ക്ലാസിക്കൽ കാലഘട്ടത്തിലെ കഥാപാത്രസങ്കല്പം തകർന്നു. സ്ഥല, കാലങ്ങളെക്കുറിച്ചുള്ള ക്ലാസിക്കൽ സങ്കൽപ്പവും അസ്ഥിരമാക്കപ്പെട്ടു. നളൻ എന്ന പേരായ വ്യക്തിയിൽ നളൻ്റെ മാത്രം സ്വഭാവങ്ങളുള്ള ഒരു സങ്കല്പം ഇന്നില്ല. ഇന്ന് ബാഹ്യലക്ഷണങ്ങളോ ,മറ്റു പ്രത്യേകതകളോ അടിസ്ഥാനമാക്കി ആരെയും വിലയിരുത്താനാവില്ല. കാരണം ,മനുഷ്യൻ അവൻ്റെ സ്വാതന്ത്ര്യത്തെയാണ് ഇന്ന് നേരിടുന്നത്. സ്വതന്ത്രനാവുക എന്ന സ്വാതന്ത്ര്യമല്ല, സ്വാതന്ത്ര്യത്തെ എങ്ങനെ ഉപയോഗിക്കണമെന്ന വ്യഥയാണ് ഓരോരുത്തരുടെയും മുമ്പിലുള്ളത്. സ്വർഗ്ഗം വന്നു വിളിക്കുമ്പോൾ ആരെ കൊന്ന് അത് നേടാമെന്നു ആലോചിക്കുന്നത് പുതിയ സ്വാതന്ത്ര്യബോധം ഏൽപ്പിച്ച ആഘാതമാണ്. സമൂഹമാധ്യമങ്ങളും സ്വന്തം ഓൺലൈൻ അക്കൗണ്ടുകളും സ്വാതന്ത്ര്യം തന്നെയാണ് ഓരോ വ്യക്തിക്കും പാചകം ചെയ്തു തരുന്നത്. ഓരോ വ്യക്തിയും ഇന്ന് ഓരോ അടുപ്പാണ്; അവിടെ വേവുന്നത് സ്വാതന്ത്ര്യമാണ്. തനിക്ക് പിറന്ന കുട്ടിയെ അമ്മ കൊന്നു കുഴിച്ചു മൂടുന്നത്, മകൾക്ക് വിവാഹം ആലോചിച്ച യുവാവിനൊപ്പം അമ്മ ഓടിപ്പോകുന്നത് ,കൂടെ കിടന്നുറങ്ങുന്ന സഹപ്രവർത്തകനെ അടിച്ചുകൊന്ന ശേഷം രക്ഷപ്പെടുന്നത് എല്ലാം സ്വാതന്ത്ര്യം തന്നെ!
എന്നാൽ ഈ കാലം നല്കിയ സ്വാതന്ത്ര്യം തൻ്റെ തോളിൽ കൊണ്ടുനടക്കാൻ മനുഷ്യവ്യക്തിക്ക് കഴിയുന്നില്ല. അവൻ അശക്തനാണ് ,അവൻ പതറിപ്പോവുകയാണ്. നളൻ ഇന്നില്ല ; എന്നാൽ പല സമയങ്ങളിൽ പല രീതിയിൽ പെരുമാറുന്ന നളന്മാരെ കാണാം. നളചരിതം ആട്ടക്കഥ എഴുതിയ ഉണ്ണായിവാരിയരുടെ മുമ്പിൽ അസ്തിത്വദർശനമില്ല;കഥയും കഥാപാത്രങ്ങളുമാണുള്ളത്. ഉണ്ണായിവാരിയരിൽ നിന്ന് ഫ്രഞ്ച് എഴുത്തുകാരനായ ഷാങ് പോൾ സാർത്രി(Sartre) ലേക്കുള്ള ദൂരം അറിയാത്തവർ ഇന്ന് എഴുതിയിട്ട് ഒരു കാര്യവുമില്ല. സാർത്ര് പോലും ഒരു നടക്കല്ല് മാത്രമാണിന്ന്; ലക്ഷ്യമല്ല. സാർത്ര് എഴുതിയ നോസിയ (Nausea, 1938) ലോകസാഹിത്യത്തെ തന്നെ വഴിതിരിച്ചുവിട്ട കൃതിയാണ്. ഒരു പുതിയ ചിന്തയാണ്, ആ നോവലിലൂടെ അദ്ദേഹം സംഭാവന ചെയ്തത്. സൈദ്ധാന്തികവും ദാർശനികവുമായ ഒരു വേറിടൽ ,വഴിപിരിയലാണത്.
പപ്പു പല്ലിയെപോലെ
കേശവദേവിൻ്റെ 'ഓടയിൽനിന്ന് 'എന്ന നോവലിലെ പപ്പു സഹനത്തിൻ്റെയും ത്യാഗത്തിൻ്റെയും മൂർത്തിമദ്ഭാവമാണല്ലോ.എന്നാൽ പപ്പുവിനെ വായനക്കാരൻ എങ്ങനെയാണോ, കാണുന്നത് അതുതന്നെയാണ് അയാൾ.പപ്പുവിനു അടിസ്ഥാനസ്വഭാവമുണ്ട്. ഒരു ഉറുമ്പിന് ,പല്ലിക്ക് ഉള്ള അടിസ്ഥാനസ്വഭാവമാണിത്. പല്ലിയുടെ മുന്നിൽ ശർക്കരയോ പണമോ കൊണ്ടുവന്നു വച്ചാൽ ഒരു സ്വഭാവമാറ്റവുമുണ്ടാവില്ല. കാരണം, അതിനു അടിസ്ഥാനസ്വഭാവമുണ്ട്.
അത് എപ്പോഴും പെരുമാറുന്നത് ഒരുപോലെയാണ്. പ്രാണിയെ കണ്ടാൽ അതിനെ ഭക്ഷിക്കാനായി അത് ഓടും. അതിനു മാറ്റമില്ല. അതുപോലെയാണ് പപ്പുവും .അയാൾക്ക് ഒരു പാവപ്പെട്ട കുടുംബത്തെ റിക്ഷവലിച്ച് സഹായിച്ചേ പറ്റൂ .പപ്പുവിനു വ്യക്തിപരമായി ഒരു മോഹവുമില്ല. അതിനായി അയാൾക്ക് ഒരമ്മയെയും മകളെയും കിട്ടി; അവരല്ലെങ്കിൽ വേറൊരു അമ്മയെയും മകളെയും പപ്പു തേടിപ്പിടിക്കുമായിരുന്നു. പപ്പു ഒരാദർശത്തിൻ്റെ വാഹനമാണ്. ആ ആദർശം പരാജയപ്പെടുകയാണെങ്കിൽ പിന്നെ അയാളില്ല. തൻ്റെ പരാജയത്തെക്കാൾ ,തൻ്റെ രോഗപീഢയെക്കാൾ അയാൾ മഹത്വമുള്ളതായി കാണുന്നത് ആ ആദർശത്തെയാണ്.അയാളുടെ ചുമ ആ ആദർശത്തിൻ്റെ ധീരമായ ശബ്ദമാണ്.
സാർത്രിൻ്റെ നോവലിലെ മുഖ്യകഥാപാത്രമായ അൻ്റോയിൻ റോ ഖ്വെൻ്റിനു ഇങ്ങനെയൊരു അടിസ്ഥാനസ്വഭാവമില്ല. അയാൾ തൻ്റെ അസ്തിത്വത്തെക്കുറിച്ചാണ് ചിന്തിക്കുന്നത്. ആ വ്യക്തി ഒരു നിമിഷത്തിൽ ശരിക്കും ഒറ്റപ്പെടുകയാണ് ചെയ്യുന്നത്. മുൻകൂട്ടി നിശ്ചയിക്കപ്പെട്ട ഒരു സ്വഭാവത്തിൻ്റെ പിൻബലമില്ലാത്തതുകൊണ്ട് അയാൾ ഒറ്റപ്പെടലിൻ്റെ വ്യഥ അനുഭവിക്കുന്നു; എല്ലാം അയാൾ അതാത് സമയത്ത് തീരുമാനിക്കണം .അയാളുടെ നോട്ടമാണ് അയാളെ വിധിക്കാൻ പോകുന്നത്. ഒരു ഉറുമ്പിനു അസ്തിത്വ വ്യഥയില്ല ; കാരണം അതിന് അടിസ്ഥാനസ്വഭാവങ്ങളുണ്ട് .എന്നാൽ സാർത്രിൻ്റെ നായകൻ തൻ്റെ അസ്തിത്വത്തെ മഞ്ഞുമലപോലെ നേരെ മുൻപിൽ കാണുകയാണ് ."ഈ ലോകത്തിൻ്റെ ഭാരം ഞാൻ ഒറ്റയ്ക്ക് ചുമക്കുകയാണ് ,അതിൽ ആരും എന്നെ സഹായിക്കാനില്ല ".എന്താണ് ഇതിനർത്ഥം ?ഈ ലോകം നിലനില്ക്കുന്നു എന്ന് അയാൾ മനസ്സിലാക്കുന്നത് ചിന്തിക്കുന്നതുകൊണ്ടാണ്. ലോകത്തിലുള്ള എല്ലാം അയാളുടെ നോട്ടത്തിലാണ് നില്ക്കുന്നത്. അയാൾ ഇല്ലെങ്കിൽ ലോകമില്ല. എന്നാൽ ഈ കഥാപാത്രത്തിനു ആത്മഹത്യ ചെയ്യാനാവില്ല. കാരണം, ജീവിതത്തെക്കാൾ താൻ ഒറ്റപ്പെടാൻ പോകുന്നത് മരണത്തിലായിരിക്കുമെന്ന് അയാൾ ചിന്തിക്കുന്നു .
നവീന അവബോധമില്ല
ഈ അസ്തിത്വബോധം സാഹിത്യചിന്തയിലെ ഒരു പരിവർത്തനദശയാണ്. ഇത് മനസ്സിലാക്കാതെ എഴുതിയിട്ട് കാര്യമില്ല. ജി.ആർ ഇന്ദുഗോപൻ എഴുതിയ 'കരിമ്പുലി'(മാതൃഭൂമി ആഴ്ചപ്പതിപ്പ് ,ആഗസ്റ്റ് 8 ) ഒരു സിനിമാക്കഥയായിരിക്കാം; എന്നാൽ അതിൽ സാഹിത്യമൂല്യമില്ല. അതിനു സാഹിത്യത്തിൻ്റെ നവീനമായ ഉൾക്കാഴ്ചയില്ല .ഒരു പുലിയെ കെണി വെച്ച് പിടിച്ച് കറിവച്ചു കഴിച്ചതിനെക്കുറിച്ച് വിവരിക്കുന്നത് , ഈ കാലഘട്ടത്തിൽ ,എന്ത് കലാനുഭവമാണ് തരുന്നത് ? ഇന്ദുഗോപന് അസ്തിത്വപരമായ അറിവില്ലാത്തതുകൊണ്ട് സിനിമയിലും മറ്റും കാണുന്ന രംഗങ്ങളെ അനുകരിക്കാനാണ് ശ്രമിക്കുന്നത്.
സച്ചിദാനന്ദനുമായി മങ്ങാട് രത്നാകരൻ നടത്തിയ ഒരു അഭിമുഖം (ഗ്രന്ഥാലോകം ,സെപ്റ്റംബർ) വായിച്ചു. ഗാന്ധിജിയെക്കുറിച്ചാണ് അദ്ദേഹം ദീർഘമായി സംസാരിക്കുന്നത്. സച്ചിദാനന്ദൻ സാഹിത്യത്തെക്കുറിച്ച് സംഭാഷണം അവസാനിപ്പിച്ചിട്ട് മൂന്നു പതിറ്റാണ്ടെങ്കിലുമായി കാണും.സമീപകാലത്തു വന്ന ചിന്തകളൊന്നും അദ്ദേഹം മനസ്സിലാക്കിയതായി അഭിമുഖങ്ങളിൽ കാണുന്നില്ല. അംബേദ്ക്കർ ,ഗാന്ധിജി, ജാതിവ്യവസ്ഥ തുടങ്ങി കഴിഞ്ഞ നൂറ്റാണ്ടിൻ്റെ വിഷയങ്ങളിൽ തന്നെയാണ് അദ്ദേഹം ചുറ്റിത്തിരിയുന്നത്.അംബേദ്ക്കർ ,മാർക്സ് സംവാദമാണ് സച്ചിദാനന്ദൻ നവചിന്തയായി അവതരിപ്പിക്കുന്നത്. ഇതൊക്കെ കാലഹരണപ്പെട്ട ചിന്തകളാണെന്ന് അറിയുന്നില്ല. സാമ്രാജ്യത്വാനന്തര സൈദ്ധാന്തികരുടെ - ഹോമി കെ ഭാഭ ,എഡ്വേർഡ് സെയ്‌ദ് ,ഗായത്രി സ്പിവാക്ക് - ചിന്തകൾ ഈ നൂറ്റാണ്ടിൽ ഏശുന്നേയില്ല. സച്ചിദാനന്ദൻ അവിടെ തന്നെ നില്ക്കുകയാണ്. ഇവിടുത്തെ
'മതേതര' എഴുത്തുകാർക്ക് വേണ്ടി ഒരു ആശയബാങ്ക് സ്ഥാപിതമായിട്ടുണ്ട്.
അത് ഇരുപതാംനൂറ്റാണ്ടിലെ അംബദ്ക്കർ - ഗാന്ധി ദ്വന്ദമാണ്.
ലോകരാഷ്ട്രീയം തന്നെ മാറിയില്ലേ ?കമ്മ്യൂണിസം ,മുതലാളിത്തം എന്നീ ആശയങ്ങൾ അതേ രൂപത്തിൽ എവിടെയുമില്ല .പ്രത്യയശാസ്ത്രങ്ങൾ റദ്ദാവുകയും സാങ്കേതിക ,ശാസ്ത്ര ചിന്തകൾ ആ സ്ഥാനത്തു വരികയും ചെയ്തു. ഒരാൾ ദളിതനാണോ പെണ്ണാണോ തുടങ്ങിയ വിഷയങ്ങൾ ഇന്ന് നഗരങ്ങളിലോ,ഓൺലൈൻ പ്ളാറ്റ്ഫോമുകളിലോ ,ഫാക്ടറികളിലോ,വിനോദ കേന്ദ്രങ്ങളിലോ പ്രധാനമല്ല. ആണ് പെണ്ണാവുകയാണ് .പെണ്ണ് ആണാവുകയാണ്, ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ .ലൈംഗികത സമൂഹത്തിൻ്റേതല്ല. അത് വ്യക്തികൾ തിരഞ്ഞെടുക്കുകയാണ് .
ഉത്തര- ഉത്തരാധുനികമായ ഈ ഡിജിറ്റൽ ലോകത്ത് പഴയ പ്രത്യശാസ്ത്രചിന്തകൾ സർവകലാശാലകളുടെ അയവിറക്കൽ പദ്ധതിയായി മാത്രം തുടരുകയാണ്.
വാൻഗോഗിനു ഇഷ്ടപ്പെട്ട ചിത്രങ്ങൾ
വിഖ്യാത ഡച്ച് ചിത്രകാരനായ വിൻസൻ്റ് വാൻഗോഗ് (1853 1890)സഹോദരൻ തിയോക്ക് എഴുതിയ കത്തിൽ തനിക്കിഷ്ടപ്പെട്ട ഏതാനും ചിത്രങ്ങളെക്കുറിച്ച് പറയുന്നുണ്ട്. അതിൽ ഉൾപ്പെട്ട ചില ചിത്രങ്ങളാണ് ഷൂൾ ബ്രെട്ടൻ്റെ (Jules Breton) Calling in the Gleaners , ചാൾസ് ഗ്ളെയറിൻ്റെ (Charles Gleyre) Lost Illusions ,ഷാൻ ഫ്രാൻസ്വാ മില്ലെയുടെ (Jean Francois Millet) ദ് ചർച്ച് ഓഫ് ഗ്രീവില്ലി എന്നിവ. നിറങ്ങളായല്ല ,അനുഭൂതിയുടെ ആത്മവ്യൂഹങ്ങളായാണ് ഈ ചിത്രങ്ങൾ നിലകൊള്ളുന്നത്.
ആകാശത്തെയും ഭൂമിയെയും തൻ്റെ വികാരങ്ങൾക്കനുസരിച്ച് മാറ്റി വയ്ക്കുകയാണ് വാൻഗോഗ് ചെയ്തത്. നമ്മൾ ഇന്ന് ഏറെ ആരാധിക്കുന്ന 'ദ് സ്റ്റാറി നൈറ്റ്' (The Starry Night, 1889 ) വാൻഗോഗ് തെക്കൻ ഫ്രാൻസിലെ സർക്കാർ ഉടമസ്ഥതയിലുള്ള സെയിൻറ് റെമി ദി പ്രോവിൻസ് എന്ന കമ്മ്യൂണിലെ മാനസികാരോഗ്യകേന്ദ്രത്തിൽ കിടന്നപ്പോൾ വരച്ചതാണ്. മുറിയുടെ ജനാലയിലൂടെ കണ്ട് ആകാശദൃശ്യമാണിത്. ബോധത്തിൻ്റെയും വിഭ്രാന്തിയുടെയും ഇടയിലൂടെ സഞ്ചരിച്ച ആ നാളുകളിൽ അദ്ദേഹത്തെ ഭരിച്ച ജീവിതകാമനകളുടെ രക്തപ്രവാഹമാണ് 'ദ് സ്റ്റാറി നൈറ്റി'ൽ നാം കാണുന്നത് .എന്നാൽ വാൻഗോഗ് ആ ജനാലയിലൂടെ കണ്ട യഥാർത്ഥ പ്രകൃതിദൃശ്യമല്ല വരച്ചിട്ടുള്ളത്. അദ്ദേഹത്തിൻ്റെ ഭാവനയിലൂടെ ഉരുത്തിരിഞ്ഞ ഒരു പുതിയ രാത്രിയും ആകാശവുമാണത്. അത് മനസ്സ് പോലെ ഇളകി മറിയുകയാണ്. എന്താണോ തൻ്റെ മുന്നിലുള്ള ദൃശ്യം അതിനെ ലാവണ്യാത്മകമായ ബുദ്ധിയും ഭാവനയും ഉപയോഗിച്ച് അദ്ദേഹം നവീകരിക്കുക മാത്രമല്ല ചെയ്യുന്നത്, തൻ്റെ മാനസികാവസ്ഥയെ അതിൽ കലർത്തുകയും ചെയ്യുന്നു.
വാൻഗോഗ് മറ്റൊരിക്കൽ ഇങ്ങനെ എഴുതി: " വാക്കുകൾകൊണ്ട് ചിന്തകളെ പ്രകടിപ്പിക്കുന്ന അബോധമായ ഒരു കലാവിദ്യയിൽ മുഴുകിയിരിക്കുകയാണല്ലോ നമ്മൾ ".ഇതിൽ നിന്ന് രക്ഷപ്പെടാനാണ് അദ്ദേഹം വരച്ചത്. വാക്കുകൾക്ക് പരിചിതമല്ലാത്ത ചില നിറങ്ങൾ ഇതിനായി അദ്ദേഹം കണ്ടെത്തുകയും ചെയ്തു.
No comments:
Post a Comment