Friday, January 6, 2023

അനുധാവനം /മനുഷ്യൻ്റെയുള്ളിൽ അവൻ്റെ തന്നെ മറ്റൊരു ഭീകരരൂപം :എം.കെ.ഹരികുമാർ

 


ചൈനീസ് നോവലിസ്റ്റ് ഗാവോ സിങ്ജിയാൻ (b.1940) ഏറ്റവും പ്രശസ്തനായത് Soul Mountain എന്ന നോവലിലൂടെയാണ്. 2000 ൽ നോബൽ സമ്മാനം ലഭിച്ചു.നാടക, സിനിമാസംവിധായകൻ, വിമർശകൻ ,കവി ,ഫോട്ടോഗ്രാഫർ, പെയിൻ്റർ എന്നീ നിലകളിലും സിങ്ജിയാൻ അറിയപ്പെടുന്നു. അദ്ദേഹത്തിൻ്റെ സാഹിത്യവും കലയും മനുഷ്യന്റെ ആത്മീയമായ അന്വേഷണങ്ങളുടെ നിഗൂഢതകളെ അനാവരണം ചെയ്യാനുള്ള ശ്രമങ്ങളായി കാണേണ്ടതാണ്. ഒരു സർഗാത്മകമായ പര്യവേക്ഷണമാണത്. 

അദ്ദേഹം വരച്ച ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങൾ(മഷികൊണ്ടു വരച്ചത്) ആത്മീയമായ അഗാധതകളിലേക്കാണ് നമ്മെ നയിക്കുന്നത്. ഓരോ ചിത്രവും അനന്തതയെക്കുറിച്ച് സംസാരിക്കുന്നു. മനുഷ്യൻ്റെ ഏറ്റവും നിഗൂഢമായ ആഭ്യന്തരസ്വരം എന്താണ്? അത് എന്തിനെയാണ് തേടുന്നത്?. ലോകം അത് അന്വേഷിക്കുന്നുണ്ട് ,വളരെ വൈയക്തികമായിട്ടാണെങ്കിലും . 

The edge of reality എന്ന പേരിൽ സിങ്ജിയാൻ അവതരിപ്പിച്ച ചിത്രങ്ങൾ ധ്യാനം, ശാന്തി, ഏകാന്തത, അന്വേഷണം എന്നീ പ്രമേയങ്ങളെയാണ് സമസ്യകളാക്കുന്നത്. ചിലപ്പോൾ കലയ്ക്ക് വേണ്ടത് തെളിമയല്ല, ആഴമാണ് ,സമസ്യയാണ്. Hope എന്ന ചിത്രം നോക്കൂ .സത്യാന്വേഷികളായ ഏതാനും ഏകാകികൾ ഐഹിക ലോകത്തിൻ്റെ അജ്ഞാതത്വത്തെ മറികടക്കാനായി നീങ്ങുകയാണ്. യാത്രകൾ കലയിൽ പ്രതീകാത്മകമാകാറുണ്ടല്ലോ. 

സിങ്ജിയാൻ ഇങ്ങനെ പറഞ്ഞു :self is like a black hole capable of sucking everything in.ആത്മാവ് ഒരു തമോഗർത്തമാണെന്ന്. അത് എന്തിനെയും ആകർഷിക്കുകയാണ്.  ഈ അപ്രാപ്യമായ ,അതിരുവിട്ട രഹസ്യങ്ങളെ മുട്ടിത്തുറക്കാനാണ് സിങ്ജിയാൻ ശ്രമിക്കുന്നത്. കല എപ്പോഴും നിശ്ചയിച്ചുറപ്പിച്ച ഒരു യാത്രയല്ല;അത് അപ്രതീക്ഷിതവും  അനിവാര്യവും സ്വയം അതിലംഘിക്കുന്നതുമായ ഒരു അനുഭവമാണ്. സൗന്ദര്യത്തിൻ്റെ ആഘാതമാണത്. 

ഫേസ്ബുക്കിൽ പണം മുടക്കി ലൈക്ക് മേടിക്കുന്നതു പോലെയോ കൈക്കൂലി കൊടുത്ത് പുസ്തകറിവ്യൂ എഴുതിക്കുന്നതു പോലെയോ നിസ്സാരമല്ല സിങ്ജിയാൻ്റെ  അനുഭൂതികളെന്നു ഓർക്കുമ്പോൾ ആശ്വാസമുണ്ട്.

കഥ പരാജയപ്പെട്ടു ;ഇനി കഥയുടെ കഥ മതി

'കഥയുടെ കഥ' എന്ന ഒരു ഗണം സൃഷ്ടിച്ച 'ഗ്രന്ഥാലോക'ത്തെ  അഭിനന്ദിക്കുന്നു .കഥയുടെ കാലം കഴിഞ്ഞെന്നും ഇനി വായിക്കുക കഥയുടെ കഥയാണെന്നും തിരിച്ചറിഞ്ഞ ഗ്രന്ഥാലോകം പ്രവർത്തകരുടെ ഇടപെടൽ ശ്രദ്ധേയമാണ്. മലയാളകഥയിൽ ഇപ്പോൾ ഒന്നും  സംഭവിക്കുന്നില്ല .കഥയുടെ എണ്ണത്തിൽ വർധനയുണ്ടായതല്ലാതെ ഓണപ്പതിപ്പുകളിൽ ഒരു ശരാശരി കഥ പോലും പിറന്നില്ല. എന്താണിതിനു കാരണം? ജീവിതത്തോടുള്ള സമീപനത്തിൽ വന്ന മാറ്റമാണിത് വ്യക്തമാക്കുന്നത്. വൈക്കം ചന്ദ്രശേഖരൻ നായരെ പോലെയോ കേശവദേവിനെ പോലെയോ സാഹിത്യം മജ്ജയിൽ പോലും ഒരിടം കണ്ടെത്തിയ എഴുത്തുകാർ ഇപ്പോഴില്ല. 

ഇപ്പോൾ ഭൂരിപക്ഷം എഴുത്തുകാരും ഒന്നാന്തരം കച്ചവടക്കാരനാണ്. കൂടുതൽ പതിപ്പുകളല്ലേ ,ഇന്നു പെറ്റു വീണ എഴുത്തുകാരനും ലക്ഷ്യം വയ്ക്കുന്നത് ? പെട്ടെന്ന് പണമുണ്ടാക്കണം;പ്രശസ്തിയും വേണം. സാഹിത്യത്തോട് മമതയില്ല .

സ്വന്തം എഴുത്തിനോട് തീവ്രമായ സത്യസന്ധതയില്ല .അതുകൊണ്ട് എന്തെങ്കിലും പൈങ്കിളി എഴുതിയ ശേഷം പത്രാധിപന്മാരെ സ്വാധീനിച്ച് അത് 'പുലിയിറച്ചി'യാണെന്നു പറഞ്ഞ് അവതരിപ്പിക്കുകയാണ്! . വായിക്കുന്നവൻ ബോധം കെട്ടുപോകും .ഇന്നത്തെ കഥകൾ വായിച്ചവരുടെ നിരാശയുടെ രൂപം കണക്കാക്കിയാൽ ഹിമാലയത്തോളം വരും .

ജീവിതം കഥയോ സിനിമാപ്പാട്ടോ അല്ല

ഒരു സൗഹൃദമോ, മനുഷ്യത്വത്തിന്റെ ഒരു കണമോ മനസ്സിൽ സൂക്ഷിക്കാത്തവർ എന്തെഴുതാനാണ് ? എന്തുകൊണ്ടാണ് എം.ഗോവിന്ദൻ ,കെ.ടി.മുഹമ്മദ് എന്നൊക്കെ പറഞ്ഞ് നമ്മൾ വികാരം കൊള്ളുന്നത് ?മനുഷ്യസ്നേഹത്തിന്റെ ഒരു തുരുത്തായിരുന്നു അവർ. പോഞ്ഞിക്കര റാഫിയെ പോലെ കറയറ്റ ഒരു മനുഷ്യസ്നേഹിക്ക് മാത്രമേ നല്ല കഥകൾ എഴുതാനൊക്കൂ .ഒരു തികഞ്ഞ കച്ചവടക്കാരനെ പോലെ, മനുഷ്യബന്ധങ്ങളിൽ ലാഭനഷ്ടക്കണ്ണോടെ ഇടപെടുന്നവരിൽ നിന്നു സാഹിത്യം എന്തായാലും പുറത്തു വരില്ല .

ഹൃദയശൂന്യന്മാരുടെ കഥകൾ പെട്ടെന്നു തന്നെ തിരിച്ചറിയാനാകും. എഴുതുന്നവർക്കത് പിടികിട്ടണമെന്നില്ല. മുൻകാലങ്ങളിലെ കലാകാരന്മാരും  കഥാകാരന്മാരും ധനമോഹികളായിരുന്നില്ല .അവർ സത്യത്തെ ,ജീവിതാനുഭവത്തെ വല്ലാതെ പ്രണയിച്ചു. എന്നാൽ ഇപ്പോൾ ധനമോഹം വല്ലാതെയായി. ഉപയോഗിച്ച് വലിച്ചെറിയുന്ന മാനസികാവസ്ഥ സാർവത്രികമായിരിക്കുന്നു. ആരോടും സൗമ്യമായ ബന്ധമില്ല. എല്ലാം ഒരു ബസാർ ആയിരിക്കുകയാണ്. ജീവിതത്തെ ആഴത്തിൽ മനസ്സിലാക്കേണ്ട ആവശ്യമില്ല ഇന്നത്തെ എഴുത്തുകാരന് .കാരണം, അവൻ ഒരു കച്ചവടക്കാരനാണ്. സാഹിത്യസ്ഥാപനങ്ങളും ഇതിലാണ് വിശ്വസിക്കുന്നത് .സാഹിത്യപരിഷത്ത് ഒരു കാലത്ത് സാഹിത്യത്തിൽ വിശ്വസിച്ചവരുടെ ആവേശമായിരുന്നു. ഇന്നു അത് വരേണ്യമായ അഭിലാഷങ്ങളുടെ നടുവാഴിത്ത ജീർണതയിൽ അഭിരമിക്കുകയാണ്; ആശയദാരിദ്ര്യം അതിനെ കഴുത്തറ്റം മുക്കിയിരിക്കുന്നു.ചെറുകഥ ഇനി തലപൊക്കുമെന്നു തോന്നുന്നില്ല. അതുകൊണ്ട് കഥ വേണ്ട, കഥയുടെ കഥ മതി. പി.എഫ് കഥ എഴുതുമ്പോൾ പാളിപ്പോകുന്നതാണ് കണ്ടിട്ടുള്ളത് .എന്നാൽ കഥയുടെ കഥ എഴുതിയാൽ നന്നാവും. കാരണം ,കഥയുടെ കഥ ഒരു വെറും വിവരണമാണ്. അതെഴുതാൻ സർഗാത്മകത വേണ്ട, അല്പം പത്രപ്രവർത്തന ബുദ്ധിമതി.

"ഒരാളുടെ ജീവിതത്തെക്കാൾ മൂല്യവത്തായത് അയാൾ സൃഷ്ടിക്കുന്ന കലയാണ്. ജീവിതാനുഭവങ്ങളെക്കാളുപരി ചില നിമിഷങ്ങളാണ് എഴുത്തിനെ നയിക്കുന്നത് .ജീവിതത്തിലെ കാഴ്ചകൾ തന്നെയാകണമെന്നില്ല. കണ്ട സിനിമയിലെ ചില നിമിഷങ്ങളുമാകാം. 'ചൊവ്വാഴ്ചയില്ലാത്ത ദിവസം ' എന്ന കഥയുണ്ടായത് നേരത്തെ കണ്ടു മറവിയിൽ ശേഖരിച്ച യസുജിറോ ഒസുവിൻ്റെ 'ലേറ്റ് സ്പ്രിംഗ്' എന്ന സിനിമ വീണ്ടും കണ്ടതുകൊണ്ടു മാത്രമാണ് " -പി.എഫ് .മാത്യൂസ് (കഥയുടെ കഥ'യിൽ (ഗ്രന്ഥാലോകം, ആഗസ്റ്റ് ) എഴുതിയതാണിത്. ഇത് റീഡബിളാണ്. എന്നാൽ ഇതിലെ വാദം തെറ്റല്ലേ? ജീവിതത്തേക്കാൾ മഹത്തായത് വേറൊന്നില്ല. ജീവിതം ഒരു കഥയോ കാൻവാസോ സിനിമാപ്പാ ട്ടോ തിരക്കഥയോ സിനിമയോ അല്ല; ജീവിതത്തെ ആസ്പദമാക്കിയേ എന്തും ആലോചിക്കാനൊക്കൂ .എന്നാൽ കഥയുടെ കാലം കഴിഞ്ഞു. ഇനി കഥയെഴുതിയതിനെക്കുറിച്ചുള്ള ഓർമ്മക്കുറിപ്പ് മതി . 

നൂറാം പതിപ്പ് :എന്നാണ് ആഘോഷം?

വളരെക്കുറച്ച് മികച്ച എഴുത്തുകാരേയുള്ളു. അവരുടെ രചനകളെ ധാരാളം പേർ അനുകരിക്കുകയാണ് ചെയ്യുന്നത് - ലോലിത, പെയ്ൽ ഫയർ എന്നീ നോവലുകളെഴുതിയ റഷ്യൻ, അമേരിക്കൻ എഴുത്തുകാരൻ വ്ളാഡിമിർ നബോക്കോവിൻ്റെ  പ്രസ്താവനയാണിത് .നബോക്കോവ് ഇവിടുത്തെ എഴുത്തുകാരെ പോലെ രാഷ്ട്രീയപാർട്ടികൾ സംഘടിപ്പിച്ചു കൊടുക്കുന്ന സംഘടനകളിൽ അംഗത്വമെടുത്ത്, കടമെടുത്ത ചിന്തകൾകൊണ്ട് എഴുതിയ വ്യക്തിയല്ല. അദ്ദേഹം പറഞ്ഞു: I am interested only in the individual artist.

കലാകാരൻ ഒരു വ്യക്തിയാണ് ,പാർട്ടിയല്ല .പലർക്കും എന്തെഴുതണമെന്നല്ല ചിന്ത; തന്നെ ആരും വായിക്കുമെന്നാണ്. ഒരു വലിയ ആൾക്കൂട്ടത്തെ അവർ മനസ്സിൽ കാണുന്നു. തൻ്റെ കൃതിയുടെ നൂറാം പതിപ്പും വാങ്ങി വായിക്കുന്നവരെ സങ്കൽപ്പിച്ചാലേ അവർക്ക് എഴുതാനൊക്കൂ .എന്നാൽ വായനക്കാരുടെ കൂട്ടത്തെ ഒരിക്കലും നല്ല എഴുത്തുകാരൻ പ്രതീക്ഷിക്കുകയില്ല. കാരണം, ഈ കൂട്ടം സ്വന്തമായി ചിന്തയുള്ളവരല്ല . മറ്റുള്ളവർ പറയുന്നത് കേട്ട് അനുകരിച്ചു വായിക്കാൻ വരുന്നവരാണ്. നല്ല എഴുത്തുകാരൻ വായനക്കാരുടെ കൂട്ടത്തിനു പകരം  സ്വന്തം ആത്മാവിനോടാണ്

സത്യസന്ധനാവുന്നത്.കേശവദേവ് 'ഓടയിൽ നിന്ന്' എഴുതിയത് നൂറാം പതിപ്പ് ഉടനെ അച്ചടിച്ച് ഇറക്കാമെന്ന പ്രതീക്ഷയിലല്ല .കാരണം, അന്ന് ദേവിനു പ്രസംഗിക്കാൻ വേദിയോ എഴുതാൻ പത്രമോ ഉണ്ടായിരുന്നില്ലല്ലോ. അദ്ദേഹം കൊല്ലത്തെ ഒരു ബുക്ക്സ്റ്റാൾ ഉടമയോട് ഒരു നോവൽ എഴുതിക്കൊണ്ടുവന്നാൽ വിൽക്കാമോ എന്നു മാത്രമേ ചോദിച്ചുള്ളു. ആ ബുക്ക്സ്റ്റാൾ ഉടമ സമ്മതിച്ചതു കൊണ്ടാണ് ദേവ് അതെഴുതിയത്.ആരെയും ഇക്കിളിപ്പെടുത്തുന്നതൊന്നും ആ കൃതിയിൽ ഉണ്ടായിരുന്നില്ലല്ലോ .

നബോക്കോവ് എഴുതുന്നു: "ഒരു കലാകാരൻ തൻ്റെ ഓഡിയൻസിനെക്കുറിച്ച് ആലോചിച്ച് കുണ്ഠിതപ്പെടേണ്ടതില്ല എന്നാണ് എൻ്റെ അഭിപ്രായം .അവൻ്റെ ഏറ്റവും നല്ല ഓഡിയൻസ്, അവൻ എന്നും രാവിലെ ഷേവ് ചെയ്യുമ്പോൾ കണ്ണാടിയിൽ കാണുന്ന പ്രതിരൂപമാണ്. ഒരു കലാകാരൻ ഭാവന ചെയ്യുന്നതാണ് അവൻ്റെ ഓഡിയൻസ്. അങ്ങനെയൊന്നു ഭാവന ചെയ്യുമ്പോൾ ,അവൻ്റെ തന്നെ മുഖാവരണം ധരിച്ചു നിൽക്കുന്ന ധാരാളം പേരെ കാണാം ".

ആരും പറയാൻ ധൈര്യപ്പെടാത്ത കാര്യങ്ങൾ തൻ്റെ സത്യസന്ധതയുടെ പേരിൽ നബോക്കോവ് പറഞ്ഞിട്ടുണ്ട്. പലതും വിവാദമാണ്. അതിൽ നിന്ന് രണ്ടു വിചിത്രമായ അഭിപ്രായങ്ങൾ ഇവിടെ ചേർക്കട്ടെ:

ഹെമിംഗ്വേയെക്കുറിച്ച് പറഞ്ഞത്: " ഹെമിംഗ്വേവെ കുട്ടികളുടെ സാഹിത്യകാരനാണ്. ജോസഫ് കൊൺറാഡിനേക്കാൾ ഭേദമാണ്, സ്വന്തമായി ഒരു ശൈലിയെങ്കിലുമുണ്ടല്ലോ.

ദസ്തയെവ്സ്കിയെക്കുറിച്ച് പറഞ്ഞത്: "ദസ്തയെവ്സ്കി ഒരു വിലകുറഞ്ഞ സെൻസേഷനിലിസ്റ്റാണ് .'ക്രൈം ആൻഡ് പണിഷ്മെൻറ്' ഭയാനകമായ അസംബന്ധജല്പനങ്ങളാണ്.  അദ്ദേഹത്തിൻ്റെ ഈ പിന്തിരിപ്പൻ ജേർണലിസം ആരും ഗൗരവത്തിലെടുക്കാൻ പോകുന്നില്ല.

ശമ്പളത്തിനും പദിക്കും അപ്പുറം വേറൊരു ലോകമുണ്ട്

സൗന്ദര്യം കണ്ടെത്താൻ ഒരെഴുത്തുകാരൻ വിധിക്കപ്പെടുകയാണ്. സൂക്ഷ്മാംശങ്ങളിലേക്ക് കാതുകൂർപ്പിച്ച് നീങ്ങേണ്ടതുണ്ട്. മുദ്രാവാക്യങ്ങൾക്കും വെടിയൊച്ചകൾക്കും അപ്പുറം പ്രാപഞ്ചികമായ ജൈവരഹസ്യങ്ങൾ, പൊരുളുകൾ എഴുത്തുകാരനെ ഒരന്വേഷകനാക്കണം. അപ്പോഴാണ് അയാൾ ശമ്പളത്തിനും പദവിക്കും  അണുകുടുംബത്തിനുമപ്പുറം മറ്റൊരു വിസ്മയലോകമുണ്ടെന്ന് അറിയുന്നത്.  ഒ.വി.വിജയൻ 'പ്രവാചകൻ്റെ വഴി'യിൽ ശ്രവണാതീതങ്ങളായ  വിരഹസ്വരങ്ങൾ ,രോഗാണുക്കൾ കൃതാർത്ഥരായി ,അനാത്മകതയുടെ ശൂന്യത, ചേറിന്റെ മൃദുലങ്ങളായ വിരലുകൾ എന്നെല്ലാം എഴുതുന്നു . എന്തുകൊണ്ടാണ് ,അദ്ദേഹത്തിന് ഇങ്ങനെ എഴുതേണ്ടിവരുന്നത് ?തന്നെ മഥിക്കുന്ന കാര്യങ്ങളുടെ നേർക്ക് അദ്ദേഹം ചെവിയോർക്കുകയാണ്.

പൊരുളുകൾ തൊട്ടടുത്തു തന്നെയാണ്. ഇന്ദ്രിയങ്ങളെ വേറെ ജോലി ഏൽപ്പിച്ചിട്ടുള്ളവർക്ക് അത് തിരിച്ചറിയാൻ കഴിയില്ല.വിജയൻ ജ്ഞാനിയായതുകൊണ്ട് ദുർഗ്രഹവും അപാരവുമായ സന്ദേശങ്ങൾക്കായി വ്യഥിതനായി. ഭൗതികജീവിയായ ഒരുവൻ്റെ കണക്കുകൂട്ടലുകളുടെ സാഹിത്യമല്ല അദ്ദേഹം സൃഷ്ടിച്ചത്. മാനവരാശിക്ക് ആവശ്യമുളള ജ്ഞാനമണ്ഡലങ്ങൾ പുതിയ ഉറവിടങ്ങളിൽ അന്വേഷിക്കുകയാണ് വിജയൻ ചെയ്തത്. 

മനോഹരവർമ്മയുടെ  കഥ ഞെട്ടിച്ചു

ജീവിതത്തെ ദാർശനികമായി നോക്കിക്കാണാനുള്ള ശ്രമം നമ്മുടെ കഥയിൽ നിന്നു തീർത്തും അപ്രത്യക്ഷമായി എന്നു പറയാം. പത്രങ്ങളോ ,രാഷ്ട്രീയ പാർട്ടികളോ ഇൻഫർമേഷൻ ഓഫീസറോ ഗ്രാമസേവകനോ കണ്ട ജീവിതയാഥാർത്ഥ്യം കൊണ്ട് കഥാകൃത്ത് തൃപ്തിപ്പെടാൻ പാടില്ല.

ചിലർ ഇപ്പോഴും ടൈപ്പുകളെ ശ്രദ്ധിക്കുകയാണ്. ടൈപ്പുകളുടെ കാലം കഴിഞ്ഞു. ചില സ്വഭാവങ്ങൾ കഥാവസ്തുവിനുമേൽ  അടിച്ചേൽപ്പിക്കുന്നതിൽ കഴമ്പില്ല.എം.ആർ.മനോഹരവർമ്മയുടെ 'സ്വയംവരം'(പ്രഭാതരശ്മി, ഒക്ടോബർ) ഫോട്ടോഗ്രാഫർമാരും വില്ലേജ് ഓഫീസർമാരും വാർഡ് മെമ്പർമാരും കാണുന്ന ജീവിതമാണ് അവതരിപ്പിക്കുന്നത് .ഒരു പാവപ്പെട്ട സ്ത്രീ പത്താം ക്ലാസ് പാസാകാൻ അനൗപചാരികമായി പലവട്ടം ശ്രമിക്കുന്നു .പിന്നീട് അവൻ ബി.എ. പാസാവുന്നു. ഉടനെ വിവാഹവുമായി. പിന്നീട് അവൾ ഭർത്താവിന്റെ വീട്ടിൽ നിന്ന് പഠനത്തിൻ്റെ ആവശ്യങ്ങൾക്കായി വീട്ടിലേക്ക് പോവുകയാണ്. ഭർത്താവ് ആഴ്ചയിലൊരിക്കൽ വീട്ടിൽ വരും .കുറെ കഴിഞ്ഞ് ഭർത്താവ് വരാതെയായി. അവൾക്ക് അതൊരു പ്രശ്നമല്ല .ഇതൊക്കെ ജീവിതത്തെ തുറന്നു കാണിക്കാൻ പര്യാപ്തമാണോ എന്നാലോചിക്കണം. ഇന്നത്തെ ജീവിതമെന്താണ് ?ജീവിതത്തിനു സംഭവിക്കുന്ന പരിണാമം മനസ്സിലാക്കണം. മനുഷ്യസ്വഭാവം മാറി. സാങ്കേതിക ലോകത്തിൻ്റെ വേഗതയ്ക്കനുസരിച്ച് മനുഷ്യനിൽ പരിവർത്തനം സംഭവിക്കുകയാണ്. മനുഷ്യൻ ഔദ്യോഗികമായി തന്നെ  ക്രൂരതയുടെ വക്താവായത് കഥാകൃത്തുക്കൾ എന്തുകൊണ്ടാണ്  അറിയാത്തത്?എഴുത്തുകാരന്റെ മനസ്സിൻ്റെ വേഗം ഇപ്പോൾ സമകാലജീവിതത്തിന്റെ വേഗത്തെ അപേക്ഷിച്ച് നിസ്സാരമാണ്.

ഫ്ളോബേർ കഠിന തപസ്സിലൂടെ...

തന്നെ സ്വാധീനിച്ച എഴുത്തുകാരുണ്ടോ എന്ന ചോദ്യത്തിനു പെറൂവിയൻ നോവലിസ്റ്റ് യോസ നല്കുന്ന ഉത്തരം ഇങ്ങനെ സംഗ്രഹിക്കുകയാണ്:

"ജീനിയസുകളായി ജനിക്കുന്നവരുണ്ട്. അവരെപോലെയായിരുന്നില്ല ഫ്ളോബേർ .വലിയ കൃതികളെഴുതാൻ വേണ്ടി ഫ്ളോബേറിനു നല്ലപോലെ കഷ്ടപ്പെടേണ്ടി വന്നു .ഇക്കാര്യത്തിൽ ക്ഷമയും അച്ചടക്കവുമാണ് ഉന്നതമായ നിലയിൽ കലാവിഷ്കാരം നടത്താൻ സഹായകമായത്. അദ്ദേഹത്തിൻ്റെ  ആദ്യ നോവലായി 'മദാം ബോവറി' വായിച്ചത് തൊട്ടുള്ള അനുഭവം പറയട്ടെ .ഫ്ളോബേറിൻ്റെ  ജീവിതത്തെക്കുറിച്ച് ധാരാളം വായിച്ചപ്പോഴാണ് അദ്ദേഹം ഒരു ധൈഷണിക പ്രതിഭയായല്ല എഴുതി തുടങ്ങിയതെന്ന് മനസ്സിലായത്. അദ്ദേഹം ഒരു സാധാരണ എഴുത്തുകാരനായിരുന്നു. പലരെയും മാതൃകയാക്കിയാണ് എഴുത്തിനെ സമീപിച്ചത്. എന്നാൽ അദ്ദേഹത്തിന്റെ മൗലികതയും സ്വന്തമെന്നു പറയാവുന്ന പ്രതിഭയും മാറ്റുരച്ചു മുന്നേറിയത് അച്ചടക്കത്തിലൂടെയും കഠിനാദ്ധ്വാനത്തിലൂടെയുമാണ്. ഇത് സാഹിത്യകലയിൽ  പ്രവേശിക്കുന്നവർക്കെല്ലാം സ്വീകരിക്കാവുന്ന ഒരു മാർഗ്ഗമാണ്. ഞാനൊരു പ്രതിഭയല്ലാതിരുന്നിട്ടും നല്ല പുസ്തകങ്ങൾ എഴുതാനായി കഠിനമായി അധ്വാനിച്ചു. അങ്ങനെയാണ് ഫ്ളോബേർ എനിക്ക് പ്രചോദനമായത്. സ്വന്തം കർമ്മമേഖലയോട് അഗാധമായ പ്രതിജ്ഞാബദ്ധത വേണം. എങ്കിലേ നമുക്ക് ഉന്നതമായ രീതിയിൽ പ്രവർത്തിക്കാനൊക്കൂ " .

The time of hero യോസയുടെ ആദ്യ കൃതിയാണ്. The war of the end of the world,The feast of the goat തുടക്കിയവയാണ് പ്രശസ്തമായ കൃതികൾ .

മുണ്ടൂർ ഇന്ത്യയെ തിരഞ്ഞ വിധം 

മുണ്ടൂർ കൃഷ്ണൻകുട്ടിയുടെ 'എവിടെയോ തോർന്നുതീരുന്ന മഴ' എന്ന കഥ വായിച്ചതോർക്കുന്നു. പ്രത്യക്ഷത്തിൽ വളരെ സാധാരണമെന്നു തോന്നാവുന്ന ഒരു രചനയാണിത് .ഒരു വൃദ്ധനും യുവാവും ദൂരെയെവിടെയോ പെയ്യുന്ന മഴ പ്രതീക്ഷിച്ചു നിൽക്കുകയാണ്. മഴ വരും ,വരാതിരിക്കില്ല എന്നാണ് യുവാവ് പറയുന്നത് .ഒറ്റയ്ക്ക് കടന്നു വരാൻ പേടിക്കുന്ന പുതുമഴ ,മഴയുടെ അനക്കം ,ഇരുണ്ട ആകാശംപോലെ കോടക്കാറ്  തുടങ്ങിയ പ്രയോഗങ്ങൾ മനസ്സിലെ ഇളക്കങ്ങൾ സൂചിപ്പിക്കുന്നു. ദാഹിച്ചുണങ്ങിയ മണ്ണിനെ ദിവസങ്ങളോളം കടിച്ചു തീർക്കുന്ന മഴയെ സ്വപ്നം കണ്ട ആ വൃദ്ധനും യുവാവും നിരാശരായി. അവർ പഴയകാലത്തിന്റെ ഓർമ്മകളിൽ അലഞ്ഞു. പ്രളയത്തെ ഓർത്തു. ഒരാലിലയിൽ ഒരു കുഞ്ഞു മാത്രം. എന്നാൽ മഴയുണ്ടായില്ല .ആകാശം മേലോട്ട് തന്നെ വലിഞ്ഞു പോയി .ഇനി എന്താണ് ചെയ്യുക ? വൃദ്ധനു പ്രതീക്ഷയറ്റു .അയാൾ വീട്ടിനുള്ളിലേക്ക് മടങ്ങി. യുവാവാകട്ടെ  പ്രതീക്ഷയോടെ കാത്തിരിക്കുന്നു. ഇന്ത്യൻ യുവത്വവും കാത്തിരിക്കുകയാണ് .നല്ലൊരു കാലത്തിനുവേണ്ടി .ദീർഘകാലം പ്രതീക്ഷയുമായി ജീവിച്ചവർ  നിഷ്ക്രമിച്ച ഒഴിവിൽ ചെറുപ്പക്കാർ  ആ കാത്തിരിപ്പ് ഏറ്റെടുക്കുന്നു. ഇന്ത്യയുടെ അവസ്ഥയെയും ഗ്രാമീണന്റെ ജീവിതത്തെയും ഫോക്കസ് ചെയ്ത കഥയാണിത്. മനുഷ്യാവസ്ഥയുടെയും ഏകാന്തതയുടെയും സമസ്യയാണിത്.

ഈ തുരങ്കത്തിലൂടെ 

ലാറ്റിനമേരിക്കയിലേക്ക് ,ആദ്യമായി നോബൽ സമ്മാനം എത്തിച്ച ചിലിയൻ പെൺകവി ഗബ്രിയേല മിസ്ട്രൽ (Gabriela Mistral) പറഞ്ഞു : "എന്നിലെ ആവേഗങ്ങളെ അനുസരിക്കാതിരിക്കാൻ എനിക്കാവില്ല". അതുകൊണ്ട് താൻ എഴുതുന്നു എന്നാണ് അവർ പറഞ്ഞത്. എഴുതാനുള്ള ത്വര  ഹൃദയത്തിൻ്റെ അടിത്തട്ടിൽ നിന്നു വരികയാണ്.അത് സത്യസന്ധതയുടെ  ഒരു ഉറച്ച പ്രഖ്യാപനമാണ്. മനുഷ്യനായി ജനിച്ചതിന്റെ ഉന്മാദവും വിസ്മയവുമാണ് നമ്മുടെ വാക്കുകളിൽ നിറയുന്നത്. അസുഖകരമായ കാര്യമാണെങ്കിലും , അത് വിളിച്ചുപറയാനുള്ള ആത്മാർത്ഥത നമുക്കില്ലെങ്കിൽ എഴുതിയിട്ട് കാര്യമില്ല .ആരും കാണാത്ത ഒരു തുരങ്കത്തിലൂടെ നമുക്ക് സഞ്ചരിക്കേണ്ടതുണ്ട്. പിന്നീടത് മറ്റുള്ളവർക്കായി തുറന്നു കൊടുക്കാനുള്ള കൊടുക്കാനുള്ളതാണ്. മിസ്ട്രൽ പറഞ്ഞു:

''മനസ്സിൽ നിന്നു വരുന്ന കവിതയുടെ ഭൃത്യയാണ് ഞാൻ .അതിനെ നശിപ്പിക്കാനാവില്ല. എന്നെ എങ്ങനെ അടച്ചുവയ്ക്കാനാവും?. ഞാനെഴുതുന്നത് ആരാണ് സ്വീകരിക്കുക എന്നത് എനിക്കൊരു പ്രശ്നമല്ല. ഞാൻ എഴുതിവിടുന്നത്, ഈ അർത്ഥത്തിൽ, എന്നെക്കാൾ മഹത്തരവും അഗാധവുമാണ്. ഞാനൊരു മാർഗം മാത്രമാണ് ".

അർജൻ്റൈൻ ,ഫ്രഞ്ച് കവിയും കഥാകൃത്തുമായ ജൂലിയോ കോർട്ട സാർ (Julio Vortazar) A manual for manual ,The winners തുടങ്ങിയ നോവലുകളിലൂടെയാണ്  വായനക്കാരെ നേടിയത്. അദ്ദേഹം തൻ്റെ സാഹിത്യാവബോധത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: "യഥാർത്ഥ്യമെന്നും ഭ്രമാത്മകമെന്നും വിളിക്കപ്പെടുന്നതു തമ്മിൽ വലിയ അകലമില്ല എന്നാണ് എൻ്റെ അനുഭവം ".പൂർവ്വ കാലങ്ങളിലെ ഗോഥിക്ക് നോവലുകളിലെ ഫന്റാസ്റ്റിക് സങ്കൽപ്പം ഇപ്പോഴല്ല എന്നാണ് കോർട്ടസാറിൻ്റെ മതം. "എൻ്റെ കൃതികളിൽ ഫൻ്റാസ്റ്റിക് എന്നു പറയുന്നത് യാഥാർത്ഥ്യത്തിലേക്ക് കൂടുതൽ കൂടുതൽ അടുക്കുകയാണ്. അതുപോലെ എൻ്റെ യാഥാർത്ഥ്യം ഭ്രമാത്മകതയിലേക്ക് അടുക്കുകയാണ് ".

ലോകം വളരെ അതാര്യമാണ്. അതാര്യതയെ മറികടക്കുന്നതിന് എന്തെല്ലാം ഉപകരണങ്ങൾ സർഗാത്മകതയുടെ ഭാഗമായി കണ്ടെത്താം എന്നാണ് കലാകാരൻ ആലോചിക്കേണ്ടത്. ആരോടു യുദ്ധം  ചെയ്താലും പുരാണ കഥാപാത്രമായ ബാലിക്ക് എതിരാളിയുടെ ശക്തിയുടെ പകുതി ലഭിച്ചിരുന്നു എന്ന വസ്തുത  ഇതുപോലൊരു ഉപകരണമാണ്. അതാര്യതയെ തുരങ്കം വയ്ക്കുന്നതിനു  പുതിയ വിശ്വസിപ്പിക്കലുകൾ വേണ്ടിവരും.

വിമർശനം എന്തുകൊണ്ട് ?

വിമർശനത്തിന്റെ വായനക്കാരായി  നടിക്കുന്നവരിൽ മിക്കവരും അങ്ങ് എസ്.എസ്.എൽ.സി മലയാളം ക്ലാസിൽ നിൽക്കുകയാണ്. ഇപ്പോഴും ഉപമയും ഉൽപ്രേക്ഷേയും പ്രാസവും  കാകളിയുമൊക്കെ നോക്കിയിരിക്കുകയാണവർ. സ്വതന്ത്രമായ കവിത എന്ന ആശയം തന്നെ അവർക്ക് മനസ്സിലാവുകയില്ല.   പിതാവിൻ്റെ ഉഗ്രമർദ്ദനത്തിൽ കാലു തളർന്ന് ആറുമാസം ആശുപത്രിയിൽ കിടന്ന ഒരു കുട്ടി പിന്നീട് അതിനെക്കുറിച്ച് ഒരു കവിത എഴുതുകയാണെങ്കിൽ കാകളിയിൽ  തന്നെ വേണമെന്നും അല്ലെങ്കിൽ വായിക്കുകയില്ലെന്നും  വാദിക്കുന്നവരാണ് ഇക്കൂട്ടർ .ഇവർക്ക് സഹൃദയത്വമുണ്ടോ ?ഭീകര മർദ്ദനത്തിൽ പരമ്പരാഗത ഈണമൊക്കെ അലിഞ്ഞു പോകും. പനിനീർമൊട്ടുകൾക്കു പകരം രക്തം പുരണ്ട കൈകളായിരിക്കും അവനെ ഓർമ്മകളുടെ കയത്തിലേക്ക് വലിച്ചു താഴ്ത്താൻ ഒരുമ്പെടുന്നത്. 

വിമർശനം ഒരു കവിക്കോ നോവലിസ്റ്റിനോ വേണ്ടിയല്ല, വിമർശകന്റെ ജീവിതമാണത്.  ഇതൊക്കെ താഴ്ന്ന ക്ലാസിലെ വിമർശനപാഠങ്ങൾ കൊണ്ടു മാത്രം  ജീവിക്കുന്നവർക്ക് അറിയുമോ?കാളിദാസനു വിമർശനം വേണമോ എന്നു ചോദിക്കുന്ന ശുദ്ധാത്മാക്കൾ കഥയറിയാതെ ആട്ടം കാണുന്നവരാണ്. മഹാനായ കവി ടി.എസ്. എലിയറ്റ് ലോകത്തിലെ മഹാപ്രതിഭ ദാന്തെയെക്കുറിച്ച് ഒരു ലേഖനം എഴുതിയിട്ടുണ്ട്. ലോകത്തെ  വിസ്മയിപ്പിച്ച കവിതകൾ (The waste land ,The hollow man) എഴുതിയ ടി.എസ്‌. എലിയറ്റിനു പക്ഷേ ,തൻ്റെ  രചനകളിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ദാന്തെയെക്കുറിച്ച് എഴുതിയ ലേഖനമാന്നെന്ന് പറഞ്ഞിട്ടുണ്ട്. 

ദാന്തെയെ അദ്ദേഹം വീണ്ടും കണ്ടെത്തുന്നു, ദാന്തെ വായിച്ച് ആസ്വദിക്കാനല്ല ,സ്വന്തം ചിന്തകൾക്കു വേണ്ടി. ഇവിടെ തത്ത്വചിന്താപരമായ ചില വിമർശന സമീപനങ്ങളുണ്ട്. ഇത് എലിയറ്റിൻ്റെ ആവശ്യമാണ്. എന്തിനു ?വായന അങ്ങനെയാണ് നിലനിൽക്കുന്നത്. വായനക്കാർക്ക് ഈ ലേഖനം വേണം. വായനയുണ്ടെങ്കിൽ വിമർശനവുമുണ്ട്. കാരണം, വായന ഒരാളുടെ സാകല്യമായ പ്രതിനിധാനമാണ്. പരമാവധി അറിവിലാണ് വായന ജീവിക്കുന്നത് .ആഴം കുറഞ്ഞ ചിന്തയുള്ളവർ വായിക്കുമ്പോൾ പുതുതായി ഒന്നും തന്നെ കാണുന്നില്ല .

എലിയറ്റിനെപോലെയുള്ളവർ   വായിക്കുമ്പോൾ പുതിയ ലോകം അനാവൃതമാകുന്നു. കാളിദാസന്റെ കൃതികളെ വായിക്കാനറിയുന്നവർ എഴുതിയാൽ മതി .അപ്പോഴും അത് കാളിദാസൻ്റെ ആവശ്യമായിട്ടല്ല ,വിമർശകൻ്റെ സൗന്ദര്യാത്മക ഇടപെടലിൻ്റെ തത്ത്വചിന്തയായാണ് നിൽക്കുന്നത്. 

പുതിയ സൗന്ദര്യാനുഭവത്തിനും ചിന്തയ്ക്കും വേണ്ടി ഒരാൾ എഴുതുമ്പോൾ ,അതിനെ കാളിദാസിനെ ഉയർത്തി തടസ്സപ്പെടുത്താൻ ശ്രമിക്കുന്നത് അല്പബുദ്ധികളുടെ തന്ത്രമാണ്. 

വിമർശകൻ്റെ ആത്മീയ  അന്വേഷിക്കണത്തിലൂടെ ഭാഷ പുതുക്കപ്പെടുകയാണ്. തീർച്ചയായും അത് ശൈലിയെ പുനരവതരിപ്പിക്കാതിരിക്കില്ല. വിമർശനം മരിക്കണമെങ്കിൽ ബുദ്ധിയുള്ള ഒരാളും വായിക്കുന്നില്ല എന്നു ഉറപ്പാക്കേണ്ടി വരും .എന്നാൽ ബുദ്ധിയില്ലാത്തവർ ഇപ്പോൾ ധാരാളമായി വായിക്കുന്നുണ്ട്. ബുദ്ധിയില്ലാത്തവരുടെ വായനയെ വിമർശനത്തിൻ്റെ അപചയമായി കൂട്ടിക്കെട്ടേണ്ടതില്ല. 

 ഫ്രഞ്ച് എഴുത്തുകാരൻ മാർസൽ പ്രൂസ്ത് ഓർമ്മയെക്കുറിച്ചുള്ള മനുഷ്യൻ്റെ അവബോധത്തെ തകിടം മറിച്ചു. അദ്ദേഹം പറഞ്ഞു :നമ്മുടെ ഓർമ്മയിൽ പരതിയാൽ എന്തും കണ്ടെടുക്കാം ;അത് ഒരു ഡിസ്പെൻസറിയോ കെമിക്കൽ ലബോറട്ടറിയോ ആണ്. അവിടെ ഓരോ സമയത്ത് നമ്മുടെ കൈ ആശ്വാസമേകുന്ന ഒരു മരുന്നു കുപ്പിയിലേക്ക് നീണ്ടു ചെല്ലുന്നു. ചിലപ്പോൾ അത് അപകടകരമായ ഒരു വിഷക്കുപ്പിയായിരിക്കും.

അണുകുടുംബം ഒരു അപായക്കളിയോ ?

അണുകുടുംബത്തെ വല്ലാതെ പ്രകീർത്തിച്ച് ഒരു നിലയിലെത്തിച്ചിരിക്കുകയാണല്ലോ . അണുകുടുംബം ശക്തിപ്രാപിച്ചതോടെ  സ്വാർത്ഥതയുടെ ശക്തിപ്രകടനവും പ്രത്യക്ഷപ്പെട്ടു. സ്വന്തം ശമ്പളവും അതിലെ അശാസ്ത്രീയതയെ പരിഹരിക്കലുമായി ജീവിതം ചുരുങ്ങി. തന്നെക്കാൾ വരുമാനം കുറഞ്ഞവനാണെന്നു കണ്ടാൽ യാതൊരു ബന്ധവും സൃഷ്ടിക്കാതിരിക്കാൻ മുൻകൂട്ടി തയ്യാറെടുക്കുന്ന അണുകുടുംബക്കാരൻ്റെ പക്കൽ ഇന്നു സാഹിത്യമൊന്നുമില്ല;ജീർണിച്ച കുറെ  ദുരാഗ്രഹങ്ങൾ മാത്രമേയുള്ളൂ.അത്  യാതൊരു സ്വാസ്ഥ്യവും നൽകുന്നില്ലെന്നു മാത്രമല്ല, ധാരാളം പ്രഷർ ,പ്രമേഹരോഗികളെ സൃഷ്ടിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. എം. നന്ദകുമാർ എഴുതിയ 'പൂച്ചകളുടെ തീവണ്ടി'(മാതൃഭൂമി ആഴ്ചപ്പതിപ്പ് ,സെപ്റ്റംബർ 24) എന്ന കഥ കുടുംബത്തിനുള്ളിലെ തകർച്ചയുടെ ആഴം കാണിച്ചുതരുന്നു. ഒരു വ്യവഹാരമോ മത്സരമോ പന്തയമോ ആയി പരിണമിക്കുന്ന  അണുകുടുംബത്തിൽ ഭാര്യ, ഭർത്താവ്, മക്കൾ എന്നീ സ്ഥാപനങ്ങൾ വെവ്വേറെ  നിലനിൽക്കുകയാണ്. ഈ കഥയിലെ രേവതിക്ക് വിവാഹജീവിതം ഒരു സുഖവും നൽകിയില്ല. രണ്ടു ഗർഭം അലസി. മൂന്നാമത്തെ ഗർഭത്തിൽ പിറന്ന കുട്ടിക്ക് സംസാരശേഷിയില്ല . അതോടെ ഭർത്താവ് അകലുകയാണ്. ഗർഭം അലസിയതും അവളുടെ തെറ്റ് . ഭാര്യയും ഭർത്താവും രണ്ടു മുറികളിലായി താമസം .ഇതിൽപ്പരം എന്ത് വിജയമാണ് ഉണ്ടാകേണ്ടത്?. ഒടുവിൽ രേവതി ആത്മഹത്യ ചെയ്തു. എല്ലാ സമ്മർദ്ദവും അവൾ കഴുത്തിലൊരു കുടുക്കിട്ട് ഫാനിൽ തൂങ്ങിയതോടെ  ഭേദപ്പെട്ടു. 

വിവാഹജീവിതാരംഭം മുതൽ ബാധിച്ച  ദുരൂഹതയെ കഥാകൃത്ത് ഇങ്ങനെ പരിഭാഷപ്പെടുത്താൻ ശ്രമിക്കുന്നു:

"മതിലിനു പുറത്ത് പാതവക്കിലുള്ള മരത്തെ ശ്രദ്ധിച്ചു രേവതി നിൽക്കുന്നു. അവൾ ഈ പ്രദേശത്ത് വരുന്നതിനു മുൻപേ ആ മരം അവിടെയുണ്ട്. ഇലകൾ കുറവായ കമ്പുകളിൽ മുള്ളുകൾ തിങ്ങിയ മുരടിച്ച വൃക്ഷം. അവൾക്ക് അതിൻ്റെ പേരറിയില്ല. ഉണങ്ങിയ ചില്ലകൾ അപരിചിത ഭാഷയിലെ വായിക്കാൻ ബുദ്ധിമുട്ടുള്ള അക്ഷരങ്ങളായി കാണപ്പെട്ടു. വഴങ്ങാത്ത ലിപികളിൽ മുൾമരം ' എന്താണ് അവളോട് പറയാൻ ശ്രമിക്കുന്നത്?" 

ഈ കഥ വായിച്ചില്ലെങ്കിൽ എഴുതിയിട്ടു കാര്യമില്ല 

ലോകത്തിലെ ഏറ്റവും വലിയ കഥാകൃത്ത് ഇവാൻ ബുനിൻ  തന്നെയാണ്. അദ്ദേഹത്തിൻ്റെ 'ജൻ്റിൽമാൻ ഫ്രം സാൻഫ്രാൻസിസ്കോ' എന്ന കഥയെ മറികടക്കുന്ന ഒരു കഥയും നാളിതുവരെ വായിച്ചിട്ടില്ല. അടുത്തിടെ ബുനിൻ്റെ സാഹിത്യരചനകളിലൂടെ  വീണ്ടും കടന്നുപോയി.

എന്നാൽ ഞെട്ടലും ഉന്മാദവും സൃഷ്ടിച്ചുകൊണ്ട് Sunstroke എന്നെ കീഴ്പ്പെടുത്തുകയായിരുന്നു.Sunstroke എന്ന കഥ വായിക്കാതെ ഒരാളും  കഥാരചനയിലേക്ക് തിരിയരുത്. ഇത് കഥയെന്ന കലാനുഭവത്തിന്റെ തീവ്രതയും ആഴവും ഒരേസമയം ബോധ്യപ്പെടുത്തുകയാണ്. അവിചാരിതമായി ഒരു സ്ത്രീയുമായി ഒരു ലഫ്റ്റനൻ്റ് കപ്പലിൽ വച്ച് പരിചയപ്പെടുകയാണ് .പിന്നീട് അവർ പ്രണയിക്കുകയാണ്, മുൻപൊരിക്കലും ഉണ്ടാകാത്തതു പോലെ. അവർ രതിയിലേർപ്പെട്ടു .ആ രതി അവരെ സിരകളിൽ നിന്നുള്ള സുവിശേഷത്തിൽ ജ്ഞാനസ്നാനം ചെയ്യിക്കുകയാണ്. ഭർത്താവും മൂന്നു വയസ്സുള്ള കുട്ടിയുമുണ്ട് അവൾക്ക്. അവൾ താമസിയാതെ യാത്ര പറഞ്ഞു പിരിയുന്നു. എന്നാൽ അവളെ നഷ്ടപ്പെട്ട വേദനയിൽ ലഫ്റ്റനൻ്റ് നീറിപ്പുകയുകയാണ്. അയാൾ എവിടെയെന്നില്ലാതെ അലയുന്നു.  ജീവിതം ഇത്രമാത്രം ഉഷ്ണത്തെ വഹിക്കുന്നുണ്ടോയെന്ന പ്രശ്നം അയാൾ നേരിടുന്നു.

മറ്റു മനുഷ്യരൊക്കെ എങ്ങനെ ശാന്തരായി ജീവിക്കുന്നു എന്നു കണ്ട്  അയാൾ അത്ഭുതപ്പെടുന്നു. അവളുടെ നഷ്ടം വലിയൊരു നരകമാണ് അയാളുടെ മനസിൽ സൃഷ്ടിച്ചിരിക്കുന്നത് .അവൾ പകർന്ന ജീവിതമാധുര്യവും രതിയും ഉടലിന്റെ സൗന്ദര്യവും അയാളെ വലിഞ്ഞുമുറുക്കുന്നു .പ്രണയമല്ല, രക്തമാണ് അയാളുടെ മനസ്സിൽ നിന്നു വരുന്നത്. പ്രണയത്തേക്കാൾ വലുതായി അയാൾക്കു ഒന്നും  തന്നെയില്ല. ജീവിതം എത്ര ശൂന്യമാണെന്ന് അയാൾ ചിന്തിക്കുന്നു. അവൾ ഇല്ലാത്ത ആ മുറിയിൽ അയാൾ ജീവിതത്തിൻ്റെ കനം വെച്ച അസംബന്ധത്തെ അനുഭവിക്കുകയാണ്.

ഇഷ്ടപ്പെട്ട പെണ്ണിനെ വേർപിരിയാൻ പാടില്ല;പിരിഞ്ഞാൽ മനസ്സ് നീറിപ്പുകയും .ആ നീറ്റൽ ആർക്കും മാറ്റാനാവില്ല. ഈ അവസ്ഥയാണ് ബുനിൻ എഴുതി കൂർത്തമുള്ളുകളായി വായനക്കാരൻ്റെ  മനസ്സിലേക്ക് കുത്തിയിറക്കുന്നത്. മനുഷ്യൻ സ്നേഹിക്കാൻ കൊള്ളാവുന്ന മൃഗമാണ്; പ്രത്യേകിച്ച്, സ്ത്രീയെ പ്രേമിക്കുക തന്നെ വേണം. പ്രണയിക്കുന്ന പെണ്ണിനെ പോലെ കാമം ഉണർത്താൻ മറ്റൊന്നിനും കഴിയില്ല. ജീവിതത്തിൻ്റെ അടിത്തട്ടിൽ നിന്നുയർന്നുവരുന്ന നീറുന്ന സ്വപ്നങ്ങളുടെ ആകെത്തുകയാണ് കാമം. അതിൻ്റെ അസാന്നിദ്ധ്യത്തിൽ ജീവിതം സൗന്ദര്യമില്ലാതെ ഒറ്റപ്പെടുകയാണ്. എല്ലാ പദവികളും അധികാരങ്ങളും വ്യർത്ഥമാണ്. മനുഷ്യനു വേണ്ടത് വേഗവും മാർദ്ദവത്വവും തൃഷ്ണയുമുള്ള പ്രണയവും അതിൻ്റെ രതിയുമാണ്. 

ബുനിൻ ഇത് കണ്ടെത്തുകയാണ്. മനുഷ്യൻ ലക്ഷ്യം മാത്രമുള്ള, ജീവിക്കാൻ മാത്രമറിയാവുന്ന ഒരു ക്ലാർക്കല്ല ;തൻ്റെ ധമനികളിലെ വികാരങ്ങളുടെ നീലജ്വാലയ്ക്ക് വേണ്ടി നായയെ പോലെ അലയുന്നവനാണ്. അവൻ കണ്ടെത്തുന്നത് തൃഷ്ണയുടെയും സ്നേഹത്തിൻ്റെയും ഒറ്റയടിപ്പാതയാണ്. മനുഷ്യനെ ഇതുപോലെ സ്നേഹിക്കുന്നവരാണ് എഴുതേണ്ടത്. സ്നേഹത്തിൻ്റെ തീവ്രതയിൽ അത് നഷ്ടപ്പെടുമ്പോൾ സ്നേഹത്തിൻ്റെ രക്തം സിരകളിലാവാഹിച്ച് ഭൂതാവിഷ്ടനായി മാറുന്ന യഥാർത്ഥ മനുഷ്യനെയാണ് ബുനിൻ അവതരിപ്പിക്കുന്നത്.

ജീവിക്കാൻ വൈകുന്ന ജീവി 

മലയാളസാഹിത്യത്തിലെ ക്ളിക്കിൽ നിന്നെല്ലാം ഒഴിഞ്ഞുമാറി സ്വന്തം വിമോചന ദൈവശാസ്ത്രം തേടിയ പി. എൻ. ദാസിന്റെ 'ബോധിവൃക്ഷത്തിന്റെ ഇലകൾ' എന്ന പുസ്തകത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുകയാണ്. തീവ്രവാദ രാഷ്ട്രീയത്തിൽ നിന്നു  ഗൗതമസാരത്തിലേക്കുള്ള സഞ്ചാരമായിരുന്നു പി.എൻ .ദാസിന്റെ ജീവിതം. അദ്ദേഹം തനിക്കു ചുറ്റിനുമുള്ള ലോകത്തിൽ അതുവരെ അദൃശ്യമായിരുന്ന ഒരു ബുദ്ധാനുഭവത്തെ അറിയുകയായിരുന്നു .മനുഷ്യൻ ജീവിക്കാൻ വൈകിപ്പോയ ഒരു ജീവിയാണ് .അവൻ എപ്പോഴും മുന്നേ ജീവിക്കാനായി ഓടുന്നു.എന്നാൽ അവൻ ജീവിക്കാതെ എവിടെയോ തപ്പിത്തടയുന്നു. എന്തുകൊണ്ടാണ് വിപ്ലവകാരികളാകാൻ  മോഹിക്കുന്നവർ ,അവരുടെ ജ്ഞാനോദയത്തിന്റെ ഒരു ഘട്ടത്തിൽ ബുദ്ധനിലേക്ക് എത്തിച്ചേരുന്നത്?.

അദ്ദേഹം 'ഹരിതജാഗരണം 'എന്ന ലേഖനത്തിൽ എഴുതുന്നു: " ഒരു മരുഭൂമിയിൽ എല്ലാ മരങ്ങളും പരിമിതമായ ജലം ഒരുപോലെ പങ്കിടുന്നു. ഒരു സസ്യവർഗ്ഗം മറ്റൊന്നിനെ കൊല്ലുകയോ പിന്തള്ളുകയോ ചെയ്യുന്നില്ല. പോഷകം എത്ര കുറവാണെങ്കിലും, എല്ലാറ്റിലും  വലുതാകാനാകില്ലെങ്കിലും അവയെല്ലാം ഒരേപോലെ ചെറുതായി നിലകൊള്ളുന്നു .ചില ജീവികൾ മറ്റു ജീവികളുമായി പൊതുവായ ഒരു പാർപ്പിടം പങ്കുവെക്കുന്നു. ഒരു ജീവി രാവിലെ പുറത്തുപോകുമ്പോൾ ഒഴിഞ്ഞു കിടക്കുന്ന പാർപ്പിടം ,അത് രാത്രി തിരിച്ചുവരും വരെ മറ്റൊരു തരം ജീവിക്ക് വാസസ്ഥാനമാവുകയും  തുടർന്ന് രാത്രി അത് മറ്റൊരിടം പാർപ്പിടമാക്കുകയും ചെയ്യുന്നു. ഒരു സവിശേഷ ഭൂഭാഗത്ത് പുല്ലിന്റെ ഒരു പ്രത്യേക ഭാഗം മാത്രം ഒരു വിഭാഗം മൃഗങ്ങൾ തിന്നുന്നു ;രണ്ടാമതൊരു ജീവിവർഗ്ഗം അതേപുല്ലിൻ്റെ മറ്റൊരു ഭാഗവും മൂന്നാമതൊരു വർഗ്ഗം പിന്നെയുള്ള ഒരു ഭാഗവും തിന്നുന്നു. അങ്ങനെ ഒരേ സസ്യത്തിന്റെ ഭിന്ന ഭാഗങ്ങൾ മൃഗങ്ങളിലെ മൂന്നു വിഭാഗങ്ങൾക്കാഹാരമായി മാറുന്നു. ഇവിടെ ഒരു ജീവി പട്ടിണിയാകുകയോ  മറ്റൊരു വഴിക്ക് ഓടിക്കപ്പെടുകയോ ചെയ്യേണ്ടി വരുന്നില്ല".

തീവ്രരാഷ്ട്രീയത്തിന്റെ നിലപാടുകൾ, ചെയ്തികൾ, എഴുത്തുചാട്ടങ്ങൾ, എല്ലാം തെറ്റാണെന്ന് അറിഞ്ഞ്  പ്രകൃതിയുടെയും ജീവികളുടെയും ബാന്ധവം ,സാഹോദര്യം തിരിച്ചറിയുന്ന ബോധോദയമാണിത്. ഏതൊരുതരം വിവരം വയ്ക്കലും  ബോധോദയമാണ് .അത്രയും ഇരുട്ട്  മാറിക്കിട്ടുമല്ലോ .പി.എൻ.ദാസ് അന്വേഷകനായിരുന്നു. അതുകൊണ്ട് നേട്ടങ്ങൾക്കുവേണ്ടി കൂട്ടുകൂടിയില്ല. ദാസിനെ അറിഞ്ഞ പത്രാധിപന്മാരില്ലായിരുന്നു.  അതുകൊണ്ട് ദാസിനെ ഇനി വീണ്ടെടുത്തു കൂടുതൽ അർത്ഥവത്തായ ഒരു വായനയിലേക്ക് കൊണ്ടുവരേണ്ടതുണ്ട്. 

തിരക്കഥ സാഹിത്യമല്ല ,കലയല്ല

കഥാകൃത്തുക്കളിൽ ചെറിയൊരു വിഭാഗം തിരക്കഥയിൽ കണ്ണുനട്ടിരിക്കയാണ്. എഴുതുന്ന ഓരോ കഥയും അവർ ഒരു ന്യൂജൻ സിനിമയായി കാണാനാഗ്രഹിക്കുന്നു. അതിനുവേണ്ടിയാണ് കഥ എഴുതുന്നത്. റിയലിസ്റ്റിക് കഥ കുറെ തെറികളോടെ പറഞ്ഞാൽ ന്യൂജൻ സിനിമയായി എന്നു കരുതുന്നവരുണ്ട് .എന്നാൽ തിരക്കഥയെഴുതാൻ സാഹിത്യകാരന്മാർക്ക് പൊതുവേ കഴിവില്ല .സാഹിത്യമല്ല സിനിമ എന്നു ഇവർ എന്നു മനസ്സിലാക്കും?.

എം.മുകുന്ദൻ്റെ 'ഓട്ടോറിക്ഷക്കാരൻ്റെ  ഭാര്യ 'പരാജയപ്പെട്ടത് ഓർക്കണം .എം.മുകുന്ദന് സ്ഥൂലമായി  നോവലെഴുതാൻ കഴിയും. പക്ഷേ, സിനിമയുടെ കല വേറെയാണ്. സൗണ്ട് റെക്കോർഡിംഗ് പഠിച്ച മൃണാൾ സെൻ തന്നെ ഒരു ചലച്ചിത്രകാരനാക്കിയ കാര്യം വിശദീകരിച്ചിട്ടുണ്ട്. റുഡോൾഫ് ആർണീം രചിച്ച  Film as Art എന്ന പുസ്തകം വായിച്ചതോടെ മൃണാൾ സെന്നിൻ്റെ വീക്ഷണം മാറിപ്പോയി. 

ചലച്ചിത്രം ഒരു കലയാണെന്ന് അദ്ദേഹം തിരിച്ചറിയുകയായിരുന്നു. സിനിമയെക്കുറിച്ച് നന്നായി പഠിച്ച ശേഷമാണ് മൃണാൾ സെൻ  സിനിമയെടുത്തത് .ഒരു വിവരണമല്ല  സിനിമ ;അതിൽ ഫ്രെയിമിലെ പ്രകാശത്തിൻ്റെ ടോൺ എങ്ങനെയായിരിക്കണമെന്നു  നിശ്ചയമുള്ളവർക്കേ ഉദ്ദേശിച്ച ഫലം കിട്ടുകയുള്ളൂ. ഒരു ഭാഷ വേണം, സംവിധായകനും ക്യാമറാമാനും അഭിനേതാവിനും .ഇവരുടെ ഭാഷ ഒരേ തലത്തിൽ വന്നാലേ സിനിമ കണ്ടിരിക്കാനാകൂ .ഭാഷയില്ലാത്തവർ അഭിനയിച്ചാൽ തകരും .

കഥ എഴുതാനുള്ള കഴിവല്ല തിരക്കഥയുടെ മികവ് നിശ്ചയിക്കുന്നത് .തിരക്കഥ കഥയുടെ സ്ക്രീൻ ആപ്ളിക്കേഷനാണ്. അത്  സാഹിത്യമല്ല. തിരക്കഥ ഒരു സങ്കേതമാണ്, കലയല്ല .തിരക്കഥ സ്ക്രീനിൽ മാത്രമാണ് അതിൻ്റെ വിധി പരീക്ഷിക്കുന്നത് .ദയവായി ഒരു കാര്യം ഈ തിരക്കഥാകൃത്തുക്കൾ മനസ്സിലാക്കണം; നിങ്ങളുടെ കഥയോ നോവലോ അല്ല സിനിമ .അത് സാഹിത്യത്തിന്റെ ഒരു വ്യാഖ്യാനമല്ല; കാഴ്ചയുടെ ഒരു ഭാഷയാണ്. ആ  ഭാഷ കൈവശമില്ലാത്തവർ തിരക്കഥയിലേക്ക് പോകരുത്. വിവരമുള്ള ആരും തിരക്കഥകളെക്കുറിച്ച് ഉപന്യാസം എഴുതില്ല. കാരണം, അത് ഒരു കലാരൂപമല്ല ;അന് സിനിമയുടെ ഒരു ബ്ളൂപ്രിൻ്റാണ്.

ജാപ്പനീസ് സംവിധായകൻ അകിറ കുറസോവയുടെ 'ഡ്രീംസ്'(Dreams) എന്ന ചിത്രത്തിൻ്റെ തിരക്കഥയെക്കുറിച്ച് ആരെങ്കിലും എഴുതുമോ ,ആ ചിത്രം കൺമുന്നിലുള്ളപ്പോൾ?. തിരക്കഥപോലെയല്ല അത് ചിത്രീകരിക്കുന്നത്. സംവിധായകൻ്റെ  കലയാണത്. ആ തിരക്കഥ കൈയിൽ കിട്ടിയാൽ ഏതെങ്കിലും സംവിധായകനു കുറസോവയുടെ സിനിമ സൃഷ്ടിക്കാനാവുമോ ? സംവിധായകൻ തൻ്റെ  അന്തർമണ്ഡലത്തെ ആവിഷ്കരിക്കുകയാണ്. തിരക്കഥ എഴുതിയതിൽ കുറസോവയ്ക്ക് പങ്കുണ്ടെങ്കിലും അതിനപ്പുറമാണ് സിനിമ .

പി.ജിയെ വിമർശിക്കുന്നതെന്തിനു ?

പി.ഗോവിന്ദപ്പിള്ളയുടെ ഗ്രന്ഥശേഖരത്തെക്കുറിച്ച് വായിച്ചിട്ടുണ്ട്. അദ്ദേഹം ഒരു പുസ്തക ജീവിയായിരുന്നു എന്നു കേട്ടിട്ടുണ്ട്.പി.ജി ധൈഷണിക ജീവിതത്തെയാണ് മുറുകെപ്പിടിച്ചത്.

പി.ജി അധികാരമോഹിയായിരുന്നില്ല. പദവികളിൽ നിന്നു മാറി നിന്ന പി.ജി വിജ്ഞാനത്തിന്റെ വഴികളിലൂടെ സഞ്ചരിച്ചു. പി.ജി. കെ.എസ്. ആർ.ടി.സി ബസിൽ നിന്നു യാത്ര ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്. 

എല്ലാത്തിൽ നിന്നും മാറിനിന്ന പി. ജി യെ ഇന്നത്തെ തലമുറയ്ക്ക് പിടികിട്ടാൻ പ്രയാസമായിരിക്കും .ഈ തലമുറ കൂടുതൽ സമർത്ഥരാണല്ലോ. ഒരു പ്രസംഗം ചെയ്യുന്നതിനു മുമ്പ് തന്നെ അത് ആര് ഷെയർ ചെയ്യണം അല്ലെങ്കിൽ ചെയ്യും എന്നാണ് ചിലർ ചിന്തിക്കുന്നത്. അതിൻ്റെ അടിസ്ഥാനത്തിൽ വിഷയത്തെ ക്രമീകരിക്കുന്നു. ഒരു പ്രത്യേക മത ,രാഷ്ട്രീയ ആംഗിൾ പിടിച്ചാണ് പ്രസംഗം. ഉടനെ തന്നെ അത് യൂട്യൂബിൽ കൃത്യമായി എത്തും. പിന്നെയത് ജൈത്രയാത്ര തുടങ്ങുകയായി ;ഷെയർ ചെയ്യപ്പെടുന്നു.പിജിക്ക് ഇതു വല്ലതും അറിയാമായിരുന്നോ ?.അറിഞ്ഞാൽ  തന്നെ അദ്ദേഹം ഇതു ചെയ്യുമോ? സാഹിത്യത്തിന്റെ മൂല്യത്തെക്കുറിച്ച് മനസ്സിലാക്കിയ പിജി അതിൻ്റെ അനാസക്തിയെയും തീവ്രമായ ആലോചനകളെയുമാണ് പിന്തുടർന്നത്. സ്വയമൊരു കച്ചവട വസ്തുവായി ,മറ്റു പലരുടെയും ചട്ടുകമായി മാറുന്നതിനോട് പിജി  യോജിക്കുമായിരുന്നില്ല.

പിജി യെ ഓർത്ത് സ്നേഹത്തോടെ വിനോദ് വൈശാഖി ഒരു കവിത (പുസ്തകം, കലാപൂർണ, സെപ്റ്റംബർ )എഴുതി കണ്ടപ്പോൾ സന്തോഷം തോന്നി. പിജിയിലേക്ക് പിജി സൃഷ്ടിച്ച പാതയിലൂടെ തന്നെ കവി എത്തിച്ചേർന്നു. ഇക്കാലത്ത് ലാഭമൊന്നും പ്രതീക്ഷിക്കാതെയും ഓർക്കാനറിയാമെന്നു വിനോദ് തെളിയിച്ചു .

"ആ കൈക്കുള്ളിലെത്ര 

സുരക്ഷിതമെൻ ഭാഷ ,

മൺമറയാതെ നവോത്ഥാന നായകൻ.

പൂന്താനവും സൈമണും 

ശുഭാനന്ദനും

താളുകൾക്കുള്ളില -

വർണ്ണരാഷ്ട്രീയവും 

മുണ്ടുമടക്കിയുടു-

ത്തൊരാവേഗമായ്

പുസ്തക -

മൊക്കത്തെടുത്തെഴുത്തച്ഛനായ്".

മനുഷ്യജീവിതം പരിണമിക്കുകയാണ്

രമേശൻ മുല്ലശ്ശേരി ആത്മാർത്ഥമായി എഴുതിയ കഥയാണ് 'മൈഗ്രൻസ് എമിഗ്രൻസ്'(പ്രസാധകൻ ,നവംബർ).  കുടുംബജീവിതത്തിലെ പ്രശ്നങ്ങളാണ് എഴുതിയിരിക്കുന്നത് ."തീരെ പതുക്കെ പറഞ്ഞ അവളുടെ ശബ്ദം വല്ലാതിരുന്നു. പതുക്കെപ്പറയലുകളാണ്, പിറുപിറുക്കലുകളാണ് ഭയപ്പെടുത്തുന്ന തെപ്പോഴും .നിശ്ശബ്ദതയുടെ ഏഴാം വളവിലൊളിച്ചിരുന്ന് അപ്രതീക്ഷിതമായി   ഒരു സ്വരസ്ഥാനം മാത്രമുയർത്തി അത്രയേറെയടുത്തിരുന്നാൽ മാത്രം കേൾക്കാവുന്ന സ്വയം പറച്ചിലുകൾ " .മുല്ലശ്ശേരിയുടെ ജീവിതവിചാരണ ഇങ്ങനെയാണ്. കഥ ഒഴുക്കോടെ പറയാൻ ഈ കഥാകൃത്തിനറിയാം. പക്ഷേ, ഇന്നത്തെ ദൈനംദിന ജീവിതത്തെ പതിറ്റാണ്ടുകൾക്ക് മുൻപുള്ള സാവകാശത്തോടെ സമീപിച്ചാൽ മതിയോ? ജീവിതത്തിലെ മാറ്റം വളരെ പ്രകടമല്ലേ? അത് കഥാകൃത്തിനു വ്യക്തമാവുന്നില്ലേ ?

ഒരാണും പെണ്ണും ഒരുമിച്ചു സ്നേഹിച്ചു താമസിക്കുന്നു. ആണും പെണ്ണുമായി  വിവാഹത്തിൻ്റെ കാര്യം പറഞ്ഞ് വഴക്ക് കൂടുന്നു. ഉടനെ പെണ്ണിനെ കൊന്ന്  മുപ്പത്തിനാല് കഷണങ്ങളാക്കുന്നു. പലയിടത്തായി കൊണ്ടുപോയി വിതറുന്നു. വേറൊരിടത്ത് ഒരുവൻ്റെ കാമുകി തന്നെ വേറൊരാളെ വിവാഹം കഴിക്കാൻ ആലോചിക്കുന്നു. കാമുകനെ അവൾ വിഷം കൊടുത്ത് സാവധാനം മരണത്തിലേക്ക് തള്ളിവിടുന്നു. അവൻ രോഗശയ്യയിൽ ജീവനുവേണ്ടി മല്ലിക്കുമ്പോഴും അവൾ പ്രേമവുമായി ഓടിയെത്തുന്നു .അവൾ പ്രേമിക്കുകയാണോ അതോ കൊല്ലുകയാണോ ചെയ്യുന്നത്? അല്ലെങ്കിൽ അത് രണ്ടും ഒന്നാണോ? ഇതാണ് ജീവിതത്തിനു സംഭവിച്ചിരിക്കുന്ന രൂപപരിണാമം . ജൈവമായ ഒരു വ്യതിയാനമാണിത്. 

മനുഷ്യൻ്റെ തനതായ രൂപത്തിനകത്ത് തീർത്തും അപ്രവചനാത്മകമായ വിധം നിറയെ വൈരുദ്ധങ്ങളുണ്ട് .മറ്റൊരു മനുഷ്യജീവി അല്ലെങ്കിൽ അവൻ്റെ തന്നെ മറ്റൊരു രൂപം  വിന്യസിക്കപ്പെടുകയാണ് .ഇതല്ലേ  ഇന്നു എഴുതേണ്ടത്?

കവി സ്വയം കണ്ടെത്തണം 

ഇസ്രയേലി കവി അഹറോൺ ഷഹാബ്തി (Aharon shabtai)കവിയെക്കുറിച്ചുള്ള തൻ്റെ സങ്കൽപം ഇങ്ങനെ വിശദീകരിച്ചു:

"poets are meant to listen for real changes,political and ethical changes which obligate us to accept new concepts".

കവിതയെഴുതുമ്പോൾ താൻ വീണ്ടും സ്വയം കണ്ടെത്തുകയാണ് ചെയ്യുന്നത്.

Reinventing myself,discovering the contradictions in myself.

കവി തന്റെ നഷ്ടങ്ങളെക്കുറിച്ച് ഓർക്കുന്നതുപോലെ വിമർശകനും ഓർക്കുകയാണ്. രചനയുടെ വേളയിൽ കാവ്യവസ്തുവിനു വെളിയിൽ വിമർശകൻ അയാളുടെ നഷ്ടപ്പെട്ട ലോകങ്ങളെ ജപിച്ചുവരുത്താൻ ശ്രമിക്കുന്നുണ്ട്. ഒരു കൃതിയെ സമൂലമായി വിലയിരുത്തിക്കൊണ്ട് ഇത് ചെയ്യണമെന്നില്ല. ഒരു കൃതിയെ  വിമർശകൻ തൻ്റെ ആത്മാന്വേഷണത്തിനു  പ്രയോജനപ്പെടുത്തുകയാണ് .എൻ്റെ  ..മറവിയുടെ നിർമ്മാണം'എന്ന കൃതിയിൽ കവിത അതിന്റെ പ്രമേയത്തെ നിരാകരിച്ചു മറ്റൊന്ന് തേടുകയാണ് ചെയ്യുന്നതെന്ന് എഴുതിയത് ഈ പശ്ചാത്തലത്തിലാണ്. 

"അയ്യപ്പപ്പണിക്കരുടെ 'എന്നേ മറന്നു  കഴിഞ്ഞിരിക്കുന്നു ഞാൻ' എന്ന  കവിതയിൽ കവി മറന്ന കാര്യങ്ങളെക്കുറിച്ച് പറയുന്നുണ്ട്. മറന്നതെല്ലാം കവി ഓർക്കുകയാണ്.

"മണക്കും മൂക്കും 

മൂക്കുത്തിയും

നനവാർന്ന കവിൾത്തട്ടിൽ 

ഒട്ടിപ്പറ്റിക്കിടക്കുന്ന മുടിത്തുമ്പും

പിന്നിൽ കേൾവിച്ചുരുൾ 

താലമെടുത്തങ്ങു

നുണുങ്ങുച്ചെവിയും 

ചെവിയിൽ നിന്നു തൂങ്ങുന്ന ഞാത്തും 

ഞാത്തിൻ്റെയാട്ടം പ്രതിഫലിക്കുന്ന കഴുത്തും 

എന്നേ മറന്നുകഴിഞ്ഞിരിക്കുന്നു ഞാൻ "

കവിതയുടെ പ്രമേയത്തെ തന്നെ കവിത സ്വയം നിരസിക്കുന്നതിനുദാഹരണമാണിത്. ഇത് എപ്പോഴും ഇത്രത്തോളം പ്രകടമാകണമെന്നില്ല. ഓർത്തെടുത്ത ശേഷം അതെല്ലാം മറന്നവയാണെന്ന് കവി കണ്ടെത്തുന്നത് ആന്തരികമായ സ്വയം നിരാസമായി കാണാം.

കവിതയ്ക്ക് പ്രമേയമായി കവി സ്വീകരിച്ചിട്ടുള്ളത് മറവിയാണ്. മറവി സ്വയം നിരസിച്ച് ഓർമ്മകളായി  പരിണമിക്കുന്നു. ഓർമ്മകളാകട്ടെ, മറവിയായി രൂപാന്തരപ്പെടുന്നു. 

ഇതു പലമാനങ്ങളിൽ എല്ലാ കവിതകൾക്കും ബാധകമാണ്. ഇതിനെയാണ് വിമർശകൻ പ്രയോജന വാദത്തിലേക്ക് കൊണ്ടുവരുന്നത്.

ഈ പ്രയോജനവാദത്തിലൂടെ ചില വരികൾ അയാൾ തന്റെ ചിന്തകളുടെ വിശദീകരണത്തിനായി ഉപയോഗിക്കുന്നു".

കവിത എന്തുകൊണ്ടാണ് അതിന്റെ പ്രമേയത്തെ നിരാകരിച്ചു മറ്റൊന്നു തേടുന്നത്?. അത് സാഹിത്യത്തിൻ്റെ  ജൈവപ്രക്രിയയാണ്. അത് അദൃശ്യതയിലും അനുഭവമാണ്. അനുഭവത്തിലും സംക്രമണമാണ്. 

എഴുതുന്നത് പഴയത് തുടച്ചുമാറ്റാൻ 

ഫാൻ്റസിയുടെ കാലം കഴിഞ്ഞോ ?കാഫ്കയുടെ 'മെറ്റാമോർഫോസിസ്' പോലെയുള്ള കഥകൾക്ക് ഭാവിയെ സ്വാധീനിക്കാൻ കഴിയുമോ ?എന്നാൽ എല്ലാ രൂപങ്ങൾക്കും പുനരവതരണത്തിനു സാധ്യതയുണ്ട്, പ്രസക്തിയുമുണ്ട്. കല എപ്പോഴും പുതിയ രീതി ആവശ്യപ്പെടുന്നു. പഴയതൊന്നും നമ്മുടേതല്ല. പുതിയകാലം ആവശ്യപ്പെടുന്ന ഒരു രീതിയുയുണ്ട്, സ്വഭാവമുണ്ട് .മണിപ്രവാളകാവ്യങ്ങൾ ഇപ്പോൾ ആരും എഴുതാറില്ല. വഞ്ചിപ്പാട്ടും സാഹിത്യത്തിൽ നിന്നു പോയി.പൊറ്റെക്കാട്ട് എഴുതിയതുപോലെയുള്ള കഥകൾ ഇപ്പോൾ വേണ്ട. കാലം മാറിയതും വായനയുടെ ഉള്ളടക്കം മാറിയതും അറിയാതെ എഴുതുന്നവർ ഇപ്പോഴും കണ്ടേക്കാം.പക്ഷേ ,അവരെ ആരും  ആരും ഗൗരവത്തിലെടുക്കില്ല .ഇറ്റാലോ കാൽവിനോ Six memos for the next millenium എന്ന ഗ്രന്ഥത്തിൽ വരും കാല സാഹിത്യത്തിന്റെ അതിജീവനവഴി കാണിക്കുന്നുണ്ട്. രണ്ടു വഴികളാണ് ' അദ്ദേഹം തുറന്നു തരുന്നത്:

"ഒന്ന്: ഉപയോഗിച്ച ബിംബങ്ങളെ പുന: ചംക്രമണം ചെയ്യണം, അർഥവ്യത്യാസത്തോടെ പുതിയ പശ്ചാത്തലത്തിൽ .

രണ്ട്: സ്ലേറ്റ് തുടച്ചു വൃത്തിയാക്കി എഴുതുക ". ആദ്യത്തെ മാർഗ്ഗം ഉത്തരാധുനികർ ഉപയോഗിച്ച കാര്യം കാൽവിനോ ഓർമിക്കുന്നുണ്ട്. എന്നാൽ ഉത്തരാധുനികതയിൽ അത് പുതിയൊരു ആചാരമായതല്ലാതെ ഉള്ളടക്കമായി വികസിച്ചില്ലെന്നു അറിയിക്കട്ടെ. ചരിത്ര വസ്തുതകളോ ബിംബങ്ങളോ വീണ്ടും  ഉപയോഗിക്കുമ്പോൾ അതിലൂടെ സൗന്ദര്യം സൃഷ്ടിക്കപ്പെടണം. 

അല്ലെങ്കിൽ വ്യർത്ഥമാണ്. ക്ലീൻ സ്ളേറ്റിൽ എഴുതുന്നതിനു എപ്പോഴും പ്രസക്തിയുണ്ട് .എന്തെങ്കിലും എഴുതുക എന്നു പറയുന്നതിൽ തന്നെ പുതിയതാണ് എഴുത്ത് എന്ന ധനിയുണ്ട്. പഴയതു തന്നെ ആവർത്തിക്കുന്നതിനെ എഴുത്ത് എന്ന് വിളിക്കാനാവില്ലല്ലോ. ഒരാൾ എഴുതുകയാണ് എന്നു പറഞ്ഞാൽ അയാൾ പുതിയതായി ചില കാര്യങ്ങൾ കൂട്ടിച്ചേർക്കുകയാണ് എന്നാണർത്ഥം.  മുമ്പ് എഴുതിയത് തുടച്ചു മാറ്റാനാണ് ഒരാൾ എഴുതേണ്ടത്. കാഫ്ക 'മെറ്റാമോർഫോസിസ് 'എഴുതിയത്, അതിനു മുമ്പുള്ള കഥാഖ്യാനങ്ങളെ  തുടച്ചു നീങ്ങിക്കൊണ്ടാണ്.

അരാഷ്ട്രീയതയുടെ മരുഭൂമിയിൽ എഴുത്തുകാരൻ 

എഴുത്തുകാരാ ,നിങ്ങൾ ആത്മാവിൽ സ്വതന്ത്രനല്ലെങ്കിൽ നിങ്ങൾക്ക് കലയോ സാഹിത്യമോ ഇല്ല .കഴിഞ്ഞ ദിവസം ചില എഴുത്തുകാരുടെ കൃതികൾ കാണാനിടയായി. അവർ തങ്ങളുടെ രാഷ്ട്രീയപാർട്ടിയുടെ കൊടി കവറിൽ ആലേഖനം ചെയ്‌തിരിക്കയാണ്! .എന്തിനാണ് പുസ്തകത്തിൻ്റെ കവറിലും രാഷ്ട്രീയപാർട്ടികളുടെ പ്രചാരണം നടത്തുന്നത് ?.നിങ്ങൾക്കു പോലും നിങ്ങളുടെ രചനയെ വിദൂരമായ മറ്റൊരു ഭാവിയിലെ നല്ല വായനയ്ക്കായി സങ്കല്പിക്കാനാവുന്നില്ല .ഇതാണ് ദുരന്തം .നിങ്ങൾ പാർട്ടികളുടെ പരിപാടികൾക്കകത്തു സുരക്ഷ തേടുകയാണ്. അങ്ങനെ ചിന്തയെ എന്നെന്നേക്കുമായി ഒരു കൂട്ടിലിട്ടു സൂക്ഷിക്കുന്നു.

പ്രമുഖ ചിന്തകനായ ഇസയ്യ ബർലിൻ  പറഞ്ഞു ,ശാസ്ത്രത്തിനു മനുഷ്യന്റെ സ്വാതന്ത്ര്യബോധത്തെ നശിപ്പിക്കാനാവില്ലെന്ന് .സ്വാതന്ത്ര്യമില്ലെങ്കിൽ ധാർമ്മികതയോ കലയോ ഇല്ലെന്ന്. എഴുത്തുകാർ സ്വാതന്ത്ര്യം വേണ്ടെന്നു പറയുന്ന ഏറ്റവും ഭീതിജനകമായ ഒരു കാലഘട്ടമാണിത്.

ഒരു മനുഷ്യജീവിയോടും സ്നേഹമോ ആത്മാർത്ഥയോ ബന്ധമോ ഇല്ലാത്തവർ രാഷ്ട്രീയപാർട്ടിയുടെ  തോടിനകത്ത് സുരക്ഷിതമായി കഴിയുന്നത് പേടിപ്പിക്കുന്ന വസ്തുതയാണ്. അതിൻ്റെയർത്ഥം ഇതാണ്: സാഹിത്യത്തിലാണ് പ്രവർത്തിക്കുന്നതെങ്കിലും ആരെയും സ്നേഹിക്കാതെ, ആരോടും ബന്ധമില്ലാതെ ജീവിക്കാമെന്ന്,  എഴുതാമെന്ന് .ഇതാണ് അരാഷ്ട്രീയതയുടെ മരുഭൂമി.

യഥാർത്ഥ പ്രചോദനമില്ലാത്തവർ എന്തിനാണ് എഴുതുന്നത്? സ്വയം ആലോചിക്കണം. എഴുത്ത് വളരെ സഹനവും സംഘർഷവുമള്ള ഒരു പ്രവൃത്തിയാണ് .മറ്റുള്ളവർ എഴുതിയതല്ല എഴുതേണ്ടത്. സോഷ്യൽ മീഡിയയിലെ കവിതകൾ വായിച്ചാൽ കരഞ്ഞു പോകും .ജീർണിച്ച ബിംബങ്ങൾ വീണ്ടും വീണ്ടും ഉപയോഗിക്കുകയാണ്. അർക്കബിംബം ,ചാരുശീലേ തുടങ്ങി കേട്ടു പരിചയിച്ചതെല്ലാം വന്നു നിറയുകയാണ്. നിങ്ങൾക്ക് സ്വന്തമായി ഒരു ബിംബം കണ്ടുപിടിക്കാൻ കഴിവുണ്ടോ എന്നു  സ്വയം പരിശോധിക്കുക ;ഇല്ലെങ്കിൽ നല്ല വായനക്കാരാവുക.

വരേണ്യരുടെ അവാർഡുകാലം 

മലയാളസാഹിത്യത്തിൽ ഇപ്പോൾ നടക്കുന്നത് സോഷ്യൽ മീഡിയയിലെ യുവ എഴുത്തുകാരും വനിതാ എഴുത്തുകാരും മറ്റും ചേർന്ന് നടത്തുന്ന മത്സരമല്ല; വരേണ്യരായ എഴുത്തുകാരുടെ മത്സരമാണ്. വരേണ്യർ പരസ്പരം മത്സരിച്ച് അവാർഡുകൾ കൈപ്പറ്റുകയാണ്.അവരെ ബാധിച്ചിരിക്കുന്ന രചനാപരമായ അരാജകത്വം പല നിലയിൽ തല നീട്ടുകയാണ്. എല്ലാ പുരസ്കാരങ്ങളും നേടാനുള്ള ഓട്ടത്തിൽ വരേണ്യ എഴുത്തുകാർ യുവ എഴുത്തുകാരെ ഓർക്കുന്നേയില്ല. യുവതലമുറയില്ലാതെ ഭാവിയെപ്പറ്റി  ചിന്തിക്കാനൊക്കുമോ ?

ഏതെങ്കിലും വരേണ്യ എഴുത്തുകാരൻ്റെ ജന്മദിനം ആഘോഷിക്കുമ്പോൾ ഒൻപത് യുവ എഴുത്തുകാർക്ക് പുരസ്കാരം നല്കുകയാണ് വേണ്ടത്.

അല്ലെങ്കിൽ വരേണ്യരുടെ സ്വാർത്ഥതയും പക്ഷപാതവുമായി അത് മാറും .വരേണ്യരാണ് മാതൃക കാണിക്കേണ്ടത്. അവർ പക്ഷേ ,അവാർഡുകളുടെ പിന്നാലെയാണ്. തങ്ങൾക്ക് കിട്ടാൻ പോകുന്ന വലിയ തുകയുടെ അവാർഡുകൾ മാത്രമല്ല ജീവിതമെന്നു അവർ പുതിയ തലമുറയെ പഠിപ്പിക്കേണ്ടതുണ്ട്.

അനാസക്തിയുടെ പവിത്രത എന്നു പറയുന്നത് ,തന്നെ വന്നു മൂടുന്ന സ്വാർത്ഥതകളിൽ നിന്നുള്ള പിന്മാറ്റത്തിലൂടെ തെളിയിക്കേണ്ടതുണ്ട്. വരേണ്യർക്ക് എന്തിനാണ് ഇത്രയും  അവാർഡുകൾ? പണം ആവശ്യമുള്ളത് ഗതികിട്ടാത്ത ദളിത് ,പിന്നോക്ക എഴുത്തുകാർക്കാണ്.രാഘവൻ അത്തോളിയെ പോലെയുള്ള എഴുത്തുകാരെ വരേണ്യരുടെ സംഘടനകൾ അടിച്ചു പുറത്താക്കിയിരിക്കയാണ്. പണം ഒരലങ്കാരമാക്കരുത് ;അത്  ജീവിക്കാനുള്ളതാണ് .ഭരണകൂടവും ഇതാണ് ഏറ്റുപാടുന്നത്. സംസ്ഥാനം നേരിട്ട് ഏതാനും കലാകാരന്മാരെ തിരഞ്ഞെടുത്തു വലിയ ബഹുമതികൾ കൊടുക്കുന്നത് മറ്റു പലരുടെയും മനസ്സുകളിൽ കരിനിഴൽ വീഴ്ത്തും .തകഴി ,ഉറൂബ് ,പൊറ്റെക്കാട് ,ബഷീർ ,വിലാസിനി ,കാരൂർ ,കേശവദേവ് തുടങ്ങിയവർ ഒന്നിച്ചിരിക്കുന്ന ഒരു മുറിയിലേക്ക് സർക്കാർ കടന്നു ചെന്നു നിങ്ങളിലൊരാളെ ഞങ്ങൾ ആദരിക്കയാണ് കേട്ടോ എന്നു  പറയുന്നത് എത്ര അപമാനകരമായിരിക്കും മറ്റ് എഴുത്തുകാർക്ക് !.

എല്ലാവരെയും തുല്യരായി കണ്ട് , എല്ലാവർക്കും തുല്യ അവസരങ്ങൾ സൃഷ്ടിച്ചു കൊടുക്കൂ.

സ്നേഹിച്ചുകൊണ്ടു വെറുക്കുന്ന മനുഷ്യൻ 

'കരമസോവ് സഹോദരന്മാർ' എന്ന നോവലിൽ കാല്പനിക കവികളെയും സുന്ദരവിഡ്ഢികളെയുമെല്ലാം ഞെട്ടിച്ചുകൊണ്ട് ദസ്തയെവ്സ്കി എഴുതി: One can fall in love and still hate 

വെറുത്തുകൊണ്ടു തന്നെ ഒരാൾക്ക് മറ്റൊരാളെ സ്നേഹിക്കാമെന്ന്!  ഇങ്ങനെയൊരു സ്നേഹത്തെപ്പറ്റി കേട്ടിട്ടുണ്ടോ ?എന്നാൽ മനുഷ്യൻ അങ്ങനെയാണ് സ്നേഹിക്കുന്നത്. അതുകൊണ്ടാണ് മനുഷ്യനെ പിശാചെന്നു വിളിക്കേണ്ടിവരുന്നത്. കാല്പനികർക്കും പ്രണയത്തെക്കുറിച്ച്  എഴുതുന്നവർക്കും ഈ ജ്ഞാനമില്ല .

അവർ മനസ്സിനെ ആഴത്തിൽ പഠിച്ചിട്ടില്ല. മനുഷ്യൻ സ്നേഹിക്കുന്നതിനെ സ്നേഹിക്കുന്നില്ല. സ്നേഹിക്കുന്നത് വെറുക്കാനാണ്. സ്നേഹിച്ചുകൊണ്ട് വെറുക്കുന്ന അവൻ്റെ മാനസികാവസ്ഥ എന്താണ്? എന്താണ് യഥാർത്ഥമായുള്ളത്? ഒരു ശൂന്യതയിൽ അഭിരമിക്കുകയും അതിൽ തന്നെ യുദ്ധം ചെയ്യുകയുമാണ് .യുദ്ധത്തിനുശേഷം ജയിച്ചാലും അത് പരാജയമായി തീരുകയും ചെയ്യും. എന്നാൽ ശൂന്യതകളിലും മുറിവുകളിലും സഹനങ്ങളിലും നാം ജീവിച്ചിരിക്കുന്നു എന്നത് ഈ ലോകത്തിലെ ഏറ്റവും വലിയ അത്ഭുതവും സമസ്യയുമാണ്.

മനുഷ്യഹൃദയത്തെക്കുറിച്ച് ജ്ഞാനമില്ലാത്തതുകൊണ്ടാണ് നമ്മുടെ ഭൂരിപക്ഷം കവികളും പ്രണയത്തെക്കുറിച്ച് എഴുതി  തകർക്കുന്നത്. പ്രണയം എന്താണെന്നു മനസ്സിലാക്കൂ. എന്താണ് അതിൽ നിലനിൽക്കുന്നതെന്നും ദീർഘകാലം അവശേഷിക്കുന്നതെന്നും  അന്വേഷിക്കുക. ഈ വേഗതയേറിയ യുഗത്തിൽ പ്രേമിക്കുന്നതുപോലെ തന്നെ വേർപിരിയുന്നതും പ്രധാനമാണ്. അതിവേഗത്തിലാണ് പ്രേമിക്കുന്നത്. അതുകൊണ്ട് പ്രേമത്തിൽ നിന്നു സ്വാതന്ത്രമാകുന്നതും വേഗത്തിലാണ്. 

അതിനും വേഗത വേണം. കാരണം, ജീവിതം അനേകം തിരഞ്ഞെടുപ്പുകളുടെ ഒരു സംഘാതമാണ്. ഒന്നല്ലെങ്കിൽ മറ്റൊന്ന് തയ്യാറായി നിൽക്കുമ്പോൾ തിരഞ്ഞെടുപ്പിനു വേഗത കൂടും . പ്രേമിക്കുന്നതിനേക്കാൾ വേഗം പ്രേമം വിട്ടൊഴിയുന്നതിനും കൈവരുകയാണ്. 

അനിശ്ചിതത്വവും പരാജയഭീതിയും സകലബന്ധങ്ങളെയും ഉലയ്ക്കുകയാണ്


No comments:

Post a Comment

അക്ഷരജാലകം ഇരുപത്തിയഞ്ച് വർഷങ്ങൾ പിന്നിട്ടിരിക്കുന്നു: എം. സി. രാജനാരായണൻ

  ഇന്ത്യയിലെ പ്രശസ്ത സിനിമാ വിമർശകനും ഫിപ്രസി അംഗവും ഗ്രന്ഥകാരനുമായ എം.സി. രാജനാരായണൻ എഴുതുന്നു പ്രചാരവും സ്വീകാര്യതയും നിലനിർത്തിക്കൊണ്ട്‌ ...