Saturday, October 15, 2022

ബൈബിളിലെ സഭാപ്രസംഗകനും നവസാഹിത്യപ്രമേയങ്ങളും / എം.കെ.ഹരികുമാർ

 
സഭാപ്രസംഗകൻ്റെ വാക്കുകളിലെ സാഹിത്യവിവക്ഷകളെക്കുറിച്ച് മലയാളത്തിൽ ഇതാദ്യമായി എം.കെ. ഹരികുമാറിൻ്റെ ലേഖനം


"ധനം എത്രയായാലും അവനു മതിവരുന്നില്ല .ആർക്കുവേണ്ടിയാണ് അധ്വാനിക്കുകയും സന്തോഷങ്ങൾ ഉപേക്ഷിക്കുകയും ചെയ്യുന്നതെന്ന് അവൻ ചിന്തിക്കുന്നില്ല .ഇതും മിഥ്യയും പരിതാപകരവുമാണ് "

സഭാപ്രസംഗകൻ ,4-8


സന്തോഷം മിഥ്യയാണെന്ന് ബൈബിളിൽ സഭാപ്രസംഗകൻ പറയുകയാണ്. പുരാതനമായ ഒരു ജ്ഞാനഗ്രന്ഥമായും വിവിധ ആശയസംഹിതകളുടെ പ്രഭവസ്ഥാനമായും സഭാപ്രസംഗകൻ്റെ വാക്കുകളെ കാണാനാണ് ഞാൻ താല്പര്യപ്പെടുന്നത്. ക്രിസ്തുവിനു മുൻപ് മൂന്നാം നൂറ്റാണ്ടിൽ ജീവിച്ച ഈ യഹൂദ ചിന്തകൻ ജ്ഞാനത്തിൻ്റെ ആഴത്തിലേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോവുകയാണ് .'ഭൂമിയുടെ വിളവ് എല്ലാവർക്കുമുള്ളതാണ്' എന്ന വാക്യത്തിൽ നിന്നല്ലേ മാർക്സിസം  ഉണ്ടായത് ?അധ്വാനിക്കുന്നവർക്ക് അതിൻ്റെ വീതം കിട്ടാതെ വരുമ്പോൾ, ഈ പ്രസ്താവം തെറ്റുകയാണ്. എന്നാൽ അതിലും സഭാപ്രസംഗകൻ മിഥ്യ കാണുകയാണ് .

"രാജാവിനും വിളവിൽ ആശ്രയിക്കാതെ വയ്യ. ദ്രവ്യഗ്രഹിക്കു ദ്രവ്യം കൊണ്ട് തൃപ്തിയടയുകയില്ല .ഇതും മിഥ്യ തന്നെ ". ദ്രവ്യം തുല്യമായി വീതിക്കപ്പെടുന്നതു നല്ലതുതന്നെ. പക്ഷേ അതുകൊണ്ട് എല്ലാം പരിഹരിച്ചു എന്നർത്ഥമില്ല. മനുഷ്യൻ അതിൽ തൃപ്തി നേടണമെന്നില്ല. അവൻ്റെ ആഗ്രഹങ്ങൾ പെരുകിക്കൊണ്ടിരിക്കും. മാർക്സിസത്തിൽ നിന്ന് വ്യതിചലിച്ചാൽ ദ്രവ്യമോഹത്തിലെത്തും. അധികാരവും അങ്ങനെ തന്നെ. അതിനെ ആഗ്രഹിക്കുന്നവനു തൃപ്തി കിട്ടുകയില്ലല്ലോ .ഉത്തരകൊറിയൻ ഭരണാധികാരി ഉൻ തൻ്റെ മരിച്ചുപോയ പിതാവ് ഇല്ലിൻ്റെ ഓർമ്മദിനത്തെ  മുന്നിൽ കണ്ടു പത്തു ദിവസത്തേക്ക് ചിരി നിരോധിച്ചത് അധികാരംകൊണ്ടു തൃപ്തി വന്നിട്ടില്ല എന്നാണ് സൂചിപ്പിക്കുന്നത്. സഭാപ്രസംഗകൻ ഇതിനെ മുന്നിൽ കണ്ടിരിക്കുന്നു. "ഇത് മിഥ്യ തന്നെ " എന്ന വാക്യം എപ്പോഴും മുഴങ്ങുകയാണ്. ഫലശൂന്യതയുടെയും   യുക്തിരാഹിത്യത്തിൻ്റെയും പെരുമ്പറ നാദം മുഴങ്ങിക്കൊണ്ടിരിക്കുമ്പോൾ സമാധാനത്തോടെ എങ്ങനെ പ്രാർത്ഥിക്കും?. മനുഷ്യൻ വന്നതുപോലെ പോലെ പോകേണ്ടവനാണ്. "അമ്മയുടെ ഉദരത്തിൽ നിന്ന് പുറത്തു വന്നതു പോലെ നഗ്നനായി തന്നെ അവൻ പോകും .അവൻ്റെ പ്രയത്നഫലത്തിലൊന്നും അവൻ കൊണ്ടുപോകുകയില്ല .അതും വലിയ തിന്മയാണ് .അവൻ വന്നതുപോലെ തന്നെ പോകും ".(5 -15-16)

ഈ ശൂന്യതയല്ലേ യാഥാർത്ഥ്യം ?നമ്മൾ എപ്പോഴു യാഥാർത്ഥ്യത്തിനു വില കൊടുക്കുന്നു. യാഥാർത്ഥ്യം ഒരു  മൂർത്തതയായി നാം വ്യാഖ്യാനിക്കുന്നു. ഭൗതികേതരമായ ആദർശങ്ങളെ തേടിച്ചെല്ലുന്ന എഴുത്തുകാരൻ യഥാർത്ഥ്യത്തെ നിഷേധിക്കുന്നു. എന്തിന് ? യാഥാർത്ഥ്യം അനീതി നിറഞ്ഞതാകയാൽ അതിൽ അയാൾക്ക് അഭിരമിക്കാൻ ഒന്നുമില്ല. അയാൾ ഭൗതികലോകത്തെ നിരാകരിക്കുകയാണ്. 1827 ൽ ഓസ്കാർ വൈൽഡിൻ്റെ ക്രോംവെൽ എന്ന നാടകത്തിനെഴുതിയ ആമുഖം  ഫ്രഞ്ച് കാല്പനികതയുടെ ഉദയം കുറിക്കുകയാണ്. കലയുടെ സൗന്ദര്യം കലയിൽ തന്നെ ഒതുങ്ങുകയാണിവിടെ .എന്നാൽ റിയലിസ്റ്റ് എഴുത്തുകാരും ഇതിനോട് യോജിക്കുന്നതാണ് കാണുന്നത്.  എമിലി സോളയും മറ്റും യഥാതഥമായി കഥ പറഞ്ഞപ്പോഴും ദാർശനികമായ സൂക്ഷ്മദർശനം സാധ്യമാക്കി.ക്ലാസിക്കൽ ,നിയോക്ലാസിക്കൽ സാഹിത്യത്തിൻ്റെ മൂശയിലിട്ടുവാർത്ത  സങ്കല്പങ്ങളോടു വിയോജിച്ചുകൊണ്ടാണ് അവർ യാഥാർത്ഥ്യം എന്ന ആശയത്തെ വികസിപ്പിച്ചത്.

എന്തിലാണ് സന്തോഷമുള്ളത് ?

യാഥാർത്ഥ്യം ,ഒരു ദാർശനികൻ്റെ കാഴ്ചപ്പാടിൽ മിഥ്യയാണ്. അവിടെ പ്രത്യക്ഷത്തിൽ കാണാത്തത് പലതും കാണേണ്ടിവരും. യാഥാർത്ഥ്യത്തെ കാൽപനികമായി മോടി പിടിപ്പിച്ചുകൊണ്ട് എഴുതിയവരുണ്ട്. വൈരുദ്ധ്യങ്ങൾക്കകത്ത്  തലയുയർത്താനാവാതെയാണ് ലോകത്ത് മനുഷ്യർ ജീവിക്കുന്നത്. എന്നാൽ എന്തിലാണ് അവന് സന്തോഷിക്കാനുള്ളത്?. സന്തോഷം തന്നെ മിഥ്യയായിരിക്കെ ,അവൻ എന്തെഴുതും ?
നിഴൽ പോലെ കടന്നുപോകുന്ന ഈ വ്യർത്ഥമായ ഹ്രസ്വജീവിതത്തെ എങ്ങനെ മനസ്സിലാക്കും? പൊരുളുകൾ  അറിയാത്തതിൻ്റെ വ്യഥ ഭയങ്കരമാണ്. കാഫ്കയുടെ കഥകൾ അതല്ലേ വിവരിക്കുന്നത്? പൊരുളുകളെ അത്  തുറിച്ചുനോക്കുന്ന പോലെയുണ്ട്. എന്നാൽ ആത്യന്തികമായ യാതൊന്നിലും എത്തിച്ചേരാനാകുന്നുമില്ല .മനുഷ്യൻ എങ്ങനെയാണ് തൻ്റെ ഏറ്റവും അഗാധവും ഏകാന്തവുമായ ഒരിടത്ത്  മറ്റാരോടും വിനിമയം ചെയ്യാനാകാത്ത വ്യഥ അനുഭവിക്കുന്നതെന്ന് ആ കഥകൾ സൂചന തരുന്നു.

It  sounds absurd, but it is true എന്ന കാഫ്കയുടെ നിരീക്ഷണം അദ്ദേഹത്തിൻ്റെ മിഥ്യാ ലോകത്തെക്കുറിച്ചുള്ള ഏകദേശ ധാരണ തരുന്നുണ്ട് .ഒരേ സമയം അസംബന്ധവും യാഥാർഥ്യവുമായിരിക്കുന്നതിൻ്റെ  മരവിപ്പും സന്ത്രാസവുമാണത്. 
ഉദ്യോഗസ്ഥന്മാരുടെയും നിയമങ്ങളുടെയും ഒരു മഹാപ്രപഞ്ചത്തിൽ എത്തിപ്പെടുന്ന ഒരാൾ ശരിയാണെന്ന് വിശ്വസിക്കുന്നത്, അപ്രതീക്ഷിതമായി തെറ്റാണെന്ന് തെളിയിക്കപ്പെടുന്നു. പ്രതീക്ഷ നിലനിർത്തുകയും അത് പൊടുന്നനെ തകർക്കപ്പെടുകയുമാണ് ചെയ്യുന്നത് .
ഒരു വ്യവസ്ഥയ്ക്കകത്ത് നിൽക്കുന്നത് നമുക്ക് വേണ്ടിയാകണമെന്നില്ല; അതിൻ്റെ നിലനിൽപ്പിനുവേണ്ടിയായിരിക്കാം. വ്യവസ്ഥമാത്രമാണുള്ളത്; എന്നാൽ  അത് നിറയെ യുക്തിരാഹിത്യവും സമസ്യകളുമായിരിക്കും. ദുർഗത്തിൽ പ്രവേശിക്കാനെത്തുന്ന ലാൻഡ് സർവെയറായ കെ എന്ന കഥാപാത്രമാണല്ലോ 'കാസിലി'ലെ  കേന്ദ്രബിന്ദു. എന്നാൽ അയാൾക്ക് ദുർഗത്തിൽ പ്രവേശിക്കാനാവുന്നില്ല. പല വഴികൾ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ടെങ്കിലും, അതൊന്നും അയാളെ രക്ഷിക്കുന്നില്ല. 
അപരിചിതത്വം നിമിഷംതോറും വർദ്ധിക്കുന്നതല്ലാതെ ഒന്നും സംഭവിക്കുന്നില്ല. ഓരോ പുതിയ വ്യക്തിയെ പരിചയപ്പെടുമ്പോഴും  ലക്ഷ്യത്തെക്കുറിച്ചുള്ള ചർച്ചകൾ മാത്രമാണുണ്ടാവുന്നത് .ദുർഗ്ഗവുമായി യാതൊരു ബന്ധവുമില്ലാതിരുന്ന കെക്ക് രണ്ട് ഉത്തരങ്ങളാണ് ദുർഗ്ഗത്തിൽ നിന്നു ലഭിക്കുന്നത്. ആദ്യത്തേത് അയാളെ അറിയില്ലെന്നും രണ്ടാമത്തേത് അറിയാമെന്നുമാണ്. ഏതാണ് ഇതിൽ ശരി? നോവലിൻ്റെ  അവസാനം വരെ ഇതിന് സ്ഥിരീകരണം ലഭിക്കുന്നില്ല .അയാളെ അറിയില്ലെന്ന് ദുർഗത്തിൽ നിന്ന് ആരാണ് അറിയിക്കുന്നത്? പൊടുന്നനെ അതെങ്ങനെ മാറി? ഇതു തന്നെയാണ് ഉദ്യോഗസ്ഥൻമാരുടെയും നിയമങ്ങളുടെയും ലോകത്ത് ഒരു മനുഷ്യവ്യക്തി അനുഭവിക്കുന്ന ഏകാന്തത .അയാൾക്ക് എപ്പോഴും രണ്ട് ഉത്തരങ്ങൾ ലഭിക്കുന്നു :തുടക്കത്തിൽ അറിയില്ലെന്നും പിന്നീട് അറിയാമെന്നും .രണ്ടും  വാസ്തവത്തിൽ ഒന്നുതന്നെയാണ്.

ഒരിക്കലും അനാവൃതമാകാത്ത ഒരു ദുർഗ്ഗമാണ് കാഫ്കയുടെ നോവലിലെ ദുർഗ്രഹത .അത് ജീവിതത്തിലുള്ളതാണ്. അതിനെ ഭേദിക്കാനാണ് കെ ശ്രമിക്കുന്നത്.  അങ്ങനെയുള്ള ദുർഗ്ഗം  നിലനിൽക്കുന്നുണ്ടോ എന്നു തന്നെ വായനക്കാരൻ സംശയിച്ചുപോകും. എന്തിനാണ് ദുർഗം ഇത്രമാത്രം രഹസ്യസ്വഭാവം സൂക്ഷിക്കുന്നത്?. കെ എന്ന വ്യക്തിക്ക് എന്തുകൊണ്ടാണ് അവിടെ പ്രവേശിക്കാൻ അനുവാദം കിട്ടാത്തത് ?കെ ഏതു തരത്തിലാണ് അപ്രിയനാകുന്നത്? കെയുടെ  ജീവിതത്തിൽ ദുർഗപ്രവേശനം കൊണ്ട് എന്താണ് ലഭിക്കുക ?കേവലം ഉദ്യോഗലബ്ധി മാത്രമാണോ? ഗ്രാമത്തിൽ താമസിക്കണമെങ്കിൽ ദുർഗത്തിലെ ക്ളാമിൻ്റെ(Klamm) അനുവാദം വേണമെന്ന് പറയുന്നുണ്ട്.അപ്പോൾ ക്ളാം ഒരു ഏകാധിപതിയായിരിക്കാം.  മനുഷ്യമനസ്സിന് പിടികൊടുക്കാത്ത ആ ഏകാധിപതി അദൃശ്യനായി ജീവിക്കുകയാവാം. അയാളുടെ  സമ്മതമില്ലെങ്കിൽ ആർക്കും തന്നെ അവിടെ ജീവിക്കാൻ കഴിയില്ല. അല്ലെങ്കിൽ ഈ ദുർഗം പ്രപഞ്ചത്തിൻ്റെ രഹസ്യമാകാം. അവിടേക്കെത്താൻ മനുഷ്യരാശിക്ക് കഴിയില്ല. മനുഷ്യൻ്റെ സകല ഇന്ദ്രിയങ്ങളും വിചാരിച്ചാലും, പ്രാപഞ്ചിക നിയമങ്ങളുടെ പൊരുൾ വ്യക്തമാവില്ല. അത് അദൃശ്യവും അപ്രാപ്യവുമായി തുടരുകയാണ്.ദൈവത്തെ പോലെ ദുർഗത്തിലെ ക്ളാമും മറഞ്ഞിരിക്കുന്നു. ദൈവം എന്തുകൊണ്ട് അദൃശ്യനായിരിക്കുന്നു ? ദൈവത്തിനു മനുഷ്യരുടെ ദൈനംദിന കാര്യങ്ങളിൽ ഏർപ്പെടേണ്ടതില്ല.  മനുഷ്യനാണ് ദൈവത്തെ ആവശ്യമുള്ളത്. മനുഷ്യർ തിന്മകളാണ് പ്രയോഗിക്കുന്നത്. ചോദ്യവും ഉത്തരവും തിന്മ നിറഞ്ഞതാണ്. നോട്ടവും പിന്തിരിയലും തിന്മയാണ്. 
aസത്യമല്ല ,വിചിന്തനങ്ങൾ

സഭാപ്രസംഗകൻ പറയുന്നു: " എല്ലാവർക്കും ഒരേ ഗതി വന്നുചേരുന്നത് സൂര്യനു കീഴെ എല്ലാ പ്രവൃത്തികളിലും അടങ്ങിയിരിക്കുന്ന തിന്മയാണ്. മനുഷ്യഹൃദയം  തിന്മകൊണ്ട് നിറഞ്ഞിരിക്കുന്നു, ജീവിതകാലം മുഴുവൻ അവർ ഭ്രാന്തുകൊണ്ട് നിറഞ്ഞിരിക്കുന്നു".കാഫ്കയുടെ നോവലിൽ ജീവിച്ചിരിക്കുന്നവരെ പ്രതിനിധാനം ചെയ്യുന്നത് കെ മാത്രമാണ് .കാരണം, അയാൾ മാത്രമാണ് ദുരിതമനുഭവിക്കുന്നത് .അയാൾ തിന്മ അടിഞ്ഞുകൂടിയിരിക്കുന്നു. അയാൾ കള്ളം പറയുകയും അധാർമ്മികമായ വഴികളിലൂടെ തൻ്റെ  മാർഗ്ഗം നേരെയാക്കാൻ അദ്ധ്വാനിക്കുകയും ചെയ്യുന്നു .എന്നാൽ അയാളുടെ എല്ലാ അധ്വാനവും പാഴായിപ്പോകുന്നു. കാരണം, അയാൾ ഭ്രാന്തുകൊണ്ട് ജീവിക്കുന്നവനാണല്ലോ. മനുഷ്യനിൽ നിറഞ്ഞിരിക്കുന്ന യുക്തിവൈചിത്ര്യവും ആഗ്രഹങ്ങളും അവനെ എന്നും നരകിക്കാൻ വിധിച്ചിരിക്കുന്നു.

കാഫ്ക സത്യത്തെയല്ല , അതിനെക്കുറിച്ചുള്ള വിചിന്തനങ്ങളാണ് ആവിഷ്കരിക്കുന്നതെന്ന് സുഹൃത്ത് മാക്സ് ബ്രോഡ് പറഞ്ഞിട്ടുണ്ട് .നോവലിൽ സത്യം തന്നെ ഇല്ല; സത്യത്തെ തേടുക മാത്രമാണ് ചെയ്യുന്നത് .കെ യിൽ വഴിവിട്ട സമീപനങ്ങളുണ്ടെങ്കിലും, അയാൾ ദുർഗത്തിൽ പ്രവേശിക്കാൻ നടത്തുന്ന ശ്രമങ്ങളെ ധാർമികമായി കാണാനാവും.കാരണം ,അവിടെ ചെന്ന് ക്ളാമിനെ കാണണമെന്നും ജീവിക്കാനുള്ള അനുവാദം വേണമെന്നുമാണല്ലോ അയാളുടെ ആവശ്യങ്ങൾ .ഇതു രണ്ടും നിരാകരിക്കപ്പെടുന്നു. ജീവിക്കാനുള്ള അനുവാദം കിട്ടാൻ വേണ്ടി അയാൾ  അനുഭവിക്കേണ്ടിവരുന്ന അലച്ചിൽ തന്നെയായിരുന്നു അയാളുടെ ജീവിതം. അയാൾ ആഗ്രഹിച്ച ജീവിതം ഒരു സ്വപ്നമായിരിക്കാം, അങ്ങനെയൊന്നുണ്ടെങ്കിൽ .എന്നാലും നീ ഭീകരമായ ഒരു നിഴൽപോലെ കൊണ്ടുനടക്കുന്ന ജീവിതമാണ് അയാൾക്ക് മുന്നിലുള്ളത്.

ഈ നോവലിൽ 'താരതമ്യേന ' നീതിമാനായി നമുക്ക് കാണാവുന്നത് കെയെ മാത്രമാണ്. അയാൾ നിലനിൽക്കാനായി കള്ളം പറയുന്നു. എന്നാൽ അയാളെ തടയുന്നവരെല്ലാം നീതിമാന്മാരാണെന്ന വ്യാജേന നീചന്മാരായിരിക്കുന്നു. "നീതിമാന്മാർക്ക് നീചന്മാരുടെ പ്രവൃത്തികൾക്ക് യോജിച്ച അനുഭവവും നീചമാർക്ക് നീതിമാന്മാരുടെ പ്രവൃത്തികൾക്ക് യോജിച്ച അനുഭവവും ഉണ്ടാക്കുന്നു  എന്നത് ഭൂമിയിലുള്ള ഒരു മിഥ്യയാണ് " -സഭാപ്രസംഗകൻ പറയുന്നു. 
ദൈവം മനുഷ്യനെ സൃഷ്ടിച്ചത് ഒരു കെണിയിലകപ്പെടുത്താനാണോ ? അവൻ്റെ സന്ദേഹങ്ങൾ മാറ്റിക്കൊടുക്കാൻ ദൈവം ഒന്നും ചെയ്യുന്നില്ല. അത് അവൻ തന്നെ മാറ്റണം. അവൻ്റെ ഉത്തരവാദിത്വം സ്വന്തം സംശയങ്ങൾ ഇല്ലാതാക്കുന്നതിലുമാണുള്ളത്. അവൻ സന്ദേഹങ്ങളും അതിൽ നിന്നുണ്ടാകുന്ന ദുഃഖങ്ങളും ഒറ്റയ്ക്ക് ചുമക്കണം. അതുകൊണ്ടു തന്നെ അലങ്കോലത്തിലേക്ക് ,സംഘർഷത്തിലേക്ക് വീഴുക എന്നത് അവൻ്റെ  വിധിയാണ് ."ദൈവം മനുഷ്യനെ സരളഹൃദയനായി സൃഷ്ടിച്ചു .എന്നാൽ അവൻ്റെ സങ്കീർണപ്രശ്നങ്ങൾ അവൻ്റെ തന്നെ സൃഷ്ടിയാണ് "-സഭാപ്രസംഗകൻ പറയുന്നു. 

കാഫ്കയുടെ ഡയറിയിൽ ഇങ്ങനെ വായിക്കാം: And also looking back on it in retrospect. What have you done with your gift of sex!? It was a failure, in the end that is all that they will say. But it might easily have succeeded എന്തുകൊണ്ടാണ് സെക്സ് ഉപയോഗിക്കപ്പെടാതെ പോയതെന്ന് ,അത്  പരാജയമായിരുന്നെന്ന് ഏറെക്കുറെ സമ്മതിക്കേണ്ടിവരും. അങ്ങനെ സംഭവിച്ചത് ഭയം കാരണമായിരുന്നു. എന്നാൽ അതിൻ്റെ പരാജയത്തിൻ്റെയും വിജയത്തിൻ്റെയും  ഇടയിൽ വളരെ നിരർത്ഥകമായ കാര്യങ്ങളാണുണ്ടാവുകയെന്ന് കാഫ്ക  കൂട്ടിച്ചേർക്കുന്നു .ചരിത്രത്തിലെ വലിയ ജയങ്ങളുടെയെല്ലാം ഭാഗമായിരുന്നു അത് .നിരർത്ഥകതകൾ നിരർത്ഥകതകളെ നിർണയിക്കുന്നു എന്നാണ് അദ്ദേഹം എഴുതുന്നത്. നിരർത്ഥകതകളെയാണ് പരാജയമായും വിജയമായും നമ്മൾ സ്വീകരിക്കുന്നത് ,വ്യാഖ്യാനിക്കുന്നത്. ഇത് വൈരുദ്ധ്യാത്മകമായ ഒരു യുക്തിയാണ്.

വിശകലനം ചെയ്ത് അർത്ഥമുണ്ടാക്കുന്നവർ

വിജയത്തിനു ആധാരമായ യുക്തികൾ  ചേർത്തുവയ്ക്കുമ്പോൾ വിജയമുണ്ടാകുന്നു; മറിച്ചാകുമ്പോൾ പരാജയവും .എല്ലാവരും ആത്യന്തികമായ ഒരേ മിഥ്യയിൽ തളച്ചിടപ്പെട്ടിരിക്കുമ്പോൾ തന്നെ ,വിവിധങ്ങളായ പ്രത്യക്ഷതകൾ കൊണ്ട് പലവിധ യുക്തികൾ നിർണായകമായിത്തീരുന്നു.സഭാപ്രസംഗകൻ ഈ നിരപ്പാക്കലിനെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്: " അവൻ്റെ മുൻപിലുള്ളതെല്ലാം മിഥ്യയാണ്. എന്തെന്നാൽ നീതിമാനും നീചനും സന്മാർഗിക്കും ദുർമാർഗിക്കും ശുദ്ധനും അശുദ്ധനും ബലിയർപ്പിക്കുന്നവനും അർപ്പിക്കാത്തവനും നല്ലവനും ദുഷ്ടനും ശപഥം ചെയ്യുന്നവനും ചെയ്യാത്തവനും ഗതി ഒന്നു തന്നെ. എല്ലാവർക്കും ഒരേ ഗതി വന്നുചേരുന്നത് സൂര്യനു കീഴെ എല്ലാ പ്രവൃത്തികളിലും അടങ്ങിയിരിക്കുന്ന തിന്മയാണ് ". ഈ തിന്മയെ  സാർവ്വത്രികമായ മനുഷ്യാനുഭവമായി ആവിഷ്കരിക്കുകയാണ് കാഫ്ക ചെയ്തത്. സിദ്ധാന്തമായും ആശയങ്ങളുടെ ശാസ്ത്രത്തെ നിർണയിക്കുന്ന ചിന്തയായും സഭാപ്രസംഗകൻ കാഫ്കക്ക് പ്രേരണയായിട്ടുണ്ടെന്നാണ് ഞാൻ വിലയിരുത്തുന്നത് .ജീവിതത്തിൻ്റെ  നശ്വരതയെക്കുറിച്ച് ഏറെ ചിന്തിച്ച്  അസ്വസ്ഥനായ കാഫ്ക താൻ എപ്പോഴും റൊമാ ചക്രവർത്തിയായിരുന്ന മാർകസ് ഒറേലിയസിൻ്റെ 'മെഡിറ്റേഷൻസ്‌' എന്ന കൃതി കൊണ്ടുനടന്നതായി വെളിപ്പെടുത്തിയിട്ടുണ്ട്. ഒറേലിയസിൻ്റെ ചിന്തകളുമായി ആത്മബന്ധം സ്ഥാപിക്കുന്നതാണ് സഭാപ്രസംഗകൻ്റേത്. രണ്ടിലും ഭൂമിയിലെ ജീവിതത്തിൻ്റെ ക്ഷണികത, നിരർത്ഥകത, നിമിഷങ്ങളുടെ ആകെത്തുക, ദൈവം, സത്യം, ഉച്ചനീചത്വങ്ങൾ ,നന്മ ,തിന്മ തുടങ്ങിയവയെല്ലാം ചർച്ചചെയ്യുന്നു. കാഫ്ക തൻ്റെ സന്ദിഗ്ദ്ധതയും ദുരൂഹതയുടെ നേർക്കുള്ള നോട്ടവും പരസ്പര പൊരുത്തരാഹിത്യവും അർത്ഥങ്ങൾക്കിടയിലെ കലാപവും  ശേഖരിച്ചത് സഭാപ്രസംഗകൻ്റെ ഒരു വാചകത്തിൽ നിന്നാണെന്ന് ഞാൻ  പറഞ്ഞാൽ അതിൽ ചിന്തിക്കാൻ വകയുണ്ട്. ആ വാക്യം ഇതാണ് :"ഭോഷൻ്റെയും എൻ്റെയും ഗതി ഒന്നുതന്നെയെങ്കിൽ ഞാൻ എന്തിന്  ജ്ഞാനിയായിരിക്കണം? ഇതും മിഥ്യയെന്ന് ഞാൻ ആത്മഗതം ചെയ്തു".മിഥ്യയാണെന്ന് ഉറപ്പുള്ളവന് മാത്രമേ ,അതിൻ്റെ  അന്വേഷണത്തിൽ മനസ്സ് കൊടുക്കാനാവൂ .ഉത്തരമില്ലെന്ന്  അറിഞ്ഞാൽ പിന്നെ, ആരും തന്നെ ഉത്തരത്തിനായി അലയില്ല. ഉത്തരം തരാൻ ആരുമില്ലെന്നറിഞ്ഞാൽ നാം നിശ്ചലരാവുകയേയുള്ളൂ. 'ദുർഗ്ഗ'ത്തിലെ കെക്ക് ദൂരെ കുന്നിൻ മുകളിലുള്ള ദുർഗ്ഗത്തെപ്പറ്റിയുള്ള അറിവുകൾ സ്വയം ക്ഷയിക്കുന്നതും ഉറപ്പില്ലാത്തതുമാണ്. എന്നാൽ അസംബന്ധങ്ങളുടെ ഒരു കളിക്ക് അയാൾ നിന്നുകൊടുക്കുന്നു. അതിനായി അയാൾ സ്വയം ഉപേക്ഷിക്കുന്നു. സത്യത്തെപ്പറ്റിയുള്ള വേവലാതി ഉപേക്ഷിച്ച ശേഷം, സത്യം തേടുന്നവൻ്റെ വിധി ഇതായിരിക്കുന്നുവെന്ന് കാണിച്ചു തരുന്നു. എന്നാൽ അപ്പോഴും അയാൾ പ്രതീക്ഷ കൈവിടാത്തവനെ പോലെ കാണപ്പെടുന്നു .അതിൻ്റെയർത്ഥം ഇതായിരിക്കാം: മനുഷ്യന് ജീവിക്കാൻ ഇതുപോലുള്ള ഏടാകൂടങ്ങൾ അനിവാര്യമാണ്. അവനു സംശയിച്ചു കൊണ്ട്, അവിശ്വസിച്ചുകൊണ്ട് മാത്രമേ ജീവിക്കാനാവൂ .

അതിൽ അവൻ ജീവിതമെന്ന ദുർഗ്രഹതയെ ചേർത്തുനിർത്തുന്നു. അവൻ തന്നെയാണ് ആ ജീവിതം. അവൻ ചിന്തിക്കുന്നതിലൂടെ അവനെ തന്നെയാണ് കണ്ടെത്തുന്നത്. അവനാകട്ടെ ,സത്യത്തെക്കുറിച്ച് ഉത്ക്കണ്ഠപ്പെടുന്നത് ജീവിക്കാൻ വേണ്ടി തന്നെയാണ് .സത്യത്തെ ലഭിച്ചുകഴിഞ്ഞാൽ അവന് പിന്നെ എന്താണ് ജീവിക്കാനുള്ളത്. നിരർത്ഥകതയെ അറിഞ്ഞശേഷം, അതുതന്നെ വിശകലനം ചെയ്തു ഒരർത്ഥം ഉണ്ടാക്കാൻ ഒരുമ്പെടുകയാണ്. സ്വയം നിർമ്മിക്കുന്നതും സ്വയം പിന്തുടരുന്നതുമായ ദുരന്തമായി അസംബന്ധങ്ങളെ ജീവിക്കുന്ന കാലമത്രയും നിലനിർത്തേണ്ടത് അവൻ്റെ ആവശ്യമാണ് .ഈ സിദ്ധാന്തമാണ് കാഫ്ക തൻ്റെ രചനയ്ക്കായി കണ്ടെത്തിയത് .ഒരു വ്യവസ്ഥയിലേക്ക് ,അസംബന്ധങ്ങളെ പരിഭാഷപ്പെടുത്തുകയാണ്
അദ്ദേഹം ചെയ്തത്.

ജീവിതം കലാരൂപങ്ങൾക്ക് മുകളിൽ 

'ദ് കാസിൽ' ഒരു സൈദ്ധാന്തിക, തത്വശാസ്ത്ര എടാകൂടമാണ്. അതിൽ ചെന്നു വീണാൽ നട്ടം തിരിയുകയേയുള്ളു. അതിൻ്റെ  ആത്യന്തികമായ വ്യഥ മിഥ്യയുമായി  ബന്ധപ്പെട്ടതാണ്. മിഥ്യയ്‌ക്കകത്ത് ഒരാൾ സ്വന്തം സമസ്യകളെ പരമാവധി യുക്തികൊണ്ടു വിഘടിപ്പിക്കാനും നിലനിർത്താനുമാണ് അത് ലക്ഷ്യംവയ്ക്കുന്നത്. ജീവിതം ഒരു കഥയല്ല, അതിനു ഫിക്ഷ്ൻ്റെ ഛായ ഉണ്ടെങ്കിലും. ജീവിതത്തെ ഭാവനയ്ക്കോ രചനയ്ക്കോ  പൂർണമായി പിടിച്ചെടുക്കാനാവില്ല;ഒന്നുകിൽ  യാഥാർത്ഥ്യത്തിനപ്പുറമുള്ള ഒരിടത്തേക്ക് സഞ്ചരിക്കാം. അല്ലെങ്കിൽ യാഥാർത്ഥ്യത്തെക്കുറിച്ച് തന്നെ വിവരിക്കാം .ജീവിതം ഒരു കലാരൂപത്തിനും താഴെയല്ല; മുകളിലാണ് .അതുകൊണ്ട് ക്രൂരതയുടെ നാടകവേദിയുടെ ഉപജ്ഞാതാവായ ഫ്രഞ്ച് നാടകകൃത്ത് അഥനൊ അർത്തോ (Antonin Arthaud)ജീവിതം എല്ലാ  കഥകൾക്കും കടങ്കഥകൾക്കും ദൈവികതയ്ക്കും സറിയലിസത്തിനും വളരെ മുകളിലാണെന്ന് പറഞ്ഞു .അർത്തൊ ഇങ്ങനെ എഴുതി :"ആകെ വേണ്ടത് ജീവിതത്തെ വ്യാഖ്യാനിക്കാനുള്ള സിദ്ധിയാണ്. വാൻഗോഗിനു മാത്രമാണ് കലയിൽ ആ സിദ്ധിയുണ്ടായിരുന്നത്. വാൻഗോഗിനു മുമ്പ് ആർക്കും ആ കഴിവില്ലായിരുന്നു. അതിനുശേഷം വന്നവർക്കും ആ കഴിവില്ല.അതിൻ്റെയർത്ഥം, കലാവസ്തുവിൽ നിന്ന് മിത്തിൻ്റെ അംശത്തെ മാറ്റണമെന്നാണ്. പിന്നെ, എന്താണുള്ളത് ?വസ്തുവിനെ കലാകാരൻ തൻ്റെയുള്ളിലേക്ക് കൊണ്ടുവരികയാണ്. അതിനെ അടുത്തുനിന്ന് കാണുകയാണ്. ആ കാഴ്ചയിൽ യാഥാർത്ഥ്യം കൂടുതൽ പ്രകാശിക്കുന്നു. എന്തിനു ? അല്ലെങ്കിൽ ,യാഥാർത്ഥ്യം അയാൾക്ക് പ്രയോജനരഹിതമാകും .എല്ലാവരുടെയും മിഥ്യയെ അയാളും അനുകരിക്കേണ്ടിവരും. കലാകാരനു തൻ്റെ യഥാർത്ഥ്യത്തെയല്ല , അതിൽനിന്ന് സൃഷ്ടിക്കുന്ന സൂക്ഷ്മ യാഥാർത്ഥ്യത്തെയാണ്  ആസ്വദിക്കാനാവുക .അവൻ്റെ  പ്രവൃത്തിയിലാണ് ആസ്വാദനമുള്ളത് ". 
ഈ വ്യാഖ്യാനകല മനുഷ്യനു ആകെയുള്ള നേട്ടമാണ്. സഭാപ്രസംഗകൻ പറയുന്നു: " അതുകൊണ്ട് മനുഷ്യൻ തൻ്റെ പ്രവൃത്തി ആസ്വദിക്കുന്നതിനേക്കാൾ മെച്ചമായി ഒന്നുമില്ലെന്നും  അതുതന്നെയാണ് അവൻ്റ ഗതിയെന്നും  ഞാൻ മനസ്സിലാക്കി "(3-22).കലാകാരൻ്റെ മുന്നിൽ ആ ഒരു നിമിഷമേയുള്ളു .പഴയതോ പുതിയതോ അവൻ തേടിപ്പോകുമ്പോൾ നഷ്ടപ്പെടുന്നത് ആ നിമിഷമായിരിക്കും. പഴയതിനെ വർത്തമാനകാലമാക്കേണ്ടതുണ്ട്. തൻ്റെ  പ്രവൃത്തി ആസ്വദിക്കുന്ന ഒരു കലാകാരനെ കാണാൻ വിഷമമാണ്. കാരണം, അവൻ ജീവിതത്തിലെ വരാനിരിക്കുന്ന മിഥ്യയെക്കുറിച്ച് അറിവ് നേടിയിട്ടുണ്ടാവില്ല. തനിക്ക് മുന്നിലുള്ള ജീവിതത്തെ പുതുതായി നിർമ്മിക്കേണ്ടതുണ്ട്. കലാകാരൻ അങ്ങനെ ചെയ്തില്ലെങ്കിൽ അവൻ്റെ  വാക്കുകൾ ആരും കേൾക്കുകയില്ല .

"അത് മിഥ്യയിൽ ജനിച്ച് അന്ധകാരത്തിലേക്ക് പോകുന്നു; അതിൻ്റെ നാമം അവിടെ തിരോഭവിക്കുന്നു "(6 -4)എന്താണ് ജീവിതമെന്ന് നമുക്കറിയില്ല; അത് അറിയാത്തതുകൊണ്ട് കാണുന്നതിൻ്റെ  അർത്ഥത്തെ വ്യാഖ്യാനിക്കേണ്ടി വരുന്നു. ഓരോ വ്യാഖ്യാനവും ഓരോ  ജീവിതമാണ് ."ജീവിതകാലം മുഴുവൻ അവർ ഭ്രാന്തുകൊണ്ട് നിറഞ്ഞിരിക്കുന്നു"(9-3)എന്ന് പറയുന്നത് വാൻഗോഗിൻ്റെ കലയിൽ നാം കാണുന്നു. ആകാശത്തിലെ നക്ഷത്രങ്ങളെ ഇലാസ്തികമാക്കുന്നത് വഴി അദ്ദേഹം അതിനെയും ജൈവമാക്കിയിരിക്കുന്നു. നക്ഷത്രങ്ങൾ അലട്ടലിൻ്റെയും അലച്ചിലിൻ്റെയും  സംഘർഷമനുഭവിക്കുകയാണ്. നക്ഷത്രങ്ങൾ ആകാശത്ത് സ്വസ്ഥത നഷ്ടപ്പെട്ടവരായി കാണപ്പെടുന്നു. 
പ്രകാശത്തിനു ഭ്രാന്ത് എന്ന് വിളിക്കാവുന്ന വിധത്തിൽ ആ ചലനങ്ങൾ മാറുകയാണ് .ഏതോ മിഥ്യയിൽപ്പെട്ട് നട്ടം തിരിയുന്ന  മനുഷ്യരെ ആശ്വസിപ്പിക്കാനായി  നക്ഷത്രങ്ങൾ ഉറ്റുനോക്കുകയാണ്. നക്ഷത്രങ്ങൾക്കും ഈ ഭൂമിയിലെ ജീവിതം മിഥ്യയാണെന്നറിയാം എന്നു സാരം. ഭ്രാന്തിനെ കലാപരമായ ജീവിതത്തിൻ്റെ പ്രതീതിയായി വാൻഗോഗ് ചിത്രകലയിൽ പരീക്ഷിച്ചു. എന്തിന് ഈ ഭ്രാന്തിൽ നിന്ന് രക്ഷപ്പെടണം?

ജീവിതം ,തിന്മ, ക്രൂരത

വസ്തുക്കളെ അന്യാദൃശവും ഭീകരവും ജ്ഞാനകേന്ദ്രീകൃതവുമായി നോക്കുന്നതിനു ബൗദ്ധികമായ ഒരു സ്ഥാനചലനം ആവശ്യമാണ്. ആ നോട്ടം നോക്കുന്നവൻ്റെ അസ്തിത്വത്തെ നിർണയിക്കുകയാണ്, മുൻപൊരിക്കലും ഉണ്ടായിട്ടില്ലാത്ത വിധം. അർത്തോ എഴുതി:
"നന്മ എന്ന് പറയുന്നത് ബാഹ്യമായി കാണുന്നതാണ്; ആന്തരികമായ മുഖം തിന്മയുടേതാണ് ".മനുഷ്യഹൃദയം തിന്മകൊണ്ട് നിറഞ്ഞിരിക്കുന്നുവെന്ന സഭാപ്രസംഗകൻ്റെ ഭാഷതന്നെയാണിത്. 
അർത്തോയെ ഈ ബൈബിൾ കൃതി ആഴത്തിൽ സ്വാധീനിച്ചിട്ടുണ്ടെന്നതിനു  ഇതുമാത്രമല്ല തെളിവ് .അദ്ദേഹം ക്രൂരതയുടെ നാടകവേദിയാണ് അന്വേഷിച്ചത് .മനുഷ്യജീവിതം തിന്മ മാത്രമല്ല ക്രൂരവുമാണെന്ന് അർത്തോ തൻ്റെ നാടകങ്ങളിലൂടെ വിളിച്ചുപറഞ്ഞു. ലോകത്തിൻ്റെ ക്രൂരത പ്രേക്ഷകർ അറിയണമെന്ന് വ്യക്തമാക്കുന്നത് അതുകൊണ്ടാണ്. തിന്മയും ക്രൂരതയും മനസ്സിൽ വച്ചുകൊണ്ട് നടക്കുന്ന മനുഷ്യരെ അതിന് അഭിമുഖമാക്കിനിർത്താനാണ് അദ്ദേഹം ശ്രമിച്ചത്. മനുഷ്യൻ തിന്മകൊണ്ട് നിറയപ്പെട്ടിരിക്കുന്നതിനാൽ സൗന്ദര്യം എങ്ങനെ സൃഷ്ടിക്കും ,ആവിഷ്ക്കരിക്കും? നാടകം ഒരു വിശ്വസനീയമായ അനുഭവമായി ആളുകൾ ഒരിക്കലും കാണുന്നില്ലെന്ന പക്ഷക്കാരനാണ് അർത്തോ .മനുഷ്യൻ ജീവിതത്തെ തന്നെ തിന്മയിലും ക്രൂരതയിലും മുക്കിവച്ചിരിക്കുന്നതിനാൽ അവൻ്റെ പ്രവൃത്തികൾ മിഥ്യയുടെ തരംഗമാവുകയുള്ളൂ.

"lt must give the impression that it is as unprecedented,as incapable of repeating itself as any action in life ". ജീവിതത്തെ അതിൻ്റെ ആന്തരികതയിൽ ,ക്രൂരമായി സമീപിക്കാനാണ് നാടകം എന്ന  രംഗവേദി തിരഞ്ഞെടുത്തത്. ജീവിതമല്ല സ്റ്റേജ് ,എന്നാൽ ജീവിതവുമായി അതിനു ബന്ധമുണ്ട്. തീയേറ്റർ ഒരു യഥാർത്ഥ രംഗവേദിയല്ല ;അത് നാടകകൃത്ത് മനുഷ്യമനസ്സിൽ നിന്ന് സൃഷ്ടിച്ചെടുക്കുന്ന മാനുഷികവും അല്ലാത്തതുമായ ജൈവചോദനകളുടെ ഉറവിടങ്ങളിലേക്കുള്ള യാത്രയാണ്.

"നാടകം ഒരു കച്ചവടമല്ല,അത് ചില വലിയ മനുഷ്യമനസ്സുകൾ സകലതും  ബലികഴിക്കുന്നതിൻ്റെ ഫലമാണ് "എന്ന്  അർത്തോ പറയുന്നത് തൻ്റെയുള്ളിലെ  ജ്വാലയുടെ പശ്ചാത്തലത്തിലാണ് .എന്തിനാണ് ഇങ്ങനെ സ്വയം ബലിയർപ്പിച്ചു  നാടകമൊരുക്കുന്നത് ?എന്താണോ  തന്നെ ചുറ്റിവരിഞ്ഞിരിക്കുന്ന അപകടകരമായ മിഥ്യ ,അത്  ലോകത്തിനുമുന്നിൽ കാണിച്ചുകൊടുക്കാൻ തന്നെ. നാടകം ഒരു കണ്ടുപിടുത്തമാണ്. മനുഷ്യൻ അഭിമുഖീകരിക്കുന്ന ക്രൂരതയുടെ അന്തർമണ്ഡലത്തെ അനാവരണം ചെയ്യുമ്പോൾ അതിനു മുമ്പൊരിക്കലും ഉണ്ടാകാത്ത ചലനങ്ങൾ ആവശ്യമാണ്.ജീവിതത്തെക്കുറിച്ചുള്ള സ്വപ്നങ്ങളും മിഥ്യകളും അതിൽ വിഭ്രാമകമായി രംഗപ്രവേശം ചെയ്യുകയാണ് .യഥാർത്ഥ്യത്തെ  അതിനിടയിൽ ചെന്ന് വിശകലനം ചെയ്ത് മനുഷ്യമനസ്സിൽ കുഴിച്ചിട്ടിരിക്കുന്ന ചലനവേഗങ്ങൾ കണ്ടെടുക്കണം. ആന്തരികതയിൽ വ്യാപിച്ച തിന്മയെ ബോധതലത്തിൽ ഒരാൾ ഉൾക്കൊള്ളണമെന്നില്ല. എല്ലാവരും സുന്ദരികളും സുന്ദരന്മാരുമായി സ്വയം കാണുന്നത് ആഴം കുറഞ്ഞ ലോകത്തെയാണ് നിർമ്മിക്കുന്നത്. വികാരങ്ങളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന പുറംലോകം ഒരു നുണയാണ്. അർത്തോ എഴുതി "അദൃശ്യത സൃഷ്ടിക്കുന്ന ഭീഷണികളിൽ നമ്മൾ വിശ്വസിക്കുന്നു .നമ്മൾ പോരാടുന്നതും  ആ അദൃശ്യതയ്ക്കെതിരെയാണ്. ചില രഹസ്യങ്ങൾ പുറത്തു കൊണ്ടുവരാനാണ് നമ്മൾ ശ്രമിക്കുന്നത് ".ആരും വിശ്വസിക്കാത്ത, നാടകം എന്ന നുണയെ പുറത്തുകൊണ്ടുവരാൻ വേണ്ടി ആഗ്രഹങ്ങളും സ്വപ്നങ്ങളും മിഥ്യകളും വരുന്നു. ജീവിതത്തിൻ്റെ മിഥ്യ അദൃശ്യതകളിലാണെന്ന കാഴ്ചപ്പാടിന് വലിയ അർത്ഥമുണ്ട്. യാഥാർത്ഥ്യത്തെ അതേപടി പിന്തുടരുന്നവർ മനസ്സിലാക്കാത്ത മിഥ്യയാണത്.
അത് മറ്റെവിടെയുമല്ല ഉള്ളത് ; അവരിൽ തന്നെയാണ്. "ബോധത്തിൻ്റെ ഇരുണ്ട ഇടങ്ങൾ കാണിച്ചുകൊടുക്കുകയാണ് ലക്ഷ്യം.  അത് ഭീമമായ പരാജയമാണ്. നമ്മൾ നമ്മെ തന്നെ നശിപ്പിച്ചുകൊണ്ട് തുറന്നു കാണിച്ചുകൊണ്ട് ,പരാജയവും പരിഹാസ്യതയും ഏറ്റുവാങ്ങുന്നു ".

മരിക്കാത്ത ആഗ്രഹങ്ങൾ 

മനുഷ്യനിൽ അന്തർവഹിക്കുന്ന ശൂന്യത പ്രകൃതിയിൽ എവിടെയുമുള്ളതല്ലെന്നാണ് അർത്തോ പറയുന്നത് .ബാഹ്യലോകത്തെ  ശൂന്യത മനുഷ്യമനസ്സിന് ആവാഹിക്കാൻ കഴിയണമെന്നില്ല . എന്നാൽ മനുഷ്യനിൽ തന്നെയുണ്ടാകുന്ന ശൂന്യതയെ അവൻ  നേർക്കുനേർ കാണുന്നത് വിരളമാണ്. 
"പ്രേക്ഷകരുടെയുള്ളിൽ മനുഷ്യമാംസം ഭക്ഷിക്കാനുള്ള ആഗ്രഹം പോലുമുണ്ട്. അതവരെ ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യം. കുറ്റവാസന, ലൈംഗിക വാസന ,കിരാതവാസന ,ഭ്രമചിന്തകൾ -ഇതെല്ലാം ആന്തരികമായി അതിനൊപ്പം നിലനിൽക്കുന്നു". മനുഷ്യൻ്റെ അന്തരംഗം നിറയെ തിന്മയും ക്രൂരതയുമാണെന്ന വാദത്തെ ശരിവയ്ക്കുന്നതാണ് ഈ പ്രസ്താവം . സഭാപ്രസംഗകൻ അത് നേരത്തെ പറഞ്ഞു. മനുഷ്യൻ തിന്മയിൽ തന്നെയാണ് കഴിയുന്നത് .അത് പക്ഷേ, അവനു അറിയുകയുമില്ല. മനുഷ്യരെ കൊന്നു തിന്നാനുള്ള ആഗ്രഹംപോലും അവനിൽ ഇപ്പോഴും പ്രവർത്തിക്കുന്നുവെന്ന അറിവ്, ഈ വിഷയത്തിൽ അർത്തോ എത്ര  ആഴത്തിൽ പഠനം നടത്തിയെന്നതിന് തെളിവാണ് .ലൈംഗികവും പരപീഢ നിറഞ്ഞതുമായ ആഗ്രഹങ്ങൾ ഒരിക്കലും മരിക്കുന്നില്ല .എന്നാൽ ഒരു സിവിൽ സമൂഹത്തിൽ അതെല്ലാം ആളുകൾ ഒളിപ്പിക്കുകയാണ് ചെയ്യുന്നത്. അവസരം കിട്ടുമ്പോൾ അത് പുറത്തുവരികയും ചെയ്യും. ഇത് ഒരു പൊതുവേദിയിൽ അവതരിപ്പിച്ചാൽ ആളുകൾ വിശ്വസിക്കണമെന്നില്ല. എന്നാണ് അത് അവതരിപ്പിക്കാത്തിടത്തോളം ജീവിതത്തോട് തനിക്ക് സത്യസന്ധനാ കാനാവില്ലെന്നാണ് അദ്ദേഹം വിചാരിക്കുന്നത്. ജീവിതകാലത്തിൻ്റെ നല്ലൊരു പങ്കും മാനസികരോഗാശുപത്രിയിൽ കഴിഞ്ഞയാളായിരുന്നല്ലോ അർത്തോ .അദ്ദേഹം സുഖപ്പെട്ടു എന്ന് തോന്നുന്ന ഘട്ടത്തിൽ തിരിച്ചുപോന്നാൽ തന്നെ അധികം താമസിയാതെ ആശുപത്രിയിലെത്തിച്ചേരുകയാണ്  പതിവ് .തൻ്റെ മാനസികരോഗം ഈ ലോകജീവിതത്തിൻ്റെ അടിത്തട്ട് കാണാനുള്ള ഒരു സൂക്ഷ്മദർശിനിയായിട്ടാണ് അർത്തോ ഉപയോഗിച്ചത്. 

"ഒരു വസ്തുവിനെ നോക്കേണ്ടത് അതിൻ്റെ വ്യവസ്ഥാപിതമായ പരിസരത്ത് വച്ചല്ല; അത് എവിടെയാണോ അപ്രത്യക്ഷമാകാൻ പോകുന്നത് അവിടെ വച്ചാണ് " -ഒരു കലാകാരൻ്റെ ,ചിന്തകൻ്റെ  വസ്തുബോധത്തെ വളരെ ആഴത്തിൽ തന്നെ അർത്തോ പരിശോധിക്കുന്നുണ്ട്. എങ്ങനെയാണ് വസ്തു അപ്രത്യക്ഷമാകുന്ന ഇടം കണ്ടെത്തുന്നത്? വസ്തുക്കൾ  എങ്ങനെയാണ് അപ്രത്യക്ഷമാകുന്നത്? യാഥാർത്ഥ്യം അതിൻ്റെ ബാഹ്യമായ കാഴ്ചയിൽ ഒരു അപ്രത്യക്ഷതയെ ഓർമ്മിപ്പിക്കുന്നു. അതിൻ്റെ കാണിക്ക് അദൃശ്യമായ ഒരു കോൺ ഉണ്ടാവും .ഏതൊരു വസ്തുവും രഹസ്യമാണ് ,കൃത്രിമമാണ്. അതിനെ അനാവരണം ചെയ്യാൻ ബാഹ്യവസ്തുവിനെ ഇല്ലാതാക്കേണ്ടതുണ്ട് .ഒരു മനുഷ്യനെ നോക്കുമ്പോൾ അവൻ്റെ മരണവും കാണേണ്ടതുണ്ട് ;കൂരതയുടെ ബോധത്തിൽ അതും ഉൾച്ചേർന്നിട്ടുണ്ട്. 
മനുഷ്യൻ അവൻ്റെ മരണവുമാണല്ലോ. മരണത്തിലൂടെ മാത്രമാണല്ലോ ഈ കാണുന്ന ജനസഞ്ചയമെല്ലാം അവരുടെ അസ്തിത്വത്തെ പൂർത്തീകരിച്ചത്.  അതുകൊണ്ട് അവൻ അതിവേഗം സഞ്ചരിക്കുമ്പോഴും അപ്രത്യക്ഷതയുടെ ഒരു ഉറവിടം അവൻ്റെ യുള്ളിൽതന്നെയാണ് .നമ്മൾ എന്താണെന്നത് നമ്മുടെ ബോധത്തിൻ്റെ യാഥാർത്ഥ്യമാണ്. എന്നാൽ നമ്മൾ ഒന്നുമല്ല എന്നുള്ളത് ഈ അപ്രത്യക്ഷതയുടെ ഉറവിടത്തിൽ വ്യക്തമാണ്.

"ധൂളി അതിൻ്റെ ഉറവിടമായ  മണ്ണിലേക്ക് മടങ്ങും "(12-7)എന്നു സഭാപ്രസംഗകൻ പറയുന്നത് അർത്തോ അപ്രത്യക്ഷതയുടെ  ഇടവുമായി ബന്ധിപ്പിക്കാവുന്നതാണ്.
"മനുഷ്യനു മൃഗത്തേക്കാൾ യാതൊരു മേന്മയുമില്ല .എല്ലാം മിഥ്യയാണ്. എല്ലാം  ഒരിടത്തേക്ക് പോകുന്നു. എല്ലാം പൊടിയിൽനിന്നുണ്ടായി ,എല്ലാം പൊടിയിലേക്ക് മടങ്ങുന്നു "(3-20). സഭാപ്രസംഗകൻ യാഥാർത്ഥ്യത്തെയല്ല, അതിൻ്റെയടിയിലുള്ള അപ്രത്യക്ഷകളെ തുറന്നു കാണിച്ചിരിക്കുന്നു .ഓരോന്നും അതിൻ്റെ തന്നെ ശൂന്യതയും റദ്ദാകലും  അപ്രത്യക്ഷതയും പിന്തിരിയലും മൗനവുമാണ് .

നിരാസവും വെറുപ്പും 

വളരുമ്പോൾ തന്നെ അതിൽ നിശ്ചലതയും ഇരുട്ടും വ്യാപിച്ചിരിക്കുന്നു. അതുകൊണ്ട്  കാഴ്ചയുടെ സമഗ്രതയ്ക്കുവേണ്ടി, അതിൻ്റെ ആത്യന്തികവും അദൃശ്യവുമായ ഉറവിടങ്ങളെക്കൂടി  കാണേണ്ടതുണ്ട്. To live life by denying life 
എന്ന് അർത്തോ പറയുന്നത് മിഥ്യയെക്കുറിച്ചും ശൂന്യതയെക്കുറിച്ചു മുള്ള ഒരു ഭ്രാന്തൻ കാഴ്ചയായി  മാറുകയാണ് .ജീവിതത്തെ നിഷേധിക്കുമ്പോഴാണ് അതിൻ്റെ പിടികിട്ടാത്ത സ്വഭാവം പ്രകടമാകുന്നത്. 
കാരണം ,നാം നമ്മെത്തന്നെ പൂർണമായി അംഗീകരിക്കുന്നില്ലല്ലോ .നമ്മൾ പലതും അമർത്തുകയും ഒളിക്കുകയും ചെയ്യുന്നു; നമ്മെത്തന്നെ ചതിക്കുന്നു. നമുക്ക് പോലും വേണ്ടാത്ത വസ്തുവാണ്, ചില നേരങ്ങളിൽ നമ്മൾ. നമ്മളിൽ തന്നെ നമ്മുടെ നിരാസവും വെറുപ്പും നിന്ദയും കുഴിച്ചിട്ടിരിക്കുന്നു. അതുകൊണ്ട് ഒരുവന് സ്വയം  തള്ളിക്കളയേണ്ടിവരുന്നു .അവൻ ഒരിക്കലും ഏകതാനമായി പെരുമാറുന്നില്ല .അവന് സ്വത്വമില്ല. 
അവൻ്റെ ഇഷ്ടങ്ങൾപോലും അവനു  രസിക്കില്ല. രസമുണ്ടെങ്കിൽ തന്നെ അവൻ അത് സന്ദർഭത്തിനൊത്ത് തളളിക്കളയുകയും ചെയ്യും. അവൻ്റെ പ്രേമങ്ങൾ അവൻ്റെ നിരാകരണവുമാണ് .അവന് സ്വയം പീഡിപ്പിച്ചകൊണ്ട് മാത്രമേ പ്രേമിക്കാനാവൂ. അവൻ്റെ യഥാർത്ഥ ഇഷ്ടം അവനു പോലും അറിയില്ലല്ലോ ;അവനു  യഥാർത്ഥ ഇഷ്ടം തന്നെ ഉണ്ടാകണമെന്നില്ല. അത് അവൻ തെറ്റിദ്ധരിച്ചതാകാം. അതുകൊണ്ട് അവൻ ഇഷ്ടപ്പെട്ടതെല്ലാം പെട്ടെന്ന് തകർന്നു വീഴുകയും ചെയ്യും. അവന് മനസ്സിലാക്കാനാവാത്ത ഇഷ്ടങ്ങളെ അവൻ എങ്ങനെ ദീർഘകാലം കൊണ്ടുനടക്കും? അതുകൊണ്ട് ഇഷ്ടത്തോടൊപ്പം അവൻ വെറുപ്പും കൊണ്ടുനടക്കുന്നു. വെറുപ്പും  ഇഷ്ടവും മാറിക്കൊണ്ടിരിക്കുകയാണ്.

ഇതിനിടയിലെ സംഘർഷത്തിൽ നിന്ന് രക്ഷനേടാൻ ഏതെങ്കിലും ഒന്നിനെ അവൻ താത്കാലികമായി ഇഷ്ടപ്പെട്ടേക്കാം .നമ്മെ തന്നെ നിരാകരിക്കാൻ ആഗ്രഹിക്കുമ്പോൾ മറ്റൊന്നിനെ സ്നേഹിക്കാനാകുമോ ? അതുകൊണ്ട് സ്നേഹിക്കുന്നു എന്ന് പറയുന്നത് ഒരു പ്രത്യേക സ്വഭാവമുള്ള വെറുപ്പാണ്. ഇതെല്ലാം കാലത്തിൻ്റെ  പരിഗണനകളായി കാണാവുന്നതാണ്. സഭാപ്രസംഗകൻ പറയുന്നു: "എല്ലാറ്റിനും ഒരു സമയമുണ്ട്. ആകാശത്തിനു കീഴിലുള്ള സമസ്ത കാര്യത്തിനും ഒരവസരമുണ്ട്. ജനിക്കാൻ ഒരു കാലം, മരിക്കാനൊരു കാലം ,നാടാനൊരു കാലം ,നട്ടത് പറിക്കാനൊരു കാലം .കൊല്ലാൻ ഒരു കാലം ,സൗഖ്യമാക്കാൻ ഒരു കാലം , തകർക്കാൻ ഒരു കാലം ,കരയാൻ ഒരു  കാലം ,ചിരിക്കാൻ ഒരു കാലം , വിലപിക്കാൻ ഒരു കാലം ,നൃത്തം ചെയ്യാൻ ഒരു കാലം .കല്ലുപെറുക്കി കളയാൻ ഒരു കാലം ,കല്ലുപെറുക്കി കൂട്ടാനൊരു കാലം, ആലിംഗനം ചെയ്യാൻ ഒരു കാലം ,ആലിംഗനം  ചെയ്യാതിരിക്കാൻ ഒരു കാലം .സമ്പാദിക്കാൻ ഒരു കാലം, നഷ്ടപ്പെടുത്താൻ ഒരു കാലം, സൂക്ഷിച്ചുവയ്ക്കാൻ ഒരു കാലം , എറിഞ്ഞുകളയാൻ ഒരു കാലം, കീറാൻ ഒരു കാലം ,തുന്നാൻ ഒരു കാലം, മൗനം പാലിക്കാൻ ഒരു കാലം , സംസാരിക്കാൻ ഒരു കാലം , സ്നേഹിക്കാൻ ഒരു കാലം, ദ്വേഷിക്കാൻ ഒരു കാലം ,യുദ്ധത്തിന് ഒരു കാലം ,സമാധാനത്തിനു ഒരു കാലം" (3-3-8) .ഇതെല്ലാം ചേർന്നതാണ് മനുഷ്യൻ. അവൻ്റെ കാലങ്ങൾ അവനുപോലും അപഗ്രഥിക്കാനാവുന്നതല്ല .അവൻ കാലത്തിൻ്റെ നിഗൂഢതയിൽ ഒരു കളിപ്പാട്ടം പോലെ ഉപയോഗിക്കപ്പെടുകയാണ്. ലോകാവസ്ഥ അറിയാതെ ഒരു ജീനിയസിന് എഴുതാനൊക്കില്ല. ശാന്തതയിലോ ക്രമപ്പെടുത്തലിലോ വ്യവസ്ഥാപിതത്വത്തിലോ സാഹിത്യമില്ല. പുതിയതായി സൃഷ്ടിക്കുന്നതെന്തും  ക്രമപ്പെടുത്തലിനു എതിരാണ്. 

അപ്രവചനീയമായ കാലം 

ഫ്രഞ്ച് നോവലിസ്റ്റും ചിന്തകനുമായ ആൽബേർ കമ്യു പറഞ്ഞു: " ലോകത്തിൻ്റെ സൗമ്യമായ അനാസ്ഥയിലേക്ക് ഞാൻ എന്നെത്തന്നെ തുറന്നു പിടിച്ചിരിക്കുന്നു".'സിസിഫസ് പുരാണം' എഴുതിയ കമ്യുവിനു പ്രധാനം അലങ്കോലവും അനാസ്ഥയുമായിരുന്നു. ലോകം സ്വാഭാവികതയിൽ അങ്ങനെയാണ്. മനുഷ്യനോ മറ്റേതെങ്കിലും ജീവികളോ  വിചാരിക്കുന്നതുപോലെ ഒന്നുംതന്നെ സംഭവിക്കുന്നില്ല. എല്ലാ യുക്തിക്കും ശാസ്ത്രത്തിനും അപ്പുറം  അപ്രവചനീയമായ കാലം നിൽക്കുന്നു. ശാസ്ത്രയുക്തിയുടെ അരികിൽ നിന്ന് അപ്രവചനീയതയും മിഥ്യയും  ആരംഭിക്കുകയാണ് .ഒരു വിമാനം ശാസ്ത്രയുക്തിയാണ്. എന്നാൽ അത് ആകാശത്ത് വച്ച് കേടാകുമ്പോൾ മിഥ്യയാരംഭിക്കുന്നു. എല്ലാത്തിൻ്റെയും അസംബന്ധത്തെ ആദ്യമേ തിരിച്ചറിയണമെന്ന് കമ്യു എഴുതുന്നതു അതുകൊണ്ടാണ്. ഒരു സംഭവത്തിൻ്റെ എപ്പോഴും നിലനിൽക്കുന്നതും വ്യാഖ്യാനങ്ങൾക്ക് അപ്പുറമുള്ളതും മറുപുറവുമായ  അസംബന്ധമാണത്.
അതിനെക്കുറിച്ചുള്ള അറിവാണ് ഒരാളുടെ അസ്തിത്വം .ഈ അസംബന്ധം ഒരാളുടെ നിസ്സാരതയും ലഘുത്വവുമാണ്. ഭൂമിയിലെ ജീവിതത്തെക്കുറിച്ച് കിട്ടാവുന്നതിൽ ഏറ്റവും സത്യസന്ധമായ പ്രസ്താവനയാണത്. ഓർമ്മകളോ ,മനസ്സുകളോ പ്രകൃതിയിൽ ശേഷിക്കുകയല്ല , അപ്രത്യക്ഷമാകുകയാണല്ലോ ചെയ്യുന്നത്‌.

ജീവിച്ചിരിക്കുന്ന വേളയിൽ മാത്രം പ്രവർത്തിക്കുന്ന ഈ സങ്കേതങ്ങൾ  യഥാർത്ഥമാണെന്ന് എങ്ങനെ പറയും ?"അസംബന്ധമാണെന്ന് കരുതി അതിൽ തന്നെ എല്ലാം  അവസാനിപ്പിക്കരുത്. അതിനെതിരായി  പോരാടണമെന്ന് കമ്യു പറയുന്നത് ഈ മിഥ്യയെ എങ്ങനെ  മറികടക്കണമെന്ന പദ്ധതിയുടെ ഭാഗമാണ് ."ജീവിതകാലം മുഴുവൻ ആനന്ദിക്കുകയും ആസ്വദിക്കുകയും ചെയ്യുന്നതിനേക്കാൾ കാര്യമായി മനുഷ്യർക്ക് യാതൊന്നുമില്ലെന്ന് ഞാൻ അറിയുന്നു " എന്ന് സഭാപ്രസംഗകൻ പറയുന്നത് (3-12) ഈ പശ്ചാത്തലത്തിൽ വ്യാഖ്യാനിച്ചു മനസ്സിലാക്കണം. ആനന്ദിക്കുക,ആസ്വദിക്കുക എന്നു  പറയുന്നതിലൂടെ സഭാപ്രസംഗകൻ  ലക്ഷ്യമാക്കുന്നത് അർത്ഥനിർമ്മിതിയാണ്. ദൈവത്തെക്കുറിച്ചോ, പൊരുളിനെക്കുറിച്ചോ യാതൊന്നും അറിയാൻ നിവൃത്തിയില്ലാത്തതുകൊണ്ട് സ്വന്തം അസംബന്ധത്തിൽ നിന്ന്  രക്ഷപ്പെടാനുള്ള ഉപാധിയായാണ് ഇത് ചൂണ്ടികാണിക്കുന്നത്. ആ പോരാട്ടം ഒരർത്ഥമുണ്ടാക്കാതിരിക്കില്ല എന്ന് കമ്യു പറയുന്നത് ഈ അർത്ഥത്തിലാണ്. ആനന്ദവും ആസ്വാദനവുമാണ് ജീവിതത്തിലെ ആകെയുള്ള മൂല്യങ്ങൾ. കാരണം ,മറുവശത്ത് പൊരുളുകൾ അജ്ഞാതമായി തുടരുകയാണ്. അതുകൊണ്ട് ജീവിക്കണമെങ്കിൽ ആനന്ദത്തിലേക്കും ആസ്വാദനത്തിലേക്കും തിരിയേണ്ടതുണ്ട്. 

ആൽബേർ കമ്യു Revolt എന്ന വാക്കിലൂടെ ഉദ്ദേശിക്കുന്നതും ഇതിനു സമാനമാണ്. നമ്മുടെ ഓർമ്മകൾ നിലനിൽക്കുന്നത് ഇതിൻ്റ ബലത്തിലാണ്. കമ്യു എഴുതുന്നു:
"നഷ്ടപ്പെട്ട വീടിനെക്കുറിച്ചുള്ള ,വാഗ്ദത്ത ഭൂമിയെക്കുറിച്ചുള്ള ഓർമ്മകൾ നമുക്കില്ലാതാവുകയാണെങ്കിൽ ,അതിന് പരിഹാരമില്ല".നമ്മുടെ അന്യവൽക്കരണം  പൂർത്തിയാകുമെന്നാണ് വിവക്ഷ. ആകെയുള്ള ബന്ധം ഇതാണല്ലോ .നമ്മെ ഇവിടെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത് നമ്മുടേതെന്ന് പറയാവുന്ന എന്തെങ്കിലുമുണ്ടെന്ന ചിന്തയാണ്. അത് നഷ്ടപ്പെടുകയാണെങ്കിലോ  പിന്നീട് നിരാശയും ആത്മഹത്യയുമായിരിക്കും ഫലം .എല്ലാ പരിശ്രമവും പരിശുദ്ധമാണോ ?ഈ ലോകം നന്നായി നിലനിൽക്കണമെന്നോ ലോകത്ത് എല്ലാവർക്കും നല്ലതു വരണമെന്നോ  എല്ലാവരും വിചാരിക്കുന്നുണ്ടോ ? അങ്ങനെയുള്ള പ്രവർത്തനങ്ങൾ ഉണ്ടോ?"എല്ലാ സൗന്ദര്യത്തിൻ്റെയും  ഹൃദയത്തിൽ മനുഷ്യത്വമില്ലാത്ത എന്തോ ഉണ്ട്" എന്ന് കമ്യു എഴുതുന്നത് സംസ്കൃതിയുടെ ആന്തരികമായ ശൂന്യതയിലാണ് നമ്മെ എത്തിക്കുന്നത്."എല്ലാ അധ്വാനവും എല്ലാ വൈദഗ്ദ്ധ്യവും മനുഷ്യരുടെ പരസ്പര സ്പർദ്ധയുടെ ഫലമാണെന്ന് ഞാൻ ഗ്രഹിച്ചു " എന്ന് സഭാപ്രസംഗകൻ (4-4) ആണയിടുന്നുണ്ട്. സംസ്കാരത്തിന് പവിത്രതയില്ലെന്നാണ് അത് സൂചിപ്പിക്കുന്നത്. മിഥ്യയുടെ മറ്റൊരു തലമാണിത്. ആർക്കോവേണ്ടി അധ്വാനിക്കുന്നവരുണ്ട്. അവർ അദ്ധ്വാനിക്കുകയും സമ്പത്ത് കുന്നുകൂട്ടുകയും ചെയ്യുന്നു. എന്നിട്ട് അതിനായി തങ്ങൾ ചെയ്ത ക്രൂരതകൾ ആ സമ്പത്തിനോടൊപ്പം  ഉപേക്ഷിച്ച ശേഷം ലോകം വിട്ടു പോകുന്നു .ഇതും മിഥ്യ തന്നെ .
സൗന്ദര്യം നൂറടി മുകളിൽ 

സൗന്ദര്യത്തിൽ മനുഷ്യത്വമില്ലാത്ത എന്തോ ഉണ്ടെന്ന കമ്യുവിൻ്റെ വീക്ഷണം സാഹിത്യ, കലാപ്രവർത്തനത്തിൽ പോലും വ്യക്തികൾ വിചിത്രവും ദുരൂഹവുമായി  ഇടപെട്ടിരിക്കുന്നു എന്നാണ് വ്യക്തമാക്കുന്നത്. സൗന്ദര്യം ഈ ലോകത്തിൻ്റേതല്ല ;അത് അഭൗമമാണ്. അഭൗമമായതിനോട് മനുഷ്യന് ഹൃദയബന്ധമുണ്ടാകുന്നത്  വിസ്മയകരമാണ്. സൗന്ദര്യം തേടുന്നത് സകലതും   ഉപേക്ഷിച്ചിട്ടായിരിക്കണം .അത്  കുടുംബബന്ധങ്ങളിലോ , സ്വാർത്ഥതയിലോ ,വെട്ടിപ്പിടിത്തത്തി ലോ ദുരയിലോ കാണുകയില്ല. സൗന്ദര്യം ഒരടിയല്ല, നൂറടി മുകളിൽ പറക്കുന്നു. അതിനു വേണ്ടി മനുഷ്യൻ ഉത്സുകനാവുന്നത് അവൻ പിന്നിലുപേക്ഷിക്കുന്ന വ്യർത്ഥതയെക്കുറിച്ച് ഓർത്തിട്ടാണ്.അവൻ ചവിട്ടിനിൽക്കുന്ന മണ്ണ് പാപത്തിൻ്റേതാണെങ്കിൽ ,അവിടെ അവന് സമാധാനം കിട്ടില്ല. ഭൗതികമായ പാരതന്ത്ര്യത്തിൻ്റെയും മാലിന്യത്തിൻ്റെയും ഇടയിൽ നിന്ന് കൂടുതൽ ഉന്നതമായത് നേടാനുള്ള ശക്തി മനുഷ്യനിലുണ്ട്. ഇത് വ്യർത്ഥതയെ മറികടക്കുന്നതാണ്.  എന്നാൽ ആ സൗന്ദര്യമാകട്ടെ മനുഷ്യത്വമില്ലാത്തതാണ്; അത് മനുഷ്യൻ്റേതല്ല. "സൂര്യനു കീഴെ  ദൈവം നിനക്ക് നല്കിയിരിക്കുന്ന വ്യർത്ഥമായ ജീവിതം"(9-9) മനുഷ്യനെ മഥിക്കുന്നു. അവൻ്റെ അദൃശ്യതകൾ മരണത്തിൽ നിന്നല്ല ,ജനത്തിൽനിന്നു തന്നെ ആരംഭിക്കുന്നു .അവൻ മായുന്നവനാണ് ,വിസ്മരിക്കപ്പെടുന്നവനാണ് .അതുകൊണ്ട് അവനിൽ അസ്ഥിരതയെക്കുറിച്ചുള്ള ആകുലത കലാപത്തിനു വഴിതെളിക്കുന്നു. നിഴലിനോടെങ്കിലും അവൻ യുദ്ധം ചെയ്യാതിരിക്കില്ല .അവന് അത്രത്തോളം ജീവിക്കുന്ന ഇടം സംഘർഷാത്മകമാണ്. പ്രകൃതിയിൽ സൗന്ദര്യം ഉണ്ടെങ്കിലും അത് മാനുഷികമല്ല ;അതിനു മനുഷ്യനെ രക്ഷിക്കാനാവില്ല. മനുഷ്യനെ ഉദ്ദേശിച്ചോ ,വൈകാരികമായ ലക്ഷ്യങ്ങളുടെ ഫലമായോ ഉണ്ടാക്കപ്പെട്ടതല്ല ആ സൗന്ദര്യം. അതിനെ ഒന്നിനെയും രക്ഷിക്കാനാവില്ല. പൂക്കൾ വാരിവിതറിയതുപോലെ തോന്നുന്ന ഒരു താഴ്വരയോ ,സ്ഫടിക ജലം ഒഴുകുന്ന നദിയോ നമ്മെ ആകർഷിക്കും . അതെടുത്തു മനസ്സിലേക്ക് പകർത്താൻ തോന്നും. എന്നാൽ അവിടെ നിന്നാൽ  ജീവിതം ഒരു തരത്തിലും സുരക്ഷിതമാകണമെന്നില്ല. 

സോറൻ കീർക്കഗോറിൻ്റെ 'ദ് സിക്നസ് അൺ ടു ഡത്ത്' എന്ന കൃതിയിൽ മനുഷ്യരാശി നിത്യമായ നിരാശയിലാണെന്ന് പറയുന്നുണ്ട്. ദൈവം ഒരു മനുഷ്യനായി എന്തുകൊണ്ട് അവതരിച്ചു എന്നതിനെപ്പറ്റി കീർക്കഗോർ ചിന്തിക്കുന്നുണ്ട്. പ്രത്യേകമായ ചിലത് ചെയ്യാനുണ്ടെന്ന ബോധ്യത്തിൽ നിന്നാണ് ദൈവം ഈ തീരുമാനമെടുത്തത്. ദൈവമായിരിക്കുന്നതിൻ്റെ വിരസത  അവസാനിപ്പിക്കുകയായിരുന്നു ലക്ഷ്യം. 
ഇതൊരു സാഹസികതയല്ല .ഇത് വളരെ ഗൗരവത്തോടെയാണ് ദൈവം കണ്ടത്. അസ്തിത്വത്തിനു വന്നുചേർന്ന പ്രാമുഖ്യമാണിത്. ഓരോരുത്തർക്കും ഇതിനെക്കുറിച്ച് ഒരു അഭിപ്രായമുണ്ടാകുമെന്നാണ് ദൈവം കരുതിയത് .എന്നാൽ ദൈവത്തിലെത്തിച്ചേരുക മനുഷ്യന് സാധ്യമല്ല. വിശ്വാസത്തിലൂടെയാണ്  അതിനായി ശ്രമിക്കുന്നത്.ദൈവം  മനുഷ്യൻ്റെ അസ്തിത്വത്തെ അംഗീകരിക്കുകയാണ് ചെയ്തത്. അല്ലെങ്കിൽ മനുഷ്യനായി നിലകൊള്ളേണ്ട ആവശ്യമില്ലല്ലോ. 
തൻ്റെ പാപത്തിന് അല്ലെങ്കിൽ നിരാശയ്ക്ക് പരിഹാരമുണ്ടാക്കാനാണ്  മനുഷ്യൻ ദൈവത്തെ സൃഷ്ടിച്ചത്. പക്ഷേ, അത് നിത്യമായ നിരാശയാണ് നല്കുന്നത്. ഓരോ വ്യക്തിക്കും ദൈവം വേറിട്ട അനുഭവമേകുന്നതാണ് ആത്മാവിൻ്റെ സമസ്യയാകുന്നത്.
ആത്മാവ് അല്ലെങ്കിൽ self നമ്മുടെ ശരിയായ പ്രതിഫലനമാണോ? നമ്മൾ പലതും സങ്കൽപ്പിക്കുന്നുണ്ടെങ്കിലും  നമുക്ക് നമ്മുടേതായ ഒരാത്മാവുണ്ടോ?
അത് നിമിഷംതോറും പലതായി വേഷം മാറുകയല്ലേ ചെയ്യുന്നത് ?പരസ്പര പൊരുത്തമോ ,യുക്തിയോ ഇല്ലാതെ പെരുമാറുന്ന ആത്മാവ് ദൈവവുമായി എങ്ങനെ സമന്വയിക്കും?
എപ്പോഴെങ്കിലും നമ്മൾ ആത്മാവിൻ്റെ സഹജവും സ്ഥിരവുമായ ഒരനുഭവത്തിന് വിധേയമാക്കുന്നുണ്ടോ ? ഇല്ല. അതുകൊണ്ടാണ് കീർക്കഗോർ ആത്മാവ് ഒരു ഘട്ടത്തിലും പൂർണ്ണമല്ലെന്നു പറയുന്നത് .അത് എന്തോ ആയിത്തീരാനുള്ള പ്രക്രിയയിലാണ്. ആത്മാവ് നിലനിൽക്കുന്നില്ലെന്നാണ് കീർക്കഗോറിൻ്റെ പക്ഷം. അതിനെക്കുറിച്ചുള്ള ചിന്ത മനുഷ്യനു നിരാശയുണ്ടാക്കുന്നു. എല്ലാം അറിയാമെന്ന ധാരണയിൽ അവൻ പാപം ചെയ്യുകയാണ്.പാപിയാകുന്നതിൻ്റെ  കാരണം ആത്മാവ് അവന് അനുഭവപ്പെടാത്തതുകൊണ്ടാണെന്ന് വരുമോ?

അനശ്വരമായ ആ രോഗം 

"ജീവിച്ചിരിക്കുന്നവരേക്കാൾ ഭാഗ്യവാന്മാരാണ് മരിച്ചുപോയവരെന്ന്  ഞാൻ വിചാരിച്ചു "(4-2) എന്നു പറയുന്നത് ഇതിൻ്റെ പശ്ചാത്തലത്തിൽ കൂടുതൽ അർത്ഥപൂർണമാണ്. ജീവിച്ചിരിക്കുന്നത് നിരാശയ്ക്കും ദൈവത്തിനുമിടയിലുള്ള ഓട്ടമാണെന്ന തരത്തിൽ കീർക്കഗോർ വ്യാഖ്യാനിക്കുന്നത് ഈ മിഥ്യയെ തന്നെയാണ് .മനുഷ്യൻ്റെ ശരീരത്തിലല്ല, മനസ്സിലാണ് അനശ്വരമായ ഈ രോഗം പിടിപെട്ടിരിക്കുന്നത്. അവൻ ആത്മീയമായി രോഗിയാണ്. അവൻ്റെ  രോഗത്തെക്കുറിച്ചുള്ള വ്യാഖ്യാനങ്ങളും   അതിൻ്റെ ആവിഷ്കാരങ്ങളുമാണ് അവൻ്റെ സൃഷ്ടികൾ .അതിൽ അവൻ സ്വന്തം പാപബോധത്തെ അന്വേഷിക്കുകയാണ്. എന്നാൽ ആത്മാവ് ഒരു ഘട്ടത്തിലും  അതായിരുന്നില്ലെങ്കിൽ ,അത് അതിനു അന്യമായിരിക്കും. ഇതാണ് രോഗാവസ്ഥയിലേക്ക് നയിക്കുന്നത്- കീർക്കഗോർ ചൂണ്ടിക്കാട്ടുന്നു.ആത്മാവിൻ്റെ പ്രതീക്ഷയിൽ മനുഷ്യൻ ജീവിക്കുകയാണ്. എന്നാൽ അതൊരിക്കലും ആർജിക്കാനാവുന്നില്ല, ഓരോഘട്ടത്തിലും. അവൻ അതിൻ്റെ  പരീക്ഷണശാലയിലാണ്; അല്ലെങ്കിൽ അതിൻ്റെ രൂപാന്തരപ്രക്രിയയിൽ അവൻ ഒരുപകരണമാക്കപ്പെടുന്നു. ഓരോ വ്യക്തിയും നിരാശയിലാണെന്ന് കീർക്കഗോർ പറയുന്നു. ദൈവത്തെ  അവൻ കണ്ടെത്താൻ വിധിക്കപ്പെട്ടിരിക്കുന്നു. അല്ലെങ്കിൽ അവൾ നിരാശയിൽ നീറിക്കഴിയേണ്ടിവരും.എന്നാൽ എന്തിനാണ് അവൻ നിരാശപ്പെട്ടുകൊണ്ടും തെറ്റ് ചെയ്യുന്നത്?അല്ലെങ്കിൽ സന്തോഷം ഉപേക്ഷിക്കുന്നത്? സഭാപ്രസംഗകൻ  ചോദിക്കുന്നുണ്ട് ,

കീർക്കഗോർ മനുഷ്യനെ വ്യാഖ്യാനിച്ച് അവൻ്റെ അസ്തിത്വത്തെ ബാധിച്ചിരിക്കുന്ന അവസാനിക്കാത്ത ഉത്ക്കണ്ഠയെക്കുറിച്ച് പറയുന്നതിൽ സഭാപ്രസംഗകൻ സൂചിപ്പിച്ച മിഥ്യ തന്നെയാണുള്ളത്. എന്താണ് ഈ മിഥ്യ ?അദൃശ്യതയോ മാന്ത്രികതയോ അല്ല; ഫലശൂന്യതയാണ് .ഒരർത്ഥം കണ്ടെത്താൻ എത്ര ശ്രമിച്ചിട്ടും കഴിയാത്ത അവസ്ഥയാണിത്. അർത്ഥം തിരഞ്ഞു ജീവിതം  നശിപ്പിക്കരുതെന്ന് സഭാപ്രസംഗകൻ പറഞ്ഞിട്ടുണ്ട്. "ചെയ്യാനുള്ളത് സർവ്വ ശക്തിയോടും കൂടെ ചെയ്യുക; എന്തെന്നാൽ നീ ചെന്നു ചേരേണ്ട പാതാളത്തിൽ ജോലിക്കോ ചിന്തയ്ക്കോ വിജ്ഞാനത്തിനോ അറിവിനോ സ്ഥാനമില്ല ".(9 -10).മനുഷ്യനെ വിഭ്രമിപ്പിക്കുന്ന കാര്യമാണിത്. എന്തുതന്നെ ചെയ്താലും അതിൻ്റെ ഫലം ഇവിടെത്തന്നെ തന്നെ മങ്ങിപ്പോകും. ജ്ഞാനിയായതുകൊണ്ടോ, സന്മാർഗ്ഗിയായതുകൊണ്ടോ നല്ലത് വരണമെന്നില്ല. അപ്പം ജ്ഞാനിക്ക്  ലഭിച്ചിട്ടില്ലെന്നും ധനം ബുദ്ധിമാന്  എത്തിച്ചേർന്നിട്ടില്ലെന്നും  സഭാപ്രസംഗകൻ പറയുന്നത് ഇതിൻ്റെ 
ആഴം വ്യക്തമാക്കുന്നു .ഏത് ദിശയിൽ സഞ്ചരിച്ചാലും മനുഷ്യനു ക്ളേശം തന്നെയാവും ഫലം. എല്ലാ നേട്ടങ്ങളും അതിനു വേണ്ടി ചെയ്ത അദ്ധ്വാനവുമെല്ലാം വ്യർത്ഥമാണെന്നറിയുന്ന മനുഷ്യനെയാണ് നവസാഹിത്യം അവതരിപ്പിച്ചത് .ഒരിക്കലും അഴിക്കാനാവാത്ത കുരുക്കാണത്. എന്നാൽ സന്തോഷം എന്തിന് ഉപേക്ഷിക്കണം?ചെയ്യാനുള്ളത് എന്തിനു ചെയ്യാതിരിക്കണം ?ഒന്നും തന്നെ വേണ്ടെന്ന് വെക്കുന്നതുകൊണ്ട് പ്രയോജനമില്ല. പാതാളത്തിൽ ഇതിൻ്റെ  പേരിൽ ഒന്നും ഉണ്ടാവുകയില്ല. മരണാനന്തരം മറ്റൊരു ശൂന്യതയാണ് കാത്തിരിക്കുന്നത്. അതുകൊണ്ട് ജീവിച്ചിരിക്കുന്നത് തന്നെയാണ് കുറേക്കൂടി പ്രസക്തമായ മിഥ്യ .ആ മിഥ്യ ഏകാന്തതയെ  താൽക്കാലികമായി നിലനിർത്തുന്നു. സ്വയം നഷ്ടപ്പെടുമ്പോഴും അതിൽ ജീവിക്കുന്നതിൻ്റെ മിഥ്യ ഒരടയാളമാകുന്നു.

യാഗാശ്വമായി പൊരുൾ 

"യാഥാർത്ഥ്യം എത്ര വിദൂരത്താണ്; ആഴത്തിൽ, അളക്കാൻ കഴിയാത്ത ആഴത്തിൽ, ആർക്ക് അത്  കണ്ടുപിടിക്കാൻ കഴിയും" (7_24)
യാഥാർത്ഥ്യം അപ്രാപ്യമാണെന്ന ഈ ബൈബിൾ വാക്യം കഴിഞ്ഞ ഏതാനും നൂറ്റാണ്ടുകളിലെ സാഹിത്യപരീക്ഷണങ്ങളെയെല്ലാം സ്വാധീനിച്ചിട്ടുള്ളതാണ്. യാഥാർത്ഥ്യത്തെ സമീപിക്കാൻ കഴിയാത്തതുകൊണ്ടാണ് ഫിക്ഷ്നും  കവിതയും ആവശ്യമായിവരുന്നത്.
ഫിക്ഷ്ന് യാഥാർഥ്യത്തിൻ്റെ  അപനിർമാണമാണ് വേണ്ടത്. വസ്തുവിൻ്റെ തനത് സ്വഭാവത്തെ മാറ്റാനാണ് ഫിക്ഷ്ൻ എഴുതുന്നത്. ജനാധിപത്യരാജ്യത്തോ ,സർക്കാർ നിരീക്ഷണത്തിലോ ഉൾപ്പെടാത്ത മറ്റൊരു ലോകമുണ്ട്. അതിനെ  യാഥാർത്ഥ്യം എന്ന വാക്കുകൊണ്ട് വിവരിക്കാനാവില്ല. ഒരാൾക്കും അയാളെക്കുറിച്ചുള്ള യാഥാർത്ഥ്യം അറിയില്ലെന്നതാണ് സത്യം .ഏതോ വലിയ ദുരൂഹത നമ്മെ ചൂഴുകയാണ്. അർത്ഥമറിയാതെ പ്രവർത്തിക്കാൻ വിധിക്കപ്പെട്ടതുകൊണ്ട് ദു:ഖിക്കുകയാണ് നമ്മുടെ മാർഗം. ദു:ഖിക്കുന്നതിലൂടെ ,സഹനത്തിനു  ഒരർത്ഥം സൃഷ്ടിക്കുകയാണ്. ദു:ഖം ജൈവമായ സത്യമാകയാൽ ,അതിനു നീതീകരണമുണ്ട്. അത് സഹനത്തെ എളുപ്പമുള്ളതാക്കുന്നു. സഹസ്രാബ്ദത്തിലെ വാക്കുകളായി, മുകളിൽ ചേർത്ത സഭാപ്രസംഗകൻ്റെ  ഉദ്ധരണിയെ കാണാവുന്നതാണ് .എല്ലാ നവരചനകളും ഇതിൻ്റെ പരിധിയിൽ വരും.

"ഹാ!ശുഭേ! നിജഗതാഗതങ്ങൾ ത-
ന്നീശനിശ്ചയമറിഞ്ഞിടാ നരൻ ,
ആശ നിഷ്ഫലവുമായ് വരുന്നവ-
ന്നാശിയാതിഹ വരുന്നഭീഷ്ടവും"

സ്വന്തകർമ്മവശരായ് തിരിഞ്ഞിടു -
ന്നന്തമറ്റ ബഹുജീവകോടികൾ
അന്തരാളഗതിതന്നിലൊന്നൊടൊ-
ന്നന്തരാ പെടുമണുക്കളാണ് നാം " 

യാഥാർത്ഥ്യത്തെ കണ്ടെത്താൻ പ്രയാസമായിരിക്കുമെന്നു തന്നെയാണ് ആശാനും പറയുന്നത്. ജനിമൃതികൾക്കിടയിൽ എന്തോ തുടിക്കുന്നു ,മിന്നിമായുന്നു , ശബ്ദങ്ങൾ പുറപ്പെട്ട് നിശ്ശബ്ദമാകുന്നു... എന്തെങ്കിലും മനസിലാകുന്നുണ്ടോ ?പ്രകൃതി നീണ്ട വിസ്മൃതിയുടെ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. പൊരുളിനെക്കുറിച്ച് തലങ്ങും വിലങ്ങും ചർച്ചകൾ ഉണ്ടാകുന്നു. ഒരു പൊരുളിനെയും ഉറപ്പിച്ചുനിർത്താനോ  ബന്ധിക്കാനോ കഴിയില്ല. യാഗാശ്വമായി പായുന്നത് പൊരുളാണ്; പിടിതരാത്ത യാഥാർഥ്യമാണത്. അതിനെ പിടിച്ചുകെട്ടാൻ ആരുമില്ല. ഈശ്വരനിശ്ചയമറിയില്ല എന്ന് ആശാൻ പറയുന്നതിൽ സഭാപ്രസംഗകൻ്റെ  വാക്കുകൾ മുഴങ്ങുന്നു. ആശയാലുണ്ടാകുന്ന വ്യർത്ഥതാബോധവും സന്തോഷവും എന്തുകൊണ്ട് സംഭവിക്കുന്നുവെന്ന് പറയാൻ മനുഷ്യൻ അശക്തനാണ്. കർമ്മം ശരിയായി വരുന്നുവെന്ന് നമുക്ക് തോന്നുന്നതാകാം. ചിലപ്പോൾ പ്രതീക്ഷിച്ച പോലെയായിരിക്കില്ല. അപ്പോൾ വിഷാദമാണുണ്ടാവുക. നമുക്ക് വേണ്ടി പല പമ്പരങ്ങൾ കറങ്ങുന്നു. എന്താണ് പൊരുൾ ?ഏതോ നിമിത്തത്തിൽ പ്രചോദിതരായി നാം സഞ്ചരിക്കുന്നു. അതാണ് പൊരുളെന്ന് വിചാരിക്കുന്നു ;അതിനപ്പുറത്തുള്ള യാഥാർത്ഥ്യം എന്താണ് ? ആശാൻ വലിയ തത്ത്വചിന്തകനെപോലെ തുടർന്നു പറയുന്നുണ്ട് ,കർമ്മത്തിൻ്റെ  പൊരുളറിയാതെ ചുറ്റിത്തിരിയുന്നത്  സഹസ്രകോടി ജീവികളാണെന്ന്. ഈ ലോകത്തിൻ്റെ ദുരൂഹമായ ഇടനാഴികളിൽ നാം നിസ്സഹായരായിപ്പോയിരിക്കുകയാണ് . "അന്തരാള ഗതി തന്നിലൊന്നൊടൊന്നന്തരാ" എന്നു പറയുമ്പോൾ യാഥാർത്ഥ്യം തീർത്തും അപ്രാപ്യമാണെന്നതിനെക്കുറിച്ചുള്ള ശൂന്യതാബോധമാണ് തെളിയുന്നത് .

ജനിമൃതികളിലെ ഇടനാഴിയിൽ നാം ഒറ്റപ്പെട്ടിരിക്കുന്നു. നിഗൂഢവും പൊരുളറിയാതെ വിഭ്രമിപ്പിക്കുന്നതുമായ ഈ ഇടനാഴിയിൽ യാദൃശ്ചികമായി ചിലരെ കണ്ടുമുട്ടുന്നു. അവരെയൊന്നും നാം  ക്ഷണിച്ചു വരുത്തിയതല്ല; കർമ്മഗതിയെന്ന് പറയാമെന്ന് മാത്രം. അതിനു നിശ്ചയമില്ല. വിചാരിച്ചിരിക്കാതെ നമ്മളിലേക്ക് ചിലർ വരുന്നു ;ചിലരിലേക്ക് നാം എത്തിച്ചേരുന്നു .ഒന്നിനും ഉറപ്പില്ല .
ചിലപ്പോൾ സ്നേഹം എന്ന പശ ഉല്പാദിപ്പിക്കപ്പെട്ടേക്കാം ;അല്ലെങ്കിൽ അകൽച്ചയുടെ നോവറിയാം .സ്നേഹ ബന്ധത്തിൽ നിന്നുള്ള വേദനയേറ്റുവാങ്ങി പിന്തിരിയാൻ കഴിയാതെ വരാം. ഈ സാർവത്രിക ഗതികേടിൽപ്പെട്ട അണുക്കളാണ്  മനുഷ്യർ. എല്ലാ ജീവികളും അങ്ങനെതന്നെ. രണ്ടായിരം കോടി പുഴുക്കൾ ഒരു ഇരുണ്ട ഓവുചാലിൽ പുളയ്ക്കുമ്പോൾ ,അവയിലൊന്നു പോലും മറ്റൊന്നിൻ്റെ  ജീവിതത്തിലേക്ക് നേരിട്ട് പ്രവേശനാനുമതി നേടിയിട്ടില്ല.
അവ എങ്ങനെ ഒന്നിച്ചുകൂടി? എന്തിനു അവ പിരിയുന്നു. അജ്ഞതയുടെ  തണുത്തുറഞ്ഞ ഒരു തടാകമായി ഈ ലോകം മാറുന്നു. ഒട്ടും പ്രതീക്ഷിക്കാതെ ലക്ഷക്കണക്കിന് പുഴുക്കൾ ഏതോ ലക്ഷ്യപൂരണത്തിനെന്നപോലെ ഒത്തുകൂടുകയും അവ താമസിയാതെ നശിക്കുകയും ചെയ്യുന്നു. ലോകം അവയ്ക്ക് അന്യമായിരിക്കുക മാത്രമല്ല, അജ്ഞാതവുമാണ്. മനുഷ്യനും അങ്ങനെയാണ് .അവന് അന്യഗ്രഹങ്ങളെക്കുറിച്ചുള്ള അറിവ് എത്രയോ പരിമിതമാണ്.

മാത്യു അർനോൾഡ് കേട്ട ഗാനം 

മനുഷ്യനും ഒരിടവേളയിൽ ഒട്ടും വിചാരിക്കാതെ പരസ്പരം ബന്ധത്തിലേർപ്പെടുന്നു .കാരണങ്ങൾ  എന്ന പേരിൽ ഉണ്ടാകുന്നതെല്ലാം മറയാക്കി വേർപിരിയുകയും ചെയ്യുന്നു.
ജനിമൃതികളുടെ പൊരുളിലേക്ക് നോക്കാനാവാത്ത മനുഷ്യൻ അജ്ഞനാണ് .അവൻ്റെ കർമ്മഫലങ്ങൾക്ക് വിശദീകരണങ്ങൾ പര്യാപ്തമല്ല. ഒരു ഫലശൂന്യതയെയാണ് ജീവിതം അഭിമുഖീകരിക്കുന്നത് . 'ഡോവർ ബീച്ച്' എന്ന കവിതയിൽ മാത്യു അർനോൾഡ് കേൾക്കുന്ന കടൽത്തീരത്തെ വിഷാദരാഗം (The eternal note of sadness)എന്താണ് ഈജിയൻ തീരത്ത് സോഫോക്ലീസ്  നൂറ്റാണ്ടുകൾക്ക് മുമ്പ് കേട്ട ഗാനമാണത്. അത് നിറയെ മനുഷ്യദുരിതമാണ്. അത്  കലങ്ങുന്നതും അടിച്ചുകയറുന്നുതും ഇറങ്ങിപ്പോകുന്നതുമാണ്. 
കവി എഴുതുന്നു :

But now I only hear
It's melancholy, long, withdrawing roar, 
Retreating, to the breath of the night wind,down the vast edges drear
And naked shingles of the world.

മാറ്റമില്ലാത്ത ശോകത്തെക്കുറിച്ചാണ് കവി സംസാരിക്കുന്നത് .തൻ്റെ  പ്രിയപ്പെട്ടവളോട് കവിക്ക് പറയാനുള്ളത് ലോകത്തിൻ്റെ  ഒരിക്കലും പിടിതരാത്ത വിഷാദാരവ ങ്ങളെക്കുറിച്ചാണ് .സന്തോഷിക്കേണ്ട നിമിഷങ്ങളിൽ അതിനെ ഹനിച്ചുകൊണ്ട് തീരവും ചരൽക്കല്ലുകളും തിരകളും ഒരേയൊരു രാഗം മാത്രം കേൾപ്പിക്കുന്നു .കവിയെ തിരിച്ചുവിളിക്കുകയാണ് ആ ഗാനം. ഓരോ തിരയും മനുഷ്യദുരിതത്തെ തന്നെ ആഖ്യാനം ചെയ്യുന്നതായി കവിക്ക് തോന്നുന്നു. അപ്പോൾ കവിയുടെ പ്രണയമോ? ആ പ്രണയത്തിൻ്റെ ആനന്ദത്തെപോലും വലിഞ്ഞു മുറുക്കുകയാണ് വിഷാദത്തിൻ്റെ ആ ഗാനം; അതിൽ നിന്ന് ആർക്കും മോചനമില്ല. ഈ ലോകം നമ്മെ ചതിക്കുകയാണോ  ചെയ്യുന്നത്? കവി അത് ഇങ്ങനെ ധ്വനിപ്പിക്കുന്നു:

Ah, love, let us be true
To one another! for the world, which seems 
To lie before us like a land of dreams 

പ്രേമത്തെ എങ്ങനെ മൂല്യമുള്ളതാക്കാമെന്ന ചിന്തയിൽ നിന്നാണ് നമുക്ക് പരസ്പരം സത്യസന്ധരാകാമെന്ന സമാധാനത്തിൽ എത്തുന്നത്. ലോകത്തിൻ്റെ അനശ്വരമായ ആ വിഷാദരാഗം എല്ലാവരെയും ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ് .പ്രേമിക്കുമ്പോൾ മനസ്സിന് സത്യസന്ധത ഒരു ഭാരമായിട്ടുണ്ടാകാം. 
അതുകൊണ്ട് സ്വപ്നഭൂമി പോലെ തോന്നിക്കുന്ന ഈ ലോകം നമ്മോട് നുണ പറയുകയാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ നമുക്ക് സത്യസന്ധരാകാം. നിസ്വരായവരുടെ കൈയിൽ ഈ ആയുധമേയുള്ളു .

"അവൻ്റെ ദിനങ്ങളെല്ലാം വേദന നിറഞ്ഞതാണ്; അദ്ധ്വാനമാകട്ടെ ,ദു:ഖ സങ്കുലവും .രാത്രിയിൽ പോലും അവൻ്റെ മനസ്സിനു സ്വസ്ഥതയില്ല. ഇതും മിഥ്യ തന്നെ "(2-23).
ഈ സ്വസ്ഥതക്കുറവാണ് മാത്യു അർണോൾഡ് ഡോവർ കടൽതീരത്ത് വച്ച് തുറന്നു വിട്ടത് .അദ്ദേഹം നൂറ്റാണ്ടുകളായുള്ള ജനതയുടെ മിഥ്യകളിൽ മുങ്ങിത്താഴുന്നതിൻ്റെ  വേദനയാണ് പകരുന്നത് .അത്  മറച്ചുപിടിക്കാൻ കവിക്ക് അറിയില്ല. അദ്ദേഹം അത് തുറന്നുപറയാനാണ് എഴുതുന്നത്. ലോകം നുണകളാൽ രൂപീകരിക്കപ്പെടുമ്പോൾ അതിനെതിരെ സത്യസന്ധതയിലൂടെ അതിജീവിക്കാൻ ശ്രമിക്കുകയാണ്. എല്ലാ നുണകളും അഴിഞ്ഞുവീഴണം ,എങ്കിലേ സത്യത്തെ നേർക്കുനേർ കാണാനാവൂ .ഭുമിയിലെ മനുഷ്യൻ്റെ പ്രയത്നത്തെക്കുറിച്ച് സഭാപ്രസംഗകൻ പറയുന്നതിൻ്റെ സാരം ഇതാണ്.

സാരത്തിനുള്ളിലെ സാരം 

എല്ലാ ആഘോഷങ്ങൾക്കും ശേഷം അവശേഷിക്കുന്നത് സ്വയം കാണാനുള്ള ചില കാഴ്ചകളാണ്. അത്  നൂറ്റാണ്ടുകൾക്ക് പിന്നിലേക്ക് നമ്മെ കൊണ്ടുപോകുന്നു. അനുഭവങ്ങളുടെ സാരം ഗ്രഹിച്ചവരൊക്കെ സഭാപ്രസംഗകൻ ഉയർത്തിയ പരമമിഥ്യയിലേക്ക് തന്നെ  നിപതിച്ചിട്ടുണ്ട്. ജർമ്മൻ തത്ത്വചിന്തകൻ ഷോപ്പനോർ ജീവിതം ദു:ഖമാണെന്ന് നിർവ്വചിച്ചതിനു സമാനമാണ് ഡോവർ ബീച്ചിൽ മാത്യു അർനോൾഡ് സത്യം വെളിപ്പെടുത്തുന്നത്. മനുഷൻ ഒരു ചതിയാണ്;എന്തിനു വേണ്ടി ,എന്തിനു ചുറ്റും കറങ്ങുന്നുവെന്ന് അറിയാത്തതുകൊണ്ട് ഓരോ നിമിഷത്തെയും അവൻ മഹത്വവത്ക്കരിക്കുന്നു. ആനന്ദമായാലും ദുഃഖമായാലും വറ്റിച്ചുനോക്കിയാൽ ഒന്നുമുണ്ടാവില്ല. 
"സൂര്യന് കീഴുള്ള കഠിനാധ്വാനവും മനുഷ്യക്ളേശവുംകൊണ്ട് മനുഷ്യനു  എന്ത് നേട്ടം? അവൻ്റെ ദിനങ്ങളെല്ലാം വേദന നിറഞ്ഞതാണ് .അധ്വാനമാകട്ടെ, ദുഃഖസങ്കുലവും "(2-22,23) - സഭാപ്രസംഗകൻ്റ ഈ വാക്കുകൾക്കപ്പുറം ലോകസാഹിത്യം ഒന്നും കണ്ടെത്തുന്നില്ല. സാരത്തിനുള്ളിലെ സാരം ഇതുതന്നെയാണ്. ഒരു തുരങ്കത്തിലൂടെ സഞ്ചരിക്കുന്നത് സാഹസമാണ്. ആന്ദ്രേ തർക്കോവ്സ്കിയുടെ Stalker എന്ന സിനിമയിൽ തുരങ്കത്തിലൂടെയുള്ള സഞ്ചാരം കാണാം. മൂന്നുപേർ വിചിത്രമായ ഒരു സ്ഥലവും അവിടുത്തെ പ്രഭുവിനെയും കാണാൻ പോവുകയാണ് .അവർക്ക് ഒന്നും തന്നെ കണ്ടെത്താനായില്ല. അവസാനം അവർ തർക്കിക്കുകയും ലക്ഷ്യം മറക്കുകയും ചെയ്യുന്നു.  അവർ തങ്ങളുടെ യുക്തിക്കനുസരിച്ച് പലതും ഇഴ പിരിച്ച് പരിശോധിക്കുന്നു. ഓരോരുത്തരും സ്വയം ന്യായീകരിച്ചു. സാഹിത്യവും കലയുമെല്ലാം നിറം കെട്ട് വീഴുകയാണ്. നിശ്ചലവും നിരാലംബവുമായ യാതൊന്നിൻ്റെയോ  നിഴലുകളായി അവർ രൂപാന്തരപ്പെടുന്നു. അല്ലെങ്കിൽ ,അവർ ആ നിഴൽ തന്നെയല്ലേ? നിഴലായതുകൊണ്ട് യാഥാർത്ഥ്യത്തെ അറിയണമെന്നില്ല .ആ നിഴലിനു കാരണമായ യഥാർത്ഥ വസ്തുത എവിടെ ?ഉദ്വേഗവും നിരാശയും സംശയവും ഉത്തരമില്ലാത്ത അവസ്ഥയും അവരെ  പിരിമുറുക്കത്തിലാക്കുന്നു. 

മനുഷ്യൻ കഠിനാധ്വാനത്തിലൂടെ എന്താണ് നേടുന്നതെന്ന ചോദ്യം ആർക്കും തന്നെ ചോദിക്കാനാവില്ല. ആ ചോദ്യം നമ്മെ തകർക്കാൻ ശേഷിയുള്ളതാണ്. യാതൊന്നിനോടും ബന്ധമില്ലാത്ത സഭാപ്രസംഗകൻ അത് ചോദിച്ചത് ദൈവത്തിൻ്റെ ചിരി തനിക്ക് രഹസ്യമായി കാണാനായതുകൊണ്ടാണ്. മനുഷ്യൻ്റെ പ്രയത്നം വേദനനിറഞ്ഞതാണെന്ന്  ഡോവർ ബീച്ചിൽ പറയുന്നത്, അനശ്വരമായ ഒരു ദു:ഖരാഗം സമുദ്രതീരത്ത് നിന്ന് ഒഴുകി വരുന്നു എന്ന അർത്ഥത്തിലാണ്. ഓരോ വ്യക്തിയും അത് വേറിട്ട വഴിയിൽ കേൾക്കുന്നു, സാരം ഒന്നു തന്നെ .അധ്വാനിക്കുന്നവർ സന്തോഷിക്കുന്നു .എന്നാൽ അവരെ ദുഃഖം നിറഞ്ഞ സന്ദേഹങ്ങൾ കാത്തിരിക്കുകയാണ്. ഒരു കവിക്ക് ഇത് മനസ്സിലാക്കാനായില്ലെങ്കിൽ എഴുതിയിട്ട് കാര്യമില്ല. എല്ലാ മികച്ച സാഹിത്യവും ആത്യന്തികമായി ഈ പൊരുളിലേക്കാണ് എത്തിച്ചേരുന്നത് .മിഥ്യ ,അതുമാത്രമാണ് സത്യം ; ആ സത്യത്തെ മറയ്ക്കാനോ ,ഭേദിക്കാനോ വേണ്ടിയാണ് മിക്കവരും എഴുതുന്നത്, വരയ്ക്കുന്നത്. 

മറ്റെന്താണ്  ചെയ്യാനുള്ളത് ?

No comments:

Post a Comment

നിരാസത്തിന്റെ തത്ത്വം /ഡോ.യാക്കോബ്‌ മാർ ഐറേനിയോസ്‌

  ശ്രീ. എം.കെ.ഹരികുമാറിന്റെ 'എന്റെ മാനിഫെസ്റ്റോ' വായിച്ചു തുടങ്ങിയപ്പോൾ ഇത്‌ ഏതോ ദുരൂഹതയുടെ ഗുഹാമുഖമാണെന്ന്‌ തോന്നിപ്പോയി. വായനപുര...