Friday, January 6, 2023

ഒരു പൂച്ചയും ഒറിജിനലല്ല /അനുധാവനം: എം.കെ.ഹരികുമാർ 

 


ചൈനീസ് ആർട്ടിസ്റ്റ് മിൻ ഷെൻ (min Zhen,1730-1791)വരച്ച 'ദ് ബ്ലാക്ക് ക്യാറ്റ്' (The Black Cat എന്ന മഷിച്ചിത്രം ആധുനികതയുടെ ഒരു പ്രവചനമായിരുന്നു. ഏത് വസ്തുവിനെയും കലാകാരനു  വരയ്ക്കാം;എന്നാൽ എങ്ങനെ വരയ്ക്കണം എന്ന് പ്രശ്നമുണ്ട്.പൂർവികർ നോക്കിയതു പോലെ നോക്കുന്നത് അപര്യാപ്തമാണ്. ചരിത്രത്തിൽ പലരും പൂച്ചയെ വരച്ചിട്ടുണ്ട്. അതൊക്കെ ഓരോ നോട്ടമാണ്.ഇതിൽ ഏതാണ്  മൗലികമായുള്ളത് ?ഒരു പൂച്ചയ്ക്ക് ഒറിജിനാലിറ്റിയില്ല .ഇതാണ് ശ്രദ്ധിക്കേണ്ട വസ്തുത. പൂച്ചയിൽ കലാകാരൻ കണ്ടുപിടിക്കുന്നതാണു ഒറിജിനാലിറ്റി .അത് പൂച്ചയുടെ ഒറിജിനാലിറ്റിയല്ല .കലാകാരൻ പൂച്ചയെ കാണുന്നത് വ്യത്യസ്തമായാണ്. അതിൽ അയാളെ സ്വാധീനിക്കുന്ന പല ഘടകങ്ങളുണ്ട്. അയാളുടെ ഉത്കണ്ഠ,ഭയം ,സൗന്ദര്യബോധം ,നിരാശ ,ദുഃഖം ,സെക്സ് തുടങ്ങിയവയെല്ലാം സ്വാധീനിക്കും.ഇതിനു പുറമേയാണ് കലാവസ്തു എന്ന നിലയിലേക്ക് പൂച്ചയെ ഉയർത്തുന്നതിൻ്റെ പ്രശ്നങ്ങൾ . താൻ കണ്ട പൂച്ചയെ അസ്തിത്വപരമായി  പുന:സൃഷ്ടിക്കുകയാണ് കലാകാരൻ. എന്നു പറഞ്ഞാൽ ,പൂച്ചയെ വേറൊരു ജീവിതത്തിൻ്റെ അസ്തിത്വമാക്കുന്നു. 

 ഇവിടെ മിൻ ഷെൻ വരച്ച പൂച്ചയ്ക്ക് നല്ല തടിയുണ്ട്. അതാകട്ടെ, കലാകാരൻ പൂച്ചയായി ജീവിച്ചപ്പോഴുള്ള തടിയാണ്. ഇതിനെ ഞാൻ സൗന്ദര്യബോധത്തിലെ ആത്മീയത എന്നു വിളിക്കുന്നു.  സൗന്ദര്യബോധം കേവലയുക്തിയല്ല ; അത് ഒരാളുടെ ആഭ്യന്തരമായ ഉന്മാദങ്ങളുടെയും അരക്ഷിതബോധത്തിന്റെയും സമ്മോഹനമായ ഒരു ചേരുവയാണ്. അതിലാണ് കലാകാരൻ ജീവിക്കുന്നത്. അയാൾ അസ്തിത്വത്തിനു മുകളിൽ ഒരിടം തേടുകയാണ് .

സാഹിത്യകാരനും ഇങ്ങനെയാണ് ചിന്തിക്കേണ്ടത്. ഞാൻ ഇങ്ങനെയാണ് ചിന്തിയുന്നത്. എഴുത്തുകാരൻ  വസ്തുവിനെക്കുറിച്ചു പറയേണ്ടത് കേവലയുക്തിബോധമല്ല. എറണാകുളത്തെ സാഹിത്യകാരൻ, കെ.വി. തോമസിൻ്റെയോ പി.രാജീവിൻ്റെയോ കേവലയുക്തി സ്വീകരിക്കരുത്; പകരം വേറെ തേടണം. പരിചയപ്പെട്ടതല്ല എഴുതേണ്ടത്. കാണാത്ത യാഥാർത്ഥ്യങ്ങളെ അനുഭവിക്കുന്നവർ എഴുതിയാൽ മതി. ഇപ്പോൾ ഞാൻ എത്തിച്ചേർന്നിരിക്കുന്ന ഈ ഒറിജിനാലിറ്റി വാദം സിദ്ധാന്തപരമായ ഒരു കണ്ടെത്തിലാണ്. അതായത് ഒരു പൂച്ചയ്ക്കും ഒറിജിനാലിറ്റിയില്ല എന്ന ആശയം മറ്റൊരു സിദ്ധാന്തമായി ഞാൻ വികസിപ്പിക്കാൻ ഉദ്ദേശിക്കുന്നു.

'എന്തിനാടാ നീ വീണ്ടും സിദ്ധാന്തം ഉണ്ടാക്കുന്നത് 'എന്നു ആക്രോശിച്ചു കൊണ്ട് ചില അരസികന്മാർ വരാനിടയുണ്ട്. അവരെ 'പച്ചമലയാളം' കൈകാര്യം ചെയ്തുകൊള്ളണം. ഞാൻ നേരിട്ടാൽ കൂടിപ്പോകും.

ചെറുകഥ മരിച്ചു?

ചെറുകഥയുടെയോ മറ്റു കലകളുടെ യോ വിമർശനത്തിന്റെ കാര്യത്തിൽ എനിക്ക് വ്യക്തിപരമായി വിദ്വേഷം അശേഷമില്ല. എനിക്ക് പരിചയമോ സൗഹൃദമോ ഇല്ലാത്തവരെ വിമർശിക്കുന്നതു പോലെ തന്നെയാണ് അടുത്തറിയാവുന്നവരുടെ കൃതികളെയും സമീപിക്കുന്നത്. സത്യസന്ധമായി അഭിപ്രായം പറയുന്നതാണ് നല്ലത്. ഇക്കാര്യത്തിൽ  നമുക്ക് ആരെയും രക്ഷിക്കാനാവില്ല. വിമർശകനു ഒരു കഥാകൃത്തിനെയും രക്ഷിക്കാനാവില്ല .ഇക്കാര്യത്തിൽ കഥാകൃത്ത് സ്വയം രക്ഷപ്പെടാൻ നോക്കണം .അതിനു നന്നായി വായിക്കുകയും നിരീക്ഷിക്കുകയും ചിന്തിക്കുകയും വേണം. ഭാവന ചെയ്യാൻ ജന്മനാപ്രയാസമുള്ളവർ കഥയെഴുത്തുകാരാണെന്നു  ഭാവിക്കുകയും അതിനായി ഇറങ്ങി പ്പുറപ്പെടുകയും ചെയ്യുന്നതാണ് കുഴപ്പം.

സമകാല ചെറുകഥ മരിച്ചു എന്നു  പറയാവുന്ന തലത്തിലേക്ക് നമ്മെ കൊണ്ടെത്തിക്കുകയാണ് എൻ. പ്രഭാകരന്റെ 'മിണ്ടാസ്വാമി'(മാതൃഭൂമി ആഴ്ചപ്പതിപ്പ് ,ഒക്ടോബർ 1)ഏതാനും ലക്കങ്ങൾക്കു മുൻപ് പ്രഭാകരൻ ആഴ്ചപ്പതിപ്പിലെഴുതിയ കഥയുടെ അതേ സ്വഭാവം, രോഗം തന്നെയാണ് ഈ കഥയ്ക്കുമുള്ളത്. 

കഥ തുടങ്ങിയ കഥാകൃത്തിനു പിന്നെ എങ്ങനെ മുന്നേറണമെന്നു അറിയില്ല. താൻ തന്നെ എഴുതിയ മറ്റൊരു കഥയുടെ രീതികൾ അവലംബിക്കുന്നു. ഈ കഥയിൽ കൃഷ്ണൻകുട്ടി എന്ന സ്വഭാവരൂപത്തെ സൃഷ്ടിച്ചുകൊണ്ട് എന്തൊക്കെയോ പറയുന്നു .അദ്ദേഹം  വീമ്പ് പറയുന്നവനാണത്രേ. അതിന് ?പിന്നീട് അയാൾ സാമൂഹ്യ പ്രവർത്തകനാവുകയാണ് .സന്തോഷം. പൊടുന്നനെ എം.എൽ.എയുടെ ആളായി. അതിനിടയ്ക്കാണ് ഗ്രൂപ്പ് വൈരത്തിൽപ്പെട്ട് കൃഷ്ണൻകുട്ടിക്ക് വിലക്കേർപ്പെടുത്തിയത് .ഇവിടെ കഥ വഴിമുട്ടി .പിന്നീട് മറ്റൊരിടത്തേക്ക് ചാടുകയാണ്. അയാൾ  ആത്മീയപ്രഭാഷകനാവുകയാണ്. എന്തിനു ?താമസിയാതെ കൃഷ്ണൻകുട്ടി മൗനിയായത്രേ.അതിനുശേഷം കൃഷ്ണൻകുട്ടി മറ്റുള്ളവരുടെ പ്രഭാഷണങ്ങൾ കേൾക്കാൻ പോവുകയാണ്. തുടർന്നു  കൃഷ്ണൻകുട്ടിയെ മറ്റൊരു പ്രഭാഷകൻ എങ്ങനെ പ്രസംഗിക്കണമെന്ന് പഠിപ്പിക്കുന്നു. പിന്നീട് അയാൾ ആൽത്തറയിൽ വന്നിരുന്നു കാണുന്നവരെയെല്ലാം തെറി പറയുകയാണ്. തെറിയെപ്പറ്റി നല്ല ധാരണയുള്ള കഥാകൃത്ത് ഇങ്ങനെ ഒരു സൗജന്യം വായനക്കാർക്ക് നൽകുന്നു: " തെറിയാണെങ്കിൽ കാത് ഇരുമ്പുരുക്കിയൊഴിച്ച് അടയ്ക്കേണ്ട വകയിൽപ്പെട്ടതും".ഇതിൻ്റെ ഫലമായി കൃഷ്ണൻകുട്ടിയെ ആരോ തല്ലി വീഴ്ത്തുകയാണ്. അവർ കൃഷ്ണൻകുട്ടിയെ എവിടേക്കോ കൊണ്ടുപോയത്രേ. കൃഷ്ണൻകുട്ടി ഇല്ലാത്ത ദുഃഖത്തിൽ അന്തരീക്ഷം  ഘനീഭവിച്ചു നിന്നു എന്നാണ് കഥാകൃത്ത് പറയുന്നത്.

എന്തിനാണ് ഈ കഥ എഴുതിയത് ? കഥാകൃത്ത് ദയവായി മനസ്സിലാക്കണം ,ഇതൊക്കെ ബാലിശമായ അവതരണമാണ്. പ്രമേയത്തിൽ കഴമ്പില്ല .നല്ല ഭാഷയുമില്ല .നല്ല വായനക്കാരനു വൈകാരിക ബന്ധമുണ്ടാക്കുന്ന ഒരു സന്ദർഭമോ, വാക്യമോ ഇല്ല .എന്തിനാണ് ഇങ്ങനെ എഴുതുന്നതെന്നു കഥാകൃത്ത്  ആലോചിക്കണം .വായനക്കാർ എന്താണ് ചെയ്യേണ്ടത് ?

ഇതുപോലുള്ള കഥകളാണ് ഇപ്പോൾ രചിക്കപ്പെടുന്നത്. ഈ കഥ കവർസ്റ്റോറിയായി പ്രസിദ്ധീകരിച്ചതുകൊണ്ട് വാരിക  എന്താവും  ഉദ്ദേശിച്ചിരിക്കുക? ഇത് നല്ല കഥയാണെന്നു പ്രഖ്യാപിച്ചുകൊണ്ടാണ് കവർസ്റ്റോറി യാക്കിയതെങ്കിൽ കഥാസ്വാദനം പ്രൈമറി ക്ലാസിൽ തന്നെയാണ് നിൽക്കുന്നത് .ഇതുപോലുള്ള കഥകളാണ് വായനക്കാരേ ,തങ്ങൾക്ക് കിട്ടുന്നത് എന്നാണെങ്കിൽ വേറൊന്നും പറയാനില്ല. മലയാളകഥ ഇപ്പോൾ വീണുകിടക്കുകയാണ്.

അശോകൻ ചരുവിലും സന്തോഷ് ജോർജ് കുളങ്ങരയും 

ടി.പത്മനാഭനെ അനുകരിച്ച്  അശോകൻ ചരുവിലും ആത്മകഥയെഴുതി തുടങ്ങി. ചിത്രമെഴുത്ത് എന്ന പേരിൽ അദ്ദേഹം എഴുതിയ കഥ (മാതൃഭൂമി ആഴ്ചപ്പതിപ്പ് ,സെപ്റ്റംബർ 3)യാത്രാവിവരണം പോലെ തോന്നി. 

തൻ്റെ മക്കളെ കാണാൻ കഥാകൃത്ത് ജർമ്മനിയിലേക്ക് ചെന്നിരിക്കുകയാണ്. അവിടെവച്ച് തിയോ എന്ന വൃദ്ധനായ ജർമ്മൻ ചിത്രകാരനെ കാണുകയാണ്. ആ വൃദ്ധൻ മകന്റെയും ഭാര്യയുടെയും കുടുംബസുഹൃത്താണ്. വൃദ്ധന്റെ തമിഴ് ബന്ധവും ശ്രീലങ്ക കലാപവുമെല്ലാം വിസ്തരിക്കുകയാണ്. വൃദ്ധനുമായി  ബൗദ്ധികമായി അടുത്തെങ്കിലും ദരിദ്രനായ അയാളെ സഹായിക്കാൻ പത്തു പൈസ വച്ച് നീട്ടുന്നില്ല .കടൽക്കരയിൽ, കാപ്പികുടിക്കാൻ എന്തെങ്കിലും തരണേ എന്നു ബോർഡിൽ എഴുതി വച്ച് കാത്തിരിക്കുന്ന ആ വൃദ്ധനെ, കുടുംബസമേതം ബീച്ചിലെത്തിയ കഥാകൃത്ത് ദൂരെ നിന്നേ ഒഴിവാക്കുന്നു. കഥാകൃത്തും കുടുംബവും അയാളെ കാണാതെ രക്ഷപ്പെടുകയാണ്. സഹായിക്കാനുള്ള മനസ്സില്ലാത്ത, അനുകമ്പയില്ലാത്ത ഒരു കഥാപാത്രത്തെയാണ് ഈ കഥാകൃത്ത് 'ഞാൻ' എന്നു വിളിച്ചുകൊണ്ട് ആദർശവത്ക്കരിക്കാൻ ശ്രമിക്കുന്നത്. എന്തിനാണ് കഥാകൃത്ത് ഈ ക്രൂരത എഴുതി പ്രദർശിപ്പിക്കുന്നത് ?തിയോ എന്ന വൃദ്ധൻ്റെ അടുത്ത് പോയിരുന്ന് തൻ്റെ ഒരു ചിത്രം വരയ്ക്കൂ എന്നു പറഞ്ഞ് പോസ് ചെയ്ത് ഒരു തുക അവിടെ വച്ച് മടങ്ങിയിരുന്നെങ്കിൽ എത്ര നന്നാകുമായിരുന്നു ! .പക്ഷേ ,അതിനുള്ള മനസ്സ് എവിടെ ?

ഈ കഥ ,ജർമനിയിൽ പോയ ഒരാളുടെ യാത്രാവണം പോലെയാണ് വായിച്ചത് .സന്തോഷ് ജോർജ് കുളങ്ങരയുടെ ടിവി സഞ്ചാരക്കുറിപ്പുകൾ പോലെ തോന്നിച്ചു . അതിനു സമാനമാണ് അശോകന്റെ വിവരണം. ഈ ഭാഗം നോക്കൂ :

"ഞങ്ങൾ ചെല്ലുമ്പോൾ സമ്മർ ആഘോഷങ്ങൾ തുടങ്ങിയിരുന്നു. നൂറുകണക്കിനാളുകളാണ് അനുനിമിഷം വരുന്നത് .അടുത്തുള്ള ബാഡ്റോബാൻ എന്ന പട്ടണത്തിൽ നിന്നു ബീച്ചിലേക്ക് കൽക്കരിയിൽ  പ്രവർത്തിക്കുന്ന തീവണ്ടി സർവീസുണ്ട്. മോളി എന്നാണ് പേര്. ഗോതമ്പുവയലുകൾക്കിടയിലൂടെ പുകതുപ്പിയും മണിയടിച്ചും  കൂക്കിവിളിച്ചുമുള്ള അതിൻ്റെ പാച്ചിൽ കൗതുകമുണ്ടാക്കുന്നതായിരുന്നു. കുഞ്ഞുങ്ങൾക്കും വൃദ്ധർക്കും സാഹസികർക്കും  കായികപ്രേമികൾക്കും സൈക്കിൾ സഞ്ചാരികൾക്കും നായ്ക്കൾക്കും നഗ്നരാവേണ്ടവർക്കും വേണ്ടിയുള്ള പ്രത്യേകം ബീച്ചുകളുണ്ട് .ഭക്ഷണമാണ് പൊതുവെ ഇവിടത്തെ പ്രധാന സംഗതി.നാനാതരം ഭക്ഷണശാലകൾ അവയുടെ ചൂടും മണവും പ്രസരിപ്പിച്ചു പ്രവർത്തിക്കുന്നു .വഴിവക്കിലെല്ലാം ആളുകൾ കൂടിയിരുന്നു കുടിച്ചും ഭക്ഷിച്ചും സംസാരിച്ചും ഉല്ലസിക്കുന്നു.  ഇവിടെ ജീവിതച്ചെലവ് വളരെ ഉയർന്നതാണെന്ന് ചെറിയ മകൻ പറഞ്ഞു .സാധനങ്ങൾക്കെല്ലാം തീപിടിച്ച വിലയാണ്. ഹോട്ടൽ മുറികൾക്ക് അമിതമായ വാടകയും ".

കുറച്ചുനേരം ഞാൻ ശങ്കിച്ചു പോയി, സഫാരി ടിവിയുടെ മുന്നിലാണോ ഇരിക്കുന്നതെന്ന്! .ഈ കഥയിൽ അനാവശ്യവിവരണങ്ങളാണുള്ളത്. മനുഷ്യത്വത്തിന്റെ ഒരു കണം പോലും ഭാഷയിലില്ല.ആരോടും ബന്ധം സ്ഥാപിക്കാനാവാത്ത ഒരു മനസ് ഇവിടെ കാണാം .അതുകൊണ്ടാണ് ഇതിൽ പരിചയപ്പെടുത്തിയ ദരിദ്രനായ തിയോ എന്ന വൃദ്ധനോട് കഥാകൃത്തിനും വായനക്കാർക്കും ആത്മബന്ധം തോന്നാത്തത്. 

ചിലർ രാഷ്ട്രീയപ്പാർട്ടിക്ക്, മുന്നണിക്ക് വേണ്ടി കഥകൾ ചിട്ടപ്പെടുത്താറുണ്ട്. എഴുത്തുകാരൻ സംഘം ചേർന്നല്ല എഴുതേണ്ടത്. ഹെർമൻ ഹെസ്റ്റേ , തോമസ് മൻ തുടങ്ങിയവർ സംഘം ചേർന്നല്ല എഴുതിയത്. ചിലരുടെ കഥകൾ സ്കാൻ ചെയ്ത് പരിശോധിച്ചാൽ അതിൽ ഒരു പ്രത്യേക മന:ശാസ്ത്രം രൂപപ്പെടുന്നത് കാണാം.കഥയിൽ മൂന്ന് ഘടകങ്ങൾ ബോധപൂർവ്വം വിളക്കിച്ചേർക്കുന്നു. ഒന്ന് ,ഇടതുപക്ഷ ചിന്താഗതിയുള്ള ഒരു കഥാപാത്രം. ഇത് മിക്കവാറും ഒരു മാർക്സിസ്റ്റ് ആയിരിക്കും. രണ്ട്, പിന്നോക്ക സമുദായക്കാരന്റെ ചെറുത്തു നില്പുകൾ. മൂന്ന്, മുസ്ലിം വിഭാഗത്തോട് ആഭിമുഖ്യം പുലർത്തുന്ന തരത്തിലുള്ള പ്രീണനവാക്യങ്ങൾ. ഈ മൂന്ന് ഘടകങ്ങൾ ഇന്നത്തെ ചില രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ആന്തരിക മന:ശാസ്ത്രമാണെന്നു തെറ്റായോ ശരിയായോ ധരിച്ചതിന്റെ ഫലമായാണ് ഇത് സംഭവിക്കുന്നത് .അതായത് ,തന്റെ പാർട്ടിയുടെ മനസ്സിലിരിക്കുന്നത് സങ്കല്പിച്ചുകൂട്ടി അതിനകത്ത് കയറിയിരുന്ന് എഴുതുകയാണ് .എഴുത്തിൽ എന്തിനാണ് ഇത്രയും പാരതന്ത്ര്യം അനുഭവിക്കുന്നത്?. ഇത് ഒരു സഹനമാണോ ?

നോബൽ സമ്മാനത്തിന് വിശ്വാസ്യത ഇല്ലാതായി 

ഒർഹാൻ പാമുഖ് ,ഇഷിഗുറോ ,ട്രാൻസ് ട്രോമർ എന്നിവർക്ക് നോബൽ സമ്മാനം കൊടുത്തപ്പോൾ വായനക്കാർ സന്തോഷിച്ചു.ഹാറുകി മുറ കാമി ,മാർഗരറ്റ് അറ്റ്വുഡ് ,കാൾ വൈ നോസ് ഗാർദ് തുടങ്ങിയവർ ജീവിച്ചിരിക്കുന്നു എന്നറിയാത്ത നോബൽ കമ്മിറ്റി ശരാശരിക്കാർക്ക് നോബൽസമ്മാനം കൊടുത്ത് തൃപ്തിപ്പെടുകയാണ്.ഈ വർഷം കൊടുത്തത് ആനി എർണോ എന്ന ഫ്രഞ്ച് എഴുത്തുകാരിക്കാണ്.

ഈ കമ്മിറ്റിക്ക് ധാർമ്മികതയിലും സാഹിത്യമൂല്യത്തിലും അല്പമെങ്കിലും താല്പര്യമുണ്ടായിരുന്നെങ്കിൽ മഹാനായ സൽമാൻ റുഷ്ദിക്ക് സമ്മാനം കൊടുക്കണമായിരുന്നു. സമകാലീന സാഹിത്യലോകത്തെ ഒരു മഹാഗോപുരമാണ് റുഷ്ദി .അദ്ദേഹം നവീനമായ ആലോചനകളിലൂടെ സാഹിത്യചിന്തയെ എപ്പോഴും പരിഷ്കരിക്കുകയാണ് ചെയ്യുന്നത്. പഴയതുതന്നെ ആവർത്തിച്ചു കൊണ്ടിരിക്കുന്നവർക്ക് അത് മനസ്സിലാക്കണമെന്നില്ല .അദ്ദേഹത്തിൻ്റെ Shame ,Shalimar the clawn,The Enchantress of Florence തുടങ്ങിയ  നോവലുകളും ലേഖനങ്ങളും വായിക്കുകയാണെങ്കിൽ റുഷ്ദിയുടെ കണ്ടുപിടുത്തങ്ങൾ ബോധ്യപ്പെടുന്നതാണ് .ഏതാനും ആഴ്ചകൾക്കു മുമ്പാണ് റുഷ്ദിയെ പൊതുചടങ്ങിനിടെ ഒരു ആക്രമി കുത്തി വീഴ്ത്തിയത് .യാതൊരു സുരക്ഷയുമില്ലാതെ ,റുഷ്ദിയെ അക്രമിക്ക് കുത്താൻ പാകത്തിൽ നിർത്തിയ സംഘാടകരെ തെറി പറഞ്ഞാൽ പോര, നിയമനടപടി സ്വീകരിക്കണം. 

റുഷ്ദിക്കു സാരമായി പരിക്കേറ്റിരികകയാണ്. ഒരു കണ്ണിൻ്റെ കാഴ്ചശക്തി നഷ്ടപ്പെട്ടേക്കാം എന്നു റിപ്പോർട്ടുണ്ടായിരുന്നു .ഈ അവസ്ഥയിൽ നോബൽ സമ്മാനം പ്രഖ്യാപിക്കുമ്പോൾ മനുഷ്യത്വമുള്ളവർ എന്താണ് വിചാരിക്കേണ്ടത് ?അത് സൽമാൻ റുഷ്ദിക്കു തന്നെ എന്നു  വിശ്വസിച്ച ആയിരക്കണക്കിനാളുകളെ കബളിപ്പിച്ചുകൊണ്ട്  ഈ വർഷത്തെ സമ്മാനം മറ്റൊരാൾക്കു കൊടുത്തിരിക്കുന്നു! .റുഷ്ദിക്ക് ഇനി ഒരവസരം കിട്ടുമോ? നോബൽ കമ്മിറ്റിക്ക് സാഹിത്യകലയിലുള്ള പരിപാവനമായ അഭിനിവേശം നഷ്ടപ്പെട്ടിരിക്കുകയാണ്.

ഇൻറർനെറ്റ് ഇൻഫർമേഷൻ സൂപ്പർ ഹൈവേയാണ് സാർ 

പത്രങ്ങൾ വായിക്കുന്നതിനെക്കുറിച്ച് ഒരു വിദ്യാർത്ഥി എന്നോട് ചോദിച്ചത് ഏതാനും നാൾ മുമ്പാണ്. എൻ്റെ പത്രവായനയും സാഹിത്യവായനയും വേർതിരിച്ചറിയാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ചോദ്യം. ഞാൻ ഇങ്ങനെ ഉത്തരം നല്കി: " ഞാനിപ്പോൾ പ്രമുഖ പത്രങ്ങളൊന്നും വായിക്കാറില്ല. ഇപ്പോഴെന്നു പറഞ്ഞാൽ കഴിഞ്ഞ മാസം തൊട്ടല്ല;ആറേഴ് വർഷങ്ങളായി വായിക്കാറില്ല .കാരണം, അതിലെ വാർത്തകൾ ഭൂരിഭാഗവും എനിക്ക് ആവശ്യമുള്ളതല്ല. പിന്നെ, അതിൽ സാഹിത്യം ഒന്നും ഉണ്ടാകാറില്ലല്ലോ. 

വാർത്തകൾ ഞാൻ മനസ്സിലാക്കുന്നത് സോഷ്യൽ മീഡിയ ,ദിവസേന സൗജന്യമായി അയച്ചുതരുന്ന ചില പത്രങ്ങളുടെ പിഡിഎഫുകൾ, ന്യൂസ് ലിങ്കുകൾ ,യു.ട്യൂബ് വീഡിയോകൾ  എന്നിവയിലൂടെയാണ്. വാർത്തകൾ തത്സമയം അറിയണമെന്നില്ല. 

പത്രം വിടർത്തിവച്ചു വായിക്കാൻ സമയവുമില്ല .മൊബൈലിലെ വായന വളരെ സൗകര്യമാണ്. 

മറ്റൊരു ചോദ്യം പിഡിഎഫുകളെപ്പറ്റിയായിരുന്നു. പുസ്തകങ്ങൾ വായിക്കാൻ ലൈബ്രറികളിൽ പോകാറുണ്ടോ? വിലകൊടുത്ത് പുസ്തകങ്ങൾ വാങ്ങുന്നത് പ്രായോഗികമാണോ എന്നിങ്ങനെ. അതിനുള്ള ഉത്തരം ഇതാണ്:

"കാക്കനാട് ഇഎംഎസ് ലൈബ്രറിയിൽ മാസത്തിലൊരിക്കൽ പോയി ആറ് പുസ്തകങ്ങൾ എടുക്കും. പഴയ പുസ്തകങ്ങൾ കിട്ടാൻ വേറെ വഴിയില്ല. ഇംഗ്ലീഷ് പുസ്തകങ്ങളുടെ പിഡിഎഫ് ഇൻറർനെറ്റിൽ കിട്ടും .ചില വെബ്സൈറ്റുകളുണ്ട്; അതിലൂടെ  കോടിക്കണക്കിന് പുസ്തകങ്ങൾ സൗജന്യമായി ലഭിക്കുന്നതാണ്. ആവശ്യമുള്ളതിന്റെ പിഡിഎഫ് ഡൗൺലോഡ് ചെയ്താൽ മതി. പോൾ വലേറിയുടെ ,പോൾ എല്വാദിൻ്റെ ,യേറ്റ്സിൻ്റെ ,ഒർട്ടേഗാ ഗാസറ്റിൻ്റെ ,മരിയാ പൊപോവയുടെ ,അഥൊന അർത്തോയുടെ ,വില്യം ബറൗസിൻ്റെ ,ടി.എസ്. എലിയറ്റിൻ്റെ ... തുടങ്ങി എനിക്കാവശ്യമുള്ള പുസ്തകങ്ങൾ ഞാൻ നെറ്റിൽ നിന്നു എടുത്ത് മൊബൈലിൽ വായിക്കുന്നു. 

ഇതിനു പുറമേയാണ് നൂറു കണക്കിനു വെബ്സൈറ്റുകൾ .സാഹിത്യത്തിനും കലയ്ക്കുമായി പുതിയ വിഷയങ്ങൾ കണ്ടെത്തിയും ഗവേഷണം ചെയ്തും  ആയിരക്കണക്കിനു ലേഖനങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ചിന്തയുടെ ഭൂമിശാസ്ത്രം തന്നെ മാറ്റപ്പെടാവുന്ന രചനകൾ പ്രത്യക്ഷപ്പെടുകയാണ്. ഞാൻ തൃഷ്ണയുടെ ഉന്മാദത്തിൽപ്പെട്ടതു പോലെയാണ് നവീനമായ ആശയങ്ങളിലേക്ക് കുതിക്കുന്നത്. അടുത്തിടെ ഒരു മാസികയിൽ ,ഇനി എം. കൃഷ്ണൻനായരെ പോലെ  പാശ്ചാത്യ ഉദ്ധരണികൾ വാരി വിതറി തരംഗം സൃഷ്ടിക്കാൻ ആർക്കും  സാധിക്കില്ലെന്നും താങ്കളൊക്കെ ഇന്റർനെറ്റിൽ പരതി എടുക്കുകയാണെന്നും ഒരാൾ  എഴുതിക്കണ്ടല്ലോ എന്നായിരുന്നു മറ്റൊരു ചോദ്യം.

അസൂയ ,പക 

എൻ്റെ ഉത്തരം ഇങ്ങനെയായിരുന്നു:

ഇങ്ങനെയുള്ള വിവരംകെട്ട വർത്തമാനമാണല്ലോ ഈ മലയാളത്തിൽ നിന്നു കേൾക്കുന്നത് ! എം.കൃഷ്ണൻനായരുടെ കാലമല്ല ഇത്. അദ്ദേഹം പുസ്തകങ്ങളിൽ നിന്ന് പലതും ഉദ്ധരിക്കുമായിരുന്നു. ഞാൻ ഇന്റർനെറ്റിൽ നിന്ന് പിഡിഎഫ് നോക്കി വായിക്കും. എന്താണ് ഇൻറർനെറ്റ് എന്നു ഇത്തരം വിദ്വാന്മാർക്ക് അറിയില്ല. ഞാൻ സ്വന്തമായി ബ്ളോഗും വെബ്സൈറ്റും ഡിസൈൻ ചെയ്ത് അതിൽ എഴുതി തുടങ്ങിയിട്ട് പതിനഞ്ചു വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. ഈ പറഞ്ഞയാൾക്ക് ഒരു ബ്ളോഗ് സ്വന്തമായി സൃഷ്ടിച്ച് എഴുതാനറിയാമോ?

ഇവരുടേത് ഒരു രോഗമാണ്. തന്നെ പിന്തള്ളി മറ്റുള്ളവർ നവീനപാതയിൽ മുന്നേറുമ്പോഴുള്ള പകയാണിത്. മറ്റൊരു കാരണവുമുണ്ട്. എൻ്റെ കോളത്തിൽ പ്രശംസിച്ച് എഴുതണമെന്ന് ആഗ്രഹിക്കുന്നവരുണ്ട് .അവർ കുറേ കാലം കാത്തിരിക്കും .ഞാൻ എഴുതില്ലെന്ന് അറിയുന്നതോടെ അകലുകയാണ്.തിരുവനന്തപുരത്ത് ഒരു പത്രപ്രവർത്തക കവി രണ്ടു പുസ്തകങ്ങൾ അയച്ചു തന്നു. ഞാൻ അതിനെക്കുറിച്ച് എഴുതില്ലെന്നു വന്നതോടെ ഇപ്പോൾ അകന്നിരിക്കുകയാണ്, 

ഇൻറർനെറ്റ് ,ഗൂഗിളൈസേഷൻ എന്നിവ ഉത്തര-ഉത്തരാധുനികതയാണ്. അതിനു ആദിയോ അന്തമോ ഇല്ല .ഉത്തര- ഉത്തരാധുനികത(2O12) എന്ന പുസ്തകത്തിൽ ഞാനിത് വിശദീകരിച്ചിട്ടുണ്ട്. ചിലർ ജീവിതകാലത്രയും ഓഫായി കിടക്കുന്നത് ആരുടെ കുഴപ്പമാണ്? മാർക്കസ് ഒറേലീയസിൻ്റെ  'മെഡിറ്റേഷൻസ്'എന്ന പുസ്തകം ഇന്റർനെറ്റിൽ കിട്ടും. അത് പബ്ലിക് ലൈബ്രറിയിൽ നിന്നു  എടുത്തുകൊണ്ടുവന്ന് വായിച്ചു ഉദ്ധരിച്ചാൽ മാത്രമേ ഉദ്ധാരണമാവുകയുള്ളോ ? ഉദ്ധരിക്കാൻ കഴിവില്ലെങ്കിൽ അത് പറയണം. അതേ പുസ്തകം ഇന്റർനെറ്റിൽ കണ്ടാൽ വായിക്കാതെ ഓടി രക്ഷപ്പെടണമോ ?നമുക്ക് ആവശ്യമുണ്ടെങ്കിൽ ഉദ്ധരിക്കാം. പക്ഷേ ,എന്ത് ഉദ്ധരിക്കണമെന്ന് അറിയണം. ഇതിനെ എതിർക്കുന്നവർ ജാംബുവാൻ്റെ കാലത്തെ പെട്ടിക്കടയിൽ ലുങ്കിയും തലേക്കെട്ടുമായി കമൻ്റടിച്ചു കൊണ്ടിരിക്കുകയാണ്. ജീർണിച്ച പരിപ്രേക്ഷ്യം വെച്ച് സംസാരിക്കുകയാണ്. ആധുനികതയ്ക്കും മുമ്പുള്ള ഒരു കാലത്തിൽ (Pre modern)ജീവിച്ചു കൊള്ളൂ. ആർക്കു ചേതം .

പത്രങ്ങൾ മാത്രമുണ്ടായിരുന്ന കാലത്ത് നമ്മൾ രാവിലെ ആറുമണിക്കാണ് 24 മണിക്കൂർ നീളുന്ന ഒരു ദിവസത്തെ അപ്ഡേറ്റ് ചെയ്തിരുന്നത്. ഇന്നു രാവിലെ 6 ന് പത്രം വായിച്ചാൽ പിറ്റേദിവസം രാവിലെ 6 വരെ നമ്മളെ ഒന്നും ബാധിച്ചിരുന്നില്ല. രാവിലെ 6 ന് ലോകം വീണ്ടും സ്റ്റാർട്ട് ചെയ്ത പ്രതീതിയായിരുന്നു. നമ്മുടെ സമയ ബോധം അങ്ങനെയായിരുന്നു. ജീവിതത്തിനു വേഗത കുറവായിരുന്നു.  

ഇപ്പോൾ നമ്മൾ ഓരോ നിമിഷവും അപ്ഡേറ്റ് ചെയ്യുന്നു. ഇത് മനസ്സിലാക്കാത്തവർ ഇപ്പോഴും ഏതോ ഇരുണ്ടലോകത്ത് തപ്പിത്തടയുകയാണ്. അവരാണ് വാൻഗോഗിൻ്റെ പെയിൻ്റിംഗുകൾ ഗൂഗിൾ ചെയ്ത് നോക്കുന്നത് ഒരു തെറ്റാണെന്നു പറയുന്നത്. വാൻഗോഗിൻ്റെ ചിത്രങ്ങൾ കാണാൻ നെതർലൻഡിൽ പോകണമെന്നു പറയുന്നവർക്ക് വിവരമില്ല. ഇന്ന് ലോകത്തിലെ എല്ലാ ക്ളാസിക് ചിത്രകാരന്മാർക്കും ഫേസ് ബുക്ക് പേജുകളുണ്ട്. ആരാധകർ തുടങ്ങിയിരിക്കുന്നതാണ്. 

മറ്റൊരു ചോദ്യം, എന്റെ 'എം. കെ. ഹരികുമാറിൻ്റെ സിദ്ധാന്തങ്ങൾ 'എന്ന പുസ്തകത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. എന്തിനാണ് ഒന്നിലധികം സിദ്ധാന്തങ്ങൾ എന്നാണ് ചോദ്യം .ഈ ചോദ്യം അസംബന്ധമാണെന്നു പറയട്ടെ. മനസ്സിലാകുന്ന രീതിയിൽ പറയാം. സിദ്ധാന്തങ്ങളെപ്പറ്റി യാതൊരു ധാരണയുമില്ലാത്തവർ ഇതൊക്കെ ചോദിക്കുന്നത് സ്വാഭാവികമാണ്. നവാദ്വൈതം എന്നു ഞാൻ പ്രയോഗിച്ചത് തെറ്റാണെന്ന് എം.തോമസ് മാത്യു ഒരു അവാർഡ് സമ്മേളനത്തിൽ പ്രസംഗിച്ചത് എന്നെ ആശ്ചര്യപ്പെടുത്തി. അദ്ദേഹത്തിനു സൈദ്ധാന്തികവും ദാർശനികവുമായ ചിന്താപദ്ധതികൾ മനസ്സിലാകുമെന്നാണ് ഞാൻ കരുതിയിരുന്നത് .എന്നാൽ തോമസ് മാത്യുവിനു സഹൃദയത്വമോ സൗന്ദര്യബോധമോ ഇല്ല. എൻ്റെ നവാദ്വൈതദർശനത്തെപ്പറ്റി തത്ത്വബോധിയായ ഡോ. എൻ. എ കരിം ഒരു ദീർഘ ലേഖനം എഴുതിയിട്ടുണ്ട്. അദ്ദേഹം സവിസ്തരം അവലോകനം ചെയ്ത് എൻ്റെ ചിന്തകളെ പിന്തുണയ്ക്കുകയായിരുന്നു. 

എൻ്റെ 'മറവിയുടെ നിർമ്മാണം'(2012) എന്ന പുസ്തകത്തിൻ്റെ ആമുഖമായി ഇത് ചേർത്തിട്ടുണ്ട് .എന്തുകൊണ്ടാണ് നവാദ്വൈതം എന്നു നാമകരണം ചെയ്തതെന്നതടക്കമുള്ള കാര്യങ്ങൾ ഡോക്ടർ കരിം വിശദീകരിച്ചിട്ടുണ്ട്. 

എൻ്റെ നവാദ്വൈതം എന്ന ദാർശനിക സിദ്ധാന്തത്തിൻ്റെ പശ്ചാത്തലത്തിൽ അതിൻ്റെ ഉപവിഭാഗങ്ങളുണ്ട്. ഞാൻ ഓരോ തവണ എഴുതുമ്പോഴും കലയെക്കുറിച്ചും സാഹിത്യത്തെക്കുറിച്ചും പുതിയ ചിന്തകളാണുണ്ടാവുന്നത്. പഴയത് വിട്ട് ഞാൻ പുതിയ ലോകത്തെക്കുറിച്ച് ആലോചിക്കും. എൻ്റെ മാനിഫെസ്‌റ്റോ ,മറവിയുടെ നിർമ്മാണം ,ഉത്തര- ഉത്തരാധുനികത ,എം.കെ. ഹരികുമാറിൻ്റെ സിദ്ധാന്തങ്ങൾ എന്നീ  കൃതികളിൽ ഇത് വിശദീകരിച്ചിട്ടുണ്ട്. സ്യൂഡോറിയലിസം ,മറവിയുടെ  നിർമ്മാണം, വായനക്കാരൻ സ്വന്തം കൃതി രചിക്കുന്നു ,ഹിസ്റ്ററി ക്ലാസ്, തനിമനസ്, സർവാത്മ സന്നിവേശം  തുടങ്ങിയ സിദ്ധാന്തങ്ങൾ സാഹിത്യകൃതിയെ സമീപിക്കുന്നതിന്റെ ഭാഗമായി ഉണ്ടായതാണ്. പക്ഷേ, സാഹിത്യവിമർശനം വായിക്കാത്തവർ അസൂയയും കുശുമ്പും വച്ചുകൊണ്ട് പറയുന്നതിനെ എങ്ങനെ നമുക്ക് നേരിടാനാവും ?

'മീശ' പിൻവലിക്കുകയാണ് നല്ലത് 

മീശ എന്ന നോവൽ കൃത്യമായി, മതവിദ്വേഷവും ചേരിതിരിവും സൃഷ്ടിക്കാൻ രചിച്ചതാണ്. അതിലൂടെ ലാഭം നേടാൻ കഴിഞ്ഞിരിക്കുന്നു. യാതൊരു ലക്ഷ്യബോധവുമില്ലാതെ കഥാപാത്രങ്ങൾ ലൈംഗിക വിഷയങ്ങളിലേക്ക് കടക്കുകയാണ്. തെറി പറഞ്ഞാൽ സർഗാത്മകമാകുമെന്നു  കരുതുന്നത് വിവരക്കേടാണ്. ഉണ്ണികൃഷ്ണൻ പുതൂർ ,പമ്മൻ തുടങ്ങിയവരെ ഇനി പുന:സൃഷ്ടിക്കേണ്ടതില്ല. 

മീശ കാമ്പുള്ള ഒരാവിഷ്കാരമായില്ല.

എന്തിനാണ് നോവലിസ്റ്റ് ബോധപൂർവം ഒരു വിഭാഗത്തിന്റെ വിശ്വാസത്തെ കടന്നാക്രമിക്കുന്നത്? കഥാപാത്രങ്ങളാണ് പറയുന്നതെന്ന ന്യായമൊന്നും വേണ്ട. ഇവിടുത്തെ പ്രമുഖ രാഷ്ട്രീയനേതാക്കളെയോ ആത്മീയനേതാക്കളെയോ അപകീർത്തിപ്പെടുത്തുന്ന ഏതാനും പേജുകൾ എഴുതി വച്ചിട്ട്  കഥാപാത്രം പറയുന്നതാണെന്നു തട്ടിവിട്ടാൽ  എന്തായിരിക്കും ഫലം?

മഹാസാഹിത്യകാരന്മാരാരും ഇതുപോലെ ക്ഷുദ്രമായ  നേട്ടങ്ങൾക്കായി ഒരു സമൂഹത്തിൻ്റെ  വിശ്വാസങ്ങളെ പരുക്കേൽപ്പിക്കാൻ മുതിരുകയില്ല.ഷേക്സ്പിയർ ,ടോൾസ്റ്റോയ് തുടങ്ങിയവർ അത് ചെയ്തിട്ടില്ല .അങ്ങനെ ചെയ്യുന്നത് പ്രസിദ്ധി കിട്ടുമെന്ന പ്രതീക്ഷയിലാണ്. പക്വമായ മനസ്സില്ലാത്തവർ അത് ചെയ്യും. ഒരു മതവിഭാഗത്തെ കളിയാക്കിയാൽ മറ്റു ചില മതവിഭാഗങ്ങൾ പ്രോത്സാഹിക്കുമെന്ന് പ്രതീക്ഷിക്കുന്നത് ഹീനമാണ്. വൈക്കം മുഹമ്മദ് ബഷീറിൻ്റെ  'വിശ്വവിഖ്യാതമായ മൂക്ക്', ഒ.വി. വിജയൻ്റെ 'അരിമ്പാറ' എന്നീ രചനകൾ വായിച്ചിട്ടുള്ളവർക്ക് 'മീശ 'യിൽ പ്രത്യേകിച്ച് ഒന്നും കാണാൻ കഴിയില്ല. ഗ്രാമത്തിലെ കെട്ടുകഥകളും മിത്തും മറ്റും നാം 'ഖസാക്കിൻ്റെ ഇതിഹാസ'ത്തിൽ കണ്ടതല്ലേ? അത് ഇനിയും വേണ്ട. മീശകൊണ്ട് നേടിയതൊക്കെ മറ്റുള്ളവരുടെ മനസ്സിൽ മുറിവേൽപ്പിച്ചതിന്റെ ഫലമായിട്ടുള്ളതാണ്. തെറ്റായ ഒരു സന്ദേശമാണ് ഈ നോവൽ നൽകുന്നത്. ഇത് നോവലിസ്റ്റ് പിൻവലിക്കേണ്ടതാണ്. 

ജാവിയർ മരിയാസ്: സാഹിത്യം എന്ന ചിന്താരീതി 

പ്രമുഖ സ്പാനിഷ് സാഹിത്യകാരനും  പരിഭാഷകനുമായിരുന്ന ജാവിയർ മരിയാസ് (Javier marias)കഴിഞ്ഞ മാസമാണ് വിട പറഞ്ഞത് .നോബൽ സമ്മാനത്തിന് പലപ്പോഴും അദ്ദേഹത്തിൻ്റെ പേര് നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്.നവ സാഹിത്യത്തിൻ്റെ ഒരു സമുജ്വല പ്രതീകമായിരുന്നു മരിയാസ്. സാഹിത്യകലയെക്കുറിച്ച് നിരന്തരം അന്വേഷിക്കുകയും മനസ്സിലാക്കുകയും ചെയ്യേണ്ടതുണ്ട്. അല്ലെങ്കിൽ മനസ് നിത്യമായ വാർദ്ധക്യത്തിലേക്കാവും ചെന്നു പതിക്കുക.

സാഹിത്യത്തെ ചരിത്രത്തിലല്ല, ചിന്തകളിലും സ്വപ്നങ്ങളിലുമാണ് തിരയേണ്ടത്. ഒരു സന്ദർഭത്തിൽ സാഹിത്യകലയുടെ മഹത്തായ അനുഭവത്തെക്കുറിച്ച് ,തന്നെ ഉന്മാദം കൊള്ളിക്കുന്ന വിചിത്രമായ ചില അറിവുകളെക്കുറിച്ച് മരിയാസ് സംസാരിച്ചു. അതിങ്ങനെയാണ്:

" സാഹിത്യത്തിൻ്റെ ഒരു ചിന്തയുണ്ട്. അത് സാഹിത്യത്തെക്കുറിച്ചുള്ള ചിന്തയല്ല. അത് മറ്റൊരു ചിന്തയാണ് - വസ്തുക്കളെ സാഹിത്യപരമായി കാണുന്ന ചിന്തയാണത്. നിങ്ങൾക്ക് എല്ലാത്തരം ചിന്തകളുമുണ്ട്. മതപരമായ ചിന്ത, ശാസ്ത്രചിന്ത, തത്ത്വചിന്ത ,മന:ശാസ്ത്ര ചിന്ത .... എന്നാൽ ഒരു Literary way of thinking ഉണ്ട്  .തത്ത്വചിന്തയുമായി താരതമ്യം ചെയ്യുമ്പോൾ ഇതിന് ചില മേന്മകളുണ്ട്. ഒരു നോവൽ വായനയ്ക്കിടയിൽ, സത്യത്തെ തിരിച്ചറിയുന്ന ഒരു നിമിഷമുണ്ട്. അതായത് ഒരു രംഗമോ, ധ്യാനമോ, നിരീക്ഷണമോ വായനക്കാരിൽ സൃഷ്ടിക്കുന്ന ചിന്ത ഇങ്ങനെയാണ്: 'ശരിയാണ്, ശരിയാണ് ,ഇത് സത്യമാണ് 'എന്ന്. ഞാനിത് അനുഭവിച്ചതാണ് .എന്നാൽ എനിക്ക് ഇതറിയാമായിരുന്നു എന്നു എനിക്കറിയില്ലായിരുന്നു ". 

ഈ നിമിഷത്തിൽ വായനക്കാരൻ തൻ്റേതായ ഒരു സത്യത്തിനു അഭിമുഖം വരുകയാണ്.  ഇത് നോവലിന്റെ കലയുടെ ഒരു മഹനീയ നിമിഷമാണ്. വായനക്കാരന്റെ മനസ്സിൽ നേരത്തെ തന്നെ ഉണ്ടായിരുന്നത്, അവൻ പോലും അറിയാതെ അവനു അഭിമുഖമാക്കി കൊണ്ടുവരണം.

കഥയോ ആത്മകഥയോ 

ടി.പത്മനാഭനെ അനുകരിച്ച് വി.വി.കുമാറും ഒരു ആത്മകഥ തല്ലിക്കൂട്ടിയിരിക്കുന്നു. (വായനക്കാരൻ ,സെപ്റ്റംബർ) എന്നാണ് പേര്.തൻ്റെ സുഹൃത്തിന്റെ പിതാവ് നല്ലൊരു വായനക്കാരനാണെന്ന് സ്ഥാപിക്കുകയും അദ്ദേഹത്തോട് സ്നേഹം പ്രകടിപ്പിക്കുകയും ചെയ്യുകയാണ് കഥാകൃത്ത്.

ഇത് കഥയായി എഴുതിയതാണ് കുഴപ്പം. ഒരു ഓർമ്മക്കുറിപ്പ് എഴുതിയാൽ പോരെ ? .കഥാകൃത്ത് ഒരു കാര്യം മനസ്സിലാക്കണം :കഥ ഒരു സാഹിത്യരൂപമാണ്. അത് കലാരൂപമാണ്. കലാനുഭവമാണ് അതിലൂടെ വായനക്കാരനു കിട്ടേണ്ടത്. വി.വി.കുമാറിനു കഥയെപ്പറ്റിയുള്ള ആധുനികമായ അവബോധമില്ല. അദ്ദേഹം ഏതോ പഴയകാലത്ത്, കാറ്റും വെളിച്ചവും കടക്കാത്ത ഒരു ഗുഹയിൽ സുരക്ഷിതമായി കഴിയുകയാണ് .സ്വന്തം ചങ്ങലകൾ എന്താണെന്നു പോലും തിരിച്ചറിയാനാവുന്നില്ല. ഒരാളോടുള്ള ആരാധന പ്രകടിപ്പിക്കാൻ കഥയെഴുതുന്നവർ കണ്ടേക്കാം. കഥയിലൂടെ സ്നേഹപ്രകടനമാകാം.  പക്ഷേ, ഒരു കലാസൃഷ്ടിയാണെന്ന ചിന്ത വേണം. എന്തെങ്കിലും ഒരു ഉൾക്കാഴ്ച വേണ്ടേ ?

ജൈൽസ് ഡെല്യൂസ് വസ്തുവിനെ കണ്ടെത്തുന്നു 

ഫ്രഞ്ച് തത്ത്വചിന്തകന്തകനായ ജൈൽസ് ഡെല്യൂസ് (Gilles Deleuze, 1925 -1995) എഴുതിയ Nietzsche and Philosophy ,Prousth and  Signs,Difference and Repetition തുടങ്ങിയ കൃതികൾ നവാവബോധത്തിൻ്റെ  ചൂണ്ടുപലകകളായി നിൽക്കുകയാണ്.ഇരുപതാം നൂറ്റാണ്ടിലെ ആറോ ഏഴോ തത്ത്വചിന്തകരിൽ ഒരാളായി ഡെല്യൂസിനെ പരിഗണിക്കണം. ജർമ്മൻ തത്ത്വജ്ഞാനി നിഷെയെ ഉദ്ധരിച്ചുകൊണ്ട് ഡെല്യൂസ് പറയുന്നത് ശ്രദ്ധിക്കണം:

"വസ്തുതകളും പ്രവർത്തനങ്ങളും വ്യാഖ്യാനങ്ങൾ തന്നെയാണ്. അതുകൊണ്ട് വ്യാഖ്യാനിക്കുക എന്ന പറഞ്ഞാൽ വ്യാഖ്യാനങ്ങളെ വ്യാഖ്യാനിക്കുക എന്നാണ് .അങ്ങനെ വസ്തുതകളെ പരിവർത്തനപ്പെടുത്തുകയാണ്. നീഷെയ്ക്ക് ഉറപ്പുണ്ടായിരുന്നു , സമൂഹത്തിന് ആത്യന്തികമായ ഒരു അധികാര കേന്ദ്രമാകാൻ കഴിയില്ലെന്ന് .ആത്യന്തികമായ അധികാരകേന്ദ്രം സൃഷ്ടിയാണ്; ഇതാണ് കല .ഒരാത്യന്തിക അധികാരകേന്ദ്രത്തിന്റെ  അസാധ്യതയും അഭാവവുമാണ് കല പ്രതിനിധാനം ചെയ്യുന്നത് .The ultimate authority is creation ,it is Art ".

കൂത്താട്ടുകുളം ചന്തയിൽ ഇതൊക്കെ സുഖമായി വിറ്റുപോകും. 

തൃശ്ശൂരിൽ നിന്നുള്ള ഒരു സാഹിത്യ മാസികയിൽ ഞാൻ  വിമർശിക്കപ്പെട്ടിരിക്കുന്നു. സന്തോഷമുണ്ട്. വിമർശനങ്ങൾ എനിക്ക് ഒരു കളിയാണ്. എന്നാൽ വിമർശനത്തിൽ യുക്തിയും ചിന്തയും ഉണ്ടായിരിക്കണം .ചിലർ അസൂയ മൂത്ത് ഭ്രാന്തു പിടിച്ച് തെറി പറയാൻ വരുന്നത് കണ്ടിട്ടുണ്ട്. പാരമ്പര്യവും ജാതിയും പറഞ്ഞു ചിലർ ഒന്നും വായിക്കാതെ കഴിച്ചുകൂട്ടും. അവർക്ക് യാതൊന്നും മനസ്സിലാവുകയില്ല. എന്തെങ്കിലും പഠിക്കാൻ ശ്രമിച്ചാലല്ലേ നമുക്ക് വളരാനൊക്കൂ .പല ചെറുപ്പക്കാരും ഭൂതകാലത്തേക്ക് നോക്കി നുണഞ്ഞ് ഒന്നിനും കൊള്ളാത്തവരായി മാറുന്നത് ഞാൻ കണ്ടിട്ടുണ്ട് .തിണ്ണമിടുക്കുകാരോട്  മരിയ പൊപോവ ,പിയറി ബോദിയോ ,സ്റ്റാൻലി ഫിഷ് തുടങ്ങിയവരെക്കുറിച്ച് പറഞ്ഞിട്ട് വല്ല കാര്യവും ഉണ്ടോ ?എനിക്കെതിരായ പുതിയ വിമർശനം വായിച്ചു ഞാൻ നന്നായി ചിരിച്ചു.കഥാപ്രസംഗക്കാരുടെ ഭാഷയാണ് കക്ഷിയുടേത്; എന്നാൽ  അതിവൈകാരികതയും പ്രകടനാത്മകതയും മൂലം വയറിളക്കം പിടിപെട്ടിരിക്കയാണ് ആ  ഭാഷയ്ക്ക് .ആവശ്യമില്ലാത്ത ഒരു കുലുങ്ങിക്കുഴയൽ .കെ.പി.അപ്പനെ വിമർശിച്ചു ഞാൻ 'പച്ചമലയാള'ത്തിൽ എഴുതിയപ്പോൾ തന്നെ പ്രതീക്ഷിച്ചതാണ് ഇതുപോലൊരു കഥാപ്രസംഗ ആക്രമണം. ഏറ്റവും ഭയക്കേണ്ട ഒരു സംഘമാണ് കെ.പി. അപ്പൻ്റെ ഫാൻ ക്ളബ് .പുസ്തകം മുഴുവൻ വായിക്കാതെ എഴുതുന്ന ഇക്കൂട്ടർക്ക് എന്തോന്ന് മറുപടി പറയാനാണ്. ടോൾസ്റ്റോയുടെ what is Art വായിച്ചു പഠിച്ചാൽ പോരെ. അതിൽ പരാമർശിക്കുന്ന പുസ്തകങ്ങൾ മുഴുവൻ ടോൾസ്റ്റോയി  വായിച്ചിട്ടുണ്ടോ എന്ന് ചോദിക്കുന്നത്  കുശുമ്പാണ്. എൻ്റെ നോവലുകൾ കൊള്ളില്ല എന്നു വെറുതേ ഒരു ആരോപണം. എൻ്റെ നോവലുകൾ  അതീവ താൽപര്യത്തോടെ വായിച്ച എത്രയോ പേരുണ്ട്. എൻ്റെ മൂന്നു നോവലുകളും വൻ വിജയമായിരുന്നു. ഒരു സുഹൃത്ത് നൂറ് ദിവസം തുടർച്ചയായി എൻ്റെ നോവൽ വാട്സ പ്പിൽ പാരായണം ചെയ്തു .കാര്യ ഗൗരവമുള്ള വായനക്കാർ പ്രശംസിക്കാത്ത ദിവസമില്ല .പക്ഷേ ,ഇടുങ്ങിയ മനസ്സുള്ളവർക്ക് എൻ്റെ ദാർശനിക നോവലുകൾ നേടിയ ഉയരം സഹിക്കാനാവുകയില്ല. 

കൂത്താട്ടുകുളം ചന്തയിൽ ഞാൻ എൻ്റെ സിദ്ധാന്തങ്ങൾ ലുങ്കി ധരിച്ചു വിൽക്കുകയാണെന്ന് എഴുതിക്കണ്ടു. ഈ ഭാഷയിൽ ഒട്ടും തമാശയില്ല കേട്ടോ .നാറ്റമേയുള്ളു. കൂത്താട്ടുകുളം ചന്തയിൽ എൻ്റെ സിദ്ധാന്തങ്ങളൊക്കെ വിറ്റു പോകും. കാരണം, എൻ്റെ  നാട്ടുകാർക്ക് ഇതൊക്കെ വായിച്ചു ഗ്രഹിക്കാനാവും .ചന്തയിൽ വന്നാലും അവർ പുസ്തകങ്ങളുണ്ടോ എന്നു തിരക്കും. ലളിതാംബിക  അന്തർജനം ,സി.ജെ.തോമസ്, മേരി ജോൺ കൂത്താട്ടുകുളം , ഫാ.എബ്രഹാം വടക്കേൽ ,സി.എൻ. കുട്ടപ്പൻ ,ജേക്കബ് ഫിലിപ്പ് തുടങ്ങിയ പ്രതിഭകളുടെ പാരമ്പര്യമാണ് ഞങ്ങൾക്കുള്ളത്. അതുകൊണ്ട് ഞങ്ങളുടെ ചന്ത ഒരിക്കലും നിങ്ങളുടെ ചന്ത ആയിരിക്കില്ല .എന്നാൽ ഞങ്ങളുടെ ചന്തയിൽ നിങ്ങളുടെ മുഷിഞ്ഞ തുണി വിറ്റുപോകില്ല. 

എം.കൃഷ്ണൻനായർ വിമർശിക്കപ്പെടുന്നു 

എം. കൃഷ്ണൻനായരുടെ പേര് പറഞ്ഞു പേടിപ്പിക്കുകയൊന്നും വേണ്ട. ഞാൻ എം. കൃഷ്ണൻനായരെക്കാൾ മികച്ച കോളമിസ്റ്റാണെന്ന് ചെമ്മനം ചാക്കോ ,സുകുമാർ അഴീക്കോട്, കെ.എസ്. സേതുമാധവൻ തുടങ്ങി കുറേപ്പേർ പറഞ്ഞിട്ടുണ്ട്. ചെമ്മനം  ചാക്കോയും സേതുമാധവനും  കത്തുകൾ എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. അഴീക്കോട് പരസ്യമായാണ് പറഞ്ഞത്. ഞാൻ എം.കൃഷ്ണൻനായരുടെ ഫാൻ അല്ല .അദ്ദേഹം ഒരു വാരികയിൽ എഴുതിക്കൊണ്ടിരിക്കുമ്പോൾ തന്നെയാണ് ഞാൻ കേരകൗമുദിയിലും തുടർന്ന് കലാകൗമുദിയിലും അക്ഷരജാലകം എഴുതി സൂപ്പർ ഹിറ്റാക്കിയത്, ഒരു മസാലയും  ചേർക്കാതെ.

കൃഷ്ണൻനായരെ വിമർശകൻ എന്നു വിളിക്കുന്നത് തന്നെ ഈ വിഷയത്തിലുള്ള പരിമിതമായ അറിവിനു തെളിവാണ്. മികച്ച ഒരു വിമർശനകൃതി അദ്ദേഹം  എഴുതിയിട്ടില്ല.കമൻ്റുകൾ എഴുതിയാൽ പോരാ. പാശ്ചാത്യ പുസ്തകങ്ങൾ പരിചയപ്പെടുത്തിയതിൻ്റെ  അടിസ്ഥാനത്തിൽ വലിയ വിമർശകനെന്നു വിളിക്കുന്നത് അവിവേകമാണ്. കൃഷ്ണൻ നായരുടേത് ഒരു സാധാരണ കോളേജ് വാധ്യാരുടെ ഭാഷയാണ്. അതിൽ ധ്വനിയോ സൗന്ദര്യമോ ഇല്ല .ആശയവിനിമയത്തിനുള്ള ഒരു ഉപാധി മാത്രം. കോളിൽ വിൽസൺ, വില്യം ജെയിംസ് തുടങ്ങിയവരുടെ ഗണത്തിൽപ്പെടുത്താവുന്ന തരത്തിൽ ഒരു പുസ്തകമോ ലേഖനമോ അദ്ദേഹം എഴുതിയിട്ടില്ല. ജയിംസ് വുഡ് എഴുതിയ How Fiction Works എന്ന പുസ്തകം പോലെ ഒന്നു അദ്ദേഹം എഴുതിയില്ലല്ലോ.

എൻ്റെ 'അക്ഷരജാലകം' ഇരുപത്തഞ്ചാം വർഷത്തിലേക്ക് കടന്നിരിക്കുകയാണ്. ഞാൻ എഴുതി തുടങ്ങിയിട്ട് നാല്പത്തിയൊന്ന് വർഷങ്ങൾ പിന്നിട്ടിരിക്കുന്നു.  ആയിരക്കണക്കിനാളുകൾ കാത്തിരുന്നു വായിക്കുന്ന കോളമാണത്. ആ കോളത്തെ തെറി പറയുന്നവരുടെ സഹൃദയത്വം എത്ര ദയനീയമായിരിക്കും. ? ആളുകളുടെ  അഹങ്കാരം നോക്കണേ ! ഇരുപത്തഞ്ചു വർഷമായി സർവ്വ സ്വാതന്ത്ര്യവുമെടുത്ത് എഴുതി  ചിന്താശീലരായ വലിയൊരു കൂട്ടത്തെ സൃഷ്ടിച്ച 'അക്ഷരജാലക'ത്തിൽ കുറച്ചു കോമഡി കൂടി ചേർക്കണമെന്ന് എഴുതിയിരിക്കുന്നു !കോമഡി വേണ്ടവർ വി.ഡി.രാജപ്പൻ്റെ  കഥാപ്രസംഗം കേൾക്കൂ .നന്നായി പാടി ആരാധകരെ സൃഷ്ടിച്ച യേശുദാസിനോട് അല്പം കോമഡി ചേർത്തു പാടിയില്ലെങ്കിൽ രക്ഷപ്പെടില്ല കേട്ടോ എന്നു പറയുന്ന പോലെ! . ആറുമാസമെങ്കിലും ഏതെങ്കിലും ഒരു പത്രത്തിൽ ഒരു കോളം എഴുതി പത്താളുകളെ സ്ഥിരമായി വായിപ്പിച്ച ഒരാളാണ് ഇതു പറയുന്നതെങ്കിൽ കേൾക്കാൻ രസമുണ്ട്. എൻ്റെ കോളങ്ങളും ലേഖനങ്ങളും വായിക്കുന്നവർ നിങ്ങളെപ്പോലെ കോമഡി തപ്പി നടക്കുന്നവരല്ല. കഷ്ടപ്പെട്ട് നിങ്ങൾ എന്തിനു വായിക്കണം ?.

സംഭവങ്ങളെ നോക്കുന്ന വിധം - പെഗുയിയുടെ നിലപാട് 

ഒരു വസ്തുതയെ രണ്ടു തരത്തിൽ സമീപിക്കാമെന്നാണ് പ്രമുഖ ഫ്രഞ്ച് ചിന്തകനും കവിയുമായ ചാൾസ് പെഗുയി (Charles Peguy, 1873- (1914) പറയുന്നത്. അദ്ദേഹത്തിൻ്റെ ക്ലിയോ എന്ന പുസ്തകം ചരിത്രത്തെ ദാർശനികമായി  അന്വേഷിക്കുകയാണ് .പെഗുയി പറയുന്നു :"സംഭവങ്ങളെ രണ്ടു തരത്തിൽ സമീപിക്കാം .ഒന്ന്, സംഭവങ്ങളുടെ സ്വാഭാവികവികാസം പരിശോധിക്കുക; ചരിത്രപരമായി അതെങ്ങനെ രൂപപ്പെട്ടുവെന്നു നോക്കുക. അതെങ്ങനെ വളർന്നു ചരിത്രത്തിലേക്ക് തന്നെ വിഘടിപ്പിക്കപ്പെട്ടുവെന്ന് തിരയുക .രണ്ട് ,സംഭവങ്ങളിലേക്ക് തിരിച്ചുപോവുക. അതിൻ്റെ തുടക്കത്തിൽ ഒരിടം കണ്ടെത്തി അതിൻ്റെ ഭാഗമായി വളരുക. ഒരേസമയം യുവാവായും വൃദ്ധനായും അതിൽ ജീവിക്കുക .അതിൻ്റെ എല്ലാ ഘടകങ്ങളിലൂടെയും ഏകകങ്ങളിലൂടെയും സഞ്ചരിക്കുക ".

ഒരു വസ്തുതയെ  പരിശോധിക്കുന്നതിലും ഇത് വെളിച്ചം  നല്കുന്നുണ്ട്. സംഭവം അല്ലെങ്കിൽ വസ്തുത ചരിത്രത്തിൽ ഒറ്റയ്ക്കല്ല നിൽക്കുന്നത്: അത് നമ്മെപ്പോലുള്ള ചരിത്രജീവികളെ തേടുകയാണ്. പുതിയ അർഥങ്ങൾ ഉണ്ടാകുന്നത് അങ്ങനെയാണ്. വായനയെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ പെഗുയിയുടെ  കാഴ്ചകൾ അവിടെ വിപ്ലവകരമായ വഴിതുറക്കലായി മാറുന്നതാണ്. 

ബാബുവിൻ്റെ കഥയും കാടുകയറ്റവും

എംജി ബാബുവിൻ്റെ 'ക്രിമറ്റോറിയം'(മാതൃഭൂമി ആഴ്ചപ്പതിപ്പ് ,ഒക്ടോബർ 15) എന്ന കഥയെഴുതിയ എം.ജി. ബാബു ഒരു ആംബുലൻസ് ഡ്രൈവറുടെ ജീവിതമാണ് വിവരിക്കുന്നത്. എന്നാൽ ഏകാഗ്രത ഇല്ലാത്തതുകൊണ്ട് ഒരു കാര്യവുമില്ലാതെ കാടുകയറുകയാണ് കഥാകൃത്ത്. ഇടയ്ക്ക് അയാൾ ഭാര്യയെക്കുറിച്ച് ഓർക്കും.  അതിനിടയിൽ ആംബുലൻസിൻ്റെ ഓട്ടം വിവരിക്കും .ഇതിനു പുറമെയാണ് ആംബുലൻസ് ഉടമയുടെ ഓഫീസിലെ കാര്യങ്ങൾ .കഥയുടെ ഒടുവിലെത്തിയപ്പോൾ കോവിഡും കടന്നു വന്നു. എല്ലാംകൂടി അവിയലായി  എന്നു പറയാം. ഈ കഥ നന്നായി എഡിറ്റ് ചെയ്ത് ചെറുതാക്കേണ്ടതായിരുന്നു. സാഹിത്യരചനയിൽ സൂക്ഷ്മത (Sublety)വളരെ പ്രധാനമാണ്. അതോടൊപ്പം തീവ്രത(Acuity) വായനക്കാരുടെ മനസിനടിയിലേക്ക്  അനുഭവിപ്പിക്കണം .പ്രകടനാത്മകതയോ അതിവൈകാരികതയോ  വന്നാൽ കഥ പൈങ്കിളിയായിപ്പോകും. അസ്തിത്വത്തിന്റെ ഇതുവരെ  അനാവരണം ചെയ്യാത്ത ഒരു Atom എങ്കിലും കണ്ടുപിടിക്കുന്നുണ്ടെങ്കിലേ  രചനയ്ക്ക് പ്രസക്തിയുള്ളൂ.

ഇതിൽ ആംബുലൻസിനെ കേന്ദ്രീകരിച്ച് മനുഷ്യാസ്തിത്വത്തിന്റെ സൂക്ഷ്മതകൾ ആരായാൻ ശ്രമിക്കാമായിരുന്നു. അതുണ്ടായില്ല .കോവിഡിന്റെ നശീകരണതാണ്ഡവം കഥയിൽ ഒരാധിയായി വളർന്നില്ല .കഥ കുറേ നീട്ടി പറയണമല്ലോ എന്ന ചിന്തയിൽ ഏതാണ് ആവശ്യം, അനാവശ്യമെന്ന ബോധം കഥാകൃത്തിനു നഷ്ടപ്പെട്ടു.

ക്രിമറ്റോറിയമോ കോവിഡോ എന്തു വേണമെങ്കിലും കഥാകൃത്തിനു  വിവരിക്കാം .പക്ഷേ ,വായനക്കാരനു കലാനുഭവം ഉണ്ടാകണം. അല്ലെങ്കിൽ പത്രങ്ങളിലെ വലിയ റിപ്പോർട്ടുകൾ വായിച്ചാൽ മതിയല്ലോ.

പത്രപ്രവർത്തനത്തിലും പൈങ്കിളി 

പത്രപ്രവർത്തനത്തിന്റെ സാർവലൗകിതയും പ്രസക്തിയും  ആർക്കും ചോദ്യം ചെയ്യാനാവില്ല. പത്രപ്രവർത്തനത്തിലാണ് സമൂഹത്തിൻ്റെ കണ്ണ് പ്രവർത്തിക്കുന്നത്. എന്നാൽ പത്രപ്രവർത്തനത്തിലും പൈങ്കിളിയുണ്ട്. പൈങ്കിളി അഭിരുചിയുള്ളവർ പത്രപ്രവർത്തനത്തിൽ വന്നാൽ അത്തരം മാനസികാവസ്ഥ അപകടകരമായി മാറും. പന്ന്യൻ രവീന്ദ്രന്റെ മുടി വളർന്നോ ,അത് വെട്ടുന്നുണ്ടോ, എം.ബി .രാജേഷിൻ്റെ താടി വടിച്ചോ, വീണ്ടും വയ്ക്കുന്നുണ്ടോ തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് തുടരെ  എഴുതിക്കൊണ്ടിരിക്കും .അതിനെ മോശമായി കാണുകയല്ല. എന്നാൽ അതിൽ ഒരു പൈങ്കിളി വാസനയുണ്ട്.

ചില പത്രപ്രവർത്തകർ ഇത്തരം പൈങ്കിളിയുമായി ഐക്യം പ്രാപിച്ചു കഴിഞ്ഞാൽ പിന്നെ ഉന്നതമായ സാഹിത്യത്തെയും കലയെയും സംശയത്തോടെയാവും കാണുക. ഇത്തരക്കാരുടെ മുന്നിലേക്ക് എൻ്റെ 'ആത്മായനങ്ങളുടെ ഖസാക്കും'  നോവലുകളും കൊണ്ടുചെന്നാൽ  അവർ വാളെടുത്തു വെട്ടും. അവർക്കത് താങ്ങാനാവില്ല .

അവരുടെ സാമ്രാജ്യത്തെ ആക്രമിച്ചു കീഴ്പ്പെടുത്താനുള്ള ശ്രമങ്ങളായി അവർ സാഹിത്യകൃതികളെ കണ്ടെന്നു വരും. അതുകൊണ്ടാണ് അമെരിക്കൻ എഴുത്തുകാരനായ തോമസ് പിഞ്ചൻ (Thomas Pynchon) അഭിമുഖത്തിനു വരുന്നവരെ കാണാതെ ഒഴിഞ്ഞുമാറി നടന്നത്. ഒരിക്കൽ തൻ്റെ  അനുവാദമില്ലാതെ അപ്പാർട്ടുമെൻറിലേക്ക് ഒരു പത്രപ്രവർത്തകൻ കടന്നുവന്നതറിഞ്ഞ പിഞ്ചൻ എതിർവശത്തെ ജനാലയിലൂടെ താഴേക്ക് ചാടി ഓടുകയാണ് ചെയ്തത്. 

എനിക്ക് ഒരു പത്രപ്രവർത്തക സുഹൃത്തുണ്ടായിരുന്നു .അദ്ദേഹത്തിന് കാക്കനാടനെ ഇഷ്ടമല്ല .'കാക്കനാടനൊഴിച്ച് ഞാൻ ആരെയും ഇഷ്ടപ്പെടും '-അദ്ദേഹം പറയുമായിരുന്നു. എന്തായിരുന്നു കാരണം? അദ്ദേഹം പറഞ്ഞു :"എനിക്ക് കാക്കനാടൻ്റെ ആ മുഖം ഇഷ്ടമല്ല; ആ നരച്ച മീശ എനിക്ക് താങ്ങാനാവില്ല "  .

ഞാൻ ചോദിച്ചു ,താങ്കൾ എന്തിനാണ് ഇതൊക്കെ നോക്കുന്നത്? അദ്ദേഹം എഴുതിയ കൃതികൾ വായിച്ചാൽ പോരേ ?ഇത്തരക്കാരാണ് എന്റെ നോവലുകൾ നന്നായില്ലെന്നു  പറയുന്നത് .ഇവർ വായനക്കാരല്ല, വെറും തോൽവികളാണ്. 

കഥ മരവിപ്പിൻ്റെ പാതയിൽ 

അശ്വതി വി. നായർ എഴുതിയ അനുശോചനം(ഭാഷാപോഷിണി ,സെപ്റ്റംബർ) എന്ന കഥ താണതരം  അഭിരുചിയുള്ള വായനക്കാരെ ആകർഷിക്കുമായിരിക്കും. നല്ല കഥ തിരിച്ചറിയാനും വായിക്കാനും യൂണിവേഴ്സിറ്റി വിദ്യാഭ്യാസമല്ല വേണ്ടത് ;കലാനുഭവമാണ്. കലയെ മനസ്സിൽ വൈകാരികമായി ഉൾക്കൊള്ളാനുള്ള ശേഷി ഒരാളുടെ പദവിയെയോ പണത്തെയോ തൊഴിലിനെയോ ജാതിയെയോ ആശ്രയിച്ചല്ല നിൽക്കുന്നത്. 

ഒരാൾ ആത്മാർത്ഥമായി പരിശ്രമിച്ചാൽ മികച്ച ഒരു കലാകാരന്റെ ലോകത്തേക്ക് കുറച്ചൊക്കെ പ്രവേശനം കിട്ടാതിരിക്കില്ല. സറിയലിസ്റ്റ് കവിയും ചിത്രകാരനുമായ പോൾ എല്വാദിൻ്റെ ലോകം വിഭ്രാകമാണ് .എന്നാൽ വിനയത്തോടെ പര്യവേക്ഷണം തുടർന്നാൽ കടലിൽ ഒരിടത്ത് വച്ച് നമുക്ക് ആ കൂറ്റൻ മത്സ്യത്തെ  അടുത്തുനിന്ന് കാണാനാവും. ഹെമിംഗ്വേയുടെ സാന്തിയാഗോയെപോലെ കൂർത്ത മുനയുള്ള കുന്തം ഉപയോഗിച്ച് കുത്തിക്കീറാതിരുന്നാൽ മതി.

മഹത്തായ കലയ്ക്ക് മുന്നിൽ ധ്യാനത്തിനാണ് പ്രസക്തി .അത് ആശയങ്ങളെയും വാക്കുകളെയും നിർവീര്യമാക്കിക്കൊണ്ട് അസ്തിത്വത്തിൻ്റെ ആന്തരികമായ ഒരു ലയമായി ബോധോദയം ചെയ്യപ്പെടും.

നമ്മൾ വായിക്കുന്നതും പഠിക്കുന്നതുമെല്ലാം ഈ ലക്ഷ്യം വച്ചാ കണം .അശ്വതിയുടെ കഥ പൈങ്കിളി പ്പാതയിലാണ് സഞ്ചരിക്കുന്നത്. ഒരു വിധവയെ അനുശോചനം അറിയിക്കാൻ ഇതിലെ കഥാപാത്രം പെടാപ്പാടുപെടുകയാണ്. എന്തിന്? എന്നിട്ട് അവരെ ജോലിസ്ഥലത്ത് വച്ച് കണ്ടപ്പോൾ തന്നോട് തന്നെ പുച്ഛം തോന്നിയെന്ന് ! ഇതുപോലെ വൈകാരികരവിപ്പ് സൃഷ്ടിക്കുന്ന രചനകൾ എന്തിനാണ്?

ഗൊദാർദിൻ്റെ പ്രതിബദ്ധത വേറെ 

അടുത്തിടെ  അന്തരിച്ച പ്രമുഖ ഫ്രഞ്ച്  നവതരംഗ (Nouvelle Vague) സംവിധായകൻ ഗൊദാർദ് താൻ  പ്രതിബദ്ധതയില്ലാത്തവനാണെന്ന ആക്ഷേപത്തിനു മറുപടിയായി ഇങ്ങനെ പറഞ്ഞു :"പ്രതിബദ്ധത എന്ന വാക്ക് തെറ്റായാണ് മിക്കപ്പോഴും ഉപയോഗിക്കുന്നത്. ഇടതുപക്ഷത്തുള്ളവരാണ് പൊതുവെ ഇങ്ങനെ ചെയ്യുന്നത്. ഒരാൾ പ്രതിബദ്ധനല്ലാതിരിക്കുന്നത്  തൊഴിലാളി വർഗത്തെക്കുറിച്ചോ സാമൂഹ്യവിഷയങ്ങളെക്കുറിച്ചോ  സിനിമയെടുക്കുന്നത് കൊണ്ടല്ല; ഒരാൾ പ്രതിബദ്ധനായിരിക്കുന്നത് അവൻ എന്താണോ ചെയ്യുന്നത് അതിൽ ഉത്തരവാദിത്വമുള്ളവനായിരിക്കുന്നിടത്തോളമാണ്. ആദ്യകാലങ്ങളിൽ എനിക്ക് ഈ ഉത്തരവാദിത്വം തോന്നിയിരുന്നു. എന്തെന്നാൽ എനിക്ക് മതിയായ വിവരമില്ലായിരുന്നു .എന്നാൽ ഇപ്പോൾ ശരിയാണ്, ഞാൻ പ്രതിബദ്ധനാണ്, ഞാൻ കൂടുതൽ കൂടുതൽ ബോധമുള്ളവനായി ;എൻ്റെ  സിനിമാപ്രവർത്തനങ്ങളിൽ, അതുകൊണ്ട് ഞാൻ ഉത്തരവാദിത്വമുള്ളവനാണ് "

അപ്പനല്ല, മുണ്ടശ്ശേരി 

മലയാളത്തില്‍ കെ.പി.അപ്പനു ഇന്ന് ശിഷ്യഗണങ്ങൾ നിർമ്മിച്ചു നല്കിയിരിക്കുന്ന പ്രതിഛായ നിലനിൽക്കുമോ എന്നു എനിക്ക് സംശയമുണ്ട്. കാരണം, അദ്ദേഹം സ്വന്തം ചിന്തകളല്ലല്ലോ അവതരിപ്പിച്ചത് .ഒരു മലയാളം മുൻഷിയുടെ പ്രൊഫൈലിലാണ് അദ്ദേഹം ജീവിതം സങ്കല്പിച്ചത്. വെളുത്ത മുണ്ടും ഷർട്ടും ധരിച്ച് കൈയിലൊരു കുടയുമായി നീങ്ങുന്ന അപ്പനെ കണ്ടിട്ടുള്ള ആർക്കും ഇത് ബോധ്യപ്പെടും .

അപ്പനു രാഷ്ട്രീയം ,സമൂഹം, സംസ്കാരം തുടങ്ങിയ മേഖലകളോട് വൈകാരികമായി അടുക്കാൻ കഴിയാത്ത ചില പ്രതിബന്ധങ്ങൾ  ഉണ്ടായിരുന്നു. എന്നാൽ ജോസഫ് മുണ്ടശ്ശേരി പൂർവ്വാധികം ശക്തിയോടെ തിരിച്ചുവരുക തന്നെ ചെയ്യും .അദ്ദേഹത്തിൻ്റെ കത്തിജ്വലിക്കുന്ന ചിന്ത എന്താണെന്ന് ശിഷ്യന്മാർക്കു പോലും അറിയില്ല. ഒരു സമ്പൂർണ്ണ വിമർശകനായിരുന്നു അദ്ദേഹം. 'പ്രയാണം' എന്ന ചെറു പുസ്തകത്തിൽ പോലും മുണ്ടശ്ശേരി അജയ്യനാണ്. മുണ്ടശേരി മലയാള സാഹിത്യത്തെ കണ്ടെത്തുകയാണ് ചെയ്തത്. അദ്ദേഹമാണല്ലോ കുമാരനാശാനെ കണ്ടുപിടിച്ചത്.

No comments:

Post a Comment

അക്ഷരജാലകം ഇരുപത്തിയഞ്ച് വർഷങ്ങൾ പിന്നിട്ടിരിക്കുന്നു: എം. സി. രാജനാരായണൻ

  ഇന്ത്യയിലെ പ്രശസ്ത സിനിമാ വിമർശകനും ഫിപ്രസി അംഗവും ഗ്രന്ഥകാരനുമായ എം.സി. രാജനാരായണൻ എഴുതുന്നു പ്രചാരവും സ്വീകാര്യതയും നിലനിർത്തിക്കൊണ്ട്‌ ...