Friday, January 6, 2023

നന്ദി വേണം ,നന്ദി! :എം.കെ.ഹരികുമാർ 

 



ഓരോ അടിയും വെച്ച് മുന്നേറുകയാണല്ലാ നാം. ആ യാത്രയിൽ തടസ്സമായി നിൽക്കുന്നവരെയെല്ലാം വിഷംകൊടുത്തും ചതിച്ചും വീഴ്ത്തിയും ചവിട്ടിയും ലക്ഷ്യത്തിലേക്ക് അടുക്കുന്നവരുടെ കാലമാണിത്. സൗഹൃദങ്ങൾ രാത്രിയിലെ മിന്നൽ പോലെയാണ്; പെട്ടെന്നങ്ങ് മാഞ്ഞുപോകും. പിന്നീട് ഇരുട്ടു മാത്രമാണ് നിറയുന്നത്. സൗഹൃദത്തിനനുസരിച്ച് മിണ്ടാതെ, ശരീരഭാഷ ക്രമീകരിച്ച് നിന്നു കൊള്ളണം .ലോകം അത്ര ക്രൂരമാണ്. 

ഗുരു 'സദാചാരം' എന്ന കവിതയിൽ എഴുതി:

"നല്ലതല്ലൊരുവൻ ചെയ്ത 

നല്ല കാര്യം മറപ്പത്

നല്ലതല്ലാത്തതുടനെ 

മറന്നീടുന്നതുത്തമം"

നമുക്ക് നല്ല കാര്യങ്ങൾ ചെയ്തവരെ മറക്കാമോ ?എന്നാൽ മറക്കും. മറവിയാണ് ഇന്നത്തെ സദാചാരം. പുതിയ നേട്ടങ്ങൾക്കായി ഓടുന്നതിനിടയിൽ പഴയ കാര്യങ്ങളുടെ പേരിൽ ഓർക്കാനോ ,നന്ദി സൂക്ഷിക്കാനോ ആർക്കും സമയമില്ല. ജീവിതത്തിന്റെ വേഗത വർദ്ധിച്ചു. ഇന്നു ഒരാൾക്ക് എത്ര പുരസ്കാരങ്ങൾ കൊടുത്താലും പിറ്റേദിവസം മറക്കും; എന്തെങ്കിലും ഒരു കാരണമുണ്ടാക്കി പിണങ്ങാൻ നോക്കും. ലോകം നന്മയെ ഉപേക്ഷിക്കുകയാണ്. 

ഗുരുദർശനത്തിലെത്താൻ നാമിനിയും ഏഴ് സമുദ്രങ്ങൾ കടക്കേണ്ടിവരും. നല്ലതല്ലാത്തത് മറക്കണമെന്നാണ് ഗുരു ഉപദേശിക്കുന്നത് .നല്ലതൊന്നും ഓർക്കാത്തവർ ചീത്തക്കാര്യങ്ങൾ ഓർക്കുന്നു. അതുകൊണ്ട് അവരുടെ മനസ്സ് മാത്രമല്ല ശരീരമാസകലം ദുഷിച്ച വാസനകൾ കൊണ്ട് നിറയുന്നു. ചീത്ത ചിന്തകൾ നമ്മെ ആന്തരികമായി നശിപ്പിക്കും. നമ്മുടെ ജീവിതവീക്ഷണം വെറുപ്പിലും  അസൂയയിലും കത്തിപ്പിടിക്കുകയാണ്. ധാരാളം ലക്ഷ്യങ്ങളുള്ളതുകൊണ്ട്  നല്ലത് ഏതാണെന്ന് നോക്കാൻ സമയമില്ല. എന്താണ് ആത്യന്തികമായ ഉയർച്ച? എല്ലാവരും വിദ്യാഭ്യാസം നേടുന്നു ,തൊഴിൽ നേടുന്നു , പണമുണ്ടാക്കുന്നു, വാഹനങ്ങൾ വാങ്ങിക്കുന്നു, സുഖിക്കുന്നു. എന്നാൽ ഒരു ഹോട്ടലിൽ ചെന്നു ഭക്ഷണം കഴിക്കുന്നതിനിടയിൽ, ഇറച്ചിക്കറിയിൽ കഷണങ്ങൾ കുറഞ്ഞുപോയത് ആളുകളെ കോപാകുലരാക്കുന്നു. അപ്രതീക്ഷിതമായി ഒരു മർദ്ദനത്തിനും കലഹത്തിനുമുള്ള സന്ദർഭം ഉണ്ടാകുകയാണ്. താൻ സഞ്ചരിക്കുന്ന വാഹനത്തിനു തിരക്കേറിയ റോഡിലായാലും, യഥേഷ്ടം ഓടാൻ കഴിയാതെ വരികയോ, മുന്നിൽ പോകുന്ന വാഹനം സൈഡ് കൊടുക്കാതിരിക്കുകയോ ചെയ്താൽ തല്ലു ഉടനെ തുടങ്ങുകയായി .ആ വാഹനത്തിന്റെ ഡ്രൈവറെ മർദ്ദിച്ച് അവശനാക്കുന്നതാണ് ഇന്നത്തെ നമ്മുടെ മൂല്യം .ക്ഷമ എവിടെപ്പോയി? ദുഷിച്ച വികാരങ്ങളിൽ നിന്നു രക്ഷനേടാൻ ക്രിസ്തു പറഞ്ഞതെല്ലാം മറന്നു. ഗുരു പറഞ്ഞതും മറന്നു. 

അട്ടയെപോലെ ചുരുണ്ടുകൂടുന്നവർ

എല്ലാം നേടിയിട്ടും ആർക്കും സഹിഷ്ണുതയോ ക്ഷമയോ ഇല്ല.  എല്ലാവരും കോഴിയെ വെട്ടുന്ന മന്ത്രവാദികളെ പോലെ അലറുകയാണ്. തന്റെ കാറിൽ ചാരി നിന്ന ബാലനെ ചവിട്ടി വീഴ്ത്തുന്നവനെയാണ് ഇന്നു കാണുന്നത്. എല്ലാം മര്യാദകളും നഷ്ടപ്പെടുകയാണ്. നേട്ടങ്ങളുടെ ബാക്കിപത്രമാണോ ഇത്? ഇതാണോ വികസനം? ഈ വികസനത്തിന്റെ ഒടുവിൽ മനുഷ്യനുണ്ടാകുമോ?

"പേരും പ്രഭുത്വവും നല്ലോ -

രാരുമേ കൈവിടില്ലിത് ;

നേരറ്റ കൃപണർക്കൊട്ടും

ചേരാ,നേരേ വിപര്യയം ".

പ്രശസ്തി നേടിയാൽ ചിലർക്ക് സന്തോഷമായി. എന്നാൽ ആ സന്തോഷവും പെട്ടെന്ന് മങ്ങിപ്പോകും. പുതിയ പ്രശസ്തികൾ വേണം. അതിനായി കൃത്രിമമാർഗ്ഗങ്ങൾ തേടണം. സ്വയമൊരു പരസ്യ വാഹനമാകണം. ആ വാഹനത്തിലൂടെ അവനവനെക്കുറിച്ചു വിളിച്ചു പറയണം. അല്ലെങ്കിൽ കൂലിക്ക് ആളെ വയ്ക്കണം .പ്രശസ്തി എത്ര കിട്ടിയാലും മതിയാവുകയില്ല .അത് ക്രമേണ ഒരാർത്തി മാത്രമായി അധ:പതിക്കും .പ്രശസ്തിക്കു വേണ്ടി  യാതൊരു അനീതിയോടും പ്രതികരിക്കാതെ, ഒരഭിപ്രായവും പറയാതെ അട്ടയെപോലെ ചുരുണ്ടു കൂടണം. ചുരുണ്ടുകൂടന്നതാണ് ഇന്നത്തെ കല. ഇന്നത്തെ കവിതകൾ ,കഥകൾ ,മറ്റു കലാസൃഷ്ടികൾ നോക്കൂ .ഈ ചുരുണ്ടുകൂടൽ കാണാവുന്നതാണ്. അപ്രിയമായതിൽ നിന്നെല്ലാം അകലം പാലിക്കാൻ ജനാലകൾ വലിച്ചടയ്ക്കുന്നതിൻ്റെ ഒച്ചയാണ് ആനുകാലികങ്ങൾ വിടർത്തുമ്പോൾ നാം കേൾക്കുന്നത്. എല്ലാ യഥാർത്ഥ പ്രശ്നങ്ങളിൽ നിന്നും ഉൾവലിഞ്ഞ് തന്നിലേക്ക് തന്നെ ചുരുങ്ങിക്കൂടിയ കവികളെയും കഥാകൃത്തുക്കളെയും കാണാം.

എല്ലാവർക്കും പ്രഭുത്വം വേണമെന്നു ഗുരു പറയുന്നത് ,ഇതിനോടെല്ലാമുള്ള വിമർശനമായി കാണണം.പ്രഭുത്വം ഒരു രോഗമായി എല്ലാവരുടെയും മനസ്സിനെ ബാധിച്ചിരിക്കുന്നു .നാടുവാഴിത്ത കാലഘട്ടത്തിലെ പ്രഭുത്വം ഒരു യജമാനത്തമായി മനുഷ്യൻ ഇപ്പോഴും കൊണ്ടുനടക്കുന്നു. തന്നെ എല്ലാവരും  ബഹുമാനിക്കണം; താൻ എല്ലാവരെയും ചവിട്ടും. ഇതാണ് ഇന്നത്തെ പ്രഭുത്വ വാസനയുടെ കാതൽ .ഇത് ചീത്ത മനുഷ്യരെയാണ് സൃഷ്ടിക്കുന്നത്. ഗുരുവിൻ്റെ 'അനുകമ്പാദശകം' നല്ല മനുഷ്യരെ സൃഷ്ടിക്കാൻ വേണ്ടി എഴുതിയതാണ്. ഒരാൾ എങ്ങനെയാണ് ആന്തരികമായി നശിക്കുന്നതെന്നു ഗുരുവിനു നല്ല ബോധ്യമുണ്ടായിരുന്നു. അതിൽ നിന്നു കരകയറാനുള്ള പോംവഴികളാണ് ഗുരു സാഹിത്യകൃതികളിലൂടെ വിശദീകരിച്ചത്. 

തിന്മ ആഴങ്ങളിലേക്ക് 

എല്ലായിടത്തും ദുഷിച്ച വാസനകൾ  തലപൊക്കുകയാണ് .നിങ്ങൾ ഒരു സാഹിത്യകാരനാകാൻ തീരുമാനിച്ചാൽ  തുടക്കത്തിൽ ,വീട്ടിലും നാട്ടിലും  സുഹൃത്തുക്കൾക്കിടയിലും പിന്തുണ കിട്ടിയേക്കും .എന്നാൽ നിങ്ങൾ ക്രമേണ എഴുത്തിൽ ശക്തമായി ഇടപെടുന്നതോടെ ,ഗൗരവത്തോടെ നിരീക്ഷിക്കുകയും സത്യങ്ങൾ വിളിച്ചു പറയുകയും ചെയ്യുന്നതോടെ നിങ്ങളിൽ നിന്നു പ്രവാചകത്വം എടുത്തുമാറ്റാനും അകലാനും അവർ തയ്യാറാകുന്നു. നിങ്ങൾ പഠിച്ച കലാലയങ്ങളും നിങ്ങളുടെ അഭ്യുദയകാംക്ഷികൾ എന്നു കരുതിയിരുന്നവരുമെല്ലാം അകലുന്നത് കാണാനാകും .നിങ്ങളുടെ കൃതികൾ അവർ കണ്ടതായി ഭാവിക്കില്ല .തീരെ നിവൃത്തിയില്ലാതെ വന്നാൽ ഒന്നു ചിരിക്കും .നിങ്ങളെ ആശയപരമായി ഉൾക്കൊള്ളേണ്ടവർ തന്നെ അതിനെതിരായ വാദമുഖങ്ങൾ കണ്ടുപിടിക്കും. ഇങ്ങനെയാണ് തിന്മ സമൂഹത്തിന്റെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്നത്. കാഴ്ചയുണ്ടെങ്കിലും ഒന്നും കാണാതെ നടക്കുന്നവർ ഒരു ചെറിയ സംഘമാണെന്ന് കരുതരുത്; അവർ ദിവസേന എണ്ണപ്പെരുപ്പം വരുന്ന  ഒരു സംഘമാണ്. 

എത്ര പ്രശസ്തിയും പ്രഭുത്വവും നേടിയാലും ചിലർ നന്നാകില്ല; അവർ തങ്ങൾക്ക് വേണ്ടി മാത്രം ജീവിക്കും. ആരുടെയും ശബ്ദം കേൾക്കാതെ അവർ അറകളിലേക്ക് പിൻവാങ്ങും. അവർ സ്വന്തം ശരീരത്തിനുള്ളിൽ അഭയം കണ്ടെത്തി പിൻവാങ്ങുകയാണ് ചെയ്യുക. അവർ  ഒരർത്ഥത്തിൽ കൃപണരാണ്. പിശുക്കുള്ളതുകൊണ്ട് അവർ ഒന്നിലേക്കും ആഴത്തിൽ നോക്കുകയില്ല. അവർക്ക് പ്രശസ്തിയുടെയോ പദവിയുടെയോ  അർത്ഥം മനസ്സിലാവുകയില്ല. അവർ അതിനു വിപരീതമായി പ്രവർത്തിച്ചു മനുഷ്യത്വമില്ലാത്തവരായിത്തീരും .പിശുക്കന്മാർക്ക് നേരിലേക്ക് എത്താൻ പ്രയാസമാണ്. അവർ പിശുക്കിൻ്റെ ഫലമായി എല്ലാവരെയും അകറ്റുകയാണല്ലോ ചെയ്യുന്നത്.

മനുഷ്യൻ്റെ ജീവിതം ഹ്രസ്വമാണല്ലോ. ഇന്നലെകളിലെ മഹാരഥന്മാരും യുദ്ധവീരന്മാരുമെല്ലാം മൺമറഞ്ഞു പോയിരിക്കുന്നു .അവരെക്കുറിച്ചുള്ള ലിഖിതങ്ങൾ മാത്രമേ ഇപ്പോഴുള്ളു . ജീവിതത്തിൻ്റെ നശ്വരത ഒരു താക്കീതാവണം ;ജീവിതം ഹ്രസ്വമാണെന്ന ചിന്ത നല്ലത് ചെയ്യാനുള്ള പ്രേരണയാകണമെന്നാണ് ഗുരു പറഞ്ഞത്.

"ഒന്നുണ്ട് നേരു,നേരല്ലി -

തൊന്നും മർത്യർക്കു സത്യവും

ധർമ്മവും വേണമായുസ്സ് 

നിൽക്കുകില്ലാർക്കുമോർക്കുക "

സത്യത്തെക്കുറിച്ചുള്ള സങ്കല്പം മാറ്റിക്കൊള്ളൂ എന്നാണ് ആഹ്വാനം .

നേരല്ലിതൊന്നും എന്നു തറപ്പിച്ചു പറഞ്ഞിരിക്കുകയാണ്. കാണുന്നതൊക്കെ സത്യമാണെന്നു  കരുതി ഭ്രമിക്കേണ്ട. വളരെ ചെറിയ ഒരു കാലയളവിലേക്ക് മാത്രമായി വന്നു പോകുന്ന മനുഷ്യരുടെ ജീവിതത്തിനു സൗന്ദര്യം നല്കുന്നത് സത്യവും ധർമ്മവുമാണ്. ധർമ്മമെന്താണ് ?ധർമ്മം നേരിനെക്കുറിച്ചുള്ള നിരന്തരമായ ചിന്തയും നേരിനോടുള്ള ഉടമ്പടിയുമാണ്. മനുഷ്യനെക്കാൾ വലുതാണ് ധർമ്മം .അത് ശരിയായ ധാരണയും മമതയും അനുകമ്പയുമെല്ലാം ചേർന്ന ഉടമ്പടിയാണ്. 

ഗുരുജ്ഞാനത്തിൽ നിന്നു ലോകം അകന്നുപോയി എന്നു വ്യസനത്തോടെ  പറയട്ടെ. മനുഷ്യന്റെ ഭൗതികമായ ആർത്തിയും വ്യക്തിവാദവും എല്ലാ ജ്ഞാനമണ്ഡലങ്ങളെയും തകർത്തു മുന്നോട്ടു പോവുകയാണ് .വിനാശകരവും ക്രൂരവുമായ ഈഗോ മനുഷ്യനിൽ തലപൊക്കിയിരിക്കുന്നു. ചെറിയ ഒരു പരാജയം പോലും സഹിക്കാനാകുന്നില്ല. കീഴടങ്ങലോ ത്യാഗമോ ആലോചിക്കാൻ പോലും പറ്റാത്ത മട്ടിൽ മനുഷ്യൻ്റെ ഗർവ്വ്  സകല സീമകളും ലംഘിക്കുകയാണ്. സമകാല സംസ്കാരം എന്നു പറയുന്നത് എല്ലാ വൈപരീത്യങ്ങളെയുമാണ് ആശ്ളേഷിക്കുന്നത് .ജീർണതയുടെ ഭാഗമായ വ്യക്തിപൂജയും അഹന്തയും പാരമ്പര്യവാദവും തലപൊക്കുകയാണ്. ഫേസ്ബുക്ക് പോലുള്ള നവ മാധ്യമങ്ങളിൽ ജാതിനാമങ്ങൾ ചിലർ  സ്വന്തം പേരിനോട് കൂട്ടിച്ചേർത്ത് അഭിമാനത്തെ നിർവ്വചിക്കാൻ ശ്രമിക്കുന്നു. പൊങ്ങച്ചത്തിന്റെ പ്രതീക്ഷയിൽ പരിഷ്കൃതനായ മനുഷ്യൻ നൂലിഴ ബന്ധമില്ലാതെ നിൽക്കുകയാണ്. എവിടെയാണ് ജ്ഞാനം? മതങ്ങൾ പരാജയപ്പെട്ടു എന്നല്ലേ ഇത് ചൂണ്ടിക്കാണിക്കുന്നത്? മതപ്രഭാഷണങ്ങൾക്കോ മതപണ്ഡിതന്മാരുടെ പ്രവർത്തനങ്ങൾക്കോ അനുയായികളെ  അല്പം പോലും മെച്ചപ്പെടുത്താനോ ആധുനിക ലോകത്തിനു ഇണങ്ങുന്ന വിധം അവരെ സ്നേഹം, ദയ തുടങ്ങിയ ഗുണങ്ങളുള്ളവരാക്കി മാറ്റാനോ കഴിഞ്ഞിട്ടില്ല .തരം കിട്ടിയാൽ മനുഷ്യൻ ഏറ്റവും അപമാനകരമായ വിധം ദുഷ്ടബുദ്ധിയായി മാറുകയാണ്. സാഹിത്യ ,സാംസ്കാരിക രംഗങ്ങളിൽ ഒരു ദളിതനെയോ ,താഴ്ന്ന സമുദായത്തിൽപ്പെട്ടവനെയോ വളരാൻ ഇപ്പോഴും അനുവദിക്കുന്നില്ല. വരേണ്യർ തുടരെത്തുടരെ പുരസ്കാരങ്ങൾ കൊടുത്ത് അവർക്കിഷ്ടമുള്ളവരെ സൃഷ്ടിച്ചെടുക്കുന്നു. പിന്നാലെ അവർ തന്നെ സ്വീകരണവും കൊടുക്കുന്നു.

അധികാരവും സംസ്കാരവും കുത്തക 

എന്തുകൊണ്ട് താഴ്ന്ന സമുദായങ്ങളിൽ നിന്നുള്ള പ്രതിഭകൾ  അറിയപ്പെടുന്നവരായി വളരുന്നില്ല?  ഇവിടെ വീണ്ടും വീണ്ടും ആദരിച്ചവരെ തന്നെ ആദരിക്കുകയാണ് .തങ്ങളുടെ ആൾക്കാർ മാത്രമേ സമൂഹ, ചരിത്ര പഠനങ്ങളിൽ ശേഷിക്കാവൂ എന്ന കടുംപിടുത്തമാണ് ഇതിന് പിന്നിലുള്ളത്. എല്ലാ വിഭാഗങ്ങളിൽ നിന്നും പ്രതിഭകൾ ഉണ്ടാകണമല്ലോ. അപ്പോഴാണല്ലോ സഹവർത്തിത്വത്തിൻ്റെയും സമത്വത്തിന്റെയും പരാഗങ്ങൾ വീണു കിടക്കുന്ന സാമൂഹ്യവ്യവസ്ഥ ഇവിടെ ഉണ്ടാകുന്നത്.

മനസ്സിന്റെ വിശാലത എന്നൊക്കെ പറയുന്നത് മരീചികയായിരിക്കുകയാണ്. വെളിച്ചം ദൂരേക്ക് മറഞ്ഞുപോയിരിക്കുന്നു. സമൂഹത്തിലെ ഒരു വിഭാഗത്തിന്റെ കുത്തകയായി അധികാരവും സംസ്കാരവും തുടരുകയാണ് .താഴ്ന്ന വിഭാഗങ്ങളിൽ നിന്നു സാംസ്കാരിക മുന്നേറ്റം ഉണ്ടാകുന്നതിനു  ആധാരമായ സാംസ്കാരിക സ്ഥാപനങ്ങളോ സംഘടനകളോ ഉണ്ടാകുന്നില്ല. ഇക്കാര്യത്തിൽ അധ:സ്ഥിത വിഭാഗങ്ങൾക്ക് ഇനിയും തലയിൽ വെളിച്ചം കയറിയിട്ടില്ല. പരമസത്യമായിരിക്കുന്ന പൊരുൾ ഒന്നേയുള്ളൂ എന്നും അതുകൊണ്ട് വൃഥാകലഹങ്ങളും വിഭജനങ്ങളും അകൽച്ചകളും ഒഴിവാക്കണമെന്നുമാണ് ഗുരു എപ്പോഴും പറഞ്ഞിട്ടുള്ളത്.  ലോകത്തിൻ്റെ അന്ധതയെ ദൂരീകരിക്കാനുള്ള ചികിത്സയാണിത്. സത്യം കണ്ട ഗുരുവിനു അത് പറയാതിരിക്കാനാവില്ല. എന്തിനു തമ്മിലടിച്ചു തകരണമെന്നു ഓരോ വിഭാഗവും ചിന്തിക്കണം .പരമ ജ്ഞാനത്തെക്കുറിച്ചുള്ള വളരെ ചെറിയ ഒരു ധാരണ പോലും ഇപ്പോൾ മനുഷ്യമനസ്സിൽ അലയിടിക്കുന്നില്ല എന്നല്ലേ മനസ്സിലാക്കേണ്ടത്?

കുന്തമുനകൾ കൊണ്ട് ഒരു കുഞ്ഞിനെയും ഉറക്കാനാവില്ല 

'അനുകമ്പാദശക'ത്തിൽ ഗുരു എഴുതി :

"അരുമാമറയോതുമർത്ഥവും ഗുരുവോതും മുനിയോതുമർത്ഥവും

ഒരു ജാതിയിലുള്ളതൊന്നു താൻ

പൊരുളോർത്താലഖിലാഗമത്തിനും "

എല്ലാ വാക്കുകളുടെയും അർത്ഥം ഒന്നായിരിക്കുന്ന അപാരമായ ഒരു ലയത്തെത്തെക്കുറിച്ചാണ് ഗുരു പറയുന്നത്. മനസ്സിൽ വിഭാഗീയതയും കുശുമ്പും ഗർവ്വും മാത്രം കുത്തി നിറച്ചുവച്ചിരിക്കുന്നവർക്ക് ഇത് പിടി കിട്ടുമോ? മഹാഗ്രന്ഥങ്ങളിൽ ,വിശേഷിച്ച് വേദങ്ങളിൽ ,പറഞ്ഞിരിക്കുന്നതിന്റെ അർത്ഥവും, ഗുരുവിന്റെയും മുനിയുടെയും വാക്കുകളുടെ അർത്ഥവും ഒന്നായിത്തീരുന്ന ഒരു അനുഭവമുണ്ട്. ഒരു ജലതലമാണത്. മണ്ണിനടിയിൽ ജലം ഒഴുകുന്ന ഒരു ചാൽ ഉണ്ടല്ലോ. കിണർ കുഴിക്കുന്നവർ അവിടെയെത്തിച്ചേരുന്നു .അതുപോലെ അറിവുള്ളവർ സന്ധിക്കുന്ന ഒരു തലമുണ്ട്. സ്നേഹത്തിനു വേണ്ടി ഒന്നാകാൻ തയ്യാറെടുത്തിരിക്കുന്ന സസ്യലതാദികളും ജന്തുക്കളുമാണ് ചുറ്റിനുമുള്ളത് .പക്ഷേ ,നമുക്കാർക്കും അവയെ ആകർഷിക്കാനാവശ്യമായ സ്നേഹമില്ല .നമ്മുടെ സ്നേഹം നമ്മുടെ ആവശ്യത്തിനുമാത്രമുള്ളതാണ്. അതൊരു ആയുധമാണ്; മൂർച്ചയേറിയ ആയുധം .അത് മറ്റുള്ളവരെ  ഉപദ്രവിക്കാനാണ് ഉപയോഗിക്കുന്നത്. അതിനു ഇരട്ട വായ്ത്തലയാണുള്ളത്.   ഒരാളോടുള്ള സ്നേഹം മറ്റൊരാളോടുള്ള വെറുപ്പായി മാറാം. ഒരാളോടുള്ള സ്നേഹം തന്നെ ഒരു ഘട്ടം കഴിയുമ്പോൾ വെറുപ്പാകുന്നത് നാം കാണുന്നതാണ്. ലോകത്തിലെ ജീവജാലങ്ങളുടെയുള്ളിൽ ത്രസിക്കുന്ന ഒരു സ്നേഹത്വരയുണ്ട്. പക്ഷേ ,അത് കണ്ടെത്താൻ നമ്മുടെ കൈയിൽ കുന്തമുനകൾ മാത്രമേയുള്ളു. കുന്തമുനകൾ കൊണ്ട് ഒരു കുഞ്ഞിനെയും ഉറക്കാനാവില്ല. കുന്തമുന ദേഹത്ത് സ്പർശിക്കുമ്പോൾ തന്നെ കുഞ്ഞ് ഉണരുകയോ കരയുകയോ ചെയ്യും. ഭയമായിരിക്കും ഉല്പാദിപ്പിക്കപ്പെടുക .മനുഷ്യൻ സ്നേഹമെന്ന പേരിൽ കൊണ്ടുനടക്കുന്നത് ഈ കുന്തമുനയാണ്.

അതിലേക്ക് പ്രവേശിക്കാനാവുന്നില്ല

അവനു ഗുരുവിൻ്റെ 'ഒരേ അർത്ഥം' എങ്ങനെ ഉൾക്കൊള്ളാനാകും? ഗുരു പറയുന്നത് പാഠങ്ങളുടെ ആന്തരിക ശ്രുതിയെപ്പറ്റിയാണ് .എന്നാൽ പ്രകൃതിയിലെ ശബ്ദങ്ങളിലെല്ലാം ഇതുപോലെ ആന്തരികമായ ഒരു തലത്തിൽ പരസ്പരം ചേരാവുന്നതും സ്നേഹത്തെ സംയുക്തമായി ആഘോഷിക്കുന്നതുമായ ഒരപാരതയുണ്ട്. അതിലേക്ക് പ്രവേശിക്കാൻ നമുക്കാവുന്നില്ല. നാം അവയെ ശത്രുപക്ഷത്ത് നേരത്തെ തന്നെ പ്രഖ്യാപിച്ചതാണല്ലോ.

പരിഷ്കൃതിയുടെയും ധനത്തിന്റെയും ആധിപത്യം വന്നതോടെ നമ്മുടെ തനതായ കഴിവുകൾ നഷ്ടപ്പെടുകയാണോ ചെയ്യുന്നതെന്നു  ശങ്കിക്കേണ്ടിയിരിക്കുന്നു. വിദ്യാസമ്പന്നരായ ആളുകളുടെ ക്രൂരതയാണല്ലോ ഈ ലോകം ഇപ്പോൾ ദർശിച്ചുകൊണ്ടിരിക്കുന്നത്. എല്ലാ ആദർശങ്ങളും ആശയങ്ങളും ക്ഷയിച്ച ഒരു കാലത്തിലേക്ക് നാം സാവധാനം എത്തിച്ചേരുകയാണ്. എല്ലാവർക്കും സൈഡ് കൊടുക്കുകയല്ലാതെ നിർധനർക്ക് വേറൊന്നും ചെയ്യാനില്ല.

No comments:

Post a Comment

നിരാസത്തിന്റെ തത്ത്വം /ഡോ.യാക്കോബ്‌ മാർ ഐറേനിയോസ്‌

  ശ്രീ. എം.കെ.ഹരികുമാറിന്റെ 'എന്റെ മാനിഫെസ്റ്റോ' വായിച്ചു തുടങ്ങിയപ്പോൾ ഇത്‌ ഏതോ ദുരൂഹതയുടെ ഗുഹാമുഖമാണെന്ന്‌ തോന്നിപ്പോയി. വായനപുര...