Thursday, March 31, 2022

വസ്തുവിൻ്റെ അസ്തിത്വത്തിനകത്ത് യാത്രയുടെ അസംഖ്യം സാധ്യതകൾ /എം.കെ.ഹരികുമാർ




ശൂന്യതയെയാണ് ഒരാൾ എഴുതിയോ, വരച്ചോ മറികടക്കാൻ ശ്രമിക്കുന്നത്. ശൂന്യതയുണ്ട് ; അതുകൊണ്ട് അതിനെ മറികടക്കാനായി എപ്പോഴും യുദ്ധം ചെയ്യേണ്ടി വരും.യുദ്ധം ചെയ്യുന്നതുകൊണ്ട് നാം എന്തെങ്കിലുമൊക്കെ അർത്ഥങ്ങളിൽ എത്തിചേരുന്നു. നിത്യപ്രണയത്തിലായിരിക്കുമ്പോഴും കലഹിക്കണം. കാരണം, പ്രണയവും  കുറെ കഴിയുമ്പോൾ ശൂന്യതയായി മാറും .ഒന്നും തന്നെ അതിൽ ഇല്ലെന്നു തോന്നും .ശൂന്യതയിൽ നിന്നു  പ്രണയത്തെ വീണ്ടും കണ്ടെത്താൻ കലഹം ഉപകരിക്കും .ശൂന്യതയും ജീർണതയും കൂടി കലരുമ്പോൾ പ്രണയം അനുഭവപ്പെടാതാകും. അപ്പോഴാണ് പ്രണയികൾക്കു പോരാളികളാകേണ്ടി വരുന്നത്. പോരാടിക്കൊണ്ടിരുന്നാലേ പ്രണയമുള്ള .അത് ശൂന്യതയിൽ നിന്നുണ്ടാക്കേണ്ടതാണ്. 

ഇല്ലാത്തതാണ് നമ്മൾ ഉണ്ടാക്കുന്നത്. പ്രണയമില്ലാത്തതുകൊണ്ടാണ് ചങ്ങമ്പുഴ 'രമണൻ' എഴുതിയത്. പ്രണയമുണ്ടായിരുന്നെങ്കിൽ എഴുതേണ്ട ആവശ്യമില്ലായിരുന്നു. എഴുതിയതു കൊണ്ടാണ് പ്രണയമുണ്ടായത്. നൊടിനേരത്തെ ഈ അനുഭവത്തിനു  ജീവിതത്തിൽ സ്ഥിരസ്വാധീനമില്ല. എന്നാൽ അതിനെക്കുറിച്ചുള്ള സങ്കല്പങ്ങൾ ഒരാളുടെ വ്യക്തിത്വത്തിൻ്റെ അഹന്തയോ, അഭിമാനമോ ,സാമൂഹ്യപദവിയെക്കുറിച്ചുള്ള മിഥ്യാധാരണയോ ആകുന്നു. അപ്പോൾ പ്രണയത്തിനു കുറേക്കൂടി മാംസം വേണ്ടിവരുന്നു. അതിന് ഒരു മുഴുനീള കഥാഖ്യാനം ആവശ്യമാണ്.

ഈ ഡിജിറ്റൽ കാലത്ത് പ്രണയം തന്നെ ഒരു പുറംതള്ളലായി മാറിയിരിക്കുന്നു. ഒരു  യൂട്യൂബിൽ നിന്ന് പേസ്റ്റ് ഞെക്കി പുറത്തേക്ക് കൊണ്ടുവരുന്നതുപോലെയാണത്.  പുറത്തേക്ക് വരുന്നതോടെ ഉള്ള് ശൂന്യമായി തുടങ്ങുന്നു. ഒരു ഘട്ടം കഴിയുമ്പോൾ ട്യൂബ് പൂർണമായും  ശൂന്യമാകുന്നു .പിന്നെയും നിറയ്ക്കേണ്ടി വരുന്നു 

മാത്യു ആർനോൾഡ് 'ഡോവർ ബീച്ച്' (Dover Beach) എന്ന കവിത എഴുതിയത് പ്രണയത്തിന് സ്ഥിരീകരണം നല്കാനാണ്.
ഞാൻ നിന്നെ പ്രേമിക്കുന്നു എന്നു  പറഞ്ഞാലേ പ്രണയമുണ്ടാകൂ .ഈ  യാഥാർത്ഥ്യം അറിയുന്നതുകൊണ്ടാണ് അതു പറയേണ്ടി വരുന്നത്. എഴുതി നിർമ്മിച്ചെടുക്കുകയാണ്  മനുഷ്യാത്മാവിനെ.ഈ കവിതയിൽ , സമുദ്രതീരത്തിനടുത്തൊരു വീട്ടിൽ ജാലകത്തിനരികിൽ തൻ്റെ കാമുകിയെ ചേർത്തുപിടിച്ചു നിൽക്കുകയാണ് മാത്യു ആർനോൾഡ് .തിരയും തീരവും തമ്മിൽ ഇണചേരുന്നത് കാണാനാണ് കവി കാമുകിയെ വിളിക്കുന്നത്. അതു കവിയുടെ ആവശ്യമാണ്; തൻ്റെ  പ്രണയത്തിനു പ്രാപഞ്ചികമായ സംഗീതലയം നല്കാനാണ് കവി ബദ്ധപ്പെടുന്നത്. അവിടെ അദ്ദേഹം കാണുന്ന കടൽത്തിരകൾക്കും കല്ലുകൾക്കും ജീവനുള്ളതുപോലെ തോന്നും. കാരണം, ആ തിരകൾ അദ്ദേഹത്തിൻ്റെ മനസ്സിനെ മഥിക്കുകയാണ്. കല്ലുകൾക്ക് എന്തോ പറയാനുണ്ട്. തിരമാലകളുടെ ശബ്ദം, കവിയിൽ വന്നു പതിക്കുന്ന ദുഃഖത്തിൻ്റെ ഏതോ ധ്വനിയാണ്. പുരാതന ഗ്രീക്ക് നാടകകൃത്ത്  സോഫോക്ലീസിൻ്റെ കാലത്ത്, തീരത്ത് കേട്ട അതേ വിഷാദാരവങ്ങൾ മാത്യു അർനോൾഡ് ഇവിടെയും കേൾക്കുന്നു. അദ്ദേഹം ആ സ്മരണയിൽ അലിയുകയാണ്, മനസിൽ ശേഷിക്കുന്നത് ദുഃഖത്തിൻ്റെ  അലകളാണ് .

എഴുതിയുണ്ടാക്കേണ്ട ലോകം 

ഈ ലോകം ഇങ്ങനെ സുന്ദരവും സ്വപ്നാത്മകവുമായതുകൊണ്ടാണ് കവി അതിനെ പ്രണയത്തിൽ മുക്കിയെടുക്കാനാഗ്രഹിക്കുന്നത്. മിഥ്യയുടെ പിടിയിൽ നിന്നു രക്ഷപ്പെടാൻ വേണ്ടി പ്രണയത്തിനായി കവി കാമുകിയിലേക്ക് തിരിയുന്നു. ഇതു കാമുകി അറിയണമെന്നില്ല. അവൾക്ക് ഈ സ്മൃതികൾ ഏറ്റെടുക്കാൻ കഴിഞ്ഞെന്നുവരില്ല. ഇവിടെ പ്രണയമില്ലെന്ന് ,ഇതെല്ലാം ഓർത്തശേഷം കവി തന്നെ പറയുന്നു:
" Ah! love, let us be true
To one another! 
For the world, which seems
To lie before us like a land of dreams
So various, so beautiful, so new, 
Hath really neither joy, nor love, nor light, 
Nor certitude, nor peace, nor help for pain" 

കാമുകിയോടു പ്രണയവും  സത്യസന്ധതയും കവി ചോദിക്കുന്നത്,
ഈ ലോകത്തിൻ്റെ മിഥ്യയെ മുന്നിൽ വച്ചുകൊണ്ടാണ്. സന്തോഷമോ, പ്രണയമോ പ്രകാശമോ ഇല്ലാത്ത ഈ ലോകത്ത് നാം നിസ്സസഹായരായി  പിൻവാങ്ങുന്നു എന്നാണ് വിവക്ഷ. ഇവിടെ യാതൊന്നുമില്ല; അതുകൊണ്ട് എഴുതി ഒരു ലോകത്തെ ഉണ്ടാക്കേണ്ടതുണ്ട്.

എഴുതുമ്പോൾ ,വരയ്ക്കുമ്പോൾ ഉണ്ടാകുന്നതാണ് നവാദ്വൈതം .ഇത് പ്രാചീനമായ വേദാന്തമോ അദ്വൈത മോ അല്ല .ശൂന്യതയിൽനിന്ന് ഓരോ വാക്കും പിറക്കുന്നു; മറ്റൊരു വാക്കുമായി കൂടിച്ചേർന്ന് വാക്കുകൾ ശൂന്യതയ്ക്ക് പകരം ഇതര ലോകങ്ങളുണ്ടാക്കുന്നു. പ്രപഞ്ചത്തിലെ ഓരോ വസ്തുവും ആശയവും മനസ്സും സദാസമയവും ഉൾപരിവർത്തന(Mutation)ത്തിനു വിധേയമാണ്. അതായത് ,വസ്തുവിൻ്റെയോ വാക്കിൻ്റെയോ ഉള്ളിൽ സദാ സംഭവിക്കുന്ന പരിവർത്തനമാണത്.  വേറൊന്നും തന്നെ സംഭവിക്കുന്നില്ല. ഇത് ആരെങ്കിലും തിരിച്ചറിഞ്ഞാലും ഇല്ലെങ്കിലും സംഭവിക്കുന്നു. അത്  അസ്തിത്വസാധ്യതയാണ്. ജനിതകമാറ്റംപോലെ ഇത് സംഭവിച്ചുകൊണ്ടിരിക്കുന്നു .ഈ മാറ്റത്തിൽ രണ്ടു ഘടകങ്ങളുണ്ട്.
ഒന്ന് ,നാം എന്താണോ അതിനെ നിരാകരിക്കുക; ഒന്നുമല്ലാതിരിക്കുക. രണ്ട് ,അത് അസംഖ്യം സാധ്യതകളുടെ ലോകമാണ് .ഒന്നു സ്വയം നിരാകരിച്ച് പെരുകുക എന്ന അനന്തമായ പ്രക്രിയ നടക്കുന്നു.

ഒരാൾ 'പ്രഭാതത്തിൻ്റെ മുലപ്പാൽ ' എന്നു എഴുതുന്നു എന്നിരിക്കട്ടെ. അയാൾ എഴുതിയില്ലെങ്കിലും പ്രഭാതം ,മുലപ്പാൽ എന്നീ വാക്കുകളും  പ്രഭാതത്തിൻ്റെ മുലപ്പാൽ എന്ന സാധ്യതയും നിലനിൽക്കുന്നു. ഈ  കൂടിച്ചേരലിൽ മൂല്യത്തിനു സ്ഥാനമില്ല. പ്രഭാതവും മുലപ്പാലും തമ്മിൽ ചേരുന്നത് ഏതെങ്കിലും പ്രത്യേക അർത്ഥമോ മൂല്യമോ നിർമ്മിക്കാനോ  നിർമ്മിക്കാതിരിക്കാനോ ആകാം. ആ വാക്കുകൾ സ്വയം അതിൻ്റെ തടവറയിൽ നിന്ന് സ്വയം  മോചിപ്പിക്കപ്പെടുകയാണ്.

ആ കൂടിച്ചേരലിൽ നിന്ന് അർത്ഥമോ മൂല്യമോ ഉണ്ടാകുന്നത് മനുഷ്യൻ്റെ  ആവശ്യമനുസരിച്ചാണ്. അവനു  ആവശ്യമുള്ള സംസ്കാരത്തിൻ്റെ  സ്വീകരണം ഇങ്ങനെയുണ്ടാകുന്നു. അങ്ങനെ പ്രഭാതത്തിൻ്റെ മുലപ്പാൽ എന്ന പ്രയോഗമുണ്ടാകുന്നു.  ഒരു സാധ്യത എന്ന നിലയിൽ അത്  നിർമ്മിത യാഥാർത്ഥ്യമായി മാറുന്നു.

ഇതാകട്ടെ ,അവിടെയും നിൽക്കുന്നില്ല. അത് വായിക്കുന്നയാളിൻ്റെ മനസ്സിൽ പിന്നെയും അസ്തിത്വസാധ്യതകൾ സൃഷ്ടിക്കുകയാണ് .മനസ്സ് അതിലൂടെ സഞ്ചരിക്കുന്നത് മുൻകൂട്ടി നിശ്ചയിച്ച പ്രകാരമല്ല. ചിലപ്പോൾ മനസ്സ് അസംബന്ധത്തെയാണ് തേടുന്നത്. കാരണം ,മൂല്യമുണ്ടാക്കുന്നത്  എപ്പോഴും അതിൻ്റെ ലക്ഷ്യമല്ല. ഒരു വാക്കിനോ, ചിന്തയ്ക്കോ  അങ്ങനെയൊരു ഉറപ്പും തരാനില്ല. ഏത് ദിശയിലേക്കും അത് സഞ്ചരിക്കുന്നു. ചിലപ്പോൾ അത് അർത്ഥമാകാം.  
അല്ലാത്തപ്പോൾ ശൂന്യതയാകാം.
മനുഷ്യനു ഒരു ക്രമം ആവശ്യമായതുകൊണ്ട് ,അവയിൽനിന്ന് ക്രമത്തിനാവശ്യമായതു മാത്രം വേർതിരിച്ചെടുക്കുന്നു. എന്തും ഉൾപരിവർത്തനത്തിന്  വിധേയമാണ് .പ്രകൃതിയിൽ ഒരു വസ്തു അചേതനമായിരുന്നാലും, അതിൽ ഉൾപരിവർത്തനമുണ്ട് .അത് ഒരു ബോധത്തിൻ്റെ  സാന്നിധ്യത്തിലാണ് സാക്ഷ്യപ്പെടുത്തുന്നത് എന്നു മാത്രം.

വാക്കിനുള്ളിലെ ബുദ്ധൻ 

ഒരു കല്ലിനുള്ളിൽ എപ്പോഴും നമ്മുടെ രുപമുണ്ട്. നമ്മൾ ജീവിക്കുന്നില്ലെങ്കിലും അതുണ്ട് .അത് അജ്ഞാതമായ ലോകമാണ് .ലോകത്തിൽ നമ്മളുണ്ട്. എന്നാൽ അത് നമ്മൾ അറിയണമെന്നില്ല. നമ്മുടെ ഏതൊക്കെയോ ഘടകങ്ങൾ പല വസ്തുക്കളിലുമുണ്ട് .ഒരിലയിൽ പോലും നാമുണ്ട്. ഒരിലയിൽ ബുദ്ധനുണ്ട്; ഒരു ശബ്ദത്തിലുണ്ട് ,വാക്കിലുണ്ട്. ബുദ്ധനീലിമ എന്നു പറഞ്ഞാൽ അത് ബുദ്ധനല്ല; വാക്കിലെ മറ്റൊരു ബുദ്ധാംശമാണ്. നമ്മുടെ  നിശ്ശബ്ദതയിൽ ബുദ്ധനുണ്ട്. അപ്പോൾ നാം സ്വയം നിരസിച്ച് ബുദ്ധനാകുന്നു. നമ്മുടെ ശബ്ദം വേണമെന്നില്ല നമ്മെ ആവിഷ്കരിക്കാൻ. എല്ലാ നിറങ്ങളിലും ഞാനുണ്ട് .എനിക്ക് പ്രത്യേകിച്ച് നിറമില്ല. എന്നാൽ പ്രകൃതിയിലെ നിറങ്ങളിൽ ഞാനുണ്ട്. ആ നിറങ്ങൾ ഉപയോഗിച്ച് എന്നെ വരയ്ക്കാമല്ലോ. എല്ലാ നിറങ്ങളിലും എൻ്റെ രൂപം വരയ്ക്കാം. ഏതു നിറംകൊണ്ട് വരച്ചാലും ഞാനുണ്ടാവും. അതിനു എൻ്റെ സഹായം ആവശ്യമില്ല. ജലത്തിൽ ഞാനുള്ളത് വേഗം മനസ്സിലാക്കാം. എൻ്റെ പ്രതിബിംബമാണല്ലോ അതിലുള്ളത്. 

ഞാൻ നോക്കുമ്പോഴാണ് അത് കാണുന്നത്. ജലത്തിൽ ആരുടെയും പ്രതിബിംബമുണ്ട്. ഇത് ഉൾപരിവർത്തനത്തിൻ്റെ പ്രാഥമികാവസ്ഥയാണ് .ജലത്തിന് ഏതു പ്രതിബിംബമാണ് വേണ്ടതെന്ന് നിഷ്കർഷിക്കാവില്ല .അത് എല്ലാത്തിനോടും ഒരുപോലെയാണ് പെരുമാറുന്നത്. പ്രതിബിംബങ്ങൾ അതിൻ്റെ സാധ്യതയാണ്. 
അതിന് പ്രത്യേക സമയമോ തീയതിയോ ഇല്ല .ഏത് വസ്തുവിനും പ്രതിബിംബസാധ്യതയുണ്ട് .ഒരു പ്രതിബിംബം മൗലികമല്ല. എന്നാൽ അത് നിലനിൽക്കുന്നു .ഇതിനു സമാനമായാണ് ഒരു വസ്തുവിൽ മറ്റുള്ളവർ ജീവിക്കുന്നത്. ഒരു നായയിൽ നമുക്ക് ജീവിക്കാം.  നായയിൽ ഞാനാണ്  ജീവിക്കുന്നതെന്ന് സങ്കൽപ്പിച്ചാൽ, മറ്റൊരു തലത്തിലുള്ള ജീവിതം  നമുക്ക് തുറന്നു കിട്ടും. റിച്ചാർഡ് ബാക്ക് എഴുതിയ Jonathan Livingston Seagull എന്ന ചെറുനോവലിൽ ഒരു കടൽകാക്കയാണ് ഉയർന്നു പറന്ന് ആത്മീയശക്തി ,ജ്ഞാനം നേടുന്നത്. ഒരു കാക്കയിൽ നോവലിസ്റ്റ് സ്വയം സങ്കല്പിക്കുകയാണ്. ഇതിലൂടെ നോവലിസ്റ്റ് സ്വന്തം അസ്തിത്വത്തെ  കുറേക്കൂടി കണ്ടെത്തുകയാണ്.എല്ലാറ്റിലും ഞാനുണ്ട് എന്ന  തത്ത്വത്തിൻ്റെ സാഹിത്യദർശനമാണിത്. ഞാൻ എന്നിൽ നിന്ന് പരിവർത്തനപ്പെട്ടാണ് കാക്കയാകുന്നത്.

ആകാശം എന്ന മനസ്സ് 

ഇങ്ങനെ എനിക്ക് ഏത് ജീവിയുമാകാം.  ഇത് ഒരാളുടെ ആവശ്യത്തിനനുസരിച്ചാണ്  സംഭവിക്കുന്നത്.
ലോകത്തെ അറിയണമെങ്കിൽ ഇതുപോലെ നാം സ്വയം  പരിവർത്തനപ്പെടണം.വാക്കിലും ഞാനുണ്ട്. വാക്ക് ആ ശബ്ദത്തിൽ ബന്ധിതമാണ്. ഞാൻ പ്രവേശിക്കുന്നതോടെ അത് മറ്റൊന്നാകും .എൻ്റെ മനസ്സ് അതിൽ നിറയുകയാണ്. ആകാശം ഒരു വാക്കാണല്ലോ. അതിൽ ഒരു വലിയ തത്ത്വം ഒളിച്ചിരിക്കുന്നു. അത് പഞ്ചഭൂതത്തിലെ ഒരു ഘടകമായ മനസ്സാണ് .ആകാശം ഞാൻ അല്ലാതെ മറ്റെന്താണ്? ഇനി നക്ഷത്രങ്ങൾ വിഹരിക്കുന്ന ആകാശമാണെങ്കിലോ ? അതിലും ഞാനുണ്ട്. അതിലേക്ക് ഞാൻ പ്രവേശിക്കുമ്പോഴാണ്  അതിൽ കവിതയുണ്ടാകുന്നത്, ചിത്രമുണ്ടാകുന്നത്. ഡാനിഷ് - ഫ്രഞ്ച് കലാകാരനായ കാമിലി  പിസ്സാറോയുടെ Landscape with Stormy Sky 
എന്ന ചിത്രത്തിലെ വശീകരിക്കുന്ന ആകാശം എങ്ങനെയുണ്ടായി ?അത് ചിത്രകാരൻ്റെ ആത്മീയധാതുക്കൾ കലർന്ന ആകാശമാണ്. അസ്തമയം നമ്മളിലൂടെ കടന്നുപോവുകയാണ്, നമ്മൾ ആകാശമാകയാൽ.

ആകാശം എന്തായിരുന്നാലും, 'ഞാൻ' പ്രവേശിക്കുന്നതോടെ അത് എന്നിലൂടെ മറ്റൊരു ചിന്തയാകുന്നു. ആകാശ പുഷ്പം എന്ന് ചിന്തിക്കുകയാണെങ്കിൽ ,അത് ഞാൻ പ്രവേശിച്ചതിൻ്റെ ഫലമാണ്. ആകാശം ജലത്തെപോലെ മറ്റൊന്നിനെ പ്രതിബിംബിപ്പിക്കുകയാണ്. അത് ആകാശത്തിൻ്റെ വളർച്ചയാണ്. കേവലഭാവത്തെ ഉപേക്ഷിച്ച് മറ്റൊരു അവസ്ഥയെ നിർമ്മിക്കുന്നു. നിരാസനിർമ്മിതികളിലൂടെയാണ്  ഉൾപരിവർത്തനം സംഭവിക്കുന്നത്.
ഇത് എപ്പോഴും സംഭവിക്കുകയാണ്. നിമിഷംതോറും പല തലങ്ങളിൽ ഉണ്ടാകുന്നു. 

ഞാൻ ആകാശമാകുന്നത്, അത് എന്നാൽ മറ്റെന്തൊക്കെയോ ആകുന്നതുകൊണ്ടാണ്. അത് എന്നിൽ ശബ്ദവും വർണവുമായി രൂപാന്തരപ്പെടാം. ഞാൻ വയ്ക്കുന്ന ആകാശക്കാഴ്ചകൾ എന്നിലെ ആകാശത്തിൻ്റെ ഒരണുമാത്രമാണ്. ഇതുതന്നെയാണ് സാഹിത്യരചനയിലും സംഭവിക്കുന്നത്. അത് മനസ്സിൽ പല വിധത്തിൽ അടുക്കിവെച്ചിരിക്കുന്ന ബാഹ്യലോകത്തെ പല കാലങ്ങളിലായി തുറന്നുവിടുകയാണ് .എനിക്ക് ചുറ്റുമുള്ളതും ഞാനും തമ്മിലുള്ള വേർപാട് ഒരിക്കലല്ല, പല കാലത്ത് സംഭവിക്കുന്നു. ഇതൊന്നും പൂർവനിശ്ചിതമല്ല;സ്വാഭാവികമായ  ഉൾപരിവർത്തനമാണ്. ഞാൻ നിലനിൽക്കുന്നത് ഇതിലൂടെയാണ്. ഞാൻ എന്താണോ അതിനെ നിമിഷംതോറും മായ്ച്ചുകളഞ്ഞ് പലതുമാകുന്നു. എനിക്ക് പോലും ഇണങ്ങാത്ത വിധം ഞാൻ മാറുന്നുണ്ട് .ഒരിക്കൽ ഞാൻ എഴുതിയത് എൻ്റെ ആ കാലത്തെയാണ്. അതൊരു  നഷ്ടപ്പെടലാണ് .അപ്പോൾ ഞാൻ വേറൊരു ആളായിരുന്നു. ഞാൻ ജീവിച്ച ഒരു കവചമുണ്ടായിരുന്നു. അത് ഞാൻ ഉപേക്ഷിച്ചത് എൻ്റെ ചിന്തയിലൂടെയാണ്. എനിക്ക് അത് പിന്നീട് ഉപേക്ഷിക്കാനാവില്ല. വേറൊരു കവചമായിരിക്കും പിന്നീട് വരുക. ഞാൻ കുറെ കവചങ്ങളിലൂടെ കടന്നുപോവുകയാണ് .സംവത്സരങ്ങളിലൂടെ നാം സ്വയം എത്ര മാറുന്നു.

പ്രതിബിംബത്തിൻ്റെ സൗന്ദര്യശാസ്ത്രം

മനുഷ്യൻ അപരിചിതനായ ഒരു വ്യക്തിയാവുകയാണ്. പഴയകാലത്തേക്ക് തിരിച്ചുവരുന്നതും സാധ്യത എന്ന നിലയിലാണ്,
ജലത്തിൽ പ്രതിബിംബിച്ചുകാണുന്നതുപോലെ. ജലത്തിൽ നോക്കിയാൽ പ്രതിബിംബമുണ്ട്. അപ്പോൾ നാം മറ്റൊരാൾകൂടിയാണ്, മറ്റൊരാശയമാണ്. പ്രതിബിംബം എന്ന നിലയിൽ നമുക്ക് വേറൊരു പ്രതിഛായയാണുള്ളത്. നമ്മേക്കാൾ  സുവ്യക്തവും വിശ്വസനീയവുമായ വ്യക്തിത്വം നമ്മുടെ പ്രതിബിംബത്തിനാണുള്ളത് .കാരണം, അത് നേരിടുന്നത് വളരെ സ്വതന്ത്രവും നിർവ്യാജവുമായ ഒരു സാഹചര്യമാണ്. അതിനു നൈമിഷികമായ ഒരു അതീത ലോകമാണുള്ളത്.നശ്വരതയെ ഭയമില്ല;നശ്വരത തന്നെയാണത്. അതിനു സ്വയം നിരസിക്കാനും സ്വയം  നിർമ്മിക്കാനും നൊടി നേരം മതി. പ്രതിബിംബങ്ങൾ എപ്പോൾ വേണമെങ്കിലും ഉൾവലിഞ്ഞു പോകാം, അവയുടെ അജ്ഞാതലോകത്തേക്ക്. അവയ്ക്ക് ഒരു സൗന്ദര്യശാസ്ത്രമുണ്ട്. അത് മനുഷ്യാസ്തിത്വത്തെ ഭ്രമമാക്കി കാണിക്കുന്നു.  എന്നാൽ പ്രതിബിംബങ്ങൾ ഉണ്ടാകുന്നത് നമ്മളിൽ നിന്നോ മറ്റു വസ്തുക്കളിൽ നിന്നോ ആണ്.പ്രതിബിംബിക്കാൻ തയ്യാറായ വസ്തുക്കൾ പിൻവാങ്ങുന്നതോടെ പ്രതിബിംബങ്ങളും ഇല്ലാതാവുന്നു. വസ്തുക്കൾ പ്രതിബിംബമാകുന്നത്  ഒരു പരിവർത്തനമാണ്.

അത് വസ്തുവിൽ നിന്ന് പ്രതിബിംബത്തിലേക്കുള്ള ഭൗതികമായ ദൂരമല്ല .പ്രതിബിംബം എന്ന അവസ്ഥയിലേക്കുള്ള ദൂരമാണ്. ഇതിലൂടെ വസ്തു പ്രതിബിംബത്തിൻ്റെ മറ്റൊരു അസ്തിത്വമാണ്.  ഇതുപോലെയാണ് സകല രചനകളും  സംഭവിക്കുന്നത് . മനുഷ്യപ്രവർത്തനങ്ങളെയും ക്രിയകളെയും ഇങ്ങനെ സമീപിച്ചാൽ മതി. ഒരാൾ അയാളുടെ അകംലോകത്തിൻ്റെ പ്രതിബിംബങ്ങൾ  സൃഷ്ടിക്കുന്നത് ഉൾപരിവർത്തനത്തിൻ്റെ ഭാഗമാണ്.  യാതൊരു ബാഹ്യപ്രേരണയുമില്ലാതെ തന്നെ മനുഷ്യൻ സ്വയം മാറുന്നു; അത്  തിന്മയോ നന്മയോ ആകാം. ഒരാൾ തന്നെ ഉൾപരിവർത്തനങ്ങളിൽ നിസ്സഹായനാണ്. ജലം അതിൻ്റെ  പ്രതിബിംബങ്ങളുടെ കാര്യത്തിൽ നിസ്സഹായമാണ്. ഒരാകാശം  അസ്തമയദൃശ്യങ്ങളുടെ വർണ്ണവൈവിധ്യത്തിൽ നിസ്സഹായമാണ്. ആകാശത്തിന് ഒരു പ്രശ്നമല്ലല്ലോ, അതിനെ പ്രമേയമാക്കി വാൻഗോഗ് ,മാറ്റിസ് തുടങ്ങിയവർ എന്ത് വരയ്ക്കുന്നു എന്നുള്ളത്.  
ആകാശം ആശയപരമായും ദൃശ്യപരമായും ഉൾപരിവർത്തനത്തിലാണ്. മനുഷ്യൻ  ചിന്തയിൽ നന്മതിന്മകൾക്കപ്പുറത്ത് ഉൾപരിവർത്തനത്തിലാണ്. മനുഷ്യൻ അപരലോകങ്ങളുടെ അംശങ്ങൾ കൊണ്ട് വിഭജിക്കപ്പെടുകയും വിവിധ ജന്മങ്ങളായി പിരിയുകയും ചെയ്യുന്നു.
അവൻ അടഞ്ഞ ഒരു ലോകമല്ല; അനന്തലോകമാണ്. അവനിൽ അവൻ തന്നെ സഹസ്രകോടി ഉൾപരിവർത്തനങ്ങളിലാണ്. അവൻ ഒരു കേന്ദ്രമേയല്ല. അതുകൊണ്ട് അവൻ്റെ പ്രപഞ്ചത്തിനും കേന്ദ്രമുണ്ടാവില്ല. ഒരു കേന്ദ്രസ്ഥാനത്തെ സങ്കൽപ്പിക്കാൻ ശ്രമിച്ചാൽ അതും ഉൾപരിവർത്തനം ചെയ്യുന്നത് കാണാം.

ദൈവത്തിൻ്റെ സാഹിത്യം 

ദൈവത്തെ മനുഷ്യൻ ആശയങ്ങളായി പിരിച്ചാണല്ലോ മനസിലാക്കുന്നത്. അതുകൊണ്ടാണ് അവൻ ദൈവത്തോട് തൻ്റെ വിഷമങ്ങൾ പറയുന്നത് .ദൈവം അവനെ  സഹായിക്കാതെ വരുമ്പോൾ ,അവൻ ദൈവത്തെ അപനിർമ്മിക്കുന്നു. ദൈവം അവനെ കണ്ടില്ലെന്നോ , കണ്ടിട്ടും നിസ്സംഗത പാലിക്കുന്നെന്നോ  പറയുന്നു. അപ്പോൾ ദൈവം അവ്യക്തമാകുന്നു. തൊട്ടടുത്ത യഥാർത്ഥ്യത്തിൻ്റെ നിർധാരണത്തിനു  വേണ്ടി അവൻ ദൈവത്തെ ചെറുതാക്കി പോക്കറ്റിൽ ഇട്ടിരിക്കുകയാണ്. അതോടെ ദൈവവും ഉൾപരിവർത്തനം ചെയ്യപ്പെട്ടു .മഹാപ്രപഞ്ചശക്തിയും പ്രപഞ്ചകാരണവും പാപനാശത്തിൻ്റെ  മൂർത്തിയുമായ ദൈവം കേവലം വ്യക്തിയുടെ ഏറ്റവുമടുത്ത യാഥാർത്ഥ്യത്തിൻ്റെ പരിധിയിലേക്ക് വരുകയാണ് .ദൈവം ആ മനുഷ്യനുവേണ്ടി ഒരു സാഹിത്യമുണ്ടാക്കുകയാണ്. ആ വ്യക്തിയുടെ മൃദുലവികാരങ്ങളുടെയും അടിയന്തര യാഥാർത്ഥ്യങ്ങളുടെയും നിർമ്മാതാവ് നിലയിലുള്ള ചോദ്യങ്ങളും നിർധാരണവഴികളും അടങ്ങിയതാണ് ആ സാഹിത്യം .ഇതോടെ ദൈവം എന്താണോ ആത്യന്തികമായി വിഭാവന ചെയ്യുന്നത് അതിൽ നിന്ന് വ്യതിചലിച്ച് മറ്റൊന്നാകുന്നു. ദൈവം ദൈവികതയുടെ ഏറ്റവും ഭദ്രമായ, ശുദ്ധമായ ഭാവത്തിൽനിന്ന് വേർപെട്ട് വ്യക്തിയുടെ രാഗദ്വേഷങ്ങളുടെ സാഹിത്യത്തിനുവേണ്ടി നിലകൊള്ളുമ്പോൾ, അത് ഉൾപരിവർത്തനമാണ്.

ഇങ്ങനെയുള്ള പരിവർത്തനങ്ങൾക്ക് ഒരിക്കലും അന്ത്യമുണ്ടാകുകയില്ല. ഇതാണ് ഉൾപരിവർത്തനത്തിൻ്റെ  പ്രസക്തി .അത് ഒരു അന്തിമ ശാന്തിതീരത്ത് എത്തിച്ചേരുകയില്ല എന്ന വസ്തുത മനസ്സിലാക്കണം. നവാദ്വൈത ദർശനത്തിൽ  യാതൊന്നിനും സ്ഥിരതയില്ല .ഓരോന്നും മറ്റു പലതുമാകാനുള്ള യാത്രയിലാണ്. യാത്രയിലായിരിക്കുന്നത് ഭൗതികമായോ പ്രത്യക്ഷമായോ  മാത്രമല്ല; ആന്തരികമായ തലത്തിലുമാണ്. അത് ചിന്തയിലും ധ്യാനത്തിലുമുണ്ട്. എന്നാൽ അതിലുപരി മനുഷ്യൻ അറിയാതെയും സംഭവിക്കുകയാണ്. ഒരു വസ്തുവിൻ്റെ അസ്തിത്വത്തിനകത്ത് യാത്രയുടെ അസംഖ്യം സാധ്യതകൾ എപ്പോഴും നിലനിൽക്കുന്നു .അതിൽ ഏതെങ്കിലുമൊന്നാണ് നാം തേടിച്ചെല്ലുന്നത്. ഒരില ഇറുത്തെടുത്ത് അതിൽ കത്രിക ഉപയോഗിച്ച് ബുദ്ധൻ്റെ രൂപം ഉണ്ടാക്കുകയാണെന്ന് വിചാരിക്കുക .ഇപ്പോൾ അത് ഇലയല്ല,  ബുദ്ധനാണ്. ഇലയിൽ നിന്ന് ഓർമ്മകളുടെ കലവറയായ ബുദ്ധനിലേക്ക് യാത്ര ചെയ്യുകയാണ് ഇല. സ്വയം നിരസിക്കുന്നു ,സ്വയം നിർമ്മിക്കുന്നു - ഉൾപരിവർത്തനം നടക്കുന്നു.

സാധ്യതകളുടെ ഉൾപരിവർത്തനം 

ആ കത്രിക ഇടപെടുന്നതിനു മുമ്പ് നമ്മുടെ മുന്നിൽ ബുദ്ധനില്ല, അല്ല, ബുദ്ധന്യണ്ടായിരുന്നു .അത് നമ്മൾ തേടിയില്ല എന്നേയുള്ളൂ. ഇലയിൽ പലതുമുണ്ട് .പല കാലങ്ങളും പല രൂപങ്ങളും അവിടെ ശാന്തമായി കഴിയുകയാണ്, ഒരു പ്രമുക്തിക്കു വേണ്ടി. സാധ്യതകളിലും നവാദ്വൈതദർശനമുണ്ട്. നാം ഒന്നും ചെയ്യാതെ തന്നെ ആ ഇലയിൽ ശതകോടി രൂപങ്ങൾ, ആശയങ്ങൾ ഉറങ്ങുന്നു. ഇതിന് അവസാനമില്ല. ഓരോ രൂപമെടുക്കുമ്പോഴും ഇല സ്വയം നിരസിക്കുകയും മറ്റൊന്നാകുകയുമാണ്. 

ഇത് വാക്കുകളിലുമുണ്ട്; മനസ്സിലുണ്ട്, കലാവിമർശനത്തിലുണ്ട്. എല്ലാം  കേവലമായി എങ്ങനെ നിലനിൽക്കുന്നുവോ അതിനെ ധ്വംസിക്കാനാണ് നോക്കുന്നത്. ധ്വംസനമാണ് വളർച്ച, ജീവിതം. അത് പുതിയ ആലോചനകളായി വഴിപിരിയുന്നു .യാതൊന്നും അതിൽ തന്നെ പൂർണ്ണമല്ല .സ്വയം സമ്പൂർണത എന്നു പറയുന്നത് ഒരു സങ്കല്പമാണ് .നാം ഭാവനയിലൂടെ നേടുന്ന പൂർണ്ണതയാണത്. എന്നാൽ  ഏതവസ്ഥയിലും ആശയങ്ങൾ കൂടിച്ചേരുന്നു ,പിളർന്നു മാറുന്നു. 

അതുകൊണ്ട് നവാദ്വൈതദർശനത്തിൽ ഏറ്റവും പ്രധാനമായ തത്ത്വം  ഉൾപ്പരിവർത്തനമാണ്. ആശയത്തിൻ്റെ  ഉൾപരിവർത്തനം, ചിന്തയുടെ ഉൾപരിവർത്തനം ,വാക്കിൻ്റെ  ഉൾപരിവർത്തനം വസ്തുവിൻ്റെ  ഉൾപരിവർത്തനം എന്നിങ്ങനെ നവാദ്വൈതം ആന്തരികതയിൽ വികസിക്കുന്നു. 

ജീവിതവും മരണവും പ്രകൃതിയിൽ സ്മൃതിയായിത്തീരുന്നില്ല. സ്മൃതിയാകുന്നുവെന്ന് തോന്നുന്നത് ഒരു മിഥ്യാസങ്കൽപ്പമാണ് .ഭാരതീയ ചിന്തയിൽ ഈ മിഥ്യയ്ക്ക് സ്ഥാനമുണ്ട്.  ഒരു വസ്തുവിനും സ്ഥായിയായ, നിരന്തരമായ, അനന്തമായ നിലനിൽപ്പില്ല .എല്ലാം കാലാന്തരത്തിൽ നശിക്കാനുള്ളതാണ്. ജീവിതവും ശരീരവും നശിക്കും. ശേഷിക്കുന്നത്  ബ്രഹ്മമാണെന്ന ചിന്തയാണ് ഭാരതീയ മിഥ്യാദർശനത്തിലുള്ളത്. ബ്രഹ്മത്തിൽ ലയിക്കുന്നതുകൊണ്ട് മരണമില്ല എന്നാണല്ലോ വേദജ്ഞാനിയായ യാജ്ഞവൽക്യൻ പറഞ്ഞത് .ഈ മിഥ്യാദർശനത്തിലും ഉൾപരിവർത്തനമുണ്ട്. കാരണം, മിഥ്യകൾ വിസ്മൃതിയിലേക്ക് പ്രവഹിച്ചുകൊണ്ടിരിക്കുകയാണെങ്കിലും അതിൽനിന്ന് പലതരം ചിന്താമുകുളങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു. 

തണ്ടിൽ എവിടെനിന്നും  മുളച്ചുപൊന്തുന്ന (Radicant) സസ്യമാണ് ജീവിതവും അതിൻ്റെ മിഥ്യാദർശനവും.  വിസ്മൃതമാകുന്നതിനൊപ്പം പലതരം ആകുലതകളും ആലോചനകളും പിറവിയെടുക്കുന്നത് അതിനു തെളിവാണ് .ഒരാൾ സകലതും നശിച്ച് ഒരു മരച്ചുവട്ടിലിരിക്കുമ്പോഴും അയാളുടെ മനസ്സ് സാധ്യമായ ഓർമ്മകളെയെല്ലാം സമാഹരിക്കുന്നു. അതെല്ലാം അയാൾ കണ്ടെത്തുന്ന, പുതുക്കിയ, നവീകരിച്ച ഓർമ്മകളായിരിക്കും. അതിൽ അയാൾക്ക് ജീവിക്കേണ്ടതുണ്ട്. ഓരോ നിമിഷവും തീരുകയാണെങ്കിലും ,മിഥ്യകളെ  കടന്നുപോകാൻ അയാൾ ഓർമ്മകളെ ജീവിപ്പിക്കുന്നു .ആ ഓർമ്മകളിലേക്ക് സ്വയം കടത്തിവിട്ട് അയാൾ അർത്ഥമുണ്ടാക്കുന്നു. മിഥ്യകൾ ജീവിക്കാനുള്ളതാണ്. അതിൽനിന്ന് കലയും സാഹിത്യവുമുണ്ടാകുന്നു.

ഓർമ്മകൾ പ്രകൃതിക്ക് നിരക്കുന്നതല്ല 

ഏതൊരുവൻ്റെയും ജീവിതം നിത്യവിസ്മൃതിയാണ്. അങ്ങനെ മിഥ്യയിലേക്ക് കുതിക്കുന്ന അനുഭവങ്ങളെ ,മനുഷ്യൻ ഒരു സദാചാരം എന്ന പോലെ  ഫോട്ടോകളിലും വാക്കുകളിലും  സമാഹരിച്ചു വയ്ക്കുന്നു. ഫോട്ടോകളിൽ ഒരു നിമിഷമല്ലേയുള്ളു. വീഡിയോകളിലും നിമിഷങ്ങളേയുള്ളു.  ആ നിമിഷം കഴിഞ്ഞാൽ നമുക്ക് പോലും നമ്മെ പിടികിട്ടുകയില്ല .നമ്മുടെ ഇഷ്ടങ്ങൾക്കും അനിഷ്ടങ്ങൾക്കും ഒരു യുക്തിയുമില്ലല്ലോ. ഫോട്ടോയിൽ കാണുന്നത് നമ്മുടെ തന്നെ മിഥ്യകളുടെ വേറൊരു ഏടാണ് .അതുമായി പിന്നീട് ആ വ്യക്തിക്ക് ഒരു ബന്ധവുമില്ല. വ്യക്തി ഉപേക്ഷിച്ച മിഥ്യയാണത്. ആ മിഥ്യയെ യാഥാർത്ഥ്യമായാണ് കലയിൽ അവതരിപ്പിക്കുന്നത്; കലാപരമായ ആന്തരികയാഥാർത്ഥ്യം. എന്നിട്ട് കലാകാരൻ പറയുന്നു, ഈ യാഥാർഥ്യത്തെ പുതിയ യാഥാർത്ഥ്യമായി, ഭാവനയായി കാണണമെന്ന്. ഭാവന ചെയ്യന്നതെന്നും യാഥാർത്ഥ്യമാണെന്ന് പിക്കാസോ പറഞ്ഞിട്ടുണ്ടല്ലോ. ഇതാണ് മിഥ്യയുടെ പുനരുപയോഗം അഥവാ ഉൾപരിവർത്തനം. ഇത് അനന്തമായി തുടരുകയാണ്.
ഭാരതീയചിന്തയിൽ മിഥ്യ ഒരിടത്ത് അവസാനിക്കും. എന്നാൽ മൃത്യുവോ ബ്രഹ്മമോ അന്തിമമായി വന്നാലും ഉൾപരിവർത്തനം അവസാനിക്കുകയില്ല. മൃത്യുവിനെക്കുറിച്ചുള്ള ഭാവനകൾ ഉണ്ടായിക്കൊണ്ടിരിക്കും. കോടിക്കണക്കിന് മനുഷ്യരും  ജീവികളും മരിച്ചു മണ്ണടിഞ്ഞു. അവയെക്കുറിച്ചുള്ള ഓർമ്മകൾ പ്രകൃതിക്ക് നിരക്കുന്നതല്ല എന്നാണ് ജനിമൃതികൾ നമ്മോട് പറയുന്നത്.
ക്രിസ്തുവിൻ്റെ കാലത്തെ മനുഷ്യരെ ആരും ഓർക്കുന്നില്ലല്ലോ. കുറേപ്പേർ ജീവിച്ചിരുന്നു എന്നേ അനുമാനിക്കാനാവൂ.

ചരിത്രപുരുഷന്മാർ നമ്മൾ ഉണ്ടാക്കിയ ആശയശാസ്ത്രങ്ങളുടെയും വ്യവഹാരങ്ങളുടെയും സദാചാര നിർമ്മിതിയാണ് .
അത് പ്രകൃതിയിൽ നിഴലിക്കുന്നതല്ല.  ചരിത്രം എന്ന യുക്തിയുടെ, സദാചാരത്തിൻ്റെ സമീപനമാണത്.
എല്ലാം വിസ്മൃതമായി എന്ന് കരുതുന്നതിലാണ് യുക്തിയുള്ളത്. ചരിത്രത്തിൽ ഉണ്ടെന്ന് പറയുന്ന വ്യക്തികളും വസ്തുതകളും അവയുടെ യഥാർത്ഥരൂപത്തിലും ഉള്ളടക്കത്തിലുമല്ല തുടരുന്നത്. അത്   മനുഷ്യൻ അവരുടെ ധാർമികതകൊണ്ട് പണിത ഭാവനകളുടെ മന്ദിരങ്ങളാണ്. അതുകൊണ്ട് ബ്രഹ്മത്തിലോ ചരിത്രത്തിലോ മൃത്യുവിലോ  ഉൾപരിവർത്തനം അവസാനിക്കുന്നില്ല.

അലക്സാണ്ടർ ചക്രവർത്തിയുടെ ഒരു കല്പിത രൂപം നമ്മുടെ മുന്നിലുണ്ട്. അദ്ദേഹത്തിൻ്റെ മരണത്തോടെ ആ ജീവിതം വിസ്മൃതമായതാണ്. അതിനെക്കുറിച്ചുള്ള നമ്മുടെ ഓർമ്മ   ഒരു നിർമ്മിതിയാണ്. ചരിത്രത്തിനലെ വ്യാജനിർമ്മിതികളിലും ,നുണകളിലും  ഉൾപരിവർത്തനം നടക്കുന്നുണ്ട്.

അലക്സാണ്ടറെക്കുറിച്ച് എഴുതപ്പെടുന്ന ലേഖനങ്ങൾ, കവിതകൾ, വരയ്ക്കപ്പെടുന്ന ചിത്രങ്ങൾ എല്ലാം  ഉൾപരിവർത്തനത്തിൻ്റെ ഭാഗമാണ്.  അന്ത്യമില്ലാത്തവിധം ആ ചിന്തകൾ നാനാതരത്തിൽ പുനരവതരിപ്പിക്കപ്പെടുന്നു .ബ്രഹ്മം ഇവിടെ അന്തിമമല്ല ;കാരണം, ബ്രഹ്മത്തെക്കുറിച്ച് നമുക്ക് ഭാവന ചെയ്യാം. അത് പുതിയ വഴിച്ചാലായി മാറും. ബ്രഹ്മം എന്ന വാക്കിൽ ഒരു താമരപ്പൂവിനെ സങ്കല്പിക്കാം. താമര പൂവിനുള്ളിലെ ബ്രഹ്മം എന്നു പ്രയോഗിച്ചാൽ  വേറൊരു ഉൾപരിവർത്തനമായി .ബ്രഹ്മകമലം എന്ന പ്രയോഗം നിലവിലുണ്ടല്ലോ. ബ്രഹ്മത്തിനുള്ളിലെ താമര എന്നായാലോ ? മനസ്സിനുള്ളിലെ താമര, താമരയുടെ പ്രപഞ്ചഘടന എന്നിങ്ങനെയെല്ലാം പ്രയോഗിക്കാം. അപ്പോൾ വേറെ ലോകങ്ങൾ ഉണ്ടാവുകയാണ്. ഈ അന്തമില്ലാത്ത നിർമ്മിതിയാണ് ഉൾപരിവർത്തനം. താമര തന്നെ ഉൾച്ചേർന്ന മിഥ്യയാണ്. ഇതളുകൾ ഇല്ലാതാകുന്നതോടെ താമരയും വിസ്മൃതിയിൽ ലയിക്കും.  ഇതളടർന്ന പൂവ് എന്ന ആലോചന മിഥ്യയുടെ അപനിർമ്മാണമായി വ്യാഖ്യാനിക്കാവുന്നതാണ്. 

No comments:

Post a Comment

അക്ഷരജാലകം ഇരുപത്തിയഞ്ച് വർഷങ്ങൾ പിന്നിട്ടിരിക്കുന്നു: എം. സി. രാജനാരായണൻ

  ഇന്ത്യയിലെ പ്രശസ്ത സിനിമാ വിമർശകനും ഫിപ്രസി അംഗവും ഗ്രന്ഥകാരനുമായ എം.സി. രാജനാരായണൻ എഴുതുന്നു പ്രചാരവും സ്വീകാര്യതയും നിലനിർത്തിക്കൊണ്ട്‌ ...