Friday, October 21, 2022

ദൈവം - കൊക്കൂണിൽ നിന്നു ശലഭങ്ങൾ പുറത്തു വരുന്നതു പോലെ-1 / എം.കെ. ഹരികുമാർ /

 PART 1






അമെരിക്കൻ ദൈവചിന്തകനും ദാർശനികനുമായ നീലി ഡൊണാൾഡ് വാൽഷിൻ്റെ  Conversations With God  എന്ന പുസ്തക പരമ്പരയെ മുൻനിറുത്തി എം കെ ഹരികുമാറിൻ്റെ ചില മൗലിക നിരീക്ഷണങ്ങൾ .മെട്രോ വാർത്ത വാർഷികപ്പതിപ്പിൽ (2022) ഈ ലേഖനം പ്രസിദ്ധീകരിച്ചു.

വാൽഷ് : ഞാൻ ആഗ്രഹിച്ചത് ഒന്നും നടക്കാറില്ല .എൻ്റെ ജീവിതം അതിൻ്റെ സാക്ഷ്യമാണ്.

ദൈവം: നിങ്ങൾ സൃഷ്ടിക്കുന്നതാണ് നിങ്ങൾക്ക് കിട്ടുന്നത്. നിങ്ങളുടെ ലക്ഷ്യങ്ങളാണ് നിങ്ങളുടെ ജീവിതത്തെ നയിക്കുന്നത്. അതിനു കാരണം നിങ്ങളുടെ ചിന്തകളാണ്. 




ദൈവത്തെക്കുറിച്ച് ധാരാളം പുസ്തകങ്ങൾ എഴുതപ്പെട്ടിട്ടുണ്ട്. എങ്കിലും എന്താണ് ദൈവം എന്നറിയാൻ നമുക്കെല്ലാം ഇനിയും പലതും വായിക്കേണ്ടതുണ്ട് ;അല്ലെങ്കിൽ പലതും ചിന്തിക്കേണ്ടതുണ്ട്. അമേരിക്കയിലെ ഗ്രന്ഥകാരനും ദൈവ ചിന്തകനുമായ നീലേ ഡൊണാൾഡ് വാൽഷ് (Neale Donald Walsch) ഈ വിഷയത്തിൽ അപൂർവ്വമായ ഒരു വിചാരശാസ്ത്രം അവതരിപ്പിക്കുകയാണ്.  അദ്ദേഹത്തിന്റെ 'കോൺവെർസേഷൻസ് വിത്ത് ഗോഡ്' എന്ന ഗ്രന്ഥപരമ്പര ഈ വിഷയത്തെ അഗാധമായി സമീപിക്കുകയാണ്. ലോകത്തിൻ്റെ ശ്രദ്ധയാകർഷിക്കുന്ന ഉദ്യമമാണിത്. ദൈവത്തെ അന്ധവിശ്വാസത്തിൽ നിന്ന് മോചിപ്പിക്കുകയാണിവിടെ. വിശ്വാസം ,അവിശ്വാസം എന്ന ദ്വന്ദത്തെ വാൽഷ് ആശ്രയിക്കുന്നില്ല . ദൈവത്തെക്കുറിച്ച് സ്വാനുഭവത്തിൻ്റെ  പശ്ചാത്തലത്തിൽ ദുർല്ലഭവും അതിശയകരവുമായ വെളിപാടുകൾ നിരത്തുകയാണ്. ദൈവം ഒരു വ്യക്തിയല്ലെന്നും അങ്ങനെയുള്ള ദ്വന്ദം അസംബന്ധമാണെന്നും വാൽഷ് സ്ഥാപിക്കുന്നു. ദൈവം ഒരനുഭവമാണ്. ദൈവം അധികാരിയോ രാജാവോ അല്ല. ആധുനിക വിജ്ഞാനത്തിൻ്റെ വഴിയിൽ ദൈവത്തെ മഹത്തായ മനുഷ്യത്വമായും സൗന്ദര്യമായും അദ്ദേഹം പരിചയപ്പെടുത്തുന്നു. ഒരു പൂവിൻ്റെ സുഗന്ധം പോലെ ഹൃദ്യമാണത്. ശലഭച്ചിറകിലെ കൃഷ്ണമണികൾ പോലെ വിസ്മയമാണത്. ഏതൊരു മനുഷ്യവ്യക്തിയിലും ഈ ദൈവമുണ്ട്; അത് ഒരാന്തരിക വ്യവസ്ഥയാണ് ,അല്ലെങ്കിൽ അന്തർവലയാണ്. യുക്തിയിലും നിരീശ്വരത്വത്തിലും കലയിലും ബോധത്തിലും അത് സജീവമായി നില്ക്കുന്നു. ഈ ദൈവം ആചാരമോ അന്ധതയോ മൂർത്തിയോ വിഗ്രഹമോ അല്ല ;സ്വന്തം ശരീരത്തിലും മനസിലും മനുഷ്യനു അറിയാനുള്ളതാണ്. 

മനുഷ്യൻ്റെ എക്കാലത്തെയും  മഹാവിജ്ഞാനം എന്ന രീതിയിൽ ഇത് പ്രപഞ്ചത്തെക്കുറിച്ച് അറിയാനുള്ള വാതിലുകൾ തുറന്നിടുകയാണ്.
മനുഷ്യൻ്റെ ചിന്താപ്രശ്നങ്ങളും  ആകുലതകളും ഇവിടെ അനാവരണം ചെയ്യപ്പെടുകയും അതിനു പരിഹാരം കാണുകയും ചെയ്യുന്നു. മനസ്സിൽ സ്വാഭാവികമായി വരുന്ന  ചോദ്യങ്ങൾക്കെല്ലാം അദ്ദേഹത്തിൻ്റെ  ഉള്ളിലിരുന്ന് ദൈവം മറുപടി പറയുന്നു. ദൈവത്തെ അന്വേഷിച്ച വാൽഷിനു ഉള്ളിൽ തന്നെ മറുപടി ലഭിച്ചു. ദൈവത്തെക്കുറിച്ച് വളരെ സ്വതന്ത്രവും സ്വകാര്യവുമായ അനുഭവമാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത് .
ദൈവം ഇവിടെ വളരെ വിദൂരമായ, ഇഷ്ടാനിഷ്ടങ്ങളുള്ള ഒരു ഒരു കേന്ദ്രമല്ല. മറിച്ച് ,അദ്ദേഹത്തിൽ തന്നെ നിലകൊള്ളുന്ന ഒരു പൂർണതയാണ്. മനസ്സിലുള്ള ദൈവത്തെയാണ് വാൽഷ്  അന്വേഷിക്കുന്നത്. അത് വെളിപാടു പോലെ വിശുദ്ധമാണ്. മനസ്സിൽ വന്ന ചോദ്യങ്ങൾ ഓരോന്നായി ദൈവത്തിന്റെ മുന്നിൽ സമർപ്പിക്കുകയാണ്. ഓരോന്നിനും ദൈവം ഉത്തരം നല്കുകയാണ് .

ഒരു മതത്തിന്റെയോ  സംഘടനയുടെയോ വീക്ഷണമല്ല ഇവിടെ തെളിയുന്നത് .ആത്മാവിൽ നിന്നുള്ള അക്ഷരങ്ങൾ ദൈവത്തിൻ്റെ വചനങ്ങളായി പുറപ്പെടുന്നു. ഒരു നവപ്രഭാമണ്ഡലമാണിത്. അപ്രതീക്ഷിതവും പ്രചോദനാത്മകവുമായ ഒരു പുതിയ ദൈവശാസ്ത്രമാണ് വാൽഷ് തൻ്റെ സുവിശേഷമായി പങ്കുവയ്ക്കുന്നത്. നാളിതുവരെയുള്ള ദൈവവിജ്ഞാനീയത്തിൻ്റെ സദ്ഫലങ്ങൾ സ്വാംശീകരിക്കാനും മറന്നിട്ടില്ല .യുക്തിക്ക് പകരം സാകല്യമായ പ്രപഞ്ചബോധമാണ് വേണ്ടത്. മനുഷ്യന് പ്രാപ്യമാണോ ദൈവം? നമ്മൾ ഈ മഹാപ്രപഞ്ചത്തിലെ അനാഥമായ ബോധത്തിന്റെ ഏത് കണമാണ്? അത് എങ്ങനെയാണ് ഉണ്ടാക്കപ്പെട്ടിരിക്കുന്നത് ?അതിന് എന്തെങ്കിലും അർത്ഥമുണ്ടോ? പുസ്തകത്തിൻ്റെ തുടക്കത്തിലെ വാക്യം ഇതാണ്: 'എല്ലാം ജീവിതമാണ് .ജീവിതം തന്നെയാണത്'.ജീവിതമല്ലാത്തതായി യാതൊന്നുമില്ല .എല്ലാം ഓരോ വ്യവസ്ഥയ്ക്കകത്താണ്. എന്നാൽ അത് എപ്പോഴും മാറുകയും പുതിയ ഘടനയുണ്ടാവുകയും ചെയ്യുന്നു.ജീവിതമാണ് എന്നതുകൊണ്ട് ഒന്നും ലളിതമായി തീരുന്നില്ല .കണ്ടെത്താനുള്ളതെന്തോ അതിൽ വ്യാപിക്കുകയാണ്. അത് വളരെ പ്രകടവും വ്യക്തിപരവും ആയിരിക്കെ ,അദൃശ്യവും അജ്ഞാതവുമാണ് .എല്ലാം മനസ്സിലാക്കാൻ കഴിയുന്നതാണെന്ന് ചിന്തിക്കുമ്പോൾ തന്നെ പിടിതരാതെ വഴുതുകയും ചെയ്യും .ജീവിതം കുറെ വികാരങ്ങളല്ലേ നമുക്കായി തരുന്നത് ?.വികാരങ്ങൾക്ക് മറ്റൊരു ജീവിതമാണുള്ളത് .ദൈവത്തെക്കുറിച്ചുള്ള അന്ധവിശ്വാസങ്ങൾ അവസാനിപ്പിച്ച കൃതിയാണിത്. ദൈവം മറ്റെവിടെയോ ഇരുന്ന് ,മനുഷ്യനെപ്പോലെ നിസ്സാരവും അല്ലാത്തതുമായ കാര്യങ്ങളുടെ പേരിൽ ഇടപെടുന്ന ഒരു വ്യക്തിയാണെന്ന  അന്ധവിശ്വാസം തകരുകയാണ്. എന്നാൽ വാൽഷ് പറയുന്നു ദൈവം ഒരു സുഹൃത്താണെന്ന്. 
ദൈവം നമ്മുടെ ഉള്ളിൽ തന്നെ പ്രവർത്തിക്കുന്ന ഒരു വ്യവസ്ഥയാണ്. ആ വ്യവസ്ഥയിലേക്ക് കൊടുക്കേണ്ടതായ സൂചനകൾ  നമ്മൾ തന്നെ കൊടുക്കേണ്ടതാണ്.
അതിനനുസരിച്ച് ആ വ്യവസ്ഥയ്ക്കുള്ളിൽ തന്നെ ഒരു ബുദ്ധി പ്രവർത്തിക്കുകയാണ് ചെയ്യുന്നത്. ദൈവം ഒരു സുഹൃത്താണ്, അല്ലെങ്കിൽ ഒരു ചിന്തയാണ് .സുഹൃത്തിനെ വേണമെങ്കിൽ നമുക്ക് വളരെ നന്നാക്കിയെടുക്കാം ;അല്ലെങ്കിൽ നമ്മുടെ തൊട്ടടുത്തുള്ള ദൈവത്തെ അതിനു പര്യാപ്തമായ സമീപനങ്ങളിലൂടെ അറിയുകയാണ് പ്രധാനം. 

എൻ്റെ ജീവിതം എന്തുകൊണ്ടാണ് പ്രവർത്തിക്കാത്തത് ?


അടുത്തിരിക്കുന്ന ദൈവത്തിനു ഏതിനും ഉത്തരം നൽകാനാവും ; ദൈവം നല്കുന്ന ഉത്തരങ്ങൾ കേൾക്കാനുള്ള മനസ്സ് വേണം .അനേകം അസത്യങ്ങൾ ജീവിതത്തിന് നേർക്ക് പാഞ്ഞടുക്കുകയാണ്. എന്നാൽ അതിനെയെല്ലാം നമുക്കനുകൂലമായ സത്യങ്ങളാക്കി മാറ്റാനുള്ളതാണ്. 'ഈ പുസ്തകം ഞാൻ എഴുതിയതല്ല ,അത് സംഭവിച്ചതാണ്' -അദ്ദേഹം പറയുന്നു.ഒരാൾ സ്വയം അടച്ചിട്ട നിലവിറകൾ തുറക്കുകയാണ് .സ്വയം സ്വതന്ത്രനാകുമ്പോഴാണ് അത് സംഭവിക്കുന്നത് .കെട്ടുപാടുകളിൽ നിന്ന് കുതറിമാറി നമ്മെക്കാൾ ജനാധിപത്യമുള്ള ,സാഹോദര്യമുള്ള ,ജ്ഞാനമുള്ള, സർവതിനോടും സംസാരിക്കുന്ന ഒരു ദൈവത്തെ തേടാൻ നാം വിധിക്കപ്പെട്ടിരിക്കുന്നു. എങ്കിലേ നമുക്ക് അജ്ഞതയിൽ നിന്ന് രക്ഷപ്പെടാനാവുകയുള്ളൂ. ഒരിടത്ത് കെട്ടിക്കിടക്കുന്ന  ജലാശയമാവുന്നതിന് പകരം നാനാ ദിക്കുകളിലേക്ക് ഒഴുകിയില്ലാതാവുന്നതാണ് ദൈവിക ചിന്തയുടെ പരിസമാപ്തി തോന്നുന്നു.

വാൽഷിൻ്റെ കൃതിയിൽ നിന്ന് :'സത്യം ഇതാണ് :ദൈവം എല്ലാവരോടും സംസാരിക്കുന്നു ,നല്ലവരോടും ,ദുഷ്ടന്മാരോടും പുണ്യാളന്മാരോടും തെമ്മാടികളോടും .നമ്മളൊക്കെ ഇതിനിടയിലാണുള്ളത്. നിങ്ങളെ തേടി  ജീവിതത്തിൽ ദൈവം പല കുറി വന്നിട്ടുണ്ട്. ഇത് അതുപോലെ ഒന്നാണ്. പഴയ ഒരു ചൊല്ലുണ്ട് , ശിഷ്യൻ തയ്യാറാണെങ്കിൽ ഗുരു വന്നിരിക്കും. ഈ പുസ്തകം അതിനു തെളിവാണ്'.
ദൈവത്തെ തേടുക എന്ന വിധി ഉള്ളിൽ ഒരു നീറ്റലായി കൊണ്ടുനടക്കുന്നത് എന്തിനാണ്?
കൂടുതൽ മെച്ചപ്പെട്ട ലോകം സൃഷ്ടിക്കാൻ. ഈ കൃതി എഴുതപ്പെട്ടത് തൻ്റെ ജീവിതത്തിലെ തുടരന്വേഷണങ്ങളും തെറ്റുകളും തിരുത്തലുകളും വഴിയാണെന്ന് വാൽഷ് പറയുന്നു .'അപമാനകരമായ പെരുമാറ്റങ്ങളും തുടർച്ചയായ തെറ്റുകളും സംഭവിച്ചിട്ടുണ്ട്. മറ്റുള്ളവർ ക്ഷമിക്കാത്തതും അവർക്ക് ഉപദ്രവകരമായതും പലതും ഉണ്ടായി. മറ്റുള്ളവരുടെ വേദന എന്നെ പലരീതിയിൽ പ്രബുദ്ധനാക്കിയിട്ടുണ്ട്. അതിൽ നന്ദിയുണ്ട് .എൻ്റെ  ജീവിതത്തിലെ വ്യക്തികളിലൂടെ ഞാൻ ധാരാളം പഠിച്ചു. ദൈവത്തിൻ്റെ ഈ പഠനപ്രക്രിയ വളരെ സാവധാനത്തിലായിരുന്നു. ഭയത്തിൽ ജീവിക്കാത്തതിനും പരാജയങ്ങളിൽ ക്ഷമിച്ചതിനും ഞാൻ ദൈവത്തോട് കടപ്പെട്ടിരിക്കുന്നു.നമ്മൾ ദു:ഖിച്ചതും ദു:ഖിപ്പിച്ചതുമെല്ലാം പിന്നീട് വലിയ അറിവുകളായി പരിണമിക്കുകയാണ് '.

ഏതൊരു തെറ്റിനും പ്രായച്ഛിത്തമുണ്ട്. മറ്റൊരാളോടു ചെയ്യുന്ന ഏതൊരു അപരാധത്തിനും പശ്ചാത്താപമുണ്ട്.  തെറ്റ് ഏറ്റുപറയാൻ മനുഷ്യന്റെ മനസ്സ്  അന്യാദൃശമായ ഒരു ഇടമാണ്. അവിടെ അവൻ തൻ്റെ ഇനിയും അനാവൃതമാകാത്ത ദൈവത്തെ കണ്ടുമുട്ടുന്നു .ആ ദൈവത്തെ കാണുന്ന മാത്രയിൽ അവൻ സ്വയം തുറന്നു കാണിക്കുന്നു .പിന്നീട് മറക്കുകയും ചെയ്യുന്നു.

1992 ഈസ്റ്ററിനോട് അനുബന്ധിച്ചാണ് വാൽഷ് തൻ്റെയുള്ളിലെ ഈ ചോദ്യോത്തര സംവാദത്തിന് സാക്ഷിയാവുന്നത്. അന്ന് അദ്ദേഹത്തിൻ്റെ മനസ്സിൽ അടിഞ്ഞുകൂടിയ ചോദ്യങ്ങൾ പലതാണ്. ആ ചോദ്യങ്ങൾ പ്രധാനമായും ഇതെല്ലാമാണ് :'എൻ്റെ ജീവിതം എന്തുകൊണ്ടാണ് പ്രവർത്തിക്കാത്തത് ?അതിനെ പ്രവർത്തിപ്പിക്കാൻ എന്ത് ചെയ്യണം? മറ്റുള്ളവരുമായുള്ള ബന്ധത്തിൽ എനിക്കെന്തുകൊണ്ട് സന്തോഷം കിട്ടുന്നില്ല .തുടർച്ചയായ  കഷ്ടപ്പാടുകളിലേക്ക് എന്നെ തള്ളി വിടുന്നതിന് കാരണമായി ഞാൻ എന്താണ് ചെയ്തത്?' ഈ ചോദ്യങ്ങൾ മനസ്സിൽ ഉയർന്നു വന്നത് സ്വാഭാവികമായാണ് .എന്നാൽ ഉള്ളിൽ നിന്ന് മറ്റൊരു കേന്ദ്രം അതിനു ഉത്തരം നല്കുകയാണ്. ആ കേന്ദ്രത്തെ ദൈവമെന്നു വിളിക്കാനാണ് വാൽഷ് ആഗ്രഹിക്കുന്നത്. അതാകട്ടെ ഒരാളോട് മാത്രമല്ല ഇങ്ങനെ സംസാരിക്കുന്നത്. കേൾക്കാൻ മനസ്സുള്ള എല്ലാവരോടുമാണ്.

ദൈവം ഇങ്ങനെ പ്രതിവചിച്ചു: 'സംഭാഷണം എന്നതിന് പകരം വിനിമയം എന്ന വാക്ക് തിരഞ്ഞെടുക്കാം .പരസ്പരം സംസാരിക്കുമ്പോൾ വാക്കുകളുടെ അവിശ്വസനീയമായ പരിമിതി നമ്മെ പിന്നോട്ടു പിടിച്ചു വലിക്കുന്നുണ്ട്. അതുകൊണ്ട് ഞാൻ വാക്കുകൾ കൊണ്ട് മാത്രമല്ല വിനിമയം ചെയ്യുന്നത്. എൻ്റെ ഏറ്റവും പൊതുവായ വിനിമയമാർഗം വികാരമാണ്. ആത്മാവിൻ്റെ  ഭാഷയാണ് വികാരം. എന്തിൻ്റെയെങ്കിലും സത്യാവസ്ഥ ബോധ്യപ്പെടണമെങ്കിൽ, നിങ്ങൾക്ക് അതിനെക്കുറിച്ച് എന്ത് വികാരമാണുള്ളതെന്ന് അറിയാൻ ശ്രമിക്കുക. വികാരങ്ങളെ പലപ്പോഴും കണ്ടെത്താൻ പ്രയാസമാണ്. തിരിച്ചറിയാനും പ്രയാസമാണ്. നിങ്ങളുടെ അഗാധമായ വികാരങ്ങൾക്കുള്ളിലാണ് ഉന്നതമായ സത്യമുള്ളത് .ഈ വികാരങ്ങളിലേക്ക് എത്തിച്ചേരുകയാണ് അതിനുള്ള പോംവഴി '.

ഞാൻ ആകാശത്തിൻ്റെ നിറത്തിൽ വിശ്വസിക്കുന്നു 

വികാരങ്ങളെ കണ്ടെത്താൻ ബുദ്ധിമുട്ടാണെങ്കിൽ അതിനർത്ഥം അന്ധമായ ഒരു പലായനത്തിലേക്ക് നമ്മൾ വീണു എന്നാണ് . 'ദൈവപ്രസാദം ഒരിക്കലും വാർത്തകളോ വിചിത്രമായ കാര്യങ്ങളോ ശ്രദ്ധിക്കുന്നില്ല. എന്തുകൊണ്ടെന്നാൽ ഇതെല്ലാം ആരംഭിക്കുന്നത് മനുഷ്യൻ്റെ  പ്രാചീനമായ ദുർബുദ്ധിയിൽ നിന്നാണ്. അതിനാൽ പുതിയതായി യാതൊന്നുമില്ല ; ഭൂമിയിൽ എന്നേക്കും  നിലനിൽക്കുന്നതായി ഒന്നുന്നുമില്ല' - ദൈവശാസ്ത്രജ്ഞനായ തോമസ് കെമ്പിസ് പറഞ്ഞത് ഓർക്കുകയാണ്. 
വാസ്തവത്തിൽ ,മനുഷ്യശരീരത്തിലാകെ സംവേദനതുല്യമായ വികാരങ്ങൾ നാനാവിധമായി സംസാരിക്കുകയാണ്. കൈകൾ പലതും സംസാരിക്കുന്നുണ്ട്. ഓരോരുത്തരോടും നമ്മുടെ കൈകൾ പലതാണ് സംസാരിക്കുന്നത്. അത് ജീവിതത്തിൻ്റെ മുഖ്യധാരയിലല്ലാത്ത എന്തോ ഉച്ചരിക്കുന്നുണ്ട്. അങ്ങനെ നമ്മളിൽ നിന്നു പലതരം  വികാരജീവിതങ്ങൾ പുറപ്പെടുകയാണ്. 
അതിൽ ഏതാണ് നമ്മൾ? ഒരു വ്യക്തി അയാളുടെ ബഹുമുഖമായ അന്യജീവിതങ്ങൾക്കിടയിൽ ഏകാകിയാണ്. മറ്റുള്ളവർ നമ്മെ കാണുന്ന മാത്രയിൽ ശരീരത്തിൽ നിന്ന്, അവയവങ്ങളിൽ നിന്ന് സ്വരൂപിച്ചെടുക്കുന്ന ആത്മബന്ധങ്ങളും  അറിവുകളുമുണ്ട്. 
അത് മറ്റുള്ളവരിലാണ് ജീവിക്കുന്നത്. അതിൽ നിന്ന് നമുക്ക് വിടുതൽ നേടാൻ പ്രയാസമാണ് ;എങ്കിൽ അതിലാണ് നമ്മൾ പ്രയത്നിക്കുന്നത്.

'ദൈവം തുടർന്നു : ഞാൻ ചിന്തകൊണ്ടു വിനിമയും ചെയ്യുന്നു. ചിന്തകളും വികാരങ്ങളും ഒന്നല്ല, അവ രണ്ടും ഒന്നിച്ചു വരുന്നുണ്ടെങ്കിൽ പോലും .ചിന്തകൊണ്ട് വിനിമയം ചെയ്യുമ്പോൾ ഞാൻ ചിത്രങ്ങളും ബിംബങ്ങളുമാണ് ഉപയോഗിക്കുക. അതുകൊണ്ട് വാക്കുകളേക്കാൾ ഫലപ്രദമായിട്ടുള്ളത് ചിന്തകളാണ്.ഇതിനു പുറമേയാണ് ഞാൻ അനുഭവത്തിൻ്റെ വാഹനത്തെ മഹത്തായ വിനിമയമാർഗമായി ഉപയോഗിക്കുന്നത്. വികാരങ്ങളും ചിന്തകളും പരാജയപ്പെടുമ്പോൾ ,ഞാൻ വാക്കുകൾ ഉപയോഗിക്കുന്നു. വിനിമയത്തിൽ ഏറ്റവും താഴ്ന്ന നിലയിലുള്ളതാണ് വാക്കുകൾ; അത് മിക്കപ്പോഴും തെറ്റായ വ്യാഖ്യാനങ്ങൾക്കും തെറ്റിദ്ധാരണകൾക്കും ഇടവരുത്തുന്നു'. 

വാക്കുകൾ ഒരിടത്ത് കെട്ടിയിടാനുള്ളതാണ് ;വ്യാഖ്യാനങ്ങളും ഭാവനകളുമാണ് അതിൽ നിന്നു മോചിപ്പിക്കുന്നത്. ഭാവനകൾ പക്ഷേ ,ഏകപക്ഷീയവും വ്യക്തി കേന്ദ്രീകൃതവുമാണ് .വാക്കുകൾ അപരനിൽ ,മനസുകളിൽ സൃഷ്ടിക്കുന്ന നിറവ്യത്യാസങ്ങൾ ഒരു  സമൂഹത്തിനാകെ ലഭിക്കുകയില്ല;
അത് ഓരോ വ്യക്തിയിലുമാണ് ഉണ്ടാകുന്നത് .ഞാൻ ആകാശത്തിന്റെ നിറത്തിൽ വിശ്വസിക്കുന്നു എന്ന് ഒരാൾ പറഞ്ഞാൽ അത് ഒരു സമൂഹത്തിനാകെ ഒരുപോലെ മനസ്സിലാവുകയില്ല. കാരണം, അത് ഒരു വെറും വസ്തുതയല്ല ;അതിൽ വ്യക്തിപരമായ ഭാവന കലർന്നിരിക്കുന്നു .അത് കവിതയുടെ അന്തർലോകമാണ്. അതിന് വ്യക്തിഗതമായ, നിശ്ചിതമായ അർത്ഥം പോലുമില്ല. ചില അവ്യക്തതകളാണ് വാക്കുകളിലൂടെ പകരുന്നത്. പറയുന്ന ആളിന് പോലും വ്യക്തതയില്ലെങ്കിലും വാക്കുകൾ വന്നുകൊണ്ടിരിക്കും. വാക്കുകളുടെ അർത്ഥമോ വ്യാഖ്യാന മോ ഏതാണ് ശരിയെന്ന ചിന്ത ബാക്കിയാണ്. ചിലപ്പോൾ വ്യാഖ്യാനിച്ചു കഴിയുമ്പോൾ അർത്ഥം തന്നെ ഇല്ലാതാകും .ഇന്ന് എല്ലാവരും വ്യാഖ്യാതാക്കളാണ്. അതിലൂടെ  സൃഷ്ടിക്കപ്പെടുന്നത് സിന്തസിസ് അല്ല; ആൻ്റിതീസിസ് ആണ്. എതിരഭിപ്രായങ്ങൾ നമ്മൾ തന്നെയാണ്. അഭിപ്രായവും എതിരഭിപ്രായവും നമ്മളിലുണ്ട്. 

'ദൈവത്തെ അനുഭവിക്കാനുള്ള വഴി ഇതാണ്: ഏറ്റവും ഉന്നതമായ ചിന്ത, വ്യക്തമായ വാക്ക്, മഹത്തായ വികാരം എന്നിവയിലൂടെ ദൈവത്തെ അറിയാം. ഉന്നതമായ ചിന്തയിൽ സന്തോഷമുണ്ടാകും. വ്യക്തതയുള്ള  വാക്കുകളിൽ സത്യമുണ്ടാകും . മഹത്തരമായ വികാരത്തിൽ  സ്നേഹമാണുണ്ടാവുക'.

ഞാനാരാണ് എന്നതിൻ്റെ  അടിസ്ഥാനത്തിലാണ് എനിക്ക് ഉയർന്ന ചിന്തയും വാക്കും വികാരവും ആവശ്യമായി വരുന്നത്. ഞാനെന്തുകൊണ്ട് അത് ആഗ്രഹിക്കുന്നുവെന്ന പ്രശ്നമുണ്ട്. ചിലപ്പോൾ അതൊന്നും തേടുന്നില്ലെങ്കിൽ നമുക്ക് കിട്ടുന്ന സന്തോഷം വ്യത്യസ്തമായിരിക്കും. സന്തോഷം വേണ്ടെന്നു  തീരുമാനിക്കുന്നവരുണ്ട്. അവർ സന്ദേഹവും ദുഃഖവുമായിരിക്കും മുഖ്യമായി കാണുക. അത് അനുഭവിക്കാൻ അവർ കിട്ടാവുന്ന എല്ലാ മാർഗ്ഗങ്ങളും തേടുന്നു. അവർ ഏറെക്കുറെ വൈകാരികവും ബുദ്ധിപരവുമായ പ്രതിരോധശേഷി നേടുന്നത് ഈ വികാരങ്ങളെ ചേർത്തു നിർത്തുമ്പോഴായിരിക്കും.




'നിങ്ങളുടെ ലോകം ഇങ്ങനെ ആയിരിക്കില്ലായിരുന്നു ,നിങ്ങൾ നിങ്ങളുടെ അനുഭവത്തെ വെറുതെ ഒന്ന് നിരീക്ഷിച്ചിരുന്നെങ്കിൽ .അനുഭവത്തെ ശ്രദ്ധിക്കാതിരിക്കുന്നതിൻ്റെ ഫലം  അത് വീണ്ടും ജീവിക്കേണ്ടി വരുമെന്നതാണ് '.

മനസ് ഒരു അന്യഗ്രഹജീവിയാണോ ?

സ്വയം നിരീക്ഷിച്ചാൽ ദൈവം പുറത്ത് വരുമെന്നാണ് ദൈവം വാൽഷിനോട് പറയുന്നത്. സ്വയം മറയ്ക്കുന്ന കരിമ്പടമാകാതിരിക്കൂ .മനസ് ഇരുട്ടാണ് ,ചിലപ്പോഴെങ്കിലും . എവിടെയാണ് മനസ്സുള്ളതെന്ന് പോലും മനസിനറിയില്ല. മനസ്സ് ഒരു അന്യഗ്രഹ ജീവിയാണോ ?അന്യഗ്രഹജീവിയായതുകൊണ്ടാകാം  ആത്മവിനാശകരമായി തീരുന്നത്. ഈ സന്ദേശം ഞാൻ സംവത്സരങ്ങളായി നിങ്ങൾക്ക് നല്കുകയാണ്. നിങ്ങൾ അത് ശ്രദ്ധിക്കണമെന്നില്ല. നിങ്ങൾക്ക് ഒരു സ്വതന്ത്ര മനസ്സ് നല്കിയിട്ടുണ്ട് .അത് നിങ്ങളിൽ നിന്നും ആരും തിരിച്ചെടുക്കുകയില്ല. ദൈവത്തിൻ്റെ ഉറപ്പ് വാൽഷ്  മനസ്സിലാക്കുന്നുണ്ട്. പക്ഷേ, മാനവ വംശം അതിനു തുനിയുന്നില്ല. മഹാഋഷികളും ജ്ഞാനികളും പരാജയപ്പെട്ടിടത്ത് നമ്മൾ വിജയിക്കാൻ ശ്രമിക്കുന്നത് നല്ല ലക്ഷണമാണ്. എന്തുകൊണ്ടാണ് യേശുദേവനും ശ്രീബുദ്ധനും നമ്മെ സ്വാധീനിക്കാൻ കഴിയാതെ പോയത്? മാനവൻ ആരുടെയും പാത പിന്തുടരുന്നില്ല. മനസ്സിനെ പിന്തുടർന്ന് എന്താണ് സംഭവിക്കുന്നതെന്ന് പഠിക്കൂ എന്ന സന്ദേശം ഒരാളെയും സ്വാധീനിക്കുന്നില്ല. മനസ്സിൻ്റെ തെറ്റായ നിർദ്ദേശങ്ങൾ അതേപടി കേട്ട് അബദ്ധങ്ങളിൽ എത്തുന്നു .മനസ് ഒരാളിലിരുന്നു തെറ്റായി ഡ്രൈവ് ചെയ്യുകയാണെങ്കിൽ ,അത് വേറെ ഏതോ ഗ്രഹത്തിൽ നിന്നു വന്ന  മെഷീൻ ആയിരിക്കാം.

'എല്ലാ വ്യക്തികളും വിശേഷബുദ്ധിയുള്ളവരാണ് .എല്ലാ നിമിഷങ്ങളും സൗവർണമാണ്. മറ്റൊന്നിനേക്കാൾ മെച്ചമല്ല .ഒരു പ്രത്യേക വ്യക്തിയോ, പ്രത്യേക സമയമോ ഇല്ല. ചിലർ ധരിക്കുന്നത്  ദൈവം വിശേഷപ്പെട്ട ആളുകളുമായി  പ്രത്യേകമായി സംവദിക്കുന്നു എന്നാണ്. ഇത് ഭൂരിപക്ഷം പേരെയും എന്നിൽ നിന്നും അകറ്റി കളയുന്നു'.

ദൈവത്തിന് ആരും തന്നെ തിരഞ്ഞെടുക്കപ്പെട്ടവരല്ല .മനസ്സ് ഒരു യന്ത്രമായി നിൽക്കുമ്പോൾ അതിനു  സ്വയംബോധം സാധ്യമാകില്ല. എന്നാൽ മനസ്സ് ദൈവത്തിൻ്റെ ദൂത് ഏറ്റെടുക്കുകയാണെങ്കിൽ സ്വന്തം തെറ്റുകൾ കണ്ടെത്താനും ക്ഷമിക്കാനുമാവും .അവനവൻ്റെ തെറ്റുകളിലാണ് ഉരുകേണ്ടത്. അപ്പോൾ മറ്റുള്ളവരുടെ തെറ്റുകൾ മനസ്സിലാകും. അത് ക്ഷമിക്കാവുന്നതാകും .മറ്റുള്ളവരുടെ ചെറിയ തെറ്റുകൾക്കു പോലും  പരിഹാരം തേടി കോടതികളിലേക്ക് പോകുന്നവർ സ്വയം ജയിക്കാനുള്ള മാർഗങ്ങൾ നഷ്ടപ്പെട്ടവരാണ്. ക്ഷമിക്കാൻ പറയുന്നവരുടെ വലിയ മാനസികസംസ്കാരം ആർക്കറിയാം?

'ദൈവത്തെ തനിരൂപത്തിൽ കാണണമെന്ന് ആവശ്യപ്പെടുമ്പോൾ കിട്ടുന്ന ഉത്തരം ഇതാണ്: നിങ്ങൾക്ക് എവിടെയും എന്നെ കാണാം .എനിക്ക് പ്രത്യേക രൂപമോ ആകൃതിയോ ഇല്ലാത്തതുകൊണ്ട് ആ തനിരൂപത്തിൽ പ്രത്യക്ഷപ്പെടുക അസാധ്യമാണ്. നിങ്ങൾക്ക് മനസ്സിലാകുന്ന ഒരു രൂപമേ എനിക്ക് സ്വീകരിക്കാനാവുകയുള്ളൂ .എന്നാൽ ഇതിൻ്റെ അടിസ്ഥാനത്തിൽ എനിക്ക് ഈ ഒരേ ഒരു രൂപമേയുള്ളൂവെന്ന് പലരും വിചാരിക്കും'.

ദൈവം എന്ന വ്യക്തിയെ തേടുന്നവർ പ്രതീക്ഷിക്കുന്നത് കഥകളിലെപോലെ മനുഷ്യരൂപത്തിലുള്ള പ്രത്യക്ഷതകളാണ്. എന്നാൽ ഇവിടെ ദൈവം പറയുന്നു തനിക്ക് നിശ്ചിത രൂപമില്ലെന്ന്. മനുഷ്യൻ്റ മനസിലുള്ള ദൈവത്തിന് ഏതു രൂപവുമാകാം. അത് നമ്മുടെ മുന്നിലേക്ക് വരുന്നത് പല കാലങ്ങളിൽ പലരായിട്ടാണ്.
പൂക്കളിൽ നോക്കിയാൽ ദൈവം ചിരിക്കുന്നത് കാണാമെന്ന് കവി ഖലിൽ ജിബ്രാൻ പറഞ്ഞത് ശ്രദ്ധേയമാകുന്നത് ഇവിടെയാണ്. അർദ്ധരാത്രിയിൽ വിജനമായ ഒരിടത്ത് ഒറ്റപ്പെട്ടുപോകുന്ന ഒരാൾക്ക് ഒട്ടും പ്രതീക്ഷിക്കാതെ ഒരു വാഹനം സഹായഹസ്തം നീട്ടുന്നുവെന്ന് ചിന്തിക്കുക .അയാൾ അതിൽ കയറി ലക്ഷ്യസ്ഥാനത്ത് എത്തുന്നു. യുക്തിയിൽ ചിന്തിച്ചാൽ നമുക്ക് എത്താൻ കഴിയുന്ന ദൂരം യാദൃശ്ചികമായി സംഭവിച്ചതാണ് .ആ വാഹനം അതിലെ അപ്പോൾ വന്നു എന്ന് മാത്രം. എന്നാൽ ആലംബമില്ലാതെ നിന്ന വ്യക്തിയുടെ  കാര്യത്തിൽ വലിയൊരു വിമോചനമാണത്. അയാൾക്ക് രക്ഷപ്പെടാൻ വാഹനമാണ് വരേണ്ടത്. അയാൾ അത് ശരിക്കും ആഗ്രഹിച്ചു; വാഹനം വന്നു. ദൈവത്തിന് ആ രൂപത്തിലല്ലേ വരാനൊക്കൂ. ദൈവം പലപ്പോഴും പലതാണ് .മനസ്സിലെ ചിന്തകൾ മാറുന്നതിൽ പോലും അതുണ്ട്. എന്തുകൊണ്ടാണ് പ്രാർത്ഥനകൾക്ക് ഉത്തരം ലഭിക്കാത്തത് ? പ്രാർത്ഥിക്കുന്നതോടെ  ചോദ്യങ്ങൾ മാറി എന്ന് കരുതുന്നവർ ഏറെയാണ്. ദൈവത്തിൽ താൻ വിശ്വസിക്കുന്നതുകൊണ്ട് ദൈവം തന്നിലും വിശ്വസിക്കട്ടെയെന്ന് കരുതുന്നവരുണ്ട്. അവർ ദൈവത്തെ പ്രാർത്ഥന കൊണ്ട് പരീക്ഷിക്കുകയാണ് .ദൈവത്തിൻ്റെ  ധാർമ്മികതയിൽ ഇറങ്ങി കളിക്കുകയാണവർ .ദൈവത്തിൻ്റെ മൂല്യത്തിൽ നിലനിൽക്കുകയാണ്. സ്വന്തം മൂല്യത്തിൽ നിലനിൽക്കുമ്പോഴാണ് ദൈവമുള്ളത്. ദൈവത്തിൻ്റെ മൂല്യത്തിൽ നിൽക്കുമ്പോൾ നമ്മുടെ ഈഗോ മാത്രമാണുള്ളത്.

'പ്രാർത്ഥന തീക്ഷ്ണമായ ഒരു പ്രസ്താവനയാണ്. ഏത്  പ്രാർത്ഥനയും സർഗാത്മകമാണ്. എത്രത്തോളം അത് തീക്ഷ്ണമായി സത്യമായിരിക്കുന്നുവോ അത്രത്തോളം അത് നിങ്ങളുടെ അനുഭവങ്ങളിൽ തെളിഞ്ഞു വരും'.

പ്രാർത്ഥിക്കുമ്പോഴുള്ള ഊർജം 

പ്രാർത്ഥന ഒരു ശുദ്ധീകരണവുമാണ്. അത് ചുറ്റുമുള്ളതിനെയെല്ലാം  ശാന്തമാക്കുകയാണ്. പ്രാർത്ഥിക്കുന്ന വേളയിൽ നമ്മുടെ വ്യക്തിപരമായ ഉൽക്കർഷങ്ങളും തെറ്റിദ്ധാരണകളും  ദുഷിച്ച വികാരങ്ങളും ദുഷ്ചിന്തകളും കൊഴിഞ്ഞു പോകണം. നമ്മൾ ഇല്ലാത്ത അവസ്ഥയിലാണ് കണ്ണിൽനിന്ന് ജലം സ്വാഭാവികമായി വരുന്നത്. ആ കണ്ണുനീർ സാക്ഷ്യമാണ്. നമ്മുടെ തെറ്റുകൾ സ്വയം  വിലപിക്കുന്നതിന്റെ ലക്ഷണമാണത്.  പ്രാർത്ഥിക്കുമ്പോഴുള്ള ഊർജ്ജം സ്വാഭാവികമായുണ്ടാകണമെങ്കിൽ വ്യക്തിപരമായതെല്ലാം ആ സമയം ഉപേക്ഷിക്കണം.

'പ്രാർത്ഥന ശരിയാകണമെന്നില്ല. അത് നമ്മുടെ തീക്ഷ്ണമായ ചിന്തയാകണമെന്നില്ല .അതിന് പിന്നിൽ നിയന്ത്രിക്കുന്ന മറ്റൊരു ചിന്തയുണ്ടാകാം. നിങ്ങൾ യാചിക്കുമ്പോൾ ,അത് അനുഭവിക്കാനുള്ള സാഹചര്യം തീരെയില്ല. ഓരോ പ്രാർത്ഥനയുടെ പിറകിലും മറ്റൊരു ശക്തി  നിയന്ത്രിക്കാനുണ്ടാകും .യാചിക്കുമ്പോൾ നിയന്ത്രിക്കുന്നത് ആ സ്പോൺസറിങ് ചിന്തയാണ്. സ്പോൺസറിംഗ്‌ ചിന്തയെ മറികടന്ന് ദൈവത്തെ അറിയുമ്പോഴാണ് പ്രാർത്ഥന ഫലിക്കുന്നത് ". 

പ്രാർത്ഥന യുക്തിയുടെ ഫലമായുണ്ടാകുന്നതിനെയാണ് ദൈവം ചൂണ്ടിക്കാണിക്കുന്നത്. പ്രാർത്ഥന മനസിൽ നിന്നായിരിക്കില്ല വരുന്നത്; അത് ഭൗതികമായ ദുരാഗ്രഹങ്ങളിൽ നിന്നോ അപരന്മാരെ ദ്രോഹിക്കാനുള്ള വാസനയിൽ നിന്നോ കാപട്യത്തിൽ നിന്നോ ആയിരിക്കാം. അതെല്ലാം പല രീതിയിൽ വിഷമാണ് കൊണ്ടുവരുന്നത്. അതുകൊണ്ട് തന്നെ പ്രാർത്ഥന ഒരു മൽപ്പിടുത്തമോ , ശകാരമോ ,മത്സരമോ ആകുന്നു . അത് സ്പോൺസറിംഗ് എന്ന നിലയിൽ മനസിലെ മറ്റൊരു ചിന്തയുടെ ഫലമാണ്; പ്രാർത്ഥിക്കുമ്പോൾ ചിലത്  ഇല്ലാതാകുന്നു. അതുവരെ പുറത്തേക്ക് ചാടാൻ വെമ്പി നിന്ന ആഗ്രഹങ്ങളുടെ  വ്യാഘ്രങ്ങൾ പ്രാർത്ഥനയുടെ സ്വര പ്രളയത്തിൽ മയങ്ങിപ്പോകുന്നു. പ്രാർത്ഥന ഏറ്റവും അഗാധമായ മനസ്സിൽ നിന്ന് ഉണ്ടാവുമ്പോൾ അതിനു ബലം കൂടുന്നു; അത്  പ്രാർത്ഥിക്കുന്ന ആൾ തന്നെയായി മാറുന്നു. അതുകൊണ്ട് പ്രാർത്ഥന തന്നെ ഇല്ലാതാവുന്നു. 

 

'പ്രാർത്ഥന ലളിതമാകുന്നത്  അതിൻ്റെ ആവശ്യം തന്നെ ഇല്ലെന്ന് മനസ്സിലാക്കുമ്പോഴാണ്. പ്രാർത്ഥന ഒരു  നന്ദി പ്രകാശനമാണ്; അപേക്ഷയല്ല'.

പ്രാർത്ഥിക്കുന്നത് ദൈവത്തോടൊപ്പമാണ്; ദൈവത്തിൻ്റെ  മുന്നിലല്ല .ദൈവം തന്നെയായിരിക്കുന്നതിലൂടെ വസ്തുവും മനസ്സും തമ്മിലുള്ള വ്യത്യാസം ഇല്ലാതാവുന്നു .അപ്പോൾ അത് അപേക്ഷയല്ല,അറിവാണ്. പ്രാപഞ്ചിക പൊരുളിനു നേർക്കുള്ള ഒരു മനുഷ്യാത്മാവിന്റെ ഏറ്റവും അഗാധമായ നിശബ്ദതയാണ് സംവേദനമായി രൂപപ്പെടുന്നത്. വാസ്തവത്തിൽ ,ദൈവം പ്രാർത്ഥന കേൾക്കുന്നേയില്ല ; കാരണം ,ദൈവം തന്നെയാണല്ലോ അത്യുന്നതമായ അവസ്ഥയിൽ പ്രാർത്ഥന നടത്തുന്നത്.  ആത്മസംവേദനങ്ങൾ ഉള്ളിൽ തന്നെ ഉത്ഭവിച്ചു പിരിയുന്നു. അത് മനുഷ്യവ്യക്തിയെ കൂടുതൽ ഏകാഗ്രമാക്കുകയും അവൻ്റെ  മനോത്വരകളെ ഊർജ്ജപ്രവാഹമാക്കുകയും ചെയ്യുന്നു. അതിലൂടെ അവന്  പ്രാപഞ്ചികശക്തികളുടെ ആകർഷണം ലഭിക്കുന്നു .ഇരുട്ടിൽ കുറെ നേരം നോക്കിക്കൊണ്ടിരിക്കുമ്പോൾ ചിലതെല്ലാം തെളിഞ്ഞുവരുന്നതു പോലെ തോന്നും. ദൈവം നമ്മിലുള്ള ഒരു കാണിയാണ് ,ശ്രോതാവാണ് .ചിലപ്പോൾ നമ്മൾ ആ കാണിയിൽ നിന്ന്, ശ്രോതാവിൽ നിന്ന് അകന്നു പോകുന്നു. അപ്പോഴാണ് അപേക്ഷയും  യാചനയുമുണ്ടാകുന്നത്. ആ കാണയിലേക്ക്, ശ്രോതാവിലേക്ക്  അടുത്തുവരുമ്പോൾ ദൈവം മറ്റൊരു അസ്തിത്വമല്ലാതാകും. 

'ദൈവം എല്ലാ പ്രാർത്ഥനകളും കേട്ട് അതിനെല്ലാം ഉത്തരം തരാനിരിക്കുന്ന ഒരു വ്യക്തിയാണെന്ന് കരുതുന്നുണ്ടെങ്കിൽ നിങ്ങൾക്ക് തെറ്റി ; ദൈവം നിരീക്ഷകനാണ്, സ്രഷ്ടാവല്ല. ദൈവം നിങ്ങളെ സഹായിക്കാനായി നിൽക്കുന്നുണ്ട്. പക്ഷേ, അത് നിങ്ങൾ വിചാരിക്കുന്ന പോലെയല്ല'.

തൊട്ടടുത്തുള്ള ദൈവത്തെ നമുക്ക് കാണിച്ചു തരുന്ന പുസ്തകപരമ്പരയാണ് വാൽഷിൻ്റേതാണ്. ഇവിടെ ഭക്തിയോ, ആരാധനയോ ഒന്നുമല്ല അന്വേഷിക്കുന്നത്. സമീപത്തുള്ള ദൈവത്തെ നമ്മുടെ ഉള്ളിൽ കണ്ടെത്താമെന്നാണ് .ദൈവത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് വ്യവസ്ഥാപിത മതങ്ങൾ നല്കുന്ന  ഉത്തരങ്ങൾ നമുക്ക് മുന്നിലുണ്ട്. എന്നാൽ വാൽഷ് അതിനെ തന്റെ അന്ത:കരണത്തിലെ വെളിപാടിലൂടെ സ്വതന്ത്രമായ സൗന്ദര്യമായി ആവിഷ്കരിക്കുന്നു.

'ദൈവത്തിൻ്റെ ജോലിയല്ല ,നിങ്ങളുടെ സാഹചര്യങ്ങളും വ്യവസ്ഥകളും സൃഷ്ടിക്കുന്നതും  സൃഷ്ടിക്കാതിരിക്കുന്നതും -ദൈവം നിങ്ങളെ സൃഷ്ടിച്ചു;ദൈവശക്തിയുപയോഗിച്ച്  നിങ്ങൾ മറ്റെല്ലാം സൃഷ്ടിക്കുന്നു.  ദൈവം നിങ്ങൾക്ക് സ്വതന്ത്രമായി തിരഞ്ഞെടുക്കാനുള്ള ശക്തി നൽകിയിട്ടുണ്ട്'.

ഒരസ്ത്രം പായുന്നത് വേറൊരു ആകാശത്തിലല്ല 

നമ്മുടെ ചിന്തകളുടെ സൃഷ്ടിയായിട്ടാണ് നമ്മൾ തന്നെ രൂപാന്തരപ്പെടുന്നത്. സ്വതന്ത്രമായ വ്യക്തികളെന്ന നിലയിൽ നമ്മുടെ പെരുമാറ്റങ്ങളുടെ ഉത്തരവാദിത്വം നമ്മളിൽ തന്നെയാണ്. അതിൻ്റെ  പ്രത്യാഘാതങ്ങൾ നമ്മുടെ തന്നെ ഭാഗമായി മാറുന്നു. തൊടുക്കുന്ന അസ്ത്രങ്ങൾ നമ്മളിലേക്ക് തന്നെ തിരിച്ചുവരുകയാണ്. കാരണം, തൊടുത്തതിന്റെ ഉത്തരവാദിത്വം നമുക്കാണല്ലോ .ഒരസ്ത്രം പായുന്നത് വേറൊരു ആകാശത്തിലല്ല; അത് തൊടുക്കുന്നവന്റെ സ്വാതന്ത്ര്യം എന്ന ആശയത്തിലാണ് .

'നിങ്ങൾ വിഭാവനം ചെയ്തു കൊണ്ടു നടക്കുന്ന ജീവിതത്തിൽ എനിക്കൊന്നും ചെയ്യാനില്ല'.ദൈവത്തിനു മാത്രമേ ഇത്രയും സത്യസന്ധമാകാനാകൂ .അസ്ത്രങ്ങൾ തൊടുക്കുന്നവന്റെ ഉത്തരവാദിത്തമാണ് അതിൻ്റെ  പരിണാമത്തിൽ എന്തു സംഭവിച്ചു എന്നുള്ളത് .അവൻ മാത്രമാണ് അതേറ്റെടുക്കേണ്ടത്. ഒരാൾ തൻ്റെ  ജീവിതത്തെ യഥാർത്ഥമായല്ലല്ലോ കൊണ്ടുനടക്കുന്നത്. അത് നിറയെ ഭാവനയാണ്. അയാൾ തന്നിൽ നിന്നു  വേറിട്ട് നിർമ്മിച്ചെടുക്കുന്ന ഭാവനകൾ. അതിനെ അടിസ്ഥാനപ്പെടുത്തി  അയാൾ സൃഷ്ടിക്കുന്ന വ്യാജവും പ്രലോഭനങ്ങൾ നിറഞ്ഞതുമായ ഛായകൾ അവനെ മറ്റൊരാളാക്കുന്നു. ഇതെല്ലാം ദൈവത്തിൻ്റെ ബുദ്ധികൊണ്ട്, അതായത് ബാഹ്യമായ ഒരു വ്യക്തിയുടെ തലത്തിലിരുന്നുകൊണ്ട് ദൈവം തീരുമാനിക്കുന്നു എന്നു പറയുന്നതിലെ  യുക്തിരാഹിത്യമാണ് വാൽഷിന്റെ പുസ്തകത്തെ ദീപ്തമാക്കുന്നത്. 

'നിങ്ങളെ എപ്പോഴും ദൈവം ശ്രദ്ധിച്ചു കൊണ്ടിരിക്കുന്നുവെന്നുള്ള ധാരണയാണ് ഏറ്റവും വലിയ മിഥ്യ'.
കുട്ടികളെ കളിക്കാൻ വിടുമ്പോൾ അവർ ഏത് കളി തിരഞ്ഞെടുക്കുമെന്ന് പറയാനാവില്ല. എന്നാൽ അവർക്ക് വന്നുചേരുന്ന അനുഭവങ്ങളെപ്പറ്റി നിങ്ങൾ ബോധവാനാണ്. കളിയിൽ കുട്ടികളെ നയിക്കുന്നത് അവർ തന്നെയാണ്. അവരെ പുറമേ നിന്ന് വീക്ഷിക്കാനാവും മറ്റുള്ളവർ ശ്രമിക്കുക. ഉള്ളിൽ തന്നെയുള്ള ദൈവത്തിൻ്റെ കളിയാണ് മനുഷ്യൻ കളിക്കുന്നത്.ആ ദൈവത്തിന്റെ തിരഞ്ഞെടുപ്പ് ഓരോ വ്യക്തിയിലും നിക്ഷിപ്തമാണ്. അബോധത്തിൽ ദൈവം പ്രവർത്തിക്കുമ്പോൾ നമ്മൾ അതനുസരിക്കുകയാണ് ചെയ്യുന്നത്. എന്നാൽ ദൈവം എല്ലാത്തിന്റെയും അന്തിമഫലം നോക്കിയിരിക്കുന്നില്ല. കാരണം ,അത് നേരത്തെ നിശ്ചയിച്ചതാണ്. അന്തിമഫലം  സംശയാസ്പദമാണെന്ന് ചിന്തിക്കുന്നത് മറ്റൊരു വലിയ മിഥ്യയാണ്'.

അന്തിമഫലം നേരത്തെ നിശ്ചയിക്കപ്പെടാൻ കാരണമെന്താണ്? എത്രവട്ടം നാം സ്വയം തിരുത്തിയാലും നമുക്ക് എത്തിച്ചേരാനുള്ള ഇടം നേരത്തെ നിശ്ചയിച്ചതു തന്നെയാണ്. കാരണം, അബോധത്തെ മാറ്റാനാവില്ല .വീണ്ടും വീണ്ടും മനുഷ്യൻ നിയുക്തനാകുന്നത് അവൻ്റെ  അബോധത്തിൻ്റെ ,അല്ലെങ്കിൽ അവൻ എന്താണെന്നതിന്റെ പരിണാമത്തിലേക്ക് തന്നെയാണ്. അതുകൊണ്ട് വീണ്ടും വീണ്ടും തിരഞ്ഞെടുക്കപ്പെടുന്നത് അന്തിമമായ ഭുധികാലത്തെയാണ് നിശ്ചയിക്കുന്നത്.

'അന്തിമഫലത്തെക്കുറിച്ചുള്ള സംശയം ദൈവത്തെ സംശയിക്കാനിടയാക്കുന്നു.  ദൈവത്തെ സംശയിച്ചാൽ നിങ്ങൾക്ക് ഭയത്തിലും കുറ്റബോധത്തിലും കഴിക്കേണ്ടി വരും'.

ദൈവത്തെ സംശയിക്കുന്നത് ഉദ്ദേശിച്ച ഫലം കിട്ടാതെ വരുമ്പോഴാണ്.ജിദ്ദു കൃഷ്ണമൂർത്തി പറയുന്നുണ്ട് ,മനസിൽ നിന്ന് ഭയം മാറി നിന്നാലേ ദൈവത്തെ തേടാനാവൂ എന്ന് .ഉദ്ദേശിക്കപ്പെടുന്ന ഫലം ഒരു ഭാവനയായിരിക്കാം. പക്ഷേ, അവിടെ നമ്മളുണ്ടാകുന്നത് നമ്മുടേത് മാത്രം സമസ്യയാണ് .ഫലം തരാൻ വേണ്ടി സമ്മർദ്ദമനുഭവിക്കേണ്ട ആവശ്യം ദൈവത്തിനില്ല .അത് നമ്മുടെ ഉത്ക്കണ്ഠയാണ്. നമ്മൾ ഫലത്തിൽ മാത്രമാണ് വിശ്വസിക്കുന്നത്. ദൈവത്തെ സംശയിക്കുമ്പോൾ നമ്മുടെ പ്രവൃത്തികളെ തന്നെയാണ് സംശയിക്കുന്നത് .നാം തന്നെയാണല്ലോ ആ ദൈവത്തെ  സൃഷ്ടിച്ചത്.

'ദൈവത്തെ സംശയിക്കുകയാണെങ്കിൽ, പിന്നെങ്ങനെ സമാധാനം കിട്ടും?'

ദൈവവുമായി അകലുന്നതിന്റെ സൂചനയാണ് സന്ദേഹവും ഭയവും. സ്വന്തം പ്രവൃത്തികളിലുള്ള ദൃഢനിശ്ചയങ്ങളും പ്രതീക്ഷകളുമാണ് ദൈവത്തെ ഉറപ്പിക്കുന്നത്.നമ്മുടെ തെറ്റുകൾക്ക് മേൽ തീർച്ചയായും അതിനെ പിന്തുണയ്ക്കുന്ന ഒരു ദൈവമുണ്ടാകാം. അത് നമ്മുടെ ബോധങ്ങളുടെ ആകത്തുകയാണ്. പതിറ്റാണ്ടുകളായി തെറ്റുകൾ ചെയ്ത് , ദ്രോഹം ചെയ്ത് അതിൽ അഭിരമിക്കുന്നുവന് എങ്ങനെയാണ് അതിൽ നിന്ന് മാറി മറ്റൊരു ദൈവത്തെ മുഖാമുഖം കാണാനാവുക?പ്രാർത്ഥനകളിൽ തൻ്റെ പ്രവൃത്തികൾക്ക് പിന്തുണ നല്കിയ ദൈവത്തെയായിരിക്കും അവൻ വാഴ്ത്തുക. 'നിങ്ങൾ ഭയത്തിലും സംശയത്തിലും ജീവിക്കാതെ, ബുദ്ധനെ പോലെ, മറ്റ് പുണ്യവാളന്മാരെ പോലെ ജീവിക്കുക'.ഭയവും സംശയവും സ്വാർത്ഥമായ ചില  ലക്ഷ്യങ്ങളിൽ നിന്നാണ് ഉണ്ടാവുന്നത്. എന്നാൽ ദൈവത്തെ ഭയമില്ലാതെ ജീവിച്ച ബുദ്ധൻ ,ക്രിസ്തു തുടങ്ങിയ മഹാമനസ്സുകൾക്ക് ദൈവത്തെ തങ്ങളുടെ തന്നെ ഒരു കണ്ണാടി ബിംബമാക്കാൻ കഴിഞ്ഞു. അവരിൽ നിന്ന് വേർപെട്ട് അവർക്ക് വേറൊരു ദൈവമില്ല. അതുകൊണ്ട് ദൈവത്തെ അവർ ഭയപ്പെടുന്നില്ല. സംശയിക്കാൻ ഒന്നും തന്നെയില്ല.

ചിതറി വീഴുന്ന മഞ്ചാടിക്കുരുക്കളിൽ

ജീവിതത്തിൽ നാം മുന്നോട്ട് പോകാനാണല്ലോ ആഗ്രഹിക്കുന്നത്. ആരെയും ദ്രോഹിക്കാതെ  രാഷ്ട്രങ്ങളും പുരോഗതി ആഗ്രഹിക്കുന്ന മതങ്ങളും  സംഘടനകളുമുണ്ട്. അതിന് ആവശ്യമായ ഒരുക്കങ്ങൾ സാധ്യമാക്കുന്നതിനാണ് തന്റെ പുസ്തകമെന്ന് വാൽഷ് പറയുന്നുണ്ട്.
God will not condemn us no matter what we choose എന്ന് പറയുന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ് .പക്ഷേ, എന്ത് തെരഞ്ഞെടുക്കും? നമ്മൾ തിരഞ്ഞെടുക്കുന്ന വസ്തുവിന് എന്തെങ്കിലും മൂലമുണ്ടോ ? എന്തെങ്കിലും ഉൾക്കാഴ്ച ,ഉണർവ്വ്  നവീകരിച്ച ആഗ്രഹങ്ങൾക്ക്  വേണ്ടിയുള്ള ഒരു മിന്നൽ, ഈ  ജീവിതത്തിൽ ഫലവത്തായ എന്തെങ്കിലും മാറ്റം അതു കൊണ്ടുവരുന്നുണ്ടോ എന്നാണ്  നോക്കേണ്ടത് .

യഥേഷ്ടം തിരഞ്ഞെടുക്കാനുള്ള  സ്വാതന്ത്ര്യമുള്ളപ്പോൾ അവനവൻ്റെ  ബോധഘടനയനുസരിച്ച് പലതിലേക്ക് ആകർഷിക്കപ്പെടുന്നു. സ്വാതന്ത്ര്യത്തിന്റെ ഫലം അനുഭവിക്കേണ്ടത് മറ്റാരുമല്ല .എന്ത്  തിരഞ്ഞെടുക്കണമെന്ന് തീരുമാനിക്കപ്പെടുന്നത് ബോധഘടനയിലാണ്. അതിൻ്റെ സ്വാഭാവികമായ വഴികൾ മാത്രമേ തുറക്കപ്പെടുകയുള്ളൂ. ദൈവത്തെ നാം തന്നെ നിർവ്വഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്നത് നമ്മുടെ മൂല്യബോധം അനുസരിച്ചാണ്. ആ മൂല്യം എന്താണ്? അത് ലോകത്തിന് എന്തെങ്കിലും പ്രയോജനം ചെയ്യുന്നതാണോ ?അല്ലെങ്കിൽ ലോകത്തെ വെറുക്കുന്നതാണോ? വെറുപ്പുകൊണ്ട് വിജയങ്ങൾ ഉണ്ടാക്കാമെന്ന് തെളിയിക്കപ്പെടുകയാണെങ്കിൽ, അതിന് പറ്റിയ വിധത്തിൽ ദൈവം രൂപീകരിക്കപ്പെടുന്നു. 

ഒരു കൈപ്പിടിയിൽ നിറച്ചു വച്ചിരിക്കുന്ന മഞ്ചാടിക്കുരുകൾ തുറസ്സായ ഒരിടത്തേക്ക് എറിഞ്ഞാൽ ഓരോന്നും എങ്ങനെ വിന്യസിക്കപ്പെടുമെന്ന് പറയാനാവില്ലല്ലോ. ഓരോ കുരുവും എത്ര അകലത്തിൽ വീഴുമെന്ന കാര്യത്തിൽ യാതൊരു നിയമവും ബാധകമായിരിക്കില്ല. ദൈവത്തിന് അതിൻ്റെ അകലം നിശ്ചയിച്ചു തരേണ്ടതില്ല .അത് ദൂരേക്ക് എറിഞ്ഞപ്പോൾ ഉണ്ടായിരുന്ന  മാനസികാവസ്ഥയ്ക്ക് അനുസരിച്ചായിരിക്കും അതിലെ ഊർജ്ജം നിശ്ചയിക്കപ്പെടുക. അതിന്റെ അടിസ്ഥാനത്തിൽ കുരുക്കൾ ദൂരേക്ക് വീഴാം .അത് ആന്തരികമായ ഒരു പ്രാപഞ്ചിക വ്യവസ്ഥയുടെ ഭാഗമായി കണ്ടാൽ മതി.

'ഏറ്റവും എളുപ്പത്തിൽ ദൈവത്തെ അറിയാനുള്ള വഴി വാൽഷ്  കണ്ടെത്തുന്നു. പരസ്പരം കണ്ടെത്തുക .നമ്മൾ പരസ്പരം ഒളിപ്പിക്കാതിരിക്കുക. അതോടൊപ്പം നമ്മളിൽ നിന്ന് തന്നെ സ്വയം ഒളിപ്പിക്കരുത്'.

പരസ്പരം കണ്ടെത്തുന്നതിന് മുൻപേ നാം സ്വയം ആരായണം. സ്വന്തം തെറ്റുകൾ കണ്ടെത്താൻ മാത്രമുള്ള വിവേകം എപ്പോഴെങ്കിലും നേടാനായോ ? സ്വയം തൊടുത്തു വിട്ട  ഒരു അമ്പ് എന്നതിനപ്പുറം?. എന്തിനാണ് അമ്പു തൊടുത്തത്? എവിടേക്കാണ് അത് സഞ്ചരിക്കുന്നത്, അതിൻ്റെ പരിണാമം എന്തായിരിക്കും തുടങ്ങിയ കാര്യങ്ങൾ ഒരിക്കലെങ്കിലും അന്വേഷിച്ചിട്ടുണ്ടോ? നമ്മുടെ വാക്കുകൾ എവിടേക്കാണ് അനാഥമായി സഞ്ചരിക്കുന്നത്? അമ്പും വാക്കും ഒരുപോലെയാണ്. തൊടുത്തു കഴിഞ്ഞാൽ പിന്നെ അത് അനാഥമായി സഞ്ചരിക്കുന്നു, തിരിച്ചു വിളിക്കാനാവില്ല. അതിൻ്റെ ലക്ഷ്യം തെറ്റുകയോ ,ഉദ്ദേശ്യം അപകടകരമാകുകയോ ചെയ്യുമ്പോൾ മറ്റെവിടെയെങ്കിലും ഫലം അന്വേഷിച്ചു പോകേണ്ടതില്ല. അതിനെക്കുറിച്ച് വിചിന്തനം ചെയ്യുന്നത് തന്നെയാണ് ആത്മീയത .എന്തിനാണ് താൻ ഒരു വാക്ക് എടുത്ത് അസ്ത്രം പോലെ വിട്ടത് എന്ന് ചിന്തിക്കുന്നതോടെ, അതിൻ്റെ പേരിലുള്ള ദുഃഖം ഏറ്റെടുക്കുന്നതോടെ ,സ്വന്തം തെറ്റുകളെക്കുറിച്ച് ബോധവാനാകുന്നതോടെ കർമ്മത്തിൻ്റെ ആത്മീയമണ്ഡലമുണ്ടാകുന്നു. ഇങ്ങനെയാണ് ദൈവത്തെ സൃഷ്ടിക്കുന്നത്.സത്യം പറഞ്ഞാൽ നമുക്ക് സ്വയം ഒളിപ്പിക്കുന്നത് ഒഴിവാക്കാം'.

സത്യം പറയുന്നതോടെ ദൈവവും സത്യമുള്ളതാകും. ദൈവം നമ്മുടെ സത്യത്തെ ചക്രമായി ഉപയോഗിക്കുകയാണ്. ആ ചക്രത്തിൽ നമുക്കും ദൈവത്തിനും ഒരേസമയം സഞ്ചരിക്കാം. നമ്മുടെ ചക്രങ്ങളുടെ വേഗത കൂടിയാൽ ദൈവവും അതിനൊപ്പം നിൽക്കും. വേഗത കുറഞ്ഞാൽ അതിനൊപ്പവും. എന്തുകൊണ്ട് വേഗം വേണം എന്ന് ചിന്തിക്കുന്നിടത്തും നമ്മുടെ ദൈവമുണ്ട്. ആ ദൈവത്തെ വേറെന്താണ് ബോധ്യപ്പെടുത്താനാവുക?. സ്വയം സത്യം പറയുക. തന്നോടു തന്നെ സത്യം പറയുക .സ്വന്തം സത്യം എന്താണെന്ന് സംശയമുള്ളവർ എങ്ങനെ സത്യം പറയും? സത്യത്തെ അസത്യമായും അസത്യത്തെ സത്യമായും വ്യാഖ്യാനിക്കാൻ കഴിവുള്ള മനസ്സിൽ നമ്മൾ തന്നെയാണുള്ളത് .
മനസ്സിൻ്റെ സിദ്ധികൾക്ക് അപ്പുറത്താണ് മിക്കപ്പോഴും സത്യം നിലനിൽക്കുന്നത്. സത്യത്തെ വ്യക്തിഗതമായ ആഗ്രഹങ്ങൾ ചേർത്ത്  വക്രീകരിക്കുകയാണ് ചെയ്യാറുള്ളത്. അതുകൊണ്ട് എല്ലാ സ്വകാര്യതകളും അസത്യമായി തീരുന്നു. ഭാവനകളായി മാറുമ്പോൾ അതിനു ചമൽക്കാരം കിട്ടുക സ്വാഭാവികമാണ്.ചമൽക്കാരമുള്ളതുകൊണ്ട് ഒന്നും സത്യമാകുന്നില്ല. കാണാൻ ഭംഗിയുള്ള ആകാശദൃശ്യങ്ങൾ ചിത്രകാരന്മാർക്കും  കവികൾക്കും വേറിട്ട ആശയങ്ങളും വികാരങ്ങളുമാണ് നല്കുക. എന്നാൽ അതൊന്നും സത്യമാകണമെന്നില്ല. വൈകാരികമായ മുഹൂർത്തങ്ങൾ മാത്രമാണ്.

കാക്കകൾക്ക് തുടർച്ചയായി വെള്ളം വച്ചു നോക്കൂ

'സ്വാതന്ത്ര്യത്തിലേക്ക് അഞ്ചു വഴികളാണ് .1)നിങ്ങളെക്കുറിച്ച് സ്വയം സത്യം പറയുക.2)മറ്റൊരാളെക്കുറിച്ച് നിങ്ങളോട് നിങ്ങൾ സത്യം പറയുക .3)നിങ്ങളെക്കുറിച്ച് മറ്റൊരാളോടു  സത്യം പറയുക.4 ) മറ്റൊരാളെക്കുറിച്ച് അയാളോട് സത്യം പറയുക. 5) എല്ലാറ്റിനെക്കുറിച്ചുമുള്ള സത്യം എല്ലാവരോടും പറയുക'.

സത്യത്തിലൂടെ സ്വതന്ത്രരാകാമെന്ന വലിയ മനുഷ്യത്വത്തിലേക്കാണ് വാൽഷ് എത്തുന്നത്. ഓഷോ പറഞ്ഞിട്ടുണ്ട് ,ദൈവമില്ല ,ദൈവികതയാണുള്ളതെന്ന് .എന്താണ് ദൈവികത ? സ്നേഹം ,സന്തോഷം ,സൗന്ദര്യം ,സർഗാത്മകത. പ്രകൃതിയിലുള്ള ഏതൊരു വസ്തുവിനെയും സ്നേഹിച്ചാൽ അത് തിരിച്ചു സ്നേഹിക്കാൻ തുടങ്ങും (മനുഷ്യനൊഴികെ).ഒരു ചാമ്പച്ചെടിയിൽ മൃദുവായി ഒന്നു തലോടി നോക്കൂ.അത് വളരാൻ ഉത്സാഹിക്കും. കാക്കകൾക്ക് തുടർച്ചയായി വെള്ളം വച്ചു നോക്കൂ .വെള്ളം നാം പിൻവലിച്ചാലും അവ നമ്മെ വിട്ടു പോകില്ല .എന്താണ് കാരണം ? സ്നേഹം .എന്താണ് ഈ സ്നേഹം ? ദൈവം തന്നെ .ജീവജാലങ്ങളെ കൂട്ടിയിണക്കുന്ന രസവിദ്യയാണത്. സത്യത്തെക്കുറിച്ചുള്ള അറിവ് നമ്മെ സ്വതന്ത്രരാക്കും. സത്യം കെട്ടുപാടുകളിൽ നിന്നാണ് മോചിപ്പിക്കുന്നത്. 
ബുദ്ധിസ്റ്റ് സെൻ കഥകളിൽ പറയുന്നുണ്ട് ,നിറഞ്ഞ ഒരു കപ്പിലേക്ക് വീണ്ടും വെള്ളമൊഴിക്കാൻ കഴിയാത്തതിനെപ്പറ്റി. മനസ്സ് നിറഞ്ഞിരിക്കുമ്പോൾ പുതിയതൊന്ന് സ്വീകരിക്കുന്നത് അസാധ്യമായിരിക്കും. മനസ്സിൽ കുറേഭാഗം ഒഴിച്ചിടേണ്ടതുണ്ട്.  എന്തായിരിക്കും ഒഴിച്ചിടേണ്ടത് ?എന്തും  ഉൾക്കൊള്ളാനുള്ള ഇടം .അന്ധവിശ്വാസങ്ങളും പിന്തുടർച്ചകളും ഉറച്ച ബോധ്യങ്ങളും   പാരമ്പര്യവുമെല്ലാമാണ് മനസ്സിൽ മറ്റൊന്നിനും ഇടം കൊടുക്കാത്ത വിധം വേലി കെട്ടി തടഞ്ഞു നിർത്തുന്നത്. 
ഒരു വിശ്വാസസംഹിതയുടെ  ഭാഗമാകുന്നതിനെ ആരും വിമർശിക്കേണ്ടതില്ല. എന്നാൽ മനസ്സിന് വളരേണ്ടതുണ്ട് .വേരുകൾ പടർത്താൻ മണ്ണ് വേണം. സൂര്യപ്രകാശം കിട്ടാനുള്ള ഇടം വേണം. ഒരു സ്വന്തം സൂര്യനെ ആവശ്യമാണ് .ചൂടും വെളിച്ചവ്യം വായുവും വെള്ളവുമെല്ലാം മനസിനും  വേണം.ഇരുണ്ട മുറികൾ ആപത്താണ്.
 
a


ദൈവവുമായി സംവാദം :'താങ്കൾ പറഞ്ഞു ,ഇന്ന് നിങ്ങൾ എടുക്കുന്ന തീരുമാനം മിക്കപ്പോഴും നാളെ എടുക്കുന്ന തീരുമാനമായിരിക്കില്ല എന്ന്. അതുകൊണ്ടെന്താ ,മനസിന് ഒരു മാറ്റവും വരുത്താതെ ജീവിക്കണമെന്നാണോ താങ്കൾ പറയുന്നത് ?'
ദൈവം പറഞ്ഞു : നിങ്ങൾ മനസ്സിലെ ചിന്തകൾ ആവശ്യം പോലെ മാറ്റിക്കൊള്ളുക. ഓർക്കുക , മനസ്സിലെ ഓരോ മാറ്റവും ആകെ പ്രപഞ്ചത്തിൻ്റെ ഗതിയിൽ ഒരു മാറ്റം സൃഷ്ടിക്കുന്നുണ്ട് .നിങ്ങൾ മനസ്സിൽ ഒരുക്കം നടത്തുമ്പോൾ, പ്രപഞ്ചത്തെ ഒരു കർമ്മത്തിലേക്ക് ആകർഷിക്കുകയാണ്. നിങ്ങളുടെ ഗ്രഹണ ശേഷിക്കപ്പുറമാണത്.  നിങ്ങളുടെ ഭാവനയ്ക്കപ്പുറത്താണത്.  വളരെ സൂക്ഷ്മവും സജീവവുമാണത്. അതൊരു പ്രക്രിയയുടെ ധാരയാണ്. സങ്കീർണമായ ഒരു ഊർജ്ജബലതന്ത്രമാണത്. അത് നിങ്ങൾ മനസ്സിലാക്കി തുടങ്ങുന്നതേയുള്ളു. ഈ ശക്തികളും പ്രക്രിയകളും പരസ്പരം പ്രതിപ്രവർത്തിക്കുന്ന അസാധാരണമായ ഒരു ശ്രംഖലയുടെ ഭാഗമാണ് ;ഇതു കൂടി ചേരുന്നതാണ് അസ്തിത്വത്തിൻ്റെ സാകല്യത. അതിനെയാണ് നാം ജീവിതം എന്ന് വിളിക്കുന്നത് '.

അപാരമായ ഒരു അപഗ്രഥനമാണ് വാൽഷിൻ്റെ ദൈവം അവതരിപ്പിക്കുന്നത് .പ്രപഞ്ചം ഒരു വ്യക്തിയെയോ സംഭവത്തെയോ പ്രതീക്ഷിക്കുന്നില്ല. പ്രപഞ്ചത്തെ നമ്മളാണ് വികസിപ്പിക്കുന്നത്. ഒരു മുട്ട താഴെയെറിഞ്ഞു പൊട്ടിച്ചാൽ, പിന്നീടത് മുട്ടയല്ല, വേറൊരു അവസ്ഥയാണ്. മുട്ടയായിരിക്കുന്ന അവസ്ഥയിൽ നിന്ന് അത് ചിതറിയ അവസ്ഥയിലേക്ക് രൂപാന്തരപ്പെട്ടു. അതോടെ പ്രപഞ്ചം വികസിച്ചു. കാലം വളർന്നു .കാരണം, ചിതറിയ മുട്ടയുടെ ഭാഗങ്ങൾക്ക് തിരിച്ചു മുട്ടയിലേക്ക് പോകാനാവില്ല, കാലത്തിന് പിന്നോട്ട് പോകാൻ ഭൗതികമായി കഴിയാത്തതുപോലെ .പ്രപഞ്ചം പിന്നെ മറ്റൊന്നാണ്. മുട്ടയായിരുന്ന അവസ്ഥയില്ല. ചിതറിയ അവസ്ഥയിൽ  ലോകം മാറിയിരിക്കുന്നു .ഇതു തന്നെ മനസ്സിനും സംഭവിക്കുന്നു .ഒരാളെ പ്രേമിക്കുന്നതോടെ അതുവരെ ഉണ്ടായിരുന്ന പ്രപഞ്ചം വികസിക്കുകയാണ്.പുതിയൊരു ബന്ധം ഉണ്ടാവുകയാണ്. മനസ്സിൽ ഉണ്ടാകുന്ന മാറ്റങ്ങൾക്കനുസരിച്ച് നമ്മുടെ പ്രപഞ്ചം വളരുന്നു .പക്ഷേ, അത് നമുക്ക് തന്നെ എതിരാകാം.

'നിങ്ങൾ എടുക്കുന്ന തീരുമാനങ്ങൾ, ചലനങ്ങൾ നിങ്ങൾക്ക് തന്നെ പ്രയാസമുണ്ടാക്കാം. അതുകൊണ്ട് ഒന്നിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് നല്ലത്'.

പല വിധ കാര്യങ്ങളിൽ ഒരുപോലെ ഇടപെടാനാവില്ല. പലതിൽ ശ്രദ്ധ വികേന്ദ്രീകരിക്കുമ്പോൾ ഒന്നിനോട്  പ്രത്യേക ശ്രദ്ധ ഉണ്ടാവില്ല .അതോടെ എല്ലാം തുല്യ അകലത്തിലാകുന്നു .അടുത്ത് നില്ക്കുന്നത് ഇല്ലാതാകുന്നത് ശൂന്യതയാണ് .അത് നിർവ്വികാരതയും അകൽച്ചയുമാണ് .ലോകം ചുരുങ്ങുകയാണപ്പോൾ . ലോകത്തിൻ്റെ ഏതു ധാരയിലേക്ക്  നമ്മൾ ആകർഷിക്കപ്പെടും? ഗതിമാറാൻ സ്വയം ഒരുക്കുന്ന വഴികൾ തന്നെയാണത്. മനസ്സിലെ ചിന്തകൾ മാറുന്നതിനനുസരിച്ച് പുതിയ കർമ്മങ്ങൾക്കു ഉത്തരവാദിയാവുകയാണ്.
എന്താണോ നാം എന്ന പ്രശ്നം ,അത്  നിർവ്വചിക്കപ്പെടാനാവാത്ത വിധം കുഴഞ്ഞുമറിയുകയാണ്.'നിങ്ങൾ എന്തെങ്കിലും തിരഞ്ഞെടുക്കുകയാണെങ്കിൽ ,അതിൽ പൂർണമായി അർപ്പിക്കുക. സിംഗിൾ മൈൻഡഡ് (Single Minded)ആകുക'.

ഒരു കാര്യത്തിൽ തന്നെ പരമാവധി ശ്രദ്ധയും ശക്തിയും വിനിയോഗിക്കുകയാണെങ്കിൽ ഒരു നിയന്ത്രണാധികാരം മനസ്സിൽ വന്നുചേരും. മനസ്സിൻ്റെ ശക്തിയാണത്. മനസ്സ് ഈ പ്രപഞ്ചത്തിന്റെ ഒരു കേന്ദ്രമാണ്. ഒരു തുള്ളി വെള്ളത്തിൽ ഈ ഭൂമി എങ്ങനെയാണോ നിറഞ്ഞിരിക്കുന്നത്, അതുപോലെ മനസ്സിൽ ഈ പ്രപഞ്ചമാകെയുണ്ട്. മനസ്സുകൊണ്ട് നാം എന്തു ചെയ്യുമെന്നതാണ് പ്രശ്നം. മനസ്സിന് ഒരു വഴി തെളിഞ്ഞു കിട്ടാത്തത് അനേകം വഴികൾ സന്ദിഗ്ദ്ധത സൃഷ്ടിക്കുന്നതുകൊണ്ടാണ് .പല വഴികൾ കൂടിച്ചേരുന്ന ഒരു കവലയാണ് മനസ്സെങ്കിൽ, അതിൻ്റെ സന്ദിഗ്ദ്ധതകൾ ഏറെയായിരിക്കും. പല വഴികൾ ചിന്തകളായി ബുദ്ധിമുട്ടിക്കും .സംശയങ്ങൾ വർധിക്കും. ഒന്നും തന്നെ തിരഞ്ഞെടുക്കാനാവാതെ , ചിലപ്പോൾ, പരിക്ഷീണമാകാം . അത് പലരെയും തകർക്കുന്നു .അതിൽ നിന്ന് രക്ഷപ്പെടാനാണ് വിപാസന ധ്യാനം, അതരാക്സിയ (അലട്ടലിൽ നിന്നു അകലെ (Ataraxia)തുടങ്ങിയ സങ്കേതങ്ങൾ വികസിപ്പിച്ചിട്ടുള്ളത്. 
എല്ലാത്തിൽ നിന്നും വിട്ടു മാറി തന്നിലേക്കു തന്നെ കേന്ദ്രീകരിക്കുക. പുറത്തുള്ളതെല്ലാം പിന്തിരിപ്പിക്കുകയും ഭണ്ഡിപ്പിക്കുകയും ചെയ്യുകയാണ്. അതിൽ നിന്ന് രക്ഷ നേടാൻ എല്ലാവിഷ വിഷാദജ്വരങ്ങളിൽ നിന്നും അകലം പാലിക്കുക.

വ്യക്തി നിർമ്മിക്കുന്ന ട്രാഫിക്ക് 

'എന്തുകൊണ്ടാണ്  തീരുമാനങ്ങളെടുക്കാൻ കൂടുതൽ സമയം വേണ്ടി വരുന്നത്? ദൈവം പറയുന്നു :ഏറ്റവും നല്ലത് ഏതെന്ന്  കണ്ടുപിടിക്കാൻ നിങ്ങൾ കൂടുതൽ സമയം പാഴാക്കുന്നു. തിരച്ചിൽ സമയം പാഴാക്കുകയാണ് .സമയം കളയാതെ വേണം ചെയ്യാൻ. അതിനു നിങ്ങൾ മനസ്സിൽ നിന്നു പുറത്തു കടക്കണം. പെട്ടെന്ന് തീരുമാനങ്ങൾ എടുക്കാനാവും. തിരഞ്ഞെടുപ്പുകളും  അങ്ങനെതന്നെ. കാരണം, നിങ്ങളുടെ ആത്മാവ് വർത്തമാനത്തിന്റെ നിമിഷത്തിലും അനുഭവത്തിൽ നിന്ന് തിരഞ്ഞെടുക്കുന്ന പഴയകാലത്തിന്റെ പുനരാലോചനയോ വിശകലനമോ വിമർശനമോ ഒഴിവാക്കുന്നു .ഓർക്കുക ,നിങ്ങൾ  സൃഷ്ടിക്കുന്ന മനസ്സ് അതിനോട് പ്രതികരിക്കുന്നു '.

മനസ്സ് അതിൻ്റെ തന്നെ കർമ്മങ്ങളുടെ ഗുണിതങ്ങളിലേക്ക് എടുത്തെറിയപ്പെടുകയാണ്. അതിന്റേതായ യുക്തിയല്ലാതെ വേറൊന്നുമില്ല. ആ യുക്തി മിക്കപ്പോഴും സ്വയം ചതിക്കുന്നതാണ്. മനസിലെ യുക്തിക്ക് ഒരു കൂടാരത്തിലേ ജീവിതമേയുള്ളൂ. അത് മറ്റൊരു മനസ്സിൻ്റെ യുക്തിയുമായി പൊരുത്തപ്പെടുന്നില്ല. യുക്തിക്ക് വ്യക്തികളുടെ സ്വഭാവമാണുള്ളത്. അത് സ്വയം ധ്വംസിച്ചു കൊണ്ട് നിലനിൽക്കാൻ നോക്കുകയാണ്. ഒരാൾ സൃഷ്ടിക്കുന്ന സ്വന്തം പ്രതിബോധത്തെയാണ് അയാൾ തൻ്റേതെന്ന നിലയിൽ പിന്തുടരുന്നത്. 
അതുകൊണ്ട് തനിക്ക് എവിടെവച്ചാണ് തെറ്റ് പറ്റിയതെന്ന് വേർതിരിച്ചെടുക്കാനാവില്ല.

'ഈ നിമിഷം എന്നത് ദൈവം നിങ്ങൾക്ക് തന്നതാണ്. അതിനെക്കുറിച്ച് നിങ്ങൾ നേരത്തെ ഒരറിവ് നേടിയിട്ടില്ല. ഇതാണ് തൽസമയ അനുഭവമെന്ന് പറയുന്നത്. നിങ്ങൾ അതിനെ  തേടുകയായിരുന്നെങ്കിലും അത് നിങ്ങളിലേക്കുള്ള യാത്രയിലായിരുന്നു'.

ഒരാളിലേക്ക് ദൈവം എത്തുന്നത് അയാൾ നിർമ്മിച്ച ട്രാഫിക്കിലൂടെയാണ്. അത് പലതരം കർമ്മശക്തികളാൽ നിശ്ചയിക്കപ്പെട്ടതാണ്. എന്നാൽ അതിൽ തന്നെ ഒരു വൈരുദ്ധ്യമുണ്ട്. തത്സമയ നിമിഷം നമ്മുടെ ചിന്തയിൽ ഉണ്ടായിരുന്നില്ല; നമ്മുടേതായിരുന്നെങ്കിൽ പോലും.നിങ്ങൾ ശരിക്കും ആരാണ്, തെറ്റുകളിൽ എന്തെല്ലാമാണ് എന്നുള്ള തിരച്ചിലിൻ്റെ പാതയിൽ ആത്മാവ് ഉൾക്കാഴ്ചയിൽ ശരിയായ സാഹചര്യവും സന്ദർഭവും തേടുകയാണ്. ആത്മാവ് അതിൻ്റേതായ ചില അന്വേഷണങ്ങളിൽ ഏർപ്പെടുന്നു.
അതിൻ്റെ ശുദ്ധവും പ്രാചീനവുമായ ഉറവിടത്തിലേക്ക് മടങ്ങുന്നതിനെക്കുറിച്ചറിയാൻ. അതിൻ്റെ ചില സൂചനകൾ നമുക്ക് ലഭിക്കുന്നുണ്ട്, തിരിച്ചറിയാറില്ലെങ്കിൽ പോലും. വലിയ തീരുമാനങ്ങളിലും ചിന്തകളിലും ഇടപെടുമ്പോൾ സ്വയമൊന്നു തിരയുന്നത് നല്ലതായിരിക്കും. ആത്മാവ് നിങ്ങളോടു വികാരങ്ങളിലൂടെ സംസാരിക്കുന്നുണ്ട്.  വികാരങ്ങളെ ശ്രദ്ധിക്കൂ .എല്ലായിടത്തും ദൈവികതയുടെ ശബ്ദം മുഴങ്ങുകയാണെന്ന് എമേഴ്സൺ പറഞ്ഞത് പ്രസക്തമാണ്. 

'ആത്മാവ് നിങ്ങൾക്ക് നല്കപ്പെട്ടിരിക്കുന്ന അപൂർവമായ നിമിഷം (ദൈവം നല്കിയത്) തിരിച്ചറിയുമ്പോഴാണ് ദൈവവുമായി ഒരു സംവാദമുണ്ടാക്കുന്നത്'.

വികാരങ്ങളെ വകവയ്ക്കാതെയും ജീവിക്കാം. മനസ്സിന്റെ യന്ത്രസംവിധാനത്തിലൂടെ എല്ലാത്തിനെയും ആരിച്ചുനോക്കി വികാരങ്ങളെ ഒഴിവാക്കാം. സാഹചര്യങ്ങളെ മനസ്സ് എങ്ങനെ വിശകലനം ചെയ്യുന്നുവെന്ന് മനസ്സിലാക്കി മുന്നേറാം. പക്ഷേ, സന്തോഷത്തിനു ശ്രമിക്കരുത്.  കാരണം, അത് യന്ത്രസമാനമായ ഒരു ജീവിതമാണ്. നിങ്ങൾ ശരിക്കും ആരാണ്?(Who you truly are) എന്ന ചിന്തയുടെ ആഘോഷം അവിടെയുണ്ടാവില്ല .ദൈവം ഓർമ്മിപ്പിക്കുന്ന ആഘോഷങ്ങൾക്ക് മനസ്സില്ല. യാഥാർത്ഥ്യം എന്താണെന്നറിയാൻ കൂടുതൽ സമയം എടുക്കേണ്ടി വരുന്നത് സത്യത്തെക്കുറിച്ച് അറിയാത്തതുകൊണ്ടാണ് .സത്യം നിങ്ങളെ സ്വതന്ത്രരാക്കാതിരിക്കില്ല . ചിന്തകളെ മനസ്സ് സൃഷ്ടിക്കുന്നതാണ്. എന്നാൽ വികാരങ്ങൾ യഥാർത്ഥമാണ്. വികാരങ്ങൾ ഒരിക്കലും നെഗറ്റീവല്ല, നാശോന്മുഖമല്ല .ശരിയായ പ്രേമം പുറത്ത് പറയുകയാണെങ്കിൽ പ്രതിലോമകരമായ ,വീഴുന്ന ഫലങ്ങൾ ഉണ്ടാകുന്നത് വിരളമാണ്.

'നിങ്ങൾക്ക് ലോകത്തെ മാറ്റണമെന്ന് ആഗ്രഹമുണ്ടോ? നിങ്ങളുടെ ലോകത്ത് മാറ്റങ്ങൾ ഉണ്ടാവണമെന്നുണ്ടോ?ഹിറ്റ്ലർ നിങ്ങൾക്ക് സുവർണ്ണമായ ഒരവസരം തന്നു. ഹിറ്റ്ലർ അനുഭവം ,ക്രിസ്തു അനുഭവം -അതിൻ്റെ സൂചനകളിൽ അഗാധമാണ്,നിങ്ങളെക്കുറിച്ച് അത് പകർന്നു തരുന്ന സത്യങ്ങളിലും.  ബൃഹത്തായ ബോധങ്ങൾ - ഹിറ്റ്ലറുടെ ,ബുദ്ധൻ്റെ ,കൃഷ്ണൻ്റെ,  യേശുവിൻ്റെ ,ചെങ്കിസ് ഖാൻ്റെ - നിലനിൽക്കുന്നത് അവരെക്കുറിച്ചുള്ള നിങ്ങളുടെ ഓർമ്മകൾ ജീവനോടെയിരിക്കുമ്പോൾ മാത്രമാണ്'.

സ്വന്തം വഴിയിൽ ദൈവത്തെ സൃഷ്ടിക്കുമ്പോൾ 

സത്യം പറയുമ്പോൾ മറ്റുള്ളവർ അത് എങ്ങനെ സ്വീകരിക്കുമെന്നതിൻ്റെ  ഉത്തരവാദിത്വം നിങ്ങൾക്ക് ഏറ്റെടുക്കാനാവില്ല. വിനിമയം ചെയ്യുന്നത് ശരിയായിരിക്കണം. ദയയോടെ ,പ്രേമത്തോടെ ,വൈകാരിക ക്ഷമതയോടെ ധീരമായി വികാരങ്ങൾ കൈമാറുകയാണ് വേണ്ടത്. യഥാർത്ഥ വികാരങ്ങളും ചിന്തകൾ ഉത്പാദിപ്പിക്കുന്ന വികാരങ്ങളുമുണ്ട്. ആദ്യത്തേത്  ആത്മാവിൽ നിന്നു വരുന്ന വികാരങ്ങളാണ്.അതാണ്  സത്യമായിട്ടുള്ളത് .ദൈവം ഇങ്ങനെ പറഞ്ഞു:'മനുഷ്യജീവികളുടെ ഏറ്റവും വലിയ വെല്ലുവിളി ഈ സമയത്ത് ഇവിടെ ആയിരിക്കുക (Be here now)എന്നുള്ളതാണ്. വേറെ യാതൊന്നും സൃഷ്ടിക്കരുത്. ഒരു നിമിഷത്തെക്കുറിച്ച് ഒരു ചിന്ത നിർമ്മിക്കാതിരിക്കുക,'.

ഒരു ചിന്ത മനസ്സിൽ വരുന്നതിനു മുന്നേ നിങ്ങൾ നിർമ്മിച്ച ചിന്തയുണ്ടല്ലോ ,അതാണ് ഒഴിവാക്കേണ്ടത്. ഈ നിമിഷത്തിലായിരിക്കുക. ഈ നിമിഷം വരുമ്പോൾ അതിന്റെ സ്വാഭാവികമായ സത്യത്തെ അറിയുന്നതിന് പകരം മുൻകൂട്ടി തീരുമാനിച്ച ചിന്തകളെ ആശ്രയിക്കുന്നത് തെറ്റ്.

'ഹിറ്റ്ലറുടെ ഒരു കണം  നിങ്ങളിൽ എല്ലാവരിലുമുണ്ട് ;അതിൻ്റെ അളവിലേ വ്യത്യാസമുള്ളു '.

എങ്ങനെ അത് ഒഴിവാക്കും?  ശരിയായ പാതയെക്കുറിച്ച് ബോധമുണ്ട്; പക്ഷേ, അതിലെ സഞ്ചരിക്കുകയില്ല .എന്നിട്ട് ദൈവത്തോട് പരാതി പറയുന്നു.  സ്വയം സൃഷ്ടിക്കുന്ന മിഥ്യയാണിത്. ഓരോ വ്യക്തിക്കും സ്വന്തം നിർമ്മിതിയുണ്ട്. ഓരോ വ്യക്തിയും സ്വന്തം വഴിയിൽ ദൈവത്തെ സൃഷ്ടിക്കുന്നു. ചിലർക്ക് ദൈവം ശക്തിയാണ്, വികാരമാണ്, പ്രേമമാണ്.

'ദൈവം പറയുന്നു: ഞാനാണ് നിങ്ങളുടെ ആദ്യത്തെ ചിന്തയുടെ ആരംഭം. ഞാനാണ് നിങ്ങളുടെ ചിന്തയുടെ അവസാനം. ഹിറ്റ്ലറെ ആരും അയച്ചതല്ല ;ഹിറ്റ്ലർ നിങ്ങളാൽ സൃഷ്ടിക്കപ്പെട്ടതാണ്. നിങ്ങളുടെ സമഷ്ടിയായ ബോധത്തിൽ (Collective Consciousness) നിന്നാണ് ഹിറ്റ്ലർ വരുന്നത്; അല്ലാതെ ഹിറ്റ്ലർക്ക് നിലനിൽക്കാനാവില്ല. അതൊരു പാഠമാണ്.'

ജീവിതം ഒരു തുടർപ്രക്രിയയാണ്. ചിന്ത മാറ്റാതിരിക്കാനുള്ള കഴിവാണ് ഗുരുക്കന്മാരുടെ രഹസ്യം. ഒരേ കാര്യത്തിൽ തന്നെ പിടിച്ചുനിർത്തുക. ചിന്തിക്കുന്നത് ,വികാരം കൊള്ളുന്നത്, പറയേണ്ടത് പുറത്തു കൊണ്ടു വരിക .ജീവിതം സൃഷ്ടിയുടെയും പുനസൃഷ്ടിയുടെയും പ്രക്രിയയാണ്. ആത്മാവ് സൃഷ്ടിക്കുന്നു ,മനസ്സ് പ്രതികരിക്കുന്നു. മനസ്സിനു ഉൾക്കൊള്ളാനാവാത്തത് ആത്മാവ് മനസ്സിലാക്കുന്നു .എന്താണ് ഏറ്റവും നല്ലത് ,ജയിക്കേണ്ടത് ആഗ്രഹിക്കേണ്ടത്  തുടങ്ങിയവയൊക്കെ മാറ്റിവയ്ക്കുക . എന്താണോ നിങ്ങൾ ,അത് ഫീൽ ചെയ്യുക .Start going with what feels like who you are .മനസ്സിൽ നിന്ന് പുറത്ത് കടന്ന്  ഇന്ദ്രിയങ്ങളിലേക്ക് മടങ്ങുക .സത്യം അറിയാനിടവന്നാൽ അതിനൊപ്പം ജീവിക്കുക. മുൻകാല അനുഭവങ്ങൾ സത്യത്തിന്റെ സൂചകമല്ല. അവിടെയുമിവിടെയും സത്യം സൃഷ്ടിക്കപ്പെടുന്നു. അത് വീണ്ടും അവതരിപ്പിക്കാവുന്നതല്ല. ഭൂതവും ഭാവിയും ചിന്തയിലേയുള്ളൂ. ഈ നിമിഷം മാത്രമേ യഥാർത്ഥത്തിലുള്ളു .

'വേർപെടുത്തലിൻ്റെ ,തനിച്ചാകലിൻ്റെ ,മേധാവിത്വത്തിന്റെ ബോധമാണ് 'ഹിറ്റ്ലർ അനുഭവ'മുണ്ടാക്കുന്നത്'.ഞങ്ങൾ എന്നത് അവർ ആകുന്നതാണ് കുഴപ്പം. കാലം നമ്മുടെ മനസ്സിൻ്റെ ഭാവനയാണ്. സംഭവിച്ചത് എന്താണോ അത് വീണ്ടും സംഭവിക്കുകയാണ്; അത് വീണ്ടും വീണ്ടും സംഭവിക്കും. ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നു. 

'കാലം ഒരു തുടർ പ്രക്രിയയല്ല .അത് ആപേക്ഷികതയുടെ ഘടകമാണ്. അത്  നിലനിൽക്കുന്നത് ലംബമായാണ്, തിരശ്ചീനമായല്ല'.




മഹത്തായ, ദിവ്യമായ സഹോദര്യം , ഐക്യം ,ഒരുമ ,നമ്മുടേതാണ്. നിങ്ങളുടേത്, എൻ്റേത്  എന്നതിനേക്കാൾ 'ക്രിസ്തു അനുഭവ'
മുണ്ടാക്കുന്നത് ഇതാണ്. എന്താണ് ദേജാവു ?ചിലരെ കാണുമ്പോൾ അവരെ നേരത്തെ കണ്ട് പരിചയമുള്ളതാണെന്നു തോന്നും .ദൈവം പറയുന്നു: 
'അത് വളരെ അതിശയിപ്പിക്കുന്ന ,മനോഹരമായ ഒരനുഭവമാണ്. സത്യമാണത്. നിങ്ങൾ എന്നും ഉണ്ടായിരുന്നു. ഇപ്പോഴുമുണ്ട്; എന്നുമുണ്ടായിരിക്കും. നിങ്ങൾ ഇല്ലാതിരുന്ന ഒരു സമയം ഒരിക്കലുമുണ്ടായിട്ടില്ല .അങ്ങനെയൊരു കാലം ഒരിടത്തുമില്ല'.വില്യം ബ്ളേക്ക് ഈ പ്രപഞ്ചത്തിൽ അറിഞ്ഞതിനും അറിയാത്തതിനും ഇടയിൽ ധാരാളം വാതിലുകളുണ്ടെന്ന് എഴുതുന്നത് ഇതിനു കൂടുതൽ അർത്ഥവ്യാപ്തി നല്കുന്നു. 

ഒരു വൃക്ഷവും വിത്തും ഒരുപോലെ സമ്പൂർണ്ണമാണ്. ഒരു കുട്ടിയും മുതിർന്നവനും ഒരുപോലെ പൂർണമാണ്. കാരണം, അതിനൊന്നും ചെയ്യാനാവില്ല; അതിനൊന്നും അറിയില്ല .അതുകൊണ്ട് അത് പൂർണ്ണമല്ലാതാകുന്നില്ല. 
വേദന നമ്മുടേതാകുമ്പോൾ (നിങ്ങളുടേതല്ല),സന്തോഷം നമ്മുടേതാകുമ്പോൾ (എൻ്റേതല്ല), ജീവിതാനുഭവമാകെ നമ്മുടേതാകുമ്പോൾ ,അന്തിമമായി ഇതാണ് സത്യം -ഇതാണ് സാകല്യമായ ജീവിതാനന്ദം .

ഈ ലോകത്തിൻ്റെ ഭ്രാന്തു പിടിച്ച സ്വഭാവം 

'എൻ്റേത് ഒരു പാരമ്യാവസ്ഥയാണ്. അവിടെ ഒരു വസ്തു മറ്റൊന്നിനോട് ബന്ധം പുലർത്തി നിൽക്കുന്നില്ല. എല്ലാം സ്വതന്ത്രമാണ്. ജീവിതം തുടരുകയാണ് ;മരണമില്ല. ജീവിതമാണുള്ളത്; നിങ്ങൾ രൂപം മാറുന്നു '.
Life goes on forever and ever. Life  is. You simply change form. രൂപം മാറുന്നോടെ അനന്തരഫലങ്ങൾ ഇല്ലാതാവുന്നു .പിന്നീട് അറിവ് മാത്രമേയുള്ളൂ. ഫലങ്ങൾ ആപേക്ഷികതയാണ് .അതിന് പരമാവസ്ഥയിൽ ഇടമില്ല. അത് രേഖീയ (Linear)മായ സമയത്തിലും അനുക്രമ(Sequential)മായ സംഭവങ്ങളിലുമാണ് ആശ്രയിക്കുന്നത്. അവസാനമാണ് നിങ്ങൾ അറിയുന്നത്, നിങ്ങളുടെ 'പിശാച്' നിലനിൽക്കുന്നില്ലെന്ന് .പുറംലോകം വിധി തീർപ്പിന്റെയും കുറ്റപ്പെടുത്തലിന്റെയും അനുഭവം നിറഞ്ഞതാണ് .നിങ്ങൾ ഭ്രാന്തമായി പെരുമാറാൻ കാരണം ഈ പുറംലോകത്തിന്റെ ഭ്രാന്തുപിടിച്ച സ്വഭാവമാണ്. നിങ്ങൾ എന്തെങ്കിലുമാണെന്ന ധാരണ ഉണ്ടായിരിക്കുന്നതിന് കാരണം ചുറ്റുമുള്ള ഭ്രാന്തുപിടിച്ച ലോകമാണ്.

'ക്രിസ്തുമാരും ഹിറ്റ്ലർമാരും ഇപ്പോഴുമുണ്ട്. ഇനിയും വരും. കരുതിയിരിക്കുക .ഉയർന്നതും തരംതാണതുമായ ബോധനിലവാരമുള്ളവർ  നിങ്ങൾക്കിടയിലുണ്ട്. നിങ്ങളെപ്പോലെ അവരും സഞ്ചരിക്കുന്നു. നിങ്ങളോടൊപ്പം കൂട്ടുന്നത് ആരെയാണ്'.

പുറംലോകം നിങ്ങളെ മൂല്യവിചാരണ ചെയ്യുന്നു. അതുകൊണ്ട് നിങ്ങൾ നിങ്ങളെയും മൂല്യവിചാരണ ചെയ്യുന്നു. പിന്നീട് ദൈവത്തോട് നിങ്ങളെ വിലയിരുത്തണമെന്ന് പറഞ്ഞാൽ ദൈവം അതിന് തയ്യാറാവുകയില്ല. കാരണം, മനുഷ്യനെപ്പോലെ പെരുമാറാത്ത ഒരു ദൈവത്തെ നിങ്ങൾക്ക് മനസ്സിലാക്കാൻ കഴിയുന്നില്ല . ദൈവശാസ്ത്രം എപ്പോഴും നിങ്ങളെ കണ്ടെത്താനുള്ളതാകണം .
ജീവിതം എന്താണ് ,എന്തിനാണ് ജീവിക്കുന്നത് എന്നൊക്കെയുള്ള ചിന്തകളാണ് നിങ്ങളെ മാറ്റിക്കൊണ്ടിരിക്കുന്നത്. ലക്ഷ്യങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുമ്പോൾ വിജയം ഉണ്ടാകണമല്ലോ .അപ്പോൾ നിങ്ങൾ ആ ലക്ഷ്യത്തിൻ്റെ ജീവിതമാണ് യാഥാർത്ഥ്യമാക്കാൻ തുനിയുന്നത്. 
അവിടെ നിങ്ങൾക്ക് ഇടമില്ല. യഥാർത്ഥ ദൈവശാസ്ത്രമായി പിന്തുടരേണ്ടത് മറ്റൊന്നാണ്. ഈ ജീവിതം ഒരു വിചാരണയാണ്, പരീക്ഷണമാണ്. ഒരു ചെറിയ കാലത്തേക്ക് നിങ്ങളെ ചില ഘട്ടങ്ങളിലൂടെ കടത്തിവിടുന്നു , മൂല്യമുണ്ടോ എന്നറിയാൻ .ഈ രീതി അവലംബിച്ചാൽ ബോധമുണ്ടാകും. 

'ഹിറ്റ്ലർ സ്വർഗ്ഗത്തിൽ പോയിട്ടുണ്ടാകുമോ ? ദൈവം പറഞ്ഞു: മരണം ഒരു അന്ത്യമല്ല ;അതൊരു തുടക്കമാണ് .അത് ഭീതിയല്ല, സന്തോഷമാണ്.അത് അടച്ചുകെട്ടലല്ല,  തുറന്നുപിടിക്കലാണ്'.

എന്നാൽ  ജീവിതം ഒരവസരമാണ്; പ്രക്രിയയാണ് .അതിലൂടെ നിങ്ങൾ കണ്ടെത്തുകയാണ്, നിങ്ങൾക്ക് മൂല്യമുണ്ടെന്ന്. ദൈവത്തെ അഹന്ത നിറഞ്ഞ ദൈവമാക്കരുത്. ആ ദൈവത്തിനു സ്തുതിയോ ,ശ്രദ്ധയോ, ആസ്വാദനമോ വാത്സല്യമോ വേണ്ട; ദൈവത്തിന് അഹന്തയോ ,ആവശ്യമോ ഇല്ല. ജീവിതത്തിൻ്റെ ഉദ്ദേശ്യം ദൈവത്തെ പ്രസാദിപ്പിക്കാനല്ല. ജീവിതലക്ഷ്യം എന്നു പറയുന്നത് അറിയലാണ്;പുനരുജ്ജീവനമാണ് - നിങ്ങൾ ആരെണന്ന്. ഇക്കാര്യത്തിൽ  ദൈവത്തെ സ്തുതിക്കാം. നമ്മുടെ ഉള്ളിലുള്ളതല്ലാതെ വേറൊരു യാഥാർത്ഥ്യമില്ലെന്ന് ഹെർമ്മൻ ഹെസ്സെ പറഞ്ഞത് ഈ വിഷയത്തിലേക്കാണ് ആഴ്ന്നിറങ്ങി പോകുന്നത്. എന്തുകൊണ്ടാണ് ഹിറ്റ്ലർ സ്വർഗ്ഗത്തിൽ പോയി എന്ന് പറയുന്നത്? നരകം എന്നൊന്നില്ല . അതുകൊണ്ട് അയാൾക്ക് അങ്ങനെയൊരു സ്ഥലത്ത് പോകേണ്ടതില്ല .അയാളുടെ പ്രവൃത്തികൾ തെറ്റായിരുന്നു - ബുദ്ധി വികസിക്കാത്ത ഒരാളുടെ പ്രവൃത്തികൾ. എന്നാൽ തെറ്റുകൾക്ക് ശിക്ഷ കൊടുക്കാത്തതുകൊണ്ടായില്ല. തിരുത്താനുള്ള അവസരമുണ്ടാകണം. മാറാനുള്ള സമയം വേണം. ഹിറ്റ്ലർ മുഖേന മരിക്കാനിടയായവർക്ക് അയാളുടെ തെറ്റുകൾകൊണ്ട് ഒന്നും സംഭവിച്ചില്ല. അവരുടെ ആത്മാവുകൾ ഭൂമിയിലെ കെട്ടുപാടുകളിൽ നിന്ന് മോചിതമായി .അടച്ചുകെട്ടിയ ഒരു പാത്രം ഉടഞ്ഞ് ജലം അതിൻ്റെ ആദിമഗേഹത്തിലേക്ക് മടങ്ങുന്ന പോലെ. 

'നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷം അത് അവസാനിക്കന്ന നിമിഷമായിരിക്കും. കാരണം ,അതവസാനിക്കുകയല്ല, മനോഹരമായ വഴികളിൽ മുന്നോട്ടു പോവുകയാണ്,സമാധാനവും അറിവും സന്തോഷവുമായി. അത് നിങ്ങൾക്ക് വിശദീകരിക്കാനും മനസ്സിലാക്കാനും  പ്രയാസമായിരിക്കും'.

HOME

No comments:

Post a Comment

നിരാസത്തിന്റെ തത്ത്വം /ഡോ.യാക്കോബ്‌ മാർ ഐറേനിയോസ്‌

  ശ്രീ. എം.കെ.ഹരികുമാറിന്റെ 'എന്റെ മാനിഫെസ്റ്റോ' വായിച്ചു തുടങ്ങിയപ്പോൾ ഇത്‌ ഏതോ ദുരൂഹതയുടെ ഗുഹാമുഖമാണെന്ന്‌ തോന്നിപ്പോയി. വായനപുര...