Friday, April 1, 2022

വൈരുദ്ധ്യങ്ങളുമായി ഒരു ലീല /എം.കെ.ഹരികുമാർ

 




എഴുത്തുകാരൻ ഇന്ന് സംസ്കാരത്തിൻ്റെ വക്താവോ നിർമ്മാതാവോ അല്ല;അയാൾ സംസ്കാരത്തിൻ്റെ ഉപയോക്താവ് മാത്രമാണ്. ഉത്തര-ഉത്തരാധുനികതയുടെ ഈ ഡിജിറ്റൽ കാലത്ത് സംസ്കാരം എന്ന വാക്കിന് പുതിയ അർത്ഥങ്ങൾ ലഭിക്കുകയാണ് .പരമ്പരാഗത കലകളോ ,ക്ളാസിക്കുകളോ ,പ്രത്യേക ജീവിതരീതിയോ ,പുരാതന കലാനുഷ്ഠാനങ്ങളോ ഒന്നുമല്ല സംസ്കാരം. ആ കാലം കഴിഞ്ഞു. ക്ലാസിക് കാലത്തിൻ്റെ തുടർച്ചയിൽ  ചിന്തിച്ചവരാണ് സംസ്കാരത്തെ കലാലോകത്തും സ്കൂളുകളിലും തളച്ചിട്ടത്. കലാസ്കൂളുകളും കലാസംഘടനകളും സംസ്കാരത്തെ ഒരു മതമായി തെറ്റിദ്ധരിക്കുന്നു. സംസ്കാരജീവിയാകാൻ പ്രത്യേക പുസ്തകങ്ങൾ പഠിക്കണമെന്നും അനുഷ്ഠാനങ്ങളിൽ ഏർപ്പെടണമെന്നും ശഠിക്കുന്ന രീതി കാലഹരണപ്പെട്ടു. കലാപഠനം വാണിജ്യലോകത്തെയാണ് ഇന്ന് നിർമ്മിക്കുന്നത്. വാണിജ്യവിജയത്തിനാവശ്യമായ കലയെ ഇന്നാവശ്യമുള്ളു .

സംസ്കാരം വരേണ്യതയുടെ കുത്തകയോ പാസ്പോർട്ടോ തിണ്ണമിടുക്കോ അല്ല; ഒരു കലാലയത്തിൽ പോയി വർഷങ്ങൾ  പഠിച്ച് , ഒരു കലയിൽ പരിശീലനം നേടി ഉത്പാദിപ്പിക്കുന്ന അവസ്ഥയല്ല സംസ്കാരം .നിയമം അനുസരിക്കുന്നവർക്കുള്ളതല്ല  സംസ്കാരികജീവി എന്ന പേര്. ഒന്നും മിണ്ടാതിരിക്കുന്നവനെയാണല്ലോ നാമിന്ന് സാംസ്കാരികബുദ്ധിജീവി  എന്ന് വിളിക്കുന്നത്. സംസ്കാരം ,ചത്തതിൻ്റെ പുരാണമല്ല; അത് ഭൂതകാലത്തിൻ്റെ വാഴ്ത്തുപാട്ടുമല്ല .സംസ്കാരം ഒരു രാജ്യത്തിൻ്റെയോ സാഹിത്യകൃതിയുടെ യോ പ്രദേശത്തിൻ്റെയോ മാത്രം അവകാശമല്ല. സംസ്കാരം ഇപ്പോൾ എല്ലാവരുടെയുമാണ്. എല്ലാവർക്കും അതിൻ്റെ ഓഹരി കൈപ്പറ്റാം. അത് ശുദ്ധവായുവോ വെള്ളമോപോലെ എല്ലാവരുടെയും നിലനിൽപ്പിൻ്റെ  അടിസ്ഥാനഘടകമാണ്. എല്ലാവർക്കും പാട്ടുപാടാം ,നൃത്തം ചെയ്യാം, അഭിനയിക്കാം, എഴുതാം . എല്ലാവർക്കും കവിയാകാം, വിമർശകനാകാം .അതിന് പ്രത്യേക സ്കൂളിൻ്റെ ആവശ്യമില്ല .ഇത് ഉത്തര- ഉത്തരാധുനികതയുടെ സാംസ്കാരിക വിശേഷമാണ്. സംസ്കാരം ഇന്ന് സ്വകാര്യമോ, വരേണ്യമോ അല്ല; അത് പൊതുബോധമാണ്; പൊതു മാധ്യമമാണ് .

സംസ്കാരം വിലയ്ക്കുവാങ്ങാം

വിലകൊടുത്തു വാങ്ങാവുന്നതാണ് സംസ്കാരം എന്നത്  ജനാധിപത്യവിരുദ്ധമാണെങ്കിലും അത് വ്യക്തിസ്വാതന്ത്ര്യമാണ്. മെട്രോ റെയിലിൽ കയറാൻ കൂടുതൽ പണം കൊടുക്കണം. അത് വ്യക്തിസ്വാതന്ത്യമാണ്. അതാണ് നാം കാണുന്നത് .പണമുണ്ടെങ്കിലേ വിനോദസഞ്ചാരിയാകാൻ പറ്റൂ .വിലകൂടിയ അനുഭവങ്ങൾ പണം കൊടുത്താൽ കിട്ടും .ഒരു വലിയ ഫുഡ് കോർട്ടിൽ കയറി അതിശയിപ്പിക്കുന്ന ഇരിപ്പിടങ്ങളിലിരുന്ന് അപൂർവമായ ഭക്ഷണം കഴിക്കുന്നവന് ഇപ്പോൾ വലിയ പദവി കിട്ടുന്നു. അവൻ ഇന്നത്തെ ആഗോള നാഗരികതയുടെ ചാമ്പ്യനാണ് .അവർ സാംസ്കാരികബുദ്ധിജീവിയാണ്.  കാരണം, അവന് ഭൂരിപക്ഷത്തിൻ്റെ  കൈയിലുള്ളതിനേക്കാൾ വിലകൂടിയ അനുഭവമുണ്ട്.മേൽത്തരവും  ചെലവേറിയതും വളരെ കുറച്ചു പേർക്ക് മാത്രം നേടാവുന്നതുമായ  എന്തും ഇന്ന് സാംസ്കാരികമായി വിലയിരുത്തപ്പെടുകയാണ്. അതുകൊണ്ടാണ് സ്പേസിൽ പോയി വരാനായി ആളുകൾ ബുക്ക് ചെയ്ത് കാത്തിരിക്കുന്നത്. ഇതാണ് നവീനനാഗരികത അവതരിപ്പിച്ച സാംസ്കാരികാവബോധം. ഇത് വിനാശകരവും ആത്മശൂന്യവുമാണ്. 

സ്പേസിൽ പോകാൻ എല്ലാവർക്കും കഴിയില്ല .അതുകൊണ്ട് നിങ്ങളുടെ ഗ്രാമത്തിൽ ഒരാൾക്ക് സ്പേസിൽ പോകാൻ കഴിയുമെങ്കിൽ ,അയാൾ വലിയ ആകർഷണകേന്ദ്രമാണ്. മാത്രമല്ല, ഒരു വലിയ സാംസ്കാരിക ബുദ്ധിജീവിയുമാണ്. പതിറ്റാണ്ടുകൾക്ക് മുൻപായിരുന്നെങ്കിൽ യഹൂദി മെനുവിനെ(Yehudi Menuhin) പോലെ വയലിൻ വായിച്ചാൽ ലോകത്തിൻ്റെ സാംസ്കാരികകേന്ദ്രമാകാമായിരുന്നു.സാർത്രി(Sartre) നെപോലെ എഴുതിയാൽ മതിയായിരുന്നു. മെനുവിൻ്റെ വയലിൻ നാദം ജനലക്ഷങ്ങളുടെ ഉന്മാദമായിരുന്നു. ഇപ്പോൾ വയലിൻ വായിക്കാൻ ലക്ഷക്കണക്കിനാളുകളുണ്ട്. 
അതുപോലെ ഓരോ മേഖലയിലും ധാരാളം പേരുണ്ട്. ഇന്ന് ആരുടെയും കല ഒരു സമൂഹത്തെ നയിക്കാൻ മാത്രം ശേഷിയുള്ളതല്ല. കാരണം ,അത് ആവർത്തിക്കുക മാത്രമാണ് ചെയ്യുന്നത്. ഹെർമ്മൻ ഹെസ്സെ ,കസൻദ്സാക്കിസ് ,ആൽബേൽ കമ്യു തുടങ്ങിയവർ ആവിഷ്കരിക്കാത്ത ഒന്നും തന്നെ 'മോ യാൻ ,ഇറിസ് മുർഡോക്ക്, സാൽമൻ റുഷ്ദി എന്നിവരിലില്ല .ജോർജ് ഓർവെല്ലിൻ്റെ 1984 എന്ന നോവലിനെ മറികടക്കുന്ന ഒരു കൃതി ഇന്ത്യൻ നോവൽ സാഹിത്യത്തിലില്ല. 

പത്മാ സുബ്രഹ്മണ്യത്തെപോലെ പതിറ്റാണ്ടുകൾ നൃത്തം ചെയ്യുന്നവരുടേത് ഒരു കലാനൈപുണ്യമാണെങ്കിൽ, അവരെക്കുറിച്ച് ഫേസ്ബുക്കിൽ എഴുതുന്നവരും സാംസ്കാരിക ജീവികളാണ്. ഫേസ്ബുക്ക് ഒരു മാധ്യമം മാത്രമല്ല ,കല തന്നെയാണ്. അതിൻ്റെ പേജ് സംവിധാനം അതിൽ പങ്കുകൊള്ളുന്ന ആരെയും കലാകാരനാക്കും .മാധ്യമമാണ് സന്ദേശം എന്ന് മക്ലൂഹൻ (Marshall McLuhan) പറഞ്ഞല്ലോ. അതിനെ ഒന്നു പരിഷ്കരിക്കുകയാണ് ,മാധ്യമം തന്നെയാണ് കല. ഇന്ത്യയിലെ ആദ്യത്തെ മൊബൈൽ പത്രമായ ട്രൂത്ത് ലൈവ് ഒരു മാധ്യമവുമാണ് ,അതേസമയം കലയുമാണ്. ആ പേജുകൾ വാർത്ത മാത്രമല്ല ,കലയും വിനോദവും നല്കുന്നു. മൊബൈൽ ഫോൺ കലയാണ് ;അതിൻ്റെ ടെംപ്ളേറ്റ് കലയാണ്. ഒരു പുസ്തകം ഇന്ന് ഭാവുകത്വം അഥവാ സവിശേഷ വൈകാരികലോകം സൃഷ്ടിക്കുന്നില്ല. റഷ്യൻ എഴുത്തുകാരൻ നിക്കോളേ ഗോഗോൾ (Nikolai Gogol) എഴുതിയ 'ദ് ഓവർകോട്ട് ' എന്ന കഥ ഒരു കാലഘട്ടത്തെ സ്വാധീനിച്ചു .എങ്ങനെ ജീവിതത്തെ സമീപിക്കണമെന്നറിയാൻ ആളുകൾ ആ കഥ വായിച്ചു. ദസ്തയെവ്സ്കി തുടങ്ങിയ വലിയ എഴുത്തുകാരെപോലും അത് വശീകരിച്ചു, ചിന്താഗതിയിൽ മാറ്റമുണ്ടാക്കി .ഇന്ന് അങ്ങനെയുള്ള കഥകളില്ല .

ജ്ഞാനോദയം യാദൃച്ഛികമാണ് 

സാഹിത്യകൃതികൾ പറയുന്ന  കാര്യങ്ങളെക്കാൾ ആൾദൈവങ്ങളോ , ടൂറിസ്റ്റ് കേന്ദ്രങ്ങളോ ,മൊബൈൽ ആപ്പുകളോ ,യൂട്യൂബ് ദൃശ്യങ്ങളോ  സമൂഹമാധ്യമങ്ങളോ ,വാട്സപ്പ് ഗ്രൂപ്പുകളോ ആളുകളെ ചലിപ്പിക്കുന്നു. ബ്രസീലിയൻ എഴുത്തുകാരൻ പാവ്ലോ കൊയ്ലോ (Paulo Coelho) പറഞ്ഞു ,യേശുക്രിസ്തുവിനു പോലും മാനവരാശിയെ സ്വാധീനിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് .ക്രിസ്തുവിനെതിരെയുള്ള അക്രമങ്ങൾ പരിധിവിട്ടെന്ന് മനസ്സിലാക്കിയിട്ടും നാം അത് തന്നെ ആവർത്തിക്കുകയാണല്ലോ .

എഴുത്തുകാരുടെ വ്യാവഹാരിക ജീവിതം ഏക സ്കൂളിൽ ഒതുങ്ങിപ്പോകുന്ന പ്രവണത കാലഹരണപ്പെട്ടു. ഒരു പ്രത്യേക ഇസത്തിലോ സിദ്ധാന്തത്തിലോ  പ്രത്യയശാസ്ത്രത്തിലോ മാത്രമായി നിലകൊള്ളുന്നത് പാരതന്ത്ര്യവും സംസ്കാരവിരുദ്ധവുമാണെന്ന് ഇപ്പോൾ തിരിച്ചറിയുന്നു. അങ്ങനെ സംഭവിക്കുകയാണെങ്കിൽ അതിലെ സഹജമായ പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും വഴിമാറി നടപ്പും  വെട്ടിയൊതുക്കപ്പെടുകയേയുള്ളൂ. ജീവിതകാലമത്രയും ഒരു തത്ത്വശാസ്ത്രത്തിന് ,നിലവാരപ്പെടലിന് ,കീഴ് വഴക്കത്തിന് നിന്നുകൊടുക്കേണ്ടിവരും. മനസ്സിൽ സത്യസന്ധമായി ,നൈമിഷികമായി ഉയിർക്കുന്ന ആശയങ്ങളെ അവഗണിക്കേണ്ടി വരും .ജ്ഞാനോദയങ്ങൾ  ഉണ്ടാകുന്നത് മുൻകൂട്ടി നിശ്ചയിച്ച ട്ടല്ല . അതിന് യാദൃശ്ചികതയുടെ താളമുണ്ട്.എന്നാൽ എഴുത്തുകാരൻ തൻ്റെ സ്വാഭാവികമായ ചോദനകളെ  നിർമാർജനം ചെയ്തിട്ട് ,മുൻകൂട്ടി നിശ്ചയിച്ച ആശയധാരകളുമായി  മുന്നോട്ടു പോകുന്നത് യാന്ത്രികവും ഭൗതികവും മാത്രമായി പരിമിതപ്പെടും .അയാൾക്ക് ജീവിതമുണ്ടാകില്ല. നമ്മുടെ ഉത്തരാധുനിക സാഹിത്യവിമർശകരെ പോലെ യാതൊന്നും ജീവിക്കാതെ എഴുതിക്കൊണ്ടിരിക്കേണ്ടി വരും .
ജീവിക്കാതെ എഴുതുന്നവരെകൊണ്ട് ഈ മലയാളം നിറയുകയാണ്. എങ്ങനെയാണ് ജീവിക്കാതെ എഴുതുന്നതെന്ന് ചോദിക്കാം. അത് എങ്ങും സ്പർശിക്കാതെ ,ആരെയും അറിയാതെ ജീവിക്കുമ്പോഴുള്ള എഴുത്താണ് .നമുക്ക് ഒരാളോടും ഒന്നിനോടും  വൈകാരികബന്ധമില്ലെങ്കിൽ അതിൽ നിന്നുണ്ടാകുന്ന വാക്കുകൾ നിർജീവമായിരിക്കും. ഒരു പരിവ്രാജകനാണെങ്കിൽപോലും ആ  വ്യക്തിക്ക് താൻ പിന്തുടരുന്ന ശൂന്യതയോടോ സത്യത്തോടോ ഒരു ബന്ധമുണ്ടായിരിക്കും .അതാണ് ആ മനുഷ്യൻ്റെ വാക്കുകളെ  നിർണയിക്കുന്നത് .ഇന്നത്തെ കവികൾക്കും കഥാകൃത്തുക്കളും വിമർശകർക്കും യാതൊന്നിനോടും വ്യക്തിപരമായ അടുപ്പമോ സ്ഥിരമായ ബന്ധമോ ഇല്ല. പ്രൊഫഷണൽ ലാഭം നോക്കിയുള്ള സമീപനമാണ് എവിടെയും .എവിടെ നിന്നാണോ വല്ലതും കിട്ടാനുള്ളത് അതിനോട് പെട്ടെന്ന് ഒരു സ്നേഹമുദിക്കുന്നു ;കിട്ടുന്നതോടെ ആ സ്നേഹം ഇല്ലാതാകുകയായി.  ഇങ്ങനെ തുടരുന്ന ജീവിതത്തിൽ ഒരാൾക്ക് യാതൊന്നും പ്രശ്നമല്ല. അയാൾ ഒരു തടിയാണ് .തിന്നുകയും ഉറങ്ങുകയും പണിയെടുക്കുകയും ചിരിക്കുകയും ചെയ്യുന്ന ഒരു തടി.

കല്ലിലും ആത്മീയകണങ്ങൾ

വൈകാരികബന്ധമില്ലാതെ എഴുതുന്നവരുടെ രചനകൾ ഒറ്റ നോട്ടത്തിൽ മനസ്സിലാകും .അവർ വാക്കുകളെ നിരത്തുന്നത് മനുഷ്യവികാരങ്ങളുടെ ജീവിതാരോഹണത്തിന് അനുസരിച്ചായിരിക്കില്ല .അവനവൻ്റെ കുതന്ത്രങ്ങളും ഒഴിഞ്ഞുമാറലുകളും ചതികളുമായിരിക്കും അവരുടെ ഭാഷയെ നിഷ്ക്രിയവും നിർജീവവുമാക്കുന്നത്. അത്തരം രചനകളിലെ ഒരു വാക്യം പോലും നമ്മെ സ്പർശിക്കുകയില്ല .പലരും ഉപയോഗിച്ച് നശിപ്പിച്ച പ്രയോഗങ്ങൾ യാതൊരു ലജ്ജയുമില്ലാതെ ഇക്കൂട്ടർ എടുത്തുപയോഗിക്കും. ഒരു വാക്യം എഴുതുമ്പോൾ അതിൽ താൻ ജീവിച്ചോ എന്ന് കഷ്ടപ്പെട്ടാണെങ്കിലും ഒന്ന് നോക്കിയാൽ നന്നായിരിക്കും.
മറ്റുള്ളവരെക്കുറിച്ച് എഴുതുകയാണെങ്കിലും ,അതിൽ ആവിഷ്കരിക്കപ്പെടേണ്ടത് നമ്മൾ അനുഭവിച്ച ജീവിതമാണ്. 

എല്ലാ വസ്തുക്കളിലും  നമ്മളാണുള്ളത്. കല്ലിൽപോലും എൻ്റെ ആത്മീയകണങ്ങൾ വിന്യസിക്കപ്പെട്ടിരിക്കുന്നു. എൻ്റെ അസ്തിത്വത്തിൻ്റെ ദുർഗ്രഹമായ പാതകൾ തേടി എനിക്ക് നീർച്ചാലുകളിലേക്കും അലയുന്ന നായകളിലേക്കും വൃക്ഷശിഖരങ്ങളിലേക്കും ചരൽക്കല്ലുകളിലേക്കും പരൽമീനുകളി ലേക്കും പോകേണ്ടതുണ്ട്. എൻ്റെ ജീവിതമാണ് ഞാൻ തിരയുന്നത്. എൻ്റെ അസ്തിത്വമാണ് ഞാൻ തേടേണ്ടത്. എനിക്ക് അന്യമായി യാതൊന്നുമില്ല. എന്നെ കാണാനായി ഞാനൊരു പേരറിയാത്ത പക്ഷിയെ സമീപിക്കുന്നു. അതിലാണ് എൻ്റെ  നവാദ്വൈതമുള്ളത്. എനിക്ക് ഒരു പ്രത്യയശാസ്ത്രത്തിലോ മതത്തിലോ സംഘടനയിലോ ഒതുങ്ങാനാവില്ല. കാരണം, അതെൻ്റെ സൃഷ്ടിപ്രക്രിയയ്ക്ക് എതിരാണ്. ഞാൻ ബഹുശതസൗന്ദര്യാത്മകതലങ്ങളുടെ ഭാഗമാണ്. ഇതാണ് എഴുത്തുകാരൻ്റെ സജീവത നിശ്ചയിക്കുന്നതെന്ന് ഞാൻ കരുതുന്നു.

എഴുതുമ്പോൾ നമ്മൾ സൗന്ദര്യാത്മകമായോ താത്വികമായോ  വൈരുദ്ധ്യങ്ങളെ നേരിടുന്നത് ഒരു അപരാധമല്ല. സൗന്ദര്യശാസ്ത്രങ്ങളുടെ ശാസനകൾക്കും നിബന്ധനകൾക്കും  നൂൽപ്പാലങ്ങൾക്കും വെളിയിലാണ് ഒരാൾ തൻ്റെ വൈരുദ്ധ്യങ്ങളുമായി സർഗ്ഗപരമായ ലീലയിൽ ഏർപ്പെടുന്നത്. അമേരിക്കൻ കവി അലൻ ഗിൻസ്ബെർഗിൻ്റെ ഒരു വാക്യം ഓർക്കുകയാണ്. കവിത രാഷ്ട്രീയപാർട്ടിയുടെ നയമല്ലെന്നും കവി യഥാർത്ഥത്തിൽ ചിന്തിക്കുന്നത് അതേപടി ആവിഷ്കരിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതാണ് രചനയുടെ സ്വാഭാവികമായ  ആവിർഭാവം.
കവി മറ്റെല്ലാം മറക്കുകയും തന്നിലേക്ക് വരുന്നതിനെ വഴിതിരിച്ച് സമൂഹത്തിലേക്ക് സംക്രമിപ്പിക്കുകയും  ചെയ്യുന്നു .ഈ പ്രക്രിയയിൽ പരസ്പരം ചേരാത്ത പലതും ഉണ്ടാകും. ആ ചേർച്ചക്കുറവിനെ  കേവലമായ അർത്ഥത്തിലല്ല നോക്കേണ്ടത്. കുറേക്കൂടി ഉയർന്ന ഒരു നിരീക്ഷണം ആവശ്യമാണ്. 

സൗന്ദര്യജീവിക്ക് സ്വത്വം വേണ്ട 

എഴുത്തുകാരന് പ്രത്യയശാസ്ത്രമല്ല, സൗന്ദര്യാത്മകതയാണ് പ്രാണവായു .ഇതാകട്ടെ പരസ്പര പൊരുത്തമുള്ള ,അഖണ്ഡമായ ഒരു വ്യവസ്ഥയല്ല .പരസ്പരം ഏറ്റുമുട്ടുന്നതും നിമിഷം തോറും മാറിക്കൊണ്ടിരിക്കുന്നതും സ്വയം ധ്വംസിക്കുന്നതും ഭയപ്പെടുത്തുന്നതുമായ ലാവണ്യാത്മകതകളുടെ ലയനവും സംഘർഷവുമാണത്; അയുക്തികവും അതീതവുമാണത്. ഒരിക്കലും അവസാനിക്കാത്ത ലീല തന്നെ .ഒരാൾ താൻ എഴുതിയത് മായ്ച്ചുകളഞ്ഞ് മറ്റൊന്ന് എഴുതുമ്പോൾ ഈ ലില  സംഭവിക്കുന്നു. എഴുത്തുകാരനെ ഈ സൗന്ദര്യാത്മകമാനങ്ങൾ വലിച്ചിഴച്ചുകൊണ്ടുപോയി നിർവ്യക്തീകരിക്കുന്നു. ഇവിടെയാണ് സ്വത്വം അപ്രസക്തമാകുന്നത്. തനിക്ക് ഭയങ്കര രാഷ്ട്രീയബോധമുണ്ടെന്ന് പറഞ്ഞു എഴുതുന്നവരുണ്ട്. അവർ അനാവശ്യമായി എന്തിലേക്കും  രാഷ്ട്രീയം കൊണ്ടുവരും .മറ്റു ജൈവ മണ്ഡലങ്ങളെയെല്ലാം മറന്നു കളയുകയും ചെയ്യും. മനുഷ്യമനസ്സിനെ ബാധിച്ചിരിക്കുന്ന നിത്യമായ ആകുലതകൾ ,രോഗങ്ങൾ എവിടെ കൊണ്ടുപോയി തള്ളും ?ഏത് ഭരണഘടന വന്നാലും ഈ രോഗങ്ങൾ മാനവരാശിയെ നോക്കി പൈശാചികമായി ചിരിക്കുകയാണ്. സ്വത്വം ഒരു തടവറയാണ് ; യഥാസ്ഥിതികവുമാണത്. ഏത് കാലത്തിലുള്ളതും ഏത് നാട്ടിലുള്ളതും ഓരോ മനുഷ്യനും പൈതൃകമാണ്,
അനുഭവമാണ് .അതുകൊണ്ട് ഇതെല്ലാം ഉപേക്ഷിച്ചിട്ട് ,വെറുമൊരു വ്യക്തിസ്വത്വത്തിലേക്ക് ചുരുങ്ങുന്നത് സമകാലിക ലോകത്ത് ആപൽക്കരമാണ്. പൂർവ്വകാല സാഹിത്യകാരന്മാരുടെ പരിമിതിയായി മാത്രമേ സ്വത്വസങ്കല്പത്തെ കാണാനാവൂ .
സാങ്കേതികവിദ്യയും മെഡിക്കൽ സയൻസും സകല സ്വത്വവാദത്തെയും  പൊള്ളയാക്കി മാറ്റിയിരിക്കുകയാണ്. മജ്ജമാറ്റിവയ്ക്കൽ ,കിഡ്‌നിദാനം തുടങ്ങിയവ വ്യക്തികളുടെ അമൂർത്തവും മിഥ്യയുമായ ബോധങ്ങളെ തകർത്തു .

ഒരു സ്വത്വം ഉണ്ടെന്നു കരുതുന്നത്  വിഡ്ഢിത്തമാണ്. അങ്ങനെ കരുതുന്നവരുടെ പുറംലോകങ്ങൾ അന്യമാണ് .അവർ സ്വയം ഒരു അടഞ്ഞ ലോകം ഉണ്ടാക്കുകയാണ്. ഒരാൾക്ക് ഒന്നിലധികം സൗന്ദര്യശാസ്ത്രങ്ങളും സൗന്ദര്യ ചിന്തകളും ആവശ്യമുണ്ട്. അതിനിടയിലാണ് ഒരു സൗന്ദര്യജീവി സ്വയം കണ്ടെത്തുന്നത്. മനുഷ്യനു വൈരുദ്ധ്യങ്ങളിൽ നിന്ന് സൗന്ദര്യം സൃഷ്ടിക്കാനാവും .ഒന്നിനൊന്ന് പൊരുത്തപ്പെടാത്ത ഘടനകൾ ഒരാളിൽ ഉണ്ടെങ്കിൽ അത് മറ്റൊന്നാ കാനുള്ള സാധ്യതയുണ്ട് ഒരുക്കുന്നത്. അത്തരം ഘടനകളെ ഉല്പാദനക്ഷമമാക്കാനുള്ള വിദ്യാഭ്യാസമാണ് ഉണ്ടാകേണ്ടത്.

സൗന്ദര്യബോധം മാറി

 ജീവിതം എന്ന അമൂർത്ത തത്ത്വത്തേക്കാൾ, അതിന്റെ ഓരോ നിമിഷത്തിലുമുള്ള അതിജീവനത്തിനു പ്രാമുഖ്യം കൈവന്നു. ഓരോ വ്യവഹാരവും നോക്കൂ. വീട്‌ എന്നത്‌ ഇപ്പോൾ താമസിക്കാനുള്ള സ്ഥിരം സങ്കേതമല്ല. അത്‌ സൗന്ദര്യബോധത്തിന്റെയും സമ്പാദ്യത്തിന്റെയും പ്രതിനിധാനമായി. ജീവിതത്തിൽ ഭൂരിഭാഗം സമയവും പലയിടങ്ങളിലായി അലയുന്നവർ, വീട്‌ സ്വപ്നം എന്ന നിലയിലാണ്‌ പണിയുന്നത്‌. അറുപത്‌ വയസ്സിനോടടുപ്പിച്ച്‌ വീട്‌ വയ്ക്കുന്നവർ, അത്‌ പൂർത്തിയാക്കിയശേഷം പിന്നെയും വീട്‌ വിട്ട്‌ പോകുന്നു. വീട്‌ ചിഹ്നമായി അവശേഷിക്കുന്നു. ഇന്നത്തെ തലമുറയ്ക്ക്‌ വീടില്ല. അവർ അലഞ്ഞുതിരിയുന്നവരാണ്‌. ലോകത്തിന്റെ ഏതെങ്കിലുമൊക്കെ കോണുകളിൽ കഴിയും. വീട്‌ വികാരമല്ല. സുന്ദരമായ വസ്തു എന്ന നിലയിലേക്കത്‌ മാറിയിരിക്കുന്നു. ജീവിതത്തിന്റെ 80 ശതമാനവും വീട്ടിൽ കഴിയാത്തവർ ഇന്ന്‌ വലിയൊരു സമൂഹമാണ്‌.
 വീടിന്റെ ഒരു ഭാഗം അതിഥികൾക്ക്‌ വാടകയ്ക്ക്‌ കൊടുക്കുന്നവരും, റസ്റ്റോറന്റ്‌ നടത്താനായി നീക്കിവയ്ക്കുന്നവരും ഉണ്ട്‌. അർജന്റീനയിൽ ശനി,ഞായർ ദിവസങ്ങളിൽ വീട്‌ റസ്റ്റോറന്റായി ഉപയോഗിക്കുന്ന കുടുംബത്തെപ്പറ്റി വായിച്ചതോർക്കുന്നു. നമ്മുടെ കൊച്ചിയിൽ, നിത്യവും വീട്‌ ഹോട്ടലാക്കി ബിസിനസ്സ്‌ നടത്തുന്നവരുണ്ട്‌. ഇതെല്ലാം വ്യതിയാനങ്ങളാണ്‌. ഫ്യൂഡൽ കാലഘട്ടത്തിലെ സഞ്ചരിക്കാത്ത ജീവിതമല്ല ഇന്നത്തേത്‌. അന്നത്തെ വീടുകൾ, ദീർഘകാലം നിലനിൽക്കുന്ന തരത്തിൽ പണിതതും, വളരെക്കാലം കേടുകൂടാതെ അവശേഷിക്കുന്ന തരത്തിൽ പണിത ഫർണിച്ചറുകൾ ഉള്ളതുമാണ്‌. ദീർഘകാലം നിലനിൽക്കുന്നത്‌ എന്നത്‌ വലിയ ആശയമായിരുന്നു. കസേരകൾ, മേശകൾ, ജനാലക്കർട്ടനുകൾ, കട്ടിലുകൾ, സോഫകൾ എല്ലാം ദീർഘകാലത്തെ നോട്ടമിട്ടു നിർമ്മിച്ചതായിരുന്നു. ഇന്ന്‌ ഈ കാഴ്ചപ്പാടില്ല. പെട്ടെന്ന്‌ മാറാവുന്നതായിതീർന്നു, എല്ലാം. പുതിയ ഫാഷനനുസരിച്ച്‌ മാറ്റാൻ കഴിയണം. ഫാഷൻ സ്വാതന്ത്ര്യം നൽകും. ജാതിപരമോ, ഗോത്രപരമോ ആയ മുദ്രകൾ ഇല്ലാത്ത ഉപകരണങ്ങൾ വന്നു. മാർക്കറ്റിൽ വസ്തുക്കളുടെ സൗന്ദര്യത്തിനും വിലയ്ക്കും ഉപയുക്തതയേക്കാൾ പ്രാധാന്യം കൈവന്നു.

 മാർക്കറ്റിലെ ഏറ്റവും സൗന്ദര്യമുള്ള, വിലയേറിയ വസ്തു സ്വന്തമാക്കുന്നവനാണ്‌ സാംസ്കാരികശ്രദ്ധ കിട്ടുന്നത്‌. മാറുന്ന ശൈലികളിൽ ആളുകൾ വിശ്വസിക്കുന്നു. സ്ഥിരമായ ബ്രാൻഡുപോലും ഇല്ലാതായി. കൂടുതൽ പരസ്യം ചെയ്യപ്പെടുന്നത്‌, മേൽത്തരമെന്ന്‌ അവകാശപ്പെടുന്നത്‌ എല്ലാം സ്വന്തമാക്കിയാൽ മതി. അതിന്റെ പേരിൽ വരുന്ന പണനഷ്ടത്തെപ്പറ്റി വേവലാതിയില്ല. കൂടുതൽ കാലം കിട്ടുന്ന ഉപയുക്തത്തയ്ക്കല്ല പണം ചെലവഴിക്കുന്നത്‌. കുറച്ചു കാലത്തേക്കായാലും വേണ്ടില്ല, ആകർഷകമായ, ആളുകൾക്കിടയിൽ ശ്രദ്ധകിട്ടുന്ന ഉൽപന്നമായാൽ മതി. മൊബൈൽ ഫോൺ, കാർ എന്നിവയുടെയെല്ലാം വിൽപനയിലുള്ള മനഃശ്ശാസ്ത്രം ഇതാണ്‌. പണത്തേക്കാൾ വലിയ മൂല്യങ്ങളാണിവ. ഫ്ലാറ്റുകൾ, വില്ലകൾ തുടങ്ങിയവയാണ്‌ ബ്രാൻഡിംഗിനുള്ള മറ്റ്‌ മേഖലകൾ. ആശുപത്രികളും ചികിത്സാരീതികളും മറ്റു ചില മേഖലകളാണ്‌. ആശുപത്രികളിലും മറ്റും പുതിയ ഉപകരണങ്ങളാണ്‌ പുതിയ രോഗികളെ സൃഷ്ടിക്കുന്നത്‌. ഉപകരണങ്ങൾ രോഗം ഉണ്ടോയെന്ന്‌ ചെക്ക്‌ ചെയ്യാനുള്ളവയാണ്‌. രോഗം ഉണ്ടോ എന്നറിയാനുള്ള ജിജ്ഞാസ പുതിയ രോഗമേഖലയാണ്‌. ധാരാളം പേർ ഈ രോഗം ബാധിച്ചവരായി എത്തുന്നു.  ഇവർ രോഗമില്ലെന്ന്‌ ഉറപ്പുവരുത്താൻ വേണ്ടി ഇപ്പോൾ ടെസ്റ്റുകൾക്ക്‌ വിധേയരാവുന്നു. രോഗചികിത്സയേക്കാൾ ചെലവ്‌ ടെസ്റ്റുകൾക്കാണ്‌. യഥാർത്ഥ രോഗികൾക്ക്‌ ഇന്ന്‌ ചികിത്സ നൽകാൻ ഇടമില്ല. പകരം ടെസ്റ്റുകൾ നടത്താൻ കഴിവുള്ളവർക്കേ ചികിത്സയുള്ളു. ഡോക്ടർമാർ ടെസ്റ്റുകൾ നടത്തി ഫലം പ്രഖ്യാപിക്കുന്ന പുതിയ ജ്യോത്സന്മാരായി അവതരിച്ചു കഴിഞ്ഞു.

പുതിയ ഉപകരണങ്ങൾ പുതിയ 'രോഗി'കളെ സൃഷ്ടിക്കുകയാണിന്ന്‌. എന്തും രോഗമാണ്‌. കുഴപ്പമാണ്‌, അല്ലെങ്കിൽ രോഗമാവും, കുഴപ്പമാകും എന്ന ചിന്ത പ്രബലമായിക്കഴിഞ്ഞു. 50 വയസ്സുവരെ നല്ലപോലെ ശ്വാസം പിടിച്ചവരൊക്കെ, ഇപ്പോൾ ശ്വാസം പിടിക്കേണ്ടതെങ്ങനെയെന്നറിയാതെ, ഇതുവരെ ശ്വാസം പിടിച്ചതു തെറ്റായിപ്പോയെന്ന ചമ്മലോടെ, ശ്വാസം പിടിക്കാനായി പുതിയ ഗുരുക്കന്മാരുടെയടുത്ത്‌ പോകുന്ന കാലമാണിത്‌.

നിരാസവും നിർമ്മാണവും സ്വഭാവവിശേഷങ്ങളാണ്‌. അതിനു എല്ലായ്പ്പോഴും പോസിറ്റീവായ ലക്ഷ്യം മാത്രമേ ഉണ്ടാവൂ എന്നില്ല. പുതിയ കാലത്ത്‌ മനുഷ്യൻ ജീവിതത്തിന്റെ വർത്തമാനകാലത്തെയാണ്‌ ആഘോഷിക്കുന്നത്‌; ഭൂതകാലത്തെയല്ല. ബ്രാൻഡുകൾക്ക്‌ അടിപ്പെടുന്നവരും മൗലികവാദികളായി മാറാറുണ്ട്‌. ചിലർ, അവർ പിന്തുടരുന്ന ബ്രാൻഡ്‌, ഉപദേഷ്ടാവ്‌, സ്ഥാപനം മാത്രമാണ്‌ ശരിയെന്ന്‌ ശഠിക്കും. വായനയിലും ചിന്തയിലുമെല്ലാം ഇതുണ്ട്‌. മറ്റൊരാൾ എത്രവലിയ സത്യം പറഞ്ഞാലും അങ്ങോട്ട്‌ തിരിഞ്ഞുനോക്കണമെന്നില്ല. മാധ്യമങ്ങളാണ്‌ ഇതെല്ലാം ഡിസൈൻ ചെയ്യുന്നത്‌.



No comments:

Post a Comment

നിരാസത്തിന്റെ തത്ത്വം /ഡോ.യാക്കോബ്‌ മാർ ഐറേനിയോസ്‌

  ശ്രീ. എം.കെ.ഹരികുമാറിന്റെ 'എന്റെ മാനിഫെസ്റ്റോ' വായിച്ചു തുടങ്ങിയപ്പോൾ ഇത്‌ ഏതോ ദുരൂഹതയുടെ ഗുഹാമുഖമാണെന്ന്‌ തോന്നിപ്പോയി. വായനപുര...