Saturday, February 25, 2023

അക്ഷരജാലകം ഇരുപത്തിയഞ്ച് വർഷങ്ങൾ പിന്നിട്ടിരിക്കുന്നു: എം. സി. രാജനാരായണൻ

 






ഇന്ത്യയിലെ പ്രശസ്ത സിനിമാ വിമർശകനും ഫിപ്രസി അംഗവും ഗ്രന്ഥകാരനുമായ എം.സി. രാജനാരായണൻ എഴുതുന്നു

പ്രചാരവും സ്വീകാര്യതയും നിലനിർത്തിക്കൊണ്ട്‌ ഒരു പംക്തി നിരവധി വർഷങ്ങളായി ഇടതടവില്ലാതെ കൈകാര്യം ചെയ്യുക എന്നത്‌ ക്ഷിപ്രസാധ്യമായ കാര്യമല്ല. പ്രചാരത്തിന്റെ ഗ്രാഫ്‌ ഉയരുമ്പോഴും ആഴവും പരപ്പും കുറയാതെ അകക്കാമ്പിൽ ചിന്തയ്ക്കുള്ള വകയൊരുക്കിക്കൊണ്ട്‌ എഴുതിക്കൊണ്ടിരിക്കുന്ന പംക്തി എന്നതാണ്‌ 'കേരളകൗമുദി'യിൽ തുടങ്ങി (1998 ഫെബ്രുവരി) ഇപ്പോൾ 'മെട്രോവാർത്ത'യിൽ ആഴ്ചതോറും വന്നു കൊണ്ടിരിക്കുന്ന  എം.കെ.ഹരികുമാറിന്റെ 'അക്ഷരജാലക'ത്തിന്റെ സവിശേഷത. രണ്ടര പതിറ്റാണ്ടിലേറെയായി സാഹിത്യരംഗത്തെ സ്പന്ദനങ്ങൾ ഉൾക്കൊള്ളുന്ന 'അക്ഷരജാലകം' മലയാള പത്ര/സാഹിത്യരംഗത്തെ ഏറ്റവും പ്രചാരമുള്ള കോളമാണെന്നത്‌ കേവലയാഥാർത്ഥ്യം മാത്രമാകുന്നു. നിരൂപണരംഗത്ത്‌ ശ്രദ്ധേയമായ സംഭാവനകൾ നൽകിക്കൊണ്ടാണ്‌ ഹരികുമാർ സാഹിത്യരംഗത്ത്‌ സ്വന്തം ഇടം നേടുന്നത്‌. ആത്മായനങ്ങളുടെ ഖസാക്ക്‌ (1984) മനുഷ്യാംബരാന്തങ്ങൾ (1989) കഥ ആധുനികതയ്ക്കു ശേഷം (2000) തുടങ്ങിയ ആദ്യകാല സൃഷ്ടികൾ കൊണ്ടുതന്നെ എം.കെ.ഹരികുമാർ എന്ന സാഹിത്യനിരൂപകൻ സ്വന്തം തട്ടകം കണ്ടെത്തിയിരുന്നു. മറ്റ്‌ നിരൂപകരിൽ നിന്ന്‌ വ്യത്യസ്തമായി ചിന്തയുടെ ജ്വലിക്കുന്ന അക്ഷരങ്ങൾ അണിനിരത്തിക്കൊണ്ടാണ്‌ അദ്ദേഹം രചന നിർവ്വഹിക്കുന്നത്‌.






മനനത്തിന്റെ വാതായനങ്ങൾ തുറന്നുകൊണ്ടും. സാഹിത്യനിരൂപണ പംക്തിയായ 'അക്ഷരജാലക'ത്തിന്‌ വൈജാത്യങ്ങൾക്കൊപ്പംതന്നെ ചില സജാത്യങ്ങളും എം.കൃഷ്ണൻനായരുടെ 'സാഹിത്യവാരഫല'വുമായി കാണാവുന്നത്‌ സ്വാഭാവികം. വ്യക്തിഗതമായ അനുഭവങ്ങൾക്കൊപ്പം  പിൽക്കാല സംഭവങ്ങളെയും അവതരിപ്പിക്കുന്ന എം.കൃഷ്ണൻനായരുടെ ശൈലിയിൽ നിന്ന്‌ ഏറെ ഭിന്നമാണ്‌ എം.കെ.ഹരികുമാറിന്റെ രചനാരീതി. ചില കാര്യങ്ങളിൽ ബോധപൂർവ്വമല്ലാത്ത ചില അടുപ്പങ്ങൾ കാണാമെങ്കിലും രൂപഭാവങ്ങളിലും അന്തഃസ്സത്തയിലും ഏറെ ഭിന്നമാണ്‌ 'അക്ഷരജാലകം'. ഉപാലംഭം ശക്തമായിത്തന്നെ ചൊരിയുന്ന കാര്യത്തിൽ ഇരുവരും ഒരു ചേരിയിലാകുന്നത്‌ 'കറേജ്‌ ഓഫ്‌ കൺവിക്ഷൻ' കൊണ്ടു മാത്രമാണെന്നു കാണാവുന്നതാണ്‌. സാഹിത്യരംഗത്തെ മലീനസമമാക്കുന്നവരോട്‌, ശുഷ്ക്കമാക്കുന്നവരോട്‌, അശ്രദ്ധയോടെ സൃഷ്ടി നടത്തി സാഹിത്യേതര കാര്യങ്ങളിൽ കണ്ണുവെക്കുന്നവരോട് ദയാദാക്ഷിണ്യമില്ലാതെ വാക്കുകൾ കൊണ്ട്‌ ചാട്ടവാറടി നൽകുന്നതിൽ ഇരുവർക്കും അവരുടേതായ രീതിനീതികളുണ്ട്‌. അതിൽ അനുകരണത്തിന്റേതെന്നല്ല, അനുസരണത്തിന്റെ കൂടി അംശം കടന്നു കൂടുന്നുമില്ല. പിന്നെ ഏതാണ്ട്‌ പൊതുസ്വഭാവമുഖം, സാഹിത്യപംക്തികളാകുമ്പോൾ (ആനുകാലിക രചകളെ ആശ്രയിച്ച്‌), ചില സജാത്യങ്ങൾ ഒഴിച്ചുകൂടാനാവാത്തതിൽ അതിശയിക്കാനുമില്ല. എങ്കിലും ഭിന്നമായ പാതയിലൂടെ മുന്നേറുവാൻ എം.കെ.ഹരികുമാറിന്‌ കഴിയുന്നു എന്നത്‌ പ്രശംസാവഹമാണ്‌.



വ്യത്യസ്തതയുടെ കൈയൊപ്പ്

ആനുകാലികങ്ങളിലെ സൃഷ്ടികളുടെ വിശകലനവും വിമർശനവുമാകുമ്പോൾ ഇത്തരം പൊതുസ്വഭാവമുള്ള പംക്തികൾക്ക്‌ ചില തലങ്ങളിൽ സമാനതവരുന്നത്‌ സ്വാഭാവികമാണ്‌. എന്നാൽ രചയിതാവിന്റെ വ്യക്തിപ്രഭാവവും വീക്ഷണവുമനുസരിച്ച്‌ അന്തഃസ്സത്തയിൽ വ്യതിയാനം കൈവരുന്നതായി നിരീക്ഷിക്കാം. 'സാഹിത്യവാരഫല'ത്തിലെന്നപോലെ തന്നെ ആനുകാലികങ്ങളിൽ പ്രത്യക്ഷപ്പെടുന്ന സൃഷ്ടികളുടെ നിരൂപണത്തിനോടൊപ്പം ചലനം സൃഷ്ടിച്ച ഗ്രന്ഥങ്ങൾ, രചനയിതാക്കൾ, സംഭവങ്ങൾ, പ്രസ്ഥാനങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള നിരീക്ഷണവും 'അക്ഷരജാലക'ത്തിൽ മിഴിതുറക്കുന്നു. പരന്നവായനയും അത്‌ സ്വാംശീകരിച്ചുകൊണ്ടുള്ള വാരാവാരമുള്ള എഴുത്തും എഴുത്തുകാരനൊപ്പം വായനക്കാരനെയും ചിന്താനിരതനാക്കുന്നു. ആനുകാലികങ്ങളിലൂടെയുള്ള പ്രയാണത്തിൽ അനുവാചകൻ ഭാഗഭാഗാക്കാകുകയും ചെയ്യുന്നു. വ്യക്തിപ്രഭാവത്തിന്റെ ബഹിർസ്ഫുരണവും വ്യത്യസ്തയുടെ കൈയൊപ്പുമാണ്‌ ഇത്തരം ഒരു പംക്തിക്ക്‌ അനന്യത നൽകുന്നത്‌. ആനുകാലികങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ഗുണമേന്മയുള്ളതും ഇല്ലാത്തതുമായ രചനകൾ വായിച്ചും, കതിരും പതിരും വേർതിരിച്ച്‌ അർഹമായവയ്ക്ക്‌ വേണ്ട പരിഗണന നൽകിയും, അനർഹമായവർക്ക്‌ ശാസന കൊടുത്തും എഴുതുന്നത്‌ കഠിനയത്നം തന്നെയാണ്‌. കാരണം, ഒരു ആഴ്ച അവസാനിക്കുന്നിടത്ത്‌ മറ്റൊന്ന്‌ തുടങ്ങുകയും അങ്ങിനെ ദിവസങ്ങളുടെ പ്രയാണത്തിനനുസരിച്ച്‌ തൂലിക ചലിക്കേണ്ടതായിവരുകയും ചെയ്യുന്നു. വി.കെ.എൻ പറയുന്നതുപോലെ നേരത്തോട്‌ നേരം കൂടുന്നതുപോലെയാണ്‌ ആഴ്ചയോട്‌ ആഴ്ചകൂടുന്നത്‌!



 എം. സി. രാജനാരായണൻ


അപൂർവ്വ പ്രതിഭാസം

കലാകൗമുദി വാരികയുടെ നാലുപറങ്ങളിലായി എല്ലാ ആഴ്ചകളിലും വന്നുകൊണ്ടിരുന്ന  'അക്ഷരജാലക'മെന്ന കലാസാഹിത്യവിമർശന പംക്തിക്ക്‌ വായനക്കാർക്കിടയിൽ വലിയ സമ്മതിയാണുള്ളതെന്നുകാണാം. പുതിയ അഭിപ്രായങ്ങൾക്കും അറിവുകൾക്കും നിർവ്വചനങ്ങൾക്കുമായി അനുവാചകർ കാത്തിരിക്കുക എന്നത്‌ അപൂർവ്വമായ സംഭവം തന്നെയാണ്‌. ജാതിമത, സാമുദായിക, രാഷ്ട്രീയ വേലിക്കെട്ടുകളെ മറികടന്നുകൊണ്ട്‌ മനസ്സ്‌ മനസ്സിനോടും ചിന്ത ചിന്തയോടും ചേരുന്ന അപൂർവ്വ പ്രതിഭാസമാണ്‌ ഈ പംക്തിയിലൂടെ വെളിപ്പെടുന്നത്‌. കോളത്തിൽ പ്രതിപാദിക്കപ്പെടുന്ന വ്യക്തിയുടെയും രചയിതാവിന്റെയും ഫോട്ടോകൾക്കൊപ്പം പുസ്തകത്തിന്റെയോ സ്ഥലത്തിന്റെയോ ഫോട്ടോകളും ചേർത്തുകാണാറുണ്ട്‌. അത്‌ കോളത്തിന്‌ ആകർഷണീയത നൽകുന്നഘടകമായി മാറുന്നു. സാധാരണകോളങ്ങളിൽ നിന്ന്‌ ഭിന്നമായി ലേഖനസ്വഭാവവും വിമർശന മൂല്യവും നിരന്തരം കാത്തുസൂക്ഷിക്കുന്ന അവതരണമാണ്‌ 'അക്ഷരജാലക'ത്തിന്‌ സ്വന്തമായുള്ളത്‌. പരിചയംകൊണ്ടും അശ്രാന്തപരിശ്രമം കൊണ്ടും ഉരുത്തിരിഞ്ഞുവന്ന ശൈലി സ്വച്ഛന്ദമായൊരു ഒഴുക്കും വായനാസുഖവും പംക്തിക്ക്‌ പ്രദാനം ചെയ്യുന്നു. തിരയടങ്ങാത്ത സമുദ്രംപോലെ ,ചിന്തയടങ്ങാത്ത മനസ്സിൽ നിന്ന്‌ ഒഴുകിയെത്തുന്ന വാക്കുകൾക്ക്‌ കരുത്തുണ്ട്‌. പെയ്തൊഴിയാത്ത മേഘാവൃതമായ ആകാശംപോലെ ,ആശയങ്ങൾ കൂടുകെട്ടിയ മനോമണ്ഡലങ്ങളിൽ നിന്ന്‌ പെയ്തിറങ്ങുന്ന ഹർഷബിന്ദുക്കൾപോലെ ,വാക്കുകൾ അനുവാചക മനസ്സിൽ ചലനം സൃഷ്ടിക്കുവാൻ പര്യാപ്തമാകുന്നത്‌ രചനാശൈലിയുടെ സവിശേഷതകൊണ്ടു കൂടിയാണ്‌. പണ്ട്‌ അക്ഷര ,ശൃവ്യമാധ്യമങ്ങൾ മാത്രമായിരുന്നു വാർത്താവിനിമയ രംഗത്ത്‌ ആധിപത്യം പുലർത്തിയിരുന്നതെങ്കിൽ ഇന്ന്‌ ഇവർക്കു മുന്നിൽ ദൃശ്യമാധ്യമം സജീവസാന്നിധ്യമായിരിക്കുന്നു.

ഒരുപക്ഷേ പത്രവായന ഒരു സ്വഭാവമായി തുടരുമ്പോഴും ദൃശ്യമാധ്യമങ്ങളിൽ നിന്ന്‌ അറിയുന്ന നേർക്കാഴ്ചയുടെ വാർത്താവിശേഷങ്ങൾ ഇന്ന്‌ പൊതുസമൂഹത്തെ കൂടുതലായി സ്വാധീനിക്കുന്നു എന്നത്‌ കേവല യാഥാർത്ഥ്യം മാത്രമാണ്‌. "ലോകത്തിന്റെ നിമിഷം തോറുമുള്ള വികാസമാണ്‌ പത്രം" .ലോകത്തിന്റെ ബഹുവിതാനങ്ങളിലുള്ള, രൂപത്തിലുള്ള അനുനിമിഷ വികാസത്തിനൊപ്പമെത്താനുള്ള ഓട്ടമാണ്‌ പത്രത്തിന്റെ ഫിസിക്സ്‌. ഹരികുമാർ എഴുതുന്നു:"ലോകം ഒരിക്കലും പഴയതല്ല. ഓരോ നിമിഷവും പുതിയതാണ്‌ എന്നാണ്‌ പത്രം പ്രചരിപ്പിക്കുന്നത്‌".ദൃശ്യമാധ്യമങ്ങൾ കൊടിക്കൂറ പാറിക്കുന്ന കാലത്ത്‌ പത്രത്തിന്റെ ഭൂമികയെപ്പറ്റി വസ്തുനിഷ്ഠമായി അഭിപ്രായം പ്രകടിപ്പിക്കുന്നതിൽ ഹരികുമാർ വിജയിക്കുന്നു. മാധ്യമങ്ങൾ പരസ്പരം മത്സരിക്കുന്ന കാലത്ത്‌ സ്വയം നവീകരണശേഷി പ്രകടമാക്കുന്നവർക്കേ അതിജീവനത്തിന്റെ പാതയിലൂടെ പ്രയാണം ചെയ്യാനാകൂ എന്ന്‌ സ്പഷ്ടമാണ്‌. അതിലേക്കു തന്നെയാണ്‌ ചിന്തോദ്ദീപകമായ രീതിയിൽ ഹരികുമാർ വിരൽ ചൂണ്ടുന്നത്‌. പംക്തിയിൽ ആവർത്തിച്ച്‌ പ്രത്യക്ഷപ്പെട്ടിരുന്ന സബ്ബ്‌ ഹെഡ്ഡിംഗുകളാണ്‌ പക്ഷിയുടെ നോട്ടം, കാഴ്ചയുടെ കടൽ എന്നിവ. നിർവ്വചനങ്ങളും നിരീക്ഷണങ്ങളും നിറഞ്ഞ ഉപശാഖകളായി ഇവ പംക്തിയെ മാറ്റിയിരുന്നു. കൂടാതെ ജീവിതത്തിന്റെ ഭിന്നമേഖലകളെക്കുറിച്ചും സമീപനങ്ങളെപ്പറ്റിയും ചിന്തകരും താത്വികാചാര്യന്മാരും പറഞ്ഞത്‌ പംക്തിയിൽ എടുത്തുപറയുകയും ചെയ്യാറുണ്ട്‌. ഏകാന്തതയെക്കുറിച്ചുള്ള  ഒരു ഉദ്ധരണി നോക്കൂ, എക്കാലത്തിനും പ്രസക്തമായതുതന്നെ. "എന്തുകൊണ്ടാണ്‌ ഏകാന്തത്ത തോന്നുന്നത്‌ എന്ന്‌ അന്വേഷിക്കുവാൻ തുടങ്ങുന്നതോടെ അത്‌ സാവധാനം നമ്മെ സന്തോഷത്തിൽ കൊണ്ടെത്തിക്കും." ഏകാന്തത്തയെക്കുറിച്ചുള്ള പതിനൊന്ന്  അഭിപ്രായങ്ങളാണ്‌ പംക്തി ക്രോഡീകരിച്ചിരിക്കുന്നത്‌.




സ്വതന്ത്രചിന്തയുടെ ഇടം

വർഷങ്ങൾക്കുമുമ്പ്‌ 'സൺഡേ' മാസികയിൽ പ്രതീഷ്‌ നന്ദി വാർദ്ധക്യത്തെക്കുറിച്ചും ഏകാന്തതയെപ്പറ്റിയും എഴുതിയ ലേഖനങ്ങൾ ഓർമ്മയിലെത്തുന്നു. അക്കാലത്ത്‌ ഏറെ ചർച്ച ചെയ്യപ്പെട്ടതായിരുന്നു പ്രതീഷ്‌ നന്ദിയുടെ ലേഖനങ്ങൾ. നമ്മുടെ സഹയാത്രികനും സന്തത സഹചാരിയുമായാണ്‌ ഏകാന്തതയെ നന്ദി വിശേഷിപ്പിച്ചത്. പൂർവ്വ വായനയുടെ അപൂർവ്വസ്മൃതികൾ മനസ്സിലുണർത്തുവാൻ പര്യാപ്തമാണ്‌ പംക്തിയിലെ ഉദ്ധരിണികൾ. കനേഡിയൻ നോവലിസ്റ്റും കവിയുമായ മാർഗരറ്റ്‌ അറ്റ്‌വുഡിനെക്കുറിച്ച്‌ എഴുതിക്കൊണ്ട്‌ അവരുടെ ചില ചിന്തകൾ അക്കമിട്ട്‌ കുറിക്കുന്നുണ്ട്‌ ഹരികുമാർ. നോവലിസ്റ്റിന്റെ ചിന്താസരണിയിലേക്ക്‌ വെളിച്ചം വീശുന്നവയാണ്‌ അവ. "നോവലുകൾ നല്ല ജീവിതം നയിക്കുവാനുള്ള ഗൈഡുകളല്ല. ചിലർ അങ്ങിനെ കരുതുന്നുണ്ടെങ്കിലും". സാഹിത്യത്തിലെയും കലയിലെയും അസാന്മാർഗ്ഗികതയെക്കുറിച്ച്‌ ചർച്ചകൾ സജീവമാകുന്ന കാലമാണല്ലോ ഇത്‌. സാഹിത്യത്തിൽ സെൻസർഷിപ്പ്പോലും വേണമെന്ന്‌ പറയാൻ ചില സാഹിത്യകാര(രി)ന്മാർക്ക്‌ മടിയില്ലാതായിട്ടുണ്ട്‌. അവർക്ക്‌ മാർഗരറ്റ്‌ അറ്റ്‌വുഡിൻ്റെ ചിന്തകൾ നേർവഴി നൽകും. സിനിമയിലെ സെൻസർഷിപ്പ്‌ എടുത്ത്‌ മാറ്റേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്‌ ചർച്ച നടക്കുന്ന കാലത്ത്‌ സാഹിത്യത്തിൽ സെൻസർഷിപ്പ് വേണമെന്ന്‌ ചിലർ ആവശ്യപ്പെടുന്നു എന്നതാണ്‌ ഏറെ വിചിത്രം. എന്തു വായിക്കണം എന്നത്‌ വായനക്കാരന്റെ സ്വാതന്ത്ര്യമാണ്‌. ഓരോ വായനക്കാരനും സ്വന്തം താൽപ്പര്യത്തിനും  അഭിരുചിക്കുമനുസരിച്ചുള്ള പുസ്തകങ്ങൾ സ്വയം തിരഞ്ഞെടുത്തുകൊള്ളും. കലയിൽ സാന്മാർഗ്ഗികതയും അസാന്മാർഗ്ഗികതയും കേവലം ആപേക്ഷികവുമാണ്‌.

വായനക്കാരന്റെ സ്വതന്ത്രചിന്തയെ മാനിക്കുന്ന ശ്രേഷ്ഠമായ പംക്തിയാണ്‌ 'അക്ഷരജാലകം'. 'കാഴ്ചയുടെ കടലി'ൽ ഇന്റർനെറ്റിനെക്കുറിച്ച്‌ ഇതിനെകാണാം :"പുതിയ ഏകാന്തതയാണ്‌ ഇന്റർനെറ്റ്‌ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്‌. സ്നേഹരഹിതമായ, തീവ്രമായ ഏകാന്തതയുടെ, വ്യക്തിരാഹിത്യത്തിന്റെ ഉപനിഷത്താണ്‌ ഇന്റർനെറ്റ്. "ഇത്തരം മൗലികമായ അഭിപ്രായങ്ങൾ പംക്തിക്ക്‌ അനന്യത നൽകുന്നു. മറ്റൊരു ലക്കത്തിലെ 'പക്ഷിയുടെ നോട്ടം' പറയുന്നത്‌ കേരളത്തെക്കുറിച്ചാണ്‌ :"കേരളം കുറ്റകൃത്യങ്ങളുടെയും ഭ്രാന്തുപിടിച്ച ആസക്തികളുടെയും ഇടമായിക്കൊണ്ടിരിക്കുകയാണ്‌.മാധ്യമങ്ങളിലൂടെ കാണാൻ കഴിയാത്ത മറ്റൊരു കേരളം അടിയിലുണ്ട്‌. ഇതൊന്നും കാണാതെ ഇപ്പോഴും തമ്പുരാക്കന്മാരുടെ കഥ പറയുകയാണ്‌ സംവിധായകർ". വിവേകാനന്ദ സ്വാമികൾ ഭ്രാന്തലയമെന്ന്‌ വിശേഷിപ്പിച്ച കേരളത്തിന്റെ ഇന്നത്തെ അവസ്ഥയും പോയകാലത്തിൽ നിന്ന്‌ ഏറെയൊന്നും ഭിന്നമല്ലെന്ന്‌ നമ്മെ ഓർമ്മിപ്പിക്കുകയാണ്‌ ലേഖകൻ. യഥാർത്ഥത്തിൽ ജാതിക്കോമരങ്ങൾ ഉറഞ്ഞു തുള്ളുന്നില്ലെങ്കിലും മനസ്സിലെ വേലിക്കെട്ടുകളും മതിലുകളും ശക്തമായി തുടരുന്നതിന്റെ കാഴ്ചകൾ തന്നെയാണ്‌ ഇന്നത്തെ കേരളം നൽകുന്നത്‌. മതപരവും ജാതിപരവുമായ സ്പർദ്ധയുടെ അടിയൊഴുക്കുകൾ ശക്തമാക്കുകയും ചെയ്യുന്നു.ഒരു ചെറിയ തീപ്പൊരി വലിയ സ്ഫോടനത്തിന്‌ കളമൊരുക്കുന്ന നില. വയലാർ എഴുതിയതുപോലെ മനസ്സിൽ ആയുധപ്പുരകൾ സൃഷ്ടിക്കുന്നവരായി മാറുകയാണ്‌ മനുഷ്യർ. ഹോമർ, ഷേക്സ്പിയർ തുടങ്ങിയവർക്ക്‌ കല ഒരേ സമയം സൂക്‍ഷമതയും അഗാധതയുമായിരുന്നുവെന്നു ഗബ്രിയേൽ ജോസിപോവിസി പറഞ്ഞത് ഹരികുമാർ ഉദ്ധരിക്കുന്നു:."ജോൺ ബെറിമാൻ പറഞ്ഞത്‌ ഉദ്ധരിക്കട്ടെ. കഴിവതും ചുരുക്കി എഴുതുക. കാര്യഗൗരവം ഉൾക്കൊണ്ട്‌". ഇക്കാലത്തെ ലേഖനങ്ങളുടെയും പ്രബന്ധങ്ങളുടെയും പംക്തികളുടെയും പ്രധാന ന്യൂനതയും ക്ളിഷ്ടതയും സ്വതന്ത്രചിന്തയുടെ ധൈര്യപൂർവ്വമുള്ള അഭിപ്രായപ്രകടനത്തിന്റെ അഭാവം തന്നെയാണ്‌. അക്കാര്യത്തിൽ 'അക്ഷരജാലകം' വേറിട്ടു നിൽക്കുന്നു. ഏതുകാര്യത്തിലും സ്വതന്ത്രനിലപാടുള്ള ലേഖകൻ തന്റെ അഭിപ്രായങ്ങൾ സധൈര്യം രേഖപ്പെടുത്തുന്നതായി കാണാം.

തന്നിൽ നിന്നു വളരുന്ന ലോകം

കലാസാംസ്കാരിക, സാഹിത്യ കാര്യങ്ങളിൽ മാത്രമല്ല ,മറിച്ച്‌ സാമൂഹ്യ, രാഷ്ട്രീയ വിഷയങ്ങളിലും അദ്ദേഹം അഭിപ്രായങ്ങൾ വെട്ടിത്തുറന്ന്‌ എഴുതുന്നതായി കാണാം. അതാകട്ടെ വായനക്കാരനെ ചിന്തയുടെ പുതിയ സരണിയിലേക്ക്‌ നയിക്കുകയും നവീനകാഴ്ചകളിലേക്കുള്ള വാതായനങ്ങൾ തുറക്കുകയും ചെയ്യുന്നു. ചിന്തയെ, കാഴ്ചപ്പാടിനെ നവീകരിക്കുന്ന ലേഖനങ്ങളും രചനകളുമാണ്‌ ഈ കാലഘട്ടം ആവശ്യപ്പെടുന്നത്‌. വായനക്കാരുടെ നിത്യജീവിതത്തെ സ്പർശിക്കുന്ന കാര്യങ്ങളും വസ്തുതകളും പംക്തിയിൽ വിഷയമായി മാറുന്നു. ഭാഷണമെന്നപോലെ ഭക്ഷണവും അതുകൊണ്ടാണ്‌ സ്ഥാനം നേടുന്നത്‌. പംക്തിക്കാരന്‌ ഇഷ്ടപ്പെട്ട ഹോട്ടലുകളും ഭക്ഷണപദാർത്ഥങ്ങളും വിരളമായി പരാമർശിക്കപ്പെടുന്നത്‌ വായനയ്ക്ക്‌ വൈവിധ്യമേകുന്നു. എന്നാൽ വ്യക്തിജീവിതത്തിലെ ഇഷ്ടാനിഷ്ടങ്ങളും നഷ്ടകഷ്ടതകളും വായനക്കാരന്റെ മേൽ അടിച്ചേൽപ്പിക്കുന്ന സമീപനം പംക്തീകാരൻ എടുക്കുന്നില്ല എന്നത്‌ ആശ്വാസകരമാണ്‌.


തന്നിലേക്ക്‌ ചുരുങ്ങാതെ തന്നിൽ നിന്ന്‌ വളരുന്ന, വികാസം പ്രാപിക്കുന്ന അവതരണ രീതിയാണ്‌ പംക്തിയുടെ പ്രത്യേകതയാകുന്നത്‌. ദൃശ്യമാധ്യമമായ ടെലിവിഷൻ സർവ്വാധിപത്യം നേടിയ കാലഘട്ടമാണിത്‌. അതുകൊണ്ടുതന്നെ 'റിയാലിറ്റി ഷോ'കൾ കൊടികുത്തിവാഴുകയും ചെയ്യുന്നു. ഗാനവും നൃത്തവും അഭിനയവുമെല്ലാമായി അവതരിപ്പിക്കപ്പെടുന്ന റിയാലിറ്റി (?) ഷോകളുടെ സംപ്രേക്ഷണ കാര്യത്തിൽ ചാലനലുകൾ മത്സരത്തിന്റെ പരിധികൾ കടന്ന്‌ യുദ്ധത്തിന്റെ സീമകളിലെത്തി നിൽക്കുകയാണ്‌. ഹരികുമാർ എഴുതുന്നു: "സ്റ്റേജിൽ പാട്ടുപാടുന്നതു നോക്കി മാർക്കിടുന്നതുതന്നെ അസംബന്ധമാണ്‌. കാരണം, സ്റ്റേജിൽ പാടി പൂർണ്ണതയിലെത്തിക്കേണ്ട സാഹചര്യം ഇന്നില്ല" . മലയാളമടക്കമുള്ള ഇന്ത്യൻ ഭാഷകളിലെല്ലാം ടെലിവിഷനിൽ നിറഞ്ഞുനിൽക്കുന്നത്‌ റിയാലിറ്റി ഷോകൾ തന്നെ! ചിന്തിക്കുന്ന മനസ്സുകൾക്കു പകരം വർണ്ണാഭമായ ദൃശ്യവിസ്മയം കണ്ട്‌ അന്തിച്ചിരിക്കുന്ന മനുഷ്യനെ സൃഷ്ടിക്കുവാനാണ്‌ ചാനലുകൾ പരസ്പരം മത്സരിക്കുന്നത്‌. അക്ഷര ദൃശ്യലോകത്തെ ചതിക്കുഴികളെക്കുറിച്ച്‌ ഹരികുമാറിന്റെ താക്കീതുകൾ കാലിക പ്രസക്തമാണ്‌.






Tuesday, February 14, 2023

ഉത്തര-ഉത്തരാധുനിക കവിത /എം.കെ.ഹരികുമാർ

 


പ്രണയമോ അപ്പമോ പോലെ കവിത പ്രധാനമല്ലെന്ന് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഒരു പ്രമുഖ കവിയും ബ്രിട്ടനിലെ മുൻ പോയറ്റ് ലോറേറ്റുമായ  സൈമൺ ആർമിറ്റേജ് (Simon Armitage) പറഞ്ഞു. മനുഷ്യനു നേരിടേണ്ടി വരുന്ന ഒരു പ്രത്യാഘാത (consequence)മാണ് കവിതയെന്ന് അദ്ദേഹം വാദിച്ചത് ശ്രദ്ധിക്കണം. കവിത പരിണമിച്ചതിന്റെ സൂചനയാണിത് .ജീവിതത്തിൻ്റെ  അർത്ഥം തേടിയവരുണ്ട് .എന്നാൽ നിങ്ങൾ ഒരു മതവിശ്വാസിയല്ലെങ്കിൽ ജീവിതത്തിനു ഒരർത്ഥമോ പ്രസക്തിയോ കണ്ടെത്താനാകില്ല. അതുകൊണ്ട് അദ്ദേഹം കവിതയിലൂടെ ജീവിതത്തിൻ്റെ പ്രസക്തി കണ്ടുപിടിക്കാമെന്ന് ആഗ്രഹിക്കുന്നു:

"I think it's a way of not finding significance but actually inventing it,inventing significance and sort of proving it to youself and I think it's a way of manifesting ourselves to ourselves,so it's important on that level "

കവിതയെ കവി തന്നെയാണ് കണ്ടു പിടിക്കുന്നത് .അത് കവിയുടെ ആവശ്യമാണ്. കവിക്ക് ബോധ്യമാകുന്ന തലത്തിൽ മാത്രമാണ് കവിതയുടെ പ്രസക്തി. ഇന്നത്തെ കവിതയിൽ സ്വബോധമുള്ള ആരും വൃത്തമോ മറ്റു ഛന്ദസ്സുകളോ പ്രതീക്ഷിക്കുമെന്നു തോന്നുന്നില്ല. വൃത്തവും മറ്റും ഒരു കാലത്തിൻ്റെ ജീവിതവേഗത്തെയാണ് ആലേഖനം ചെയ്തത് .ഒരു താളത്തിൽ, തുടയിൽ കൈയടിച്ചു പാടാവുന്ന വരികൾ തന്നെ ഇന്നില്ലാതാവുകയാണ് .ലോകജീവിതം ഉത്തര- ഉത്തരാധുനികമായ ഒരു തലത്തിലേക്ക് കടന്നുകഴിഞ്ഞു. ഇതറിയാത്തവരാണ് പരമ്പരാഗത ബിംബങ്ങളുമായി കൂട്ടുകൂടി സ്വാസ്ഥ്യം നേടാൻ ശ്രമിക്കുന്നത്.ഇന്നത്തെ ജീവിതരീതിയിൽ ,ഒരാൾക്ക് സഹസ്രാബ്ദങ്ങൾക്കു മുമ്പുള്ള ആവാസവ്യവസ്ഥയിലേക്ക് പോയി വിഹരിക്കാൻ സൗകര്യമുണ്ട്. ആളൊഴിഞ്ഞ പ്രദേശത്ത് സ്ഥലം മേടിച്ചു വീട് വെച്ച് ഒറ്റയ്ക്ക് താമസിച്ചാൽ മതി. നിയമപ്രകാരം അനുവദനീയമാണത്. എന്നാൽ ലോകം അതിനെ മറികടന്ന് പോയിരിക്കുന്നു. മനുഷ്യരുടെ മന:ശാസ്ത്രത്തിലും അന്തരംഗഘടനയിനിലും വലിയ മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു. മനുഷ്യനു നന്നാവണമെങ്കിൽ ,കൂടുതൽ ഉത്തരവാദിത്തം കാണിക്കണമെങ്കിൽ ജനിതകഘടനയുടെ പാരമ്പര്യം ആവശ്യമില്ലെന്നാണ് ആസ്ട്രേലിയൻ ജീവശാസ്ത്രജ്ഞനായ ജെറിമി ഗ്രിഫിത്ത് (Gereme Griffith) പറയുന്നത്. മനുഷ്യാവസ്ഥ (Human condition)യെക്കുറിച്ചുള്ള അന്ധവിശ്വാസം മാറി .ഓരോ വ്യക്തിയും സ്വയം നിർമ്മിക്കേണ്ടിയിരിക്കുന്നു. ജീനുകൾ ഒരു തടസ്സമല്ല. 

പിതാവ് വൃത്തത്തിൽ കവിതയെഴുതി മദോന്മത്തനായി നടന്നവനായിരുന്നതുകൊണ്ട് എന്ത് പ്രയോജനം ? ആ പിതാവിൻ്റെ  തല്ലുകൊണ്ട് കാലൊടിഞ്ഞ്  ആശുപത്രിയിൽ കിടന്നു നിലവിളിച്ച്, നാട്ടുകാരുടെ സഹായംകൊണ്ട് ജീവിതത്തിലേക്ക് തിരിച്ചു വന്ന കുട്ടി പിതാവിനെ പോലെ തുടയിലടിച്ച് കാകളിയിൽ പാടണമെന്നില്ല . ആശുപത്രിയിൽ ചോരയൊലിപ്പിച്ചു കിടന്നപ്പോൾ അവൻ്റെ കാകളിയൊക്കെ പോയി കഴിഞ്ഞിരുന്നു. അവൻ തൻ്റെ രക്തത്തിലേക്ക് നോക്കി സ്വന്തം ജീവിതത്തെ ശപിച്ചിട്ടുണ്ടാവും. ഒരു രാജാവോ, ഫ്യൂഡൽ പ്രഭുവോ , സാഹിത്യനായകനോ തന്നെ ശ്രദ്ധിക്കാതിരുന്നത് അവൻ കാണുന്നുണ്ടായിരുന്നു .ലോകത്തിനു അവനെ ഈ അപകടത്തിൽ നിന്നു രക്ഷപ്പെടുത്താൻ എന്ത് താല്പര്യം ?
അവൻ്റെ വൃത്തത്തിനു വേണ്ടി കാത്തിരിക്കുന്ന റിട്ടയേർഡ് അധ്യാപകരും വരേണ്യരും സ്വന്തം കാര്യമല്ലാതെ മറ്റൊന്നും നോക്കുന്നത് അവൻ കണ്ടിട്ടില്ലല്ലോ. 

അതുകൊണ്ട് അവൻ എഴുതാൻ തീരുമാനിക്കുമ്പോൾ തന്റെ വികൃതമായ, നിറയെ അസംബന്ധങ്ങൾ നിറഞ്ഞ ഭൂതകാലത്തെ പിന്നിലുപേക്ഷിക്കുകയാണ് ചെയ്യുന്നത്. അതാണ് ഇന്നത്തെ കവിതയെ ഒരു പരിണാമത്തിനു വിധേയമാക്കുന്ന ഘടകം. കവിത ഏതൊരു ഇന്ത്യക്കാരനും വഴങ്ങുമെന്നറിയാം .എന്നാൽ കവിതയെ പുതിയൊരു തലത്തിലേക്ക്, ഘട്ടത്തിലേക്ക് ,മാനത്തിലേക്ക് പരിവർത്തിപ്പിക്കുകയാണ് ഈ ഉത്തര- ഉത്തരാധുനികതയുടെ പ്രത്യേകത. റിയലിസമോ ,കാല്പനികതയോ ,ആധുനികതയോ ,ഉത്തരാധുനികതയോ അല്ല പുതിയ കവിതയെ പരിണാമത്തിലേക്ക് നയിച്ചതെന്നു  കാണാം .ഉത്തര-ഉത്തരാധുനികമായ  ഒരു ജീവിതമാണ് കവിതയുടെ അലകും പിടിയും മാറ്റിയത്.

ഇത് ഒരു കവി ഒറ്റയ്ക്ക് സൃഷ്ടിച്ചതല്ല. ഉത്തരാധുനികതയുടെ മരണത്തിനു ശേഷം ഉരുത്തിരിഞ്ഞ ലോകസാഹചര്യത്തിൻ്റെ അനിവാര്യമായ സൃഷ്ടിയാണ്. ഈ കവിത പലർ പലകാലത്ത് സംഭാവന ചെയ്യുകയാണ്. ആധുനികതയുടെയും ഉത്തരാധുനികതയുടെയും കാലത്ത് ഇതിന്റെ സൂചനകൾ കാണാം ,മാറുന്ന ജീവിതത്തിൻ്റെ ചിഹ്നങ്ങൾ എന്ന നിലയിൽ .

ഒരു കവിതയിൽ അതിൻ്റെ  സമ്പൂർണ്ണത ഉണ്ടാകണമെന്നില്ല. ഒന്നിൽ തന്നെ പല കവിതകൾ വായിക്കാം. പല പാറ്റേണുകൾ പ്രത്യക്ഷപ്പെടുകയാണ്. വായനക്കാരന്റെ പ്രതിഭയ്ക്കൊത്ത് അവൻ ഇഷ്ടമുള്ള പാറ്റേൺ തിരഞ്ഞെടുക്കുകയാണ്. ദീർഘിച്ച ഒരു സംഭവമോ, ചരിത്രഘട്ടമോ, മാമൂലോ ,സാരോപദേശമോ , അസംബന്ധദർശനമോ ,നിരാശയോ ബൃഹത്പ്രമേയമായി പുതിയ കവികൾ കാണുന്നില്ല .ആശാൻ 'കരുണ'യിലും ചങ്ങമ്പുഴ 'വാഴക്കുല 'യിലും ഇടശ്ശേരി 'പൂതപ്പാട്ടി'ലും വൈലോപ്പിളളി 'കുടിയൊഴിക്കലി'ലും സൃഷ്ടിച്ചതു പോലുള്ള ദീർഘപ്രമേയങ്ങൾ ഇന്നത്തെ കവിതയ്ക്കാവശ്യമില്ല.
a



അയ്യപ്പപ്പണിക്കരുടെ 'കുരുക്ഷേത്രം', സച്ചിദാനന്ദൻ്റെ 'മലയാളം' തുടങ്ങിയ  കവിതകളുമായും പുതിയ കവിതയ്ക്ക് ബന്ധമില്ല .അയ്യപ്പപ്പണിക്കരെ ബാധിച്ച തത്ത്വചിന്താപരമായ നർമ്മത്തെയും  ശൂന്യതാബോധത്തെയും പുതിയ കവികൾ മറ്റേതൊരു വികാരത്തെയും പോലെ സാധാരണമായി കാണുന്നു. 
കാല്പനികതയും സർവ്വനിഷേധവും ഒരു പോലെയാണിവിടെ.യാതൊന്നിനും പ്രാമുഖ്യമില്ല.പഴയ കാലത്ത് നാം കണ്ട   കാവ്യപരമായ അഗാധത , വരികൾക്കിടയിലെ ദുരൂഹത , മിത്തുകളുടെ കളി, സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള വ്യക്തിപരമായ നിലപാടുകൾ തുടങ്ങിയവയൊന്നും പുതിയ കവിതയ്ക്ക് ഒരു അലട്ടലല്ല. സ്വയം  അറിയുകയും അതുപേക്ഷിക്കുകയുമാണ് പുതിയ കവികൾ ചെയ്യുന്നത് .സ്വയം നിരസിക്കുകയും നിർമ്മിക്കുകയും ചെയ്യുകയെന്ന നവാദ്വൈതദർശനവുമായി ഇതിനു  സാമ്യമുണ്ട്.'സാഹിത്യത്തിൻ്റെ  നവാദ്വൈതം' എന്ന പുസ്തകത്തിൽ ഒരു നിമിഷം നിരസിക്കാനും  നിർമ്മിക്കാനുമുള്ളതാണെന്ന എൻ്റെ നവാദ്വൈത തത്ത്വചിന്ത  അവതരിപ്പിച്ചത് ഓർക്കുമല്ലോ. 

ഭൂതകാലത്തെ പിന്നിലുപേക്ഷിക്കുന്നവർ

ഭൂതകാലത്തെ കൊണ്ടുനടക്കുന്നതായിരുന്നു പൂർവ്വകാലങ്ങളിലെ കവിതയുടെ പൊതുപ്രവണത. പഴയ ടെക്സ്റ്റുകൾ ആവർത്തിച്ചുകൊണ്ടിരുന്നു. കവിത അനക്കമില്ലാത്തതും വികാസ മില്ലാത്തതുമായ ഒരു സ്ഥിരം ഭാവനയാണെന്ന നിലപാടിലാണ് പലരും എഴുതിയത്. ഒരു കഥ വിസ്തരിച്ചു കവിതയാക്കുന്നത് പതിവായിരുന്നു. അതെല്ലാം ഇപ്പോൾ ചരിത്രത്തിൽ ഉപേക്ഷിക്കപ്പെട്ടിരിക്കുകയാണ്. വേഗത കുറഞ്ഞ ഒരു കാലത്തിൽ നിന്നു വേഗതയേറിയ കാലത്തിലേക്ക് മാറുമ്പോൾ മസ്തിഷ്കത്തിൽ സംഭവിക്കുന്ന ത്വരിത  പ്രവർത്തനങ്ങളുടെ ഇരയാവുകയാണ് മനുഷ്യൻ .

വർദ്ധിച്ച വാഹനാപകടങ്ങളും കൊലപാതകങ്ങളും ക്രൂരതകളും ഈ വേഗതയേറ്റത്തിന്റെ ഫലമായി സംഭവിക്കുന്നുണ്ട് .എത്ര സമയമുണ്ടെങ്കിലും സ്വസ്ഥത ലഭിക്കാത്ത വിധം മനുഷ്യൻ അവൻ്റെ  ബോധത്തെ പലതിനുമായി പകുത്ത് നല്കിയിരിക്കുകയാണ്;കാലത്തെ ഒടിച്ചു മടക്കിയിരിക്കയാണ്. 

എപ്പോഴും മനസ്സ് നിറഞ്ഞു തുളുമ്പുകയാണ് .ഇടപെടലുകളുടെ ആധിക്യം അത്രയുമുണ്ട്. ഡിജിറ്റൽ ഡേറ്റയുടെയും വിവരങ്ങളുടെയും ഫലമായുണ്ടായ ഇൻഫർമേഷൻ ചവറുകൂന ഓരോ വ്യക്തിയും പേറുകയാണ് .ഒരാൾ എല്ലാമറിയണം.   വ്യാജമായ വാർത്തകളും ചിത്രങ്ങളും മുതൽ അനാവശ്യമായ അഭിപ്രായങ്ങളും പ്രയോജനമില്ലാത്ത തർക്കങ്ങളും വരെ വ്യക്തികൾ  പങ്കിടണം .മാത്രമല്ല ,അവർ അതിനെക്കുറിച്ച് അഭിപ്രായം പറയണം. അഭിപ്രായം പറഞ്ഞില്ലെങ്കിൽ പിന്തളളപ്പെടും .ഈ മാനസികാവസ്ഥയിൽ ,നമ്മൾ ഇന്നു മാധ്യമജീവിയായി മാറിയിരിക്കുന്നു. അവൻ എപ്പോഴും വാർത്തയിലേക്കോ ,യൂട്യൂബിലേക്കോ  ഒഴുകിപ്പോവുകയാണ്.അവൻ സദാ വേഗതയിൽ ലയിക്കുകയാണ് .സ്ഥലകാലങ്ങളെ അപ്രസക്തമാക്കി ഇൻറർനെറ്റ് കുതിക്കുകയാണ്. ഏത് സ്ഥലത്തിരുന്നും പ്രവർത്തിക്കാം, ഒരു ഫോൺ ഉണ്ടായാൽ മതി. മനുഷ്യൻ്റെ  മസ്തിഷ്കം എന്നു പറയുന്നത് ഈ മൊബൈൽ ഫോണാണ്!.

അതിലാണ് മനുഷ്യനുള്ളത് .അവൻ ഓൺലൈനിൽ മാത്രമേ ജീവിക്കുന്നുള്ളു .ഓഫ് ലൈനിനെ അവൻ ഇന്ന് മരിച്ചലോകമായിട്ടാണ് അനുഭവിക്കുന്നത്. ഇതെല്ലാം വേഗത്തെ ഭ്രാന്തമാക്കുന്നു. ഒരു നിമിഷത്തിനുള്ളിൽ അനേകം നിമിഷങ്ങൾ ഉൾച്ചേർന്നിരിക്കുകയോ സംഭവിക്കുകയോ ചെയ്യുന്നു. ഒരു നിമിഷത്തിൽ ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ നിരവധിയാണ്. ഒരു ബട്ടണിൽ അമർത്തിയാൽ ഒരേ നിമിഷത്തിൽ പല രാജ്യങ്ങളിലുള്ള  നൂറുകണക്കിന് സുഹൃത്തുക്കൾക്ക് സന്ദേശമയയ്ക്കാം. ഇത് നമ്മെ വളരെ ഭാരം കുറഞ്ഞവരാക്കുകയാണ് .കാത്തിരുപ്പോ ,മൗനമോ ,ചിന്തയോ ഇല്ലാത്ത ഒരു കാലത്തിലേക്ക് വ്യക്തികൾ എത്തിച്ചേരുന്നു. അങ്ങനെ അവർ  ഒരു ആശയാനന്തര (Post Idea)കാലത്തിൻ്റെ ഉപഭോക്താക്കളായി മാറുകയാണ്. അഗാധമായി ചിന്തിക്കാൻ താല്പര്യമില്ല .ചിന്ത ഒരു ഉപഭോഗം മാത്രമാണ് .എല്ലാം തന്നെ ഉപഭോഗത്തിനുള്ളതാണ് ,സ്നേഹം ,പ്രണയം ,സെക്സ് എല്ലാം .തൊഴിലിന്റെ ഭാഗമായി ചിലർ ഗവേഷണമോ, വായനയോ എഴുത്തോ  ഏറ്റെടുക്കുന്നുണ്ടാവും. അതിനപ്പുറത്ത് അഗാധമായ ചിന്തയില്ലാതാവുകയാണ്.  സാഹിത്യത്തിലും ചിന്തയുടെ ഈ ഒഴിഞ്ഞുപോക്ക് സംഭവിച്ചിരിക്കുന്നത് കാണാം.




സാഹിത്യകൃതികളിൽ സത്യവുമായി ഒരു മുഖാമുഖം തന്നെ വേണമെന്നില്ല. വ്യക്തിപരമായ തോന്നലുകൾ ധാരാളം. ഒരു സമൂഹമാധ്യമ മനസാണത്. ഒരു ഞെട്ടലോടെയാണ് ഞാൻ ഈ നവയാഥാർത്ഥ്യത്തിലേക്ക് ഏതാനും വർഷങ്ങൾക്കു മുമ്പ് എത്തിച്ചേർന്നത്. ജീവിതത്തിൻ്റെ വേഗത്തിനനുസരിച്ചാണ് എല്ലാം ക്രമീകരിക്കപ്പെടുന്നത്. വേഗതയില്ലാത്തവരെ, ഒപ്പമെത്താത്തവരെ ഒഴിവാക്കി മുന്നോട്ടു പോകാൻ ലോകം ശീലിച്ചിരിക്കുന്നു. വേഗതയില്ലാത്തവരെ ആക്രമിക്കാനും  മടിക്കില്ല. വാഹനത്തിനു സൈഡ് കൊടുത്തില്ലെങ്കിൽ മുന്നേ പോകുന്ന വാഹനം തടഞ്ഞു നിർത്തി ഡ്രൈവറെ മർദ്ദിക്കുന്നത് ഒരു സാധാരണ സംഭവമായത് മസ്തിഷ്കത്തിൽ സംഭവിച്ച പരിവർത്തനത്തിൻ്റെ ഫലമായാണ്. 

അതുകൊണ്ടാണ് കവിതകൾ ഭൂതകാലത്തെ പിന്നിൽ ഉപേക്ഷിക്കുന്നത്. ഇവിടെ കവി ധർമ്മ മോ ,നീതിയോ ,സത്യമോ സംരക്ഷിക്കാൻ ഒരുമ്പെടുന്നില്ല. കാരണം ,അതൊക്കെ കവിയുടെ കൈകൾക്ക് എത്തിപ്പിടിക്കാനാവാത്ത വിധം ഉയരത്തിലാണ് .അല്ലെങ്കിൽ അങ്ങനെയുള്ള ആശയങ്ങൾ ഇല്ലാതായിരിക്കുന്നു .സത്യം ഇല്ലാതായപ്പോൾ ശേഷിച്ചത് വെറും കാണിയും അവൻ്റെ നോട്ടങ്ങളും മാത്രമാണ് .ഇതാ ഒരു കാണി സംസാരിക്കുന്നു:

"പൂന്തോട്ടങ്ങൾ ബോംബിങ്ങിൽ കരിഞ്ഞു പോയതിനാൽ 
മരിച്ച കുട്ടികളുടെ ശവകുടീരങ്ങളിൽ 
പൂക്കൾ പോലും വെക്കാനായില്ല 
ഭാവിയിലേക്ക് കൈപിടിച്ചു നടത്തേണ്ട,
അവരുടെ പുസ്തകത്തിലെ അക്ഷരമാലകൾ
തകർന്ന സ്കൂൾ മൈതാനങ്ങളിൽ 
ദുഃഖത്തോടെ അലയുന്നു " 

(യുദ്ധവും ജീവിതവും, പി.ടി. പ്രമീഷ്)

സത്യങ്ങൾ മരിച്ചതോടെ മനുഷ്യൻ  ഭൂതകാലത്തെ കൊണ്ടുനടക്കുന്നതിൽ വിമുഖനായിത്തീരുന്നു. അവൻ ഒന്നിൻ്റെയും പിന്തുടർച്ചക്കാരനല്ലെന്നറിയുകയാണ്. സ്വന്തം കാമുകനെ കിട്ടാൻ വേണ്ടി ഭർത്താവിനെയും മകനെയും കൊല്ലാമെന്നു ചിന്തിക്കുന്നത് ഭൂതകാലം മരിച്ചതിന്റെ തെളിവാണ്.
സത്യമാകട്ടെ ,മുഖാവരണങ്ങൾ ധരിച്ചെത്തുകയാണ്. ആരാണ് ശത്രു, മിത്രം എന്നതിനേക്കാൾ ആരെക്കൊണ്ടാണ് ജീവിതത്തിനു വേഗത കിട്ടുക എന്നാണ് ചിന്തിക്കുക.
ഇവിടെ കവി തൻ്റെ കാലത്തിനോട് ഒത്തുപോവുകയാണ്. എല്ലാ തൂവലുകളും പൊഴിച്ചു നിൽക്കുന്ന ഒരു പക്ഷിയെ പോലെ മനസ്സ് അനാഥമായിത്തീർന്നിരിക്കുന്നു. അല്പം പോലും സ്നേഹമോ ദയയോ അനുഭവിക്കാൻ അവസരമില്ലാത്ത മനസ്സുകൾ തന്നിലേക്ക് വരുന്നതിനെ പ്രതിബിംബിപ്പിക്കുകയാണ് ചെയ്യുന്നത്.

"ആൾക്കാർ ക്യൂവിൽ
വന്നു നിൽക്കാത്തതിലൊന്നും 
ഒരസ്വാഭാവികതയും അയാൾക്ക് തോന്നിയില്ല.
തെളിഞ്ഞ നിലാവോ കുറ്റാകുറ്റിയിരുട്ടോ
രാത്രിയിൽ മാത്രം വീശുന്ന  
കാറ്റിന്റെ നനവോ 
രാത്രിയിൽ മാത്രമുണ്ടാകുന്ന മണമോ
അയാളെ ഉലച്ചതേയില്ല 
കൂജയിൽ നിന്നു വെള്ളമെടുത്ത്
ഒരു സിഗരറ്റ് പാതി വലിച്ചെറിഞ്ഞ് 
എന്തൊക്കെയോ
ചെയ്യുന്നുണ്ടായിരുന്നു .
(ഇരുട്ടെന്നോ വെളിച്ചമെന്നോ 
തീർച്ചയില്ലാത്ത ഒരാൾ ,കളത്തറ ഗോപൻ )

കവിത സ്വയം അപൂർണ്ണമായിരിക്കുന്നു

എന്നാൽ ഇന്ന് കവിത അയ്യപ്പപ്പണിക്കരുടെ 'കുരുക്ഷേത്രം' പോലെയോ ചങ്ങമ്പുഴയുടെ 'രമണൻ' പോലെയോ പൂർണമായിരിക്കുന്നില്ല. കവിത സ്വയം ധ്വംസിക്കുകയാണ്. അതിൻ്റെ തുടർച്ചകളെ അത് ധ്വംസിക്കുന്നു .ഒരു സ്കൂളിൽ പഠിക്കാൻ പോയി ഇടയ്ക്കു വച്ച് നിർത്തി മറ്റു പല പഠനങ്ങൾക്കായി മാറിപ്പോകുന്ന കുട്ടിയെയാണ് അത് ഓർമ്മിപ്പിക്കുന്നത്. കഥാപരമായ തുടർച്ചകൾ ആധുനികതയിലും നാം കണ്ടിരുന്നു. വീട് വിട്ടു പോകുന്ന കുട്ടിയുടെ വിഹ്വലതകൾ ഒരു സമ്പൂർണ്ണ വിവരണമായാണ് അന്ന് അവതരിപ്പിക്കപ്പെട്ടത്. ഒരാളിൽ തന്നെ അത് കേന്ദ്രീകരിക്കുമായിരുന്നു. അല്ലെങ്കിൽ കവിയുടെ അന്തരംഗം നിമിഷം തോറും വീർത്തുവരുന്ന പ്രതീതി സൃഷ്ടിക്കുമായിരുന്നു. കവിയുടെ അന്തരംഗത്തിൽ ചില നിഗൂഢതകൾ ഉണ്ടെന്നും അത് അനാവരണം ചെയ്യാനാണ് വായനക്കാർ ശ്രമിക്കേണ്ടതെന്നും ധ്വനിപ്പിക്കുന്ന കവിതകളാണ് അന്ന് ഉണ്ടായിക്കൊണ്ടിരുന്നത്.

വിമർശകർ ,അതുകൊണ്ട് ,കവിതയേക്കാൾ കവിയെ അന്വേഷിച്ചു.  കവിയായിരുന്നു കവിത;അയാളുടെ ഉത്പന്നമായ കവിത അയാളുടെ തന്നെ ഒരു പതിപ്പായിരുന്നു. എൻ. എൻ. കക്കാടിൻ്റെ വജ്രകുണ്ഡലത്തെപ്പറ്റി എഴുതുന്നവർ കക്കാടിൻ്റെ ദാർശനിക മനസ്സിനെയാണ് അന്വേഷിച്ചത്. എന്നാൽ ഉത്തര- ഉത്തരാധുനികതയിൽ ഇപ്പോൾ കവിയുടെ അന്തരംഗം അടയ്ക്കപ്പെട്ടിരിക്കുന്നു. അവിടേക്ക് പോയി ഖനനം ചെയ്യാനൊന്നുമില്ല. അയാൾ ഒരു ഗൃഹസ്ഥനോ ,പഥികനോ, ഗുമസ്ഥനോ  മാത്രമാണ് .അയാൾക്ക് റേഷൻ കടയിൽ ക്യൂ നിന്നുകൊണ്ട് എന്ത് തത്ത്വചിന്തയാണ് ഉല്പാദിപ്പിക്കാനാവുക ? അയാളെ അന്ധാളിപ്പിക്കുന്ന നോട്ടങ്ങളിൽ നിന്ന് എവിടേക്കും ഓടിപ്പോകാനില്ലാത്തതുകൊണ്ട് പരിമിതികളെ സിദ്ധികളായി പരാവർത്തനം ചെയ്യുന്നതിൽ മിടുക്ക് കാണിച്ച വ്യക്തിയാണയാൾ.അയാൾക്ക് ഒഴിഞ്ഞുമാറാനേ അറിയൂ .എന്ത് കണ്ടാലും കേട്ടാലും നിശ്ശബ്ദത പാലിക്കാനും വികാരമില്ലാതിരിക്കാനും അയാൾ എത്ര ഭംഗിയായി പഠിച്ചിരിക്കുന്നു!

"അതിശൈത്യത്തിൽ 
വിറങ്ങലിക്കുന്നവർ 
തെരുവോരത്ത് 
വിശ്രമിക്കുന്നവർ 
അന്തിയുറങ്ങുന്നവർ 
വീടില്ലാത്തവർ 
അനാഥർ
അതെ
തെരുവിൻ്റെ സന്തതികൾ ...
എല്ലാം വരിവരിയായി നീങ്ങുകയാണ്. പഴകിയ കീറച്ചാക്കിനാൽ മുഖം മറച്ച്
ഇരുട്ടിലേക്ക് നടന്നു പോകുന്നത്
ഏതോ പുരാതന ദൈവമാണ്. എവിടേക്കാണവർ പോകുന്നത്?"

(ഏതോ ഒരു പക്ഷി ,കെ. സജീവ് കുമാർ )

ഈ നൂറ്റാണ്ടിലെ ഒരു പ്രധാന കവിയും സ്കോട്ടിഷ് മുൻ പോയറ്റ് ലോറേറ്റുമായ കരോൾ ആൻ ദുഫി (Carol Ann Duffy)കവിത ആശയങ്ങളിൽ നിന്ന് സ്വാതന്ത്ര്യത്തോടെ വിട്ടുപോകുന്നത് ഒരു വിധിയാണെന്ന അർത്ഥത്തിൽ   ഇങ്ങനെ പറഞ്ഞു:
"when you are writing a poem you are solving the problem of writing a poem, so it is the poet and the piece of paper and the language and what happens in that event in language when you're writing . There isn't really the sense of anything other than that when I'm writing " .

ഒരു കവിതയും പൂർണ്ണമേയല്ല; പി. കുഞ്ഞിരാമൻ നായരുടെ 'കളിയച്ഛൻ' പോലൊരു പൂർണ്ണശില്പം ഇനിയില്ല.  കവിത അതിൻ്റെ പ്രമേയത്തെ തന്നെ  ശകലീകരിക്കുകയാണിപ്പോൾ. കവിത  ജീവിതത്തിൻ്റെ ശകലിത രൂപമാവുകയാണ് .അത് കലയുടെ പൂർണ്ണശില്പമല്ല; അത് അപൂർണമായിരിക്കുന്നത് ഇന്നത്തെ ജീവിതത്തിന്റെ സ്വഭാവമായി കണ്ടാൽ മതി. ഒന്നും ഒന്നിനും വേണ്ടിയല്ലാതെ , വെറും ചടങ്ങുകൾക്കായി മാറ്റപ്പെട്ടിരിക്കുന്ന ഈ അവസ്ഥയിൽ ഉപരിതലത്തിലുള്ള ആചാരങ്ങൾ മാത്രമാണുള്ളത്. ഒന്നിനും ആത്മാവില്ല; ആത്മാവ് ആവശ്യവുമില്ല. എവിടെയോ തുടങ്ങി എവിടെയോ അവസാനിക്കുന്ന ഗൂഗിളൈസേഷൻ്റെ സ്വഭാവം ഓർക്കണം. ഗൂഗിൾ നോക്കുന്നവൻ എന്ത് തിരയുന്നുവോ അതാണവൻ്റെ തുടക്കം. അത് മറ്റൊരാളുടെ തുടക്കമല്ല .എവിടെ അവസാനിപ്പിക്കുന്നുവോ അതാണ് ഒടുക്കം. ഇതും തീരുമാനിക്കുന്നത് അയാളാണ്. ഇത് ഓരോരുത്തർക്കും വിഭിന്നമാണ്. ഗൂഗിൾ തിരച്ചിലുകൾക്കോ വിഭവങ്ങൾക്കോ തുടക്കവുമില്ല ,ഒടുക്കവുമില്ല. ആദിയും അന്തവുമില്ലാത്ത അലച്ചിലും  തിരച്ചിലും മാത്രമാണുള്ളത്. ഇന്നു അതിൻ്റെ ഭാഗമാണ് കവിതയും. കവിതയ്ക്ക് എന്തിനാണ് ഒരു രൂപഭദ്രത ?.അത് എന്തിനെയോ പ്രതിബിംബിപ്പിക്കുകയാണ്; കവികൾ അവനവനിലേക്ക് ലോകത്തെ  പ്രതിഫലിപ്പിക്കുകയാണ്, വ്യാഖ്യാനിക്കുകയല്ല. കവിതയുടെ ആകെ പ്രമേയത്തെയല്ല വായനക്കാരൻ തേടുന്നത്;ശകലീകരിക്കപ്പെട്ട  അനുഭവങ്ങളെയാണ് . ഒരു യാഥാർത്ഥ്യമോ അതിന്റെ മൂർത്തതയോ ആദിമധ്യാന്തമോ ആയിരിക്കുന്നത് വൈയക്തികമായ അസ്വാസ്ഥ്യമാകയാൽ സ്വയം നിരസിച്ചു മറ്റൊന്നാകുകയാണ് ഇന്നത്തെ കവിയുടെ ഭാവനകൾ .അതിനു പിന്നിൽ മറ്റു ആഖ്യാനങ്ങൾ തേടിപ്പോകുന്നത് വലിയ കണ്ടുപിടുത്തമല്ല. 

ഒരു കവിതയിൽ തന്നെ പല കവിതകൾ 

ഇന്നത്തെ കവിതയുടെ മറ്റൊരു പ്രധാന സവിശേഷത അതിൽ തന്നെയുള്ള പലഘടനകളാണ്. ഒരു കോണിലൂടെ നോക്കിയാൽ ഒരു കവിത ലഭിക്കുമെങ്കിൽ, മറ്റൊരു കോണിലൂടെ നോക്കുമ്പോൾ വേറൊന്നും ലഭിക്കും. അപൂർണമായിരിക്കുന്ന കവിതയിൽ ഒന്നിലധികം മറ്റു രചനകളും കലർന്നിരിക്കുന്നു .അതിൻ്റെയർത്ഥം ഇതാണ് :കവിക്ക് പ്രത്യേകമായി യാതൊന്നും സ്ഥാപിക്കാനില്ല. ആധുനികതയിൽ ജീവിതത്തിൻ്റെ ലക്ഷ്യരാഹിത്യവും തീവ്രമായ ദുഃഖവും ഒരു പ്രമേയമായിരുന്നു. ഉത്തരാധുനിക കവിതയിൽ വ്യക്തിപരമായ അഹംബോധവും പ്രാദേശികമായ വർത്തമാനങ്ങളും ഭാഷയും വ്യക്തിത്വ സ്വഭാവങ്ങളും സ്ഥാപിക്കണമായിരുന്നു. മന:ശാസ്ത്ര ടൈപ്പുകൾ വ്യാപകമായി സ്വീകരിക്കപ്പെട്ടു. ഇതെല്ലാം പ്രതിബിംബ കവിതകൾ നിരാകരിക്കുകയാണ് .ഉത്തര- ഉത്തരാധുനികമായ ഈ ഇടപെടൽ വെറും കാണിയുടേതാണ്.അത് ഗാലറിയിലിരുന്ന് കളി കാണുന്നതിനു ഒരു പടി കൂടി കടന്ന് കമ്പ്യൂട്ടർ ഗെയിമിലെ കളി നിയന്ത്രിച്ച് തൻ്റെ ഇഷ്ടത്തിനൊത്ത് സ്വയം  നിശ്ചയിക്കുന്നതാണ് .പ്രാപഞ്ചികമായ ലക്ഷ്യം അവിടെയില്ല. എന്തെങ്കിലും ആശയം ഉറപ്പിച്ചെടുക്കാൻ വേണ്ടി ഇന്നത്തെ കവി എഴുതുന്നില്ല. അയാൾ  സ്വാഭാവികമായി എഴുതുകയാണ് , യാതൊന്നും സ്ഥാപിക്കാനില്ലാത്തതുകൊണ്ട്.

താൻ ചിന്തിക്കുന്നതുകൊണ്ട് നിലനിൽക്കുന്നു എന്ന അസ്തിത്വദർശനവും ഇവിടെയില്ല; പകരം താൻ ചിന്തിക്കുന്നതു തന്നെ തൻ്റെ നിയന്ത്രണത്തിലല്ല എന്നാണ് കവിയുടെ വിചാരം. തനിക്കൊന്നും തന്നെ വ്യവസ്ഥാപിതമാക്കാനില്ല. താൻ തന്നെ വ്യവസ്ഥയോ അവ്യവസ്ഥയോ അല്ല. താൻ വെറുമൊരു പ്രതിബിംബമാണ്. തന്നിൽ നിന്നു പുറപ്പെടുന്നത് എന്തിൻ്റെയോ പ്രതിഫലനമാണ്. 
അതിൻ്റെ ഉത്തരവാദിത്വമോ ലക്ഷ്യമോ  കവി ഏറ്റെടുക്കുന്നില്ല .കാരണം, അത് നിഷ്ഫലമാണെന്ന് കവിക്കറിയാം.
ഒരു കവിതയിൽ ഏകപ്രമേയം ,ഏകാത്മകത തുടങ്ങിയവയ്ക്ക് പ്രസക്തി നഷ്ടപ്പെട്ടു. 




മനുഷ്യൻ എല്ലാം മറക്കുന്നതിലാണ് ഇപ്പോൾ വ്യാപരിക്കുന്നത്. മറവിയാണ് ഭക്ഷണം .ഓർക്കാൻ ധാരാളമുള്ളപ്പോൾ മറക്കുന്നത് അതിജീവനമാണ്. ഓർമ്മകൾ വീണ്ടെടുത്ത് ,ഓരോന്നും ചികഞ്ഞെടുത്ത് സ്വന്തം മുറിവുകൾ എണ്ണിത്തിട്ടപ്പെടുത്തുന്ന ആധുനിക കവികളുടെ ദുശ്ശീലം ഇവിടെയില്ല. ആധുനിക കവികൾ സങ്കടമാണ് എവിടെയും പതിച്ചുവച്ചത്. ഉച്ചത്തിൽ കരയുന്നത് അവരുടെ ശീലമായിരുന്നു. അതിവൈകാരികതയെ അവർ ഒരു പാഠമായി വികസിപ്പിച്ചു.അതിവൈകാരികമായാൽ ഒരു വിവരണത്തിനു ബലം കിട്ടുമെന്ന ധാരണയാണത്. പഴയതെല്ലാം സമാഹരിക്കണമെന്ന വാശിയിൽ കവിത പിന്നോട്ട് നോക്കിയിരിക്കുന്നതിലാണ് അർത്ഥം കണ്ടെത്തിയത് .മിത്തുകളും പാരമ്പര്യവുമാണ് തന്നെ നിയന്ത്രിക്കുന്നതെന്ന ചിന്തയിൽ എങ്ങനെയാണ് ഒരാധുനിക കവി എത്തിച്ചേർന്നത്?. മിത്തുകൾക്ക്  പുതിയ അർത്ഥം നല്കിയും  വ്യാഖ്യാനങ്ങൾ ചമച്ചും അവർ  മിത്തുകളുടെ തടവറയിലായി. 

പാരമ്പര്യത്തോടുള്ള നിഷേധം എന്ന മുദ്രാവാക്യത്തിൻ്റെ മറവിൽ പാരമ്പര്യത്തിലേക്കു തന്നെ മടങ്ങിപ്പോയവരുണ്ട് .എല്ലാ അനുഷ്ഠാനങ്ങളും കവിതയിലൂടെ മറ്റു പലതുമായി പുനർജനിച്ചു.
ഭൂതകാലത്തിന്റെ വ്യക്തിപരമായ വായനയായി കവിതയെ കണ്ടവരുണ്ട്. ഇപ്പോൾ കവിതയ്ക്ക് ആ ഭാരമില്ല.
വ്യക്തി എന്ന നിലയിലുള്ള തന്റെ ജീവിതം ഒരു കണ്ണാടിയായി കവി നോക്കി കാണുകയാണ്. കണ്ണാടിയിൽ സ്വയം കാണുന്നത് വിരസമായതിനാൽ ആ കണ്ണാടിയിലൂടെ പ്രതിഫലിക്കുന്നതെല്ലാം വീക്ഷിക്കുന്നു. 
പുറം ലോകത്തേക്ക് തിരിച്ചുപിടിച്ചാൽ മതി, വേരറ്റതും വാലറ്റതും പറന്നു പോയതുമെല്ലാം തെളിഞ്ഞുവരും.

"പ്രായമേറുന്തോറും 
ഞങ്ങൾ വലുതാവുകയും 
മുത്തച്ഛൻ ചെറുതാവുകയും 
മുത്തശ്ശിയില്ലാതാവുകയും
കാലം തണുത്ത ചായയാവുകയും
ചൂടുള്ളതൊന്നും മുത്തച്ഛന് 
പഥ്യമല്ലാതാവുകയുമായി "

(തണുത്തു പോകും ,രാജൻ സി.എച്ച് ) 

കവിത ഏകശിലാരൂപമല്ല എന്ന വീക്ഷണമാണ് ഉത്തര- ഉത്തരാധുനിക കവിക്കുള്ളത്. അയാൾ സ്വയമൊരു  ശിലാഖണ്ഡമല്ലല്ലോ .വ്യക്തി തന്നെ  ഇല്ലാതായല്ലോ .വ്യക്തിക്ക് അവരുടെ ശരീരമോ മനസോ ഒരു മറയായിരിക്കുകയാണ്. സമൂഹമാധ്യമങ്ങളിൽ ശരീരമില്ലാതെ ജീവിക്കാം. ആ അർത്ഥത്തിൽ അവർ അശരീരികളാണ്. സ്വന്തം വികാരങ്ങൾക്ക് പകരം വ്യാജ ബിംബങ്ങൾ ഇമോജികളിലൂടെ അവതരിപ്പിക്കാം. ഏറ്റവും അടുപ്പമുള്ളവരുടെയടുത്തും ഇമോജികൾ ധാരാളമെന്നു വന്നതോടെ വൈകാരിക പ്രകടനത്തിന്റെ പ്രതിബിംബങ്ങളാണ് സ്വീകരിക്കപ്പെടുന്നത്.സ്നേഹം ഒരു ഇമോജിയിലൂടെ സംവേദനം ചെയ്യുമ്പോൾ സ്നേഹത്തിൻ്റെ ആവശ്യമില്ല, സ്നേഹത്തിന്റെ പ്രതിബിംബം മതി. പ്രതിബിംബത്തിനു ജീവനില്ല. ഇമോജികളിലൂടെ സ്വയം പ്രതിഫലിക്കുന്നത് കൊണ്ട് മനസ്സും ആവശ്യമില്ല. അങ്ങനെ സ്നേഹം ഒരു അയഥാർത്ഥ വികാരമായിത്തീരുന്നു. അത് കൊടുക്കുന്നതിലോ വാങ്ങുന്നതിലോ ആർക്കും ഒരു ലഹരിയുമില്ല. 




വായനക്കാരൻ പൂരിപ്പിക്കേണ്ടത്

വായനക്കാരൻ ഇന്ന് കവിതയെ  തൻ്റെ സങ്കല്പങ്ങൾക്കും സ്വപ്നങ്ങൾക്കൊപ്പം പൂരിപ്പിക്കുകയാണ്. അവൻ ഒരു കാണിയാണ്.കാണി കളിയിൽ ഇടപെടുന്നു. കവിത വായിക്കുന്നവൻ്റേതാണ്. അതുകൊണ്ട് അവൻ തനിക്കിഷ്ടമുള്ള വാചകങ്ങളും ചിന്തകളും അതിൽ തേടുന്നു. എല്ലാ ഡിജിറ്റൽ ഓവർലോഡും ചുമന്നു മടുത്ത വായനക്കാരൻ അത് ഇറങ്ങിവയ്ക്കാൻ തന്റെ മനസ്സിൽ ഒഴിഞ്ഞ ഇടങ്ങൾ സൃഷ്ടിക്കാനാണ് കവിത വായിക്കുന്നത്. അവനു പ്രത്യശാസ്ത്രമോ, തത്ത്വചിന്തയോ  സൗന്ദര്യശാസ്ത്രമോ വേണ്ട.അതൊക്കെ ഇവിടെ സുലഭമാണ്. ഏത് പുസ്തകശാലയിലും കെട്ടുകണക്കിനു പുസ്തകങ്ങൾ ഈ വിഭാഗങ്ങളിലുണ്ട്. അതെല്ലാം കവിതയിൽ തേടുന്നത് വ്യർത്ഥമാണ്. ഇതിൽ നിന്നെല്ലാം സ്വതന്ത്രമായ കവിതയാണ് അവൻ തേടുന്നത്. 

അവനു ചിന്തിക്കാൻ വയ്യാത്ത ഒരു ലോകമാണിത്. അവൻ വാക്കുകളിലൂടെ ലഹരി തേടുകയാണ്; ഒരു മുറിവേൽക്കൽ സംഭവിക്കാം. മുൻകാലങ്ങളിൽ വർദ്ധിച്ച തോതിലുള്ള പ്രഭാഷണങ്ങളും ചർച്ചകളും കേട്ട അവൻ്റെ മനസ്സിപ്പോൾ കലുഷിതമാണ്. അതിൽ നിന്ന് ഒഴിഞ്ഞുമാറിയ കവിയെയാണ് അവൻ തേടുന്നത്.അങ്ങനെ അവനു സ്വന്തം ആശയക്കുഴപ്പങ്ങളെ നേർക്കുനേർ കാണാനാവും. 

"വീട് പൂട്ടിയിറങ്ങുന്നു 
അകത്തുനിന്നാരോ താക്കോൽപഴുതിലൂടുറ്റു നോക്കുന്നു.
പോയെന്നു തീർച്ചയാക്കി 
വീടോരോന്ന് ചെയ്യുന്നു
അടുക്കളയിൽ പാത്രങ്ങൾ
ഒച്ചവയ്ക്കുന്നു 
ക്ളോക്കിൽ മണി പന്ത്രണ്ടാകുന്നു
അരി അടുപ്പിൽ തിളയ്ക്കുന്നു
ടിവിയിരുന്നു ചിലക്കുന്നു 
കറി വറ്റിപോമെന്നൊരു തോന്നൽ
വന്നു മുട്ടുന്നു 
ഗ്യാസ് ഓഫ് ചെയ്യുന്നു 
മുറി പൂട്ടിയിറങ്ങിയ ആൾ 
എന്തോ ഓർത്തിട്ടെന്ന പോലെ
സംശയിച്ചു നിൽക്കുന്നു 
വീണ്ടും ചെന്നു മുറി തുറന്നു
എല്ലായിടത്തും പരതുന്നു
അരി അടുപ്പത്തിരിക്കുവത് 
ഒന്നുമേ അവൾ കാണുന്നില്ല" .
(ഇലകൾക്കിടയിലൂടെ കണ്ണുകൾ, കളത്തറ ഗോപൻ)

ഒരു നോട്ടം 
ഒരു വെറും നോട്ടം 
ഒരുന്മാദ നോട്ടം 

ഇന്നത്തെ കവിത പരിണമിക്കയാണ്. അത് ഛന്ദസ്സിൽ നിന്ന് ,നിഗൂഢതത്ത്വങ്ങളിൽ നിന്ന് സ്വതന്ത്രപദ്യത്തിൽ നിന്ന് പരിണമിക്കുകയാണ്. സ്ഥൂലമായതോ ,മറവിയിലേക്ക് മറഞ്ഞതോ ഒന്നും തന്നെ ഇവിടെ അന്വേഷിക്കുന്നില്ല. മനുഷ്യൻ തൽസമയമാണ് ജീവിക്കുന്നത്. അവൻ്റെ അസ്തിത്വവും മന:ശാസ്ത്രവും തൽസമയമാണ്. ഒരു നിമിഷത്തിലാണ് അവൻ നിലനിൽക്കുന്നത്. അതിനപ്പുറമോ ഇപ്പുറമോ അവനില്ല. വളരെ ആ പൽക്കരമായ ഒരു തിരഞ്ഞെടുപ്പാണ് ജീവിതം .ഒരു നിമിഷത്തിലെ തിരഞ്ഞെടുപ്പ് യുക്തിയുടെ ബലത്തിലായിരിക്കില്ല .ട്രാഫിക് കുരുക്കുള്ള ഒരു നഗരത്തിൽ ഒരു ഡ്രൈവറുടെ നൊടിനേരത്തെ തീരുമാനമാണ് അയാളുടെ ആയുസിനെ നിയന്ത്രിക്കുന്നത്.അപ്പോൾ അയാൾക്ക് ഒരു ഡോക്ടറുടെ മുന്നിലിരുന്ന് രോഗവിവരം വിസ്തരിച്ച്  പറഞ്ഞ് ,ശരീരാവയവങ്ങൾ പരിശോധിച്ച് അതിൻ്റെ തുടർ ചികിത്സകളിലേക്ക് പോയി ഒരഭിജാത രോഗിയാവാനുള്ള സാവകാശം കിട്ടുന്നില്ല. 

ഒരു തീരുമാനം ഒരു നിമിഷത്തിൽ തന്നെയാണ് എടുക്കേണ്ടതെന്നത് പ്രധാന കാര്യമാണ് .മിക്കപ്പോഴും അത് അനിവാര്യമാകുന്നു. അപകടങ്ങളിലെല്ലാം ഈ നിമിഷാത്മകത കാണാം. മനുഷ്യൻ ഒരു  നിമിഷമാണ് .ഈ നിമിഷത്തെ കവി നോക്കുകയാണ് പുതിയ കവിതയിലൂടെ. ഒരു നോട്ടം, ചിലപ്പോൾ ഗഹനമായ നോട്ടമാകാം. അല്ലെങ്കിൽ അലസമായ നോട്ടമാകാം. അതുമല്ലെങ്കിൽ ഉന്മാദനോട്ടമാകാം. 
ഒരു നിമിഷത്തിലാണ് അതിന് ആയുസ്സുള്ളത് .അതുകഴിഞ്ഞാൽ ലോകം മാറുകയാണ്. ലോകത്തിൻ്റെ മാറ്റത്തിനൊപ്പം ഇന്ന് കവിക്ക് സഞ്ചരിക്കാനാവില്ല. കാരണം ,കവി ഒരു വ്യക്തി മാത്രമാണ്. ലോകത്തിൻ്റെ മാറ്റം സാങ്കേതികമാണ് .

ലോകം പ്രതീതിയായും ജീവിക്കുന്നു.  മനുഷ്യൻ ഒരു ഡേറ്റയാകുകയാണ്. അവൻ തൻ്റെ സ്വാതന്ത്ര്യം ഉപേക്ഷിച്ച് തന്നെക്കുറിച്ചുള്ള ഡേറ്റയ്ക്കും സന്ദേശങ്ങൾക്കും സ്വാതന്ത്ര്യം പ്രഖ്യാപിച്ചവനാണ്. അവൻ്റെ  ചിന്തകളും ചലനങ്ങളും ഇന്ന് രഹസ്യമല്ല. കൈയിലുള്ള ഫോൺ  അവൻ്റെ എല്ലാ വിവരങ്ങളും ചോർത്തി മറ്റൊരു കേന്ദ്രത്തിനു കൈമാറുന്നു.
അവൻ ഒരുന്മാദനോട്ടമെറിയുന്നത് തന്നേക്കാൾ ബൃഹത്തായ പലതരം പ്രതിച്ഛായകൾ നിമിഷം തോറും വളരുന്നത് കൊണ്ടുള്ള അന്ധാളിപ്പ്  മൂലമാണ് .

ദീർഘകാലത്തെ കാത്തിരിപ്പിനൊടുവിൽ സംഭവിക്കുന്ന സർഗ്ഗാത്മകതയുടെ പാരമ്യം എന്ന നിലയിലുള്ള സൃഷ്ടിപ്രക്രിയയല്ല ഇപ്പോഴുള്ളത് .ഒരു നോട്ടത്തിന്റെ നിമിഷത്തെ ആവാഹിക്കുന്ന കവി അതിൻ്റെ മുന്നിൽ വിനീതനാവുകയാണ്. കവിതയിലൂടെ എന്തെങ്കിലും ഒരു മാറ്റമുണ്ടാക്കാമെന്ന   ധാരണ ഇപ്പോഴില്ല. കാരണം, കവിതയുടെ ഭാവുകത്വം മരിച്ചു. ഈ കാലഘട്ടത്തിൽ കവിതയുടെ ഒരു ധ്രുവമോ അനേകം ധ്രുവസമാനമായ കേന്ദ്രങ്ങളോ നിലനിൽക്കുന്നില്ല. ടി.എസ്. എലിയറ്റ്, മാത്യു അർനോൾഡ്  തുടങ്ങിയവരെപ്പോലെ ലോകം ഉറ്റുനോക്കുന്ന കവികൾ ഇപ്പോഴില്ല.  എല്ലാവരുടെയും കവികൾ ഇന്നില്ല;ഇനി ഉണ്ടാകാനും സാധ്യതയില്ല ;ഭാവുകത്വം ഇല്ലാതായല്ലോ. 




വള്ളത്തോൾ എല്ലാവരുടെയും കവിയായിരുന്നെങ്കിൽ ഇപ്പോൾ അത്തരം ധ്രുവങ്ങളില്ല. കവി ഒരു നിഴലാണ് സൃഷ്ടിക്കുന്നത്. തന്നേക്കാൾ വലുതായ ഒരു ലോകത്തെ മനസ്സിലാക്കാനുള്ള പ്രയത്നത്തിലാണ് അയാൾ .അതിനിടയിൽ സംഭവിക്കുന്ന ചില പ്രതിബിംബങ്ങളാണ് കവിതയായി മാറുന്നത്. ഈ കവിതയുടെ പ്രയോജനമെന്താണ്? ലോകം ഡിജിറ്റൽ ആശയവിനിമയങ്ങളിലേക്ക് അമർന്നു കഴിഞ്ഞ ഈ കാലത്ത് അതിന്റെ അനുഭവങ്ങളാണ് കവിതകൾ പങ്കുവെക്കുന്നത് .അത് വ്യക്തിദുഃഖമോ പ്രത്യയശാസ്ത്ര ചിന്തയോ അല്ല. മനുഷ്യൻ്റെ പ്രശ്നങ്ങൾ തന്നെ .പക്ഷേ, മനുഷ്യൻ്റെ  വളരെ ചെറുതും നിസ്സാരവുമായ പ്രശ്നങ്ങൾ പോലും കവിയുടെ നോട്ടം കൊണ്ട് അർത്ഥവത്തായി മാറുന്നു എന്നു വിലയിരുത്താവുന്നതാണ്. നമ്മെ സ്വയം കാണാനാണ് ഈ കവിതകൾ സംസാരിക്കുന്നത്. നമ്മെയൊഴിച്ച് മറ്റെല്ലാറ്റിനെക്കുറിച്ചും സംസാരിക്കാൻ ഓടി നടക്കുന്ന നമുക്ക് നൈമിഷികമായ അനുഭവങ്ങൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വരുന്നു.
പൊരുളകൾ ഇല്ലാതായ ഒരു ലോകമാണെന്ന വേവലാതി കവിക്കില്ല.കാരണം ,അയാൾ പൊരുൾ   തേടുന്നില്ല .ഇല്ലാത്ത പൊരുളിനെ തേടി വിലപിക്കുന്നത് അർത്ഥശൂന്യമാണല്ലോ. പൊരുളില്ല എന്നറിഞ്ഞുകൊണ്ടുതന്നെ എഴുതുകയാണ്; ആത്മാവിന്റെ ഭാരമില്ലാതെ എഴുതുകയാണ്. അപ്പോൾ എല്ലാറ്റിനെയും ഭാരമില്ലാതെ  നോക്കിക്കാണാനാവും. കാണുന്ന  വസ്തുക്കളുടെ ഭാരം കുറയ്ക്കാനുമാവുന്നു.

കവിതയുടെ സ്വാഭാവികതയ്ക്കും വിധിക്കും കാലങ്ങളിലൂടെ മാറ്റമില്ല. അത് വലിയ കവികൾ തിരിച്ചറിഞ്ഞിട്ടുണ്ട്. രവീന്ദ്രനാഥ ടാഗോർ Poet Yeats എന്ന ലേഖനത്തിൽ എഴുതുന്നത് ഇന്നത്തെ പ്രതിബിംബ കവിതയുടെ ജനിതകമായ ഘടനയ്ക്ക് യോജിച്ച ചില ആശയങ്ങൾ നിരത്തുന്നു :

whenever a poet writes out of a direct response to life , his poetry blooms like the flowers and fruits on a tree .It is not conscious of itself ,nor does it feel obliged to present itself a being beautiful or deeply felt whatever it appears to be , it is " .

ജീവിതത്തോട് നേരിട്ടുള്ള ഒരു പ്രതികരണം ഒരു മരത്തിൽ പുഷ്പങ്ങളും ഫലങ്ങളും ഉണ്ടാകുന്നതുപോലെ എത്രമാത്രം സ്വാഭാവികമാണെന്ന് കവി  വിശദീകരിക്കുന്നു. അത് സ്വയം എന്താണെന്ന് ബോധ്യപ്പെട്ടതിന്റെ ഫലമായല്ല പുറത്ത് വരുന്നത്. സുന്ദരമെന്നോ അഗാധമായി അനുഭവിച്ചതെന്നോ വിവരിക്കാവുന്ന തരത്തിൽ യാതൊന്നും അവതരിപ്പിക്കാനും അത് ശ്രമിക്കുന്നില്ല. ഒരു നോട്ടമാണത്. ആ നോട്ടത്തിൽ കണ്ടത് അതേ നിലയിൽ പകർത്തുകയാണ്.
 
*published in ORUMA  Jan 2023


Monday, January 30, 2023

ജീനിയസ് ലൈബ്രറിക്ക് എം.കെ.ഹരികുമാർ ഇരുനൂറ്റമ്പത് പുസ്തകങ്ങൾ സംഭാവന ചെയ്തു

Tuesday, January 17, 2023

എം.കെ.ഹരികുമാറിൻ്റെ കൃതികൾ അനൂപ് ജേക്കബ് എം.എൽ.എ പ്രകാശനം ചെയ്തു






കൂത്താട്ടുകുളം :എം.കെ.ഹരികുമാർ എഴുതിയ ഫംഗസ് ,സർവ്വസ്വ ആത്മന: എന്നീ കൃതികൾ അനൂപ് ജേക്കബ് എം.എൽ.എ പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഉല്ലാസ് തോമസ് ആദ്യ കോപ്പികൾ ഏറ്റുവാങ്ങി.

ടൗൺ ഹാളിൽ ചേർന്ന യോഗത്തിൽ സജീവ് പ്ളാവിടയിൽ അധ്യക്ഷനായി. അനൂപ് ജേക്കബ് എം.എൽ. എ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഉല്ലാസ് തോമസ് ,മുൻസിപ്പൽ ചെയർപേഴ്സൺ വിജയ ശിവൻ, സണ്ണി കുര്യാക്കോസ് ,പി.പി ജോണി, ജോയ് ജോസഫ് ,വി.എൻ.രാജപ്പൻ ,ആർ.ശ്യാംദാസ്, തോമസ് പാലയ്ക്കാൻ ,ബിജൂ പള്ളിത്താഴത്ത് ,ടി.വി.പ്രശാന്ത് എന്നിവർ പ്രസംഗിച്ചു.  

ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഉല്ലാസ് തോമസ്, എം.കെ.ഹരികുമാറിനെ പൊന്നാട അണിയിക്കുന്നു.


എം.കെ.ഹരികുമാർ പുതുവത്സര സന്ദേശം നൽകി. എഴുത്തിൻ്റെ നാല്പത്തിയൊന്നാം വർഷത്തിലെത്തിയ  എം.കെ.ഹരികുമാറിനെയും ചിത്രകാരനും അദ്ധ്യാപകനുമായ ശ്രീധർ കൂത്താട്ടുകുളത്തെയും അനൂപ് ജേക്കബ് എം.എൽ.എ ഉപഹാരവും പൊന്നാടയും നല്കി ആദരിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഉല്ലാസ് തോമസ് എം.കെ.ഹരികുമാറിനെ പൊന്നാട അണിയിച്ചു

ഹരികുമാറിൻ്റെ 'ഫംഗസ്' റഷ്യൻ പശ്ചാത്തലത്തിലുള്ള ഒരു കഥയാണ്. സാർ ചക്രവർത്തിയുടെ കാലത്ത് അധികാര ശക്തികളാൽ കൊലചെയ്യപ്പെട്ട ഒരു എഴുത്തുകാരൻ പതിറ്റാണ്ടുകൾക്കുശേഷം തിരിച്ചുവരുകയാണ്. ആ  കഥാകൃത്തിന്റെ എല്ലാ രചനകളും അധികാരികൾ നശിപ്പിക്കുകയായിരുന്നു. പുതിയകാലത്തെ വായനക്കാർക്ക് വേണ്ടി കഥാകൃത്ത് തൻ്റെ ഫംഗസ് എന്ന കഥ പൂർണമായി വീണ്ടെടുത്തു കൊടുക്കുകയാണ്. അധികാരത്തിൻ്റെ മന:ശാസ്ത്രവും ക്രൂരതയും ഭ്രമിപ്പിക്കുന്ന ഭാഷയിൽ എഴുതിയിരിക്കുന്നു. 




സർവസ്വ ആത്മന: എന്ന കൃതി ബൃഹദാരണ്യകോപനിഷത്തിന്റെ സ്വതന്ത്രവായനയാണ്. ഉപനിഷത് സാരം കവിതയായി പുന:സൃഷ്ടിച്ചിരിക്കുന്നു. ഗഹനവും ദീർഘവുമായ ബൃഹദാരണ്യകോപത്തിൻ്റെ ഈ കാവ്യ രൂപാന്തരം അനുവാചകനിലേക്ക് തെളിമയോടെ കടന്നു ചെല്ലുന്നു. 

ബ്ളൂ മാംഗോ ബുക്സ് പ്രസിദ്ധീകരിച്ച ഈ രണ്ടു പുസ്തകങ്ങളും കേരള ബുക് സ്റ്റോർ (തിരുവനന്തപുരം) വിതരണം ചെയ്യുന്നു.

Wednesday, January 11, 2023

ഒരേ പ്രപഞ്ചത്തിൽ  /എം.കെ.ഹരികുമാർ 






മനസ്സിനുള്ളിലേക്ക് പ്രവേശിക്കാൻ എപ്പോഴും കഴിയണമെന്നില്ല. കലാകാരന്മാർ ഏകാന്തത തേടുന്നത് ഈ പ്രവേശനം സാധ്യമാക്കുന്നതിനാണ്. തിരക്കേറിയ ഒരു നഗരത്തിലൂടെ  സഞ്ചരിക്കുമ്പോഴും കലാകാരൻ തൻ്റെ മനസ്സിനുള്ളിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കും. ഇത് ഒരു സഹനമാണ് .ആ സഹനത്തെ ഏകാന്തതയെന്നു വിളിക്കാം.അതുകൊണ്ട് ഈ  ഏകാന്തതയ്ക്ക് പവിത്രതയുണ്ട്. കാരണം ,അത് നമ്മുടേതാണ്. നമ്മളാണല്ലോ നമുക്കൊപ്പം തനിച്ചാകുന്നത്. അതിൻ്റെയർത്ഥം നമ്മുടെയുള്ളിലേക്ക് നോക്കാൻ നമുക്ക് പ്രാപ്തിയുണ്ടെന്നാണ് .സാഹിത്യമോ കലയോ നമ്മുടെ തന്നെ ആന്തരിക ലോകത്തെയാണ് അനാവരണം ചെയ്യുന്നത്. എത്രത്തോളം തുറക്കുന്നുവോ അത്രത്തോളം അത് പവിത്രമായിരിക്കും;വിഭജനങ്ങൾക്ക് അപ്പുറമായിരിക്കും.മനുഷ്യൻ്റെ  ചിന്തയിൽ നിറയെ പ്രതിലോമ വികാരങ്ങളും അശുഭചിന്തകളുമാണ് കൂടുകൂട്ടിയിരിക്കുന്നത്. അതുകൊണ്ടാണ് ജലാലുദ്ദീൻ റൂമിക്കും കബീർദാസിനും ഖലിൽ ജിബ്രാനും മനുഷ്യത്വത്തിൻ്റെ  ശുചീകരണത്തെക്കുറിച്ച് പറയേണ്ടി വരുന്നത്. ഒരു നവീനമായ സ്നേഹാത്മകതയാണ് ഈ കവികളെല്ലാം അവതരിപ്പിച്ചത്. സ്വാർത്ഥതയോ ഗൂഢലക്ഷ്യമോ ഇല്ലാത്ത ,വെയിൽ പോലെ പരക്കുന്ന ഇന്ദ്രിയങ്ങളുള്ള സ്നേഹം.

ഒരേയൊരു പ്രപഞ്ചത്തിൽ 

എഴുതുമ്പോൾ മനസ്സിനുള്ളിലേക്ക് കയറാൻ സാധിക്കണമെന്നില്ല. കാരണം, നമ്മുടെ മനസ്സിന്റെ ഉപരിതലത്തിലുള്ള തോന്നലുകളെ പോലും, ചിലപ്പോൾ സ്വാംശീകരിക്കാൻ കഴിയണമെന്നില്ല. ഒരു തോന്നലിന്റെ പിറകിലുള്ളത് ഏത് പ്രചോദനമാണെന്ന് തിരക്കിയാലല്ലേ അത് കണ്ടുപിടിക്കാനാവൂ .മനസ്സിൻ്റെ അടിത്തട്ടിലേക്ക് ചെല്ലുന്തോറും കൂടുതൽ അടുക്കുകയാണ് ചെയ്യുന്നത്, ഈ പ്രപഞ്ചത്തോട്. നാമെല്ലാം ഈ ഒരേയൊരു പ്രപഞ്ചത്തിലാണല്ലോ. അതുകൊണ്ട് നമ്മുടെയുള്ളിലേക്ക് തുരങ്കം നിർമ്മിച്ചു ചെന്നാലും മറ്റെങ്ങും പോകാനാവില്ല. അത് പ്രപഞ്ചത്തിന്റെ മറ്റൊരു വശത്തേക്ക് തന്നെ ചെന്നെത്തും. 




നമ്മുടെ മനസ്സ് നമ്മുടേത് മാത്രമാണെന്നു പറയുന്നത് ഈ വസ്തുത ഗ്രഹിക്കാത്തതുകൊണ്ടാണ് .മനസ്സ് ഈ ഒരേയൊരു പ്രപഞ്ചത്തിൻ്റേതാണ്.
അതുകൊണ്ട് പ്രപഞ്ചത്തിന്റെ എല്ലാ അർത്ഥസൂചനങ്ങളും ഘടനകളും മനസ്സിലുമുണ്ടാവും. പ്രപഞ്ചത്തിൽ നിന്നു വേറിട്ട് മനസ്സിന് അസ്തിത്വമില്ല. മനസ്സിനെ നാം നിർമ്മിച്ചതല്ലല്ലോ. ഈ പ്രപഞ്ചത്തിന്റെ നിയമത്തിനനുസരിച്ചാണ് മനസ്സ് പ്രവർത്തിക്കുന്നത്. എന്നാൽ മനസ്സിന് മാറ്റമില്ലാതിരിക്കാനാവില്ല .മനസ്സ് ഒരുപേക്ഷിക്കൽ പ്രക്രിയയിലൂടെ കടന്നു പോവുകയാണ്. അത് അതിവേഗം നൃത്തം ചെയ്യുകയാണ്. വെള്ളത്തിലാണെങ്കിൽ അത് മത്സ്യത്തോടാണ് മത്സരിക്കുന്നത്; ആകാശത്തിലാണെങ്കിൽ നക്ഷത്രങ്ങളോടും. പടം പൊഴിക്കാത്ത പാമ്പുകൾ ചത്തൊടുങ്ങുകയേയുള്ളൂ. അതുപോലെ അഭിപ്രായങ്ങൾ മാറ്റാത്ത മനസ്സുകളും മരിക്കുകയാണ്.
The  snakes which cannot cast its skin has to die . As well the minds which are prevented from changing their opinions ; they cease to be mind_
ഫ്രഞ്ച് തത്ത്വജ്ഞാനി നിഷേ പറഞ്ഞു.

മനസ്സിൽ നിന്നു അന്യമായി യാതൊന്നുമില്ല. പ്രപഞ്ചത്തിൽ നിന്ന് അന്യമായി യാതൊന്നും മനസ്സിലുമില്ല. മനസ്സുതന്നെയാണ് പ്രപഞ്ചം .മനസ്സിന്റെ വേഗത്തെ ആരും നിർണിക്കുന്നില്ലല്ലോ .മനസ്സിനുള്ളിൽ നക്ഷത്രങ്ങളെപ്പോലെ പലതും സഞ്ചരിക്കുന്നു. ചിലത് എരിഞ്ഞടങ്ങുന്നു; ചിലത് പിറക്കുന്നു, പൊട്ടിത്തെറിക്കുന്നു. മനസ്സിൻ്റെ ഒരേയൊരു മേൽക്കൂര ഈ പ്രപഞ്ചം തന്നെയാണ്. ഒരേ ലോകത്ത് ഒരേ രക്തം കുടിച്ചു വളരുന്ന മനസ്സുകൾക്ക് ഒരേ കാലാവസ്ഥയിലാണ് വളരാൻ വിധി. അതുകൊണ്ട് എല്ലാ മനസ്സുകളിലും എല്ലാമുണ്ട്. എല്ലാത്തിൻ്റെയും വിത്തിട്ടിരിക്കുന്ന , അളക്കാനാവാത്ത ആഴമുള്ള മണ്ണാണ് മനസ്സ് .മനസ്സിൽ ഈ പ്രപഞ്ചത്തിലെ എല്ലാ കാലങ്ങളുമുണ്ട്. മൂവായിരം  വർഷം മുമ്പുണ്ടായ ഒരു പ്രാർത്ഥനയും കാട്ടിലെ അലർച്ചയും ആക്രമിക്കപ്പെട്ടു കരയുന്ന മൃഗത്തിൻ്റെ കരച്ചിലും മനസ്സിലുണ്ട്. മനസ്സിനു കാലമില്ല. അത് കാലത്തെ തന്നെ എപ്പോഴും പുതുക്കുകയാണ്. പഴയകാലവും പുതിയകാലവും ഭാവിയും അതിൽ ഒരു രേഖയിലെന്നപോലെ സഞ്ചരിക്കുന്നു.  ക്ളോക്കിലെ സമയം രേഖീയമാണെങ്കിൽ മനസ്സിലെ കാലം രേഖീയതയിൽ തന്നെ ഭൂതവർത്തമാനഭാവി കാലങ്ങളെ കശക്കിയും ഒടിച്ചു മടക്കിയും രേഖീയമാക്കുന്നു. 




അയ്യായിരം വർഷം മുമ്പുള്ള മനുഷ്യർ നമ്മുടെയുള്ളിലുണ്ട്. പ്രാകൃതമായ ചേഷ്ടകൾ നമ്മളിൽ മരിക്കുന്നില്ല, ഉറങ്ങുക മാത്രമാണ് ചെയ്യുന്നത്. ഭയമാണ് നമ്മുടെ കാട് .കാട്ടിൽ ജീവിച്ച മനുഷ്യന്റെ കാടുകൾ ഒരിക്കലും അവസാനിക്കുന്നില്ല. കാട്ടിൽ കേട്ട നിലവിളി നമ്മുടെയുള്ളിൽ പ്രതിധ്വനിക്കുന്നു. അതുകൊണ്ട് നമുക്ക് ഒന്നിനോടും അകൽച്ചയില്ല. നാം എല്ലാത്തിൻ്റെയും സിരാകേന്ദ്രമാണെന്ന് തിരിച്ചറിയുക. എല്ലാ പുസ്തകങ്ങളും നമ്മളിലുണ്ട്. എത്ര നൂറ്റാണ്ട്  മുമ്പ് രചിച്ച കൃതികളും ഇനി രചിക്കാനിരിക്കുന്ന കൃതികളും  നമ്മളിലുണ്ട് .നമ്മുടെ ശേഷിക്കൊത്ത്  അത് കണ്ടെത്തുന്നുവെന്ന് മാത്രം. നമ്മുടെയുള്ളിലില്ലാത്ത ഒരു കൃതിയോ ആശയമോ ഭാഷയോ മറ്റൊരാൾക്ക് കണ്ടുപിടിക്കാനാവില്ല. കാരണം, നമ്മൾ ഒരേ ആകാശത്തിനു കീഴിലുള്ളവരാണ്. നമ്മുടെ ഘടന ഈ പ്രപഞ്ചത്തിന്റെ ഭാഗമാണ്. പ്രപഞ്ചത്തിലെ ആശയങ്ങളാണ് മനസ്സുകളിലൂടെ പുറത്തുവരുന്നത്. മനസ്സുകൾ പല വഴികളിലൂടെ ഓർക്കുന്നത് പ്രപഞ്ചത്തെക്കുറിച്ചാണ്. പ്രപഞ്ചത്തിൻ്റെ ഒരു ഡിസൈനാണത്.  പ്രപഞ്ചത്തിലില്ലാത്തതൊന്നും മനസ്സുകളിലൂടെ പുറത്തു വരുന്നില്ല.

ഒരേ ആകാശത്തിനു കീഴിൽ 

എൻ്റെ മനസ്സിൽ ആയിരമോ പതിനായിരമോ പുസ്തകങ്ങളുണ്ട്. അത് കണ്ടുപിടിക്കാനാവശ്യമായ, അഗാധമായ, ഏകാന്തതയോ ധ്യാന മോ എനിക്കില്ല. വല്ലപ്പോഴുമൊരിക്കൽ മനസ്സിലേക്ക് പ്രവേശനം കിട്ടുകയും, അതിനുള്ളിലെ മായക്കാഴ്ചകൾക്കായി അവസരമുണ്ടാവുകയും ചെയ്യുമ്പോഴാണ് വിചിത്രമായ ചില ആശയങ്ങളും വാക്യങ്ങളും പുസ്തകങ്ങളും രചിക്കാനാകുന്നത്.
ഞാൻ എന്റെ നോവലുകൾ (ജലഛായ ,ശീനാരായണായ, വാൻഗോഗിന്) രചിച്ചത്  ഇങ്ങനെയാണ്. ഈ നോവലുകളിൽ പറയുന്ന ആശയങ്ങളോ കഥാപാത്രങ്ങളോ പശ്ചാത്തലമോ ഭാഷയോ യാതൊന്നും  എനിക്കുണ്ടായിരുന്നില്ല. മനസ്സിനുള്ളിലേക്ക് കയറിയപ്പോൾ ഏതോ ലോകത്തേക്ക് എന്നെ ആരോ പിടിച്ചുകൊണ്ടുപോയ അനുഭവമാണുണ്ടായത്. എൻ്റെ നിയന്ത്രണങ്ങൾക്കപ്പുറത്തുള്ള ഒരു പ്രവാഹമാണത്. അതിനുള്ളിൽ ഞാനകപ്പെടുകയല്ലാതെ വേറെ വഴിയില്ലായിരുന്നു. അപരിചിതമായ വഴികളിലൂടെ എന്നെ അത് വലിച്ചിഴച്ച് കൊണ്ടുപോയി പുതിയ ഭൂപ്രകൃതി കാണിച്ചുതന്നു. 

 

എല്ലാവരുടെയും മനസ്സ് ഒരേ ആകാശത്തിലാണല്ലോ ജീവിക്കുന്നത്. ഞാൻ മാത്രമല്ല ,എല്ലാ കാലങ്ങളിലെയും എഴുത്തുകാരും കലാകാരന്മാരും അതിൽ ജീവിച്ചവരാണ്. ഒരാൾക്കും ഈ ആകാശമല്ലാതെ വേറൊന്നുമില്ല. അതുകൊണ്ട് ഈ ആകാശം വിനിമയം ചെയ്യുന്നതിൻ്റെ ആകെത്തുക ഒന്നു തന്നെയായിരിക്കും -വിഭിന്നമായ രൂപഭാവങ്ങളുണ്ടെങ്കിലും. ഓരോ മനുഷ്യനും വ്യത്യസ്തമായ ആകാശമുണ്ടെന്ന് പറയുന്നത് ആലങ്കാരികമാണ്. വ്യക്തിപരമായ അഭിവീക്ഷണങ്ങളുടെ ആകാശമുണ്ടാകാം. ചിലപ്പോൾ വ്യക്തികൾ അവരുടെ മാനസികാവസ്ഥയ്ക്കനുസരിച്ച് പലതും കാണുന്നു.  ആത്മനിഷ്ഠമായ കാഴ്ചകളുണ്ട്. കലയിൽ ആത്മനിഷ്ഠതയാണുള്ളത്. ഓരോ നിമിഷത്തിലെയും തോന്നലുകൾക്ക് മാനമുണ്ട്. തോന്നലുകളാണ് ജീവിപ്പിക്കുന്നത്. സത്യത്തെക്കുറിച്ചും  മിഥ്യയെക്കുറിച്ചുമുള്ള ചിന്തകൾ ഒരേ തരം യുക്തി കൊണ്ട് ഉണ്ടാക്കപ്പെട്ടതാണ് .സത്യം കുറേ കഴിയുമ്പോൾ മിഥ്യയാകാം. അനേകം സത്യങ്ങളുണ്ടാകുന്നത്, പലർ പല കോണുകളിലൂടെ നോക്കുന്നതു കൊണ്ടാണ്. ഒരു സാഹിത്യകൃതിയെ വായനക്കാർ പല കോണുകളിലൂടെ നോക്കി പല അനുമാനങ്ങളിലെത്തിച്ചേരുകയാണല്ലോ ചെയ്യുക. ഒരു ചിത്രത്തെയും അങ്ങനെയാണ് നോക്കുന്നത്.വാൻഗോഗിൻ്റെ The Starry Night ഓരോ കാണിക്കും ഓരോ അനുഭവമാണ്. എല്ലാ കാണികളെയും കാഴ്ചയുടെ തലത്തിൽ ഏകീകരിക്കാനോ ഉദ്ഗ്രഥിക്കാനോ കലാകാരൻ ഉദ്ദേശിച്ചിട്ടില്ല. അത് അസാധ്യവുമാണ്.

മനുഷ്യമനസ്സ് എപ്പോഴും സ്വയം ഭിന്നിക്കുകയാണ്. കാരണം, അതിനു സ്ഥായിയായ ഒരവസ്ഥയിരിക്കുന്നതാണ് വിമുഖമായിട്ടുള്ളത്. എപ്പോഴും സ്വയം കലഹിച്ചുകൊണ്ടാന്ന് മനസ്സ് പ്രവർത്തിക്കുന്നത്. അത് മനസ്സിൻ്റെ അതിജീവനമാണ് .നമ്മളെല്ലാം അളവറ്റ രീതിയിൽ ,സീമയറ്റ രീതിയിൽ ഒരേ മനുഷ്യകുലത്തിന്റെയും ജൈവാനുഭവത്തിൻ്റെയും ഒരേ പ്രാപഞ്ചികതയാണ് വീതിച്ചെടുക്കുന്നത്; മറ്റൊന്ന് അസാധ്യമാണ് .എല്ലാം മനസ്സിൽ നിറച്ചിരിക്കുകയാണ്. ഒരു വലിയ പാറയിൽ നിന്ന് ഏത് ശില്പവും  കൊത്തിയെടുക്കാം. മയിലും ഒട്ടകവും മനുഷ്യനുമെല്ലാം പാറയിലുണ്ട്.
എല്ലാത്തിനും ആ പാറ തന്നെ മതി. പക്ഷേ ,ശില്പി ഏതാണോ കാണുന്നത് അതാണ് കൊത്തിയെടുക്കുന്നത്. അതുകൊണ്ട് മറ്റു ശില്പങ്ങൾ അതിലില്ല എന്നു പറയാനാവില്ല .എല്ലാം ആ പാറയിലുണ്ട് .എല്ലാം നമുക്ക് കൊത്തിയെടുക്കാനാവില്ല. ഇതുതന്നെയാണ് മനസ്സിന്റെ കാര്യത്തിലുമുള്ളത്. മനസ്സില്‍ നിന്ന് ഏതുകാലത്തിന്റെയും ചരിത്രം കണ്ടുപിടിക്കാം. ഏതു പ്രവചനവും സാധ്യമാണ്. ഒരു പ്രപഞ്ചമേയുള്ളു. ഭൂമിയിലെ കാലത്തിൽ മാത്രമാണ് നമ്മുടെ കൊത്തുപണികൾ. ഭൂമിയിലെ കാലമാകട്ടെ ആവർത്തനമാവുകയാണ് ചെയ്യുന്നത് .പിറവി തന്നെ ആവർത്തനമല്ലേ? ഒരു വിത്തിൽ നിന്നു മറ്റൊരു വിത്ത് ;അതിൽ നിന്നു മറ്റൊരു വിത്ത്. അതങ്ങനെ തുടരുകയാണ്. മനുഷ്യനിൽ വീണ്ടും മനുഷ്യൻ പിറക്കുന്നു. പല കാലങ്ങളിൽ, പല സ്ഥലങ്ങളിൽ ഇതുതന്നെ സംഭവിക്കുന്നു. ആഫ്രിക്കയിലും യൂറോപ്പിലും ഏഷ്യയിലുമെല്ലാം മനുഷ്യൻ തന്നെ പിറക്കുന്നു .മനുഷ്യപ്പിറവിക്ക് മനുഷ്യൻ  തന്നെയാണ് കാരണമാകുന്നത്. എല്ലാവർക്കും ചിന്തിക്കാൻ ഒരു  മനസ്സേയുള്ള .ഒരേ മനസ്സ് എന്നു പറയാം. ഒരേ മനസ്സുള്ള നമ്മൾ അഭേ ദ്യമായി ബന്ധിക്കപ്പെട്ടിരിക്കയാണ്.

 

പാറയിൽ നിന്ന് എന്തും കൊത്താം

എനിക്ക് നെപ്പോളിയനിൽ നിന്നോ , ബിഥോവനിൽ നിന്നോ  വ്യത്യാസപ്പെടാനാവുന്നത് തിരഞ്ഞെടുപ്പുകളുടെയും സിദ്ധികളുടെയും കാര്യത്തിലാണ്. മനസ്സിൻ്റെ കാര്യത്തിൽ ഞങ്ങൾ ഒരേ ഉറവിടത്തിൽ നിന്നാണ് വന്നിട്ടുള്ളത്. ഒരേ മനസ്സുകൊണ്ടാണ് ഞങ്ങൾ സ്വയം അറിഞ്ഞിട്ടുള്ളത് .എൻ്റെ സ്നേഹിതനെ ഞാനും എന്നെ എൻ്റെ സ്നേഹിതനും അറിയുന്നത് ഒരേ മനസ്സുകൊണ്ടാണ്. എന്നാൽ പാറയിൽ നിന്നു എന്ത് കൊത്തിയെടുക്കണമെന്നത് 'ശില്പി' യുടെ തിരഞ്ഞെടുപ്പായതുകൊണ്ട് ഒരേപോലെ ചിന്തിക്കണമെന്നില്ല.  ഒരേപോലെ ചിന്തിച്ചാൽ മനുഷ്യൻ തമ്മിൽ ഒരു സംവാദവും സാധ്യമല്ല; പ്രണയം പോലും സാധ്യമല്ല. പ്രണയത്തിന്റെ അടിസ്ഥാനം എന്നിലില്ലാത്തത് ഞാൻ തേടുന്നു എന്നതാണ്. എന്നെ ഭ്രമിപ്പിക്കണമെങ്കിൽ, ആകർഷിക്കണമെങ്കിൽ എനിക്കില്ലാത്തത് എന്തോ ആകണം.  ഒരേ പ്രപഞ്ചത്തിന്റെ, മനസ്സിന്റെ ആകാശത്തിനുള്ളിൽ മാത്രമേ ഈ ആകർഷണം സാധ്യമാകൂ .അന്യമായൊരു ലോകത്തിനോട് നമുക്ക് ആകർഷണമുണ്ടാവുകയില്ല. എല്ലാത്തിന്റെയും സ്വരം ഒന്നാണെന്നു ഗ്രഹിക്കാൻ അനേകമനേകം  പൊയ്സ്വരങ്ങളെ കണ്ടുപിടിച്ചു ഡിലീറ്റ് ചെയ്യേണ്ടിവരും. നമ്മുടേതായ ഒന്നിനെ തന്നെയാണ് ഡിലീറ്റ് ചെയ്യുന്നത്; അത് നമ്മുടേതായി നിലനിൽക്കുന്നതിനാൽ  പ്രസക്തിയില്ല എന്നറിയുന്നതുകൊണ്ടാണ് .

ലോകത്തിലെ വ്യത്യസ്തതകൾ റിഹേഴ്സുലുകളായി കണ്ടാൽ മതി. ഒരു കോസ്മിക് ഷോയിലെന്നപോലെ അത് മറവിയിലേക്ക് മായുകയാണല്ലോ ചെയ്യുന്നത് .എത്രയോ കോടി കോസ്മിക് ഷോകൾ നാം ഈ ലോകത്തും നമ്മുടെ മനസ്സിലും കണ്ടുകഴിഞ്ഞു! .എല്ലാം അപ്രത്യക്ഷമായിരിക്കുന്നു ,പുതിയ ഷോകൾക്ക് വേണ്ടി .വിവിധ വർണ്ണങ്ങളും രൂപങ്ങളും വന്നു നിറയുകയാണ് .തൊട്ടടുത്ത നിമിഷത്തിൽ നിഷ്ക്രമിക്കുകയാണ്.ഇന്നലെകളിലെ വർത്തമാനങ്ങളെല്ലാം ലോകമറിയാതെ തന്നെ വിസ്മൃതമായിരിക്കുന്നു. ഈ ലോകത്തിൻ്റെ വർത്തമാനങ്ങൾ ആർക്കും തന്നെ സ്ഥിരമായി വേണ്ട; അത് ഓരോരുത്തരുടെയും താൽക്കാലിക ആവശ്യം മാത്രമാണ്.  അതിനുശേഷം അത് മറവിയിലേക്കാണ് പോകുന്നത് .പ്രകൃതി മറവിയിലാണ് വീണ്ടും ജനിക്കുന്നത് .എല്ലാം മറക്കുകയാണ് ,മറവിയിലേക്ക് ആഴ്ന്നു പോവുകയാണ് .പക്ഷി,മൃഗ,പ്രാണിക്കൂട്ടങ്ങളെല്ലാം ,നൂറ്റാണ്ടുകളായി, വിസ്മൃതിയിലേക്ക് പോയി എരിയുന്നു. മനുഷ്യരും അങ്ങനെ തന്നെ. അങ്ങനെ നോക്കുമ്പോൾ ഈ ലോകത്തിൻ്റെ ആവർത്തനങ്ങൾക്ക് വ്യത്യസ്ത അർത്ഥമുണ്ടാവാൻ തരമില്ല. 




എന്നും ഒരു സൂര്യൻ

എല്ലാം അതിൻ്റെ തന്നെ മറവിയിൽ, കുമിളകളെന്ന പോലെ ഇല്ലാതാവുകയാണ്. ലോകത്തിൽ ആര് ചിന്തിച്ചതും എന്നിലുണ്ട്. എന്നിലേക്ക് നിർബാധം എല്ലാ കെട്ടുപാടുകളും  ഉപേക്ഷിച്ചു കടന്നു ചെന്നാൽ എനിക്ക് എല്ലാ മഹത്തായ ചിന്തകളിലുമെത്താം. അതിൽ അതിശയമൊന്നുമില്ല. മണ്ണിനടിയിൽ ആഴത്തിലുള്ള ഒരു ജലപാത എല്ലാവർക്കും കാണാവുന്നതാണ്; അവിടേക്ക് എത്താനാണ് പ്രയാസം .അങ്ങനെയൊരു ജലപാതയുണ്ടെന്ന വസ്തുത നിരാകരിക്കാതിരുന്നാൽ മതി. നമുക്ക് സ്വന്തമല്ലാത്തതായി ഇവിടെ യാതൊന്നുമില്ല. നൂറ്റാണ്ടുകൾ കഴിഞ്ഞ് എഴുതപ്പെടാവുന്ന പുസ്തകങ്ങൾ എന്നിലുണ്ട്. മിന്നൽ പോലെ ആ പുസ്തകങ്ങൾ നമ്മുടെ മനസ്സിലൂടെ പാഞ്ഞുപോകുന്നുണ്ട് .നേരിയ ഒരു തോന്നലിൽ  അത് പ്രകാശം വിതറുന്നു. എന്നാൽ അതിനെ യഥാർത്ഥ വലിപ്പത്തിൽ ,പരപ്പിൽ ഉൾക്കൊള്ളാനുള്ള സന്ദർഭം നമുക്ക് ഒത്തുവരുന്നില്ല .അഗാധതകളിൽ നമ്മെ ഒന്നിപ്പിക്കുന്ന ഒരു ചാലുണ്ട്. 

നമുക്ക് ഒരു സൂര്യനെയുള്ളൂ .അതാണല്ലോ നമ്മെ ജീവിപ്പിക്കുന്നത്. എല്ലാ കാലത്തും ഒരു സൂര്യൻ മാത്രമേ ഉണ്ടായിരുന്നുള്ളു എന്ന സത്യം നമ്മൾ ഏത് കാലത്തും ഒന്നാണെന്നു ഉറപ്പിക്കുന്നു.  എല്ലാവരുടെയും സൂര്യൻ ഒന്നു തന്നെ. അതുകൊണ്ട് എല്ലാ കാലങ്ങളുടെയും പ്രതീകമാണത്.

Friday, January 6, 2023

അക്ഷരജാലകം /എം.കെ.ഹരികുമാർ 




സത്യാനുഭവം എന്ന ലെൻസ് :എം.കെ .ഹരികുമാർ 

 


ഒരു സത്യാന്വേഷിക്ക് പലതും പ്രവർത്തിക്കാനുണ്ട് ,ധൃതിയിൽ. ഒരു പരീക്ഷണവും സാക്ഷാത്കാരവുമാണത്. ആ അന്വേഷിക്ക് തന്നോടൊപ്പം സത്യത്തെയും കൊണ്ടുപോകേണ്ടതുണ്ട്. ലോകം അത്രമേൽ മായകൊണ്ട് വലിഞ്ഞു മുറുക്കപ്പെട്ടിരിക്കയാണ്.എന്താണ് മായ ? അത് കേവലം മിഥ്യാബോധമല്ല. ഇനിയും കണ്ടുപിടിക്കേണ്ട രഹസ്യത്തിൻ്റെ പേരാണത്. ഗുരുക്കന്മാർ അത് പൂർണമായി വെളിപ്പെടുത്തിയിട്ടില്ല. നമ്മൾ മനുഷ്യൻ എന്ന തുരങ്കത്തിലാണുള്ളത്. അതുപോലെ ഓരോ ജീവിയും ഓരോ തുരങ്കമാണ്. നമ്മുടെ സംവേദനങ്ങൾ മനുഷ്യൻ എന്ന തുരങ്കത്തിൽ മാത്രമാണ് വിഹരിക്കുന്നത്. അതിനപ്പുറം എന്താണ് ? ഒരു ഷഡ്പദവുമായി വിനിമയം ചെയ്യാനാവാത്ത വിധം ദുർബ്ബലമായിപ്പോയ നമ്മുടെ ഐന്ദ്രിയ സംവേദനമാകെ നല്കുന്ന അനുഭവം ഈ മഹാപ്രപഞ്ചത്തിൽ സൃഷ്ടിക്കുന്ന ഓളസദൃശമായ അവസ്ഥയല്ലേ ഈ മിഥ്യ ?

വേർതിരിച്ചെടുക്കാവുന്നതും  വിഭജിക്കാവുന്നതും വെറുക്കാവുന്നതും ഉപേക്ഷിക്കാവുന്നതുമാണ് എല്ലാമെന്നു കരുതുന്നവരാണ് നാമൊക്കെ.ബാല്യ, കൗമാര, യൗവ്വനങ്ങളിലെയും   ഗാർഹസ്ഥ്യത്തിലെയും സകല കുതൂഹലങ്ങളും ഈ വേർതിരിവുകളെ അടിസ്ഥാനമാക്കി ഉണ്ടായതാണ്.രാത്രിയിൽ കണ്ട കയറിൻ്റെ കഷണത്തെ പാമ്പാണെന്നു വിശ്വസിക്കാനാണ് പലർക്കും താത്പര്യം. പാമ്പിനെ ഭയപ്പെടുന്നവന്റെ മുന്നിൽ അത് പെട്ടെന്ന് തന്നെ തെളിഞ്ഞുവരും.കയർ കണ്ടാൽ പാമ്പാണെന്ന് കരുതുന്നതുകൊണ്ട് വികാരങ്ങൾ അമിതമായി ഉദ്പാദിപ്പിക്കപ്പെടും. ജീവിതം വികാരങ്ങളുടെ ഈ അമിതോൽപാദനമാണ്. ഒരു അനിമേഷൻ (Animation) പ്രക്രിയയാണ് അവിടെ നടക്കുന്നത്. നാം അചേതനമായതിനു ജീവൻ കൊടുക്കുന്നു ;എന്നിട്ടു അതിനെ ഭയപ്പെടുന്നു. എല്ലാം പടയോട്ടമായി ,നാം സങ്കല്പിക്കുന്നു. ഒരു മത്സരത്തിനു വേണ്ടി പ്രത്യേകം തയ്യാറാക്കിയ സിന്തറ്റിക് ട്രാക്കാണോ ഈ ജീവിതം? മത്സരത്തിനൊടുവിൽ മധുരമുള്ള ഓർമ്മകൾ നിക്ഷേപിച്ച സമ്മാനങ്ങൾ ഉണ്ടായിരിക്കണം. സമ്മാനങ്ങളാണല്ലോ വേണ്ടത്. ജയിക്കുകയല്ലാതെ വേറൊരു തിരഞ്ഞെടുപ്പില്ല! .ജയിച്ചാലോ, സന്തോഷം പെട്ടെന്നു തന്നെ മങ്ങിപ്പോകും. എല്ലാ മത്സരഫലങ്ങളും ഭൂതകാലത്തിലേക്ക് ഓടിപ്പോവുകയാണ്. സത്യമേതാണ്? ജയിക്കുന്നതാണോ പരാജയപ്പെടുന്നതാണോ ?ജയിക്കുന്നത് ഒരു animation ആണ്. 

ജനിമൃതിയുടെ കൂട് 

ഗുരു ഇതിനെക്കുറിച്ച് 'ചിജ്ജഡചിന്തകം'എന്ന ലേഖനത്തിൽ വ്യക്തമായി പറയുന്ന ചില കാര്യങ്ങളുണ്ട്. ഈ ലോകം ഇങ്ങനെ കാണപ്പെടുന്നത് എന്തുകൊണ്ടാണ്? എന്തായിരിക്കും ഇതിന്റെയെല്ലാം അടിസ്ഥാനം? ഇതിന് ഒരവസാനമുണ്ടോ ?ഗുരു എഴുതുന്നു: "പിന്നെ എങ്ങനെയാണ് ഇപ്രകാരം നിർഹേതുകമായി കാണപ്പെടുന്നതെന്ന് ചോദിച്ചാൽ ,അത് അവിചാരദശയിൽ കാനൽജലം പോലെ  തോന്നുന്നതല്ലാതെ ,വിചാരിച്ചു നോക്കുമ്പോൾ ഇതെല്ലാം  ശുദ്ധചിത്തായി തന്നെ വിളങ്ങുന്നു. അത് എങ്ങനെയെന്നാൽ ,ഒരു കയറ്റിൻ കണ്ടത്തിൽ  കൽപ്പിതമായിരിക്കുന്ന നാഗം വെളിച്ചം വരുമ്പോൾ അധിഷ്ഠാനമായ ആ കയറ്റിൽ തന്നെ മറയും. അപ്പോൾ മുമ്പിൽ, 'ഇത് നാഗം' എന്നിങ്ങനെ ഇദം വൃത്തിയാൽ ഗ്രഹിക്കപ്പെട്ടിരുന്ന കൽപ്പനാനാഗത്തിൽ നിന്ന് വിട്ടു കണ്ണ് ആ കയറ്റിൽ തന്നെ പറ്റി നിന്നു വിളങ്ങുന്നതുപോലെ ,അവിചാരദശയിൽ കാണപ്പെടുന്ന ഈ ശരീരാദിപ്രപഞ്ചം മുഴുവനും ഇപ്രകാരം നിഷ്‌ക്കാരണമായി അഖണ്ഡചിന്മാത്രമായിരിക്കുന്ന ബ്രഹ്മത്തിൽ ഇരിക്കുന്നതിനു  ഒരിക്കലും അവകാശമില്ല എന്നിങ്ങനെ ചിന്തിച്ചു ചിന്തിച്ചുണ്ടാകുന്ന ബോധോദയത്തിൽ ഇതൊക്കെയും അധിഷ്ഠാനമായ ബ്രഹ്മത്തിൽ തന്നെ മറയുന്നു. അപ്പോൾ ഇത് മുമ്പിൽ കണ്ടിരുന്ന കല്പിത പ്രപഞ്ചത്തിൽ നിന്നും വിട്ട് നിരാധാരമായിരിക്കുന്ന ഇദംവൃത്തി ഊർധ്വമുഖിയായി ജീവബോധത്തോടുകൂടെ അഖണ്ഡ ചിത്തിൽ ലയിച്ചു ചിത്തു മാത്രമായി വരുന്നു ".

അവിചാരദശയിലാണ് ഈ പ്രപഞ്ചമുള്ളതെന്ന് ഗുരു പറയുന്നു. കയർ കണ്ടിട്ട് പാമ്പാണെന്ന് ധരിക്കുകയാണ്. യഥാർത്ഥത്തിൽ പാമ്പില്ല .അതുപോലെ ലോകത്തിൻ്റെ  അഭാവത്തിൽ സത്യം മാത്രമേയുള്ളൂ. കല്പിതപ്രപഞ്ചം നമ്മൾ സൃഷ്ടിച്ചതായിരുന്നു. ഈ സത്യബോധം നമ്മെ വല്ലാതെ പ്രബുദ്ധരാക്കേണ്ടതാണ്. സത്യബോധം ഒരു ലെൻസാണ് .അത് വസ്തുക്കളെ സൂക്ഷ്മമായി കണ്ടുപിടിച്ചു തരും .അതോടെ മിഥ്യ, അയിത്തം തുടങ്ങിയവ അപ്രത്യക്ഷമാവും.  ജാതി,മതം,വർഗം തുടങ്ങിയ മിഥ്യകൾ മൂലം പോരടിക്കുന്നത് ഈ സത്യബോധത്തിലെത്താത്തതു കൊണ്ടാണ്. അഖണ്ഡമായ ചിത്തിൽ നമ്മളെല്ലാം സഹോദരങ്ങളാണ്. നമ്മെ ചൂഴുന്നത് ഒരു പ്രപഞ്ചമാണ് .നമ്മെയെല്ലാം ഒരുപോലെ ജനിമൃതിയുടെ കൂട് വലയം  ചെയ്തിരിക്കുകയാണ് .ജനിച്ചതിന്റെ കാരണമറിയാത്തതുപോലെ മൃതിയുടെ കാരണമോ പരിണാമമോ അറിയില്ല. ഈ ഉത്തരമില്ലാത്ത പ്രശ്നങ്ങൾ നമ്മെ പരസ്പരം വിഘടിപ്പിക്കാനുള്ളതല്ല. കാരണം, നമ്മുടെ മിഥ്യകൾ നമുക്ക് ചുറ്റും നൃത്തം വയ്ക്കുകയാണ് .അതിനൊത്ത് നമ്മൾ വികാരങ്ങൾ പുറപ്പെടുവിക്കുന്നു. നമ്മുടെ വികാരങ്ങൾ സന്ദേശങ്ങളായി മാറുന്നു. അത് തെറ്റായി വ്യാഖ്യാനിക്കുന്നവർ ബഹുശതമാണ്. 

നിഷ്കളങ്കതയുടെ വിനാശകരമായ സ്വഭാവം

നമ്മൾ ഉദ്ദേശിച്ചതെന്താണെന്നു ആർക്കും തന്നെ അറിയേണ്ട. ഓരോരുത്തരും അവരവരുടെ കല്പിത ലോകത്തെ നിമിഷംതോറും സൃഷ്ടിക്കുകയാണ്. അങ്ങനെയവർ വ്യാജമായ ഒരു ലോകത്തിൻ്റെ  തെറ്റായ സന്ദേശങ്ങളുടെ ഉൽപാദകരായി മാറുന്നു .ഒരാൾ യഥാർത്ഥത്തിൽ നല്ലതാണ്; എന്നാൽ അയാൾക്കുപോലും ആ നന്മയെ നേരിടാനാകില്ല .കാരണം, അയാൾ സ്വയമറിയുന്നില്ലല്ലോ. അയാൾ  കല്പിതലോകത്തിന്റെ നിയമങ്ങൾ കപടമായി നിർമ്മിച്ചുകൊണ്ടിരിക്കുകയാണ്.

'അവിചാരദശയിലെ കാനൽജലം' എന്താണെന്നു അറിയുന്ന ഗുരുവിനു ഭേദചിന്തയില്ലായിരുന്നു .ഭേദചിന്തകൾ സ്വാഭാവികമായി ഒഴിഞ്ഞുപോയതാണ്. അവിടെ വേറിട്ടതായി ഒന്നുമില്ല. ഒരു കുഞ്ഞ് മറ്റൊരു കുഞ്ഞുമായി ജാതി, വർണ്ണ, വർഗ്ഗതലത്തിൽ വേറിട്ടതല്ല; മറിച്ച് സാഹോദര്യമാണവിടെ പരിലസിക്കുന്നത്. സാഹോദര്യം ഒരുമയാണ്,അതിൻ്റെയർത്ഥം മനസ്സിലാക്കുന്നവർക്ക്. സാഹോദര്യത്തിന്റെ ലയത്തിൽ ജീവിക്കുമ്പോൾ അകൽച്ചയോ വിദ്വേഷമോ ഉണ്ടാകില്ല .ഇതാണ് സത്യബോധത്തിന്റെ ഫലമായി സമൂഹത്തിനു കൊടുക്കേണ്ടത്. ഗുരുവിൻ്റെ പ്രവൃത്തികളിൽ അത് കാണാം.

അതുകൊണ്ടാണ് ഗുരു മഹാമുനിയായി മാറിയത്. 'മുനിചര്യാപഞ്ചക'ത്തിൽ

"അയാചിതമലിപ്സയാ നിയതിദത്ത മന്നം മുനി-

സ്തനോ: സ്ഥിതയ അന്വദൻ പഥി ശയാനകോf വ്യാകുല :"

എന്നു എഴുതിയിരിക്കുന്നു .

ജ്ഞാനിയായ ഒരു മുനിക്കു മാത്രമേ തന്റെ ജീവിതം ഈ ലോകത്തിൽ എത്രമാത്രം ഭാരരഹിതമാണെന്ന് കണ്ടെത്താനാവൂ .ആവശ്യപ്പെടാതെ ,ആരോടും ഇരക്കാതെ ,യാതൊന്നും ആഗ്രഹിക്കാതെ ,നിയതി നല്കുന്ന അന്നമാണ് മുനി ഭക്ഷിക്കുക. മുനി അതിൽ സംതൃപ്തനാണ് .മുനിക്ക് ഈ  ലോകത്തെക്കുറിച്ച് അറിയാം. ജീവിതത്തിലെ ആകുലതകളെക്കുറിച്ചോർത്ത്  ആകുലപ്പെടുന്നതാണ് രോഗം. ഈ രോഗം നമ്മെ കുട്ടികളാക്കുന്നു .രണ്ടു കുട്ടികൾ പരസ്പരം കല്ലെടുത്തെറിയും. എന്നാൽ അത് കുട്ടികളുടെ സ്വഭാവമാണെന്ന് നമുക്കറിയാം.ശിശുകളുടെ സ്വഭാവത്തിലെ അക്രമത്തെ നമ്മൾ നിഷ്കളങ്കമായാണ് സമീപിക്കുന്നത്.നമ്മൾ അറിവുള്ളവരാണെന്ന ധാരണയാണ് അത് അർത്ഥമാക്കുന്നത്. എന്നാൽ നമ്മെക്കാൾ ജ്ഞാനമുള്ളവർക്ക് നമ്മുടെ പ്രവൃത്തികളിൽ ഈ നിഷ്കളങ്കത കാണാൻ കഴിയും. അതായത് ,മുതിർന്നവരായ നമ്മൾ പരസ്പരം കല്ലെടുത്തെറിയുന്നത്, വെറുക്കുന്നത് യാതൊരു സത്യമോ , അർത്ഥമോ ഇല്ലാതെയാണ്.

ആ തോന്നലുകളെല്ലാം അവിചാരദശയിലെ കാനൽ ജലം പോലെ കണ്ടാൽ മതിയാകും. ഈ അറിവിൽ നിലനിൽക്കുകയാണെങ്കിൽ, നമുക്ക് നമ്മുടെ നിഷ്കളങ്കതയ്ക്ക് സംഭവിച്ചിരിക്കുന്ന ലോകനാശകരമായ സ്വഭാവത്തെ ഉന്മൂലനം ചെയ്യാനാകും .

ഗുരു അതാണ് ചെയ്തത്. ഗുരുവിൻ്റെ ആത്മീയപരീക്ഷണങ്ങൾ സത്യാന്വേഷണപരീക്ഷണങ്ങളുമാണ്. സത്യത്തെ അറിയാൻ, പഠിപ്പിക്കാൻ, സംവേദനം ചെയ്യാൻ ഗുരു വിവിധ മാർഗങ്ങൾ തേടുന്നു. 

ദയയെക്കുറിച്ച് വായിച്ചാൽ ദയയുണ്ടാവില്ല

സ്നേഹത്തിൻ്റെ അർത്ഥം നമ്മൾ ഒരിക്കലും മനസ്സിലാക്കുന്നില്ല ,നമ്മൾ സ്നേഹിച്ചിട്ടില്ലെങ്കിൽ . സ്നേഹിക്കുമ്പോൾ മാത്രമാണ് അതിന്റെ അനുഭൂതി കിട്ടുന്നത്. കവിതയോ ,പ്രബന്ധമോ ,വായിച്ചാൽ സ്നേഹിക്കാനൊക്കില്ല. അതിനായി നമ്മൾ കഷ്ടപ്പെടണം. സ്നേഹിക്കാനായി നമ്മൾ മനസ്സിൽ ഊർജം സംഭരിക്കണം. സ്നേഹം ആദിമമായ ഒരു ബാന്ധവമാണ്. എന്നാൽ അത് വാക്കുകളിലില്ല; മനസ്സിലാണുള്ളത്. മനസ്സിൽ അതിന്റെ അനുഭവം തന്നെ വേണം. രണ്ടുപേർ സ്നേഹിക്കുന്നതിന്റെ വിവരണത്തിൽ നമ്മുടെ സ്നേഹമില്ല.അതിനായി  നമ്മുടെ ജീവിതം മാത്രമാണ് നമ്മുടെ കൈയിലുള്ളത്.നമ്മുടെ ജീവിതത്തിന്റെ ഭാഗമായ ആത്മീയതയിൽ മുഴുകാതെ നമുക്ക് ഒരിക്കലും സ്നേഹക്കാനാവില്ല. ആത്മീയത എന്നു പറഞ്ഞത് സാമ്പ്രദായിക മതത്തിൻ്റെ ഭാഗമായിട്ടല്ല. അവനവനെ വികാരങ്ങളിൽ അറിയുന്നതിൻ്റെ സത്യബോധമാണത് .

ഈ തിരിച്ചറിവ് മിക്കപ്പോഴും അപ്രത്യക്ഷമാവുന്നു. ഭൗതികമായ വസ്തുക്കളുടെയും പദവികളുടെയും ബലത്തിൽ സ്നേഹത്തിനായി ബലം പിടിക്കുകയാണ് നാം ചെയ്യുന്നതെങ്കിൽ അതും 'കാനൽജലം' തന്നെ. ഒരാളെയെങ്കിലും നിശിതമായി അറിയാൻ ,സ്നേഹിക്കണം .എന്നാൽ മറ്റൊന്നും പ്രതീക്ഷിക്കുന്നില്ലെങ്കിൽ സ്നേഹം ശുദ്ധമായ ഒരു നദിപോലെ സ്വച്ഛന്ദമാണ് .ആത്മീയജ്ഞാനത്തിന്റെ ഭാഗമാണ് എല്ലാം; ദൈവം, സ്നേഹം, ദയ തുടങ്ങിയവയെല്ലാം. ദൈവത്തെ അറിയുന്ന പോലെ ദുഷ്കരമാണ് ദയയെ മനസ്സിലാക്കുന്നതും. ദയയെക്കുറിച്ചുള്ള ലേഖനം വായിച്ചാൽ ദയയുണ്ടാവില്ല .അതിനു പ്രത്യേകമായ ശ്രമം വേണം; അവബോധവും അനുഭൂതിയുമായി അത് സമന്വയിക്കണം.

'കാളിനാടക'ത്തിൽ ഗുരു ഇങ്ങനെ എഴുതുന്നു: 

"തെളിഞ്ഞും മറഞ്ഞും തുളുമ്പും പ്രപഞ്ചം 

തുളഞ്ഞുള്ളിലെള്ളോളമുള്ളായിരുന്നും "

ദൈവം എല്ലാവർക്കും ഒരുപോലെ അനുഭവപ്പെടുന്നില്ല. ചിലർക്കത് തെളിഞ്ഞു കാണാം; മറ്റു ചിലർക്ക് അത് എന്നും ഒരു അടഞ്ഞലോകമായിരിക്കും. പ്രപഞ്ചത്തിന്റെയുള്ളിലാണ് ദൈവമിരിക്കുന്നതെങ്കിലും അത് എല്ലാവരിലും ഒരുപോലെ അനുഭൂതിയുണർത്തുന്നില്ല. ദൈവത്തെയും അനുഭൂതിയായി ഉൾക്കൊള്ളുകയാണ് ഗുരു.

ദൈവദശകത്തിൽ സത്യമറിഞ്ഞശേഷമുള്ള താദാത്മ്യത്തിൻ്റെയും  സമഭാവനയുടെയും ഉന്നതമേഖലയിൽ പ്രവേശിച്ചുകൊണ്ട് 'ഭൂതവും ഭാവിയും വേറെല്ല' എന്ന് എഴുതിയിരിക്കുന്നു.

ദൈവം എന്ന അനുഭൂതി 

കഴിഞ്ഞകാല സംഭവങ്ങളിലും നമ്മൾ ജീവിക്കുകയാണ്. ഇന്നലെകളിലെ ജീവിതമാണ് നമ്മെ മൂല്യമുള്ള  മനുഷ്യരാക്കുന്നത്. ഇന്നലെ നാം എന്തു ചെയ്തുവോ അതിൻ്റെ ബാക്കിയാണ് നമ്മുടെ ജീവിതം. വിതച്ചതാണല്ലോ കൊയ്യുന്നത്. വർത്തമാനം, നിശ്ചയമായും ദൈവത്തിലാണുള്ളത്. അറിയാത്ത ലോകത്തിൽ ദൈവം പ്രസന്നമാണ്. ഇന്നലെകൾ നമുക്ക് നിശ്ചലമല്ല; ഓർക്കുന്തോറും രൂപാന്തരം സംഭവിക്കുകയാണ് ലോകത്തിന്. ഓരോ ഓർമ്മയും പുതിയൊരു അടുക്കാണ്.അത് ദൈവമാണെന്ന പ്രഖ്യാപനം എത്രയോ ചിന്താപരമാണ്. ഭാവി ദൈവമാണെന്ന് പറയുന്നത് മറ്റൊരു അനുഭൂതിയാണ്.

കാലമുരുളുകയാണല്ലോ.കാലത്തിൻ്റെ  ഓരോ പദചലനത്തിലും നാം കാണുന്നതുപോലെ കാണാത്ത ലോകവുമുണ്ട്. കാണാത്ത ലോകം ദൈവമാണ് .അതുകൊണ്ട് ഈ അറിവ് സത്യത്തിനു അഭിമുഖമായി നിൽക്കുകയാണ്. സത്യത്തെ ഗ്രഹിച്ചവർ ലോകത്തെ ഒന്നായി കാണുന്നു. അവർക്ക് കാലങ്ങളുടെ വ്യത്യാസം പോലും സംഗതമല്ല. മനുഷ്യരുടെ ബുദ്ധിവൈഭവത്തിൽ പ്രസാദമായ ഒരു ലോകത്തെ സൃഷ്ടിക്കാനുള്ള ത്വരയാണുണ്ടാകേണ്ടത്. വിഭാഗീയമായ മനസ്സുകൾ ,ഈ സത്യത്തെ ഗ്രഹിക്കാത്തത് മൂലം ഭൂതകാലത്തെയും ഭാവിയെയും വേർപെടുത്തുകയും മനുഷ്യനെ അവന്റെ സ്വഭാവത്തിൽ നിന്ന് ദൃഷിച്ച  മാർഗ്ഗത്തിലേക്ക് മാറ്റി കൊണ്ടുപോവുകയും ചെയ്യുന്നു.

മനുഷ്യപ്രകൃതിയെ നാം ഗ്രഹിക്കേണ്ടതുണ്ട്. അതിൽ സമൂഹവും ചിന്തകളും എപ്പോഴും വിഭാഗീയത സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. വിവിധതരം മത്സരങ്ങളും പോരുകളുമാണ് അവിടെയുള്ളത്. അതിൽ നിന്നു സത്യദർശനത്തിലേക്ക് വളരുന്നതാണ് യഥാർത്ഥ വിദ്യാഭ്യാസം.

ആ നിലയിൽ ഗുരു മഹത്തായ ഒരു അനുഭൂതിശാസ്ത്രത്തിൻ്റെ ഉപജ്ഞാതാവാണ്. ദൈവത്തെയും കാലത്തെയും അനുഭവിക്കാനുള്ള രസമാണ് ,യഥാർത്ഥ അറിവായി ,ഗുരു തൻ്റെ പാഠ്യപദ്ധതിയിൽ വികസിവിച്ചെടുത്തത്. '

നന്ദി വേണം ,നന്ദി! :എം.കെ.ഹരികുമാർ 

 



ഓരോ അടിയും വെച്ച് മുന്നേറുകയാണല്ലാ നാം. ആ യാത്രയിൽ തടസ്സമായി നിൽക്കുന്നവരെയെല്ലാം വിഷംകൊടുത്തും ചതിച്ചും വീഴ്ത്തിയും ചവിട്ടിയും ലക്ഷ്യത്തിലേക്ക് അടുക്കുന്നവരുടെ കാലമാണിത്. സൗഹൃദങ്ങൾ രാത്രിയിലെ മിന്നൽ പോലെയാണ്; പെട്ടെന്നങ്ങ് മാഞ്ഞുപോകും. പിന്നീട് ഇരുട്ടു മാത്രമാണ് നിറയുന്നത്. സൗഹൃദത്തിനനുസരിച്ച് മിണ്ടാതെ, ശരീരഭാഷ ക്രമീകരിച്ച് നിന്നു കൊള്ളണം .ലോകം അത്ര ക്രൂരമാണ്. 

ഗുരു 'സദാചാരം' എന്ന കവിതയിൽ എഴുതി:

"നല്ലതല്ലൊരുവൻ ചെയ്ത 

നല്ല കാര്യം മറപ്പത്

നല്ലതല്ലാത്തതുടനെ 

മറന്നീടുന്നതുത്തമം"

നമുക്ക് നല്ല കാര്യങ്ങൾ ചെയ്തവരെ മറക്കാമോ ?എന്നാൽ മറക്കും. മറവിയാണ് ഇന്നത്തെ സദാചാരം. പുതിയ നേട്ടങ്ങൾക്കായി ഓടുന്നതിനിടയിൽ പഴയ കാര്യങ്ങളുടെ പേരിൽ ഓർക്കാനോ ,നന്ദി സൂക്ഷിക്കാനോ ആർക്കും സമയമില്ല. ജീവിതത്തിന്റെ വേഗത വർദ്ധിച്ചു. ഇന്നു ഒരാൾക്ക് എത്ര പുരസ്കാരങ്ങൾ കൊടുത്താലും പിറ്റേദിവസം മറക്കും; എന്തെങ്കിലും ഒരു കാരണമുണ്ടാക്കി പിണങ്ങാൻ നോക്കും. ലോകം നന്മയെ ഉപേക്ഷിക്കുകയാണ്. 

ഗുരുദർശനത്തിലെത്താൻ നാമിനിയും ഏഴ് സമുദ്രങ്ങൾ കടക്കേണ്ടിവരും. നല്ലതല്ലാത്തത് മറക്കണമെന്നാണ് ഗുരു ഉപദേശിക്കുന്നത് .നല്ലതൊന്നും ഓർക്കാത്തവർ ചീത്തക്കാര്യങ്ങൾ ഓർക്കുന്നു. അതുകൊണ്ട് അവരുടെ മനസ്സ് മാത്രമല്ല ശരീരമാസകലം ദുഷിച്ച വാസനകൾ കൊണ്ട് നിറയുന്നു. ചീത്ത ചിന്തകൾ നമ്മെ ആന്തരികമായി നശിപ്പിക്കും. നമ്മുടെ ജീവിതവീക്ഷണം വെറുപ്പിലും  അസൂയയിലും കത്തിപ്പിടിക്കുകയാണ്. ധാരാളം ലക്ഷ്യങ്ങളുള്ളതുകൊണ്ട്  നല്ലത് ഏതാണെന്ന് നോക്കാൻ സമയമില്ല. എന്താണ് ആത്യന്തികമായ ഉയർച്ച? എല്ലാവരും വിദ്യാഭ്യാസം നേടുന്നു ,തൊഴിൽ നേടുന്നു , പണമുണ്ടാക്കുന്നു, വാഹനങ്ങൾ വാങ്ങിക്കുന്നു, സുഖിക്കുന്നു. എന്നാൽ ഒരു ഹോട്ടലിൽ ചെന്നു ഭക്ഷണം കഴിക്കുന്നതിനിടയിൽ, ഇറച്ചിക്കറിയിൽ കഷണങ്ങൾ കുറഞ്ഞുപോയത് ആളുകളെ കോപാകുലരാക്കുന്നു. അപ്രതീക്ഷിതമായി ഒരു മർദ്ദനത്തിനും കലഹത്തിനുമുള്ള സന്ദർഭം ഉണ്ടാകുകയാണ്. താൻ സഞ്ചരിക്കുന്ന വാഹനത്തിനു തിരക്കേറിയ റോഡിലായാലും, യഥേഷ്ടം ഓടാൻ കഴിയാതെ വരികയോ, മുന്നിൽ പോകുന്ന വാഹനം സൈഡ് കൊടുക്കാതിരിക്കുകയോ ചെയ്താൽ തല്ലു ഉടനെ തുടങ്ങുകയായി .ആ വാഹനത്തിന്റെ ഡ്രൈവറെ മർദ്ദിച്ച് അവശനാക്കുന്നതാണ് ഇന്നത്തെ നമ്മുടെ മൂല്യം .ക്ഷമ എവിടെപ്പോയി? ദുഷിച്ച വികാരങ്ങളിൽ നിന്നു രക്ഷനേടാൻ ക്രിസ്തു പറഞ്ഞതെല്ലാം മറന്നു. ഗുരു പറഞ്ഞതും മറന്നു. 

അട്ടയെപോലെ ചുരുണ്ടുകൂടുന്നവർ

എല്ലാം നേടിയിട്ടും ആർക്കും സഹിഷ്ണുതയോ ക്ഷമയോ ഇല്ല.  എല്ലാവരും കോഴിയെ വെട്ടുന്ന മന്ത്രവാദികളെ പോലെ അലറുകയാണ്. തന്റെ കാറിൽ ചാരി നിന്ന ബാലനെ ചവിട്ടി വീഴ്ത്തുന്നവനെയാണ് ഇന്നു കാണുന്നത്. എല്ലാം മര്യാദകളും നഷ്ടപ്പെടുകയാണ്. നേട്ടങ്ങളുടെ ബാക്കിപത്രമാണോ ഇത്? ഇതാണോ വികസനം? ഈ വികസനത്തിന്റെ ഒടുവിൽ മനുഷ്യനുണ്ടാകുമോ?

"പേരും പ്രഭുത്വവും നല്ലോ -

രാരുമേ കൈവിടില്ലിത് ;

നേരറ്റ കൃപണർക്കൊട്ടും

ചേരാ,നേരേ വിപര്യയം ".

പ്രശസ്തി നേടിയാൽ ചിലർക്ക് സന്തോഷമായി. എന്നാൽ ആ സന്തോഷവും പെട്ടെന്ന് മങ്ങിപ്പോകും. പുതിയ പ്രശസ്തികൾ വേണം. അതിനായി കൃത്രിമമാർഗ്ഗങ്ങൾ തേടണം. സ്വയമൊരു പരസ്യ വാഹനമാകണം. ആ വാഹനത്തിലൂടെ അവനവനെക്കുറിച്ചു വിളിച്ചു പറയണം. അല്ലെങ്കിൽ കൂലിക്ക് ആളെ വയ്ക്കണം .പ്രശസ്തി എത്ര കിട്ടിയാലും മതിയാവുകയില്ല .അത് ക്രമേണ ഒരാർത്തി മാത്രമായി അധ:പതിക്കും .പ്രശസ്തിക്കു വേണ്ടി  യാതൊരു അനീതിയോടും പ്രതികരിക്കാതെ, ഒരഭിപ്രായവും പറയാതെ അട്ടയെപോലെ ചുരുണ്ടു കൂടണം. ചുരുണ്ടുകൂടന്നതാണ് ഇന്നത്തെ കല. ഇന്നത്തെ കവിതകൾ ,കഥകൾ ,മറ്റു കലാസൃഷ്ടികൾ നോക്കൂ .ഈ ചുരുണ്ടുകൂടൽ കാണാവുന്നതാണ്. അപ്രിയമായതിൽ നിന്നെല്ലാം അകലം പാലിക്കാൻ ജനാലകൾ വലിച്ചടയ്ക്കുന്നതിൻ്റെ ഒച്ചയാണ് ആനുകാലികങ്ങൾ വിടർത്തുമ്പോൾ നാം കേൾക്കുന്നത്. എല്ലാ യഥാർത്ഥ പ്രശ്നങ്ങളിൽ നിന്നും ഉൾവലിഞ്ഞ് തന്നിലേക്ക് തന്നെ ചുരുങ്ങിക്കൂടിയ കവികളെയും കഥാകൃത്തുക്കളെയും കാണാം.

എല്ലാവർക്കും പ്രഭുത്വം വേണമെന്നു ഗുരു പറയുന്നത് ,ഇതിനോടെല്ലാമുള്ള വിമർശനമായി കാണണം.പ്രഭുത്വം ഒരു രോഗമായി എല്ലാവരുടെയും മനസ്സിനെ ബാധിച്ചിരിക്കുന്നു .നാടുവാഴിത്ത കാലഘട്ടത്തിലെ പ്രഭുത്വം ഒരു യജമാനത്തമായി മനുഷ്യൻ ഇപ്പോഴും കൊണ്ടുനടക്കുന്നു. തന്നെ എല്ലാവരും  ബഹുമാനിക്കണം; താൻ എല്ലാവരെയും ചവിട്ടും. ഇതാണ് ഇന്നത്തെ പ്രഭുത്വ വാസനയുടെ കാതൽ .ഇത് ചീത്ത മനുഷ്യരെയാണ് സൃഷ്ടിക്കുന്നത്. ഗുരുവിൻ്റെ 'അനുകമ്പാദശകം' നല്ല മനുഷ്യരെ സൃഷ്ടിക്കാൻ വേണ്ടി എഴുതിയതാണ്. ഒരാൾ എങ്ങനെയാണ് ആന്തരികമായി നശിക്കുന്നതെന്നു ഗുരുവിനു നല്ല ബോധ്യമുണ്ടായിരുന്നു. അതിൽ നിന്നു കരകയറാനുള്ള പോംവഴികളാണ് ഗുരു സാഹിത്യകൃതികളിലൂടെ വിശദീകരിച്ചത്. 

തിന്മ ആഴങ്ങളിലേക്ക് 

എല്ലായിടത്തും ദുഷിച്ച വാസനകൾ  തലപൊക്കുകയാണ് .നിങ്ങൾ ഒരു സാഹിത്യകാരനാകാൻ തീരുമാനിച്ചാൽ  തുടക്കത്തിൽ ,വീട്ടിലും നാട്ടിലും  സുഹൃത്തുക്കൾക്കിടയിലും പിന്തുണ കിട്ടിയേക്കും .എന്നാൽ നിങ്ങൾ ക്രമേണ എഴുത്തിൽ ശക്തമായി ഇടപെടുന്നതോടെ ,ഗൗരവത്തോടെ നിരീക്ഷിക്കുകയും സത്യങ്ങൾ വിളിച്ചു പറയുകയും ചെയ്യുന്നതോടെ നിങ്ങളിൽ നിന്നു പ്രവാചകത്വം എടുത്തുമാറ്റാനും അകലാനും അവർ തയ്യാറാകുന്നു. നിങ്ങൾ പഠിച്ച കലാലയങ്ങളും നിങ്ങളുടെ അഭ്യുദയകാംക്ഷികൾ എന്നു കരുതിയിരുന്നവരുമെല്ലാം അകലുന്നത് കാണാനാകും .നിങ്ങളുടെ കൃതികൾ അവർ കണ്ടതായി ഭാവിക്കില്ല .തീരെ നിവൃത്തിയില്ലാതെ വന്നാൽ ഒന്നു ചിരിക്കും .നിങ്ങളെ ആശയപരമായി ഉൾക്കൊള്ളേണ്ടവർ തന്നെ അതിനെതിരായ വാദമുഖങ്ങൾ കണ്ടുപിടിക്കും. ഇങ്ങനെയാണ് തിന്മ സമൂഹത്തിന്റെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്നത്. കാഴ്ചയുണ്ടെങ്കിലും ഒന്നും കാണാതെ നടക്കുന്നവർ ഒരു ചെറിയ സംഘമാണെന്ന് കരുതരുത്; അവർ ദിവസേന എണ്ണപ്പെരുപ്പം വരുന്ന  ഒരു സംഘമാണ്. 

എത്ര പ്രശസ്തിയും പ്രഭുത്വവും നേടിയാലും ചിലർ നന്നാകില്ല; അവർ തങ്ങൾക്ക് വേണ്ടി മാത്രം ജീവിക്കും. ആരുടെയും ശബ്ദം കേൾക്കാതെ അവർ അറകളിലേക്ക് പിൻവാങ്ങും. അവർ സ്വന്തം ശരീരത്തിനുള്ളിൽ അഭയം കണ്ടെത്തി പിൻവാങ്ങുകയാണ് ചെയ്യുക. അവർ  ഒരർത്ഥത്തിൽ കൃപണരാണ്. പിശുക്കുള്ളതുകൊണ്ട് അവർ ഒന്നിലേക്കും ആഴത്തിൽ നോക്കുകയില്ല. അവർക്ക് പ്രശസ്തിയുടെയോ പദവിയുടെയോ  അർത്ഥം മനസ്സിലാവുകയില്ല. അവർ അതിനു വിപരീതമായി പ്രവർത്തിച്ചു മനുഷ്യത്വമില്ലാത്തവരായിത്തീരും .പിശുക്കന്മാർക്ക് നേരിലേക്ക് എത്താൻ പ്രയാസമാണ്. അവർ പിശുക്കിൻ്റെ ഫലമായി എല്ലാവരെയും അകറ്റുകയാണല്ലോ ചെയ്യുന്നത്.

മനുഷ്യൻ്റെ ജീവിതം ഹ്രസ്വമാണല്ലോ. ഇന്നലെകളിലെ മഹാരഥന്മാരും യുദ്ധവീരന്മാരുമെല്ലാം മൺമറഞ്ഞു പോയിരിക്കുന്നു .അവരെക്കുറിച്ചുള്ള ലിഖിതങ്ങൾ മാത്രമേ ഇപ്പോഴുള്ളു . ജീവിതത്തിൻ്റെ നശ്വരത ഒരു താക്കീതാവണം ;ജീവിതം ഹ്രസ്വമാണെന്ന ചിന്ത നല്ലത് ചെയ്യാനുള്ള പ്രേരണയാകണമെന്നാണ് ഗുരു പറഞ്ഞത്.

"ഒന്നുണ്ട് നേരു,നേരല്ലി -

തൊന്നും മർത്യർക്കു സത്യവും

ധർമ്മവും വേണമായുസ്സ് 

നിൽക്കുകില്ലാർക്കുമോർക്കുക "

സത്യത്തെക്കുറിച്ചുള്ള സങ്കല്പം മാറ്റിക്കൊള്ളൂ എന്നാണ് ആഹ്വാനം .

നേരല്ലിതൊന്നും എന്നു തറപ്പിച്ചു പറഞ്ഞിരിക്കുകയാണ്. കാണുന്നതൊക്കെ സത്യമാണെന്നു  കരുതി ഭ്രമിക്കേണ്ട. വളരെ ചെറിയ ഒരു കാലയളവിലേക്ക് മാത്രമായി വന്നു പോകുന്ന മനുഷ്യരുടെ ജീവിതത്തിനു സൗന്ദര്യം നല്കുന്നത് സത്യവും ധർമ്മവുമാണ്. ധർമ്മമെന്താണ് ?ധർമ്മം നേരിനെക്കുറിച്ചുള്ള നിരന്തരമായ ചിന്തയും നേരിനോടുള്ള ഉടമ്പടിയുമാണ്. മനുഷ്യനെക്കാൾ വലുതാണ് ധർമ്മം .അത് ശരിയായ ധാരണയും മമതയും അനുകമ്പയുമെല്ലാം ചേർന്ന ഉടമ്പടിയാണ്. 

ഗുരുജ്ഞാനത്തിൽ നിന്നു ലോകം അകന്നുപോയി എന്നു വ്യസനത്തോടെ  പറയട്ടെ. മനുഷ്യന്റെ ഭൗതികമായ ആർത്തിയും വ്യക്തിവാദവും എല്ലാ ജ്ഞാനമണ്ഡലങ്ങളെയും തകർത്തു മുന്നോട്ടു പോവുകയാണ് .വിനാശകരവും ക്രൂരവുമായ ഈഗോ മനുഷ്യനിൽ തലപൊക്കിയിരിക്കുന്നു. ചെറിയ ഒരു പരാജയം പോലും സഹിക്കാനാകുന്നില്ല. കീഴടങ്ങലോ ത്യാഗമോ ആലോചിക്കാൻ പോലും പറ്റാത്ത മട്ടിൽ മനുഷ്യൻ്റെ ഗർവ്വ്  സകല സീമകളും ലംഘിക്കുകയാണ്. സമകാല സംസ്കാരം എന്നു പറയുന്നത് എല്ലാ വൈപരീത്യങ്ങളെയുമാണ് ആശ്ളേഷിക്കുന്നത് .ജീർണതയുടെ ഭാഗമായ വ്യക്തിപൂജയും അഹന്തയും പാരമ്പര്യവാദവും തലപൊക്കുകയാണ്. ഫേസ്ബുക്ക് പോലുള്ള നവ മാധ്യമങ്ങളിൽ ജാതിനാമങ്ങൾ ചിലർ  സ്വന്തം പേരിനോട് കൂട്ടിച്ചേർത്ത് അഭിമാനത്തെ നിർവ്വചിക്കാൻ ശ്രമിക്കുന്നു. പൊങ്ങച്ചത്തിന്റെ പ്രതീക്ഷയിൽ പരിഷ്കൃതനായ മനുഷ്യൻ നൂലിഴ ബന്ധമില്ലാതെ നിൽക്കുകയാണ്. എവിടെയാണ് ജ്ഞാനം? മതങ്ങൾ പരാജയപ്പെട്ടു എന്നല്ലേ ഇത് ചൂണ്ടിക്കാണിക്കുന്നത്? മതപ്രഭാഷണങ്ങൾക്കോ മതപണ്ഡിതന്മാരുടെ പ്രവർത്തനങ്ങൾക്കോ അനുയായികളെ  അല്പം പോലും മെച്ചപ്പെടുത്താനോ ആധുനിക ലോകത്തിനു ഇണങ്ങുന്ന വിധം അവരെ സ്നേഹം, ദയ തുടങ്ങിയ ഗുണങ്ങളുള്ളവരാക്കി മാറ്റാനോ കഴിഞ്ഞിട്ടില്ല .തരം കിട്ടിയാൽ മനുഷ്യൻ ഏറ്റവും അപമാനകരമായ വിധം ദുഷ്ടബുദ്ധിയായി മാറുകയാണ്. സാഹിത്യ ,സാംസ്കാരിക രംഗങ്ങളിൽ ഒരു ദളിതനെയോ ,താഴ്ന്ന സമുദായത്തിൽപ്പെട്ടവനെയോ വളരാൻ ഇപ്പോഴും അനുവദിക്കുന്നില്ല. വരേണ്യർ തുടരെത്തുടരെ പുരസ്കാരങ്ങൾ കൊടുത്ത് അവർക്കിഷ്ടമുള്ളവരെ സൃഷ്ടിച്ചെടുക്കുന്നു. പിന്നാലെ അവർ തന്നെ സ്വീകരണവും കൊടുക്കുന്നു.

അധികാരവും സംസ്കാരവും കുത്തക 

എന്തുകൊണ്ട് താഴ്ന്ന സമുദായങ്ങളിൽ നിന്നുള്ള പ്രതിഭകൾ  അറിയപ്പെടുന്നവരായി വളരുന്നില്ല?  ഇവിടെ വീണ്ടും വീണ്ടും ആദരിച്ചവരെ തന്നെ ആദരിക്കുകയാണ് .തങ്ങളുടെ ആൾക്കാർ മാത്രമേ സമൂഹ, ചരിത്ര പഠനങ്ങളിൽ ശേഷിക്കാവൂ എന്ന കടുംപിടുത്തമാണ് ഇതിന് പിന്നിലുള്ളത്. എല്ലാ വിഭാഗങ്ങളിൽ നിന്നും പ്രതിഭകൾ ഉണ്ടാകണമല്ലോ. അപ്പോഴാണല്ലോ സഹവർത്തിത്വത്തിൻ്റെയും സമത്വത്തിന്റെയും പരാഗങ്ങൾ വീണു കിടക്കുന്ന സാമൂഹ്യവ്യവസ്ഥ ഇവിടെ ഉണ്ടാകുന്നത്.

മനസ്സിന്റെ വിശാലത എന്നൊക്കെ പറയുന്നത് മരീചികയായിരിക്കുകയാണ്. വെളിച്ചം ദൂരേക്ക് മറഞ്ഞുപോയിരിക്കുന്നു. സമൂഹത്തിലെ ഒരു വിഭാഗത്തിന്റെ കുത്തകയായി അധികാരവും സംസ്കാരവും തുടരുകയാണ് .താഴ്ന്ന വിഭാഗങ്ങളിൽ നിന്നു സാംസ്കാരിക മുന്നേറ്റം ഉണ്ടാകുന്നതിനു  ആധാരമായ സാംസ്കാരിക സ്ഥാപനങ്ങളോ സംഘടനകളോ ഉണ്ടാകുന്നില്ല. ഇക്കാര്യത്തിൽ അധ:സ്ഥിത വിഭാഗങ്ങൾക്ക് ഇനിയും തലയിൽ വെളിച്ചം കയറിയിട്ടില്ല. പരമസത്യമായിരിക്കുന്ന പൊരുൾ ഒന്നേയുള്ളൂ എന്നും അതുകൊണ്ട് വൃഥാകലഹങ്ങളും വിഭജനങ്ങളും അകൽച്ചകളും ഒഴിവാക്കണമെന്നുമാണ് ഗുരു എപ്പോഴും പറഞ്ഞിട്ടുള്ളത്.  ലോകത്തിൻ്റെ അന്ധതയെ ദൂരീകരിക്കാനുള്ള ചികിത്സയാണിത്. സത്യം കണ്ട ഗുരുവിനു അത് പറയാതിരിക്കാനാവില്ല. എന്തിനു തമ്മിലടിച്ചു തകരണമെന്നു ഓരോ വിഭാഗവും ചിന്തിക്കണം .പരമ ജ്ഞാനത്തെക്കുറിച്ചുള്ള വളരെ ചെറിയ ഒരു ധാരണ പോലും ഇപ്പോൾ മനുഷ്യമനസ്സിൽ അലയിടിക്കുന്നില്ല എന്നല്ലേ മനസ്സിലാക്കേണ്ടത്?

കുന്തമുനകൾ കൊണ്ട് ഒരു കുഞ്ഞിനെയും ഉറക്കാനാവില്ല 

'അനുകമ്പാദശക'ത്തിൽ ഗുരു എഴുതി :

"അരുമാമറയോതുമർത്ഥവും ഗുരുവോതും മുനിയോതുമർത്ഥവും

ഒരു ജാതിയിലുള്ളതൊന്നു താൻ

പൊരുളോർത്താലഖിലാഗമത്തിനും "

എല്ലാ വാക്കുകളുടെയും അർത്ഥം ഒന്നായിരിക്കുന്ന അപാരമായ ഒരു ലയത്തെത്തെക്കുറിച്ചാണ് ഗുരു പറയുന്നത്. മനസ്സിൽ വിഭാഗീയതയും കുശുമ്പും ഗർവ്വും മാത്രം കുത്തി നിറച്ചുവച്ചിരിക്കുന്നവർക്ക് ഇത് പിടി കിട്ടുമോ? മഹാഗ്രന്ഥങ്ങളിൽ ,വിശേഷിച്ച് വേദങ്ങളിൽ ,പറഞ്ഞിരിക്കുന്നതിന്റെ അർത്ഥവും, ഗുരുവിന്റെയും മുനിയുടെയും വാക്കുകളുടെ അർത്ഥവും ഒന്നായിത്തീരുന്ന ഒരു അനുഭവമുണ്ട്. ഒരു ജലതലമാണത്. മണ്ണിനടിയിൽ ജലം ഒഴുകുന്ന ഒരു ചാൽ ഉണ്ടല്ലോ. കിണർ കുഴിക്കുന്നവർ അവിടെയെത്തിച്ചേരുന്നു .അതുപോലെ അറിവുള്ളവർ സന്ധിക്കുന്ന ഒരു തലമുണ്ട്. സ്നേഹത്തിനു വേണ്ടി ഒന്നാകാൻ തയ്യാറെടുത്തിരിക്കുന്ന സസ്യലതാദികളും ജന്തുക്കളുമാണ് ചുറ്റിനുമുള്ളത് .പക്ഷേ ,നമുക്കാർക്കും അവയെ ആകർഷിക്കാനാവശ്യമായ സ്നേഹമില്ല .നമ്മുടെ സ്നേഹം നമ്മുടെ ആവശ്യത്തിനുമാത്രമുള്ളതാണ്. അതൊരു ആയുധമാണ്; മൂർച്ചയേറിയ ആയുധം .അത് മറ്റുള്ളവരെ  ഉപദ്രവിക്കാനാണ് ഉപയോഗിക്കുന്നത്. അതിനു ഇരട്ട വായ്ത്തലയാണുള്ളത്.   ഒരാളോടുള്ള സ്നേഹം മറ്റൊരാളോടുള്ള വെറുപ്പായി മാറാം. ഒരാളോടുള്ള സ്നേഹം തന്നെ ഒരു ഘട്ടം കഴിയുമ്പോൾ വെറുപ്പാകുന്നത് നാം കാണുന്നതാണ്. ലോകത്തിലെ ജീവജാലങ്ങളുടെയുള്ളിൽ ത്രസിക്കുന്ന ഒരു സ്നേഹത്വരയുണ്ട്. പക്ഷേ ,അത് കണ്ടെത്താൻ നമ്മുടെ കൈയിൽ കുന്തമുനകൾ മാത്രമേയുള്ളു. കുന്തമുനകൾ കൊണ്ട് ഒരു കുഞ്ഞിനെയും ഉറക്കാനാവില്ല. കുന്തമുന ദേഹത്ത് സ്പർശിക്കുമ്പോൾ തന്നെ കുഞ്ഞ് ഉണരുകയോ കരയുകയോ ചെയ്യും. ഭയമായിരിക്കും ഉല്പാദിപ്പിക്കപ്പെടുക .മനുഷ്യൻ സ്നേഹമെന്ന പേരിൽ കൊണ്ടുനടക്കുന്നത് ഈ കുന്തമുനയാണ്.

അതിലേക്ക് പ്രവേശിക്കാനാവുന്നില്ല

അവനു ഗുരുവിൻ്റെ 'ഒരേ അർത്ഥം' എങ്ങനെ ഉൾക്കൊള്ളാനാകും? ഗുരു പറയുന്നത് പാഠങ്ങളുടെ ആന്തരിക ശ്രുതിയെപ്പറ്റിയാണ് .എന്നാൽ പ്രകൃതിയിലെ ശബ്ദങ്ങളിലെല്ലാം ഇതുപോലെ ആന്തരികമായ ഒരു തലത്തിൽ പരസ്പരം ചേരാവുന്നതും സ്നേഹത്തെ സംയുക്തമായി ആഘോഷിക്കുന്നതുമായ ഒരപാരതയുണ്ട്. അതിലേക്ക് പ്രവേശിക്കാൻ നമുക്കാവുന്നില്ല. നാം അവയെ ശത്രുപക്ഷത്ത് നേരത്തെ തന്നെ പ്രഖ്യാപിച്ചതാണല്ലോ.

പരിഷ്കൃതിയുടെയും ധനത്തിന്റെയും ആധിപത്യം വന്നതോടെ നമ്മുടെ തനതായ കഴിവുകൾ നഷ്ടപ്പെടുകയാണോ ചെയ്യുന്നതെന്നു  ശങ്കിക്കേണ്ടിയിരിക്കുന്നു. വിദ്യാസമ്പന്നരായ ആളുകളുടെ ക്രൂരതയാണല്ലോ ഈ ലോകം ഇപ്പോൾ ദർശിച്ചുകൊണ്ടിരിക്കുന്നത്. എല്ലാ ആദർശങ്ങളും ആശയങ്ങളും ക്ഷയിച്ച ഒരു കാലത്തിലേക്ക് നാം സാവധാനം എത്തിച്ചേരുകയാണ്. എല്ലാവർക്കും സൈഡ് കൊടുക്കുകയല്ലാതെ നിർധനർക്ക് വേറൊന്നും ചെയ്യാനില്ല.

അക്ഷരജാലകം ഇരുപത്തിയഞ്ച് വർഷങ്ങൾ പിന്നിട്ടിരിക്കുന്നു: എം. സി. രാജനാരായണൻ

  ഇന്ത്യയിലെ പ്രശസ്ത സിനിമാ വിമർശകനും ഫിപ്രസി അംഗവും ഗ്രന്ഥകാരനുമായ എം.സി. രാജനാരായണൻ എഴുതുന്നു പ്രചാരവും സ്വീകാര്യതയും നിലനിർത്തിക്കൊണ്ട്‌ ...