Thursday, March 31, 2022

അദൃശ്യതയിൽനിന്ന് ഉയിർക്കുന്നത് /എം.കെ. ഹരികുമാർ

 





ഇന്നത്തെ ചില കവികളെങ്കിലും സിനിമാഗാനങ്ങളെ അനുകരിക്കുന്നത് ദയനീയമാണ്. ഇമ്പമുള്ള വാക്കുകൾ അടുക്കിവച്ച് സംഗീതമുണ്ടാക്കാൻ ശ്രമിക്കുന്നവരുണ്ട്. വാക്കുകളുടെ അർത്ഥമോ ആവശ്യമോ അവരെ ആശങ്കപ്പെടുത്തുന്നില്ല.അവർക്ക് കുറെ പദങ്ങൾ ചേർത്തുവച്ചാൽ മതി. ആ പദങ്ങൾ എല്ലാം കൂടി ഉണ്ടാക്കുന്ന ഒരനുഭവം മതിയത്രേ.ഗാനങ്ങളിൽ നാമമാത്രമായ സാഹിത്യമേയുള്ളു.  ചലച്ചിത്രഗാനങ്ങൾ ഒരു സന്ദർഭത്തിനു വേണ്ടി എഴുതുന്നതാണല്ലോ. എ. അയ്യപ്പൻ 'ബുദ്ധനും ആട്ടിൻകുട്ടിയും' എന്ന കവിത എഴുതുന്നതുപോലെ വ്യക്തിഗതമായ അനിവാര്യത അതിലില്ല. കവിതയിലെ സംഗീതം കൃത്രിമമായി ഉണ്ടാക്കുന്നതാകരുത്; അത് ഭാഷയുടെ അന്തർഘടനയിലുള്ള ലാവണ്യമാണ്.

കവിത എഴുതുന്നത് മുൻകൂട്ടി നിശ്ചയിക്കപ്പെട്ട ഒരു ഈണത്തിലോ ,ഘടനയിലോ , അർത്ഥത്തിലോ ആകരുത്. കാവ്യാത്മകത എന്ന വാക്കുതന്നെ അപകടകരമാണ്. അത് നമ്മെ എപ്പോഴും മുൻകൂട്ടി ആസൂത്രണം ചെയ്ത അവബോധത്തിലേക്ക് കൊണ്ടുപോകുന്നു .അത് നേരത്തെ തന്നെ ഇവിടെ ഉണ്ടായിരുന്നതുകൊണ്ട്, കവിക്ക് അതിലേക്ക് പ്രവേശിച്ചാൽ മതി . ചിന്തകളെ ,ഇവിടെ നേരത്തെ ഉണ്ടായിരുന്ന കാവ്യാത്മകത എന്ന അനുഭവത്തിലേക്ക് സന്നിവേശിപ്പിക്കാൻ എളുപ്പമാണ്.അപ്പോൾ കവിത സാമ്പ്രദായികമായിത്തീരുന്നു. അതിനു സ്വന്തം ചക്രങ്ങളിൽ ഉരുളാനാവില്ല.  പുരാതനമായ വൈകാരികതയുടെ മൂർച്ചയെ കടുമെടുക്കേണ്ടി വരും.

കവിത ചെയ്യേണ്ടത് അതിൻ്റെ തന്നെ പൂർവ്വകാല ബിംബങ്ങളെയും ആലോചനകളെയും തള്ളിക്കളയുക എന്നുള്ളതാണ് .വാക്കുകൾക്ക് മൂർച്ച കൂട്ടിയാൽ കവിതയുണ്ടാവില്ല. ചില ഭാഷാശാസ്ത്രജ്ഞർക്ക് അതിഷ്ടമായിരിക്കും.

കെ.ജി.ശങ്കരപിള്ളയുടെ 'സ്വച്ഛന്ദസ്സ്'(മാതൃഭൂമി ആഴ്ചപ്പതിപ്പ് ,നവംബർ 21) എന്ന കവിത നോക്കൂ. ഛന്ദസ്സ് എന്ന വാക്കിൻ്റെ മുന്നിൽ സ്വ എന്ന അക്ഷരം ചേർത്താൽ പുതിയ അർത്ഥം നേടാമെന്നാണ് കവി വിചാരിക്കുന്നത്. അദ്ദേഹം കവിതയിലുടനീളം പ്രയോഗിക്കുന്ന ടെക്നിക്കാണിത്. വാക്കുകളെ അലങ്കരിച്ച് എവിടേക്കോ എയ്തുവിടുകയാണ്‌.അർത്ഥസംവേദനം നഷ്ടപ്പെടാൻ ഇതുമതി. വായനക്കാരൻ വേണമെങ്കിൽ അർത്ഥത്തിനു വേണ്ടി അലയട്ടെ.ഈ വരികൾ ശ്രദ്ധിക്കൂ:

" അവളെ ഇവളെ 
എവളെയും നോക്കുന്നല്ലോ ,
അവിടെ ഇവിടെ 
എവിടെയും നോക്കുന്നല്ലോ ,
ഏത് കാന്തത്തിലേക്ക് 
പായുന്നു നിൻ തരി?"

വല്ലതും വിനിമയം ചെയ്യുന്നുണ്ടോ ?വാക്കുകളെ മൂർച്ച കൂട്ടാനെന്നപോലെ  സംയോജിപ്പിക്കുകയാണ്.
കവിത എന്ന മഹത്തായ അനുഭവം മറ്റെവിടെയോ ആണ്.

"ഞാൻ എന്നിൽതന്നെ എൻ്റെ പഴയ മുഖങ്ങളെല്ലാം കൊണ്ടുനടക്കുന്നു , വൃക്ഷങ്ങളിൽ അവയുടെ വളർച്ച അടയാളപ്പെടുത്തുന്ന പാടുകൾ കാണപ്പെടുന്നതുപോലെ '- സ്വീഡിഷ്  കവി തോമസ് ട്രാൻസ്ട്രോമർ ഒരു അഭിമുഖത്തിൽ പറഞ്ഞതാണിത് . കവിക്ക് ഭൂതകാലം പ്രധാനമാണ് .താൻ എന്താണെന്നറിയാൻ ഓർമ്മകളും വേണം. ഓർമ്മകളായല്ല ,അതിൻ്റെ ജീവിതം ഒറ്റയ്ക്ക് അനുഭവിച്ചതിൻ്റെ സാക്ഷി എന്ന നിലയിൽ. ഏതെല്ലാം അനുഭവങ്ങൾ ഏതെല്ലാം മുറിവുകളായി രൂപാന്തരപ്പെട്ടു  എന്നറിയുമ്പോൾ കവി കൂടുതൽ ആഴം നേടുന്നു.

ഒരു കവിത എഴുതുക എന്ന് പറഞ്ഞാൽ വെറുമൊരു പദക്കൂട്ടിൻ്റെ  നിർമ്മാണമല്ല; ആത്മരതിയല്ല. നിലവിലുള്ള സംസ്കാരത്തിൻ്റെ അപര്യാപ്തതകളെ അതേപടി അംഗീകരിച്ച് പിൻവാങ്ങുകയല്ല; വിലക്കപ്പെട്ടതും താഴ്ന്നുപോകുന്നതും സത്യാത്മകവുമായ അനേകം നാവുകൾ കവിതയിലൂടെ ഉയിർകൊള്ളണം. പ്രതിഷേധം ഒരാന്തര വീര്യമാണ്. സൗന്ദര്യത്തെ വിട്ട് കവിക്ക് ജീവിതമില്ല .ജീവിതത്തിൽ എന്താണോ മറയ്ക്കപ്പെടുന്നത് ,അവിടെ സൗന്ദര്യം കണ്ടെത്തിയാൽ പോരാ ,അത് അനുവാചകന് ദൃശ്യമാക്കുകയും വേണം. അദ്യശ്യതയിൽ നിന്നുള്ള ഒരു ഉയിർപ്പ് എന്ന നിലയിൽ കലയ്ക്ക് എപ്പോഴും പ്രസക്തിയുണ്ട്. 
ഒന്നിനെയും താൻ ചോദ്യം ചെയ്യുന്നില്ല. എല്ലാത്തിൻ്റെയും മുന്നിൽ താൻ  കമഴ്ന്നടിച്ചു വീണ് പ്രണമിച്ചുകൊള്ളാമെന്നു പറയുന്നിടത്ത്  കവിതയില്ല. ഒരു സ്റ്റാറ്റസ്കോയുടെ പിന്താങ്ങിയാകരുത് കവി; അയാൾ അതിനെ ചോദ്യം ചെയ്തുകൊണ്ടിരിക്കണം.

കുമാരനാശാൻ്റെ കവിതയിലെ വിമർശനം ഇന്നും പ്രസക്തമായി നിൽക്കുകയാണ് .'വീണപൂവി'ൽ വിമർശനമുണ്ട്; അത് ജഡസമാനമായ കാവ്യാഭിരുചികളെ വിമർശിച്ച് കവിതയുടെ അറിയപ്പെടാത്ത രുചി കണ്ടെത്തുന്നു.'ചണ്ഡാലഭിക്ഷുകി' ജാതിക്കൊത്തളങ്ങളെ വിമർശിക്കുകയാണ്. നിലനിൽക്കുന്ന വ്യവസ്ഥയോട് താൻ പൊരുത്തപ്പെടുന്നില്ല എന്ന് ആശാൻ  തൻ്റെ കവിതയിലൂടെ ഓരോ ഘട്ടത്തിലും വിളിച്ചുപറഞ്ഞു.
ഇന്നത്തെ കവിതയിൽ ,പലപ്പോഴും കാവ്യാത്മകമായ വഴക്കങ്ങളുടെ സ്വാധീനത്തിൽ പല വാങ്മയങ്ങളും സൃഷ്ടിക്കപ്പെടുന്നു.
ഡോ. ലയ ശേഖർ എഴുതിയ 'വഴി വെട്ടുകാരൻ' (എഴുത്ത്) എന്ന കവിതയിൽ ഇങ്ങനെ വായിക്കാം:

"ചൂടിയ വെയിലെല്ലാം 
ശീലമാക്കി ചാരിവയ്ക്കും. 
വരണ്ട തൊണ്ട കനപ്പിച്ച് 
ഒന്നു ചുമയ്ക്കും.
ഉമ്മറത്ത്  ഓക്കാനിക്കാതെ തൊണ്ടക്കുഴിയിലെ നോവ്
വെള്ളം തൊടാതെ വിഴുങ്ങും
കീശപ്പൊതിയിൽ 
നാരങ്ങ മിഠായി മണക്കും" .

ഇത്തരം വരികൾ എത്ര വേണമെങ്കിലും നിർമ്മിക്കാമെന്ന് കവികൾ മനസ്സിലാക്കിയിരിക്കുന്നു. കാരണം ,ഇത് വാക്കുകളുടെ ക്രമീകരണവും, അമൂർത്ത ആശയങ്ങളുടെയും ഭാവനകളുടെയും മുൻകൂട്ടിയുള്ള നിർമ്മാണവുമാണ്. ഈ വരികളെഴുതാൻ കവിക്ക് ഒരു പീഡനവും നേരിടേണ്ടി വന്നിട്ടില്ല . ആലോചനയുടെ ഭാരം താങ്ങി, അനുഭവത്തിൽ വെന്താണ്  നല്ല ഭാഷയുണ്ടാവേണ്ടത് .

എല്ലാ ദിവസവും കവിതയെഴുതേണ്ടതില്ല. ഇന്ന്  ആലോചിക്കാൻപോലും ക്ഷമയില്ല. ചിന്തിക്കുന്നതെല്ലാം കവിതയാണെന്ന നിലപാടിൽ പലരും എത്തിയിരിക്കുന്നു. ഇൻ്റർനെറ്റ് ,എഴുതാൻ ഇടങ്ങൾ തുറന്നു തന്നതോടെ എന്തും അവതരിപ്പിക്കാൻ സ്വാതന്ത്ര്യമായി. അമേരിക്കൻ എഴുത്തുകാരി ഉർസുല കെ. ലെഗ്വിൻ പറഞ്ഞതാണ് ഓർമ്മ വരുന്നത്. "നിങ്ങൾ എഴുതിയ കവിത വായിക്കുന്നവരാണ് അതിനുള്ള പ്രതിഫലം തരുന്നത്. എന്നാൽ നിങ്ങൾ സ്വയം ചോദിക്കണം. ഞാൻ ഇത് ശരിയായി എഴുതിയിട്ടുണ്ടോ ?"

എന്താണ് ഇതിർത്ഥം? എല്ലാ വാക്കുകളും സംവേദനത്തിൻ്റെ  മാർഗത്തിൽ കൃത്യമായി ഇഴുകിച്ചേരുന്നുണ്ടോ എന്ന് നോക്കേണ്ടതുണ്ട്. വായനക്കാരനെ  കുഴപ്പിച്ച് ഒരു വനം മുഴുവൻ നടത്തിച്ച് വെറും കൈയോടെ പറഞ്ഞയയ്ക്കുന്നത് പരാജയമാണ്.


No comments:

Post a Comment

അക്ഷരജാലകം ഇരുപത്തിയഞ്ച് വർഷങ്ങൾ പിന്നിട്ടിരിക്കുന്നു: എം. സി. രാജനാരായണൻ

  ഇന്ത്യയിലെ പ്രശസ്ത സിനിമാ വിമർശകനും ഫിപ്രസി അംഗവും ഗ്രന്ഥകാരനുമായ എം.സി. രാജനാരായണൻ എഴുതുന്നു പ്രചാരവും സ്വീകാര്യതയും നിലനിർത്തിക്കൊണ്ട്‌ ...