A
എം.കെ.ഹരികുമാർ ജീനിയസ് ലൈബ്രറി സെക്രട്ടറി പി.എം. സദാശിവന് 250
പുസ്തകങ്ങൾ കൈമാറുന്നു. കില റിസോഴ്സ് പേഴ്സൺ എം.കെ. രാജു, മുനിസിപ്പൽ
ചെയർപേഴ്സൺ വിജയ ശിവൻ ,മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ്
ജോഷി സ്കറിയ ,ജീനിയസ് ലൈബ്രറി പ്രസിഡൻ്റ് എൻ.യു. ഉലഹന്നൻ ,ലൈബ്രറി വൈസ്
പ്രസിഡൻ്റ് പി.ബി. സാജു എന്നിവർ സമീപം
കൂത്താട്ടുകുളം : വായന ഒരു മതമാണെന്നു എം.കെ.ഹരികുമാർ അഭിപ്രായപ്പെട്ടു. കൂത്താട്ടുകുളം
ഈസ്റ്റ് ജീനിയസ് ലൈബ്രറിക്ക് സ്വന്തം ശേഖരത്തിൽ നിന്നു 250 പുസ്തകങ്ങൾ
സംഭാവന ചെയ്ത ശേഷം 'സമൂഹമാധ്യമങ്ങളും വായനയും' എന്ന വിഷയത്തിൽ പ്രഭാഷണം
നടത്തുകയായിരുന്നു അദ്ദേഹം.
വായനയുടെ മതം മറ്റു
മതങ്ങളെ പോലെയാണ് .എത്രയും കൂടുതൽ ആത്മനിഷ്ഠമായി സമർപ്പണം ചെയ്യുന്നുവോ
അത്രത്തോളം വായന ഒരു ലോകവീക്ഷണവും പ്രാപഞ്ചികമായ അനുഭവവുമായി തീരുന്നതാണ്.
ദീർഘകാലത്തെ വായന നമ്മെ യാന്ത്രികതയിൽ നിന്നും മോചിപ്പിക്കും. ഏതെങ്കിലും
ഒരു പുസ്തകമെടുത്തുവച്ച് ഒരറ്റത്തു നിന്നു അലക്ഷ്യമായി വായിക്കുന്നതല്ല
വായന. വായന ഒരു അഭിരുചിയുടെ പ്രശ്നമാണ് ഉയർത്തുന്നത്. ഒരു അഭിരുചിയുടെ
കണ്ടെത്തൽ സംഭവിക്കുന്നതും അതിനെ നവീകരിക്കുന്നതും വായനയിലൂടെ തന്നെയാണ്.
മനുഷ്യൻ്റെ ഭാവനയെ വായന നിരന്തരമായി ഉണർത്തുകയാണ് ചെയ്യുന്നത് -ഹരികുമാർ
പറഞ്ഞു.
തകഴിയുടെ 'ചെമ്മീൻ' എന്ന നോവലിനെ
അധികരിച്ച് രാമുകാര്യാട്ട് നിർമ്മിച്ച മനോഹരചിത്രമാണ് 'ചെമ്മീൻ' എന്ന
സിനിമ. ഓരോ ഫ്രെയിമിലും കടൽ പ്രത്യക്ഷപ്പെടുന്ന ആ സിനിമ കണ്ടവരാരും
മറക്കില്ല. അതിൽ തകഴിയുടെ കറുത്തമ്മ വെളുത്തമ്മയായത് ചലച്ചിത്രത്തിന്റെ
വാണിജ്യഘടകമാണ് .ചെമ്മീനിലെ പളനി, കറുത്തമ്മ എന്നീ കഥാപാത്രങ്ങളെ
അവതരിപ്പിച്ച യഥാക്രമം സത്യൻ ,ഷീല എന്നിവരെ മനസ്സിൽ നിന്ന് മാറ്റാനാവില്ല.
സിനിമ കണ്ടവർക്ക് പളനിയെ സത്യൻ എന്ന നടനായി മാത്രമേ സങ്കല്പിക്കാനാകൂ .
എന്നാൽ 'ചെമ്മീൻ' നോവൽ വായിക്കുകയാണെങ്കിൽ തീർത്തും വ്യത്യസ്തമായ മറ്റൊരു
ലോകം നിങ്ങൾക്ക് മുന്നിൽ ആവരണം ചെയ്യും.ഇത് വായനയുടെയും സാഹിത്യത്തിൻ്റെയും
ലോകമാണ്. നിങ്ങളുടെ ഭാവനയിലുള്ള മറ്റൊരു പളനിയും കറുത്തമ്മയും ഉദയം
ചെയ്യും .കഥാപാത്രങ്ങൾക്കപ്പുറത്ത് നോവലിസ്റ്റ് സൃഷ്ടിക്കുന്ന വിവിധതരം
വൈകാരിക മുഹൂർത്തങ്ങൾ, പ്രശ്നങ്ങൾ അതിലടങ്ങിയിട്ടുണ്ട്. ഒരു നോവലും
പ്രാപഞ്ചികാനുഭവവും എങ്ങനെയാണ് ബന്ധപ്പെട്ടിരിക്കുന്നതെന്ന്
മനസ്സിലാക്കാനാവും .ഇതിനു വേണ്ടിയാണ് വായിക്കുന്നത്. വായിക്കുമ്പോൾ നമ്മൾ
ജീവിക്കുകയാണ്. ഞാൻ ചിന്തിക്കുന്നു, അതുകൊണ്ട് ഞാൻ ജീവിക്കുന്നു എന്ന് ഒരു
ഫ്രഞ്ച് ചിന്തകൻ പറഞ്ഞതുപോലെ ഇവിടെ നമ്മൾ വായിക്കുന്നു ,അതുകൊണ്ട്
ജീവിക്കുന്നു എന്ന് പറയാം. എന്നാൽ ചലച്ചിത്രം കാണുന്നതോടെ ഭാവന ചെയ്യാനുള്ള
സാധ്യത ഇല്ലാതാവുകയാണ്. കാരണം, ചലച്ചിത്രം എല്ലാം തന്നെ
ദൃശ്യപ്പെടുത്തുകയും തീർപ്പു കൽപ്പിക്കുകയും ചെയ്യുകയാണ്. അവിടെ കാണിക്ക്
മറ്റൊരു ഭാവനയില്ല. എന്നാൽ വായിക്കുമ്പോൾ ഭാവനയ്ക്ക് നൂറ് നൂറ് സാധ്യതകളാണ്
-ഹരികുമാർ നിരീക്ഷിച്ചു.
മലയാളവിമർശനരംഗത്ത്
താൻ മാത്രമാണ് വിമർശനവും ഭിന്നാഭിപ്രായവും പ്രകടിപ്പിക്കുന്നുള്ളു എന്ന്
ഹരികുമാർ ചൂണ്ടിക്കാട്ടി. മറ്റുള്ളവരെല്ലാം വിമർശനമില്ലാത്ത വിമർശകരാണ്.
ഭൂരിപക്ഷം പേരും പ്രലോഭനങ്ങളുടെയും പ്രതീക്ഷകളുടെയും പിടിയിലമർന്ന്
എല്ലാറ്റിനോടും ഒത്തുതീർപ്പിലെത്തിയിരിക്കുകയാണ്. യാതൊന്നിനോടും
വിയോജിക്കാത്തവർ സ്വന്തമായി ചിന്തിക്കാത്തവരാണ് .സൂര്യൻ കിഴക്കുദിക്കുന്നു
എന്ന് ഒരു കവി തുടരെ എഴുതിക്കൊണ്ടിരുന്നാൽ അത് തെറ്റാണെന്ന് പറഞ്ഞിട്ട്
കാര്യമില്ല; എന്നാൽ ഇത് എല്ലാവർക്കും അറിയാവുന്ന സത്യമാണെന്നും ഇത്
തുടർച്ചയായി പറയുന്നത് അനുചിതമാണെന്നും വിമർശകൻ ചൂണ്ടിക്കാണിക്കണം.
ഇങ്ങനെയാണ് വിമർശനം ഉണ്ടാകുന്നത്. ജീർണ്ണതയിൽ മുങ്ങിയ നമ്മുടെ
ധാർമ്മികതയെയും സൗന്ദര്യബോധത്തെയും തകർക്കുന്നതിനു മർമ്മത്ത് തന്നെ ഒരു കവി
പ്രഹരിക്കണം. 'ചണ്ഡാലഭിക്ഷുകി'യിൽ കുമാരനാശാൻ ജലത്തെ ജാതിയുടെ ചിഹ്നമാക്കി
യാഥാസ്ഥിതിക ,ഫ്യൂഡൽ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും കണക്കിനു
പ്രഹരിച്ചു. ആ പ്രഹരത്തിന്റെ മുഴക്കം അവസാനിച്ചിട്ടില്ല .അതുകൊണ്ടാണ്
ആശാന്റെ കൃതികളുടെ നൂറുവർഷങ്ങൾ ആഘോഷിക്കുന്നത്. ഇന്നത്തെ സാംസ്കാരിക
സമൂഹത്തിനു പോലും ആശാൻ്റെ ഉന്നതമായ സാമൂഹ്യബോധത്തെ ആർജിക്കാനായിട്ടില്ല.
വെള്ളത്തിൽ പോലും ജാതികണ്ട ഒരു സമൂഹത്തെ ആശാൻ ചികിത്സിച്ചതു പോലെ
ചികിത്സിക്കാൻ അറിയാവുന്നവർ ഇന്നില്ല .ഇന്നത്തേത് ഒത്തുതീർപ്പു
സാഹിത്യമാണ്. അതുകൊണ്ടാണ് എല്ലാവരും വിമർശനത്തെ ഉപേക്ഷിച്ചത് -ഹരികുമാർ
പറഞ്ഞു.
ഈ ഉത്തര- ഉത്തരാധുനിക കാലത്ത് മനുഷ്യൻ
അശരീരിയായെന്ന് അദ്ദേഹം വിശദീകരിച്ചു. ശരീരമില്ലാതെ സമൂഹമാധ്യമങ്ങളിൽ
പ്രണയിക്കാം. പരസ്പരം കാണുകയോ വർത്തമാനം പറയുകയോ ചെയ്യാതെ യാന്ത്രികമായി,
പ്രതീതിയായി പ്രണയിക്കുന്നതിന്റെ ഫലമായി ഒരു പുതിയ മനുഷ്യശൂന്യത (Human
Emptiness)ഉണ്ടായിരിക്കുകയാണ്. ഇത് നമ്മെ ചിന്താശൂന്യരും
അവിവേകികളുമാക്കുന്നു. ഓർമ്മകൾ ഇല്ലാതിരിക്കാനാണ് എല്ലാവരും
ആഗ്രഹിക്കുന്നത്. പരസ്പര ബന്ധമില്ലാതെ ജീവിക്കാമെന്നതാണ് ഇതിൻ്റെ
പ്രത്യേകത. അനിഷ്ടങ്ങളെല്ലാം അക്രമങ്ങളാകുന്നു. സിനിമയിലെ ദൃശ്യങ്ങളുടെ
അമിതവേഗം യാതൊരു ദൃശ്യവും ശരിക്കു കാണാൻ പറ്റാത്ത വിധം പ്രേക്ഷകനെ
അസ്വസ്ഥപ്പെടുത്തുന്നു. നേരാംവണ്ണം കാണാൻ വയ്യാത്തതിന്റെ നിരാശയിലാണ്
പ്രേക്ഷകൻ തീയേറ്റർ വിട്ടു വരുന്നത്. എന്നാൽ അത് തുറന്നു പറയാൻ അവൻ
അശക്തനാണ്. ഇത് അവനെ മാനസിക പിരിമുറുക്കമുള്ളവനാക്കുകയാണ്. അവൻ പെട്ടെന്ന്
കോപിക്കും. അവൻ വാഹനമോടിച്ച് തെരുവിലിറങ്ങിയാൽ സൈഡ് കൊടുക്കാത്ത വാഹനം
തടഞ്ഞുനിർത്തി ഡ്രൈവറെ തല്ലുകയാണ് ചെയ്യുന്നത് .അവൻ ഒരു വ്യക്തിയല്ല,
പിരിമുറുക്കം മാത്രമാണ്. യാന്ത്രികമായ ഈ കാലത്ത് ഫ്യൂഡൽ മൂല്യങ്ങളെ തന്നെ
മുറുകെ പിടിക്കുന്നവരെ സാംസ്കാരിക രംഗത്തും കാണാം. അവർ ഒരു വലിയ ശക്തിയാണ്.
പ്രശസ്തമായ പല അവാർഡുകളുടെ ചരിത്രം നോക്കൂ. നാളിതുവരെ ഒരു ദളിതനും അത്തരം
അവാർഡുകൾ കിട്ടുന്നില്ല. ദളിത് വിഭാഗത്തിൽ നിന്ന് മികച്ച എഴുത്തുകാർ
ഉണ്ടാകാത്തതുകൊണ്ടല്ല, അവരെ കണ്ടെത്താൻ ശ്രമിക്കാത്തതു കൊണ്ടാണ് ഇത്
സംഭവിക്കുന്നത്. സി.ജെ .തോമസിനെ ഉദ്ധരിച്ചുകൊണ്ട് ജോസഫ് മുണ്ടശ്ശേരി
'പ്രയാണം' എന്ന കൃതിയിൽ എഴുതിയത്, ഫ്യൂഡൽ കാലത്ത് നിന്ന്
കമ്മ്യൂണിസത്തിലേക്ക് എളുപ്പത്തിൽ ചാടിക്കടക്കാനാകില്ലെന്നാണ് ;കുറച്ചു
ദൂരമുണ്ട്. അതിനുള്ള പരിശ്രമം തുടരുമ്പോൾ കൂടുതൽ നല്ല മനുഷ്യനാകാൻ
കഴിയുമായിരിക്കും. അതിനു വായന സഹായിക്കും .സാഹിത്യമില്ലെങ്കിൽ
ജീവിക്കാനാകില്ല; ഷേക്സ്പിയർ ഇല്ലെങ്കിൽ ജീവിക്കാനാകില്ലെന്ന് ദസ്തയെവ്സ്കി
പറഞ്ഞതുപോല-ഹരികുമാർ പറഞ്ഞു.
ലൈബ്രറി
പ്രസിഡണ്ട് എൻ.യു. ഉലഹന്നൻ അധ്യക്ഷത വഹിച്ച യോഗം കൂത്താട്ടുകുളം മുൻസിപ്പൽ
ചെയർപേഴ്സൺ വിജയ ശിവൻ ഉദ്ഘാടനം ചെയ്തു. എം.കെ. ഹരികുമാറിൽ നിന്നു ലൈബ്രറി
സെക്രട്ടറി പി.എം. സദാശിവൻ 250 പുസ്തകങ്ങൾ ഏറ്റുവാങ്ങി. ചരിത്ര ശാസ്ത്ര
സദസ്സിൽ മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് ജോഷി സ്കറിയ
ആമുഖഭാഷണവും കില റിസോഴ്സ് പേഴ്സൺ എം.കെ.രാജു വിഷയാവതരണവും നടത്തി
.പി.എസ്.ബെന്നി ,സിന്ധു ബാബു എന്നിവർ പ്രസംഗിച്ചു. ലൈബ്രറി വൈസ് പ്രസിഡൻ്റ്
പി.ബി. സാജു സ്വാഗതവും ജോയിൻ്റ് സെക്രട്ടറി ടി.എ. രാജേഷ് നന്ദിയും
പറഞ്ഞു.
No comments:
Post a Comment