PART 2
അമെരിക്കൻ ദൈവചിന്തകനും ദാർശനികനുമായ നീലി ഡൊണാൾഡ് വാൽഷിൻ്റെ Conversations With God എന്ന പുസ്തക പരമ്പരയെ മുൻനിറുത്തി എം കെ ഹരികുമാറിൻ്റെ ചില മൗലിക നിരീക്ഷണങ്ങൾ .മെട്രോ വാർത്ത വാർഷികപ്പതിപ്പിൽ (2022) ഈ ലേഖനം പ്രസിദ്ധീകരിച്ചു
ഏതൊരു സമയവും വിശുദ്ധമാണ്
ലോകത്ത്
എന്തും നടക്കുന്നത് പൂർണ്ണതയോടെയാണ്. ദൈവം ഒരു തെറ്റും ചെയ്യുകയില്ല,
ദീർഘകാലത്തിൽ. എല്ലാത്തിലും പരമമായ പൂർണത കാണാനാവുമെങ്കിൽ (നിങ്ങളുമായി
ബന്ധമുള്ള കാര്യങ്ങളിലല്ല ) , വിയോജിക്കാൻ തോന്നുന്ന കാര്യങ്ങളിലും, എങ്കിൽ
നിങ്ങൾക്ക് ജ്ഞാനമുണ്ടെന്നു പറയാം .
ഏതൊരു സമയവും
വിശുദ്ധമാണ്. ഏതൊരു മിനിറ്റും പവിത്രമാണ്. അതുകൊണ്ട് സമയത്തിന്റെ
പ്രാധാന്യം മനസ്സിലാക്കുക. സമയം പാഴാക്കാതിരിക്കുക. സമയത്തെക്കുറിച്ചുള്ള
അവബോധം നമുക്കില്ല. നമ്മുടെ ധാരണ സമയത്തിൻ്റെ ഒരു വലിയ ഖനി
കൈയിലുണ്ടെന്നാണ് .എന്നാൽ ശുദ്ധവും പരിപാവനവുമായ സമയത്തിന് ഉറപ്പുമില്ല.
പോൾ ബ്രണ്ടൻ കണ്ടെത്തിയത് ഇതാണ് :നമ്മൾ നൈമിഷികമായ ബോധത്തിലേക്ക്
ചിതറിത്തെറിച്ച മനസിൻ്റെ ശകലങ്ങളാണ്.
മനുഷ്യൻ
ദൈവശാസ്ത്രമായി വികസിപ്പിച്ചിട്ടുള്ളത് തെറ്റായ കുറെ കാര്യങ്ങൾ
സ്ഥാപിക്കാനുള്ള പദ്ധതിയാണ് .ഭ്രാന്തമായ ബോധമുള്ള ഒരു ദൈവത്തെ
വിശദീകരിക്കാൻ വേണ്ടി ഭ്രാന്തുപിടിച്ച മാനവരാശി കണ്ടുപിടിച്ചതാണത്.
അങ്ങനെയൊരു ദൈവം നിലനിൽക്കുന്നില്ലല്ലോ .
സംഭവങ്ങളെ
പിശാചിന്റെയോ ദൈവത്തിൻ്റെയോ തലയിൽ വയ്ക്കാൻ നോക്കരുത് .സംഭവങ്ങൾ,
അനുഭവങ്ങൾ അതാതിൻ്റെ തലത്തിൽ മാത്രമാണുള്ളത്. ഒരു പന്ത് തറയിൽ ശക്തിയോടെ
എറിഞ്ഞാൽ അതിൻ്റെ സഞ്ചാരപഥവും പരിണാമവും നിശ്ചയിക്കുന്നത് ദൈവമല്ല ; അവിടെ
സൃഷ്ടിക്കപ്പെട്ട ഒരു വ്യവസ്ഥയുടെ ഫലമാണത്. ഓരോ സമയവും അതുല്യമാണ്. നമ്മൾ
അതിനെക്കുറിച്ച് എന്ത് ചിന്തിക്കുന്നു എന്നത് പ്രധാനമാണ്. അതിനോട്
പ്രതികരിക്കുകയാണല്ലോ ചെയ്യുക .അതാണ് അർത്ഥമുണ്ടാക്കുന്നത് .ബോധത്തിലൂടെ
സൃഷ്ടിക്കുന്നതാണ് സംഭവങ്ങളും അവസരങ്ങളും. ബോധമാണ് അനുഭവമുണ്ടാക്കുന്നത്.
നിങ്ങൾ ബോധത്തെ ഉണർത്താൻ നോക്കുകയാണ് .നിങ്ങളുടെ ലോകം അതിലെ അവസ്ഥകളും,
അവിടെ ജീവിക്കുന്ന എല്ലാവരുടെയും സംയുക്ത ബോധത്തിന്റെ ,സാകല്യമായ
ബോധത്തിന്റെ പ്രതിഫലനവുമാണ്. ചാറ്റിനും നോക്കുക ,പലതും പൂർത്തിയാക്കാതെ
അവശേഷിക്കുന്നു എന്നു കാണുകയാണെങ്കിൽ നിങ്ങളിൽ എന്തോ മാറ്റാനുള്ള ഊർജം
അവശേഷിക്കുന്നു എന്നാണർത്ഥം. നിലവിലുള്ള ലോകം കൊണ്ടു തൃപ്തിപ്പെട്ടാൽ
അതിനെ മാറ്റാനാവില്ല. നിങ്ങൾ ദൈവത്തെ കണ്ടെത്തുന്നതിനായി ഈ ലോകത്തെ
പരിവർത്തിപ്പിക്കേണ്ടതുണ്ട് .അതിലൂടെ നിങ്ങൾ ആരാണെന്ന് സ്വയം
മനസ്സിലാക്കാം.
'ജീവിതം
എന്നപോലെ എല്ലാറ്റിനെക്കുറിച്ചുമുള്ള അറിവ് ചാക്രികമാണ്.
പ്രപഞ്ചത്തെക്കുറിച്ചുള്ള അറിവ് നിങ്ങളെ സഹായിക്കും, നിങ്ങളുടെയുള്ളിലെ
പ്രപഞ്ചത്തെ അറിയാൻ'.
കൂടുതൽ
പേരും തൃപ്തി നേടുന്ന ഈ ലോകത്ത് വ്യത്യസ്തതകളെ അംഗീകരിക്കുന്നു
,ആദരിക്കുന്നു; എതിർ ശബ്ദങ്ങളെ എതിർത്തു തോല്പിക്കുന്നു. അധികാരമുള്ളവരും
അവരെ ആശ്രയിക്കുന്നവരും തൃപ്തരായ ഒരു ലോകത്ത് ശക്തിയുള്ളവർക്ക് മാത്രമേ
അതിജീവിക്കാനാവൂ .ശക്തിയാണ് ശരിയെന്ന് വരും. മത്സരം ആവശ്യമാകും.
ജയിക്കുന്നതാണ് ഏറ്റവും വലിയ നന്മയെന്നു പറയും.
'ചാക്രികമായാണ് ജീവിതം നീങ്ങുന്നത് .എല്ലാം ചാക്രികമാണ്'.
കൂടുതൽ
പേർക്കും തൃപ്തി ലഭിക്കുന്ന ഈ ലോകം തെറ്റുകാരെന്ന്
വ്യാഖ്യാനിക്കപ്പെടുന്നവരെ കൊന്നുകളയുന്നു ,പട്ടിണിക്കിടന്നു,
നശിപ്പിക്കുന്നു. ഉപരിവർഗം ചൂഷണത്തെ ന്യായീകരിക്കുന്നു .ഓരോന്നും
ചാക്രികമായി നീങ്ങുന്നു. ജീവിതത്തിന് സ്വാഭാവികമായ ഒരു താളമുണ്ട് .എല്ലാം ആ
താളത്തിനനുസരിച്ച് ചലിക്കുകയാണ്. എന്നാൽ സ്വന്തം സമ്പത്ത്, ജീവിത രതി
വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മാത്രം നീങ്ങുന്നവർ ഇത്
അലങ്കോലപ്പെടുത്തുന്നു. അവർ കോടിക്കണക്കിനാളുകളെ ചൂഷണം ചെയ്യുന്നു. എല്ലാ
പ്രവൃത്തികൾക്കും പിന്തുണ കൊടുക്കുന്നു. ഭൂമിയെ നശിപ്പിക്കാൻ അവർ
കൂട്ടുനിൽക്കുകയാണ് .ചെറിയ കാലഘട്ടങ്ങളിലെ നേട്ടങ്ങൾ ദീർഘകാലത്ത്
നഷ്ടമായിത്തീരുമെന്ന് അവർ അറിയുന്നില്ല.
സ്ത്രീയിലെ സംഗീതത്തിൻ്റെ ലയം
'സ്ത്രീകൾക്ക്
ജീവിതത്തിൽ താളത്തിനൊത്ത് നീങ്ങാനാവുന്നു, പുരുഷനേക്കാൾ. ആണുങ്ങൾ
തിരിമറികൾ നടത്താനും ചെറുക്കാനും ഒഴുക്കിനെ നിയന്ത്രിക്കാനും
ശ്രമിക്കുന്നു'.
യാതനകൾ
അവസാനിക്കുന്നില്ല. എന്താണ് കാരണം? ലോകത്തെ സംഘടിതമായ ബോധം ഭീഷണിപ്പെടുത്തി
നിർത്തിയിരിക്കുകയാണ് ,കുറച്ച് ആളുകളുടെ ക്ഷേമത്തിനു വേണ്ടി. വാൽഷിനോടു
ദൈവം ഇങ്ങനെ പറഞ്ഞു :The inability to experience the suffering of another
as one's own is what allows such suffering to continue. മറ്റൊരുവന്റെ
യാതന മനസ്സിലാക്കാൻ കഴിവില്ലാതിരിക്കുന്നതുകൊണ്ട് അത് തുടരുക തന്നെ
.വേർപെടുത്തി നിർത്തുന്നത് അസ്വാസ്ഥ്യമുണ്ടാക്കുന്നു. തെറ്റായ ഉൽക്കർഷതയാണ്
നല്കുന്നത്. ഒരുമ, ഐക്യം എന്നിവ അകന്നു നിൽക്കുകയാണ്. തെറ്റായ സംഘടിത
ബോധമാണ് ഹിറ്റ്ലറെ സൃഷ്ടിക്കുന്നത്.
'സ്ത്രീകൾ
ജീവിതത്തെ അതിൻ്റെ സ്വാഭാവികമായ ഒഴുക്കിൽ അനുഭവിക്കുന്നു. അതിൻ്റെ
രമ്യതയ്ക്കായി ജീവിതത്തെ വാർത്തെടുക്കുന്നു'. സരളവും സംയുക്തവുമായ
പ്രകൃതിയാണ് സ്ത്രീയിൽ നിറയുന്നത്. അമിതമായ ശക്തിയോ ,കഠിനമായ പ്രതികരണമോ
ഇല്ലാതെ തന്നെ സ്ത്രീക്ക് പ്രകൃതിയുടെ താളം പെട്ടെന്ന്
മനസ്സിലാക്കാനാവുന്നു. അവളിൽ സൃഷ്ടിയും പരിപാലനവും സജീവമാണ്. അവൾ സകല
വികാരങ്ങളുടെയും ഒരു സൃഷ്ടി വ്യവസ്ഥയാണ് .മഹാശക്തികളെ എതിർത്ത് തോല്പിക്കാൻ
ശ്രമിക്കാതെ അതിനോട് സ്ത്രൈണമായ ലയം സാധ്യമാക്കുന്നു .സ്ത്രീയിലെ
സംഗീതത്തിൻ്റെ ലയം പ്രപഞ്ച സംഗീതവുമായി ഒത്തു പോവുകയാണ്.
'ഒരു
സ്ത്രീ കാറ്റിൽ പൂക്കളുടെ രാഗം ശ്രദ്ധിക്കുന്നു .അദൃശ്യമായതിന്റെ
സൗന്ദര്യം ,അവൾ കാണുന്നു. ജീവിതത്തിലെ പിടിയും വലിയും ശാഠ്യങ്ങളും അവൾ
മനസിലാക്കുന്നു. ഓടേണ്ടത് എപ്പോഴാണെന്ന് അവൾക്കറിയാം. അതുപോലെ
വിശ്രമിക്കുന്നതും ചിരിക്കുന്നതും കരയുന്നതും പിടിക്കുന്നതും അയച്ചു
കൊടുക്കുന്നതും എപ്പോഴാണെന്ന് അവൾക്കറിയാം. അവൾ
പ്രപഞ്ചയുക്തിയെക്കുറിച്ചാണ് എപ്പോഴും ചിന്തിക്കുന്നത്. വാക്കുകൾക്കോ
ഭാഷകൾക്കോ വഴങ്ങാത്ത ആ യുക്തി സ്ത്രീയിൽ സ്ത്രൈണതയായി ഒഴുകുന്നു.
എല്ലാത്തിന്റെയും യുവത്വവും മൃദുത്വവും ആകർഷകത്വവുമാണ് സ്ത്രീ. ഈ ലോകത്ത്
ആകർഷകമായതിനെയെല്ലാം സ്ത്രൈണത എന്ന വിചിത്രരഹസ്യത്തിൽ പ്രകൃതി സമ്മേളനം
ചെയ്തിരിക്കുന്നു.
'മിക്കവാറും
സ്ത്രീകൾ സ്വന്തം ശരീരത്തെ കാത്തുസൂക്ഷിക്കുന്നു. പുരുഷന്മാർ ശരീരത്തെ
ഭീകരമായാണ് സമീപിക്കുന്നത്. ജീവിതത്തോടുള്ള സമീപനത്തിനും ഇത്
കാണാം'.സ്ത്രീക്ക് ഭാഷാതീതമായ സാരള്യതയാണുള്ളത്. അതവരുടെ ശരീരത്തിൽ വിലയം
പ്രാപിച്ചിരിക്കുകയാണ്. ഒഴുകുന്ന നദിയുടെ അടിയിൽ തെളിഞ്ഞു കാണാവുന്ന
ചരൽക്കല്ലുകൾ പോലെ സകലതിനെയും അവൾ ഉള്ളിൽ ദൃശ്യമാക്കുന്നു. അതിനെ ഇളക്കാനോ
അസ്ഥിരമാക്കാനോ അവൾ തുനിഞ്ഞേക്കില്ല .ചോദ്യങ്ങൾ ചോദിക്കുന്നതിന് മുമ്പേ
ദൈവം ഉത്തരം നല്കിയിരിക്കുന്നു. ഒരു കാലം ഒരിടത്തുമില്ല. എല്ലാം ഒരേസമയത്ത്
നിലനിൽക്കുകയാണ്. എല്ലാ സംഭവിക്കുന്നത് ഒരേ സമയത്താണ്. All things exists
simultaneously.എല്ലാം ഈ ലോകത്ത് ഉണ്ടായിരുന്നു .എപ്പോഴുമുണ്ട് ,
ഉണ്ടായിരിക്കും.
'നിങ്ങൾക്ക്
നിങ്ങളിൽ തന്നെ ഒതുങ്ങാനാവില്ല. കാരണം ,നിങ്ങൾ പ്രപഞ്ചത്തെ പോലെ
അനന്തമാണ്. നിങ്ങളുടെ അനന്തമായ ആത്മാവിനെക്കുറിച്ച് ഒരാശയം
കണ്ടുപിടിക്കാനാവും, ഭാവനയിലൂടെ'.
കാലത്തെക്കുറിച്ചുള്ള
ശരിയായ ധാരണ ഉണ്ടാകണമെന്നാണ് ഉദ്ബോധനം. എങ്കിൽ സമാധാനത്തോടെ ജീവിക്കാം;
നമ്മുടെ ആപേക്ഷികതയുടെ യാഥാർത്ഥ്യത്തിനുള്ളിൽ. അവിടെ കാലം ഒരു ചലനമാണ്.
അവിടെ ഒരു നിമിഷമേയുള്ളൂ .ഒരൊഴുക്കാണത് , സ്ഥിരമായതല്ല .It is you who are
moving, no time. നമ്മളാണ് ചലിക്കുന്നത്,കാലമല്ല. കാലത്തിനു ചലനമില്ല.
ഒരേയൊരു നിമിഷമേയുള്ളു .ഇതാണ് നിങ്ങളെ അറിയാനുള്ള മാർഗം. നമ്മുടെ കൈയിൽ
ഉള്ളത് മാറുന്ന ഒരു നിമിഷമാണ്. ഭൂതകാലം നഷ്ടപ്പെട്ടു. ഭാവി അനിശ്ചിതമാണ്.
വർത്തമാനമാകട്ടെ അതിവേഗം കൊഴിയുകയാണ്.
'അതിർത്തികളില്ലാത്ത
നിങ്ങൾ ഒരിടത്തും നിലനിൽക്കുന്നില്ല .കാരണം, ആത്മാവ് എല്ലായിടത്തുമുണ്ട്.
അത് എല്ലായിടത്തുമുണ്ടെങ്കിൽ അത് എവിടെയും ഭൗതികമായില്ല. കാലം
നിലനിൽക്കുന്നില്ല,നിങ്ങളുടെ മനസ്സിന്റെ നിർമ്മിതി എന്ന നിലയിലല്ലാതെ.
സംഭവിച്ചതെല്ലാം, ഇനി സംഭവിക്കാൻ പോകുന്നതും , ഇപ്പോൾ സംഭവിക്കുകയാണ്'
ഇതു മനസ്സിലാക്കാനുള്ള സിദ്ധി മാനസിക ഘടനയെ ആശ്രയിച്ചിരിക്കുന്നു. മനുഷ്യനു അതറിയാനുള്ള കഴിവുണ്ട്. ദൈവം അത് സാക്ഷ്യപ്പെടുത്തുന്നു:
'നിങ്ങളൊരു
ദിവ്യജീവിയാണ് ,ഒരേ സമയത്ത് തന്നെ ഒന്നിൽ കൂടുതൽ അനുഭവങ്ങൾ
ഉൾക്കൊള്ളാനാവും. നിങ്ങളുടെ മനസ്സിനെ എത്ര വ്യക്തികളായും വിഭജിക്കാൻ
കഴിയും'.
സെക്സ് എന്താണ് ?
ദിവ്യമായ
അതിശയങ്ങൾ എല്ലാ വ്യക്തികളിലും നിലീനമാണ്. ഒരേ ജീവിതം വീണ്ടും വീണ്ടും
ജീവിക്കാനാവും ,വിവിധ രീതികളിൽ .വിവിധ കാലങ്ങളിൽ വിവിധ ജീവിതങ്ങൾ
ജീവിക്കാനും നിങ്ങൾക്കാവും .നമ്മൾ രേഖീയമായ യാഥാർത്ഥ്യത്തിൽ മാത്രം
ജീവിക്കുന്നതുകൊണ്ടാണ് ഭൂതകാലം ,വർത്തമാനകാലം ,ഭാവികാലം എന്നിങ്ങനെയുള്ള
അനുഭവങ്ങൾ ഉണ്ടാകുന്നത്. നിങ്ങൾക്ക് ഒരു ജീവിതമാണുള്ളതെന്ന് ഭാവന ചെയ്യുക
;അല്ലെങ്കിൽ പലതുണ്ടെന്ന്. പക്ഷേ ,ഒരു സമയത്ത് ഒരു ജീവിതമേയുണ്ടാകൂ.
'ദൈവത്തിനു അസാധ്യമായ ഒരേയൊരു കാര്യമുണ്ട് - ദൈവമല്ലാതിരിക്കുക എന്നതാണത്.
ദൈവത്തിനു അതല്ലാതായിരിക്കാനാവില്ല. ദൈവത്തെ പോലെയല്ലാതെ അതിനു
നിലനില്പില്ല. ദൈവമല്ലാതെ അതിനു നിലനില്പില്ല .ഞാൻ എല്ലായിടത്തുമുണ്ട്.
അതുകൊണ്ട് എവിടെയുമില്ല. ഒരിടത്തല്ലാത്തതിനാൽ ഞാൻ എവിടെയാ?'.ഈ നിമിഷം
പാഴാക്കരുത്. ഇത് അസുലഭമായ ഒരു നിമിഷമാണ്. ജീവിതത്തിൻ്റെ എല്ലാ രഹസ്യങ്ങളും
അനാവരണം ചെയ്യാൻ ഈ നിമിഷത്തിനാവും .നമ്മൾ ആരാണെന്ന്
തീരുമാനിക്കുന്നിടത്താണ് നമ്മളെ ബാധിക്കുന്ന സത്യങ്ങൾ
വേർതിരിക്കപ്പെടുന്നത്. നമ്മുടെ മൂല്യങ്ങളും അങ്ങനെതന്നെ .പാപത്തിൽ നിന്നു
സന്തോഷം ലഭിക്കുകയാണെങ്കിൽ ആ മൂല്യമായിരിക്കും പ്രാബല്യം നേടുക.
'നല്ലത്,ചീത്ത
തുടങ്ങിയ കാഴ്ചപ്പാടുകൾ മാറിക്കൊണ്ടിരിക്കുകയാണ് ,എപ്പോഴും. വിവിധ
സംസ്കാരങ്ങളിൽ, കാലങ്ങളിൽ, മതങ്ങളിൽ ,ഇടങ്ങളിൽ അത് തന്നെ
സംഭവിച്ചിട്ടുണ്ട്. കുടുംബങ്ങളിലും വ്യക്തികൾക്കിടയിലും ഇതു സംഭവിക്കുന്നു.
ഒരു കാലത്ത് ആളുകൾ ശരിയാണെന്ന് വിശ്വസിച്ചിരുന്ന ആചാരങ്ങൾ ഇന്ന്
അങ്ങനെയല്ല'.ഭൂതകാലത്തെക്കുറിച് ചോ,ഭാവിജീവിതത്തെക്കുറിച്ചോ
,നിങ്ങൾക്ക് ലഭിക്കുന്ന സന്ദേശങ്ങളെ എങ്ങനെ വിശുദ്ധമായ ആത്മാവിൻ്റെ
അറിവിനും സൃഷ്ടിക്കും പുനർജീവനത്തിനും ആവിഷ്കാരത്തിനും അനുഭവത്തിനുമായി
ഉപയോഗിക്കാമെന്ന് ആലോചിക്കുക. എല്ലാവരും എല്ലാം സൃഷ്ടിക്കുകയാണ്. എല്ലാ
അനുഭവങ്ങളും നമ്മളിലുണ്ട്. അതുകൊണ്ട് നമ്മൾ എല്ലാവരും ഒന്നാണ്. നമ്മുടെ ഏകത
-There is only one of us .
സെക്സ്
എന്താണ് ? ദൈവത്തിൻ്റെ വിശദീകരണം : ആകർഷണത്തിൻ്റെ അനശ്വരമായ
പ്രകൃതിയാണത്. ജീവിതത്തെ നിറയ്ക്കുന്ന ഊർജത്തിന്റെ താളമാണത്. എല്ലാ
വസ്തുക്കളിലും ദൈവം ഒരു ഊർജ്ജം സന്നിവേശിപ്പിച്ചിട്ടുണ്ട്. അതിൻ്റെ
സിഗ്നലുകൾ പ്രപഞ്ചമാകെ പരക്കുകയാണ്. ഏതൊരു മനുഷ്യനും മൃഗത്തിനും
സസ്യത്തിനും കല്ലിനും മരത്തിനും - ഏതൊരു ഭൗതിക വസ്തുവിനും - ഇതു ബാധകമാണ്. ഈ
വസ്തുക്കൾ ഊർജം പുറത്തു വിടുന്നു;റേഡിയോ ട്രാൻസ്മിറ്റർ പോലെ. നിങ്ങൾ
ഇപ്പോൾ ഊർജം പ്രവഹിപ്പിക്കുന്നു ,നിങ്ങളുടെ അസ്തിത്വത്തിൻ്റെ കേന്ദ്രത്തിൽ
നിന്ന് എല്ലാ ദിശകളിലേക്കും .ഈ ഊർജം തരംഗങ്ങളായി മുന്നോട്ടു കുതിക്കുന്നു.
ഊർജം നിങ്ങളെ വിട്ടു ഭിത്തികളിലൂടെയും മലകളിലൂടെയും ചന്ദ്രനിലൂടെയും
കടന്നു പോകുന്നു. അതവസാനിക്കുന്നില്ല .നിങ്ങളുടെ എല്ലാ ചിന്തകളും ഈ ഊർജത്തെ
സ്വാധീനിക്കുന്നു. നിങ്ങൾ ചെയ്യുന്നതെന്തും ഇതിനെ ബാധിക്കും.
'ദൈവം
പറഞ്ഞു :നിങ്ങൾ ചിന്തിക്കുന്നുണ്ടോ ഭൂമിയിലെ ജീവിതം സ്വർഗ്ഗത്തിലെ
ജീവിതത്തേക്കാൾ നല്ലതാണെന്ന്. ? നിങ്ങളുടെ മരണസമയത്ത് ഏറ്റവും വലിയ
സ്വാതന്ത്ര്യവും സമാധാനവും സന്തോഷവും പ്രേമവും മനസിലാക്കും'.നിങ്ങളുടെ
എതിർവശത്ത് നിൽക്കുന്ന വ്യക്തിയും ഇതുപോലെ ഊർജം പ്രവഹിപ്പിക്കുന്നു.
നിങ്ങൾക്കിടയിൽ നിറയെ ഊർജമാണ്. നിങ്ങളുടെ രണ്ടുപേരുടെയും ഊർജകണങ്ങൾ
കെട്ടുപിണയുന്നു .നിങ്ങൾ ആഗ്രഹിക്കുന്നിടത്ത് മാത്രമേ സൗന്ദര്യം കാണൂ
.വൃത്തികേടും അതുപോലെതന്നെ. ഓരോ വ്യക്തിയും തൊടുക്കുന്ന ഊർജം
അന്തരീക്ഷത്തിൽ കെട്ടു പിണഞ്ഞ് മറ്റൊരു ഊർജമേഖല രൂപപ്പെടുത്തുന്നു. ഈ ഊർജ
ശ്രംഖലകൾ അസംഖ്യമാണ്. അത് പരസ്പരം ആകർഷിക്കപ്പെടുന്നു. ഇതാണ് ആകർഷണനിയമം
-Law of Attraction. ചിന്തകൾ ചിന്തകളെ ആകർഷിക്കുന്നു .ധാരാളം പേർ ഒരുപോലെ
ചിന്തിക്കുമ്പോൾ അതിനു കനം കൂടുന്നു .കൂട്ട പ്രാർഥനകൾക്ക് ശക്തി കൂടുതലാണ്.
ആഗോളാടിസ്ഥാനത്തിൽ ഭയത്തെയും കോപത്തെയും പുൽകുന്ന ബോധം
നിലനിൽക്കുകയാണെങ്കിൽ അതിൻ്റെ പ്രത്യക്ഷാനുഭവങ്ങൾ ഉണ്ടാകും .
'നിങ്ങൾ
ഇവിടെ ജനിച്ചത് എന്തെങ്കിലും പഠിക്കാനല്ല; ജീവിതം ഒരു പാഠശാലയല്ല. ഇവിടെ
നിങ്ങളുടെ ജീവിതലക്ഷ്യം പഠനമല്ല. ഇത് ഓർക്കണം .വിശാലമായ ചിന്തയിൽ, ജീവിതം
പല കാരണങ്ങളാൽ വെട്ടിച്ചുരുക്കപ്പെടുകയാണ്'. ഊർജത്താൽ
ആകർഷിക്കപ്പെടുകയും വേർപെടുത്തപ്പെടുകയുമാണ് എപ്പോഴും സംഭവിക്കുന്നത്.
ഇതാണ് ജീവിതത്തിലെ നൃത്തം. ജീവിതം ഇതിൽ തന്നെയാണ്. ഇതിൽനിന്ന് പുതിയ
അനുഭവങ്ങൾ ഉണ്ടാകുന്നു. ആകർഷണങ്ങൾ വിവിധ തലങ്ങളിൽ മുന്നേറുന്നതുകൊണ്ടാണ്
വികർഷണമുണ്ടാകുന്നത് ; ഋതുക്കളുണ്ടാകുന്നത്, നക്ഷത്രങ്ങൾ സഞ്ചരിക്കുന്നത്
...എല്ലാം ഇങ്ങനെയാണ് .
ഇരുട്ടിലേക്കുള്ള വെളിച്ചമാകുക
'ദൈവം
അനുവദിച്ചില്ലെങ്കിൽ നിങ്ങൾക്ക് ഒരു ചൂണ്ടുവിരൽ പോലും അനക്കാനാവില്ല'.
ഇരുട്ടിൻ്റെ അഭാവത്തിൽ വെളിച്ചമില്ല. ചെറുതിന്റെ അഭാവത്തിൽ വലുതില്ല .
വേഗത്തിന്റെ അഭാവത്തിൽ മന്ദതയില്ല. ദുഷിച്ചത് എന്ന് നിങ്ങൾ വിളിക്കുന്നത്
ഇല്ലെങ്കിൽ നല്ലതുമില്ല. അതുകൊണ്ട് യാതൊന്നിനെയും വിധിക്കാതിരിക്കുക.
ഇരുട്ടിലേക്കുള്ള വെളിച്ചമാകുക. നിങ്ങൾക്കുള്ളത് സ്വയം പ്രഖ്യാപിക്കാം.
സ്വയം നിറയ്ക്കാം. നിങ്ങൾ യഥാർത്ഥത്തിൽ ആരാണെന്ന് അറിയുക .മറ്റുള്ളവരെയും
നിങ്ങൾ അങ്ങനെ സമീപിക്കുക .പ്രാപഞ്ചിക ലോകങ്ങളിലെല്ലാം ബോധേന്ദ്രിയങ്ങളുടെ
ജീവികളുണ്ട്. അതിനെല്ലാം അവയുടെ യഥാർത്ഥ പ്രകൃതിയും തനിമയും
പ്രകടിപ്പിക്കാനുള്ള ആഗ്രഹമുണ്ട്.
'ദൈവം
പറഞ്ഞു: ഒരസുഖം മൂലം മരിക്കേണ്ടി വരുന്നത് 'തെറ്റാ'ണെന്ന് പറയാനൊക്കുമോ
?'പ്രാപഞ്ചിക ഉണ്മയുമായി ബന്ധം സ്ഥാപിച്ചിട്ടുള്ള വ്യക്തികളുണ്ട്. അവർ
ഒരിക്കലും ആക്രമണത്തിന് കൂട്ടുനിൽക്കുന്നില്ല .അവർ സ്നേഹത്തിൻ്റെ ഭാഷയാണ്
തേടുന്നത്. കാരണം ,പ്രപഞ്ചത്തിലെ പരമമായ ഊർജം അതു തന്നെയാണ് .അവരെ Highly
evolved beings എന്ന് വാൽഷ് വിളിക്കുന്നു .അവർക്ക് ചിന്തയിലോ പ്രവൃത്തിയിലോ
അക്രമമില്ല .ഒരു ജീവിയെയും വേദനിപ്പിക്കുന്നതിനോട് അവർ യോജിക്കുന്നില്ല
.അവരുടെ യാഥാർത്ഥ്യങ്ങളിൽ ആക്രമമില്ല. അവർക്ക് ദയയുള്ളവരായതുകൊണ്ട് ഒന്നും
നഷ്ടപ്പെടാനില്ലെന്ന് മനസ്സിലാവുന്നു. ഓരോ നിമിഷവും നിസ്വാർത്ഥമാവുകയും
ത്യജിക്കുകയും ചെയ്യുകയാണ്.
'എന്തുകൊണ്ടാണ്
ചിലതെല്ലാം സംഭവിക്കുന്നതെന്ന്, ദൈവത്തിൻ്റെ മനസ്സിലേക്ക് കയറിയിരുന്ന്
നമുക്ക് കാണാനൊക്കില്ല. അത് നമ്മൾ തിരയേണ്ടതില്ല'.ജീവിതമല്ലാതെ മറ്റൊരു
മൂല്യമില്ല. അതാണ് നഷ്ടപ്പെടുത്തി കളയുന്നതെന്ന് അവർ അറിയുന്നു. സ്വന്തം
ദൈവികത തിരിച്ചറിയുക എന്ന അനുഭവത്തിന് പിന്നാലെയാണ് അവർ സഞ്ചരിക്കുന്നത്.
അതുകൊണ്ട് ആ വഴിയിൽ വേറൊന്നുമില്ല. സാക്ഷാത്കരിക്കേണ്ട ആഗ്രഹമുണ്ടെന്ന്
നിങ്ങൾക്ക് തോന്നുന്നതാണ് എല്ലാ യാതനയുടെയും കാരണം. അക്രമത്തിന് കാരണം ഈ
യാതനയാണ്. യാതനയെ ഉന്മൂലനം ചെയ്യുക; അതോടെ അക്രമം ഇല്ലാതാവും.
ആഗ്രഹങ്ങൾ
നമ്മുടെ ഉൺമയെ തകർക്കുകയാണ് എപ്പോഴും. അതിൽ നിന്ന് രക്ഷ നേടുന്നതാണ്
ദൈവികതയിലേക്കുള്ള വഴി. ആഗ്രഹങ്ങൾ പീഢയാകുമ്പോൾ അത് എല്ലാത്തിനും
എതിരാകുന്നു. അതിന് അക്രമസ്വഭാവമുണ്ടാകുന്നു. ജീവിതം അനശ്വരമാണെന്ന്
അറിഞ്ഞാൽ, അനുഭവിക്കാൻ ആഗ്രഹിക്കുന്ന എല്ലാത്തിനും അനശ്വരതയുണ്ടാകും.
ഭൂതകാലത്തിലെ നല്ല അനുഭവങ്ങളെ പുന:സൃഷ്ടിക്കാനാവും. നിങ്ങൾക്ക് വളരെ
കുറച്ചു സമയമേ ഉള്ളൂ എന്ന് കരുതുന്നുവെങ്കിൽ നിങ്ങൾ സകല സമാധാനവും
ഉപേക്ഷിച്ച് ആഗ്രഹിച്ചത് നടപ്പിലാക്കാൻ ഓടിത്തുടങ്ങും.
ബോധേന്ദ്രിയങ്ങളുള്ള
ഏതു ജീവിക്കും ജീവിതം അനശ്വരമായ അനുഭവമാണ്. ഇത് എല്ലാവർക്കും
ബോധ്യപ്പെടുന്നില്ല. വൈകാരികമായ യാഥാർത്ഥ്യത്തിന് അപ്പുറമാണിത് .ഭൗതിക
യാഥാർത്ഥ്യത്തിനു അനശ്വരതയല്ല.
'എൻ്റെ
താൽപര്യപ്രകാരം നിങ്ങൾ ശിക്ഷിക്കപ്പെടുന്നതിനു കാരണം ഇതാണ്: നിങ്ങൾ
എന്തായി തീരണമോ, അത് നിങ്ങൾ തിരഞ്ഞെടുക്കാതിരിക്കുമ്പോൾ സംഭവിക്കുന്നതാണത്
'.അക്രമം അവസാനിപ്പിക്കാനുള്ള വഴി ഇതാണ്: വേർപെട്ട് ജീവിക്കുന്നതിൽ ഇന്ന്
മാനവരാശി കാണിക്കുന്ന അഗാധമായ വിശ്വാസത്തിൽ നിന്ന് മാറി നിൽക്കുക.
വേർപെടാനുള്ള കാരണങ്ങൾ തിരയുന്നത് നവനഗര കേന്ദ്രീകൃത ജീവിതത്തിൻ്റെ
ഉപോൽപ്പന്നമാണ്. ഓരോരുത്തരും അവരവരുടെ സംതൃപ്തിയും സ്വകാര്യതയും
വ്യക്തിത്വവും ആത്മരതിയും സ്വാഭിമാനവും വളരെ വലുതാണെന്ന് ചിന്തിക്കുന്നു.
താൻ കൂട്ടത്തിലല്ല ഒറ്റയ്ക്കാണെന്ന് എപ്പോഴും സ്വയം വിശ്വസിപ്പിക്കുന്നു.
ഇത് ഒറ്റപ്പെടലിന്റെ സംഘർഷവും രോഗവുമായി പരിണമിക്കുന്നു.ആരോടും
കൂടിച്ചേരാനാവാതെ വരുമ്പോൾ സംവാദങ്ങൾ ഇല്ലാതാവുന്നു. പിന്നെ
അവശേഷിക്കുന്നത് ആത്മഹത്യയാണ്. മുൻകാലങ്ങളിൽ ചെയ്ത തെറ്റിനെക്കുറിച്ച്
ചിന്തിച്ച് പിൻവാങ്ങുന്നവരുണ്ട്. അവർ എപ്പോഴും കുറ്റബോധവുമായി നടക്കുന്നു.
അപൂർണ്ണതയെക്കുറിച്ചുള്ള ഈ ബോധം നൂറ്റാണ്ടുകളായി മതപ്രചാരകന്മാർ
കൊണ്ടുവന്നതാണ്. അത് നിങ്ങളെയും സ്വാധീനിച്ചിരിക്കുന്നു .യഥാർത്ഥ പാപം
നിങ്ങളുടേതല്ല. ആദ്യത്തെ പാപം നിങ്ങളിലേക്ക് കടത്തിവിട്ടത് ഈ ലോകമാണ്.
അതിനു ദൈവത്തെക്കുറിച്ച് ഒന്നുമറിയില്ലായിരുന്നു. ദൈവം എന്തിനെയെങ്കിലും
അപൂർണമായി സൃഷ്ടിക്കുമോ ?ആഗ്രഹിക്കുന്ന കാര്യങ്ങൾക്ക് വേണ്ടി നിങ്ങൾ
സ്വതന്ത്രനാണോ ? മനുഷ്യർക്ക് പ്രേമവും പരാജയപ്പെടാൻ ഒരു കാരണമാണ്.
എന്തുകൊണ്ടു പരാജയപ്പെടുന്നു ? തെറ്റായ ഒരു കാരണത്തിന്റെ പേരിലാണ് അവർ
ബന്ധത്തിലേക്ക് വന്നത്. തെറ്റ് എന്ന് പറയുന്നത് അപേക്ഷികമാണെങ്കിലും ആ
പ്രേമത്തിന്റെ കാരണം അവരുടെ അതിജീവനത്തിന് ഇണങ്ങുന്നതായിരുന്നില്ല.
എന്തെങ്കിലും ഭൗതികമായ നേട്ടം മാത്രമാണ് പ്രേമത്തിന്റെ പിന്നിലെങ്കിൽ
അതിൻ്റെ വഴിയടയും .എന്നാൽ പ്രേമത്തിലേക്ക് നമുക്ക് എന്ത് നല്കാനാവും
എന്നാണ് നോക്കേണ്ടത്.
'ജീവിതത്തിൽ
അവിശ്വസനീയമായ വിധം താൻ സ്വാർത്ഥനായിരുന്നിട്ടുണ്ട്. മറ്റുള്ളവർക്ക്
എന്ത് സംഭവിക്കുമെന്ന് നോക്കാതെ ,വാൽഷ് പറയുന്നു. ദൈവം പറഞ്ഞു: അതിലൊരു
തെറ്റുമില്ല, നിങ്ങൾക്ക് സന്തോഷമുള്ള കാര്യങ്ങൾ ചെയ്യുന്നതിൽ .നിങ്ങളുമായി
നിങ്ങൾ മൃദുലമായ ബന്ധത്തിലായിരിക്കണം. നിങ്ങൾ സ്വയം വിലയിരുത്താൻ പോകണ്ട.
മറ്റുള്ളവർ എന്തുപറയുന്നുവെന്ന് കരുതിയിരുന്നാൽ നിങ്ങൾ മറ്റുള്ളവരുടെ
അധീനതയിലുള്ള ഒരാളായി തുടരും.ഒരു ബന്ധത്തിൻ്റെ ഉദ്ദേശ്യം എന്തായിരിക്കണം?
വ്യക്തിത്വത്തിൽ നിങ്ങൾ കാണാനാഗ്രഹിക്കുന്ന ഘടകങ്ങൾ അപരനു
കാണിച്ചുകൊടുക്കാനാകണം . അപരൻ്റെ വ്യക്തിത്വത്തിലെ ഘടകം കീഴടക്കാനാവരുത്
.ബന്ധങ്ങൾക്ക് ഒരു ലക്ഷ്യമേ ഉണ്ടാവാൻ പാടുള്ളൂ, ജീവിതത്തിനും ;നിങ്ങൾ
ശരിക്കും ആരാണെന്ന് തീരുമാനിക്കാനും അങ്ങനെ ആയിരിക്കാനും .
ഉള്ളിലുള്ള റഡാർ
വാൽഷ്
ചൂണ്ടിക്കാട്ടുന്ന സ്പിരിച്വൽ ഗെയിം (Spiritual Game) ഇതാണ്:
'ദൈവത്തിനോടുള്ള സാമ്യതയിലും പ്രതിഛായയിലും നിങ്ങൾ സ്വന്തം ജീവാത്മാവിനെ
സൃഷ്ടിക്കുക. ഓരോ നിമിഷത്തിലും ഇതാണ് ചെയ്യേണ്ടത്. ഇത് പരമബോധമാണ്.
ജീവിതത്തിൽ നിങ്ങൾ സുരക്ഷിതരാണെന്ന ചിന്ത ലഭിക്കുന്നതും ഈ പ്രക്രിയയുടെ
അടിസ്ഥാനത്തിലായിരിക്കും .നിങ്ങൾക്ക് മറ്റുള്ളവരെ നിന്ദിക്കാനും
തോന്നുകയില്ല. അവരെ ഇതേ പാതയിലെത്തിക്കാൻ സഹായിക്കുകയാണ് പ്രധാനം .
'നിങ്ങൾ
പഠിപ്പിക്കുന്നത് നിങ്ങൾ പഠിക്കാനാഗ്രഹിക്കുന്ന കാര്യങ്ങളാണ്.
പൂർണതയെക്കുറിച്ച് സംസാരിക്കാൻ പൂർണത നേടണമെന്നില്ല. നൈപുണ്യത്തെക്കുറിച്ച്
സംസാരിക്കാൻ നൈപുണ്യം നേടണമെന്നില്ല'.ദൈവത്തെ വേണ്ടെന്ന് മനസ്സിലാക്കുന്ന
സമയമാണ് ദൈവത്തിൻ്റെ മഹനീയമായ നിമിഷം. എല്ലാത്തിന്റെയും വൈപരീത്യം
((Antithesis) ഇതാണ്. നിങ്ങളോട് പല പുരോഹിതന്മാരും പറഞ്ഞിട്ടുണ്ടാകും
ദേഷ്യമുള്ള, അസൂയയുള്ള, നിറയെ ആവശ്യങ്ങളുള്ള ഒരു ദൈവത്തെക്കുറിച്ച്.
അതൊക്കെ തെറ്റാണ് .ആരായിരിക്കണം ശരിയായ ഗുരു? കൂടുതൽ ശിഷ്യന്മാരെ
സൃഷ്ടിക്കുന്നയാളല്ല; കൂടുതൽ ഗുരുക്കന്മാരെ സൃഷ്ടിക്കാൻ കഴിവുള്ള യാളാണ്.
ഒരു നല്ല നേതാവ് കൂടുതൽ അനുയായികളെയല്ല സൃഷ്ടിക്കുന്നത്, നേതാക്കളെയാണ്.
നല്ല രാജാവ് കൂടുതൽ പ്രജകളുടെയാളല്ല, രാജകീയതലേക്ക് കൂടുതൽ പേരെ
നയിക്കുന്നവനാണ് .കൂടുതൽ അറിവുള്ളവനല്ല ഒരു നല്ല അധ്യാപകൻ ; ധാരാളം പേർക്ക്
കൂടുതൽ അറിവുണ്ടാകാൻ കാരണക്കാരനായവനാണ്. ഒരു യഥാർത്ഥ ദൈവം കൂടുതൽ
ഭൃത്യന്മാരുടെ ആളാകണമെന്നില്ല; കൂടുതൽ പേരെ നന്നായി സേവിക്കുന്നവനാണ്
.അങ്ങനെ അവരെ ദൈവങ്ങളാക്കുന്നു (Serves the most, thereby making Gods of
all others)
അപരാധവും
ഭയവുമാണ് മനുഷ്യൻ്റെ ശത്രുക്കൾ .മനുഷ്യൻ മറ്റുള്ളവരെ ഭയക്കുന്നു. അതുകൊണ്ട്
അവൻ പിൻവാങ്ങുന്നു. വലിയ പ്രതീക്ഷകൾ ബന്ധങ്ങൾക്ക് പോറലേൽപ്പിക്കുന്നു.
നമ്മളിലുള്ളത് മറ്റുള്ളവരിലും തേടാൻ ശ്രമിക്കരുത്. മറ്റുള്ളവരെ അവരായി
കാണുകയാണ് നല്ലത്. അവർ സ്വയം കാണാനും യാഥാർത്ഥത്തിൽ എന്താണെന്ന്
മനസ്സിലാക്കാനും ശ്രമിക്കുന്നിടത്താണ് മറ്റൊരു മൂല്യമുള്ള ബന്ധം
ഉണ്ടാകുന്നത്. അതിൻ്റെ ദുർഘടപാതകളെ തരണം ചെയ്യാൻ ഉള്ളിലെ ഏറ്റവും
ഉച്ചത്തിലുള്ള ശബ്ദം ശ്രവിക്കുക. അത് എന്റെ ശബ്ദമാണ്. ഓരോന്നും ശരിയോ
തെറ്റോ എന്ന് അത് പറഞ്ഞു തരും. അത് ഒരു റഡാർ പോലെയാണ്. സഞ്ചാരവഴിയെ അത്
നിയന്ത്രിക്കും.
'അപരാധത്തിലൂടെ
നമുക്ക് വളരാനൊക്കില്ല .നിങ്ങളുടെ ശരീരത്തിൽ നിങ്ങൾ അപരാധിയാണെങ്കിൽ
അതുകൊണ്ട് ഒന്നും തന്നെ സൃഷ്ടിക്കാനാവില്ല. നിങ്ങളുടെ ആത്മാവാണ്
സൃഷ്ടിക്കുന്നത് .ശരീരം ആത്മാവിൻ്റെ ഉപകരണമാണ്. ആത്മശക്തിയിലാണ് ശരീരം
ചലിക്കുന്നത്.അറിവാണ് നിങ്ങൾ തേടുന്നത്. അറിവ് അപരാധമല്ല. പ്രേമം
ഭയവുമല്ല'.അറിവ് ആത്മാവിൻ്റെ സ്വയം ബോധ്യമാണ്. അവിടെ അപരാധമില്ല.
നിങ്ങൾക്കത് അന്വേഷിക്കേണ്ടതുണ്ട്. എങ്കിലേ കണ്ടെത്താനാവൂ. യാദൃശ്ചികമായ
കൂട്ടിമുട്ടലുകൾ പ്രപഞ്ചത്തിലില്ല .ആധുനിക സർക്കാരുകൾക്കും രാഷ്ട്രീയ
പാർട്ടികൾക്കും സ്വീകരിക്കാവുന്ന ഒരു തത്ത്വം വാൽഷ് തൻ്റെ ഗ്രന്ഥത്തിൽ
വിവരിക്കുന്നുണ്ട്. ദൈവത്തെ നിങ്ങളിൽ നിന്ന് വേർപെട്ട ഒരാളായി
കാണാതിരിക്കുക .നിങ്ങൾക്കിടയിൽ ഭിന്നതയില്ല .എല്ലാം അന്തരികമായി
ബന്ധിപ്പിക്കപ്പെട്ടതാണ് .വേർപെട്ടതായി ഒന്നും ഈ ലോകത്തില്ല. ജീവിതത്തിൻ്റെ
നൂലിഴകൾ കൊണ്ട്, നശിപ്പിക്കാനാവാത്ത വിധം എല്ലാം പരസ്പരം നെയ്ത്
ചേർക്കപ്പെട്ടതാണ്. ഇതാണ് മാനവവംശത്തിന് രക്ഷപ്പെടാനുള്ള വഴി.
'ജീവിതം
ഒരു ദ്വന്ദമാണ്. ദൈവത്തിൻ്റെ തത്ത്വവും ദ്വന്ദമാണ്. ഒരനുഭവത്തിൽ തന്നെ
പ്രത്യക്ഷത്തിൽ പരസ്പര വിരുദ്ധമായ സത്യങ്ങൾ നിലനിൽക്കുന്നു. ഒരേ കാലത്തും
ഒരേ സ്ഥലത്തും അത് നിലനിൽക്കുന്നു'.
മരണം
നിങ്ങളെ എന്താണ് ബോധ്യപ്പെടുത്തുന്നത്? എന്താണോ യഥാർത്ഥമായുള്ളത് അതാണ്
ജീവിതമെന്നാണ്. ജീവിതം എന്താണ് പഠിപ്പിക്കുന്നത് ? ഒഴിവാക്കാനാവാത്തത്
എന്താണോ അത് മരണമല്ല; എന്നാൽ അത് അസ്ഥിരതയാണ്. ഒന്നും
സ്ഥിരമായിട്ടുള്ളതല്ല. എല്ലാം മാറുകയാണ് ,ഓരോ നിമിഷത്തിലും. സ്ഥിരത എന്ന
ആശയം തന്നെ അസ്ഥിരതയിൽ നിലനിൽക്കുകയാണ്. അതുകൊണ്ട് സ്ഥിരതയും അസ്ഥിരമാണ്.
ഇതാണ് ശാശ്വത തത്ത്വം .ഇതാണ് ധർമ്മം ,ബുദ്ധൻ .
കുപ്പിയിലടച്ച ഭൂതം
'ഞാനും
നീയും വേർപെട്ടു നിൽക്കുന്നു എന്നതാണ് ആ ദ്വന്ദം .അതേസമയം നീയും ഞാനും
ഒന്നാണ്. നീയും മറ്റുള്ളവരുമായുള്ള ബന്ധത്തിലും വ്യക്തമായ ഈ വൈരുദ്ധ്യം
നിലനിൽക്കുന്നു'. പണവും വിജയവും ഉണ്ടാകണമെന്ന് ആഗ്രഹിക്കാത്തവരില്ല
.എന്താണ് ദൈവം പറയുന്നത്?'പ്രപഞ്ചത്തിൽ ഇക്കാര്യത്തിൽ ഒരു
തിരഞ്ഞെടുപ്പില്ല. അതിനെക്കുറിച്ച് നിങ്ങൾക്കുള്ള ശരിയായ ബോധത്തിലേക്ക്
നിങ്ങളെ കൊണ്ടുവരുക മാത്രമാണ് ചെയ്യുന്നത്. നിങ്ങൾ വിജയം വേണമെന്നു
ആഗ്രഹിക്കുന്നു. നിങ്ങൾ അറിയുക , സർഗാത്മകമായ സിദ്ധി എന്നു പറയുന്നത് ഒരു
കുപ്പിയിൽ അടച്ച ഭൂതമാണ്. വാക്കുകളാണ് അതിനെ നിയന്ത്രിക്കാനുള്ള ശക്തി .ഞാൻ
എന്ന വാക്ക് ശക്തമാണ്. 'ഞാൻ ആകുന്നു ' എന്ന് പറയുമ്പോൾ അത് ആജ്ഞയ്ക്കുള്ള
വാക്കുകളാണ് . മനുഷ്യജീവിതത്തിൽ നമ്മൾ നമുക്ക് വേണ്ടി ഏറ്റവും പ്രധാനമായി
തിരഞ്ഞെടുക്കുന്നത് അപരെന്റെയും മികച്ച തിരഞ്ഞെടുപ്പുമായിരിക്കണം.
അതുകൊണ്ട് നിങ്ങൾക്ക് മാത്രം ഏറ്റവും നല്ലത് തിരയുന്നതിലാണ് തെറ്റുളളത്.
എന്താണ് നല്ലതെന്ന് അറിയാത്തതും പിഴവാണ്.
'ഞാൻ'
എന്നതിനെ തുടർന്ന് എന്തു വാക്ക് വരുന്നുവോ അതിനനുസരിച്ച്
മാറ്റമുണ്ടാകുന്നു. മറ്റൊന്നും സൃഷ്ടിക്കാനാവില്ല .വാക്കുകൾക്ക്
ശക്തിയുണ്ട്. നിങ്ങൾ വിജയവും പണവും വേണമെന്ന് ആഗ്രഹിക്കുകയാണെങ്കിൽ
ചിന്തയും പ്രവൃത്തിയും വാക്കും അതിനനുസരിച്ച് നീങ്ങാൻ തുടങ്ങും
.തീർച്ചയായും അത് ലഭിച്ചിരിക്കും .കോപത്തിലോ സംഘർഷത്തിലോ ഇരുന്നുകൊണ്ട്
ഇങ്ങനെ ആഗ്രഹിച്ചാൽ ഫലമുണ്ടാവില്ല. അപ്പോൾ ചിന്തകൾക്ക് യഥാർത്ഥ്യമാകാനുള്ള
കരുത്തുണ്ടാവില്ല. ഒരു വാക്ക് ഒന്നല്ല, നൂറല്ല, പതിനായിരം തവണ
ആവർത്തിച്ചാൽ വലിയ ഫലങ്ങളുണ്ടാകും .ആവർത്തിക്കപ്പെടുന്നതോടെ അത്
യാഥാർത്ഥ്യമാകും. അത് പുറത്തേക്ക് വരികയാണ്. യാഥാർത്ഥ്യത്തെ മാറ്റുന്നതിന്
അതിനു അനുകൂലമായ വിധം മനസ്സിനെ പരുവപ്പെടുത്തുക. ദൈവത്തിനു നന്ദി
പറയുന്നതു കൊണ്ട് പ്രയോജനമുണ്ടെന്നാണ് വാൽഷിൻ്റെ പുസ്തകത്തിൽ
എഴുതിയിരിക്കുന്നത്. അതൊരു അറിവിൽ നിന്നാണ് ഉണ്ടാകുന്നത്. ഒരു ഫലം
കാംക്ഷിച്ചില്ലെങ്കിലും ഫലമുണ്ടാകുന്നു .
യേശുവിനു ആ
ഗുണമുണ്ടായിരുന്നു. എല്ലാ മഹത്തായ കർമ്മങ്ങൾക്കും ശേഷം യേശു ദൈവത്തിനോട്
നന്ദി പറഞ്ഞു. വികാരമാണ് നമ്മെ പലതിലേക്കും ആകർഷിക്കുന്നത്.
മൃഗങ്ങളെക്കുറിച്ച്
പൊതുവേ കരുതുന്നത് അവ താഴ്ന്ന നിലയിലുള്ള ജീവികളെന്നാണ്. എന്നാൽ അതിനു
നമ്മുടെ ഭയം തിരിച്ചറിയാനാവും. പലപ്പോഴും മൃഗങ്ങൾ മനുഷ്യരേക്കാൾ
സ്വഭാവദാർഢ്യമുള്ളവരും സ്ഥിരമായ നിലയുള്ളവരുമാണ് .അതുപോലെ സസ്യങ്ങൾ അവയെ
സ്നേഹിക്കുന്നവരോട് പ്രതികരിക്കാറുണ്ട്, അവയെ ശ്രദ്ധിക്കാത്തവരേക്കാൾ.
ഇതൊന്നും യാദൃശ്ചികമായി സംഭവിക്കുന്നതല്ല. പ്രപഞ്ചത്തിനു യാദൃച്ഛികതയില്ല.
മഹത്തായ ഒരു ഡിസൈനാണത്.
'നിങ്ങൾക്ക്
ബുദ്ധിപരമായി ഏറ്റവും നല്ലത് ഏതാണെന്ന് തിരഞ്ഞെടുക്കാനാവില്ല;നിങ്ങൾ
ആരാണ് ,എന്താണ് എന്നു ബുദ്ധിപരമായി മനസ്സിലാക്കുന്നതു വരെ'.വികാരമാണ്
ചലിക്കുന്ന ഊർജമായിട്ടുള്ളത്. നിങ്ങൾ ഊർജത്തെ പ്രവഹിപ്പിക്കുമ്പോൾ ഒരു
ഫലമുണ്ടാക്കുന്നു. മതിയായ അളവിൽ ഊർജമുണ്ടെങ്കിൽ അത് ദ്രവ്യമുണ്ടാക്കുന്നു,
ആശയങ്ങളുണ്ടാക്കുന്നു. ഊർജത്തെ വരുതിയിലാക്കി ദീർഘകാലം കൈകാര്യം ചെയ്താൽ
ആവശ്യമുള്ള ചിന്താവസ്തു, പ്രമേയം, ദ്രവ്യം ലഭിക്കും. ഇത്
മഹാഗുരുക്കന്മാരെല്ലാം മനസിലാക്കിയിട്ടുണ്ട്. ഇതാണ് പ്രപഞ്ചത്തിന്റെ
രസവാദവിദ്യ. ഇതാണ് എല്ലാ ജീവിതത്തിന്റെയും രഹസ്യം. ചിന്ത ശുദ്ധമായ ഊർജമാണ്.
എല്ലാ ചിന്തകൾക്കും സർഗാത്മകശക്തിയുണ്ട്. നിങ്ങളുടെ ചിന്തയുടെ ശക്തി
ക്ഷയിക്കുന്നില്ല. അത് നിങ്ങളെയും കടന്നു പ്രപഞ്ചത്തിലേക്ക്
വ്യാപിക്കുന്നു. അത് അനശ്വരമാണ്. ഇതിനോട് പൊരുത്തപ്പെടാത്ത ഊർജമാണ്
നിങ്ങൾക്ക് നേരിടാനുള്ളതെങ്കിൽ പ്രമേയത്തെ ഇല്ലാതാക്കും .സമാന
ചിന്താഗതിയുള്ളവ ഒരുമിച്ചു വന്നാൽ ഫലം കൂടുതലാണ്.
'എന്താണ്
ദൈവത്തിന് ഏറ്റവും മികച്ച തായിട്ടുള്ളത് ?ദൈവം പറഞ്ഞു: ' ദൈവത്തിന്
ഏറ്റവും പ്രിയങ്കരമായുള്ളത് നിങ്ങൾ നല്ലതെന്ന് കരുതുന്നതിന് നിങ്ങൾക്ക്
നല്കുന്നതാണ്. കാരണം, ഞാൻ ഞാനായിരിക്കുന്നത് പ്രകടമാക്കാനാണ്
ഇഷ്ടപ്പെടുന്നത്. നിങ്ങളിലൂടെയാണ് ഞാൻ നിലനിൽക്കുന്നത്'.സ്നേഹമാണ്
ദൈവത്തിൻ്റെ പരമമായ അവസ്ഥ. ഭയമാണ് അതിനെതിരായിട്ടുള്ളത്. ആപേക്ഷിക
ലോകത്തിൻ്റെ പരിധിയും പരിമിതിയും മനസ്സിലാക്കുന്നതാണ് മഹാഗുരുക്കന്മാരുടെ
പ്രത്യേകത. ആപേക്ഷികമായ ലോകം ക്ഷയിക്കുകയാണ് എപ്പോഴും. അത്
നിരാകരിക്കപ്പെടേണ്ടതാണ്. അതുകൊണ്ടാണ് മഹാഋഷികൾ സ്നേഹത്തെ മാത്രം
തിരഞ്ഞെടുക്കുന്നത്. ഓരോ നിമിഷത്തിലും അതല്ലാതെ മറ്റൊന്നും പ്രാമുഖ്യം
നേടുന്നില്ല .അവരെ കൊല്ലുമ്പോഴും ആ കൊല ചെയ്യുന്നവരെ സ്നേഹിച്ചത്
അതുകൊണ്ടാണ് .എല്ലായിടത്തും ഈ സന്ദേശം ഉൽഘോഷിക്കപ്പെട്ടു. ഇതാണ് മഹത്തായ
സത്യം. കവിതകളിലും കലകളിലും ഇതാണ് നിറയുന്നത്. സ്നേഹത്തിൻ്റെ
തത്ത്വശാസ്ത്രം എവിടെയും കാണാം .എല്ലാ മനുഷ്യാനുഭവങ്ങളുടെയും ഇടനാഴികളിൽ ഈ
സത്യത്തിന്റെ പ്രതിധ്വനിയാണുള്ളത് .സ്നേഹമാണ് ഉത്തരം .നിങ്ങൾ അത്
ശ്രദ്ധിച്ചിട്ടില്ല.
'എൻ്റെ ആത്മാവിൻ്റെ അംശത്തെ
എനിക്ക് അനുഭവിക്കാനാകില്ല, അതിനെ പൂർണ്ണമായി അനുഭവിക്കാതെ'.നിങ്ങൾ എന്റെ
ശബ്ദം കേൾക്കുക. നിങ്ങൾ അടുത്ത് കേൾക്കാൻ പോകുന്ന ഗാനം, ലേഖനം, കഥ,
അടുത്തൊരു സുഹൃത്തിന്റെ ഭാഷണം, തൊട്ടടുത്തുള്ള നദിയുടെ ശബ്ദം,
സമുദ്രത്തിൻ്റെ ശബ്ദം, കാതുകളിൽ വന്ന് മന്ത്രിക്കുന്ന കാറ്റിൻ്റെ ശബ്ദം...
ഇതെല്ലാം എന്റെ ഉപകരണങ്ങളാണ്. ശ്രദ്ധിക്കുകയാണെങ്കിൽ ഞാൻ നിങ്ങളോട്
സംസാരിക്കും .എന്നെ ക്ഷണിച്ചാൽ ഞാൻ നിങ്ങളിലേക്ക് വരും'.
സ്വന്തം സത്യങ്ങളെ വഞ്ചിക്കാതിരുന്നാൽ
ദൈവം
ഒരേയൊരു മാർഗത്തിലൂടെ മാത്രമാണ് ഇടപെടുന്നതെന്ന് കരുതുന്നത് അപക്വമാണ്.
അത് നിങ്ങളെ ദൈവത്തിൽ നിന്ന് മറച്ചു പിടിക്കും. ജീവിതകാലമത്രയും
അന്വേഷിച്ചാൽ, ഈ രീതിയിൽ ദൈവത്തെ കാണാനൊക്കില്ല. അശുദ്ധിയിലും നിഗൂഢതയിലും
ദൈവത്തെ കാണാൻ കഴിയുന്നില്ലെങ്കിൽ നിങ്ങൾക്ക് കാര്യം എന്താണെന്ന്
വ്യക്തമായില്ലെന്നാണ് അർത്ഥം .
'ദൈവം
പറഞ്ഞു: നിങ്ങൾ എന്നെ ഒരാളാക്കാൻ നോക്കുന്നു ,മറ്റൊന്നും ആകാതിരിക്കാൻ.
ഉന്നതമായതും പതിതമായതും ഞാനാണ് .ചോദ്യവും ഉത്തരവും ഞാനാണ്. ഇരുട്ടും
വെളിച്ചവും ഞാനാണ്. നന്മയും തിന്മയും ഞാനാണ്. ഞാൻ എല്ലാമാണ് .എന്നാൽ എന്നെ
നീ ഉയർന്നത് മാത്രമാക്കുന്നു ,താഴ്ന്നതാക്കുന്നില്ല .നല്ലതു
മാത്രമാക്കുന്നു ,തിന്മയെ ഒഴിവാക്കുന്നു. എന്നെ പകൃതി നിഷേധിക്കുന്നതിലൂടെ
നീ നിൻ്റെ ആത്മാവിൻ്റെ പാതിയാണ് ഉപേക്ഷിക്കുന്നത്. അങ്ങനെ ചെയ്താൽ
നിനക്ക് ഒരിക്കലും നീ യഥാർത്ഥത്തിൽ എന്താണോ അതാകാൻ സാധിക്കില്ല'.ദൈവം
ദുഃഖത്തിലും ചിരിയിലുമുണ്ട്. കയ്‌പിലും മധുരത്തിലുമുണ്ട്. എല്ലാത്തിനും
മറ്റൊരു ഉദ്ദേശമുണ്ട്. എല്ലാ പ്രക്രിയകളുടെയും പിന്നിൽ മറ്റൊരു
ലക്ഷ്യമുണ്ട് .അതുകൊണ്ട് എല്ലാത്തിന്റെയും അടിയിൽ വെറൊരു
സാന്നിധ്യമാണുള്ളത്. ദൈവം ചൂടും തണുപ്പമാണ്. ഇടതും വലതുമാണ്. ബഹുമാനവും
ബഹുമാനക്കുറവുമാണ്. ദൈവത്തിനു നന്മയോടോ തിന്മയോടോ പ്രത്യേക സ്നേഹമില്ല.
സന്തോഷം
എന്താണ് ?സന്തോഷം ഒരു മാനസികാവസ്ഥയാണ്, മറ്റേതൊരു മാനസികാവസ്ഥയും
എന്നപോലെ. അത് ഭൗതികരൂപത്തിൽ പ്രത്യുൽപ്പാദിപ്പിക്കപ്പെടുന് നു. ഏതൊരു മാനസികാവസ്ഥയും ഇങ്ങനെ പ്രത്യുൽപ്പാദിപ്പിക്കപ്പെടുന് നുണ്ട്.
നന്മ,തിന്മ എന്നൊക്കെ വിളിക്കുന്നത് നിങ്ങളുടെ ആശയങ്ങൾ മാത്രമാണ്. ആ
ചിന്തകളാണ്, നിങ്ങൾ ആരാണെന്നതിനു നിർണയമായിട്ടുള്ളത് .ഇത് മാറ്റാൻ ഒരു
കാരണമേയുള്ളൂ: എന്തായിരിക്കുന്നുവോ അതിൽ നിങ്ങൾ സന്തോഷിക്കുന്നില്ലെങ്കിൽ
അത് മാറ്റാനുള്ള കാരണമാണ്. നിങ്ങൾ എന്താണോ സൃഷ്ടിക്കുന്നത്, അതിൽ
സന്തോഷമുണ്ടെങ്കിൽ അതാണ് നിങ്ങളുടെ ശരി .
'എന്ത്
തിരഞ്ഞെടുക്കുമ്പോഴും അത് മറ്റുള്ളവർക്കും കൊടുക്കുക.
സന്തോഷമായിരിക്കുകയാണെങ്കിൽ മറ്റൊരാൾക്കും സന്തോഷമുണ്ടാകട്ടെ. ജീവിതത്തിൽ
കൂടുതൽ സ്നേഹം വേണമെന്ന് ആഗ്രഹിക്കുമ്പോൾ മറ്റൊരാൾക്കും അത് കിട്ടട്ടെ. ഇത്
ചെയ്യുന്നത് വ്യക്തിപരമായ നേട്ടത്തിനല്ല; മറ്റൊരാൾക്കും സന്തോഷമുണ്ടാക്കാൻ
വേണ്ടിയാണ്. കൊടുക്കുന്നതെല്ലാം നിങ്ങളിലേക്ക് തന്നെ
തിരിച്ചുവരും'.മൂല്യങ്ങൾ നമ്മുടെ തന്നെ നിർമ്മിതിയായിരിക്കെ, ആ മൂല്യങ്ങളിൽ
തുടരാൻ പറയുന്നതിന്റെ യുക്തി എന്താണ് ?നിങ്ങളുടെ മൂല്യങ്ങൾ തെറ്റാണെന്ന്
ദൈവം പറഞ്ഞിട്ടില്ല. അത് ശരിയുമല്ല. അതെല്ലാം വെറും നിർണയങ്ങൾ മാത്രമാണ്.
മിക്കപ്പോഴും ആ നിർണയങ്ങൾ നിങ്ങളെടുത്തതല്ല; മറ്റൊരുടേതോ ആണ് .ചിലപ്പോൾ
മാതാപിതാക്കളാകാം; മതങ്ങളാകാം; അധ്യാപകരാകാം; ചരിത്രകാരന്മാരോ ,
രാഷ്ട്രീയക്കാരോ ആകാം. അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ ഉണ്ടാക്കിയ നിർണയങ്ങളാണ്
ചിലതെല്ലാം. മറ്റുള്ളവരുടെ അനുഭവങ്ങളിൽ നിന്നാണ് നിങ്ങൾ നിങ്ങളെത്തന്നെ
സൃഷ്ടിച്ചിട്ടുള്ളത്.
നിങ്ങൾ ചെയ്ത പാപം എന്താണ്?
മറ്റുള്ളവരുടെ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ നിങ്ങൾ അങ്ങനെയാകാൻ
തയ്യാറായതാണ്. സ്വന്തം അനുഭവത്തിന് വേണ്ടി കാത്തുനിന്നില്ല
.അപ്പുറത്തുള്ളവരുടെ അനുഭവങ്ങൾ സ്വീകരിക്കുകയാണ് ചെയ്തത് .അനുഭവങ്ങൾക്ക്
പാടുപെടുമ്പോൾ മാത്രമാണ് ഇതിനെ മറികടക്കാവുക .
'എന്തെങ്കിലും
മറ്റൊരാൾക്ക് കൊടുക്കുമ്പോൾ അത് നിങ്ങൾക്കുള്ളതാണെന്ന നല്ല ബോധം
ഉണ്ടാകുന്നു. കൊടുത്തില്ലെങ്കിൽ ആ ബോധമില്ല. ഒരു പുതിയ ചിന്തയാണത്.
നിങ്ങൾക്ക് ഇതുണ്ടായിരിക്കണം; അല്ലെങ്കിൽ കൊടുക്കാനാകില്ല'.പലരും
ചിന്തിക്കാൻ പറഞ്ഞ വഴിയിലൂടെ ചിന്തിച്ചതുകൊണ്ടാണ് നിങ്ങളുടെ അനുഭവം
നഷ്ടപ്പെട്ടത്. ലൈംഗികതയുടെ കാര്യത്തിൽ ഇത് വ്യക്തമാണ് .ലൈംഗികാനുഭവം
ഏറ്റവും അതിശയകരവും ഊർജ്ജദായകവും ഏറ്റവും അടുപ്പമുണ്ടാക്കുന്നതുമാണ്.ഈ
സത്യം അറിഞ്ഞശേഷവും നിങ്ങൾ മറ്റുള്ളവരുടെ അഭിപ്രായങ്ങൾ നിങ്ങളുടേതായി
സ്വീകരിക്കുന്നു. നിങ്ങൾ എങ്ങനെ ചിന്തിക്കണമെന്ന കാര്യത്തിൽ
ഇക്കൂട്ടർക്കെല്ലാം ന നിക്ഷിപ്ത താല്പര്യങ്ങളുണ്ട്.'ഈ പുതിയ ചിന്ത
നിങ്ങളുടെ അനുഭവമാകുകയാണ് .നിങ്ങൾ ഒരു വസ്തുവിന്റെ ഭാഗമാണെന്ന്
ചിന്തിക്കുന്നതോടെ പ്രപഞ്ചത്തിലെ സൃഷ്ടിയുടെ യന്ത്രം പ്രവർത്തിക്കാൻ
തുടങ്ങുന്നു. അതാണ് നിങ്ങളുടെ ഡിവൈൻ സെൽഫ് (Divine Self).
Whatever
you are being you are creating .പലരുടെ അഭിപ്രായങ്ങളും നിർണയങ്ങളും ഈ
അനുഭവങ്ങൾക്കെതിരാണ് .സ്വന്തം സത്യങ്ങളെ വഞ്ചിക്കാതിരുന്നാൽ ഭയം
ഉണ്ടാവുകയില്ല. ദൈവത്തെക്കുറിച്ച് അധ്യാപകർ പറഞ്ഞതന്ന പാഠങ്ങൾ ദൈവം
ചീത്തയാണെന്നും പ്രതികാരദാഹമുള്ള വ്യക്തിയാണെന്നും സൂചിപ്പിക്കുന്നുണ്ട്
.അതുകൊണ്ട് ദൈവത്തെ ഭയന്നു കഴിയേണ്ടി വരുന്നു.ദൈവം ക്ഷമയും ദയയുമാണെന്ന്
അറിയണമെങ്കിൽ അതിനനുസരിച്ച് ഇന്ദ്രിയങ്ങൾ സജ്ജമാക്കണം.ആന്തരികമായ
ആഗ്രഹങ്ങളെ ദൈവം ശരിവയ്ക്കുകയാണ് ചെയ്യുന്നത്.
'മരണപ്പെടാവുന്ന
കാര്യമാണ് ചെയ്യുന്നതെങ്കിൽ പോലും അത് അഗാധമായ ആഗ്രഹമാണെങ്കിൽ
,അതായിരിക്കും നിങ്ങൾക്ക് കിട്ടുക; മരണത്തിന്റെ ആനന്ദം'.ചെറുപ്പകാലം മുഴുവൻ
ദൈവത്തിൻ്റെ പ്രീതിക്കുവേണ്ടി ആരാധനയും അനുസരണയും പാലിക്കുന്നു. ഇതിന്റെ
വൈരുദ്ധ്യമെന്താണ് ?ദൈവത്തിന് നിങ്ങളുടെ ആരാധന ആവശ്യമില്ല. ഈ പെരുമാറ്റം
ചരിത്രത്തിലെ രാജാക്കന്മാർ സൃഷ്ടിച്ചതാണ്. അവരുടെ നിലനിൽപ്പിന്
ഇതാവശ്യമായിരുന്നു .ഇതൊന്നും ദൈവികതയുമായി ബന്ധമുള്ള കാര്യമല്ല .
'നിങ്ങൾ
സ്വയം മുറിവേൽപ്പിച്ചെങ്കിൽ, അത് നിങ്ങളുടെ ആഗ്രഹമായിരുന്നു'.ദൈവത്തിൻ്റെ
ആഗ്രഹം എന്ന് പറയുന്നത് സൃഷ്ടിയാണ് .സ്വയം അറിയാനാണ് ആ ആഗ്രഹം .ഞാൻ നിന്നെ
സൃഷ്ടിക്കുന്നതിനു മുമ്പ് അതുപോലൊന്ന് ഞാൻ ആലോചിച്ചിരുന്നില്ല .ഓരോ
വ്യക്തിക്കും താനാരാണെന്ന് അറിയാനുള്ള ആഗ്രഹമുണ്ട്. അതിനുള്ള ശക്തി
വ്യക്തിയിലുണ്ട്. അത് സ്വയം അറിയേണ്ടതാണ്. സ്വയം തിരഞ്ഞെടുക്കുന്ന
മാർഗത്തിൽ. ജീവിതം സന്തോഷത്തിലായിരിക്കുന്നതാണ് ദൈവത്തിന്റെ നിലയിനമായ
പദ്ധതി. അത് ഓരോ വ്യക്തിയിലുമുണ്ട്; ആരായപ്പെടുന്നില്ലെന്നു മാത്രം .ഓരോ
നിമിഷത്തിലും നിറവാണ് പ്രതീക്ഷിക്കപ്പെടുന്നത് .
ജീവിതത്തിൻ്റെ മൂന്നു തലങ്ങൾ
'ദൈവം:എല്ലാ
സംഭവങ്ങളും നിങ്ങൾ അബോധത്തിലൂടെ സൃഷ്ടിക്കുന്നതാണ്. നിങ്ങളുടെ
ജീവിതത്തിലേക്ക് വരുന്ന ഓരോ വ്യക്തിയും സ്ഥലവും സംഭവവും നിങ്ങൾ
സൃഷ്ടിക്കുന്നതാണ്'.ദൈവത്തിൻ്റെ സമ്പൂർണമായ വ്യവസ്ഥയുടെ
അദൃശ്യവലയ്ക്കുള്ളിലാണ് നമ്മൾ .ജീവിതത്തിന് മൂന്നു തലങ്ങളുണ്ട്. ശരീരം
,മനസ് ,ആത്മാവ് .അല്ലെങ്കിൽ ഭൗതികം, ഭൗതികേതരം അതിഭൗതികം .ഇതാണ് പരമമായ
ത്രിത്വം (Holy Trinity).മനശാസ്ത്രത്തിൽ ബോധം ,ഉപബോധം ,അതീതബോധം എന്നു
പറയുന്നതും ഇതുതന്നെ. ചിന്തയും വാക്കും പ്രവൃത്തിയും ഇതുപോലെ തന്നെ .ഇതിൽ
നിന്നാണ് അനുഭവം ഉണ്ടാകുന്നത്. നിങ്ങളുടെ ആത്മാവ് ഉപബോധമനസ്സാണ്,
ഭൂതകാലമാണ് .അതിലാണ് വികാരങ്ങളെല്ലാം .ഇതിനെക്കുറിച്ചുള്ള അറിവാണ് ഓർമ്മ
.ഓർക്കുമ്പോൾ മനസ് വികസിക്കുകയാണ് .വിട്ടുപോയ ഭാഗങ്ങളെല്ലാം കൂട്ടി
യോജിപ്പിക്കുമ്പോൾ നിങ്ങൾക്ക് ജ്ഞാനമുണ്ടാകും.സർഗപ്രക്രിയ ആരംഭിക്കുന്നത്
ചിന്ത, ആശയം, കൽപ്പന, ദൃശ്യാനുഭവം എന്നിവ ഏകോപിപ്പിക്കുമ്പോഴാണ്.
'എന്തെങ്കിലും
സാന്ത്വനം പകരാനോ, സൃഷ്ടിക്കാനോ ,അനുഭവിക്കാനോ അല്ലാതെ യാതൊന്നും
നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കുന്നില്ല.നിങ്ങൾ അതിനെല്ലാം
ആഗ്രഹിച്ചിരുന്നു'.നാം കണ്ടെത്തുന്നതെല്ലാം ഒരിക്കൽ മറ്റൊരാളുടേതായിരുന്നു.
നിങ്ങളുടെ ലോകത്തിൽ ശുദ്ധമായ ചിന്ത എന്ന നിലയിൽ നിലനിന്നിട്ടില്ലാത്ത
വിധത്തിൽ ഒന്നുമില്ല .ചിന്തയാണ് സൃഷ്ടിയുടെ ആദ്യപടി .പിന്നീട് വരുന്നതാണ്
വാക്ക്. നിങ്ങൾ പറയുന്നതെന്തും ഒരു ചിന്തയുടെ പ്രകടനമാണ്. അത്
സർഗാത്മകമാകയാൽ പ്രപഞ്ചത്തിലേക്ക് പ്രവഹിപ്പിക്കുന്നത് ഊർജമാണ്.
വാക്കുകൾക്ക് ശക്തി കൂടുതലാണ് .വാക്കുകൾ ചിന്തയിൽ നിന്നുള്ള വേറൊരു
ചലനമാണ്. അത് പ്രപഞ്ചത്തിൽ മാറ്റമുണ്ടാക്കുന്നു. പിന്നീട് വരുന്നതാണ്
പ്രവൃത്തി.
'നിങ്ങൾ
ആഗ്രഹിക്കുന്ന ദൈവികതയി ലാണ് നിങ്ങൾ എത്തിച്ചേരുക ''Whatever aspect of
Divinity you wish to be -that's who you are, that can change at any
given point '.തുടക്കം ദൈവമാണ് ;അവസാനം പ്രവൃത്തിയാണ്. ദൈവത്തെ
അനുഭവിക്കലാണ് പ്രവൃത്തിയിലുള്ളത്. സ്വയം തോന്നുന്ന അപകർഷതകൾക്ക് കാരണം
,നമ്മൾ ആരാണെന്ന് അറിയാത്തതുകൊണ്ടാണ് .നിങ്ങൾ ഒന്നുംകൊണ്ട് തൃപ്തി
നേടുന്നില്ലെങ്കിൽ ഇരുട്ടാണ് നിറയുക . നിങ്ങളിലുള്ള കഴിവുകളെക്കുറിച്ച്
നിങ്ങൾക്ക് തന്നെ അറിയില്ല. മറ്റുള്ളവർക്ക് കിട്ടിയ സിദ്ധികളിലും
നിങ്ങൾക്ക് സന്തോഷമില്ല .നിങ്ങൾ എല്ലാത്തിന്റെയും ഒടുവിൽ വേദനയാണ്
ആഗ്രഹിക്കുന്നത് ;യാതനയാണ് പ്രതീക്ഷിക്കുന്നത്. ജീവിതത്തിലെ വ്യക്തികൾ
,സ്ഥലങ്ങൾ, സംഭവങ്ങൾ എല്ലാം പൂർണ്ണതയോടെ സൃഷ്ടിച്ചത് പൂർണ്ണനായ ഒരു
സ്രഷ്ടാവാണ് - നിങ്ങൾ. 'ഞാൻ' നിന്നിലൂടെ പ്രവർത്തിക്കുന്നതാണ് ഇവിടെ
കാണുന്നത്. ഒരാൾ അയാൾക്ക് സാധ്യമായ ഉന്നതമായ ചിന്തയുമായിണോ ജീവിക്കുന്നത്?
എങ്കിൽ ജീവിക്കണം. അങ്ങനെ ചിന്തിച്ചുകൊണ്ട് എല്ലാ ദിവസവും
ജീവിച്ചിരുന്നെങ്കിൽ എന്ന് ഭാവനചെയ്തു നോക്കണം. നിങ്ങൾ ഇപ്പോൾ എവിടെയാണ്
,നിങ്ങൾ ആഗ്രഹിച്ചത് എന്താണ് എന്നിവ തമ്മിലുള്ള വ്യത്യാസം നോക്കൂ.
തീർച്ചയായും മാറ്റം അനിവാര്യമാണ്. ബോധപൂർവ്വം മാറണം. നിങ്ങളുടെ മഹനീയ
വീക്ഷണത്തിനു ഇണങ്ങുന്ന വിധം ചിന്തയും വാക്കും പ്രവൃത്തിയും മാറണം.
'നിങ്ങളുടെ
ഉള്ളിലെ ആത്മാവ് നിങ്ങൾ യഥാർത്ഥത്തിൽ ആരാണെന്ന് വ്യക്തമാക്കാനാണ്
ശ്രമിക്കുന്നത്. ഇതാണ് ജീവിതവും തേടുന്നത്'.ഇതറിയാൻ വലിയ അധ്വാനം വേണം .
സ്വയം നിരീക്ഷിക്കണം ,ഓരോ നിമിഷവും. സ്വന്തം അന്തരംഗപ്രക്രിയകളിലേക്കുള്ള
ഒരു ചുഴിഞ്ഞുനോട്ടമാണാവശ്യം .ഓരോ വാക്കും ചിന്തയും പ്രവൃത്തിയും എങ്ങനെ
സംഭവിക്കുന്നുവെന്ന് പരിശോധിക്കണം .ഇതാണ് ആത്മീയത. ഇത് ബോധമനസ്സിലേക്കുള്ള
വലിയ കുതിച്ചുചാട്ടമാണ്. ഈ പ്രവൃത്തിയിൽ വിജയിക്കുകയാണെങ്കിൽ നിങ്ങൾക്ക്
മനസ്സിലാകും, ജീവിതത്തിന്റെ പകുതി നിങ്ങൾ അബോധത്തിലാണ് കഴിഞ്ഞതെന്ന്
.ബോധത്തിലൂടെ കലഹിച്ചും ചലിച്ചും ഓടിയും കഴിഞ്ഞെങ്കിലും സ്വന്തം
പ്രവർത്തനങ്ങളെക്കുറിച്ച് യാതൊന്നും അറിയില്ലായിരുന്നു .പല കാര്യങ്ങളും
ചെയ്തുവെങ്കിലും അതൊന്നും സ്വയം നിരീക്ഷിച്ചതിന്റെ ഫലമായി ഉണ്ടായതല്ല. പല
പ്രവൃത്തികൾക്കും അതിൻ്റെ ചുമതല നിറവേറ്റാനുണ്ടായിരുന്നില്ലെന് ന് പിന്നീട് മനസ്സിലാക്കാൻ ഇതുപകരിക്കും.
'ചരിത്രങ്ങളിലെ
ദൈവം എന്തായാലും യഥാർത്ഥ ദൈവമല്ല. ആത്മാവ് ഒരപകരണമാണ് .അതിലും ഞാൻ എന്നെ
അനുഭവിക്കുന്നു , ആവിഷ്ക്കരിക്കുന്നു'. അബോധ ജീവിതമാണ് നമ്മുടേതെങ്കിൽ,
അതിന് സത്യവുമായി എന്ത് ബന്ധമാണുള്ളത്? ഏതു ചിന്തയുമായാണോ നാം
ജീവിക്കുന്നത് ,അത് അതിൻ്റെ തന്നെ രമ്യതയിലാണോ എന്ന് നോക്കുക. പ്രവൃത്തികൾ
നമ്മുടെ ബോധമനസ്സിൽ നിന്ന് വരുന്നതാണോ എന്ന് ചിന്തിക്കുക .നിങ്ങളുടെ ഉന്നത
വീക്ഷണവുമായി ഒത്തുപോകാത്ത ചിന്തയെ പുറന്തള്ളുകയാണ് വേണ്ടത്. ഉദാത്തമായ
സങ്കല്പങ്ങളുമായി ഇണങ്ങാത്ത വസ്തുക്കളെ മനസ്സിലേക്ക് വരാതെ വിലക്കേണ്ടതാണ് .
ഒന്നിനെയും പരിത്യജിക്കാനാവില്ല
'ഏതൊരു
മനുഷ്യനെയും ഞാൻ സൃഷ്ടിച്ചതാണ്. നിങ്ങളെ മാത്രമല്ല ഞാൻ
തിരഞ്ഞെടുത്തിട്ടുള്ളത്'. പ്രപഞ്ചത്തെ അറിയാൻ ആദ്യമേ പഠിക്കേണ്ട പാഠം
ഇതാണ്: ഒരവസ്ഥയും നല്ലതോ ചീത്തയോ അല്ല .അത് ഒരവസ്ഥ മാത്രമാണ്. അതുകൊണ്ട്
മൂല്യവിചാരണ ആവശ്യമില്ല .രണ്ടാമത്തെ പ്രധാന കാര്യം ഏതൊരു അവസ്ഥയും
താൽക്കാലികമാണെന്നതാണ് .ഒന്നും സ്ഥിരമായിരിക്കുന്നില്ല. ഒന്നും
നിശ്ചലമല്ല; ഏത് രീതിയിലാണ് ഒരു കാര്യം മാറുന്നതെന്നത് നിങ്ങളെ
ആശ്രയിച്ചിരിക്കുന്നു. ത്യാഗത്തെക്കുറിച്ച് ഇതാണ് പറയുന്നത് :ത്യാഗത്തിൽ
തെറ്റായ ഒരർത്ഥമുണ്ട്. നിങ്ങൾക്ക് ഒന്നിനെയും പരിത്യജിക്കാൻ
കഴിയില്ല;വേറൊരു തിരഞ്ഞെടുപ്പാണ് ആവശ്യം .കാരണം, പരിത്യജിക്കുന്നത് മനസിൽ
നിന്ന് മായണമെന്നില്ല. ഒരു വസ്തുവിനെ മുന്നോട്ട് നീക്കുകയാണ്,
ഒഴിഞ്ഞുമാറുകയാണ് വേണ്ടത് .
'ദൈവം
പറഞ്ഞു: ഞാൻ ഏതൊരു പൂവിലുമുണ്ട്. ഞാൻ എല്ലാ മഴവില്ലിലുമുണ്ട്. ആകാശത്തിലെ
എല്ലാ നക്ഷത്രങ്ങളിലുമുണ്ട് .ഓരോ നക്ഷത്രത്തെയും ചുറ്റുന്ന ഏതൊരു
ഗ്രഹത്തിലും ഞാനുണ്ട് .ഞാൻ കാറ്റിൻ്റെ പിറുപിറുക്കലാണ്. സൂര്യൻ്റെ ചൂടാണ്.
ഓരോ മഞ്ഞുകട്ടയുടെയും അവിശ്വസനീയമായ തനിമയും പൂർണതയും ഞാനാണ്'.എന്തിൽ
നിന്നെങ്കിലും ഒഴിഞ്ഞുമാറാൻ ശ്രമിച്ചാൽ അത് പിന്നാലെ വന്നു മഥിക്കും.
നിങ്ങൾ ഓരോ നിമിഷത്തിലും യാഥാർത്ഥ്യത്തെ നിരസിക്കുകയാണ്,
അറിഞ്ഞുകൊണ്ടല്ലെന്ന് മാത്രം.
'എൻ്റെ
ഉൺമ എല്ലാറ്റിലുമാണുള്ളത്. എല്ലാമാണത്. സകല്യതയാണ് എൻ്റെ ആവിഷ്കാരം.
സമ്പൂർണ്ണതയിലാണ് എൻ്റെ പ്രകൃതി .ഞാനല്ലാത്തതായി യാതൊന്നുമില്ല'. സ്വർഗ്ഗം
എന്ന ഒരിടമില്ല. നിങ്ങൾക്ക് അതിനെക്കുറിച്ച് ഒരു ധാരണ മാത്രമേയുള്ളൂ.
സ്വർഗ്ഗത്തിനു വേണ്ടി അധ്വാനിക്കേണ്ടതില്ല .നേരത്തെ തന്നെ എത്തിച്ചേർന്ന
സ്ഥലത്തേക്ക് പിന്നീട് യാത്ര വേണ്ടല്ലോ .സ്വർഗം തേടാൻ പോയാൽ ഇപ്പോൾ നിങ്ങൾ
എവിടെയാണോ അത് വേണ്ടെന്ന് വെക്കേണ്ടി വരും. അത് യാത്രയുടെ എല്ലാ ലക്ഷ്യവും
നശിപ്പിക്കും. പലരും ചിന്തിക്കുന്നത്, ആഗ്രഹിക്കുന്ന ഇടത്ത് എത്തണമെങ്കിൽ
ഇപ്പോൾ ഇരിക്കുന്ന സ്ഥലം ഉപേക്ഷിക്കണമെന്നാണ്. എന്നാൽ പരമമായ ജ്ഞാനമെന്നു
പറയുന്നത് ഒരു ധാരണയാണ് .ഒരിടത്തേക്കും പോകാനില്ല. ഒന്നും ചെയ്യാനില്ല.
ഇപ്പോൾ നിങ്ങൾ ആരാണോ ആ നിലയിൽ തുടർന്നാൽ മതി; മറ്റൊന്നുമാകണ്ട .നിങ്ങൾ
ഒരിടത്തേക്കുമുള്ള യാത്രയിലല്ല .
'നമ്മൾ
ആരാണ്, അതാണ് ജീവിതം ആവിഷ്കരിക്കുന്നത്. ഇതൊരു കളിയാണ്. അത്
അവസാനിക്കുകയില്ല '.ദൈവം നമ്മളിലൂടെ ദൈവത്തെയാണ് അനുഭവിപ്പിക്കുന്നത്.
ഞാനാരാണെന്ന് അറിയാനാണ് നിന്നെ സൃഷ്ടിച്ചത്. പരമജ്ഞാനം (Enlightenment)
നിങ്ങളോട് പറയുന്നു, ഇതുവരെ അനുഭവിക്കാത്തത് അറിയാൻ ശ്രമിക്കുക.
ദൈവമുണ്ടെന്ന് നിങ്ങൾക്കറിയാം. എവിടെയാണെന്ന് അറിയില്ല. അതുകൊണ്ട് ആ
മനോഹരമായ അനുഭവത്തിനു തയ്യാറാകുക .എന്നാൽ ആ അനുഭവം നിങ്ങളിൽ നിക്ഷിപ്തമാണ്.
അതിനെക്കുറിച്ച് അറിയില്ലെന്നേയുള്ളു.
'രണ്ടു
മഞ്ഞുകട്ടകൾക്ക് ഒരുപോലെയാകാം .എന്നാൽ സൃഷ്ടികൾക്ക് അത് സാധ്യമല്ല.
നിങ്ങൾക്ക് രണ്ടു പേരോട് ഒരുപോലെ സ്നേഹം കാണിക്കാനാവില്ല. കാരണം, നിങ്ങൾ
ഒരു സൃഷ്ടിയാണ്. മൗലികതയുടെ സ്രഷ്ടാവുമാണ്'.ആഗ്രഹങ്ങളെ മറികടക്കണമെന്നല്ല
പറയേണ്ടത്; ആഗ്രഹങ്ങളെ മാറ്റിയാൽ മതി.ആദ്യത്തേത് കഠിനമായ ഒരു പ്രവൃത്തിയാണ്
.ആഗ്രഹങ്ങൾ ആഗ്രഹങ്ങൾ തന്നെയാണ്. മനുഷ്യനെ നിർമ്മിച്ചിരിക്കുന്നത്
പരിശോധിച്ചാൽ ആഗ്രഹങ്ങളിൽ നിന്നു രക്ഷപ്പെടുക ലളിതമല്ല. അതുകൊണ്ട്
ആഗ്രഹങ്ങളെ പറിച്ചുമാറ്റുമ്പോൾ നമുക്ക് തീവ്രമായ പ്രയാസങ്ങൾ ഉണ്ടാകും
.എന്നാൽ രണ്ടാമത്തെ മാർഗ്ഗത്തിൽ മനസ്സിന് സ്വസ്ഥതയും സമാധാനവുമാണുണ്ടാവുക.
മനസ്സിനെ മറ്റൊന്നിലേക്ക് നയിക്കുക, മനസ്സ് പോലും അറിയാതെ .
'നിങ്ങൾ
സൃഷ്ടിക്കുന്നതെല്ലാം മൗലികമായി തീരും. ഒരു വാക്കിനോ പ്രവൃത്തിക്കോ
ചിന്തയ്ക്കോ വ്യാജമാ കാൻ കഴിയില്ല .അത് ഒറിജിനലാണ്'.ദൈവത്തെ അറിയാൻ എല്ലാ
ആഗ്രഹങ്ങളും വികാരങ്ങളും മാറ്റിവയ്ക്കാൻ ആഗ്രഹിച്ചാൽ, അങ്ങനെയൊരാഗ്രഹം
മാത്രമാകും. അവരുടെ കർമ്മങ്ങളിൽ ലക്ഷ്യം നഷ്ടപ്പെട്ടിരിക്കും. വെറുതെ
എന്തെങ്കിലും ത്യജിച്ചാൽ ദൈവത്തെ കിട്ടില്ല. ജീവിതത്തിലെ ഓരോ നിമിഷവും
സ്നേഹത്തിനും അവകാശപ്പെട്ടതാണ് .ഏറ്റവും മഹത്തായ ഒരു ചിന്തയിലൂടെ ഓരോ
നിമിഷവും കടന്നു പോയിരുന്നെങ്കിൽ! .എങ്കിൽ നമുക്ക് ഇങ്ങനെ
കെട്ടിക്കിടക്കേണ്ടിവരില്ലായിരു ന്നു. ഭൂമിക്ക് സമാധാനം കൊടുക്കാൻ നമുക്ക് കഴിയുമോ? നമ്മളിലൂടെ കടന്നു പോകുന്നവർക്കെല്ലാം സമാധാനം കൊടുക്കാൻ?
'രണ്ടാളുകൾ
ഒരുപോലെയല്ല; രണ്ട് ചിന്തകൾ ഒരുപോലെയല്ല; രണ്ട് ബന്ധങ്ങൾ
ഒരുപോലെയല്ല'.ഓരോന്നിനോടുള്ള ദിവ്യമായ ബന്ധത്തെ അറിയുക,അനുഭവിക്കുക. അതാണ്
വലിയ ജ്ഞാനം . പലപ്പോഴും നമ്മൾ അത് നഷ്ടപ്പെടുത്തുകയാണ് .വിപരീത
ചിന്തകളിലേക്ക് ആകർഷിക്കപ്പെടുന്ന നാം അതിൻ്റെ ഫലമായി അകലാനും വെറുക്കാനും
പരിശീലിക്കുന്നു .നാം എന്തായിത്തീരാൻ ഉള്ളിൽ ആഗ്രഹിക്കുന്നുവോ അതിനു നേരെ
വിപരീതമായ ആഗ്രഹമുള്ളവരായി മാറുന്നു. എല്ലാ സാഹചര്യളെയും അശ്ലേഷിക്കുക,
ദൈവത്തിൻ്റെ വാക്കുകളാണിത്. എല്ലാ തെറ്റുകളും ഏറ്റെടുക്കുക.(Own every
fault) എല്ലാ സന്തോഷവും പങ്കുവെക്കുക .എല്ലാ ദുരൂഹതകളെക്കുറിച്ചും
ചിന്തിക്കുക. എല്ലാവരോടൊപ്പം നടക്കുക. എല്ലാ അക്രമങ്ങളോടും ക്ഷമിക്കുക.
എല്ലാ ഹൃദയങ്ങളുടെയും മുറിവുണക്കുക. എല്ലാ വ്യക്തികളുടെയും സത്യത്തെ
ആദരിക്കുക. എല്ലാ മനുഷ്യരുടെയും ദൈവത്തെ വാഴ്ത്തുക. എല്ലാവരുടെയും
അവകാശങ്ങളെ സംരക്ഷിക്കുക .എല്ലാവരുടെയും അന്തസ്സിനെ സംരക്ഷിക്കുക.
ദൈവികമായ ദ്വന്ദം
'പ്രപഞ്ചത്തിലെ
ഓരോ വസ്തുവും തനതുരൂപത്തിലാണ് നിൽക്കുന്നത്. അതുപോലെ വേറൊന്നിനെ കാണാൻ
കഴിയില്ല'.നിങ്ങളിൽ ഒരു സത്യം ജീവിക്കുന്നുണ്ട്. അതിൻ്റെ ശബ്ദം ശ്രവിക്കുക.
അതിൻ്റെയർത്ഥം ഇങ്ങനെ വ്യാഖ്യാനിക്കാം:പ്രതീക്ഷകളൊന് നുമില്ലാതെ ജീവിക്കുക -ചില പ്രത്യേക ലക്ഷ്യങ്ങൾക്കു മാത്രമായി ജീവിക്കാതിരിക്കുക. അതാണ് സ്വാതന്ത്ര്യം. അതുതന്നെയാണ് ദൈവികത .
'ഇതാണ്
ദൈവികമായ ദ്വന്ദം (Divine dichotomy).എല്ലാം അതാതിൻ്റെ നിലയിൽ അതുല്യമാണ്
.അതേസമയം എല്ലാം ഒന്നാണ്'.ഓരോന്നും അതിൻ്റെ രൂപത്തിൽ വേറിട്ടതായി
കാണപ്പെടുന്നു. ഒരു നക്ഷത്രം പോലെ വേറൊന്നില്ല. ഒരാളുടെ മുഖം പോലെ
വേറൊന്നില്ല. ഒരാളുടെ മനസ്സ് പോലെ മറ്റൊരാളുടെ മനസ്സില്ല. ഒരാൾ
എഴുതുന്നപോലെ വേറൊരാൾക്ക് എഴുതാനാവില്ല. ഓരോ ചിത്രവും വിഭിന്നമാണ് .ഒരാൾ
എഴുതുന്നത് പോലും ഓരോ സമയത്തും ഭിന്നമാണ് .എല്ലാം എപ്പോഴും വെവ്വേറെയാണ്.
ഓരോ ദിനവും അതുല്യമാണ് .ഭൂതകാലത്തിലെ ഒരു ദിവസം മറ്റേത് ദിവസത്തേതു പോലെ
ആയിരുന്നില്ല .ഓരോ ദിവസത്തിനും പ്രത്യേക തിരക്കഥയും ദൃശ്യസംവിധാനവും
സംഗീതവും വർണ്ണവും സന്നിവേശവും പെരുമാറ്റവുമുണ്ട് .എന്നാൽ എല്ലാത്തിന്റെയും
അടിസ്ഥാനം ഒന്നുതന്നെയാണ്. മനുഷ്യശരീരത്തിൽ രക്തമല്ലാതെ വേറൊന്നും
ഓടുന്നില്ല. ജീവിതത്തിൻ്റെ സ്വാഭാവികതയും സ്വയം സമ്പൂർണ്ണതയും
മറ്റെവിടെയുമില്ല. ഒരാളിൽ തന്നെ സ്വയം സമ്പൂർണ്ണതയുണ്ട് .
'നിങ്ങളുടെ
കൈയിലെ ഓരോ വിരലും വ്യത്യസ്തമാണ്. ഓരോ കൈയിലാണ് അതുള്ളത്. നിങ്ങളുടെ
വീട്ടിലെ വായു എല്ലായിടത്തുമുള്ളതു തന്നെയാണ്. എന്നാൽ ഓരോ മുറിയിലെയും
വായു ഒരുപോലെയല്ല '.എന്നാൽ ഏതെങ്കിലും ഒരു കാര്യത്തിൽ ഒന്നിനും
മാറ്റമില്ലാതെ തുടരുകയാണെന്ന് കരുതുകയാണെങ്കിൽ ജീവിതത്തെ നാം അറിയുന്നില്ല
എന്നാണർത്ഥം. നേരത്തെ എഴുതപ്പെട്ട ഒരു തിരക്കഥയ്ക്ക് അനുസരിച്ച് മുന്നോട്ട്
പോകുമ്പോൾ റിഹേഴ്സൽ വേണമെന്നത് മോഹം മാത്രമാണ്. ജീവിതം ഒരു ഉറപ്പും
ആർക്കും കൊടുക്കുന്നില്ല .കാരണം, അത് അവ്യക്തതയിലാണ് വിഹരിക്കുന്നത്.
'നിങ്ങൾ
ഒരാളെ സ്നേഹിക്കുമ്പോൾ അതുപോലെയാകില്ല .മറ്റൊരാളോടുള്ള സ്നേഹം .ചിന്തകൾ
,വാക്കുകൾ, പ്രവൃത്തികൾ ,പ്രതികരണങ്ങൾ വ്യാജമാകുന്നില്ല'.നമ്മളെല്ലാം
ഒന്നുതന്നെയാണ് .പക്ഷേ, നമുക്ക് ഒരു ചുമതലയുണ്ട് .നമ്മൾ ജീവിക്കുകയാണ്.
ശരീരത്തിൽ നമ്മൾ ജീവിക്കുന്നു, ബോധമനസുമായി. ആകെ സങ്കീർണമായ
അനുഭവശ്രംഖലകളിൽ പകുതിയും വ്യക്തമല്ല. അവ്യക്തതകൾ വന്നു പൊതിയുമ്പോൾ അതിൽ
നിന്ന് രക്ഷനേടാൻ സ്വയം അറിയണമെന്നാണ് പ്രബുദ്ധമതം . ഒരു മാറ്റത്തിനായി
അലയണം. ഇപ്പോഴത്തെ ജീവിതം തെറ്റായതുകൊണ്ടല്ല; എന്തുകൊണ്ടെന്നാൽ നിങ്ങൾ
ആരാണെന്നതിനു കൃത്യമായ ഒരു വസ്തുത കണ്ടെത്താൻ അതിനാവുന്നില്ല.
There is only reason to anything ;as a statement to the universe of who you are .
No comments:
Post a Comment