നോവൽ
ഒരു കലാരൂപമാണെന്ന് ഇനിയും മനസ്സിലാകാത്ത എഴുത്തുകാരുണ്ട്. അവർ നോവൽ
എഴുതുന്നു .എന്നാൽ നോവലിൽ എന്താണ് നിറയ്ക്കേണ്ടതെന്ന് അവർക്കറിയില്ല.
യാതൊന്നും എഴുതാനില്ലാത്തതുകൊണ്ട് ദേശത്തിൻ്റെ ചരിത്രമെഴുതുകയാണ് ചിലർ.
ദേശത്തിൻ്റെ ചരിത്രം ഒരു കാല്പനിക ഭൂമികയാണ് .പലരും എഴുതിയെഴുതി
കൂട്ടിവെച്ച പുരാണമാണത്. അതിലേക്ക് ആണ്ടുപോയി ആഖ്യാനം ചമയ്ക്കുന്നതിനെ
നോവലെന്ന് വിളിക്കുന്നത് നോവലിനു അപമാനമാണ്. നോവൽ കാലഹരണപ്പെട്ട ഒരു
മാതൃകയല്ല; കവിത ചിലപ്പോൾ അങ്ങനെയാണെങ്കിൽ പോലും.
കവിതകൊണ്ട്
സംവേദനം ചെയ്യാൻ സാധിക്കാത്ത ജീവിതമുണ്ടെന്ന തിരിച്ചറിവിൽനിന്നാണ് നോവൽ
ഉണ്ടാകുന്നത്. നോവൽ ബൃഹത്തായ ആഖ്യാനം തന്നെയാണ്. കാരണം, ചെറിയ വിവരണം കഥയിൽ
ഒതുങ്ങുമല്ലോ.എന്നാൽ നോവൽ വെറും വിവരണമല്ല ;അഗാധവും അപരിചിതവുമായ
ഒരാഖ്യാനമാണത്. അത് അറിയപ്പെടാതെ ഭൂമിയാണ്. അതിൻ്റെ ക്രാഫ്റ്റിനാണ്
പ്രാധാന്യമുള്ളത് .സ്ഥലചരിത്രമോ , രാഷ്ട്രീയചരിത്രമോ രാജവംശ ഇതിഹാസമോ
സ്ഥൂലമായി പറയാൻ ആർക്കും കഴിയും. അതേസമയം നോവലിന് വേണ്ടത് കലയാണ്.
കലാകാരനാണ് നോവൽ എഴുതേണ്ടത്.അങ്ങനെ നോക്കുമ്പോൾ നമുക്ക് എത്ര
നോവലിസ്റ്റുകളുണ്ട് ?എം.ടിയുടെ 'മഞ്ഞ്' കലാപരമായ ആവിഷ്കാരമാണ്. 'മഞ്ഞി'ൽ
നൈനിത്താളിൻ്റെ ഭൂമിശാസ്ത്രമോ, രാഷ്ട്രീയചരിത്രമോ എം.ടി എഴുതിയില്ലല്ലോ
.ഇന്നത്തെ ചില എഴുത്തുകാർ ആ വിഷയം എഴുതിയിരുന്നെങ്കിൽ ,അതിൽ കാശ്മീർ
,പാകിസ്ഥാൻ പ്രശ്നങ്ങളും ഹിന്ദു - മുസ്ളിം സംഘർഷവുമെല്ലാം
കടന്നുവരുമായിരുന്നു. കാരണം, രാഷ്ട്രീയത്തിലേക്ക് എടുത്തുചാടാൻ തറ്റുടുത്തു
നിൽക്കുകയാണല്ലോ നമ്മുടെ നോവലിസ്റ്റുകൾ .ഒ.വി.വിജയൻ്റെ 'മധുരംഗായതി
',കോവിലൻ്റെ 'തോറ്റങ്ങൾ' ,ആനന്ദിൻ്റെ 'മരണസർട്ടിഫിക്കറ്റ്', തുടങ്ങിയ
നോവലുകൾ വായിക്കുമ്പോൾ നോവലിന് കലയാകാതിരിക്കാനാവില്ല എന്ന ചിന്തയിൽ നമ്മൾ
ഉത്സുകരാവും.
എന്നാൽ സാറാ
ജോസഫിൻ്റെ 'ഒതപ്പ് ' ,യു.കെ.കുമാരൻ്റെ ' തക്ഷൻകുന്ന് സ്വരൂപം'
,ടി.ഡി.രാമകൃഷ്ണൻ്റെ 'മാമാ ആഫ്രിക്ക ' തുടങ്ങിയ കൃതികൾക്ക് മറ്റു
വർത്തമാനങ്ങളുമായി ബന്ധമുണ്ടെങ്കിലും കലയുമായി ബന്ധമില്ല. നോവലിൻ്റെ
ക്രാഫ്റ്റിനുള്ളിൽ കലാകാരൻ ക്രിസ്തുവിനെപ്പോലെ സഹിക്കുകയാണ് ചെയ്യുന്നത്.
കലയുടെ രക്തവും പാപവുമായി ക്രിസ്തു കുരിശിലേറുന്നത് നോവലിൻ്റെ
അന്തരാത്മാവിലാണ് .അവിടെയാണ് നോവലിസ്റ്റ് സ്വയം ഒരു കുരിശാകുന്നത്.
ആത്മബോധങ്ങളുടെ അപ്രകാശിതമായ ലോകങ്ങളെ ചുമന്നുകൊണ്ടാണ് കലാകാരൻ
നോവലിനുള്ളിലേക്ക് പ്രവേശിക്കുന്നതെന്ന വസ്തുത പ്രധാനമാണ്.
തുരുമ്പുപിടിച്ച ചിന്തകൾ
ഇപ്പോഴും
കാലോചിതമായ ചിന്തയോ , ആഖ്യാനരീതിയോ ,ഭാഷയോ ഇല്ലാതെ കവിതയെ പഴകിയ
അഭിരുചികളിലേക്ക് തള്ളിവിടുന്ന കവിയാണ് ആലങ്കോട് ലീലാകൃഷ്ണൻ.
അദ്ദേഹത്തിൻ്റെ ഒരു വാക്യം 'ഇന്ന് '(നവംബർ)മാസികയിൽ വായിച്ചു :അത്
ഇപ്രകാരമാണ്: "ഏഴെട്ടു നൂറ്റാണ്ട് പഴക്കമുള്ള മലയാളകവിതയുടെ
താളപാരമ്പര്യങ്ങളെ ഏതാനും വർഷങ്ങളുടെ മാത്രം ഗദ്യകവിതാശീലംകൊണ്ട്
ഇല്ലാതാക്കാമെന്നത് കുറച്ചു പ്രച്ഛന്നവോത്തരരുടെ വ്യാമോഹം മാത്രമാണെന്ന്
തെളിയിക്കുന്ന കാലമാണിത്" .
ഇത്രയും
വിവേകശൂന്യമായ അഭിപ്രായം പറയാൻ ഈ കവിക്ക് യാതൊരു ചമ്മലുമില്ല എന്നത് എന്നെ
അമ്പരപ്പിച്ചു. ഇതിനു പിന്തുണ കൊടുക്കാൻ ചിന്താശൂന്യതയെ കൊടിയടയാളമാക്കിയ
മണമ്പൂർ രാജൻബാബുവിനു മാത്രമേ കഴിയൂ . അദ്ദേഹത്തിൻ്റെ 'ഇന്ന് 'എന്ന പത്രിക
ഇത്തരം ചിന്തകളുടെ തലസ്ഥാനമാണ്.
കാലദൈർഘ്യമാണോ ഒരു സാഹിത്യശാഖയുടെ പൊരുളിൻ്റെ അടിസ്ഥാനം ? കൂടുതൽ കാലം നിലനിന്നാൽ അത് ശരി എന്ന് സ്ഥാപിക്കപ്പെടുമോ ?
ലോകനോവലിൻ്റെ
വിശാലമായ ചരിത്രത്തിൽ ഹ്വാൻ റുൾഫോ (Juan Rulfo) 'പെഡ്രോ പരാമോ' എന്ന
ഒരൊറ്റ നോവൽകൊണ്ട് അട്ടിമറി നടത്തിയത് ആലങ്കോടിനു അറിയില്ലല്ലോ .ഗാർസിയ
മാർകേസ് പറഞ്ഞു , തൻ്റെ 'വൺ ഹൺഡ്രഡ് ഇയേഴ്സ് ഓഫ് സോളിറ്റ്യൂഡ് 'എന്ന നോവൽ
എഴുതാൻ കാരണം 'പെഡ്രോ പരാമോ'യുടെ പാരായണ മാണെന്ന്. കഥകളുടെ മഹാകാലത്തെ
'മെറ്റാമോർഫോസിസ്' എന്ന ഒറ്റക്കഥകൊണ്ട് ഫ്രാൻസ് കാഫ്ക വഴിതിരിച്ചുവിട്ടു
.ഇതിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? കേട്ടാലും മനസ്സിലാവുകയില്ല. കവിതയുടെ
സഹസ്രാബ്ദകാലത്തെ പാരമ്പര്യത്തെ ടി.എസ്. എലിയറ്റ് ' ദ് വേസ്റ്റ് ലാൻഡ് '
എന്ന ഒരൊറ്റക്കവിതകൊണ്ട് മറികടന്നു. മികച്ച ഒരു കൃതിയുണ്ടായാൽ ,പിന്നൊന്നും
പഴയതുപോലെയാകില്ല. മലയാളകവിതയുടെ ശ്ലോകപാരമ്പര്യവും ഛന്ദസ്സ് നിറഞ്ഞ
വൃത്തപാരമ്പര്യവും അവസാനിച്ചു. ആയിരം ആലങ്കോടുമാർ വന്നാലും അതിനി
പൊങ്ങില്ല. മലയാളകവിതയിൽ നിന്ന് ഗദ്യത്തെ ഉച്ചാടനം ചെയ്യാൻ ഒരു
പിന്തിരിപ്പനും സാധിക്കില്ല. ലോകകവിതയിൽ തന്നെ ഗദ്യം അതിശക്തമായ
സ്വാധീനമാണിന്ന്. കവിതയിലെ ഗദ്യം സാമ്പ്രദായിക ഗദ്യമല്ല ;അത് വേറൊരു
ജനുസ്സാണ്. ഇതു പക്ഷേ ,വൃത്ത വിദ്വാന്മാർക്ക് പിടികിട്ടാൻ
പ്രയാസമായിരിക്കും.
ഇന്ന് വൃത്തത്തിലും താളത്തിലും
കവിതയെഴുതുന്നവർ ,ഒറ്റനോട്ടത്തിൽ ബുദ്ധിശൂന്യതയും ജഡതയുമാണ്
ആഘോഷിക്കുന്നത്.അവർക്ക് പറയാൻ ഒന്നുമില്ല. വെറും താളംകൊണ്ടു മാത്രം
കവിയാകാനാവില്ല.ജീവിതത്തെക്കുറി ച്ച് ദാർശനികമായി യാതൊന്നും
ചിന്തിക്കാൻ കഴിവില്ലാത്തവരും ,ഇപ്പോഴും സ്കൂൾ പഠനകാലത്തെ മലയാളം ക്ലാസിൽ
നങ്കൂരമിട്ടു കിടക്കുന്നവരുമാണ് ഗത്യന്തരമില്ലാതെ വൃത്തം എന്നു പറഞ്ഞു
മുറവിളി കൂട്ടുന്നത്.
ഇന്നത്തെ
കവി അവൻ്റെ ഈണവും വേദനയുമാണ് എഴുതുന്നത്; രാജഭരണകാലത്തെ വൃത്തമോ ഈണമോ
അല്ല. പിതാവ് കാൽ തല്ലിയൊടിച്ചു ആശുപത്രിയിൽ കിടന്നു നരകിച്ച കുട്ടി
ജീവിതത്തിൻ്റെ പിന്നാമ്പുറത്തിരുന്ന് തൻ്റെ അനാഥത്വത്തെക്കുറിച്ച്
എഴുതുമ്പോൾ അത് കളകാഞ്ചിയിൽ തന്നെ വേണമെന്നോ ? സൗകര്യമില്ല. ഇതു വായിച്ച്
നിങ്ങളൊന്നും സ്വാരസ്യമെഴുതേണ്ട .
എല്ലാ
വിലക്കുകളും ഭേദിച്ച് കവികൾ പുറത്തേക്ക് സഞ്ചരിക്കാൻ തുടങ്ങിയിട്ട് വർഷം
എത്രയായി !എല്ലാ മാമൂലുകളും ദൂരേയ്ക്ക് വലിച്ചെറിയപ്പെടുന്ന കാലമാണിത്.
അലങ്കാരമായ ജനാധിപത്യമല്ല, ജീവിതം തന്നെയായ ജനാധിപത്യമാണ് കവിതയെ
പ്രചോദിപ്പിക്കുന്നത്.കവിത വലിയവൻ്റെ സ്വരമല്ല; താഴ്ന്നവൻ്റെ ആത്മഗാനമാണ്.
പ്രൊഫസർമാരൊന്നും ഇനി കവിത എഴുതേണ്ടെന്ന് പറയുന്നത് ഈ അർത്ഥത്തിലാണ്.
കവിത
എന്ന ലക്ഷ്യത്തിനുവേണ്ടി സൃഷ്ടിക്കപ്പെടുന്നവരാണ് അത് എഴുതേണ്ടത്. റോമാ
ചക്രവർത്തിയും ചിന്തകനുമായിരുന്ന മാർക്കസ് ഒറേലിയസിൻ്റെ ഒരു വാക്യം
ഓർക്കുകയാണ്: കാണുന്നതിനു കണ്ണുകളും സഞ്ചരിക്കുന്നതിനു പാദങ്ങളും പ്രതിഫലം
ചോദിക്കുന്നില്ലല്ലോ .ഒരു യഥാർത്ഥ കവി കവിതയിൽ തന്നെത്തന്നെയാണ്
നിറയ്ക്കുന്നത് .മാമൂലുകളെയും പാരമ്പര്യങ്ങളെയും അയാൾ അതിനു വെളിയിലേക്ക്
മാറ്റിനിർത്തുകയാണ് ചെയ്യുന്നത്.
വിവരമില്ലാത്ത ഭാഷണം
പ്രസന്നരാജൻ
കുറെ നോവലിസ്റ്റുകളുടെ പേരുകൾ നിരത്തിയിട്ടു ഇങ്ങനെ
എഴുതുന്നു:(പച്ചമലയാളം,നവംബർ ) .... തുടങ്ങി നിരവധി നോവലിസ്റ്റുകൾ ഈ
രംഗത്തുണ്ട്.ഇവർ ആധുനികതയുടെ വഴികളിലൂടെയല്ല സഞ്ചരിക്കുന്നത്. ചരിത്രത്തിൽ
നിന്നും വർത്തമാനകാല ചരിത്രത്തിൽ നിന്നും പ്രാചീന മഹാസ്മൃതികളിൽനിന്നുമാണ്
നോവലിൻ്റെ ശില്പം വാർത്തെടുക്കുന്നത്. മനുഷ്യസ്വാതന്ത്ര്യത്തെ
സംബന്ധിക്കുന്ന അടിസ്ഥാനപ്രശ്നങ്ങൾ ഈ നോവലുകൾ ഉയർത്തുന്നു എന്നതാണ് ഏറ്റവും
വലിയ പ്രശ്നം ". ഇത്രയും ചിന്താശൂന്യമായി എഴുതാൻ പ്രസന്ന രാജനേ കഴിയൂ.
അദ്ദേഹത്തിന് സാഹിത്യത്തെക്കുറിച്ച് വിശാലമായ പരിസരബോധമില്ല. കെ.
പി.അപ്പൻ്റെ ക്ലാസിലിരുന്ന ഓർമ്മകളല്ലാതെ ,വേറൊന്നും വായിച്ചതായി
തെളിവില്ല; ചിന്തിക്കാനറിയില്ല അദ്ദേഹത്തിനു.
അദ്ദേഹം
പറയുന്നത് കേട്ടോ :'നിരവധി' നോവലിസ്റ്റുകൾ രംഗത്തുണ്ടെന്ന് !. നിരവധി പേർ
ഒന്നിച്ചു വന്ന് ഒരേപോലെ എഴുതുമോ ? അവർ ചരിത്രത്തിൽനിന്ന് പ്രമേയം
ഉണ്ടാക്കിയെന്ന്! .പ്രസന്നരാജന് ഇതൊക്കെ മഹാത്ഭുതമായി തോന്നും. മറ്റൊരു
തരംതാണ നിരീക്ഷിക്കണം ഇങ്ങനെയാണ്: മനുഷ്യസ്വാതന്ത്ര്യത്തെ സംബന്ധിക്കുന്ന
അടിസ്ഥാന പ്രശ്നങ്ങൾ ഈ നോവലിസ്റ്റുകൾ അവതരിപ്പിച്ചുവെന്ന്! എന്തൊക്കെയാണ് ആ
പ്രശ്‌നങ്ങൾ ?ഐതീഹ്യങ്ങളിലൂടെ സമകാലീന ജീവിതത്തെ അപഗ്രഥിച്ചുവെന്ന്
തുടർന്നെഴുതുന്നു. എന്താണ് അതിൻ്റെ പ്രസക്തി ? തത്ത്വചിന്ത ഉപേക്ഷിച്ച്
രാഷ്ട്രീയപ്രശ്നങ്ങൾ ഉയർത്തിയെന്ന് . തത്ത്വചിന്തയില്ലാത്തവർ
എഴുതരുതെന്നാണ് പ്രമുഖ ഇംഗ്ലീഷ് വിമർശകനായ കോളിൻ വിത്സൻ പറഞ്ഞത്.
പ്രസന്നരാജന്
തത്ത്വചിന്തയില്ല. അതുകൊണ്ട് അദ്ദേഹത്തിനു ആഴം കുറഞ്ഞ വിമർശനം മതി.
സമകാലീന യാഥാർത്ഥ്യങ്ങൾ എന്താണെന്ന് വ്യക്തമാക്കുന്നുണ്ടോ? എങ്ങനെ അത്
മനസ്സിലാക്കും? ഉപരിതല യാഥാർഥ്യമായിരിക്കാം പ്രസന്നരാജൻ ഉദ്ദേശിക്കുന്നത്.
എന്നാൽ അത് അർത്ഥശൂന്യമാണ്.സ്ഥിരമായി നിരീക്ഷിക്കാവുന്നതും മുൻകൂട്ടി
തീരുമാനിക്കാവുന്നതുമായ 'യാഥാർത്ഥ്യം' നിശ്ചലമായതാണെന്ന് റഷ്യൻ - അമെരിക്കൻ
നോവലിസ്റ്റ് വ്ളാഡിമിർ നബോക്കോവ് പ്രസ്താവിച്ചിട്ടുണ്ട്. ഈ യാഥാർത്ഥ്യം
വളരെ ഉപരിതലത്തിലുള്ളതും എല്ലാവർക്കും അറിയാവുന്നതുമാണ്. ഇതിനെക്കുറിച്ച്
എഴുതുന്നതിനെയാണ് പ്രസന്നരാജൻ വാഴ്ത്തുന്നത്. അദ്ദേഹത്തിൻ്റെ
വീക്ഷണനിലവാരമാണ് ഇത് കാണിക്കുന്നത്.
No comments:
Post a Comment