണമായ സാമൂഹ്യാവസ്ഥകളോ അറിയാതെ വളർന്നവരാകാം. 

കുമാരനാശാനും ജലവും തമ്മിലുള്ള രഹസ്യബന്ധം കണ്ടെത്തുന്ന കഥയാണ് വി. ഷിനിലാൽ എഴുതിയ
'ഗരിസപ്പാ അരുവി അഥവാ ഒരു ജലയാത്ര '(മാതൃഭൂമി ആഴ്ചപ്പതിപ്പ് ,മാർച്ച് 5 ) താരതമ്യേന  ആശ്വാസകരമാണ് ഈ കഥയുടെ പാരായണം .മുഷിഞ്ഞു നാറിയ പ്രയോഗങ്ങളോ ,വിരശല്യം മൂലമുള്ള വയർരോഗമോ ഇല്ലാത്ത ഭാഷ വായനക്കാരനെ നിരാശപ്പെടുത്തുന്നില്ല. 

ബോട്ടപകടത്തിൽ കൊല്ലപ്പെട്ട  ആശാൻ ജലത്തെ സ്വപ്നം കണ്ടിരുന്നു എന്ന് കഥാകൃത്ത് എഴുതുന്നു. ഇതിൽ ഉൾക്കാഴ്ചയുണ്ട്. കുമാരനാശാൻ ഭൗതികമായി ഇല്ലാതായെങ്കിലും  ഇപ്പോഴും മൃത്യുഞ്ജയനായിരിക്കുന്നു എന്ന സത്യം ഈ കഥയിൽ തെളിയുകയാണ്. ഒരു മലയാള കഥാകൃത്ത് എന്നെങ്കിലും എഴുതേണ്ട കഥ തന്നെയാണ് ഇത്. 

കഥാകത്ത് എഴുതുന്നു:
"ജലപാതകളിലാണ് സൂക്ഷ്മങ്ങളുടെ  നൃത്തം കാണാനാവുന്നത്.  ആകാശത്തിനും ഭൂമിക്കുമിടയിലെ മിഥ്യ.ജലം ഏതോ ഒരിടത്ത് വച്ച് മായയായി മാറുന്നു .എത്രയും പരിചിതമെങ്കിലും പിടിതരാത്ത ഒരു നിഗൂഢത അത് ഇപ്പോഴും കരുതി വയ്ക്കുന്നു .ജീവനും അങ്ങനെ തന്നെ .ജീവൻ്റെ ആകർഷണം  മരണമാകുന്നു. മരണം മനുഷ്യനെ സ്നേഹിക്കാൻ പ്രേരിപ്പിക്കുന്നു. ജലം എന്ന പോലെ ,കാട് എന്ന പോലെ മഹാമനുഷ്യരും നിഗൂഢതയുടെ ഒരു കയം അവശേഷിപ്പിച്ചിട്ടാണ് മറയുക.  ഞങ്ങൾ ഒന്നും ഉരിയാടിയിട്ടില്ല. നൂറ്റാണ്ടു മുന്നേ ഗ്രാമവൃക്ഷത്തിലിരുന്നു പാടിയ കുയിൽ ഇപ്പോഴും പാടുകയാണ് .കുയിലും ചില്ലയും മാറിയിട്ടുണ്ട്. എന്നാൽ, പാട്ട് സ്ഥിരമാണ്. വ്യവഹാരലോകത്തേക്കുള്ള വിളികളാണ് ആ പക്ഷിക്കരച്ചിലുകൾ ".

ഈ വരികൾ മലയാളത്തിൻ്റെ  ചിരപരിചിതമായ അനുഭവലോകമല്ല . അറിയാത്തക്കതല്ലാത്ത ലോകങ്ങളു ണ്ടെന്ന അറിവിൽ ഭാഷ കുതിക്കുകയാണ്. ഇനി ഇങ്ങനെയുള്ള കഥകളാണ് ഉണ്ടാകേണ്ടത്. സർഗാത്മകമായ വാതിൽ തുറക്കണം .അടഞ്ഞ വാതിലുകളെ സ്വപ്നം കണ്ടു ഭയന്ന്  പിന്തിരിഞ്ഞോടുന്നവർ എഴുതേണ്ടതില്ല.

കലാകാരനും സിദ്ധാന്തവും 

കലാകാരൻ വിമർശന സിദ്ധാന്തങ്ങൾ  വായിക്കേണ്ടതുണ്ടോ എന്ന് പ്രമുഖ ഫ്രഞ്ച് കലാചിന്തകനും ക്യൂറേറ്ററും സൈദ്ധാന്തികനുമായ നികോള ബോറിയ(Nicolas Bourriaud)യോടു  ഒരു പത്രപ്രവർത്തകൻ ചോദിച്ചത് ഓർക്കുകയാണ് .റിലേഷണൽ എയ്സെതെറ്റിക്സ് ,ആൾട്ടർ മോഡേണിസം എന്നീ  സിദ്ധാന്തങ്ങളുടെ ഉപജ്ഞാതാവായ ബോറിയ ഇങ്ങനെ പ്രതികരിച്ചു:
"കലാകാരൻ സിദ്ധാന്തങ്ങൾ  വായിക്കണമെന്ന് നിയമമൊന്നുമില്ല. പക്ഷികൾ വൃക്ഷത്തിലിരുന്ന് പാടുന്നു; എങ്ങനെ പാടണമെന്ന് പഠിക്കേണ്ട ആവശ്യമില്ലല്ലോ .ഇത്തരം ചോദ്യങ്ങൾ സാമൂഹികമായ അന്ധവിശ്വാസത്തിൻ്റെ  ഭാഗമാണ്. നിങ്ങൾക്ക് വിമർശനാത്മകമായി ചിന്തിക്കാനാകും ,പഴയ  സിദ്ധാന്തങ്ങളുമായി ബന്ധമില്ലാതെ തന്നെ. എന്നാൽ സിദ്ധാന്തങ്ങൾ വായിക്കുന്നത് തെറ്റാണെന്ന് പറഞ്ഞാൽ യോജിക്കാനാവില്ല .ഒരു കലാകാരനു സ്വയം വൈവിധ്യവൽക്കരിക്കുന്നതിനു ആവശ്യമുള്ള വിവിധതരം ഇന്ധനം സാധ്യമാക്കുന്നതിനു ഈ വായന നല്ലതാണ്. മറ്റുള്ളവർ എന്ത് ചിന്തിക്കുന്നു എന്നറിയുന്നത് ഗുണം ചെയ്യും .നമ്മൾ ഓരേ കാര്യത്തിൽ തന്നെ പിന്തുടരുകയാണെങ്കിൽ അത് നമ്മെ സങ്കുചിതമാക്കും. കലാകാരനു  വൈവിധ്യം ആവശ്യമാണ് .സിദ്ധാന്തം  ഒരു പ്രത്യേക വ്യവഹാരമാണ്. മറ്റു കലാകാരന്മാർക്കിടയിൽ, നിങ്ങളുടെ കാലത്തെ കലാകാരന്മാർക്കിടയിൽ, ഇന്നലെത്തെയും ഇന്നത്തെയും വിമർശനശബ്ദങ്ങൾക്കിടയിൽ  നിങ്ങളുടെ സ്ഥാനം എവിടെയാണെന്ന്  നിശ്ചയിക്കാൻ ഇതാവശ്യമാണ് ".

മനോജ് വെങ്ങോലയുടെ 'ഊത്' (എഴുത്ത് ,ജനുവരി) ആത്മാവിൻ്റെ രമണീയമായ ഭാവങ്ങളെ  ഉണർത്തി. മനുഷ്യനിൽ പ്രതീക്ഷ ജനിപ്പിക്കുകയാണ്, ഈ കഥ.  മനുഷ്യൻ ഒരു ചീത്തമൃഗമാണല്ലോ . എന്നാൽ കഥാകൃത്ത് അവനെ ഒരു സ്വപ്നനായകനും സംസ്കാര ജീവിയുമാക്കുന്നു. അയൽ സംസ്ഥാനത്തു നിന്നു വന്ന ഒരു നിർധനബാലനു വേണ്ടി, തൻ്റെ തോട്ടത്തിൽ വിലപിടിപ്പുള്ള ഊതുമരങ്ങൾ കാത്തു രക്ഷിക്കുന്ന ഒരു പ്രൊഫസറെ കഥാകൃത്ത് പരിചയപ്പെടുത്തുകയാണ്.

"മഴയെ സ്വീകരിക്കുന്ന മരങ്ങളുടെ ഇലകൾ ആർപ്പും ആരവവും ഉയർത്തുന്നത് ഞങ്ങളെ വിസ്മയിപ്പിച്ചു " എന്ന വാക്യം ഈ കഥയിലെ ഓർമ്മകൾക്ക് ക്ഷതം സംഭവിച്ച പ്രൊഫ. തര്യനെപ്പോലെ നന്മയുടെ മുഖവുമായി മനസ്സിൽ കുടിയേറുകയാണ്. പ്രൊഫസറുടെ സംഭാഷണത്തെ കഥാകൃത്ത് ഇങ്ങനെ നിരീക്ഷിക്കുന്നു: " അദ്ദേഹം സംസാരിച്ചപ്പോൾ ഫലിതം പരുക്കൻ പ്രതലത്തിലൂടെ ഒഴുകിയെത്തുന്ന ജലംപോലെ ഞങ്ങളെ നനച്ചു. ആശയങ്ങൾ വെല്ലുവിളിപോലെ വിടരുന്ന പ്രഭാതമായി തോന്നി. പറക്കാൻ പ്രേരണ നല്കുന്ന ചിറകുകളുമായി അദ്ദേഹം ഉച്ചരിച്ച വാക്കുകൾ പെരുമാറി" - ഇത് വായിച്ചപ്പോൾ 'മനുഷ്യൻ' അവൻ്റെ സഹജമായ രമ്യതകളിൽ ഇപ്പോഴും  അപൂർവ്വമായെങ്കിലും ജീവിക്കുന്നു എന്ന ചിന്തയുണ്ടായി.

മറ്റുള്ളവർ എഴുതിയത് മായ്ച്ചു കളയണം 

ഇംഗ്ളീഷ് എഴുത്തുകാരനായ ജിയോഫ് ഡയർ (Geoff Dyer) പറയുന്നത് ,ഒരു കഥാകൃത്ത് തൻ്റെ പരിമിതികൾക്കെതിരെ സഞ്ചരിക്കണമെന്നാണ് , പരിമിതികളെ കെട്ടിപ്പുണരണമെന്നല്ല. നമ്മൾ ഉയിർക്കുകയാണ് വേണ്ടത്. നമ്മൾ ഉയിർക്കുമ്പോൾ പുതിയൊരു  ലോകമുണ്ടാകുന്നു. മരിക്കാൻ ആരെയും അനുവദിക്കരുത്.

ഡയർ ചൂണ്ടികാട്ടുന്നു, കഥയെഴുത്ത് നിങ്ങളെ പരിമിതിയുള്ളവരാണെന്ന്  ബോധ്യപ്പെടുത്തുന്ന നിമിഷമാണ്. കാരണം ,നിങ്ങളുടെ ബുദ്ധിയുടെ പരിമിതിയും ഭാഷാപരമായ നിലവാരവും ഏതൊരാൾക്കും മുമ്പിൽ തുറന്നുകാണിക്കപ്പെടുന്നുണ്ട്. അതുകൊണ്ട് ഇതിനെ മറികടക്കാനാണ് എഴുതേണ്ടത്. എഴുതുക എന്നു പറഞ്ഞാൽ മറ്റുള്ളവരുടെ ഭാവനയോ ,ഭാഷയോ ,ക്രാഫ്റ്റോ  ഉപയോഗിച്ച് വാണിജ്യപരമായി എന്തെങ്കിലും നിർമ്മിക്കുക എന്നല്ല അർത്ഥം. എഴുതുക എന്ന വാക്കിൽതന്നെ രണ്ടു കാര്യങ്ങൾ അടങ്ങിയിട്ടുണ്ട് :ഒന്ന് ,നിങ്ങൾ പുതുതായി ഈ ലോകത്തിലേക്ക് എന്തോ എഴുതിച്ചേർക്കുകയാണ്. രണ്ട്, നിങ്ങൾ എഴുതുന്നത് മറ്റാരും എഴുതിയതോ ,എഴുതാനിടയുള്ളതോ അല്ല; മറ്റാർക്കും എഴുതാൻ കഴിയാത്തതുമല്ല .മറ്റൊരാൾ നമ്മളിലൂടെ എഴുതുന്നത് ഏറ്റവും വലിയ പതനമാണ്. മിക്കവരുടേയും സാഹിത്യം അവരുടേതല്ല; അവരിലൂടെ ആരൊക്കെയോ എഴുതുകയാണ്. അവർ മുൻകാല എഴുത്തുകാർ ആയിരിക്കാം. 

എന്തെങ്കിലും എഴുതുകയാണെങ്കിൽ, അത് മറ്റുള്ളവർ എഴുതിയത് മായ്ച്ചു കളയുന്നതായിരിക്കണം. എങ്കിലേ  അത് നിലനിൽക്കുന്നുള്ളൂ. മറ്റുള്ളവർ എഴുതിയതിന് പുറത്ത് എഴുതരുത്. അത് ആൾക്കൂട്ടത്തിൻ്റെ  അനുഭവങ്ങളിൽ മുങ്ങി പോവുകയാണ് ചെയ്യുക

അന്യമാക്കപ്പെടുന്നത് എത്ര വേഗം 

വിനു ഏബ്രഹാം എഴുതിയ 'കൊച്ചുവാക്കുകളുടെ ശബ്ദതാരാവലി'(മാത്യഭൂമി ആഴ്ചപ്പതിപ്പ് ,മാർച്ച് 13) നവീന കാലത്തെ ആത്മീയസംഘർഷങ്ങളെ അനാവരണം ചെയ്യുകയാണ്. ഒട്ടും പ്രതീക്ഷിക്കാത്ത വിധം ,മനുഷ്യൻ തൻ്റെ കുടുംബത്തിലും സ്നേഹബന്ധങ്ങളിലും ലൈംഗിക പങ്കാളിത്തത്തിലും വൈകാരികതയിലും  എങ്ങനെ അതിവേഗം ഒരു ഉപയോഗശൂന്യമായ നാണയമാകുന്നുവെന്ന്  കാണിച്ചുതരുകയാണ് കഥാകൃത്ത്.

കനലുകൾ എരിയുകയാണ്; പക്ഷേ ചാരമാകാനാണ് വിധി. കനലിൽ നിന്ന് പ്രാവ് ഉയർന്നു പറക്കുമെന്നൊക്കെ കവികൾ എഴുതുമായിരിക്കും;നുണയാണത്. മനുഷ്യർക്ക് പ്രത്യാശ നല്കാൻ വേണ്ടി  ചിലർ ഭാവനയെ ഒരു അതിപ്രസരമാക്കുന്നു. ദാരുണമായ നിരാശകളിൽ നിന്ന് ആരെങ്കിലുമൊക്കെ രക്ഷപ്പെടട്ടെ എന്ന് കരുതി ഭാവനയുടെ ഉത്തോലകങ്ങൾ കണ്ടെത്തുകയാണ് ചിലർ. 

വെന്തു നീറുന്നവനെ സഹായിക്കാൻ ആരുമില്ല .ബിഷപ്പ് ഫുൾട്ടൻ ജെ. ഷീൻ Children and Parents എന്ന കൃതിയിൽ  പറയുന്നതുപോലെ ദൈവത്തിൻ്റെ  മഹാജ്വാലയായ സ്നേഹത്തിൻ്റെ ഒരു കണമാണ് മനുഷ്യൻ്റെ കൈയിലുള്ളത് .മനുഷ്യൻ ബ്രഹ്മാണ്ഡം മുഴുവൻ കൈയിലാണെന്ന് പറഞ്ഞതുകൊണ്ട് കാര്യമില്ലല്ലോ. വളരെ പരിമിതമായ സ്നേഹമേ നമുക്കുള്ളു. നമ്മുടെ സ്നേഹം പരിമിതമായതുകൊണ്ടുതന്നെ അത് ദുർബലമാണ് ;ചഞ്ചലവുമാണ്.

വിനു ഏബ്രഹാം എഴുതുന്നത് ഒരു പ്രസാധനശാലയിൽ ജോലിചെയ്യുന്ന മധ്യവയസ്സ് പിന്നിടുന്ന ഒരു വ്യക്തിയെക്കുറിച്ചാണ്. അയാൾ അവിടെ കവിതകളാണ് പരിശോധിക്കുന്നത്. ന്യൂ ജെൻ 
വാക്കുകൾ കണ്ടുപിടിച്ച്‌ അത്  ശബ്ദതാരാവലിയിൽ ഉൾപ്പെടുത്തണമെന്ന പുതിയ ചുമതല കിട്ടിയപ്പോഴാണ് അയാൾ ശരിക്കും തീർത്തും അപരിചിതമായിക്കൊ ണ്ടിരിക്കുന്ന ഇന്നത്തെ ജീവിതത്തിൽ താനാരാണെന്ന് ആലോചിക്കുന്നത്.

അമ്പതു പിന്നിട്ട പലർക്കും ഇപ്പോൾ എങ്ങനെയെങ്കിലും കടന്നു പോയാൽ മതിയെന്നാണ്. ലോകം അത്രമേൽ അവരെ അമ്പരിപ്പിക്കുന്നു. ഒന്നും തന്നെ അവർക്ക് മനസ്സിലാകുന്നില്ല. അയാൾ എല്ലായിടത്തും അന്യവത്‌ക്കരിക്കപ്പെടുകയാണ്.കഥയിലെ ഈ വാക്കുകൾ ശ്രദ്ധിക്കാം: " കുറച്ചുകഴിഞ്ഞ് ,ഉഷ്ണത്തിലും വിയർപ്പിലും അവിഞ്ഞ് കട്ടിലിൻ്റെ  ഓരോ ഭാഗത്ത് പരസ്പരം തൊടാതെ, നോക്കാതെ ബിന്ദുവും താനും  ഉറങ്ങാനുള്ള ശ്രമം നടത്തവേ ,തങ്ങൾ ഏതെങ്കിലും കാലത്ത് 'ഊഷ് ' എന്നൊരു കൊച്ചു വാക്കുകൊണ്ട് വലിയ ആനന്ദം കണ്ടെത്താൻ ശ്രമിച്ചിരുന്നോ എന്നയാൾക്ക് സംശയം തോന്നി. ഇതൊക്കെ തൻ്റെ വിഡ്ഢി ഭാവന മാത്രമാണോ ?"
ജീവിതം എത്രമേൽ നിഷ്പ്രയോജനമാണെന്നതിന് വേറെന്ത്  തെളിവ് വേണം ?

ഐ.എ.റിച്ചാർഡ്സും ഓർമ്മകളും

ഒരു കലാകാരൻ്റെ അല്ലെങ്കിൽ കവിയുടെ പ്രത്യേകത എന്താണ്? പ്രമുഖ വിമർശകനായ ഐ.എ.റിച്ചാർഡ്സ് Principles of Literary Criticism (1922)എന്ന പുസ്തകത്തിൽ ഇതിനെക്കുറിച്ച് ഒരു നിരീക്ഷണം നടത്തുന്നുണ്ട്. സ്വന്തം അനുഭവത്തിൻ്റെ വിവിധ ഘടകങ്ങൾക്കിടയിൽ എങ്ങനെ വ്യാപ്തിയും സ്വാതന്ത്ര്യവും വൈയക്തികതയും സൃഷ്ടിക്കാൻ കഴിയുമെന്നതാണ് പ്രശ്നം. പ്രകൃതിയിലെ എല്ലാ ബിംബങ്ങളും അവൻ്റെ മുന്നിൽ സന്നിഹിതമായിരിക്കുമെന്ന് ഇംഗ്ലീഷ് കവി ജോൺ ഡ്രൈഡൻ (John Dryden) പറഞ്ഞതാണ് പ്രധാനമെന്ന് റിച്ചാർഡ്സ് പറയുന്നു. ഒരുവൻ്റെ ഭൂതകാലത്തെ അവനു വേർതിരിച്ചെടുക്കാനാവണം. ഓരോന്നും അവൻ തന്നെ പൂരിപ്പിക്കണം. അവൻ പെരുകുന്ന അനുഭവങ്ങളുടെ നക്ഷത്രസമൂഹത്തിലേക്ക് എത്തിച്ചേരുകയാണ് .അങ്ങനെ അയാൾ സ്വയം കണ്ടെത്തുന്നു.  കലാകാരൻ്റെ വിനിമയത്തെ കനപ്പെടുത്തുന്നത് ഈ ഗുണമാണ്. ഇത് ഓർമ്മകൾ പൂർണമായി മനസ്സിലേക്ക് ഇരച്ചു വരുന്നതിനെയല്ല സൂചിപ്പിക്കുന്നത്; കഴിഞ്ഞകാല അനുഭവം എന്നു പറയുന്നതിന് ഒരു സ്ഥലകാല നിബന്ധനയുണ്ട്.

റിച്ചാർഡ്സ് ഉൽപാദിപ്പിക്കുന്നത് ഭൂതകാലത്തിൻ്റെ സ്വതന്ത്രമായ പുനരുല്പാദനമാണ് .അവിടെ സ്ഥലകാലങ്ങൾക്ക് മാറ്റം സംഭവിക്കാം. പൊരുളുകൾ മാറിയേക്കാം. എവിടെ വച്ചാണ് ഒരു സംഭവം ഉണ്ടായതെന്നതല്ല ഒരനുഭവത്തെ ഓർമ്മിച്ചെടുക്കുമ്പോൾ സംഭവിക്കുന്നത്. ആ പ്രത്യേക മാനസികാവസ്ഥ നമ്മളിൽ ഉണ്ടായിരിക്കുന്നതാണ് പ്രധാനം. കഥാകൃത്തിൻ്റെ പ്രധാന അസംസ്കൃതവസ്തു ഓർമ്മകളാണ്. എന്നാൽ ഇത് വെറും ഓർമ്മയെഴുത്തകരുത്. ഒരു എഞ്ചുവടി പട്ടികപോലെ ക്ലിപ്തമായതിനെ പുനരവതരിക്കുന്നതല്ല കലയ്ക്കാവശ്യം.കലയിൽ അത്  സ്വാതന്ത്ര്യത്തിൻ്റെ ഭാഗമാണ്. കഥാകൃത്തിൽ എത്രത്തോളം സ്വാതന്ത്ര്യത്തിൻ്റെ ജീവിതമുണ്ടോ അതിനനുസരിച്ച് അയാൾ തൻ്റെ ഭൂതകാലത്തെ പല രീതിയിൽ കണ്ടെത്താൻ ശ്രമിക്കും. വളരെ വ്യക്തമായത് എന്ന നിലയിൽ നാം മനസ്സിലാക്കുന്ന അനുഭവമേഖലയിൽ പോലും പലതും പിന്നെയും കണ്ടുപിടിക്കാനുണ്ടാവും. ഇത് മനസ്സിൻ്റെ ആവശ്യമാണ്.

ജീർണിക്കുന്നതിൻ്റെ അടയാളങ്ങൾ

സാഹിത്യകല ഒരു പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. യാതൊരു മൂല്യ ചർച്ചയും എവിടെയുമില്ല .കുറേപ്പേർ സാഹിത്യകലയിൽ എല്ലാ നവീനതയ്ക്കുമെതിരെ നീന്തി അവരുടെ ബുദ്ധിപരമായ മാന്ദ്യം  പ്രകടിപ്പിക്കുന്നു .യാതൊരു മൂല്യസംഘർഷവുമില്ലാതെ അതിവൈകാരികതയുടെയും പ്രകടനാത്മകതയുടെയും ഒരു ക്ഷുദ്ര ലോകമാണ് ഇപ്പോൾ ആധിപത്യം പുലർത്തുന്നത്. ചിന്താശൂന്യരെല്ലാം  രക്ഷപ്പെടുകയാണ്. എന്തുകൊണ്ടെന്നാൽ അവർക്ക് പണമുണ്ട്; രാഷ്ട്രീയപ്രവർത്തനമുണ്ട്. പണത്തിൻ്റെ സ്വാധീനം ഭീകരമാണ്. വിഷയം പറഞ്ഞ് എന്തെങ്കിലും എഴുതി കൊടുത്താൽ അത് മിനുക്കി മാംസളമാക്കി കൊടുക്കുന്ന ഗോസ്റ്റ് എഴുത്തുകാർ ഇന്ന് രഹസ്യമല്ല .റിട്ടയേർഡായവരെല്ലാം 
പെട്ടെന്ന് എഴുത്തുകാരാവാൻ നോക്കുന്നത് ഈ ആനുകൂല്യം മുതലാക്കിക്കൊണ്ടാണ്.

സമ്പന്നനെയാണ് പ്രസാധകർക്കിഷ്ടം.  യഥാർത്ഥവും പ്രചോദാനാത്മകവുമായ സാഹിത്യരചനയിൽ ഏർപ്പെടുന്നവരെ ഉപദ്രവിക്കാൻപോലും സാധ്യതയുണ്ട്. സമ്പന്നരുടെ സംഘം സാഹിത്യലോകത്ത് കൈകോർത്തുപിടിച്ച ശേഷം ദരിദ്രരും  പ്രതിഭാശാലികളുമായ  എഴുത്തുകാരോട് 'നീ എന്തിനാണ് എഴുതുന്നതെ'ന്ന് ചോദിക്കുന്നു. സമ്പന്നൻ്റെ താൽപര്യാർത്ഥം പത്രാധിപന്മാരും ദല്ലാൾമാരും  കൂട്ടുകൂടുന്നു. രണ്ടുലക്ഷം രൂപ ശമ്പളം പറ്റുന്നവനോ ,തുടർന്നു പെൻഷനായവനോ ഇന്ന് സാഹിത്യമൂല്യമേറുകയാണ്. ഈ ദുഷിച്ചസ്വാധീനത്തിൻ്റെ അനന്തരഫലമായാണ് അവാർഡ് കമ്മറ്റികളുടെ 'സാഹിത്യബോധം' രൂപപ്പെടുന്നത്. അവാർഡ് ഫൗണ്ടേഷനുകൾ ഫ്യൂഡൽ മാടമ്പിമാരെപോലെ സകല ദുരാചാരവും നെഞ്ചിലേറ്റി നില്ക്കുകയാണ്. ഇവിടെയാണ് ജീവൻ്റെ പ്രകാശത്തിനു വേണ്ടി പി.കേശവദേവിലേക്കും കുറ്റിപ്പുഴ കൃഷ്ണപിള്ളയിലേക്കും നമുക്ക് തിരിയേണ്ടി വരുന്നത്. 

പരിഷത്തും മറ്റും 

സാഹിത്യപരിഷത്ത് പോലുള്ള ജീർണ സംഘടനകൾ ദുഷിച്ച മാതൃക സൃഷ്ടിച്ചുകൊണ്ട് ധനമുള്ളവരെയും പ്രശസ്തരെയും രാഷ്ട്രീയബന്ധമുള്ളവരെയും വലിയ ഉദ്യോഗമുള്ളവരെയും മാത്രം ലക്ഷ്യം വെച്ച് അവാർഡ് തീരുമാനിക്കുന്നു. ഈ അപകടകരമായ അവസ്ഥ ഇവിടെ മാത്രമാണെന്ന് ഞാൻ പറയുന്നില്ല .ഇത് ചീഞ്ഞഴുകലിൻ്റെ അഗോളപരിസരത്തെ ഉദാഹരിക്കുകയാണ്. ലോകത്ത് തൊണ്ണൂറ് ശതമാനം സാഹിത്യപ്രവർത്തനവും ഈ  രീതിയിലായിക്കഴിഞ്ഞു. സാഹിത്യം ഇന്ന് മുതലാളിത്തത്തിൻ്റെ അടിമയാണ്. 

ഒരിടത്തും കൃതികളുടെ മൂല്യം പരിശോധിക്കുന്നില്ല.അഭിരുചികൾ ദ്രവിച്ച് നശിച്ചു. യൂറോപ്പിൽ ഷാങ് പോൾ സാർത്ര് (Jean Paul Sartre),ആൽബേർ കമ്യു (Albert Camus) തുടങ്ങിയവർക്ക് ശേഷം  ആഴത്തിൽ ചിന്തിക്കാൻ കഴിവുള്ളവർ കുറഞ്ഞു .ഉത്തരാധുനിക സൈദ്ധാന്തികർ വന്നെങ്കിലും, ജീവിതവുമായി ബന്ധമില്ലാത്ത അവരുടെ തത്ത്വചിന്ത പെട്ടെന്ന് കടപുഴകി .

We are all Completely Beside ourselves എന്ന നോവലെഴുതിയ അമേരിക്കൻ എഴുത്തുകാരി കാരൻ ജോയ് ഫൗളർ (Karen Joy Fowler) പറഞ്ഞത് ബുക്കർ പ്രൈസിനു  ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ടതോടെ തൻ്റെ  ജീവിതം മാറിമറിഞ്ഞു എന്നാണ്. അവരുടെ പുസ്തകം ബ്രിട്ടനിലെ പല പ്രസിദ്ധീകരണശാലകളും  നിരാകരിക്കുകയാണ് ചെയ്തത്. അല്ലായിരുന്നെങ്കിൽ ആ നോവൽ നേരത്തെ പുറത്തുവന്നേനെ  എന്നാണവർ പറഞ്ഞത് .

പ്രസാധകർക്ക് വേണ്ടാത്ത കൃതി എങ്ങനെ ബുക്കർ നോമിനേഷനിൽ എത്തി? പ്രസാധകന്മാർ സങ്കുചിത താല്പര്യങ്ങളാൽ കൂനുള്ളവരായി മാറിയിരിക്കുന്നു. അവർക്ക് മികച്ച കൃതി കണ്ടെത്താനുള്ള എല്ലാ ഉപകരണങ്ങളും നഷ്ടമായി. 

അലങ്കാര മത്സ്യങ്ങൾ 

ഇന്ന് എഴുത്തുകാർക്ക് വ്യക്തിപരമായ വീക്ഷണമില്ല .അവർ ഏത് സംഘടനയിലാണോ പ്രവർത്തിക്കുന്നത് ആ സംഘടനയുടെ വീക്ഷണമാണ് അവർക്കുള്ളത്. അവർക്ക് വ്യക്തിപരമായ സംഘർഷം ഭൗതികമായ വിഷയങ്ങളിൽ ഒതുങ്ങും .ബാങ്കിനെക്കുറിച്ചുള്ള ടെൻഷനാണ് മുഖ്യം. ആൾക്കൂട്ടത്തിനൊപ്പം വാണിജ്യ സാഹിത്യമാണ് ഇവർ എഴുതുന്നത് .ഏറ്റവും അന്തസ്സാരശൂന്യമായി ,ദീർഘമായി എഴുതിയാൽ സാഹിത്യകാരനു ,മറ്റു ബാഹ്യശക്തികൾ ഉണ്ടെങ്കിൽ വലിയ പുരസ്കാരങ്ങൾ കിട്ടിയിരിക്കും. 

ഒരു അലങ്കാര മത്സ്യമാകുന്നതിലാണ് ഇന്നത്തെ ടിപ്പിക്കൽ എഴുത്തുകാരൻ്റെ സായൂജ്യം :ഒന്നിനെക്കുറിച്ചും സ്വന്തമായ അഭിപ്രായങ്ങൾ ഉണ്ടായിരിക്കരുത്. എല്ലാത്തിനെയും ആസ്വദിച്ചാൽ മതി ; അസ്വസ്ഥനാകരുത്. ഒരു കാഴ്ചവസ്തുവായി മാറണം, അലങ്കാര മത്സ്യത്തെപ്പോലെ. ഒരാശയ ലോകമില്ലാത്തവനെന്ന നിലയിൽ എല്ലാവരെയും പ്രീതിപ്പെടുത്തണം .അപ്പോൾ അവാർഡുകൾക്ക് യോഗ്യനാവും. 

ഭേദപ്പെട്ട കഥയൊന്നും എഴുതിയില്ലെങ്കിലും മധുപാലിനെ പോലുള്ള കഥാകൃത്തുക്കൾക്ക് ഒരു ചാലുണ്ട്. അവർ വായനക്കാരോട് ഗൗരവമായ ഒരാശയലോകത്തെക്കുറിച്ചും പറയുന്നില്ല ;പറയാനില്ല .അലങ്കാര മത്സ്യാത്മകത മിക്കവരുടെയും പ്രലോഭനമാണിന്ന് .

സക്കറിയ ,സച്ചിദാനന്ദൻ, മുകുന്ദൻ  തുടങ്ങിയവരൊക്കെ ഇന്ന് വല്ലാത്ത പാരതന്ത്യം അനുഭവിക്കുന്നവരാണ്. അവർക്ക് അഭിപ്രായമില്ല. എന്നാൽ മറുനാടൻ മലയാളി യുടൂബർ ഷാജൻ സ്കറിയ ,വിനു വി. ജോൺ, ശാന്തി വിള ദിനേശ് ,രാഹുൽ ഈശ്വർ  തുടങ്ങിയവരാണ് ഇന്ന് സ്വതന്ത്രരായ പൊതുവ്യക്തിത്വങ്ങൾ .അവർക്ക് സ്വന്തം അഭിപ്രായം പറയാനുണ്ട്. അവരുടെ അഭിപ്രായങ്ങളോടെല്ലാം ഞാൻ യോജിക്കുകയല്ല. അവർക്ക്  പറയാനുള്ള ധൈര്യമുണ്ട്. അവരെ അവാർഡ് കാണിച്ച് പേടിപ്പിക്കാനാവില്ല. ഷാജൻ സ്കറിയ തൻ്റെ സ്വന്തം മാധ്യമത്തിലൂടെ വിശകലനം നടത്തുമ്പോൾ അത് എത്രയോ ലക്ഷം സത്യാന്വേഷികളുടെ നാവായി മാറുന്നു!. ഏത് പത്രത്തേക്കാളും സർക്കുലേഷനുണ്ട് ഷാജന്. പത്രങ്ങളേക്കാൾ ആളുകൾ വാർത്തയ്ക്ക് ആശ്രയിക്കുന്നത് ഷാജനെ പോലുള്ള സ്വതന്ത്ര മനസുകളെയാണ്.കേരളത്തിലെ സാഹിത്യകാരന്മാരെ അധികാരിവർഗവും അവാർഡു മുതലാളിമാരും വിലയ്ക്കെടുത്തപ്പോൾ ഷാജനും മറ്റും സ്വാതന്ത്ര്യത്തിൻ്റെ അനുഭവം ആവോളം നുകരാനാണ് തീരുമാനിച്ചത്. ഇനി എഴുത്തുകാരുടെ അഭിപ്രായങ്ങൾക്ക് ആരും കാത്തു നില്ക്കില്ല .അതിനു പകരം യുട്യൂബർമാരും സ്വതന്ത്രചാനലുകാരും  പറയും. ഷാജൻ പറയുന്ന എല്ലാ കാര്യങ്ങളോടും യോജിക്കുന്നു എന്ന അർത്ഥത്തിലല്ല ഇത് എഴുതുന്നത്. അദ്ദേഹം പത്രങ്ങളേക്കാൾ ഉത്തരവാദിത്വം കാണിക്കുന്നു. മറയ്ക്കപ്പെട്ട വാർത്തകൾ അനാവരണം ചെയ്യുന്നു. മലയാളയുവത്വം മരിച്ചിട്ടില്ല എന്ന് ഞാൻ പറയാൻ ആഗ്രഹിക്കുന്നത് ഷാജൻ ചെയ്യുന്ന ധീരമായ വീഡിയോകളെ കണ്ടുകൊണ്ടാണ്. ഇന്ന് ഏതെങ്കിലും കവിയോ ,കഥാകൃത്തോ സത്യത്തിനു വേണ്ടി ,ഇതു പോലെ ,ഒരു വാക്കുച്ചരിക്കുമോ ?
എനിക്കു പറയാനുള്ള കാര്യങ്ങളെല്ലാം വിഴുങ്ങിയ ശേഷം ഞാൻ വില കൂടിയ അവാർഡുകൾ വാങ്ങിക്കുന്നത് എൻ്റെ ജീർണതയെ കൂടുതൽ വഷളാക്കുകയേയുള്ളു .

അക്ഷരങ്ങൾ പെയിൻറിങ്ങുകൾ 

ഭാഷയെക്കുറിച്ച് അമേരിക്കൻ ചിത്രകാരി കേ റോസൻ (Kay Rosen)പറയുന്നുണ്ട്, അത്   മറ്റുവസ്തുക്കളെപോലെ തന്നെ  നമ്മുടെ സമീപത്താണുള്ളതെന്ന്. നമ്മൾ കാണണമെന്നില്ല, അതിനായി തിരയേണ്ടതുണ്ട്. 

You have to be in a certain frame of mind to pluck them out of the air, to make them yours. 

കലാകാരൻ്റെ മനസ്സ് ഏത് ദിശയിലാണോ നീങ്ങുന്നത് ,അതിനനുസരിച്ചായിരിക്കും   ഭാഷയുണ്ടാവുക .മനസ്സിൻ്റെ  ക്രമീകരണവും ചിന്തയുടെ ഒഴുക്കും പ്രധാനമാണ്. ഭാഷ നമ്മുടെ അരികിലാണുള്ളത്. ദക്ഷിണാഫ്രിക്കൻ എഴുത്തുകാരി നദീൻ ഗോർഡിമർ  പറഞ്ഞതുപോലെ ,കൈനീട്ടിയിൽ മതി   അനുഭവങ്ങളെ സ്പർശിക്കാനാവും.  ഇംഗ്ലീഷ് അക്ഷരങ്ങൾ ഉപയോഗിച്ചാണ് റോസൻ പെയിൻ്റ് ചെയ്യുന്നത്. നിശ്ചിത വർണത്തിൻ്റെ പശ്ചാത്തലത്തിൽ ഇംഗ്ലീഷ് അക്ഷരങ്ങൾ വിന്യസിക്കുന്നതിൻ്റെ സൗന്ദര്യമാണ് റോസൻ്റെ ലക്ഷ്യം. വളരെ പരിമിതമായതിനെ പുതിയ പാറ്റേണിൽ വയ്ക്കുമ്പോൾ പുതിയൊരു സംവേദനമുണ്ടാവുന്നു. 

ചീത്ത അഭിരുചികൾ പനപോലെ 

ഞാൻ എഴുത്തുകാരെ അവരുടെ ചിന്തകളിലും വാക്കുകളിലുമാണ് പരിശോധിക്കുന്നത്. എഴുത്തുകാരനു  കിട്ടിയ ഫലകങ്ങളെ ഞാൻ കാര്യമാക്കാറില്ല. ബയോഡേറ്റ ഞാൻ ശ്രദ്ധിക്കാറില്ല. ഏറ്റവും വലിയ നുണയും തിന്മയുമാണ് ബയോഡേറ്റ. കലാഭിരുചിയുള്ള വായനക്കാരനെ മടുപ്പിക്കുന്ന കഥകൾ തുടരെത്തുടരെ എഴുതുന്നവൻ്റെ ബയോഡേറ്റ വായിച്ചതുകൊണ്ട് പ്രയോജനമില്ലല്ലോ .അമ്പത്  അവാർഡ് കിട്ടിയെന്നു പറയുന്നവരെ വായിക്കാതിരിക്കാൻ ഞാൻ പരമാവധി ശ്രദ്ധിക്കാറുണ്ട്. കാരണം, ഇത്രയും അവാർഡ് ഒരാൾക്ക് കിട്ടിയെന്നു  പറഞ്ഞാൽ അതിൻ്റെയർത്ഥം അയാളുടെ ചിന്തകൾ പൊതുവേ ഉപരിപ്ളവമായി നീങ്ങുന്ന ,പുസ്തകം വായിക്കാത്ത അവാർഡ് കമ്മിറ്റിക്കാരെ വല്ലാതെ ആകർഷിച്ചു എന്നാണ്. ചീത്ത അഭിരുചികൾ പനപോലെ വളരുകയാണ്. ബർട്രാൻഡ് റസ്സലിൻ്റെ പ്രസംഗംപോലെ ഞാൻ ഉത്സവ പറമ്പുകളിലെയോ, രാഷ്ടീയവേദികളിലെയോ കൊമേഴ്സിൽ പ്രസംഗങ്ങളെ കേൾക്കാറില്ല .നിലവാരമില്ലാത്ത ചിന്തകൾ ധാരാളം പേരെ ആകർഷിക്കാറുണ്ട്. അതുകൊണ്ട് അതിൻ്റെ മൂല്യം വർദ്ധിക്കുകയില്ല .വില കുറച്ചാൽ മത്സ്യം പെട്ടെന്ന് വിറ്റു  പോകാറുണ്ടല്ലോ .അതാണ് അവാർഡുകളുടെ മന:ശാസ്ത്രം. ജയപ്രകാശ് അങ്കമാലിയുടെ 'സന്താലഹേര' എന്ന കൃതിയ്ക്ക് അവാർഡ് കിട്ടിയില്ല. നല്ലൊരു കാര്യമാണത്. അതുകൊണ്ട് അത് വായിക്കണം; എന്തെങ്കിലും ഉണ്ടാവും.

Woman Who killed the Fish എന്ന  മനോഹരമായ കഥയെഴുതിയ ബ്രസീലിയൻ അസ്തിത്വവാദിയായ എഴുത്തുകാരി ക്ളാരിസ് ലിസ്പെക്ടർ (Clarice Lispector) ഇങ്ങനെ എഴുതി :
"എന്നെ മറ്റുള്ളവർ പുറമേ നിന്നു  നോക്കുമ്പോൾ കാണുന്നതാണ് എൻ്റെ  സ്വഭാവവിശേഷങ്ങളായി  കണക്കാക്കപ്പെടുന്നത് ;എന്നെ പുറമേ നിന്നു നോക്കി മനസ്സിലാക്കാവുന്നതാണെന്ന ധാരണ അവസാനിപ്പിക്കണം" .



No comments:

Post a Comment

നിരാസത്തിന്റെ തത്ത്വം /ഡോ.യാക്കോബ്‌ മാർ ഐറേനിയോസ്‌

  ശ്രീ. എം.കെ.ഹരികുമാറിന്റെ 'എന്റെ മാനിഫെസ്റ്റോ' വായിച്ചു തുടങ്ങിയപ്പോൾ ഇത്‌ ഏതോ ദുരൂഹതയുടെ ഗുഹാമുഖമാണെന്ന്‌ തോന്നിപ്പോയി. വായനപുര...