Tuesday, September 27, 2022

പ്രതീതിയായ ജീവിതത്തിൽ സന്തോഷവും മിഥ്യയും/എം.കെ.ഹരികുമാർ

 


ഇത് ഡിജിറ്റർ ,സൈബർ നവയുഗമാണല്ലോ. ആധുനികാനന്തര ജീവിതത്തിൻ്റെ വ്യാഖ്യാനവും ചിന്തയുമാണ് ഇതാവശ്യപ്പെടുന്നത്‌. ഇവിടെ മനുഷ്യർ മിക്കവാറും ഓൺലൈനിലാണ്. ജീവിതം ഒരു പ്രതീതിയായും നിലനില്ക്കുന്നു .ശരീര മോ മനസോ ഇല്ലാതെ ജീവിക്കാം. ഉത്തര- ഉത്തരാധുനികതയുടെ ശകലീകൃതമായ ,മനോരഹിതമായ ,നിർവ്യക്തീകരിക്കപ്പെട്ട ഈ കാലത്ത് മനുഷ്യൻ്റെ സ്വാതന്ത്ര്യവും സഹനവും പുതിയ അർത്ഥങ്ങൾ തേടുകയാണ്. സ്വാതന്ത്യമല്ല ,സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള പ്രതീതിയാണ് പ്രസക്തമാകുന്നത്. ഒരു മുറിക്കുള്ളിൽ അടച്ചിരുന്ന് ആരെയും യു ട്യൂബിലൂടെ വിമർശിക്കാം .നേരിട്ട് എവിടെയും പോകണമെന്നില്ല. 

സ്വാതന്ത്ര്യം ഒരു കുരിശായി തലയ്ക്ക്  പിന്നിൽ നിൽക്കുകയാണ് .സ്വാതന്ത്ര്യം തന്നെ വ്യഥയായി പരിണമിച്ചിരിക്കുന്നു. മനുഷ്യൻ തന്നെ ഒരു ഡിജിറ്റൽ പ്രതീതിയായ ഈ യുഗത്തിൽ സാഹിത്യത്തിനു എന്ത് സംഭവിക്കുമെന്ന്  എന്നോട് പലരും ചോദിച്ചിട്ടുണ്ട്. അവരിൽ ചിലർ സാഹിത്യത്തെ  കാലികമായ, പ്രസ്ഥാനവത്കൃതമായ പ്രവണതകൾക്കൊത്ത് കാണാൻ വിസമ്മതിക്കുന്നവരാണ്. എന്തിനാണ് ആധുനികത ,നല്ല കൃതികൾ പോരേ എന്ന് ഒരു സാഹിത്യകാരൻ ചോദിച്ചിട്ട് അധികകാലമായില്ല .ഓരോ  കാലത്തെ രൂപപരമായ പരീക്ഷണങ്ങളും ഉള്ളടക്കവും മാറുന്നതിനനുസരിച്ചാണ് പഠനങ്ങൾക്കും വിലയിരുത്തലുകൾക്കുമായി ചില പേരുകൾ ആവശ്യമായി വരുന്നതെന്ന്  ഞാൻ വിശദീകരിച്ചു. വേർഡ്സ്വർത്ത് എഴുതിയ Introduction to lyrical ballads ഒരു പുതിയ വാതായനമാണ് തുറന്നത്; അതിനു തത്ത്വശാസ്ത്രപരമായ ചില മുഖങ്ങളുണ്ട്. അതുപോലെ മാറുന്ന കാലത്തിനനുസരിച്ച് പുതിയ സമീപനങ്ങൾ വേണ്ടിവരും. 

ഭാഷ മാറുന്നത് ഇനിയും അനുഭവിച്ചിട്ടില്ലാത്തവരുണ്ട്. അവർ  ഭാഷയിലെ പഴയ പ്രയോഗങ്ങളും ചിന്തയുടെ സ്ഥിരം ചാലുകളും പരതിക്കൊണ്ടിരിക്കും. അവർക്കു മുന്നിൽ ഭാഷ ഒരിക്കലും ചലിക്കാത്ത ഒരു മൂശയാണ്. അവർക്ക് ചിന്തിക്കാനുമറിയില്ല. മറ്റുള്ളവർ ചിന്തിച്ച കാര്യങ്ങളായിരിക്കും അവർ ഭാഷയിൽ നിറയ്ക്കുന്നത്. പുതിയ ചിന്ത എങ്ങനെയാണ് ഉണ്ടാകുന്നതെന്ന് അറിയുന്നതുകൊണ്ട് അതിൻ്റെ ആവശ്യമില്ലല്ലോ. സാഹിത്യത്തിലിപ്പോൾ ഭാവുകത്വമില്ലാത്ത കാലമാണ്. അതായത് ,ലോകത്തെ മാറ്റുന്ന ഒരു പുതിയ വൈകാരികാനുഭവം ഉണ്ടാകുന്നില്ല. ജ്ഞാനത്തിൻ്റെ പുതിയ പദാവലിയോ സങ്കേതമോ ഉരുത്തിരിയുന്നില്ല. പഴയ രൂപങ്ങൾ ആവർത്തിക്കുന്നതല്ലാതെ ഒന്നും സംഭവിക്കുന്നില്ല. ധാരാളം പേർക്ക്  എഴുതാൻ കഴിയുന്ന കൃതികളാണ് ഇപ്പോൾ പുതിയതെന്ന മട്ടിൽ പ്രസാധകർ അവതരിപ്പിക്കുന്നത്. 

ഒരാൾക്ക് മാത്രം എഴുതാനാവുന്ന പുസ്തകങ്ങൾ ഇല്ലാതായി. ദാന്തെയുടെ ‘ഡിവൈൻ കോമഡി ‘ പോലെയുള്ള കൃതികൾ ഇനി ഉണ്ടാകുകയില്ലല്ലോ. ഗവേഷണത്തിൻ്റെ ഫലമായി നിർമ്മിച്ചെടുക്കുന്ന പുസ്തകങ്ങളാണ് ഇന്ന് പലരും  സാഹിത്യവിമർശനമായി പരിഗണിക്കുന്നത്. 

സാഹിത്യകല ഇനിയെങ്ങോട്ട് ?

ഇവിടെ പരിശോധിക്കുന്ന വിഷയം ഡിജിറ്റൽ ,ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ,അൽഗോരിതം, ഡേറ്റ  തുടങ്ങിയ പദങ്ങൾകൊണ്ട് വിവരിക്കാവുന്ന ഈ കാലത്ത്, ഓർമ്മകൾ മറവികളായി രൂപാന്തരപ്പെടുന്ന സന്ധിയിൽ സാഹിത്യത്തിനു എന്ത്  സംഭവിക്കുമെന്നതാണ് .ഇനി പുതിയൊരു വിപ്ളവം എഴുത്തിൻ്റെ കലയിൽ പ്രതീക്ഷിക്കാമോ ? സാഹിത്യത്തിൻ്റെ മരണം തന്നെ പ്രവചിച്ച അൽവിൻ ബി. കെർനൻ എഴുതിയ ‘ദ് ഡെത്ത് ഓഫ് ലിറ്ററേച്ചർ'(The Death of Literature) എന്ന കൃതി അതാണല്ലോ ചൂണ്ടിക്കാട്ടുന്നത്. ജോൺ ബാർത്ത് എഴുതിയ 

ലിറ്ററേച്ചർ ഓഫ് എക്സോഷൻ (Literature of Exhaustion) എന്ന ലേഖനം വിവരിച്ചത് പുരാതനവും അനക്കമറ്റതുമായ ഇതിവൃത്തങ്ങൾ  വീണ്ടും ആവിഷ്ക്കരിക്കപ്പെടുന്നതിൻ്റെ ദുരന്തത്തെയാണ്.

ബെർതോൾട് ബ്രഹ്ത് (Bertolt Brecht) യാഥാർത്ഥ്യത്തെക്കുറിച്ച് പറഞ്ഞ വിപ്ളവകരമായ ചില നിരീക്ഷണങ്ങൾ പാം മോറിസ് (Pam Morris) ‘റിയലിസം’ എന്ന പുസ്തകത്തിൽ ചർചചെയ്യുന്നുണ്ട് .

സാഹിത്യത്തിനു സ്ഥിരമായ ഒരു പാത അസാധ്യമാണെന്ന ചിന്തയാണ് ബ്രഹ്ത് പുലർത്തിയിരുന്നത്. സാമൂഹ്യജീവിതത്തിൻ്റെ പരിണാമങ്ങൾക്കനുസരിച്ച് കലയിൽ പരീക്ഷണം അനിവാര്യമാണ്. ഇക്കാര്യം ബ്രഹത് നല്ലപോലെ ഉൾക്കൊണ്ടിരുന്നു.  അത് ശരിയാണെന്ന് ഇപ്പോൾ പ്രചാരത്തിലായ ഇൻസ്റ്റലേഷനുകളും  വീഡിയോ ഇൻസ്റ്റലേഷനുകളും  വ്യക്തമാക്കുന്നു. ബാങ്കോക്ക് മൾട്ടിമീഡിയ ആർട്ടിസ്റ്റ് കൊറാക്രിക് അരുണാനൊണ്ടുചായ് (Korakrit Arunanondchai) കലയുടെ നിരന്തരമായ രൂപാന്തരത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. ജീവിതത്തെക്കുറിച്ച് ഒരു വിധി തീർപ്പിനപ്പുറത്ത് ഒരിക്കലും നിർവ്വചിക്കപ്പെടാത്ത പ്രതിഭാസമായാണ് അവർ വീക്ഷിക്കുന്നത്. കല ട്രാൻസ്ഫോർമേഷനാണ്: നിശ്ചലതയല്ല. പുതിയൊരു തലത്തിലേക്ക് അത് സംക്രമിച്ചുകൊണ്ടിരിക്കുന്നു.

sdr

കലയെ ,അദ്ദേഹം ചരിത്രപരമായും  രാഷ്ട്രീയമായും വ്യക്തിഗതമായും ആത്മീയമായും ഉദ്ഗ്രഥിക്കാനാണ്  ശ്രമിക്കുന്നത്. പരീക്ഷണാത്മകതയും ജനകീയതയും യഥാതഥവാദവും കലയിൽ ഒരുമിച്ചു പോവുകയാണ് ചെയ്യുന്നതെന്ന് ബ്രഹ്തിൻ്റെ ജനകീയകലാവാദത്തെ ഉദ്ധരിച്ചുകൊണ്ട് പാം മോറിസ് നിരീക്ഷിക്കുന്നു.പൊരുതുന്ന സാഹിത്യത്തിനു വേണ്ടിയാണ് നിലകൊള്ളുന്നതെങ്കിൽ അതിനു  യാഥാർത്ഥ്യത്തെ ഒഴിവാക്കാനാവില്ലെന്ന സൂചനയാണ് ബ്രഹ്ത് നല്കുന്നത്, 

യാഥാർത്ഥ്യത്തെ പൂർണമായി പിടിച്ചെടുക്കേണ്ടതുണ്ട്. അതിൽ നിന്നു  മാത്രമേ പുതിയൊരു രൂപത്തെക്കുറിച്ച് ആലോചിക്കാനാവുകയുള്ളൂ. പരീക്ഷണാത്മകമായ ഉള്ളടക്കങ്ങൾക്ക്  വിരിഞ്ഞുവരാൻ, പശ്ചാത്തലമായി യാഥാർഥ്യത്തിൻ്റെ ഒരു തലമുണ്ടായിരിക്കണം.അതിദ്രുതം വികസിക്കുന്ന യാഥാർത്ഥ്യം (Rapid  development of reality) എന്ന് ബ്രഹ്ത് ഇതിനെ വിശേഷിപ്പിക്കുന്നു. യഥാതഥവാദികളായ സ്റ്റെന്താൾ ,ബൽസാക്ക് ,ഫ്ളാബേർ ,എമിലി സോള എന്നിവർ എങ്ങനെ അവരുടെ വ്യത്യസ്തവഴികളിലൂടെ സഞ്ചരിച്ച് അസ്തിത്വത്തെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാടുകൾ വികസിപ്പിച്ചു എന്ന് ചിന്തിക്കണമെന്ന് പാം മോറിസ് ആവശ്യപ്പെടുന്നു.

മിഥ്യകൾ അവസാനിക്കുന്നില്ല

രാഷ്ട്രീയ വീക്ഷണങ്ങൾ വ്യത്യസ്തമായിരിക്കുമ്പോഴും എഴുത്തുകാർ സ്വാഭാവിക ജീവിതത്തിനുള്ളിൽ എന്ത് സംഭവിക്കുന്നുവെന്ന് പഠിക്കേണ്ടതുണ്ട്.

അതുകൊണ്ട് സമകാല ഡിജിറ്റൽ മനുഷ്യൻ ഉയർത്തിക്കൊണ്ടുവരുന്ന ശൂന്യമായ മാനവികത പുതിയൊരു യാഥാർത്ഥ്യമാണ്. ഇത് വാസ്തവത്തിൽ മനുഷ്യജീവിതത്തെ മിഥ്യയിൽ തന്നെ വട്ടം ചുറ്റിക്കുകയാണ്. 

ഈ മിഥ്യയ്ക്കുള്ളിൽ നിന്നു കൊണ്ട് ഏത് തരം നിരീക്ഷണാത്മകതയും രസനീയതയും കൈവരിക്കാമെന്നാണ് എഴുത്തുകാരൻ ആലോചിക്കേണ്ടത്.

തീർച്ചയായും ‘ഇന്നത്തെ എഴുത്തുകാരന് അയാളുടെ മുന്നിലുള്ള ജീവിതയാഥാർത്ഥ്യങ്ങളെ ,കൃത്രിമവും പ്രതീതിപരവുമായ മാനവിക പ്രതിസന്ധികളെ, അനുഭവങ്ങളുടെ ചരക്കുവൽക്കരണത്തെ കാണാതിരിക്കാനാവില്ല.കാരണം, മനുഷ്യൻ അവൻ്റെ സംസ്കാരത്തിൻ്റെ ഉപയോക്താവ് എന്ന നിലയിലാണ് ഇന്ന് നിലനിൽക്കുന്നത്.

ഉപഭോഗം എന്ന ആവശ്യത്തിനായി കലയും സംസ്കാരവും ഉണ്ടാക്കുകയാണ്. മനുഷ്യബന്ധങ്ങളിൽ മറവി ഒരുപകരണമാവുകയാണ്. ഓർമ്മിക്കാനുള്ള സിദ്ധി നഷ്ടപ്പെടുകയാണ്. കൂടുതൽ ഓർമ്മിക്കേണ്ടതായ വസ്തുതകളുടെ ഒരു മഹാപ്രവാഹമുണ്ടാകുമ്പോൾ , മനുഷ്യൻ ഓർമ്മയിൽ നിന്ന് രക്ഷപ്പെടാനാവും ശ്രമിക്കുക .

ഓർത്തുകൊണ്ട് മറക്കുകയോ മറന്നുകൊണ്ട് ഓർക്കുകയോ ചെയ്യുന്നു. രണ്ടിൻ്റെയും അർത്ഥം ഒന്നുതന്നെ. വിലകൂടിയ സംസ്കാരത്തിനും അനുഭവത്തിനുമായി പലതും മറക്കേണ്ടിവരുന്നു.

ഉപയോഗിച്ചാൽ വലിച്ചെറിയണമെന്നാണല്ലോ പുതിയ വ്യവസ്ഥ .എന്നാൽ വലിച്ചെറിയൽ പ്രക്രിയയുടെ തുടർച്ചയിൽ മടുപ്പാണ് ബാക്കിയാവുന്നത്. ഈ നിസ്സഹായത  ഒരു രുചിയല്ല ,നിരാസ്പദമായ ഒഴുക്കാണ്. ഒഴുകിയൊഴുകി പോകുന്നത് ഒരു രസമാണ്.ഒരിടത്തും പിടിച്ചുനില്പില്ലാത്ത , മനുഷ്യൻ, പക്ഷേ ,സമ്പന്നനും ബുദ്ധിമാനും പലതിൻ്റെയും  ഉടമസ്ഥനുമാണ്. ഏതാണ് സൗന്ദര്യം ? ദാരിദ്ര്യം സൗന്ദര്യമാണോ ?അല്ലെങ്കിൽ കലാപം സൗന്ദര്യമാണോ ?

ചില എഴുത്തുകാർ പതിറ്റാണ്ടുകൾക്ക്  മുൻപ് വിശ്വസിച്ചിരുന്നതുപോലെ, ലൈംഗികത സൗന്ദര്യമാണോ ?ഇതിൻ്റെയെല്ലാം കേവലവും ഐച്ഛികവുമായ വ്യവഹാരമേഖലകൾ സൗന്ദര്യവും എന്ന നിലയിൽ ഒറ്റപ്പെട്ടിരിക്കുകയാണ് .എഴുത്തുകാരൻ എന്തിനാണ് മറ്റാരുടെയെങ്കിലും ഫിലോസഫിക്ക്  കീഴടങ്ങി അതിൻ്റെ ഐച്ഛിക ലാവണ്യം  അന്വേഷിക്കുന്നത് .?അതുതന്നെയാണ് സാഹിത്യവിമർശകൻ്റെ കാര്യത്തിലുമുള്ളത്. അയാൾ എന്തിനാണ് ഉപനിഷത്തിനെയും ബുദ്ധദർശനത്തെയും ആസ്പദമാക്കി പുസ്തകമെഴുതുന്നത് ? ഒരു വിമർശകനായ അയാൾ ഒരു തത്ത്വശാസ്ത്രത്തിൻ്റെ പഠനമെഴുതാനല്ല ശ്രമിക്കേണ്ടത് .അയാൾ അതിൽ നിന്ന് ജൈവപരമായി ,സൗന്ദര്യാത്മകമായി  എന്ത് സ്വീകരിക്കുന്നു എന്നതാണ് പ്രധാനം.

സത്യങ്ങൾ പലതായി പിരിയുന്നു 

സൗന്ദര്യത്തെ തൻ്റെ പഥങ്ങളിലൂടെ അന്വേഷിക്കുകയാണ് വേണ്ടത്. അയാൾ മറ്റു മേഖലകളുടെ പ്രചാരകനാകേണ്ടതില്ല. ഉപനിഷത്തിലൂടെ പോകേണ്ട സാഹചര്യമുണ്ടാവുകയാണെങ്കിൽ ,തൻ്റെ സഞ്ചാരത്തിൻ്റെ അനിവാര്യതയ്ക്ക്  അത് ഉപയോഗപ്പെടുത്തുക. അതിനപ്പുറം തലയിൽ ചുമന്നു നടക്കേണ്ടതില്ല .

Beauty is truth, truth beauty -that is all 

Ye know on earth, and all ye need to know 

എന്ന് ജോൺ കീറ്റ്സ് (Ode on a Gracian Urn ,1820) എഴുതിയത് ഇന്നും  ഒരു പൊതുപ്രസ്താവനയായി നില്ക്കുന്നു. സത്യം സൗന്ദര്യവും സൗന്ദര്യം സത്യവുമായിരിക്കാം. സത്യം എന്താണെന്നോ ,സൗന്ദര്യം എന്താണെന്നോ അന്തിമമായി വിശദീകരിക്കാനാവില്ല .ആ വാക്കുകളെ വ്യാഖ്യാനിക്കുന്നിടത്താണ് യാതൊന്നിനെയും ആസ്പദമാക്കിയല്ലാതെ ഒഴുകുന്ന ജീവിതത്തെ ആവിഷ്ക്കരിക്കാനാവുകയുള്ളു. മിഥ്യകൾ സർവത്ര മിഥ്യകൾ എന്നതാണല്ലോ നമ്മുടെ അവസ്ഥ. മനുഷ്യനും മൃഗങ്ങളും പ്രാണികളും ഉൾപ്പെട്ട ഈ സമൂഹത്തിലെ യുക്തികൾ തല തല്ലി മരിക്കുകയാണ്. 

മിഥ്യയും നമുക്ക് നമുക്ക് ആഘോഷിക്കാനുള്ളതാണ്

വിജയങ്ങൾ പോലെ പരാജയങ്ങളും    മിഥ്യകളാണ്.എല്ലാ മിഥ്യകളും നമ്മെ  നോക്കി പുഞ്ചിരിതൂകുകയാണ്.  നമുക്കതിൽ നിന്ന് രക്ഷപ്പെടാനാവില്ലല്ലോ എന്ന അവസ്ഥയുണ്ട്. അല്പദൂരം പോകുന്ന യുക്തികൾകൊണ്ട് നമുക്ക് ആനന്ദിക്കാം .സൗന്ദര്യം സത്യമാണെന്ന് കീറ്റ്സ് പറഞ്ഞത് മിഥ്യകളെ മറികടന്നു എന്ന അർഥത്തിലല്ല; ശൂന്യതകൾ ഇല്ലാതായി എന്നുമല്ല; നമ്മൾ മിഥ്യകളായിരിക്കെ തന്നെ കാന്തിയുള്ള വ്യഥകളുമാണെന്ന ആലോചനയിൽ നിന്നാണ് അതുണ്ടാകുന്നത്മിഥ്യകളിൽ കുതിർന്ന മനുഷ്യജീവിതത്തിലെ സൗന്ദര്യം ആത്യന്തികസത്യമല്ല ;പ്രതീതിസമാനമായ താൽക്കാലിക സൗന്ദര്യമാണ്. സൂര്യാസ്തമയം സുന്ദരമാണെന്നത്  ഒരു പൊതുപ്രസ്താവമാണ് .

ഇന്നലെ എല്ലാവരുടെയും സൂര്യാസ്തമയവും ഒരുപോലെ സുന്ദരമല്ലല്ലോ. സൂര്യാസ്തമയം കാണുന്ന വ്യക്തിയുടെ മനസ്സാണ് അത് നിശ്ചയിക്കുന്നത്. ജീവിതത്തിലെ സത്യങ്ങൾ നൈമിഷികമാകാം.; കാരണം അതിനോടുള്ള വ്യക്തികളുടെ മനോഭാവം വ്യത്യസ്തമാണ്. സത്യങ്ങൾ  തന്നെ പലതായി പിരിയുകയാണ് ചെയ്യുന്നത് .സത്യങ്ങൾ തമ്മിൽ വൈരുദ്ധ്യമുള്ളതുകൊണ്ടാണ് മനുഷ്യർ തർക്കിക്കുന്നത്. ഒരേ വാസ്തവത്തെ എങ്ങനെയാണ് നമ്മൾ നിരീക്ഷണങ്ങളിലൂടെ അനുരഞ്ജനപ്പെടുത്തുന്നത് ?.ഓരോ വ്യക്തിയും അവനവൻ്റെ സ്വഭാവം കൊണ്ടാണ് വ്യത്യാസപ്പെടുന്നത്. ആ വേറിടൽ യുക്തിയുമാണ്.

എഴുത്തുകാരൻ ഒരു കഥാപാത്രം 

യുക്തിയുടെ തകർച്ച, മനുഷ്യൻ്റെ  അന്വേഷണാത്മക മേഖലയാകേണ്ടതാണ്. നമ്മളെല്ലാം ഓരോ യുക്തിയാണ്. എന്നാൽ അതെല്ലാം തകരുന്നതുമാണ്.സാഹിത്യകലയിലെ യുക്തിയുടെ ഈ തകർച്ച സാർവ്വലൗകികമായതുകൊണ്ടാണ് ‘ദ്  ഓഥർ ‘എന്ന കൃതിയിൽ ആൻഡ്രൂ ബെന്നറ്റ് സാഹിത്യം എപ്പോഴും അനിശ്ചിതവും അസാമാന്യവുമായ വഴിയിലാണ് സഞ്ചരിക്കുന്നതെന്നും അത് പരിഭാഷ ചെയ്യാനാവില്ലെന്നും പ്രഖ്യാപിക്കുന്നത്.സാഹിത്യകലയിലെ ഭാഷ ഒരേസമയം മൂർത്തവും ചിന്താപരവും നിഗൂഢവുമാണ്.  ഓരോരുത്തരുടെയും മനോനിലയ്ക്കും  വിവേകത്തിനും അനുസരിച്ചാണ് വായിക്കുന്നത്.എഴുതിയ ആളിനു അവിടെ പ്രത്യേകമായ അർത്ഥത്തിനായി ശാഠ്യം പിടിക്കാനാവില്ല .എഴുതിയ ആൾ  മറഞ്ഞിരിക്കുന്ന കഥാപാത്രമായി ഉൾച്ചേർന്നിരിക്കുകയാണ് ,കൃതിയിൽ.

ഇതു പക്ഷേ ,വായനക്കാരൻ ശ്രദ്ധിക്കുന്നില്ല .ആ സ്ഥാനം വായനക്കാരനാണ് പിടിച്ചെടുക്കുന്നത്.  വായനക്കാരന് ഒരു കർത്താവായിട്ടല്ലാതെ വായിക്കാനാവില്ല .തൻ്റെ കർത്തൃത്വത്തിനു സ്വീകാര്യമല്ലാതെ  വരുമ്പോഴാണ് അവൻ കൃതിയുമായി തെറ്റിപ്പിരിയുന്നത്. വായനക്കാരൻ്റെ  മനസ്സിൽ ഒരു എഴുത്തുകാരനുണ്ട്.

കൃതിയുടെ പാരായണവേളയിൽ ആ വായനക്കാരൻ യഥാർത്ഥ കർത്താവിനെ തള്ളിമാറ്റി ആ സ്ഥാനത്ത് വരികയാണ് ചെയ്യുന്നത്. ആ സ്ഥാനത്ത് അവന് ആശയ, വൈകാരിക തലങ്ങളിൽ  യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. എന്തായാലും അവനിൽ അത്  അന്വേഷണബുദ്ധി നിലനിർത്തുന്നുണ്ടെങ്കിൽ വായനക്കാരനായി തുടരാനാവും അവൻ ശ്രമിക്കുക. അങ്ങനെയാണ് അവൻ വായനക്കാരൻ എന്ന അസ്തിത്വം സ്ഥാപിക്കുന്നത്. മാത്രമല്ല ,അവൻ ഒരു പ്രത്യേക പാഠത്തിൻ്റെ രചയിതാവുകയും ചെയ്യുന്നു.  വായിക്കുന്ന കൃതിയിൽ അവൻ സൃഷ്ടിക്കുന്ന മൂല്യവും സംഘർഷവുമുണ്ട് .അതിൻ്റെ  കർത്തൃത്വം ഏറ്റെടുക്കുമ്പോഴാണ് വായനയുണ്ടാകുന്നത് .ആ കർത്തൃത്വവുമായി വിയോജിക്കുമ്പോഴും വായന അവസാനിക്കണമെന്നില്ല. അവനിലെ വിവിധ ത്വരകളെ കൂട്ടിയോജിപ്പിച്ചു കൊണ്ടുപോകാനുള്ള സാഹചര്യം ആ കൃതിയിൽ നിന്ന് ലഭിക്കുകയേ വേണ്ടൂ .വായനക്കാരൻ സ്വയം സൃഷ്ടിക്കുന്ന കർത്താവ് എന്ന അസ്തിത്വത്തെയാണ് നിലനിർത്താൻ ശ്രമിക്കുന്നത്. അതേ സമയം എഴുത്തുകാരൻ തൻ്റെ കൃതിയിൽ ഒരു കഥാപാത്രവുമാണ്. 

സാമൂഹ്യജീവിയായ വ്യക്തിയായിട്ടല്ല കഥാരചനയിൽ നില്ക്കുന്നത്. കഥ എന്ന സാങ്കല്പികലോകത്തിലെ വൈകാരികതലത്തോട്  പ്രതികരിച്ചുകൊണ്ട് അയാൾ ഓരോ നിമിഷവും സ്പന്ദിക്കുകയാണ്. എഴുത്തുകാരൻ്റെ കഥാപാത്രത്തെ വായനക്കാരൻ എന്ന കർത്തൃത്വം മനസ്സിലാക്കുന്നിടത്താണ് വായന സാധ്യമാകുന്നത്. അല്ലാത്തപ്പോൾ സാഹിത്യകൃതി തന്നെ വ്യർത്ഥമാകുന്നു. ജീവിതത്തിൻ്റെ വ്യർത്ഥതയെ മറികടക്കാനാണ് ഒരാൾ വായിക്കുന്നത്.  ചെറിയ സൗഹൃദയത്വത്തിലാണ് വായനക്കാരൻ്റെ ജീവിതമുള്ളത്.അതാണ് അയാളുടെ ജീവിക്കുന്ന ഓർമ്മകൾ.


No comments:

Post a Comment

അക്ഷരജാലകം ഇരുപത്തിയഞ്ച് വർഷങ്ങൾ പിന്നിട്ടിരിക്കുന്നു: എം. സി. രാജനാരായണൻ

  ഇന്ത്യയിലെ പ്രശസ്ത സിനിമാ വിമർശകനും ഫിപ്രസി അംഗവും ഗ്രന്ഥകാരനുമായ എം.സി. രാജനാരായണൻ എഴുതുന്നു പ്രചാരവും സ്വീകാര്യതയും നിലനിർത്തിക്കൊണ്ട്‌ ...