ചിന്തകൊണ്ട് ജീവിക്കുന്ന നമുക്ക് അതിൽ നിന്ന് മാറിനിൽക്കാനൊക്കുമോ ? മനസ്സൊരു ചീത്ത പിശാചാണ്, അതുകൊണ്ട് അതിൽ നിന്ന് മോചനം വേണമെന്ന് പറയുന്നവരുണ്ട്. എന്നാൽ മനസ്സിൽ നിന്നും മോചനം നേടിയാൽ പിന്നെ എന്താണ് ബാക്കിയുള്ളത് ?ജീവിതത്തിൽ എന്തെങ്കിലും ത്യജിച്ചിട്ട് നേട്ടമുണ്ടാക്കാമെന്ന് കരുതുന്നില്ല. ത്യാഗത്തിനു വേണ്ടി ത്യാഗം വേണ്ട. ത്യജിക്കുന്നത് അസാധ്യമാണ്. കാരണം, എന്തിനെയാണോ നാം ബോധപൂർവ്വം നിരാകരിക്കുന്നത് ,അത് നമ്മെ പിന്നാലെ വന്ന് അസ്വസ്ഥപ്പെടുത്തും ,മുറിപ്പെടുത്തും .മനസിൽ നിന്ന് പൂർണമായി ഒന്നിനെയും പിഴുതുമാറ്റാനാവില്ല; അത് പീഡനമാണ്.
മനസ്സിനെ ആവേശിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ചിന്തയെ വേറൊരു വഴി തിരിച്ചുവിടുകയാണ് വേണ്ടത്. എന്താണ് ഇതിനർത്ഥം ?കൂടുതൽ പ്രത്യുൽപ്പാദനപരവും ലോ കോപകാരപ്രദവുമായ മേഖലകളിലേക്ക് നമ്മുടെ പ്രലോഭനങ്ങളെ തിരിച്ചുവിടുകയാണ് വേണ്ടത്. ഓരോ നിയമാനുസൃതമായ തൊഴിലും ലോകത്തിന് ഉപകാരപ്രദമാണ്. തയ്യൽക്കാരില്ലെങ്കിൽ ലോകമില്ല. കൃഷിക്കാരില്ലെങ്കിൽ ലോകം നിശ്ചലമാകും. ഓരോന്നിനും ലോ കോപകാരദൗത്യമുണ്ട് .
മനസ്സിൽ സദാ പിടിമുറുക്കിയിരിക്കുന്ന ആഗ്രഹങ്ങൾ, തൃഷ്ണകൾ, അതിമോഹങ്ങൾ ,കൊതികൾ നമ്മെ ഉപദ്രവിക്കാത്തിടത്തോളം കൊണ്ടു നടക്കാം. സ്ഥിരമായി ഒരു വ്യക്തിയെ സ്നേഹിക്കണമെന്ന ആഗ്രഹം പരിത്യജിക്കേണ്ടതില്ലല്ലോ . ആവശ്യത്തിൽ കൂടുതൽ പണം ഉണ്ടാക്കണമെന്ന ആഗ്രഹം വേണമെങ്കിൽ ഉപേക്ഷിക്കാം; എന്നാൽ ഒരാൾ പണം ഉണ്ടാക്കുമ്പോഴാണ് വേറെ കുറച്ചു പേർക്ക് തൊഴിൽ ലഭിക്കുന്നത്. പിന്നെ എന്താണ് ത്യജിക്കുന്നത്? നമ്മുടെ തന്നെ ധൂർത്തുകൾ ,പാഴ്മോഹങ്ങൾ, ഭ്രമങ്ങൾ, ആവശ്യമില്ലാത്ത വസ്തുക്കൾ തുടങ്ങിയവ ഉപേക്ഷിക്കാവുന്നതാണ്. അമിതമായ ആസക്തിയിൽ നിന്ന് അലട്ടൽ ഉണ്ടാകാവുന്നതാണ്. അതുകൊണ്ട് ആസക്തി ആപത്താണ് .ജീവിതത്തിലെ ഒരു ഘട്ടത്തിൽ സകലതിൻ്റെയും നിഷ്പലതയെക്കുറിച്ച് ബോധമുണ്ടാകുക തന്നെ ചെയ്യും. ഒന്നും നമ്മെ രക്ഷിക്കില്ല എന്നറിയുന്ന നിമിഷം.
ജീവിതം നമ്മോടു നുണ പറഞ്ഞതോ ,നാം ജീവിതത്തോടു നുണ പറഞ്ഞതോ ? വാർദ്ധക്യം ജീവിതത്തിൻ്റെ സത്യം ബോധ്യപ്പെടുത്താതിരിക്കില്ല . അസുഖങ്ങളും അവശതകളും മനുഷ്യനെ തനിച്ചാക്കുകയാണ് ചെയ്യുന്നത്. അപ്പോൾ ത്യാഗത്തിനു വേണ്ടി പ്രയത്നിക്കേണ്ടതില്ല. ത്യാഗം നിർബന്ധമായും യാഥാർത്ഥ്യമായി തീരുന്നു .വാർദ്ധക്യത്തിലെ ത്യാഗം അനിവാര്യതയാണ് .എന്നാൽ ദുർവ്യയം ,അമിതാസക്തി, അമിതമായ കോപം, ദുരാഗ്രഹം ,കള്ളത്തരം എന്നിവയെല്ലാം വേണ്ടെന്നു വയ്ക്കുകയാണെങ്കിൽ സമാധാനം കിട്ടാതിരിക്കില്ല; ഇതിനെ മഹത്തായ ത്യാഗമായി കരുതാനാകില്ലെങ്കിലും. ഭീഷ്മരുടെ ത്യാഗം ജീവിതകാലമത്രയും ഒരു വ്രതമായി നിലകൊണ്ടു. സ്വാതന്ത്ര്യത്തേക്കാൾ വലിയ ആശയമാണ് ഭീഷ്മരുടെ ത്യാഗം .ഭീഷ്മർ യൗവ്വന ദശയിലാണ് സകല ,കാമമോഹ പ്രണയപാശങ്ങളിൽ നിന്നും മോചിതമാകുന്നത് .അദ്ദേഹം അത് ജീവിതകാലമത്രയും പാലിച്ചു. സ്വാതന്ത്ര്യം അവിടെ ചെറുതായി പോവുകയാണ്. സ്വാതന്ത്ര്യം നേടിയ ആകാശം പിടിച്ചെടുക്കാമെന്നു കരുതുന്നവർക്കിടയിൽ ഭീഷ്മർ സ്വാതന്ത്ര്യത്തെ നിസ്സാരമായി കണ്ട് ത്യജിക്കുകയാണ്. ത്യാഗത്തിന്റെ ഫലമാണ് സ്നേഹം .സ്വന്തം വിഹിതത്തിൽ നിന്ന് എടുത്തു കൊടുക്കുന്നതാണ് സ്നേഹത്തിൻ്റെ പ്രകടരൂപം.സ്നേഹം പ്രവർത്തിക്കാനുള്ളതാണ്. പ്രവർത്തിക്കുന്നില്ലെങ്കിൽ സ്നേഹം നിസ്സഹായമാണ്. ഈ ലോകത്തിലെ സകല ജീവജാലങ്ങളെയും അചേതന വസ്തുക്കളെയും ബന്ധിപ്പിക്കുന്ന ദിവ്യ രസമാണ് സ്നേഹം .സ്നേഹത്തിന് രക്തത്തേക്കാൾ ശക്തിയുണ്ട് ;വിശുദ്ധിയുണ്ട്. ഏതൊരു വസ്തുവിനെയും നമുക്ക് സ്നേഹിക്കാം. സ്നേഹിക്കുന്നത് ഒരു മൂല്യമാണ്. സ്നേഹിക്കുന്നത് തിരിച്ചു ഒരു ഉപകാരം പ്രതീക്ഷിച്ചുകൊണ്ടാകരുത്. സ്നേഹിക്കുന്ന മനസ്സിൽ, സ്നേഹിതന് കൊടുക്കാനുള്ള ചിന്തയാണ് വേണ്ടത്. സ്നേഹത്തിലൂടെ ത്യാഗം പ്രാവിനെ പോലെ ചിറകുവീശി പറക്കണം.
ഒരു പേനയെയൊ , പുസ്തകത്തെയോ, പാത്രത്തെയോ സ്നേഹിച്ചു നോക്കൂ .അതെല്ലാം തീരിച്ചും നമ്മെ സ്നേഹിക്കും. വിശ്വാസം വരുന്നില്ലെങ്കിൽ പരീക്ഷിക്കാവുന്നതാണ്. നാം സ്നേഹിക്കുന്നത് ഈ വസ്തുക്കൾ തിരിച്ചറിയുന്നുണ്ട് .അവ സ്വയം സംരക്ഷിക്കുകയും നിറം കെടാതെ നോക്കുകയും ചെയ്യും.നമ്മുടെ കൺവെട്ടത്തു തന്നെ അവയുണ്ടാകും. അതെങ്ങനെ നമ്മെ ഉപേക്ഷിച്ചു പോകും? ഒരു ചെടിക്ക് സ്ഥിരമായി വെള്ളമൊഴിച്ചു നോക്കൂ .അത് വളരാൻ ആവേശം കാണിക്കും. ചെടികളിൽ വെറുതെ തടവിക്കൊടുത്താൽ അത് നമ്മുടെ ആഗ്രഹത്തിനൊത്ത് വളരും. സ്നേഹമാണ് അതിനു ലഭിക്കുന്ന പ്രാപഞ്ചിക ചിഹ്നം (Universal sign).
സ്നേഹിച്ചാൽ തിരിച്ചു സ്നേഹിക്കാത്ത ജീവികളില്ല. ഏത് തെരുവുപട്ടിയെയും നമുക്ക് സ്നേഹിച്ചു കൂടെ കൊണ്ടു പോരാം .കാരണം ,ഈ ജീവജാലങ്ങളെല്ലാം വിലമതിക്കുന്നത് ഒരേയൊരു മൂല്യത്തെയാണ്; അത് സ്നേഹമാണ്. അതിന് വേണ്ടി ആ ജീവികൾ എന്തും ത്യജിക്കും .ഈ പ്രപഞ്ചത്തിൻ്റെ ആത്മാവുമായി സംവേദനം ചെയ്യുന്നതിനു ജീവജാലങ്ങളുടെ പക്കലുള്ള ഒരേയൊരു കോഡാണ് സ്നേഹം .സ്നേഹത്തിനുവേണ്ടി ത്യജിക്കുമ്പോഴാണ് ദൈവം ഉണ്ടാകുന്നത്. ദൈവം എല്ലാറ്റിനെയും സ്നേഹത്താൽ കൂട്ടിയിണക്കായിരിക്കുകയാണ് .പക്ഷേ,മനുഷ്യർക്ക് ഇനിയും അത് അത്ര ബോധ്യമായിട്ടില്ല.
Tuesday, September 27, 2022
ജീവജാലങ്ങളുടെ പക്കലുള്ള ഒരേയൊരു കോഡ് / എം.കെ.ഹരികുമാർ
പ്രതീതിയായ ജീവിതത്തിൽ സന്തോഷവും മിഥ്യയും/എം.കെ.ഹരികുമാർ

ഇത് ഡിജിറ്റർ ,സൈബർ നവയുഗമാണല്ലോ. ആധുനികാനന്തര ജീവിതത്തിൻ്റെ വ്യാഖ്യാനവും ചിന്തയുമാണ് ഇതാവശ്യപ്പെടുന്നത്. ഇവിടെ മനുഷ്യർ മിക്കവാറും ഓൺലൈനിലാണ്. ജീവിതം ഒരു പ്രതീതിയായും നിലനില്ക്കുന്നു .ശരീര മോ മനസോ ഇല്ലാതെ ജീവിക്കാം. ഉത്തര- ഉത്തരാധുനികതയുടെ ശകലീകൃതമായ ,മനോരഹിതമായ ,നിർവ്യക്തീകരിക്കപ്പെട്ട ഈ കാലത്ത് മനുഷ്യൻ്റെ സ്വാതന്ത്ര്യവും സഹനവും പുതിയ അർത്ഥങ്ങൾ തേടുകയാണ്. സ്വാതന്ത്യമല്ല ,സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള പ്രതീതിയാണ് പ്രസക്തമാകുന്നത്. ഒരു മുറിക്കുള്ളിൽ അടച്ചിരുന്ന് ആരെയും യു ട്യൂബിലൂടെ വിമർശിക്കാം .നേരിട്ട് എവിടെയും പോകണമെന്നില്ല.
സ്വാതന്ത്ര്യം ഒരു കുരിശായി തലയ്ക്ക് പിന്നിൽ നിൽക്കുകയാണ് .സ്വാതന്ത്ര്യം തന്നെ വ്യഥയായി പരിണമിച്ചിരിക്കുന്നു. മനുഷ്യൻ തന്നെ ഒരു ഡിജിറ്റൽ പ്രതീതിയായ ഈ യുഗത്തിൽ സാഹിത്യത്തിനു എന്ത് സംഭവിക്കുമെന്ന് എന്നോട് പലരും ചോദിച്ചിട്ടുണ്ട്. അവരിൽ ചിലർ സാഹിത്യത്തെ കാലികമായ, പ്രസ്ഥാനവത്കൃതമായ പ്രവണതകൾക്കൊത്ത് കാണാൻ വിസമ്മതിക്കുന്നവരാണ്. എന്തിനാണ് ആധുനികത ,നല്ല കൃതികൾ പോരേ എന്ന് ഒരു സാഹിത്യകാരൻ ചോദിച്ചിട്ട് അധികകാലമായില്ല .ഓരോ കാലത്തെ രൂപപരമായ പരീക്ഷണങ്ങളും ഉള്ളടക്കവും മാറുന്നതിനനുസരിച്ചാണ് പഠനങ്ങൾക്കും വിലയിരുത്തലുകൾക്കുമായി ചില പേരുകൾ ആവശ്യമായി വരുന്നതെന്ന് ഞാൻ വിശദീകരിച്ചു. വേർഡ്സ്വർത്ത് എഴുതിയ Introduction to lyrical ballads ഒരു പുതിയ വാതായനമാണ് തുറന്നത്; അതിനു തത്ത്വശാസ്ത്രപരമായ ചില മുഖങ്ങളുണ്ട്. അതുപോലെ മാറുന്ന കാലത്തിനനുസരിച്ച് പുതിയ സമീപനങ്ങൾ വേണ്ടിവരും.
ഭാഷ മാറുന്നത് ഇനിയും അനുഭവിച്ചിട്ടില്ലാത്തവരുണ്ട്. അവർ ഭാഷയിലെ പഴയ പ്രയോഗങ്ങളും ചിന്തയുടെ സ്ഥിരം ചാലുകളും പരതിക്കൊണ്ടിരിക്കും. അവർക്കു മുന്നിൽ ഭാഷ ഒരിക്കലും ചലിക്കാത്ത ഒരു മൂശയാണ്. അവർക്ക് ചിന്തിക്കാനുമറിയില്ല. മറ്റുള്ളവർ ചിന്തിച്ച കാര്യങ്ങളായിരിക്കും അവർ ഭാഷയിൽ നിറയ്ക്കുന്നത്. പുതിയ ചിന്ത എങ്ങനെയാണ് ഉണ്ടാകുന്നതെന്ന് അറിയുന്നതുകൊണ്ട് അതിൻ്റെ ആവശ്യമില്ലല്ലോ. സാഹിത്യത്തിലിപ്പോൾ ഭാവുകത്വമില്ലാത്ത കാലമാണ്. അതായത് ,ലോകത്തെ മാറ്റുന്ന ഒരു പുതിയ വൈകാരികാനുഭവം ഉണ്ടാകുന്നില്ല. ജ്ഞാനത്തിൻ്റെ പുതിയ പദാവലിയോ സങ്കേതമോ ഉരുത്തിരിയുന്നില്ല. പഴയ രൂപങ്ങൾ ആവർത്തിക്കുന്നതല്ലാതെ ഒന്നും സംഭവിക്കുന്നില്ല. ധാരാളം പേർക്ക് എഴുതാൻ കഴിയുന്ന കൃതികളാണ് ഇപ്പോൾ പുതിയതെന്ന മട്ടിൽ പ്രസാധകർ അവതരിപ്പിക്കുന്നത്.
ഒരാൾക്ക് മാത്രം എഴുതാനാവുന്ന പുസ്തകങ്ങൾ ഇല്ലാതായി. ദാന്തെയുടെ ‘ഡിവൈൻ കോമഡി ‘ പോലെയുള്ള കൃതികൾ ഇനി ഉണ്ടാകുകയില്ലല്ലോ. ഗവേഷണത്തിൻ്റെ ഫലമായി നിർമ്മിച്ചെടുക്കുന്ന പുസ്തകങ്ങളാണ് ഇന്ന് പലരും സാഹിത്യവിമർശനമായി പരിഗണിക്കുന്നത്.
സാഹിത്യകല ഇനിയെങ്ങോട്ട് ?
ഇവിടെ പരിശോധിക്കുന്ന വിഷയം ഡിജിറ്റൽ ,ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ,അൽഗോരിതം, ഡേറ്റ തുടങ്ങിയ പദങ്ങൾകൊണ്ട് വിവരിക്കാവുന്ന ഈ കാലത്ത്, ഓർമ്മകൾ മറവികളായി രൂപാന്തരപ്പെടുന്ന സന്ധിയിൽ സാഹിത്യത്തിനു എന്ത് സംഭവിക്കുമെന്നതാണ് .ഇനി പുതിയൊരു വിപ്ളവം എഴുത്തിൻ്റെ കലയിൽ പ്രതീക്ഷിക്കാമോ ? സാഹിത്യത്തിൻ്റെ മരണം തന്നെ പ്രവചിച്ച അൽവിൻ ബി. കെർനൻ എഴുതിയ ‘ദ് ഡെത്ത് ഓഫ് ലിറ്ററേച്ചർ'(The Death of Literature) എന്ന കൃതി അതാണല്ലോ ചൂണ്ടിക്കാട്ടുന്നത്. ജോൺ ബാർത്ത് എഴുതിയ
ലിറ്ററേച്ചർ ഓഫ് എക്സോഷൻ (Literature of Exhaustion) എന്ന ലേഖനം വിവരിച്ചത് പുരാതനവും അനക്കമറ്റതുമായ ഇതിവൃത്തങ്ങൾ വീണ്ടും ആവിഷ്ക്കരിക്കപ്പെടുന്നതിൻ്റെ ദുരന്തത്തെയാണ്.
ബെർതോൾട് ബ്രഹ്ത് (Bertolt Brecht) യാഥാർത്ഥ്യത്തെക്കുറിച്ച് പറഞ്ഞ വിപ്ളവകരമായ ചില നിരീക്ഷണങ്ങൾ പാം മോറിസ് (Pam Morris) ‘റിയലിസം’ എന്ന പുസ്തകത്തിൽ ചർചചെയ്യുന്നുണ്ട് .
സാഹിത്യത്തിനു സ്ഥിരമായ ഒരു പാത അസാധ്യമാണെന്ന ചിന്തയാണ് ബ്രഹ്ത് പുലർത്തിയിരുന്നത്. സാമൂഹ്യജീവിതത്തിൻ്റെ പരിണാമങ്ങൾക്കനുസരിച്ച് കലയിൽ പരീക്ഷണം അനിവാര്യമാണ്. ഇക്കാര്യം ബ്രഹത് നല്ലപോലെ ഉൾക്കൊണ്ടിരുന്നു. അത് ശരിയാണെന്ന് ഇപ്പോൾ പ്രചാരത്തിലായ ഇൻസ്റ്റലേഷനുകളും വീഡിയോ ഇൻസ്റ്റലേഷനുകളും വ്യക്തമാക്കുന്നു. ബാങ്കോക്ക് മൾട്ടിമീഡിയ ആർട്ടിസ്റ്റ് കൊറാക്രിക് അരുണാനൊണ്ടുചായ് (Korakrit Arunanondchai) കലയുടെ നിരന്തരമായ രൂപാന്തരത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. ജീവിതത്തെക്കുറിച്ച് ഒരു വിധി തീർപ്പിനപ്പുറത്ത് ഒരിക്കലും നിർവ്വചിക്കപ്പെടാത്ത പ്രതിഭാസമായാണ് അവർ വീക്ഷിക്കുന്നത്. കല ട്രാൻസ്ഫോർമേഷനാണ്: നിശ്ചലതയല്ല. പുതിയൊരു തലത്തിലേക്ക് അത് സംക്രമിച്ചുകൊണ്ടിരിക്കുന്നു.

കലയെ ,അദ്ദേഹം ചരിത്രപരമായും രാഷ്ട്രീയമായും വ്യക്തിഗതമായും ആത്മീയമായും ഉദ്ഗ്രഥിക്കാനാണ് ശ്രമിക്കുന്നത്. പരീക്ഷണാത്മകതയും ജനകീയതയും യഥാതഥവാദവും കലയിൽ ഒരുമിച്ചു പോവുകയാണ് ചെയ്യുന്നതെന്ന് ബ്രഹ്തിൻ്റെ ജനകീയകലാവാദത്തെ ഉദ്ധരിച്ചുകൊണ്ട് പാം മോറിസ് നിരീക്ഷിക്കുന്നു.പൊരുതുന്ന സാഹിത്യത്തിനു വേണ്ടിയാണ് നിലകൊള്ളുന്നതെങ്കിൽ അതിനു യാഥാർത്ഥ്യത്തെ ഒഴിവാക്കാനാവില്ലെന്ന സൂചനയാണ് ബ്രഹ്ത് നല്കുന്നത്,
യാഥാർത്ഥ്യത്തെ പൂർണമായി പിടിച്ചെടുക്കേണ്ടതുണ്ട്. അതിൽ നിന്നു മാത്രമേ പുതിയൊരു രൂപത്തെക്കുറിച്ച് ആലോചിക്കാനാവുകയുള്ളൂ. പരീക്ഷണാത്മകമായ ഉള്ളടക്കങ്ങൾക്ക് വിരിഞ്ഞുവരാൻ, പശ്ചാത്തലമായി യാഥാർഥ്യത്തിൻ്റെ ഒരു തലമുണ്ടായിരിക്കണം.അതിദ്രുതം വികസിക്കുന്ന യാഥാർത്ഥ്യം (Rapid development of reality) എന്ന് ബ്രഹ്ത് ഇതിനെ വിശേഷിപ്പിക്കുന്നു. യഥാതഥവാദികളായ സ്റ്റെന്താൾ ,ബൽസാക്ക് ,ഫ്ളാബേർ ,എമിലി സോള എന്നിവർ എങ്ങനെ അവരുടെ വ്യത്യസ്തവഴികളിലൂടെ സഞ്ചരിച്ച് അസ്തിത്വത്തെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാടുകൾ വികസിപ്പിച്ചു എന്ന് ചിന്തിക്കണമെന്ന് പാം മോറിസ് ആവശ്യപ്പെടുന്നു.
മിഥ്യകൾ അവസാനിക്കുന്നില്ല
രാഷ്ട്രീയ വീക്ഷണങ്ങൾ വ്യത്യസ്തമായിരിക്കുമ്പോഴും എഴുത്തുകാർ സ്വാഭാവിക ജീവിതത്തിനുള്ളിൽ എന്ത് സംഭവിക്കുന്നുവെന്ന് പഠിക്കേണ്ടതുണ്ട്.
അതുകൊണ്ട് സമകാല ഡിജിറ്റൽ മനുഷ്യൻ ഉയർത്തിക്കൊണ്ടുവരുന്ന ശൂന്യമായ മാനവികത പുതിയൊരു യാഥാർത്ഥ്യമാണ്. ഇത് വാസ്തവത്തിൽ മനുഷ്യജീവിതത്തെ മിഥ്യയിൽ തന്നെ വട്ടം ചുറ്റിക്കുകയാണ്.
ഈ മിഥ്യയ്ക്കുള്ളിൽ നിന്നു കൊണ്ട് ഏത് തരം നിരീക്ഷണാത്മകതയും രസനീയതയും കൈവരിക്കാമെന്നാണ് എഴുത്തുകാരൻ ആലോചിക്കേണ്ടത്.
തീർച്ചയായും ‘ഇന്നത്തെ എഴുത്തുകാരന് അയാളുടെ മുന്നിലുള്ള ജീവിതയാഥാർത്ഥ്യങ്ങളെ ,കൃത്രിമവും പ്രതീതിപരവുമായ മാനവിക പ്രതിസന്ധികളെ, അനുഭവങ്ങളുടെ ചരക്കുവൽക്കരണത്തെ കാണാതിരിക്കാനാവില്ല.കാരണം, മനുഷ്യൻ അവൻ്റെ സംസ്കാരത്തിൻ്റെ ഉപയോക്താവ് എന്ന നിലയിലാണ് ഇന്ന് നിലനിൽക്കുന്നത്.
ഉപഭോഗം എന്ന ആവശ്യത്തിനായി കലയും സംസ്കാരവും ഉണ്ടാക്കുകയാണ്. മനുഷ്യബന്ധങ്ങളിൽ മറവി ഒരുപകരണമാവുകയാണ്. ഓർമ്മിക്കാനുള്ള സിദ്ധി നഷ്ടപ്പെടുകയാണ്. കൂടുതൽ ഓർമ്മിക്കേണ്ടതായ വസ്തുതകളുടെ ഒരു മഹാപ്രവാഹമുണ്ടാകുമ്പോൾ , മനുഷ്യൻ ഓർമ്മയിൽ നിന്ന് രക്ഷപ്പെടാനാവും ശ്രമിക്കുക .
ഓർത്തുകൊണ്ട് മറക്കുകയോ മറന്നുകൊണ്ട് ഓർക്കുകയോ ചെയ്യുന്നു. രണ്ടിൻ്റെയും അർത്ഥം ഒന്നുതന്നെ. വിലകൂടിയ സംസ്കാരത്തിനും അനുഭവത്തിനുമായി പലതും മറക്കേണ്ടിവരുന്നു.
ഉപയോഗിച്ചാൽ വലിച്ചെറിയണമെന്നാണല്ലോ പുതിയ വ്യവസ്ഥ .എന്നാൽ വലിച്ചെറിയൽ പ്രക്രിയയുടെ തുടർച്ചയിൽ മടുപ്പാണ് ബാക്കിയാവുന്നത്. ഈ നിസ്സഹായത ഒരു രുചിയല്ല ,നിരാസ്പദമായ ഒഴുക്കാണ്. ഒഴുകിയൊഴുകി പോകുന്നത് ഒരു രസമാണ്.ഒരിടത്തും പിടിച്ചുനില്പില്ലാത്ത , മനുഷ്യൻ, പക്ഷേ ,സമ്പന്നനും ബുദ്ധിമാനും പലതിൻ്റെയും ഉടമസ്ഥനുമാണ്. ഏതാണ് സൗന്ദര്യം ? ദാരിദ്ര്യം സൗന്ദര്യമാണോ ?അല്ലെങ്കിൽ കലാപം സൗന്ദര്യമാണോ ?

ചില എഴുത്തുകാർ പതിറ്റാണ്ടുകൾക്ക് മുൻപ് വിശ്വസിച്ചിരുന്നതുപോലെ, ലൈംഗികത സൗന്ദര്യമാണോ ?ഇതിൻ്റെയെല്ലാം കേവലവും ഐച്ഛികവുമായ വ്യവഹാരമേഖലകൾ സൗന്ദര്യവും എന്ന നിലയിൽ ഒറ്റപ്പെട്ടിരിക്കുകയാണ് .എഴുത്തുകാരൻ എന്തിനാണ് മറ്റാരുടെയെങ്കിലും ഫിലോസഫിക്ക് കീഴടങ്ങി അതിൻ്റെ ഐച്ഛിക ലാവണ്യം അന്വേഷിക്കുന്നത് .?അതുതന്നെയാണ് സാഹിത്യവിമർശകൻ്റെ കാര്യത്തിലുമുള്ളത്. അയാൾ എന്തിനാണ് ഉപനിഷത്തിനെയും ബുദ്ധദർശനത്തെയും ആസ്പദമാക്കി പുസ്തകമെഴുതുന്നത് ? ഒരു വിമർശകനായ അയാൾ ഒരു തത്ത്വശാസ്ത്രത്തിൻ്റെ പഠനമെഴുതാനല്ല ശ്രമിക്കേണ്ടത് .അയാൾ അതിൽ നിന്ന് ജൈവപരമായി ,സൗന്ദര്യാത്മകമായി എന്ത് സ്വീകരിക്കുന്നു എന്നതാണ് പ്രധാനം.
സത്യങ്ങൾ പലതായി പിരിയുന്നു
സൗന്ദര്യത്തെ തൻ്റെ പഥങ്ങളിലൂടെ അന്വേഷിക്കുകയാണ് വേണ്ടത്. അയാൾ മറ്റു മേഖലകളുടെ പ്രചാരകനാകേണ്ടതില്ല. ഉപനിഷത്തിലൂടെ പോകേണ്ട സാഹചര്യമുണ്ടാവുകയാണെങ്കിൽ ,തൻ്റെ സഞ്ചാരത്തിൻ്റെ അനിവാര്യതയ്ക്ക് അത് ഉപയോഗപ്പെടുത്തുക. അതിനപ്പുറം തലയിൽ ചുമന്നു നടക്കേണ്ടതില്ല .
Beauty is truth, truth beauty -that is all
Ye know on earth, and all ye need to know
എന്ന് ജോൺ കീറ്റ്സ് (Ode on a Gracian Urn ,1820) എഴുതിയത് ഇന്നും ഒരു പൊതുപ്രസ്താവനയായി നില്ക്കുന്നു. സത്യം സൗന്ദര്യവും സൗന്ദര്യം സത്യവുമായിരിക്കാം. സത്യം എന്താണെന്നോ ,സൗന്ദര്യം എന്താണെന്നോ അന്തിമമായി വിശദീകരിക്കാനാവില്ല .ആ വാക്കുകളെ വ്യാഖ്യാനിക്കുന്നിടത്താണ് യാതൊന്നിനെയും ആസ്പദമാക്കിയല്ലാതെ ഒഴുകുന്ന ജീവിതത്തെ ആവിഷ്ക്കരിക്കാനാവുകയുള്ളു. മിഥ്യകൾ സർവത്ര മിഥ്യകൾ എന്നതാണല്ലോ നമ്മുടെ അവസ്ഥ. മനുഷ്യനും മൃഗങ്ങളും പ്രാണികളും ഉൾപ്പെട്ട ഈ സമൂഹത്തിലെ യുക്തികൾ തല തല്ലി മരിക്കുകയാണ്.
മിഥ്യയും നമുക്ക് നമുക്ക് ആഘോഷിക്കാനുള്ളതാണ്
വിജയങ്ങൾ പോലെ പരാജയങ്ങളും മിഥ്യകളാണ്.എല്ലാ മിഥ്യകളും നമ്മെ നോക്കി പുഞ്ചിരിതൂകുകയാണ്. നമുക്കതിൽ നിന്ന് രക്ഷപ്പെടാനാവില്ലല്ലോ എന്ന അവസ്ഥയുണ്ട്. അല്പദൂരം പോകുന്ന യുക്തികൾകൊണ്ട് നമുക്ക് ആനന്ദിക്കാം .സൗന്ദര്യം സത്യമാണെന്ന് കീറ്റ്സ് പറഞ്ഞത് മിഥ്യകളെ മറികടന്നു എന്ന അർഥത്തിലല്ല; ശൂന്യതകൾ ഇല്ലാതായി എന്നുമല്ല; നമ്മൾ മിഥ്യകളായിരിക്കെ തന്നെ കാന്തിയുള്ള വ്യഥകളുമാണെന്ന ആലോചനയിൽ നിന്നാണ് അതുണ്ടാകുന്നത്മിഥ്യകളിൽ കുതിർന്ന മനുഷ്യജീവിതത്തിലെ സൗന്ദര്യം ആത്യന്തികസത്യമല്ല ;പ്രതീതിസമാനമായ താൽക്കാലിക സൗന്ദര്യമാണ്. സൂര്യാസ്തമയം സുന്ദരമാണെന്നത് ഒരു പൊതുപ്രസ്താവമാണ് .
ഇന്നലെ എല്ലാവരുടെയും സൂര്യാസ്തമയവും ഒരുപോലെ സുന്ദരമല്ലല്ലോ. സൂര്യാസ്തമയം കാണുന്ന വ്യക്തിയുടെ മനസ്സാണ് അത് നിശ്ചയിക്കുന്നത്. ജീവിതത്തിലെ സത്യങ്ങൾ നൈമിഷികമാകാം.; കാരണം അതിനോടുള്ള വ്യക്തികളുടെ മനോഭാവം വ്യത്യസ്തമാണ്. സത്യങ്ങൾ തന്നെ പലതായി പിരിയുകയാണ് ചെയ്യുന്നത് .സത്യങ്ങൾ തമ്മിൽ വൈരുദ്ധ്യമുള്ളതുകൊണ്ടാണ് മനുഷ്യർ തർക്കിക്കുന്നത്. ഒരേ വാസ്തവത്തെ എങ്ങനെയാണ് നമ്മൾ നിരീക്ഷണങ്ങളിലൂടെ അനുരഞ്ജനപ്പെടുത്തുന്നത് ?.ഓരോ വ്യക്തിയും അവനവൻ്റെ സ്വഭാവം കൊണ്ടാണ് വ്യത്യാസപ്പെടുന്നത്. ആ വേറിടൽ യുക്തിയുമാണ്.
എഴുത്തുകാരൻ ഒരു കഥാപാത്രം
യുക്തിയുടെ തകർച്ച, മനുഷ്യൻ്റെ അന്വേഷണാത്മക മേഖലയാകേണ്ടതാണ്. നമ്മളെല്ലാം ഓരോ യുക്തിയാണ്. എന്നാൽ അതെല്ലാം തകരുന്നതുമാണ്.സാഹിത്യകലയിലെ യുക്തിയുടെ ഈ തകർച്ച സാർവ്വലൗകികമായതുകൊണ്ടാണ് ‘ദ് ഓഥർ ‘എന്ന കൃതിയിൽ ആൻഡ്രൂ ബെന്നറ്റ് സാഹിത്യം എപ്പോഴും അനിശ്ചിതവും അസാമാന്യവുമായ വഴിയിലാണ് സഞ്ചരിക്കുന്നതെന്നും അത് പരിഭാഷ ചെയ്യാനാവില്ലെന്നും പ്രഖ്യാപിക്കുന്നത്.സാഹിത്യകലയിലെ ഭാഷ ഒരേസമയം മൂർത്തവും ചിന്താപരവും നിഗൂഢവുമാണ്. ഓരോരുത്തരുടെയും മനോനിലയ്ക്കും വിവേകത്തിനും അനുസരിച്ചാണ് വായിക്കുന്നത്.എഴുതിയ ആളിനു അവിടെ പ്രത്യേകമായ അർത്ഥത്തിനായി ശാഠ്യം പിടിക്കാനാവില്ല .എഴുതിയ ആൾ മറഞ്ഞിരിക്കുന്ന കഥാപാത്രമായി ഉൾച്ചേർന്നിരിക്കുകയാണ് ,കൃതിയിൽ.
ഇതു പക്ഷേ ,വായനക്കാരൻ ശ്രദ്ധിക്കുന്നില്ല .ആ സ്ഥാനം വായനക്കാരനാണ് പിടിച്ചെടുക്കുന്നത്. വായനക്കാരന് ഒരു കർത്താവായിട്ടല്ലാതെ വായിക്കാനാവില്ല .തൻ്റെ കർത്തൃത്വത്തിനു സ്വീകാര്യമല്ലാതെ വരുമ്പോഴാണ് അവൻ കൃതിയുമായി തെറ്റിപ്പിരിയുന്നത്. വായനക്കാരൻ്റെ മനസ്സിൽ ഒരു എഴുത്തുകാരനുണ്ട്.
കൃതിയുടെ പാരായണവേളയിൽ ആ വായനക്കാരൻ യഥാർത്ഥ കർത്താവിനെ തള്ളിമാറ്റി ആ സ്ഥാനത്ത് വരികയാണ് ചെയ്യുന്നത്. ആ സ്ഥാനത്ത് അവന് ആശയ, വൈകാരിക തലങ്ങളിൽ യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. എന്തായാലും അവനിൽ അത് അന്വേഷണബുദ്ധി നിലനിർത്തുന്നുണ്ടെങ്കിൽ വായനക്കാരനായി തുടരാനാവും അവൻ ശ്രമിക്കുക. അങ്ങനെയാണ് അവൻ വായനക്കാരൻ എന്ന അസ്തിത്വം സ്ഥാപിക്കുന്നത്. മാത്രമല്ല ,അവൻ ഒരു പ്രത്യേക പാഠത്തിൻ്റെ രചയിതാവുകയും ചെയ്യുന്നു. വായിക്കുന്ന കൃതിയിൽ അവൻ സൃഷ്ടിക്കുന്ന മൂല്യവും സംഘർഷവുമുണ്ട് .അതിൻ്റെ കർത്തൃത്വം ഏറ്റെടുക്കുമ്പോഴാണ് വായനയുണ്ടാകുന്നത് .ആ കർത്തൃത്വവുമായി വിയോജിക്കുമ്പോഴും വായന അവസാനിക്കണമെന്നില്ല. അവനിലെ വിവിധ ത്വരകളെ കൂട്ടിയോജിപ്പിച്ചു കൊണ്ടുപോകാനുള്ള സാഹചര്യം ആ കൃതിയിൽ നിന്ന് ലഭിക്കുകയേ വേണ്ടൂ .വായനക്കാരൻ സ്വയം സൃഷ്ടിക്കുന്ന കർത്താവ് എന്ന അസ്തിത്വത്തെയാണ് നിലനിർത്താൻ ശ്രമിക്കുന്നത്. അതേ സമയം എഴുത്തുകാരൻ തൻ്റെ കൃതിയിൽ ഒരു കഥാപാത്രവുമാണ്.
സാമൂഹ്യജീവിയായ വ്യക്തിയായിട്ടല്ല കഥാരചനയിൽ നില്ക്കുന്നത്. കഥ എന്ന സാങ്കല്പികലോകത്തിലെ വൈകാരികതലത്തോട് പ്രതികരിച്ചുകൊണ്ട് അയാൾ ഓരോ നിമിഷവും സ്പന്ദിക്കുകയാണ്. എഴുത്തുകാരൻ്റെ കഥാപാത്രത്തെ വായനക്കാരൻ എന്ന കർത്തൃത്വം മനസ്സിലാക്കുന്നിടത്താണ് വായന സാധ്യമാകുന്നത്. അല്ലാത്തപ്പോൾ സാഹിത്യകൃതി തന്നെ വ്യർത്ഥമാകുന്നു. ജീവിതത്തിൻ്റെ വ്യർത്ഥതയെ മറികടക്കാനാണ് ഒരാൾ വായിക്കുന്നത്. ചെറിയ സൗഹൃദയത്വത്തിലാണ് വായനക്കാരൻ്റെ ജീവിതമുള്ളത്.അതാണ് അയാളുടെ ജീവിക്കുന്ന ഓർമ്മകൾ.
അഭിമുഖം /ആധുനിക വിമർശനകലയുടെ ഉപജ്ഞാതാവ് സംസാരിക്കുന്നു/എം.കെ.ഹരികുമാർ / ഷാജി തലോറ
ഇതൾ മാസികയുടെ ഓണപ്പതിപ്പിനു വേണ്ടി എം.കെ. ഹരികുമാറുമായി ഷാജി തലോറ നടത്തിയ അഭിമുഖം .
മലയാള വിമർശനത്തെയും സാഹിത്യത്തെയും സ്വന്തം ദാർശനിക പദ്ധതികളിലുടെ നവീകരിച്ച എം.കെ.ഹരികുമാറിനു കഴിഞ്ഞ ജൂലൈ 30ന് അറുപത് തികഞ്ഞു. സാഹിത്യരചനാ ജീവിതത്തിൽ നാല്പത്തിയൊന്നു വർഷം പിന്നിടുകയാണ് ഹരികുമാർ. ആധുനികതയും ഉത്തരാധുനികതയും കടന്ന് അദ്ദേഹം ഇപ്പോൾ ഉത്തര- ഉത്തരാധുനികതയുടെ ഡിജിറ്റൽ ,ഇലക്ട്രോണിക് പ്ലാറ്റ്ഫോമുകളിലെ പ്രവണതകളിലെ തത്ത്വചിന്ത വ്യാഖ്യാനിക്കുകയാണ്. അദ്ദേഹത്തിൻ്റെ വിഖ്യാതമായ ‘അക്ഷരജാലകം’ എന്ന പ്രതിവാര പംക്തി ഇപ്പോൾ ഇരുപത്തിയഞ്ചാം വർഷത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. ഒരു പുതിയ വിമർശനകലയ്ക്ക് മലയാളത്തിൽ തുടക്കമിട്ട ഹരികുമാർ സമകാലിക പ്രശ്നങ്ങളെ അപഗ്രഥിക്കുകയാണിവിടെ.
ആധുനിക വിമർശനകലയുടെ ഉപജ്ഞാതാവ് സംസാരിക്കുന്നു
സാഹിത്യ നിരൂപകൻ എന്ന നിലയിൽ മലയാള സാഹിത്യത്തിലെ പുതു തലമുറയിലെ രചനകളെ താങ്കൾ എങ്ങനെ വിലയിരുത്തുന്നു?
സാഹിത്യവിമർനത്തിൽ പുതിയ ആളുകൾ വരുന്നുണ്ട്. പക്ഷേ, അവരിൽ നല്ലൊരു പങ്കും യൂണിവേഴ്സിറ്റിയിലെ പിഎച്ച്ഡി സർട്ടിഫിക്കറ്റ് കൈയിൽപ്പിടിച്ചാണ് വരവ് .അക്കാദമിക് പഠനങ്ങൾ അവരെ വരണ്ട മനുഷ്യരാക്കിയിരിക്കുന്നു. നല്ലൊരു മനുഷ്യനും സഹൃദയനുമാകാൻ ശേഷിയില്ലാത്തവർ അക്കാദമിക് പഠനം കൊണ്ട് മാത്രം എഴുതാൻ ശ്രമിക്കുന്നത് അപകടകരമായാണ് ഞാൻ കാണുന്നത്.
എം. എ മലയാളം ഏകതാനമായ ചിന്തയും ,അധ്യാപകനാകാൻ നടക്കുന്നവരുടെയും അധ്യാപകരായവരുടെയും ഭാഷയും ഒരു ആക്രിക്കടപോലെയാണ്. അതിനു ഒരു ചെറു സസ്യത്തിന്റെ പോലും ജൈവഭാവമില്ല. ഭാഷ ഒരു ജൈവരൂപമാണെന്നു ഇവരിൽ ആർക്കെങ്കിലുമറിയാമോ? സംസ്കൃതവാക്യങ്ങൾ വ്യാഖ്യാനിക്കുന്നതും പഴയ കവിതകൾ വായിച്ച് അർത്ഥം പറയുന്നതുമല്ല വിമർശനം. ഇക്കൂട്ടർ ഇപ്പോഴും വഞ്ചിപ്പാട്ടിനെക്കുറിച്ചും നളചരിതത്തെക്കുറിച്ചുമാണ് എഴുതിക്കൊണ്ടിരിക്കുന്നത്.
ഇവർക്ക് കലയുമായി ബന്ധമല്ല. കലാലയങ്ങളിൽ സാഹിത്യത്തെ ഒരു മനുഷ്യവ്യവഹാരമാണെന്നു മനസ്സിലാക്കി എഴുതുന്നവർ ഒരു ശതമാനത്തിൽ താഴെയാണ്.
ഭാഷ പണ്ഡിതന്റെ രതിമൂർച്ഛയ്ക്കുള്ളതല്ല; അത് മാനവികഭാവങ്ങളെ പ്രകൃതിയിലെ സകല ജൈവചോദനകളുമായി ബന്ധിപ്പിച്ച് സൃഷ്ടിക്കേണ്ടതാണ്. ഭാവിയിലെ വിമർശനം അക്കാദമിക് ഗവേഷണത്തെ പിൻപറ്റിയാണ് നീങ്ങുന്നതെങ്കിൽ അത് വലിയൊരു ദുരന്തമായിരിക്കും .കാരണം, അതിനു ഹൃദയമോ കലയോ ഉണ്ടായിരിക്കില്ല. വിമർശനത്തിനു എപ്പോഴും ആവശ്യമായിട്ടുള്ളത് അതിൻ്റെ കലാത്മകതയും സഹൃദയജ്ഞാനവുമാണ്.വസ്തുതകളെ വെറുതെ പരിചയപ്പെടുത്തലല്ല .
ശ്രീനാരായണായ, വാൻഗോഗിന്. ജലഛായ തുടങ്ങിയ വ്യത്യാസ്തമായ മൂന്ന് നോവലുകളുടെ രചയിതാവാണല്ലോ താങ്കൾ. മലയാള സാഹിത്യത്തന് അത്ര പരിചിത മില്ലാത്ത രചനാ സങ്കേതമായതിനാലാണോ ഈ രചനകൾ അർഹിക്കുന്ന രീതിയിൽ വായനക്കാർ ഏറ്റെടുക്കാതെ പോയത്?
എൻ്റെ നോവലുകൾ വായനക്കാർ ഏറ്റെടുത്തില്ലെന്നു പറയുന്നത് ശരിയല്ല. ഇക്കാര്യത്തിൽ അസംബ്ലി തെരഞ്ഞെടുപ്പ് പോലെ ഭൂരിപക്ഷം നോക്കേണ്ടതില്ല. ഇത് ബലപരീക്ഷണമോ തിരഞ്ഞെടുപ്പ് വിജയമോ ആയി കാണേണ്ടതില്ല. എൻ്റെ നോവലുകൾ ആസ്വദിച്ച, ചിന്തിച്ച, വായിച്ച ധാരാളം പേരുണ്ട്. അവർ അത് സ്വകാര്യ മൂലധനം പോലെ സ്വന്തമാക്കിയിരിക്കുകയാണ്. അങ്ങനെ നോക്കുമ്പോൾ എനിക്ക് നിരാശപ്പെടാനില്ല. എന്റെ നോവലുകളെ പ്പറ്റി മാഗസിൻ പതിപ്പുകളും പത്രലേഖനങ്ങളും അഭിമുഖങ്ങളും പഠനങ്ങളും വന്നിട്ടുണ്ട് .എന്റെ നോവലുകളെപ്പറ്റിയുള്ള പുസ്തകങ്ങളും വന്നേക്കാം. ഈ നോവലുകൾ കലാരംഗത്തെ ഒരു നവപ്രവണതയുടെ ഉദ്ഘാടനമാണ്. അത് രചനാരീതി അഥവാ ക്രാഫ്റ്റിൻ്റെ പുതിയൊരു പന്ഥാവ് തുറക്കുകയാണ്. എൻ്റെ നോവലുകളിലെ ഭാഷയെ കൂടുതൽ ആഴത്തിൽ പരിശോധിക്കുന്ന സ്വതന്ത്രരായ വായനക്കാർ ഇനിയുമുണ്ടാകും .
എന്നാൽ അനേകം പതിപ്പുകളോ ആഘോഷങ്ങളോ ഉണ്ടായില്ല എന്നത് നേരാണ് .അതിന് കാരണം ഞാൻ പറയാം. ഞാൻ പ്രമുഖ പ്രസാധനശാലകളിലെ പബ്ലിക്കേഷൻ മാനേജർമാരുടെ മാനസപുത്രനോ ഉറ്റ ചങ്ങാതിയോ അല്ല. ഇന്നു പബ്ലിക്കേഷൻ മാനേജർമാർക്ക് കൂടുതൽ ഇടപാടുകളുണ്ട്, അധികാരങ്ങളുണ്ട്. താൻ ഇഷ്ടപ്പെടുന്ന, താനുമായി പലവിധ ബന്ധങ്ങളുള്ള ഒരു എഴുത്തുകാരനെ പ്രധാനപ്പെട്ട ആനുകാലികങ്ങളൽ ശക്തിയോടെ അവതരിപ്പിക്കുന്നതിൽ അയാൾക്ക് ഇടപെടാനാവും. അയാളുടെ വാക്ക് ചില പത്രാധിപരെങ്കിലും നിരസിക്കുകയില്ല. ഇതൊരു രഹസ്യ ഇടനാഴിയാണ്. ആരുടെ കവർസ്റ്റോറി അടിക്കണമെന്നു പബ്ളിക്കേഷൻ മാനേജർ പറയും .അത് നടപ്പായിരിക്കും. അയാളുടെ സ്മവുലുകൾ സീരിയലൈസ് ചെയ്യാനും മാനേജർ ഇടപെടും.
പബ്ലിക്കേഷൻ മാനേജർ തീരുമാനിക്കുന്ന പുസ്തകങ്ങൾ മാത്രമേ ബെസ്റ്റ് സെല്ലറാവുകയുള്ളൂ. മാനേജരുടെ ഉറ്റ സുഹൃത്തുക്കൾ എഴുതിയ പുസ്തകങ്ങൾ മാത്രമാണ് ഇവിടെ കൂടുതൽ പതിപ്പുകൾ അച്ചടിക്കുന്നത്. ഇതാണ് യാഥാർത്ഥ്യം. ഈ സാഹചര്യം മനസ്സിലാക്കാത്ത സാധാരണക്കാരാണ് എന്റെ നോവലുകൾ എന്തുകൊണ്ടാണ് അച്ചടി ആഘോഷിക്കപ്പെടാത്തതെന്ന് ചോദിക്കുന്നത്.
ഇവിടെ ആഘോഷിക്കപ്പെടുന്ന നോവലുകളെല്ലാം വെറും ചവറുകളാണെന്ന് ആണെന്ന് എനിക്ക് വ്യക്തമായറിയാം. വിവരമില്ലാത്തവർ, പരാജയപ്പെട്ട നോവലുകളെ വേഷം കെട്ടിച്ച് വഴിയോരത്ത് കൊണ്ടുവന്നു നിർത്തുകയാണ്.
ഭാഷയെക്കുറിച്ച് ഈ നോവലിസ്റ്റുകൾക്ക് വിവരമില്ല .ആഗോള നിലവാരമുള്ള ഒരു വാചകമെഴുതുന്നത് എങ്ങനെയാണെന്ന് അറിയില്ല. എന്തെങ്കിലും ദാർശനിക പ്രശ്നങ്ങളോ, ജീവിതത്തോടുള്ള വേറിട്ട സമീപനങ്ങളോ ഇവർക്കുണ്ടോ? ഇതെല്ലാം താൽക്കാലികമായി കണ്ടാൽ മതി. ആഘോഷിക്കപ്പെടുന്ന നോവലിസ്റ്റുകൾ ബിസിനസ്സുകാരെ പോലെയാണ്. ചില അവാർഡുകളെ ലഭ്യമാക്കിയാണ് അവർ പ്രവർത്തിക്കുന്നതും എഴുതുന്നതും .
അവർ കൂട്ടുകൂടുന്നത് പോലും ഒരു ബിസിനസിന്റെ ഭാഗമായാണ്. സ്വാഭാവികമായും മനുഷ്യസ്നേഹം എന്താണെന്ന് അവർ ഇനിയും മനസിലാക്കിയിട്ടില്ല.എൻ്റെ നോവലുകൾ എൻ്റെ കലയെക്കുറിച്ചുള്ള അവബോധത്തിൻ്റെയും ചിന്തയുടെയും ദർശനത്തിന്റെയും ആവിഷ്കാരത്തിന്റെയും ഏറ്റവും വലിയ സാക്ഷ്യപത്രക്കളാണ്. അത് എൻ്റെ സർഗാത്മകഥയുടെ പാരമ്യമാണ്.
ഏതൊരു കലാകാരന്റെയും നിലനിൽപിന് പ്രചോദനമാണ് അവാർഡുകളും അംഗീകാരങ്ങളും. എഴുത്തുകാരന്റെ രാഷ്ട്രീയം നോക്കി അംഗീകാരങ്ങൾ നൽകുന്ന ഒരു സമൂഹത്തിൽ നിലനിൽപിന് വേണ്ടിയെങ്കിലും എഴുത്തുകാർ വശം വതരാകുന്നുണ്ടെങ്കിൽ അവരെ കുറ്റം പറയാൻ പറ്റുമോ, അടിസ്ഥാനപരമായി എഴുത്തുകാരും സമൂഹത്തിന്റെ ഭാഗമല്ലേ സമൂഹത്തിന്റെ ജീർന്നത എഴുത്തുകാരനെയും ബാധിക്കില്ലേ?
താങ്കൾ പറയുന്നതിനോട് യോജിക്കുകയാണ് .ഇവിടെ എഴുത്തുകാർ എന്ന ഉന്നതമായ അർത്ഥത്തിൽ ജീവിക്കുന്ന ആരുമില്ലല്ലോ. ഈ കാലത്തിന്റെ രാഷ്ട്രീയ കാലാവസ്ഥയ്ക്ക് അനുസരിച്ച് സ്വന്തം നിലനിൽപ്പ് നോക്കി അഭിപ്രായം പറയുന്നവരാണ് ഭൂരിപക്ഷവും.പുരസ്കാരങ്ങൾ രാഷ്ട്രീയ പക്ഷപാതത്തിനു ലഭിക്കുന്ന പൂച്ചെണ്ടുകളാണ് .വായനക്കാരെ പോലും അങ്ങനെ ലഭിക്കുന്നു. അതുകൊണ്ടുതന്നെ ഈ കാലത്തിൻ്റെ ജീർണത സാഹിത്യത്തെയും അതിൻ്റെ രചയിതാക്കളെയും ബാധിക്കുന്നു. യഥാർത്ഥ മൂല്യങ്ങൾക്ക് വേണ്ടി ആരും തന്നെ മിണ്ടില്ല. എല്ലാ മഹാശയന്മാരും , അറവുമൃഗങ്ങളെ കൊന്നു കഴിയുന്നതുവരെ മിണ്ടാതിരിക്കാൻ ശീലിച്ചവരാണ്. ലോകത്ത് ഭീതി വിതച്ച ശേഷം തങ്ങൾ സുരക്ഷിതരാണെന്നു കരുതുന്നവരാണ് അധികവും .
എല്ലാ വലിയ ആശയങ്ങളും കൊലചെയ്യപ്പെട്ടിരിക്കുകയാണ്. മത, രാഷ്ട്രീയ, ജാതിതലത്തിലും അക്കാദമിക്, സംഘടനാ തലത്തിലുമുള്ള ഒരു കൂട്ടുകെട്ടാണ് സാംസ്കാരിക രംഗത്ത് നിലനിൽക്കുന്നത്. വ്യവസ്ഥാപിതത്വം നിരന്തരമായ ഒരു പഴകലാണ്. അതിന് പുതിയ കാലവുമായി ഒരു ബന്ധവുമില്ല.
സമൂഹത്തിന്റെ മൂന്നാം കണ്ണാണ് എഴുത്തുക്കാർ എന്നാണല്ലോ പറയാര്. എന്നാൽ എഴുത്തുകാരിൽ പലരും കൃത്യമായ രാഷ്ട്രീയ അജണ്ടകൾ അനുസരിച്ച് നിലകൊള്ളുന്നവരും സ്ഥാപിത താല്പര്യങ്ങൾക്ക് പുറകെ പോകുന്നവരുമാണ്. ഇങ്ങനെ ഉള്ളവർക്ക് എങ്ങനെയാണ് സമൂഹത്തിന്റെ മൂന്നാം കണ്ണ് ആവാൻ കഴിയുക?
ഇന്നു മൂന്നാം കണ്ണുകൊണ്ട് എഴുതുന്നവർ ഇല്ലല്ലോ. കുമാരനാശാൻ, ചങ്ങമ്പുഴ തുടങ്ങിയവർ അങ്ങനെ എഴുതിയിരുന്നു .ഇപ്പോൾ ഒരു കണ്ടെത്തലും സാഹിത്യകൃതികളിൽ കാണാനില്ല. കുറേപ്പേർ ഓർമ്മകളും അനുഭവങ്ങളും എഴുതുന്നുണ്ട്. അതിനൊക്കെ എന്തെങ്കിലും മൂല്യമുണ്ടോ ? ആർക്കും എഴുതാവുന്ന കാര്യങ്ങളാണ് ഇതൊക്കെ .നാലാംകിട വിഷയങ്ങൾ സാഹിത്യപരമായ അറിവോ പരിചയമോ ഇല്ലാതെ വെറുതെ നിരത്തി വയ്ക്കുകയാണ് പലരും .വലിയ പ്രസാധകർ പുറത്തിറക്കുന്നതു കൊണ്ട് കുറേപ്പേർ അത്യ നല്ലതാണെന്നു കരുതി വായിക്കുന്നു.പോത്തിറച്ചി എങ്ങനെ വേവിച്ചു കഴിക്കണമെന്നാണ് ഒരു കോളേജ് അധ്യാപിക ഏതാനും മാസങ്ങൾക്കു മുമ്പു എഴുതിയത്.പുതിയ വിഷയങ്ങളെ സമീപിക്കാൻ ഇവർക്കറിയില്ല .ഇതൊക്കെ ആരെങ്കിലും ഗൗരവമായി എടുക്കുന്നുണ്ടോ ?
വിമർശന വീക്ഷണമുള്ള സാഹിത്യ നിരൂപണങ്ങളും കലാ നിരൂപണങ്ങളും കുറഞ്ഞുവരികയാണല്ലോ, പല നിരൂപണങ്ങളും എഴുത്തുകാരനും നിരൂപകനും തമ്മിലുള്ള പരസ്പര ധാരണയുടെ സൃഷ്ടിയായും മാറാറുണ്ട്. ഇത്തരം സുഖിപ്പിക്കൽ പ്രക്രിയ സാഹിത്യത്തിനോ എഴുത്തുകാരനോ ഏതെങ്കിലും തരത്തിൽ ഗുണം ചെയ്യുമോ?
സാഹിത്യ വിമർശനവും പ്രതിസന്ധിയിലാണ്.വ്യവസ്ഥാപിത സാഹിത്യവും അതിൻ്റെ പ്രസാധകരും വിമർശനത്തെ തമസ്കരിക്കുകയാണ്.അക്കൂട്ടർ ഗൗരവമുള്ള ചിന്തകൾ ആവശ്യമില്ല. അവർ നളചരിതത്തെക്കുറിച്ചാണ് ഇപ്പോഴും എഴുതിക്കൊണ്ടിരിക്കുന്നത്. നളചരിതത്തെക്കുറിച്ച് ഇനിയും ചർച്ച ചെയ്തു തീർന്നിട്ടില്ലാത്തതുകൊണ്ട് അവർക്ക് പുതിയ വിഷയങ്ങളെ സമീപിക്കാനറിയില്ല. വിമർശകന്റെ കല ഒരു പുതിയ ക്രമം ഉണ്ടാക്കുകയാണ്, ചിന്തയിലും ചരിത്രത്തിലും.വിമർശകൻ ഒരു ധ്യാന മാർഗത്തിലാണ് ജീവിക്കുന്നത് .
എൻ്റെ ആദ്യകൃതിയായ ആത്മായനങ്ങളുടെ ഖസാക്ക് (1984) എന്ന കൃതിയാണ് മലയാളത്തിലുണ്ടായ ആദ്യത്തെ സർഗാത്മക വിമർശനം. എന്തുകൊണ്ട് ?ഒരു നോവലിനെ ആസ്പദമാക്കി ഞാൻ സൃഷ്ടിച്ച കലയാണിത്.
അത് ഒരു ലേഖനമല്ല; പുസ്തകമാണ്. അതിനുശേഷമോ അതിനുമുമ്പോ അതുപോലൊരു വിമർശന കലാസൃഷ്ടി ഉണ്ടായിട്ടില്ല. മറ്റ് ആധുനിക വിമർശകരൊക്കെ ലേഖനങ്ങളാണ് എഴുതിയത്. എൻ്റെ കൃതി കലയുടെ എല്ലാ അതിർത്തി ലംഘനങ്ങളും വിപ്ലവങ്ങളും ആത്മവ്യൂഹങ്ങളും ആലോചിക്കുന്നുണ്ട്. അതൊരു ഭാഷയേയല്ല. ഭാഷയാണെങ്കിലല്ലേ മനസ്സിലാക്കാനാവൂ. അത് വേറൊരു വിചാരമാണ്. വാക്കുകൾ അതിനായി ഉപയോഗിക്കുക മാത്രമാണ് ചെയ്തത്. എന്റെ ഭാഷ മനസ്സിന്റെ ആത്മീയ ജീവിതത്തിൻ്റെ അടിത്തട്ടിലുള്ള സ്വപ്നങ്ങളും വിഭ്രാമകമായ അവസ്ഥകളും അതിയാഥാർത്ഥ്യങ്ങളും യുക്തിഭംഗങ്ങളുമെല്ലാം എടുത്തു പുറത്തിടുന്നു.അത് ഭാഷയെത്തന്നെ അസ്ഥിരമാക്കി കൊണ്ട് ചിലപ്പോൾ ബിംബങ്ങളിലൂടെ സംസാരിക്കുന്നു. വാക്കിനു ഓരോ നിമിഷത്തിലും മറ്റു വാക്കുകളുമായി ചേർന്നു പുതിയ സൃഷ്ടി നടത്താമെന്നുള്ള ഒരാലോചനയാണത്.അത് ഒരിക്കലും യൂണിവേഴ്സിറ്റികൾക്കോ അക്കാദമികൾക്കോ സ്വീകാര്യമായ ഒന്നല്ല. അതുകൊണ്ടുതന്നെ കലാശാല വിമർശകർ എൻ്റെ പുസ്തകത്തെ എപ്പോഴും തമസ്കരിക്കും.
സ്വന്തമായി വിചാരശീലമില്ലാത്തവരെ ഭയപ്പെടുത്തുന്ന കൃതിയാണത്. ഇന്നത്തെ പല വിമർശകരും എഴുത്തുകാരെ സന്തോഷിപ്പിച്ച് ഇടം നേടാനാണ് ശ്രമിക്കുന്നത്. അവതാരികകൾ ,പുസ്തകനിരൂപണങ്ങൾ ,ലേഖനങ്ങൾ തുടങ്ങിയവയെല്ലാം പി ആർ ഒ വർക്കിൻ്റെ ഭാഗമായി, പ്രമുഖ പ്രസാധകരുടെ ഭാഗമായി നിഴലിൽ നിന്നുകൊണ്ട് അവരുടെ ഇഷ്ടക്കാർക്കു വേണ്ടി ലേഖനമെഴുതുകയാണ് ഇന്നത്തെ ‘വിമർശകർ’.ഒ.വി.വിജയനെ മാർക്സിസ്റ്റാക്കി രൊൾ എഴുതിയത് കണ്ടു. ഇത്തരം വേല വേലകളൊക്കെ നിലനിൽപ്പിനു വേണ്ടി ഏത് കള്ളവും പറയാമെന്നാണ് കാണിക്കുന്നത്.
ഇന്നത്തെ സാഹിത്യരചനകൾ മനുഷ്യമനസിനെ സ്പർശിക്കുന്നില്ലെന്ന് താങ്കൾ ഒരിക്കൽ എഴുതി.എന്തുകൊണ്ടാണ് അത് സംഭവിക്കുന്നത്?
എം.കെ.ഹരികുമാർ: ഇന്നത്തെ എഴുത്തുകാർ പൊതുവേ സമ്പന്നരാണ്. സ്വന്തം പോക്കറ്റിൽ നിന്നു പണം മുടക്കി അവർ പുസ്തകമടിക്കും. അതിനവർക്ക് സന്തോഷമേയുള്ളൂ. കാരണം ,അവർ പുസ്തകം പ്രസിദ്ധീകരിക്കുന്നതിലാണ് ത്രില്ലടിക്കുന്നത്;ഉള്ളടക്കത്തിലല്ല .കേശവദേവ് അങ്ങനെയായിരുന്നില്ല. ദേവിനു പുസ്തകം പ്രസിദ്ധീകരിക്കാൻ പല ബുദ്ധിമുട്ടുകളുമുണ്ടായിരുന്നു .ഒന്നേമുക്കാൽ ലക്ഷം രൂപ ശമ്പളം വാങ്ങുന്ന കോളേജ് അദ്ധ്യാപകർ എന്ത് കവിതയെഴുതാനാണ്? .അവർക്കു സ്വന്തം ശമ്പളത്തിനോടും ഡിപ്പാർട്ട്മെന്റിനോട്ടം മാത്രമേ ബന്ധമുള്ളു. ഒരു ശുദ്ധമായ സൗഹൃദം പോലുമില്ല. അവരുടെ വീടുകളുടെ ചുറ്റുമതിലുകളിൽ കുപ്പിച്ചില്ല് പതിപ്പിച്ചിരിക്കുകയാണ്.നായയെ അഴിച്ചുവിട്ടിരിക്കയാണ്, സൗഹൃദമന്വേഷിച്ചു ചെല്ലുന്നവരെ കടിക്കാൻ. ഇവർ എഴുതുന്ന കവിത ഏത് വകുപ്പിൽപ്പെടുത്തും? കരിങ്കൽ കഷണം പോലെയായിരിക്കും അതിലെ വാക്കുകൾ .അതിൽ മനുഷ്യനോ ജീവനോ ഉണ്ടാവില്ല. എത്ര ഉദാഹരണങ്ങൾ വേണമെങ്കിലും നിരത്താം.
കവിതയും സാഹിത്യവുമൊക്കെ നമ്മുടെ അനുഭവങ്ങളുടെ ഒരു ഓഹരിയാണ് .ആത്മീയാനുഭവം ,മനനം ,എല്ലാം അതിന്റെ ഭാഗമാണ് .ഒരു Mind ഉണ്ടാകണം .തന്നെ തനിക്ക് മനസ്സിലാക്കാൻ കഴിയുന്ന ഒരു Mind .ഇന്നു അത് വല്ലതുമുണ്ടോ? പറിച്ചുനട്ട അലങ്കാരച്ചെടികളെപോലെയാണ് അവർ. എന്നാൽ കാട്ടിൽ വളരുന്ന മരങ്ങൾ അങ്ങനെയല്ല. യന്ത്രസമാനമായ, സൗഹൃദമുക്തമായ, വരണ്ടുപോയ, വികാരങ്ങൾക്കിടമില്ലാത്ത, ധനാർത്തി മൂത്ത ഇന്നത്തെ കവികൾക്കും എഴുത്തുകാർക്കും നല്ല വായനക്കാരെ സ്വാധീനിക്കുന്ന ഒരു വാക്യമെഴുതാനാവില്ല.
Monday, September 26, 2022
അഭിമുഖം /എം.കെ. ഹരികുമാർ / റഷീദ് പാനൂർ
ഒരു ഉന്നതമായ കലാസൃഷ്ടി യാഥാസ്ഥിതികവും അക്കാദമികവുമായ വീക്ഷണങ്ങളെ ധ്വംസിക്കുകയാണ് ചെയ്യുന്നത്
മൂല്യശ്രുതി*
സ്വതന്ത ചിന്തകനും നവവിമർശകനുമായ എം.കെ.ഹരികുമാർ വിവിധ ദാർശനികമണ്ഡലങ്ങളെയും സാഹിത്യകൃതികളെയും സംയോജിപ്പിച്ചു കൊണ്ട് സ്വകീയമായ ആശയധാരകളും സൗന്ദര്യലോകവും സൃഷ്ടിച്ച പശ്ചാത്തലത്തിൽ ഒരു സംഭാഷണം .
മലയാളത്തിൽ ആധുനികതാ വിമർശനത്തിനു തുടക്കം കുറിച്ച ‘ആത്മായനങ്ങളുടെ ഖസാക്ക് ‘(1984) എന്ന വിമർശനകൃതിയിലൂടെ ശ്രദ്ധേയനായ ഹരികുമാർ വിവിധ ചിന്താപദ്ധതികളിലൂടെയും ദാർശനിക പാഠങ്ങളിലൂടെയും സ്വന്തം സിദ്ധാന്തങ്ങളിലൂടെയും ഈടുറ്റ ഒരു സാഹിത്യസംസ്കാരം സൃഷ്ടിച്ചിരിക്കുന്നു. ഹരികുമാർ മലയാളത്തിലെ ഒരു ഒറ്റയാനാണ്, വീക്ഷണത്തിലും അതിർത്തികളെ മായ്ച്ചു കളയുന്ന നൂതന സർഗാത്മക ,ചിന്താസരണികളിലും . രാഷ്ട്രീയപാർട്ടികളുടെയോ ക്ലിക്കുകളുടെയോ പിൻബലമില്ലാതെ കഴിഞ്ഞ നാല്പത്തിയൊന്നു വർഷമായി എഴുതുകയാണ്. തൻ്റെ കോളേജ് പഠനകാലത്ത് ,ആധുനികതയുടെ മധ്യാഹ്നസൂര്യൻ കത്തി നിന്ന കാലത്ത് ആത്മീയശക്തിയോടെ സ്വതന്ത്ര വിചാരമേഖലകളിലേക്ക് ധീരമായി പ്രവേശിക്കുകയായിരുന്നു ഹരികുമാർ.ഒരു കലാകാരനായ വിമർശകനാണ് അദ്ദേഹം. മലയാളം ക്ലാസിക് വിമർശനവും നവീന വിമർശനവും വെറും തകരച്ചെണ്ടയാണെന്നു ഹരികുമാർ വാദിക്കുന്നത് സ്വന്തം നവീന സിദ്ധാന്തങ്ങളുടെ ബലത്തിലാണ്. കോളിൻ വിത്സൻ ,എഫ്. ആർ .ലീവ്സ് ,ഡേവിഡ് ലോഡ്ജ് ,ടി.എസ്. എലിയട്ട്, സ്റ്റീഫൻ സ്പെൻഡർ തുടങ്ങിയ പാശ്ചാത്യ വിമർശകരുടെ നിഴൽ മാത്രമാണ് നമ്മുടെ വിമർശനമെന്ന് ഹരികുമാർ ചിന്തിക്കുന്നു. ഈ വിചാരങ്ങൾക്ക് ഇപ്പോൾ കാലത്തിൻ്റെ പിന്തുണ ലഭിച്ചിരിക്കുന്നു എന്നതിനു തെളിവാണ് ഹരികുമാറിനു നല്ല വായനക്കാരിൽ നിന്നു കിട്ടുന്ന ആവേശകരമായ പിന്തുണ. മലയാളത്തിൽ ഇപ്പോഴുള്ള ഒരേയൊരു കോളമിസ്റ്റാണ് അദ്ദേഹം .നവാദ്വൈതം ,സ്യൂഡോ മോഡേണിസം തുടങ്ങിയ ദർശനങ്ങളിലൂടെ ഹരികുമാർ മലയാള വിമർശനത്തിനു ഒരു പുതിയ മുഖം നല്കിയിരിക്കുന്നു. അദ്ദേഹം തൻ്റെ ധൈഷണികലോകം ഇവിടെ അനാവരണം ചെയ്യുന്നു.
ചോദ്യം: താങ്കളുടെ ‘അക്ഷരജാലകം’ ഇരുപത്തഞ്ചാം വർഷത്തിലേക്ക് കടന്നിരിക്കുന്നു. 1998 ഫെബ്രുവരിയിൽ കേരളകൗമുദിയുടെ എഡിറ്റോറിയൽ പേജിലായിരുന്നല്ലോ തുടക്കം. ഇപ്പോൾ അത് മെട്രോവാർത്തയിൽ തുടരുന്നു. ഇത്രയും ദീർഘകാലമായി തുടരുന്ന ഒരു സാഹിത്യപംക്തി ഇപ്പോൾ വേറെയില്ല .എങ്ങനെയാണ് താങ്കൾ ഈ പംക്തിയിൽ ഓരോ ആഴ്ചയിലും പുതിയ ആശയങ്ങൾ അവതരിപ്പിക്കുന്നുത് ?
എ.കെ.ഹരികുമാർ :ഞാൻ കുറച്ചൊക്കെ വായിക്കാറുണ്ട്. എനിക്ക് പ്രയോജനമില്ലാത്ത കാര്യങ്ങൾ വായിക്കാറില്ല. മനനം ചെയ്യുന്നതാണ് എൻ്റെ രീതി. ആഗോള സാഹിത്യചലനങ്ങളും ചിന്തകളും പരമാവധി ശ്രദ്ധിക്കാറുണ്ട്. എന്തെങ്കിലും നവീനമായ ഒരാലോചന വേണം. എങ്കിലേ കോളം ലൈവാകൂ. ഇൻറർനെറ്റിൽ സൗജന്യമായി, പുസ്തകങ്ങളുടെ പി.ഡി.എഫ് കിട്ടും. ഉത്തര- ഉത്തരാധുനികത ,നവാദ്വൈതം ,സംസ്കാരം തുടങ്ങിയ ആശയങ്ങൾ ആദ്യമായി ഞാൻ എഴുതിയത് ഈ കോളത്തിലാണ്.
ചോദ്യം :വാക്കുകളുടെ അർത്ഥം എവിടെയാണ് തിരയുക ?
എം കെ .ഹരികുമാർ :നിഘണ്ടുവിനു പുറത്ത്. അറിഞ്ഞതിനു അപ്പുറത്തേക്ക് പോകാൻ അതാണ് മാർഗം.
ചോദ്യം: ഇന്ന് പ്രേമിക്കുന്നതും വേർപെടുന്നതും വേഗത്തിലാണ് .എന്തുകൊണ്ടാണിത് സംഭവിക്കുന്നത് ?
എം.കെ. ഹരികുമാർ: വേഗം പുതിയ സംസ്ക്കാരമാണ്. വേഗത്തെ കീഴടക്കാനാണ് പ്രേമിക്കുന്നത്. പ്രേമത്തെ പോലെ പ്രധാനമാണ് വേർപെടുന്നതും .പ്രേമിച്ചു കഴിയുമ്പോൾ വേഗം നിന്നു പോവുന്നു.
ചോദ്യം: എന്താണ് ജീവിതത്തിൻ്റെ അനന്യത ?
എം.കെ. ഹരികുമാർ :മറ്റുള്ളവരിലല്ല നമ്മൾ ജീവിക്കുന്നത്; നമ്മളിലാണ്. നമ്മൾ തന്നെയാണ് അനന്യത. നമ്മളിലാണ് ചരിത്രമുള്ളത്. നമ്മൾ ജീവിക്കാത്ത ക്രിസ്തുവാണ്. മനസിലാക്കപ്പെടാത്ത മാനസാന്തരമാണ്.
ചോദ്യം: സാഹിത്യം എന്താണ് ?
എം.കെ.ഹരികുമാർ: സാഹിത്യമല്ലാത്തതായി യാതൊന്നുമില്ല. ഒരു കാക്ക കരയുന്നതു പോലും സാഹിത്യമാണ്. അതിൽ ഒരാഖ്യാനമുണ്ട്. അതാകട്ടെ പല തരം ടെക്സ്റ്റുകളുമാണ്.
ചോദ്യം: സ്വതന്ത്രചിന്ത ,സ്വതന്ത്ര വിമർശനം ,സ്വന്തമായ സർഗാത്മകത എന്നൊക്കെ പറയുന്നതിനെ താങ്കൾ എങ്ങനെയാണ് നോക്കിക്കാണുന്നത്? നമ്മുടെ സാഹിത്യത്തിൽ ഇങ്ങനെയുള്ള ചിന്തകൾക്ക് എന്തെങ്കിലും പ്രസക്തിയുണ്ടോ? താങ്കൾ സ്വാതന്ത്ര്യത്തിനായി എന്താണ് ചെയ്യുന്നത് ?എന്താണ് സ്വാതന്ത്യം ?
എം.കെ.ഹരികുമാർ :മഹാഭാരതത്തിലെ ധർമ്മം പോലെ തന്നെ സങ്കീർണമായ ഒരാശയമാണ് ഇന്ന് സ്വാതന്ത്ര്യം. ജീവിതം സാങ്കേതികമായി വ്യതിചലിക്കുന്നതോടെ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ആശയങ്ങളും മാറുകയാണ്. ഓൺലൈൻ ,സമൂഹമാധ്യമങ്ങൾ തുടങ്ങിയവയെല്ലാം സ്വാതന്ത്യത്തിൻ്റെ ചിഹ്നങ്ങളാണ്. എന്നാൽ സ്വാതന്ത്യം കൊണ്ട് നമുക്കൊന്നും ചെയ്യാനില്ല .നമ്മൾ സ്വാതന്ത്ര്യത്തിൻ്റെ അടിമകളാണ് ;പുതിയ അശരീരികൾ .ശരീരംകൊണ്ട് സ്വാതന്ത്ര്യം ഉപയോഗിക്കാനാവില്ല. മനുഷ്യനുള്ള സ്വാതന്ത്ര്യത്തേക്കാൾ അവൻ്റെ സന്ദേശങ്ങൾക്കും പ്രതിഛായകൾക്കുമാണ് സ്വാതന്ത്ര്യമുള്ളത്. ഏറ്റവും ദരിദ്രനായ ,അപമാനിതനായ വ്യക്തിയുടെ സന്ദേശങ്ങൾക്ക് അവനേക്കാൾ സ്വാതന്ത്ര്യമുണ്ട്. സ്വാതന്ത്ര്യം ,വ്യക്തികളെ പിന്നിലുപേക്ഷിച്ച് മുന്നോട്ടുപോകുകയാണ്. അത് ആത്യന്തികമായി നിർമ്മിക്കുന്നത് ഒരു പ്രത്യേകതരം ശൂന്യതയാണ് ,മനുഷ്യനിർമ്മിതമായ ശൂന്യത (Human Emptiness)
നമ്മുടെ സാഹിത്യത്തിൽ സ്വാനുഭവങ്ങൾക്കോ ,സ്വന്തം അഭിപ്രായങ്ങൾക്കോ, സ്വന്തം ആവിഷ്കാരങ്ങൾക്കോ ആരും വില കൊടുക്കുന്നതായി കാണുന്നില്ല. വ്യക്തിപരമായ സ്വാതന്ത്ര്യം എന്താണെന്ന് അറിയാതെയാണ് പുതുതലമുറ എഴുത്തുകാർ വരുന്നത്. സംഘടനയുടെ അഭിപ്രായമാണ് ഇന്ന് എഴുത്തുകാർക്കുള്ളത്. വ്യക്തികൾ ഇല്ലാതായി. ഇന്ന് എല്ലാവർക്കും ഒന്നിൽ കൂടുതൽ സംഘടനകളുണ്ട്. സംഘടനകളുടെ അഭിപ്രായം സമൂഹത്തെ നിയന്ത്രിക്കുന്നു. വ്യക്തികളുടെ മൂല്യങ്ങളായ സ്നേഹം, സഹിഷ്ണുത ,ക്ഷമ ,കാത്തിരിപ്പ്, മൗനം, ഓർമ്മ, വികാരങ്ങൾ തുടങ്ങിയവ ഇപ്പോൾ നാമാവശേഷമായിക്കൊണ്ടിരിക്കുന്നു . നിങ്ങളുടെ കൈയിൽ പണമുണ്ടെങ്കിൽ ചിന്തകൾ പുസ്തകത്തിൽ പ്രസിദ്ധീകരിക്കാം. രാഷ്ട്രീയകക്ഷികളുടെ ചിന്തകളും അതിൻ്റെ പരിപ്രേക്ഷ്യങ്ങളുമാണ് നമ്മുടെ സാഹിത്യകൃതികളിൽ ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത്.
എന്തിനും ഒരു പുരസ്കാരം ഉറപ്പാണ്. ടെലിവിഷൻ ,മറ്റു മാധ്യമങ്ങൾ തുടങ്ങിയ ഇടങ്ങളിലെല്ലാം എല്ലാ ആർട്ടിഫാക്റ്റുകളും പുരസ്കൃതമാവുകയാണ്.സമൂഹം പൂർണമായി അഴിമതിയുടെ ചെളിയിലേക്ക് വീണു എന്നാണ് ഇത് കാണിക്കുന്നത്. എല്ലാ പ്രവർത്തനവും പുരസ്കാരത്തിനായി തെരഞ്ഞെടുക്കപ്പെടുന്നത് , സമൂഹത്തിൽ മൂല്യങ്ങളെപ്പറ്റിയുള്ള വിചാരവും വിവേചനബുദ്ധിയും ഇല്ലാതാക്കിയിരിക്കുന്നു. ഒരു വാർത്ത എഴുതുകയോ ,വാർത്ത വായിക്കുകയോ ചെയ്താൽ അവാർഡ് കിട്ടുമെന്ന് ഉറപ്പാണ്. ഒരു കവിതയെഴുതിയാൽ അവാർഡ് കിട്ടും.
എല്ലാവർക്കും പറയാൻ ധാരാളം അവാർഡുകളുണ്ട്. ഓരോ എഴുത്തുകാരൻ്റെയും ബയോഡേറ്റ നീണ്ടു നീണ്ടു പോവുകയാണ്. പക്ഷേ ,സ്വന്തമായ ചിന്തയോ ഉള്ളടക്കമോ ഉണ്ടാകുന്നില്ല .ബയോഡാറ്റയായി വരുന്നത് പൊങ്ങച്ചമാണ്. ഇതിനു സർഗ്ഗപ്രതിഭയുമായി ബന്ധമില്ല. ഇങ്ങനെയാണ് സംവേദനശേഷി മരിക്കുന്നത് .സർഗാത്മകതയെപ്പറ്റിയുള്ള ചർച്ചകൾ ഇന്ന് ആരും ഏറ്റെടുക്കുന്നില്ല .അതൊക്കെ ഇന്നു ബാധ്യതയാണ്. ഒരു ആനുകാലികത്തിൽ പോലും അത് വരുന്നില്ല.
മറ്റുള്ളവരുടെ കൃതികളിൽ നിന്ന് മോഷ്ടിച്ചെടുത്ത് സ്വന്തമായി ഒന്നും കൂട്ടിച്ചേർക്കാതെ ഉപയോഗിച്ചാൽ മതി, പാഠപുസ്തകങ്ങളിൽ വരെ കയറിപ്പറ്റാം.
ഞാൻ എൻ്റെ സ്വാതന്ത്ര്യം കണ്ടെത്താൻ വേണ്ടി പരീക്ഷണം നടത്തുകയാണ് .ഒരു നോട്ടത്തിൽ പോലും സ്വാതന്ത്ര്യമുണ്ട്. സൂര്യോദയം കാണാൻ തോന്നുന്നതിൽ പോലും സ്വാതന്ത്ര്യമുണ്ട്. ഏകനായിരിക്കാൻ സ്വാതന്ത്ര്യം വേണം. പ്രേമിക്കാൻ സ്വാതന്ത്യം വേണം .ഇതെല്ലാം അശരീരികളുടെ കാലത്തെ സ്വാതന്ത്യമാണ്.
പാഠപുസ്തകങ്ങളിൽ കൃതികൾ തെരഞ്ഞെടുക്കുന്നതിൽ വൻ അഴിമതി നടക്കുകയാണ്. മനുഷ്യൻ മൊബൈൽ സ്ക്രീനിലേക്ക് ജീവിതം ചുരുക്കിയ ഈ ഉത്തര- ഉത്തരാധുനിക കാലത്ത് പ്രകൃതിയുമായുള്ള ബന്ധം അറ്റുപോയിരിക്കുന്നു. ജോൺ ബറൗസിൻ്റെ(John Burroughs) The Art of Seeing Things എന്ന ലേഖനത്തിൽ പറയുന്നത് പോലുള്ള പ്രകൃതിയുടെ അനുഭവം ഇന്നത്തെ തലമുറയ്ക്ക് അപ്രാപ്യമായി കഴിഞ്ഞു. ബറൗസ് എഴുതുന്നു: The eye sees what it has the means of seeing, and it’s means of seeing are in proportion to the love and desire behind it.
ഞാൻ സ്വതന്ത്രനായിരിക്കാൻ ആദ്യം ചെയ്തത് ഒരു സംഘടനയിലും അംഗമാകില്ല എന്നു തീരുമാനിക്കുകയായിരുന്നു. അതിപ്പോഴും പാലിക്കുന്നു. എനിക്ക് രാഷ്ട്രീയമുണ്ട് .പക്ഷേ, കക്ഷിരാഷ്ട്രീയമല്ല. എഴുതാനിരിക്കുമ്പോൾ സംഘടനകളോ നേതാക്കളോ നമ്മെ അലട്ടരുത്.
അതുകൊണ്ട് എനിക്ക് പലയിടങ്ങളിൽ നിന്നും മാറിനിൽക്കേണ്ടി വന്നിട്ടുണ്ട്.
ഒരു നല്ല വാചകമെഴുതണമെങ്കിൽ ഓർമ്മയെ സ്വതന്ത്രമാക്കണം. സ്വാതന്ത്ര്യം കടൽപോലെ മനസ്സിൽ അടിച്ചുയർന്നാൽ മാത്രമേ നമുക്ക് സർഗ്ഗാത്മകതയുടെ ആവിഷ്കാരത്തിലേക്ക് പ്രവേശനം കിട്ടുകയുള്ളു. സറിയലിസ്റ്റിക് മനോഭാവം മനസ്സിൻ്റെ ഏതൊരവസ്ഥയ്ക്കും ബാധകമാണെന്ന് ഫ്രഞ്ച് നാടകകൃത്ത് അഥൊന അർത്തൊ (Antonin Artaud) പറയുന്നുണ്ട്:
This revolution aspires to a general devaluation of values, a depreciation of the mind, a demineralising of the obvious,an absolute and perpetual confusion of languages,an unleveling of thought .
ചോദ്യം: താങ്കൾ ആത്മായനങ്ങളുടെ ഖസാക്ക് എഴുതിയത് 1984 ലാണ്. ആദ്യ ലേഖനം 1981 ൽ അച്ചടിച്ചു വന്നു. ആധുനികതാവിമർശനത്തിൻ്റെ ആദ്യകാലത്ത് തന്നെ പുറത്തു വന്ന താങ്കളുടെ ആദ്യ പുസ്തകം തമസ്കരിക്കപ്പെട്ടു എന്ന് പറയാമോ ?
എം.കെ.ഹരികുമാർ : അന്ന് മാധ്യമങ്ങൾ കുറവാണല്ലോ. എങ്കിലും എനിക്ക് വലിയ പിന്തുണ കിട്ടിയില്ല .എന്നാൽ നോവലിസ്റ്റ് വിലാസിനി എന്നെ തൃശൂരിലെ വീട്ടിലേക്ക് ക്ഷണിച്ച് അനുമോദിക്കുകയുണ്ടായി. അദ്ദേഹം പറഞ്ഞത് മറ്റുളളവർ ചെറിയ ലേഖനങ്ങൾ എഴുതിയപ്പോൾ ഹരികുമാർ ഒരു നോവലിനെക്കുറിച്ച് ആധുനികതയുടെ എല്ലാ നിയമലംഘനങ്ങളോടെയും ഒരു പുസ്തകം എഴുതിയത് അസാധാരണമായിരിക്കുന്നു എന്നാണ്. മറ്റാരും ഒരു നോവലിനെ മാത്രം അധികരിച്ച് ഒരു പുസ്തകം എഴുതിയിട്ടില്ലല്ലോ. മാധ്യമങ്ങൾ ആ പുസ്തകത്തിന് കാര്യമായ പിന്തുണ തരാതിരുന്നതിനു പ്രധാനം കാരണം അത് പെട്ടെന്ന് മനസ്സിലാക്കാൻ പ്രയാസമാണെന്നതായിരുന്നു. സാമ്പ്രദായിക ലേഖന രചനകൾക്ക് ബദലായിട്ടാണ് എൻ്റെ പുസ്തകം രൂപപ്പെട്ടത്. വളരെ നിഗൂഢവും രഹസ്യാത്മക സ്വഭാവമുള്ളതുമാണ് എൻ്റെ അന്നത്തെ ഗദ്യം. അത് സംഭവിച്ചു പോയതാണ്. കലാശാല പ്രബന്ധങ്ങളിൽ നിന്ന് തീർത്തും വ്യത്യസ്തമായ ഒരു സറിയലിസ്റ്റിക്ക് ഗദ്യമാണ് ഞാൻ കണ്ടെത്തിയത് .അത് കേവലം ഒരു പഠനമല്ല; വായനക്കാർക്ക് നോവൽ എന്താണെന്ന് വിശദീകരിക്കുകയായിരുന്നില്ല എൻ്റെ ലക്ഷ്യം. ഞാൻ ‘ഖസാക്കിൻ്റെ ഇതിഹാസ’ത്തെക്കുറിച്ച് ഒരു വിമർശനമെഴുതി എന്നു പറയുന്നതുപോലും തെറ്റാണ് .എൻ്റെ കലാപരമായ അനുഭവമാണത്. വാൻഗോഗ് ,മാറ്റിസ് തുടങ്ങിയവർ പെയിൻറുകൊണ്ട് എന്ത് ചെയ്തുവോ അതുപോലെ വാക്കുകൾകൊണ്ട് ചില ആവിഷ്കാരങ്ങൾ എന്നിലൂടെ സംഭവിക്കുകയായിരുന്നു. ചിലപ്പോൾ അർത്ഥം നഷ്ടപ്പെടുന്നു ,ചിലപ്പോൾ യുക്തിയും. എങ്കിലും അത് ആവിഷ്കാരമാണ്. എല്ലാം എല്ലാവർക്കും മനസിലാവണമെന്ന ശാഠ്യം കലയുടെ മേഖലയിൽ നിലനില്ക്കില്ല;ഉത്തരക്കടലാസിൻ്റെ കാര്യത്തിൽ ശരിയായിരിക്കും. നീണ്ട വാചകങ്ങളും യുക്തിക്ക് വഴങ്ങാത്ത പ്രയോഗങ്ങളും അതീന്ദ്രിയമായ ആവിർഭാവങ്ങളും ഗദ്യത്തിൻ്റെ നിഷ്കളങ്കവും കലാപരവും സൗന്ദര്യാത്മകവുമായ ഒരു വിതാനമായി മാറി.
അത് വളരെയേറെ ഇഷ്ടത്തോടെ സ്വീകരിച്ച വായനക്കാരുണ്ട്. വ്യാഖ്യാനം എൻ്റെ മനസ്സിൽ നടന്നിട്ടുണ്ടാകാം. എന്നാൽ ഞാൻ മറ്റൊരു ആന്തരിക യുക്തിയാണ് ഉപയോഗിച്ചത്. എൻ്റെ ആത്മാവിൽ സംഭവിച്ച ഒരു വാഗ്സ്ഫോടനമാണത്. വാക്കുകൾ അതിൻ്റെ ജനിമൃതികളിലൂടെ ഉല്പത്തി തേടുകയായിരുന്നു. ആധുനികതാവിമർശനമെന്ന തലത്തിൽ ചില മാധ്യമങ്ങൾ ഉയർത്തി ക്കാണിച്ചത് മറ്റു ചിലരുടെ കൃതികളാണെന്ന് പറയട്ടെ. ഒരു പോസ്റ്റ് ഗ്രാജുവേറ്റ് വിദ്യാർത്ഥി എഴുതിയ ആ പുസ്തകം പ്രോത്സാഹിപ്പിക്കപ്പെടാനുള്ള സാഹചര്യമില്ലായിരുന്നു .എനിക്ക് ഒരു ഗോഡ്ഫാദറുമില്ലായിരുന്നു. എഴുത്തിൻ്റെ ആഭിചാരത്തിനു വിധേയനായ ഒരു യുവാവായിരുന്നു ഞാൻ.
ചോദ്യം :’ആത്മായനങ്ങളുടെ ഖസാക്ക്’ ആധുനികതാവിമർശനത്തിനു വിപ്ളവകരമായി തുടക്കം കുറിച്ചു എന്നാണോ താങ്കളുടെ അഭിപ്രായം ?
എം.കെ.ഹരികുമാർ :കലാപരമായി വിമർശനത്തെ അനുഭവിക്കുന്ന ഒരു കൃതിയാണ് ‘ആത്മായനങ്ങളുടെ ഖസാക്ക് ‘.അതുപോലൊരു കൃതി അതിനുമുമ്പോ ശേഷമോ ഉണ്ടായിട്ടില്ല. പലരും നോവലുകളെക്കുറിച്ച് ,കവിതകളെക്കുറിച്ച് ലേഖനങ്ങൾ എഴുതിയിട്ടുണ്ടാകാം. എന്നാൽ ഒരു നോവലിനെക്കുറിച്ച് മാത്രം പ്രതിപാദിക്കുന്ന ഒരു മുഴുനീള പുസ്തകം വേറെ ഏതാണുളളത്.
ഞാൻ കലാശാല സങ്കൽപ്പത്തിലുള്ള വിമർശനമല്ല എഴുതിയത്. എപ്പോഴും കലാപരവും തത്ത്വചിന്താപരവുമായ വഴികളാണ് ഞാൻ തിരഞ്ഞെടുത്തിട്ടുള്ളത്.മനസിലാകുന്നില്ല എന്ന പരാതി മഹത്തായ കലയുടെ മുന്നിൽ വിവരമുള്ളവർ ഉന്നയിച്ചിട്ടില്ല.
മറ്റു ആധുനികതാവിമർശകർ, ആദരവ് നിലനിർത്തിക്കൊണ്ട് പറയട്ടെ , എഴുതിയതെല്ലാം ലേഖനങ്ങളാണ് .ഞാൻ ‘വീണപൂവ് കാവ്യങ്ങൾക്ക് മുമ്പേ ‘ എന്ന പുസ്തകത്തിലും എൻ്റെ നിലപാട് തുടർന്നു. അമൂർത്തം എന്ന് വിളിക്കപ്പെട്ടു എങ്കിലും ‘ആത്മായനങ്ങളുടെ ഖസാക്കി’ൽ ഒരു കലാകാരൻ്റെ ,സൗന്ദര്യാന്വേഷകൻ്റെ മനസ്സുണ്ട്. സൗന്ദര്യദാഹിയെ ,അന്തർദാർശനികനെ ഒരു സ്കൂളിനും പരിമിതപ്പെടുത്താകില്ല .കാരണം, അങ്ങനെയുള്ള എഴുത്തുകാർ ഒരു പുതിയ സ്കൂളിൻ്റെ പിറവിക്ക് കാരണമായിത്തീരുകയാണ്.
സ്പാനീഷ് തത്ത്വചിന്തകൻ ഒർട്ടേഗാ ഇ ഗാസറ്റ് (Ortega Y Gasset) കവിയുടെ പ്രവർത്തനത്തെക്കുറിച്ച് പറഞ്ഞത് കാവ്യാത്മക സറിയലിസമായ എൻ്റെ വിമർശനത്തിനും ബാധകമാണ്:
The poet begins where the man ends. The man’s lot is to live this human life. The poet is to invent what is nonexistent .
വിമർശനത്തിൻ്റെ ഒരു ഘട്ടം കഴിയുമ്പോൾ വിമർശകർ കലയിലാണ് എത്തിച്ചേരുന്നത്.
ചോദ്യം: എങ്ങനെയാണ് ‘ആത്മായനങ്ങളുടെ ഖസാക്ക് ‘ഒരു സ്കൂൾ നിർമ്മിക്കുന്നത്?
എം.കെ.ഹരികുമാർ: അത് ഒരിടത്തും പഠിച്ചതോ പഠിപ്പിച്ചതോ ആയിട്ടുള്ള ഭാഷയോ ചിന്തയോ അല്ല .ഒരു സാഹിത്യകലാകാരൻ്റെ മനസ്സിൻ്റെ അടിത്തട്ടിലുള്ള പ്രതിഫലനങ്ങളും അതീന്ദ്രിയ ഉന്മാദങ്ങളുമാണത്. അതിനെ കേവല വിമർശനത്തിൻ്റെ പരിമിതിക്കുള്ളിലല്ല തളച്ചിടേണ്ടത്. അത് അന്തർദർശനപരമാണ്. കലാകാരൻ്റെ മനസ്സിലെ പ്രതിഫലനങ്ങൾ മതി. വാക്കുകളിൽ വിസ്ഫോടനങ്ങളുണ്ടാകുന്നു .അതിനെ സാമ്പ്രദായികവിമർശത്തിൻ്റെ പരിമിതിക്കുള്ളിലല്ല കണേണ്ടത്. ഭാഷയിലൂടെ എഴുത്തുകാരൻ പുനർജനിക്കുകയാണ്. സാൽവദോർ ദാലിയുടെ ചിത്രങ്ങളുടെ അർത്ഥമെന്താണെന്ന് ചോദിക്കുന്നത് അപരിഷ്കൃതമാണ്.
ആത്മായനങ്ങളുടെ ഖസാക്ക് ആസ്വദിക്കാൻ ഒരു പുതിയ അവബോധം ആവശ്യമാണ്. അത് കലയുടെ ഉന്നതമായ കാഴ്ചയാണ്. നമ്മുടെ നാട്ടിൽ യാഥാസ്ഥിതികമായ സ്ഥാപനങ്ങൾ അംഗീകരിച്ചു ചൂണ്ടിക്കാട്ടുന്നത് മാത്രമാണ് പൊതുവെ സ്വീകാര്യത നേടുന്നത് .പരമ്പരാഗത സ്കൂളുകളുടെ പരിധിക്കകത്താണ് നമ്മൾ കഴിയുന്നത്. സർക്കാർ സംവിധാനങ്ങളോ കലാശാലകളോ പിന്താങ്ങുന്ന കലാസൃഷ്ടികളെയാണ് നാം ആഘോഷിക്കുന്നത് .ഇത് അങ്ങേയറ്റം പ്രതിലോമകരമാണ്. ഒരു ഉന്നതമായ കലാസൃഷ്ടി യാഥാസ്ഥിതികവും അക്കാദമികവുമായ വീക്ഷണങ്ങളെ ധ്വംസിക്കുകയാണ് ചെയ്യുന്നത്.അപരിചിതമായ ഒരു നടത്തയാണ് ഉണ്ടാകുന്നത്. ഒരു കാലത്ത് അദ്ധ്യാപകർ വിദ്യാർത്ഥികൾക്ക് വഴികാട്ടികളായിരുന്നെങ്കിൽ ഇന്ന് അവർ വ്യവസ്ഥാപിതമായിത്തന്നെ എല്ലാ സ്വതന്ത്ര അന്വേഷണങ്ങൾക്കും എതിരായിത്തീർന്നിരിക്കുന്നു. ഏറ്റവും അഗാധമായ ഒരു ഗർത്തത്തിനു മുകളിലൂടെ ഒറ്റയ്ക്ക് കയറിൽ നടക്കുന്ന പോലെ സാഹസികമാണത്.
അവർ സിലബസ് ,ക്ളാസ് റൂം എന്നിവയുടെ ചുറ്റുമതിലുകൾക്കുള്ളിൽ സുരക്ഷിതമായി കഴിയാനാണ് ഇഷ്ടപ്പെടുന്നത്. അവർ സാമ്പ്രദായിക രാഷ്ടീയത്തിൻ്റെയും അക്കാദമിക യാഥാസ്ഥിതികത്വത്തിൻ്റെയും പ്രചാരണമാണ് ഏറ്റെടുക്കുന്നത്.
നവീനമായ ,സാഹസികമായ ഒരു സൗന്ദര്യവിചാരത്തെയും പിന്തുണയ്ക്കാത്ത വിഭാഗമാണ് , പൊതുവേ അദ്ധ്യാപകർ. അതാണ് എന്നെപോലെയുള്ളവരെ നിരാശപ്പെടുത്തുന്നത്. ആത്മായനങ്ങളുടെ ഖസാക്ക് ഇറങ്ങി മുപ്പത്തിയെട്ട് വർഷമായിട്ടും ഒരു കലാശാല അധ്യാപകനോ, കലാശാല സ്ഥാപനമോ ഇതുവരെ ഈ പുസ്തകത്തെക്കുറിച്ച് ഒരു ലേഖനം പോലും എഴുതിയില്ല .അതിൻ്റെ ഫലമായാണ് മാധ്യമങ്ങളും പിന്നോട്ട് പോയത്.
ചോദ്യം: ആത്മായനങ്ങളുടെ ഖസാക്കിനെക്കുറിച്ച് ആധുനികതാവിമർശകർ എന്തുകൊണ്ടാണ് പ്രതികരിക്കാതിരുന്നത് ?
എം.കെ. ഹരികുമാർ :അവരുടെ തലമുറയിൽപ്പെടാത്തതുകൊണ്ടാവാം. കോളേജ് അധ്യാപകനല്ലാത്തതുകൊണ്ടുമാവാം. നവീനം എന്ന് വിളംബരം ചെയ്യപ്പെട്ട ആധുനികതാവിമർശനത്തിന് , കലാസൃഷ്ടി തന്നെയായി നില്ക്കുന്ന എൻ്റെ വിമർശനത്തെ നേരിടാനുള്ള ഉപകരണങ്ങളില്ലായിരുന്നു.
ചോദ്യം :ആധുനികതാവിമർശനത്തിനു ഈ കൃതി എന്ത് സംഭാവനയാണ് മുഖ്യമായി നല്കുന്നത് ?
എം.കെ.ഹരികുമാർ :വിമർശനം എന്ന യുക്തിബോധത്തെ തീക്ഷ്ണമായ കലാനുഭവത്തിലേക്ക് രൂപാന്തരപ്പെടുത്തുന്നത് ,മലയാള വിമർശനത്തിൽ ഇതാദ്യമാണ്. അക്കാദമിക് ചിന്താമണ്ഡലത്തിൽ നിന്ന് സമ്പൂർണമായി ഇത് മാറി നില്ക്കുകയാണ്.ഇത് ഒരു സൃഷ്ടിയാണ്.
ചോദ്യം: താങ്കളുടെ കൃതിയിൽ ഖസാക്കിൻ്റെ ഇതിഹാസം എഴുതിയ ഒ.വി. വിജയൻ ഒരു കഥാപാത്രമാണെന്ന് എഴുതിയത് ഓർക്കുന്നു. ഒരു വിമർശനകൃതിയിൽ നോവലിസ്റ്റ് കഥാപാത്രമാകുന്നത് എങ്ങനെയാണ് ?
എം.കെ. ഹരികുമാർ :അത് എൻ്റെ വായനയെക്കുറിച്ചുള്ള ആശയമാണ്. ഒരാൾ ഒരു കൃതി വായിക്കുമ്പോൾ അതെഴുതിയ ആളിനെയും വായിക്കുകയാണ് .കഥാപാത്രങ്ങളുടെ മനസ്സും പ്രകൃതിയുമാണ് വിവരിക്കപ്പെടുന്നതെങ്കിലും അതിലൂടെ നോവലിസ്റ്റ് സംസാരിക്കുന്നുണ്ട്.
അത് വേറൊരു വ്യക്തിയാണ്.
എൻ്റെ കൃതിയിലെ കഥാപാത്രം ഒ.വി വിജയൻ എന്ന വ്യക്തിയല്ല; ഖസാക്കിൻ്റെ ഇതിഹാസം എഴുതിയ മറ്റൊരാളാണ്.അത് വിജയൻ എന്ന യഥാർത്ഥ വ്യക്തിയല്ല .വിജയനിൽ പ്രത്യക്ഷത്തിൽ കാണാത്ത മറ്റൊരു വ്യക്തിയാണ്. അത് കഥ പറയുന്ന അന്തരാത്മാവാണ്. അത് ഭാവനയുടെയും അന്തരംഗത്തിൻ്റെയും വ്യക്തിത്വമാണ്. ആ വ്യക്തിയുമായാണ് വായനക്കാരൻ മൗനത്തിൽ സംവേദനം ചെയ്യുന്നത്. ആ സംവേദനം തൃപ്തികരമാണെങ്കിൽ നോവൽ തടസ്സമില്ലാതെ വായിക്കാം; അനുഭവിക്കാം.
ചോദ്യം :സാഹിത്യവിമർശനത്തെ ജീവിതമൂല്യങ്ങളുമായി ,പരിസ്ഥിതിയുമായി ,ആത്മീയതയുമായി ,ഭാവി യുമായി ,മനശ്ശാസ്ത്രവുമായി ബന്ധിപ്പിച്ചാണല്ലോ താങ്കൾ എഴുതുന്നത് . മൂല്യങ്ങൾ ഒരു വഴിക്കും മനുഷ്യർ വേറൊരു വഴിക്കുമാണോ ഇപ്പോൾ സഞ്ചരിക്കുന്നത്?
എം.കെ. ഹരികുമാർ: സാഹിത്യകലയിൽ പണത്തിനാണ് ഇപ്പോൾ ആധിപത്യം .മികച്ച ഒരു വാക്യമോ കൃതിയോ എഴുതിയാൽ കുറെ നല്ല വായനക്കാരെ കിട്ടാതിരിക്കില്ല. എന്നാൽ ബഹുഭൂരിപക്ഷം വായനക്കാരും കറപ്റ്റായി കഴിഞ്ഞു. കറപ്റ്റാക്കുന്നവരുമുണ്ട്. ഫേസ്ബുക്ക് വായനക്കാരെ കറപ്റ്റാക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്നവരുണ്ട്. യാഥാസ്ഥിതിക വായനയും മൂല്യവും നിലനിർത്താനും പോഷിപ്പിക്കാനും ഇന്ന് ആസൂത്രിതമായ ശ്രമങ്ങളുണ്ടാകുന്നത് ഫേസ്ബുക്കിലാണ്. സാഹിത്യത്തെ ഇപ്പോഴും അടക്കി ഭരിക്കുന്നത് ഫ്യൂഡൽ മൂല്യങ്ങളും പണവുമാണ്.
ചോദ്യം: താങ്കൾ എന്തുകൊണ്ടാണ് മാതൃഭൂമി ആഴ്ചപ്പതിപ്പിലും മറ്റും എഴുതാത്തത് ?
എം.കെ.ഹരികുമാർ: അവർ ആവശ്യപ്പെടാത്തതുകൊണ്ട്. ആവശ്യപ്പെടാതെ ഞാൻ ആർക്കും അയയ്ക്കാറില്ല .എൻ്റെ ലേഖനം ഒരു ഓഫീസിലും കെട്ടിക്കിടക്കുന്നത് എനിക്കിഷ്ടമല്ല. പെട്ടെന്ന് പ്രതികരിക്കേണ്ടതാണെങ്കിൽ ഞങ്ങളുടെ ഇംപ്രസിയോ വെബ്സൈറ്റിലോ ,എൻ്റെ ബ്ളോഗിലോ പ്രസിദ്ധീകരിക്കും; വാട്സപ്പ് ഗ്രൂപ്പിലിടും. അവിടെ പെട്ടെന്നുതന്നെ ആളുകൾ വന്നു വായിച്ചു തുടങ്ങും .
മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഞാൻ ആദ്യമായി എഴുതുന്നത് 1991ലാണ്. ഞാൻ കഥകളെക്കുറിച്ച് ഒരു ലേഖനം എഴുതിക്കൊണ്ടിരിക്കുകയാണെന്ന് വെറുതെ ഒരു കത്തിലെഴുതിയതാണ്. കത്ത് വായിച്ച ഉടനെ എം.ടി. എനിക്ക് മറുപടി എഴുതി ,ആ ലേഖനം ഓണപ്പതിപ്പിനു വേണ്ടി അയച്ചു തരണമെന്ന് .ഞാൻ ലേഖനം അയച്ചു .ഓണപ്പതിപ്പിൽ ചേർക്കുകയും ചെയ്തു. എം .കൃഷ്ണൻനായർ ,കെ. പി. അപ്പൻ ,എം.എം. ബഷീർ എന്നിവർ പങ്കെടുത്ത ഒരു സിമ്പോസിയത്തിലാണ് എം.ടി. എൻ്റെ ലേഖനം അച്ചടിച്ചത്.
പിന്നീടും ഞാൻ മാതൃഭൂമിയിൽ എഴുതിയിട്ടുണ്ട്. എന്നാൽ കുറേ വർഷങ്ങൾക്ക് ശേഷം ആഴ്ചപ്പതിപ്പിൽ ചിലർ വന്നത് എല്ലാം തകിടം മറിച്ചു. ഗൂഢാലോചന നടന്നു. ചിലർ ഒഴിവാക്കപ്പെട്ടു. ഇക്കാര്യത്തിൽ മാനേജ്മെൻറിനെ കുറ്റപ്പെടുത്താനാവില്ല. ഇപ്പോഴത്തെ ആൾക്കാരും എന്നോടൊന്നും ചോദിച്ചില്ല .ഞാൻ അയച്ചിട്ടുമില്ല .മാതൃഭൂമിയുമായി ആത്മബന്ധമുള്ള എന്നെ പതിറ്റാണ്ടിലേറെ കാലമായി അവർ ബഹിഷ്കരിച്ചിരിക്കുകയാണ്, മറ്റു ചിലർക്കു വേണ്ടി.
ചോദ്യം:പുരസ്കാരങ്ങളെക്കുറിച്ച് താങ്കൾ സംശയമുന്നയിക്കുന്നു. എഴുത്തുകാരുടെ ബയോഡേറ്റ വായിക്കുന്നില്ലെന്നു പറയുന്നു .ധാരാളം അവാർഡുകൾ കിട്ടുന്ന കൃതികൾ വായിക്കാതിരിക്കാൻ പരമാവധി ശ്രമിക്കുമെന്ന് പറയുന്നു .ഇതൊക്കെ എങ്ങനെയാണ് ശരിയാകുക? പുരസ്കാരങ്ങൾ വാങ്ങാതെ ഈ മേഖലയിൽ എങ്ങനെ നിലനില്ക്കും ?
എം.കെ.ഹരികുമാർ: മത്സരിക്കുന്നവർ മത്സരിക്കട്ടെ. എഴുതാനുള്ളത് സൂക്ഷ്മമായി എഴുതിയാൽ പോരേ?ഇപ്പോൾ പുരസ്കാരങ്ങൾക്ക് പ്രത്യേകിച്ച് ഒന്നും വിനിമയം ചെയ്യാനില്ല .എല്ലാ സാഹിത്യപ്രവർത്തനവും വല്ലാതെ രാഷ്ട്രീയവത്ക്കരിക്കപ്പെടുകയാണിന്ന്. അപ്പോൾ ബയോഡേറ്റയോട് എങ്ങനെ താത്പര്യം തോന്നും ? പുരസ്കാരങ്ങൾ കിട്ടുന്നത് കൃതികൾക്കാണെങ്കിലും അതിൻ്റെ ഉള്ളടക്കം എവിടെയും ചർച്ച ചെയ്യുന്നില്ല. വ്യക്തികൾ മാത്രം പ്രശസ്തരാവുന്നു. ഇതൊരു വ്യാജ ലോകമാണ്. ഉള്ളടക്കത്തെ പിന്നിൽ ഉപേക്ഷിച്ചു, ഒറ്റയ്ക്ക് സ്വന്തം പ്രതിച്ഛായ മാത്രമായി നടക്കുന്നതാണ് ദുരന്തം.ഇത് വായനയുടെ ലക്ഷ്യത്തെപ്പോലും അട്ടിമറിക്കുന്നു .അതുകൊണ്ടാണ് പൂർവ്വകാല കൃതികൾ വായിക്കേണ്ടതില്ല എന്ന ചിന്തയിൽ പലരും എത്തിച്ചേർന്നത്. മഹാനായ കൃഷ്ണചൈതന്യയുടെ കൃതികൾ വീണ്ടും അച്ചടിക്കാത്തതിൻ്റെ കാരണമിതാണ്.
ചോദ്യം: സoവേദനരഹിതമായ കാലമാണിതെന്ന് താങ്കൾ എഴുതിയല്ലോ. എങ്കിൽ ഈ കാലത്ത് എഴുതുന്നതിൻ്റെ അർത്ഥമെന്താണ്?
എം.കെ.ഹരികുമാർ :പലർക്കും ഭൗതികമായ നേട്ടങ്ങളുണ്ട്. ഇക്കാലത്ത് കോളേജ് അധ്യാപകരും ഉദ്യോഗസ്ഥന്മാരും കവിത എഴുതാൻ മുന്നോട്ടു വരുന്നത് എ. അയ്യപ്പനെ പോലെ ഉത്ക്കടമായി ആഗ്രഹിച്ചിട്ടാണോ ?വികാരങ്ങളും ആശയങ്ങളും ചേർന്ന് അവ്യക്തത സൃഷ്ടിക്കുമ്പോൾ അതിൽ നിന്ന് രക്ഷപ്പെടാൻ ആത്മാർത്ഥമായി ശ്രമിക്കുന്നവർ എത്ര പേരുണ്ട്?
ആത്മഹത്യയിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമം എന്ന പോലെയാണ് യഥാർത്ഥ കവിയുടെ വരികൾ പിറക്കുന്നത്.
ചോദ്യം: മൗലികതയില്ലാത്തവർ എഴുതുന്നതുകൊണ്ട് എന്താണ് കുഴപ്പം?
എം.കെ.ഹരികുമാർ : ആർക്കും എന്തും ചെയ്യാമല്ലോ? വിമർശിച്ചാൽ ഒറ്റപ്പെടുത്തി നശിപ്പിക്കാൻ നോക്കും .അതുകൊണ്ട് ആരും മിണ്ടാൻ പോകില്ല. മൗലികത പുറമേ നിന്നു നോക്കുമ്പോൾ കാണാനുള്ളതല്ല. മറ്റൊരാളുടെ രചന മോഷ്ടിക്കുകയാണെന്ന് പരസ്യമായി പറഞ്ഞുകൊണ്ടും എഴുതാം. പക്ഷേ ,പ്രതിഭ വേണം. മോഷ്ടിക്കുന്നതു കൊണ്ട് നാമെന്ത് ചെയ്തു എന്നാണ് നോക്കുന്നത് .
ചോദ്യം: ഇരുപത്തഞ്ച് പുസ്തകങ്ങൾ എഴുതിയ താങ്കളുടെ പുതിയ കൃതികളൊന്നും കണ്ടില്ല?.
എം.കെ.ഹരികുമാർ: പുസ്തകങ്ങളായി പ്രസിദ്ധീകരിക്കാതായിട്ട് നാലുവർഷം കഴിഞ്ഞു. പ്രസിദ്ധീകരിക്കുന്നതെല്ലാം ഇൻറർനെറ്റിൽ കൊടുക്കുകയാണ്. പുസ്തക പ്രസാധനം ഏതാനും പേരുടെ കൈകളിലമർന്നിരിക്കയാണ്. എല്ലാം രാഷ്ട്രീയവത്ക്കരിക്കപ്പെട്ടു.
ചോദ്യം: സൗന്ദര്യത്തെ മാത്രം അന്വേഷിക്കുന്ന ഒരു വിമർശനകൃതി മലയാളത്തിലുണ്ടോ?
എം.കെ.ഹരികുമാർ: ആത്മായനങ്ങളുടെ ഖസാക്ക്
ചോദ്യം: പുതിയ രചന ?
എം.കെ.ഹരികുമാർ: ബൃഹദാരണ്യകോപനിഷത്ത് വായിച്ചതിൻ്റെ അനുഭവം ഒരു ദീർഘകവിതയായി എഴുതി :സർവ്വസ്വ ആത്മന: .അത് ബ്ളോഗിൽ പ്രസിദ്ധീകരിച്ചു. പിന്നെ ,കഴിഞ്ഞ വിഷുവിനു എൻ്റെ മുപ്പതോളം രചനകൾ (ലേഖനങ്ങളും കവിതകളും മറ്റും) ഉൾക്കൊള്ളിച്ച് ഒരു ‘എം.കെ.ഹരികുമാർ വിഷുപ്പതിപ്പ് ‘ഇൻ്റർനെറ്റിൽ പ്രസിദ്ധീകരിച്ചു. ഇത്തരം പതിപ്പുകൾ – നവവത്സര പതിപ്പ് ,ഓണപ്പതിപ്പ് ,വിഷുപ്പതിപ്പ് – കഴിഞ്ഞ ഏതാനും വർഷങ്ങളായി പുറത്തിറക്കാറുണ്ട്. എൻ്റെ രചനകൾ മാത്രമാണ് ഇതിൽ ചേർക്കാറുള്ളത്.
ചോദ്യം :എഴുതി ,ജീവിച്ചു എന്നതിൻ്റെ രേഖയായിട്ടാണ് സാഹിത്യവിമർശനത്തെയും മറ്റു രചനകളെയും കാണുന്നത് എന്ന് താങ്കൾ അഭിപ്രായപ്പെട്ടു. എന്താണ് അതുകൊണ്ട് വിവക്ഷിക്കുന്നത് ?
എം.കെ.ഹരികുമാർ : ഞാൻ ജീവിച്ചതാണ് എൻ്റെ ക്രിയേറ്റിവിറ്റിയായി പുറത്തുവന്നത്. ഈ ജീവിതം ഞാൻ എങ്ങനെ ജീവിച്ചു എന്ന് വിശദമാക്കാനാണ് ഞാൻ എഴുതിയത്. എനിക്കാവശ്യമുള്ളതാണ് ഞാൻ എഴുതുന്നത്. സൂര്യൻ ,മയിൽ ,പുലി, ജലം എന്നീ വിഷയങ്ങളെ അധികരിച്ച് ഞാൻ എഴുതിയ വിചിത്രലേഖനങ്ങൾ എൻ്റെ ആവശ്യമായിരുന്നു. എൻ്റെ സമ്പൂർണ കൃതികൾ അച്ചടിച്ചാൽ നൂറ് പുസ്തകങ്ങളെങ്കിലും വരും.
ചോദ്യം: ആരൊക്കെയാണ് നമ്മുടെ സ്വതന്ത്രചിന്തകർ ?സി.ജെ. തോമസ്, എം. ഗോവിന്ദൻ ?
എം.കെ.ഹരികുമാർ :സി.ജെ യെയും ഗോവിന്ദനെയും സ്വതന്ത്രചിന്തകരായി ഞാൻ കാണുന്നില്ല. സ്വതന്ത്രചിന്തകൻ എന്നാൽ അരാജകവാദി എന്നല്ല അർത്ഥം. നമ്മുടെ ഭാഷയുടെയും കാലത്തിൻ്റെയും ജീനിയസിനെ കണ്ടെത്തുന്നതിൽ യാതൊരു വിധ സ്വാധീനത്തിലും വഴങ്ങാതെ എല്ലാറ്റിനെയും നീതിയോടെ നോക്കാൻ കഴിയണം. സി.ജെ ,ഗോവിന്ദൻ തുടങ്ങിയവർ ദളിത് പിന്നോക്ക വിഭാഗങ്ങളുടെ സ്വാതന്ത്ര്യ സമരങ്ങളെ കണ്ടതായി തോന്നിയിട്ടില്ല.എന്നാൽ പി. കെ. ബാലകൃഷ്ണൻ ,കുറ്റപ്പുഴ കൃഷ്ണപിള്ള, ഡോ .കെ .ഭാസ്ക്കരൻനായർ ,ഒ.വി.വിജയൻ എന്നിവർ ശരിക്കും സ്വതന്ത്ര ചിന്തകരാണ്.
ചോദ്യം: മലയാളത്തിൽ ആധുനികതയ്ക്ക് എന്താണ് സംഭവിച്ചത്? മലയാള ആധുനികത യൂറോപ്യൻ ,ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ നിന്ന് മോഷ്ടിച്ചതാണെന്ന് പറയുന്നുണ്ടല്ലോ ?
എം.കെ.ഹരികുമാർ: ആധുനികത വികസിക്കേണ്ടതായിരുന്നു .പുതിയ പുതിയ സങ്കേതങ്ങൾ വരണമായിരുന്നു. അത് ഉണ്ടായില്ല. എന്നാൽ പിന്നീട് മലയാള സാഹിത്യം പൈങ്കിളിയിലേക്ക് പോകുന്നതാണ് നാം കാണുന്നത്. ചിന്താശേഷിയില്ലാത്തവർ പെരുകി. മനുഷ്യൻ്റെ അസ്തിത്വപരമായ ആധി എപ്പോഴെങ്കിലും അവസാനിക്കുമോ? പുതിയ ശൈലിയും ഭാഷയും ഉണ്ടാകുന്നതിനെ ആധുനികത എന്ന് പറയാം. ഒരാൾ അസ്തിത്വവ്യഥ അനുഭവിക്കുന്നത് അസ്തിത്വവാദിയായതുകൊണ്ടല്ല. അത് ജീവൻ്റെ പ്രശ്നമാണ്. വൈകാരിക സംവേദനമാണത്. ഇതാണ് എഴുതേണ്ടത്. പഠിച്ച എഞ്ചുവടിയോ കണക്കോ അല്ല എഴുതേണ്ടത് .അജ്ഞാതമായ പൊരുളിനു നേർക്ക് ഒരു കണ്ണു വേണം. മലയാളത്തിൽ പുതിയ ശൈലിയോ ഭാഷയോ ഇപ്പോഴില്ല.ഒ.വി.വിജയനു ശേഷം മലയാളനോവൽ വളർന്നിട്ടില്ല. ‘ധർമ്മപുരാണം ‘ഒരു വിപ്ളവമായി ഇപ്പോഴും നില്ക്കുകയാണ്.
ചോദ്യം: താങ്കൾ വിമർശനത്തിൽ നിന്ന് നോവലിലേക്കും കഥയിലേക്ക് കവിതയിലേക്കും കടന്നത് ശരിയാണോ ?ചിലർ അങ്ങനെ ചോദിക്കാറുണ്ട് ?
എം.കെ.ഹരികുമാർ :ഈ പറഞ്ഞ മാന്യന്മാരുടെ വീട്ടുപടിക്കൽ പോയി കാത്തു നിന്നിട്ട് നോവലെഴുതാനുള്ള അനുവാദം ചോദിക്കണമായിരിക്കും .ഇവരുടെ വാക്കുകൾ ആരു കേൾക്കുന്നു . ഇതൊക്കെ ലോകപരിചയം ഇല്ലാത്തതുകൊണ്ട് പറയുന്നതാണ്.
സൂസൻ സൊൻടാഗ് ,കോളിൻ വിത്സൻ തുടങ്ങിയവർ വിമർശനവും നോവലും എഴുതിയിട്ടുണ്ട്. മാത്യു ആർനോൾഡ് ,ടി.എസ് .എലിയട്ട് എന്നിവർ കവിതയും വിമർശനവും എഴുതിയിട്ടുണ്ട്. ഒരു ശാഖയിൽ തന്നെ ഒരുങ്ങണമെന്ന ഒരു നിയമവുമില്ല. അതിരുകൾ മാഞ്ഞു പോകുന്ന കാലമാണിത്. ഒരാൾക്ക് അധികമായുള്ള പ്രതിഭയാണ് പുതിയ രൂപങ്ങൾ തേടുന്നത്.
ചോദ്യം :താങ്കളുടെ ‘ശ്രീനാരായണായ ‘വേണ്ടത്ര ചർച്ച ചെയ്തില്ല എന്ന് തോന്നുന്നുണ്ടോ ?
എം.കെ.ഹരികുമാർ : അങ്ങനെ തോന്നുന്നില്ല. അത് നന്നായി വായിച്ചവരുണ്ട്. മലയാളത്തിനു അജ്ഞാതമായ ഒരു രൂപവും ശൈലിയും ഉള്ളടക്കവും സംഭാവന ചെയ്ത ആ ബൃഹത് നോവൽ എൻ്റെ സർഗശേഷിയുടെ പാരമ്യമാണ്.
അതിനെക്കുറിച്ച് കുറെ ലേഖനങ്ങൾ എഴുതപ്പെട്ടു. അത്ര കൊട്ടിഘോഷിക്കപ്പെട്ടില്ല എന്നത് നേരാണ്. അതിൻ്റെ കാരണം അസഹിഷ്ണുതയും അസൂയയുമാണ്.
നൂറുവർഷത്തെ നോവലുകളിൽ വലിയ സ്ഥാനം നേടുന്ന കൃതിയാണിതെന്ന് പലരും പറഞ്ഞു. നോവൽ എല്ലായ്പോഴും നവമായിരിക്കണം.അത് അകം ലോകത്തെയാണ് അന്വേഷിക്കുന്നത്. ആ വാക്കിൻ്റെ അർത്ഥമതാണ്.
സൂസൻ സൊൻടാഗ് പറഞ്ഞു:
A novel worth really is an education of the hearts. It enlarges your sense of human possibilities, of what human nature is, of what happens in the world .It is a creator of inwardness.
ചോദ്യം :ഇന്നത്തെ മലയാളവിമർശനം നിശ്ചലമാണെന്ന് അഭിപ്രായപ്പെടുന്നവരോട് എന്താണ് പറയാനുള്ളത് ?
എം.കെ.ഹരികുമാർ :പലരുടെയും വിമർശനം നിശ്ചലമായിട്ടുണ്ടാവാം. പക്ഷേ ,എൻ്റെ വിമർശനം ആത്മായനങ്ങളുടെ ഖസാക്ക് മുതൽ വികസിച്ചിട്ടേയുള്ളു. ഞാൻ പുതിയ പ്രമേയങ്ങളും ചിന്തകളും കണ്ടെത്തി. ലോകനിലവാരത്തിലാണ് ഞാൻ മുന്നോട്ടുപോയത്. ഉത്തര- ഉത്തരാധുനികത ,നവാദ്വൈതം, തനിമനസ് , ഉൽപരിവർത്തനം, സ്യൂഡോ റിയലിസം ,നോവലിസ്റ്റ് കഥാപാത്രമാണ് തുടങ്ങിയ സിദ്ധാന്തങ്ങളിലൂടെ മുന്നോട്ടു പോവുകയാണ്.’എം.കെ.ഹരികുമാറിൻ്റെ സിദ്ധാന്തങ്ങൾ’ എന്ന പുസ്തകം തന്നെ വന്നിട്ടുണ്ട്. എന്നാൽ മലയാളകഥ വലിയ തകർച്ചയിലാണ്. പത്ത് വർഷം കൂടുമ്പോൾ ഒരു കണക്കെടുക്കൂ .മികച്ച അഞ്ചു കഥകൾ പോലും എടുക്കാനുണ്ടാവില്ല.
ചോദ്യം: ഇതുവരെയുള്ള വായനയിൽ നിന്ന് പത്ത് മികച്ച സാഹിത്യരചനകൾ തിരഞ്ഞെടുക്കാമോ ?മലയാളവും ഇന്ത്യനും വേണ്ട. ഏതു ശാഖയിൽ നിന്നുള്ള രചനകളും ചേർക്കാം.
എം.കെ.ഹരികുമാർ: മികച്ച രചനകൾ എന്ന നിലയിൽ പരിശോധിക്കാം.
1)ജോനഥൻ ലിവിംഗ്സ്റ്റൺ സീഗൾ (നോവല്ല):റിച്ചാർഡ് ബാക്ക്
2)ദ് ജൻ്റിൽമാൻ ഫ്രം സാൻഫ്രാൻസിസ്കോ (കഥ): ഇവാൻ ബുനിൻ
3)ദ് ഡെത്ത് ഓഫ് ഒലിവിയർ ബികെയ്ലി (കഥ): എമിലി സോള
4)നോസിയ (നോവൽ): സാർത്ര്
5)ദ് ഹൈറ്റ്സ് ഓഫ് മാച്ചു പിച്ചു ( കവിത ): നെരൂദ
6)ഡോവർ ബീച്ച് (കവിത): മാത്യു അർണോൾഡ്
7)സെൻ ആൻഡ് മോട്ടോർ സൈക്കിൾ മെയിൻ്റനൻസ് (നോവൽ):റോബർട്ട് എം. പിർസിഗ്
8)മെറ്റാമോർഫോസിസ് (കഥ): ഫ്രാൻസ് കാഫ്ക
9)ലീവ്സ് ഓഫ് ഗ്രാസ് (കവിത): വാൾട്ട് വിറ്റ്മാൻ
10)പെഡ്രോ പരാമോ (നോവൽ): ഹ്വാൻ റുൾഫോ
ചോദ്യം: വിമർശകൻ്റെ ഭാഷ അല്ലെങ്കിൽ ഗദ്യം എന്താണ് ?അതിനു താങ്കൾ എന്ത് ആശയമാണ് നല്കുന്നത് ?
എം.കെ.ഹരികുമാർ: വിമർശകൻ്റെ ഗദ്യം എന്തായാലും, എം.എ ക്ലാസുകളിൽ പഠിച്ചതോ ,പഠിപ്പിച്ചതോ ആയിരിക്കരുത്. എൻ്റെ ഭാഷയിൽ എം.എ മലയാളംകാരുടെ ക്ളീഷേയൊന്നുമില്ല. ഭാഷ എഴുത്തുകാരനാണ് കണ്ടെത്തുന്നത് ;അയാളെ പഠിപ്പിച്ച അധ്യാപകരല്ല .ഒരു യഥാർത്ഥ വിമർശകൻ ക്ലാസ് റൂമുകളിൽ കേട്ടതൊന്നും എടുക്കരുതെന്നാണ് എൻ്റെ പക്ഷം. കലാശാലാ അധ്യാപകരുടെയോ ഗവേഷകരുടെ യോ ഗദ്യത്തിൻ്റെ ഒരു കണികപോലും കടന്നുവരാത്തവിധമാണ് ഞാൻ മനുഷ്യാംബരാന്തങ്ങൾ, വീണപൂവ് കാവ്യങ്ങൾക്ക് മുമ്പേ തുടങ്ങിയ പുസ്തകങ്ങൾ എഴുതിയത്. ഗദ്യം വെറും യഥാർത്ഥ രൂപമല്ല; അത് നമ്മുടെ ഉള്ളിൽ സംഭവിച്ച ഒരു സ്ഫോടനത്തിൻ്റെ ആകെത്തുകയാണ്. അതിനുള്ളിലേക്ക് ദാർശനികവും സൗന്ദര്യാത്മകവും ധിഷണാപരവുമായ മനസ്സുകൾ കയറിച്ചെല്ലണം.
ചോദ്യം :ഇന്നത്തെ എഴുത്തുകാർ കക്ഷി രാഷ്ട്രീയത്തിന് അടിമപ്പെട്ടു വെറും കുഞ്ഞാടുകൾ ആയിരിക്കുകയല്ലേ ?
എം.കെ.ഹരികുമാർ :ഭൂരിപക്ഷവും അധികാരത്തെയാണ് ആരാധിക്കുന്നത്. കുഞ്ഞാടുകൾ ആയാൽ പ്രയോജനം ഉണ്ടല്ലോ .വേദികൾ കിട്ടും. മാഗസിനുകളിൽ ഇടം തുറന്നുകിട്ടും. പുസ്തകങ്ങൾ യഥേഷ്ടം പ്രസിദ്ധീകരിക്കാം. വാരാന്തപ്പതിപ്പുകൾ കിട്ടും. അവാർഡുകളും കിട്ടും. നല്ല റോയൽറ്റിയും തരപ്പെടും .കോടീശ്വരനാകാം.
എഴുത്തുകാരൻ്റെ വ്യക്തിത്വത്തിൻ്റെയും അഭിപ്രായത്തിൻ്റെയും കാലം കഴിഞ്ഞു. ഇപ്പോൾ അഭിപ്രായം പറയാൻ ധൈര്യമുള്ളത് യുട്യൂബേഴ്സിനാണ്. എഴുത്തുകാരൻ്റെ വാക്കുകൾക്ക് പുതുമ നഷ്ടപ്പെട്ടു. ഒരു ജീർണിച്ച ഏടാകൂടമാണ് ഇന്നത്തെ ശരാശരി എഴുത്തുകാരൻ്റെ മനസ്.
ചോദ്യം: കൊറോണ ,യുക്രെയ്ൻ യുദ്ധം തുടങ്ങിയ മഹാവിപത്തുകൾ നമ്മുടെ സാഹിത്യത്തെ ഏശാതെ പോയത് എന്തുകൊണ്ടാണ്?
എം.കെ.ഹരികുമാർ: യഥാർത്ഥ പ്രതിഭകൾ ഇല്ലാത്തതുകൊണ്ടാണ്.നേരത്തെ പറഞ്ഞ കാരണങ്ങളുമുണ്ട്. ഇവിടെ പ്രചോദനവും സംവേദനവും നഷ്ടപ്പെട്ടിരിക്കുകയാണ്. നിങ്ങൾ എത്ര സുന്ദരമായി എഴുതിയാലും അതൊന്നും വലിയ രീതിയിൽ മാനിക്കപ്പെടുകയില്ല. ചിലർ ആഗ്രഹിക്കുന്നവർ എഴുതണം. അവാർഡ് മാടമ്പിമാർ ഇവിടെ എല്ലാം പഴയ കാലത്തേക്ക് മടക്കി കൊണ്ടുപോകാൻ തയ്യാറായി നില്ക്കുകയാണ്. സാഹിത്യപരിഷത്ത് തുടങ്ങിയ മിക്കവാറും അവാർഡ് സ്ഥാപനങ്ങൾ ഫ്യൂഡൽ മൂല്യങ്ങളിലേക്ക് പരിഗണനാ വിഷയങ്ങൾ ചുരുക്കിയിരിക്കയാണ്.ഉയർന്ന സാമൂഹിക പദവി ,ഉയർന്ന വരുമാനം ,രാഷ്ട്രീയ സ്വാധീനം ,കുടുംബമഹിമ എന്നിവയെല്ലാം നോക്കിയാണ് ഈ സ്ഥാപനങ്ങൾ അവാർഡ് നല്കുന്നത്.
ചോദ്യം :മുൻതലമുറയിലെ വിമർശകർ എന്തുകൊണ്ടാണ് പുതിയതൊന്നും ചിന്തിക്കാതെ സ്വന്തം വത്മീകത്തിലേക്ക് വലിഞ്ഞിരിക്കുന്നത്?
എം.കെ.ഹരികുമാർ :അവരുടെ ചിന്താശേഷി വറ്റിയിരിക്കുന്നു. ഉപകരണങ്ങൾ കാലഹരണപ്പെട്ടാൽ വേറെന്ത് ചെയ്യും ? പഴയ വിമർശകർ നിരാശരാണ്.
ചോദ്യം: ഫിക്ഷ്ൻ മരിച്ചു എന്ന താങ്കൾ എഴുതിയത് ഏത് പശ്ചാത്തലത്തിലാണ്?
എം.കെ.ഹരികുമാർ : ഫിക്ഷ്ൻ പരമ്പരാഗതമായ ഒരു ആഖ്യാനം എന്ന നിലയിൽ മരിച്ചു എന്നാണ് പറഞ്ഞത്. ഫിക്ഷ്ൻ യഥാർത്ഥമല്ലാത്തതാണ് . അതുകൊണ്ട് പുതിയ ഭാവനകൾ ആവശ്യമാണ്. യഥാതഥമെന്ന് കരുതുന്ന വസ്തുക്കളെ ,പാഠങ്ങളെ, ചരിത്രത്തെ ഭാവനയിലൂടെ രൂപാന്തരപ്പെടുത്തുകയാണ് ഇനി വേണ്ടത്. എൻ്റെ ‘ജലഛായ’, ‘ശ്രീനാരായണായ’,’വാൻഗോഗിന് ‘ എന്നീ നോവലുകളിലൂടെ ഞാൻ ഇതാണ് ചെയ്തത്.
ചോദ്യം: പ്രകൃതിയിൽ സൗന്ദര്യമുണ്ടോ?
എം.കെ.ഹരികുമാർ : പ്രകൃതിയിൽ സൗന്ദര്യമുണ്ട്. പക്ഷേ ,അത് നമുക്ക് വേണ്ടിയുള്ളതല്ല. നമുക്ക് അതുമായി യാതൊരു ബന്ധവുമില്ല .
എത്ര പൂത്തുലഞ്ഞുനിൽക്കുന്ന വൃക്ഷമായാലും നമ്മെ സംരക്ഷിക്കുകയില്ലല്ലോ .നമ്മളുടെ ഭാവനയിലൂടെയാണ് നാം ബന്ധം സ്ഥാപിക്കുന്നത്. മനുഷ്യൻ ഒരു യഥാർത്ഥജീവിയല്ല; ഭാവനാജീവിയാണ്.
ചോദ്യം: ജീവിതത്തിൻ്റെ സമസ്യയെ താങ്കൾ എങ്ങനെ വീക്ഷിക്കുന്നു?
എം.കെ.ഹരികുമാർ: ജീവിതത്തെ മറ്റൊരാൾക്ക് കാണിച്ചുകൊടുക്കാനാവില്ല. അതാണ് സമസ്യ .എല്ലാ ലോകങ്ങളും നമ്മളിൽ തന്നെ ഉദിച്ച് അസ്തമിക്കുകയാണ്. തൊട്ടടുത്തുള്ളവനോട് വിനിമയം ചെയ്യാനാവില്ല. ഈ പാരതന്ത്ര്യത്തെ മറികടക്കാൻ നമുക്ക് ആത്മീയതയിൽ വ്യഥാ അഭയം തേടാം .മാനവികത ,ആത്മീയത തുടങ്ങിയവയൊക്കെ വല്ലാതെ വാഴ്ത്തപ്പെടുന്നതാണ്. മനുഷ്യനു വേണ്ടി മാത്രമായി ഒരു ലോകവീക്ഷണം ആപത്താണ്; യുക്രെയ്ൻ യുദ്ധം അതിൻ്റെ തെളിവാണ്. സൗന്ദര്യത്തിനു വേണ്ടിയാണ് ലോകം നിലനിൽക്കേണ്ടത് .
ചോദ്യം: ഒരു കലാസൃഷ്ടിയുടെ പൂട്ട് എന്താണ് ?
എം.കെ.ഹരികുമാർ :കലാസൃഷ്ടിയുടെ പൂട്ട് അതിൻ്റെ ഭ്രമലോകവുമായി ബന്ധപ്പെട്ടതാണ്. ഒരു വസ്തുവിനെ അപരിചിതമാക്കുന്നതാണ് കല. ഒരു യഥാർത്ഥ പൂച്ചയെ ,എല്ലാവരും നേരത്തെ കണ്ട ഒരു പൂച്ചയെ വരയ്ക്കരുത്. അത് ഫോട്ടോ കോപ്പിയായിരിക്കും. ഒരു വസ്തുവിനെ അയഥാർത്ഥ്യമാക്കുകയാണ് വേണ്ടത്. ഫിക്ഷ്ൻ ഒരു നുണയാണെന്ന് മനസ്സിലാക്കുക. യാഥാർത്ഥ്യത്തെ കൂടുതൽ തുറന്നു കാട്ടുന്ന നുണയാണത്.
പോർച്ചുഗീസ് കവി ഫെർണാണ്ടോ പെസ്സോവ The Book of Disquite എന്ന പുസ്തകത്തിൽ ഇങ്ങനെ എഴുതി:
So we make use of lies and fiction to promote understanding among ourselves, something that the truth – personal and incommunicable – could have accomblish “.
മൂല്യശ്രുതി
കാലം/എം.കെ. ഹരികുമാർ
കാലം/എം.കെ. ഹരികുമാർ

വീണ്ടും കണ്ടുമുട്ടാൻ
മടിയായിരുന്നു
കണ്ടതെല്ലാം
കാണാമറയത്തേയ്ക്കും
കേട്ടതെല്ലാം മേഘങ്ങളിലേക്കും
പറന്നുപോയി
കാണാൻ തുടിച്ച കാലങ്ങൾ
ഒന്നാന്നായി പിൻവാങ്ങി
ഉറുമ്പുകൾ
വരിവരിയായി പോകുന്നു
മനസ്സിൽ സൂക്ഷിച്ചതെല്ലാം
പുതിയ ഓർമ്മകൾക്കൊപ്പം
നിറഞ്ഞു തൂവിപ്പോവുകയാണ്
മനസ്സ് ഒരു ഗ്ലാസ് പോലെയാണ് അടിത്തട്ടിലുള്ളതുപോലും
ഒലിച്ചു പോകുന്നു
കാലം നൂറ്റാണ്ടുകളായി
ചിതറിക്കിടക്കുകയാണ്
കൂട്ടിയോജിപ്പിച്ചാൽ
നൂൽപ്പാലങ്ങളുണ്ടാക്കാം.
കാലം രേഖീയമല്ല;
ജീവിച്ച നിമിഷങ്ങൾ
ഓർമ്മകൾ കൊണ്ട്
ഉണ്ടാക്കുന്ന തുണ്ടുകളാണ്
മനസ്സും അന്യഗ്രഹജീവികളും/എം.കെ. ഹരികുമാർ

മനസ്സിനെ ഏതോ
അന്യഗ്രഹജീവിയാണ്
നിയന്ത്രിക്കുന്നത്
സ്നേഹിച്ചും രമിച്ചും
കഴിയുന്നവർ
ഒരു കാരണവുമില്ലാതെ
പിണങ്ങുന്നു ,
ശത്രുക്കളാകുന്നു
അന്യഗ്രഹജീവികൾ നമ്മെ
പരസ്പരം അകറ്റുന്നു
നിമിഷത്തിനുള്ളിലൂടെ
അവ നുഴഞ്ഞു കടക്കുന്നു ,
ടാക്കിയാണുകൾ പോലെ
ആ നിമിഷത്തിൽ പോലും
ശ്രദ്ധ കൈമോശം വരുന്നു
മനസ്സ് നമ്മളിൽ നിന്നു
വേറിട്ടാണ് ജീവിക്കുന്നത്
അതിൻ്റെ ഭക്ഷണം
വേറെ ;
വസ്ത്രം വേറെ,
ഇഷ്ടം വേറെ
സായാഹ്നങ്ങൾ/എം.കെ. ഹരികുമാർ
സായാഹ്നങ്ങളിലാണ്
ഞാൻ ഏറ്റവുമധികം
സമ്മർദ്ദപ്പെടുന്നത്.
ആരോ അടുത്ത് വരുന്നു ,
അകലുന്നു
അറിയത്തക്കതല്ലാത്ത വിഷാദങ്ങൾ
കൂടു തേടിപ്പോകുന്ന
പറവകളെ പോലെ
എന്നിലേക്കു വരുന്നു
ശബ്ദങ്ങൾ ,
വാക്കുകൾ നിശ്ചലം,
നിർവ്വികാരം
വൈകുന്നേരങ്ങളിൽ ഞാൻ
തനിച്ചാവുകയാണ് ,ചുറ്റിനും പട്ടണത്തിരക്കാണെങ്കിലും . അസ്തമയത്തിനു സമാനമായ
എൻ്റെ മനസ്സിലും
എന്തോ സംഭവിക്കുന്നുണ്ട് ;
പ്രക്ഷുബ്ധമായ മേഘങ്ങൾ ,
ചുവന്ന വർണ്ണങ്ങൾ
തണുത്ത കാറ്റ് …
പേരറിയാത്ത സൗഹൃദങ്ങൾ
തിരിതാഴ്ത്തി നിശ്ശബ്ദരാവുകയോ ?
പ്രിയ കാമുകി
വിഷാദവുമായി
വീട്ടിലേക്ക് മടങ്ങുകയോ ?
സ്നേഹിച്ച പക്ഷികൾ/എം.കെ. ഹരികുമാർ
സ്നേഹിച്ച പക്ഷികൾക്കു
നമ്മെ വേണം
സ്നേഹത്തിൽ
ഉണരുന്നു,
വേവുന്നു,
കരയുന്നു
നമ്മൾ
സ്നേഹത്തിൻ്റെ സന്തോഷങ്ങൾ
ചിലപ്പോൾ മുള്ളുകൾ പോലെയാണ് സ്നേഹിക്കുമ്പോൾ നമ്മൾ
ഗന്ധർവ്വന്മാരാണ്
സ്നേഹിക്കുമ്പോൾ
കിട്ടുന്നു മനുഷ്യരൂപം
സ്നേഹിക്കാത്തപ്പോൾ
നമ്മൾ അസുരന്മാർ …
നമ്മുടെ ചോറു തിന്ന
ഒരു പട്ടിയും
വേർപിരിയില്ല
നമ്മുടെ വെള്ളം കുടിച്ച
ഒരു കാക്കയും വിട്ടുപോവില്ല
നമ്മുടെ തലോടലേറ്റ
ഒരു പൂച്ചയും അകന്നു പോവില്ല
പൂച്ച സ്നേഹത്താൽ കരയും
പട്ടി സ്നേഹത്താൽ
ചിരിക്കും
പക്ഷികൾ സ്നേഹത്താൽ
ചിറകുകളിളക്കി
നോക്കും
ചിത്രശലഭവർണവിരചിതമായ/എം.കെ.ഹരികുമാർ
എനിക്ക് മനസ്സിൻ്റെ
കമിതാവാകണമെന്നുണ്ട് ,
അത്രയെളുപ്പമല്ലെങ്കിലും
ഞാനെൻ്റെ പുരാതനമായ തനിമകളിലേക്കു വല്ലപ്പോഴും മടങ്ങിയെത്താറുണ്ട് –
ദുരിതമാണത്
ഞാനെൻ്റെ ഭവിഷ്യത്തിൻ്റെ
വന്യമായ,
ചിത്രശലഭവർണവിരചിതമായ,
നിബിഡഭാവനാസ്ഥലികളിലേക്ക്
സഞ്ചരിക്കാറുണ്ട് –
സ്വപ്നമാണത്
ഞാനെൻ്റെ മനസ്സിൻ്റെ പകൽപ്പോരാട്ടങ്ങളിലേക്ക്,
ആൾമാറാട്ടങ്ങളിലേക്ക് ,
സ്വയം ക്രൂശാരോഹണങ്ങളിലേക്ക്
നിപതിക്കാറുണ്ട് –
പ്രതീക്ഷയറ്റ ജീവിതമാണത്
ഞാനെൻ്റെ ആഘോഷങ്ങളെ
എങ്ങനെ ഉല്ലാസപ്പൂക്കളുടെ
പ്രഭാതങ്ങളാക്കാമെന്നാലോചിച്ച് സന്തോഷത്തിൻ്റെ ശബ്ദതാരാവലികൾ
തിരയാറുണ്ട് –
അതാണ് സൗഖ്യം
എന്നാലോ ജീവിതം എവിടെയുമില്ല.
അനുമോദനങ്ങളോടെ /എം.കെ. ഹരികുമാർ
അഡ്വ.പാവുമ്പ സഹദേവൻ രചിച്ച ‘ഹെഗലിയൻ ദർശനവും മാർക്സിയൻ നൊസ്റ്റാൾജിയയും ‘ എന്ന പുസ്തകത്തിനു എഴുതിയ മുഖവുര
ദാർശനികമായ വിചാരങ്ങളിലൂടെ അഡ്വ.പാവുമ്പ സഹദേവൻ സ്വരൂപിക്കുന്ന ആശയങ്ങൾ നിശ്ചലമായ ഒരു ചിന്താസമുദ്രത്തെ സാവധാനം പ്രക്ഷുബ്ധമാക്കുകയാണ്. ഹെഗേലിയൻ ദർശനത്തെയും മാർക്സിയൻ കാഴ്ചപ്പാടുകളെയും പിന്തുടരുന്ന ഈ പുസ്തകം ഏതൊരു അനുവാചകനും പ്രയോജനപ്പെടും.പുനർവിചിന്തനവും പൊളിച്ചെഴുത്തുമാണ് ഈ പുസ്തകം വായിച്ചപ്പോൾ മനസിൽ തോന്നിയ രണ്ടു സംജ്ഞകൾ .
അദ്ദേഹം പതിറ്റാണ്ടുകളായുള്ള തൻ്റെ വിചിന്തന, മനന പദ്ധതികളാണ് ഇതിനായി പ്രയോജനപ്പെടുത്തുന്നത്.ഒരു വസ്തു ഉണ്ടെന്ന് സ്ഥാപിക്കുന്നതുപോലെ പ്രധാനമാണ് ഇല്ലെന്ന് സ്ഥാപിക്കുന്നതും .എന്നാൽ രണ്ടും ഒരേസമയം നാം കാണണം. ഒരു വസ്തു അതുണ്ടെന്നോ ഇല്ലെന്നോ സ്ഥാപിക്കാൻ തത്ത്വചിന്ത പര്യാപ്തമാണ്. അതുകൊണ്ട് ദാർശനികകൃതികൾ എന്തെങ്കിലും സ്ഥാപിക്കുകയല്ല ,സാങ്കല്പികമായതും ചിന്തയുടെ സന്താനമായിരിക്കുന്നതും എന്ന് വിവരിക്കാവുന്ന ഒരവസ്ഥയുമായുള്ള സഹനാത്മക ലീലകളിൽ ഏർപ്പെടുകയാണ് ചെയ്യുന്നത് .
ഹെഗലിൻ്റെ കാഴ്ചപ്പാടിൽ ആത്മാവിൻ്റെ പ്രഭാവമാണ് ലോകത്തെ നിലനിർത്തുന്നത് .ഒന്ന് ,പ്രാഥമികമായ സംയുക്ത മാനസികാനുഭവം .അത് വ്യക്തികളിൽ മനസ്സ് എന്ന നിലയിൽ പ്രവർത്തിക്കുന്നു. രണ്ട് , വസ്തുനിഷ്ഠമായ ആത്മാവ്. മനുഷ്യർക്ക് പരസ്പരം മനസ്സിലാക്കാനും വികസിക്കാനുമുള്ള ഒരു പാതയാണത് .ഹെഗലിൻ്റെ ഈ യുക്തിചിന്ത മനുഷ്യൻ്റെ പ്രകൃതിയെ അനാവരണം ചെയ്യുകയാണ്.
ഒരു അഭിപ്രായം ഉണ്ടായാൽ അതിനെ എതിർക്കുകയാണല്ലോ ആദ്യം ചെയ്യുക. എതിരഭിപ്രായങ്ങളാണ് ലോകത്തെ വികസിപ്പിക്കുന്നത്. വിമർശനം എപ്പോഴും ആൻറിതീസിസ് ആണ്. സ്വയം വിമർശനവും അതു തന്നെ. അഭിപ്രായസ്ഥിരത പ്രകൃതിയിലില്ല. ഒരാൾ സ്വന്തം വാദത്തെ തന്നെ നിരാകരിക്കുകയാണ്. ആ സംഘട്ടനം ആന്തരികമാണ് ,വിധിയാണ്.
എതിർവാദത്തെ നിരാകരിക്കാനാണ് അയാൾ ഒരു വാദം മുന്നോട്ടു കൊണ്ടുവരുന്നത്.
എല്ലാറ്റിനും വൈരുദ്ധ്യമുണ്ട്.
ഒരാശയം അതിൽതന്നെ വൈരുദ്ധ്യം സൃഷ്ടിക്കുന്നതാണ് .ഒരു വൈരുദ്ധ്യം വീണ്ടും മറ്റൊരു ആശയത്തെ സൃഷ്ടിക്കുന്നു.ഇത് തുടരുകയാണ്. അതുകൊണ്ട് ഒരിടത്ത് ഈ ചർച്ചകൾ അവസാനിക്കുമെന്ന് കരുതണ്ട. വീണ്ടും വൈരുദ്ധ്യത്തിലേക്ക് നീങ്ങുമ്പോഴാണ് നമ്മൾ ശരിക്കും ജീവിച്ചിരിക്കുന്നത്.
വൈരുദ്ധ്യങ്ങൾ വൈവിധ്യങ്ങളുമാണ്. വൈരുദ്ധ്യങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ സാർവത്രികമാണ്. അത് പരിഹരിക്കുന്ന മുറയ്ക്ക്, അതായത് രണ്ടു വാദങ്ങൾ യോജിക്കുമ്പോൾ (സിന്തസിസ്) വീണ്ടും വൈരുദ്ധ്യമുണ്ടാകുന്നു.
പാവുമ്പയുടെ തത്ത്വചിന്താപരമായ അഭിരുചികൾ നമ്മുടെ അടഞ്ഞ മനോലോകങ്ങളെ ഇടിച്ചുതുറക്കാൻ ശേഷിയുള്ളതാണ് എന്നു പറയാൻ ഞാനിഷ്ടപ്പെടുന്നു. അദ്ദേഹം കേവലമായ യുക്തിയിലൂടെ സ്വന്തം ചിന്താവീഥികൾ വെട്ടിത്തെളിക്കാൻ ശേഷിയുള്ള എഴുത്തുകാരനാണ്. വൃക്ഷങ്ങളെക്കുറിച്ചും മാർക്സിസ്റ്റ് അനന്തരകാലത്തെക്കുറിച്ചും പാവുമ്പ ചിന്തിക്കുന്നത് പ്രചോദനാത്മകമാണ്. ചിന്തിക്കുമ്പോഴാണ് നാം ജീവിക്കുന്നതെന്ന ദെക്കാർത്തിൻ്റെ വാദം ഇവിടെയെല്ലാം പ്രതിധ്വനിക്കുകയാണ്. ലോകം ചിന്താസന്താനമാണെന്ന് ശ്രീനാരായണഗുരു
‘സുബ്രഹ്മണ്യകീർത്തന ‘ത്തിൽ എഴുതിയത് ദക്കാർത്തിൻ്റെ ചിന്തയുമായി ചേർന്നു പോകുന്നുണ്ട്.
വളരെ വേഗം ആശയങ്ങളെ തത്ത്വചിന്താപരമായി വികസിപ്പിക്കാൻ പാവുമ്പയ്ക്കുള്ള സിദ്ധി എനിക്ക് ഏതാനും മാസങ്ങൾക്കു മുൻപ് ബോധ്യപ്പെട്ടതാണ്. ഗുരുവിൻ്റെ അദ്വൈതപരമായ ആശയങ്ങൾ വൈദികചിന്തയുടെ സാമാന്യതയ്ക്കപ്പുറം ഈ ലോകത്തെ ഒരു സമൂഹബ്രഹ്മമഠമായി കാണുന്നതിൻ്റെ നിദർശനമാണെന്ന് ഞാൻ ഒരു ലേഖനത്തിൽ എഴുതിയപ്പോൾ പാവുമ്പ അതിൻ്റെ ദാർശനികമായ വിവക്ഷകൾ സൂചിപ്പിച്ചുകൊണ്ട് ഒരു ശ്രദ്ധേയമായ പ്രതികരണലേഖനം എഴുതിയത് പലരെയും അമ്പരിപ്പിക്കുകയുണ്ടായി. ബ്രഹ്മത്തെ ഒരുമയുടെ ഒരു വിശ്വ സാമൂഹ്യ സ്ഥാപനമായി ഗുരു ദർശിക്കുന്നു എന്ന എൻ്റെ നിരീക്ഷണത്തെ വളരെ ഗഹനമായി പാവുമ്പ സമീപിച്ചു.
ഇന്നത്തെ ദാർശനിക എഴുത്തുകാരിൽ നാം ഒരിക്കലും വിട്ടുകളയാൻ ഇഷ്ടപ്പെടാത്ത ഒരു പേരാണ് പാവുമ്പ സഹദേവൻ. അത് അദ്ദേഹം തെളിയിച്ചു കഴിഞ്ഞു. അതിൻ്റെ തുടർച്ചയായി ,ഈ പുസ്തകം നമ്മുടെ ദാർശനികശാഖയ്ക്ക് ഒരു മികച്ച സംഭാവനയാണ്
അക്ഷരജാലകം ഇരുപത്തിയഞ്ച് വർഷങ്ങൾ പിന്നിട്ടിരിക്കുന്നു: എം. സി. രാജനാരായണൻ
ഇന്ത്യയിലെ പ്രശസ്ത സിനിമാ വിമർശകനും ഫിപ്രസി അംഗവും ഗ്രന്ഥകാരനുമായ എം.സി. രാജനാരായണൻ എഴുതുന്നു പ്രചാരവും സ്വീകാര്യതയും നിലനിർത്തിക്കൊണ്ട് ...
-
സർവ്വക്രമവും തെറ്റിച്ച് ,സ്വന്തം പാതയിൽ അനന്യതയെയും അനന്തതയെയും സംയോജിപ്പിക്കുന്നവനാണ് കവി. അങ്ങനെയുള്ളവർക്കേ കവിയാകാൻ കഴിയൂ. സ്വന്തം ...
-
എം.കെ.ഹരികുമാറിൻ്റെ ലേഖനങ്ങൾ ഉത്തര- ഉത്തരാധുനികത ഉപഭോഗവും വിദ്വേഷവുംകൊണ്ടു നിർമ്മിച്ചെടുക്കുന്ന മാനുഷികമിഥ്യകൾ വസ്തുവിൻ്റെ അസ്തിത്വത്...
-
പ്രണയമോ അപ്പമോ പോലെ കവിത പ്രധാനമല്ലെന്ന് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഒരു പ്രമുഖ കവിയും ബ്രിട്ടനിലെ മുൻ പോയറ്റ് ലോറേറ്റുമായ സൈമൺ ആർമിറ്...

