ഒരു സത്യാന്വേഷിക്ക് പലതും പ്രവർത്തിക്കാനുണ്ട് ,ധൃതിയിൽ. ഒരു പരീക്ഷണവും സാക്ഷാത്കാരവുമാണത്. ആ അന്വേഷിക്ക് തന്നോടൊപ്പം സത്യത്തെയും കൊണ്ടുപോകേണ്ടതുണ്ട്. ലോകം അത്രമേൽ മായകൊണ്ട് വലിഞ്ഞു മുറുക്കപ്പെട്ടിരിക്കയാണ്.എന്താണ് മായ ? അത് കേവലം മിഥ്യാബോധമല്ല. ഇനിയും കണ്ടുപിടിക്കേണ്ട രഹസ്യത്തിൻ്റെ പേരാണത്. ഗുരുക്കന്മാർ അത് പൂർണമായി വെളിപ്പെടുത്തിയിട്ടില്ല. നമ്മൾ മനുഷ്യൻ എന്ന തുരങ്കത്തിലാണുള്ളത്. അതുപോലെ ഓരോ ജീവിയും ഓരോ തുരങ്കമാണ്. നമ്മുടെ സംവേദനങ്ങൾ മനുഷ്യൻ എന്ന തുരങ്കത്തിൽ മാത്രമാണ് വിഹരിക്കുന്നത്. അതിനപ്പുറം എന്താണ് ? ഒരു ഷഡ്പദവുമായി വിനിമയം ചെയ്യാനാവാത്ത വിധം ദുർബ്ബലമായിപ്പോയ നമ്മുടെ ഐന്ദ്രിയ സംവേദനമാകെ നല്കുന്ന അനുഭവം ഈ മഹാപ്രപഞ്ചത്തിൽ സൃഷ്ടിക്കുന്ന ഓളസദൃശമായ അവസ്ഥയല്ലേ ഈ മിഥ്യ ?
വേർതിരിച്ചെടുക്കാവുന്നതും വിഭജിക്കാവുന്നതും വെറുക്കാവുന്നതും ഉപേക്ഷിക്കാവുന്നതുമാണ് എല്ലാമെന്നു കരുതുന്നവരാണ് നാമൊക്കെ.ബാല്യ, കൗമാര, യൗവ്വനങ്ങളിലെയും ഗാർഹസ്ഥ്യത്തിലെയും സകല കുതൂഹലങ്ങളും ഈ വേർതിരിവുകളെ അടിസ്ഥാനമാക്കി ഉണ്ടായതാണ്.രാത്രിയിൽ കണ്ട കയറിൻ്റെ കഷണത്തെ പാമ്പാണെന്നു വിശ്വസിക്കാനാണ് പലർക്കും താത്പര്യം. പാമ്പിനെ ഭയപ്പെടുന്നവന്റെ മുന്നിൽ അത് പെട്ടെന്ന് തന്നെ തെളിഞ്ഞുവരും.കയർ കണ്ടാൽ പാമ്പാണെന്ന് കരുതുന്നതുകൊണ്ട് വികാരങ്ങൾ അമിതമായി ഉദ്പാദിപ്പിക്കപ്പെടും. ജീവിതം വികാരങ്ങളുടെ ഈ അമിതോൽപാദനമാണ്. ഒരു അനിമേഷൻ (Animation) പ്രക്രിയയാണ് അവിടെ നടക്കുന്നത്. നാം അചേതനമായതിനു ജീവൻ കൊടുക്കുന്നു ;എന്നിട്ടു അതിനെ ഭയപ്പെടുന്നു. എല്ലാം പടയോട്ടമായി ,നാം സങ്കല്പിക്കുന്നു. ഒരു മത്സരത്തിനു വേണ്ടി പ്രത്യേകം തയ്യാറാക്കിയ സിന്തറ്റിക് ട്രാക്കാണോ ഈ ജീവിതം? മത്സരത്തിനൊടുവിൽ മധുരമുള്ള ഓർമ്മകൾ നിക്ഷേപിച്ച സമ്മാനങ്ങൾ ഉണ്ടായിരിക്കണം. സമ്മാനങ്ങളാണല്ലോ വേണ്ടത്. ജയിക്കുകയല്ലാതെ വേറൊരു തിരഞ്ഞെടുപ്പില്ല! .ജയിച്ചാലോ, സന്തോഷം പെട്ടെന്നു തന്നെ മങ്ങിപ്പോകും. എല്ലാ മത്സരഫലങ്ങളും ഭൂതകാലത്തിലേക്ക് ഓടിപ്പോവുകയാണ്. സത്യമേതാണ്? ജയിക്കുന്നതാണോ പരാജയപ്പെടുന്നതാണോ ?ജയിക്കുന്നത് ഒരു animation ആണ്.
ജനിമൃതിയുടെ കൂട്
ഗുരു ഇതിനെക്കുറിച്ച് 'ചിജ്ജഡചിന്തകം'എന്ന ലേഖനത്തിൽ വ്യക്തമായി പറയുന്ന ചില കാര്യങ്ങളുണ്ട്. ഈ ലോകം ഇങ്ങനെ കാണപ്പെടുന്നത് എന്തുകൊണ്ടാണ്? എന്തായിരിക്കും ഇതിന്റെയെല്ലാം അടിസ്ഥാനം? ഇതിന് ഒരവസാനമുണ്ടോ ?ഗുരു എഴുതുന്നു: "പിന്നെ എങ്ങനെയാണ് ഇപ്രകാരം നിർഹേതുകമായി കാണപ്പെടുന്നതെന്ന് ചോദിച്ചാൽ ,അത് അവിചാരദശയിൽ കാനൽജലം പോലെ തോന്നുന്നതല്ലാതെ ,വിചാരിച്ചു നോക്കുമ്പോൾ ഇതെല്ലാം ശുദ്ധചിത്തായി തന്നെ വിളങ്ങുന്നു. അത് എങ്ങനെയെന്നാൽ ,ഒരു കയറ്റിൻ കണ്ടത്തിൽ കൽപ്പിതമായിരിക്കുന്ന നാഗം വെളിച്ചം വരുമ്പോൾ അധിഷ്ഠാനമായ ആ കയറ്റിൽ തന്നെ മറയും. അപ്പോൾ മുമ്പിൽ, 'ഇത് നാഗം' എന്നിങ്ങനെ ഇദം വൃത്തിയാൽ ഗ്രഹിക്കപ്പെട്ടിരുന്ന കൽപ്പനാനാഗത്തിൽ നിന്ന് വിട്ടു കണ്ണ് ആ കയറ്റിൽ തന്നെ പറ്റി നിന്നു വിളങ്ങുന്നതുപോലെ ,അവിചാരദശയിൽ കാണപ്പെടുന്ന ഈ ശരീരാദിപ്രപഞ്ചം മുഴുവനും ഇപ്രകാരം നിഷ്‌ക്കാരണമായി അഖണ്ഡചിന്മാത്രമായിരിക്കുന്ന ബ്രഹ്മത്തിൽ ഇരിക്കുന്നതിനു ഒരിക്കലും അവകാശമില്ല എന്നിങ്ങനെ ചിന്തിച്ചു ചിന്തിച്ചുണ്ടാകുന്ന ബോധോദയത്തിൽ ഇതൊക്കെയും അധിഷ്ഠാനമായ ബ്രഹ്മത്തിൽ തന്നെ മറയുന്നു. അപ്പോൾ ഇത് മുമ്പിൽ കണ്ടിരുന്ന കല്പിത പ്രപഞ്ചത്തിൽ നിന്നും വിട്ട് നിരാധാരമായിരിക്കുന്ന ഇദംവൃത്തി ഊർധ്വമുഖിയായി ജീവബോധത്തോടുകൂടെ അഖണ്ഡ ചിത്തിൽ ലയിച്ചു ചിത്തു മാത്രമായി വരുന്നു ".
അവിചാരദശയിലാണ് ഈ പ്രപഞ്ചമുള്ളതെന്ന് ഗുരു പറയുന്നു. കയർ കണ്ടിട്ട് പാമ്പാണെന്ന് ധരിക്കുകയാണ്. യഥാർത്ഥത്തിൽ പാമ്പില്ല .അതുപോലെ ലോകത്തിൻ്റെ അഭാവത്തിൽ സത്യം മാത്രമേയുള്ളൂ. കല്പിതപ്രപഞ്ചം നമ്മൾ സൃഷ്ടിച്ചതായിരുന്നു. ഈ സത്യബോധം നമ്മെ വല്ലാതെ പ്രബുദ്ധരാക്കേണ്ടതാണ്. സത്യബോധം ഒരു ലെൻസാണ് .അത് വസ്തുക്കളെ സൂക്ഷ്മമായി കണ്ടുപിടിച്ചു തരും .അതോടെ മിഥ്യ, അയിത്തം തുടങ്ങിയവ അപ്രത്യക്ഷമാവും. ജാതി,മതം,വർഗം തുടങ്ങിയ മിഥ്യകൾ മൂലം പോരടിക്കുന്നത് ഈ സത്യബോധത്തിലെത്താത്തതു കൊണ്ടാണ്. അഖണ്ഡമായ ചിത്തിൽ നമ്മളെല്ലാം സഹോദരങ്ങളാണ്. നമ്മെ ചൂഴുന്നത് ഒരു പ്രപഞ്ചമാണ് .നമ്മെയെല്ലാം ഒരുപോലെ ജനിമൃതിയുടെ കൂട് വലയം ചെയ്തിരിക്കുകയാണ് .ജനിച്ചതിന്റെ കാരണമറിയാത്തതുപോലെ മൃതിയുടെ കാരണമോ പരിണാമമോ അറിയില്ല. ഈ ഉത്തരമില്ലാത്ത പ്രശ്നങ്ങൾ നമ്മെ പരസ്പരം വിഘടിപ്പിക്കാനുള്ളതല്ല. കാരണം, നമ്മുടെ മിഥ്യകൾ നമുക്ക് ചുറ്റും നൃത്തം വയ്ക്കുകയാണ് .അതിനൊത്ത് നമ്മൾ വികാരങ്ങൾ പുറപ്പെടുവിക്കുന്നു. നമ്മുടെ വികാരങ്ങൾ സന്ദേശങ്ങളായി മാറുന്നു. അത് തെറ്റായി വ്യാഖ്യാനിക്കുന്നവർ ബഹുശതമാണ്.
നിഷ്കളങ്കതയുടെ വിനാശകരമായ സ്വഭാവം
നമ്മൾ ഉദ്ദേശിച്ചതെന്താണെന്നു ആർക്കും തന്നെ അറിയേണ്ട. ഓരോരുത്തരും അവരവരുടെ കല്പിത ലോകത്തെ നിമിഷംതോറും സൃഷ്ടിക്കുകയാണ്. അങ്ങനെയവർ വ്യാജമായ ഒരു ലോകത്തിൻ്റെ തെറ്റായ സന്ദേശങ്ങളുടെ ഉൽപാദകരായി മാറുന്നു .ഒരാൾ യഥാർത്ഥത്തിൽ നല്ലതാണ്; എന്നാൽ അയാൾക്കുപോലും ആ നന്മയെ നേരിടാനാകില്ല .കാരണം, അയാൾ സ്വയമറിയുന്നില്ലല്ലോ. അയാൾ കല്പിതലോകത്തിന്റെ നിയമങ്ങൾ കപടമായി നിർമ്മിച്ചുകൊണ്ടിരിക്കുകയാണ്.
'അവിചാരദശയിലെ കാനൽജലം' എന്താണെന്നു അറിയുന്ന ഗുരുവിനു ഭേദചിന്തയില്ലായിരുന്നു .ഭേദചിന്തകൾ സ്വാഭാവികമായി ഒഴിഞ്ഞുപോയതാണ്. അവിടെ വേറിട്ടതായി ഒന്നുമില്ല. ഒരു കുഞ്ഞ് മറ്റൊരു കുഞ്ഞുമായി ജാതി, വർണ്ണ, വർഗ്ഗതലത്തിൽ വേറിട്ടതല്ല; മറിച്ച് സാഹോദര്യമാണവിടെ പരിലസിക്കുന്നത്. സാഹോദര്യം ഒരുമയാണ്,അതിൻ്റെയർത്ഥം മനസ്സിലാക്കുന്നവർക്ക്. സാഹോദര്യത്തിന്റെ ലയത്തിൽ ജീവിക്കുമ്പോൾ അകൽച്ചയോ വിദ്വേഷമോ ഉണ്ടാകില്ല .ഇതാണ് സത്യബോധത്തിന്റെ ഫലമായി സമൂഹത്തിനു കൊടുക്കേണ്ടത്. ഗുരുവിൻ്റെ പ്രവൃത്തികളിൽ അത് കാണാം.
അതുകൊണ്ടാണ് ഗുരു മഹാമുനിയായി മാറിയത്. 'മുനിചര്യാപഞ്ചക'ത്തിൽ
"അയാചിതമലിപ്സയാ നിയതിദത്ത മന്നം മുനി-
സ്തനോ: സ്ഥിതയ അന്വദൻ പഥി ശയാനകോf വ്യാകുല :"
എന്നു എഴുതിയിരിക്കുന്നു .
ജ്ഞാനിയായ ഒരു മുനിക്കു മാത്രമേ തന്റെ ജീവിതം ഈ ലോകത്തിൽ എത്രമാത്രം ഭാരരഹിതമാണെന്ന് കണ്ടെത്താനാവൂ .ആവശ്യപ്പെടാതെ ,ആരോടും ഇരക്കാതെ ,യാതൊന്നും ആഗ്രഹിക്കാതെ ,നിയതി നല്കുന്ന അന്നമാണ് മുനി ഭക്ഷിക്കുക. മുനി അതിൽ സംതൃപ്തനാണ് .മുനിക്ക് ഈ ലോകത്തെക്കുറിച്ച് അറിയാം. ജീവിതത്തിലെ ആകുലതകളെക്കുറിച്ചോർത്ത് ആകുലപ്പെടുന്നതാണ് രോഗം. ഈ രോഗം നമ്മെ കുട്ടികളാക്കുന്നു .രണ്ടു കുട്ടികൾ പരസ്പരം കല്ലെടുത്തെറിയും. എന്നാൽ അത് കുട്ടികളുടെ സ്വഭാവമാണെന്ന് നമുക്കറിയാം.ശിശുകളുടെ സ്വഭാവത്തിലെ അക്രമത്തെ നമ്മൾ നിഷ്കളങ്കമായാണ് സമീപിക്കുന്നത്.നമ്മൾ അറിവുള്ളവരാണെന്ന ധാരണയാണ് അത് അർത്ഥമാക്കുന്നത്. എന്നാൽ നമ്മെക്കാൾ ജ്ഞാനമുള്ളവർക്ക് നമ്മുടെ പ്രവൃത്തികളിൽ ഈ നിഷ്കളങ്കത കാണാൻ കഴിയും. അതായത് ,മുതിർന്നവരായ നമ്മൾ പരസ്പരം കല്ലെടുത്തെറിയുന്നത്, വെറുക്കുന്നത് യാതൊരു സത്യമോ , അർത്ഥമോ ഇല്ലാതെയാണ്.
ആ തോന്നലുകളെല്ലാം അവിചാരദശയിലെ കാനൽ ജലം പോലെ കണ്ടാൽ മതിയാകും. ഈ അറിവിൽ നിലനിൽക്കുകയാണെങ്കിൽ, നമുക്ക് നമ്മുടെ നിഷ്കളങ്കതയ്ക്ക് സംഭവിച്ചിരിക്കുന്ന ലോകനാശകരമായ സ്വഭാവത്തെ ഉന്മൂലനം ചെയ്യാനാകും .
ഗുരു അതാണ് ചെയ്തത്. ഗുരുവിൻ്റെ ആത്മീയപരീക്ഷണങ്ങൾ സത്യാന്വേഷണപരീക്ഷണങ്ങളുമാണ്. സത്യത്തെ അറിയാൻ, പഠിപ്പിക്കാൻ, സംവേദനം ചെയ്യാൻ ഗുരു വിവിധ മാർഗങ്ങൾ തേടുന്നു.
ദയയെക്കുറിച്ച് വായിച്ചാൽ ദയയുണ്ടാവില്ല
സ്നേഹത്തിൻ്റെ അർത്ഥം നമ്മൾ ഒരിക്കലും മനസ്സിലാക്കുന്നില്ല ,നമ്മൾ സ്നേഹിച്ചിട്ടില്ലെങ്കിൽ . സ്നേഹിക്കുമ്പോൾ മാത്രമാണ് അതിന്റെ അനുഭൂതി കിട്ടുന്നത്. കവിതയോ ,പ്രബന്ധമോ ,വായിച്ചാൽ സ്നേഹിക്കാനൊക്കില്ല. അതിനായി നമ്മൾ കഷ്ടപ്പെടണം. സ്നേഹിക്കാനായി നമ്മൾ മനസ്സിൽ ഊർജം സംഭരിക്കണം. സ്നേഹം ആദിമമായ ഒരു ബാന്ധവമാണ്. എന്നാൽ അത് വാക്കുകളിലില്ല; മനസ്സിലാണുള്ളത്. മനസ്സിൽ അതിന്റെ അനുഭവം തന്നെ വേണം. രണ്ടുപേർ സ്നേഹിക്കുന്നതിന്റെ വിവരണത്തിൽ നമ്മുടെ സ്നേഹമില്ല.അതിനായി നമ്മുടെ ജീവിതം മാത്രമാണ് നമ്മുടെ കൈയിലുള്ളത്.നമ്മുടെ ജീവിതത്തിന്റെ ഭാഗമായ ആത്മീയതയിൽ മുഴുകാതെ നമുക്ക് ഒരിക്കലും സ്നേഹക്കാനാവില്ല. ആത്മീയത എന്നു പറഞ്ഞത് സാമ്പ്രദായിക മതത്തിൻ്റെ ഭാഗമായിട്ടല്ല. അവനവനെ വികാരങ്ങളിൽ അറിയുന്നതിൻ്റെ സത്യബോധമാണത് .
ഈ തിരിച്ചറിവ് മിക്കപ്പോഴും അപ്രത്യക്ഷമാവുന്നു. ഭൗതികമായ വസ്തുക്കളുടെയും പദവികളുടെയും ബലത്തിൽ സ്നേഹത്തിനായി ബലം പിടിക്കുകയാണ് നാം ചെയ്യുന്നതെങ്കിൽ അതും 'കാനൽജലം' തന്നെ. ഒരാളെയെങ്കിലും നിശിതമായി അറിയാൻ ,സ്നേഹിക്കണം .എന്നാൽ മറ്റൊന്നും പ്രതീക്ഷിക്കുന്നില്ലെങ്കിൽ സ്നേഹം ശുദ്ധമായ ഒരു നദിപോലെ സ്വച്ഛന്ദമാണ് .ആത്മീയജ്ഞാനത്തിന്റെ ഭാഗമാണ് എല്ലാം; ദൈവം, സ്നേഹം, ദയ തുടങ്ങിയവയെല്ലാം. ദൈവത്തെ അറിയുന്ന പോലെ ദുഷ്കരമാണ് ദയയെ മനസ്സിലാക്കുന്നതും. ദയയെക്കുറിച്ചുള്ള ലേഖനം വായിച്ചാൽ ദയയുണ്ടാവില്ല .അതിനു പ്രത്യേകമായ ശ്രമം വേണം; അവബോധവും അനുഭൂതിയുമായി അത് സമന്വയിക്കണം.
'കാളിനാടക'ത്തിൽ ഗുരു ഇങ്ങനെ എഴുതുന്നു:
"തെളിഞ്ഞും മറഞ്ഞും തുളുമ്പും പ്രപഞ്ചം
തുളഞ്ഞുള്ളിലെള്ളോളമുള്ളായിരുന്നും "
ദൈവം എല്ലാവർക്കും ഒരുപോലെ അനുഭവപ്പെടുന്നില്ല. ചിലർക്കത് തെളിഞ്ഞു കാണാം; മറ്റു ചിലർക്ക് അത് എന്നും ഒരു അടഞ്ഞലോകമായിരിക്കും. പ്രപഞ്ചത്തിന്റെയുള്ളിലാണ് ദൈവമിരിക്കുന്നതെങ്കിലും അത് എല്ലാവരിലും ഒരുപോലെ അനുഭൂതിയുണർത്തുന്നില്ല. ദൈവത്തെയും അനുഭൂതിയായി ഉൾക്കൊള്ളുകയാണ് ഗുരു.
ദൈവദശകത്തിൽ സത്യമറിഞ്ഞശേഷമുള്ള താദാത്മ്യത്തിൻ്റെയും സമഭാവനയുടെയും ഉന്നതമേഖലയിൽ പ്രവേശിച്ചുകൊണ്ട് 'ഭൂതവും ഭാവിയും വേറെല്ല' എന്ന് എഴുതിയിരിക്കുന്നു.
ദൈവം എന്ന അനുഭൂതി
കഴിഞ്ഞകാല സംഭവങ്ങളിലും നമ്മൾ ജീവിക്കുകയാണ്. ഇന്നലെകളിലെ ജീവിതമാണ് നമ്മെ മൂല്യമുള്ള മനുഷ്യരാക്കുന്നത്. ഇന്നലെ നാം എന്തു ചെയ്തുവോ അതിൻ്റെ ബാക്കിയാണ് നമ്മുടെ ജീവിതം. വിതച്ചതാണല്ലോ കൊയ്യുന്നത്. വർത്തമാനം, നിശ്ചയമായും ദൈവത്തിലാണുള്ളത്. അറിയാത്ത ലോകത്തിൽ ദൈവം പ്രസന്നമാണ്. ഇന്നലെകൾ നമുക്ക് നിശ്ചലമല്ല; ഓർക്കുന്തോറും രൂപാന്തരം സംഭവിക്കുകയാണ് ലോകത്തിന്. ഓരോ ഓർമ്മയും പുതിയൊരു അടുക്കാണ്.അത് ദൈവമാണെന്ന പ്രഖ്യാപനം എത്രയോ ചിന്താപരമാണ്. ഭാവി ദൈവമാണെന്ന് പറയുന്നത് മറ്റൊരു അനുഭൂതിയാണ്.
കാലമുരുളുകയാണല്ലോ.കാലത്തിൻ്റെ ഓരോ പദചലനത്തിലും നാം കാണുന്നതുപോലെ കാണാത്ത ലോകവുമുണ്ട്. കാണാത്ത ലോകം ദൈവമാണ് .അതുകൊണ്ട് ഈ അറിവ് സത്യത്തിനു അഭിമുഖമായി നിൽക്കുകയാണ്. സത്യത്തെ ഗ്രഹിച്ചവർ ലോകത്തെ ഒന്നായി കാണുന്നു. അവർക്ക് കാലങ്ങളുടെ വ്യത്യാസം പോലും സംഗതമല്ല. മനുഷ്യരുടെ ബുദ്ധിവൈഭവത്തിൽ പ്രസാദമായ ഒരു ലോകത്തെ സൃഷ്ടിക്കാനുള്ള ത്വരയാണുണ്ടാകേണ്ടത്. വിഭാഗീയമായ മനസ്സുകൾ ,ഈ സത്യത്തെ ഗ്രഹിക്കാത്തത് മൂലം ഭൂതകാലത്തെയും ഭാവിയെയും വേർപെടുത്തുകയും മനുഷ്യനെ അവന്റെ സ്വഭാവത്തിൽ നിന്ന് ദൃഷിച്ച മാർഗ്ഗത്തിലേക്ക് മാറ്റി കൊണ്ടുപോവുകയും ചെയ്യുന്നു.
മനുഷ്യപ്രകൃതിയെ നാം ഗ്രഹിക്കേണ്ടതുണ്ട്. അതിൽ സമൂഹവും ചിന്തകളും എപ്പോഴും വിഭാഗീയത സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. വിവിധതരം മത്സരങ്ങളും പോരുകളുമാണ് അവിടെയുള്ളത്. അതിൽ നിന്നു സത്യദർശനത്തിലേക്ക് വളരുന്നതാണ് യഥാർത്ഥ വിദ്യാഭ്യാസം.
ആ നിലയിൽ ഗുരു മഹത്തായ ഒരു അനുഭൂതിശാസ്ത്രത്തിൻ്റെ ഉപജ്ഞാതാവാണ്. ദൈവത്തെയും കാലത്തെയും അനുഭവിക്കാനുള്ള രസമാണ് ,യഥാർത്ഥ അറിവായി ,ഗുരു തൻ്റെ പാഠ്യപദ്ധതിയിൽ വികസിവിച്ചെടുത്തത്. '
No comments:
Post a Comment