Friday, January 6, 2023

ദൈവം ഉപേക്ഷിച്ച ലോകത്തെ റിപ്പയർ ചെയ്യുന്നവർ/അനുധാവനം:എം.കെ ഹരികുമാർ 





ഫ്രഞ്ച് പെയിൻ്റർ മൗറിസ് ഡെനിസ് (Maurice Denis) വരച്ച Landscape with Green, 1893) എന്ന ചിത്രം ഒരു കലാകാരൻ്റെ ജീനിയസ് തൊട്ടു കാണിക്കുകയാണ്.മനുഷ്യരൂപങ്ങളെ വ്യക്തമായി വരച്ചിട്ടില്ലെങ്കിലും അവിടെ നടക്കുന്ന നാടകം ഏറെക്കുറെ സംവേദനം ചെയ്യപ്പെടുന്നു. എല്ലാം വിശദീകരിക്കണമെന്നില്ല. ചിലതെല്ലാം മറയ്ക്കേണ്ടതുണ്ട്. സൗന്ദര്യത്തിനു അതാവശ്യമാണ്. നേരിയ സങ്കടമുണ്ടായാൽ നമ്മുടെ കവികൾ ഉറക്കെ കരഞ്ഞ് തങ്ങൾക്ക് വികാരങ്ങളിലുള്ള നിയന്ത്രണക്കുറവ് പെട്ടെന്ന് വിളിച്ചറിയിക്കും.

വികാരങ്ങളെ സമീപിക്കുന്നതിൽ ഒരു കഴിവ് വേണം .എല്ലാം വിളിച്ചു പറഞ്ഞാൽ പൈങ്കിളിയായി പോകും. കലാകാരൻ ഒരു അപാര നിർമ്മാതാവായിരിക്കണം. ദൈവം ഒളിപ്പിച്ചുവെച്ചതാണ് അയാൾ ആരായുന്നത്. അതുകൊണ്ടുതന്നെ ദൈവത്തിൻ്റെ സൃഷ്ടിയായ ഈ ലോകത്തെയും അതിലെ വസ്തുക്കളെയും കലാകാരൻ  തന്റേതായ രീതിയിൽ റിപ്പയർ ചെയ്യുന്നു.അങ്ങനെ അതിനടിയിൽ ദൈവം ഒളിപ്പിച്ചതോ, ഉപയോഗിക്കാൻ മറന്നതോ ആയിട്ടുള്ള ദൃശ്യങ്ങൾ കണ്ടെടുക്കുന്നു. ഈ ചിത്രത്തിലെ മരങ്ങൾക്ക് ശിഖരങ്ങളോ, ഇലകളോ ഇല്ല .ഏതാനും മരങ്ങളുടെ മുകളിൽ ചില ചില്ലകളുള്ളതായി സൂചിതമാവുന്നു. വൃക്ഷങ്ങളുടെ തലപ്പുകൾ നമ്മുടെ മനസ്സിലാണ് ഡെനിസ് വരച്ചിരിക്കുന്നത് .അധികമായ ഒരു വിവരണമോ അമിതമായ വികാരപ്രകടനങ്ങളോ ഇല്ല; എന്നാൽ കാണിയെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുകയാണ്. പശ്ചാത്തലമായി നിൽക്കുന്ന ആകാശം ഒരു മിസ്റ്റിക് അനുഭവമാവുകയാണ് .

ഉന്നതമായ സാഹിത്യകലയും ഇങ്ങനെയാണ് യാഥാർത്ഥ്യത്തെ സമീപിക്കുന്നത്. അത് നമ്മുടെ തന്നെ അറിയത്തക്കതല്ലാത്ത രഹസ്യ നാടകങ്ങളെ വലിച്ചെടുത്ത് പുറത്തിടണം. വായനക്കാരനു അതുവരെ അജ്ഞാതമായിരുന്ന ഒരു ലോകം കാണിച്ചുകൊടുക്കാൻ ഓരോ കഥാകൃത്തിനും ശ്രമിക്കാവുന്നതാണ്. 

യുക്രെയ്ൻ ഇവിടെ അവാർഡ്  ഏർപ്പെടുത്തണമായിരുന്നു 

ഓണപ്പതിപ്പുകൾ സ്ഥിരീകരിക്കുന്ന ഒരു കാര്യമുണ്ട്. കഴിവില്ലാത്തവർ പത്രാധിപന്മാരെ സ്വാധീനിച്ച് ഒന്നിനും കൊള്ളാത്ത കഥകൾ പ്രസിദ്ധീകരിക്കുന്നു. പലരും സ്പോൺസേർഡ് ആണ്. പത്രാധിപരെ സ്വാധീനിക്കാനും നിയന്ത്രിക്കാനും കഴിയുന്ന തരത്തിൽ  കഥാകൃത്തുക്കൾ ഇറങ്ങിക്കളിക്കുകയാണ്. അതുകൊണ്ട് പത്രാധിപർക്ക് മികച്ചത് കണ്ടെത്താനോ അവതരിപ്പിക്കാനോ കഴിയുന്നില്ല. വിലകുറഞ്ഞ കഥകൾ എഴുതുന്ന ചിലർ തങ്ങളുടെ മാർക്കറ്റിംഗ് തന്ത്രമുപയോഗിച്ച് പത്രാധിപന്മാരെ വിലയ്ക്കെടുക്കുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ,മുന്നാംകിട കഥകൾ മാത്രമെഴുതുന്ന ഒരാളുടെ കഥ കൊടുക്കുകയാണെന്ന് വിളംബരം ചെയ്തു കൊണ്ട് ഒരു ജേർണൽ അദ്ദേഹത്തിൻ്റെ മുഖച്ചിത്രം അച്ചടിച്ചിരിക്കുന്നു! ഒരു മുഖചിത്രം അച്ചടിച്ചാൽ, എഴുത്തുകാരൻ്റെ  പേരിൻ്റെ ,പടത്തിൻ്റെ ശക്തി കൊണ്ട് മുഴുവൻ കോപ്പികളും വിറ്റഴിക്കാൻ കഴിവുള്ള വല്ലവരുമുണ്ടോ ?

നമ്മുടെ സമൂഹത്തിലെ തിന്മകളും അതിൻ്റെ സംഹാരപ്രകടനങ്ങളും സാഹിത്യരംഗത്തും കടന്നു വന്നിരിക്കുകയാണ് .വളരെ മോശമായ ഒരു കഥ എഴുതിയതിനു ശേഷം അത് ഓണപ്പതിലേക്ക് തള്ളുന്ന കഥാകൃത്തിന്റെ മാനസികാവസ്ഥ ഇത് വ്യക്തമാക്കുന്നുണ്ട്. ഓണപ്പതിപ്പിൽ എഴുതാൻ അവസരം കിട്ടുകയാണെങ്കിൽ ,സൃഷ്ടിക്കാൻ കഴിയുന്നതിന്റെ മാക്സിമം സൃഷ്ടിക്കണം.കാരണം, ആ ചാൻസ് പിന്നീട് കിട്ടണമെന്നില്ല .ജീവിതത്തിലെ ഓരോ അവസരവും അളക്കാൻ പറ്റാത്ത മൂല്യമുള്ളതാണ്. ഓണപ്പതിപ്പിലേക്ക് എട്ടു വരി  കവിതയെഴുതി എറിയുന്ന ഒരുവൻ്റെ മനോനില അഴിമതി നിറഞ്ഞതാണ്. കവിത വറ്റിയവർ ദയവായി എഴുതാതിരിക്കൂ .അതാണ് സത്യസന്ധത.

ആദിവാസി മധുവിനെ കൊലചെയ്ത സംഭവത്തിൽ കവിതകൾ എഴുതിയ ശേഷം ചിലർ അത് വിൽക്കാൻ  വച്ചിരിക്കുകയാണ്! .ഇക്കൂട്ടർ യുക്രെയ്ൻ യുദ്ധത്തിൽ ആയിരക്കണക്കിനാളുകൾ കൊല്ലപ്പെട്ടതിനെക്കുറിച്ച്, ലക്ഷക്കണക്കിന് സ്ത്രീകൾ നാടുവിട്ടു പോയതിനെക്കുറിച്ച് ,ലക്ഷക്കണക്കിനു  കുട്ടികളെ കാണാതായതിനെക്കുറിച്ച് ഒരു കവിത എഴുതില്ല. കാരണം ഇതാണ്: യുക്രെയ്ൻ സർക്കാർ മലയാള രാജ്യത്ത് അവാർഡൊന്നും കൊടുക്കുന്നില്ല. റഷ്യക്കാർ ഇവിടെ അവാർഡ് കൊടുക്കുന്നുണ്ട്. അതുകൊണ്ട് റഷ്യ എന്ത് ചെയ്താലും മിണ്ടില്ല. ഇതാണോ എഴുത്തുകാരന്റെ മനസാക്ഷി?ഓണപ്പതിപ്പിലെഴുതിയ ഭൂരിപക്ഷം എഴുത്തുകാർക്കും വിശാലമായ വായനാനുഭവമില്ല .പലരും സ്വന്തം കൃതികൾ മാത്രമേ വായിച്ചിട്ടുള്ളു . അവർക്ക് മലയാളസാഹിത്യം എങ്ങനെ പരിണമിച്ചു മുന്നേറി എന്നൊന്നും അറിയില്ല.അവർ പക്ഷേ, ധൈര്യമുള്ളവരും പണമുള്ളവരുമാണ്.

ഏതു ചവറ് സാഹിത്യമാണെങ്കിലും സ്വന്തം കൈയിൽ നിന്നു പണമിറക്കി പ്രസിദ്ധീകരിച്ച് അവാർഡ് നേടും .

മാധവിക്കുട്ടിയുടെ പെറ്റമ്മ 

മാധവിക്കുട്ടി എപ്പോഴും താൻ സ്വതന്ത്രയാണോയെന്നു ചിന്തിച്ചിരുന്നു. വ്യക്തിബന്ധങ്ങളിലാണ് അവർ വിശ്വസിച്ചത് .സ്നേഹം എന്താണെന്ന് അറിയാൻ അവർ സ്നേഹത്തെ എപ്പോഴും ചർച്ചകളിലേക്ക് വലിച്ചിടുമായിരുന്നു .അവർ സോനാഗാച്ചി, പക്ഷിയുടെ മണം തുടങ്ങിയ ഭേദപ്പെട്ട കഥകൾ എഴുതിയത് ഈ സ്വാതന്ത്ര്യബോധം മനസ്സില്ലള്ളതുകൊണ്ടായിരുന്നു. എന്നാൽ ഒന്നിലും അവർ സ്വതന്ത്രയായിരുന്നില്ല. പലതരം കെട്ടുപാടുകൾ അവർക്കുണ്ടായിരുന്നു. എങ്കിലും അവർക്ക് സ്വാതന്ത്ര്യം പ്രിയപ്പെട്ട വിഷയമായിരുന്നു.ദു:ഖത്തിന്റെ കയത്തിലേക്ക് തന്നെ വലിച്ചു താഴ്ത്തുന്നത് എന്താണെന്ന് ചിന്തിച്ചുകൊണ്ട് അവർ എത്തിച്ചേരുന്ന ചില നിഗമനങ്ങൾ 'സമുദായം എന്ന പോറ്റമ്മ ' എന്ന ലേഖനത്തിൽ വായിക്കാം:

"സമുദായം എന്നെ ഒരിക്കലും ഇഷ്ടപ്പെടാത്ത പോറ്റമ്മയായിരുന്നു. അവരെ പ്രീതിപ്പെടുത്താൻ ഞാൻ എത്ര പാടുപെട്ടു. അവരെ ചിരിപ്പിക്കാൻ ഞാൻ കോമാളി വേഷമെടുത്തു ധരിച്ചു.അവരുടെ അനുകമ്പയ്ക്ക് വേണ്ടി ഞാൻ ദീനയും ദയനീയുമായി ആയി ,ആശുപത്രി കിടക്കയിൽ മലർന്നുകിടന്ന് അവരുടെ കൈകൊട്ടൽ കേൾക്കാൻ വേണ്ടി മാത്രം ഞാൻ പ്രേമഗാനങ്ങൾ പാടി. എന്നിട്ടോ ? ഞാൻ ഇന്നും അവർക്ക് വേണ്ടാത്തതും അവരിൽ ആരോ  അടിച്ചേൽപ്പിച്ചതുമായ ഒരു ഭാരം. ഇനി ഞാൻ അവരുടെ മുഖത്തേക്ക് ഒരിക്കലും നോക്കുകയില്ല. നോക്കിയാൽ ആ സ്നേഹരഹിതങ്ങളായ കണ്ണുകൾ വീണ്ടും കണ്ടാൽ ,എന്റെ സർവ്വ ഭാഗ്യങ്ങളും ഉടനടി എനിക്കു നഷടപ്പെടും .അവരിൽ നിന്ന് പൂർണ്ണ മോചനം ലഭിച്ചാലേ ഞാൻ വളരുകയുള്ളു, എന്റെ ജന്മം സഫലമാവുകയുള്ളൂ" .

എഴുത്തുകാരിയെന്ന നിലയിൽ താൻ എത്ര ശ്രമിച്ചാലും സമുദായം കനിയില്ലെന്നാണ് മാധവിക്കുട്ടി പറയുന്നത്. ഈ സമുദായം എന്നത് മാധ്യമങ്ങളും എഴുത്തുകാരും എല്ലാം ചേർന്ന ഒരു വലയമാണല്ലോ. മാധ്യമങ്ങൾ ഒരിക്കലും വൻകിടയാകരുതെന്നാണ് എൻ്റെ പക്ഷം. കോർപ്പറേറ്റുകൾ, വലിയ മുതലാളിമാർ, കുത്തകകൾ മാധ്യമ രംഗത്തു പലതിനെയും അടിച്ചമർത്താൻ ഇടയാക്കും. അവർ ചിന്തിക്കുന്നതാണ് ശരിയെന്ന ധാരണ പരക്കും .നല്ല എഴുത്തുകാർക്ക് ഇതു തിരിച്ചറിയാനാകും. ചെറിയ പ്രസിദ്ധീകരണങ്ങളാണ് വേണ്ടത്. കൂടുതൽ ചെറിയ പ്രസിദ്ധീകരണങ്ങൾ സാഹിത്യ പൗരോഹിത്യത്തിനും വ്യവസ്ഥാപിതത്വത്തിനും അതീതമായ   ആശയങ്ങളെ വികേന്ദ്രീകരിക്കും. 

ബാലകൃഷ്ണൻ വായനക്കാരെ കബളിപ്പിക്കുന്നു

സി.വി.ബാലകൃഷ്ണൻ 'സ്വപ്നങ്ങളിൽ ചുവന്ന തടാകം'(മാതൃഭൂമി ഓണപ്പതിപ്പ്)എന്ന കഥയെഴുതിയത് എന്താനെന്നു മനസ്സിലാവുന്നില്ല . വായനക്കാരിൽ ഒരിക്കിളിയിടാനാണ് കഥാകൃത്തിന്റെ ശ്രമം. എന്നാൽ ഇത്തരം ഇക്കിളിപ്പെടുത്തലുകൾ  പ്രബുദ്ധരായ വായനക്കാർ പണ്ടേ ഉപേക്ഷിച്ചതാണ്. ബാലകൃഷ്ണനു ഒന്നും തന്നെ പറയാനില്ല. എന്നാൽ എന്തെങ്കിലും എഴുതി വിട്ടേക്കാം എന്ന ചിന്ത നല്ലതല്ല. വായനക്കാരെ ഓർക്കണം. അവർ ഏതു ചവറും ചുമന്നു നടക്കും എന്നു കരുതരുത്. 

സിനിമാഗാനരംഗങ്ങളിൽ കാണാറുള്ളതുപോലെ ഒരു  സ്വപ്നമാണ് കഥാകൃത്ത് വിവരിക്കുന്നത്; ആർക്കും എഴുതാവുന്നത്. അമ്മയും മകളും യാത്ര പോകുന്നു. മകൾ ,ഒരിടത്ത് കാർ നിർത്തിയപ്പോൾ ഇറങ്ങിയ ഓടിയെന്ന്! അതിനു വായനക്കാർ എന്തു ചെയ്യണം ?ഇതുപോലുള്ള പൈങ്കിളികൾ ഇനിയെങ്കിലും ഉപേക്ഷിക്കണമെന്നു അഭ്യർത്ഥിക്കുന്നു. 

സിതാരയുടെ കഥ 

ഈ വർഷത്തെ ഓണപ്പതിപ്പുകളിൽ താരതമ്യേന ശ്രദ്ധേയമായി തോന്നിയത് സിതാര എസ് എഴുതിയ 'മറ'(മാതൃഭൂമി ഓണപ്പതിപ്പ്)എന്ന കഥയാണ്. ഭർത്താവ് മരിച്ചാൽ ഭാര്യ ഏതാനും മാസങ്ങൾ വീട്ടിൽ പുറത്തിറങ്ങാതെ ഒരു മുറിയിൽ അടച്ചുപൂട്ടിയിരിക്കണമെന്ന മുസ്ലിം കുടുംബങ്ങളിലെ ആചാരമാണ് കഥയിൽ വിവരിക്കുന്നത് .

ഹമീദ എന്ന സ്ത്രീയാണ് ഈ ദുരിതമനുഭവിക്കുന്നത്. എന്നാൽ അവളെ കാണാനും ആശ്വാസം പകരാനും സഹപാഠി ശ്രീജിത്തും സുഹൃത്ത് രമ്യയും എത്തുകയാണ്. 

അവർക്ക് എതിർപ്പിനെ നേരിടേണ്ടി വന്നു. ഒടുവിൽ അവർക്കൊന്നിച്ച് ഹമീദ വീട്ടിനു പുറത്തു വരുക മാത്രമല്ല, ഒരു കാറിൽ പട്ടണത്തിലേക്ക് പോവുകയും ചെയ്യുന്നു. ഇതുപോലുള്ള കഥകൾ ,നഷ്ടപ്പെട്ടുപോയ മനുഷ്യസ്നേഹം സാവധാനം മുളപൊട്ടി വരുന്നതിൻ്റെ ഒരു വികാരം പകരുന്നുണ്ട്. മനുഷ്യമനസ് ഇന്ന് ഏതാണ്ട് ഒരു പാറ പോലെയാണ്. അവിടെ പണമല്ലാതെ യാതൊന്നും മുളയ്ക്കില്ല. സ്നേഹം അവിടെ ഇങ്ങനെ നിലനിൽക്കും? പാറയിൽ സ്നേഹത്തിനു ഇടമില്ല. സിതാരയുടെ കഥ മനുഷ്യനു നഷ്ടപ്പെട്ട സ്നേഹത്തെ പ്രതീക്ഷയോടെ വീണ്ടെടുക്കുകയാണ്.  ഇങ്ങനെയൊക്കെയാണ് നാം ജീവിക്കേണ്ടതെന്ന ഒരു  ചൂണ്ടുപലകയാണ് ഈ കഥ .

രമണൻ ചങ്ങമ്പുഴയുടെ മെഴുകു പ്രതിമ 

പ്രണയമില്ലാത്തവരാണ് പ്രണയ കവിതയെഴുതുന്നത്. കാരണം, പ്രണയിക്കുന്നവനു എങ്ങനെയാണ് താൻ പ്രണയിക്കുന്നു എന്നു പറയാൻ കഴിയുന്നത്?.പ്രണയം ഒരാന്തരിക അനുഭവമാണ്. അത് മറ്റൊന്നിനോട് തോന്നുന്ന താദാത്മ്യമാണ്. അവിടെ താനെന്താണ് ,എങ്ങനെയാണ് എന്ന് ചിന്തിക്കാനാവില്ല .പ്രണയിക്കുന്നു എന്ന് പറയുന്നത് തന്നെ പ്രണയരാഹിത്യമാണ്. യഥാർത്ഥത്തിൽ പ്രണയമില്ലാത്തതുകൊണ്ടാണ് പ്രണയിക്കുന്നു എന്നു പറയേണ്ടി വരുന്നത്. പറയുമ്പോൾ അത് വാക്കുകൾ മാത്രമാണ്. വാക്കുകൾ ശബ്ദങ്ങളായി കേട്ടാൽ പ്രേമമുണ്ടാകുമോ ?

പ്രണയം ഒരു ലഹരിയാണ്. അത് ഒരു വ്യക്തിയെ മനുഷ്യനല്ലാതാക്കും. ചിലപ്പോൾ സ്വയം താഴുകയോ വിചിത്രമായ ചിന്തകളിൽ എത്തിച്ചേരുകയോ ചെയ്യും. അതുകൊണ്ടാണ് ചങ്ങമ്പുഴയ്ക്കും തൻ്റെ കഥാപാത്രമായ രമണനും ദു:ഖിക്കേണ്ടി വന്നത്. ചങ്ങമ്പുഴയും രമണനും യാഥാർത്ഥ്യങ്ങളാണ്. ചങ്ങമ്പുഴയിൽ  രണ്ടുപേരുണ്ടായിരുന്നു. ഒരാൾ ചങ്ങമ്പുഴ തന്നെയാണ്. ആ ചങ്ങമ്പുഴയ്ക്ക് സ്ഥിരീകരണമില്ലാത്തതുകൊണ്ടാണ് രമണനെ സൃഷ്ടിക്കേണ്ടി വന്നത്. രമണൻ 'യഥാർത്ഥ 'ത്തിൽ ജീവിച്ച വ്യക്തിയാണ് ,കടലാസിലാണെന്നു മാത്രം. രമണന്റെ ജീവിതം വായിച്ചവരെല്ലാം രമണനായി മനസിൽ  ജീവിച്ചവരാണ്. 

പ്രണയം മനുഷ്യനെ മനുഷ്യനല്ലാതാക്കുന്നതുകൊണ്ടാണ്  ഇടപ്പള്ളി രാഘവൻപിള്ളയ്ക്ക്  ആത്മഹത്യ ചെയ്യേണ്ടി വന്നത്. ഇടപ്പള്ളിയല്ല ,തന്നിലെ പ്രണയ ലഹരിക്കടിപ്പെട്ട മറ്റൊരാളാണ്  മരിക്കുന്നത്. ഇടപ്പള്ളിയിലെ കവിക്ക്, കാമുകന് യഥാർത്ഥ ഇടപ്പള്ളിയെ  തിരസ്ക്കരിക്കേണ്ടി വന്നു .ഈ തിരസ്ക്കാരം തന്നെയാണ് ആത്മഹത്യ .ഒരു സമൂഹത്തിനു രമണനെ വേണ്ട; എന്നാൽ അവൻ്റെ കദനകഥ വേണം.

രമണനെ കടലാസിൽ സൃഷ്ടിച്ചശേഷം ഓടിമറയാതിരിക്കാൻ ചങ്ങമ്പുഴയ്ക്കാവില്ല. തന്നെ സ്വീകരിക്കാത്ത സമൂഹത്തിനു പറ്റിയ ഒരു ഉൽപ്പന്നം നിർമ്മിച്ചു കൊടുക്കുകയായിരുന്നു ചങ്ങമ്പുഴ. രമണൻ ചങ്ങമ്പുഴയുടെ മെഴുകു പ്രതിമയാണ് .രണ്ടുപേരെയും സമൂഹം സ്വീകരിക്കുന്നത് മെഴുകു പ്രതിമകളുടെ മ്യൂസിയത്തിൽ വച്ചാണ് 

പി. എൻ. ദാസിൻ്റെ മതം

പ്രമുഖ സെൻ ചിന്തകനും  എഴുത്തുകാരനുമായിരുന്ന പി.എൻ. ദാസ് എഴുതിയ 'ബുദ്ധൻ കത്തിയെരിയുന്നു' എന്ന കൃതിയിൽ തൻ്റെ ജീവിതമാർഗം എന്ന പോലെ  അദ്ദേഹം സെൻ തത്ത്വം മൗലികമായി അവതരിപ്പിക്കുന്നത് കണ്ടപ്പോൾ കൈയടിക്കണമെന്നു തോന്നി. ആഴമുള്ള ,ഗൗരവമുള്ള ,മൂല്യമുള്ള തലത്തിൽ ചിന്തിച്ച ദാസിനെ ഒരു ഓണപ്പതിപ്പുകാരനും എതിരേറ്റില്ല. ഓണപ്പതിപ്പുകൾക്ക് ഭൂതകാലത്തിന്റെ വിഴുപ്പ് മതിയല്ലോ. 1960 കളിൽ ഡിസൈൻ ചെയ്തതാണ് മലയാളത്തിലെ ഓണപ്പതിപ്പുകൾ .അതിനു ഒരു മാറ്റവുമില്ല. ഭൂതകാലത്തേക്ക് നോക്കി നെടുവീർപ്പിടുന്ന പരാജിതരുടെ ഓർമ്മകൾ മാത്രമേ ഇന്നത്തെ  ഓണപ്പതിപ്പുകളിലുള്ളു. പുതിയൊരു ലോകത്തെ കാണാമെന്ന് വിചാരിച്ച് അങ്ങോട്ട് ആരും നോക്കേണ്ടതില്ല.

പി.എൻ. ദാസ് എഴുതുന്നു: "ഒരിക്കൽ ആരോ ഭൂഗുരുത്വാകർഷണം  കണ്ടുപിടിച്ചു. ഓരോരുത്തരും വീണ്ടും വീണ്ടും അത് കണ്ടുപിടിക്കേണ്ടതില്ല. പക്ഷേ ,മതം വീണ്ടും വീണ്ടും കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. ഇത് സ്നേഹത്തെപോലെയാണ്. നിങ്ങൾക്ക് മുമ്പ് ലക്ഷക്കണക്കിനാളുകൾ സ്നേഹിച്ചു .പക്ഷേ, നിങ്ങൾ സ്നേഹിച്ചില്ലെങ്കിൽ അത് എന്താണെന്ന് നിങ്ങൾക്കറിയാനാവില്ല. ലക്ഷക്കണക്കിന് ആളുകൾ സ്നേഹിച്ചു .അതുകൊണ്ട് ഞാൻ വീണ്ടും സ്നേഹിക്കേണ്ടതിൻ്റെ ആവശ്യമെന്ത് എന്ന് നിങ്ങൾക്ക് പറയാനാവില്ല. സ്നേഹത്തെ അറിയണമെങ്കിൽ ഒരാൾ സ്നേഹിക്കുക തന്നെ വേണം. അയാൾ അത് വീണ്ടും കണ്ടുപിടിക്കുക തന്നെ വേണം. മതം സ്നേഹത്തെ പോലെയാണ് ;അത് ശാസ്ത്രത്തെ പോലെയല്ല " .

എഴുത്തുകാരനു ഇത് ബാധകമാണ്. നമ്മുടെ അനുഭവത്തിൽ വന്നാലേ  എന്തും റിഫ്രഷ് ചെയ്തെടുക്കാൻ കഴിയൂ. ഓരോ വാക്കും ഇങ്ങനെ സ്വാനുഭവമാകണം. അല്ലെങ്കിൽ ഓരോ വാക്കും മറ്റുള്ളവരുടേതാണ്.നമ്മൾ അനുഭവിക്കുന്നതിൻ്റെ വ്യാപ്തിക്കനുസരിച്ച് നിലനിൽക്കുന്ന ലോകം കൊഴിഞ്ഞുപോകുകയാണ്. നമ്മൾ പലതിന്റെയും നുണകളെ ഉപേക്ഷിക്കുക തന്നെ വേണം. നമുക്ക് സത്യമല്ലാത്തതുകൊണ്ട് പലതിനെയും നിരാകരിക്കേണ്ടി വരും 

കുർട്ട് വോണിഗട്ട് പറഞ്ഞത് 

"ഒരാളെങ്കിലും സന്തോഷിക്കാൻ വേണ്ടിയാണ് എഴുതേണ്ടത്. നിങ്ങൾ ജനാല തുറന്ന് ,ലോകത്തെ മുഴുവൻ സ്നേഹിക്കാൻ ശ്രമിച്ചാൽ നിങ്ങളുടെ കഥയ്ക്ക് നിമോണിയെ പിടിപെടും" - അമേരിക്കൻ എഴുത്തുകാരൻ കുർട്ട് വോണിഗട്ട് പറയുന്നു. 

ഈ ലോകത്തെയാകെ  സന്തോഷിപ്പിക്കേണ്ട ഒരുത്തരവാദിത്വം എഴുത്തുകാരനായ എനിക്കില്ല. കാരണം, ഇതൊരു  ജനാധിപത്യപരമായ മത്സരമോ തിരഞ്ഞെടുപ്പോ അല്ല .നമുക്ക് പറയാനുള്ളത് സത്യസന്ധമായി പറയുകയാണ് വേണ്ടത്.സാഹിത്യരചനയിൽ ഏർപ്പെടുക എന്നാൽ സിനിമാപാട്ടു പോലെ എല്ലാത്തിനെയും പൊതിഞ്ഞു പൂക്കൾ കൊണ്ട് മറയ്ക്കുക എന്നല്ല അർത്ഥം ;എല്ലാത്തിനെയും മണ്ണു മാന്തി പുറത്തെടുക്കുക എന്നാണർത്ഥം. അതിന് കഴിവില്ലാത്തവർ പലപ്പോഴും എഴുതുന്നു. ഓണപ്പതിപ്പുകാർ ബഹിഷ്കരിച്ചാൽ നമ്മുടെ രചനകൾക്കൊന്നും സംഭവിക്കുകയില്ല. ഞാൻ ഈ ഓണക്കാലത്ത് മൂന്ന് ലേഖനങ്ങളാണ് എഴുതിയത്. ബൈബിളിലെ പഴയ നിയമത്തിലെ സഭാപ്രസംഗകനും നവസാഹിത്യപ്രമേയങ്ങളും (ദീപിക വാർഷികപ്പതിപ്പ്),ദൈവം: കൊക്കൂണിൽ നിന്നു ശലഭങ്ങൾ പുറത്തുവരുന്നത് പോലെ (മെട്രോ വാർത്ത വാർഷികപ്പതിപ്പ്), പ്രതീതിയായ ജീവിതത്തിൽ സന്തോഷവും മിഥ്യയും(മൂല്യശ്രുതി) എന്നിവയാണ് ആ ലേഖനങ്ങൾ .വളരെ ഗൗരവമായി ചിന്തിച്ച് എഴുതിയ ദീർഘ ലേഖനങ്ങളാണ് ഇത് മൂന്നും .ഈ ലേഖനങ്ങളേക്കാൾ മികച്ചതായി ഒന്നും തന്നെ മറ്റു ഓണപ്പതിപ്പുകളിൽ കണ്ടില്ല. ഇത് വായനക്കാരുടെ അഭിപ്രായമാണ്. എത്രയോ പേർ എന്നെ വിളിച്ചു. എന്തെങ്കിലും കാട്ടിക്കൂട്ടാൻ എനിക്കു താത്പര്യമില്ല. ഞാൻ എഴുതുമ്പോൾ പരമാവധി ആവിഷ്കരിക്കാനാണ് ശ്രമിക്കുന്നത് .എന്തെങ്കിലും നാലുവരി കുത്തിക്കുറിച്ചു കൊടുത്ത്‌ ആളുകളെ  കബളിപ്പിക്കുന്ന രീതി എനിക്കില്ല.

മഹാഭാരതത്തിനു രണ്ടു തലങ്ങളുണ്ട് 

മലയാളത്തിൽ ഇപ്പോൾ മഹാഭാരതത്തോട് പ്രിയമേറുകയാണ്.  ഭരണം മാറിയതിന്റെ ഫലമാണിത് .എഴുത്തുകാർ നോക്കുന്നത് ആരെ തൃപ്തിപ്പെടുത്താമെന്നാണ്. കൊട്ടാരം കവികളുടെ മാനസികാവസ്ഥ തന്നെയാണ് സർക്കാർ ,പൊതുമേഖലാ സ്ഥാപനങ്ങളിലെ എഴുത്തുകാരെയും  സ്വാധീനിക്കുന്നത് .കലാശാലാ എഴുത്തുകാർക്കും സർക്കാർ സാഹിത്യകാരന്മാർക്കും  യാഥാസ്ഥിതിക പക്ഷത്ത് നിലയുറപ്പിച്ചേ മതിയാകൂ .പ്രക്ഷോഭം നയിക്കുന്ന ഒരു കൃതിയെക്കുറിച്ചും  അവർ മിണ്ടില്ല. സർക്കാർ അവാർഡ് കൊടുത്താൽ പിന്നെ അടങ്ങിയിരിക്കില്ല. സകലതിൻ്റെയും മുനയൊടിച്ചു കളഞ്ഞ് ,ഏവർക്കും സ്വീകാര്യമാകുന്ന വിധം പരുവപ്പെടുത്തി എഴുതിക്കൊണ്ടിരിക്കും.

മഹാഭാരതത്തെക്കുറിച്ച് ,കുരുക്ഷേത്രയുദ്ധത്തെക്കുറിച്ച് ആർക്കുമെഴുതാം. പക്ഷേ ,അതിനുള്ളിലേക്ക് കയറാൻ ധിഷണ വേറെ വേണം. പ്രത്യക്ഷത്തിൽ കാണുന്ന യുദ്ധത്തിനു പിറകിൽ ധർമ്മത്തിന്റെ വേറൊരു യുദ്ധമുണ്ട്.അതറിയാനാണ് ബുദ്ധി വേണ്ടത്. മഹാപണ്ഡിതനും യോദ്ധാവും ആദർശശാലിയും പരിണിത പ്രജ്ഞനും ധർമ്മബോധമുള്ളവനും കാരണവരുമായ ഭീഷ്മർക്ക് പോലും യഥാർത്ഥ ധർമ്മം അറിയില്ലെന്ന് ശ്രീകൃഷ്ണൻ കുറ്റപ്പെടുത്തുന്നത് ശ്രദ്ധിക്കണം. അപ്പോഴാണ് യുദ്ധത്തിൻ്റെ പിറകിൽ മറ്റൊരു യുദ്ധം നടക്കുന്നത് മനസ്സിലാവുന്നത് .

ഇതറിയാതെ എഴുതുന്നവർ ഐ.വി.ശശിയുടെയോ സത്യൻ അന്തിക്കാടിൻ്റെയോ സിനിമകളിലെ സംഘട്ടന രംഗങ്ങൾ പോലെയായിരിക്കും ആ യുദ്ധത്തെ വിവരിക്കുക. ഏതാനും മാസങ്ങൾക്ക് മുൻപ് ഒരാൾ ഒരു മഹാഭാരത പഠന പരമ്പരയിൽ എഴുതി ,ശ്രീകൃഷ്ണൻ അധർമ്മത്തെ പ്രോത്സാഹിപ്പിച്ചു എന്ന്. ഇത്രയും വിവരംകെട്ട വർത്തമാനം കേട്ടിട്ടേയില്ല. ശ്രീകൃഷ്ണനെ മനസ്സിലാക്കാനുള്ള സിദ്ധിയില്ലാത്തവർ അതിനായി തപം ചെയ്യണം. ശ്രീകൃഷ്ണനു എന്തുകൊണ്ടാണ് അന്ത്യകാലത്ത് ശക്തിലോപം സംഭവിച്ചത്? ഗാന്ധാരിയുടെ ശാപം കൊണ്ടാണെന്നു ഉപരിപ്ളവമായി പറയുന്നവരാണ് അധികവും .എന്നാൽ ഒരു ധർമ്മയുദ്ധത്തിൻ്റെ പരിണതഫലമാണത്.

ബോർഹസ് :രാഷ്ട്രീയ ,മത വിശ്വാസങ്ങല്ല സാഹിത്യം

'ബോർഹസ് ഓൺ റൈറ്റിംഗ്' എന്ന പുസ്തകം സൗജന്യമായി ഇൻറർനെറ്റൽ വായിക്കാം, മറ്റു പല പുസ്തകങ്ങളുമെന്ന പോലെ. പിഡിഎഫ് കിട്ടും. നോർമൻ തോമസ് ദി ജിയോവന്നി ,ഡാനിയൽ ഹാൽപേൺ, ഫ്രാങ്ക് മാക്ഷെയ്ൻ എന്നിവർ ചേർന്നാണ് ഈ പുസ്തകം എഡിറ്റു ചെയ്തത്. 177 പേജുണ്ട്. അർജൻ്റയിൻ കഥാകൃത്ത് ബോർഹസ് സാഹിത്യത്തെക്കുറിച്ച് മനസ്സിലാക്കിയ ആശയങ്ങൾ സംഭാഷണങ്ങളായി ഇതിലുണ്ട്. സാഹിത്യരചനയിൽ പലരും ധരിച്ചു വച്ചിട്ടുള്ള തെറ്റായ ആശയങ്ങൾ സംഭാഷണങ്ങളായി ഇതിൽ വായിക്കാം. പാർട്ടികളെക്കുറിച്ചും  മതവിശ്വാസങ്ങളെക്കുറിച്ചും എഴുത്തുകാർ പുലർത്തുന്ന  സമീപനങ്ങൾ തിരുത്തുന്നത് ഇങ്ങനെയാണ് : "ഒരു എഴുത്തുകാരനായിരിക്കുക എന്നുള്ളതാണ് ഒരു എഴുത്തുകാരന്റെ ജോലി .നല്ല എഴുത്തുകാരനായിരിക്കണമെങ്കിൽ ജോലി നന്നായി ചെയ്യണം. എൻ്റെ മറ്റഭിപ്രായങ്ങൾ ഉപരിപ്ളവമായി കണ്ടാൽ മതി.ഉദാഹരണത്തിനു, കമ്മ്യൂണിസ്റ്റുകാരെയും നാസികളെയും ജൂത വിരോധികളെയും ഞാൻ വെറുക്കുന്നു .എന്നാൽ ഈ വിരോധമൊന്നും എൻ്റെ കഥകളിൽ കടന്നു വരാൻ ഞാൻ അനുവദിക്കില്ല. കഥയിലെ സ്വപ്നം അതിൻ്റെ വഴിക്ക് വികസിക്കാനുള്ള അവസരമാണ് കഥാകൃത്ത് സൃഷ്ടിക്കേണ്ടത് ".

ഈ പ്രസ്താവന നമ്മുടെ പല എഴുത്തുകാരുടെയും മിഥ്യാധാരണകൾ പൊളിച്ചടുക്കുന്നതാണ്. ചിലർ തങ്ങളുടെ രാഷ്ട്രീയ, മത പക്ഷപാതമാണ് എഴുതിക്കൊണ്ടിരിക്കുന്നത് .അത് അങ്ങേയറ്റം ഹീനമായ ഒരു പ്രവൃത്തിയാണ്. നിങ്ങൾ വാക്കുകളിൽ സ്വതന്ത്രമാവുകയാണ് പ്രധാനം. നിങ്ങളുടെ സ്വപ്നങ്ങളെ ജീവിക്കാൻ വിടണം. മറ്റൊരിടത്ത് ബോർഹസ് സമകാലിക സംഭവങ്ങൾ പ്രമേയമായി സ്വീകരിച്ചാൽ ആധുനികനാകുമെന്ന ധാരണയെ തിരുത്തുന്നു .ഹോമര്‍ എഴുതിയത് ട്രോജൻ യുദ്ധം നടന്ന് നൂറ്റാണ്ടുകൾ കഴിഞ്ഞാണെന്ന വസ്തുത ഓർമ്മിപ്പിക്കുന്നു. "സമകാലിക വിഷയങ്ങൾ പ്രമേയമാക്കിയാൽ  അത് ജേർണലിസസമാകും, സാഹിത്യമാകില്ല" .

എന്താണ് പാരമ്പര്യം? ചിലർ  വിചാരിക്കുന്നത് അവർ സ്വയമൊരു  പാരമ്പര്യമെന്നാണ് .എന്നാൽ പാരമ്പര്യം ,ഒന്നാമത് ,നിങ്ങൾ എഴുതുന്ന ഭാഷയാണ് .മറ്റൊന്ന് , നിങ്ങൾ വായിച്ച പുസ്തകങ്ങളാണ്.

പെരുമ്പടവത്തിൻ്റെ കഥ ചിന്തിപ്പിച്ചു

പെരുമ്പടവം ശ്രീധരൻ എഴുതിയ 'കാല സീമകൾ കടന്ന് '(ആശ്രയ മാതൃനാട് സെപ്റ്റംബർ)എന്ന കഥ ഉജ്വലമായി. കഥാകൃത്ത് ജീവിതാനുഭവങ്ങളുടെ വെളിച്ചത്തിൽ മനുഷ്യജീവിതത്തിൻ്റെ അഗാധതകളെ തേടുകയാണ്. ഈ കഥയിലെ പ്രധാന കഥാപാത്രം ഒരു 'അയാളാ'ണ് .അയാൾ ഒരിടത്തും തങ്ങാതെ യാത്ര ചെയ്യുകയാണ്,പേരില്ലാതെ .മനുഷ്യർ പരസ്പരം വെട്ടിയും കൊന്നും നശിപ്പിച്ച ഒരു നഗരത്തിലാണ് ഇപ്പോൾ അയാൾ ഉള്ളത്.

"തെരുവിൽ മറ്റൊരിടത്ത് തളം കെട്ടിക്കിടന്ന മനുഷ്യരക്തത്തിന്റെ ഉണങ്ങിയ പാടുകണ്ട് അയാളുടെ  ഹൃദയത്തിൽ നിശ്ശബ്ദമായ ഒരു വിലാപമുയർന്നു" .ഈ വിലാപം കഥയിലുടനീളം കേൾക്കാം . ഇടയ്ക്ക് ,അയാൾ ബുദ്ധനുമായി നടക്കുന്നു. ബുദ്ധൻ അയാളോടു പറഞ്ഞു: "സർവ്വവും അനിത്യമാണ് .നിത്യമായിട്ട് ഒന്നുമില്ല. എല്ലാ പദാർത്ഥങ്ങളും തീപിടിച്ചതുപോലെ അനുനിമിഷം അതിൻ്റെയുള്ളിൽ എരിഞ്ഞുകൊണ്ടിരിക്കുകയാണ് ".

ആധുനികതയുടെ സംസ്കാരം ഉൾക്കൊണ്ട വരികളാണിത്. ആത്യന്തികമായ അർത്ഥം തേടുന്നവൻ്റെ മുന്നിൽ വ്യർത്ഥത താനേ വെളിപ്പെടും .മനുഷ്യൻ ചെയ്യുന്ന വംശഹത്യയും  കൂട്ടക്കൊലകളും ഈ ഭൂമിയെ ഒരു നരകമാക്കിയിരിക്കുകയാണ്. അതിനു  എവിടെയാണ് പരിഹാരം? പിന്നീട് ഈ കഥാപാത്രം ക്രിസ്തുവിനെ കാണുന്നു. മനുഷ്യദുരിതത്തിന്റെ തീരാത്ത കഥകൾ അയാൾ ക്രിസ്തുവിൻ്റെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും  പ്രതികരണമുണ്ടായില്ല. വിഷമിക്കാതെ എന്നു മാത്രമാണ് ക്രിസ്തു പ്രതികരിച്ചത്. മഹാപുരുഷന്മാർ പരാജയപ്പെട്ടിടത്ത് നമ്മെപ്പോലുള്ള സാധാരണക്കാർക്ക് എന്ത് രക്ഷ ?നമ്മളും ഈ കലഹത്തിന്റെ ഭാഗമായി മാറുകയല്ലേ? എല്ലായിടത്തും ഒരേ കാഴ്ചകൾ തന്നെ. ക്രിസ്തുവിനു പോലും മനുഷ്യരാശിയെ സ്വാധീനിക്കാൻ കഴിഞ്ഞില്ല .കാരണം, മനുഷ്യൻ സ്വമേധയാ നിന്ദ്യനും ആർക്കും നേരെയാക്കാൻ കഴിയാത്തവനമാണ്. ഈ കഥയുടെ ഒടുവിൽ അയാളുടെ മനസ്സിൽ നിന്ന് നിസ്സഹായമായ ആ വാക്കുകൾ മാത്രം പുറത്തുവരുന്നു: "എന്റെ ജീവിതം മനുഷ്യനെക്കുറിച്ചുള്ള ഒരു വേവലാതിയാണ് .അതുകൊണ്ട് ഭ്രാന്ത് പിടിക്കാതിരിക്കാൻ വേണ്ടി ഞാൻ യാത്ര തുടരുകയാണ്".പെരുമ്പടവത്തിനു അഭിനന്ദനങ്ങൾ. ഇതുപോലെ പ്രസക്തമായ ഒരു കഥയെഴുതാൻ സാധിച്ചത് അദ്ദേഹം  ഇക്കാലയളവിൽ നേടിയ അനുഭവങ്ങളാണെന്നു പറയാം. 

വിമർശകരെ ശപിക്കുന്ന കഥാകൃത്ത് 

അഷ്ടമൂർത്തിയുടെ 'നിരൂപകന്റെ രാജ്യഭാരം'(മനോരമ വാർഷികപ്പതിപ്പ് ) ഒച്ചയുണ്ടാക്കാതെ ചീറ്റിപ്പോയ ഒരു പടക്കമാണ് .ഏതോ നിരൂപകനെ  മനസ്സിൽ വച്ചുകൊണ്ട് ചെളി വാരിയെറിയുകയാണ്. കഥാകൃത്തിന്റെ മനസ്സിലെ പകയും വിദ്വേഷവുമാണ് പുറത്തു വരുന്നത്. അഷ്ടമൂർത്തിയും അതുപോലുള്ളവരും  മനസ്സിലാക്കേണ്ടത്, നിരൂപകൻ എഴുതുന്നത് കഥാകൃത്തുക്കൾക്ക് വേണ്ടിയല്ലെന്ന യാഥാർത്ഥ്യമാണ് .

ഒരു കഥാകൃത്തിന്റെയും ഏജൻ്റോ ,വക്താവോ അല്ല നിരൂപകൻ. നിരൂപകനു വേറെ ജോലിയുണ്ട്. നിരൂപകൻ ഒരു കഥ വായിച്ച് എഴുതുന്നത് കഥാകൃത്തിനെ ഉയർത്താനോ താഴ്ത്താനോ അല്ല; മറിച്ച്, നിരൂപകന്റെ ആന്തരികമായ സൗന്ദര്യപ്രശ്നങ്ങളെ സമീപിക്കുന്നതിന്റെ ഭാഗമായാണ്. തന്നെ നിരൂപകൻ അംഗീകരിക്കുന്നില്ല എന്നു പരാതിയുള്ളവരൊക്കെ അഷ്ടമൂർത്തിയെ പോലെ പ്രതിഷേധക്കഥകൾ എഴുതാൻ തുടങ്ങിയാൽ എത്ര രസമായിരിക്കും! . അഷ്ടമൂർത്തിക്ക് ഉന്നതമായ ഒരു ആശയലോകമില്ല. അത് പരിഹരിക്കാനായി ധാരാളം വായിക്കണം. വായിക്കുമ്പോൾ ഒരു സെൻ ബുദ്ധിസ്റ്റാകണം. അല്ലെങ്കിൽ വായനകൊണ്ട് പ്രയോജനമില്ല. സെൻ ബുദ്ധിസ്റ്റാകുക എന്നു പറഞ്ഞത് ഒരു ആലങ്കാരിക പ്രയോഗമായി കാണു ക .നമ്മൾ ചിന്തിക്കുമ്പോഴും വായിക്കുമ്പോഴും നിരുപാധികമായ സ്വാതന്ത്ര്യം അനുഭവിക്കണം. നിശ്ശബ്ദമായി ,വാക്കുകൾക്കതീതമായി ഈ ലോകവുമായി ബന്ധം പുലർത്താനാവണം. ഒരു പുസ്തകത്തെയോ സംഘടനയെയോ പോഷിപ്പിക്കാനല്ല നാം വായിക്കുന്നത്; നമ്മെ സ്വയം ഉപേക്ഷിക്കാതിരിക്കാനാണ്. അങ്ങനെ മനസ്സിന്റെ നിഷ്കളങ്കതയിലാഴ്ന്നിറങ്ങി വായിക്കണം .അപ്പോൾ ചുറ്റിനു മുള്ളതെല്ലാം തനിസരൂപം കാണിച്ചു തരും .

ഒരു ബദൽ ഷേക്സ്പിയർ വേണം 

ഷേക്സ്പിയർ പഠനങ്ങളെയും  നാടകാവതരണങ്ങളെയും പുതിയൊരു വീക്ഷണത്തിലൂടെ നവീകരിക്കേണ്ടതിൻ്റെ ആവശ്യകതയിലൂന്നിയാണ് Alternative Shakespeares എന്ന പുസ്തകപരമ്പര പ്രസിദ്ധീകരിക്കപ്പെട്ടത്. ഒരു Alternative ആവശ്യമായിരിക്കുന്നു. ഷേക്സ്പിയർ നാടകങ്ങൾ ഇനി എങ്ങനെയാണ് അവതരിപ്പിക്കേണ്ടതെന്ന് റോയൽ തീയേറ്റർ ചിന്തിക്കുന്നു. നമുക്ക് മറ്റൊരു വഴി എപ്പോഴും ആവശ്യമാണ് .നമ്മൾ എന്ത് പുരോഗതിയാണ് സൃഷ്ടിച്ചിട്ടുള്ളത്, നമ്മളും നമ്മുടെ കുട്ടികളും എന്താണ് പഠിക്കേണ്ടത് എന്നീ ചോദ്യങ്ങൾ തുടരെത്തുടരെ ചോദിക്കണമെന്ന് അവതാരികയിൽ ഡയാന ഇ .ഹെൻഡേഴ്സൺ പറയുന്നുണ്ട്. 

ഒരു കോളമിസ്റ്റെന്ന നിലയിൽ ഞാൻ  'അക്ഷരജാലക'(മെട്രോ വാർത്ത) ത്തിലും 'അനുധാവന'ത്തിലും ഈ നിലപാടാണ് പുലർത്തുന്നത്. ഉറച്ചു പോയ ധാരണകളെ തിരുത്തുക , പുതിയ Alternative കൊണ്ടുവരുക, പുതിയ അർത്ഥാന്വേഷണം നടത്തുക,  ലോകസാഹചര്യങ്ങൾക്കനുസരിച്ച് പുതിയ ആശയങ്ങൾ സൃഷ്ടിക്കുക ,നവലോകത്തെ അറിയുക എന്നീ പ്രശ്നങ്ങൾ ഞാനെപ്പോഴും പാലിച്ചു പോരുന്നുണ്ട്.  'അക്ഷരജാലക'ത്തിലൂടെയാണ് ഉത്തര- ഉത്തരാധുനികതയെ ഞാൻ മലയാളസാഹിത്യത്തിൽ  പരിചയപ്പെടുത്തിയത്. റയോൾ ഇഷെൽമാൻ, അലൻ കിർബി ,നിക്കോള ബോറിയ തുടങ്ങിയവരുമായി ഞാൻ നടത്തിയ അഭിമുഖങ്ങളുടെ സംക്ഷിപ്ത രൂപം  അതിൽ ചേർത്തിരുന്നു. നവാദ്വൈതം ,സ്യൂഡോറിയലിസം എന്നിങ്ങനെയുള്ള എൻ്റെ സ്വന്തം സിദ്ധാന്തങ്ങളും ഞാൻ 'അക്ഷരജാലക'ത്തിൽ അവതരിപ്പിച്ചു .എന്നും ലോക നിലവാരമുള്ള സാഹിത്യചിന്തയ്ക്കാണ് ഞാൻ മുൻഗണന കൊടുത്തത്.'അക്ഷരജാലക'ത്തിൻ്റെ  ഇരുപത്തഞ്ചാം വർഷമാണിത്. 

അക്ഷരജാലകത്തെ അഭിനന്ദിച്ചുകൊണ്ട് കേരള സാഹിത്യ അക്കാദമിയോ ,കേരള പ്രസ് അക്കാദമിയോ ഒരു കത്ത് പോലും 

എനിക്കയിച്ചിട്ടില്ല. എന്നാൽ വല്ലവരുടെയും കവിത 'ഞാൻ ഇന്നു വായിച്ച കവിത 'എന്ന പേരിൽ  ഫേസ്ബുക്കിൽ പോസ്റ്റു ചെയ്യുന്ന കുരീപ്പുഴ ശ്രീകുമാറിന്റെ പ്രവൃത്തിയെ ഒരു പംക്തിയായി പ്രകീർത്തിച്ച് കേരള സാഹിത്യഅക്കാദമി അദ്ദേഹവുമായി അഭിമുഖം നടത്തി ഒരു കവർസ്റ്റോറി പ്രസിദ്ധീകരിച്ചിരിക്കുന്നു !(സാഹിത്യ ചക്രവാളം ,സെപ്റ്റംബർ)എന്താണ് ഇതിൻ്റെയർത്ഥം? ഈ അക്കാദമിയുടെ  ചിന്തയ്ക്ക്, ബുദ്ധിക്ക് എന്തോ സംഭവിച്ചിരിക്കുന്നു .വാർത്ത വായിക്കുന്നവർക്ക് പോലും അവാർഡ് കൊടുക്കുന്ന പ്രസ് അക്കാദമി ഇരുപത്തഞ്ച് വർഷമായി തുടരുന്ന 'അക്ഷരജാലക'ത്തെ കണ്ടില്ലെന്ന് നടിക്കുകയാണ്.അക്ഷരജാലകം സമാഹരിച്ച് പുസ്തകമാക്കി കുട്ടികൾക്ക് പഠിക്കാൻ കൊടുക്കണമെന്നു നിർദ്ദേശിച്ച്  മഹാസംവിധായകൻ കെ.എസ്.സേതുമാധവൻ ഒരു കത്ത് പ്രസിദ്ധപ്പെടുത്തിയത് ഓർക്കുമല്ലോ.

ടി .പത്മനാഭൻ കഥകൾ എന്തുകൊണ്ട് ?

ടി.പത്മനാഭനു എന്തും എഴുതാൻ സ്വാതന്ത്ര്യമുണ്ട്.അദ്ദേഹം വളരെ മുതിർന്ന ഒരു കഥാകൃത്താണ്. അദ്ദേഹം 'കത്തുന്ന ഒരു രഥചക്രം ,ഗൗരി തുടങ്ങിയ നല്ല കഥകൾ എഴുതിയിട്ടുണ്ട്. എന്നാൽ പത്മനാഭൻ കുറേ കാലമായി എഴുതുന്ന കഥകൾ ആ പഴയ അനുവാചകരെ  ആകർഷിക്കുന്നുണ്ടോ എന്നു സംശയമാണ്. ഒരു വായനക്കാരൻ്റെ സംശയമാണ്. 'ഒറ്റക്കാലൻ കാക്കയുടെയും അവൻ്റെ മകൻ്റെയും കഥ' എന്ന കഥ (പ്രഭാതരശ്മി, സെപ്റ്റംബർ) പത്മനാഭൻ  എഴുതേണ്ടതല്ല .അത് നാല്പതു വർഷം മുമ്പായിരുന്നെങ്കിൽ ,ഒരു പക്ഷേ, സ്വീകരിക്കപ്പെടുമായിരുന്നു .ഈ കാലത്ത് ഇത്തരം കഥകൾ വായനക്കാരനിൽ ഗാഢമായ യാതൊരു അനുഭൂതിയും സൃഷ്ടിക്കുന്നില്ല .

പത്മനാഭൻ എഴുതുമ്പോൾ ആളുകൾ ശ്രദ്ധിക്കും. ചിലപ്പോൾ, പ്രതിഭയില്ലാത്തവർ ഇത് അനുകരിക്കും. അത് ഭാഷയ്ക്ക് വലിയ ക്ഷീണമുണ്ടാക്കുകയും ചെയ്യും.ഏതെങ്കിലും യുവകഥാകൃത്താണെങ്കിൽ ആരും ഒന്നും പറയില്ല. കാരണം, അവർക്ക് മിക്കവർക്കും ചെറുകഥ എന്ന സാഹിത്യരൂപമെന്താണെന്നു വ്യക്തമായിട്ടില്ല .എന്നാൽ പത്മനാഭൻ ഈ കഥയിലൂടെ എന്താണ് പറയുന്നത്? വീട്ടിൽ വരുന്ന ജീവികളോട് സ്നേഹം തോന്നുന്ന ചിലരൊക്കെയുണ്ട്. പക്ഷേ ,അതൊക്കെ എല്ലാവർക്കും അറിവുള്ളതല്ലേ ?ഈ കഥയിൽ കുമാരനാശാൻ്റെ നാലു വരിയും  ഗീതയിലെ നാലുവരിയും ഉദ്ധരിച്ചു ചേർത്തത് കൃത്രിമമായി  തോന്നി.

യേറ്റ്സ്: ഒരു ലോകം തകർക്കുന്ന എഴുത്തുകാരൻ

ഓരോ യാഥാർത്ഥ്യത്തെയും എഴുത്തുകാരൻ തൊടുന്നതോടെ  അവിടെ ഒരു മരണം സംഭവിക്കുന്നു. അതുവരെയുണ്ടായിരുന്നത് തകരുന്നു. പുതിയൊരു വീക്ഷണവും അനുഭവവും തിരിച്ചറിയപ്പെടുകയാണ്.യാഥാർത്ഥ്യം ഒരു കള്ളച്ചൂതാണ് .ആരോ നമ്മുടെ ഇന്ദ്രിയങ്ങളിൽ ഇടപെടുന്നു. നാം ശരിയെന്ന് കരുതുന്നത് നമ്മുടെ മുന്നിൽ വച്ച് തന്നെ മാറുന്നു. എതിരെയുള്ളയാളെ കാണാനൊക്കുന്നില്ല. എന്നാൽ അയാൾ കളിക്കുകയാണ്. ഈ കളിയിൽ തോൽക്കാൻ നാം നേരത്തെ തയ്യാറെടുത്തിരിക്കണം. ഐറിഷ് കവി ഡബ്ല്യു. ബി.യേറ്റ്സ് ഇങ്ങനെ പറഞ്ഞു: 

A writer  must die every day he lives, be reborn 

എഴുത്തുകാരൻ എന്തിനാണ് മരിക്കുന്നത്? അയാൾ എല്ലാറ്റിനെയും  നേരത്തെ ഉണ്ടായിരുന്നതിനു  എതിരായി കാണുന്നു. അവിടെ അയാൾ മരിക്കുകയാണ്, വീണ്ടും ജനിക്കാനായി.

ഉദയശങ്കറിൻ്റെ കഥയിൽ ഭാഷ മാത്രമേയുള്ളു

ഉദയശങ്കറിൻ്റെ 'മഴയുടെ ആത്മഗതങ്ങൾ'(കലാപൂർണ, സെപ്റ്റംബർ) ഒരു കഥയെന്ന നിലയിൽ വേണ്ടപോലെ വിജയിച്ചില്ല എന്നാണ് തോന്നുന്നത്.കഥയെ കവിതയോട് അടുപ്പിക്കാൻ ഇടവാചകങ്ങളിൽ സൂക്ഷ്മമായ നിരീക്ഷണങ്ങൾ നിറയ്ക്കാനാണ് കഥാകൃത്ത് ശ്രമിക്കുന്നത്. ഒരു കഥയുടെ സമഗ്രത ഇവിടെ കാണാനാകുന്നില്ല.'പ്രണയം ദാമ്പത്യമല്ല .വിഷാദത്താൽ ഉണങ്ങാത്ത ഒരു മുറിവ് മാത്രമാണ്' തുടങ്ങിയ പ്രയോഗങ്ങളിൽ ഉദയശങ്കറിൻ്റെ ഭാഷാപരമായ സിദ്ധി പ്രകടമാണ്. പക്ഷേ, കഥ എന്ന കലാവിഷ്കാരത്തിന്റെ നൈരന്തര്യത്തിൽ കഥാകൃത്തിനു  പരമാവധി ആവിഷ്കാരം നടത്താനാവുന്നില്ല. വായനക്കാരന്റെ ഏകാഗ്രത നശിപ്പിക്കപ്പെടുകയാണ്. ചെറുകഥയിൽ ഒരു തുടക്കവും അവസാനവുമുണ്ട്. അത് അനിഷേധ്യ വസ്തുതയാണ്. എവിടെ തുടങ്ങണമെന്നത് കഥാകൃത്തിന്റെ തിരഞ്ഞെടുപ്പാണ് .എവിടെ അവസാനിപ്പിക്കണമെന്നതും അതുപോലെ തന്നെ. പക്ഷേ, ഒരു കഥയുടെ ആന്തരികമായ യാത്ര അനുവാചകനിലെത്തിക്കണം. അതിനു തടസ്സമുണ്ടാവാൻ പാടില്ല. എഴുത്ത് ഒരു skill ആണ്. ആർട്ട് എന്നാൽ ആ skill കൂടി ചേർന്നതാണ് .എന്താണ് ആ Skill? അനുവാചകന്റെ ഹൃദയത്തെ സ്പർശിക്കുന്നതിനുള്ള skill ആണത്. 

മാർഗരറ്റ് അറ്റ്വുഡ് 

എഴുത്തുകാരനു മുന്നിൽ യാഥാർഥ്യം ഒരു നിശ്ചിതമായ അർത്ഥത്തോടെ അണിഞ്ഞൊരുങ്ങി നിൽക്കുകയില്ല. അതിനെ കണ്ടെത്താനായി, അടച്ചിട്ട എല്ലാ വാതിലുകളിലും മുട്ടേണ്ടി വരും. എന്നാൽ അന്വേഷിച്ചത് കണ്ടെത്തണമെന്നില്ല. അതുകൊണ്ട് അന്വേഷിക്കുന്ന വസ്തു നിലനിൽക്കുന്നില്ല എന്നർത്ഥമില്ല . മനുഷ്യന്റെ വിധിയാണത്.

കനേഡിയൻ പെൺകവി മാർഗ്ഗരറ്റ് അറ്റ്വുഡ് പറഞ്ഞു ,There may not be one truth - there may be several truths - but saying that is not to say that reality does not exist .

പല സത്യങ്ങളുണ്ട് .എന്നാൽ യാഥാർത്ഥ്യം നിലനിൽക്കുന്നുണ്ട്. പക്ഷേ ,അതിനെ എങ്ങനെ ഉൾക്കൊള്ളുന്നുവെന്നത് ഒരാളുടെ സിദ്ധിയനുസരിച്ചിരിക്കും .

ഗാന്ധാരിയെ ആവിഷ്കരിച്ചത് തെറ്റി

അജയ് എഴുതിയ 'ഗാന്ധാരപുത്രി'(കലാപൂർണ്ണ, സെപ്റ്റംബർ)വളരെ പ്രതീക്ഷയോടെയാണ് വായിച്ചത്. ഗാന്ധാരിയെപ്പറ്റിയുള്ള ഒരു ഓർമ്മയെഴുത്തായി തോന്നി; കഥയായി വികസിച്ചില്ലെന്നു പറയട്ടെ .കഥയുടെ വിവരണം ഇതല്ല. വളരെ ആഴത്തിൽ സമീപിക്കാവുന്ന ഒരു വിഷയത്തെ കഥാകൃത്ത് ശിഥിലമാക്കി കളഞ്ഞു. മഹാഭാരത്തിലെ വളരെ ഏകാന്തമായ ഒരു വ്യക്തിത്വമാണ് ഗാന്ധാരി .അവരെപ്പോലെ ആരുമില്ല. വലിയ ഒരു രാജാവിന്റെ മകളായി ജനിച്ച അവർ സർവ്വത്ര വിഷം നിറഞ്ഞ ഒരാളെ വിവാഹം കഴിക്കുകയും അയാൾക്കായി കണ്ണുകെട്ടി നടക്കുകയും ചെയ്തു. ലോകത്തെ തന്നെ ഭയപ്പെടുത്തുന്ന വിഷമുള്ള മനസ്സുമായി പിറന്ന മക്കളെ അവർക്ക് സഹിക്കേണ്ടിവന്നു. അതുകൊണ്ടുണ്ടായ മനോവേദനയിൽ നിന്നു രക്ഷപ്പെടാൻ തൻ്റെ കണ്ണുകൾ ഉപയോഗിക്കാതിരിക്കുകയല്ലേ അവർ ചെയ്തത്? അതൊരു നീറുന്ന ത്യാഗമായിരുന്നു. ഭർത്താവിൻ്റെ അന്ധതയ്ക്ക് കുടപിടിക്കാനായാണ്  സ്വന്തം കണ്ണുകൾ കെട്ടിയതെങ്കിലും അത് പിന്നീട് അവരുടെ മക്കളുടെ ചീത്ത പ്രവൃത്തികളിൽ നിന്നു രക്ഷ നേടാനുള്ള ഉപായവുമായി .ഗാന്ധാരി മക്കളെ കാണാതിരിക്കുന്നതിലൂടെ സ്വയം ശുദ്ധീകരിക്കുകയല്ലേ  ചെയ്യുന്നത്? എന്നാൽ ഈ ചിന്തകളൊന്നും കഥാകൃത്തിൻ്റെ ഭാഗത്ത് കണ്ടില്ല.

ജയരാജ് ഇന്ത്യയുടെ കഥാകൃത്ത് 

ജയരാജ് ഇന്ത്യയിലെ പതിതരെ തൻ്റെ രക്തത്തിലും മാംസത്തിലും സന്നിവേശിപ്പിച്ച കഥാകൃത്തായിരുന്നു. അതുപോലൊരു ധീരയൗവനത്തെ എങ്ങും കണ്ടിട്ടില്ല .അദ്ദേഹത്തിൻ്റെ ' ബിഹാർ' എന്ന കഥ വായിച്ചാൽ എല്ലാ  കപടക്കോട്ടകളും തകരും .ദിക്കുകളെ ഭേദിക്കുകയാണ് അതിലെ വാക്കുകൾ. 

"എന്നെ നിങ്ങളറിയും. പക്ഷേ ,അറിയുന്നതായി നിങ്ങൾ ഇതുവരെ ഭാവിച്ചിട്ടില്ല .ഞാനൊരു ബിഹാറിയാണ് .പക്ഷേ, ബീഹാർ ഒരിക്കലും എന്റേതായിരുന്നിട്ടില്ല" .

തുടർന്ന് കഥയിലെ വാക്കുകൾ ഇങ്ങനെ തുടരുന്നു :

"എന്റെ അമ്മയെ നിങ്ങൾ കുടിലിനകത്ത് വ്യഭിചരിച്ചുകൊണ്ടിരുന്നപ്പോൾ പുറത്തെ ഇരുട്ടിലെ ഇല്ലാത്ത അർത്ഥങ്ങൾ തേടുന്ന രണ്ടു പകച്ച കണ്ണുകളായിരുന്നു ഞാൻ. എൻ്റെ പെങ്ങളെ വാ പൊത്തി കൈകാൽ കൂട്ടിപ്പിടിച്ച് നിങ്ങൾ തൂക്കിയെടുത്ത്  കൊണ്ടുപോയപ്പോൾ ഇരുട്ടിൽ തല പോയ തെങ്ങു പോലെ മരവിച്ചു നിന്ന  നിശ്ചലതയായിരുന്നു ഞാൻ. നിങ്ങൾക്കും ഇതൊക്കെ ഓർമ്മയുണ്ട്. ഓർമ്മയില്ലെന്ന് ഭാവിക്കുകയാണെന്ന് മാത്രം ". 

ഇവിടം കൊണ്ട് ജയരാജ്  അവസാനിപ്പിച്ചു എന്ന് കരുതേണ്ട. അദ്ദേഹത്തിൻ്റെ 'ബിഹാർ' വീണ്ടും ഗർജിക്കുന്നത് ഇങ്ങനെയാണ്: "നിങ്ങളുടെ രാമായണത്തിൽ പതിവ്രതയായ ഒരു പെണ്ണിൻ്റെ പാവനചരിതമാണുള്ളതെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. നിങ്ങളും നിങ്ങളുടെ അപ്പനപ്പൂപ്പൻമാരും ,നിങ്ങളും നിങ്ങളുടെ മക്കളും ചെറുമക്കളും രാമായണം വായിച്ചു ഹൃദിസ്ഥമാക്കി. എന്നിട്ട് ഞങ്ങളുടെ ചെറ്റക്കതകുകൾ ചവിട്ടിപ്പൊളിച്ച് ഞങ്ങളുടെ  പെണ്ണുങ്ങളെ മാനഭംഗപ്പെടുത്തി. നിങ്ങളുടെ മഹാഭാരതത്തിൽ അന്യൻ്റെ  മുതൽ അപഹരിച്ചും കള്ളച്ചൂതു കളിച്ച് സഹോദരങ്ങളെ തോൽപ്പിച്ചും  കഴിഞ്ഞ അഹങ്കാരികളുടെ  പതനചരിത്രമാണുള്ളതെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. നിങ്ങളും നിങ്ങളുടെ അപ്പന പ്പൂപ്പന്മാരും നിങ്ങളും നിങ്ങളുടെ  മക്കളും ചെറുമക്കളും മഹാഭാരതം മുഴുവൻ മന:പാഠമാക്കി .എന്നിട്ട് ഞങ്ങളുടെ വിളഭൂമികൾ അപഹരിച്ചു. ഞങ്ങളെ കള്ളച്ചൂതുകളിച്ച് തോല്പിച്ച്  അടിമകളാക്കി ".

ഉള്ളിലെ ഈ അമർഷം ,എതിർപ്പ്, പ്രക്ഷോഭം, വീറ് അവാർഡ് വാങ്ങാനോ അധികാരത്തിലിരിക്കുന്നവരുടെ താല്പര്യം സംരക്ഷിക്കാനോ അല്ല ;എല്ലാം നഷ്ടപ്പെട്ടവരുടെ മാനത്തിനും ജീവനും വേണ്ടിയാണ് .അതാണ് ജയരാജിനെ എന്നും പ്രസക്തനാക്കുന്നത്. 

ചരിത്രം വേശ്യയോ ?

റോബർട്ടോ ബൊലാനോ മനുഷ്യാവസ്ഥയെ പോസ്റ്റ്മോർട്ടം ചെയ്യുന്ന ഇങ്ങനെയാണ് :

"I realized my happiness was artificial. I felt happy because I saw the others were happy and because I know I should feel happy, but I was not really happy ".

സന്തോഷത്തെ പോലും താൻ തെറ്റായിട്ടാണ് മനസ്സിലാക്കുന്നതെന്ന് തിരിച്ചറിയുന്നവനാണ് യഥാർത്ഥ എഴുത്തുകാരൻ. എനിക്ക് സന്തോഷമുണ്ടെന്ന് തോന്നുന്നത് ഒരു പ്രതിബിംബമായി കണ്ടാൽ മതി. മറ്റുള്ളവർ സന്തോഷത്തോടെയിരിക്കുന്നത് കൊണ്ട് ഞാൻ സന്തോഷം എനിക്ക് വേണ്ടി കണ്ടുപിടിക്കുന്നു. സന്തോഷിക്കേണ്ടത് എന്റെ ആവശ്യമായിത്തീരുന്നു. ഇതിനായി  ഞാൻ ഏതറ്റം വരെയും പോകുമത്രേ! .ഇതാണോ യഥാർത്ഥ സന്തോഷം ?വാസ്തവത്തിൽ നമുക്ക് സന്തോഷത്തെക്കുറിച്ചുള്ള ആശയങ്ങളും ചിന്തകളും മാത്രമേയുള്ളൂ.സന്തോഷിക്കാൻ പ്രയാസമാണ്. സന്തോഷിക്കാൻ അറിയാത്തതുകൊണ്ട് നാം കലഹിച്ചുകൊണ്ടിരിക്കുന്നു .

റോബർട്ടോ ബൊലാനോ കണ്ടെത്തിയത് മനുഷ്യസ്വഭാവത്തിൻ്റെ  നാടകത്തിൻ്റെ പിന്നിലുള്ള മറ്റൊരു നിഴൽ നാടകമാണ്. ഒരു മികച്ച സാഹിത്യകൃതിയിൽ ഈ നിഴൽ നാടകത്തെക്കുറിച്ചുള്ള അവബോധം ഉണ്ടായിരിക്കണം.The Savage Detectives എന്ന നോവലെഴുതിയ  ചിലിയൻ എഴുത്തുകാരൻ ബൊലാനോ ഇത് കണ്ടെത്തിയില്ലെങ്കിലേ അത്ഭുതമുള്ളൂ.

ജീവിതത്തെ പ്രതീക്ഷയില്ലാതെ നോക്കാനും ഒരു ബുദ്ധി വേണം. അതുകൊണ്ടാണ് ചരിത്രം ഒരു വേശ്യയാണെന്ന് ബൊലാനോ പറഞ്ഞത് .ചരിത്രം ആരുടെയും ഒപ്പം പോരുന്നു. ചരിത്രം വേശ്യയാണെങ്കിൽ യാഥാർത്ഥ്യവും വേശ്യ തന്നെയായിരിക്കണം. മലയാളത്തിൽ ആധുനികാനന്തര കാലത്ത് കടന്നുവന്ന കഥാകാരന്മാർക്ക് കാഴ്ചയുടെ ഈ ഗുണമില്ലാതെ പോയി.

No comments:

Post a Comment

നിരാസത്തിന്റെ തത്ത്വം /ഡോ.യാക്കോബ്‌ മാർ ഐറേനിയോസ്‌

  ശ്രീ. എം.കെ.ഹരികുമാറിന്റെ 'എന്റെ മാനിഫെസ്റ്റോ' വായിച്ചു തുടങ്ങിയപ്പോൾ ഇത്‌ ഏതോ ദുരൂഹതയുടെ ഗുഹാമുഖമാണെന്ന്‌ തോന്നിപ്പോയി. വായനപുര...