Tuesday, September 27, 2022

ജീവജാലങ്ങളുടെ പക്കലുള്ള ഒരേയൊരു കോഡ് / എം.കെ.ഹരികുമാർ




ചിന്തകൊണ്ട് ജീവിക്കുന്ന നമുക്ക് അതിൽ നിന്ന് മാറിനിൽക്കാനൊക്കുമോ ? മനസ്സൊരു ചീത്ത പിശാചാണ്, അതുകൊണ്ട് അതിൽ നിന്ന് മോചനം വേണമെന്ന് പറയുന്നവരുണ്ട്. എന്നാൽ മനസ്സിൽ നിന്നും മോചനം നേടിയാൽ പിന്നെ എന്താണ് ബാക്കിയുള്ളത് ?ജീവിതത്തിൽ എന്തെങ്കിലും ത്യജിച്ചിട്ട് നേട്ടമുണ്ടാക്കാമെന്ന് കരുതുന്നില്ല. ത്യാഗത്തിനു വേണ്ടി ത്യാഗം വേണ്ട.  ത്യജിക്കുന്നത് അസാധ്യമാണ്. കാരണം,  എന്തിനെയാണോ നാം ബോധപൂർവ്വം നിരാകരിക്കുന്നത് ,അത് നമ്മെ  പിന്നാലെ വന്ന് അസ്വസ്ഥപ്പെടുത്തും ,മുറിപ്പെടുത്തും .മനസിൽ നിന്ന് പൂർണമായി ഒന്നിനെയും പിഴുതുമാറ്റാനാവില്ല; അത് പീഡനമാണ്.

മനസ്സിനെ ആവേശിക്കുകയും  നിയന്ത്രിക്കുകയും ചെയ്യുന്ന ചിന്തയെ വേറൊരു വഴി തിരിച്ചുവിടുകയാണ് വേണ്ടത്. എന്താണ് ഇതിനർത്ഥം ?കൂടുതൽ പ്രത്യുൽപ്പാദനപരവും ലോ കോപകാരപ്രദവുമായ മേഖലകളിലേക്ക് നമ്മുടെ പ്രലോഭനങ്ങളെ തിരിച്ചുവിടുകയാണ് വേണ്ടത്. ഓരോ നിയമാനുസൃതമായ തൊഴിലും ലോകത്തിന് ഉപകാരപ്രദമാണ്. തയ്യൽക്കാരില്ലെങ്കിൽ ലോകമില്ല. കൃഷിക്കാരില്ലെങ്കിൽ ലോകം നിശ്ചലമാകും. ഓരോന്നിനും ലോ കോപകാരദൗത്യമുണ്ട് .

മനസ്സിൽ സദാ പിടിമുറുക്കിയിരിക്കുന്ന ആഗ്രഹങ്ങൾ, തൃഷ്ണകൾ, അതിമോഹങ്ങൾ ,കൊതികൾ നമ്മെ ഉപദ്രവിക്കാത്തിടത്തോളം കൊണ്ടു നടക്കാം. സ്ഥിരമായി ഒരു വ്യക്തിയെ സ്നേഹിക്കണമെന്ന ആഗ്രഹം പരിത്യജിക്കേണ്ടതില്ലല്ലോ . ആവശ്യത്തിൽ കൂടുതൽ പണം ഉണ്ടാക്കണമെന്ന ആഗ്രഹം വേണമെങ്കിൽ ഉപേക്ഷിക്കാം; എന്നാൽ ഒരാൾ പണം ഉണ്ടാക്കുമ്പോഴാണ് വേറെ കുറച്ചു പേർക്ക് തൊഴിൽ ലഭിക്കുന്നത്. പിന്നെ എന്താണ് ത്യജിക്കുന്നത്? നമ്മുടെ തന്നെ ധൂർത്തുകൾ ,പാഴ്മോഹങ്ങൾ, ഭ്രമങ്ങൾ, ആവശ്യമില്ലാത്ത വസ്തുക്കൾ തുടങ്ങിയവ ഉപേക്ഷിക്കാവുന്നതാണ്. അമിതമായ ആസക്തിയിൽ നിന്ന് അലട്ടൽ  ഉണ്ടാകാവുന്നതാണ്. അതുകൊണ്ട് ആസക്തി ആപത്താണ് .ജീവിതത്തിലെ ഒരു ഘട്ടത്തിൽ സകലതിൻ്റെയും  നിഷ്പലതയെക്കുറിച്ച് ബോധമുണ്ടാകുക തന്നെ ചെയ്യും. ഒന്നും നമ്മെ രക്ഷിക്കില്ല എന്നറിയുന്ന നിമിഷം.

ജീവിതം നമ്മോടു നുണ പറഞ്ഞതോ ,നാം ജീവിതത്തോടു നുണ പറഞ്ഞതോ ? വാർദ്ധക്യം  ജീവിതത്തിൻ്റെ സത്യം ബോധ്യപ്പെടുത്താതിരിക്കില്ല . അസുഖങ്ങളും അവശതകളും  മനുഷ്യനെ തനിച്ചാക്കുകയാണ് ചെയ്യുന്നത്. അപ്പോൾ ത്യാഗത്തിനു  വേണ്ടി പ്രയത്നിക്കേണ്ടതില്ല. ത്യാഗം നിർബന്ധമായും യാഥാർത്ഥ്യമായി തീരുന്നു .വാർദ്ധക്യത്തിലെ ത്യാഗം അനിവാര്യതയാണ് .എന്നാൽ ദുർവ്യയം ,അമിതാസക്തി, അമിതമായ കോപം, ദുരാഗ്രഹം ,കള്ളത്തരം  എന്നിവയെല്ലാം വേണ്ടെന്നു വയ്ക്കുകയാണെങ്കിൽ സമാധാനം കിട്ടാതിരിക്കില്ല; ഇതിനെ മഹത്തായ ത്യാഗമായി കരുതാനാകില്ലെങ്കിലും. ഭീഷ്മരുടെ ത്യാഗം ജീവിതകാലമത്രയും  ഒരു വ്രതമായി നിലകൊണ്ടു. സ്വാതന്ത്ര്യത്തേക്കാൾ വലിയ ആശയമാണ് ഭീഷ്മരുടെ ത്യാഗം .ഭീഷ്മർ യൗവ്വന ദശയിലാണ് സകല ,കാമമോഹ പ്രണയപാശങ്ങളിൽ നിന്നും  മോചിതമാകുന്നത് .അദ്ദേഹം അത് ജീവിതകാലമത്രയും പാലിച്ചു. സ്വാതന്ത്ര്യം അവിടെ ചെറുതായി പോവുകയാണ്. സ്വാതന്ത്ര്യം നേടിയ ആകാശം പിടിച്ചെടുക്കാമെന്നു  കരുതുന്നവർക്കിടയിൽ ഭീഷ്മർ സ്വാതന്ത്ര്യത്തെ നിസ്സാരമായി കണ്ട് ത്യജിക്കുകയാണ്. ത്യാഗത്തിന്റെ ഫലമാണ് സ്നേഹം .സ്വന്തം വിഹിതത്തിൽ നിന്ന് എടുത്തു കൊടുക്കുന്നതാണ് സ്നേഹത്തിൻ്റെ  പ്രകടരൂപം.സ്നേഹം പ്രവർത്തിക്കാനുള്ളതാണ്. പ്രവർത്തിക്കുന്നില്ലെങ്കിൽ സ്നേഹം നിസ്സഹായമാണ്. ഈ ലോകത്തിലെ സകല ജീവജാലങ്ങളെയും അചേതന വസ്തുക്കളെയും ബന്ധിപ്പിക്കുന്ന ദിവ്യ രസമാണ് സ്നേഹം .സ്നേഹത്തിന് രക്തത്തേക്കാൾ ശക്തിയുണ്ട് ;വിശുദ്ധിയുണ്ട്.  ഏതൊരു വസ്തുവിനെയും നമുക്ക് സ്നേഹിക്കാം. സ്നേഹിക്കുന്നത് ഒരു മൂല്യമാണ്. സ്നേഹിക്കുന്നത് തിരിച്ചു ഒരു ഉപകാരം പ്രതീക്ഷിച്ചുകൊണ്ടാകരുത്. സ്നേഹിക്കുന്ന മനസ്സിൽ, സ്നേഹിതന്  കൊടുക്കാനുള്ള ചിന്തയാണ് വേണ്ടത്. സ്നേഹത്തിലൂടെ ത്യാഗം പ്രാവിനെ പോലെ ചിറകുവീശി പറക്കണം.

ഒരു പേനയെയൊ , പുസ്തകത്തെയോ, പാത്രത്തെയോ സ്നേഹിച്ചു നോക്കൂ .അതെല്ലാം തീരിച്ചും നമ്മെ സ്നേഹിക്കും. വിശ്വാസം വരുന്നില്ലെങ്കിൽ പരീക്ഷിക്കാവുന്നതാണ്. നാം സ്നേഹിക്കുന്നത് ഈ വസ്തുക്കൾ തിരിച്ചറിയുന്നുണ്ട് .അവ സ്വയം സംരക്ഷിക്കുകയും നിറം കെടാതെ നോക്കുകയും ചെയ്യും.നമ്മുടെ കൺവെട്ടത്തു തന്നെ അവയുണ്ടാകും. അതെങ്ങനെ നമ്മെ ഉപേക്ഷിച്ചു പോകും? ഒരു ചെടിക്ക് സ്ഥിരമായി വെള്ളമൊഴിച്ചു നോക്കൂ .അത് വളരാൻ ആവേശം കാണിക്കും. ചെടികളിൽ വെറുതെ തടവിക്കൊടുത്താൽ അത് നമ്മുടെ ആഗ്രഹത്തിനൊത്ത് വളരും. സ്നേഹമാണ് അതിനു ലഭിക്കുന്ന പ്രാപഞ്ചിക ചിഹ്നം (Universal sign).

സ്നേഹിച്ചാൽ തിരിച്ചു സ്നേഹിക്കാത്ത ജീവികളില്ല. ഏത് തെരുവുപട്ടിയെയും നമുക്ക് സ്നേഹിച്ചു കൂടെ കൊണ്ടു പോരാം .കാരണം ,ഈ  ജീവജാലങ്ങളെല്ലാം വിലമതിക്കുന്നത്  ഒരേയൊരു മൂല്യത്തെയാണ്; അത് സ്നേഹമാണ്. അതിന് വേണ്ടി ആ ജീവികൾ എന്തും ത്യജിക്കും .ഈ പ്രപഞ്ചത്തിൻ്റെ ആത്മാവുമായി സംവേദനം ചെയ്യുന്നതിനു ജീവജാലങ്ങളുടെ പക്കലുള്ള ഒരേയൊരു കോഡാണ് സ്നേഹം .സ്നേഹത്തിനുവേണ്ടി ത്യജിക്കുമ്പോഴാണ് ദൈവം ഉണ്ടാകുന്നത്. ദൈവം എല്ലാറ്റിനെയും സ്നേഹത്താൽ കൂട്ടിയിണക്കായിരിക്കുകയാണ് .പക്ഷേ,മനുഷ്യർക്ക് ഇനിയും അത് അത്ര ബോധ്യമായിട്ടില്ല.


No comments:

Post a Comment

അക്ഷരജാലകം ഇരുപത്തിയഞ്ച് വർഷങ്ങൾ പിന്നിട്ടിരിക്കുന്നു: എം. സി. രാജനാരായണൻ

  ഇന്ത്യയിലെ പ്രശസ്ത സിനിമാ വിമർശകനും ഫിപ്രസി അംഗവും ഗ്രന്ഥകാരനുമായ എം.സി. രാജനാരായണൻ എഴുതുന്നു പ്രചാരവും സ്വീകാര്യതയും നിലനിർത്തിക്കൊണ്ട്‌ ...