Thursday, March 31, 2022

ഉപഭോഗവും വിദ്വേഷവുംകൊണ്ടു നിർമ്മിച്ചെടുക്കുന്ന മാനുഷികമിഥ്യകൾ /എം.കെ.ഹരികുമാർ

 



A short history of nearly everything എന്ന പുസ്തകമെഴുതിയ അമേരിക്കൻ - ബ്രിട്ടീഷ് ചിന്തകൻ ബിൽ ബ്രയ്സൺ( Bill Bryson)നമ്മൾ ചരിത്രത്തിൽ അപൂർവ്വമായി മാത്രം ഒന്നിച്ചുചേരുന്ന കണികകളാണെന്നു പറയുന്നുണ്ട്. ഒരു സമയത്തേക്കാണ് ഒരണു ഉണ്ടായിരിക്കുന്നത്. അണുക്കളുടെ ഒരു ബൃഹത് സംഹിതയാണ് നമ്മൾ. അതിലൊന്നു പോലും ഒരിക്കലും ജീവനോടെയിരുന്നിട്ടില്ല.എന്നാൽ അതെല്ലാം കൂടി ചേർന്ന് ഒരു വ്യക്തിയായിരിക്കുന്നത് ഒരിക്കൽ മാത്രമാണ്. നമ്മൾ ഇതേ രൂപത്തിൽ ഒരു തവണ മാത്രമാണ് ഉണ്ടായിരിക്കുന്നത് ;അതിനായി ഈ അണുക്കൾ ഇതുപോലെ ഒത്തു ചേരുന്നത് ഒറ്റത്തവണ മാത്രം. അതുകൊണ്ട് ജീവനുള്ള ഓരോന്നിൻ്റെയും ജീവിതമെന്നു പറയുന്നത് ഈ പ്രപഞ്ചത്തിൻ്റെ  ദീർഘകാലത്തിൻ്റെ പശ്ചാത്തലത്തിൽ അപൂർവ്വമായ ഒരു പ്രതിഭാസമാണ്.

ഒറ്റത്തവണ മാത്രം ജീവിക്കുന്ന ഏതൊരു ജീവിക്കും മഹത്വമുണ്ട്.  കാരണം, ആ ജീവിതം തന്നെയാണ് അതിൻ്റെ ലഘൂകരണവും അർത്ഥവും. എല്ലാ ജീവികളും ഒറ്റത്തവണ മാത്രമാണല്ലോ ജീവിക്കുന്നത്. ഒരിക്കലും ആവർത്തിക്കപ്പെടാത്തതാണ്  ജീവിതം.ഒരാൾ ഒരിക്കൽ മാത്രമേയുള്ളു. ഒരാളുടെ അനുഭവങ്ങൾ, അതിൻ്റെ  വഴികൾ ,മഥനങ്ങൾ ,സംത്രാസങ്ങൾ, വിഹ്വലതകൾ ഒരിക്കലേയുള്ളു. ഒരാൾ വേറൊരു രീതിയിൽപോലും പിന്നീട് വരുന്നില്ല. മനുഷ്യരെപോലെയാണ് കഥാപാത്രങ്ങളും. ഒരിക്കലേ വരാനൊക്കൂ. ഷേക്സ്പിയറിൻ്റെ 'മാക്ബത്ത്' ഒരിക്കലേ വരൂ. രണ്ടാമത് വന്നാൽ ആദ്യത്തെ മാക്ബത്തിൻ്റെ മൂല്യം തകരും. 

ചെക്ക് എഴുത്തുകാരൻ  മിലാൻ കുന്ദേരയുടെ  The Unbearable Lightness of Being എന്ന കൃതി  ആരംഭിക്കുന്നതുതന്നെ മനുഷ്യൻ്റെ  അസ്തിത്വത്തിൻ്റെ അനന്യതയെക്കുറിച്ചുള്ള ചിന്തകളുമായാണ് .നമ്മുടെ അനുഭവങ്ങൾ ആവർത്തിക്കുകയാണെങ്കിൽ അത് വലിയൊരു ഭാരമായിരിക്കും .അതിനെ വേറൊരു രീതിയിൽ കാണാനേ നിവൃത്തിയുള്ളു .ഒരാളുടെ ജീവിതം എത്ര മഹത്തരമായാലും അത് ഒരിക്കലേയുള്ളു. അതുകൊണ്ട് അതിൻ്റെ ഔന്നത്യത്തിനു പ്രസക്തിയില്ലാതാവുന്നു. എന്നാൽ അത് ആവർത്തിക്കുകയാണെങ്കിലോ അതിനോടുള്ള ബന്ധം അവസാനിക്കുകയും ചെയ്യും.ഒരിക്കൽ മാത്രം സംഭവിക്കുന്നതുകൊണ്ടാണ് ചരിത്രം മൂല്യമുള്ളതാകുന്നതെന്ന വാദമാണ് കുന്ദേര ഉയർത്തുന്നത്. 

ഫ്രഞ്ചു വിപ്ളവം ആവർത്തിച്ചിരുന്നെങ്കിൽ ,അത് യഥാർത്ഥ വിപ്ളവത്തേക്കാൾ വിലമതിക്കപ്പെടില്ല .ആദ്യത്തെ വിപ്ളവത്തിൽ എത്ര തലകൾ വീണു എന്നതല്ല ,എത്രപേർക്ക് ജീവിതം  നഷ്ടമായി എന്നതല്ല ,അങ്ങനെയൊരു രക്തവിപ്ലവം സംഭവിച്ചതാണ് അതിനെ സൗന്ദര്യമുള്ള ഒരേടാക്കുന്നത് . ചോരചിന്തിയ എല്ലാ വിപ്ളവങ്ങളും  റോസാപ്പൂപോലെ സുന്ദരമായാണ് പിന്നീട് വിലയിരുത്തപ്പെടുന്നത്.തലയറ്റ മനുഷ്യരുടെ ശബ്ദങ്ങൾ എവിടെയുമില്ല. കരഞ്ഞവരൊക്കെ ഗൃഹാതുരത്വമായി വീണ്ടെടുക്കപ്പെടുന്നു. രക്തം ഒഴുക്കിയ കലാപങ്ങൾ പിന്നീട് സുഖമുള്ള ഓർമ്മകളായി പുനർജനിക്കുന്നു .
നമുക്ക് അതിനോട് വിദൂരമായ ഓർമ്മയുടെ ബന്ധമേയുള്ളു. ഹിറ്റ്ലറുടെ ഒരു ഫോട്ടോ കണ്ടപ്പോൾ തൻ്റെ കുട്ടിക്കാലത്തെക്കുറിച്ച് ഓർമിച്ചുവെന്ന് കുന്ദേര പറയുന്നത് ഈ അർത്ഥത്തിലാണ് മനസ്സിലാക്കേണ്ടത് .

ഹിറ്റ്ലർ ചരിത്രത്തിലെ വിശുദ്ധ പശുവായിക്കഴിഞ്ഞു. അയാൾ ഇപ്പോൾ  ഒരു അലങ്കാര വസ്തുവാണ്. ഹിറ്റ്ലർ  ഇനി ആരെയും ആക്രമിക്കില്ല. ഹിറ്റ്ലർക്ക് ഇപ്പോൾ പടയാളികളില്ല . അതുകൊണ്ട് ഹിറ്റ്ലർ അനുസരണയുള്ള പശുവായി നമ്മുടെ തൊടികളിൽ മേഞ്ഞു നടക്കുന്നു. തൻ്റെ കുട്ടിക്കാലം യുദ്ധങ്ങളുടേതായിരുന്നുവെന്ന് കുന്ദേര ഓർക്കുന്നു. കുന്ദേരയുടെ കുടുംബത്തിലുണ്ടായിരുന്നവരെല്ലാം ഹിറ്റ്ലറുടെ ക്യാമ്പുകൾക്കുള്ളിലാണ്  വധിക്കപ്പെട്ടത്. ആ കാലം ഇപ്പോഴില്ല .ഇനി ആ കാലം വരികയുമില്ല. അതിൻ്റെ  നായകനായിരുന്ന ഹിറ്റ്ലറും ഇല്ലല്ലോ. അതുകൊണ്ട് കുന്ദേരയ്ക്ക് ആ  യുദ്ധകാലത്തോടുള്ള മനോഭാവം മാറി. അദ്ദേഹം തൻ്റെ കുടുംബത്തിൽ, ഹിറ്റ്ലറുടെ ക്രൂരതകളാൽ  കൊല്ലപ്പെട്ടവരുടെ ജീവിതത്തെക്കുറിച്ച് ഇപ്പോൾ ഓർക്കുമ്പോൾ തീവ്രതയില്ല . 

വൈകാരികവസ്തുക്കളുടെ വലിച്ചെറിയൽ 

ലോകസംഭവങ്ങൾ ആവർത്തിക്കാതിരിക്കുന്നതാണ് നമ്മുടെയെല്ലാം വ്യാജ ധാർമ്മികതയെ സൃഷ്ടിക്കുന്നത് .മനുഷർ ക്രൂരതയുമായി പൊരുത്തപ്പെടാൻ തുടങ്ങുകയാണ് .പുതിയ കാലത്തിൻ്റെ വ്യാജസന്ദേശമാണിത് .നമ്മുടെ മുമ്പിൽ, പതിറ്റാണ്ടുകൾക്ക് മുൻപ് പോരാടിയ മനുഷ്യർ ഇല്ലാത്തതുകൊണ്ട് അവരുടെ വേദനകളും  അലങ്കാരവസ്തുക്കളാകുന്നു. ഒറ്റത്തവണ ജീവിക്കുന്ന നമുക്ക് കാലം വ്യാജധാർമ്മികത നല്കുകയാണ്; അത് കാലത്തിൻ്റെ വിശുദ്ധിയായി വിലയിരുത്തപ്പെടുന്നു.

കഥാപാത്രങ്ങളും ജീവിക്കുക തന്നെയാണ്. അവർ കടലാസിൽ ജീവിക്കുന്നതുകൊണ്ട് ജീവിതമല്ലാതാകുന്നില്ല .ജീവിച്ചിരുന്ന എല്ലാവരും കടലാസിലാണിപ്പോഴുള്ളത്. ഷേക്സ്പിയറും മാക്ബത്തും ഇപ്പോൾ ഒരുപോലെ കടലാസിലാണുള്ളത്.  അപ്പോൾ കടലാസിൽ സൃഷ്ടിക്കപ്പെട്ട മനുഷ്യർ എങ്ങനെ അയാർത്ഥമാകും?.കഥാപാത്രങ്ങൾ ഓർമ്മയുടെ പേടകത്തിലാണുള്ളത് .കടലാസിൽ അവർ യഥാർത്ഥജീവിതമാണ് പയറ്റുന്നത്. അതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നത് ?മനുഷ്യൻ ഒരേസമയം യാഥാർത്ഥ്യവും സങ്കല്പവുമാണ്; നേരും നുണയുമാണ്. ഫ്രഞ്ച് തത്ത്വചിന്തകനായിരുന്ന ലാ മെറ്റ്ട്രി (La Mettrie,1709-1751) പറഞ്ഞു: "മനുഷ്യൻ ഒരു യന്ത്രമാണ് .അതിനെക്കുറിച്ച്  വ്യക്തമായ ഒരു ധാരണ കിട്ടുക അസാധ്യമാണ്. ആ വിധത്തിലാണ് അത് സജ്ജീകരിച്ചിരിക്കുന്നത്. മാത്രമല്ല ,അതിനെ നിർവ്വചിക്കാനും  കഴിയില്ല ".

മനുഷ്യനിർമ്മിതമായ ശൂന്യത 

മനുഷ്യൻ ഒരു അസംബന്ധമാവുന്നതിൻ്റെ യുക്തിയാണ് ലാ മെറ്റ്ട്രി പറയുന്നത്. അസംബന്ധമാകുന്നതിനും അതിൻ്റേതായ യുക്തിയുണ്ടെന്നാണ്  അദ്ദേഹം സമർത്ഥിക്കുന്നത്. മനുഷ്യൻ ഉപയോഗശൂന്യമായ ഒരു അഭിനിവേശമാണെന്ന് ഇരുപതാം നൂറ്റാണ്ടിൽ ഫ്രഞ്ച് തത്ത്വചിന്തകനായ ഷാങ് പോൾ സാർത്ര് പറഞ്ഞത് ലാ മെറ്റ്‌ട്രിയുടെ വാദങ്ങളിൽനിന്നു പ്രചോദനം നേടിക്കൊണ്ടാണ് .മനുഷ്യൻ തൻ്റെ മിഥ്യകളെ നിർമ്മിക്കുന്നത് സവിശേഷമായ ആസക്തിയും യുക്തിയും ഉപയോഗിച്ചാണ്. ഉപഭോഗത്തിൻ്റെയും ആസക്തിയുടെയും വിദ്വേഷത്തിൻ്റെയും ഫലമായുണ്ടായ പുതിയ ശൂന്യതയാണ്, ഈ സർവ്വതന്ത്ര സ്വാതന്ത്ര്യബോധത്തിൻ്റെ കാലത്ത് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് .ഇതിനെ മാനുഷികമായ ,മനുഷ്യനിർമ്മിതമായ  ശൂന്യത (Human Emptiness)യെന്ന് വിളിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു. സ്വതന്ത്രമെന്നു നാം തെറ്റിദ്ധരിക്കുന്ന 'സ്വാതന്ത്ര്യബോധ'ത്തെ ഡിജിറ്റൽ, ഓൺലൈൻ പ്ലാറ്റ്ഫോമുകളിലെ വൈകാരികവസ്തുക്കളുടെ വലിച്ചെറിയലിലൂടെയാണ്  സാക്ഷാത്കരിക്കുന്നത്. വലിച്ചെറിയൽ എന്നു പറഞ്ഞത് ഇത് സ്വാഭാവികമായ ഇടപെടൽ അല്ലാത്തതുകൊണ്ടാണ്. ഉള്ളിൽ വരണ്ടുപോയവർ പ്രതികരണം ഞെക്കിപ്പിഴിഞ്ഞ് വലിച്ചെറിയുകയാണ്. വലിച്ചെറിയപ്പെട്ടതിനു ഉടമസ്ഥരുണ്ടാവുകയില്ലല്ലോ. 

യഥാർത്ഥത്തിൽ, എല്ലാവരും സ്വാതന്ത്ര്യത്തെക്കുറിച്ച് കുഴച്ചുമറിച്ചു ചിന്തിക്കുന്നതുകൊണ്ട് സ്വാതന്ത്ര്യം വ്യക്തിയിൽ ഭയത്തോടെ ഉൾവലിഞ്ഞിരിക്കുകയാണ്. നമ്മൾ സ്വതന്ത്രരാണെന്ന് ചിന്തിക്കുന്നത് സമാധാനമാണ്. എന്നാൽ സ്വാതന്ത്ര്യം  നമുക്ക് അറിയില്ല. നമ്മൾ അസംഖ്യം വഴികളിൽ അസ്വതന്ത്രരാവുകയും അതിനോടുള്ള അമർഷത്തിൽനിന്ന് സാങ്കേതികമനുഷ്യരാവുകയുമാണ് ചെയ്യുന്നത് .ടെക്നോളജിയാണ് നമ്മുടെ സ്വാതന്ത്ര്യം വിധിക്കുന്നത്. ഏറ്റവും ഉയർന്ന സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തുന്നവൻ കൂടുതൽ സ്വതന്ത്രൻ എന്ന നിലയുണ്ടാവുന്നു.സ്വകാര്യബസ്സിലോ ടൂവീലറിലോ സഞ്ചരിച്ചു ഒരുകാര്യം നിറവേറ്റുന്നവനേക്കാൾ, ഡ്രോൺ ഉപയോഗിക്കുന്നവൻ കൂടുതൽ സ്വതന്ത്രനാണ്. അത്രയേയുള്ളു സ്വാതന്ത്ര്യം .ഡ്രോണിനാണ് സ്വാതന്ത്ര്യം, മനുഷ്യനല്ല .ഡ്രോൺ നിയമാനുസൃതമായേ പറത്താനാവൂ എന്ന നിലയിൽപോലും അത് കൂടുതൽ സ്വതന്ത്രമാണ്. 

സ്വന്തം ഗാനമോ അഭിനയമോ ചിത്രീകരിച്ചു സ്വയം എഡിറ്റു ചെയ്തു യു ട്യൂബിലിടുന്നവനു, ഇതൊന്നുമറിയാത്ത സാധാരണ ഫോൺ ഉപയോക്താവിനേക്കാൾ സ്വാതന്ത്ര്യമുണ്ട്. സാങ്കേതിക വിദ്യ  ഒരാളെ കേവല സ്വാതന്ത്ര്യത്തിലേക്ക് പറഞ്ഞുവിടുകയാണ്. ഗൂഗിൾപോലെയും വെബ്സൈറ്റ് പോലെയുമുള്ള ആപ്പുകളിൽ കൃത്രിമ ബുദ്ധി(Artificial Intelligence) യാണല്ലോ പ്രവർത്തിക്കുന്നത്. ഒരാളോട് നേരിട്ട് സംസാരിക്കാനാവില്ല. ഉപദേശിക്കുന്നതും ശിക്ഷിക്കുന്നതുമെല്ലാം യന്ത്രങ്ങളാണ്. കണ്ണില്ലാത്ത ബുദ്ധികേന്ദ്രങ്ങൾ അദൃശ്യതയിൽനിന്ന് നമ്മെ അഭിസംബോധന ചെയ്യുകയാണ്. ഉപയോക്താവ് ഉത്തരങ്ങൾ നല്കിക്കൊണ്ടിരിക്കണം. ഒരു മനുഷ്യവ്യക്തിയോട് സംസാരിക്കാൻ ഉൽക്കടമായ ആഗ്രഹമുണ്ടാവാം; എന്നാൽ ഈ ഭൂമിയിലെ ഭീകരമായ വിജനതയാണ് നമ്മെ  അഭിമുഖീകരിക്കുന്നത് .സെർച്ച് എൻജിനുകൾ മുതൽ ഓൺലൈൻ ഇടപാടുകൾ വരെ ഒരു വ്യക്തിയുമായും  സംവദിക്കേണ്ടതില്ല;അതിനെല്ലാം കൃത്രിമബുദ്ധിയുടെ യന്ത്രങ്ങളുണ്ട്.

മനുഷ്യശരീരത്തിൻ്റെ അഭാവം 

മനുഷ്യനോടുള്ള പ്രേമം നമ്മളിൽ ഉദിച്ചസ്തമിക്കാനാണ് വിധി.  കണ്ണില്ലാത്ത ഒരു ലോകത്ത് ചെല്ലുമ്പോഴുള്ള അമ്പരപ്പും നിശൂന്യതയും മുരടിപ്പുമാണ് നമ്മെ ബാധിക്കുന്നത്. ഈ നിശൂന്യതയും നിശ്ശബ്ദതയും സംവാദരാഹിത്യവും മനുഷ്യശരീരത്തിൻ്റെ അഭാവവും മനസ്സുകളെ  വിചിത്രമായ ഒരു ശൂന്യതയുടെ ഉത്പാദകരാക്കുന്നു. മാനവികമായ ശൂന്യതയാണത്. മനുഷ്യൻ തന്നെ മനുഷ്യനെ കുത്തിനിറച്ചുവച്ചിരിക്കുന്ന ശൂന്യത. മനുഷ്യനായി തന്നെ ജീവിച്ചു, സകല ത്വരകളെയും തെറ്റായി വ്യാഖ്യാനിക്കുന്നതിൻ്റെ പിരിമുറുക്കം അനുഭവിച്ചുണ്ടാകുന്ന ശൂന്യത. ഈ ശൂന്യത ഒരാളെ തൊട്ടടുത്ത വ്യക്തിയിൽനിന്നു പോലും അകറ്റിക്കളയുന്നു. യാതൊന്നിനോടുമുള്ള വൈകാരികബന്ധം ആവശ്യമില്ലാത്ത വെറും ശരീരസാന്നിദ്ധ്യങ്ങളായി നാം മാറുന്നു.

വികാരങ്ങൾക്കോ ,ചിന്തകൾക്കോ, ആശയങ്ങൾക്കോ ഇടമില്ലാത്ത ശരീരങ്ങൾ എന്ന നിലയിലുള്ള മനുഷ്യൻ്റെ നിലനിൽപ്പ് സൃഷ്ടിക്കുന്ന ഈ പുതിയ ശൂന്യത പക്ഷേ, ഹൈടെക്കാണ്. ഇന്ന് ഒരുവൻ്റെ ലോകം വ്യക്തിപരമായ പ്രപഞ്ച(Subjective Universe) മാണെന്നു അമേരിക്കൻ നോവലിസ്റ്റ് ഡോൺ ഡെലിലോ(Don DeLillo) പറഞ്ഞത് ഈ സന്ദർഭത്തിൽ ശ്രദ്ധിക്കേണ്ടതാണ്. ഈ കാലത്തെ മനുഷ്യരുമായി വൈകാരികബന്ധം ഇല്ലാതെതന്നെ 'ഒന്നാന്തരം'സാംസ്കാരിക ജീവികളാകാൻ രാഷ്ട്രങ്ങളും സ്ഥാപനങ്ങളും നമ്മെ പ്രോത്സാഹിപ്പിക്കുകയാണ്.

സമൂഹമാധ്യമങ്ങളിലെ ഗ്രൂപ്പുകളും ചർച്ചകളും ആളുകളെ കൂടുതൽ അടുപ്പിക്കാനാണെന്ന് തോന്നുമെങ്കിലും, അതിലൂടെ മാനസികമായ അകലം കൂടുകയാണ് ചെയ്യുന്നത് .മറ്റൊരാളുടെ സ്വകാര്യതകളും ജീവിതത്തിലെ സംഭവങ്ങളും വാർത്തകൾ എന്ന പോലെ ഇത്തരം മാധ്യമങ്ങളിൽ നിറയുന്നത് കാണികൾ, സഹപ്രവർത്തകർ ,പങ്കാളികൾ എന്നീ  നിലകളിൽ പലരെയും അസ്വസ്ഥരാക്കുകയോ അനാവശ്യമായ വിദ്വേഷത്തിലേക്ക് തള്ളുകയോ  ചെയ്യുന്നുണ്ട്. സ്ഥിരമായി തൻ്റെ ജീവിതത്തിലെ വിവരങ്ങൾ നവമാധ്യമങ്ങളുടെ മെസഞ്ചർ ,ചാറ്റ് സംവിധാനങ്ങൾ വഴി ഒരു സുഹൃത്തിനു അയച്ചുകൊടുക്കുന്നത് സാഹസമായിരിക്കും .ഇത്തരം സന്ദേശങ്ങൾ സ്വീകരിക്കുന്ന വ്യക്തിയിൽ വിമുഖത, അകൽച്ച ,വെറുപ്പ് തുടങ്ങിയ വികാരങ്ങളാവും ഉണ്ടാവുക. ക്രമേണ ,കൈപ്പറ്റുന്ന സന്ദേശങ്ങളോടു  പ്രതികരിക്കാതാവുന്നു. പിന്നീട്‌ അതു തുറന്നു നോക്കാതെയിരുന്നു നീരസം  പ്രകടിപ്പിക്കും.തുടർന്നും സന്ദേശം കിട്ടുകയാണെങ്കിൽ അയാൾ വെറുപ്പ് പരസ്യമാക്കും .ഇനി സന്ദേശം  അയയ്ക്കേണ്ടതില്ല, താൻ  തിരക്കിലാണ് ,നോക്കാറില്ല എന്നൊക്കെയാവും പറയുക .ഏറ്റവും അടുത്ത സുഹൃത്തുക്കൾപോലും  അമിതമായ സ്നേഹസന്ദേശങ്ങൾ മൂലം അകലുന്നു എന്നാണ് ഇതു  കാണിക്കുന്നത് .ഇത് മാനുഷികമായ ശൂന്യതയുടെ പ്രത്യക്ഷമായ ഉദാഹരണമാണ്. ഇതിൻ്റെ ഫലമായി മനുഷ്യൻ അവൻ്റെ സകലസിദ്ധികളും തന്നിൽതന്നെ അടുക്കിവെച്ച് കൃത്രിമതൃപ്തി നേടുന്നു എന്നാണ് ഇതിൽ നിന്നു മനസിലാക്കേണ്ടത്. 

ദൈവരഹിതമായ ആത്മീയത 

സിദ്ധികൾ വിദ്വേഷത്താൽ വലയം ചെയ്യപ്പെട്ടിരിക്കുന്നു. ഇടുങ്ങിയ ഒരു സാങ്കേതിക കുഴലിലേ (Technological Funnel)ക്ക് ലോകം ചുരുങ്ങുകയാണെന്ന് ഡെലീലെ  പറയുന്നത് ഇതുകൊണ്ടാണ്. 
നമ്മുടെ ഐന്ദ്രിയമായ ശുദ്ധതകൾ  എവിടെയോ അപ്രത്യക്ഷമായിരിക്കുന്നു. വൈറലാകുന്നതോ ,കൂടുതൽ  ലൈക്കുകൾ കിട്ടുന്നതോ മാത്രമാണ് പലരും  ശ്രദ്ധിക്കുന്നത് .ചുറ്റിനുമുള്ള  ലോകത്തോട് നിർവികാരത പുലർത്തുന്നതിൻ്റെ പ്രകടരൂപം ഇങ്ങനെയായിരിക്കും . വൈകാരികക്ഷമത കീഴ്മേൽ മറിഞ്ഞിരിക്കുന്നു .ഇത് ദൈവരഹിതമായ ഒരാത്മീയതയായി  രൂപം കൊള്ളുകയാണ്.  ആരാധനാലയങ്ങളിൽ പോകുന്നതും  മതത്തിൽ വിശ്വസിക്കുന്നതും  വ്യവസ്ഥാപിതമായ ആത്മീയതയാണെങ്കിൽ വ്യക്തിഗതമായ ആത്മീയതയാണ് ഇന്നത്തേത്. അവർ തങ്ങളുടെ യുക്തിയുപയോഗിച്ചാണ് ആത്മീയതയെ അറിയാൻ ശ്രമിക്കുന്നത് .യുക്തിയിൽ, അതിൻ്റെ അതിരുകളിൽ കൃത്യമായി വിശ്വസിക്കുകയാണ്. എന്നാൽ യുക്തിയും ഒരു കാര്യകാരണ സംവിധാനമാണ് .ഒരു വിമാനം ആകാശത്തിൽ പറക്കുന്നത് യുക്തിയുടെയും ശാസ്ത്രത്തിൻ്റെയും  വിജയമാണ്. അത് ആകാശത്തിൽ  തകരാറിലാകുന്നത് ശാസ്ത്രത്തിൻ്റെ  അപ്പുറമുള്ള മറ്റൊരു മേഖലയാണ്. അവിടേക്ക് ശാസ്ത്രം എത്തുന്നില്ല. ശാസ്ത്രത്തിൻ്റെ പരിധിക്ക് അപ്പുറത്തുനിന്നു മനുഷ്യൻ്റേതല്ലാത്ത മറ്റൊരു ലോകം ആരംഭിക്കുന്നു. അതിനെ വ്യക്തിപരമായി പൂരിപ്പിക്കുന്നവരാണ് ഇന്നത്തെ ദൈവരഹിതമായ ആത്മീയതയുടെ പിന്നിൽ അണിനിരക്കുന്നത്. പുഷ്പങ്ങൾ നിറഞ്ഞുനില്ക്കുന്ന ഒരു വൃക്ഷം കാറ്റിൽ സാവധാനം ഉലയുന്നത് സ്വസ്ഥമായി നിന്നു  നോക്കുകയാണെങ്കിൽ വ്യക്തിഗതമായ ആത്മീയതയാണ്. അവിടെ മതമോ ദൈവമോ ഒന്നുമില്ലല്ലോ. എന്നാൽ  മനസ്സിൻ്റെ ഉന്നതമായ ഒരു തലത്തിൽ, സിദ്ധിയുടേതായ ഒരു ലയത്തിൽ ഈ പ്രകൃതിയുമായി രമ്യതയിലെത്താൻ നമുക്ക് കഴിഞ്ഞിരിക്കുന്നു .

ഒരു പുഷ്പവൃക്ഷത്തെ സ്നേഹിക്കാനും അതിൽനിന്ന് ആനന്ദം നുകരാനും  കഴിയാത്തവന് ദൈവശാസ്ത്രമോ  മതശാസ്ത്രമോ ആവശ്യമില്ലല്ലോ. മനുഷ്യനു സന്തോഷം ലഭിക്കാൻ ഒരു താഴ്‌വരയോ ,വൃക്ഷമോ, പൂക്കളോ ,നദിയോ മതി. അവൻ്റെ വ്യക്തിഗതമായ ആത്മീയതയുടെ സഹസ്രദളങ്ങളും ഇത്തരം ഭൗമാന്തരീക്ഷത്തിൽ പ്രസന്നമധുരമായിരിക്കും. 
അതേസമയം ,ഈ  വ്യക്തിഗതമായ ആത്മീയത രണ്ടു തരത്തിലാണുള്ളത്. ഒന്ന് ,സ്വന്തം ആന്തരികസൗഖ്യത്തിലേക്ക് നിരുപാധികം സഞ്ചരിച്ച് അതിൽ തന്നെ സകലതുമായും രമ്യത നേടുന്നു. ഒരാളോടുള്ള സ്നേഹമോ ,ബന്ധമോ അല്ല ,ചുറ്റുമുള്ളതിനോടുള്ള താദാത്മ്യമാണത് .രണ്ട് ,മാനുഷികമായ നിശൂന്യതയുടെ ഫലമായി  ബന്ധങ്ങൾ ഇല്ലാതാവുന്നു ,ഏകാന്തനാവുന്നു ,അന്തർമുഖനാവുന്നു .അടുത്തടുത്ത വീട്ടിൽ കഴിയുകയാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ വർഷങ്ങളോളം ഫേസ്ബുക്ക് മെസഞ്ചറിലൂടെയും വാട്സപ്പ് ചാറ്റിലൂടെയും മാത്രം ബന്ധം നിലനിർത്തുന്നവർ രണ്ടാമത്തെ വിഭാഗത്തിലാണ് വരുന്നത്.

വ്യക്തിഗതമായ ദൈവികത

കഴിഞ്ഞ ദിവസം ഒരു സുഹൃത്ത് സന്ദേശമയച്ചത് ഇങ്ങനെയാണ്: "ദൈവത്തിൽ വിശ്വസിക്കാത്തവർ , ആരാധനാലയങ്ങളിൽ പോകാത്തവർ ആത്മീയതയിൽ വിശ്വസിക്കുന്നുവെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണ്? "  ഇതിൻ്റെ ഉത്തരം വ്യക്തിഗതമായ ആത്മീയത എന്നാണ്. ദൈവവും മതവും വ്യവസ്ഥാപിതമായ രീതിയിലാണ് നമ്മുടെ മുന്നിലുള്ളത്. ദൈവവുമായി മനുഷ്യൻ ഒരു ബന്ധം സ്ഥാപിച്ചിരിക്കുന്നു. എല്ലാത്തിനെയും നിർവ്വചിച്ചു വച്ചിരിക്കയാണ്, ദൈവശാസ്ത്രത്തിൽ. പക്ഷേ, മനുഷ്യൻ്റെ ഏറ്റവും ശുദ്ധമായ ഭാവത്തിൽ, അവന് ഈ ലോകവുമായി, അതിൻ്റെ ലീലയുമായി വ്യക്തിഗതമായ ആഭിമുഖ്യമുണ്ടാവുന്നതിനെ  തള്ളിക്കളയാനാവില്ല.

ഒരു വ്യക്തി തൻ്റെ ആത്മീയസമസ്യ തേടിപ്പോകുന്നത് മതവിരുദ്ധമല്ല; ആരാധനാലയങ്ങൾക്ക് അവിടെ പ്രസക്തിയുമില്ല. ദൈവത്തെ അയാൾ കാണുന്നത് ഒരു പ്രാപഞ്ചികസംഗീതമായിട്ടാണ്. സംഗീതത്തിലും കവിതയിലും വാക്കിലും ആത്മീയതയാണുള്ളത്. ഒരു ശലഭം പറക്കുന്നത് നിരീക്ഷിക്കുന്നതിൽ ആനന്ദമുണ്ട്; യാതൊരു വിലക്കുമില്ലാത്ത ആനന്ദം. അതും ദൈവികത തന്നെയാണ്. ദൈവഭാവങ്ങൾ ലോകത്ത്  എല്ലായിടത്തും പ്രത്യക്ഷമായിരിക്കെ , ഒരാൾ ദൈവത്തിൽ വിശ്വസിക്കാതെ ആത്മീയതയിൽ വിശ്വസിക്കുന്നു എന്ന് പറയുന്നതും പ്രസക്തമാണ് .

മനുഷ്യൻ ആന്തരികപ്രസാദത്തിനു വേണ്ടിയാണ് ചിത്രം വരയ്ക്കുന്നതും എഴുതുന്നതും .ഒരു രോഗിയെ ശുശ്രൂഷിക്കുന്നതിലും ആത്മീയതയുണ്ട്. രോഗശുശ്രൂഷ തപസ്സാണെന്ന് ബൃഹദാരണ്യകോപനിഷത്തിൽ പറഞ്ഞിട്ടുണ്ട്. സങ്കടപ്പെടുന്നവരോട് അല്പം ദയ കാണിക്കുന്നതാണ്  ഏറ്റവും വലിയ ദൈവികത .കാരണം ,അവിടെ ദൈവം ഒരു  മനുഷ്യഹൃദയത്തിൻ്റെ അനുകമ്പയായി  പ്രവർത്തിക്കുകയാണ്. വിശന്നു വലയുന്നവനു വാങ്ങി കൊടുക്കുന്ന ഭക്ഷണത്തിലൂടെ ആത്മീയത നേടാം.  ആ ഭക്ഷണം കഴിച്ചവൻ്റെ മുഖത്തു പടരുന്ന അവ്യക്തമായ ചിരിയിൽ ദൈവം ഒളിഞ്ഞിരിക്കുന്നു.

ചിന്തകളുടെ ഭാരമില്ലാതെ ആനന്ദം 

ദൈവത്തെ നേരിട്ട് കണ്ടിട്ടല്ല ,നാം ആത്മീയത നേടേണ്ടത്. അതു സാധ്യവുമല്ലല്ലോ .നശ്വരമായ ശരീരത്തിൽ ദൈവത്തെ നേരിൽ കാണാൻ പ്രയാസമാണ് .നമ്മൾ മിഥ്യയും ശൂന്യതയുമായിരിക്കെ , വ്യക്തിഗതമായ ആത്മീയത നമ്മെ  പ്രബുദ്ധരാക്കുകയാണ് .മനുഷ്യൻ പരമമായ ആനന്ദം നേടാൻ മലമുകളിൽ പോയി തപസ്സനുഷ്ഠിക്കുന്നു , ആശ്രമങ്ങളുണ്ടാക്കുന്നു ,കുണ്ഡലിനി ഉണർത്തുന്നു ,സഹസ്രദളപുഷ്പം വിരിയിക്കുന്നു. എന്നാൽ ഒരു ശലഭം  ശരീരത്തിൻ്റെ ഭാരമില്ലാതെ അനായാസമായി പറന്ന് , പറക്കുകയാണെന്നുപോലും അറിയാതെ പറന്ന്, പൂക്കളിൽനിന്നും തേൻ ശേഖരിച്ച് ,പൂവിനെപോലെ  മൃദുവായി ജീവിച്ച് ,ചരിത്രമോ, പിന്തുടർച്ചാവകാശമോ , പകർപ്പവകാശമോ സൂക്ഷിക്കാതെ, വർണ്ണച്ചിറകുകളിൽ രഹസ്യങ്ങൾ ഒളിപ്പിച്ച് ,ചിന്തകളുടെ ഭാരമില്ലാതെ പരമമായ ആനന്ദം നേടുന്നു. ഇത് സന്യാസിയുടേതിനേക്കാൾ വലിയ ആത്മീയതയാണ്. ദൈവത്തേക്കാൾ, വിമോചനത്തിന് മനുഷ്യൻ തന്നെത്തന്നെ ആശ്രയിക്കണമെന്നാണ് ജൈന-ബുദ്ധമതങ്ങൾ പറയുന്നത്. ചൈനയിലെ കൺഫ്യൂഷ്യസ് ,താവോയിസ്റ്റ് വിശ്വാസികൾ ചിന്തിക്കുന്നത്  പ്രകൃതിയുമായി രമ്യതയിലെത്തുമ്പോഴാണ് മോചനമുണ്ടാകുന്നതെന്നാണ്. രണ്ടുപേർ തമ്മിൽ ലഹളയുണ്ടായാൽ അത് പരിഹരിക്കാൻ  മതവിശ്വാസങ്ങൾക്കോ ദൈവത്തിനോ  കഴിയുന്നില്ല. മനുഷ്യൻ അവനിൽ നിന്നു തന്നെ സമാധാനം കണ്ടെത്തേണ്ടിവരും.

പ്രമുഖ ബ്രിട്ടീഷ് യോഗാത്മകചിന്തകനും ഗ്രന്ഥകാരനുമായ പോൾ ബ്രണ്ടൻ (Paul Braunton) ദൈവികതയെ അറിയാൻ വ്യത്യസ്തമായ ഒരു മാർഗമാണ് ഉപദേശിക്കുന്നത്. " നിഗൂഢതയിലേക്കു പ്രവേശനം കിട്ടുന്നത് മനസ്സിൻ്റെ അത്യാനന്ദത്തിലൂടെയോ ഉന്മാദത്തിലൂടെയോ ആണെന്ന ധാരണ തെറ്റാണ്. വിഷമവൃത്തത്തിലായ ഹൃദയങ്ങളിലൂടെയും കഠിനമായ വികാരങ്ങളിലൂടെയും വേദനാജനകമായ ത്യാഗങ്ങളിലൂടെയും  വിഷാദാത്മകമായ നിരാസങ്ങളിലൂടെയുമാണ് അത് സാധ്യമാകുന്നത് " . 

മനുഷ്യനിൽ ആത്മീയതയുടെ അസംസ്കൃത വസ്തുക്കൾ ധാരാളമുണ്ട്. അതു കണ്ടെടുക്കുകയാണെങ്കിൽ അതുല്യമായ രീതിയിൽ അസ്തിത്വത്തിൻ്റെ രഹസ്യത്തിൻ്റെ അടഞ്ഞ വാതിലുകൾ തുറക്കാനാവും. 





No comments:

Post a Comment

നിരാസത്തിന്റെ തത്ത്വം /ഡോ.യാക്കോബ്‌ മാർ ഐറേനിയോസ്‌

  ശ്രീ. എം.കെ.ഹരികുമാറിന്റെ 'എന്റെ മാനിഫെസ്റ്റോ' വായിച്ചു തുടങ്ങിയപ്പോൾ ഇത്‌ ഏതോ ദുരൂഹതയുടെ ഗുഹാമുഖമാണെന്ന്‌ തോന്നിപ്പോയി. വായനപുര...