Tuesday, September 27, 2022

അഭിമുഖം /ആധുനിക വിമർശനകലയുടെ ഉപജ്ഞാതാവ് സംസാരിക്കുന്നു/എം.കെ.ഹരികുമാർ / ഷാജി തലോറ

 







ഇതൾ മാസികയുടെ ഓണപ്പതിപ്പിനു വേണ്ടി  എം.കെ. ഹരികുമാറുമായി ഷാജി തലോറ നടത്തിയ അഭിമുഖം .


മലയാള വിമർശനത്തെയും സാഹിത്യത്തെയും സ്വന്തം ദാർശനിക പദ്ധതികളിലുടെ നവീകരിച്ച എം.കെ.ഹരികുമാറിനു കഴിഞ്ഞ ജൂലൈ 30ന് അറുപത് തികഞ്ഞു. സാഹിത്യരചനാ ജീവിതത്തിൽ നാല്പത്തിയൊന്നു വർഷം പിന്നിടുകയാണ് ഹരികുമാർ.  ആധുനികതയും ഉത്തരാധുനികതയും കടന്ന് അദ്ദേഹം ഇപ്പോൾ ഉത്തര- ഉത്തരാധുനികതയുടെ ഡിജിറ്റൽ ,ഇലക്ട്രോണിക് പ്ലാറ്റ്ഫോമുകളിലെ പ്രവണതകളിലെ തത്ത്വചിന്ത വ്യാഖ്യാനിക്കുകയാണ്. അദ്ദേഹത്തിൻ്റെ വിഖ്യാതമായ ‘അക്ഷരജാലകം’ എന്ന പ്രതിവാര പംക്തി ഇപ്പോൾ ഇരുപത്തിയഞ്ചാം വർഷത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. ഒരു പുതിയ വിമർശനകലയ്ക്ക് മലയാളത്തിൽ തുടക്കമിട്ട ഹരികുമാർ സമകാലിക പ്രശ്‌നങ്ങളെ അപഗ്രഥിക്കുകയാണിവിടെ.

ആധുനിക വിമർശനകലയുടെ ഉപജ്ഞാതാവ് സംസാരിക്കുന്നു

സാഹിത്യ നിരൂപകൻ എന്ന നിലയിൽ മലയാള സാഹിത്യത്തിലെ പുതു തലമുറയിലെ രചനകളെ താങ്കൾ എങ്ങനെ വിലയിരുത്തുന്നു?

സാഹിത്യവിമർനത്തിൽ പുതിയ ആളുകൾ വരുന്നുണ്ട്. പക്ഷേ, അവരിൽ നല്ലൊരു പങ്കും യൂണിവേഴ്സിറ്റിയിലെ പിഎച്ച്ഡി സർട്ടിഫിക്കറ്റ് കൈയിൽപ്പിടിച്ചാണ് വരവ് .അക്കാദമിക് പഠനങ്ങൾ അവരെ വരണ്ട മനുഷ്യരാക്കിയിരിക്കുന്നു.  നല്ലൊരു മനുഷ്യനും സഹൃദയനുമാകാൻ ശേഷിയില്ലാത്തവർ അക്കാദമിക് പഠനം കൊണ്ട് മാത്രം എഴുതാൻ ശ്രമിക്കുന്നത് അപകടകരമായാണ് ഞാൻ കാണുന്നത്.

എം. എ മലയാളം ഏകതാനമായ ചിന്തയും ,അധ്യാപകനാകാൻ നടക്കുന്നവരുടെയും അധ്യാപകരായവരുടെയും ഭാഷയും  ഒരു ആക്രിക്കടപോലെയാണ്. അതിനു  ഒരു ചെറു സസ്യത്തിന്റെ പോലും ജൈവഭാവമില്ല. ഭാഷ ഒരു ജൈവരൂപമാണെന്നു ഇവരിൽ ആർക്കെങ്കിലുമറിയാമോ? സംസ്കൃതവാക്യങ്ങൾ വ്യാഖ്യാനിക്കുന്നതും പഴയ കവിതകൾ വായിച്ച് അർത്ഥം പറയുന്നതുമല്ല വിമർശനം. ഇക്കൂട്ടർ ഇപ്പോഴും വഞ്ചിപ്പാട്ടിനെക്കുറിച്ചും നളചരിതത്തെക്കുറിച്ചുമാണ്  എഴുതിക്കൊണ്ടിരിക്കുന്നത്.

ഇവർക്ക് കലയുമായി ബന്ധമല്ല. കലാലയങ്ങളിൽ സാഹിത്യത്തെ ഒരു മനുഷ്യവ്യവഹാരമാണെന്നു മനസ്സിലാക്കി എഴുതുന്നവർ ഒരു ശതമാനത്തിൽ താഴെയാണ്.

ഭാഷ പണ്ഡിതന്റെ രതിമൂർച്ഛയ്ക്കുള്ളതല്ല; അത് മാനവികഭാവങ്ങളെ പ്രകൃതിയിലെ സകല ജൈവചോദനകളുമായി ബന്ധിപ്പിച്ച് സൃഷ്ടിക്കേണ്ടതാണ്. ഭാവിയിലെ വിമർശനം അക്കാദമിക് ഗവേഷണത്തെ പിൻപറ്റിയാണ് നീങ്ങുന്നതെങ്കിൽ അത് വലിയൊരു ദുരന്തമായിരിക്കും .കാരണം, അതിനു ഹൃദയമോ കലയോ ഉണ്ടായിരിക്കില്ല. വിമർശനത്തിനു എപ്പോഴും ആവശ്യമായിട്ടുള്ളത് അതിൻ്റെ കലാത്മകതയും സഹൃദയജ്ഞാനവുമാണ്.വസ്തുതകളെ വെറുതെ പരിചയപ്പെടുത്തലല്ല .

ശ്രീനാരായണായ, വാൻഗോഗിന്. ജലഛായ തുടങ്ങിയ വ്യത്യാസ്തമായ മൂന്ന് നോവലുകളുടെ രചയിതാവാണല്ലോ താങ്കൾ. മലയാള സാഹിത്യത്തന് അത്ര പരിചിത മില്ലാത്ത രചനാ സങ്കേതമായതിനാലാണോ ഈ രചനകൾ അർഹിക്കുന്ന രീതിയിൽ വായനക്കാർ ഏറ്റെടുക്കാതെ പോയത്?

എൻ്റെ നോവലുകൾ വായനക്കാർ ഏറ്റെടുത്തില്ലെന്നു പറയുന്നത് ശരിയല്ല. ഇക്കാര്യത്തിൽ അസംബ്ലി തെരഞ്ഞെടുപ്പ് പോലെ ഭൂരിപക്ഷം നോക്കേണ്ടതില്ല. ഇത് ബലപരീക്ഷണമോ തിരഞ്ഞെടുപ്പ് വിജയമോ ആയി കാണേണ്ടതില്ല. എൻ്റെ നോവലുകൾ ആസ്വദിച്ച, ചിന്തിച്ച, വായിച്ച ധാരാളം പേരുണ്ട്. അവർ അത് സ്വകാര്യ മൂലധനം പോലെ സ്വന്തമാക്കിയിരിക്കുകയാണ്. അങ്ങനെ നോക്കുമ്പോൾ എനിക്ക് നിരാശപ്പെടാനില്ല. എന്റെ നോവലുകളെ പ്പറ്റി മാഗസിൻ പതിപ്പുകളും പത്രലേഖനങ്ങളും അഭിമുഖങ്ങളും പഠനങ്ങളും വന്നിട്ടുണ്ട് .എന്റെ നോവലുകളെപ്പറ്റിയുള്ള പുസ്തകങ്ങളും വന്നേക്കാം. ഈ നോവലുകൾ കലാരംഗത്തെ ഒരു നവപ്രവണതയുടെ ഉദ്ഘാടനമാണ്. അത് രചനാരീതി അഥവാ ക്രാഫ്റ്റിൻ്റെ പുതിയൊരു പന്ഥാവ് തുറക്കുകയാണ്. എൻ്റെ നോവലുകളിലെ ഭാഷയെ കൂടുതൽ ആഴത്തിൽ പരിശോധിക്കുന്ന സ്വതന്ത്രരായ വായനക്കാർ ഇനിയുമുണ്ടാകും .

എന്നാൽ അനേകം പതിപ്പുകളോ ആഘോഷങ്ങളോ ഉണ്ടായില്ല എന്നത് നേരാണ് .അതിന് കാരണം ഞാൻ പറയാം. ഞാൻ പ്രമുഖ പ്രസാധനശാലകളിലെ പബ്ലിക്കേഷൻ മാനേജർമാരുടെ മാനസപുത്രനോ ഉറ്റ ചങ്ങാതിയോ അല്ല. ഇന്നു പബ്ലിക്കേഷൻ മാനേജർമാർക്ക് കൂടുതൽ ഇടപാടുകളുണ്ട്, അധികാരങ്ങളുണ്ട്. താൻ ഇഷ്ടപ്പെടുന്ന, താനുമായി പലവിധ ബന്ധങ്ങളുള്ള ഒരു എഴുത്തുകാരനെ പ്രധാനപ്പെട്ട ആനുകാലികങ്ങളൽ ശക്തിയോടെ അവതരിപ്പിക്കുന്നതിൽ അയാൾക്ക് ഇടപെടാനാവും. അയാളുടെ വാക്ക് ചില പത്രാധിപരെങ്കിലും നിരസിക്കുകയില്ല. ഇതൊരു രഹസ്യ ഇടനാഴിയാണ്. ആരുടെ കവർസ്റ്റോറി അടിക്കണമെന്നു പബ്ളിക്കേഷൻ മാനേജർ പറയും .അത് നടപ്പായിരിക്കും.  അയാളുടെ സ്മവുലുകൾ സീരിയലൈസ് ചെയ്യാനും മാനേജർ ഇടപെടും.

പബ്ലിക്കേഷൻ മാനേജർ തീരുമാനിക്കുന്ന പുസ്തകങ്ങൾ മാത്രമേ ബെസ്റ്റ് സെല്ലറാവുകയുള്ളൂ. മാനേജരുടെ ഉറ്റ സുഹൃത്തുക്കൾ എഴുതിയ പുസ്തകങ്ങൾ മാത്രമാണ് ഇവിടെ കൂടുതൽ പതിപ്പുകൾ അച്ചടിക്കുന്നത്. ഇതാണ് യാഥാർത്ഥ്യം. ഈ സാഹചര്യം മനസ്സിലാക്കാത്ത സാധാരണക്കാരാണ് എന്റെ നോവലുകൾ എന്തുകൊണ്ടാണ് അച്ചടി ആഘോഷിക്കപ്പെടാത്തതെന്ന് ചോദിക്കുന്നത്.

ഇവിടെ ആഘോഷിക്കപ്പെടുന്ന നോവലുകളെല്ലാം വെറും ചവറുകളാണെന്ന് ആണെന്ന് എനിക്ക് വ്യക്തമായറിയാം. വിവരമില്ലാത്തവർ, പരാജയപ്പെട്ട നോവലുകളെ വേഷം കെട്ടിച്ച് വഴിയോരത്ത് കൊണ്ടുവന്നു നിർത്തുകയാണ്.

ഭാഷയെക്കുറിച്ച് ഈ നോവലിസ്റ്റുകൾക്ക് വിവരമില്ല .ആഗോള നിലവാരമുള്ള ഒരു വാചകമെഴുതുന്നത് എങ്ങനെയാണെന്ന് അറിയില്ല. എന്തെങ്കിലും ദാർശനിക പ്രശ്നങ്ങളോ, ജീവിതത്തോടുള്ള വേറിട്ട  സമീപനങ്ങളോ ഇവർക്കുണ്ടോ? ഇതെല്ലാം താൽക്കാലികമായി കണ്ടാൽ മതി. ആഘോഷിക്കപ്പെടുന്ന നോവലിസ്റ്റുകൾ ബിസിനസ്സുകാരെ പോലെയാണ്. ചില അവാർഡുകളെ ലഭ്യമാക്കിയാണ് അവർ പ്രവർത്തിക്കുന്നതും എഴുതുന്നതും .

അവർ കൂട്ടുകൂടുന്നത് പോലും ഒരു ബിസിനസിന്റെ ഭാഗമായാണ്. സ്വാഭാവികമായും മനുഷ്യസ്നേഹം എന്താണെന്ന് അവർ ഇനിയും മനസിലാക്കിയിട്ടില്ല.എൻ്റെ നോവലുകൾ എൻ്റെ കലയെക്കുറിച്ചുള്ള അവബോധത്തിൻ്റെയും ചിന്തയുടെയും ദർശനത്തിന്റെയും ആവിഷ്കാരത്തിന്റെയും ഏറ്റവും വലിയ സാക്ഷ്യപത്രക്കളാണ്. അത് എൻ്റെ സർഗാത്മകഥയുടെ പാരമ്യമാണ്.

ഏതൊരു കലാകാരന്റെയും നിലനിൽപിന് പ്രചോദനമാണ് അവാർഡുകളും അംഗീകാരങ്ങളും. എഴുത്തുകാരന്റെ രാഷ്ട്രീയം നോക്കി അംഗീകാരങ്ങൾ നൽകുന്ന ഒരു സമൂഹത്തിൽ നിലനിൽപിന് വേണ്ടിയെങ്കിലും എഴുത്തുകാർ വശം വതരാകുന്നുണ്ടെങ്കിൽ അവരെ കുറ്റം പറയാൻ പറ്റുമോ, അടിസ്ഥാനപരമായി എഴുത്തുകാരും സമൂഹത്തിന്റെ ഭാഗമല്ലേ സമൂഹത്തിന്റെ ജീർന്നത എഴുത്തുകാരനെയും ബാധിക്കില്ലേ?

താങ്കൾ പറയുന്നതിനോട് യോജിക്കുകയാണ് .ഇവിടെ എഴുത്തുകാർ എന്ന ഉന്നതമായ അർത്ഥത്തിൽ ജീവിക്കുന്ന ആരുമില്ലല്ലോ. ഈ കാലത്തിന്റെ രാഷ്ട്രീയ കാലാവസ്ഥയ്ക്ക് അനുസരിച്ച് സ്വന്തം നിലനിൽപ്പ് നോക്കി അഭിപ്രായം പറയുന്നവരാണ് ഭൂരിപക്ഷവും.പുരസ്കാരങ്ങൾ രാഷ്ട്രീയ പക്ഷപാതത്തിനു ലഭിക്കുന്ന  പൂച്ചെണ്ടുകളാണ് .വായനക്കാരെ പോലും അങ്ങനെ ലഭിക്കുന്നു. അതുകൊണ്ടുതന്നെ ഈ കാലത്തിൻ്റെ ജീർണത സാഹിത്യത്തെയും അതിൻ്റെ  രചയിതാക്കളെയും ബാധിക്കുന്നു. യഥാർത്ഥ മൂല്യങ്ങൾക്ക് വേണ്ടി ആരും തന്നെ മിണ്ടില്ല. എല്ലാ മഹാശയന്മാരും , അറവുമൃഗങ്ങളെ കൊന്നു കഴിയുന്നതുവരെ  മിണ്ടാതിരിക്കാൻ ശീലിച്ചവരാണ്. ലോകത്ത് ഭീതി വിതച്ച ശേഷം  തങ്ങൾ സുരക്ഷിതരാണെന്നു കരുതുന്നവരാണ് അധികവും .

എല്ലാ വലിയ ആശയങ്ങളും കൊലചെയ്യപ്പെട്ടിരിക്കുകയാണ്. മത, രാഷ്ട്രീയ, ജാതിതലത്തിലും അക്കാദമിക്, സംഘടനാ തലത്തിലുമുള്ള ഒരു കൂട്ടുകെട്ടാണ് സാംസ്കാരിക രംഗത്ത് നിലനിൽക്കുന്നത്. വ്യവസ്ഥാപിതത്വം  നിരന്തരമായ ഒരു പഴകലാണ്. അതിന് പുതിയ കാലവുമായി ഒരു ബന്ധവുമില്ല.

സമൂഹത്തിന്റെ മൂന്നാം കണ്ണാണ് എഴുത്തുക്കാർ എന്നാണല്ലോ പറയാര്. എന്നാൽ എഴുത്തുകാരിൽ പലരും കൃത്യമായ രാഷ്ട്രീയ അജണ്ടകൾ അനുസരിച്ച് നിലകൊള്ളുന്നവരും സ്ഥാപിത താല്പര്യങ്ങൾക്ക് പുറകെ പോകുന്നവരുമാണ്. ഇങ്ങനെ ഉള്ളവർക്ക് എങ്ങനെയാണ് സമൂഹത്തിന്റെ മൂന്നാം കണ്ണ് ആവാൻ കഴിയുക?

ഇന്നു മൂന്നാം കണ്ണുകൊണ്ട്  എഴുതുന്നവർ ഇല്ലല്ലോ. കുമാരനാശാൻ, ചങ്ങമ്പുഴ തുടങ്ങിയവർ അങ്ങനെ എഴുതിയിരുന്നു .ഇപ്പോൾ ഒരു കണ്ടെത്തലും സാഹിത്യകൃതികളിൽ  കാണാനില്ല. കുറേപ്പേർ ഓർമ്മകളും അനുഭവങ്ങളും എഴുതുന്നുണ്ട്. അതിനൊക്കെ എന്തെങ്കിലും മൂല്യമുണ്ടോ ? ആർക്കും എഴുതാവുന്ന കാര്യങ്ങളാണ് ഇതൊക്കെ .നാലാംകിട വിഷയങ്ങൾ സാഹിത്യപരമായ അറിവോ പരിചയമോ ഇല്ലാതെ വെറുതെ നിരത്തി വയ്ക്കുകയാണ് പലരും .വലിയ പ്രസാധകർ പുറത്തിറക്കുന്നതു കൊണ്ട് കുറേപ്പേർ അത്യ നല്ലതാണെന്നു കരുതി വായിക്കുന്നു.പോത്തിറച്ചി എങ്ങനെ വേവിച്ചു കഴിക്കണമെന്നാണ് ഒരു കോളേജ് അധ്യാപിക ഏതാനും മാസങ്ങൾക്കു മുമ്പു എഴുതിയത്.പുതിയ വിഷയങ്ങളെ സമീപിക്കാൻ ഇവർക്കറിയില്ല .ഇതൊക്കെ ആരെങ്കിലും ഗൗരവമായി എടുക്കുന്നുണ്ടോ ?

വിമർശന വീക്ഷണമുള്ള സാഹിത്യ നിരൂപണങ്ങളും കലാ നിരൂപണങ്ങളും കുറഞ്ഞുവരികയാണല്ലോ, പല നിരൂപണങ്ങളും എഴുത്തുകാരനും നിരൂപകനും തമ്മിലുള്ള പരസ്പര ധാരണയുടെ സൃഷ്ടിയായും മാറാറുണ്ട്. ഇത്തരം സുഖിപ്പിക്കൽ പ്രക്രിയ സാഹിത്യത്തിനോ എഴുത്തുകാരനോ ഏതെങ്കിലും തരത്തിൽ ഗുണം ചെയ്യുമോ?

സാഹിത്യ വിമർശനവും പ്രതിസന്ധിയിലാണ്.വ്യവസ്ഥാപിത  സാഹിത്യവും അതിൻ്റെ പ്രസാധകരും വിമർശനത്തെ തമസ്കരിക്കുകയാണ്.അക്കൂട്ടർ  ഗൗരവമുള്ള ചിന്തകൾ ആവശ്യമില്ല. അവർ നളചരിതത്തെക്കുറിച്ചാണ് ഇപ്പോഴും എഴുതിക്കൊണ്ടിരിക്കുന്നത്. നളചരിതത്തെക്കുറിച്ച് ഇനിയും ചർച്ച ചെയ്തു തീർന്നിട്ടില്ലാത്തതുകൊണ്ട് അവർക്ക് പുതിയ വിഷയങ്ങളെ സമീപിക്കാനറിയില്ല. വിമർശകന്റെ കല ഒരു പുതിയ ക്രമം ഉണ്ടാക്കുകയാണ്, ചിന്തയിലും ചരിത്രത്തിലും.വിമർശകൻ ഒരു ധ്യാന മാർഗത്തിലാണ് ജീവിക്കുന്നത് .

എൻ്റെ ആദ്യകൃതിയായ ആത്മായനങ്ങളുടെ ഖസാക്ക് (1984) എന്ന കൃതിയാണ് മലയാളത്തിലുണ്ടായ ആദ്യത്തെ സർഗാത്മക വിമർശനം. എന്തുകൊണ്ട് ?ഒരു നോവലിനെ ആസ്പദമാക്കി ഞാൻ സൃഷ്ടിച്ച കലയാണിത്.

അത് ഒരു ലേഖനമല്ല; പുസ്തകമാണ്.  അതിനുശേഷമോ അതിനുമുമ്പോ  അതുപോലൊരു വിമർശന കലാസൃഷ്ടി ഉണ്ടായിട്ടില്ല. മറ്റ് ആധുനിക വിമർശകരൊക്കെ  ലേഖനങ്ങളാണ് എഴുതിയത്. എൻ്റെ കൃതി കലയുടെ എല്ലാ അതിർത്തി ലംഘനങ്ങളും വിപ്ലവങ്ങളും ആത്മവ്യൂഹങ്ങളും ആലോചിക്കുന്നുണ്ട്. അതൊരു ഭാഷയേയല്ല. ഭാഷയാണെങ്കിലല്ലേ മനസ്സിലാക്കാനാവൂ. അത് വേറൊരു വിചാരമാണ്. വാക്കുകൾ അതിനായി ഉപയോഗിക്കുക മാത്രമാണ് ചെയ്തത്. എന്റെ ഭാഷ മനസ്സിന്റെ ആത്മീയ ജീവിതത്തിൻ്റെ അടിത്തട്ടിലുള്ള സ്വപ്നങ്ങളും വിഭ്രാമകമായ അവസ്ഥകളും അതിയാഥാർത്ഥ്യങ്ങളും യുക്തിഭംഗങ്ങളുമെല്ലാം എടുത്തു പുറത്തിടുന്നു.അത് ഭാഷയെത്തന്നെ അസ്ഥിരമാക്കി കൊണ്ട് ചിലപ്പോൾ ബിംബങ്ങളിലൂടെ സംസാരിക്കുന്നു. വാക്കിനു ഓരോ നിമിഷത്തിലും മറ്റു വാക്കുകളുമായി ചേർന്നു പുതിയ സൃഷ്ടി നടത്താമെന്നുള്ള ഒരാലോചനയാണത്.അത് ഒരിക്കലും യൂണിവേഴ്സിറ്റികൾക്കോ അക്കാദമികൾക്കോ സ്വീകാര്യമായ ഒന്നല്ല. അതുകൊണ്ടുതന്നെ കലാശാല വിമർശകർ എൻ്റെ പുസ്തകത്തെ എപ്പോഴും തമസ്കരിക്കും.

സ്വന്തമായി വിചാരശീലമില്ലാത്തവരെ ഭയപ്പെടുത്തുന്ന കൃതിയാണത്. ഇന്നത്തെ പല വിമർശകരും  എഴുത്തുകാരെ സന്തോഷിപ്പിച്ച് ഇടം നേടാനാണ് ശ്രമിക്കുന്നത്. അവതാരികകൾ ,പുസ്തകനിരൂപണങ്ങൾ ,ലേഖനങ്ങൾ തുടങ്ങിയവയെല്ലാം പി ആർ ഒ വർക്കിൻ്റെ ഭാഗമായി, പ്രമുഖ പ്രസാധകരുടെ ഭാഗമായി നിഴലിൽ നിന്നുകൊണ്ട് അവരുടെ  ഇഷ്ടക്കാർക്കു വേണ്ടി ലേഖനമെഴുതുകയാണ് ഇന്നത്തെ ‘വിമർശകർ’.ഒ.വി.വിജയനെ മാർക്സിസ്റ്റാക്കി രൊൾ എഴുതിയത് കണ്ടു. ഇത്തരം വേല വേലകളൊക്കെ നിലനിൽപ്പിനു വേണ്ടി ഏത് കള്ളവും പറയാമെന്നാണ് കാണിക്കുന്നത്.

ഇന്നത്തെ സാഹിത്യരചനകൾ മനുഷ്യമനസിനെ സ്പർശിക്കുന്നില്ലെന്ന് താങ്കൾ ഒരിക്കൽ എഴുതി.എന്തുകൊണ്ടാണ് അത് സംഭവിക്കുന്നത്?

എം.കെ.ഹരികുമാർ: ഇന്നത്തെ എഴുത്തുകാർ പൊതുവേ സമ്പന്നരാണ്. സ്വന്തം പോക്കറ്റിൽ നിന്നു പണം മുടക്കി അവർ പുസ്തകമടിക്കും.  അതിനവർക്ക് സന്തോഷമേയുള്ളൂ. കാരണം ,അവർ പുസ്തകം പ്രസിദ്ധീകരിക്കുന്നതിലാണ്  ത്രില്ലടിക്കുന്നത്;ഉള്ളടക്കത്തിലല്ല .കേശവദേവ് അങ്ങനെയായിരുന്നില്ല. ദേവിനു പുസ്തകം പ്രസിദ്ധീകരിക്കാൻ പല ബുദ്ധിമുട്ടുകളുമുണ്ടായിരുന്നു .ഒന്നേമുക്കാൽ ലക്ഷം രൂപ ശമ്പളം വാങ്ങുന്ന കോളേജ് അദ്ധ്യാപകർ എന്ത് കവിതയെഴുതാനാണ്? .അവർക്കു സ്വന്തം ശമ്പളത്തിനോടും  ഡിപ്പാർട്ട്മെന്റിനോട്ടം മാത്രമേ ബന്ധമുള്ളു. ഒരു ശുദ്ധമായ സൗഹൃദം പോലുമില്ല. അവരുടെ വീടുകളുടെ ചുറ്റുമതിലുകളിൽ കുപ്പിച്ചില്ല്  പതിപ്പിച്ചിരിക്കുകയാണ്.നായയെ അഴിച്ചുവിട്ടിരിക്കയാണ്, സൗഹൃദമന്വേഷിച്ചു ചെല്ലുന്നവരെ കടിക്കാൻ. ഇവർ എഴുതുന്ന കവിത ഏത് വകുപ്പിൽപ്പെടുത്തും? കരിങ്കൽ കഷണം പോലെയായിരിക്കും അതിലെ വാക്കുകൾ .അതിൽ മനുഷ്യനോ ജീവനോ ഉണ്ടാവില്ല. എത്ര ഉദാഹരണങ്ങൾ വേണമെങ്കിലും നിരത്താം.

കവിതയും സാഹിത്യവുമൊക്കെ നമ്മുടെ അനുഭവങ്ങളുടെ ഒരു ഓഹരിയാണ് .ആത്മീയാനുഭവം ,മനനം ,എല്ലാം അതിന്റെ ഭാഗമാണ് .ഒരു Mind ഉണ്ടാകണം .തന്നെ തനിക്ക് മനസ്സിലാക്കാൻ കഴിയുന്ന ഒരു Mind .ഇന്നു അത് വല്ലതുമുണ്ടോ? പറിച്ചുനട്ട അലങ്കാരച്ചെടികളെപോലെയാണ് അവർ. എന്നാൽ കാട്ടിൽ വളരുന്ന മരങ്ങൾ അങ്ങനെയല്ല. യന്ത്രസമാനമായ, സൗഹൃദമുക്തമായ, വരണ്ടുപോയ, വികാരങ്ങൾക്കിടമില്ലാത്ത, ധനാർത്തി മൂത്ത ഇന്നത്തെ കവികൾക്കും  എഴുത്തുകാർക്കും നല്ല വായനക്കാരെ സ്വാധീനിക്കുന്ന ഒരു വാക്യമെഴുതാനാവില്ല.

Monday, September 26, 2022

അഭിമുഖം /എം.കെ. ഹരികുമാർ / റഷീദ് പാനൂർ

ഒരു ഉന്നതമായ കലാസൃഷ്ടി യാഥാസ്ഥിതികവും അക്കാദമികവുമായ വീക്ഷണങ്ങളെ ധ്വംസിക്കുകയാണ് ചെയ്യുന്നത്

 

 





മൂല്യശ്രുതി*

സ്വതന്ത ചിന്തകനും നവവിമർശകനുമായ എം.കെ.ഹരികുമാർ വിവിധ ദാർശനികമണ്ഡലങ്ങളെയും സാഹിത്യകൃതികളെയും സംയോജിപ്പിച്ചു കൊണ്ട് സ്വകീയമായ ആശയധാരകളും സൗന്ദര്യലോകവും സൃഷ്ടിച്ച പശ്ചാത്തലത്തിൽ ഒരു സംഭാഷണം  .

മലയാളത്തിൽ ആധുനികതാ വിമർശനത്തിനു തുടക്കം കുറിച്ച  ‘ആത്മായനങ്ങളുടെ ഖസാക്ക് ‘(1984) എന്ന വിമർശനകൃതിയിലൂടെ ശ്രദ്ധേയനായ ഹരികുമാർ വിവിധ ചിന്താപദ്ധതികളിലൂടെയും ദാർശനിക പാഠങ്ങളിലൂടെയും സ്വന്തം  സിദ്ധാന്തങ്ങളിലൂടെയും ഈടുറ്റ ഒരു സാഹിത്യസംസ്കാരം സൃഷ്ടിച്ചിരിക്കുന്നു. ഹരികുമാർ മലയാളത്തിലെ ഒരു ഒറ്റയാനാണ്, വീക്ഷണത്തിലും അതിർത്തികളെ മായ്ച്ചു കളയുന്ന നൂതന സർഗാത്മക ,ചിന്താസരണികളിലും . രാഷ്ട്രീയപാർട്ടികളുടെയോ ക്ലിക്കുകളുടെയോ പിൻബലമില്ലാതെ കഴിഞ്ഞ നാല്പത്തിയൊന്നു വർഷമായി എഴുതുകയാണ്. തൻ്റെ കോളേജ് പഠനകാലത്ത് ,ആധുനികതയുടെ മധ്യാഹ്നസൂര്യൻ കത്തി നിന്ന കാലത്ത് ആത്മീയശക്തിയോടെ സ്വതന്ത്ര വിചാരമേഖലകളിലേക്ക് ധീരമായി പ്രവേശിക്കുകയായിരുന്നു ഹരികുമാർ.ഒരു കലാകാരനായ വിമർശകനാണ് അദ്ദേഹം. മലയാളം ക്ലാസിക് വിമർശനവും നവീന വിമർശനവും വെറും തകരച്ചെണ്ടയാണെന്നു ഹരികുമാർ വാദിക്കുന്നത് സ്വന്തം നവീന സിദ്ധാന്തങ്ങളുടെ ബലത്തിലാണ്. കോളിൻ വിത്സൻ ,എഫ്. ആർ .ലീവ്‌സ് ,ഡേവിഡ് ലോഡ്ജ് ,ടി.എസ്. എലിയട്ട്, സ്റ്റീഫൻ സ്പെൻഡർ തുടങ്ങിയ പാശ്ചാത്യ വിമർശകരുടെ നിഴൽ മാത്രമാണ് നമ്മുടെ വിമർശനമെന്ന് ഹരികുമാർ ചിന്തിക്കുന്നു. ഈ വിചാരങ്ങൾക്ക് ഇപ്പോൾ കാലത്തിൻ്റെ പിന്തുണ ലഭിച്ചിരിക്കുന്നു എന്നതിനു തെളിവാണ് ഹരികുമാറിനു നല്ല വായനക്കാരിൽ നിന്നു കിട്ടുന്ന ആവേശകരമായ പിന്തുണ. മലയാളത്തിൽ ഇപ്പോഴുള്ള ഒരേയൊരു കോളമിസ്റ്റാണ് അദ്ദേഹം .നവാദ്വൈതം ,സ്യൂഡോ മോഡേണിസം തുടങ്ങിയ ദർശനങ്ങളിലൂടെ ഹരികുമാർ മലയാള വിമർശനത്തിനു ഒരു പുതിയ മുഖം നല്കിയിരിക്കുന്നു. അദ്ദേഹം തൻ്റെ ധൈഷണികലോകം ഇവിടെ അനാവരണം ചെയ്യുന്നു.

ചോദ്യം: താങ്കളുടെ ‘അക്ഷരജാലകം’ ഇരുപത്തഞ്ചാം വർഷത്തിലേക്ക് കടന്നിരിക്കുന്നു. 1998 ഫെബ്രുവരിയിൽ കേരളകൗമുദിയുടെ എഡിറ്റോറിയൽ പേജിലായിരുന്നല്ലോ തുടക്കം. ഇപ്പോൾ അത് മെട്രോവാർത്തയിൽ തുടരുന്നു. ഇത്രയും ദീർഘകാലമായി തുടരുന്ന ഒരു സാഹിത്യപംക്തി ഇപ്പോൾ വേറെയില്ല .എങ്ങനെയാണ് താങ്കൾ ഈ പംക്തിയിൽ ഓരോ ആഴ്ചയിലും പുതിയ ആശയങ്ങൾ അവതരിപ്പിക്കുന്നുത് ?

എ.കെ.ഹരികുമാർ :ഞാൻ കുറച്ചൊക്കെ വായിക്കാറുണ്ട്. എനിക്ക് പ്രയോജനമില്ലാത്ത കാര്യങ്ങൾ വായിക്കാറില്ല. മനനം ചെയ്യുന്നതാണ് എൻ്റെ രീതി. ആഗോള സാഹിത്യചലനങ്ങളും ചിന്തകളും പരമാവധി ശ്രദ്ധിക്കാറുണ്ട്. എന്തെങ്കിലും നവീനമായ ഒരാലോചന വേണം. എങ്കിലേ കോളം ലൈവാകൂ. ഇൻറർനെറ്റിൽ സൗജന്യമായി, പുസ്തകങ്ങളുടെ പി.ഡി.എഫ് കിട്ടും. ഉത്തര- ഉത്തരാധുനികത ,നവാദ്വൈതം ,സംസ്കാരം തുടങ്ങിയ ആശയങ്ങൾ ആദ്യമായി ഞാൻ എഴുതിയത് ഈ കോളത്തിലാണ്.  

ചോദ്യം :വാക്കുകളുടെ അർത്ഥം എവിടെയാണ് തിരയുക ?

എം കെ .ഹരികുമാർ :നിഘണ്ടുവിനു പുറത്ത്. അറിഞ്ഞതിനു അപ്പുറത്തേക്ക് പോകാൻ അതാണ് മാർഗം.

ചോദ്യം: ഇന്ന് പ്രേമിക്കുന്നതും വേർപെടുന്നതും വേഗത്തിലാണ് .എന്തുകൊണ്ടാണിത് സംഭവിക്കുന്നത് ?

എം.കെ. ഹരികുമാർ: വേഗം പുതിയ സംസ്ക്കാരമാണ്. വേഗത്തെ കീഴടക്കാനാണ് പ്രേമിക്കുന്നത്. പ്രേമത്തെ പോലെ പ്രധാനമാണ് വേർപെടുന്നതും .പ്രേമിച്ചു കഴിയുമ്പോൾ വേഗം നിന്നു പോവുന്നു.

ചോദ്യം: എന്താണ് ജീവിതത്തിൻ്റെ അനന്യത ?

എം.കെ. ഹരികുമാർ :മറ്റുള്ളവരിലല്ല നമ്മൾ ജീവിക്കുന്നത്; നമ്മളിലാണ്. നമ്മൾ തന്നെയാണ് അനന്യത. നമ്മളിലാണ് ചരിത്രമുള്ളത്. നമ്മൾ ജീവിക്കാത്ത ക്രിസ്തുവാണ്. മനസിലാക്കപ്പെടാത്ത മാനസാന്തരമാണ്.

ചോദ്യം: സാഹിത്യം എന്താണ് ?

എം.കെ.ഹരികുമാർ: സാഹിത്യമല്ലാത്തതായി യാതൊന്നുമില്ല. ഒരു കാക്ക കരയുന്നതു പോലും സാഹിത്യമാണ്. അതിൽ ഒരാഖ്യാനമുണ്ട്. അതാകട്ടെ പല തരം ടെക്സ്റ്റുകളുമാണ്.

ചോദ്യം: സ്വതന്ത്രചിന്ത ,സ്വതന്ത്ര വിമർശനം ,സ്വന്തമായ സർഗാത്മകത  എന്നൊക്കെ പറയുന്നതിനെ താങ്കൾ എങ്ങനെയാണ് നോക്കിക്കാണുന്നത്? നമ്മുടെ സാഹിത്യത്തിൽ ഇങ്ങനെയുള്ള ചിന്തകൾക്ക് എന്തെങ്കിലും പ്രസക്തിയുണ്ടോ? താങ്കൾ സ്വാതന്ത്ര്യത്തിനായി എന്താണ് ചെയ്യുന്നത് ?എന്താണ് സ്വാതന്ത്യം ?

എം.കെ.ഹരികുമാർ :മഹാഭാരതത്തിലെ ധർമ്മം പോലെ തന്നെ സങ്കീർണമായ ഒരാശയമാണ് ഇന്ന് സ്വാതന്ത്ര്യം. ജീവിതം സാങ്കേതികമായി വ്യതിചലിക്കുന്നതോടെ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ആശയങ്ങളും മാറുകയാണ്. ഓൺലൈൻ ,സമൂഹമാധ്യമങ്ങൾ തുടങ്ങിയവയെല്ലാം സ്വാതന്ത്യത്തിൻ്റെ ചിഹ്നങ്ങളാണ്. എന്നാൽ സ്വാതന്ത്യം കൊണ്ട് നമുക്കൊന്നും ചെയ്യാനില്ല .നമ്മൾ സ്വാതന്ത്ര്യത്തിൻ്റെ അടിമകളാണ് ;പുതിയ അശരീരികൾ .ശരീരംകൊണ്ട് സ്വാതന്ത്ര്യം ഉപയോഗിക്കാനാവില്ല. മനുഷ്യനുള്ള സ്വാതന്ത്ര്യത്തേക്കാൾ അവൻ്റെ സന്ദേശങ്ങൾക്കും പ്രതിഛായകൾക്കുമാണ് സ്വാതന്ത്ര്യമുള്ളത്. ഏറ്റവും ദരിദ്രനായ ,അപമാനിതനായ വ്യക്തിയുടെ സന്ദേശങ്ങൾക്ക് അവനേക്കാൾ സ്വാതന്ത്ര്യമുണ്ട്. സ്വാതന്ത്ര്യം ,വ്യക്തികളെ പിന്നിലുപേക്ഷിച്ച് മുന്നോട്ടുപോകുകയാണ്. അത് ആത്യന്തികമായി നിർമ്മിക്കുന്നത് ഒരു പ്രത്യേകതരം ശൂന്യതയാണ് ,മനുഷ്യനിർമ്മിതമായ ശൂന്യത (Human Emptiness)

നമ്മുടെ സാഹിത്യത്തിൽ സ്വാനുഭവങ്ങൾക്കോ ,സ്വന്തം അഭിപ്രായങ്ങൾക്കോ, സ്വന്തം ആവിഷ്കാരങ്ങൾക്കോ ആരും വില കൊടുക്കുന്നതായി കാണുന്നില്ല. വ്യക്തിപരമായ സ്വാതന്ത്ര്യം എന്താണെന്ന് അറിയാതെയാണ് പുതുതലമുറ എഴുത്തുകാർ വരുന്നത്. സംഘടനയുടെ അഭിപ്രായമാണ് ഇന്ന് എഴുത്തുകാർക്കുള്ളത്. വ്യക്തികൾ ഇല്ലാതായി. ഇന്ന് എല്ലാവർക്കും ഒന്നിൽ കൂടുതൽ സംഘടനകളുണ്ട്. സംഘടനകളുടെ അഭിപ്രായം സമൂഹത്തെ നിയന്ത്രിക്കുന്നു. വ്യക്തികളുടെ മൂല്യങ്ങളായ സ്നേഹം, സഹിഷ്ണുത ,ക്ഷമ ,കാത്തിരിപ്പ്, മൗനം, ഓർമ്മ, വികാരങ്ങൾ തുടങ്ങിയവ ഇപ്പോൾ നാമാവശേഷമായിക്കൊണ്ടിരിക്കുന്നു . നിങ്ങളുടെ കൈയിൽ പണമുണ്ടെങ്കിൽ ചിന്തകൾ പുസ്തകത്തിൽ പ്രസിദ്ധീകരിക്കാം. രാഷ്ട്രീയകക്ഷികളുടെ ചിന്തകളും അതിൻ്റെ പരിപ്രേക്ഷ്യങ്ങളുമാണ് നമ്മുടെ സാഹിത്യകൃതികളിൽ ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത്.

എന്തിനും ഒരു പുരസ്കാരം ഉറപ്പാണ്.  ടെലിവിഷൻ ,മറ്റു മാധ്യമങ്ങൾ തുടങ്ങിയ ഇടങ്ങളിലെല്ലാം എല്ലാ ആർട്ടിഫാക്റ്റുകളും പുരസ്കൃതമാവുകയാണ്.സമൂഹം പൂർണമായി അഴിമതിയുടെ ചെളിയിലേക്ക് വീണു എന്നാണ് ഇത് കാണിക്കുന്നത്. എല്ലാ പ്രവർത്തനവും പുരസ്കാരത്തിനായി തെരഞ്ഞെടുക്കപ്പെടുന്നത് , സമൂഹത്തിൽ മൂല്യങ്ങളെപ്പറ്റിയുള്ള വിചാരവും വിവേചനബുദ്ധിയും  ഇല്ലാതാക്കിയിരിക്കുന്നു. ഒരു വാർത്ത എഴുതുകയോ ,വാർത്ത വായിക്കുകയോ ചെയ്താൽ  അവാർഡ് കിട്ടുമെന്ന് ഉറപ്പാണ്. ഒരു കവിതയെഴുതിയാൽ അവാർഡ് കിട്ടും.

എല്ലാവർക്കും പറയാൻ ധാരാളം അവാർഡുകളുണ്ട്. ഓരോ എഴുത്തുകാരൻ്റെയും ബയോഡേറ്റ നീണ്ടു നീണ്ടു പോവുകയാണ്. പക്ഷേ ,സ്വന്തമായ ചിന്തയോ ഉള്ളടക്കമോ ഉണ്ടാകുന്നില്ല .ബയോഡാറ്റയായി വരുന്നത് പൊങ്ങച്ചമാണ്. ഇതിനു സർഗ്ഗപ്രതിഭയുമായി ബന്ധമില്ല. ഇങ്ങനെയാണ് സംവേദനശേഷി മരിക്കുന്നത് .സർഗാത്മകതയെപ്പറ്റിയുള്ള ചർച്ചകൾ ഇന്ന് ആരും ഏറ്റെടുക്കുന്നില്ല .അതൊക്കെ ഇന്നു ബാധ്യതയാണ്. ഒരു ആനുകാലികത്തിൽ പോലും അത് വരുന്നില്ല.

മറ്റുള്ളവരുടെ കൃതികളിൽ നിന്ന് മോഷ്ടിച്ചെടുത്ത് സ്വന്തമായി ഒന്നും കൂട്ടിച്ചേർക്കാതെ ഉപയോഗിച്ചാൽ മതി, പാഠപുസ്തകങ്ങളിൽ വരെ കയറിപ്പറ്റാം.

ഞാൻ എൻ്റെ സ്വാതന്ത്ര്യം കണ്ടെത്താൻ വേണ്ടി പരീക്ഷണം നടത്തുകയാണ് .ഒരു നോട്ടത്തിൽ പോലും സ്വാതന്ത്ര്യമുണ്ട്. സൂര്യോദയം കാണാൻ തോന്നുന്നതിൽ പോലും സ്വാതന്ത്ര്യമുണ്ട്. ഏകനായിരിക്കാൻ സ്വാതന്ത്ര്യം വേണം. പ്രേമിക്കാൻ സ്വാതന്ത്യം വേണം .ഇതെല്ലാം അശരീരികളുടെ കാലത്തെ സ്വാതന്ത്യമാണ്.

പാഠപുസ്തകങ്ങളിൽ കൃതികൾ തെരഞ്ഞെടുക്കുന്നതിൽ വൻ അഴിമതി നടക്കുകയാണ്. മനുഷ്യൻ മൊബൈൽ സ്ക്രീനിലേക്ക് ജീവിതം ചുരുക്കിയ ഈ ഉത്തര- ഉത്തരാധുനിക കാലത്ത് പ്രകൃതിയുമായുള്ള ബന്ധം അറ്റുപോയിരിക്കുന്നു. ജോൺ ബറൗസിൻ്റെ(John Burroughs) The Art of Seeing Things  എന്ന ലേഖനത്തിൽ പറയുന്നത് പോലുള്ള പ്രകൃതിയുടെ അനുഭവം ഇന്നത്തെ തലമുറയ്ക്ക് അപ്രാപ്യമായി കഴിഞ്ഞു. ബറൗസ് എഴുതുന്നു: The eye sees what it has the means of seeing, and it’s means of seeing are in proportion to the love and desire behind it.

ഞാൻ സ്വതന്ത്രനായിരിക്കാൻ ആദ്യം ചെയ്തത് ഒരു സംഘടനയിലും അംഗമാകില്ല എന്നു  തീരുമാനിക്കുകയായിരുന്നു. അതിപ്പോഴും പാലിക്കുന്നു. എനിക്ക് രാഷ്ട്രീയമുണ്ട് .പക്ഷേ, കക്ഷിരാഷ്ട്രീയമല്ല. എഴുതാനിരിക്കുമ്പോൾ സംഘടനകളോ നേതാക്കളോ നമ്മെ അലട്ടരുത്.

അതുകൊണ്ട് എനിക്ക് പലയിടങ്ങളിൽ നിന്നും മാറിനിൽക്കേണ്ടി വന്നിട്ടുണ്ട്.

ഒരു നല്ല വാചകമെഴുതണമെങ്കിൽ  ഓർമ്മയെ സ്വതന്ത്രമാക്കണം. സ്വാതന്ത്ര്യം കടൽപോലെ മനസ്സിൽ അടിച്ചുയർന്നാൽ മാത്രമേ നമുക്ക് സർഗ്ഗാത്മകതയുടെ ആവിഷ്കാരത്തിലേക്ക് പ്രവേശനം  കിട്ടുകയുള്ളു. സറിയലിസ്റ്റിക് മനോഭാവം മനസ്സിൻ്റെ ഏതൊരവസ്ഥയ്ക്കും ബാധകമാണെന്ന് ഫ്രഞ്ച് നാടകകൃത്ത് അഥൊന അർത്തൊ (Antonin Artaud) പറയുന്നുണ്ട്:

This revolution aspires to a general devaluation of values, a depreciation of the mind, a demineralising of the obvious,an absolute and perpetual confusion of languages,an unleveling of thought  .

ചോദ്യം: താങ്കൾ ആത്മായനങ്ങളുടെ ഖസാക്ക് എഴുതിയത് 1984 ലാണ്. ആദ്യ ലേഖനം 1981 ൽ അച്ചടിച്ചു വന്നു. ആധുനികതാവിമർശനത്തിൻ്റെ ആദ്യകാലത്ത് തന്നെ പുറത്തു വന്ന താങ്കളുടെ ആദ്യ പുസ്തകം തമസ്കരിക്കപ്പെട്ടു എന്ന് പറയാമോ ?

എം.കെ.ഹരികുമാർ : അന്ന് മാധ്യമങ്ങൾ കുറവാണല്ലോ. എങ്കിലും എനിക്ക് വലിയ പിന്തുണ കിട്ടിയില്ല .എന്നാൽ നോവലിസ്റ്റ് വിലാസിനി എന്നെ തൃശൂരിലെ വീട്ടിലേക്ക് ക്ഷണിച്ച് അനുമോദിക്കുകയുണ്ടായി. അദ്ദേഹം പറഞ്ഞത് മറ്റുളളവർ ചെറിയ ലേഖനങ്ങൾ എഴുതിയപ്പോൾ ഹരികുമാർ ഒരു നോവലിനെക്കുറിച്ച് ആധുനികതയുടെ എല്ലാ നിയമലംഘനങ്ങളോടെയും ഒരു പുസ്തകം എഴുതിയത് അസാധാരണമായിരിക്കുന്നു എന്നാണ്. മറ്റാരും ഒരു നോവലിനെ മാത്രം അധികരിച്ച് ഒരു പുസ്തകം എഴുതിയിട്ടില്ലല്ലോ. മാധ്യമങ്ങൾ ആ പുസ്തകത്തിന് കാര്യമായ പിന്തുണ തരാതിരുന്നതിനു പ്രധാനം കാരണം അത് പെട്ടെന്ന് മനസ്സിലാക്കാൻ പ്രയാസമാണെന്നതായിരുന്നു.  സാമ്പ്രദായിക ലേഖന രചനകൾക്ക് ബദലായിട്ടാണ് എൻ്റെ പുസ്തകം രൂപപ്പെട്ടത്. വളരെ നിഗൂഢവും രഹസ്യാത്മക സ്വഭാവമുള്ളതുമാണ് എൻ്റെ അന്നത്തെ ഗദ്യം. അത് സംഭവിച്ചു പോയതാണ്. കലാശാല പ്രബന്ധങ്ങളിൽ നിന്ന് തീർത്തും വ്യത്യസ്തമായ ഒരു സറിയലിസ്റ്റിക്ക് ഗദ്യമാണ് ഞാൻ കണ്ടെത്തിയത് .അത് കേവലം ഒരു പഠനമല്ല; വായനക്കാർക്ക് നോവൽ എന്താണെന്ന് വിശദീകരിക്കുകയായിരുന്നില്ല എൻ്റെ ലക്ഷ്യം. ഞാൻ ‘ഖസാക്കിൻ്റെ  ഇതിഹാസ’ത്തെക്കുറിച്ച് ഒരു വിമർശനമെഴുതി എന്നു പറയുന്നതുപോലും തെറ്റാണ് .എൻ്റെ കലാപരമായ അനുഭവമാണത്. വാൻഗോഗ് ,മാറ്റിസ് തുടങ്ങിയവർ  പെയിൻറുകൊണ്ട് എന്ത് ചെയ്തുവോ അതുപോലെ വാക്കുകൾകൊണ്ട് ചില ആവിഷ്കാരങ്ങൾ എന്നിലൂടെ സംഭവിക്കുകയായിരുന്നു. ചിലപ്പോൾ അർത്ഥം നഷ്ടപ്പെടുന്നു ,ചിലപ്പോൾ യുക്തിയും. എങ്കിലും അത് ആവിഷ്കാരമാണ്. എല്ലാം എല്ലാവർക്കും മനസിലാവണമെന്ന ശാഠ്യം കലയുടെ മേഖലയിൽ നിലനില്ക്കില്ല;ഉത്തരക്കടലാസിൻ്റെ കാര്യത്തിൽ ശരിയായിരിക്കും. നീണ്ട വാചകങ്ങളും യുക്തിക്ക് വഴങ്ങാത്ത പ്രയോഗങ്ങളും അതീന്ദ്രിയമായ ആവിർഭാവങ്ങളും ഗദ്യത്തിൻ്റെ നിഷ്കളങ്കവും കലാപരവും സൗന്ദര്യാത്മകവുമായ ഒരു വിതാനമായി മാറി.

അത് വളരെയേറെ ഇഷ്ടത്തോടെ  സ്വീകരിച്ച വായനക്കാരുണ്ട്. വ്യാഖ്യാനം എൻ്റെ മനസ്സിൽ നടന്നിട്ടുണ്ടാകാം. എന്നാൽ ഞാൻ മറ്റൊരു ആന്തരിക യുക്തിയാണ് ഉപയോഗിച്ചത്. എൻ്റെ ആത്മാവിൽ സംഭവിച്ച ഒരു വാഗ്സ്ഫോടനമാണത്. വാക്കുകൾ അതിൻ്റെ ജനിമൃതികളിലൂടെ ഉല്പത്തി തേടുകയായിരുന്നു. ആധുനികതാവിമർശനമെന്ന തലത്തിൽ ചില മാധ്യമങ്ങൾ ഉയർത്തി ക്കാണിച്ചത് മറ്റു ചിലരുടെ കൃതികളാണെന്ന് പറയട്ടെ. ഒരു പോസ്റ്റ് ഗ്രാജുവേറ്റ് വിദ്യാർത്ഥി എഴുതിയ ആ പുസ്തകം പ്രോത്സാഹിപ്പിക്കപ്പെടാനുള്ള സാഹചര്യമില്ലായിരുന്നു .എനിക്ക് ഒരു ഗോഡ്ഫാദറുമില്ലായിരുന്നു. എഴുത്തിൻ്റെ ആഭിചാരത്തിനു  വിധേയനായ ഒരു യുവാവായിരുന്നു ഞാൻ.

ചോദ്യം :’ആത്മായനങ്ങളുടെ ഖസാക്ക്’ ആധുനികതാവിമർശനത്തിനു വിപ്ളവകരമായി തുടക്കം കുറിച്ചു എന്നാണോ താങ്കളുടെ അഭിപ്രായം ?

എം.കെ.ഹരികുമാർ :കലാപരമായി വിമർശനത്തെ അനുഭവിക്കുന്ന ഒരു കൃതിയാണ്‌ ‘ആത്മായനങ്ങളുടെ ഖസാക്ക് ‘.അതുപോലൊരു കൃതി അതിനുമുമ്പോ ശേഷമോ ഉണ്ടായിട്ടില്ല. പലരും നോവലുകളെക്കുറിച്ച് ,കവിതകളെക്കുറിച്ച് ലേഖനങ്ങൾ എഴുതിയിട്ടുണ്ടാകാം. എന്നാൽ ഒരു നോവലിനെക്കുറിച്ച് മാത്രം പ്രതിപാദിക്കുന്ന ഒരു മുഴുനീള പുസ്തകം വേറെ ഏതാണുളളത്.

ഞാൻ കലാശാല സങ്കൽപ്പത്തിലുള്ള വിമർശനമല്ല എഴുതിയത്. എപ്പോഴും കലാപരവും തത്ത്വചിന്താപരവുമായ വഴികളാണ് ഞാൻ തിരഞ്ഞെടുത്തിട്ടുള്ളത്.മനസിലാകുന്നില്ല എന്ന പരാതി മഹത്തായ കലയുടെ മുന്നിൽ വിവരമുള്ളവർ ഉന്നയിച്ചിട്ടില്ല.

മറ്റു ആധുനികതാവിമർശകർ, ആദരവ് നിലനിർത്തിക്കൊണ്ട് പറയട്ടെ , എഴുതിയതെല്ലാം ലേഖനങ്ങളാണ് .ഞാൻ ‘വീണപൂവ് കാവ്യങ്ങൾക്ക് മുമ്പേ ‘ എന്ന പുസ്തകത്തിലും എൻ്റെ നിലപാട് തുടർന്നു. അമൂർത്തം എന്ന് വിളിക്കപ്പെട്ടു എങ്കിലും ‘ആത്മായനങ്ങളുടെ ഖസാക്കി’ൽ ഒരു കലാകാരൻ്റെ ,സൗന്ദര്യാന്വേഷകൻ്റെ  മനസ്സുണ്ട്. സൗന്ദര്യദാഹിയെ ,അന്തർദാർശനികനെ ഒരു സ്കൂളിനും പരിമിതപ്പെടുത്താകില്ല .കാരണം, അങ്ങനെയുള്ള എഴുത്തുകാർ ഒരു പുതിയ സ്കൂളിൻ്റെ പിറവിക്ക് കാരണമായിത്തീരുകയാണ്.

സ്പാനീഷ് തത്ത്വചിന്തകൻ ഒർട്ടേഗാ ഇ ഗാസറ്റ് (Ortega Y Gasset) കവിയുടെ പ്രവർത്തനത്തെക്കുറിച്ച് പറഞ്ഞത് കാവ്യാത്മക സറിയലിസമായ എൻ്റെ വിമർശനത്തിനും ബാധകമാണ്:

The poet begins where the man ends. The man’s lot is to live this human life. The poet is to invent what is nonexistent .

വിമർശനത്തിൻ്റെ ഒരു ഘട്ടം കഴിയുമ്പോൾ വിമർശകർ കലയിലാണ് എത്തിച്ചേരുന്നത്.

ചോദ്യം: എങ്ങനെയാണ് ‘ആത്മായനങ്ങളുടെ ഖസാക്ക് ‘ഒരു സ്കൂൾ നിർമ്മിക്കുന്നത്?

എം.കെ.ഹരികുമാർ: അത് ഒരിടത്തും പഠിച്ചതോ പഠിപ്പിച്ചതോ ആയിട്ടുള്ള ഭാഷയോ ചിന്തയോ അല്ല .ഒരു സാഹിത്യകലാകാരൻ്റെ മനസ്സിൻ്റെ അടിത്തട്ടിലുള്ള പ്രതിഫലനങ്ങളും അതീന്ദ്രിയ ഉന്മാദങ്ങളുമാണത്. അതിനെ കേവല വിമർശനത്തിൻ്റെ പരിമിതിക്കുള്ളിലല്ല തളച്ചിടേണ്ടത്. അത് അന്തർദർശനപരമാണ്.   കലാകാരൻ്റെ മനസ്സിലെ പ്രതിഫലനങ്ങൾ മതി. വാക്കുകളിൽ വിസ്ഫോടനങ്ങളുണ്ടാകുന്നു .അതിനെ സാമ്പ്രദായികവിമർശത്തിൻ്റെ  പരിമിതിക്കുള്ളിലല്ല കണേണ്ടത്. ഭാഷയിലൂടെ എഴുത്തുകാരൻ പുനർജനിക്കുകയാണ്. സാൽവദോർ ദാലിയുടെ ചിത്രങ്ങളുടെ അർത്ഥമെന്താണെന്ന് ചോദിക്കുന്നത് അപരിഷ്കൃതമാണ്.

ആത്മായനങ്ങളുടെ ഖസാക്ക് ആസ്വദിക്കാൻ ഒരു പുതിയ അവബോധം ആവശ്യമാണ്. അത് കലയുടെ ഉന്നതമായ കാഴ്ചയാണ്. നമ്മുടെ നാട്ടിൽ യാഥാസ്ഥിതികമായ സ്ഥാപനങ്ങൾ അംഗീകരിച്ചു ചൂണ്ടിക്കാട്ടുന്നത് മാത്രമാണ് പൊതുവെ സ്വീകാര്യത നേടുന്നത് .പരമ്പരാഗത സ്കൂളുകളുടെ പരിധിക്കകത്താണ് നമ്മൾ കഴിയുന്നത്. സർക്കാർ സംവിധാനങ്ങളോ കലാശാലകളോ പിന്താങ്ങുന്ന കലാസൃഷ്ടികളെയാണ് നാം ആഘോഷിക്കുന്നത് .ഇത് അങ്ങേയറ്റം പ്രതിലോമകരമാണ്. ഒരു ഉന്നതമായ കലാസൃഷ്ടി യാഥാസ്ഥിതികവും അക്കാദമികവുമായ വീക്ഷണങ്ങളെ ധ്വംസിക്കുകയാണ് ചെയ്യുന്നത്.അപരിചിതമായ ഒരു നടത്തയാണ് ഉണ്ടാകുന്നത്. ഒരു കാലത്ത് അദ്ധ്യാപകർ വിദ്യാർത്ഥികൾക്ക് വഴികാട്ടികളായിരുന്നെങ്കിൽ ഇന്ന് അവർ വ്യവസ്ഥാപിതമായിത്തന്നെ എല്ലാ സ്വതന്ത്ര അന്വേഷണങ്ങൾക്കും എതിരായിത്തീർന്നിരിക്കുന്നു. ഏറ്റവും അഗാധമായ ഒരു ഗർത്തത്തിനു മുകളിലൂടെ ഒറ്റയ്ക്ക് കയറിൽ നടക്കുന്ന പോലെ സാഹസികമാണത്.

അവർ സിലബസ് ,ക്ളാസ് റൂം എന്നിവയുടെ ചുറ്റുമതിലുകൾക്കുള്ളിൽ സുരക്ഷിതമായി കഴിയാനാണ് ഇഷ്ടപ്പെടുന്നത്. അവർ സാമ്പ്രദായിക രാഷ്ടീയത്തിൻ്റെയും അക്കാദമിക യാഥാസ്ഥിതികത്വത്തിൻ്റെയും പ്രചാരണമാണ് ഏറ്റെടുക്കുന്നത്.

നവീനമായ ,സാഹസികമായ ഒരു സൗന്ദര്യവിചാരത്തെയും പിന്തുണയ്ക്കാത്ത വിഭാഗമാണ് , പൊതുവേ അദ്ധ്യാപകർ. അതാണ് എന്നെപോലെയുള്ളവരെ നിരാശപ്പെടുത്തുന്നത്. ആത്മായനങ്ങളുടെ ഖസാക്ക് ഇറങ്ങി മുപ്പത്തിയെട്ട് വർഷമായിട്ടും ഒരു കലാശാല അധ്യാപകനോ, കലാശാല സ്ഥാപനമോ ഇതുവരെ ഈ പുസ്തകത്തെക്കുറിച്ച് ഒരു ലേഖനം പോലും എഴുതിയില്ല .അതിൻ്റെ ഫലമായാണ് മാധ്യമങ്ങളും പിന്നോട്ട് പോയത്.

ചോദ്യം: ആത്മായനങ്ങളുടെ ഖസാക്കിനെക്കുറിച്ച് ആധുനികതാവിമർശകർ എന്തുകൊണ്ടാണ് പ്രതികരിക്കാതിരുന്നത്‌ ?

എം.കെ. ഹരികുമാർ :അവരുടെ തലമുറയിൽപ്പെടാത്തതുകൊണ്ടാവാം. കോളേജ് അധ്യാപകനല്ലാത്തതുകൊണ്ടുമാവാം.  നവീനം എന്ന് വിളംബരം ചെയ്യപ്പെട്ട ആധുനികതാവിമർശനത്തിന് , കലാസൃഷ്ടി തന്നെയായി നില്ക്കുന്ന എൻ്റെ വിമർശനത്തെ നേരിടാനുള്ള ഉപകരണങ്ങളില്ലായിരുന്നു.

ചോദ്യം :ആധുനികതാവിമർശനത്തിനു ഈ കൃതി എന്ത് സംഭാവനയാണ് മുഖ്യമായി നല്കുന്നത് ?

എം.കെ.ഹരികുമാർ :വിമർശനം എന്ന യുക്തിബോധത്തെ തീക്ഷ്ണമായ കലാനുഭവത്തിലേക്ക് രൂപാന്തരപ്പെടുത്തുന്നത് ,മലയാള വിമർശനത്തിൽ ഇതാദ്യമാണ്. അക്കാദമിക് ചിന്താമണ്ഡലത്തിൽ നിന്ന് സമ്പൂർണമായി ഇത് മാറി നില്ക്കുകയാണ്.ഇത് ഒരു സൃഷ്ടിയാണ്.  

ചോദ്യം: താങ്കളുടെ കൃതിയിൽ ഖസാക്കിൻ്റെ ഇതിഹാസം എഴുതിയ ഒ.വി. വിജയൻ ഒരു കഥാപാത്രമാണെന്ന് എഴുതിയത് ഓർക്കുന്നു. ഒരു വിമർശനകൃതിയിൽ നോവലിസ്റ്റ് കഥാപാത്രമാകുന്നത്  എങ്ങനെയാണ് ?

എം.കെ. ഹരികുമാർ :അത് എൻ്റെ  വായനയെക്കുറിച്ചുള്ള ആശയമാണ്. ഒരാൾ ഒരു കൃതി വായിക്കുമ്പോൾ അതെഴുതിയ ആളിനെയും വായിക്കുകയാണ് .കഥാപാത്രങ്ങളുടെ മനസ്സും പ്രകൃതിയുമാണ്  വിവരിക്കപ്പെടുന്നതെങ്കിലും അതിലൂടെ നോവലിസ്റ്റ് സംസാരിക്കുന്നുണ്ട്.

അത് വേറൊരു വ്യക്തിയാണ്.

എൻ്റെ കൃതിയിലെ കഥാപാത്രം ഒ.വി വിജയൻ എന്ന വ്യക്തിയല്ല; ഖസാക്കിൻ്റെ ഇതിഹാസം എഴുതിയ മറ്റൊരാളാണ്.അത് വിജയൻ എന്ന യഥാർത്ഥ വ്യക്തിയല്ല .വിജയനിൽ  പ്രത്യക്ഷത്തിൽ കാണാത്ത മറ്റൊരു വ്യക്തിയാണ്. അത് കഥ പറയുന്ന അന്തരാത്മാവാണ്. അത് ഭാവനയുടെയും അന്തരംഗത്തിൻ്റെയും വ്യക്തിത്വമാണ്. ആ വ്യക്തിയുമായാണ് വായനക്കാരൻ മൗനത്തിൽ സംവേദനം ചെയ്യുന്നത്. ആ സംവേദനം  തൃപ്തികരമാണെങ്കിൽ നോവൽ തടസ്സമില്ലാതെ വായിക്കാം;  അനുഭവിക്കാം.

ചോദ്യം :സാഹിത്യവിമർശനത്തെ ജീവിതമൂല്യങ്ങളുമായി ,പരിസ്ഥിതിയുമായി ,ആത്മീയതയുമായി ,ഭാവി യുമായി ,മനശ്ശാസ്ത്രവുമായി ബന്ധിപ്പിച്ചാണല്ലോ താങ്കൾ എഴുതുന്നത് . മൂല്യങ്ങൾ ഒരു വഴിക്കും മനുഷ്യർ വേറൊരു വഴിക്കുമാണോ ഇപ്പോൾ സഞ്ചരിക്കുന്നത്?

എം.കെ. ഹരികുമാർ: സാഹിത്യകലയിൽ പണത്തിനാണ് ഇപ്പോൾ ആധിപത്യം .മികച്ച ഒരു വാക്യമോ കൃതിയോ എഴുതിയാൽ കുറെ നല്ല വായനക്കാരെ കിട്ടാതിരിക്കില്ല. എന്നാൽ ബഹുഭൂരിപക്ഷം വായനക്കാരും കറപ്റ്റായി കഴിഞ്ഞു. കറപ്റ്റാക്കുന്നവരുമുണ്ട്. ഫേസ്ബുക്ക് വായനക്കാരെ കറപ്റ്റാക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്നവരുണ്ട്. യാഥാസ്ഥിതിക വായനയും മൂല്യവും നിലനിർത്താനും പോഷിപ്പിക്കാനും ഇന്ന് ആസൂത്രിതമായ ശ്രമങ്ങളുണ്ടാകുന്നത് ഫേസ്ബുക്കിലാണ്. സാഹിത്യത്തെ ഇപ്പോഴും അടക്കി ഭരിക്കുന്നത് ഫ്യൂഡൽ മൂല്യങ്ങളും പണവുമാണ്.

ചോദ്യം: താങ്കൾ എന്തുകൊണ്ടാണ്  മാതൃഭൂമി ആഴ്ചപ്പതിപ്പിലും മറ്റും എഴുതാത്തത് ?

എം.കെ.ഹരികുമാർ: അവർ ആവശ്യപ്പെടാത്തതുകൊണ്ട്. ആവശ്യപ്പെടാതെ ഞാൻ ആർക്കും അയയ്ക്കാറില്ല .എൻ്റെ ലേഖനം ഒരു  ഓഫീസിലും കെട്ടിക്കിടക്കുന്നത് എനിക്കിഷ്ടമല്ല. പെട്ടെന്ന് പ്രതികരിക്കേണ്ടതാണെങ്കിൽ ഞങ്ങളുടെ ഇംപ്രസിയോ വെബ്സൈറ്റിലോ ,എൻ്റെ ബ്ളോഗിലോ പ്രസിദ്ധീകരിക്കും; വാട്സപ്പ് ഗ്രൂപ്പിലിടും. അവിടെ പെട്ടെന്നുതന്നെ ആളുകൾ വന്നു വായിച്ചു തുടങ്ങും .

മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഞാൻ ആദ്യമായി എഴുതുന്നത് 1991ലാണ്. ഞാൻ കഥകളെക്കുറിച്ച് ഒരു ലേഖനം എഴുതിക്കൊണ്ടിരിക്കുകയാണെന്ന് വെറുതെ ഒരു കത്തിലെഴുതിയതാണ്. കത്ത് വായിച്ച ഉടനെ എം.ടി. എനിക്ക്  മറുപടി എഴുതി ,ആ ലേഖനം ഓണപ്പതിപ്പിനു വേണ്ടി അയച്ചു തരണമെന്ന് .ഞാൻ ലേഖനം അയച്ചു .ഓണപ്പതിപ്പിൽ ചേർക്കുകയും ചെയ്തു. എം .കൃഷ്ണൻനായർ ,കെ. പി. അപ്പൻ ,എം.എം. ബഷീർ എന്നിവർ പങ്കെടുത്ത ഒരു സിമ്പോസിയത്തിലാണ് എം.ടി. എൻ്റെ ലേഖനം അച്ചടിച്ചത്.

പിന്നീടും ഞാൻ മാതൃഭൂമിയിൽ  എഴുതിയിട്ടുണ്ട്. എന്നാൽ കുറേ വർഷങ്ങൾക്ക് ശേഷം ആഴ്ചപ്പതിപ്പിൽ ചിലർ വന്നത് എല്ലാം തകിടം മറിച്ചു. ഗൂഢാലോചന നടന്നു. ചിലർ ഒഴിവാക്കപ്പെട്ടു. ഇക്കാര്യത്തിൽ മാനേജ്മെൻറിനെ കുറ്റപ്പെടുത്താനാവില്ല. ഇപ്പോഴത്തെ ആൾക്കാരും എന്നോടൊന്നും ചോദിച്ചില്ല .ഞാൻ അയച്ചിട്ടുമില്ല .മാതൃഭൂമിയുമായി ആത്മബന്ധമുള്ള എന്നെ പതിറ്റാണ്ടിലേറെ കാലമായി അവർ ബഹിഷ്കരിച്ചിരിക്കുകയാണ്, മറ്റു ചിലർക്കു വേണ്ടി.

ചോദ്യം:പുരസ്കാരങ്ങളെക്കുറിച്ച് താങ്കൾ സംശയമുന്നയിക്കുന്നു. എഴുത്തുകാരുടെ ബയോഡേറ്റ വായിക്കുന്നില്ലെന്നു പറയുന്നു .ധാരാളം അവാർഡുകൾ കിട്ടുന്ന കൃതികൾ വായിക്കാതിരിക്കാൻ പരമാവധി ശ്രമിക്കുമെന്ന് പറയുന്നു .ഇതൊക്കെ എങ്ങനെയാണ് ശരിയാകുക? പുരസ്കാരങ്ങൾ വാങ്ങാതെ ഈ മേഖലയിൽ എങ്ങനെ നിലനില്ക്കും ?

എം.കെ.ഹരികുമാർ: മത്സരിക്കുന്നവർ മത്സരിക്കട്ടെ. എഴുതാനുള്ളത് സൂക്ഷ്മമായി എഴുതിയാൽ പോരേ?ഇപ്പോൾ പുരസ്കാരങ്ങൾക്ക് പ്രത്യേകിച്ച് ഒന്നും വിനിമയം ചെയ്യാനില്ല .എല്ലാ സാഹിത്യപ്രവർത്തനവും വല്ലാതെ രാഷ്ട്രീയവത്ക്കരിക്കപ്പെടുകയാണിന്ന്. അപ്പോൾ ബയോഡേറ്റയോട് എങ്ങനെ താത്പര്യം തോന്നും ? പുരസ്കാരങ്ങൾ കിട്ടുന്നത് കൃതികൾക്കാണെങ്കിലും അതിൻ്റെ ഉള്ളടക്കം എവിടെയും ചർച്ച ചെയ്യുന്നില്ല. വ്യക്തികൾ മാത്രം പ്രശസ്തരാവുന്നു. ഇതൊരു വ്യാജ ലോകമാണ്. ഉള്ളടക്കത്തെ പിന്നിൽ ഉപേക്ഷിച്ചു, ഒറ്റയ്ക്ക് സ്വന്തം പ്രതിച്ഛായ മാത്രമായി നടക്കുന്നതാണ് ദുരന്തം.ഇത് വായനയുടെ ലക്ഷ്യത്തെപ്പോലും  അട്ടിമറിക്കുന്നു .അതുകൊണ്ടാണ് പൂർവ്വകാല കൃതികൾ വായിക്കേണ്ടതില്ല എന്ന ചിന്തയിൽ പലരും എത്തിച്ചേർന്നത്. മഹാനായ കൃഷ്ണചൈതന്യയുടെ കൃതികൾ വീണ്ടും അച്ചടിക്കാത്തതിൻ്റെ കാരണമിതാണ്.

ചോദ്യം: സoവേദനരഹിതമായ കാലമാണിതെന്ന് താങ്കൾ എഴുതിയല്ലോ. എങ്കിൽ ഈ കാലത്ത് എഴുതുന്നതിൻ്റെ അർത്ഥമെന്താണ്?

എം.കെ.ഹരികുമാർ :പലർക്കും ഭൗതികമായ നേട്ടങ്ങളുണ്ട്. ഇക്കാലത്ത് കോളേജ് അധ്യാപകരും ഉദ്യോഗസ്ഥന്മാരും കവിത എഴുതാൻ മുന്നോട്ടു വരുന്നത് എ. അയ്യപ്പനെ പോലെ ഉത്ക്കടമായി ആഗ്രഹിച്ചിട്ടാണോ ?വികാരങ്ങളും ആശയങ്ങളും ചേർന്ന് അവ്യക്തത സൃഷ്ടിക്കുമ്പോൾ അതിൽ നിന്ന് രക്ഷപ്പെടാൻ ആത്മാർത്ഥമായി ശ്രമിക്കുന്നവർ എത്ര പേരുണ്ട്?

ആത്മഹത്യയിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമം എന്ന പോലെയാണ് യഥാർത്ഥ കവിയുടെ വരികൾ പിറക്കുന്നത്.

ചോദ്യം: മൗലികതയില്ലാത്തവർ എഴുതുന്നതുകൊണ്ട് എന്താണ് കുഴപ്പം?

എം.കെ.ഹരികുമാർ : ആർക്കും എന്തും ചെയ്യാമല്ലോ? വിമർശിച്ചാൽ   ഒറ്റപ്പെടുത്തി നശിപ്പിക്കാൻ നോക്കും .അതുകൊണ്ട് ആരും മിണ്ടാൻ പോകില്ല. മൗലികത പുറമേ നിന്നു നോക്കുമ്പോൾ കാണാനുള്ളതല്ല.  മറ്റൊരാളുടെ രചന മോഷ്ടിക്കുകയാണെന്ന് പരസ്യമായി  പറഞ്ഞുകൊണ്ടും എഴുതാം. പക്ഷേ ,പ്രതിഭ വേണം. മോഷ്ടിക്കുന്നതു കൊണ്ട് നാമെന്ത് ചെയ്തു എന്നാണ് നോക്കുന്നത് .

ചോദ്യം: ഇരുപത്തഞ്ച് പുസ്തകങ്ങൾ എഴുതിയ താങ്കളുടെ പുതിയ കൃതികളൊന്നും കണ്ടില്ല?.

എം.കെ.ഹരികുമാർ: പുസ്തകങ്ങളായി പ്രസിദ്ധീകരിക്കാതായിട്ട് നാലുവർഷം കഴിഞ്ഞു. പ്രസിദ്ധീകരിക്കുന്നതെല്ലാം  ഇൻറർനെറ്റിൽ കൊടുക്കുകയാണ്. പുസ്തക പ്രസാധനം ഏതാനും പേരുടെ കൈകളിലമർന്നിരിക്കയാണ്. എല്ലാം രാഷ്ട്രീയവത്ക്കരിക്കപ്പെട്ടു.

ചോദ്യം: സൗന്ദര്യത്തെ മാത്രം അന്വേഷിക്കുന്ന ഒരു വിമർശനകൃതി  മലയാളത്തിലുണ്ടോ?

എം.കെ.ഹരികുമാർ: ആത്മായനങ്ങളുടെ ഖസാക്ക്

ചോദ്യം: പുതിയ രചന ?

എം.കെ.ഹരികുമാർ: ബൃഹദാരണ്യകോപനിഷത്ത് വായിച്ചതിൻ്റെ അനുഭവം ഒരു ദീർഘകവിതയായി എഴുതി :സർവ്വസ്വ  ആത്മന: .അത് ബ്ളോഗിൽ പ്രസിദ്ധീകരിച്ചു. പിന്നെ ,കഴിഞ്ഞ വിഷുവിനു എൻ്റെ മുപ്പതോളം രചനകൾ (ലേഖനങ്ങളും കവിതകളും മറ്റും) ഉൾക്കൊള്ളിച്ച് ഒരു ‘എം.കെ.ഹരികുമാർ വിഷുപ്പതിപ്പ് ‘ഇൻ്റർനെറ്റിൽ പ്രസിദ്ധീകരിച്ചു. ഇത്തരം പതിപ്പുകൾ – നവവത്സര പതിപ്പ് ,ഓണപ്പതിപ്പ് ,വിഷുപ്പതിപ്പ് – കഴിഞ്ഞ ഏതാനും വർഷങ്ങളായി പുറത്തിറക്കാറുണ്ട്. എൻ്റെ രചനകൾ മാത്രമാണ് ഇതിൽ ചേർക്കാറുള്ളത്.

ചോദ്യം :എഴുതി ,ജീവിച്ചു എന്നതിൻ്റെ രേഖയായിട്ടാണ് സാഹിത്യവിമർശനത്തെയും മറ്റു രചനകളെയും കാണുന്നത് എന്ന് താങ്കൾ അഭിപ്രായപ്പെട്ടു. എന്താണ് അതുകൊണ്ട് വിവക്ഷിക്കുന്നത് ?

എം.കെ.ഹരികുമാർ : ഞാൻ ജീവിച്ചതാണ് എൻ്റെ ക്രിയേറ്റിവിറ്റിയായി പുറത്തുവന്നത്. ഈ ജീവിതം ഞാൻ എങ്ങനെ ജീവിച്ചു എന്ന് വിശദമാക്കാനാണ് ഞാൻ എഴുതിയത്. എനിക്കാവശ്യമുള്ളതാണ് ഞാൻ എഴുതുന്നത്. സൂര്യൻ ,മയിൽ ,പുലി, ജലം എന്നീ വിഷയങ്ങളെ അധികരിച്ച് ഞാൻ എഴുതിയ വിചിത്രലേഖനങ്ങൾ എൻ്റെ ആവശ്യമായിരുന്നു. എൻ്റെ സമ്പൂർണ കൃതികൾ അച്ചടിച്ചാൽ  നൂറ് പുസ്തകങ്ങളെങ്കിലും വരും.

ചോദ്യം: ആരൊക്കെയാണ് നമ്മുടെ സ്വതന്ത്രചിന്തകർ ?സി.ജെ. തോമസ്, എം. ഗോവിന്ദൻ ?

എം.കെ.ഹരികുമാർ :സി.ജെ യെയും ഗോവിന്ദനെയും സ്വതന്ത്രചിന്തകരായി ഞാൻ കാണുന്നില്ല. സ്വതന്ത്രചിന്തകൻ എന്നാൽ അരാജകവാദി എന്നല്ല അർത്ഥം. നമ്മുടെ ഭാഷയുടെയും കാലത്തിൻ്റെയും ജീനിയസിനെ കണ്ടെത്തുന്നതിൽ യാതൊരു വിധ സ്വാധീനത്തിലും വഴങ്ങാതെ എല്ലാറ്റിനെയും നീതിയോടെ നോക്കാൻ കഴിയണം. സി.ജെ ,ഗോവിന്ദൻ തുടങ്ങിയവർ ദളിത് പിന്നോക്ക വിഭാഗങ്ങളുടെ സ്വാതന്ത്ര്യ സമരങ്ങളെ കണ്ടതായി തോന്നിയിട്ടില്ല.എന്നാൽ പി. കെ. ബാലകൃഷ്ണൻ ,കുറ്റപ്പുഴ കൃഷ്ണപിള്ള, ഡോ .കെ .ഭാസ്ക്കരൻനായർ ,ഒ.വി.വിജയൻ എന്നിവർ ശരിക്കും സ്വതന്ത്ര ചിന്തകരാണ്.

ചോദ്യം: മലയാളത്തിൽ ആധുനികതയ്ക്ക് എന്താണ്  സംഭവിച്ചത്? മലയാള ആധുനികത യൂറോപ്യൻ ,ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ നിന്ന് മോഷ്ടിച്ചതാണെന്ന് പറയുന്നുണ്ടല്ലോ ?

എം.കെ.ഹരികുമാർ: ആധുനികത വികസിക്കേണ്ടതായിരുന്നു .പുതിയ പുതിയ സങ്കേതങ്ങൾ വരണമായിരുന്നു. അത് ഉണ്ടായില്ല. എന്നാൽ പിന്നീട് മലയാള സാഹിത്യം പൈങ്കിളിയിലേക്ക് പോകുന്നതാണ് നാം കാണുന്നത്. ചിന്താശേഷിയില്ലാത്തവർ പെരുകി. മനുഷ്യൻ്റെ അസ്തിത്വപരമായ ആധി  എപ്പോഴെങ്കിലും അവസാനിക്കുമോ? പുതിയ ശൈലിയും ഭാഷയും ഉണ്ടാകുന്നതിനെ ആധുനികത എന്ന് പറയാം. ഒരാൾ അസ്തിത്വവ്യഥ അനുഭവിക്കുന്നത് അസ്തിത്വവാദിയായതുകൊണ്ടല്ല. അത് ജീവൻ്റെ പ്രശ്നമാണ്. വൈകാരിക സംവേദനമാണത്. ഇതാണ് എഴുതേണ്ടത്. പഠിച്ച എഞ്ചുവടിയോ കണക്കോ അല്ല എഴുതേണ്ടത് .അജ്ഞാതമായ പൊരുളിനു നേർക്ക് ഒരു കണ്ണു വേണം. മലയാളത്തിൽ പുതിയ ശൈലിയോ ഭാഷയോ ഇപ്പോഴില്ല.ഒ.വി.വിജയനു ശേഷം മലയാളനോവൽ വളർന്നിട്ടില്ല. ‘ധർമ്മപുരാണം ‘ഒരു വിപ്ളവമായി ഇപ്പോഴും നില്ക്കുകയാണ്‌.

ചോദ്യം: താങ്കൾ വിമർശനത്തിൽ നിന്ന്  നോവലിലേക്കും കഥയിലേക്ക് കവിതയിലേക്കും കടന്നത് ശരിയാണോ ?ചിലർ അങ്ങനെ ചോദിക്കാറുണ്ട് ?

എം.കെ.ഹരികുമാർ :ഈ പറഞ്ഞ മാന്യന്മാരുടെ വീട്ടുപടിക്കൽ പോയി കാത്തു നിന്നിട്ട് നോവലെഴുതാനുള്ള അനുവാദം ചോദിക്കണമായിരിക്കും .ഇവരുടെ വാക്കുകൾ ആരു കേൾക്കുന്നു . ഇതൊക്കെ ലോകപരിചയം ഇല്ലാത്തതുകൊണ്ട് പറയുന്നതാണ്.

സൂസൻ സൊൻടാഗ് ,കോളിൻ വിത്സൻ തുടങ്ങിയവർ വിമർശനവും നോവലും എഴുതിയിട്ടുണ്ട്‌. മാത്യു ആർനോൾഡ് ,ടി.എസ് .എലിയട്ട് എന്നിവർ കവിതയും വിമർശനവും എഴുതിയിട്ടുണ്ട്. ഒരു ശാഖയിൽ തന്നെ ഒരുങ്ങണമെന്ന ഒരു നിയമവുമില്ല. അതിരുകൾ മാഞ്ഞു പോകുന്ന കാലമാണിത്. ഒരാൾക്ക് അധികമായുള്ള പ്രതിഭയാണ് പുതിയ രൂപങ്ങൾ തേടുന്നത്.

ചോദ്യം :താങ്കളുടെ ‘ശ്രീനാരായണായ ‘വേണ്ടത്ര ചർച്ച ചെയ്തില്ല എന്ന് തോന്നുന്നുണ്ടോ ?

എം.കെ.ഹരികുമാർ : അങ്ങനെ തോന്നുന്നില്ല. അത് നന്നായി വായിച്ചവരുണ്ട്. മലയാളത്തിനു അജ്ഞാതമായ ഒരു രൂപവും ശൈലിയും ഉള്ളടക്കവും സംഭാവന ചെയ്ത ആ ബൃഹത് നോവൽ എൻ്റെ സർഗശേഷിയുടെ പാരമ്യമാണ്‌.

അതിനെക്കുറിച്ച് കുറെ ലേഖനങ്ങൾ എഴുതപ്പെട്ടു. അത്ര കൊട്ടിഘോഷിക്കപ്പെട്ടില്ല എന്നത്  നേരാണ്. അതിൻ്റെ കാരണം അസഹിഷ്ണുതയും അസൂയയുമാണ്.

നൂറുവർഷത്തെ നോവലുകളിൽ  വലിയ സ്ഥാനം നേടുന്ന കൃതിയാണിതെന്ന് പലരും പറഞ്ഞു. നോവൽ എല്ലായ്പോഴും നവമായിരിക്കണം.അത് അകം ലോകത്തെയാണ് അന്വേഷിക്കുന്നത്. ആ വാക്കിൻ്റെ അർത്ഥമതാണ്.

സൂസൻ സൊൻടാഗ് പറഞ്ഞു:

A novel worth really is an education  of the hearts. It enlarges your sense of human possibilities, of what human nature is, of what happens in the world .It is a creator of inwardness.

ചോദ്യം :ഇന്നത്തെ മലയാളവിമർശനം നിശ്ചലമാണെന്ന് അഭിപ്രായപ്പെടുന്നവരോട് എന്താണ്  പറയാനുള്ളത് ?

എം.കെ.ഹരികുമാർ :പലരുടെയും വിമർശനം നിശ്ചലമായിട്ടുണ്ടാവാം. പക്ഷേ ,എൻ്റെ വിമർശനം ആത്മായനങ്ങളുടെ ഖസാക്ക് മുതൽ വികസിച്ചിട്ടേയുള്ളു. ഞാൻ പുതിയ പ്രമേയങ്ങളും ചിന്തകളും കണ്ടെത്തി. ലോകനിലവാരത്തിലാണ് ഞാൻ മുന്നോട്ടുപോയത്. ഉത്തര- ഉത്തരാധുനികത ,നവാദ്വൈതം, തനിമനസ് , ഉൽപരിവർത്തനം, സ്യൂഡോ റിയലിസം ,നോവലിസ്റ്റ് കഥാപാത്രമാണ് തുടങ്ങിയ സിദ്ധാന്തങ്ങളിലൂടെ മുന്നോട്ടു പോവുകയാണ്.’എം.കെ.ഹരികുമാറിൻ്റെ സിദ്ധാന്തങ്ങൾ’ എന്ന പുസ്തകം തന്നെ വന്നിട്ടുണ്ട്. എന്നാൽ മലയാളകഥ വലിയ തകർച്ചയിലാണ്. പത്ത് വർഷം കൂടുമ്പോൾ ഒരു കണക്കെടുക്കൂ .മികച്ച അഞ്ചു  കഥകൾ പോലും എടുക്കാനുണ്ടാവില്ല.

ചോദ്യം: ഇതുവരെയുള്ള വായനയിൽ നിന്ന് പത്ത് മികച്ച സാഹിത്യരചനകൾ തിരഞ്ഞെടുക്കാമോ ?മലയാളവും ഇന്ത്യനും വേണ്ട. ഏതു ശാഖയിൽ നിന്നുള്ള രചനകളും ചേർക്കാം.

എം.കെ.ഹരികുമാർ: മികച്ച രചനകൾ എന്ന നിലയിൽ പരിശോധിക്കാം.

1)ജോനഥൻ ലിവിംഗ്സ്റ്റൺ സീഗൾ (നോവല്ല):റിച്ചാർഡ് ബാക്ക്

2)ദ് ജൻ്റിൽമാൻ ഫ്രം സാൻഫ്രാൻസിസ്കോ (കഥ): ഇവാൻ ബുനിൻ

3)ദ് ഡെത്ത് ഓഫ് ഒലിവിയർ ബികെയ്ലി (കഥ): എമിലി സോള

4)നോസിയ (നോവൽ): സാർത്ര്

5)ദ് ഹൈറ്റ്സ് ഓഫ് മാച്ചു പിച്ചു ( കവിത ): നെരൂദ

6)ഡോവർ ബീച്ച് (കവിത): മാത്യു അർണോൾഡ്

7)സെൻ ആൻഡ് മോട്ടോർ സൈക്കിൾ മെയിൻ്റനൻസ് (നോവൽ):റോബർട്ട് എം. പിർസിഗ്

8)മെറ്റാമോർഫോസിസ് (കഥ): ഫ്രാൻസ് കാഫ്ക

9)ലീവ്സ് ഓഫ് ഗ്രാസ് (കവിത): വാൾട്ട് വിറ്റ്മാൻ

10)പെഡ്രോ പരാമോ (നോവൽ): ഹ്വാൻ റുൾഫോ

ചോദ്യം: വിമർശകൻ്റെ ഭാഷ അല്ലെങ്കിൽ ഗദ്യം എന്താണ് ?അതിനു താങ്കൾ എന്ത് ആശയമാണ് നല്കുന്നത് ?

എം.കെ.ഹരികുമാർ: വിമർശകൻ്റെ ഗദ്യം എന്തായാലും, എം.എ  ക്ലാസുകളിൽ പഠിച്ചതോ ,പഠിപ്പിച്ചതോ ആയിരിക്കരുത്. എൻ്റെ ഭാഷയിൽ എം.എ മലയാളംകാരുടെ ക്ളീഷേയൊന്നുമില്ല. ഭാഷ  എഴുത്തുകാരനാണ് കണ്ടെത്തുന്നത് ;അയാളെ പഠിപ്പിച്ച അധ്യാപകരല്ല .ഒരു യഥാർത്ഥ വിമർശകൻ ക്ലാസ് റൂമുകളിൽ കേട്ടതൊന്നും എടുക്കരുതെന്നാണ് എൻ്റെ പക്ഷം. കലാശാലാ അധ്യാപകരുടെയോ ഗവേഷകരുടെ യോ ഗദ്യത്തിൻ്റെ ഒരു കണികപോലും കടന്നുവരാത്തവിധമാണ് ഞാൻ മനുഷ്യാംബരാന്തങ്ങൾ, വീണപൂവ് കാവ്യങ്ങൾക്ക് മുമ്പേ തുടങ്ങിയ പുസ്തകങ്ങൾ എഴുതിയത്. ഗദ്യം വെറും യഥാർത്ഥ രൂപമല്ല; അത് നമ്മുടെ ഉള്ളിൽ സംഭവിച്ച ഒരു സ്ഫോടനത്തിൻ്റെ  ആകെത്തുകയാണ്. അതിനുള്ളിലേക്ക് ദാർശനികവും സൗന്ദര്യാത്മകവും ധിഷണാപരവുമായ മനസ്സുകൾ കയറിച്ചെല്ലണം.

ചോദ്യം :ഇന്നത്തെ എഴുത്തുകാർ കക്ഷി രാഷ്ട്രീയത്തിന് അടിമപ്പെട്ടു വെറും കുഞ്ഞാടുകൾ ആയിരിക്കുകയല്ലേ ?

എം.കെ.ഹരികുമാർ :ഭൂരിപക്ഷവും അധികാരത്തെയാണ് ആരാധിക്കുന്നത്.  കുഞ്ഞാടുകൾ ആയാൽ പ്രയോജനം ഉണ്ടല്ലോ .വേദികൾ കിട്ടും. മാഗസിനുകളിൽ ഇടം തുറന്നുകിട്ടും. പുസ്തകങ്ങൾ യഥേഷ്ടം പ്രസിദ്ധീകരിക്കാം. വാരാന്തപ്പതിപ്പുകൾ കിട്ടും. അവാർഡുകളും കിട്ടും. നല്ല റോയൽറ്റിയും തരപ്പെടും .കോടീശ്വരനാകാം.

എഴുത്തുകാരൻ്റെ വ്യക്തിത്വത്തിൻ്റെയും അഭിപ്രായത്തിൻ്റെയും കാലം കഴിഞ്ഞു. ഇപ്പോൾ അഭിപ്രായം പറയാൻ ധൈര്യമുള്ളത് യുട്യൂബേഴ്സിനാണ്. എഴുത്തുകാരൻ്റെ വാക്കുകൾക്ക് പുതുമ നഷ്ടപ്പെട്ടു. ഒരു ജീർണിച്ച ഏടാകൂടമാണ് ഇന്നത്തെ ശരാശരി എഴുത്തുകാരൻ്റെ മനസ്.

ചോദ്യം: കൊറോണ ,യുക്രെയ്ൻ യുദ്ധം തുടങ്ങിയ മഹാവിപത്തുകൾ നമ്മുടെ സാഹിത്യത്തെ ഏശാതെ പോയത് എന്തുകൊണ്ടാണ്?

എം.കെ.ഹരികുമാർ: യഥാർത്ഥ പ്രതിഭകൾ ഇല്ലാത്തതുകൊണ്ടാണ്.നേരത്തെ പറഞ്ഞ കാരണങ്ങളുമുണ്ട്. ഇവിടെ  പ്രചോദനവും സംവേദനവും നഷ്ടപ്പെട്ടിരിക്കുകയാണ്. നിങ്ങൾ എത്ര സുന്ദരമായി എഴുതിയാലും അതൊന്നും വലിയ രീതിയിൽ മാനിക്കപ്പെടുകയില്ല. ചിലർ ആഗ്രഹിക്കുന്നവർ എഴുതണം. അവാർഡ് മാടമ്പിമാർ ഇവിടെ എല്ലാം പഴയ കാലത്തേക്ക് മടക്കി കൊണ്ടുപോകാൻ തയ്യാറായി നില്ക്കുകയാണ്. സാഹിത്യപരിഷത്ത് തുടങ്ങിയ മിക്കവാറും അവാർഡ് സ്ഥാപനങ്ങൾ ഫ്യൂഡൽ മൂല്യങ്ങളിലേക്ക് പരിഗണനാ വിഷയങ്ങൾ ചുരുക്കിയിരിക്കയാണ്.ഉയർന്ന സാമൂഹിക പദവി ,ഉയർന്ന വരുമാനം ,രാഷ്ട്രീയ സ്വാധീനം ,കുടുംബമഹിമ എന്നിവയെല്ലാം നോക്കിയാണ് ഈ സ്ഥാപനങ്ങൾ അവാർഡ് നല്കുന്നത്.

ചോദ്യം :മുൻതലമുറയിലെ വിമർശകർ എന്തുകൊണ്ടാണ് പുതിയതൊന്നും  ചിന്തിക്കാതെ സ്വന്തം വത്മീകത്തിലേക്ക് വലിഞ്ഞിരിക്കുന്നത്?

എം.കെ.ഹരികുമാർ :അവരുടെ ചിന്താശേഷി വറ്റിയിരിക്കുന്നു. ഉപകരണങ്ങൾ കാലഹരണപ്പെട്ടാൽ വേറെന്ത് ചെയ്യും ? പഴയ വിമർശകർ നിരാശരാണ്.

ചോദ്യം: ഫിക്ഷ്ൻ മരിച്ചു എന്ന താങ്കൾ എഴുതിയത് ഏത് പശ്ചാത്തലത്തിലാണ്?

എം.കെ.ഹരികുമാർ : ഫിക്ഷ്ൻ പരമ്പരാഗതമായ ഒരു ആഖ്യാനം എന്ന നിലയിൽ മരിച്ചു എന്നാണ് പറഞ്ഞത്. ഫിക്ഷ്ൻ യഥാർത്ഥമല്ലാത്തതാണ് . അതുകൊണ്ട് പുതിയ ഭാവനകൾ ആവശ്യമാണ്. യഥാതഥമെന്ന് കരുതുന്ന വസ്തുക്കളെ ,പാഠങ്ങളെ, ചരിത്രത്തെ ഭാവനയിലൂടെ രൂപാന്തരപ്പെടുത്തുകയാണ് ഇനി വേണ്ടത്. എൻ്റെ ‘ജലഛായ’, ‘ശ്രീനാരായണായ’,’വാൻഗോഗിന് ‘ എന്നീ നോവലുകളിലൂടെ ഞാൻ ഇതാണ് ചെയ്തത്.

ചോദ്യം: പ്രകൃതിയിൽ സൗന്ദര്യമുണ്ടോ?

എം.കെ.ഹരികുമാർ : പ്രകൃതിയിൽ സൗന്ദര്യമുണ്ട്. പക്ഷേ ,അത് നമുക്ക് വേണ്ടിയുള്ളതല്ല. നമുക്ക് അതുമായി യാതൊരു ബന്ധവുമില്ല .

എത്ര പൂത്തുലഞ്ഞുനിൽക്കുന്ന വൃക്ഷമായാലും നമ്മെ സംരക്ഷിക്കുകയില്ലല്ലോ .നമ്മളുടെ ഭാവനയിലൂടെയാണ് നാം ബന്ധം സ്ഥാപിക്കുന്നത്‌. മനുഷ്യൻ ഒരു യഥാർത്ഥജീവിയല്ല; ഭാവനാജീവിയാണ്.

ചോദ്യം: ജീവിതത്തിൻ്റെ സമസ്യയെ താങ്കൾ എങ്ങനെ വീക്ഷിക്കുന്നു?

എം.കെ.ഹരികുമാർ: ജീവിതത്തെ മറ്റൊരാൾക്ക് കാണിച്ചുകൊടുക്കാനാവില്ല. അതാണ് സമസ്യ .എല്ലാ ലോകങ്ങളും നമ്മളിൽ തന്നെ ഉദിച്ച് അസ്തമിക്കുകയാണ്. തൊട്ടടുത്തുള്ളവനോട് വിനിമയം ചെയ്യാനാവില്ല. ഈ പാരതന്ത്ര്യത്തെ മറികടക്കാൻ നമുക്ക് ആത്മീയതയിൽ വ്യഥാ അഭയം തേടാം .മാനവികത ,ആത്മീയത  തുടങ്ങിയവയൊക്കെ വല്ലാതെ  വാഴ്ത്തപ്പെടുന്നതാണ്‌. മനുഷ്യനു വേണ്ടി മാത്രമായി ഒരു ലോകവീക്ഷണം ആപത്താണ്; യുക്രെയ്ൻ യുദ്ധം അതിൻ്റെ  തെളിവാണ്. സൗന്ദര്യത്തിനു വേണ്ടിയാണ് ലോകം നിലനിൽക്കേണ്ടത് .

ചോദ്യം: ഒരു കലാസൃഷ്ടിയുടെ പൂട്ട് എന്താണ് ?

എം.കെ.ഹരികുമാർ :കലാസൃഷ്ടിയുടെ പൂട്ട് അതിൻ്റെ ഭ്രമലോകവുമായി  ബന്ധപ്പെട്ടതാണ്. ഒരു വസ്തുവിനെ അപരിചിതമാക്കുന്നതാണ് കല. ഒരു യഥാർത്ഥ പൂച്ചയെ ,എല്ലാവരും നേരത്തെ കണ്ട ഒരു പൂച്ചയെ വരയ്ക്കരുത്. അത് ഫോട്ടോ കോപ്പിയായിരിക്കും. ഒരു വസ്തുവിനെ അയഥാർത്ഥ്യമാക്കുകയാണ് വേണ്ടത്. ഫിക്ഷ്ൻ ഒരു നുണയാണെന്ന് മനസ്സിലാക്കുക. യാഥാർത്ഥ്യത്തെ കൂടുതൽ തുറന്നു കാട്ടുന്ന നുണയാണത്.

പോർച്ചുഗീസ് കവി ഫെർണാണ്ടോ പെസ്സോവ The Book of Disquite എന്ന പുസ്തകത്തിൽ ഇങ്ങനെ എഴുതി:

So we make use of lies and fiction to promote understanding among ourselves, something that the truth – personal and incommunicable – could have accomblish “.

മൂല്യശ്രുതി

കാലം/എം.കെ. ഹരികുമാർ

 

കാലം/എം.കെ. ഹരികുമാർ

വീണ്ടും കണ്ടുമുട്ടാൻ
മടിയായിരുന്നു
കണ്ടതെല്ലാം
കാണാമറയത്തേയ്ക്കും
കേട്ടതെല്ലാം മേഘങ്ങളിലേക്കും
പറന്നുപോയി

കാണാൻ തുടിച്ച കാലങ്ങൾ
ഒന്നാന്നായി പിൻവാങ്ങി

ഉറുമ്പുകൾ
വരിവരിയായി പോകുന്നു

മനസ്സിൽ സൂക്ഷിച്ചതെല്ലാം
പുതിയ ഓർമ്മകൾക്കൊപ്പം
നിറഞ്ഞു തൂവിപ്പോവുകയാണ്

മനസ്സ് ഒരു ഗ്ലാസ് പോലെയാണ് അടിത്തട്ടിലുള്ളതുപോലും
ഒലിച്ചു പോകുന്നു

കാലം നൂറ്റാണ്ടുകളായി
ചിതറിക്കിടക്കുകയാണ്
കൂട്ടിയോജിപ്പിച്ചാൽ
നൂൽപ്പാലങ്ങളുണ്ടാക്കാം.

കാലം രേഖീയമല്ല;
ജീവിച്ച നിമിഷങ്ങൾ
ഓർമ്മകൾ കൊണ്ട്
ഉണ്ടാക്കുന്ന തുണ്ടുകളാണ്


മനസ്സും അന്യഗ്രഹജീവികളും/എം.കെ. ഹരികുമാർ


മനസ്സിനെ ഏതോ
അന്യഗ്രഹജീവിയാണ്
നിയന്ത്രിക്കുന്നത്

സ്നേഹിച്ചും രമിച്ചും
കഴിയുന്നവർ
ഒരു കാരണവുമില്ലാതെ
പിണങ്ങുന്നു ,
ശത്രുക്കളാകുന്നു
അന്യഗ്രഹജീവികൾ നമ്മെ
പരസ്പരം അകറ്റുന്നു
നിമിഷത്തിനുള്ളിലൂടെ
അവ നുഴഞ്ഞു കടക്കുന്നു ,
ടാക്കിയാണുകൾ പോലെ

ആ നിമിഷത്തിൽ പോലും
ശ്രദ്ധ കൈമോശം വരുന്നു

മനസ്സ് നമ്മളിൽ നിന്നു
വേറിട്ടാണ് ജീവിക്കുന്നത്
അതിൻ്റെ ഭക്ഷണം
വേറെ ;
വസ്ത്രം വേറെ,
ഇഷ്ടം വേറെ

സായാഹ്നങ്ങൾ/എം.കെ. ഹരികുമാർ

 




സായാഹ്നങ്ങളിലാണ്
ഞാൻ ഏറ്റവുമധികം
സമ്മർദ്ദപ്പെടുന്നത്.
ആരോ അടുത്ത് വരുന്നു ,
അകലുന്നു

അറിയത്തക്കതല്ലാത്ത വിഷാദങ്ങൾ
കൂടു തേടിപ്പോകുന്ന
പറവകളെ പോലെ
എന്നിലേക്കു വരുന്നു

ശബ്ദങ്ങൾ ,
വാക്കുകൾ നിശ്ചലം,
നിർവ്വികാരം

വൈകുന്നേരങ്ങളിൽ ഞാൻ
തനിച്ചാവുകയാണ് ,ചുറ്റിനും പട്ടണത്തിരക്കാണെങ്കിലും . അസ്തമയത്തിനു സമാനമായ
എൻ്റെ മനസ്സിലും
എന്തോ സംഭവിക്കുന്നുണ്ട് ;
പ്രക്ഷുബ്ധമായ മേഘങ്ങൾ ,
ചുവന്ന വർണ്ണങ്ങൾ
തണുത്ത കാറ്റ് …

പേരറിയാത്ത സൗഹൃദങ്ങൾ
തിരിതാഴ്ത്തി നിശ്ശബ്ദരാവുകയോ ?
പ്രിയ കാമുകി
വിഷാദവുമായി
വീട്ടിലേക്ക് മടങ്ങുകയോ ?

സ്നേഹിച്ച പക്ഷികൾ/എം.കെ. ഹരികുമാർ




സ്നേഹിച്ച പക്ഷികൾക്കു
നമ്മെ വേണം
സ്നേഹത്തിൽ
ഉണരുന്നു,
വേവുന്നു,
കരയുന്നു
നമ്മൾ

സ്നേഹത്തിൻ്റെ സന്തോഷങ്ങൾ
ചിലപ്പോൾ മുള്ളുകൾ പോലെയാണ് സ്നേഹിക്കുമ്പോൾ നമ്മൾ
ഗന്ധർവ്വന്മാരാണ്
സ്നേഹിക്കുമ്പോൾ
കിട്ടുന്നു മനുഷ്യരൂപം
സ്നേഹിക്കാത്തപ്പോൾ
നമ്മൾ അസുരന്മാർ …

നമ്മുടെ ചോറു തിന്ന
ഒരു പട്ടിയും
വേർപിരിയില്ല

നമ്മുടെ വെള്ളം കുടിച്ച
ഒരു കാക്കയും വിട്ടുപോവില്ല
നമ്മുടെ തലോടലേറ്റ
ഒരു പൂച്ചയും അകന്നു പോവില്ല
പൂച്ച സ്നേഹത്താൽ കരയും
പട്ടി സ്നേഹത്താൽ
ചിരിക്കും
പക്ഷികൾ സ്നേഹത്താൽ
ചിറകുകളിളക്കി
നോക്കും

ചിത്രശലഭവർണവിരചിതമായ/എം.കെ.ഹരികുമാർ

 


എനിക്ക് മനസ്സിൻ്റെ
കമിതാവാകണമെന്നുണ്ട് ,
അത്രയെളുപ്പമല്ലെങ്കിലും

ഞാനെൻ്റെ പുരാതനമായ തനിമകളിലേക്കു വല്ലപ്പോഴും മടങ്ങിയെത്താറുണ്ട് –
ദുരിതമാണത്

ഞാനെൻ്റെ ഭവിഷ്യത്തിൻ്റെ
വന്യമായ,
ചിത്രശലഭവർണവിരചിതമായ,
നിബിഡഭാവനാസ്ഥലികളിലേക്ക്
സഞ്ചരിക്കാറുണ്ട് –
സ്വപ്നമാണത്

ഞാനെൻ്റെ മനസ്സിൻ്റെ പകൽപ്പോരാട്ടങ്ങളിലേക്ക്,
ആൾമാറാട്ടങ്ങളിലേക്ക് ,
സ്വയം ക്രൂശാരോഹണങ്ങളിലേക്ക്
നിപതിക്കാറുണ്ട് –
പ്രതീക്ഷയറ്റ ജീവിതമാണത്

ഞാനെൻ്റെ ആഘോഷങ്ങളെ
എങ്ങനെ ഉല്ലാസപ്പൂക്കളുടെ
പ്രഭാതങ്ങളാക്കാമെന്നാലോചിച്ച് സന്തോഷത്തിൻ്റെ ശബ്ദതാരാവലികൾ
തിരയാറുണ്ട് –
അതാണ് സൗഖ്യം
എന്നാലോ ജീവിതം എവിടെയുമില്ല.

അനുമോദനങ്ങളോടെ /എം.കെ. ഹരികുമാർ

 



അഡ്വ.പാവുമ്പ സഹദേവൻ രചിച്ച ‘ഹെഗലിയൻ ദർശനവും മാർക്സിയൻ നൊസ്റ്റാൾജിയയും ‘ എന്ന പുസ്തകത്തിനു എഴുതിയ മുഖവുര

ദാർശനികമായ വിചാരങ്ങളിലൂടെ അഡ്വ.പാവുമ്പ സഹദേവൻ സ്വരൂപിക്കുന്ന ആശയങ്ങൾ നിശ്ചലമായ ഒരു ചിന്താസമുദ്രത്തെ സാവധാനം പ്രക്ഷുബ്ധമാക്കുകയാണ്. ഹെഗേലിയൻ ദർശനത്തെയും മാർക്സിയൻ കാഴ്ചപ്പാടുകളെയും പിന്തുടരുന്ന ഈ പുസ്തകം ഏതൊരു അനുവാചകനും പ്രയോജനപ്പെടും.പുനർവിചിന്തനവും പൊളിച്ചെഴുത്തുമാണ് ഈ പുസ്തകം വായിച്ചപ്പോൾ മനസിൽ തോന്നിയ രണ്ടു സംജ്ഞകൾ .

അദ്ദേഹം പതിറ്റാണ്ടുകളായുള്ള തൻ്റെ വിചിന്തന, മനന പദ്ധതികളാണ്  ഇതിനായി പ്രയോജനപ്പെടുത്തുന്നത്.ഒരു വസ്തു ഉണ്ടെന്ന് സ്ഥാപിക്കുന്നതുപോലെ പ്രധാനമാണ് ഇല്ലെന്ന് സ്ഥാപിക്കുന്നതും .എന്നാൽ രണ്ടും  ഒരേസമയം നാം കാണണം. ഒരു വസ്തു അതുണ്ടെന്നോ ഇല്ലെന്നോ സ്ഥാപിക്കാൻ തത്ത്വചിന്ത പര്യാപ്തമാണ്. അതുകൊണ്ട് ദാർശനികകൃതികൾ എന്തെങ്കിലും സ്ഥാപിക്കുകയല്ല ,സാങ്കല്പികമായതും  ചിന്തയുടെ സന്താനമായിരിക്കുന്നതും എന്ന് വിവരിക്കാവുന്ന  ഒരവസ്ഥയുമായുള്ള സഹനാത്മക ലീലകളിൽ ഏർപ്പെടുകയാണ് ചെയ്യുന്നത് .


ഹെഗലിൻ്റെ കാഴ്ചപ്പാടിൽ  ആത്മാവിൻ്റെ പ്രഭാവമാണ് ലോകത്തെ നിലനിർത്തുന്നത് .ഒന്ന് ,പ്രാഥമികമായ സംയുക്ത മാനസികാനുഭവം .അത് വ്യക്തികളിൽ മനസ്സ് എന്ന നിലയിൽ പ്രവർത്തിക്കുന്നു. രണ്ട് , വസ്തുനിഷ്ഠമായ ആത്മാവ്.  മനുഷ്യർക്ക് പരസ്പരം മനസ്സിലാക്കാനും വികസിക്കാനുമുള്ള ഒരു പാതയാണത് .ഹെഗലിൻ്റെ ഈ  യുക്തിചിന്ത മനുഷ്യൻ്റെ പ്രകൃതിയെ   അനാവരണം ചെയ്യുകയാണ്.

ഒരു അഭിപ്രായം ഉണ്ടായാൽ അതിനെ എതിർക്കുകയാണല്ലോ ആദ്യം ചെയ്യുക. എതിരഭിപ്രായങ്ങളാണ് ലോകത്തെ വികസിപ്പിക്കുന്നത്. വിമർശനം എപ്പോഴും ആൻറിതീസിസ് ആണ്. സ്വയം വിമർശനവും അതു തന്നെ. അഭിപ്രായസ്ഥിരത പ്രകൃതിയിലില്ല. ഒരാൾ സ്വന്തം വാദത്തെ തന്നെ നിരാകരിക്കുകയാണ്. ആ സംഘട്ടനം ആന്തരികമാണ് ,വിധിയാണ്.

എതിർവാദത്തെ നിരാകരിക്കാനാണ് അയാൾ ഒരു വാദം മുന്നോട്ടു കൊണ്ടുവരുന്നത്.

എല്ലാറ്റിനും വൈരുദ്ധ്യമുണ്ട്.

ഒരാശയം അതിൽതന്നെ വൈരുദ്ധ്യം  സൃഷ്ടിക്കുന്നതാണ് .ഒരു വൈരുദ്ധ്യം  വീണ്ടും മറ്റൊരു ആശയത്തെ സൃഷ്ടിക്കുന്നു.ഇത് തുടരുകയാണ്. അതുകൊണ്ട് ഒരിടത്ത് ഈ ചർച്ചകൾ അവസാനിക്കുമെന്ന് കരുതണ്ട.  വീണ്ടും വൈരുദ്ധ്യത്തിലേക്ക് നീങ്ങുമ്പോഴാണ് നമ്മൾ ശരിക്കും ജീവിച്ചിരിക്കുന്നത്.

വൈരുദ്ധ്യങ്ങൾ വൈവിധ്യങ്ങളുമാണ്.  വൈരുദ്ധ്യങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ സാർവത്രികമാണ്. അത് പരിഹരിക്കുന്ന മുറയ്ക്ക്, അതായത് രണ്ടു വാദങ്ങൾ യോജിക്കുമ്പോൾ  (സിന്തസിസ്) വീണ്ടും വൈരുദ്ധ്യമുണ്ടാകുന്നു.

പാവുമ്പയുടെ തത്ത്വചിന്താപരമായ അഭിരുചികൾ നമ്മുടെ അടഞ്ഞ മനോലോകങ്ങളെ ഇടിച്ചുതുറക്കാൻ ശേഷിയുള്ളതാണ് എന്നു പറയാൻ ഞാനിഷ്ടപ്പെടുന്നു. അദ്ദേഹം കേവലമായ യുക്തിയിലൂടെ സ്വന്തം ചിന്താവീഥികൾ വെട്ടിത്തെളിക്കാൻ ശേഷിയുള്ള എഴുത്തുകാരനാണ്. വൃക്ഷങ്ങളെക്കുറിച്ചും മാർക്സിസ്റ്റ് അനന്തരകാലത്തെക്കുറിച്ചും പാവുമ്പ ചിന്തിക്കുന്നത് പ്രചോദനാത്മകമാണ്. ചിന്തിക്കുമ്പോഴാണ് നാം ജീവിക്കുന്നതെന്ന ദെക്കാർത്തിൻ്റെ വാദം ഇവിടെയെല്ലാം പ്രതിധ്വനിക്കുകയാണ്. ലോകം ചിന്താസന്താനമാണെന്ന് ശ്രീനാരായണഗുരു

‘സുബ്രഹ്മണ്യകീർത്തന ‘ത്തിൽ എഴുതിയത് ദക്കാർത്തിൻ്റെ ചിന്തയുമായി ചേർന്നു പോകുന്നുണ്ട്.

വളരെ വേഗം ആശയങ്ങളെ തത്ത്വചിന്താപരമായി വികസിപ്പിക്കാൻ പാവുമ്പയ്ക്കുള്ള സിദ്ധി എനിക്ക് ഏതാനും മാസങ്ങൾക്കു മുൻപ് ബോധ്യപ്പെട്ടതാണ്. ഗുരുവിൻ്റെ അദ്വൈതപരമായ ആശയങ്ങൾ വൈദികചിന്തയുടെ സാമാന്യതയ്ക്കപ്പുറം ഈ ലോകത്തെ ഒരു സമൂഹബ്രഹ്മമഠമായി കാണുന്നതിൻ്റെ നിദർശനമാണെന്ന് ഞാൻ ഒരു ലേഖനത്തിൽ എഴുതിയപ്പോൾ പാവുമ്പ അതിൻ്റെ ദാർശനികമായ വിവക്ഷകൾ സൂചിപ്പിച്ചുകൊണ്ട് ഒരു ശ്രദ്ധേയമായ പ്രതികരണലേഖനം എഴുതിയത് പലരെയും അമ്പരിപ്പിക്കുകയുണ്ടായി. ബ്രഹ്മത്തെ ഒരുമയുടെ ഒരു വിശ്വ സാമൂഹ്യ സ്ഥാപനമായി ഗുരു ദർശിക്കുന്നു എന്ന എൻ്റെ നിരീക്ഷണത്തെ വളരെ ഗഹനമായി പാവുമ്പ സമീപിച്ചു.

ഇന്നത്തെ ദാർശനിക എഴുത്തുകാരിൽ നാം ഒരിക്കലും വിട്ടുകളയാൻ ഇഷ്ടപ്പെടാത്ത ഒരു പേരാണ് പാവുമ്പ സഹദേവൻ. അത് അദ്ദേഹം തെളിയിച്ചു കഴിഞ്ഞു. അതിൻ്റെ തുടർച്ചയായി ,ഈ പുസ്തകം നമ്മുടെ ദാർശനികശാഖയ്ക്ക് ഒരു മികച്ച സംഭാവനയാണ്

Wednesday, July 20, 2022

അഗാധഗർത്തത്തിനു മുകളിലൂടെ ഒരു കയറിൽ /എം.കെ.ഹരികുമാർ

 




മെക്സിക്കൻ ചിത്രകാരി ഫ്രീദാ കാലോ (Frida Kahlo,1907-1954) തൻ്റെ  കാലത്തിൻ്റെ വേദനിപ്പിക്കുന്ന നിത്യസാക്ഷ്യമായി ഓർമ്മിക്കപ്പെടുന്ന രചനകളാണ് സംഭാവന ചെയ്തത്. ഒരു സ്ത്രീയായും എപ്പോഴും പോരാടുന്ന മനുഷ്യവ്യക്തിയായും അവർ അസ്തിത്വത്തെ പിന്തുടർന്നു. The wounded Deer(1946) എന്ന ചിത്രം ആത്മവ്യഥകളെ കാലത്തിലേക്ക് സമന്വയിപ്പിക്കുകയാണ്. ഒരു പുതിയ ദൃശ്യഭാഷയാണ് അവർ ഇതിനായി തിരഞ്ഞത്. വളരെ അനാവരണം ചെയ്യപ്പെട്ടതും മഥിക്കുന്നതും അതേസമയം അദൃശ്യതകളെ സ്വാംശീകരിക്കുന്നതുമായ ഭാഷയാണിത്. അമ്പുകളേറ്റു വിരണ്ടോടുന്ന ഒരു മാനാണ് ചിത്രത്തിൽ. മാനിൻ്റെ തലയായി ചിത്രകാരി വച്ചിരിക്കുന്നത്  സ്വന്തം തല തന്നെയാണ് .അതിൽ മാനിൻ്റെ കൊമ്പുകളുമുണ്ട് .കൊമ്പുകൾ വിലാപങ്ങളുടെ ഒരു  കാടിനെക്കുറിച്ചു സൂചന തരുന്നു. അമ്പുകൾ തുടരെ വരുകയാണ്. കാടിനെ ചുമക്കുന്നവളാണ് താൻ എന്നും വിവക്ഷ.  എന്നാൽ താൻ നിലം പതിക്കാൻ തയ്യാറല്ലെന്നാണ് ചിത്രകാരിയുടെ മനസ്സ് പറയുന്നത്. 
ആ മുഖം അതു വിളിച്ചു പറയുന്നു.
തനിക്കു കുറേ ദൂരം പോകാനുണ്ട് എന്നാണു ആ കണ്ണുകൾ വ്യക്തമാക്കുന്നത്. 

പിന്നിലായി, കലുഷിതമെങ്കിലും പ്രകാശരേണുക്കൾ ചിതറിയ ഒരാകാശ ഭാഗം കാണാം. ചുറ്റുമുള്ള മരങ്ങളാകട്ടെ,ഒരു വനമാണെന്ന്  തോന്നിപ്പിക്കുമെങ്കിലും അതെല്ലാം  ഏറെക്കുറെ ഉണങ്ങി വീഴാറായി നിൽക്കുകയാണ് .പച്ചപ്പുകൾ നഷ്ടമായ ഒരു വന്യതയിലൂടെ, അവൾ ശരീരത്തിൽ തറച്ച അമ്പുകളുമായി പായുകയാണ്. 
ആരാണ് രക്ഷിക്കാൻ വരുക ?ഒരു പക്ഷേ ,ആ മാൻപേടയുടെ വേദന ആർക്കും തന്നെ മനസ്സിലാകുന്നില്ലായിരിക്കാം .വേദനിക്കുന്നവർ കാഴ്ചവസ്തുക്കളാവുന്ന സമകാലിക ദുരന്തത്തെ തീവ്രമായി ചിത്രീകരിച്ച ഫ്രീദ കാലോ ഈ ചിത്രത്തിൽ വരച്ചു ചേർത്ത ഒടിഞ്ഞ ചില്ല എന്തായിരിക്കും സൂചിപ്പിക്കുന്നത് ?മാർസൽ പ്രൂസ്ത് പറഞ്ഞ തലയ്ക്കു മുകളിലെ ആകാശമുണ്ടല്ലോ. അത് ജീവിപ്പിക്കുന്ന പ്രതീക്ഷയാണ്. ചുറ്റും വരണ്ടുണങ്ങി നില്ക്കുമ്പോൾ ഒരു പച്ചിലചില്ല ജീവൻ്റെ പ്രചോദനമാണ്.
കഥയിലും ഈ പച്ചിലചില്ല വേണം. ഓരോ പെണ്ണും എഴുതുമ്പോൾ ഈ ശോകഭാവം (Pathos ) അടിയിലുണ്ടായിരിക്കണം.  വായനക്കാരൻ്റെ ഹൃദയത്തിലേക്ക് നേരെ ചെല്ലുന്ന ഒരു സംഗീതപാതയാണത്.

ഭാഷ എഴുതുന്നു

നമുക്ക് ധാരാളം ഫെമിനിസ്റ്റ് എഴുത്തുകാരികളുണ്ടെങ്കിലും കഥയിൽ കല സൃഷ്ടിക്കാനറിയുന്നവർ തീരെയില്ല. ഒരു സ്ത്രീയുടെ അവസ്ഥയെ അടുത്തുനിന്ന് ആത്മാർത്ഥതയോടെ നോക്കാനറിയില്ല. പത്രമാധ്യമങ്ങളുടെ കണ്ണിലൂടെ നോക്കുന്നത് നിഷ്പ്രയോജനമാണ്. ഒരു സർക്കാർ ഉദ്യോഗസ്ഥയുടെയോ  കോളേജ് അധ്യാപികയുടെയോ കണ്ണിലുടെ ജീവിതത്തെ നോക്കരുത്. അപ്പോൾ ജീവിതം താരനിശയുടെ റിപ്പോർട്ടിംഗാവും. അനന്തമായ കാലത്തിൻ്റെ ഏതോ ഒരു ബിന്ദുവിൽ നിസഹായമായി നിൽക്കുന്ന മനുഷ്യജീവി എന്ന നിലയിലാണ് ജീവിതത്തെ നോക്കേണ്ടത്, നിരുപാധികമായി .അപ്പോൾ സഹജവും ആഴത്തിലുള്ളതും സത്യാത്മകവുമായ കാര്യങ്ങൾ പൊന്തിവരും. 

പതിറ്റാണ്ടുകൾക്കു മുമ്പ് മാധവിക്കുട്ടി  'കഥ' മാസികയിൽ ഒറ്റപ്പേജിൽ അനുഭവക്കുറിപ്പുകൾ എഴുതുമായിരുന്നു. ഇന്നത്തെ പല വനിതകളുടെയും കഥകളെക്കാൾ വായനക്കാരെ ആ കുറിപ്പുകൾ വശീകരിക്കുമായിരുന്നു. 
അവർ കൃത്രിമമായ ഭാഷയോ , ഫെമിനിസ്റ്റ് ഭാഷയോ  ഉപയോഗിച്ചിരുന്നില്ല. വികാരങ്ങളിൽ സത്യസന്ധത പാലിച്ചുകൊണ്ട് തന്നെയും ചുറ്റുപാടുകളെയും നിരീക്ഷിക്കുകയാണ് അവർ ചെയ്യാറുണ്ടായിരുന്നത്.
അതിൽ കരടായി ഒന്നും തന്നെ ഉണ്ടായിരുന്നില്ല .സ്ഫടികജലംപോലെ അത് തുറന്നു കാണിക്കപ്പെട്ടു.
അതിൽ നിറഞ്ഞു നിന്നത് മാധവിക്കുട്ടി എന്ന എഴുത്തുകാരിയായിരുന്നു. 

ആധുനികതയോ ഉത്തരാധുനികതയോ  ഒന്നുമല്ല മാധവിക്കുട്ടിയെ ശ്രദ്ധേയയാക്കുന്നത്. അവർ ഒരു മനുഷ്യവ്യക്തിയായിരിക്കാൻ നന്നായി പരിശ്രമിച്ചു. ആരുടെയും പ്രചാരണം അവർ ഏറ്റെടുത്തില്ല. ഒരു സൗഹൃദസംഭാഷണത്തിൽ തൻ്റെ  കവിതയെക്കുറിച്ച് അവർ എന്നോട് ഇങ്ങനെ പറഞ്ഞു: "എനിക്ക് ടി.എസ്.എലിയറ്റിനെപോലെയോ യേറ്റ്സിനെപോലെയോ എഴുതാനാവില്ല. ഞാൻ ബുദ്ധിജീവിയെപോലെ എഴുതില്ല. ഞാൻ എന്നെക്കുറിച്ചാണ് എഴുതുന്നത്. എനിക്ക് അതേ അറിയാവൂ ".ഈ സത്യസന്ധത അവരുടെ തിളക്കം വർദ്ധിപ്പിക്കുകയാണ്.

സിതാര .എസ് എഴുതിയ റാണി (എഴുത്ത് ,ജനുവരി)ആരവങ്ങളിൽ നിന്ന് വലിച്ചെറിയപ്പെട്ട ഒരു സിനിമാനടിയുടെ പിൽക്കാല ജീവിതത്തിലെ അലച്ചിലും ഒറ്റപ്പെടലും കളങ്കമില്ലാതെ അവതരിപ്പിക്കുകയാണ്. എന്ത് എഴുതുന്നു എന്നതല്ല ,എഴുതുന്നതിൽ എഴുതുന്ന യാളുണ്ടോ എന്നാണ് നോക്കേണ്ടത്. ഈ കഥയിൽ ഉപയോഗിച്ചിരിക്കുന്ന ഭാഷ അതിലെ കഥാപാത്രമായ കമലയെ അനുഭാവപൂർവ്വം വീക്ഷിക്കുകയാണ്. സദാചാര ലംഘനത്തിനു ,തൻ്റെ സഹായി കളോടൊപ്പം അവളെ പോലീസ് സ്റ്റേഷനിലേക്ക് പിടിച്ചു കൊണ്ടുവന്നിരിക്കുകയാണ്.ജീവിതത്തിൻ്റെ ഗ്രാമ്യഭംഗിയോ ,ശാലീന സൗന്ദര്യമോ ,സൗന്ദര്യലഹരിയോ , മര്യാദയോ ഒന്നും എവിടെയുമില്ല. പൊള്ളയായ മനുഷ്യർ കൂട്ടമായി വരുകയാണ്. ജീവിതത്തിലെ ശൂന്യതയെ കഥാകാരി തൻ്റെ ഭാഷകൊണ്ട് മറികടക്കുന്നു. അഗാധഗർത്തത്തിനു മുകളിലുടെ ഒരു കയറിൽ സാഹസികമായി സഞ്ചരിക്കുന്ന മനുഷ്യനെയാണ് കണ്ടെത്തേണ്ടത്. അത് സിതാര നന്നായി നിർവ്വഹിച്ചു.

"വാ ,ക്ഷീണിച്ചെങ്കിലും ലാഘവമാർന്ന കാൽവയ്പുകളിലേക്ക് തണുപ്പിൻ്റെ  നേരിയ നാരുകൾ കരുണയോടെ നാക്കു നീട്ടി. വാ ,പകുതി മാഞ്ഞ ചന്ദ്രൻ വഴിമായ്ക്കുന്ന നിഴലുകളെ വിരലുകളാൽ തുടച്ചെടുത്തു. വാ ,നേർത്ത മുടിയിഴകളിലേക്ക് കാറ്റു കരുതലോടെ ചുണ്ടു ചേർത്തു .വാ ,ഇരുട്ടും ഉഷ്ണവുമകന്ന നീളൻ പാത, ഓരോ പാദസ്പർശത്തിലും വാത്സല്യത്താൽ തളിർത്തു .ആയുസ്സിൻ്റെ അറ്റത്തെത്തിയ ക്ഷീണിച്ചെല്ലിച്ച ഒരു സ്ത്രീ പെൺകുഞ്ഞുങ്ങളെ ചുറ്റിപ്പിടിച്ചു നടന്നുപോകുന്നത് മേഘങ്ങളിലൊളിച്ച മിന്നൽപ്പിണറുകൾ സ്നേഹത്തോടെ നോക്കി നിന്നു. കാറ്റിലൂടെ കുതിച്ച് അവരിലൊരാൾ അവളുടെ കാൽക്കീഴിലേക്ക് ആരാധനയോടെ മുട്ടുകുത്തി. റാണി, ഞാൻ നിങ്ങളുടെ ചെങ്കോൽ .നക്ഷത്രങ്ങൾ നിറഞ്ഞ എൻ്റെ ആകാശം നിങ്ങളുടെ കിരീടവും. സ്വീകരിച്ചാലും " .

ഇതു വായിച്ചപ്പോൾ ആഹ്ലാദം തോന്നി. ഇങ്ങനെയൊക്കെ എഴുതാൻ  മലയാളത്തിലും എഴുത്തുകാരി ഉണ്ടല്ലോ എന്നാണ് ചിന്തിച്ചത്. നമ്മുടെ അനുഭവങ്ങളെ ആത്മാവിൻ്റെ  കണ്ണുകൊണ്ട് കണ്ടാൽ മാത്രമേ ഇങ്ങനെ എഴുതാൻ കഴിയൂ .എന്നാൽ  ഭാഷാസംസ്കാരവും വേണം. ആ സംസ്കാരം സിതാര നേടിയെടുത്തിരിക്കുന്നു.

മോണാലിസ വളരെ ദൂരെ 

എന്തുകൊണ്ട് ഡാവിഞ്ചിയുടെ 'മോണാലിസ'പോലെ ഒന്ന് നമുക്ക് സൃഷ്ടിക്കാൻ കഴിയുന്നില്ല എന്ന് ചോദിക്കുമ്പോൾ, അതിനു കഴിവില്ല, അതു നമ്മുടെ ശൈലിയല്ല, അത് പ്രാചീനമാണ് എന്നൊക്കെ പറയുന്നത് മണ്ടത്തരമാണ്. ഏറ്റവും ഉയർന്ന കലാനുഭവം ഇല്ലാത്തതുകൊണ്ടാണ് ഇതുപോലെ എക്കാലത്തെയും മഹത്തായ ചിത്രം വരയ്ക്കാനാവാത്തത്. ചിത്രം വരയ്ക്കാനും എഴുതാനും ഭൂരിപക്ഷത്തിനും കഴിയും .എന്നാൽ കലയുടെ കാര്യത്തിൽ ഏറ്റവും ഉന്നതമായ ലയം , മാന്ത്രികാനുഭവം ആർജിക്കുന്നതിൽ വലിയ പരാജയമാണ് മിക്കവരും നേരിടുന്നത്. ഭൂരിപക്ഷത്തിനും ആവേശവും വിദ്യാഭ്യാസവുമാണുള്ളത് ;ജ്ഞാനമില്ല മനസ്സ് പല ജാതി, മത, സങ്കുചിത ചിന്തകളിൽപ്പെട്ട് ഛിന്നഭിന്നമായി കിടക്കുകയാണെങ്കിൽ കലയ്ക്കു  വേണ്ടതായ അന്തർലീനശക്തി ഉണരുകയില്ല. മനസ്സിലെ യുക്തിയും വിദ്വേഷവും സങ്കുചിതത്വവുമാവും മുന്നോട്ടു വരുക .അതിനെയെല്ലാം തള്ളിമാറ്റി ഏറ്റവും മഹത്തായ, മനുഷ്യനു അപ്രാപ്യമായ ബോധാവസ്ഥയിലെത്തുമ്പോഴാണ് കലയുടെ മാജിക് സംഭവിക്കുന്നത്.

വായനയിലും ഈ പെർഫോമൻസ് ഉണ്ട് .ഒരു കൃതി വായിക്കുമ്പോൾ അതിൻ്റെ നാനാതരത്തിലുള്ള ഓർമ്മകൾ സമാഹരിക്കാനും അതിൽനിന്ന് കലയുടെ അപാരതയിലെത്താനും  സിദ്ധിയുണ്ടെങ്കിലേ സാഹിത്യകലയിൽ പ്രധാനമാകുന്നുള്ളു. ഒരു നോവലിലെ കഥാപാത്രങ്ങൾക്കൊപ്പം എഴുത്തുകാരനുമുണ്ട്. അത് നോവൽ എഴുതിയ വ്യക്തിയല്ല .നോവലിസ്റ്റിൻ്റെ  തന്നെ മറ്റൊരു അന്തർമണ്ഡലമാണത്. 

ആ അന്തർവ്യക്തിയുമായി സംവദിക്കണം. ദസ്തയെവ്സ്കിയുടെ 'കരമസോവു സഹോദരന്മാർ ' വായിക്കുമ്പോൾ മറ്റു കഥാപാത്രങ്ങക്കൊപ്പം ദസ്തയെവ്സ്കി യും കഥാപാത്രമാണ്. ഇതു കണ്ടു പിടിക്കുന്നുണ്ടെങ്കിലേ വായനയുള്ളു. ദസ്തയെവ്സ്കി എന്ന ചൂതുകളിക്കാരനോ, റഷ്യാക്കാരനോ ,അന്നയുടെ കാമുകനോ അല്ല നോവലിലെ കഥാപാത്രമായി വരുന്നത്. 
മറ്റൊരു ആളാണ് ,അന്തർ വ്യക്തിയാണ്. അയാളോടൊപ്പം സഞ്ചരിക്കുന്നതിനെയാണ് വായന എന്നു പറയുന്നത്. 

വായനയും അനുഭവവും 

അമൽ 'ടിഷ്യുപേപ്പർ കഥകൾ' (മാതൃഭൂമി ആഴ്ചപ്പതിപ്പ് ,ഫെബ്രുവരി 12) എന്ന പേരിൽ കുറെ കഥകൾ കൂട്ടിക്കെട്ടി തീവണ്ടിപോലെ വായനക്കാരുടെ മുന്നിൽ വച്ചിരിക്കുന്നു. ഒന്നും മനസിലായില്ല.  ഇതിലെ കഥകൾക്കു പിന്നിൽ പ്രചോദനമുള്ളതായി തോന്നിയില്ല. കഥ എഴുതാൻ വേണ്ടി ബോധപൂർവം ശ്രമിക്കുകയാണ്. പക്ഷേ ,കഥയാകുന്നില്ല .ഇത്തരം കുറിപ്പുകൾ കഥനപ്രക്രിയയെ തന്നെ അപഹാസ്യമാക്കുകയാണ്. 

Beyond the Blurb എന്ന വിമർശന കൃതിയെഴുതിയ ദാനിയേൽ ഗ്രീൻ Daniel Green പറഞ്ഞു: 
"ഭാഷയുടെ അനുഭവമാണ് വായന. വാക്കുകളുടെ ക്രമീകരണമാണ് നാം കൃതിയിൽ കാണുന്നത് .ഈ ക്രമീകരണം മനസ്സിലാക്കാൻ കഴിവുള്ളവനായിരിക്കണം വിമർശകൻ .അതുകൊണ്ട് ഒരു സാഹിത്യകൃതിയുടെ അർത്ഥം എന്നു പറഞ്ഞാൽ അതിൻ്റെ  വായനാനുഭവമാണ് ഉദ്ദേശിക്കുന്നത് ".

വിമർശനത്തിൻ്റെ വിമർശനം

മലയാളത്തിൽ ചെറുകഥയെക്കുറിച്ചോ ,കവിതയെക്കുറിച്ചോ ഒരു റിവ്യു എഴുതാൻ ധാരാളം പേരെ കിട്ടും .കോളേജ് അധ്യാപകർ മിക്കവാറും പേരും റിവ്യൂ എഴുതും .അടുപ്പമുള്ളവരുടെ  പുസ്തകങ്ങൾക്ക് പ്രചാരം കിട്ടാൻ വേണ്ടി ഫേസ്ബുക്കും മറ്റു മാധ്യമങ്ങളും ഉപയോഗിക്കുന്നതിൽ കുഴപ്പമില്ല .ഫേസ്ബുക്കിൽ പുസ്തകത്തിൻ്റെ കവർ റിലീസ് ചെയ്യാമോ എന്ന് ചോദിച്ചുകൊണ്ട് എഴുത്തുകാർ തന്നെ പരിചയമുള്ളവർക്കെല്ലാം സന്ദേശമയയ്ക്കുന്നു .ഇക്കൂട്ടത്തിൽ  അവർ സാഹിത്യവിമർശകരെയും വെറുതെ വിടുന്നില്ല. ഇത് തികച്ചും അനുചിതമായ ഒരു കളിയാണ്. ഒരു വിമർശകൻ ഏതൊരു കൃതിയും പരിചയത്തിൻ്റെയോ  സൗഹൃദത്തിൻ്റെയോ ബലത്തിൽ മാത്രം പ്രോത്സാഹിപ്പിക്കാൻ നില്ക്കുകയാണെങ്കിൽ അത് അധാർമ്മികമാണ്. ഈ രീതി വിമർശകനെ നശിപ്പിക്കും. ഒരു കഥാകൃത്തിൻ്റെ പുസ്തകം ഫേസ്ബുക്ക് പേജിൽ റിലീസ്  ചെയ്താൽ വിമർശകൻ ആ  കഥാസമാഹാരത്തെ സർവാത്മനാ സ്വാഗതം ചെയ്തതായാണ് വായനക്കാർ വിലയിരുത്തുക.എന്നാൽ വിമർശകന് ചിന്താരീതി, ഭാവന ,സാഹിത്യാവബോധം ,കലാസങ്കല്പം തുടങ്ങിയവ സ്വന്തമായുണ്ടെങ്കിൽ  അനാവശ്യമായി പുസ്തകങ്ങളെ പ്രചരിപ്പിക്കാനാവില്ല .

റിവ്യു എഴുത്തുകാർ പെരുകിയെങ്കിലും സാഹിത്യവിമർശനത്തിൻ്റെ വിമർശനമെഴുതാൻ നമ്മുടെ നാട്ടിൽ ആളില്ലാതായി എന്ന വസ്തുത അവഗണിക്കരുത്. 
പത്താം ക്ലാസിൽ മലയാളം മാഷ് പറഞ്ഞുകൊടുത്ത വിമർശനപാഠങ്ങളുമായി, ഈ  ഉത്തര- ഉത്തരാധുനിക കാലത്തെ വിമർശന ചിന്തകളെ സമീപിക്കുന്ന വിരുതന്മാരെ  കണ്ടിട്ടുണ്ട്. ഫീച്ചറെഴുതുന്ന മാനസികാവസ്ഥ ഇതിനു ചേരില്ല. വിമർശനത്തിൻ്റെ ഉറവിടം എവിടെ നിന്നാണെന്നു വ്യക്തമായാലേ  വിമർശനത്തെക്കുറിച്ച് എഴുതാനാവൂ. വിമർശനപ്രക്രിയയിൽ ,വിമർശന ബോധത്തിൽ തത്ത്വചിന്തയുടെ സമസ്യകളുണ്ട്‌. വാൾട്ടർ ബെഞ്ചമിൻ ,കാതറിൻ ബെൽസി തുടങ്ങിയവർ ഇതിനെക്കുറിച്ച് എഴുതിയിട്ടുണ്ട്. 

കലാസ്വാദന(Art experience )വും കലാപരമായ ആവിഷ്കാരപൂർണത (Virtuosity)യും ജീവതത്ത്വപരമായ  ചിന്ത (Ontological Thought) യും ഒരാളിൽ കേന്ദ്രീകരിച്ചാലേ വിമർശനത്തിൻ്റെ ബോധം രൂപപ്പെടുകയുള്ളു. നമ്മുടെ നാട്ടിലെ ഏറ്റവും ദരിദ്രമായ അവസ്ഥയാണ് സാഹിത്യവിമർശനത്തിൻ്റെ വിമർശനത്തിനുള്ളത്. 'ആത്മായനങ്ങളുടെ ഖസാക്ക് '(1984)എന്ന പുസ്തകമെഴുതിയ  ഞാൻ സമീപകാലത്ത് 'ആത്മായനങ്ങളുടെ ജനിതകം'എന്ന ഒരു കൃതിയെഴുതി. ആദ്യത്തെ പുസ്തകം എങ്ങനെ എഴുതപ്പെട്ടു എന്നു പതിറ്റാണ്ടുകൾക്കുശേഷം പരിശോധിക്കുന്ന അസാധാരണമായ രചനയാണിത്. ഇത് ബ്ലോഗിൽ സൗജന്യമായി വായിക്കാൻ കൊടുത്തിരിക്കയാണ്. വിമർശനത്തെക്കുറിച്ച് എഴുതാൻ മലയാളത്തിൽ ആരും തന്നെയില്ല എന്നറിഞ്ഞുകൊണ്ടാണ് ഇത്തരം ആത്മവിചിന്തനങ്ങൾ വേണ്ടിവരുന്നത്. ആധുനികതയോ തുടർന്നുള്ള പ്രവണതകളോ എന്താണെന്ന് മനസ്സിലാക്കാത്ത ഇന്നത്തെ റിവ്യു എഴുത്തുകാർ എങ്ങനെ ഉത്തര - ഉത്തരാധുനികമായ സിദ്ധാന്തങ്ങളെ ഉൾക്കൊള്ളും? .വിവരമില്ലാത്തവർ കാലിന്മേൽ കാൽ കയറ്റി വച്ച് അസംബന്ധം പറയുന്ന കാഴ്ചയാണ് വിമർശത്തിൻ്റെ വിമർശനത്തിൽ  ഇന്നു കാണുന്നത് .

കലാപരമായ മഹത്വത്തെ ഉൾക്കൊള്ളുന്നില്ലെങ്കിൽ സാഹിത്യവിമർശനമില്ല. കലാകാരൻ എഴുതേണ്ടതാണത്. ഒരു സിദ്ധാന്തത്തെ തന്നെ ആശ്രയിക്കണമെന്നുമില്ല. കാരണം, കലയ്ക്കാണ് പ്രാധാന്യം. എന്നാൽ തത്ത്വചിന്തയുടെയും കലയുടെയും ചരിത്രത്തിൽനിന്ന് ഏത് ഉപകരണവും എടുക്കാം. ഏതെടുക്കുമ്പോഴും ഏറ്റവും ഗാഢമായത് ,അഗാധമായത് , സവിശേഷമായത് ,ഇതുവരെ അനാവരണം ചെയ്യപ്പെടാത്തത് എന്ന പരിഗണനയിലാണ് വിമർശകൻ  പ്രവർത്തിക്കേണ്ടത്. അതുകൊണ്ടാണ് ഒരു സാധാരണ മനുഷ്യൻ തന്നിൽ കുഴപ്പങ്ങളൊന്നും കാണുന്നില്ലെങ്കിലും, ചിലർ മനുഷ്യനിലെ ആന്തരികമായ അതൃപ്തിയെക്കുറിച്ച് പറഞ്ഞത് 'ആരാണ് ഞാൻ' എന്നു ചോദിക്കാൻ പ്രേരിപ്പിക്കുന്നുവെന്ന്  കോളിൻ വിത്സൻ(Colin Wilson) വിശദീകരിച്ചത് .ഇക്കാര്യത്തിൽ എഡ്മണ്ട് ഹുസ്സേളി (Edmund Husserl) ൻ്റെ പ്രാതിഭാസിക ചിന്തകളും ,ജോൺ ബുന്യ (John Bunyan )ൻ്റെ 'രക്ഷപ്പെടാൻ ഞാനെന്ത്  ചെയ്യണ'മെന്ന ആശയവും ,റഷ്യൻ തത്ത്വചിന്തകനായ ജോർജ്ജ് ഗുർജി ഫ് (George Gurdjieff) നമ്മളെല്ലാം ഉറങ്ങുകയാണെന്ന് പറഞ്ഞതും  പരിഗണിക്കണമെന്നാണ് കോളിൻ വിത്സൻ പറയുന്നത്.
എന്തിന്? 'എൻ്റെ  മനസ്സിനെ ഉണർത്താൻ ഞാൻ എന്താണ് ചെയ്യേണ്ടത്?' എന്ന് തിരിച്ചറിയാൻ.

റിബൽ സങ്കല്പത്തെക്കുറിച്ച് വർഷങ്ങൾക്ക് മുൻപ് വി.പി.ശിവകുമാർ എഴുതിയ ലേഖനം ഇപ്പോഴും മനസ്സിലേക്ക് വരികയാണ്. സാഹിത്യകാരൻ ഒരു റിബലാണോ ?ഇനി അങ്ങനെയൊരു റോൾ അവശേഷിക്കുന്നുണ്ടോ ? എല്ലാവരും എല്ലാത്തിനോടും ഒത്തുതീർപ്പിലെത്തിയ ഈ കാലത്ത്. 


വി. ഗിരീഷ് എഴുതിയ വിശ്വാസം (എഴുത്ത് ,നവംബർ, 2001) ഒരു കഥ എന്ന നിലയിൽ വിജയിച്ചില്ല .ഒരിടത്ത്  നാഗപൂജയുമായി കുറേപ്പേർ  വീട്ടിലേക്ക് വരുന്നു. കുഴൽ കിണർ കുഴിക്കാൻ വീട്ടുകാർ പദ്ധതിയിടുന്നു.  ഇതു തമ്മിലെന്താണ് ബന്ധമെന്ന്  വ്യക്തമാക്കുന്നില്ല. ഒരിടത്തും എത്താത്ത കുഴൽ കിണർ കുഴിച്ച്  കഥാകൃത്ത് കഥ അവസാനിപ്പിച്ചു. കഥ അവസാനിപ്പിക്കുന്നതിനു വലിയ ജ്ഞാനം ആവശ്യമാണ്. അവിടെ ഒരു മാന്ത്രിക വിരൽസ്പർശമുണ്ടാകണം.

കമ്യു ,ദി ഫസ്റ്റ് മാൻ

'ഭീകരമായ ഒരു ശൂന്യതയാണ് എന്നിലുള്ളതെന്ന് ഫ്രഞ്ച് എഴുത്തുകാരൻ ആൽബേർ കമ്യു  'ദ് ഫസ്റ്റ്മാൻ' എന്ന നോവലിൽ പറയുന്നുണ്ട്.  എന്താണ് ഈ ശൂന്യത?വലിയ ആഗ്രഹങ്ങൾ വച്ചുപുലർത്തിയവൻ  തകർന്നുകഴിയുമ്പോഴുള്ള ശൂന്യതയല്ല ;ജീവിതനിരാശയല്ല ; ദാർശനികമായ ഒരാന്തരബോധമാണത്. യാത്രകളെക്കുറിച്ചും ഓർമ്മകളെക്കുറിച്ചും കമ്യു വളരെ വ്യത്യസ്തമായ സമീപനമാണ് കൈക്കൊണ്ടത്. വലിയ യാതനകൾ അനുഭവിച്ചാൽ മനുഷ്യൻ ആന്തരികമായി ക്രമീകരിക്കപ്പെടുമെന്ന മതപരമായ വിശ്വാസത്തെയല്ല അദ്ദേഹം പിന്തുടർന്നത്. കമ്യു യാതന യെ  കണ്ടെത്തുകയാണ്  ചെയ്തത്.തുടർച്ചയായ യാതനയും  അതിനോടുള്ള ബന്ധവും ഒരു വ്യക്തിയെ ദുരന്തങ്ങളിലേക്ക് വലിച്ചടുപ്പിക്കുമെന്ന് അദ്ദേഹം ദീർഘദർശനം ചെയ്തു.കാരണം ,അയാൾ യാതനയിൽനിന്ന് എന്തോ പ്രതീക്ഷിക്കുന്നു. ആ പ്രതീക്ഷയിൽ തുടരാനായിരിക്കും അയാൾ താൽപര്യപ്പെടുക. താൻ യാതനയനുഭവിക്കുന്തോറും കൂടുതലെന്തോ തൻ്റെ അസ്തിത്വത്തിലേക്ക് കൂട്ടിച്ചേർക്കപ്പെടുമെന്ന മിഥ്യാധാരണയിൽ അയാൾ അതിൻ്റെ  ഭവിഷ്യത്തുകളെ സ്വീകരിക്കുന്നു.

ഇത് ഓർമ്മകളിൽനിന്ന് രതിക്ക്  സമാനമായ വികാരം തിരയുന്നവർക്കും ബാധകമാണ് .അവനവൻ്റെ  ഓർമ്മകളുമായി അമിതമായ ലൈംഗികബന്ധം പുലർത്തുന്നവർ പുറംലോകത്തുനിന്ന് സ്വയം നിഷ്കാസനം ചെയ്തവരാണ്. അവർ  ദാരിദ്ര്യത്തെയും സഹനത്തെയും ഇതുമായി ചേർത്തു കനം വയ്പ്പിക്കുന്നു. ഓർമ്മകൾ സമ്പന്നർക്ക് ഭൂതകാലത്തിലെ അവരുടെ പങ്കിനെക്കുറിച്ചുള്ള മിഥ്യാസങ്കല്പങ്ങൾക്ക് രൂപം നല്കാനുള്ളതാണ്. 
എന്നാൽ  പാവപ്പെട്ടവർക്ക് അത് മരണമാണ്. ഓർക്കുന്തോറും അവർ മരണത്തിലേക്ക് അടുക്കുകയാണ്. 

കാതറിൻ കമ്യു 

ആൽബേർ കമ്യു 1960 ൽ കാർ അപകടത്തിൽ കൊല്ലപ്പെടുകയായിരുന്നല്ലോ. അപകടത്തിൽപ്പെട്ട ആ കാറിൽ നിന്നാണ് അദ്ദേഹത്തിൻ്റെ 'ദ് ഫസ്റ്റ്മാൻ' എന്ന നോവലിൻ്റെ  കൈയെഴുത്തുപ്രതി കണ്ടെടുത്തത്. കമ്യുവിൻ്റെ മരണത്തിന് മുപ്പത് വർഷത്തിനുശേഷമാണ് അപൂർണമായ 'ദ് ഫസ്റ്റ്മാൻ' പ്രസിദ്ധീകരിച്ചത് .കമ്യുവിൻ്റെ മകൾ കാതറിൻ കമ്യു ഒട്ടും എഡിറ്റ് ചെയ്യാതെയാണ് അത് പ്രസാധകരെ ഏല്പിച്ചത്. കമ്യുവിൻ്റെ കുട്ടിക്കാലത്തെ ദാരിദ്ര്യവും പീഢകളുമാണ് അതിലെ ഇതിവൃത്തം. 

കമ്യുവിനു ഒരിക്കലും വായനക്കാരെ നഷ്ടപ്പെട്ടിട്ടില്ല എന്നാണ് കാതറിൻ പ പറയുന്നത്. ഇപ്പോഴും അദ്ദേഹം വായനക്കാർക്ക് പ്രിയങ്കരനാണ്. "ബുദ്ധിജീവികൾ കമ്യുവിലേക്ക് മടങ്ങി വരികയാണിപ്പോൾ .അതിന് കാരണമുണ്ട്. കമ്മ്യൂണിസത്തിൻ്റെ പതനം സംഭവിച്ചല്ലോ. കമ്യു എന്നും സ്റ്റാലിൻ്റെ വിചാരണകളെയും ലേബർ ക്യാമ്പുകളെയും വിമർശിച്ചിട്ടുണ്ട്. കമ്യു ശരിയായിരുന്നുവെന്ന് ഇപ്പോൾ എല്ലാവർക്കും ബോധ്യമായിരിക്കുന്നു . സോവിയറ്റ് റിപ്പബ്ലിക്കിൽ കോൺസൻട്രേഷൻ ക്യാമ്പുകൾ ഉണ്ടായിരുന്നുവെന്ന കാര്യം ഇപ്പോൾ  എല്ലാവർക്കുമറിയാം" - കാതറിൻ പറയുന്നു. 

നാനോ കഥകൾ 

സിബിൻ ഹരിദാസിൻ്റെ 'നാനോ കഥകൾ ' (ഹരിതം ) ശ്രദ്ധ നേടുകയാണ്. കഥ എന്ന നിലയിൽ, കവിതയിൽനിന്നു വേർപെടുത്താൻ കഴിയാത്ത രചനകളാണിത്. 
കഥയുടെ സത്ത് പിഴിഞ്ഞ് ഊറ്റി വച്ചിരിക്കുന്നു .പാലക്കാട് എടത്തനാട്ടുകര സ്വദേശിയായ സിബിൻ ചെമ്മാണിയോട് പി. ടി. എം. യു. പി. സ്കൂൾ അദ്ധ്യാപകനാണ്. 

ഇന്നത്തെ മികച്ച ക്യാപ്സൂൾ കഥാകാരനാണ് സാബിൻ എന്നു പറയട്ടെ. ജീവിതത്തിനുള്ളിലെ പ്രഹേളികയുടെ രഹസ്യം പകരാൻ ഈ കഥാകൃത്ത് നന്നായി അദ്ധ്വാനിച്ചിട്ടുണ്ട്. എന്തെങ്കിലും കുറെ വാക്കുകൾ എഴുതിവെച്ചു 'കുഞ്ഞുകഥ' എന്നു  പറയുന്നവരുണ്ട്. ഇവിടെ അതിനപ്പുറം പോവുകയാണ് സിബിൻ . 

'അവൾ' എന്ന കഥയിൽ മൂന്നു  വാക്യങ്ങളേയുള്ളു . സമകാല സ്ത്രീ ജീവിതത്തെ സാന്ദ്രമായി അനുഭവപ്പെടുത്തുകയാണിവിടെ:

"അവൾ വലതുകാൽ വച്ച് അകത്തേക്ക് കയറി .
അനുഗമിച്ചത് ഒരു പരിച.
സ്വീകരിച്ചത് ഒരു വാൾ " .

'പരിണാമം' എന്ന കഥ ഇങ്ങനെയാണ്:
" നമുക്ക് രണ്ട് ഇലകളായി പരിണമിച്ചാലോ?
അവൻ വികാരവായ്പോടെ അവളോട് ചോദിച്ചു .
എന്നിട്ടോ ?
അവളുടെ ആശ്ചര്യചോദ്യം .
നമുക്ക് തളിർക്കാം 
വളരാം 
പഴുക്കാം 
പിന്നെ കൊഴിഞ്ഞു വീഴാം" .

റാഷാമോൺ 

അകിര കുറസോവ റാഷാമോൺ Rashamon) എന്ന സിനിമയെടുത്തത്  ജപ്പാനിലെ പ്രമുഖ കഥാകൃത്തായ അകുതാഗാവ റുയുനോസുകെ (Akutaguwa Ryunosuke, 1892-1927)യുടെ ഇതേ പേരിലുള്ള കഥയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് .ചിത്രത്തിൻ്റെ പ്രമേയത്തെ വികസിപ്പിക്കുന്നതിനു  റുയുനോസുകെയുടെ In a Grove  എന്ന കഥ കൂടി ഇതിൽ സംയോജിപ്പിക്കുകയായിരുന്നു. ജാപ്പനീസ് കഥാസാഹിത്യത്തിലെ ആചാര്യനായ റുയുനോസുകെ റാഷാമോൺ എന്ന പേര് സ്വീകരിച്ചത് ജാപ്പനീസ് പുരാതന ബാലെ നോഹ് (Noh)എന്ന കലാരൂപത്തിൽ നിന്നാണ് .റാഷാമോൺ എന്നു വിളിക്കുന്നത് പുരാതന നഗരമായ ക്യോട്ടോ (Kyoto)യുടെ  പ്രവേശനകവാടത്തെയാണ്. 

തകർന്ന കവാടത്തിന് മുന്നിൽ ഗത്യന്തരമില്ലാതെ കാവൽ നിൽക്കുകയാണ് ഒരു ഭടൻ . അയാളോടൊപ്പമുണ്ടായിരുന്നവരൊക്കെ   ഒഴിഞ്ഞുപോയി .അയാൾ ,പക്ഷേ ,തൻ്റെ ഉത്തരവാദിത്തം നിറവേറ്റാനായി അവിടെത്തന്നെ നിലയുറപ്പിച്ചു. നിശ്ശബ്ദതയിൽ അയാൾ  ഏകാകിയായിരുന്നു. മുകളിലത്തെ നിലയിലേക്ക് ചെന്ന ആ ഭടൻ കണ്ടത് മൃതദേഹങ്ങളിൽ നിന്നു തലമുടി മോഷ്ടിച്ചെടുക്കുന്ന ഒരുവളെയാണ്. അവൾ തലമുടി മോഷ്ടിച്ച് വിഗ്ഗ് ഉണ്ടാക്കി വിറ്റ് ജീവിക്കുകയാണ് .അല്ലെങ്കിൽ പട്ടിണികിടന്നു മരിക്കും. അവൾ  ജീവിക്കാൻവേണ്ടി പാമ്പിനെ കൊന്ന് പരിചയക്കാർക്ക് മത്സ്യമാണെന്ന് തെറ്റിദ്ധരിപ്പിച്ച് വിൽക്കാറുണ്ട്. 
മരണം മുന്നിൽ വന്നു നിൽക്കുമ്പോൾ ആദർശത്തിനു പ്രസക്തിയില്ല.എന്നാൽ ഭടൻ അവളെ തടഞ്ഞു. അയാൾ വാൾ അവൾക്കു നേരെ നീട്ടി. നിൻ്റെ ശരീരത്തിലെ വസ്ത്രങ്ങൾ താൻ  അപഹരിക്കാൻ പോവുകയാണ്, എങ്കിൽ തനിക്ക് അതിജീവിക്കാനുള്ള പണം കിട്ടുമെന്ന് അയാൾ അറിയിക്കുന്നു .അത് അയാൾ ചെയ്തു കാണിച്ചു .ആ വസ്ത്രങ്ങളുമായി അയാൾ ഓടി രക്ഷപ്പെടുകയാണ്. ഇപ്പോഴും ഈ കഥയ്ക്ക് പ്രസക്തിയുണ്ട് .പ്രമേയത്തിൻ്റെ കാര്യത്തിലാണെങ്കിൽ ദാരിദ്യത്തിൻ്റെ അഗാധമൂല്യങ്ങൾ അറിയാവുന്ന ഒരു സാഹിത്യകാരൻപോലും ഇന്നില്ല.  പുലിയെ കറിവെച്ച് കഴിക്കാനും  മേഘത്തെകൊണ്ട് യുവതിയെ ഗർഭിണിയാക്കാനുമാണ് മലയാള കഥാകൃത്തുക്കൾ ഉത്സാഹിക്കുന്നത്. 

ജീവിതത്തിലെ അടിസ്ഥാനപ്രശ്നങ്ങളെ  എങ്ങനെ സമീപിക്കണമെന്ന് അറിയില്ല. സ്വാധീനമുപയോഗിച്ച് രണ്ടുമൂന്ന് കഥകൾ പ്രസിദ്ധീകരിക്കുക, സ്വന്തം പണം മുടക്കി പുസ്തകമിറക്കുക , ഫേസ്ബുക്കിൽ നൂറു പേരെക്കൊണ്ട് പുസ്തകം പ്രകാശനം ചെയ്യിക്കക, പിന്നെ ഒരു യൂട്യൂബ് എൻട്രി.... മലയാളത്തിൽ ഒരു വലിയ കഥാകൃത്ത് ഉദയം ചെയ്യുകയായി. ഇത് അതേപടി ഏറ്റുപാടുന്ന വായനക്കാർ ഉണ്ടെങ്കിൽ അവർ കപടവായനക്കാരാണ് ,കറപ്റ്റാണ്.

വെളിച്ചം വേണം 

അനിത മാത്യുവിൻ്റെ 'ബൂമറാങ്' ( എഴുത്ത് ,നവംബർ 2021) എന്ന കഥയിൽ ഒരു  സന്ദേശമാണുള്ളത് .നല്ലതു ചെയ്താൽ അതിൻ്റെ ഫലം എപ്പോഴെങ്കിലും തിരിച്ചുവരാതിരിക്കില്ല. എന്നാൽ ഇത് പറയാൻ വേണ്ടി കഥകളെഴുതുന്നത്  ഇന്നത്തെ നിലയ്ക്ക് അപര്യാപ്തമാണ്. ഇതൊക്കെ വളരെ പഴയ രചനാരീതിയാണ്. ഒരാളുടെ ജീവിതത്തെ പുറമേ നിന്നു നോക്കി  ചില നിഗമനങ്ങളിലെത്തുന്നതു ശരിയല്ല. എന്നാൽ ജീവിതത്തിലെ സംഭവങ്ങളെ എങ്ങനെയാണ് നാം സമീപിക്കേണ്ടതെന്ന കാര്യത്തിൽ കൂടുതൽ പഠിക്കേണ്ടതുണ്ട്. ഒരു സന്ദേഹിയായാലേ  സത്യത്തെക്കുറിച്ചുള്ള ചിന്ത  ആരംഭിക്കുകയുള്ളൂ .സന്ദേഹം തന്നെ സത്യാന്വേഷണമാണ് .സന്ദേഹമില്ലാത്തവൻ ചിന്തിക്കാത്തവനാണ്.
ചിന്തിക്കുന്നവൻ അസ്വസ്തനാവും. അവൻ വെളിച്ചത്തിനുവേണ്ടി ഏത്  ദിക്കിലേക്കും നോക്കും .

ഫോക്നർ പറഞ്ഞത് 

എന്തും കഥയായെഴുതി കടലാസ് നിറയ്ക്കുന്നവരുണ്ട്. ഒരു വാചകംപോലും അനുവാചകനെ  സ്പർശിക്കില്ല .വൈകാരികക്ഷമത നഷ്ടപ്പെട്ട ഒരു കൂട്ടമാളുകളെ സൃഷ്ടിച്ചെടുത്തശേഷമാണ് ചിലർ എഴുതുന്നത്. സുഹൃത്തുക്കളോടോ സത്യത്തോടോ ഒരു കണികയുടെ ആത്മാർത്ഥതപോലുമില്ലാത്തവർ എഴുതരുത്.
എഴുതുന്നത് ഒരു ത്യാഗമാണ്,
നഷ്ടമാണത്. നഷ്ടപ്പെടാനുള്ള മനസ്സിൽ നിന്നാണ് സാഹിത്യകൃതിയിലെ ഭാഷയുണ്ടാകുന്നതെന്ന് ഞാൻ വിചാരിക്കുന്നു. ഒന്നും നേടിയെടുക്കാനുള്ള മനസ്സല്ല അത്; അപ്രവചനാത്മകവും വിലമതിക്കാനാവാത്തതുമായ ആത്മീയ മൂല്യങ്ങളുടെ അദൃശ്യലോകത്തെയാണ് എഴുത്തുകാരൻ ലക്ഷ്യം വയ്ക്കുന്നത്. 
സി.വി. ശ്രീരാമൻ്റെ 'ക്ഷുരസ്യധാര' ,യു. പി. ജയരാജിൻ്റെ 'ഓക്കിനാവയിലെ പതിവ്രതകൾ ' തുടങ്ങിയ കഥകൾ എഴുതണമെങ്കിൽ ഈ മാനസികാവസ്ഥയുടെ സമീപമെങ്കിലും എത്താനാകണം.

അമേരിക്കൻ കഥാകത്ത് വില്യം ഫോക്നർ ഓർമ്മിപ്പിക്കുന്നത് ഇതാണ് :

"എഴുതുന്നതുകൊണ്ട് തൃപ്തിപ്പെടരുത് .നമുക്ക് എഴുതാൻ കഴിയുന്നപോലെ മികച്ചതായിരിക്കില്ല അത്. എപ്പോഴും സ്വപ്നത്തിലെന്നപോലെ പ്രതീക്ഷിക്കുക, നിങ്ങൾക്ക് അറിയാവുന്നതിനും ,ചെയ്യാൻ കഴിയുന്നതിനും അപ്പുറത്ത്. നിങ്ങളുടെ സമകാലികർ ,മുൻഗാമികൾ എന്നിവരേക്കാൾ മികവു പുലർത്തണമെന്നതാവരുത് ലക്ഷ്യം. നിങ്ങളേക്കാൾ മികച്ചത് എഴുതണം. പിശാചുക്കൾ നിയന്ത്രിക്കുന്ന ജീവിയാണ് എഴുത്തുകാരൻ. എന്തുകൊണ്ടാണ് പിശാചുക്കൾ തന്നെ തിരഞ്ഞെടുത്തതെന്ന് എഴുത്തുകാരനു  അറിയില്ല .അതിനെപ്പറ്റിയോർത്ത് അതിശയംകൊള്ളാൻ പറ്റാത്ത വിധം അയാൾ തിരക്കുള്ളവനാണ്. ഇക്കാര്യത്തിൽ തികച്ചും അധാർമ്മിക വ്യക്തിത്വമാണ് അയാളുടേത്; ആരിൽ നിന്നും എവിടെ നിന്നും കൊള്ളയടിക്കുകയോ ,കടം വാങ്ങുകയോ ,യാചിക്കുകയോ , മോഷ്ടിക്കുകയോ ചെയ്യും, തൻ്റെ  രചന പൂർത്തീകരിക്കുന്നതിനുവേണ്ടി. എഴുത്തുകാരൻ്റെ ഒരേയൊരു  ഉത്തരവാദിത്വം തൻ്റെ കലയോടു മാത്രമാണ് ".

ഇതിനോട് വിയോജിക്കുന്നവരോട് യോജിപ്പില്ലെന്ന് അറിയിക്കട്ടെ .എൻ്റെ മനസ്സിൽ ഈ ചിന്തകൾ എന്നുമുണ്ടായിരുന്നു. ഫോക്നറുടെ വാക്കുകൾ കണ്ടപ്പോൾ അദ്ദേഹം ഇങ്ങനെ നേരത്തെ ചിന്തിച്ചല്ലോ  എന്നാണ് തോന്നിയത്.

ആനന്ദ് വിമർശിക്കപ്പെടുന്നു

ആനന്ദ് വിമർശിക്കപ്പെടേണ്ടതുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. അദ്ദേഹത്തിൻ്റെ  'ആൾക്കൂട്ടം','ഗോവർധൻ്റെ യാത്രകൾ' എന്നീ നോവലുകളെ നമുക്ക് നിരാകരിക്കാനാവില്ല. എന്നാൽ ആനന്ദിനെ സമകാലജീവിതത്തിൻ്റെ  നിരീക്ഷകനായോ ,ചിന്തകനായോ കാണാൻ നിവൃത്തിയില്ല.അദ്ദേഹം കേരളീയ ജീവിതത്തിൻ്റെ കഴിഞ്ഞ നൂറ്റാണ്ടിനെക്കുറിച്ച് ഇതുവരെ ഒന്നും മിണ്ടിയിട്ടില്ല. ചില കേവല താത്ത്വിക വിഷയങ്ങളെപ്പറ്റി തുടർച്ചയായി പറയുന്ന അദ്ദേഹം അധ:സ്ഥിതരുടെ വിമോചനത്തിൻ്റെ പാതകളെക്കുറിച്ചോ സാമൂഹ്യമായ പീഡനങ്ങളെക്കുറിച്ചോ  ഇതുവരെ മിണ്ടിയിട്ടില്ല .

താൻ ഒരു മലയാളിയാണെന്ന് ഒരിക്കൽപോലും അദ്ദേഹം സമ്മതിച്ചതായി തോന്നുകയില്ല, ആ രചനകൾ വായിച്ചാൽ. ആനന്ദിൻ്റെ കൃതികളിലെ കഥാപാത്രങ്ങൾക്കുപോലും മലയാളി പേരുകളില്ല .മലയാളിയെയും മൗലികമായ അവൻ്റെ സാംസ്കാരിക ത്വരകളെയും ആനന്ദിനു ഇനിയും സ്പർശിക്കാനായിട്ടില്ല. ജാഗ്രതയും ചിന്തയുമുള്ള ഒരു  എഴുത്തുകാരനും തൻ്റെ നാടിൻ്റെ, മിത്തുകളുടെ , ഭാഷയുടെ ഓർമ്മകളുമായി സംഗമിക്കാൻ മടിക്കില്ല .ദസ്തയെവ്സ്കി റഷ്യൻ മനസ്സുമായി എപ്പോഴും സംവദിച്ചിട്ടുണ്ട്. ഒർഹൻ പാമുക്ക് ഇസ്താംബൂളിൽ തൻ്റെ പ്രാചീന മനസ്സിനെ തിരയുന്നു .
മാർകേസ് ലാറ്റിനമേരിക്കയുടെ ചരിത്രമാണ് കലാപരമായി കണ്ടെത്തുന്നത് .ആനന്ദാകട്ടെ , വൈകാരികമായി ഒന്നിനോടും കണ്ണി ചേർക്കുന്നില്ല. മൺമറഞ്ഞവരിൽനിന്ന് കൃത്യമായ അകലം പാലിക്കുന്നു. 
എല്ലാ സാമൂഹ്യ പോരാട്ടങ്ങളെക്കുറിച്ചും മൗനം പാലിക്കുകയാണ്.  

ഈസ്റ്റിന്ത്യാ  കമ്പനിയുടെയും ഫ്യൂഡൽ മനശ്ശാസ്ത്രത്തിൻ്റെയും അതാര്യതകളിൽ അബോധമായി അമർന്നു പോവുകയാണ് ആനന്ദ് . അദ്ദേഹത്തിനു മലയാളത്തിലെ പൂർവ്വകാല എഴുത്തുകാരെ അറിയുമോ എന്ന് എനിക്ക് സംശയമുണ്ട്. ആനന്ദിൻ്റെ പാത പിന്തുടർന്ന എഴുത്തുകാരും പത്രാധിപന്മാരുമെല്ലാം  ഇങ്ങനെ മാനസികമായി അയിത്തം സൂക്ഷിക്കുകയാണ് ചെയ്തിട്ടുള്ളത്. വളരെ ആപത്ക്കരമായ നിലപാടാണിത്.

പ്രതീക്ഷ നശിച്ച് ഓർവെൽ

1984 എന്ന മഹത്തായ നോവൽ എഴുതിയ ജോർജ് ഓർവെല്ലിനെക്കുറിച്ച്  ബി.ബി.സി നിർമ്മിച്ച A Life in Picture  എന്ന ഡോക്യുമെൻററി മനുഷ്യൻ്റെ അധികാരാസക്തിക്കും തിന്മയ്ക്കുമെതിരെയുള്ള ചൂണ്ടുപലകയാണ്. വരാനിരിക്കുന്ന കാര്യങ്ങളെ ,അദ്ദേഹം ഇങ്ങനെ സംഗ്രഹിക്കുന്നു:

" ക്രോധം ,ഭയം, ജയഘോഷം, വ്യക്തിപരമായ അപമാനം എന്നിവയല്ലാതെ ലോകത്ത് ഇന്ന് വേറെ വികാരങ്ങളൊന്നുമില്ല . ലൈംഗികത അപ്പാടെ ഉന്മൂലനം ചെയ്യപ്പെടും. രതിമൂർച്ഛ നിർത്തലാക്കും. പാർട്ടിയോടല്ലാതെ വേറൊന്നിനോടും  വിശ്വസ്തതയുണ്ടാവില്ല. എന്നാൽ അധികാരത്തോടുള്ള ലഹരി  എല്ലായിടത്തുമുണ്ടായിരിക്കും .ഓരോ നിമിഷത്തിലും വിജയത്തിൻ്റെ  രോമാഞ്ചമുണ്ടായിരിക്കും, നിസ്സഹായനായ ഒരു ശത്രുവിനെ ചവിട്ടി മെതിക്കുന്നതിൻ്റെ അനുഭൂതിയുണ്ടായിരിക്കും .ഭാവിയുടെ ഒരു ചിത്രം വേണമെങ്കിൽ ,ഒരു മനുഷ്യമുഖത്ത് ബൂട്ടിട്ടു ചവിട്ടുന്ന ഒരു ദൃശ്യം ഭാവന ചെയ്യുക ,എന്നെന്നേക്കും.  അപകടകരമായ ,ഈ പേടിസ്വപ്നസമാനമായ സാഹചര്യത്തിൽനിന്ന് പഠിക്കാനുള്ള പാഠം ഇതാണ് :അത് സംഭവിക്കാൻ അനുവദിക്കരുത്. ഇത് നിങ്ങളെ ആശ്രയിച്ചിരിക്കുന്നു" .

ഓർവെലിൻ്റെ 1984 എന്ന നോവൽ  ലോകത്തിൻ്റെ  അധികാരമനശാസ്ത്രത്തെ വിശകലനം ചെയ്തു. ഒരിക്കലും അവസാനിക്കാത്ത തിന്മകളെ അദ്ദേഹം ഓർമ്മപ്പെടുത്തി. തൻ്റെ കാലത്തിൻ്റെ മനുഷ്യമുഖം വളരെ ക്രൂരമാണെന്ന് പറയുമ്പോൾ ഓർവെല്ലിൻ്റെ മുഖത്ത് നിരാശ പടരുന്നുണ്ടായിരുന്നു. 

റിയലിസം: ദൈവചിന്തയിലെ അറിയപ്പെടാത്ത സൗന്ദര്യം /എം.കെ.ഹരികുമാർ

 




റിയലിസം എന്നാൽ ,ചില കഥാകൃത്തുക്കൾ പറയുന്നതുപോലെ, യാതൊരു വികാരവുമില്ലാതെ, പത്രവാർത്തകൾക്കു സമാനമായി ഒരു സംഭവം വിവരിക്കുക എന്നല്ല അർത്ഥം. ചിലർ റിയലിസത്തിനു വേണ്ടി ദാരിദ്യത്തെയാണ് ആശ്രയിക്കുന്നത്. റിയലിസത്തിനു ഒരു സൗന്ദര്യമുണ്ട്. യാഥാർത്ഥ്യത്തെ അമിതമായി വക്രീകരിക്കുകയോ ക്രമപ്പെടുത്തുകയോ ചെയ്താൽ റിയലിസമാവില്ല. തൊഴിലാളികളെ  ചിത്രീകരിക്കുമ്പോൾ റിയലിസ്റ്റുകൾ  അവരുടെ തനിവേഷത്തിലും ഭാവത്തിലുമാണ് പകർത്താൻ ശ്രമിച്ചത്.എന്നാൽ അതിനുള്ളിൽ ഒരു സൗന്ദര്യമുണ്ട് .ഷാൻ - ഫ്രാൻസ്വാ മിലെ(Jean francois Millet, 1814-1875)യുടെ The Gleaners എന്ന ചിത്രം നോക്കിയാൽ റിയലിസത്തിൻ്റെ മഹത്വവും സൗന്ദര്യവും വ്യക്തമാകും. ദൈവചിന്തയിലെ അറിയപ്പെടാത്ത സൗന്ദര്യത്തെക്കുറിച്ചുള്ള ഒരാലോചനയാണത്. ഈ ആലോചന കണ്ണുനീരിനെയും അദ്ധ്വാനത്തെയും മഹത്വപ്പെടുത്തുകയാണ്. കലയുടെ വാഴ്വിലൂടെ അപാരമായ മനുഷ്യത്വത്തെ വീണ്ടെടുക്കുകയാണ്. ദൈവമെന്നത്, ഇവിടെ ,ഭാവനയുടെ പാരമ്യതയാണ്. ആ കാലാപെറുക്കുന്ന മൂന്നു സ്ത്രീകളുടെ വേഷം മുഷിഞ്ഞതാണ്.  അവർ ജോലിയിൽ വ്യാപൃതരാണ്.

റിയലിസമെന്നാൽ സൗന്ദര്യമില്ലാത്തതാണ് എന്ന ധാരണ തെറ്റാണ്. സൗന്ദര്യം എന്താണ് ? അത് അസ്തിത്വത്തിൻ്റെ അറിയപ്പെടാത്ത ഒരു കണമാണ്. റിയലിസത്തിലും മാജിക്ക് റിയലിസത്തിലും പൊതുവായിട്ടുള്ളത് സൗന്ദര്യാത്മകമായ മഹത്വവത്ക്കരണമാണ് .പ്രമേയത്തിൻ്റെ ചിത്രീകരണത്തിലാണ് വ്യത്യാസമുള്ളത്. ഈ മഹത്വവത്ക്കരണത്തിൻ്റെ ഉറവിടം അജ്ഞാതമാണ് .മനസിനെ സൗഖ്യത്തിലേക്കും ആനന്ദത്തിലേക്കും നയിക്കുന്ന ഒരു അവസ്ഥയാണത്. അത് എവിടെ നിന്നു വരുന്നുവെന്ന് പറയാനാവില്ല .ഒരു വസ്തുവിൻ്റെ ആകെയുള്ള ദൃശ്യത്തിൽ ചിലർക്കു മാത്രം കാണാനാവുന്ന പ്രഭയോ അതീതഭംഗിയോ അലൗകികാനുഭൂതിയോ ആണത്.

ഈ സ്ത്രീ തൊഴിലാളികളെ മിലെ  വരയ്ക്കുമ്പോൾ എന്തോ ഒരു ചാരുത വരുകയാണ് .ആ സ്ത്രീകൾ നമുക്ക്  പരിചയമുള്ളവരോ പ്രിയപ്പെട്ടവരോ  ആണ് .അവർക്ക് ചുറ്റും ഏതോ ദീപ്തി വലയം ചെയ്യുന്നുണ്ട്. നമുക്ക് അവരുമായി ഒരു ബന്ധമുണ്ടാകുന്നു. അസുന്ദരമെന്ന് തോന്നാവുന്ന ഒരു ചുറ്റുപാടിൽ ,ലോകം അവരെ കാണുന്നത് പ്രസാദാത്മകമായ കണ്ണുകളോടെ ആയിരിക്കും. ഈ നിഗൂഢമായ യാദൃച്ഛികത റിയലിസത്തിൽ അനിവാര്യമാണ്, 

ബഷീറിൻ്റെ 'ഒരു മനുഷ്യൻ' എന്ന കഥ വായിക്കുമ്പോൾ ഈ അഭൗമഭംഗി ഉണ്ടാകുന്നു. അതിലെ അനുതാപവും സാഹോദര്യവും നമ്മെ പുതുക്കുകയാണ് .


ക്രാഫ്റ്റ് എന്തിനു 

കഥയുടെ ക്രാഫ്റ്റ് കൃത്രിമമായി ഉണ്ടാക്കുന്നതല്ല; ഇത് പലർക്കും  ഇനിയും മനസ്സിലായിട്ടില്ല. വ്യത്യസ്തമായ ക്രാഫ്റ്റ് വേണമെന്ന ആഗ്രഹത്തോടെ ഫ്ലാറ്റിലേക്ക് ഓടിക്കയറുകയോ ,കടൽത്തീരത്തു പോയി കാൽ നീട്ടിവച്ച് ഇരിക്കുകയോ  ചെയ്യുന്നതുകൊണ്ട് ഫലമില്ല .കോഫീഹൗസ് ചർച്ചകളൊക്കെ ,ക്രാഫ്റ്റിൻ്റെ കണ്ടുപിടിത്തത്തിൽ നിസ്സഹായമാണ്. ക്രാഫ്റ്റ് ,യഥാർത്ഥത്തിൽ, ജീവിതത്തിൽ നിന്നാണ് കണ്ടുപിടിക്കേണ്ടത്; ജീവിതത്തിൽ അതുണ്ട്. ഗാർസിയ മാർകേസ് García Marquez രചിച്ച 'The Handsomest Drowned Man  in the World 'എന്ന കഥയിൽ കടൽ തീരത്തടയുന്ന ഒരു മനുഷ്യൻ്റെ ശവശരീരമാണ് വിഷയം. എന്നാൽ ആ ശവത്തെക്കുറിച്ചുള്ള ചർച്ചകളാണ് കഥയുടെ ക്രാഫ്റ്റ് സൃഷ്ടിക്കുന്നത്. അതിലെ എസ്തബാൻ എന്ന കഥാപാത്രത്തിൻ്റെ ചിത്രീകണത്തിനു വേണ്ടിയാണ് ക്രാഫ്റ്റ് ഉണ്ടാകുന്നത്. 

നമ്മൾ ഒരു വാർത്തയ്ക്കകത്തോ ,ലഹരിക്കക ത്തോ പ്രേമത്തിനകത്തോ ജീവിക്കുമ്പോൾ നാം മറ്റു പലതുമാണ്. ഒരേ സമയം നമ്മൾ നിശ്ചിതമായ ഒന്നല്ല. സ്വപ്നത്തിലൂടെയല്ലേ നമ്മൾ സഞ്ചരിക്കുന്നത്?. ഇഷ്ടമുള്ളവരെ കാണുമ്പോൾ സ്വപ്നം കാണും .പല വ്യാഖ്യാനങ്ങൾ ഒരു വസ്തുതയുടെ അവകാശമാണ്. യാഥാർത്ഥ്യത്തെ ആർക്കാണ് വേണ്ടത്?. കാമുകിക്കും കൊലപാതകിയ്ക്കും വിശ്വാസിക്കുമൊന്നും യാഥാർത്ഥ്യം ആവശ്യമില്ല .ഇതിൽ നിന്നാണ് ക്രാഫ്റ്റ് കണ്ടെത്തേണ്ടത്. ഒരേ സമയം നമ്മൾ വൈരുദ്ധ്യാത്മകതകളുടെ ഒരു പുകമറയാണ്. 

സത്യം അമ്മയുടെയും കുഞ്ഞിൻ്റെയും രൂപത്തിൽ
 
പഴയൊരു കഥയുടെ പുതിയ വായനയാണിത് .യു.എ.ഖാദർ എഴുതിയ 'പ്രണയം ധൂർത്തടിച്ച പഴയൊരു കാമുകൻ ' എന്ന കഥ അതേ പേരിലുള്ള സമാഹാരത്തിൽ നിന്നാണ് വായിച്ചത് .ഖാദറിനെ വൈകിയാണ് മനസ്സിലാക്കിയതെന്ന് ഖേദത്തോടെ പറയട്ടെ. നാട്യങ്ങളോ അലങ്കരിച്ച ചിന്തകളോ ഇല്ലാതെ തന്നെ ഖാദർ മനുഷ്യാവസ്ഥയുടെ അസ്ഥി തുളച്ച് അതിൽ വേദനയുടെ ആപത്ക്കരമായ പുളകങ്ങൾ വിരിയിച്ചു. ഈ കഥ മലയാളസാഹിത്യത്തിലെ പ്രധാനപ്പെട്ട രചനകളിലൊന്നാണ്.

ആത്മാവിൽ താപം നിറച്ച ഈ കഥാകൃത്ത് തൻ്റെ ലോകത്തിൻ്റെ  ധൂർത്ത ജീവിതത്തിൽ നൊന്ത്  അവനവൻ്റെ നിസ്സാരതയിലെത്തിച്ചേരുന്നതിൻ്റെ  കഥയാണിത് .ഒരു കാമുകനായിരുന്നു, അയാൾ, ഈ കഥയിലെ മുഖ്യ കഥാപാത്രം. അയാൾക്ക് വേറെ പേരൊന്നുമില്ല .ഉണ്ടെങ്കിൽ തന്നെ അതിനു പ്രസക്തിയുമില്ല. പ്രണയം ധൂർത്തടിച്ച ഏതൊരു കാമുകനെപോലെയും കിനാവുകൾ ജീവിതമാണെന്നും ആഗ്രഹങ്ങൾ രതിയാണെന്നും തെറ്റിദ്ധരിച്ച വ്യക്തിയാണ് അയാൾ.

അയാൾ എപ്പോഴും ആവർത്തിക്കുന്നു, എവിടെയും .കൺമുന്നിൽ തൻ്റെ  പ്രിയപ്പെട്ട യാഥാർത്ഥ്യം തെളിഞ്ഞാലും  കൂട്ടാക്കാത്തവനാണ് അയാൾ. ഒടുവിൽ ഒരനിവാര്യത പോലെ അത്  സംഭവിക്കുന്നു. തൻ്റെ സൗഖ്യങ്ങളുടെയും  സൗകര്യങ്ങളുടെയും ലഹരികളുടെയും ഭ്രമങ്ങളുടെയും ആസക്തികളുടെയും  ജ്വരം മിഥ്യയാണെന്ന് ഒരു നിമിഷത്തിൽ, ആഴ്ന്നിറങ്ങിയ കത്തിമുനപോലെ, അയാളിലേക്ക്  പ്രവേശിക്കുകയാണ്. കുടിച്ച മദ്യവും നുണഞ്ഞ ലഹരിയും സിരകളിൽ പടർന്ന ലൈംഗികജ്വരവുമെല്ലാം വാടിയ പൂക്കൾ പോലെ വീണുപോകുന്നത് അയാൾ സാവധാനം അറിയുകയാണ്.

"അന്നൊക്കെ ബോധം നശിക്കുമാറ്  കുടിക്കും .രാത്രികളിൽ ജ്യൂക്ബോക്സിൽ നിന്ന് മ്യൂസിക് ഉയരുന്നത് കേൾക്കുമ്പോൾ നൃത്തം വയ്ക്കാൻ അയാൾ മുന്നോട്ടായും. ആരെയും കാണില്ല. മുന്നിലെ സീറ്റിലിരുന്ന് ബിയർ കുടിക്കുന്ന ഏതെങ്കിലും പെണ്ണ് ക്ഷണം സ്വീകരിച്ചാൽ ഭാഗ്യമായി. നഷ്ടപ്പെട്ടുവെന്ന് കരുതിയ നല്ല സങ്കല്പങ്ങളെ വീണ്ടും പുണരാനും ഉന്മേഷവാനാകാനും ജീവിതത്തെ കുറേക്കൂടി നിറപ്പകിട്ടുള്ളതാക്കി തീർക്കാനും സ്കോച്ച് വിസ്കിക്കു കഴിയും .ആദ്യത്തെ ലാർജ്, പിന്നെ പതിവായി പാടാറുള്ള ആ ഗാനം മെല്ലെ മൂളും " -ഇതായിരുന്നു അയാളുടെ ലോകം. 

അയാൾക്കു  കുടുംബമുണ്ടായില്ല. അയാൾ  കുടുംബത്തിലോ  മറ്റു ബന്ധങ്ങളിലോ ആകൃഷ്ടനായില്ല. ഒരു ദിവസം രാത്രിയിൽ അയാൾ ബാറിൽ നിന്ന് ഇറങ്ങി നടക്കുകയാണ്, കലങ്ങിയ മനസ്സുമായി. "ഫുട്പാത്തിലൂടെ നടക്കവേ പെട്ടെന്ന് നിന്നു .ഫുട്പാത്തിൽ നിരത്തിയിട്ട സിമൻറ് ബെഞ്ചുകളിൽ ഒന്നിൽക്കിടന്ന് ഒരു സ്ത്രീ കുഞ്ഞിനു മുലകൊടുക്കുന്നു. ഒട്ടിയ കവിളും  എല്ലിച്ച ശരീരവുമുള്ള, ആരോഗ്യം പറ്റേ വറ്റിയ ഒരു സ്ത്രീ. അതിൻ്റെ ശൂന്യമായ മുല ചപ്പിക്കുടിക്കുകയാണ് വയറുന്തി തടിച്ച ഒരു കുട്ടി. സ്ത്രീ ഉറങ്ങുകയാവണം. ചലനമില്ലാതെ കിടക്കുകയാണ്. ഒരു പേക്കോലം .ചുക്കിച്ചുളിഞ്ഞ മുലക്കണ്ണി കടിച്ചീമ്പുന്ന കുട്ടി. ആ കുട്ടി കരഞ്ഞു .കാതുകളെ കുത്തിക്കീറുന്ന ഒച്ചയുണ്ടായിരുന്നു, ആ കരച്ചിലിന് " .

അയാൾ ഭൂതാവിഷ്ടനെപോലെ റൂമിലേക്ക് വേഗത്തിൽ നടന്നെത്തി; ഡയറിയിൽ ,ഇങ്ങനെ എഴുതി: " ഞാൻ അന്വേഷിച്ച കുടുംബത്തെ അവസാനം ഞാൻ കണ്ടെത്തി .എൻ്റെ ഇഷ്ടദേവതയെ, എൻ്റെ കുഞ്ഞിനെ ".

ഈ ബോധമുണ്ടായത് എങ്ങനെയാണെന്ന് വിശദീകരിക്കാനാവില്ല. ലോകത്തെ അയാൾ പുതുതായി അനുഭവിക്കുകയാണ്. ചില അർത്ഥങ്ങൾ തനിയെ ഉണ്ടാകുന്നു.  നേരത്തെ കണ്ടതെല്ലാം മിഥ്യയായിരുന്നു .അതെല്ലാം വഞ്ചിക്കുകയായിരുന്നു. താൻ അന്ന് ഒരു മനുഷ്യനല്ലായിരുന്നുവെന്ന് അയാൾക്ക് തോന്നിയിരിക്കണം.  മനുഷ്യൻ്റെ രൂപമുള്ള വൃത്തികെട്ട ഒരു ജന്മമായിരുന്നു. അയാൾക്ക് മനസ്സ് ഇല്ലായിരുന്നു, ആ സ്ഥാനത്ത് ഭ്രാന്തമായ ഒരു കുതിപ്പാണുണ്ടായിരുന്നത്. സത്യം എത്രയോ അകലെയായിരുന്നു. സത്യം അയാളുടെ മുന്നിൽ ഒരു പാവപ്പെട്ട 
അമ്മയുടെയും കുഞ്ഞിൻ്റെയും രൂപം ധരിച്ച് തെരുവിൽ ഉറങ്ങുകയാണ്. കണ്ണുള്ളപ്പോൾ കാണാം ;അവരിൽ സ്വയം ദർശിക്കാം. മലയാള കഥയിലെ വിക്ടർ ലീനസ് ടി .പി .കിഷോർ ,ബാലചന്ദ്രൻ എൻ.ടി. ,ജയനാരായണൻ, ശ്രീധരൻ ചമ്പാട് തുടങ്ങിയവർ സൃഷ്ടിച്ച സ്വയം കണ്ടെത്താനുള്ള പീഡനങ്ങൾ ,ഈ കഥ വായിച്ചപ്പോൾ ഓർമ്മ വന്നു. ശൂന്യതയെ വരവേൽക്കാൻ കച്ചകെട്ടിയിറങ്ങിയ ആധുനിക നാഗരിക മനുഷ്യരുടെയിടയിൽ വെളിച്ചത്തിനും അർത്ഥത്തിനും കാഴ്ചയ്ക്കും വേണ്ടി ഉത്ക്കണ്ഠാകുലനായ കഥാകൃത്തായിരുന്നു യു.എ.ഖാദർ. 

ജീവിതമില്ലാത്ത കഥ 

വിനോദ് കൃഷ്ണ എഴുതിയ 'ദന്തക്ഷയം'(എഴുത്ത്, ജനുവരി) രണ്ടു തവണ ഞാൻ വായിക്കാൻ ശ്രമിച്ചു ;പരാജയപ്പെട്ടു. നിരാശയും തകർച്ചയുമാണ് ഉണ്ടായത്. എന്തിനാണ് ഈ കഥ എഴുതിയത്? ഡോക്ടർ ജോസ് ,ശ്യാം മുരളി എന്നീ കഥാപാത്രങ്ങളെ എന്തിനു സൃഷ്ടിച്ചുവെന്ന് മനസ്സിലാകുന്നില്ല. പേജുകൾ എഴുതിയിട്ടും എന്താണ് താൻ പറയാൻ ഉദ്ദേശിക്കുന്നതെന്ന് സൂചിപ്പിക്കാൻ കഥാകൃത്ത് അശക്തനാവുകയാണ്. 

തികച്ചും അപ്രസക്തവും വിരസവുമായ  കാര്യങ്ങൾ ഏതോ കണക്കു കൂട്ടലുകളിൽ വിവരിക്കുന്നതല്ലാതെ ജീവിതത്തെ തൊടുന്നില്ല .ഒരു കഥ ജീവിതത്തിൽ നിന്നാണു ഉണ്ടാവേണ്ടത്. അതിനു ജീവിതവുമായി വൈകാരിക ബന്ധമുണ്ടാവണം. വായനക്കാരൻ്റെ മനസ്സിനെ സ്പർശിക്കുന്ന എന്തെങ്കിലുമുണ്ടാവണം.വിനോദ്  കൃഷ്ണയുടെ വാചകങ്ങൾ അവിയലിലെ കഷണങ്ങൾപോലെ വേറിട്ടു നില്ക്കുകയാണ് .സംഗതമായ ഒരു വിനിമയത്തിലും എത്തുന്നില്ല.

വൊഹ്ലിബെൻ 
പ്രകൃതിയെക്കുറിച്ച് 

ഒരു സാഹിത്യകാരന് കുടുംബത്തെക്കുറിച്ചോ ,അധ്യാപനത്തെക്കുറിച്ചോ ,സഹകരണസംഘങ്ങളെക്കുറിച്ചോ പണം പലിശയ്ക്ക് കൊടുക്കുന്നതിനെക്കുറിച്ചോ ,വീട് കെട്ടുന്നതിനെക്കുറിച്ചോ ,ബാങ്കിംഗിനെക്കുറിച്ചോ നല്ലപോലെ  അറിയാമായിരിക്കും. എന്നാൽ ജർമ്മൻ വനപ്രേമിയും എഴുത്തുകാരുമായ പീറ്റർ വൊഹ്ലിബെൻ (Peter Wohlleben) പറയുന്നത് ശ്രദ്ധിക്കണം:

"നമുക്ക് പ്രകൃതിയിൽ നിന്ന് കിട്ടിയ അറിവ് ശാസ്ത്രീയമായി സ്വാധീനിക്കപ്പെട്ടതല്ല, നാം  വിചാരിക്കുന്നതുപോലെ. നമ്മൾ പ്രകൃതിയെക്കുറിച്ച് ചിന്തിക്കുന്നത്  ശ്രേണീബദ്ധമായാണ്. മനുഷ്യർക്ക് ഏറ്റവും ഉയർന്ന സ്ഥാനം കൊടുക്കുന്നു. അതുപോലെ വലിയ മൃഗങ്ങളെയും ചെറിയ മൃഗങ്ങളെയും വലിയ സസ്യങ്ങളെയും ചെറിയ സസ്യങ്ങളെയും  നിശ്ചയിച്ചിട്ടുണ്ട് .ഇങ്ങനെയാണ് യഥാർത്ഥത്തിൽ നാം അവയെ സമീപിക്കുന്നത്. എന്നാൽ ഈ രീതിയിൽ വലുത്, ചെറുത് എന്ന നിലയിൽ ശ്രേണീബദ്ധമാക്കുന്നതിന് യാതൊരു ശാസ്ത്രീയയുക്തിയുമില്ല. പ്രകൃതിയെ നമുക്ക് തരംതിരിക്കാം. പക്ഷേ ,റാങ്കിങ്ങിന് ശാസ്ത്രീയതയില്ല".

ഈ അവബോധമുള്ള എഴുത്തുകാരുണ്ടോ? ഇല്ലെങ്കിൽ ഇത് നേടണം .സാഹിത്യകലയിൽ മനുഷ്യനു  അവൻ്റെ ഗർവ്വ് മാത്രമല്ല വേണ്ടത്; ഈ പ്രകൃതിയാകെ സചേതനമായി, സർവ്വ കാതുകളോടെയും ഉണർന്നിരിക്കുകയാണ്. എന്തെങ്കിലും എഴുതണമെങ്കിൽ പഠിച്ചത് മറക്കുകയാണ് വേണ്ടത്; പുതിയത് പഠിക്കണം. നേരത്തെ പഠിച്ചതൊക്കെ ആവർത്തിച്ചുകൊണ്ടിരുന്നാൽ  വിരസമാകും. എല്ലാവർക്കും അറിയാവുന്ന കാര്യങ്ങൾ മാസത്തിൽ  മൂന്നോ നാലോ കഥകളിലൂടെ പറയുന്ന കഥാകൃത്തുക്കളൊക്കെ കാലഹരണപ്പെട്ടു.

ആശാൻ്റെ ജലരാശികൾ 

ശ്രീനാരായണഗുരുവിനെയും വാഗ്ഭടാനന്ദനെയും  ആക്ഷേപിച്ചുകൊണ്ട് ഒരു മുതിർന്ന കഥാകൃത്ത് എഴുതിയ കഥ  രണ്ടുവർഷം മുമ്പാണ് വായിച്ചത്. ആത്മനിന്ദയുടെ  പാരമ്യാവസ്ഥയിലെത്തുമ്പോൾ ഇതുപോലുള്ള അധമരചനകൾ ഉണ്ടാകും .എന്നാൽ ഈ നിന്ദയ്ക്കു ശേഷവും ഇത്തരം കഥാകൃത്തുക്കൾ   സാമൂഹികമുന്നേറ്റത്തിൻ്റെ  പാരമ്പര്യത്തിൽ അവകാശവാദമുന്നയിക്കുകയാണ്!സ്വന്തം സാമൂഹികവർഗത്തിൽനിന്നു ഉയരാത്ത കഥാകൃത്തുക്കൾ ഇപ്പോഴുമുണ്ട്. ചിലർ  ലോകസാഹചര്യങ്ങളോ ,സങ്കീർണമായ സാമൂഹ്യാവസ്ഥകളോ അറിയാതെ വളർന്നവരാകാം. 

കുമാരനാശാനും ജലവും തമ്മിലുള്ള രഹസ്യബന്ധം കണ്ടെത്തുന്ന കഥയാണ് വി. ഷിനിലാൽ എഴുതിയ
'ഗരിസപ്പാ അരുവി അഥവാ ഒരു ജലയാത്ര '(മാതൃഭൂമി ആഴ്ചപ്പതിപ്പ് ,മാർച്ച് 5 ) താരതമ്യേന  ആശ്വാസകരമാണ് ഈ കഥയുടെ പാരായണം .മുഷിഞ്ഞു നാറിയ പ്രയോഗങ്ങളോ ,വിരശല്യം മൂലമുള്ള വയർരോഗമോ ഇല്ലാത്ത ഭാഷ വായനക്കാരനെ നിരാശപ്പെടുത്തുന്നില്ല. 

ബോട്ടപകടത്തിൽ കൊല്ലപ്പെട്ട  ആശാൻ ജലത്തെ സ്വപ്നം കണ്ടിരുന്നു എന്ന് കഥാകൃത്ത് എഴുതുന്നു. ഇതിൽ ഉൾക്കാഴ്ചയുണ്ട്. കുമാരനാശാൻ ഭൗതികമായി ഇല്ലാതായെങ്കിലും  ഇപ്പോഴും മൃത്യുഞ്ജയനായിരിക്കുന്നു എന്ന സത്യം ഈ കഥയിൽ തെളിയുകയാണ്. ഒരു മലയാള കഥാകൃത്ത് എന്നെങ്കിലും എഴുതേണ്ട കഥ തന്നെയാണ് ഇത്. 

കഥാകത്ത് എഴുതുന്നു:
"ജലപാതകളിലാണ് സൂക്ഷ്മങ്ങളുടെ  നൃത്തം കാണാനാവുന്നത്.  ആകാശത്തിനും ഭൂമിക്കുമിടയിലെ മിഥ്യ.ജലം ഏതോ ഒരിടത്ത് വച്ച് മായയായി മാറുന്നു .എത്രയും പരിചിതമെങ്കിലും പിടിതരാത്ത ഒരു നിഗൂഢത അത് ഇപ്പോഴും കരുതി വയ്ക്കുന്നു .ജീവനും അങ്ങനെ തന്നെ .ജീവൻ്റെ ആകർഷണം  മരണമാകുന്നു. മരണം മനുഷ്യനെ സ്നേഹിക്കാൻ പ്രേരിപ്പിക്കുന്നു. ജലം എന്ന പോലെ ,കാട് എന്ന പോലെ മഹാമനുഷ്യരും നിഗൂഢതയുടെ ഒരു കയം അവശേഷിപ്പിച്ചിട്ടാണ് മറയുക.  ഞങ്ങൾ ഒന്നും ഉരിയാടിയിട്ടില്ല. നൂറ്റാണ്ടു മുന്നേ ഗ്രാമവൃക്ഷത്തിലിരുന്നു പാടിയ കുയിൽ ഇപ്പോഴും പാടുകയാണ് .കുയിലും ചില്ലയും മാറിയിട്ടുണ്ട്. എന്നാൽ, പാട്ട് സ്ഥിരമാണ്. വ്യവഹാരലോകത്തേക്കുള്ള വിളികളാണ് ആ പക്ഷിക്കരച്ചിലുകൾ ".

ഈ വരികൾ മലയാളത്തിൻ്റെ  ചിരപരിചിതമായ അനുഭവലോകമല്ല . അറിയാത്തക്കതല്ലാത്ത ലോകങ്ങളു ണ്ടെന്ന അറിവിൽ ഭാഷ കുതിക്കുകയാണ്. ഇനി ഇങ്ങനെയുള്ള കഥകളാണ് ഉണ്ടാകേണ്ടത്. സർഗാത്മകമായ വാതിൽ തുറക്കണം .അടഞ്ഞ വാതിലുകളെ സ്വപ്നം കണ്ടു ഭയന്ന്  പിന്തിരിഞ്ഞോടുന്നവർ എഴുതേണ്ടതില്ല.

കലാകാരനും സിദ്ധാന്തവും 

കലാകാരൻ വിമർശന സിദ്ധാന്തങ്ങൾ  വായിക്കേണ്ടതുണ്ടോ എന്ന് പ്രമുഖ ഫ്രഞ്ച് കലാചിന്തകനും ക്യൂറേറ്ററും സൈദ്ധാന്തികനുമായ നികോള ബോറിയ(Nicolas Bourriaud)യോടു  ഒരു പത്രപ്രവർത്തകൻ ചോദിച്ചത് ഓർക്കുകയാണ് .റിലേഷണൽ എയ്സെതെറ്റിക്സ് ,ആൾട്ടർ മോഡേണിസം എന്നീ  സിദ്ധാന്തങ്ങളുടെ ഉപജ്ഞാതാവായ ബോറിയ ഇങ്ങനെ പ്രതികരിച്ചു:
"കലാകാരൻ സിദ്ധാന്തങ്ങൾ  വായിക്കണമെന്ന് നിയമമൊന്നുമില്ല. പക്ഷികൾ വൃക്ഷത്തിലിരുന്ന് പാടുന്നു; എങ്ങനെ പാടണമെന്ന് പഠിക്കേണ്ട ആവശ്യമില്ലല്ലോ .ഇത്തരം ചോദ്യങ്ങൾ സാമൂഹികമായ അന്ധവിശ്വാസത്തിൻ്റെ  ഭാഗമാണ്. നിങ്ങൾക്ക് വിമർശനാത്മകമായി ചിന്തിക്കാനാകും ,പഴയ  സിദ്ധാന്തങ്ങളുമായി ബന്ധമില്ലാതെ തന്നെ. എന്നാൽ സിദ്ധാന്തങ്ങൾ വായിക്കുന്നത് തെറ്റാണെന്ന് പറഞ്ഞാൽ യോജിക്കാനാവില്ല .ഒരു കലാകാരനു സ്വയം വൈവിധ്യവൽക്കരിക്കുന്നതിനു ആവശ്യമുള്ള വിവിധതരം ഇന്ധനം സാധ്യമാക്കുന്നതിനു ഈ വായന നല്ലതാണ്. മറ്റുള്ളവർ എന്ത് ചിന്തിക്കുന്നു എന്നറിയുന്നത് ഗുണം ചെയ്യും .നമ്മൾ ഓരേ കാര്യത്തിൽ തന്നെ പിന്തുടരുകയാണെങ്കിൽ അത് നമ്മെ സങ്കുചിതമാക്കും. കലാകാരനു  വൈവിധ്യം ആവശ്യമാണ് .സിദ്ധാന്തം  ഒരു പ്രത്യേക വ്യവഹാരമാണ്. മറ്റു കലാകാരന്മാർക്കിടയിൽ, നിങ്ങളുടെ കാലത്തെ കലാകാരന്മാർക്കിടയിൽ, ഇന്നലെത്തെയും ഇന്നത്തെയും വിമർശനശബ്ദങ്ങൾക്കിടയിൽ  നിങ്ങളുടെ സ്ഥാനം എവിടെയാണെന്ന്  നിശ്ചയിക്കാൻ ഇതാവശ്യമാണ് ".

മനോജ് വെങ്ങോലയുടെ 'ഊത്' (എഴുത്ത് ,ജനുവരി) ആത്മാവിൻ്റെ രമണീയമായ ഭാവങ്ങളെ  ഉണർത്തി. മനുഷ്യനിൽ പ്രതീക്ഷ ജനിപ്പിക്കുകയാണ്, ഈ കഥ.  മനുഷ്യൻ ഒരു ചീത്തമൃഗമാണല്ലോ . എന്നാൽ കഥാകൃത്ത് അവനെ ഒരു സ്വപ്നനായകനും സംസ്കാര ജീവിയുമാക്കുന്നു. അയൽ സംസ്ഥാനത്തു നിന്നു വന്ന ഒരു നിർധനബാലനു വേണ്ടി, തൻ്റെ തോട്ടത്തിൽ വിലപിടിപ്പുള്ള ഊതുമരങ്ങൾ കാത്തു രക്ഷിക്കുന്ന ഒരു പ്രൊഫസറെ കഥാകൃത്ത് പരിചയപ്പെടുത്തുകയാണ്.

"മഴയെ സ്വീകരിക്കുന്ന മരങ്ങളുടെ ഇലകൾ ആർപ്പും ആരവവും ഉയർത്തുന്നത് ഞങ്ങളെ വിസ്മയിപ്പിച്ചു " എന്ന വാക്യം ഈ കഥയിലെ ഓർമ്മകൾക്ക് ക്ഷതം സംഭവിച്ച പ്രൊഫ. തര്യനെപ്പോലെ നന്മയുടെ മുഖവുമായി മനസ്സിൽ കുടിയേറുകയാണ്. പ്രൊഫസറുടെ സംഭാഷണത്തെ കഥാകൃത്ത് ഇങ്ങനെ നിരീക്ഷിക്കുന്നു: " അദ്ദേഹം സംസാരിച്ചപ്പോൾ ഫലിതം പരുക്കൻ പ്രതലത്തിലൂടെ ഒഴുകിയെത്തുന്ന ജലംപോലെ ഞങ്ങളെ നനച്ചു. ആശയങ്ങൾ വെല്ലുവിളിപോലെ വിടരുന്ന പ്രഭാതമായി തോന്നി. പറക്കാൻ പ്രേരണ നല്കുന്ന ചിറകുകളുമായി അദ്ദേഹം ഉച്ചരിച്ച വാക്കുകൾ പെരുമാറി" - ഇത് വായിച്ചപ്പോൾ 'മനുഷ്യൻ' അവൻ്റെ സഹജമായ രമ്യതകളിൽ ഇപ്പോഴും  അപൂർവ്വമായെങ്കിലും ജീവിക്കുന്നു എന്ന ചിന്തയുണ്ടായി.

മറ്റുള്ളവർ എഴുതിയത് മായ്ച്ചു കളയണം 

ഇംഗ്ളീഷ് എഴുത്തുകാരനായ ജിയോഫ് ഡയർ (Geoff Dyer) പറയുന്നത് ,ഒരു കഥാകൃത്ത് തൻ്റെ പരിമിതികൾക്കെതിരെ സഞ്ചരിക്കണമെന്നാണ് , പരിമിതികളെ കെട്ടിപ്പുണരണമെന്നല്ല. നമ്മൾ ഉയിർക്കുകയാണ് വേണ്ടത്. നമ്മൾ ഉയിർക്കുമ്പോൾ പുതിയൊരു  ലോകമുണ്ടാകുന്നു. മരിക്കാൻ ആരെയും അനുവദിക്കരുത്.

ഡയർ ചൂണ്ടികാട്ടുന്നു, കഥയെഴുത്ത് നിങ്ങളെ പരിമിതിയുള്ളവരാണെന്ന്  ബോധ്യപ്പെടുത്തുന്ന നിമിഷമാണ്. കാരണം ,നിങ്ങളുടെ ബുദ്ധിയുടെ പരിമിതിയും ഭാഷാപരമായ നിലവാരവും ഏതൊരാൾക്കും മുമ്പിൽ തുറന്നുകാണിക്കപ്പെടുന്നുണ്ട്. അതുകൊണ്ട് ഇതിനെ മറികടക്കാനാണ് എഴുതേണ്ടത്. എഴുതുക എന്നു പറഞ്ഞാൽ മറ്റുള്ളവരുടെ ഭാവനയോ ,ഭാഷയോ ,ക്രാഫ്റ്റോ  ഉപയോഗിച്ച് വാണിജ്യപരമായി എന്തെങ്കിലും നിർമ്മിക്കുക എന്നല്ല അർത്ഥം. എഴുതുക എന്ന വാക്കിൽതന്നെ രണ്ടു കാര്യങ്ങൾ അടങ്ങിയിട്ടുണ്ട് :ഒന്ന് ,നിങ്ങൾ പുതുതായി ഈ ലോകത്തിലേക്ക് എന്തോ എഴുതിച്ചേർക്കുകയാണ്. രണ്ട്, നിങ്ങൾ എഴുതുന്നത് മറ്റാരും എഴുതിയതോ ,എഴുതാനിടയുള്ളതോ അല്ല; മറ്റാർക്കും എഴുതാൻ കഴിയാത്തതുമല്ല .മറ്റൊരാൾ നമ്മളിലൂടെ എഴുതുന്നത് ഏറ്റവും വലിയ പതനമാണ്. മിക്കവരുടേയും സാഹിത്യം അവരുടേതല്ല; അവരിലൂടെ ആരൊക്കെയോ എഴുതുകയാണ്. അവർ മുൻകാല എഴുത്തുകാർ ആയിരിക്കാം. 

എന്തെങ്കിലും എഴുതുകയാണെങ്കിൽ, അത് മറ്റുള്ളവർ എഴുതിയത് മായ്ച്ചു കളയുന്നതായിരിക്കണം. എങ്കിലേ  അത് നിലനിൽക്കുന്നുള്ളൂ. മറ്റുള്ളവർ എഴുതിയതിന് പുറത്ത് എഴുതരുത്. അത് ആൾക്കൂട്ടത്തിൻ്റെ  അനുഭവങ്ങളിൽ മുങ്ങി പോവുകയാണ് ചെയ്യുക

അന്യമാക്കപ്പെടുന്നത് എത്ര വേഗം 

വിനു ഏബ്രഹാം എഴുതിയ 'കൊച്ചുവാക്കുകളുടെ ശബ്ദതാരാവലി'(മാത്യഭൂമി ആഴ്ചപ്പതിപ്പ് ,മാർച്ച് 13) നവീന കാലത്തെ ആത്മീയസംഘർഷങ്ങളെ അനാവരണം ചെയ്യുകയാണ്. ഒട്ടും പ്രതീക്ഷിക്കാത്ത വിധം ,മനുഷ്യൻ തൻ്റെ കുടുംബത്തിലും സ്നേഹബന്ധങ്ങളിലും ലൈംഗിക പങ്കാളിത്തത്തിലും വൈകാരികതയിലും  എങ്ങനെ അതിവേഗം ഒരു ഉപയോഗശൂന്യമായ നാണയമാകുന്നുവെന്ന്  കാണിച്ചുതരുകയാണ് കഥാകൃത്ത്.

കനലുകൾ എരിയുകയാണ്; പക്ഷേ ചാരമാകാനാണ് വിധി. കനലിൽ നിന്ന് പ്രാവ് ഉയർന്നു പറക്കുമെന്നൊക്കെ കവികൾ എഴുതുമായിരിക്കും;നുണയാണത്. മനുഷ്യർക്ക് പ്രത്യാശ നല്കാൻ വേണ്ടി  ചിലർ ഭാവനയെ ഒരു അതിപ്രസരമാക്കുന്നു. ദാരുണമായ നിരാശകളിൽ നിന്ന് ആരെങ്കിലുമൊക്കെ രക്ഷപ്പെടട്ടെ എന്ന് കരുതി ഭാവനയുടെ ഉത്തോലകങ്ങൾ കണ്ടെത്തുകയാണ് ചിലർ. 

വെന്തു നീറുന്നവനെ സഹായിക്കാൻ ആരുമില്ല .ബിഷപ്പ് ഫുൾട്ടൻ ജെ. ഷീൻ Children and Parents എന്ന കൃതിയിൽ  പറയുന്നതുപോലെ ദൈവത്തിൻ്റെ  മഹാജ്വാലയായ സ്നേഹത്തിൻ്റെ ഒരു കണമാണ് മനുഷ്യൻ്റെ കൈയിലുള്ളത് .മനുഷ്യൻ ബ്രഹ്മാണ്ഡം മുഴുവൻ കൈയിലാണെന്ന് പറഞ്ഞതുകൊണ്ട് കാര്യമില്ലല്ലോ. വളരെ പരിമിതമായ സ്നേഹമേ നമുക്കുള്ളു. നമ്മുടെ സ്നേഹം പരിമിതമായതുകൊണ്ടുതന്നെ അത് ദുർബലമാണ് ;ചഞ്ചലവുമാണ്.

വിനു ഏബ്രഹാം എഴുതുന്നത് ഒരു പ്രസാധനശാലയിൽ ജോലിചെയ്യുന്ന മധ്യവയസ്സ് പിന്നിടുന്ന ഒരു വ്യക്തിയെക്കുറിച്ചാണ്. അയാൾ അവിടെ കവിതകളാണ് പരിശോധിക്കുന്നത്. ന്യൂ ജെൻ 
വാക്കുകൾ കണ്ടുപിടിച്ച്‌ അത്  ശബ്ദതാരാവലിയിൽ ഉൾപ്പെടുത്തണമെന്ന പുതിയ ചുമതല കിട്ടിയപ്പോഴാണ് അയാൾ ശരിക്കും തീർത്തും അപരിചിതമായിക്കൊ ണ്ടിരിക്കുന്ന ഇന്നത്തെ ജീവിതത്തിൽ താനാരാണെന്ന് ആലോചിക്കുന്നത്.

അമ്പതു പിന്നിട്ട പലർക്കും ഇപ്പോൾ എങ്ങനെയെങ്കിലും കടന്നു പോയാൽ മതിയെന്നാണ്. ലോകം അത്രമേൽ അവരെ അമ്പരിപ്പിക്കുന്നു. ഒന്നും തന്നെ അവർക്ക് മനസ്സിലാകുന്നില്ല. അയാൾ എല്ലായിടത്തും അന്യവത്‌ക്കരിക്കപ്പെടുകയാണ്.കഥയിലെ ഈ വാക്കുകൾ ശ്രദ്ധിക്കാം: " കുറച്ചുകഴിഞ്ഞ് ,ഉഷ്ണത്തിലും വിയർപ്പിലും അവിഞ്ഞ് കട്ടിലിൻ്റെ  ഓരോ ഭാഗത്ത് പരസ്പരം തൊടാതെ, നോക്കാതെ ബിന്ദുവും താനും  ഉറങ്ങാനുള്ള ശ്രമം നടത്തവേ ,തങ്ങൾ ഏതെങ്കിലും കാലത്ത് 'ഊഷ് ' എന്നൊരു കൊച്ചു വാക്കുകൊണ്ട് വലിയ ആനന്ദം കണ്ടെത്താൻ ശ്രമിച്ചിരുന്നോ എന്നയാൾക്ക് സംശയം തോന്നി. ഇതൊക്കെ തൻ്റെ വിഡ്ഢി ഭാവന മാത്രമാണോ ?"
ജീവിതം എത്രമേൽ നിഷ്പ്രയോജനമാണെന്നതിന് വേറെന്ത്  തെളിവ് വേണം ?

ഐ.എ.റിച്ചാർഡ്സും ഓർമ്മകളും

ഒരു കലാകാരൻ്റെ അല്ലെങ്കിൽ കവിയുടെ പ്രത്യേകത എന്താണ്? പ്രമുഖ വിമർശകനായ ഐ.എ.റിച്ചാർഡ്സ് Principles of Literary Criticism (1922)എന്ന പുസ്തകത്തിൽ ഇതിനെക്കുറിച്ച് ഒരു നിരീക്ഷണം നടത്തുന്നുണ്ട്. സ്വന്തം അനുഭവത്തിൻ്റെ വിവിധ ഘടകങ്ങൾക്കിടയിൽ എങ്ങനെ വ്യാപ്തിയും സ്വാതന്ത്ര്യവും വൈയക്തികതയും സൃഷ്ടിക്കാൻ കഴിയുമെന്നതാണ് പ്രശ്നം. പ്രകൃതിയിലെ എല്ലാ ബിംബങ്ങളും അവൻ്റെ മുന്നിൽ സന്നിഹിതമായിരിക്കുമെന്ന് ഇംഗ്ലീഷ് കവി ജോൺ ഡ്രൈഡൻ (John Dryden) പറഞ്ഞതാണ് പ്രധാനമെന്ന് റിച്ചാർഡ്സ് പറയുന്നു. ഒരുവൻ്റെ ഭൂതകാലത്തെ അവനു വേർതിരിച്ചെടുക്കാനാവണം. ഓരോന്നും അവൻ തന്നെ പൂരിപ്പിക്കണം. അവൻ പെരുകുന്ന അനുഭവങ്ങളുടെ നക്ഷത്രസമൂഹത്തിലേക്ക് എത്തിച്ചേരുകയാണ് .അങ്ങനെ അയാൾ സ്വയം കണ്ടെത്തുന്നു.  കലാകാരൻ്റെ വിനിമയത്തെ കനപ്പെടുത്തുന്നത് ഈ ഗുണമാണ്. ഇത് ഓർമ്മകൾ പൂർണമായി മനസ്സിലേക്ക് ഇരച്ചു വരുന്നതിനെയല്ല സൂചിപ്പിക്കുന്നത്; കഴിഞ്ഞകാല അനുഭവം എന്നു പറയുന്നതിന് ഒരു സ്ഥലകാല നിബന്ധനയുണ്ട്.

റിച്ചാർഡ്സ് ഉൽപാദിപ്പിക്കുന്നത് ഭൂതകാലത്തിൻ്റെ സ്വതന്ത്രമായ പുനരുല്പാദനമാണ് .അവിടെ സ്ഥലകാലങ്ങൾക്ക് മാറ്റം സംഭവിക്കാം. പൊരുളുകൾ മാറിയേക്കാം. എവിടെ വച്ചാണ് ഒരു സംഭവം ഉണ്ടായതെന്നതല്ല ഒരനുഭവത്തെ ഓർമ്മിച്ചെടുക്കുമ്പോൾ സംഭവിക്കുന്നത്. ആ പ്രത്യേക മാനസികാവസ്ഥ നമ്മളിൽ ഉണ്ടായിരിക്കുന്നതാണ് പ്രധാനം. കഥാകൃത്തിൻ്റെ പ്രധാന അസംസ്കൃതവസ്തു ഓർമ്മകളാണ്. എന്നാൽ ഇത് വെറും ഓർമ്മയെഴുത്തകരുത്. ഒരു എഞ്ചുവടി പട്ടികപോലെ ക്ലിപ്തമായതിനെ പുനരവതരിക്കുന്നതല്ല കലയ്ക്കാവശ്യം.കലയിൽ അത്  സ്വാതന്ത്ര്യത്തിൻ്റെ ഭാഗമാണ്. കഥാകൃത്തിൽ എത്രത്തോളം സ്വാതന്ത്ര്യത്തിൻ്റെ ജീവിതമുണ്ടോ അതിനനുസരിച്ച് അയാൾ തൻ്റെ ഭൂതകാലത്തെ പല രീതിയിൽ കണ്ടെത്താൻ ശ്രമിക്കും. വളരെ വ്യക്തമായത് എന്ന നിലയിൽ നാം മനസ്സിലാക്കുന്ന അനുഭവമേഖലയിൽ പോലും പലതും പിന്നെയും കണ്ടുപിടിക്കാനുണ്ടാവും. ഇത് മനസ്സിൻ്റെ ആവശ്യമാണ്.

ജീർണിക്കുന്നതിൻ്റെ അടയാളങ്ങൾ

സാഹിത്യകല ഒരു പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. യാതൊരു മൂല്യ ചർച്ചയും എവിടെയുമില്ല .കുറേപ്പേർ സാഹിത്യകലയിൽ എല്ലാ നവീനതയ്ക്കുമെതിരെ നീന്തി അവരുടെ ബുദ്ധിപരമായ മാന്ദ്യം  പ്രകടിപ്പിക്കുന്നു .യാതൊരു മൂല്യസംഘർഷവുമില്ലാതെ അതിവൈകാരികതയുടെയും പ്രകടനാത്മകതയുടെയും ഒരു ക്ഷുദ്ര ലോകമാണ് ഇപ്പോൾ ആധിപത്യം പുലർത്തുന്നത്. ചിന്താശൂന്യരെല്ലാം  രക്ഷപ്പെടുകയാണ്. എന്തുകൊണ്ടെന്നാൽ അവർക്ക് പണമുണ്ട്; രാഷ്ട്രീയപ്രവർത്തനമുണ്ട്. പണത്തിൻ്റെ സ്വാധീനം ഭീകരമാണ്. വിഷയം പറഞ്ഞ് എന്തെങ്കിലും എഴുതി കൊടുത്താൽ അത് മിനുക്കി മാംസളമാക്കി കൊടുക്കുന്ന ഗോസ്റ്റ് എഴുത്തുകാർ ഇന്ന് രഹസ്യമല്ല .റിട്ടയേർഡായവരെല്ലാം 
പെട്ടെന്ന് എഴുത്തുകാരാവാൻ നോക്കുന്നത് ഈ ആനുകൂല്യം മുതലാക്കിക്കൊണ്ടാണ്.

സമ്പന്നനെയാണ് പ്രസാധകർക്കിഷ്ടം.  യഥാർത്ഥവും പ്രചോദാനാത്മകവുമായ സാഹിത്യരചനയിൽ ഏർപ്പെടുന്നവരെ ഉപദ്രവിക്കാൻപോലും സാധ്യതയുണ്ട്. സമ്പന്നരുടെ സംഘം സാഹിത്യലോകത്ത് കൈകോർത്തുപിടിച്ച ശേഷം ദരിദ്രരും  പ്രതിഭാശാലികളുമായ  എഴുത്തുകാരോട് 'നീ എന്തിനാണ് എഴുതുന്നതെ'ന്ന് ചോദിക്കുന്നു. സമ്പന്നൻ്റെ താൽപര്യാർത്ഥം പത്രാധിപന്മാരും ദല്ലാൾമാരും  കൂട്ടുകൂടുന്നു. രണ്ടുലക്ഷം രൂപ ശമ്പളം പറ്റുന്നവനോ ,തുടർന്നു പെൻഷനായവനോ ഇന്ന് സാഹിത്യമൂല്യമേറുകയാണ്. ഈ ദുഷിച്ചസ്വാധീനത്തിൻ്റെ അനന്തരഫലമായാണ് അവാർഡ് കമ്മറ്റികളുടെ 'സാഹിത്യബോധം' രൂപപ്പെടുന്നത്. അവാർഡ് ഫൗണ്ടേഷനുകൾ ഫ്യൂഡൽ മാടമ്പിമാരെപോലെ സകല ദുരാചാരവും നെഞ്ചിലേറ്റി നില്ക്കുകയാണ്. ഇവിടെയാണ് ജീവൻ്റെ പ്രകാശത്തിനു വേണ്ടി പി.കേശവദേവിലേക്കും കുറ്റിപ്പുഴ കൃഷ്ണപിള്ളയിലേക്കും നമുക്ക് തിരിയേണ്ടി വരുന്നത്. 

പരിഷത്തും മറ്റും 

സാഹിത്യപരിഷത്ത് പോലുള്ള ജീർണ സംഘടനകൾ ദുഷിച്ച മാതൃക സൃഷ്ടിച്ചുകൊണ്ട് ധനമുള്ളവരെയും പ്രശസ്തരെയും രാഷ്ട്രീയബന്ധമുള്ളവരെയും വലിയ ഉദ്യോഗമുള്ളവരെയും മാത്രം ലക്ഷ്യം വെച്ച് അവാർഡ് തീരുമാനിക്കുന്നു. ഈ അപകടകരമായ അവസ്ഥ ഇവിടെ മാത്രമാണെന്ന് ഞാൻ പറയുന്നില്ല .ഇത് ചീഞ്ഞഴുകലിൻ്റെ അഗോളപരിസരത്തെ ഉദാഹരിക്കുകയാണ്. ലോകത്ത് തൊണ്ണൂറ് ശതമാനം സാഹിത്യപ്രവർത്തനവും ഈ  രീതിയിലായിക്കഴിഞ്ഞു. സാഹിത്യം ഇന്ന് മുതലാളിത്തത്തിൻ്റെ അടിമയാണ്. 

ഒരിടത്തും കൃതികളുടെ മൂല്യം പരിശോധിക്കുന്നില്ല.അഭിരുചികൾ ദ്രവിച്ച് നശിച്ചു. യൂറോപ്പിൽ ഷാങ് പോൾ സാർത്ര് (Jean Paul Sartre),ആൽബേർ കമ്യു (Albert Camus) തുടങ്ങിയവർക്ക് ശേഷം  ആഴത്തിൽ ചിന്തിക്കാൻ കഴിവുള്ളവർ കുറഞ്ഞു .ഉത്തരാധുനിക സൈദ്ധാന്തികർ വന്നെങ്കിലും, ജീവിതവുമായി ബന്ധമില്ലാത്ത അവരുടെ തത്ത്വചിന്ത പെട്ടെന്ന് കടപുഴകി .

We are all Completely Beside ourselves എന്ന നോവലെഴുതിയ അമേരിക്കൻ എഴുത്തുകാരി കാരൻ ജോയ് ഫൗളർ (Karen Joy Fowler) പറഞ്ഞത് ബുക്കർ പ്രൈസിനു  ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ടതോടെ തൻ്റെ  ജീവിതം മാറിമറിഞ്ഞു എന്നാണ്. അവരുടെ പുസ്തകം ബ്രിട്ടനിലെ പല പ്രസിദ്ധീകരണശാലകളും  നിരാകരിക്കുകയാണ് ചെയ്തത്. അല്ലായിരുന്നെങ്കിൽ ആ നോവൽ നേരത്തെ പുറത്തുവന്നേനെ  എന്നാണവർ പറഞ്ഞത് .

പ്രസാധകർക്ക് വേണ്ടാത്ത കൃതി എങ്ങനെ ബുക്കർ നോമിനേഷനിൽ എത്തി? പ്രസാധകന്മാർ സങ്കുചിത താല്പര്യങ്ങളാൽ കൂനുള്ളവരായി മാറിയിരിക്കുന്നു. അവർക്ക് മികച്ച കൃതി കണ്ടെത്താനുള്ള എല്ലാ ഉപകരണങ്ങളും നഷ്ടമായി. 

അലങ്കാര മത്സ്യങ്ങൾ 

ഇന്ന് എഴുത്തുകാർക്ക് വ്യക്തിപരമായ വീക്ഷണമില്ല .അവർ ഏത് സംഘടനയിലാണോ പ്രവർത്തിക്കുന്നത് ആ സംഘടനയുടെ വീക്ഷണമാണ് അവർക്കുള്ളത്. അവർക്ക് വ്യക്തിപരമായ സംഘർഷം ഭൗതികമായ വിഷയങ്ങളിൽ ഒതുങ്ങും .ബാങ്കിനെക്കുറിച്ചുള്ള ടെൻഷനാണ് മുഖ്യം. ആൾക്കൂട്ടത്തിനൊപ്പം വാണിജ്യ സാഹിത്യമാണ് ഇവർ എഴുതുന്നത് .ഏറ്റവും അന്തസ്സാരശൂന്യമായി ,ദീർഘമായി എഴുതിയാൽ സാഹിത്യകാരനു ,മറ്റു ബാഹ്യശക്തികൾ ഉണ്ടെങ്കിൽ വലിയ പുരസ്കാരങ്ങൾ കിട്ടിയിരിക്കും. 

ഒരു അലങ്കാര മത്സ്യമാകുന്നതിലാണ് ഇന്നത്തെ ടിപ്പിക്കൽ എഴുത്തുകാരൻ്റെ സായൂജ്യം :ഒന്നിനെക്കുറിച്ചും സ്വന്തമായ അഭിപ്രായങ്ങൾ ഉണ്ടായിരിക്കരുത്. എല്ലാത്തിനെയും ആസ്വദിച്ചാൽ മതി ; അസ്വസ്ഥനാകരുത്. ഒരു കാഴ്ചവസ്തുവായി മാറണം, അലങ്കാര മത്സ്യത്തെപ്പോലെ. ഒരാശയ ലോകമില്ലാത്തവനെന്ന നിലയിൽ എല്ലാവരെയും പ്രീതിപ്പെടുത്തണം .അപ്പോൾ അവാർഡുകൾക്ക് യോഗ്യനാവും. 

ഭേദപ്പെട്ട കഥയൊന്നും എഴുതിയില്ലെങ്കിലും മധുപാലിനെ പോലുള്ള കഥാകൃത്തുക്കൾക്ക് ഒരു ചാലുണ്ട്. അവർ വായനക്കാരോട് ഗൗരവമായ ഒരാശയലോകത്തെക്കുറിച്ചും പറയുന്നില്ല ;പറയാനില്ല .അലങ്കാര മത്സ്യാത്മകത മിക്കവരുടെയും പ്രലോഭനമാണിന്ന് .

സക്കറിയ ,സച്ചിദാനന്ദൻ, മുകുന്ദൻ  തുടങ്ങിയവരൊക്കെ ഇന്ന് വല്ലാത്ത പാരതന്ത്യം അനുഭവിക്കുന്നവരാണ്. അവർക്ക് അഭിപ്രായമില്ല. എന്നാൽ മറുനാടൻ മലയാളി യുടൂബർ ഷാജൻ സ്കറിയ ,വിനു വി. ജോൺ, ശാന്തി വിള ദിനേശ് ,രാഹുൽ ഈശ്വർ  തുടങ്ങിയവരാണ് ഇന്ന് സ്വതന്ത്രരായ പൊതുവ്യക്തിത്വങ്ങൾ .അവർക്ക് സ്വന്തം അഭിപ്രായം പറയാനുണ്ട്. അവരുടെ അഭിപ്രായങ്ങളോടെല്ലാം ഞാൻ യോജിക്കുകയല്ല. അവർക്ക്  പറയാനുള്ള ധൈര്യമുണ്ട്. അവരെ അവാർഡ് കാണിച്ച് പേടിപ്പിക്കാനാവില്ല. ഷാജൻ സ്കറിയ തൻ്റെ സ്വന്തം മാധ്യമത്തിലൂടെ വിശകലനം നടത്തുമ്പോൾ അത് എത്രയോ ലക്ഷം സത്യാന്വേഷികളുടെ നാവായി മാറുന്നു!. ഏത് പത്രത്തേക്കാളും സർക്കുലേഷനുണ്ട് ഷാജന്. പത്രങ്ങളേക്കാൾ ആളുകൾ വാർത്തയ്ക്ക് ആശ്രയിക്കുന്നത് ഷാജനെ പോലുള്ള സ്വതന്ത്ര മനസുകളെയാണ്.കേരളത്തിലെ സാഹിത്യകാരന്മാരെ അധികാരിവർഗവും അവാർഡു മുതലാളിമാരും വിലയ്ക്കെടുത്തപ്പോൾ ഷാജനും മറ്റും സ്വാതന്ത്ര്യത്തിൻ്റെ അനുഭവം ആവോളം നുകരാനാണ് തീരുമാനിച്ചത്. ഇനി എഴുത്തുകാരുടെ അഭിപ്രായങ്ങൾക്ക് ആരും കാത്തു നില്ക്കില്ല .അതിനു പകരം യുട്യൂബർമാരും സ്വതന്ത്രചാനലുകാരും  പറയും. ഷാജൻ പറയുന്ന എല്ലാ കാര്യങ്ങളോടും യോജിക്കുന്നു എന്ന അർത്ഥത്തിലല്ല ഇത് എഴുതുന്നത്. അദ്ദേഹം പത്രങ്ങളേക്കാൾ ഉത്തരവാദിത്വം കാണിക്കുന്നു. മറയ്ക്കപ്പെട്ട വാർത്തകൾ അനാവരണം ചെയ്യുന്നു. മലയാളയുവത്വം മരിച്ചിട്ടില്ല എന്ന് ഞാൻ പറയാൻ ആഗ്രഹിക്കുന്നത് ഷാജൻ ചെയ്യുന്ന ധീരമായ വീഡിയോകളെ കണ്ടുകൊണ്ടാണ്. ഇന്ന് ഏതെങ്കിലും കവിയോ ,കഥാകൃത്തോ സത്യത്തിനു വേണ്ടി ,ഇതു പോലെ ,ഒരു വാക്കുച്ചരിക്കുമോ ?
എനിക്കു പറയാനുള്ള കാര്യങ്ങളെല്ലാം വിഴുങ്ങിയ ശേഷം ഞാൻ വില കൂടിയ അവാർഡുകൾ വാങ്ങിക്കുന്നത് എൻ്റെ ജീർണതയെ കൂടുതൽ വഷളാക്കുകയേയുള്ളു .

അക്ഷരങ്ങൾ പെയിൻറിങ്ങുകൾ 

ഭാഷയെക്കുറിച്ച് അമേരിക്കൻ ചിത്രകാരി കേ റോസൻ (Kay Rosen)പറയുന്നുണ്ട്, അത്   മറ്റുവസ്തുക്കളെപോലെ തന്നെ  നമ്മുടെ സമീപത്താണുള്ളതെന്ന്. നമ്മൾ കാണണമെന്നില്ല, അതിനായി തിരയേണ്ടതുണ്ട്. 

You have to be in a certain frame of mind to pluck them out of the air, to make them yours. 

കലാകാരൻ്റെ മനസ്സ് ഏത് ദിശയിലാണോ നീങ്ങുന്നത് ,അതിനനുസരിച്ചായിരിക്കും   ഭാഷയുണ്ടാവുക .മനസ്സിൻ്റെ  ക്രമീകരണവും ചിന്തയുടെ ഒഴുക്കും പ്രധാനമാണ്. ഭാഷ നമ്മുടെ അരികിലാണുള്ളത്. ദക്ഷിണാഫ്രിക്കൻ എഴുത്തുകാരി നദീൻ ഗോർഡിമർ  പറഞ്ഞതുപോലെ ,കൈനീട്ടിയിൽ മതി   അനുഭവങ്ങളെ സ്പർശിക്കാനാവും.  ഇംഗ്ലീഷ് അക്ഷരങ്ങൾ ഉപയോഗിച്ചാണ് റോസൻ പെയിൻ്റ് ചെയ്യുന്നത്. നിശ്ചിത വർണത്തിൻ്റെ പശ്ചാത്തലത്തിൽ ഇംഗ്ലീഷ് അക്ഷരങ്ങൾ വിന്യസിക്കുന്നതിൻ്റെ സൗന്ദര്യമാണ് റോസൻ്റെ ലക്ഷ്യം. വളരെ പരിമിതമായതിനെ പുതിയ പാറ്റേണിൽ വയ്ക്കുമ്പോൾ പുതിയൊരു സംവേദനമുണ്ടാവുന്നു. 

ചീത്ത അഭിരുചികൾ പനപോലെ 

ഞാൻ എഴുത്തുകാരെ അവരുടെ ചിന്തകളിലും വാക്കുകളിലുമാണ് പരിശോധിക്കുന്നത്. എഴുത്തുകാരനു  കിട്ടിയ ഫലകങ്ങളെ ഞാൻ കാര്യമാക്കാറില്ല. ബയോഡേറ്റ ഞാൻ ശ്രദ്ധിക്കാറില്ല. ഏറ്റവും വലിയ നുണയും തിന്മയുമാണ് ബയോഡേറ്റ. കലാഭിരുചിയുള്ള വായനക്കാരനെ മടുപ്പിക്കുന്ന കഥകൾ തുടരെത്തുടരെ എഴുതുന്നവൻ്റെ ബയോഡേറ്റ വായിച്ചതുകൊണ്ട് പ്രയോജനമില്ലല്ലോ .അമ്പത്  അവാർഡ് കിട്ടിയെന്നു പറയുന്നവരെ വായിക്കാതിരിക്കാൻ ഞാൻ പരമാവധി ശ്രദ്ധിക്കാറുണ്ട്. കാരണം, ഇത്രയും അവാർഡ് ഒരാൾക്ക് കിട്ടിയെന്നു  പറഞ്ഞാൽ അതിൻ്റെയർത്ഥം അയാളുടെ ചിന്തകൾ പൊതുവേ ഉപരിപ്ളവമായി നീങ്ങുന്ന ,പുസ്തകം വായിക്കാത്ത അവാർഡ് കമ്മിറ്റിക്കാരെ വല്ലാതെ ആകർഷിച്ചു എന്നാണ്. ചീത്ത അഭിരുചികൾ പനപോലെ വളരുകയാണ്. ബർട്രാൻഡ് റസ്സലിൻ്റെ പ്രസംഗംപോലെ ഞാൻ ഉത്സവ പറമ്പുകളിലെയോ, രാഷ്ടീയവേദികളിലെയോ കൊമേഴ്സിൽ പ്രസംഗങ്ങളെ കേൾക്കാറില്ല .നിലവാരമില്ലാത്ത ചിന്തകൾ ധാരാളം പേരെ ആകർഷിക്കാറുണ്ട്. അതുകൊണ്ട് അതിൻ്റെ മൂല്യം വർദ്ധിക്കുകയില്ല .വില കുറച്ചാൽ മത്സ്യം പെട്ടെന്ന് വിറ്റു  പോകാറുണ്ടല്ലോ .അതാണ് അവാർഡുകളുടെ മന:ശാസ്ത്രം. ജയപ്രകാശ് അങ്കമാലിയുടെ 'സന്താലഹേര' എന്ന കൃതിയ്ക്ക് അവാർഡ് കിട്ടിയില്ല. നല്ലൊരു കാര്യമാണത്. അതുകൊണ്ട് അത് വായിക്കണം; എന്തെങ്കിലും ഉണ്ടാവും.

Woman Who killed the Fish എന്ന  മനോഹരമായ കഥയെഴുതിയ ബ്രസീലിയൻ അസ്തിത്വവാദിയായ എഴുത്തുകാരി ക്ളാരിസ് ലിസ്പെക്ടർ (Clarice Lispector) ഇങ്ങനെ എഴുതി :
"എന്നെ മറ്റുള്ളവർ പുറമേ നിന്നു  നോക്കുമ്പോൾ കാണുന്നതാണ് എൻ്റെ  സ്വഭാവവിശേഷങ്ങളായി  കണക്കാക്കപ്പെടുന്നത് ;എന്നെ പുറമേ നിന്നു നോക്കി മനസ്സിലാക്കാവുന്നതാണെന്ന ധാരണ അവസാനിപ്പിക്കണം" .



അക്ഷരജാലകം ഇരുപത്തിയഞ്ച് വർഷങ്ങൾ പിന്നിട്ടിരിക്കുന്നു: എം. സി. രാജനാരായണൻ

  ഇന്ത്യയിലെ പ്രശസ്ത സിനിമാ വിമർശകനും ഫിപ്രസി അംഗവും ഗ്രന്ഥകാരനുമായ എം.സി. രാജനാരായണൻ എഴുതുന്നു പ്രചാരവും സ്വീകാര്യതയും നിലനിർത്തിക്കൊണ്ട്‌ ...