Thursday, March 31, 2022

വിഗ്രഹം പൂജാരിയാകുമ്പോൾ/എം.കെ.ഹരികുമാർ





ഇന്നത്തെ മുഖ്യധാരാ എഴുത്തുകാർ പൊതുവിൽ ഔദ്യോഗികന്മാരായി  മുദ്രയടിക്കപ്പെട്ടിരിക്കയാണ്. അവർ  വ്യവസ്ഥിതിയെ വാഴ്ത്തുന്നവരായി സ്വയം അവരോധിക്കുകയാണ്. അവർ എന്തിനെയാണ് എതിർക്കുന്നത്? എന്തിനോടാണ് അവർക്ക് അതൃപ്തിയുള്ളത്? എന്താണ് അവരെ അസ്വസ്ഥപ്പെടുത്തുന്നത്? അവർ അഭിമുഖീകരിക്കുന്ന എന്തെങ്കിലും ചിന്താ പ്രശ്നങ്ങളുണ്ടോ ? ഒരു പിടിയും കിട്ടുന്നില്ല. എം.മുകുന്ദൻ ,സക്കറിയ തുടങ്ങിയ എഴുത്തുകാരെ നോക്കൂ .അവർ ഇന്ന് പൂർണമായും എസ്റ്റാബ്ളിഷ്മെൻ്റിൻ്റെ  അനുസരണയുള്ള കുട്ടികളായി മാറിയിരിക്കുന്നു. സ്റ്റാറ്റസ് കോ (മാറ്റമില്ലാതെ തുടരുന്ന അവസ്ഥ) നിലനിർത്തുന്ന ജോലി സീരിയസ് എഴുത്തുകാരുടേതല്ല; സ്റ്റാറ്റസ് കോ (status quo) ബ്രേക്ക് ചെയ്യുമ്പോഴാണ് സാഹിത്യമുണ്ടാകുന്നത്. സ്റ്റാറ്റസ് കോ ചീത്ത അഭിരുചിയാണ്.

ബുക്ക്സ്റ്റാളിൽ പോയിരുന്നു വായനക്കാർക്ക് പുസ്തകങ്ങളിൽ ഒപ്പിട്ടു കൊടുക്കുന്ന അലങ്കാരരചയിതാക്കളായി  അതിവേഗം എഴുത്തുകാർ രൂപാന്തരപ്പെടുകയാണ്. ഒരു കാലത്ത് ആധുനികതയുടെ മണം  ഉൾക്കൊള്ളാൻ ശ്രമിച്ച മുകുന്ദൻ, ഫ്രഞ്ച് എഴുത്തുകാരൻ ഷാങ് പോൾ സാർത്രിനെ അനുകരിച്ച് 'വേശ്യകളെ നിങ്ങൾക്കൊരമ്പലം '(1971) എന്ന്  കഥയ്ക്ക് പേരിട്ടത് കുറേപ്പേരെയെങ്കിലും ആവേശം കൊള്ളിച്ചിരിക്കും. സാർത്ര് എഴുതിയ നാടകത്തിൻ്റെ പേരാണ് ' ദ് റെസ്പെക്ടബിൾ പ്രോസ്റ്റിട്യൂട്ട്' (ആദരണീയയായ വേശ്യ). ഇപ്പോൾ എം.മുകുന്ദനിൽ ആ പഴയ എതിർപ്പുകളില്ല. അദ്ദേഹം എല്ലാത്തിനോടും ഇണങ്ങി വിധേയനായിരിക്കുന്നു. ചിന്തകൾ വർദ്ധക്യത്തിൻ്റെ ആനുകൂല്യം ചോദിക്കുകയാണ്. ഇന്ന് അദ്ദേഹം  ഒരു വിഗ്രഹമാകാനാണ് എഴുതുന്നത്. വിഗ്രഹമായാൽ മൗനത്തിനു പരിരക്ഷ കിട്ടും; സുരക്ഷിതത്വം ഉറപ്പാക്കാം. ഒന്നും ചിന്തിച്ചില്ലെങ്കിലും വിഗ്രഹങ്ങൾക്കു മേൽ ആദരവ് വന്നു ചേർന്നുകൊണ്ടിരിക്കും. ഈ വിഗ്രഹങ്ങൾ രാഷ്ട്രീയപാർട്ടികളുടെ മനസ്സിനകത്ത് കയറിയിരുന്ന് എഴുതുകയാണ്.വിഗ്രഹമാകാനുള്ള ലക്ഷ്യം സൂക്ഷിക്കുന്നതും അതിനായി വിട്ടുവീഴ്ച ചെയ്യുന്നതും ഒരു ഉപഭോഗ മന:ശാസ്ത്ര പ്രശ്നമായി അപഗ്രഥിക്കേണ്ടതാണ്.

വലിയ പുരസ്കാരങ്ങൾ അധികാരികളിൽനിന്നു നേരിട്ട് കൈപ്പറ്റുകയാണ്. ചരിത്രം തൻ്റെ ഇഷ്ടങ്ങളുടെ ഇത്തിരിവട്ടത്തിനകത്താണെന്ന് അദ്ദേഹം വ്യാഖ്യാനിക്കുന്നതുപോലെ തോന്നുന്നു. 'ദൽഹിഗാഥകൾ' പോലുള്ള നഗരാവലോകനം, അദ്ദേഹം എന്തിനെഴുതുന്നു ? ഇതുപോലുള്ള കൃതികൾ എത്രവേണമെങ്കിലും എഴുതാം .ഇതൊക്കെ ശരാശരി ആഖ്യാനങ്ങളാണ്. മദ്രാസ് ഗാഥകൾ ,മുംബൈ ഗാഥകൾ, ഗുജറാത്ത് ജാഥകൾ തുടങ്ങി ഏതു സ്ഥലവുമായി ബന്ധിപ്പിച്ചും  സാധാരണജീവിതങ്ങളെ ഉപരിതലത്തിൽ അവലോകനം ചെയ്യാനാവും?

കലയുടെ ധ്യാനമെവിടെ ?

പൗരാണിക, വേദസാഹിത്യത്തോട് ബൗദ്ധികമായി ഐക്യം പ്രാപിക്കുകയോ പ്രാചീനമായ തത്ത്വസംഹിതകളിലെ ദാർശനികതയുമായി ആത്മീയബന്ധം സ്ഥാപിക്കുകയോ ചെയ്യാത്ത സക്കറിയയ്ക്ക് എഴുത്തച്ഛനെയും  വള്ളത്തോളിനെയുമൊക്കെ  ന്യായീകരിച്ചു പ്രസംഗിക്കേണ്ടി വരുന്നത് പുതിയ സാഹചര്യം ഏതാണെന്ന് ചൂണ്ടിക്കാട്ടുന്നുണ്ട്. ഇന്നു എഴുത്തുകാർ ഔദ്യോഗിക രാഷ്ട്രീയത്തിൻ്റെ പിന്താങ്ങികളാണ്; സ്വതന്ത്രചിന്തകരോ ,മനീഷികളോ അല്ല. സി.ജെ. തോമസ്, എം. ഗോവിന്ദൻ, ജോസഫ് മുണ്ടശ്ശേരി, കുറ്റിപ്പുഴ കൃഷ്ണപിള്ള ,കുട്ടികൃഷ്ണമാരാര്  തുടങ്ങിയവരെപോലെ അധികാരത്തിൽ നിന്ന് അകന്ന് നിന്നു ,ഒരു വിഗ്രഹമാകാതെ ,ധിഷണയുടെയും ആദർശത്തിൻ്റെയും പോരാട്ടമാകാൻ  ആർക്കും കഴിയുന്നില്ല.ഇന്നു എഴുത്തുകാർ അക്കാദമി ഭാരവാഹിത്വത്തിലും രാഷ്ട്രീയ, സാംസ്കാരിക സംഘടനകളിലും ഒഴിവു വരുമ്പോൾ ചാടിക്കയറാൻ തക്കം പാർത്തു കഴിയുകയാണ്. മനസ്സ് മോഹങ്ങൾകൊണ്ട് ഇളകിമറിയുമ്പോൾ, ധ്യാനം  ആവശ്യപ്പെടുന്ന കലാസൃഷ്ടി എങ്ങനെ നടത്തും ?

കടമ്മനിട്ടയ്ക്ക് സംഭവിച്ച അപചയം ഓർക്കണം. അദ്ദേഹം കാട്ടാളൻ ,കുറത്തി ,ശാന്ത തുടങ്ങിയ കവിതകളിലൂടെ കാടിനോടും സഹനത്തോടും ഐക്യദാർഡ്യം പ്രകടിപ്പിച്ചു. എന്നാൽ അവസരം വന്നപ്പോൾ അദ്ദേഹം രാഷ്ട്രീയ പാർട്ടിയുടെ സ്വരമാകുകയും നിയമസഭാ സാമാജികനാവുകയും ചെയ്തു .അതോടെ കടമ്മനിട്ട ഉയർത്തിക്കൊണ്ടുവന്ന പ്രതിഷേധവും കാടകങ്ങളും റദ്ദാവുകയായിരുന്നു. പോരാളിയുടെ സ്ഥാനത്ത് സ്ഥാപനവത്കൃതമായ അധികാര കേന്ദ്രം ഉപവിഷ്ടമായി. രാഷ്ട്രീയ അധികാരത്തെ പ്രേമിച്ചതോടെ കവിതയുടെ നിരാസ്പദമായ ഉറവകൾ നഷ്ടപ്പെടുകയും ചെയ്തു.സാമാജികനായ കടമ്മനിട്ടയ്ക്ക് കുറത്തിയുമായി ബന്ധമില്ലായിരുന്നു.

ഫേസ്ബുക്കിൽ രാഷ്ട്രീയ സംഘടനകൾക്കുവേണ്ടി പോസ്റ്റിടുന്നതല്ല എഴുത്തിൻ്റെ  രാഷ്ട്രീയം.അത് വളരെ സത്യസന്ധവും നിഷ്പക്ഷവുമാകണം. കാലത്തിൻ്റെ അടിത്തട്ടിൽ നിന്നുയർന്നുവരുന്ന ശബ്ദമാകണമത്.പുരസ്കാരങ്ങളെല്ലാം രാഷ്ട്രീയ പാർട്ടികളും അവരുടെ അനുയായികളും തീരുമാനിക്കുന്ന ഈ നവസാഹചര്യത്തിൽ സാഹിത്യത്തിനു അതിൻ്റെ ഉള്ളടക്കവും കാഴ്ചപ്പാടുമാണ് നഷ്ടപ്പെടുന്നത്. സാഹിത്യരചന ക്ളരിക്കൽ കലയായി രൂപാന്തരപ്പെടുകയാണിപ്പോൾ.

മഹത്വവും ആഴവും

എല്ലാവർക്കും മഹത്തായ കവിത ഉണ്ടാക്കാനാവില്ല. ചിലപ്പോൾ ഇറ്റാലിയൻ വിശ്വകവി ഡാൻ്റേ അലിഗിരിക്ക് കഴിഞ്ഞേക്കും ;അല്ലെങ്കിൽ ലോകജീനിയസ് ഇംഗ്ലീഷ് കവി മിൽട്ടനു പ്രാപ്യമായിരിക്കും. വലിയവരെ തിരിച്ചറിയാൻ എളുപ്പമാണ്. അവരുടെ വാക്കുകളിൽ മഹത്വവും ആഴവുമുണ്ടാകും. സ്വന്തം  ആഗ്രഹങ്ങളെ നന്നായി മെരുക്കിയെടുക്കാനും നിയന്ത്രിക്കാനും  ശേഷിയുള്ളവൻ ഏതു രാജാവിനെക്കാളും വലിയവനാണെന്ന് മിൽട്ടൺ പറഞ്ഞത് എത്രയോ മുഴക്കമുണ്ടാക്കുന്ന വാക്യമാണ് . താൻ തന്നിൽ തന്നെ സ്വയം സമ്പൂർണനാണെന്ന അറിവല്ലേ കവി പകരുന്നത് ?

ഫ്ലോറൻസിൽ നിന്ന് ദാന്തെയെ (1265- 1321)നാടുകടത്തുകയായിരുന്നല്ലോ . മജിസ്ട്രേറ്റിൻ്റെ പദവിയിലായിരുന്ന ദാന്തെയെ നഗരം പിടിച്ചെടുത്ത പട്ടാളം നാടുകടത്തി (1302).പ്രവാസകാലത്ത് ,ജീവിതാന്ത്യത്തിലെഴുതിയ കൃതിയാണ് 'ഡിവൈൻ  കോമഡി'. നവീനമായ കാവ്യശില്പം. ക്രിസ്തുവിനു മുമ്പു ജീവിച്ചിരുന്ന ഇതിഹാസകവി വിർജിലിനോടൊപ്പം മരണാനന്തരയാത്ര നടത്തുന്ന പുതുമയുള്ള ഇതിവൃത്തമാണത്. നരകത്തിൽ, അദ്ദേഹത്തെ വിർജിൽ സഹായിച്ചെങ്കിൽ സ്വർഗ്ഗത്തിൽ കൂടെ നടക്കാൻ എത്തുന്നത് ബാല്യകാലസഖി ബിയാട്രിസാണ്.സ്വർഗ്ഗാനന്തരയാത്രയിൽ വിശുദ്ധനായ ബർണാഡ് സഹായിക്കുന്നു. മനുഷ്യൻ മരണംകൊണ്ട് അവസാനിക്കുന്നില്ലെന്ന്   പ്രഖ്യാപിക്കുകയാണ് അദ്ദേഹം. ആവശ്യമായ പിഴയൊടുക്കുകയാണെങ്കിൽ സ്വന്തം നാട്ടിലേക്ക് തിരിച്ചുവരാമെന്ന് അവസാനകാലത്ത് അധികാരികൾ പറഞ്ഞപ്പോൾ അദ്ദേഹം അവരോട് ഇങ്ങനെ പ്രതികരിച്ചു: " സൂര്യചന്ദ്ര താരകങ്ങളുള്ള എവിടെയും എനിക്ക് ജീവിക്കാം. ഏത് ആകാശത്തിനു താഴെയും ധ്യാനിക്കാം ,അമൂല്യമായ സത്യങ്ങളെ മുൻനിർത്തി ". ഇതാണ് ദാന്തെ .ഇതിനു തുല്യമായ ഒരു വാക്യം
നമ്മുടെ ഭാഷയിൽ കണ്ടെത്താൻ പ്രയാസമായിരിക്കും.

നമ്മുടെ ഭാഷയിൽ എഴുത്തുകാർ  രാഷ്ട്രീയം എന്ന പേരിൽ അരാഷ്ട്രീയമാണ് എടുത്തണിയുന്നത്. അനീതിയോട് പ്രതികരിക്കുന്ന ഒരു രചനപോലുമില്ലല്ലോ .'ദ് മാസ്ക് ഓഫ് അനാർക്കി' (The Mask of Anarchy) എന്ന കവിതയെഴുതിയ ഷെല്ലി (1792-1822)യെ കോളജിൽ പഠിക്കാൻ അനുവദിക്കാതെ അധികാരികൾ പുറത്താക്കുകയാണ് ചെയ്തത്.
ലോകമന:സാക്ഷിയെ ,ഗാന്ധിജിയുൾപ്പെടെയുള്ളവരെ ,ഉണർത്തിയ നിസ്സഹകരണ സമരത്തിൻ്റെ  ആഹ്വാനം ഈ കവിതയിലാണുള്ളത്.  അദ്ദേഹത്തിൻ്റെ ജീവിതകാലത്ത് ഈ കവിത വെളിച്ചം കണ്ടില്ല. 1832 ലാണ് ഇത് അച്ചടിച്ചത്, കവിയുടെ മരണശേഷം .

സാഹിത്യം നവജീവിതമാണ്

അരുന്ധതി റോയിയുടെ 'ദ് ഗോഡ് ഓഫ് സ്മോൾ തിങ്സ് ', ' ദ് മിനിസ്ട്രി ഓഫ് അറ്റ്മോസ്റ്റ് ഹാപ്പിനെസ്  തുടങ്ങിയ കൃതികൾ അന്താരാഷ്ട്ര പ്രശസ്തമാണെന്നന്നത് ശരിതന്നെ. പക്ഷേ, ഇപ്പോൾ പ്രശസ്തി ഒരു സാധ്യതയാണ്; അത് ഗുണപരമായ ഘടകമാകണമെന്നില്ല .പ്രസാധകർ തമ്മിലുള്ള പരിഭാഷാ ഉടമ്പടികളും ലിറ്ററേച്ചർ ഫെസ്റ്റിവലുകളും  സാർവത്രികമായിരിക്കുന്ന ഈ  യുഗത്തിൽ എഴുത്തുകാർക്ക് അന്തർദേശീയ പ്രശസ്തി കിട്ടുന്നത് സ്വാഭാവികമാണ്. പക്ഷേ, എത്ര പ്രശസ്തിയുണ്ടായാലും എഴുതുന്നതിൽ  സത്യമുണ്ടോ എന്നറിയാൻ നല്ലൊരു വായനക്കാരനു പ്രയാസമില്ല.

തർക്കിഷ് എഴുത്തുകാരൻ ഒർഹാൻ പാമുഖ് തൻ്റെ ജന്മദേശമായ ഇസ്താംബൂളിനെ അനുഭവിപ്പിച്ചത് ഓർക്കുകയാണ്. നമ്മുടെ നാട്ടിൽ കാണുന്നതു പോലുള്ള ഒരു ഓർമ്മയെഴുത്തല്ല ഇത്. ഓരോ വസ്തുവിൻ്റെയും ആത്മാവ് അന്വേഷിക്കുന്ന രചനയാണ് 'ഇസ്താംബൂൾ :മെമ്മറീസ് ആൻഡ് ദ് സിറ്റി '. നഗരത്തിലെ പുകപോലും സാഹിത്യമായിത്തീരുന്നു. നഗരം എങ്ങനെയാണ് ഒരാധുനിക മനുഷ്യൻ്റെ സിരകളിൽ കെട്ടുപിണഞ്ഞു കിടക്കുന്നതെന്ന് മനസ്സിലാക്കി തരികയാണ് .അദ്ദേഹം എഴുതുന്നു: "ഇവിടെ ,പുരാതനമായ കല്ലുകൾക്കും പഴയ തടികൊണ്ടുണ്ടാക്കിയ വീടുകൾക്കും ഇടയിൽ ചരിത്രം അതിൻ്റെ അവശിഷ്ടങ്ങൾക്കൊണ്ടാണ് സമാധാനം സൃഷ്ടിച്ചിരിക്കുന്നത്. ആ അവശിഷ്ടങ്ങൾ ജീവിതത്തെ പുനരുജ്ജീവിപ്പിച്ചു: ചരിത്രത്തിനു നവജീവിതം നല്കി ".

ഒരു സാഹിത്യകാരൻ എന്തെഴുതിയാലും, അതിൽ സാഹിത്യമുണ്ടാവണം. കഥയോ കവിതയോ നോവലോ എഴുതണമെന്നില്ല. ചിന്തയുടെയും ഭാവനയുടെയും സംസ്കാരമാണ് എഴുത്തിനു ജീവൻ വയ്പ്പിക്കുന്നത്.എന്താണ് എഴുത്തിലെ ദർശനം ? എൻ്റെ നവാദ്വൈതവീക്ഷണപ്രകാരം അത് ചുറ്റുമുള്ളവയിൽ ഓരോന്നിലും, ഓരോ വസ്തുവിലും തന്നെത്തന്നെ ദർശിക്കുക എന്നതാണ് .അചേതനവസ്തുവിനെ  ജീവിപ്പിക്കണം; മരിച്ചവരെ ഉയിർപ്പിക്കണം. ഒരു പൂവിനെ വരയ്ക്കുമ്പോൾ ചിത്രകാരൻ അതിൽ സ്വയം നിറയണം. തന്നിലുള്ളതിനെയാണ് ചിത്രകാരൻ സ്വാംശീകരിക്കുന്നത്. അവൻ്റെ ഭാവന എത്ര അസാധാരണമാണെങ്കിലും അത് യഥാർത്ഥമാണ്.

അരുന്ധതി റോയിയുമായുള്ള അഭിമുഖം (മാതൃഭൂമി ഓണപ്പതിപ്പ് ) വായിച്ച് നിരാശനായി എന്നറിയിക്കട്ടെ. രണ്ട് നോവലുകൾ എഴുതിയെങ്കിലും അവരിൽ നിന്ന് ഒരു സാഹിത്യകാരിയുടെ ഭാഷണം ഉണ്ടാകുന്നില്ല .അവരുടെ ഓർമ്മകളിൽ സാഹിത്യത്തിൻ്റെ കാലം പ്രത്യക്ഷപ്പെടുന്നില്ല.അവർ ഭരണാധികാരികളെക്കുറിച്ചും അടുത്തിടെ ഒ.ടി.ടി.പ്ളാറ്റുഫോമിൽ കണ്ട സിനിമയെക്കുറിച്ചും അക്കാദമിക് സമൂഹത്തെക്കുറിച്ചും ഛത്തീസ്ഗഢിലെ വനസന്ദർശനത്തെക്കുറിച്ചുമൊക്കെയാണ് സംസാരിക്കുന്നത്.ഇതൊക്കെ പറയാൻ ഒരു നോവലിസ്റ്റിൻ്റെ ആവശ്യമുണ്ടോ ?അരുന്ധതി എന്തു ചിന്തിക്കുന്നു ,എന്തു വായിക്കുന്നു എന്നു മനസ്സിലാക്കിതരുന്ന ഒരു വാചകംപോലും അഭിമുഖത്തിലില്ല.
അരുന്ധതിക്ക് സ്വന്തമായി ഒരാശയ ലോകമോ ,ദാർശനിക പ്രശ്നങ്ങളോ ഇല്ല .

സമകാലിക രാഷ്ട്രീയത്തിലെ ചില വിമതസ്വരങ്ങളുടെ ഓരംപറ്റി അവർ തൻ്റെ സമകാലികതയെ കനം  വയ്പ്പിച്ചെടുക്കാൻ ശ്രമിക്കുന്നതല്ലാതെ  മറ്റൊന്നും കണ്ടില്ല. എഴുത്തുകാർക്ക് ആന്തരികമായ  ആഴമുണ്ടെങ്കിൽ അവരുടെ സംഭാഷണങ്ങളിൽ അത് തെളിഞ്ഞു വരും .വ്ളാഡിമിർ നബോക്കോവ് ,ഇസയ്യ ബെർലിൻ  തുടങ്ങിയവരുടെ സംഭാഷണങ്ങൾ വായിച്ചാൽ വ്യക്തമാകും.


 

1 comment:

നിരാസത്തിന്റെ തത്ത്വം /ഡോ.യാക്കോബ്‌ മാർ ഐറേനിയോസ്‌

  ശ്രീ. എം.കെ.ഹരികുമാറിന്റെ 'എന്റെ മാനിഫെസ്റ്റോ' വായിച്ചു തുടങ്ങിയപ്പോൾ ഇത്‌ ഏതോ ദുരൂഹതയുടെ ഗുഹാമുഖമാണെന്ന്‌ തോന്നിപ്പോയി. വായനപുര...