m k harikumar highlights

Thursday, March 31, 2022

ഉണ്ണായിവാര്യരിൽ നിന്നു സാർത്രിലേക്ക്/എം.കെ.ഹരികുമാർ

 




ക്ലാസിക്കൽ കാലഘട്ടത്തിലെ കഥാപാത്രസങ്കല്പം തകർന്നു. സ്ഥല, കാലങ്ങളെക്കുറിച്ചുള്ള ക്ലാസിക്കൽ സങ്കൽപ്പവും അസ്ഥിരമാക്കപ്പെട്ടു. നളൻ എന്ന പേരായ വ്യക്തിയിൽ നളൻ്റെ  മാത്രം സ്വഭാവങ്ങളുള്ള ഒരു സങ്കല്പം ഇന്നില്ല. ഇന്ന് ബാഹ്യലക്ഷണങ്ങളോ ,മറ്റു പ്രത്യേകതകളോ അടിസ്ഥാനമാക്കി ആരെയും വിലയിരുത്താനാവില്ല. കാരണം ,മനുഷ്യൻ അവൻ്റെ  സ്വാതന്ത്ര്യത്തെയാണ് ഇന്ന് നേരിടുന്നത്. സ്വതന്ത്രനാവുക എന്ന സ്വാതന്ത്ര്യമല്ല, സ്വാതന്ത്ര്യത്തെ എങ്ങനെ ഉപയോഗിക്കണമെന്ന വ്യഥയാണ് ഓരോരുത്തരുടെയും മുമ്പിലുള്ളത്. സ്വർഗ്ഗം വന്നു വിളിക്കുമ്പോൾ ആരെ കൊന്ന് അത്  നേടാമെന്നു ആലോചിക്കുന്നത് പുതിയ സ്വാതന്ത്ര്യബോധം ഏൽപ്പിച്ച ആഘാതമാണ്. സമൂഹമാധ്യമങ്ങളും  സ്വന്തം ഓൺലൈൻ അക്കൗണ്ടുകളും സ്വാതന്ത്ര്യം തന്നെയാണ് ഓരോ വ്യക്തിക്കും പാചകം ചെയ്തു തരുന്നത്. ഓരോ വ്യക്തിയും ഇന്ന് ഓരോ അടുപ്പാണ്; അവിടെ വേവുന്നത് സ്വാതന്ത്ര്യമാണ്. തനിക്ക് പിറന്ന കുട്ടിയെ അമ്മ കൊന്നു കുഴിച്ചു മൂടുന്നത്, മകൾക്ക് വിവാഹം ആലോചിച്ച യുവാവിനൊപ്പം അമ്മ ഓടിപ്പോകുന്നത് ,കൂടെ കിടന്നുറങ്ങുന്ന സഹപ്രവർത്തകനെ അടിച്ചുകൊന്ന ശേഷം രക്ഷപ്പെടുന്നത് എല്ലാം സ്വാതന്ത്ര്യം തന്നെ!

എന്നാൽ ഈ കാലം നല്കിയ സ്വാതന്ത്ര്യം തൻ്റെ തോളിൽ കൊണ്ടുനടക്കാൻ മനുഷ്യവ്യക്തിക്ക് കഴിയുന്നില്ല. അവൻ അശക്തനാണ് ,അവൻ പതറിപ്പോവുകയാണ്. നളൻ ഇന്നില്ല ; എന്നാൽ പല സമയങ്ങളിൽ പല രീതിയിൽ പെരുമാറുന്ന നളന്മാരെ കാണാം. നളചരിതം ആട്ടക്കഥ എഴുതിയ ഉണ്ണായിവാരിയരുടെ മുമ്പിൽ അസ്തിത്വദർശനമില്ല;കഥയും കഥാപാത്രങ്ങളുമാണുള്ളത്. ഉണ്ണായിവാരിയരിൽ നിന്ന് ഫ്രഞ്ച് എഴുത്തുകാരനായ ഷാങ് പോൾ സാർത്രി(Sartre) ലേക്കുള്ള ദൂരം അറിയാത്തവർ ഇന്ന് എഴുതിയിട്ട് ഒരു കാര്യവുമില്ല. സാർത്ര് പോലും ഒരു നടക്കല്ല് മാത്രമാണിന്ന്; ലക്ഷ്യമല്ല. സാർത്ര് എഴുതിയ നോസിയ (Nausea, 1938) ലോകസാഹിത്യത്തെ തന്നെ വഴിതിരിച്ചുവിട്ട കൃതിയാണ്. ഒരു പുതിയ ചിന്തയാണ്, ആ നോവലിലൂടെ അദ്ദേഹം സംഭാവന ചെയ്തത്. സൈദ്ധാന്തികവും ദാർശനികവുമായ ഒരു വേറിടൽ ,വഴിപിരിയലാണത്.

പപ്പു പല്ലിയെപോലെ

കേശവദേവിൻ്റെ 'ഓടയിൽനിന്ന് 'എന്ന നോവലിലെ പപ്പു സഹനത്തിൻ്റെയും ത്യാഗത്തിൻ്റെയും മൂർത്തിമദ്ഭാവമാണല്ലോ.എന്നാൽ പപ്പുവിനെ വായനക്കാരൻ  എങ്ങനെയാണോ, കാണുന്നത് അതുതന്നെയാണ് അയാൾ.പപ്പുവിനു അടിസ്ഥാനസ്വഭാവമുണ്ട്. ഒരു ഉറുമ്പിന് ,പല്ലിക്ക് ഉള്ള  അടിസ്ഥാനസ്വഭാവമാണിത്. പല്ലിയുടെ മുന്നിൽ ശർക്കരയോ പണമോ കൊണ്ടുവന്നു വച്ചാൽ ഒരു സ്വഭാവമാറ്റവുമുണ്ടാവില്ല. കാരണം, അതിനു അടിസ്ഥാനസ്വഭാവമുണ്ട്.
അത് എപ്പോഴും പെരുമാറുന്നത് ഒരുപോലെയാണ്. പ്രാണിയെ കണ്ടാൽ അതിനെ ഭക്ഷിക്കാനായി അത് ഓടും. അതിനു മാറ്റമില്ല. അതുപോലെയാണ് പപ്പുവും .അയാൾക്ക് ഒരു പാവപ്പെട്ട കുടുംബത്തെ റിക്ഷവലിച്ച് സഹായിച്ചേ പറ്റൂ .പപ്പുവിനു വ്യക്തിപരമായി ഒരു മോഹവുമില്ല. അതിനായി അയാൾക്ക്  ഒരമ്മയെയും മകളെയും കിട്ടി; അവരല്ലെങ്കിൽ വേറൊരു അമ്മയെയും മകളെയും പപ്പു തേടിപ്പിടിക്കുമായിരുന്നു. പപ്പു ഒരാദർശത്തിൻ്റെ വാഹനമാണ്. ആ ആദർശം പരാജയപ്പെടുകയാണെങ്കിൽ പിന്നെ അയാളില്ല. തൻ്റെ  പരാജയത്തെക്കാൾ ,തൻ്റെ രോഗപീഢയെക്കാൾ അയാൾ മഹത്വമുള്ളതായി കാണുന്നത് ആ  ആദർശത്തെയാണ്.അയാളുടെ ചുമ ആ ആദർശത്തിൻ്റെ ധീരമായ ശബ്ദമാണ്.

സാർത്രിൻ്റെ നോവലിലെ മുഖ്യകഥാപാത്രമായ അൻ്റോയിൻ റോ ഖ്വെൻ്റിനു ഇങ്ങനെയൊരു അടിസ്ഥാനസ്വഭാവമില്ല. അയാൾ തൻ്റെ അസ്തിത്വത്തെക്കുറിച്ചാണ് ചിന്തിക്കുന്നത്. ആ വ്യക്തി  ഒരു നിമിഷത്തിൽ ശരിക്കും ഒറ്റപ്പെടുകയാണ് ചെയ്യുന്നത്. മുൻകൂട്ടി നിശ്ചയിക്കപ്പെട്ട ഒരു സ്വഭാവത്തിൻ്റെ പിൻബലമില്ലാത്തതുകൊണ്ട് അയാൾ ഒറ്റപ്പെടലിൻ്റെ വ്യഥ അനുഭവിക്കുന്നു; എല്ലാം അയാൾ അതാത് സമയത്ത് തീരുമാനിക്കണം .അയാളുടെ നോട്ടമാണ് അയാളെ വിധിക്കാൻ പോകുന്നത്. ഒരു ഉറുമ്പിനു അസ്തിത്വ വ്യഥയില്ല ; കാരണം അതിന് അടിസ്ഥാനസ്വഭാവങ്ങളുണ്ട് .എന്നാൽ സാർത്രിൻ്റെ നായകൻ തൻ്റെ അസ്തിത്വത്തെ മഞ്ഞുമലപോലെ നേരെ മുൻപിൽ കാണുകയാണ് ."ഈ ലോകത്തിൻ്റെ ഭാരം ഞാൻ ഒറ്റയ്ക്ക് ചുമക്കുകയാണ് ,അതിൽ ആരും എന്നെ സഹായിക്കാനില്ല ".എന്താണ് ഇതിനർത്ഥം ?ഈ ലോകം  നിലനില്ക്കുന്നു എന്ന് അയാൾ മനസ്സിലാക്കുന്നത് ചിന്തിക്കുന്നതുകൊണ്ടാണ്. ലോകത്തിലുള്ള എല്ലാം അയാളുടെ നോട്ടത്തിലാണ് നില്ക്കുന്നത്. അയാൾ ഇല്ലെങ്കിൽ ലോകമില്ല. എന്നാൽ ഈ കഥാപാത്രത്തിനു ആത്മഹത്യ ചെയ്യാനാവില്ല. കാരണം, ജീവിതത്തെക്കാൾ താൻ ഒറ്റപ്പെടാൻ പോകുന്നത് മരണത്തിലായിരിക്കുമെന്ന്   അയാൾ ചിന്തിക്കുന്നു .

നവീന അവബോധമില്ല

ഈ അസ്തിത്വബോധം സാഹിത്യചിന്തയിലെ ഒരു പരിവർത്തനദശയാണ്. ഇത് മനസ്സിലാക്കാതെ എഴുതിയിട്ട് കാര്യമില്ല. ജി.ആർ ഇന്ദുഗോപൻ എഴുതിയ 'കരിമ്പുലി'(മാതൃഭൂമി ആഴ്ചപ്പതിപ്പ് ,ആഗസ്റ്റ് 8 ) ഒരു സിനിമാക്കഥയായിരിക്കാം; എന്നാൽ അതിൽ സാഹിത്യമൂല്യമില്ല. അതിനു സാഹിത്യത്തിൻ്റെ നവീനമായ ഉൾക്കാഴ്ചയില്ല .ഒരു പുലിയെ കെണി വെച്ച് പിടിച്ച് കറിവച്ചു കഴിച്ചതിനെക്കുറിച്ച് വിവരിക്കുന്നത് , ഈ കാലഘട്ടത്തിൽ ,എന്ത് കലാനുഭവമാണ് തരുന്നത് ? ഇന്ദുഗോപന് അസ്തിത്വപരമായ അറിവില്ലാത്തതുകൊണ്ട് സിനിമയിലും മറ്റും കാണുന്ന രംഗങ്ങളെ അനുകരിക്കാനാണ് ശ്രമിക്കുന്നത്.

സച്ചിദാനന്ദനുമായി മങ്ങാട് രത്നാകരൻ  നടത്തിയ ഒരു അഭിമുഖം (ഗ്രന്ഥാലോകം ,സെപ്റ്റംബർ) വായിച്ചു. ഗാന്ധിജിയെക്കുറിച്ചാണ്  അദ്ദേഹം ദീർഘമായി സംസാരിക്കുന്നത്. സച്ചിദാനന്ദൻ സാഹിത്യത്തെക്കുറിച്ച് സംഭാഷണം അവസാനിപ്പിച്ചിട്ട് മൂന്നു പതിറ്റാണ്ടെങ്കിലുമായി കാണും.സമീപകാലത്തു വന്ന ചിന്തകളൊന്നും അദ്ദേഹം മനസ്സിലാക്കിയതായി അഭിമുഖങ്ങളിൽ കാണുന്നില്ല. അംബേദ്ക്കർ ,ഗാന്ധിജി, ജാതിവ്യവസ്ഥ തുടങ്ങി കഴിഞ്ഞ നൂറ്റാണ്ടിൻ്റെ വിഷയങ്ങളിൽ തന്നെയാണ് അദ്ദേഹം ചുറ്റിത്തിരിയുന്നത്.അംബേദ്ക്കർ ,മാർക്സ് സംവാദമാണ് സച്ചിദാനന്ദൻ നവചിന്തയായി അവതരിപ്പിക്കുന്നത്. ഇതൊക്കെ കാലഹരണപ്പെട്ട ചിന്തകളാണെന്ന് അറിയുന്നില്ല. സാമ്രാജ്യത്വാനന്തര സൈദ്ധാന്തികരുടെ - ഹോമി കെ ഭാഭ ,എഡ്വേർഡ് സെയ്‌ദ് ,ഗായത്രി സ്പിവാക്ക് - ചിന്തകൾ ഈ നൂറ്റാണ്ടിൽ ഏശുന്നേയില്ല. സച്ചിദാനന്ദൻ അവിടെ തന്നെ നില്ക്കുകയാണ്. ഇവിടുത്തെ
'മതേതര' എഴുത്തുകാർക്ക് വേണ്ടി  ഒരു ആശയബാങ്ക് സ്ഥാപിതമായിട്ടുണ്ട്.
അത് ഇരുപതാംനൂറ്റാണ്ടിലെ അംബദ്ക്കർ - ഗാന്ധി ദ്വന്ദമാണ്.

ലോകരാഷ്ട്രീയം തന്നെ മാറിയില്ലേ ?കമ്മ്യൂണിസം ,മുതലാളിത്തം എന്നീ ആശയങ്ങൾ അതേ രൂപത്തിൽ എവിടെയുമില്ല .പ്രത്യയശാസ്ത്രങ്ങൾ റദ്ദാവുകയും സാങ്കേതിക ,ശാസ്ത്ര ചിന്തകൾ ആ സ്ഥാനത്തു വരികയും ചെയ്തു. ഒരാൾ ദളിതനാണോ പെണ്ണാണോ തുടങ്ങിയ വിഷയങ്ങൾ ഇന്ന് നഗരങ്ങളിലോ,ഓൺലൈൻ പ്ളാറ്റ്ഫോമുകളിലോ ,ഫാക്ടറികളിലോ,വിനോദ കേന്ദ്രങ്ങളിലോ പ്രധാനമല്ല. ആണ് പെണ്ണാവുകയാണ് .പെണ്ണ് ആണാവുകയാണ്, ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ .ലൈംഗികത സമൂഹത്തിൻ്റേതല്ല. അത് വ്യക്തികൾ തിരഞ്ഞെടുക്കുകയാണ് .
ഉത്തര- ഉത്തരാധുനികമായ ഈ ഡിജിറ്റൽ ലോകത്ത് പഴയ പ്രത്യശാസ്ത്രചിന്തകൾ സർവകലാശാലകളുടെ അയവിറക്കൽ പദ്ധതിയായി മാത്രം തുടരുകയാണ്.

വാൻഗോഗിനു ഇഷ്ടപ്പെട്ട ചിത്രങ്ങൾ

വിഖ്യാത ഡച്ച് ചിത്രകാരനായ വിൻസൻ്റ് വാൻഗോഗ് (1853 1890)സഹോദരൻ തിയോക്ക്  എഴുതിയ കത്തിൽ തനിക്കിഷ്ടപ്പെട്ട ഏതാനും ചിത്രങ്ങളെക്കുറിച്ച് പറയുന്നുണ്ട്. അതിൽ ഉൾപ്പെട്ട ചില ചിത്രങ്ങളാണ് ഷൂൾ ബ്രെട്ടൻ്റെ (Jules Breton) Calling in the Gleaners , ചാൾസ് ഗ്ളെയറിൻ്റെ (Charles Gleyre) Lost Illusions ,ഷാൻ ഫ്രാൻസ്വാ മില്ലെയുടെ (Jean Francois Millet) ദ് ചർച്ച് ഓഫ് ഗ്രീവില്ലി എന്നിവ. നിറങ്ങളായല്ല ,അനുഭൂതിയുടെ ആത്മവ്യൂഹങ്ങളായാണ് ഈ ചിത്രങ്ങൾ നിലകൊള്ളുന്നത്.

ആകാശത്തെയും ഭൂമിയെയും തൻ്റെ വികാരങ്ങൾക്കനുസരിച്ച് മാറ്റി വയ്ക്കുകയാണ് വാൻഗോഗ് ചെയ്തത്. നമ്മൾ ഇന്ന് ഏറെ ആരാധിക്കുന്ന 'ദ് സ്റ്റാറി നൈറ്റ്' (The Starry Night, 1889 ) വാൻഗോഗ് തെക്കൻ ഫ്രാൻസിലെ സർക്കാർ ഉടമസ്ഥതയിലുള്ള സെയിൻറ് റെമി ദി പ്രോവിൻസ് എന്ന കമ്മ്യൂണിലെ മാനസികാരോഗ്യകേന്ദ്രത്തിൽ കിടന്നപ്പോൾ വരച്ചതാണ്. മുറിയുടെ ജനാലയിലൂടെ കണ്ട് ആകാശദൃശ്യമാണിത്. ബോധത്തിൻ്റെയും വിഭ്രാന്തിയുടെയും ഇടയിലൂടെ സഞ്ചരിച്ച ആ നാളുകളിൽ അദ്ദേഹത്തെ ഭരിച്ച ജീവിതകാമനകളുടെ  രക്തപ്രവാഹമാണ് 'ദ് സ്റ്റാറി നൈറ്റി'ൽ നാം കാണുന്നത് .എന്നാൽ വാൻഗോഗ് ആ ജനാലയിലൂടെ കണ്ട യഥാർത്ഥ  പ്രകൃതിദൃശ്യമല്ല വരച്ചിട്ടുള്ളത്. അദ്ദേഹത്തിൻ്റെ ഭാവനയിലൂടെ ഉരുത്തിരിഞ്ഞ ഒരു പുതിയ രാത്രിയും  ആകാശവുമാണത്. അത് മനസ്സ് പോലെ ഇളകി മറിയുകയാണ്. എന്താണോ തൻ്റെ മുന്നിലുള്ള ദൃശ്യം  അതിനെ ലാവണ്യാത്മകമായ ബുദ്ധിയും ഭാവനയും ഉപയോഗിച്ച് അദ്ദേഹം നവീകരിക്കുക മാത്രമല്ല ചെയ്യുന്നത്, തൻ്റെ  മാനസികാവസ്ഥയെ അതിൽ കലർത്തുകയും ചെയ്യുന്നു.

വാൻഗോഗ് മറ്റൊരിക്കൽ ഇങ്ങനെ എഴുതി: " വാക്കുകൾകൊണ്ട് ചിന്തകളെ പ്രകടിപ്പിക്കുന്ന അബോധമായ ഒരു കലാവിദ്യയിൽ മുഴുകിയിരിക്കുകയാണല്ലോ നമ്മൾ ".ഇതിൽ നിന്ന് രക്ഷപ്പെടാനാണ് അദ്ദേഹം വരച്ചത്. വാക്കുകൾക്ക് പരിചിതമല്ലാത്ത ചില നിറങ്ങൾ ഇതിനായി അദ്ദേഹം കണ്ടെത്തുകയും ചെയ്തു.



 



at March 31, 2022 No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

നോവലിലെ ക്രിസ്തു കുരിശിൽ /എം.കെ.ഹരികുമാർ

 




നോവൽ ഒരു കലാരൂപമാണെന്ന്  ഇനിയും മനസ്സിലാകാത്ത എഴുത്തുകാരുണ്ട്. അവർ നോവൽ എഴുതുന്നു .എന്നാൽ നോവലിൽ എന്താണ് നിറയ്ക്കേണ്ടതെന്ന് അവർക്കറിയില്ല. യാതൊന്നും എഴുതാനില്ലാത്തതുകൊണ്ട് ദേശത്തിൻ്റെ ചരിത്രമെഴുതുകയാണ് ചിലർ. ദേശത്തിൻ്റെ ചരിത്രം ഒരു കാല്പനിക ഭൂമികയാണ് .പലരും എഴുതിയെഴുതി കൂട്ടിവെച്ച പുരാണമാണത്. അതിലേക്ക് ആണ്ടുപോയി ആഖ്യാനം ചമയ്ക്കുന്നതിനെ നോവലെന്ന്  വിളിക്കുന്നത് നോവലിനു  അപമാനമാണ്. നോവൽ  കാലഹരണപ്പെട്ട ഒരു മാതൃകയല്ല; കവിത ചിലപ്പോൾ അങ്ങനെയാണെങ്കിൽ പോലും.

കവിതകൊണ്ട് സംവേദനം ചെയ്യാൻ സാധിക്കാത്ത ജീവിതമുണ്ടെന്ന തിരിച്ചറിവിൽനിന്നാണ് നോവൽ ഉണ്ടാകുന്നത്. നോവൽ ബൃഹത്തായ ആഖ്യാനം തന്നെയാണ്. കാരണം, ചെറിയ വിവരണം കഥയിൽ ഒതുങ്ങുമല്ലോ.എന്നാൽ നോവൽ വെറും വിവരണമല്ല ;അഗാധവും അപരിചിതവുമായ ഒരാഖ്യാനമാണത്. അത് അറിയപ്പെടാതെ ഭൂമിയാണ്. അതിൻ്റെ ക്രാഫ്റ്റിനാണ് പ്രാധാന്യമുള്ളത് .സ്ഥലചരിത്രമോ , രാഷ്ട്രീയചരിത്രമോ രാജവംശ ഇതിഹാസമോ സ്ഥൂലമായി പറയാൻ ആർക്കും കഴിയും. അതേസമയം  നോവലിന് വേണ്ടത് കലയാണ്. കലാകാരനാണ് നോവൽ എഴുതേണ്ടത്.അങ്ങനെ നോക്കുമ്പോൾ നമുക്ക് എത്ര നോവലിസ്റ്റുകളുണ്ട് ?എം.ടിയുടെ 'മഞ്ഞ്' കലാപരമായ ആവിഷ്കാരമാണ്. 'മഞ്ഞി'ൽ നൈനിത്താളിൻ്റെ ഭൂമിശാസ്ത്രമോ, രാഷ്ട്രീയചരിത്രമോ എം.ടി എഴുതിയില്ലല്ലോ .ഇന്നത്തെ ചില എഴുത്തുകാർ ആ വിഷയം എഴുതിയിരുന്നെങ്കിൽ ,അതിൽ കാശ്മീർ ,പാകിസ്ഥാൻ പ്രശ്നങ്ങളും ഹിന്ദു - മുസ്ളിം സംഘർഷവുമെല്ലാം  കടന്നുവരുമായിരുന്നു. കാരണം, രാഷ്ട്രീയത്തിലേക്ക് എടുത്തുചാടാൻ തറ്റുടുത്തു നിൽക്കുകയാണല്ലോ നമ്മുടെ നോവലിസ്റ്റുകൾ .ഒ.വി.വിജയൻ്റെ 'മധുരംഗായതി ',കോവിലൻ്റെ  'തോറ്റങ്ങൾ' ,ആനന്ദിൻ്റെ 'മരണസർട്ടിഫിക്കറ്റ്', തുടങ്ങിയ നോവലുകൾ വായിക്കുമ്പോൾ നോവലിന് കലയാകാതിരിക്കാനാവില്ല  എന്ന ചിന്തയിൽ നമ്മൾ ഉത്സുകരാവും.

എന്നാൽ സാറാ ജോസഫിൻ്റെ 'ഒതപ്പ് ' ,യു.കെ.കുമാരൻ്റെ ' തക്ഷൻകുന്ന് സ്വരൂപം' ,ടി.ഡി.രാമകൃഷ്ണൻ്റെ 'മാമാ ആഫ്രിക്ക ' തുടങ്ങിയ കൃതികൾക്ക് മറ്റു വർത്തമാനങ്ങളുമായി ബന്ധമുണ്ടെങ്കിലും കലയുമായി ബന്ധമില്ല. നോവലിൻ്റെ  ക്രാഫ്റ്റിനുള്ളിൽ കലാകാരൻ  ക്രിസ്തുവിനെപ്പോലെ സഹിക്കുകയാണ് ചെയ്യുന്നത്. കലയുടെ രക്തവും പാപവുമായി ക്രിസ്തു കുരിശിലേറുന്നത് നോവലിൻ്റെ  അന്തരാത്മാവിലാണ് .അവിടെയാണ് നോവലിസ്റ്റ് സ്വയം ഒരു കുരിശാകുന്നത്. ആത്മബോധങ്ങളുടെ അപ്രകാശിതമായ ലോകങ്ങളെ ചുമന്നുകൊണ്ടാണ് കലാകാരൻ നോവലിനുള്ളിലേക്ക് പ്രവേശിക്കുന്നതെന്ന വസ്തുത പ്രധാനമാണ്.

തുരുമ്പുപിടിച്ച ചിന്തകൾ 

ഇപ്പോഴും കാലോചിതമായ ചിന്തയോ , ആഖ്യാനരീതിയോ ,ഭാഷയോ ഇല്ലാതെ കവിതയെ പഴകിയ  അഭിരുചികളിലേക്ക് തള്ളിവിടുന്ന കവിയാണ് ആലങ്കോട് ലീലാകൃഷ്ണൻ. അദ്ദേഹത്തിൻ്റെ ഒരു വാക്യം 'ഇന്ന് '(നവംബർ)മാസികയിൽ വായിച്ചു :അത് ഇപ്രകാരമാണ്: "ഏഴെട്ടു നൂറ്റാണ്ട് പഴക്കമുള്ള മലയാളകവിതയുടെ താളപാരമ്പര്യങ്ങളെ ഏതാനും വർഷങ്ങളുടെ മാത്രം ഗദ്യകവിതാശീലംകൊണ്ട് ഇല്ലാതാക്കാമെന്നത് കുറച്ചു പ്രച്ഛന്നവോത്തരരുടെ വ്യാമോഹം മാത്രമാണെന്ന് തെളിയിക്കുന്ന കാലമാണിത്" .

ഇത്രയും വിവേകശൂന്യമായ അഭിപ്രായം പറയാൻ ഈ കവിക്ക് യാതൊരു ചമ്മലുമില്ല എന്നത് എന്നെ അമ്പരപ്പിച്ചു. ഇതിനു പിന്തുണ കൊടുക്കാൻ ചിന്താശൂന്യതയെ കൊടിയടയാളമാക്കിയ മണമ്പൂർ രാജൻബാബുവിനു മാത്രമേ കഴിയൂ . അദ്ദേഹത്തിൻ്റെ 'ഇന്ന് 'എന്ന പത്രിക  ഇത്തരം ചിന്തകളുടെ തലസ്ഥാനമാണ്.
കാലദൈർഘ്യമാണോ ഒരു സാഹിത്യശാഖയുടെ പൊരുളിൻ്റെ അടിസ്ഥാനം ? കൂടുതൽ കാലം നിലനിന്നാൽ അത് ശരി എന്ന് സ്ഥാപിക്കപ്പെടുമോ ?

ലോകനോവലിൻ്റെ വിശാലമായ ചരിത്രത്തിൽ ഹ്വാൻ റുൾഫോ (Juan Rulfo) 'പെഡ്രോ പരാമോ' എന്ന ഒരൊറ്റ നോവൽകൊണ്ട് അട്ടിമറി നടത്തിയത് ആലങ്കോടിനു അറിയില്ലല്ലോ .ഗാർസിയ മാർകേസ്  പറഞ്ഞു , തൻ്റെ 'വൺ ഹൺഡ്രഡ് ഇയേഴ്സ് ഓഫ് സോളിറ്റ്യൂഡ് 'എന്ന നോവൽ എഴുതാൻ കാരണം 'പെഡ്രോ പരാമോ'യുടെ പാരായണ മാണെന്ന്. കഥകളുടെ മഹാകാലത്തെ 'മെറ്റാമോർഫോസിസ്' എന്ന ഒറ്റക്കഥകൊണ്ട് ഫ്രാൻസ് കാഫ്ക വഴിതിരിച്ചുവിട്ടു .ഇതിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? കേട്ടാലും മനസ്സിലാവുകയില്ല. കവിതയുടെ സഹസ്രാബ്ദകാലത്തെ പാരമ്പര്യത്തെ ടി.എസ്. എലിയറ്റ് ' ദ് വേസ്റ്റ് ലാൻഡ് ' എന്ന ഒരൊറ്റക്കവിതകൊണ്ട് മറികടന്നു. മികച്ച ഒരു കൃതിയുണ്ടായാൽ ,പിന്നൊന്നും പഴയതുപോലെയാകില്ല. മലയാളകവിതയുടെ ശ്ലോകപാരമ്പര്യവും ഛന്ദസ്സ് നിറഞ്ഞ വൃത്തപാരമ്പര്യവും അവസാനിച്ചു. ആയിരം ആലങ്കോടുമാർ വന്നാലും അതിനി പൊങ്ങില്ല. മലയാളകവിതയിൽ നിന്ന് ഗദ്യത്തെ ഉച്ചാടനം ചെയ്യാൻ ഒരു പിന്തിരിപ്പനും സാധിക്കില്ല. ലോകകവിതയിൽ തന്നെ ഗദ്യം അതിശക്തമായ സ്വാധീനമാണിന്ന്. കവിതയിലെ ഗദ്യം  സാമ്പ്രദായിക ഗദ്യമല്ല ;അത് വേറൊരു ജനുസ്സാണ്. ഇതു പക്ഷേ ,വൃത്ത വിദ്വാന്മാർക്ക് പിടികിട്ടാൻ പ്രയാസമായിരിക്കും. 
ഇന്ന് വൃത്തത്തിലും താളത്തിലും കവിതയെഴുതുന്നവർ ,ഒറ്റനോട്ടത്തിൽ ബുദ്ധിശൂന്യതയും ജഡതയുമാണ് ആഘോഷിക്കുന്നത്.അവർക്ക് പറയാൻ ഒന്നുമില്ല. വെറും താളംകൊണ്ടു മാത്രം കവിയാകാനാവില്ല.ജീവിതത്തെക്കുറിച്ച് ദാർശനികമായി യാതൊന്നും ചിന്തിക്കാൻ കഴിവില്ലാത്തവരും ,ഇപ്പോഴും സ്കൂൾ പഠനകാലത്തെ മലയാളം ക്ലാസിൽ  നങ്കൂരമിട്ടു കിടക്കുന്നവരുമാണ് ഗത്യന്തരമില്ലാതെ വൃത്തം എന്നു പറഞ്ഞു മുറവിളി കൂട്ടുന്നത്.

ഇന്നത്തെ കവി അവൻ്റെ ഈണവും വേദനയുമാണ് എഴുതുന്നത്; രാജഭരണകാലത്തെ വൃത്തമോ ഈണമോ അല്ല. പിതാവ് കാൽ തല്ലിയൊടിച്ചു ആശുപത്രിയിൽ കിടന്നു നരകിച്ച കുട്ടി ജീവിതത്തിൻ്റെ  പിന്നാമ്പുറത്തിരുന്ന് തൻ്റെ അനാഥത്വത്തെക്കുറിച്ച് എഴുതുമ്പോൾ അത് കളകാഞ്ചിയിൽ തന്നെ വേണമെന്നോ ? സൗകര്യമില്ല. ഇതു വായിച്ച് നിങ്ങളൊന്നും സ്വാരസ്യമെഴുതേണ്ട .

എല്ലാ വിലക്കുകളും ഭേദിച്ച് കവികൾ പുറത്തേക്ക് സഞ്ചരിക്കാൻ തുടങ്ങിയിട്ട് വർഷം എത്രയായി !എല്ലാ മാമൂലുകളും ദൂരേയ്ക്ക് വലിച്ചെറിയപ്പെടുന്ന കാലമാണിത്. അലങ്കാരമായ ജനാധിപത്യമല്ല, ജീവിതം തന്നെയായ ജനാധിപത്യമാണ് കവിതയെ പ്രചോദിപ്പിക്കുന്നത്‌.കവിത വലിയവൻ്റെ സ്വരമല്ല; താഴ്ന്നവൻ്റെ ആത്മഗാനമാണ്. പ്രൊഫസർമാരൊന്നും ഇനി കവിത എഴുതേണ്ടെന്ന് പറയുന്നത് ഈ അർത്ഥത്തിലാണ്.

കവിത എന്ന ലക്ഷ്യത്തിനുവേണ്ടി സൃഷ്ടിക്കപ്പെടുന്നവരാണ് അത് എഴുതേണ്ടത്. റോമാ ചക്രവർത്തിയും ചിന്തകനുമായിരുന്ന മാർക്കസ് ഒറേലിയസിൻ്റെ ഒരു വാക്യം ഓർക്കുകയാണ്: കാണുന്നതിനു കണ്ണുകളും സഞ്ചരിക്കുന്നതിനു പാദങ്ങളും പ്രതിഫലം ചോദിക്കുന്നില്ലല്ലോ .ഒരു യഥാർത്ഥ കവി കവിതയിൽ തന്നെത്തന്നെയാണ് നിറയ്ക്കുന്നത് .മാമൂലുകളെയും പാരമ്പര്യങ്ങളെയും അയാൾ അതിനു വെളിയിലേക്ക് മാറ്റിനിർത്തുകയാണ് ചെയ്യുന്നത്.

വിവരമില്ലാത്ത ഭാഷണം

പ്രസന്നരാജൻ കുറെ നോവലിസ്റ്റുകളുടെ പേരുകൾ നിരത്തിയിട്ടു ഇങ്ങനെ എഴുതുന്നു:(പച്ചമലയാളം,നവംബർ ) .... തുടങ്ങി നിരവധി നോവലിസ്റ്റുകൾ ഈ രംഗത്തുണ്ട്.ഇവർ ആധുനികതയുടെ വഴികളിലൂടെയല്ല സഞ്ചരിക്കുന്നത്. ചരിത്രത്തിൽ നിന്നും വർത്തമാനകാല ചരിത്രത്തിൽ നിന്നും പ്രാചീന മഹാസ്മൃതികളിൽനിന്നുമാണ് നോവലിൻ്റെ ശില്പം വാർത്തെടുക്കുന്നത്. മനുഷ്യസ്വാതന്ത്ര്യത്തെ സംബന്ധിക്കുന്ന അടിസ്ഥാനപ്രശ്നങ്ങൾ ഈ നോവലുകൾ ഉയർത്തുന്നു എന്നതാണ് ഏറ്റവും വലിയ പ്രശ്നം ". ഇത്രയും ചിന്താശൂന്യമായി എഴുതാൻ പ്രസന്ന രാജനേ കഴിയൂ. അദ്ദേഹത്തിന് സാഹിത്യത്തെക്കുറിച്ച് വിശാലമായ പരിസരബോധമില്ല. കെ. പി.അപ്പൻ്റെ ക്ലാസിലിരുന്ന ഓർമ്മകളല്ലാതെ ,വേറൊന്നും വായിച്ചതായി തെളിവില്ല; ചിന്തിക്കാനറിയില്ല അദ്ദേഹത്തിനു. 

അദ്ദേഹം പറയുന്നത് കേട്ടോ :'നിരവധി' നോവലിസ്റ്റുകൾ രംഗത്തുണ്ടെന്ന് !. നിരവധി പേർ ഒന്നിച്ചു വന്ന് ഒരേപോലെ എഴുതുമോ ? അവർ  ചരിത്രത്തിൽനിന്ന് പ്രമേയം ഉണ്ടാക്കിയെന്ന്! .പ്രസന്നരാജന്  ഇതൊക്കെ മഹാത്ഭുതമായി തോന്നും. മറ്റൊരു തരംതാണ നിരീക്ഷിക്കണം ഇങ്ങനെയാണ്: മനുഷ്യസ്വാതന്ത്ര്യത്തെ സംബന്ധിക്കുന്ന അടിസ്ഥാന പ്രശ്നങ്ങൾ ഈ നോവലിസ്റ്റുകൾ അവതരിപ്പിച്ചുവെന്ന്! എന്തൊക്കെയാണ് ആ പ്രശ്‌നങ്ങൾ ?ഐതീഹ്യങ്ങളിലൂടെ സമകാലീന ജീവിതത്തെ അപഗ്രഥിച്ചുവെന്ന് തുടർന്നെഴുതുന്നു. എന്താണ് അതിൻ്റെ പ്രസക്തി ? തത്ത്വചിന്ത ഉപേക്ഷിച്ച് രാഷ്ട്രീയപ്രശ്നങ്ങൾ ഉയർത്തിയെന്ന് . തത്ത്വചിന്തയില്ലാത്തവർ എഴുതരുതെന്നാണ് പ്രമുഖ ഇംഗ്ലീഷ് വിമർശകനായ കോളിൻ വിത്സൻ പറഞ്ഞത്.

പ്രസന്നരാജന് തത്ത്വചിന്തയില്ല. അതുകൊണ്ട് അദ്ദേഹത്തിനു ആഴം കുറഞ്ഞ വിമർശനം മതി. സമകാലീന  യാഥാർത്ഥ്യങ്ങൾ എന്താണെന്ന് വ്യക്തമാക്കുന്നുണ്ടോ? എങ്ങനെ അത് മനസ്സിലാക്കും? ഉപരിതല യാഥാർഥ്യമായിരിക്കാം പ്രസന്നരാജൻ  ഉദ്ദേശിക്കുന്നത്. എന്നാൽ അത് അർത്ഥശൂന്യമാണ്.സ്ഥിരമായി നിരീക്ഷിക്കാവുന്നതും മുൻകൂട്ടി തീരുമാനിക്കാവുന്നതുമായ 'യാഥാർത്ഥ്യം' നിശ്ചലമായതാണെന്ന് റഷ്യൻ - അമെരിക്കൻ നോവലിസ്റ്റ് വ്ളാഡിമിർ നബോക്കോവ് പ്രസ്താവിച്ചിട്ടുണ്ട്. ഈ യാഥാർത്ഥ്യം വളരെ ഉപരിതലത്തിലുള്ളതും എല്ലാവർക്കും അറിയാവുന്നതുമാണ്. ഇതിനെക്കുറിച്ച് എഴുതുന്നതിനെയാണ് പ്രസന്നരാജൻ വാഴ്ത്തുന്നത്. അദ്ദേഹത്തിൻ്റെ വീക്ഷണനിലവാരമാണ് ഇത് കാണിക്കുന്നത്.  







at March 31, 2022 No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

അദൃശ്യതയിൽനിന്ന് ഉയിർക്കുന്നത് /എം.കെ. ഹരികുമാർ

 





ഇന്നത്തെ ചില കവികളെങ്കിലും സിനിമാഗാനങ്ങളെ അനുകരിക്കുന്നത് ദയനീയമാണ്. ഇമ്പമുള്ള വാക്കുകൾ അടുക്കിവച്ച് സംഗീതമുണ്ടാക്കാൻ ശ്രമിക്കുന്നവരുണ്ട്. വാക്കുകളുടെ അർത്ഥമോ ആവശ്യമോ അവരെ ആശങ്കപ്പെടുത്തുന്നില്ല.അവർക്ക് കുറെ പദങ്ങൾ ചേർത്തുവച്ചാൽ മതി. ആ പദങ്ങൾ എല്ലാം കൂടി ഉണ്ടാക്കുന്ന ഒരനുഭവം മതിയത്രേ.ഗാനങ്ങളിൽ നാമമാത്രമായ സാഹിത്യമേയുള്ളു.  ചലച്ചിത്രഗാനങ്ങൾ ഒരു സന്ദർഭത്തിനു വേണ്ടി എഴുതുന്നതാണല്ലോ. എ. അയ്യപ്പൻ 'ബുദ്ധനും ആട്ടിൻകുട്ടിയും' എന്ന കവിത എഴുതുന്നതുപോലെ വ്യക്തിഗതമായ അനിവാര്യത അതിലില്ല. കവിതയിലെ സംഗീതം കൃത്രിമമായി ഉണ്ടാക്കുന്നതാകരുത്; അത് ഭാഷയുടെ അന്തർഘടനയിലുള്ള ലാവണ്യമാണ്.

കവിത എഴുതുന്നത് മുൻകൂട്ടി നിശ്ചയിക്കപ്പെട്ട ഒരു ഈണത്തിലോ ,ഘടനയിലോ , അർത്ഥത്തിലോ ആകരുത്. കാവ്യാത്മകത എന്ന വാക്കുതന്നെ അപകടകരമാണ്. അത് നമ്മെ എപ്പോഴും മുൻകൂട്ടി ആസൂത്രണം ചെയ്ത അവബോധത്തിലേക്ക് കൊണ്ടുപോകുന്നു .അത് നേരത്തെ തന്നെ ഇവിടെ ഉണ്ടായിരുന്നതുകൊണ്ട്, കവിക്ക് അതിലേക്ക് പ്രവേശിച്ചാൽ മതി . ചിന്തകളെ ,ഇവിടെ നേരത്തെ ഉണ്ടായിരുന്ന കാവ്യാത്മകത എന്ന അനുഭവത്തിലേക്ക് സന്നിവേശിപ്പിക്കാൻ എളുപ്പമാണ്.അപ്പോൾ കവിത സാമ്പ്രദായികമായിത്തീരുന്നു. അതിനു സ്വന്തം ചക്രങ്ങളിൽ ഉരുളാനാവില്ല.  പുരാതനമായ വൈകാരികതയുടെ മൂർച്ചയെ കടുമെടുക്കേണ്ടി വരും.

കവിത ചെയ്യേണ്ടത് അതിൻ്റെ തന്നെ പൂർവ്വകാല ബിംബങ്ങളെയും ആലോചനകളെയും തള്ളിക്കളയുക എന്നുള്ളതാണ് .വാക്കുകൾക്ക് മൂർച്ച കൂട്ടിയാൽ കവിതയുണ്ടാവില്ല. ചില ഭാഷാശാസ്ത്രജ്ഞർക്ക് അതിഷ്ടമായിരിക്കും.

കെ.ജി.ശങ്കരപിള്ളയുടെ 'സ്വച്ഛന്ദസ്സ്'(മാതൃഭൂമി ആഴ്ചപ്പതിപ്പ് ,നവംബർ 21) എന്ന കവിത നോക്കൂ. ഛന്ദസ്സ് എന്ന വാക്കിൻ്റെ മുന്നിൽ സ്വ എന്ന അക്ഷരം ചേർത്താൽ പുതിയ അർത്ഥം നേടാമെന്നാണ് കവി വിചാരിക്കുന്നത്. അദ്ദേഹം കവിതയിലുടനീളം പ്രയോഗിക്കുന്ന ടെക്നിക്കാണിത്. വാക്കുകളെ അലങ്കരിച്ച് എവിടേക്കോ എയ്തുവിടുകയാണ്‌.അർത്ഥസംവേദനം നഷ്ടപ്പെടാൻ ഇതുമതി. വായനക്കാരൻ വേണമെങ്കിൽ അർത്ഥത്തിനു വേണ്ടി അലയട്ടെ.ഈ വരികൾ ശ്രദ്ധിക്കൂ:

" അവളെ ഇവളെ 
എവളെയും നോക്കുന്നല്ലോ ,
അവിടെ ഇവിടെ 
എവിടെയും നോക്കുന്നല്ലോ ,
ഏത് കാന്തത്തിലേക്ക് 
പായുന്നു നിൻ തരി?"

വല്ലതും വിനിമയം ചെയ്യുന്നുണ്ടോ ?വാക്കുകളെ മൂർച്ച കൂട്ടാനെന്നപോലെ  സംയോജിപ്പിക്കുകയാണ്.
കവിത എന്ന മഹത്തായ അനുഭവം മറ്റെവിടെയോ ആണ്.

"ഞാൻ എന്നിൽതന്നെ എൻ്റെ പഴയ മുഖങ്ങളെല്ലാം കൊണ്ടുനടക്കുന്നു , വൃക്ഷങ്ങളിൽ അവയുടെ വളർച്ച അടയാളപ്പെടുത്തുന്ന പാടുകൾ കാണപ്പെടുന്നതുപോലെ '- സ്വീഡിഷ്  കവി തോമസ് ട്രാൻസ്ട്രോമർ ഒരു അഭിമുഖത്തിൽ പറഞ്ഞതാണിത് . കവിക്ക് ഭൂതകാലം പ്രധാനമാണ് .താൻ എന്താണെന്നറിയാൻ ഓർമ്മകളും വേണം. ഓർമ്മകളായല്ല ,അതിൻ്റെ ജീവിതം ഒറ്റയ്ക്ക് അനുഭവിച്ചതിൻ്റെ സാക്ഷി എന്ന നിലയിൽ. ഏതെല്ലാം അനുഭവങ്ങൾ ഏതെല്ലാം മുറിവുകളായി രൂപാന്തരപ്പെട്ടു  എന്നറിയുമ്പോൾ കവി കൂടുതൽ ആഴം നേടുന്നു.

ഒരു കവിത എഴുതുക എന്ന് പറഞ്ഞാൽ വെറുമൊരു പദക്കൂട്ടിൻ്റെ  നിർമ്മാണമല്ല; ആത്മരതിയല്ല. നിലവിലുള്ള സംസ്കാരത്തിൻ്റെ അപര്യാപ്തതകളെ അതേപടി അംഗീകരിച്ച് പിൻവാങ്ങുകയല്ല; വിലക്കപ്പെട്ടതും താഴ്ന്നുപോകുന്നതും സത്യാത്മകവുമായ അനേകം നാവുകൾ കവിതയിലൂടെ ഉയിർകൊള്ളണം. പ്രതിഷേധം ഒരാന്തര വീര്യമാണ്. സൗന്ദര്യത്തെ വിട്ട് കവിക്ക് ജീവിതമില്ല .ജീവിതത്തിൽ എന്താണോ മറയ്ക്കപ്പെടുന്നത് ,അവിടെ സൗന്ദര്യം കണ്ടെത്തിയാൽ പോരാ ,അത് അനുവാചകന് ദൃശ്യമാക്കുകയും വേണം. അദ്യശ്യതയിൽ നിന്നുള്ള ഒരു ഉയിർപ്പ് എന്ന നിലയിൽ കലയ്ക്ക് എപ്പോഴും പ്രസക്തിയുണ്ട്. 
ഒന്നിനെയും താൻ ചോദ്യം ചെയ്യുന്നില്ല. എല്ലാത്തിൻ്റെയും മുന്നിൽ താൻ  കമഴ്ന്നടിച്ചു വീണ് പ്രണമിച്ചുകൊള്ളാമെന്നു പറയുന്നിടത്ത്  കവിതയില്ല. ഒരു സ്റ്റാറ്റസ്കോയുടെ പിന്താങ്ങിയാകരുത് കവി; അയാൾ അതിനെ ചോദ്യം ചെയ്തുകൊണ്ടിരിക്കണം.

കുമാരനാശാൻ്റെ കവിതയിലെ വിമർശനം ഇന്നും പ്രസക്തമായി നിൽക്കുകയാണ് .'വീണപൂവി'ൽ വിമർശനമുണ്ട്; അത് ജഡസമാനമായ കാവ്യാഭിരുചികളെ വിമർശിച്ച് കവിതയുടെ അറിയപ്പെടാത്ത രുചി കണ്ടെത്തുന്നു.'ചണ്ഡാലഭിക്ഷുകി' ജാതിക്കൊത്തളങ്ങളെ വിമർശിക്കുകയാണ്. നിലനിൽക്കുന്ന വ്യവസ്ഥയോട് താൻ പൊരുത്തപ്പെടുന്നില്ല എന്ന് ആശാൻ  തൻ്റെ കവിതയിലൂടെ ഓരോ ഘട്ടത്തിലും വിളിച്ചുപറഞ്ഞു.
ഇന്നത്തെ കവിതയിൽ ,പലപ്പോഴും കാവ്യാത്മകമായ വഴക്കങ്ങളുടെ സ്വാധീനത്തിൽ പല വാങ്മയങ്ങളും സൃഷ്ടിക്കപ്പെടുന്നു.
ഡോ. ലയ ശേഖർ എഴുതിയ 'വഴി വെട്ടുകാരൻ' (എഴുത്ത്) എന്ന കവിതയിൽ ഇങ്ങനെ വായിക്കാം:

"ചൂടിയ വെയിലെല്ലാം 
ശീലമാക്കി ചാരിവയ്ക്കും. 
വരണ്ട തൊണ്ട കനപ്പിച്ച് 
ഒന്നു ചുമയ്ക്കും.
ഉമ്മറത്ത്  ഓക്കാനിക്കാതെ തൊണ്ടക്കുഴിയിലെ നോവ്
വെള്ളം തൊടാതെ വിഴുങ്ങും
കീശപ്പൊതിയിൽ 
നാരങ്ങ മിഠായി മണക്കും" .

ഇത്തരം വരികൾ എത്ര വേണമെങ്കിലും നിർമ്മിക്കാമെന്ന് കവികൾ മനസ്സിലാക്കിയിരിക്കുന്നു. കാരണം ,ഇത് വാക്കുകളുടെ ക്രമീകരണവും, അമൂർത്ത ആശയങ്ങളുടെയും ഭാവനകളുടെയും മുൻകൂട്ടിയുള്ള നിർമ്മാണവുമാണ്. ഈ വരികളെഴുതാൻ കവിക്ക് ഒരു പീഡനവും നേരിടേണ്ടി വന്നിട്ടില്ല . ആലോചനയുടെ ഭാരം താങ്ങി, അനുഭവത്തിൽ വെന്താണ്  നല്ല ഭാഷയുണ്ടാവേണ്ടത് .

എല്ലാ ദിവസവും കവിതയെഴുതേണ്ടതില്ല. ഇന്ന്  ആലോചിക്കാൻപോലും ക്ഷമയില്ല. ചിന്തിക്കുന്നതെല്ലാം കവിതയാണെന്ന നിലപാടിൽ പലരും എത്തിയിരിക്കുന്നു. ഇൻ്റർനെറ്റ് ,എഴുതാൻ ഇടങ്ങൾ തുറന്നു തന്നതോടെ എന്തും അവതരിപ്പിക്കാൻ സ്വാതന്ത്ര്യമായി. അമേരിക്കൻ എഴുത്തുകാരി ഉർസുല കെ. ലെഗ്വിൻ പറഞ്ഞതാണ് ഓർമ്മ വരുന്നത്. "നിങ്ങൾ എഴുതിയ കവിത വായിക്കുന്നവരാണ് അതിനുള്ള പ്രതിഫലം തരുന്നത്. എന്നാൽ നിങ്ങൾ സ്വയം ചോദിക്കണം. ഞാൻ ഇത് ശരിയായി എഴുതിയിട്ടുണ്ടോ ?"

എന്താണ് ഇതിർത്ഥം? എല്ലാ വാക്കുകളും സംവേദനത്തിൻ്റെ  മാർഗത്തിൽ കൃത്യമായി ഇഴുകിച്ചേരുന്നുണ്ടോ എന്ന് നോക്കേണ്ടതുണ്ട്. വായനക്കാരനെ  കുഴപ്പിച്ച് ഒരു വനം മുഴുവൻ നടത്തിച്ച് വെറും കൈയോടെ പറഞ്ഞയയ്ക്കുന്നത് പരാജയമാണ്.


at March 31, 2022 No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest
Labels: google, m k harikumar, search

Tuesday, March 29, 2022

അഗാധഗർത്തത്തിനു മുകളിലൂടെ ഒരു കയറിൽ /എം.കെ.ഹരികുമാർ


(pachamalayalam monthly column)


മെക്സിക്കൻ ചിത്രകാരി ഫ്രീദാ കാലോ (Frida Kahlo,1907-1954) തൻ്റെ  കാലത്തിൻ്റെ വേദനിപ്പിക്കുന്ന നിത്യസാക്ഷ്യമായി ഓർമ്മിക്കപ്പെടുന്ന രചനകളാണ് സംഭാവന ചെയ്തത്. ഒരു സ്ത്രീയായും എപ്പോഴും പോരാടുന്ന മനുഷ്യവ്യക്തിയായും അവർ അസ്തിത്വത്തെ പിന്തുടർന്നു. The wounded Deer(1946) എന്ന ചിത്രം ആത്മവ്യഥകളെ കാലത്തിലേക്ക് സമന്വയിപ്പിക്കുകയാണ്. ഒരു പുതിയ ദൃശ്യഭാഷയാണ് അവർ ഇതിനായി തിരഞ്ഞത്. വളരെ അനാവരണം ചെയ്യപ്പെട്ടതും മഥിക്കുന്നതും അതേസമയം അദൃശ്യതകളെ സ്വാംശീകരിക്കുന്നതുമായ ഭാഷയാണിത്. അമ്പുകളേറ്റു വിരണ്ടോടുന്ന ഒരു മാനാണ് ചിത്രത്തിൽ. മാനിൻ്റെ തലയായി ചിത്രകാരി വച്ചിരിക്കുന്നത്  സ്വന്തം തല തന്നെയാണ് .അതിൽ മാനിൻ്റെ കൊമ്പുകളുമുണ്ട് .കൊമ്പുകൾ വിലാപങ്ങളുടെ ഒരു  കാടിനെക്കുറിച്ചു സൂചന തരുന്നു. അമ്പുകൾ തുടരെ വരുകയാണ്. കാടിനെ ചുമക്കുന്നവളാണ് താൻ എന്നും വിവക്ഷ.  എന്നാൽ താൻ നിലം പതിക്കാൻ തയ്യാറല്ലെന്നാണ് ചിത്രകാരിയുടെ മനസ്സ് പറയുന്നത്. 
ആ മുഖം അതു വിളിച്ചു പറയുന്നു.
തനിക്കു കുറേ ദൂരം പോകാനുണ്ട് എന്നാണു ആ കണ്ണുകൾ വ്യക്തമാക്കുന്നത്. 

പിന്നിലായി, കലുഷിതമെങ്കിലും പ്രകാശരേണുക്കൾ ചിതറിയ ഒരാകാശ ഭാഗം കാണാം. ചുറ്റുമുള്ള മരങ്ങളാകട്ടെ,ഒരു വനമാണെന്ന്  തോന്നിപ്പിക്കുമെങ്കിലും അതെല്ലാം  ഏറെക്കുറെ ഉണങ്ങി വീഴാറായി നിൽക്കുകയാണ് .പച്ചപ്പുകൾ നഷ്ടമായ ഒരു വന്യതയിലൂടെ, അവൾ ശരീരത്തിൽ തറച്ച അമ്പുകളുമായി പായുകയാണ്. 
ആരാണ് രക്ഷിക്കാൻ വരുക ?ഒരു പക്ഷേ ,ആ മാൻപേടയുടെ വേദന ആർക്കും തന്നെ മനസ്സിലാകുന്നില്ലായിരിക്കാം .വേദനിക്കുന്നവർ കാഴ്ചവസ്തുക്കളാവുന്ന സമകാലിക ദുരന്തത്തെ തീവ്രമായി ചിത്രീകരിച്ച ഫ്രീദ കാലോ ഈ ചിത്രത്തിൽ വരച്ചു ചേർത്ത ഒടിഞ്ഞ ചില്ല എന്തായിരിക്കും സൂചിപ്പിക്കുന്നത് ?മാർസൽ പ്രൂസ്ത് പറഞ്ഞ തലയ്ക്കു മുകളിലെ ആകാശമുണ്ടല്ലോ. അത് ജീവിപ്പിക്കുന്ന പ്രതീക്ഷയാണ്. ചുറ്റും വരണ്ടുണങ്ങി നില്ക്കുമ്പോൾ ഒരു പച്ചിലചില്ല ജീവൻ്റെ പ്രചോദനമാണ്.
കഥയിലും ഈ പച്ചിലചില്ല വേണം. ഓരോ പെണ്ണും എഴുതുമ്പോൾ ഈ ശോകഭാവം (Pathos ) അടിയിലുണ്ടായിരിക്കണം.  വായനക്കാരൻ്റെ ഹൃദയത്തിലേക്ക് നേരെ ചെല്ലുന്ന ഒരു സംഗീതപാതയാണത്.

ഭാഷ എഴുതുന്നു

നമുക്ക് ധാരാളം ഫെമിനിസ്റ്റ് എഴുത്തുകാരികളുണ്ടെങ്കിലും കഥയിൽ കല സൃഷ്ടിക്കാനറിയുന്നവർ തീരെയില്ല. ഒരു സ്ത്രീയുടെ അവസ്ഥയെ അടുത്തുനിന്ന് ആത്മാർത്ഥതയോടെ നോക്കാനറിയില്ല. പത്രമാധ്യമങ്ങളുടെ കണ്ണിലൂടെ നോക്കുന്നത് നിഷ്പ്രയോജനമാണ്. ഒരു സർക്കാർ ഉദ്യോഗസ്ഥയുടെയോ  കോളേജ് അധ്യാപികയുടെയോ കണ്ണിലുടെ ജീവിതത്തെ നോക്കരുത്. അപ്പോൾ ജീവിതം താരനിശയുടെ റിപ്പോർട്ടിംഗാവും. അനന്തമായ കാലത്തിൻ്റെ ഏതോ ഒരു ബിന്ദുവിൽ നിസഹായമായി നിൽക്കുന്ന മനുഷ്യജീവി എന്ന നിലയിലാണ് ജീവിതത്തെ നോക്കേണ്ടത്, നിരുപാധികമായി .അപ്പോൾ സഹജവും ആഴത്തിലുള്ളതും സത്യാത്മകവുമായ കാര്യങ്ങൾ പൊന്തിവരും. 

പതിറ്റാണ്ടുകൾക്കു മുമ്പ് മാധവിക്കുട്ടി  'കഥ' മാസികയിൽ ഒറ്റപ്പേജിൽ അനുഭവക്കുറിപ്പുകൾ എഴുതുമായിരുന്നു. ഇന്നത്തെ പല വനിതകളുടെയും കഥകളെക്കാൾ വായനക്കാരെ ആ കുറിപ്പുകൾ വശീകരിക്കുമായിരുന്നു. 
അവർ കൃത്രിമമായ ഭാഷയോ , ഫെമിനിസ്റ്റ് ഭാഷയോ  ഉപയോഗിച്ചിരുന്നില്ല. വികാരങ്ങളിൽ സത്യസന്ധത പാലിച്ചുകൊണ്ട് തന്നെയും ചുറ്റുപാടുകളെയും നിരീക്ഷിക്കുകയാണ് അവർ ചെയ്യാറുണ്ടായിരുന്നത്.
അതിൽ കരടായി ഒന്നും തന്നെ ഉണ്ടായിരുന്നില്ല .സ്ഫടികജലംപോലെ അത് തുറന്നു കാണിക്കപ്പെട്ടു.
അതിൽ നിറഞ്ഞു നിന്നത് മാധവിക്കുട്ടി എന്ന എഴുത്തുകാരിയായിരുന്നു. 

ആധുനികതയോ ഉത്തരാധുനികതയോ  ഒന്നുമല്ല മാധവിക്കുട്ടിയെ ശ്രദ്ധേയയാക്കുന്നത്. അവർ ഒരു മനുഷ്യവ്യക്തിയായിരിക്കാൻ നന്നായി പരിശ്രമിച്ചു. ആരുടെയും പ്രചാരണം അവർ ഏറ്റെടുത്തില്ല. ഒരു സൗഹൃദസംഭാഷണത്തിൽ തൻ്റെ  കവിതയെക്കുറിച്ച് അവർ എന്നോട് ഇങ്ങനെ പറഞ്ഞു: "എനിക്ക് ടി.എസ്.എലിയറ്റിനെപോലെയോ യേറ്റ്സിനെപോലെയോ എഴുതാനാവില്ല. ഞാൻ ബുദ്ധിജീവിയെപോലെ എഴുതില്ല. ഞാൻ എന്നെക്കുറിച്ചാണ് എഴുതുന്നത്. എനിക്ക് അതേ അറിയാവൂ ".ഈ സത്യസന്ധത അവരുടെ തിളക്കം വർദ്ധിപ്പിക്കുകയാണ്.

സിതാര .എസ് എഴുതിയ റാണി (എഴുത്ത് ,ജനുവരി)ആരവങ്ങളിൽ നിന്ന് വലിച്ചെറിയപ്പെട്ട ഒരു സിനിമാനടിയുടെ പിൽക്കാല ജീവിതത്തിലെ അലച്ചിലും ഒറ്റപ്പെടലും കളങ്കമില്ലാതെ അവതരിപ്പിക്കുകയാണ്. എന്ത് എഴുതുന്നു എന്നതല്ല ,എഴുതുന്നതിൽ എഴുതുന്ന യാളുണ്ടോ എന്നാണ് നോക്കേണ്ടത്. ഈ കഥയിൽ ഉപയോഗിച്ചിരിക്കുന്ന ഭാഷ അതിലെ കഥാപാത്രമായ കമലയെ അനുഭാവപൂർവ്വം വീക്ഷിക്കുകയാണ്. സദാചാര ലംഘനത്തിനു ,തൻ്റെ സഹായി കളോടൊപ്പം അവളെ പോലീസ് സ്റ്റേഷനിലേക്ക് പിടിച്ചു കൊണ്ടുവന്നിരിക്കുകയാണ്.ജീവിതത്തിൻ്റെ ഗ്രാമ്യഭംഗിയോ ,ശാലീന സൗന്ദര്യമോ ,സൗന്ദര്യലഹരിയോ , മര്യാദയോ ഒന്നും എവിടെയുമില്ല. പൊള്ളയായ മനുഷ്യർ കൂട്ടമായി വരുകയാണ്. ജീവിതത്തിലെ ശൂന്യതയെ കഥാകാരി തൻ്റെ ഭാഷകൊണ്ട് മറികടക്കുന്നു. അഗാധഗർത്തത്തിനു മുകളിലുടെ ഒരു കയറിൽ സാഹസികമായി സഞ്ചരിക്കുന്ന മനുഷ്യനെയാണ് കണ്ടെത്തേണ്ടത്. അത് സിതാര നന്നായി നിർവ്വഹിച്ചു.

"വാ ,ക്ഷീണിച്ചെങ്കിലും ലാഘവമാർന്ന കാൽവയ്പുകളിലേക്ക് തണുപ്പിൻ്റെ  നേരിയ നാരുകൾ കരുണയോടെ നാക്കു നീട്ടി. വാ ,പകുതി മാഞ്ഞ ചന്ദ്രൻ വഴിമായ്ക്കുന്ന നിഴലുകളെ വിരലുകളാൽ തുടച്ചെടുത്തു. വാ ,നേർത്ത മുടിയിഴകളിലേക്ക് കാറ്റു കരുതലോടെ ചുണ്ടു ചേർത്തു .വാ ,ഇരുട്ടും ഉഷ്ണവുമകന്ന നീളൻ പാത, ഓരോ പാദസ്പർശത്തിലും വാത്സല്യത്താൽ തളിർത്തു .ആയുസ്സിൻ്റെ അറ്റത്തെത്തിയ ക്ഷീണിച്ചെല്ലിച്ച ഒരു സ്ത്രീ പെൺകുഞ്ഞുങ്ങളെ ചുറ്റിപ്പിടിച്ചു നടന്നുപോകുന്നത് മേഘങ്ങളിലൊളിച്ച മിന്നൽപ്പിണറുകൾ സ്നേഹത്തോടെ നോക്കി നിന്നു. കാറ്റിലൂടെ കുതിച്ച് അവരിലൊരാൾ അവളുടെ കാൽക്കീഴിലേക്ക് ആരാധനയോടെ മുട്ടുകുത്തി. റാണി, ഞാൻ നിങ്ങളുടെ ചെങ്കോൽ .നക്ഷത്രങ്ങൾ നിറഞ്ഞ എൻ്റെ ആകാശം നിങ്ങളുടെ കിരീടവും. സ്വീകരിച്ചാലും " .

ഇതു വായിച്ചപ്പോൾ ആഹ്ലാദം തോന്നി. ഇങ്ങനെയൊക്കെ എഴുതാൻ  മലയാളത്തിലും എഴുത്തുകാരി ഉണ്ടല്ലോ എന്നാണ് ചിന്തിച്ചത്. നമ്മുടെ അനുഭവങ്ങളെ ആത്മാവിൻ്റെ  കണ്ണുകൊണ്ട് കണ്ടാൽ മാത്രമേ ഇങ്ങനെ എഴുതാൻ കഴിയൂ .എന്നാൽ  ഭാഷാസംസ്കാരവും വേണം. ആ സംസ്കാരം സിതാര നേടിയെടുത്തിരിക്കുന്നു.

മോണാലിസ വളരെ ദൂരെ 

എന്തുകൊണ്ട് ഡാവിഞ്ചിയുടെ 'മോണാലിസ'പോലെ ഒന്ന് നമുക്ക് സൃഷ്ടിക്കാൻ കഴിയുന്നില്ല എന്ന് ചോദിക്കുമ്പോൾ, അതിനു കഴിവില്ല, അതു നമ്മുടെ ശൈലിയല്ല, അത് പ്രാചീനമാണ് എന്നൊക്കെ പറയുന്നത് മണ്ടത്തരമാണ്. ഏറ്റവും ഉയർന്ന കലാനുഭവം ഇല്ലാത്തതുകൊണ്ടാണ് ഇതുപോലെ എക്കാലത്തെയും മഹത്തായ ചിത്രം വരയ്ക്കാനാവാത്തത്. ചിത്രം വരയ്ക്കാനും എഴുതാനും ഭൂരിപക്ഷത്തിനും കഴിയും .എന്നാൽ കലയുടെ കാര്യത്തിൽ ഏറ്റവും ഉന്നതമായ ലയം , മാന്ത്രികാനുഭവം ആർജിക്കുന്നതിൽ വലിയ പരാജയമാണ് മിക്കവരും നേരിടുന്നത്. ഭൂരിപക്ഷത്തിനും ആവേശവും വിദ്യാഭ്യാസവുമാണുള്ളത് ;ജ്ഞാനമില്ല മനസ്സ് പല ജാതി, മത, സങ്കുചിത ചിന്തകളിൽപ്പെട്ട് ഛിന്നഭിന്നമായി കിടക്കുകയാണെങ്കിൽ കലയ്ക്കു  വേണ്ടതായ അന്തർലീനശക്തി ഉണരുകയില്ല. മനസ്സിലെ യുക്തിയും വിദ്വേഷവും സങ്കുചിതത്വവുമാവും മുന്നോട്ടു വരുക .അതിനെയെല്ലാം തള്ളിമാറ്റി ഏറ്റവും മഹത്തായ, മനുഷ്യനു അപ്രാപ്യമായ ബോധാവസ്ഥയിലെത്തുമ്പോഴാണ് കലയുടെ മാജിക് സംഭവിക്കുന്നത്.

വായനയിലും ഈ പെർഫോമൻസ് ഉണ്ട് .ഒരു കൃതി വായിക്കുമ്പോൾ അതിൻ്റെ നാനാതരത്തിലുള്ള ഓർമ്മകൾ സമാഹരിക്കാനും അതിൽനിന്ന് കലയുടെ അപാരതയിലെത്താനും  സിദ്ധിയുണ്ടെങ്കിലേ സാഹിത്യകലയിൽ പ്രധാനമാകുന്നുള്ളു. ഒരു നോവലിലെ കഥാപാത്രങ്ങൾക്കൊപ്പം എഴുത്തുകാരനുമുണ്ട്. അത് നോവൽ എഴുതിയ വ്യക്തിയല്ല .നോവലിസ്റ്റിൻ്റെ  തന്നെ മറ്റൊരു അന്തർമണ്ഡലമാണത്. 

ആ അന്തർവ്യക്തിയുമായി സംവദിക്കണം. ദസ്തയെവ്സ്കിയുടെ 'കരമസോവു സഹോദരന്മാർ ' വായിക്കുമ്പോൾ മറ്റു കഥാപാത്രങ്ങക്കൊപ്പം ദസ്തയെവ്സ്കി യും കഥാപാത്രമാണ്. ഇതു കണ്ടു പിടിക്കുന്നുണ്ടെങ്കിലേ വായനയുള്ളു. ദസ്തയെവ്സ്കി എന്ന ചൂതുകളിക്കാരനോ, റഷ്യാക്കാരനോ ,അന്നയുടെ കാമുകനോ അല്ല നോവലിലെ കഥാപാത്രമായി വരുന്നത്. 
മറ്റൊരു ആളാണ് ,അന്തർ വ്യക്തിയാണ്. അയാളോടൊപ്പം സഞ്ചരിക്കുന്നതിനെയാണ് വായന എന്നു പറയുന്നത്. 

വായനയും അനുഭവവും 

അമൽ 'ടിഷ്യുപേപ്പർ കഥകൾ' (മാതൃഭൂമി ആഴ്ചപ്പതിപ്പ് ,ഫെബ്രുവരി 12) എന്ന പേരിൽ കുറെ കഥകൾ കൂട്ടിക്കെട്ടി തീവണ്ടിപോലെ വായനക്കാരുടെ മുന്നിൽ വച്ചിരിക്കുന്നു. ഒന്നും മനസിലായില്ല.  ഇതിലെ കഥകൾക്കു പിന്നിൽ പ്രചോദനമുള്ളതായി തോന്നിയില്ല. കഥ എഴുതാൻ വേണ്ടി ബോധപൂർവം ശ്രമിക്കുകയാണ്. പക്ഷേ ,കഥയാകുന്നില്ല .ഇത്തരം കുറിപ്പുകൾ കഥനപ്രക്രിയയെ തന്നെ അപഹാസ്യമാക്കുകയാണ്. 

Beyond the Blurb എന്ന വിമർശന കൃതിയെഴുതിയ ദാനിയേൽ ഗ്രീൻ Daniel Green പറഞ്ഞു: 
"ഭാഷയുടെ അനുഭവമാണ് വായന. വാക്കുകളുടെ ക്രമീകരണമാണ് നാം കൃതിയിൽ കാണുന്നത് .ഈ ക്രമീകരണം മനസ്സിലാക്കാൻ കഴിവുള്ളവനായിരിക്കണം വിമർശകൻ .അതുകൊണ്ട് ഒരു സാഹിത്യകൃതിയുടെ അർത്ഥം എന്നു പറഞ്ഞാൽ അതിൻ്റെ  വായനാനുഭവമാണ് ഉദ്ദേശിക്കുന്നത് ".

വിമർശനത്തിൻ്റെ വിമർശനം

മലയാളത്തിൽ ചെറുകഥയെക്കുറിച്ചോ ,കവിതയെക്കുറിച്ചോ ഒരു റിവ്യു എഴുതാൻ ധാരാളം പേരെ കിട്ടും .കോളേജ് അധ്യാപകർ മിക്കവാറും പേരും റിവ്യൂ എഴുതും .അടുപ്പമുള്ളവരുടെ  പുസ്തകങ്ങൾക്ക് പ്രചാരം കിട്ടാൻ വേണ്ടി ഫേസ്ബുക്കും മറ്റു മാധ്യമങ്ങളും ഉപയോഗിക്കുന്നതിൽ കുഴപ്പമില്ല .ഫേസ്ബുക്കിൽ പുസ്തകത്തിൻ്റെ കവർ റിലീസ് ചെയ്യാമോ എന്ന് ചോദിച്ചുകൊണ്ട് എഴുത്തുകാർ തന്നെ പരിചയമുള്ളവർക്കെല്ലാം സന്ദേശമയയ്ക്കുന്നു .ഇക്കൂട്ടത്തിൽ  അവർ സാഹിത്യവിമർശകരെയും വെറുതെ വിടുന്നില്ല. ഇത് തികച്ചും അനുചിതമായ ഒരു കളിയാണ്. ഒരു വിമർശകൻ ഏതൊരു കൃതിയും പരിചയത്തിൻ്റെയോ  സൗഹൃദത്തിൻ്റെയോ ബലത്തിൽ മാത്രം പ്രോത്സാഹിപ്പിക്കാൻ നില്ക്കുകയാണെങ്കിൽ അത് അധാർമ്മികമാണ്. ഈ രീതി വിമർശകനെ നശിപ്പിക്കും. ഒരു കഥാകൃത്തിൻ്റെ പുസ്തകം ഫേസ്ബുക്ക് പേജിൽ റിലീസ്  ചെയ്താൽ വിമർശകൻ ആ  കഥാസമാഹാരത്തെ സർവാത്മനാ സ്വാഗതം ചെയ്തതായാണ് വായനക്കാർ വിലയിരുത്തുക.എന്നാൽ വിമർശകന് ചിന്താരീതി, ഭാവന ,സാഹിത്യാവബോധം ,കലാസങ്കല്പം തുടങ്ങിയവ സ്വന്തമായുണ്ടെങ്കിൽ  അനാവശ്യമായി പുസ്തകങ്ങളെ പ്രചരിപ്പിക്കാനാവില്ല .

റിവ്യു എഴുത്തുകാർ പെരുകിയെങ്കിലും സാഹിത്യവിമർശനത്തിൻ്റെ വിമർശനമെഴുതാൻ നമ്മുടെ നാട്ടിൽ ആളില്ലാതായി എന്ന വസ്തുത അവഗണിക്കരുത്. 
പത്താം ക്ലാസിൽ മലയാളം മാഷ് പറഞ്ഞുകൊടുത്ത വിമർശനപാഠങ്ങളുമായി, ഈ  ഉത്തര- ഉത്തരാധുനിക കാലത്തെ വിമർശന ചിന്തകളെ സമീപിക്കുന്ന വിരുതന്മാരെ  കണ്ടിട്ടുണ്ട്. ഫീച്ചറെഴുതുന്ന മാനസികാവസ്ഥ ഇതിനു ചേരില്ല. വിമർശനത്തിൻ്റെ ഉറവിടം എവിടെ നിന്നാണെന്നു വ്യക്തമായാലേ  വിമർശനത്തെക്കുറിച്ച് എഴുതാനാവൂ. വിമർശനപ്രക്രിയയിൽ ,വിമർശന ബോധത്തിൽ തത്ത്വചിന്തയുടെ സമസ്യകളുണ്ട്‌. വാൾട്ടർ ബെഞ്ചമിൻ ,കാതറിൻ ബെൽസി തുടങ്ങിയവർ ഇതിനെക്കുറിച്ച് എഴുതിയിട്ടുണ്ട്. 

കലാസ്വാദന(Art experience )വും കലാപരമായ ആവിഷ്കാരപൂർണത (Virtuosity)യും ജീവതത്ത്വപരമായ  ചിന്ത (Ontological Thought) യും ഒരാളിൽ കേന്ദ്രീകരിച്ചാലേ വിമർശനത്തിൻ്റെ ബോധം രൂപപ്പെടുകയുള്ളു. നമ്മുടെ നാട്ടിലെ ഏറ്റവും ദരിദ്രമായ അവസ്ഥയാണ് സാഹിത്യവിമർശനത്തിൻ്റെ വിമർശനത്തിനുള്ളത്. 'ആത്മായനങ്ങളുടെ ഖസാക്ക് '(1984)എന്ന പുസ്തകമെഴുതിയ  ഞാൻ സമീപകാലത്ത് 'ആത്മായനങ്ങളുടെ ജനിതകം'എന്ന ഒരു കൃതിയെഴുതി. ആദ്യത്തെ പുസ്തകം എങ്ങനെ എഴുതപ്പെട്ടു എന്നു പതിറ്റാണ്ടുകൾക്കുശേഷം പരിശോധിക്കുന്ന അസാധാരണമായ രചനയാണിത്. ഇത് ബ്ലോഗിൽ സൗജന്യമായി വായിക്കാൻ കൊടുത്തിരിക്കയാണ്. വിമർശനത്തെക്കുറിച്ച് എഴുതാൻ മലയാളത്തിൽ ആരും തന്നെയില്ല എന്നറിഞ്ഞുകൊണ്ടാണ് ഇത്തരം ആത്മവിചിന്തനങ്ങൾ വേണ്ടിവരുന്നത്. ആധുനികതയോ തുടർന്നുള്ള പ്രവണതകളോ എന്താണെന്ന് മനസ്സിലാക്കാത്ത ഇന്നത്തെ റിവ്യു എഴുത്തുകാർ എങ്ങനെ ഉത്തര - ഉത്തരാധുനികമായ സിദ്ധാന്തങ്ങളെ ഉൾക്കൊള്ളും? .വിവരമില്ലാത്തവർ കാലിന്മേൽ കാൽ കയറ്റി വച്ച് അസംബന്ധം പറയുന്ന കാഴ്ചയാണ് വിമർശത്തിൻ്റെ വിമർശനത്തിൽ  ഇന്നു കാണുന്നത് .

കലാപരമായ മഹത്വത്തെ ഉൾക്കൊള്ളുന്നില്ലെങ്കിൽ സാഹിത്യവിമർശനമില്ല. കലാകാരൻ എഴുതേണ്ടതാണത്. ഒരു സിദ്ധാന്തത്തെ തന്നെ ആശ്രയിക്കണമെന്നുമില്ല. കാരണം, കലയ്ക്കാണ് പ്രാധാന്യം. എന്നാൽ തത്ത്വചിന്തയുടെയും കലയുടെയും ചരിത്രത്തിൽനിന്ന് ഏത് ഉപകരണവും എടുക്കാം. ഏതെടുക്കുമ്പോഴും ഏറ്റവും ഗാഢമായത് ,അഗാധമായത് , സവിശേഷമായത് ,ഇതുവരെ അനാവരണം ചെയ്യപ്പെടാത്തത് എന്ന പരിഗണനയിലാണ് വിമർശകൻ  പ്രവർത്തിക്കേണ്ടത്. അതുകൊണ്ടാണ് ഒരു സാധാരണ മനുഷ്യൻ തന്നിൽ കുഴപ്പങ്ങളൊന്നും കാണുന്നില്ലെങ്കിലും, ചിലർ മനുഷ്യനിലെ ആന്തരികമായ അതൃപ്തിയെക്കുറിച്ച് പറഞ്ഞത് 'ആരാണ് ഞാൻ' എന്നു ചോദിക്കാൻ പ്രേരിപ്പിക്കുന്നുവെന്ന്  കോളിൻ വിത്സൻ(Colin Wilson) വിശദീകരിച്ചത് .ഇക്കാര്യത്തിൽ എഡ്മണ്ട് ഹുസ്സേളി (Edmund Husserl) ൻ്റെ പ്രാതിഭാസിക ചിന്തകളും ,ജോൺ ബുന്യ (John Bunyan )ൻ്റെ 'രക്ഷപ്പെടാൻ ഞാനെന്ത്  ചെയ്യണ'മെന്ന ആശയവും ,റഷ്യൻ തത്ത്വചിന്തകനായ ജോർജ്ജ് ഗുർജി ഫ് (George Gurdjieff) നമ്മളെല്ലാം ഉറങ്ങുകയാണെന്ന് പറഞ്ഞതും  പരിഗണിക്കണമെന്നാണ് കോളിൻ വിത്സൻ പറയുന്നത്.
എന്തിന്? 'എൻ്റെ  മനസ്സിനെ ഉണർത്താൻ ഞാൻ എന്താണ് ചെയ്യേണ്ടത്?' എന്ന് തിരിച്ചറിയാൻ.

റിബൽ സങ്കല്പത്തെക്കുറിച്ച് വർഷങ്ങൾക്ക് മുൻപ് വി.പി.ശിവകുമാർ എഴുതിയ ലേഖനം ഇപ്പോഴും മനസ്സിലേക്ക് വരികയാണ്. സാഹിത്യകാരൻ ഒരു റിബലാണോ ?ഇനി അങ്ങനെയൊരു റോൾ അവശേഷിക്കുന്നുണ്ടോ ? എല്ലാവരും എല്ലാത്തിനോടും ഒത്തുതീർപ്പിലെത്തിയ ഈ കാലത്ത്. 


വി. ഗിരീഷ് എഴുതിയ വിശ്വാസം (എഴുത്ത് ,നവംബർ, 2001) ഒരു കഥ എന്ന നിലയിൽ വിജയിച്ചില്ല .ഒരിടത്ത്  നാഗപൂജയുമായി കുറേപ്പേർ  വീട്ടിലേക്ക് വരുന്നു. കുഴൽ കിണർ കുഴിക്കാൻ വീട്ടുകാർ പദ്ധതിയിടുന്നു.  ഇതു തമ്മിലെന്താണ് ബന്ധമെന്ന്  വ്യക്തമാക്കുന്നില്ല. ഒരിടത്തും എത്താത്ത കുഴൽ കിണർ കുഴിച്ച്  കഥാകൃത്ത് കഥ അവസാനിപ്പിച്ചു. കഥ അവസാനിപ്പിക്കുന്നതിനു വലിയ ജ്ഞാനം ആവശ്യമാണ്. അവിടെ ഒരു മാന്ത്രിക വിരൽസ്പർശമുണ്ടാകണം.

കമ്യു ,ദി ഫസ്റ്റ് മാൻ

'ഭീകരമായ ഒരു ശൂന്യതയാണ് എന്നിലുള്ളതെന്ന് ഫ്രഞ്ച് എഴുത്തുകാരൻ ആൽബേർ കമ്യു  'ദ് ഫസ്റ്റ്മാൻ' എന്ന നോവലിൽ പറയുന്നുണ്ട്.  എന്താണ് ഈ ശൂന്യത?വലിയ ആഗ്രഹങ്ങൾ വച്ചുപുലർത്തിയവൻ  തകർന്നുകഴിയുമ്പോഴുള്ള ശൂന്യതയല്ല ;ജീവിതനിരാശയല്ല ; ദാർശനികമായ ഒരാന്തരബോധമാണത്. യാത്രകളെക്കുറിച്ചും ഓർമ്മകളെക്കുറിച്ചും കമ്യു വളരെ വ്യത്യസ്തമായ സമീപനമാണ് കൈക്കൊണ്ടത്. വലിയ യാതനകൾ അനുഭവിച്ചാൽ മനുഷ്യൻ ആന്തരികമായി ക്രമീകരിക്കപ്പെടുമെന്ന മതപരമായ വിശ്വാസത്തെയല്ല അദ്ദേഹം പിന്തുടർന്നത്. കമ്യു യാതന യെ  കണ്ടെത്തുകയാണ്  ചെയ്തത്.തുടർച്ചയായ യാതനയും  അതിനോടുള്ള ബന്ധവും ഒരു വ്യക്തിയെ ദുരന്തങ്ങളിലേക്ക് വലിച്ചടുപ്പിക്കുമെന്ന് അദ്ദേഹം ദീർഘദർശനം ചെയ്തു.കാരണം ,അയാൾ യാതനയിൽനിന്ന് എന്തോ പ്രതീക്ഷിക്കുന്നു. ആ പ്രതീക്ഷയിൽ തുടരാനായിരിക്കും അയാൾ താൽപര്യപ്പെടുക. താൻ യാതനയനുഭവിക്കുന്തോറും കൂടുതലെന്തോ തൻ്റെ അസ്തിത്വത്തിലേക്ക് കൂട്ടിച്ചേർക്കപ്പെടുമെന്ന മിഥ്യാധാരണയിൽ അയാൾ അതിൻ്റെ  ഭവിഷ്യത്തുകളെ സ്വീകരിക്കുന്നു.

ഇത് ഓർമ്മകളിൽനിന്ന് രതിക്ക്  സമാനമായ വികാരം തിരയുന്നവർക്കും ബാധകമാണ് .അവനവൻ്റെ  ഓർമ്മകളുമായി അമിതമായ ലൈംഗികബന്ധം പുലർത്തുന്നവർ പുറംലോകത്തുനിന്ന് സ്വയം നിഷ്കാസനം ചെയ്തവരാണ്. അവർ  ദാരിദ്ര്യത്തെയും സഹനത്തെയും ഇതുമായി ചേർത്തു കനം വയ്പ്പിക്കുന്നു. ഓർമ്മകൾ സമ്പന്നർക്ക് ഭൂതകാലത്തിലെ അവരുടെ പങ്കിനെക്കുറിച്ചുള്ള മിഥ്യാസങ്കല്പങ്ങൾക്ക് രൂപം നല്കാനുള്ളതാണ്. 
എന്നാൽ  പാവപ്പെട്ടവർക്ക് അത് മരണമാണ്. ഓർക്കുന്തോറും അവർ മരണത്തിലേക്ക് അടുക്കുകയാണ്. 

കാതറിൻ കമ്യു 

ആൽബേർ കമ്യു 1960 ൽ കാർ അപകടത്തിൽ കൊല്ലപ്പെടുകയായിരുന്നല്ലോ. അപകടത്തിൽപ്പെട്ട ആ കാറിൽ നിന്നാണ് അദ്ദേഹത്തിൻ്റെ 'ദ് ഫസ്റ്റ്മാൻ' എന്ന നോവലിൻ്റെ  കൈയെഴുത്തുപ്രതി കണ്ടെടുത്തത്. കമ്യുവിൻ്റെ മരണത്തിന് മുപ്പത് വർഷത്തിനുശേഷമാണ് അപൂർണമായ 'ദ് ഫസ്റ്റ്മാൻ' പ്രസിദ്ധീകരിച്ചത് .കമ്യുവിൻ്റെ മകൾ കാതറിൻ കമ്യു ഒട്ടും എഡിറ്റ് ചെയ്യാതെയാണ് അത് പ്രസാധകരെ ഏല്പിച്ചത്. കമ്യുവിൻ്റെ കുട്ടിക്കാലത്തെ ദാരിദ്ര്യവും പീഢകളുമാണ് അതിലെ ഇതിവൃത്തം. 

കമ്യുവിനു ഒരിക്കലും വായനക്കാരെ നഷ്ടപ്പെട്ടിട്ടില്ല എന്നാണ് കാതറിൻ പ പറയുന്നത്. ഇപ്പോഴും അദ്ദേഹം വായനക്കാർക്ക് പ്രിയങ്കരനാണ്. "ബുദ്ധിജീവികൾ കമ്യുവിലേക്ക് മടങ്ങി വരികയാണിപ്പോൾ .അതിന് കാരണമുണ്ട്. കമ്മ്യൂണിസത്തിൻ്റെ പതനം സംഭവിച്ചല്ലോ. കമ്യു എന്നും സ്റ്റാലിൻ്റെ വിചാരണകളെയും ലേബർ ക്യാമ്പുകളെയും വിമർശിച്ചിട്ടുണ്ട്. കമ്യു ശരിയായിരുന്നുവെന്ന് ഇപ്പോൾ എല്ലാവർക്കും ബോധ്യമായിരിക്കുന്നു . സോവിയറ്റ് റിപ്പബ്ലിക്കിൽ കോൺസൻട്രേഷൻ ക്യാമ്പുകൾ ഉണ്ടായിരുന്നുവെന്ന കാര്യം ഇപ്പോൾ  എല്ലാവർക്കുമറിയാം" - കാതറിൻ പറയുന്നു. 

നാനോ കഥകൾ 

സിബിൻ ഹരിദാസിൻ്റെ 'നാനോ കഥകൾ ' (ഹരിതം ) ശ്രദ്ധ നേടുകയാണ്. കഥ എന്ന നിലയിൽ, കവിതയിൽനിന്നു വേർപെടുത്താൻ കഴിയാത്ത രചനകളാണിത്. 
കഥയുടെ സത്ത് പിഴിഞ്ഞ് ഊറ്റി വച്ചിരിക്കുന്നു .പാലക്കാട് എടത്തനാട്ടുകര സ്വദേശിയായ സിബിൻ ചെമ്മാണിയോട് പി. ടി. എം. യു. പി. സ്കൂൾ അദ്ധ്യാപകനാണ്. 

ഇന്നത്തെ മികച്ച ക്യാപ്സൂൾ കഥാകാരനാണ് സാബിൻ എന്നു പറയട്ടെ. ജീവിതത്തിനുള്ളിലെ പ്രഹേളികയുടെ രഹസ്യം പകരാൻ ഈ കഥാകൃത്ത് നന്നായി അദ്ധ്വാനിച്ചിട്ടുണ്ട്. എന്തെങ്കിലും കുറെ വാക്കുകൾ എഴുതിവെച്ചു 'കുഞ്ഞുകഥ' എന്നു  പറയുന്നവരുണ്ട്. ഇവിടെ അതിനപ്പുറം പോവുകയാണ് സിബിൻ . 

'അവൾ' എന്ന കഥയിൽ മൂന്നു  വാക്യങ്ങളേയുള്ളു . സമകാല സ്ത്രീ ജീവിതത്തെ സാന്ദ്രമായി അനുഭവപ്പെടുത്തുകയാണിവിടെ:

"അവൾ വലതുകാൽ വച്ച് അകത്തേക്ക് കയറി .
അനുഗമിച്ചത് ഒരു പരിച.
സ്വീകരിച്ചത് ഒരു വാൾ " .

'പരിണാമം' എന്ന കഥ ഇങ്ങനെയാണ്:
" നമുക്ക് രണ്ട് ഇലകളായി പരിണമിച്ചാലോ?
അവൻ വികാരവായ്പോടെ അവളോട് ചോദിച്ചു .
എന്നിട്ടോ ?
അവളുടെ ആശ്ചര്യചോദ്യം .
നമുക്ക് തളിർക്കാം 
വളരാം 
പഴുക്കാം 
പിന്നെ കൊഴിഞ്ഞു വീഴാം" .

റാഷാമോൺ 

അകിര കുറസോവ റാഷാമോൺ Rashamon) എന്ന സിനിമയെടുത്തത്  ജപ്പാനിലെ പ്രമുഖ കഥാകൃത്തായ അകുതാഗാവ റുയുനോസുകെ (Akutaguwa Ryunosuke, 1892-1927)യുടെ ഇതേ പേരിലുള്ള കഥയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് .ചിത്രത്തിൻ്റെ പ്രമേയത്തെ വികസിപ്പിക്കുന്നതിനു  റുയുനോസുകെയുടെ In a Grove  എന്ന കഥ കൂടി ഇതിൽ സംയോജിപ്പിക്കുകയായിരുന്നു. ജാപ്പനീസ് കഥാസാഹിത്യത്തിലെ ആചാര്യനായ റുയുനോസുകെ റാഷാമോൺ എന്ന പേര് സ്വീകരിച്ചത് ജാപ്പനീസ് പുരാതന ബാലെ നോഹ് (Noh)എന്ന കലാരൂപത്തിൽ നിന്നാണ് .റാഷാമോൺ എന്നു വിളിക്കുന്നത് പുരാതന നഗരമായ ക്യോട്ടോ (Kyoto)യുടെ  പ്രവേശനകവാടത്തെയാണ്. 

തകർന്ന കവാടത്തിന് മുന്നിൽ ഗത്യന്തരമില്ലാതെ കാവൽ നിൽക്കുകയാണ് ഒരു ഭടൻ . അയാളോടൊപ്പമുണ്ടായിരുന്നവരൊക്കെ   ഒഴിഞ്ഞുപോയി .അയാൾ ,പക്ഷേ ,തൻ്റെ ഉത്തരവാദിത്തം നിറവേറ്റാനായി അവിടെത്തന്നെ നിലയുറപ്പിച്ചു. നിശ്ശബ്ദതയിൽ അയാൾ  ഏകാകിയായിരുന്നു. മുകളിലത്തെ നിലയിലേക്ക് ചെന്ന ആ ഭടൻ കണ്ടത് മൃതദേഹങ്ങളിൽ നിന്നു തലമുടി മോഷ്ടിച്ചെടുക്കുന്ന ഒരുവളെയാണ്. അവൾ തലമുടി മോഷ്ടിച്ച് വിഗ്ഗ് ഉണ്ടാക്കി വിറ്റ് ജീവിക്കുകയാണ് .അല്ലെങ്കിൽ പട്ടിണികിടന്നു മരിക്കും. അവൾ  ജീവിക്കാൻവേണ്ടി പാമ്പിനെ കൊന്ന് പരിചയക്കാർക്ക് മത്സ്യമാണെന്ന് തെറ്റിദ്ധരിപ്പിച്ച് വിൽക്കാറുണ്ട്. 
മരണം മുന്നിൽ വന്നു നിൽക്കുമ്പോൾ ആദർശത്തിനു പ്രസക്തിയില്ല.എന്നാൽ ഭടൻ അവളെ തടഞ്ഞു. അയാൾ വാൾ അവൾക്കു നേരെ നീട്ടി. നിൻ്റെ ശരീരത്തിലെ വസ്ത്രങ്ങൾ താൻ  അപഹരിക്കാൻ പോവുകയാണ്, എങ്കിൽ തനിക്ക് അതിജീവിക്കാനുള്ള പണം കിട്ടുമെന്ന് അയാൾ അറിയിക്കുന്നു .അത് അയാൾ ചെയ്തു കാണിച്ചു .ആ വസ്ത്രങ്ങളുമായി അയാൾ ഓടി രക്ഷപ്പെടുകയാണ്. ഇപ്പോഴും ഈ കഥയ്ക്ക് പ്രസക്തിയുണ്ട് .പ്രമേയത്തിൻ്റെ കാര്യത്തിലാണെങ്കിൽ ദാരിദ്യത്തിൻ്റെ അഗാധമൂല്യങ്ങൾ അറിയാവുന്ന ഒരു സാഹിത്യകാരൻപോലും ഇന്നില്ല.  പുലിയെ കറിവെച്ച് കഴിക്കാനും  മേഘത്തെകൊണ്ട് യുവതിയെ ഗർഭിണിയാക്കാനുമാണ് മലയാള കഥാകൃത്തുക്കൾ ഉത്സാഹിക്കുന്നത്. 

ജീവിതത്തിലെ അടിസ്ഥാനപ്രശ്നങ്ങളെ  എങ്ങനെ സമീപിക്കണമെന്ന് അറിയില്ല. സ്വാധീനമുപയോഗിച്ച് രണ്ടുമൂന്ന് കഥകൾ പ്രസിദ്ധീകരിക്കുക, സ്വന്തം പണം മുടക്കി പുസ്തകമിറക്കുക , ഫേസ്ബുക്കിൽ നൂറു പേരെക്കൊണ്ട് പുസ്തകം പ്രകാശനം ചെയ്യിക്കക, പിന്നെ ഒരു യൂട്യൂബ് എൻട്രി.... മലയാളത്തിൽ ഒരു വലിയ കഥാകൃത്ത് ഉദയം ചെയ്യുകയായി. ഇത് അതേപടി ഏറ്റുപാടുന്ന വായനക്കാർ ഉണ്ടെങ്കിൽ അവർ കപടവായനക്കാരാണ് ,കറപ്റ്റാണ്.

വെളിച്ചം വേണം 

അനിത മാത്യുവിൻ്റെ 'ബൂമറാങ്' ( എഴുത്ത് ,നവംബർ 2021) എന്ന കഥയിൽ ഒരു  സന്ദേശമാണുള്ളത് .നല്ലതു ചെയ്താൽ അതിൻ്റെ ഫലം എപ്പോഴെങ്കിലും തിരിച്ചുവരാതിരിക്കില്ല. എന്നാൽ ഇത് പറയാൻ വേണ്ടി കഥകളെഴുതുന്നത്  ഇന്നത്തെ നിലയ്ക്ക് അപര്യാപ്തമാണ്. ഇതൊക്കെ വളരെ പഴയ രചനാരീതിയാണ്. ഒരാളുടെ ജീവിതത്തെ പുറമേ നിന്നു നോക്കി  ചില നിഗമനങ്ങളിലെത്തുന്നതു ശരിയല്ല. എന്നാൽ ജീവിതത്തിലെ സംഭവങ്ങളെ എങ്ങനെയാണ് നാം സമീപിക്കേണ്ടതെന്ന കാര്യത്തിൽ കൂടുതൽ പഠിക്കേണ്ടതുണ്ട്. ഒരു സന്ദേഹിയായാലേ  സത്യത്തെക്കുറിച്ചുള്ള ചിന്ത  ആരംഭിക്കുകയുള്ളൂ .സന്ദേഹം തന്നെ സത്യാന്വേഷണമാണ് .സന്ദേഹമില്ലാത്തവൻ ചിന്തിക്കാത്തവനാണ്.
ചിന്തിക്കുന്നവൻ അസ്വസ്തനാവും. അവൻ വെളിച്ചത്തിനുവേണ്ടി ഏത്  ദിക്കിലേക്കും നോക്കും .

ഫോക്നർ പറഞ്ഞത് 

എന്തും കഥയായെഴുതി കടലാസ് നിറയ്ക്കുന്നവരുണ്ട്. ഒരു വാചകംപോലും അനുവാചകനെ  സ്പർശിക്കില്ല .വൈകാരികക്ഷമത നഷ്ടപ്പെട്ട ഒരു കൂട്ടമാളുകളെ സൃഷ്ടിച്ചെടുത്തശേഷമാണ് ചിലർ എഴുതുന്നത്. സുഹൃത്തുക്കളോടോ സത്യത്തോടോ ഒരു കണികയുടെ ആത്മാർത്ഥതപോലുമില്ലാത്തവർ എഴുതരുത്.
എഴുതുന്നത് ഒരു ത്യാഗമാണ്,
നഷ്ടമാണത്. നഷ്ടപ്പെടാനുള്ള മനസ്സിൽ നിന്നാണ് സാഹിത്യകൃതിയിലെ ഭാഷയുണ്ടാകുന്നതെന്ന് ഞാൻ വിചാരിക്കുന്നു. ഒന്നും നേടിയെടുക്കാനുള്ള മനസ്സല്ല അത്; അപ്രവചനാത്മകവും വിലമതിക്കാനാവാത്തതുമായ ആത്മീയ മൂല്യങ്ങളുടെ അദൃശ്യലോകത്തെയാണ് എഴുത്തുകാരൻ ലക്ഷ്യം വയ്ക്കുന്നത്. 
സി.വി. ശ്രീരാമൻ്റെ 'ക്ഷുരസ്യധാര' ,യു. പി. ജയരാജിൻ്റെ 'ഓക്കിനാവയിലെ പതിവ്രതകൾ ' തുടങ്ങിയ കഥകൾ എഴുതണമെങ്കിൽ ഈ മാനസികാവസ്ഥയുടെ സമീപമെങ്കിലും എത്താനാകണം.

അമേരിക്കൻ കഥാകത്ത് വില്യം ഫോക്നർ ഓർമ്മിപ്പിക്കുന്നത് ഇതാണ് :

"എഴുതുന്നതുകൊണ്ട് തൃപ്തിപ്പെടരുത് .നമുക്ക് എഴുതാൻ കഴിയുന്നപോലെ മികച്ചതായിരിക്കില്ല അത്. എപ്പോഴും സ്വപ്നത്തിലെന്നപോലെ പ്രതീക്ഷിക്കുക, നിങ്ങൾക്ക് അറിയാവുന്നതിനും ,ചെയ്യാൻ കഴിയുന്നതിനും അപ്പുറത്ത്. നിങ്ങളുടെ സമകാലികർ ,മുൻഗാമികൾ എന്നിവരേക്കാൾ മികവു പുലർത്തണമെന്നതാവരുത് ലക്ഷ്യം. നിങ്ങളേക്കാൾ മികച്ചത് എഴുതണം. പിശാചുക്കൾ നിയന്ത്രിക്കുന്ന ജീവിയാണ് എഴുത്തുകാരൻ. എന്തുകൊണ്ടാണ് പിശാചുക്കൾ തന്നെ തിരഞ്ഞെടുത്തതെന്ന് എഴുത്തുകാരനു  അറിയില്ല .അതിനെപ്പറ്റിയോർത്ത് അതിശയംകൊള്ളാൻ പറ്റാത്ത വിധം അയാൾ തിരക്കുള്ളവനാണ്. ഇക്കാര്യത്തിൽ തികച്ചും അധാർമ്മിക വ്യക്തിത്വമാണ് അയാളുടേത്; ആരിൽ നിന്നും എവിടെ നിന്നും കൊള്ളയടിക്കുകയോ ,കടം വാങ്ങുകയോ ,യാചിക്കുകയോ , മോഷ്ടിക്കുകയോ ചെയ്യും, തൻ്റെ  രചന പൂർത്തീകരിക്കുന്നതിനുവേണ്ടി. എഴുത്തുകാരൻ്റെ ഒരേയൊരു  ഉത്തരവാദിത്വം തൻ്റെ കലയോടു മാത്രമാണ് ".

ഇതിനോട് വിയോജിക്കുന്നവരോട് യോജിപ്പില്ലെന്ന് അറിയിക്കട്ടെ .എൻ്റെ മനസ്സിൽ ഈ ചിന്തകൾ എന്നുമുണ്ടായിരുന്നു. ഫോക്നറുടെ വാക്കുകൾ കണ്ടപ്പോൾ അദ്ദേഹം ഇങ്ങനെ നേരത്തെ ചിന്തിച്ചല്ലോ  എന്നാണ് തോന്നിയത്.

ആനന്ദ് വിമർശിക്കപ്പെടുന്നു

ആനന്ദ് വിമർശിക്കപ്പെടേണ്ടതുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. അദ്ദേഹത്തിൻ്റെ  'ആൾക്കൂട്ടം','ഗോവർധൻ്റെ യാത്രകൾ' എന്നീ നോവലുകളെ നമുക്ക് നിരാകരിക്കാനാവില്ല. എന്നാൽ ആനന്ദിനെ സമകാലജീവിതത്തിൻ്റെ  നിരീക്ഷകനായോ ,ചിന്തകനായോ കാണാൻ നിവൃത്തിയില്ല.അദ്ദേഹം കേരളീയ ജീവിതത്തിൻ്റെ കഴിഞ്ഞ നൂറ്റാണ്ടിനെക്കുറിച്ച് ഇതുവരെ ഒന്നും മിണ്ടിയിട്ടില്ല. ചില കേവല താത്ത്വിക വിഷയങ്ങളെപ്പറ്റി തുടർച്ചയായി പറയുന്ന അദ്ദേഹം അധ:സ്ഥിതരുടെ വിമോചനത്തിൻ്റെ പാതകളെക്കുറിച്ചോ സാമൂഹ്യമായ പീഡനങ്ങളെക്കുറിച്ചോ  ഇതുവരെ മിണ്ടിയിട്ടില്ല .

താൻ ഒരു മലയാളിയാണെന്ന് ഒരിക്കൽപോലും അദ്ദേഹം സമ്മതിച്ചതായി തോന്നുകയില്ല, ആ രചനകൾ വായിച്ചാൽ. ആനന്ദിൻ്റെ കൃതികളിലെ കഥാപാത്രങ്ങൾക്കുപോലും മലയാളി പേരുകളില്ല .മലയാളിയെയും മൗലികമായ അവൻ്റെ സാംസ്കാരിക ത്വരകളെയും ആനന്ദിനു ഇനിയും സ്പർശിക്കാനായിട്ടില്ല. ജാഗ്രതയും ചിന്തയുമുള്ള ഒരു  എഴുത്തുകാരനും തൻ്റെ നാടിൻ്റെ, മിത്തുകളുടെ , ഭാഷയുടെ ഓർമ്മകളുമായി സംഗമിക്കാൻ മടിക്കില്ല .ദസ്തയെവ്സ്കി റഷ്യൻ മനസ്സുമായി എപ്പോഴും സംവദിച്ചിട്ടുണ്ട്. ഒർഹൻ പാമുക്ക് ഇസ്താംബൂളിൽ തൻ്റെ പ്രാചീന മനസ്സിനെ തിരയുന്നു .
മാർകേസ് ലാറ്റിനമേരിക്കയുടെ ചരിത്രമാണ് കലാപരമായി കണ്ടെത്തുന്നത് .ആനന്ദാകട്ടെ , വൈകാരികമായി ഒന്നിനോടും കണ്ണി ചേർക്കുന്നില്ല. മൺമറഞ്ഞവരിൽനിന്ന് കൃത്യമായ അകലം പാലിക്കുന്നു. 
എല്ലാ സാമൂഹ്യ പോരാട്ടങ്ങളെക്കുറിച്ചും മൗനം പാലിക്കുകയാണ്.  

ഈസ്റ്റിന്ത്യാ  കമ്പനിയുടെയും ഫ്യൂഡൽ മനശ്ശാസ്ത്രത്തിൻ്റെയും അതാര്യതകളിൽ അബോധമായി അമർന്നു പോവുകയാണ് ആനന്ദ് . അദ്ദേഹത്തിനു മലയാളത്തിലെ പൂർവ്വകാല എഴുത്തുകാരെ അറിയുമോ എന്ന് എനിക്ക് സംശയമുണ്ട്. ആനന്ദിൻ്റെ പാത പിന്തുടർന്ന എഴുത്തുകാരും പത്രാധിപന്മാരുമെല്ലാം  ഇങ്ങനെ മാനസികമായി അയിത്തം സൂക്ഷിക്കുകയാണ് ചെയ്തിട്ടുള്ളത്. വളരെ ആപത്ക്കരമായ നിലപാടാണിത്.

പ്രതീക്ഷ നശിച്ച് ഓർവെൽ

1984 എന്ന മഹത്തായ നോവൽ എഴുതിയ ജോർജ് ഓർവെല്ലിനെക്കുറിച്ച്  ബി.ബി.സി നിർമ്മിച്ച A Life in Picture  എന്ന ഡോക്യുമെൻററി മനുഷ്യൻ്റെ അധികാരാസക്തിക്കും തിന്മയ്ക്കുമെതിരെയുള്ള ചൂണ്ടുപലകയാണ്. വരാനിരിക്കുന്ന കാര്യങ്ങളെ ,അദ്ദേഹം ഇങ്ങനെ സംഗ്രഹിക്കുന്നു:

" ക്രോധം ,ഭയം, ജയഘോഷം, വ്യക്തിപരമായ അപമാനം എന്നിവയല്ലാതെ ലോകത്ത് ഇന്ന് വേറെ വികാരങ്ങളൊന്നുമില്ല . ലൈംഗികത അപ്പാടെ ഉന്മൂലനം ചെയ്യപ്പെടും. രതിമൂർച്ഛ നിർത്തലാക്കും. പാർട്ടിയോടല്ലാതെ വേറൊന്നിനോടും  വിശ്വസ്തതയുണ്ടാവില്ല. എന്നാൽ അധികാരത്തോടുള്ള ലഹരി  എല്ലായിടത്തുമുണ്ടായിരിക്കും .ഓരോ നിമിഷത്തിലും വിജയത്തിൻ്റെ  രോമാഞ്ചമുണ്ടായിരിക്കും, നിസ്സഹായനായ ഒരു ശത്രുവിനെ ചവിട്ടി മെതിക്കുന്നതിൻ്റെ അനുഭൂതിയുണ്ടായിരിക്കും .ഭാവിയുടെ ഒരു ചിത്രം വേണമെങ്കിൽ ,ഒരു മനുഷ്യമുഖത്ത് ബൂട്ടിട്ടു ചവിട്ടുന്ന ഒരു ദൃശ്യം ഭാവന ചെയ്യുക ,എന്നെന്നേക്കും.  അപകടകരമായ ,ഈ പേടിസ്വപ്നസമാനമായ സാഹചര്യത്തിൽനിന്ന് പഠിക്കാനുള്ള പാഠം ഇതാണ് :അത് സംഭവിക്കാൻ അനുവദിക്കരുത്. ഇത് നിങ്ങളെ ആശ്രയിച്ചിരിക്കുന്നു" .

ഓർവെലിൻ്റെ 1984 എന്ന നോവൽ  ലോകത്തിൻ്റെ  അധികാരമനശാസ്ത്രത്തെ വിശകലനം ചെയ്തു. ഒരിക്കലും അവസാനിക്കാത്ത തിന്മകളെ അദ്ദേഹം ഓർമ്മപ്പെടുത്തി. തൻ്റെ കാലത്തിൻ്റെ മനുഷ്യമുഖം വളരെ ക്രൂരമാണെന്ന് പറയുമ്പോൾ ഓർവെല്ലിൻ്റെ മുഖത്ത് നിരാശ പടരുന്നുണ്ടായിരുന്നു. 

 


at March 29, 2022 No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

ചിത്രശലഭവർണവിരചിതം/എം.കെ. ഹരികുമാർ

 



എനിക്ക് മനസ്സിൻ്റെ 
കമിതാവാകണമെന്നുണ്ട് ,
അത്രയെളുപ്പമല്ലെങ്കിലും

ഞാനെൻ്റെ പുരാതനമായ തനിമകളിലേക്കു വല്ലപ്പോഴും മടങ്ങിയെത്താറുണ്ട് -
ദുരിതമാണത് 

ഞാനെൻ്റെ ഭവിഷ്യത്തിൻ്റെ 
വന്യമായ,
ചിത്രശലഭവർണവിരചിതമായ,
നിബിഡഭാവനാസ്ഥലികളിലേക്ക് 
സഞ്ചരിക്കാറുണ്ട് -
സ്വപ്നമാണത് 

ഞാനെൻ്റെ മനസ്സിൻ്റെ പകൽപ്പോരാട്ടങ്ങളിലേക്ക്,
ആൾമാറാട്ടങ്ങളിലേക്ക് ,
സ്വയം ക്രൂശാരോഹണങ്ങളിലേക്ക്
നിപതിക്കാറുണ്ട് -
പ്രതീക്ഷയറ്റ ജീവിതമാണത് 

ഞാനെൻ്റെ ആഘോഷങ്ങളെ 
എങ്ങനെ ഉല്ലാസപ്പൂക്കളുടെ 
പ്രഭാതങ്ങളാക്കാമെന്നാലോചിച്ച് സന്തോഷത്തിൻ്റെ ശബ്ദതാരാവലികൾ
തിരയാറുണ്ട് - 
അതാണ് സൗഖ്യം
എന്നാലോ ജീവിതം എവിടെയുമില്ല.



at March 29, 2022 No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

m k harikumar quotes

 


എനിക്ക് മനസ്സിൻ്റെ 
കമിതാവാകണമെന്നുണ്ട് ,
അത്രയെളുപ്പമല്ലെങ്കിലും

ഞാനെൻ്റെ പുരാതനമായ തനിമകളിലേക്കു വല്ലപ്പോഴും മടങ്ങിയെത്താറുണ്ട് -
ദുരിതമാണത് 

ഞാനെൻ്റെ ഭവിഷ്യത്തിൻ്റെ 
വന്യമായ,
ചിത്രശലഭവർണവിരചിതമായ,
നിബിഡഭാവനാസ്ഥലികളിലേക്ക് 
സഞ്ചരിക്കാറുണ്ട് -
സ്വപ്നമാണത് 

ഞാനെൻ്റെ മനസ്സിൻ്റെ പകൽപ്പോരാട്ടങ്ങളിലേക്ക്,
ആൾമാറാട്ടങ്ങളിലേക്ക് ,
സ്വയം ക്രൂശാരോഹണങ്ങളിലേക്ക്
നിപതിക്കാറുണ്ട് -
പ്രതീക്ഷയറ്റ ജീവിതമാണത് 

ഞാനെൻ്റെ ആഘോഷങ്ങളെ 
എങ്ങനെ ഉല്ലാസപ്പൂക്കളുടെ 
പ്രഭാതങ്ങളാക്കാമെന്നാലോചിച്ച് സന്തോഷത്തിൻ്റെ ശബ്ദതാരാവലികൾ
തിരയാറുണ്ട് - 
അതാണ് സൗഖ്യം

എന്നാലോ ജീവിതം എവിടെയുമില്ല.

 
എം.കെ.ഹരികുമാർ
 
ഒരാശയം അതിനെതിരായി ഗൂഢാലോചന നടത്തുകയാണ്. അതുകൊണ്ട് ആശയം അതിൻ്റെ അദൃശ്യശത്രുവിനെ പ്രതീക്ഷിച്ചു കൊണ്ടെന്ന പോലെ എപ്പോഴും സ്വയം തർക്കിക്കാനും മറ്റുള്ളതിനെ നിരാകരിക്കാനും ശ്രമിക്കുന്നു .

മറ്റൊന്നിനെ ഭൂമുഖത്ത് നിന്നു തന്നെ തുടച്ചു നീക്കാനാണ് ഒരാശയം അതിൻ്റെ യുക്തിയുടെ സർവ്വ സന്നാഹങ്ങളും ഉപയോഗിക്കുന്നത്. അതിനു ബഹുസ്വരതയില്ല ;എന്നാൽ മനുഷ്യമനസ്സിൽ ബഹുസ്വരതയുണ്ട്. 

ഏതൊരാശയവും അതിൻ്റെ മൗലികതയും അതിൻ്റെ തന്നെ നിരാകരണവുമാണ്. സ്വയം ഗൂഢാലോചന നടത്തുന്ന ആശയം ആന്തരികമായി ,നിഗൂഢമായി സ്വയം നിരസിച്ച് മറ്റൊന്നാകാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അങ്ങനെ ലോകം വികസിക്കുന്നു. 

എം.കെ.ഹരികുമാർ 

 
 
 

at March 29, 2022 No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest
Labels: m k harikumar

ഭാഷ പുനർജനിയാണ് /എം.കെ.ഹരികുമാർ

 






സാഹിത്യകൃതിയിലെ വിവരണത്തെ പൊതുവേ പാഠം എന്നാണ്  വിളിക്കുന്നത് .പാഠം ഒരു രചനയാകാം ;അല്ലായിരിക്കാം .അത് പരമ്പരാഗതമായ നിർമ്മിതിയാകാം ; അല്ലായിരിക്കാം. പക്ഷേ ,ഒരു രചയിതാവ് അറിഞ്ഞുകൊണ്ട് കള്ളം എഴുതുന്നതിലെ സർഗാത്മകതയാണ് ഇവിടെ ചർച്ചചെയ്യുന്നത്. എഴുത്തുകാരന് കള്ളം പറയേണ്ടി വരുന്നത് നേരിനെ നേരിടാനാണ്. മുഖംമൂടിയിട്ട യാഥാർത്ഥ്യം നിലനില്ക്കുന്നു. 

ഒരാൾ ജീവിച്ചതോ ,കൃത്യമായി ഓർമ്മിച്ചതോ ,കേട്ടതോ ഒന്നുമല്ല സാഹിത്യകൃതിയിൽ എഴുതേണ്ടത്. അതൊക്കെ ആർക്കും സാധ്യമാണ്. ഒരു കഥ സങ്കല്പിച്ചു പറയാൻ ഏതൊരാൾക്കും കഴിയും. അതുപോലെ എഴുതാനുമാവും .കാരണം എഴുത്ത് ആ അർത്ഥത്തിൽ ഒരു പൊതുവ്യവഹാരമാണ്. ഇന്നു എല്ലാവരും എഴുതുന്നുണ്ട് ;മിക്കവാറും അത് സ്വന്തം കാര്യം എന്ന നിലയിലാണ്. അവനവനു ആവശ്യമുള്ളത് എഴുതിയുണ്ടാക്കുന്നു. വായനക്കാരനെ വേണമെന്നില്ല; അവാർഡു കമ്മിറ്റിക്കാരെ മതി. ഒരു പുസ്തകം ഇറങ്ങിയാലുടനെ അമ്പതിനായിരവും ഒരു ലക്ഷവും കൊടുത്ത് മാലയിട്ടാദരിക്കാൻ അവാർഡ് മുതലാളിമാർ റെഡിയാണ്. വിജിലൻസ് എവിടെപ്പോയി ?

എനിക്കു തോന്നുന്നത്, അവനവൻ്റെ ഊരാകുടുക്കുകളിൽ നിന്ന് രക്ഷപ്പെടാനായി ഒരാൾ എഴുതുമ്പോഴാണ് അസാധാരണമായി ഒരു പ്രശ്നത്തെ നമുക്കു തുറന്നു കിട്ടുന്നതെന്നാണ്.ഈ സന്ദർഭങ്ങളിൽ എഴുത്ത് അവനവനിലേക്കുള്ള ഒരന്വേഷണമാണ്. മുമ്പ് അനുഭവിച്ചിട്ടില്ലാത്തത് , അർത്ഥപരമായി കൃത്യതയിൽ എത്തിച്ചേർന്നിട്ടില്ലാത്തത് , സങ്കൽപമായി കൊണ്ടുനടന്നിട്ടില്ലാത്തത്, പലരോടും പങ്കുവച്ച് വ്യാഖ്യാനിക്കാനാവാത്തത് തുടങ്ങിയ പ്രമേയങ്ങളിലൂന്നി  എഴുതുമ്പോൾ ഒരന്വേഷണവും വിസ്മയവുമുണ്ട്. അവിടെയാണ് അനുഭവങ്ങളിലുള്ള ഖനനം സംഭവിക്കുന്നത്. മണ്ണിനടിയിൽ നിന്ന് പുറത്തുവരികയാണ് അവയെല്ലാം.നൂറ്റാണ്ടുകളോളം മറഞ്ഞിരുന്നതാവാം; ആരുടെയും ചിന്താപഥത്തിൽ വന്നിട്ടില്ലാത്തതാണ്. അത് ഒരു നിമിഷത്തിൽ തുറക്കപ്പെടുകയാണ് .

എഴുതുന്ന ആളിനുതന്നെ അതിനെക്കുറിച്ച് വ്യക്തതയുണ്ടാവില്ല. വ്യക്തതയില്ലാത്തതിനെക്കുറിച്ചേ എഴുതാവൂ. വ്യക്തതയുള്ളതെല്ലാം മണ്ണിനു മുകളിലാണല്ലോ ഉണ്ടാവുക. നിത്യസമ്പർക്കംകൊണ്ട് പലതും സുഗ്രാഹ്യമാണ്. പരിചിതമായ ലോകങ്ങൾ ഉപരിതലത്തിൽ എത്രവേണമെങ്കിലുമുണ്ട് .അത് എല്ലാവരുമായി പങ്കുവയ്ക്കാനാവും. എല്ലാവർക്കും അതെല്ലാം മനസ്സിലാകും. കാരണം, ഇതൊക്കെ എല്ലാവരും പൊതുജീവിതത്തിൻ്റെയോ, വിദ്യാഭ്യാസത്തിൻ്റെയോ ,പൊതു രാഷ്ട്രീയത്തിൻ്റെയോ പേരിൽ അനുഭവിക്കുന്നതാണ്. ഇതെല്ലാം കമ്പോടുകമ്പ് വാരി വിതറുന്ന പ്രക്രിയയല്ല എഴുത്ത്. എഴുതുമ്പോൾ മനസ്സിൽ ചില അപ്രതീക്ഷിത കാര്യങ്ങൾ സംഭവിക്കുന്നുണ്ട്. അത് മുൻകൂട്ടി നിശ്ചയിച്ചതല്ല. സർഗാത്മകമായ മനസ്സിൻ്റെ കാര്യത്തിൽ ഇതുതന്നെയാണ് സംഭവിക്കുന്നത്. ഒരു യഥാർത്ഥ കവിക്ക് താൻ എഴുതുന്നതിൻ്റെ അർത്ഥം മനസ്സിലായിക്കൊള്ളണമെന്നില്ല എന്ന് ടി .എസ് .എലിയറ്റ് പറഞ്ഞത് ഇവിടെ പ്രസക്തമാവുകയാണ്. 

വ്യഥകളുടെ മൂല്യം

കവി എല്ലാം  തീരുമാനിച്ചശേഷം ഒരു ആധാരമെഴുത്തുകാരനെ പോലെയാണോ എഴുതുന്നത് ?എങ്കിൽ അയാളുടെ മനസ്സ് എത്ര ശുഷ്കമായിരിക്കും? ഒരു Great Mind  എന്ന് ആ കവിയെ വിളിക്കാനാവില്ല. വലിയ മനസ്സിന് അങ്ങനെ കവിത എഴുതാനാവില്ല. എല്ലാം നിശ്ചയിച്ചുറപ്പിക്കുന്ന കവി യുക്തിയെ  മാത്രമാണ് ആശ്രയിക്കുന്നത്.ബോധേന്ദ്രിയങ്ങൾക്കപ്പുറത്തേക്ക് പോയി സ്വകീയമായ ആന്തരികപ്രശ്നങ്ങളെ നേർക്കുനേർ കാണാൻ കഴിയേണ്ടതുണ്ട്‌. ഒറ്റയ്ക്ക് അനുഭവിക്കുന്നതിൻ്റെ മുറിവുകൾ ഒരാൾ മറ്റാരോടും പറയാനാവാതെ മനസ്സിൽ തന്നെ കൊണ്ടു നടക്കുമ്പോഴുള്ള ഒരു വ്യഥയുണ്ട്. സൃഷ്ടിപ്രക്രിയയിൽ ഇതുപോലുള്ള വ്യഥകൾക്കു മൂല്യമുണ്ട്. ചില അറിവുകൾ വിനിമയം ചെയ്യാൻ പോലുമാകാതെ മനുഷ്യർ മനസ്സിൻ്റെ അടിത്തട്ടിൽ ഒളിപ്പിക്കുന്നു. സ്വയമൊരു അസംബന്ധമാണെന്ന അറിവ് എങ്ങനെയാണ് മറ്റുള്ളവരോട് പറയുക?

എഴുതുമ്പോഴാണ് എഴുത്തുകാരൻ്റെ  യാഥാർത്ഥ്യമുണ്ടാകുന്നത്. അതു  മുൻകൂട്ടി ആസൂത്രണം ചെയ്തതല്ല; അത് ഭാഷയിലൂടെ സംഭവിക്കുകയാണ്. ഭാഷയാകട്ടെ അവനവൻ്റെ പാതയാണ്. ഭാഷയില്ലെങ്കിൽ ,അയാളിൽ അവ്യക്തവും നിഗൂഢവുമായ അലങ്കോലങ്ങളായി അതെല്ലാം നിലനിന്നേക്കാം. എന്നാൽ എഴുത്തുകാരനു തന്നെക്കുറിച്ച് ഒന്നുമറിയില്ല. അയാൾ സ്വന്തം അദൃശ്യതയെയാണ് തകർക്കാൻ ശ്രമിക്കുന്നത്. അയാളുടെ ഉള്ളിൽ സംഭരിക്കപ്പെട്ടതോ  അജ്ഞാതമായതോ ആവാമത്. പലരുടെയും പ്രിയപ്പെട്ട സുഹൃത്ത് എന്ന ഐഡൻ്റിറ്റിയല്ല എഴുതുമ്പോൾ അയാൾക്കുള്ളത്. അയാൾ അപ്പോൾ കുടുംബനാഥനല്ല; ഉദ്യോഗസ്ഥനല്ല. തന്നിലുള്ള അജ്ഞാതഭൂഖണ്ഡത്തെ  പുറത്തെടുക്കാൻ പ്രയത്നിക്കുകയാണ്. ഒരു വാതിൽ തുറക്കുകയാണ് ,ഉള്ളിലെ ദുരൂഹമേഖലകളിലേക്ക്. അത്  വൈകാരികവും ദാർശനികവും  സൗന്ദര്യപരവുമായ ഒരു കുഴിച്ചെടുക്കലാണ്.

യാഥാർത്ഥ്യം ഒരു വിവർത്തനം 

എല്ലാവർക്കും ബോധ്യമുള്ള ഒരു കാര്യം എഴുതുമ്പോൾ വസ്തുനിഷ്ഠതയുടെ  ആനുകൂല്യം മാത്രമേയുള്ളൂ. കഥ വസ്തുനിഷ്ഠതയല്ല ; വ്യക്തിനിഷ്ഠതയുമല്ല. വ്യക്തി - വസ്തുനിഷ്ഠതകളെ ലംഘിച്ചുകൊണ്ട് ഒരാൾ സാഹസികവും ഭ്രമാത്മകവുമായി സഞ്ചരിക്കുകയാണ്; നിഷ്കളങ്കവുമാണത്. കാഫ്കയുടെ ‘മെറ്റാമോർഫോസിസ്’ ഉദാഹരണം. മനുഷ്യൻ വെറും യുക്തിയുടെ ,പ്രായോഗികതയുടെ ഒരു ഉപകരണം മാത്രമല്ല. അവൻ സ്വപ്നത്തിലും അയുക്തിയിലും ഭ്രമത്തിലും അസംബന്ധത്തിലും  വികാരങ്ങളിലും ജീവിക്കുന്നു. ഇതിലൊന്നിലും പെടാതെ അജ്ഞാതമായും അവൻ  സഞ്ചരിക്കുന്നു. അവനുപോലും വ്യക്തമല്ലാത്ത, സന്ദിഗ്ദ്ധമായ അവസ്ഥകളും പ്രാമുഖ്യം നേടുന്നുണ്ട്. അതുകൊണ്ട് കഥ എല്ലാവർക്കും ബോധ്യമുള്ളത് മാത്രം എഴുതി നിറയ്ക്കാനുതല്ല; മറഞ്ഞിരിക്കുന്ന യഥാർത്ഥ്യത്തെക്കുറിച്ചുള്ള ആധി , ഏകാന്തമായ ഭയവിഹ്വലതകൾ, വിഭ്രമിപ്പിക്കുന്ന ജീവിതാവസ്ഥകൾ, ദുരൂഹമായ അനുഭവങ്ങൾ തുടങ്ങിയവയെല്ലാം കഥയെയും നിയന്ത്രിക്കുന്നുണ്ട്. കഥാകൃത്തെന്ന നിലയിലുള്ള ഒരാന്തരിക ഭ്രമലോകത്തെ കൊണ്ടുനടക്കുന്ന അയാൾ അതിനെ അറിയാനാണ് ശ്രമിക്കുന്നത്.അതുകൊണ്ടാണ് കഥ യാഥാർത്ഥ്യമല്ല എന്ന് പറയേണ്ടി വരുന്നത്. 

യാഥാർത്ഥ്യം ഒരു വിവർത്തനം മാത്രമാണ്; അതിനെ ഒരാൾ ഏതുകോണിൽ നിന്നു നോക്കുന്നു എന്നിടത്താണ് ഭാവന പ്രവർത്തനമാരംഭിക്കുന്നത്. അങ്ങനെയത് പുതിയ യാഥാർത്ഥ്യമായി രൂപാന്തരപ്പെടുന്നു; ഉപരിപ്ളവയാഥാർത്ഥ്യമല്ല അത്. മനുഷ്യാവസ്ഥയെപ്പറ്റിയുള്ള നിഗൂഢ ലാവണ്യാന്വേഷണം എന്ന നിലയിലാണ് യാഥാർത്ഥ്യം അവിടെ സൃഷ്ടിക്കപ്പെടുന്നത്. അങ്ങനെ ഫിക്ഷ്ൻ യാഥാർത്ഥിത്തെ
ഉപേക്ഷിച്ച് മറ്റൊന്നാകുന്നു.

ഫിക്ഷൻ എന്ന വാക്കിൽ തന്നെ അത് യഥാർത്ഥമല്ലെന്നും മനുഷ്യൻ സൃഷ്ടിക്കുന്നതാണെന്നന്നും സൂചിതമാവുന്നുണ്ട്. കല്പിത വാസ്തവികതയാണത്. അതിൻ്റെ  ആഖ്യാനമാണ് കൃതിയിലെ ലിഖിത യാഥാർത്ഥ്യം (Textual Reality). ഇതാകട്ടെ ,എഴുത്തുകാരൻ്റെ മനോനിലയനുസരിച്ചാണ് ഉണ്ടാകുന്നത്. അയാൾ ജീവിതത്തിൻ്റെ ബദൽ അല്ലെങ്കിൽ ,സമാന്തരലോകം  നിർമ്മിക്കുന്നു. Textual Reality എഴുത്തുകാരൻ നിർമ്മിക്കുന്നതാണെങ്കിലും, അത് വായനക്കാരൻ്റേതു മാത്രമാണ്. കാരണം, ഒരാൾ എഴുതിയത് അതേ നിലയിൽ ആരും ഉൾക്കൊള്ളണമെന്നില്ലല്ലോ. എഴുതുന്നയാളിൻ്റെ മനസ്സിലെ താളക്രമങ്ങൾ വായനക്കാരൻ ഗൗനിക്കണമെന്നില്ല. വായനക്കാരൻ മറ്റൊരു തരത്തിലാണ് സമീപിക്കുന്നത്. അപ്പോൾ Textual Reality മാറുകയാണ്. പലതായി പിരിയുകയാണ്; അർത്ഥങ്ങളുടെ   ഒരു സമൂഹത്തെ സൃഷ്ടിക്കുകയാണ്. ഭാഷയുടെ ടോൺ, വാക്കുകളുടെ  തിരഞ്ഞെടുപ്പ് ,സംഗീതാത്മകത എന്നിവയെല്ലാം Textual Reality യെ അതീതമാക്കുന്നു. ഇതിലൂടെ വിഭിന്നങ്ങളായ അർത്ഥങ്ങൾക്കും  വ്യാഖ്യാനങ്ങൾക്കും  അവസരമൊരുക്കുകയാണ്. എഴുതുമ്പോൾ നമുക്ക് മുൻ മാതൃകകളില്ല .അതാണ് എഴുത്തിലെ ഏകാന്തത .പുതിയ പാഠം നിർമ്മിക്കാൻ അയാൾ വിധിക്കപ്പെടുന്നു. കാഫ്കയുടെ ‘മെറ്റാമോർഫോസിസ്’ പിറക്കുന്നത് ഒരു മാതൃകയില്ലാതെയാണ് . അതുകൊണ്ട് ആ കൃതിയിലെ Textual Reality കാഫ്കയുടെ  കണ്ടുപിടിത്തമാണ്. അന്തിമമായി വ്യാഖ്യാനിക്കാനാവില്ലെങ്കിൽ പോലും.

കല്പിത കഥ ഒരു ഭ്രമമാണ് 

കല്പിത കഥ പുറംലോകത്ത് കാണാനൊക്കില്ല. അത് ജീവിതത്തിനടിയിൽ ഒഴുകുന്നുണ്ട്; ഒരു അദൃശ്യനദി പോലെ. അതിൽ ഭ്രമമാണുള്ളത്. അതിനെക്കുറിച്ചുള്ള വെളിപാടുകളാണ് ഒരാൾ എഴുതുന്നത്.ഈ ഒഴുക്കിൻ്റെ സമ്മർദ്ദം താങ്ങിയാണ് എഴുത്തുകാരൻ നടക്കുന്നത്. സമ്മർദ്ദത്തിൻ്റെ ആക്കം  വ്യത്യാസപ്പെടുന്നതിനനുസരിച്ച് അയാൾ പലതരം ഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്നു; അയാൾ അസന്തുലിതവും അലങ്കോലവുമായ  അവസ്ഥയായി മാറാം; അന്തർമുഖനാകാം.

Textual Reality ക്കു വേണ്ടി ഒരാൾ പ്രത്യേകം ജനിക്കുന്നില്ല ;ഉള്ളിലെ സൗന്ദര്യപ്രശ്നങ്ങളുടെ തിരയേറ്റത്താൽ  മറ്റൊരു അസ്തിത്വവിതാനത്തിലേക്ക് എടുത്തെറിയപ്പെടുകയാണ്. ഉന്മാദത്തിൻ്റെ അപായകരമായ ഒരു കയറ്റമാണത്;കുത്തനെയുള്ള ഭിത്തിയിൽ ഇഴഞ്ഞു കയറുന്നപോലെ. എന്തിനാണ് അയാൾ തനിക്ക് അപ്രാപ്യവും തൻ്റെ പ്രകൃതിക്ക് വന്യവുമായ ഒരു പാത തിരഞ്ഞെടുത്തിരിക്കുന്നത്? .അയാളുടെ പരിചിതവും അർത്ഥരഹിതവുമായ പറന്തോടിനുള്ളിൽ ഒരിക്കലും സ്പർശിക്കപ്പെടാതെ അവശേഷിക്കുന്ന വിശേഷജീവിതസത്യങ്ങൾ പ്രധാനമാണ്. അതാണ് അയാളെ ജീവിപ്പിക്കുന്നത്. ഭാഷയെ പൂർണമായി  ആശ്രയിക്കാനാഗ്രഹിക്കുന്നില്ല. കാരണം, ഭാഷ സാമ്പ്രദായികത്വമാണ്; അതൊരു വിദ്യാഭ്യാസവ്യവസ്ഥയാണ്. നിശിതമായ ഒരു സ്കൂളിംഗ് ഭാഷയിൽ എപ്പോഴുമുണ്ട്. അതുകൊണ്ട് എഴുത്തുകാരനു  ആന്തരികമതിഭ്രമങ്ങളുടെയും ശരിതെറ്റുകളുടെയും ആശങ്കകളുടെയും അലങ്കോലങ്ങളുടെയും ടോൺ ആവിഷ്കരിക്കാൻ ഈ ഭാഷ അപര്യാപ്തമായി മാറാം. 

പലരും ഉപയോഗിച്ച് ക്രമപ്പെടുത്തിയ  ഭാഷയിൽ ,പലരും നശിപ്പിച്ച , ആവർത്തിക്കപ്പെട്ട പ്രയോഗങ്ങളിൽ ഒരാൾ എങ്ങനെ സ്വന്തം ദുരൂഹമായ കാഴ്ചാനുഭവങ്ങളെ ആവിഷ്കരിക്കും.? അയാൾക്കുപോലും സന്ദേഹമുള്ള പ്രശ്നങ്ങളെ എങ്ങനെ സമീപിക്കും? അതുകൊണ്ടു ഭാഷയിൽ തന്നെ പരീക്ഷണം ആവശ്യമായി വരും.എന്നാൽ ബോധപൂർവമായ പെരുമാറ്റമാവാനും പാടില്ല. വിചാരങ്ങളുടെയും വികാരങ്ങളുടെയും ആവശ്യത്തിനൊത്ത് ഭാഷയ്ക്ക്  രൂപമാറ്റം സംഭവിക്കുന്നു. ഭാഷ അതിൻ്റെ ആവശ്യത്തിനു വീർക്കുകയും   ചുരുങ്ങുകയും ചെയ്യുകയാണ്. ഭാഷയ്ക്ക് ജീവനാണ് പകരുന്നത്; വസ്തുതകളല്ല. വെറും വസ്തുതകൾ  മാത്രമായാൽ ഭാഷ ചത്ത പെരുമ്പാമ്പിനെപ്പോലെ കിടക്കും.എന്നാൽ ജീവൻ നല്കുമ്പോൾ ഭാഷയിൽ ഒരാൾക്ക് സ്വയം ഒളിപ്പിക്കാനാവും. ഭാഷ ഒരു കൂടാണ്, വീടാണ് ,പരിസ്ഥിതിയാണ് , പ്രകൃതിയാണ്, ആത്മാവാണ്, പുരാണമാണ്, ഭൂതകാലമാണ്, വർത്തമാനമാണ്, ഭാവിയാണ്, ഓർമ്മയാണ്, പുനർജനിയാണ്, വേദാന്തമാണ്, തത്ത്വചിന്തയാണ് , രതിയാണ്, ആകാശമുൾപ്പെടുന്ന പഞ്ചഭൂതമാണ് ,ദൈവമാണ്, ദൈവികേതരമാണ് ,ദൈവത്തിൻ്റെ അസംസ്കൃതവസ്തുക്കളാണ് , നിറങ്ങളാണ്, പുരാതനത്വമാണ്, നവീനതയാണ്, മതമാണ്, മനുഷ്യനാണ് …. ഈ അറിവിൽ ഒരാൾ എഴുതുമ്പോഴാണ്  ഭാഷ ജീവിതമാകുന്നത് .ഇങ്ങനെയാണ് സവിശേഷമായ Textual Reality  ഉണ്ടാകുന്നത്. ഇത് നമ്മൾ യാഥാർത്ഥ്യമെന്ന് വിവക്ഷിക്കുന്ന  അവസ്ഥയല്ല; അതിനുമപ്പുറമാണ്.
ഈ Textual Reality യുടെ സവിശേഷമായ വൈയക്തികതലത്തെ  ഒരു വ്യാജപരിപ്രേക്ഷ്യത്തിലേക്ക് മാറ്റുകയാണ് ഞാൻ സ്യൂഡോ റിയലിസത്തിലൂടെ ചെയ്തത്.

ഇവിടെ യാഥാർത്ഥ്യം എന്ന് ഞാൻ പ്രയോഗിക്കുന്നത് സംവേദനപ്രധാനമായ ഒരനുഭവമണ്ഡലം എന്ന അർത്ഥത്തിലാണ് .അതിനെയാണ്  ഞാൻ വ്യാജമാക്കിയത്. വ്യാജമെന്ന്  വിളിക്കുമ്പോഴും അത് 'യാഥാർത്ഥ്യ'മായി തന്നെ അനുഭവപ്പെടുകയാണ്. കല്പിത കഥ തന്നെ യാഥാർത്ഥ്യമല്ലെന്നിരിക്കെ ,അതിലെ Textual Reality വ്യാജമാകുന്നതിൻ്റെ പ്രസക്തിയെന്താണ് ? കഥ എൻ്റെ സ്വപ്നലോകമാണ്‌. സ്വപ്നത്തിൽ പലതും യുക്തിക്ക് കീഴടങ്ങിയല്ല  പ്രത്യക്ഷമാകുന്നത്. യുക്തി അവിടെ ഉപരിതലത്തിലില്ല .എന്നാൽ സ്വപ്നത്തിൽ വിഭ്രാമകയുക്തിയാണുള്ളത്. അത്  പുറത്ത് എവിടെയെങ്കിലും പരിഹരിക്കാവുന്ന വിഷയമല്ല. ഇതു തന്നെയാണ് വ്യാജയാഥാർത്ഥ്യത്തിൻ്റെ നിർമ്മിതിയിൽ എന്നെ സ്വാധീനിച്ചത്.അത് സാഹിത്യകൃതിക്ക് വെളിയിലുള്ള സമസ്യയല്ല. എന്നാൽ എൻ്റെ ആന്തരികാവസ്ഥയുടെ സമസ്യയാണ് .അതെൻ്റെ  വ്യവഹാരജീവിതമല്ല; സ്വപ്നംപോലെ ആകസ്മികമായി സംഭവിക്കുന്ന അവസ്ഥയുടെ കപ്പൽച്ചേതമാണ്.നേരിട്ട് കണ്ടതോ ,നേരത്തെ അറിവുള്ളതോ അല്ല ഞാൻ ‘ജലഛായ’ , ‘ശ്രീനാരായണായ’,’വാൻഗോഗിന് ‘ എന്നീ നോവലുകളിൽ  അവതരിപ്പിച്ചത്. അതെന്നിലെ അറിയപ്പെടാത്ത ഭൂഖണ്ഡമാണ്‌. അവിടെ കേവലയുക്തികളില്ല; ആപേക്ഷിക യുക്തികളേയുള്ളു. ഭാഷയിൽ ഉരുത്തിരിയുന്ന ഒരു അപര ജൈവലോകമാണത്. Textual Reality കഥയായി നിലനിൽക്കെത്തന്നെ ഞാൻ അതിനുള്ളിൽ മറ്റൊരു കല്പിത കഥ ആലോചിക്കുകയാണ് ചെയ്തത്. കഥയ്ക്കുള്ളിലാണ് ഈ വ്യാജയാഥാർത്ഥ്യം നിലകൊള്ളുന്നത്. യാഥാർത്ഥ്യം വ്യാജമാണെന്ന അറിവ് ഇതിന് പിന്നിലുണ്ട്. യാഥാർത്ഥ്യത്തെ ക്കുറിച്ചുള്ള ചിന്തയും വിമർശനവും അതിനെ മറ്റൊന്നാക്കുന്നു.

കഥാപാത്രസങ്കല്പം ചിതറി 

കഥാപാത്രങ്ങൾ ആരുടെയും വാർപ്പുമാതൃകകളല്ല; യാദൃച്ഛികതയും അവ്യക്തതയുമാണ് വ്യക്തികളുടെ കാര്യത്തിൽ നിർണായകമാകുന്നത്. ഒരു സ്ഥിരം സ്വത്വമോ ,സ്വഭാവമോ  ആർക്കുമില്ല. വ്യക്തിയെ ആർക്കും പ്രവചിക്കാനാവില്ലല്ലോ. കഥാപാത്രങ്ങൾക്കും ഇതു ബാധകമാണ്. ക്ലാസിക്കൽ കഥകളിലെ കഥാപാത്രസങ്കല്പം ചിതറിപ്പോയിരിക്കയാണ്. അവിടെ  കഥാപാത്രങ്ങൾ ഒരു നിശ്ചിത ക്ഷീരപഥത്തിൽ മുൻകൂട്ടി നിശ്ചയിക്കപ്പെട്ട ഘടനയിലാണ് നീങ്ങുന്നത്.ഇന്നത്തെ കഥാപാത്രങ്ങളിൽ കഥയുടെ ജ്വാലകളാണുള്ളത്.അവർ യഥാർത്ഥ വ്യക്തികളല്ല ;അവർ അകംലോകങ്ങളുടെ സന്തതികളാണ്. അതുകൊണ്ട് കഥാപാത്രങ്ങൾക്കും  വ്യാജസ്വഭാവമുണ്ട്. പ്രമേയവും എഴുത്തുകാരനും മൗലികസ്വഭാവമുള്ള സംഗതികളല്ല. പ്രമേയം നിർമ്മിതിയാണ്. എഴുത്തുകാരനാകട്ടെ , കേവലവ്യക്തിത്വമല്ല. ഇതെല്ലാം ചേരുമ്പോൾ തീർത്തും വിഭിന്നമായ ഒരു അന്തർലോകമുണ്ടാകുന്നു .

ഒരാശയത്തോടോ ,സ്വപ്നത്തോടോ, അനുഭവത്തോടോ എങ്ങനെ നിരുപാധികമായി സംവദിക്കുന്നു എന്നിടത്താണ് ഫിക്ഷനുണ്ടാകുന്നത്. പക്ഷേ ,ഇത് യുക്തിപൂർവമായ ഒരു പ്രതികരണമോ പരിഹാരനിർദ്ദേശമോ അല്ല; കല്പിതകഥയുടെ ഉറവിടം അജ്ഞാതമായിരിക്കുകയാണ്. ഒരു വസ്തു നമ്മളിലുണ്ടാക്കുന്ന സംവേദനം പരിവർത്തനാത്മകമാകാം, അല്ലെങ്കിൽ പ്രാചീനമായ വികാരങ്ങളുടെ പുനരുത്ഥാനമാകാം. ആ വ്യക്തിയുടെ നിർവ്വചനത്തിന് പുറത്താണ് അത് നിലനില്ക്കുന്നത്. ഭൂതകാലത്തിലെ നിസ്സഹായമായ മനുഷ്യരുടെ നിലവിളികൾ എനിക്ക് അനുഭവിക്കാൻ കഴിയുന്നതിൻ്റെ ഒരളവാണ് ഞാൻ ‘ജലഛായ’യിൽ കൊണ്ടുവരാൻ ശ്രമിച്ചത്. അതിലെ കുരുമുളക് മരണങ്ങൾ ,മുലയുത്സവം തുടങ്ങിയവ ചരിത്രത്തിനു സംഭവിക്കുന്ന രൂപാന്തരമാണ്‌. ചരിത്രം എന്നെ മുറിവേല്പിച്ചതിൻ്റെ അടയാളങ്ങളാണ് ആ അധ്യായങ്ങൾ. ‘സർപ്പങ്ങളുടെ കഥകളി ‘എന്ന അദ്ധ്യായം, എഴുതുന്നതിനു മുൻപ് എൻ്റെ മനസ്സിലുണ്ടായിരുന്നില്ല .അത് വേറൊരു കഥകളിയാണ് .കളിയും നിയമവും വേറെ .ആചാര്യൻമാരുടെ ശീലവും വ്യത്യസ്തമാണ്. ഇത് ‘ജലഛായ’യിൽ പ്രത്യക്ഷപ്പെടുന്ന വിവിധ പാഠങ്ങളിൽ ഒന്നാണ് .പുതിയ പാഠങ്ങളാണെല്ലാം .

സർപ്പങ്ങളുടെ കഥകളി 

സർപ്പങ്ങളുടെ കഥകളി വിവരിക്കുന്ന ഒരു ഭാഗം ചുവടെ ഉദ്ധരിക്കുന്നു:
‘വാസ്തവത്തിൽ മഴയിൽ കുതിർന്ന, ത്രസിച്ച മണ്ണിൽ നിന്ന് തിരിച്ച് മാളത്തിലേക്ക് കയറുന്നത് ഒരു വലിയ നിമിഷമാണ്. സമസ്ത സാഹസികതയും അവനവനോടുള്ള വാതുവെപ്പും അതിൽ അന്തർഭവിച്ചിട്ടുണ്ട്. അത് ആത്മഹത്യാപരമാണ്. എന്നാൽ  ജീവിതപരീക്ഷണവുമാണ്. അറിയാതെ പിടിക്കപ്പെട്ടാൽ ഒന്നുകിൽ മരണമെന്ന സർപ്പത്തിൻ്റെ പിടിയിലമരും .പാമ്പാട്ടികൾ കൊണ്ടുപോയാൽ ഒരിക്കലും ശീലിച്ചിട്ടില്ലാത്ത ,പൊതുസ്ഥലങ്ങളിലെ മേനിയഴകു പ്രദർശനമാവും ഫലം. സർപ്പസൗന്ദര്യത്തിൽ ആകൃഷ്ടരായി വരുന്നവരെ മദം കൊള്ളിക്കണം. അവർക്ക് കാമം തോന്നുന്നതുവരെ പുളയണം. പ്രായാധിക്യത്തിൻ്റെ രോഷമൊന്നും കാട്ടാൻ പാടില്ല. ആത്മസംയമനമാണ് സൗന്ദര്യത്തിൻ്റെ  രഹസ്യമെന്ന് തിരിച്ചറിഞ്ഞു കഴിഞ്ഞാൽ പിന്നെ ഒരിളക്കവുമുണ്ടാകില്ല. എതിർപ്പ്, ഏറ്റുമുട്ടൽ എല്ലാം പഴങ്കഥകളായി മാറിക്കൊള്ളും. പാമ്പാട്ടിയുടെ കൂടെ ജീവിതം സുഖകരവും സുരക്ഷിതവുമെന്ന് തിരിച്ചറിയണം. ഇത് ഈ ലോകക്രമത്തിൽ  ഉൾക്കൊള്ളേണ്ട അതിവിശിഷ്ടമായ ആവശ്യമാണ്.നടൻ ഈ സന്ദർഭത്തിൽ അഭിനയിക്കുകയല്ല ,ജീവിക്കുകയാണ് വേണ്ടത് .ചില നടന്മാർ -കിഴകൊമ്പ് വാസുപ്പിഷാരടി ,കോഴിപ്പള്ളി സുരേശപ്പണിക്കർ ,അർജുനൻമല  കേശവൻ നമ്പീശൻ തുടങ്ങിയവർ – ഈ സർപ്പകഥകളിയിൽ മുഴുകുകയാണെങ്കിൽ ശ്വാസമടക്കിപ്പിടിച്ചു വേണം നമ്മൾ കാണികൾ ഇരിക്കേണ്ടത്. ഏകാംഗമായും ദ്വയാംഗമായും സർപ്പകഥകളി ആടാറുണ്ട് ” .

മുകളിൽ ഉദ്ധരിച്ച ഭാഗം വ്യാജയാഥാർത്ഥ്യത്തിന് ഉദാഹരണമാണ്. ഇവിടെ സൂചിപ്പിച്ച കഥകളിയോ ചിട്ടയോ നടന്മാരോ ലോകത്തെവിടെയും ഇല്ല .തികച്ചും കഥാപരമാണത്. ഈ വ്യാജയാഥാർത്ഥ്യത്തിന് ‘ജലഛായ’യുടെ കഥാഘടനയിൽ ജൈവപരമായി ഇടപെടാനൊന്നുമില്ല. മുഖ്യകഥാപാത്രമായ ലൂക്കുമായി ഈ കഥകളിക്ക് ഒരു ബന്ധവുമില്ല.ലൂക്കിൻ്റെ നോവലിൻ്റെ ഒരു പ്രമേയമാണിത്. അയാളോട് ഒരാൾ സംഭാഷണ മധ്യേ വെളിപ്പെടുത്തുന്നതാണത്. ഈ കളി  ആവിഷ്കരിച്ചത് സംവിധായകൻ ജോൺ എബ്രഹാമാണെന്ന് ലൂക്കിൻ്റെ നോവലിൽ സാക്ഷ്യപ്പെടുത്തുന്നു.ഇതോടെ  വ്യാജയാഥാർത്ഥ്യം അതിൻ്റെ  സമ്പൂർണലീലയിൽ എത്തിക്കഴിഞ്ഞു. ഇതിൽ ഫാൻ്റസിയില്ല, പ്രതീകവാദവുമില്ല. കാരണം, ഫാൻ്റസി യിൽ തീർത്തും അയുക്തികമായ ഒരു പ്രമേയമായിരിക്കും ഉണ്ടാവുക. ഒരാളുടെ കൈ ആകാശത്തിലേക്ക് നീളുന്നതോ, താടിയിൽ ഉണ്ടായ അരിമ്പാറ ആനയോളം വളരുന്നതോ  അവിടെ പ്രതീക്ഷിക്കാം. എന്നാൽ ഇവിടെ വിവരണം യഥാതഥ നോവലിനു സമാനമാണ്. വ്യാജത്വത്തെയും അയാഥാർത്ഥ്യത്തെയും ഏറ്റവും വലിയ സത്യം എന്നപോലെ വിവരിക്കുകയാണ്. വായനക്കാരൻ അതിൻ്റെ കലാത്മകതയിൽ മുഴുകുന്നതോടെ  വ്യാജയാഥാർത്ഥ്യം പുതിയൊരു പാഠമാവുകയാണ്.’ജലഛായ’യിൽ എല്ലാ അധ്യായങ്ങളിലും ഇതുപോലെ വ്യാജയാഥാർത്ഥ്യങ്ങളുണ്ട്.

ഫ്രാൻസ് കാഫ്കയുടെ അപ്രകാശിതമായ കഥ രണ്ടു  അധ്യായങ്ങളിലായി വിവരിക്കുന്നത് വ്യാജം എന്ന നിലയിലാണ്. പക്ഷേ ,കഥയിൽ അത് യാഥാർത്ഥ്യമാണ്. രണ്ടു വർഗ്ഗത്തിൽപ്പെട്ട ഉറുമ്പുകൾ വ്യത്യസ്ത  സാംസ്കാരിക സവിശേഷതകളോടെ ജീവിക്കുന്നതും അവർ പോരടിക്കുന്നതും വ്യാജയാഥാർഥ്യമായാണ് നോവലിൽ ഇടം പിടിക്കുന്നത്.

‘ശ്രീനാരായണായ‘യിൽ പതിനഞ്ച് വ്യാജ എഴുത്തുകാരാണ്  പ്രത്യക്ഷപ്പെടുന്നത്. അവർ  എഴുതുന്നതിലെല്ലാം വ്യാജ പുസ്തകങ്ങളിൽ നിന്നുള്ള  ഉദ്ധരണികളുണ്ട്. ഗുരുവിനെക്കുറിച്ച് ചില അന്വേഷണങ്ങൾ നടത്താൻ വ്യാജയാഥാർത്ഥ്യമെന്ന കലാസങ്കേതം അനിവാര്യമായി വന്നു. ‘ശ്രീനാരായണായ ‘യിൽ  അഭിവാജ്യമായി നില്ക്കുകയാണ് ഈ സങ്കേതം.വ്യാജപാഠങ്ങളിലൂടെ നോവലിൽ കൊണ്ടുവരുന്ന കാര്യങ്ങൾ എഴുത്തുകാരനെന്ന നിലയിലുള്ള എൻ്റെ തേടലുകൾക്ക് അടിവരയിടുകയാണ്. എന്നെ അത്  ആത്മീയപാതയിൽ സഞ്ചരിക്കാൻ സഹായിക്കുന്നു. ജീവിതത്തിൻ്റെ അജ്ഞാതവും ഗഹനവും അതാര്യവുമായ ഭാവങ്ങളുടെ ആത്മീയ ധാരകൾ വിചിത്രമായിരിക്കും. അതിലേക്കുള്ള ഇടുങ്ങിയ വഴിയാണ്   ‘ശ്രീനാരായണായ ‘യിൽ അവലംബിച്ചത്.

താമരയെക്കുറിച്ച് പുതിയ പാഠം

താമരയെക്കുറിച്ച് ഭാരതത്തിലെ പല പ്രമുഖ കൃതികളിലും  പരാമർശിക്കുന്നുണ്ട് .വിഷ്ണു സഹസ്രനാമത്തിലും വേദങ്ങളിലും പുരാണങ്ങളിലും താമരയുണ്ട്. എന്തുകൊണ്ടാണ് താമരയ്ക്ക് ഇത്ര പ്രാധാന്യം കൈവന്നതെന്ന് ഞാൻ ഒരു സംസ്കൃതപണ്ഡിതനോടു തിരക്കി. അദ്ദേഹം പറഞ്ഞത് തൻ്റെ അറിവിൽ താമരയെക്കുറിച്ച് ഇത്തരത്തിലുള്ള ഒരാഖ്യാനം ഒരിടത്തുമില്ലെന്നാണ്. ഇതെന്നെ അസ്വസ്ഥനാക്കി. ഞാൻ കുറേ ദിവസങ്ങൾ അതിനെപ്പറ്റി ചിന്തിച്ചു. എനിക്ക് ഒരുത്തരവും ലഭിച്ചില്ല .എന്നാൽ ‘ശ്രീനാരായണായ ‘യുടെ രചനാവേളയിൽ ഒരു പുതിയ ടെക്സ്റ്റ് ഉണ്ടാവുകയായിരുന്നു. ഒരിടത്തും ഞാൻ ഇതുപോലൊന്ന്  വായിച്ചിട്ടില്ല .എൻ്റെ മനസ്സിൽ അതെങ്ങനെയോ രൂപപ്പെട്ടതായിരുന്നു.  മനുഷ്യമനസ്സിലേക്ക് കേന്ദ്രീകരിക്കാൻ കഴിയുമ്പോഴാണ് പല രഹസ്യങ്ങളും അഴിയുന്നത്. നോവലിൽ താമരപ്പൂവിനെക്കുറിച്ച് എഴുതിയ ദീർഘമായ അദ്ധ്യായത്തിലെ ഒരു ഭാഗം താഴെ ചേർക്കുന്നു:

“ഞാൻ ഇതിനെപ്പറ്റി ഡോ. വില്യമുമായി സംസാരിച്ചു. ഡോ. വില്യം നല്കുന്ന മറുപടി ഇതാണ്: ഗുരുവിനു മാത്രം കാണാനാവുന്ന താമരയാണിത്. ഇതളുകൾ അടയാളപ്പെടുത്താനെന്നോണം ദീപാങ്കുരങ്ങളുണ്ട്.ഓരോ ഇതളിലും ദീപാങ്കുരമുള്ളതിനാൽ ,പൂവ് താമര യാണെന്ന് ആകൃതിയിലൂടെ  മനസ്സിലാക്കാനാവും .ഗുരു ആ പൂവിനെ രാത്രിയുടെ വലിപ്പത്തിൽ തന്നെ ദർശിക്കുകയാണ്. അത് പ്രപഞ്ചനടനങ്ങളുടെ കുസുമാകാരപൂർണ്ണതയാണ്. ഒരു കർമ്മം ഇങ്ങനെ പൂവിൻ്റെ ആകാരത്തിലാണ് വിടരുന്നതെന്ന് അറിയാൻ നിമിഷനേരം മതി. അത് അദൃശ്യമായ ഒരു മഹാവലയാണ്. എല്ലാം അതിൽ കണ്ണി ചേർക്കപ്പെട്ടിരിക്കുന്നു. താഴെ അതിൻ്റെ തണ്ട് ഉണ്ടാകും. ആ തണ്ട് അസ്തിത്വമാണ്; നമ്മുടെയെല്ലാം പ്രതീതി, യാഥാർത്ഥ്യസമ്മിശ്രമായ അസ്തിത്വം. അതിന്മേലാണല്ലോ നാമെന്തും നിരസിക്കുന്നതും നിർമ്മിക്കുന്നതും. പിന്നീടുള്ളത് ജലത്തിൽ പൊങ്ങിക്കിടക്കുന്ന ഇതളുകളാണ് .അത് വർത്തമാനകാലമാണ്. ആ കാലം സ്വയമറിയാനുള്ള ഉരകല്ലുപോലെയാണ്. അതിനും മുകളിൽ ഇതളുകൾ ഒന്നിനു പിറകിൽ മറ്റൊന്നു എന്ന മട്ടിൽ ,ചുറ്റിനും പൊതിഞ്ഞ്, ഏറ്റവും അകത്തുള്ള ഇതൾക്കുരുന്നിനെ സംരക്ഷിച്ചു നിൽക്കുന്നു .ഓരോന്നും അതാതിൻ്റെ പങ്ക് നിറവേറ്റിയാൽ മതി. ഓരോ ഇതളിനും പ്രത്യേക നിലനില്പില്ല. അന്തർഭാഗത്തുള്ള ഇതളിനു മാർദ്ദവമേറും .അത് കേന്ദ്രമാണ്. അതാകട്ടെ നാൾതോറും വളരുകയാണ്. ഇതളുകൾ കാലം കഴിയുന്നതോടെ അടർന്നു വീഴുന്നു. ഏറ്റവും നടുക്കുണ്ടായിരുന്നതും വാടിപ്പോകുന്നു.മറ്റൊരു പൂവ് വിരിയുകയാണ്. രാത്രിയിൽ ഗുരു കണ്ടത് ,പ്രപഞ്ചകർമ്മങ്ങളുടെ ആവിർഭാവവും ,വികാസവും വിനാശവുമാണ് .പരസ്പരാശ്രിതവും ബന്ധിതവുമായ സമസ്തസൗന്ദര്യമാണത്. ഒന്നിൽതുടങ്ങി ,എണ്ണമറ്റ ശ്രംഖലകളിലേക്ക് ,വലക്കണ്ണികളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുന്നതിൻ്റെ ഒരു രൂപം അതാണെന്ന് കരുതാം. മുകുളങ്ങൾ വിടർന്ന് പൂവായി, അത് കൊഴിഞ്ഞു വീണ്ടും മുകുളങ്ങൾ, പൂവ് എന്നിങ്ങനെ .ഒരു പൂ വിരിയൽ പ്രതീകവൽക്കരിക്കുന്നത്, മനസ്സിൽ ഒരു ചിന്ത മുകുളമായി വിരിഞ്ഞ് പൂവായി പരിവർത്തിപ്പിക്കപ്പെടുന്നതിനെയാണ്. ശൂന്യതയിൽ നിന്ന് വിചാരകണങ്ങൾ പ്രത്യക്ഷപ്പെടുന്നു: അത് ജലോപരിതലത്തിൽ ഓളങ്ങൾ പോലെ പരക്കുന്നു. എവിടേക്കാണ് പോകുന്നതെന്ന് അറിയില്ല. അത് പോയാലും വീണ്ടും ഓളങ്ങൾ ജനിക്കുന്നു; മറയുന്നു .ഒരു ബിന്ദുവിൽ നിന്ന് നാനാവശങ്ങളിലേക്കും പോകുന്ന ഓളങ്ങൾ ,ഈ കഥയിൽ ഇതളുകളായി രൂപപ്പെടുകയാണ് ” .

ആശ്രയമാകുന്ന വ്യാജബിംബങ്ങൾ

ഈ ആഖ്യാനം Textual Reality യുടെ  തലമാണ്; അതേസമയം വ്യാജവുമാണ്. താമരയെക്കുറിച്ച് ഡോക്ടർ വില്യം പറയുന്നതാണ് നോവലിൽ ഉദ്ധരിക്കുന്നത്. അങ്ങനെയൊരാൾ ഇല്ലല്ലോ .അപ്പോൾ അതിൻ്റെ കർത്തൃത്വം നോവലിസ്റ്റിനു ഏറ്റെടുക്കേണ്ടിവരും. നോവലിസ്റ്റാകട്ടെ ,തൻ്റെ കർത്തൃത്വത്തെ പ്രത്യക്ഷത്തിൽ  നിരാകരിച്ചുകൊണ്ടാണ് വ്യാജ എഴുത്തുകാരെ സൃഷ്ടിച്ചിരിക്കുന്നത്. നോവലിസ്റ്റ് എന്ന വ്യക്തി ഇവിടെയില്ല; പകരം നോവലിസ്റ്റ് എന്ന വ്യാജബിംബം മാത്രമേയുള്ളൂ .ആ വ്യാജബിംബത്തിൽ നിന്നു തന്നെ പല വ്യാജബിംബങ്ങൾ ഉയർന്നു വരുകയാണ്.ഈ സങ്കേതം എനിക്കു അനിവാര്യമായി വന്നത് ,നിലവിലുള്ള ചരിത്രത്തിൽ നിന്ന് എനിക്കാവശ്യമായ വസ്തുതകൾ ലഭ്യമല്ലാതെ വന്നതുകൊണ്ടാണ്. വളരെ സാധാരണവും മറ്റുള്ളവർ കണ്ടെത്തിയതുമായ വസ്തുതകൾ എന്നെ ഉണർത്തുന്നില്ല,പ്രചോദിപ്പിക്കുന്നില്ല. അതിനു പകരം ഞാൻ അതേ ഊർജവും ജ്ഞാനശേഖരവുമുള്ള വ്യാജമുഹൂർത്തങ്ങളിലൂടെ സഞ്ചരിക്കുന്നു.

ഡച്ച് ചിത്രകാരനായ വിൻസൻ്റ് വാൻഗോഗിൻ്റെ ജീവിതത്തെ അതേപടി പകർത്തിവെക്കുന്ന നോവലല്ല ‘വാൻഗോഗിന് ‘.ഞാൻ അവിടെയും വ്യാജയാഥാർത്ഥ്യമെന്ന സങ്കേതമാണ് തിരഞ്ഞെടുത്തത്. ആദ്യ അദ്ധ്യായത്തിൽ തന്നെ ഇക്കാര്യം വ്യക്തമാക്കുന്നത് ഇങ്ങനെയാണ്:
“വാൻഗോഗ് മരണമടഞ്ഞ് മൂന്നു ദിവസത്തിനുള്ളിൽ ഫ്രാൻസിലെ ചില പത്രങ്ങളിൽ വന്ന റിപ്പോർട്ടുകളാണ് ഇവിടെ സമാഹരിക്കുന്നത്. തിയഡോർ എന്ന നോവലിസ്റ്റാണ് സവിശേഷതയാർന്ന അഞ്ച് ഖണ്ഡങ്ങൾ തെരഞ്ഞെടുത്തിരിക്കുന്നത്. ഇതിൽ ആദ്യത്തെ രണ്ടു റിപ്പോർട്ടുകൾ യഥാക്രമം നിക്കോളാസ് വിൽഹെം ,സ്റ്റാൻലി പയസ് , എന്നിവർ എഴുതിയതാണ്.  മൂന്നാമത്തേത് മാർസൽ യൂബേ എന്ന പത്രപ്രവർത്തകൻ വാൻഗോഗിൻ്റെ കലാജീവിതത്തിലെ ചില സംഭവങ്ങൾ ചേർത്തുവച്ച് എഴുതിയ ജീവചരിത്രവിവരണമാണ്.നാലാമത്തേത് ,വാൻഗോഗിൻ്റെ പ്രിയസുഹൃത്തും സഹവാസിയുമായിരുന്ന പോൾ ഗോഗിൻ്റെ ഡയറിയിൽ നിന്നുള്ള കുറേ ഭാഗങ്ങളാണ്. അഞ്ചാമത്തേത് വാൻഗോഗ് സ്വയം വെടിവെച്ച് മരിക്കുന്നതിനുമുമ്പ് തൻ്റെ മുറിയിൽ വന്ന അപരിചിതയോട്  സംസാരിച്ചതിനെ ആധാരമാക്കി പോൾ ഫയദോർ എന്ന ചലച്ചിത്രകാരൻ ഒരു പത്രത്തിന് നല്കിയ റിപ്പോർട്ടിലെ കുറച്ചുഭാഗമാണ്. മരണത്തിലേക്ക് നയിച്ച സംഘർഷം ഇതിൽ വ്യക്തമാണ്. ഇത്രയും തെരഞ്ഞെടുക്കുന്നത് വാൻഗോഗ് സ്വന്തം കാതു മുറിച്ചു എന്ന നുണ തിരുത്തുന്നതിന് വേണ്ടിയാണ്. അതിനുള്ള തെളിവുകൾ നിരത്താൻ റിപ്പോർട്ടുകൾക്കും ഗോഗിൻ്റെ ഡയറിക്കും കഴിയുമെന്ന് വിശ്വസിക്കുന്നു” .

വാസ്തവത്തിൽ ഇവിടെ സൂചിപ്പിച്ച റിപ്പോർട്ടുകളും റിപ്പോർട്ടർമാരുമെല്ലാം വ്യാജമാണ്‌.വാൻഗോഗ് മാത്രമേ സത്യമായുള്ളു. എന്നാൽ ജീവചരിത്രമല്ല  ഞാൻ അവലംബിക്കുന്നത്.വാൻഗോഗ് ജീവിക്കാനിടയുള്ള ചില മുഹൂർത്തങ്ങൾ ഞാൻ സൃഷ്ടിക്കുകയാണ്, ‘ശ്രീനാരായണായ ‘യിൽ ചെയ്തതുപോലെ.വാൻഗോഗിൻ്റെ ജീവിതത്തിൽ ശരിക്കും സംഭവിച്ച കാര്യങ്ങൾ മാത്രം എഴുതുന്നതിൽ കലയില്ല .അതിൽ എഴുതുന്നയാളിൻ്റെ  ലോകമുണ്ടാവുകയില്ല .ഞാൻ വാൻഗോഗിനെ നിരീക്ഷിക്കുകയാണ്. വാൻഗോഗ് ഒരു ഭാവനയാണ്. ഭാവനയുടെ പ്രമേയമാണ് .അത് ഇഴപിരിച്ചെടുക്കാൻ ഞാൻ യഥാർത്ഥമായ വസ്തുതകളല്ല തേടുന്നത്. അങ്ങനെയാണ് ഞാൻ വാൻഗോഗിൻ്റെ ജീവിതത്തെ അടിസ്ഥാനമാക്കി സൗന്ദര്യം അന്വേഷിക്കുന്നത്. എനിക്ക് കഥയാണ് വേണ്ടത്; യഥാർത്ഥവസ്തുതകളല്ല. യഥാർത്ഥവസ്തുതകൾ എല്ലാവരും ഗ്രഹിച്ചു കഴിഞ്ഞതാണ്. ഇനി വേണ്ടത് കല്പിതകഥയാണ്. വാൻഗോഗ് ഒരു ചരിത്രവസ്തുതയായിരിക്കെ ഇനി കഥയ്ക്കു മാത്രമേ കുരുക്കഴിക്കാനാവൂ. അറിയപ്പെടാത്ത, അജ്ഞാതമായ വാൻഗോഗ് ഉണ്ടായിരുന്നു .ഏതൊരു വ്യക്തിയിലും അങ്ങനെയൊരു അതാര്യത നിലനിൽക്കുന്നുണ്ട് .അത് നോവലിസ്റ്റിൻ്റെ ,കലാകാരൻ്റെ ഇടമാണ്. കലാകാരൻ പരീക്ഷണ വസ്തുവാക്കുന്നത് ഈ ഇടമണ്.

യാദൃച്ഛികമായി പ്രകൃതിയെ കണ്ടു 

വാൻഗോഗ് എന്ന വ്യക്തി ചരിത്രമാണെങ്കിൽക്കൂടി അതിൽ  വ്യാജഘടകങ്ങളുമുണ്ട് .ആരാണ് ആ വാൻഗോഗിൻ്റെ  ഉടമസ്ഥൻ ?വാൻഗോഗ് സൃഷ്ടിച്ച പ്രതിഛായയല്ല അത് ,കാണികളും വായനക്കാരും സൃഷ്ടിച്ചതാണ്.അത് തന്നെ ഏകമാനമല്ല. വാൻഗോഗിനു പോലും തന്നിലെ ഏതു ഘടകമാണ് അചഞ്ചലമായത് ,സ്വന്തമായത് എന്ന് നിശ്ചയമുണ്ടായിരുന്നില്ല. കാരണം തൻ്റെ കലാപ്രവർത്തിനിടയിൽ യാദൃച്ഛികമായാണ് അദ്ദേഹം പ്രകൃതിയെ കണ്ടെത്തിയത്;നിറങ്ങൾ  കണ്ടുപിടിച്ചത്.

അദ്ദേഹം സാഹിത്യകൃതികളിൽ നിന്നും പൂർവികരായ ചിത്രകാരന്മാരിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് അസ്തമയസൂര്യനെയൊക്കെ വരച്ചിട്ടുള്ളത്. വൻഗോഗിൽ, നാം  ഓരോരുത്തരിലുമെന്നപോലെ പലരാണ് ഉള്ളത് .പല ധാരകളാണ് ആ ചിത്രങ്ങളിലൂടെ ഉരുത്തിരിയുന്നത് .വാൻഗോഗ് എന്ന ഒരു ദൃഢവ്യക്തിത്വമോ ശിലാഖണ്ഡമോ ഇല്ല. അദ്ദേഹം വരച്ച ചിത്രങ്ങൾ നിശ്ചിതമായ അർത്ഥമുള്ള ,മുൻകൂട്ടി നിശ്ചയിക്കപ്പെട്ട ഘടനയിലുള്ള , മൂർത്തമായ വെറും  ആലേഖനങ്ങളല്ല ,കാൻവാസുകളല്ല. അത് കാലത്തിലൂടെയാണ് വീക്ഷിക്കപ്പെടുന്നത്.
 
ഒരാൾ കാണുന്നതും മറ്റൊരാൾ കാണുന്നതും തമ്മിൽ വ്യത്യാസമുണ്ട്. രണ്ടുപേർ കാണുന്നതോടെ രണ്ട് വീക്ഷണപാഠങ്ങളാണ് ഉണ്ടാകുന്നത്. ആയിരക്കണക്കിനാളുകൾ കാണുമ്പോൾ അത്രത്തോളം വീക്ഷണപാഠങ്ങൾ ഉണ്ടാകുന്നു.ഇതിനിടയിൽ കലാകാരൻ്റെ  വ്യക്തിത്വം എന്ന മൂർത്തരൂപമില്ലല്ലോ. ഇവിടെയാണ് വ്യാജയഥാർത്ഥ്യത്തെ  നിർമ്മാണസാമഗ്രി എന്ന നിലയിൽ ഞാൻ ഉപയോഗിച്ചത്. എനിക്ക് വാൻഗോഗിനെ തന്നെ ഒരു കല്പിതകഥയായി കാണണമായിരുന്നു. ആ ഫിക്ഷൻ വാൻഗോഗ് എന്ന ചരിത്രവസ്തുതയേക്കാൾ കലാവസ്തുവാണെനിക്ക്. വാൻഗോഗ് ഭക്ഷണശാലയിലിരിക്കുന്നതും തുടർന്ന് ഒരു ശവസംസ്കാരത്തിനു പോകുന്നതും എൻ്റെ കണ്ടെത്തലാണ്. ഇങ്ങനെ ഭാവന ചെയ്യുന്നത് കഥയുടെ സ്വാതന്ത്ര്യമാണ്. അത് വ്യാജമായാൽപോലും സാധ്യതയുടെയും  അനുഭവത്തിൻ്റെയും ബലമുണ്ട്. 

എമിലി സോളയുടെ ‘ദ് ഡെത്ത് ഓഫ് ഡെലാകെയർ ‘എന്ന കഥയിൽ മരിച്ചവൻ തൻ്റെ ശവസംസ്കാരം വീക്ഷിക്കുന്നതും ശവക്കല്ലറയിൽ നിന്ന് രക്ഷപ്പെടുന്നതും വിവരിച്ചിട്ടുണ്ട്. ഇത് വ്യാജയാഥാർത്ഥ്യത്തിനു സമാനമാണ്. കാരണം, മരിച്ചയാൾ തൻ്റെ സംസ്കാരം വീക്ഷിക്കില്ലല്ലോ. എന്നാൽ എമിലി സോളയ്ക്ക് ഇതാവശ്യമാണ് . വ്യാജയാഥാർത്ഥ്യത്തിലൂടെ യഥാർത്ഥ്യത്തെ തന്നെ കൂടുതൽ സത്യമാക്കുകയാണ് ചെയ്യുന്നത്.

‘വാൻഗോഗിന് ‘എന്ന നോവലിലെ വാൻഗോഗ് ശവഘോഷയാത്രയെ അനുഗമിക്കുന്ന ഭാഗം ചുവടെ  ഉദ്ധരിക്കുകയാണ്: ' ”ഓരോ  ശവത്തിനും മാത്രമല്ല, അതിനെ അനുഗമിക്കുന്നവർക്കും
ശവവുമായി സാമ്യമുണ്ടെന്ന് ഞാൻ കണ്ടെത്തി. പാത്രത്തിൽ ഒരു മീൻ ബാക്കി ഉണ്ടായിരുന്നെങ്കിലും, അതിനെ അനുഗമിച്ചാൽ മറ്റൊരു ചത്ത മത്സ്യമാകുമോ എന്ന് ശങ്കിച്ചതുകൊണ്ട് ഞാൻ എഴുന്നേറ്റ് വേഗം നടന്നു .കുറേ പിന്നിലായിരുന്നെങ്കിലും അവരെ തന്നെ ലക്ഷ്യംവെച്ചു. ചില ഗീതങ്ങൾ അവരിൽ ചിലർ ആലപിക്കുന്നുണ്ടായിരുന്നു. കാറ്റിൻ്റെ വിദൂഷകവൃന്ദം അതിനെ വലിച്ചെടുത്ത് ദൂരെ എവിടെയോ പറത്തിവിട്ടു.രണ്ടു ശവത്തിനു പിന്നാലെ പോയ ശവങ്ങളുടെ തൊട്ടടുത്തായി ഞാനുമെത്തി.അവർ കരയാനായി വാ തുറന്നു. ഭൗമാതീതമായ ഒരു വായ്ത്താരിയായി അത്  ആകാശത്തിൻ്റെ ദുരൂഹതകളിലേക്ക്  കുതിച്ചു. ഞാൻ അവരിലൊരു  ശവമായി, നിന്നിടത്തു തന്നെ നിന്നു. ആരുടെയും വികാരം അവനവനെയല്ലാതെ മറ്റാരെയും വഞ്ചിച്ചിട്ടില്ല. ഞാൻ ശവങ്ങൾക്കിടയിൽ ഒരഭയാർത്ഥിയായി കുഴിയിലേക്ക് നോക്കി.വിഷാദഭാരം  അത്രയ്ക്കുണ്ടായിരുന്നു. മരിച്ചവരെക്കുറിച്ചോർത്തായിരുന്നില്ല; ഈ യാത്രയിൽ അവർ എങ്ങനെയെല്ലാമാണ് ആ യഥാർത്ഥ ശവങ്ങളോട് സംസാരിച്ചതെന്നതിനെയോർത്ത്. ആ  സംസാരത്തിൽ നിന്നാണ് എനിക്കവരെ വരയ്ക്കേണ്ടിയിരുന്നത് ” .

സമയത്തിൻ്റെ ശരീരം

സൗന്ദര്യം ഒരു വിധിയായി സ്വീകരിക്കുകയാണ് എഴുത്തുകാരൻ. അയാൾക്ക് വേറെ മാർഗമില്ല. എങ്ങോട്ട് തിരിഞ്ഞാൽ വർത്തമാനകാല ജീവിതത്തിൻ്റെ  വക്കുപൊടിഞ്ഞ സത്യപ്രമാണങ്ങളെ  ധ്വംസിച്ചുകൊണ്ട് സൗന്ദര്യത്തിൻ്റെ  ലോകത്തിലെത്താമെന്നാണ്  ആലോചിക്കേണ്ടത്. അവിടെയാണ്  വ്യാജയാഥാർത്ഥ്യം സംഭവിക്കുന്നത്; അവിടെ Textual Reality സൗന്ദര്യത്തിൻ്റെ പാഠം തന്നെയാണ്. കൂടുതൽ സത്യാത്മകമായ ഒരു യാഥാർത്ഥ്യമാണത് .
രണ്ട് അട്ടകൾ പ്രേമിക്കുന്നതിനെക്കുറിച്ച് ഞാൻ എഴുതിയ കവിത ഇവിടെ ഉദ്ധരിക്കുകയാണ്: 

"വളരെ ദൂരം സഞ്ചരിക്കുന്ന 
ഒരു യാത്രയും
അട്ടകളുടെ ജീവിതത്തിലില്ല.
വളരെക്കുറച്ചുദൂരം
മന്ദം പോകുക എന്നത്‌
അവയ്ക്ക്‌ യാത്രയാണ്‌.

വേഗം വർദ്ധിപ്പിക്കാനുള്ള ഉപകരണമോ
വാഹനമോ ഇല്ലെങ്കിലും
സ്വന്തം വേഗതയിൽ
അവ ഗാഢമായി വിശ്വസിക്കുന്നു.
വേഗക്കുറവ്‌ അട്ടകൾക്ക്‌ വേഗമാണ്‌.

വേഗതയെ അവ ശരീരത്തിനോ കാലത്തിനോ
അപ്പുറത്തേക്ക്‌ നീട്ടുന്നില്ല.
വേഗത ,അവയ്ക്ക്‌ സ്വന്തം
ആകാരത്തിലും ഉടലിലും പറ്റിച്ചേർന്ന്‌
കിടക്കുകയും ,ആവശ്യപ്പെടുമ്പോൾ
മറ്റൊരു ഉരഗമായി ചലിച്ചു
തുടങ്ങുകയും ചെയ്യേണ്ട ഒന്നാണ്‌.

അട്ട ഒരിണയെ കാണുകയാണ്‌, ദൂരെ .
ആ ദൂരം ജീവിതത്തിലെ സമസ്ഥ
സമസ്യകളുടെയും ആകെത്തുകയാണ്‌.
മരണത്തിന്റെ അനിശ്ചിതാവസ്ഥയോ
യാദൃശ്ചികതയോ ഉണ്ടെങ്കിലും
നിസ്സംഗമായി അതിനെ നേരിട്ട്‌
ഇണയോട്‌ അടുക്കുകയാണ്‌.

ഇണയെ കാണുമ്പോൾ
വേഗം ഹ്രസ്വചലനങ്ങളായി ,
ധാന്യമണികളായി മാറുന്നു.
അട്ട ഇണയുടെ മുകളിൽ
വലിയൊരു രാഷ്ട്രം
നിർമ്മിക്കാൻ തുടങ്ങുന്നു.
അക്കാരണത്താൽ അത്‌ നീണ്ടുപോകും.

സമയം എത്ര നീണ്ടാലും
അട്ടയ്ക്കൊന്നുമില്ല .
സമയത്തിനുള്ളിൽ ചെയ്തു തീർക്കേണ്ട
യാതൊന്നും അതിന്റെ മുന്നിലില്ല .
സമയം അട്ടയ്ക്ക്‌
ഒരു തുറസ്സായ പ്രദേശമാണ്‌ ,
സ്വച്ഛന്ദമായ ജീവിതമാണ്‌ .
അത് സമയത്തിനുള്ളിലല്ല ,
അതിനുള്ളിലാണ് സമയം .

വേഗക്കുറവിനെ സമയത്തിന്റെ ശരീരമാക്കുന്ന അട്ടകൾക്ക്‌ 
പക്ഷേ ,അതിരുകളില്ല.

ഉയരമുള്ള മതിലിന്റെ ഓരത്ത്‌
താഴേക്ക്‌ വീഴുമെന്ന ഭയമില്ലാതെ
അട്ട ഇണയുടെ മുകളിലമർന്നിരിക്കുന്നു .
ആ മൈഥുനം നീണ്ടുനീണ്ടുപോകാനുള്ളതാണ്‌ .
അത്‌ പെട്ടെന്നു വറ്റിക്കാനള്ള ജലശേഖരമല്ല;
ജീവിതമെന്ന മൈഥുനമാണ്‌.
അട്ടയുടെ രതി വൈകാരിക പൂർത്തിയല്ല ,
ജീവിത സംവേദനമാണ്‌ .

തീവ്രമായ ഭൗതികാസക്തിയുമായി
അലയുന്നതിനു പകരം ,
ഇണയുടെ മുകളിലിരിക്കുന്നതാണ്‌
അതിന്റെ ജീവിതം.

ജീവിതം മറ്റെവിടെയുമില്ല ;
സ്വന്തം ഇണയുടെ മുകളിൽ –
സപ്തസ്വരങ്ങളുടെ നിശ്ശബ്ദതടാകങ്ങൾ ,
ഇന്ദ്രിയങ്ങളുടെ അറിയപ്പെടാത്ത ഘനമൗനങ്ങൾ .

ഇണയ്ക്ക്‌ മേലെ കിടന്ന്‌
സമയത്തെ അനുഭവമാക്കുന്നത്‌ ,
ആനന്ദത്തെ വേർതിരിച്ചെടുക്കുന്നത്‌
അട്ടയുടെ സൈബർ സ്പേസാണ്‌ .

അനുരാഗം ദീർഘിച്ച വ്യവഹാരമോ
കാമം ഒരിടത്തുവച്ച്‌ തീരുന്ന
ആവേഗമോ അല്ല ;
അത് മൈഥുന ക്രീഡയിൽനിന്നു
വേർപെട്ട്‌ വീഴുന്ന പാതാളക്കുഴിയാകാം .
പക്ഷേ, അതൊന്നും
അട്ടയെ ദുഃഖിപ്പിക്കുന്നില്ല" .

കവിതയിലും കള്ളം ആവശ്യമാണ്. ഒരു അട്ടയ്ക്ക് റോഡ് മുറിച്ചുകടക്കാമെങ്കിൽ അതിനു വ്യക്തി ജീവിതമുണ്ടെന്നാണ് അർത്ഥം. അങ്ങനെ അട്ടകളിൽ കവി ജീവിക്കാൻ തുടങ്ങുന്നു .കവിയുടെ വ്യാജജീവിതമാണത്. 




at March 29, 2022 No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest
Labels: m k harikumar

Saturday, March 26, 2022

സർവ്വസ്വ ആത്മന :/ബൃഹദാരണ്യകോപനിഷത് വായന /എം.കെ.ഹരികുമാർ/part 2

 


സർവ്വസ്വ ആത്മന :
ബൃഹദാരണ്യകോപനിഷത് വായന




മഹാസാരസ്വതമായ ബൃഹദാരണ്യകോപനിഷത്ത് വായിച്ചതിൻ്റെ അനുഭവം ആദ്യമായി കവിതയിൽ


 25

വാക്കുകൊണ്ട് അറിയപ്പെടുന്നതും
അറിയപ്പെടാനിരിക്കുന്നതും
ബ്രഹ്മമാണ്
അതിനാൽ അതെല്ലാം
ഒന്നുതന്നെയാണ്

ഇന്ദ്രിയങ്ങളിലൂടെ
നാമറിയുന്നു ,
ജീവിക്കുന്നു .
അതെല്ലാം ആനന്ദവുമാണ്
അതിനാൽ
അതെല്ലാം ഒന്നുചേരുന്നു ബ്രഹ്മത്തിൽ.

ഹൃദയത്തിൽ വസിക്കുക
ഹൃദയത്തെ ഉപാസിക്കുക

26

ഇന്ദ്രിയങ്ങൾ ഗ്രഹങ്ങളാണ്
അവയുടെ അറിവുകൾ അതിഗ്രഹങ്ങളും
മൃത്യുവിനോടുക്കുമ്പോൾ
ഗ്രഹങ്ങൾ
ഇല്ലാതാകുന്നു;
അത് പരമാത്മരൂപത്തിൽ
ലയിച്ചുചേരുന്നു

ശരീരമാണ് ഉപേക്ഷിക്കപ്പെടുന്നത്
അത് കാറ്റുകൊണ്ടു വീർത്തു നശിക്കുന്നു

ദേഹം ഒരു തിരിച്ചുപോക്ക്
നടത്തുകയാണ് ,
അതിൻ്റെ പ്രകൃതിയിലേക്ക് .
പ്രാണനാകട്ടെ
മൃത്യുവിനെ ജയിക്കുന്നു

27

കർമ്മങ്ങളുടെ ഫലം
പുരുഷനെ കാത്തിരിക്കുന്നു

മനസ്സുണ്ടാകണം
മനസ്സാണ്  
ശരീരമാകുന്നത്.  
ഇതിൽനിന്ന് ആനന്ദവും
ലഭിക്കണം

മനസ്സില്ലെങ്കിൽ കാമമില്ല
കാമത്തിൽനിന്ന്
ആനന്ദമുണ്ടാകുന്നു

ഭൂതങ്ങളിൽനിന്ന് സന്തോഷത്തെ ഉല്പാദിപ്പിക്കുന്നവൻ ജ്ഞാനിയാണ്

മനസ്സിനുള്ളിൽ ദേവനിരിക്കുന്നു
അത് ആനന്ദവുമാണ്

28

ദാഹിക്കുമ്പോൾ
ജലം പാനം ചെയ്യും
അപ്പോൾ ആനന്ദമുണ്ടാകുന്നു
മനസ്സാണ് ആനന്ദം

ആത്മാവ് ഇതൊന്നുമല്ല
അത് നഷ്ടപ്പെടാത്തതുകൊണ്ട്
ധൈര്യമായിരിക്കാം

അത് പൊടിയല്ല
ദു:ഖിക്കുകയുമില്ല
അതൊരു വാഹനമാണ്

സകല ഇന്ദ്രിയങ്ങളാലും
പ്രകാശിതമാകാത്ത
ഒരാത്മാവുണ്ട് .

അതാകട്ടെ ദേഹത്തിൽ
എപ്പോഴുമില്ല

ദേഹം ഉപേക്ഷിക്കപ്പെടുമ്പോൾ നാമതിനെ ജഡം എന്നു വിളിക്കും
ആ ദേഹത്തിൽ ആത്മാവിന്
ഇടമില്ല

29

മനസ്സ് ചിന്തയിൽ
മുഴുകുമ്പോഴും
അത് ഭൗതികമാണ്
അതിൽ ആത്മാവ്
എങ്ങനെ സ്വയം പ്രകാശിക്കും ?

ആത്മാവ് ശരീരത്തിനും
മനസ്സിനുമിടയിൽ
നിർവ്വചിക്കാനാവാത്ത വിധം
ഒരിടമുണ്ടാക്കിയിരിക്കുന്നു

ദേഹത്തിലെ രക്തചംക്രമണവും  
മനസ്സിലെ മനനവും
ഈ ആത്മാവിൻ്റെ
പ്രതീതിയാഥാർത്ഥ്യത്തിൽ  നിലനിൽക്കുകയാണ്

30

ആത്മാവിനെ തൊടണോ ?
ബുദ്ധിയുടെയുള്ളിൽ
ഒരു ദേവനുണ്ട് ;
കാഴ്ചയുടെയുള്ളിലും .

അഞ്ച് ഇന്ദ്രിയങ്ങളുടെയും
ഉള്ളിൽ ഒരാളുണ്ട്
അവനെ പുരുഷൻ എന്നു
വിളിക്കാം;
അല്ലെങ്കിൽ സ്ത്രീയെന്നും.

അത് ഒരു
ഉൾപ്രകാശമാണ് .
ആ പ്രകാശത്തിൻ്റെയെല്ലാം  ആകത്തുക ഒരു വിവേകമാണ്.
അത് ആത്മാവാണ്
ഈ ആത്മാവ്
ഇന്ദ്രിയങ്ങളല്ല .

31

ആത്മാവ് ശരീരത്തിലെത്തുന്നത്
ജനനവും
വിട്ടുപോകുന്നത് മരണവുമാണ്.

ഈ ദേഹം
പൂർവ്വകാലജീവിതസംസ്കാരങ്ങളുടെ
സൃഷ്ടിയാണ്

പാപങ്ങളെയും പുണ്യങ്ങളെയും
വേർതിരിക്കാൻ കഴിയുന്നുണ്ടെങ്കിൽ
അതിൻ്റെ പരിണാമവും
സുവ്യക്തമാണ് .

സ്വപ്നത്തിൽ ആത്മാവ് പൂർവകാലത്തെയാണ്  
ഉപന്യസിക്കുന്നത്
സ്വപ്നശരീരം
അവിടെയാണുള്ളത്
അതിനാകട്ടെ ,
യഥാർത്ഥശരീരത്തോടോ മനസ്സിനോടോ ബന്ധമില്ല

32

ഈ ശാരീരികജീവിതത്തിനും  
ശരീരാന്തരജന്മത്തിനുമിടയിൽ സ്വപ്നത്തിൻ്റെ  
ഒരിടനാഴിയുണ്ട്
ഈ ജന്മത്തിനും
അടുത്ത ജന്മത്തിനും  
ഇടയിലുള്ള ഇടം

സ്വപ്നത്തിൽ ആത്മാവ്
ലീലയിലാണ്
 
അത് പുറത്തേക്ക്
സഞ്ചരിക്കുകയാണ്
അതിനു അവിടെ പ്രത്യക്ഷരൂപങ്ങൾ വേണം

ഉണരുമ്പോൾ ഭൗതികമായ  ഇന്ദ്രിയങ്ങൾ എന്ന  വാതിലുകളിൽക്കൂടി
അകത്തേക്ക് വന്ന് പൂർവസ്ഥിതിയിൽ എത്തുന്നു

സ്വപ്നത്തിൽ ,ആത്മാവിനു
ഇന്ദ്രിയങ്ങൾക്ക് പകരം
വേറൊരു ശരീരത്തെ സൃഷ്ടിക്കാനാവുന്നു
ഇതാകട്ടെ ,സ്വപ്നത്തിനുശേഷം ഉപേക്ഷിക്കപ്പെടുന്നു

33

ആത്മാവിന് പുറംലോകത്തിൻ്റെയോ അകംലോകത്തിൻ്റെയോ കോലാഹലങ്ങൾ ആവശ്യമില്ല
അത് അകമേയുള്ള രസമായിരിക്കുകയാണ്

എല്ലാ കാമങ്ങളും ആത്മാവിൽ ലയിച്ചിരിക്കുന്നതാകയാൽ
വേറൊരു കാമത്തെ
തേടേണ്ടതില്ല

നമ്മളിൽ നിന്നു ഭിന്നമായി
വെറൊന്നുമില്ല ;
ഉണ്ടെന്നു തോന്നുമ്പോൾ
അതിന് മണമുണ്ട് ,
രൂപമുണ്ട്,
സ്വഭാവമുണ്ട് ,
ശബ്ദമുണ്ട് ,
അർത്ഥമുണ്ട് .

34

ആത്മാവിനു ശുദ്ധമാകാൻ കഴിയുന്നിടത്താണ് സുഷുപ്തി:
അവിടെ അവിദ്യയില്ല,
ദ്വയമില്ല ,
ക്ഷണികലോകങ്ങളില്ല .
 
അവിടെ പരമമായ ആനന്ദമുണ്ട്
ആനന്ദത്തിന് ഉപാധിയുമില്ല

എല്ലാവരുടെയും ആനന്ദം ഒരുപോലെയല്ല

മനുഷ്യരിൽ തന്നെ
പലതരം ആനന്ദം അനുഭവിക്കുന്നവരുണ്ട്
സർവ്വഭോഗങ്ങളും നേടിയവൻ്റെ  
ആനന്ദത്തേക്കാൾ
വലിയ ആനന്ദമുണ്ട്
അതാണ് ആത്മസുഖം

പരമമായ ആനന്ദത്തിൻ്റെ
അനേകം ഇതളുകളിലൊന്നു
മാത്രമാണ്
കേവലമായ ഭോഗാനന്ദം;
ഭോഗാനന്ദം നഷ്ടപ്പെട്ടുകൊണ്ടിരിക്കും.
 
35

ഇത് ലിംഗശരീരമാണ്
ഇതിൽ ലിംഗാത്മാവ് വസിക്കുന്നു
എന്നാൽ ദേഹം നശിക്കുന്നതോടെ അവിടം വിട്ട് മറ്റൊരിടത്തേക്ക് പോകുന്നു

ഈ ലിംഗാത്മാവ് ഓരോ അവയവത്തിലുമുണ്ടായിരുന്നു

36

കർമ്മങ്ങൾക്ക് യോജിക്കുന്ന ശരീരത്തെ തേടിവരുകയാണ് ആത്മാവ് അതിനെ സകലഭൂതങ്ങളും സ്വീകരിക്കുകയാണ്.
കർമ്മഫലങ്ങൾക്ക് വേണ്ടിയാണ്
ശരീരം

ശരീരം ദുർബ്ബലമാകുമ്പോൾ
ആത്മാവ് അതുപേക്ഷിക്കുന്നു
പിന്നീട് ,അതിനു പറ്റിയ
മറ്റൊരിടം തിരഞ്ഞെടുക്കുന്നു.
പൂർവ്വസംസ്കാരങ്ങൾക്ക്
ഇണങ്ങുന്ന തരത്തിലുള്ള
കർമ്മഫലങ്ങളെ പ്രാപിക്കാനുള്ള ശരീരത്തിലേക്ക് ആത്മാവെത്തുന്നു.

ദേഹം അതിനെ സ്വീകരിക്കുന്നത്
കർമ്മഫലങ്ങളുടെ അനുസ്യൂതിക്ക്  വേണ്ടിയാണ്

37

ആത്മാവ് ദേഹം വിടുന്നത്
ഒരു നാടകമാണ്
ഒരു ഐഹികാനൈഹിക
നാടകം

ഇന്ദ്രിയങ്ങൾ പിൻവാങ്ങുകയാണ് അവയുടെ
മൂലദേവതകളിലേക്ക്

ആത്മാവ് ഹൃദയത്തിൽ
ഇടംനേടുന്നു

കണ്ണ് ലിംഗാത്മാവിലേക്ക്
ലയിക്കുന്നു,
അതുകൊണ്ട് കാഴ്ചയില്ല.
മൂക്ക് ലിംഗാത്മാവിലേക്ക് ,
അതുകൊണ്ട് ഗന്ധമില്ല.
നാക്ക് ലിംഗാത്മാവിലേക്ക്, അതുകൊണ്ട് രുചിയില്ല.
കാത് ലിംഗാത്മാവിലേക്ക് ,
അതുകൊണ്ട് കേൾക്കുന്നില്ല .
മനസ്സ് ലിംഗാത്മാവിലേക്ക്,
അതുകൊണ്ട് ചിന്തയില്ല .
ത്വക്ക് ലിംഗാത്മാവിലേക്ക്,
അതുകൊണ്ട് സ്പർശമില്ല.
ബുദ്ധി ലിംഗാത്മാവിലേക്ക്;
അതുകൊണ്ട് യുക്തിയില്ല.

ഇതിൻ്റെ ഫലമായി
ഹൃദയത്തിനുള്ളിൽനിന്ന്
ആത്മാവ് പുറത്തുപോകുന്നു;
കണ്ണുകളിലൂടെയോ  
ശിരോഭാഗത്തുകൂടെയോ .

38

ആത്മാവ് ഒരു ദേഹത്തെ
ഉപേക്ഷിച്ച്
മറ്റൊന്നിലേക്ക് പോകുന്നു.

ഒരട്ട പുല്ലിലൂടെ സഞ്ചരിക്കുന്നു
ഓരോ ഘട്ടത്തിലും
അത് ഇലയിൽ നിന്ന് ഇലയിലേക്ക്
കടക്കുന്നു

ഒരു പുല്ലിൻ്റെ
അഗ്രത്തിൽനിന്ന്
മറ്റൊന്നിലേക്ക്
പ്രവേശിക്കുമ്പോൾ
ശരീരം അതിനനുസരിച്ച്
ചുരുണ്ടു നിവരുന്നു

ഒരു ദേഹം
നിർജ്ജീവമാകുന്നതോടെ
ആത്മാവിൻ്റെ പ്രയാണമാരംഭിക്കുന്നു;
മറ്റൊരു ശരീരത്തിലേക്ക് .

39

സ്വർണാഭരണം പണിയുന്നയാൾ സ്വർണ്ണംകൊണ്ട്
പല ആഭരണങ്ങളുണ്ടാക്കുന്നു . പുതിയ സ്വർണരൂപങ്ങൾ ഉണ്ടാക്കുന്നു .
അതുപോലെ ആത്മാവ്
ഒരു ദേഹത്തെ
നിർവീര്യമാക്കി ,
മറ്റൊന്നുണ്ടാക്കുന്നു .
അതോടെ പുതിയ രൂപത്തിൽ
ജീവിതമുണ്ടാക്കുന്നു .
പഴയ ശരീരം
നഷ്ടസ്മൃതിയാകുന്നു.

ആത്മാവ് പഞ്ചഭൂതങ്ങളെ അന്വേഷിക്കുന്നു
അതിന് കാമക്രോധ മോക്ഷങ്ങൾ വേണം .

അത് ക്രോധവുമാണ്
സ്നേഹവുമാണ്
ധർമ്മവുമാണ്
അധർമ്മവുമാണ്

കാമങ്ങളാണ് ജനിക്ക്
കാരണം.
ശരീരത്തിൽ വസിച്ച്
നാം ചെയ്യുന്നതിന് ഫലങ്ങളായി
അടുത്ത ജന്മത്തിൽ കാമങ്ങളെത്തന്നെ ലഭിക്കുന്നു.

കാമങ്ങളുണ്ടായിരിക്കുന്നത്
ജന്മങ്ങൾക്ക്
കാരണമാകുകയാണ്

കാമങ്ങളെ വർജിച്ചവനു
ഫലങ്ങളുമില്ല .

ആത്മാവിൽ തന്നെ
കാമം വ്യയം ചെയ്യണം
അങ്ങനെ കാമം ആത്മാവായി  രൂപാന്തരപ്പെടുന്നു.

40

സംസാരചക്രത്തിൽ
മോചനത്തിനായി
ജ്ഞാനത്തെ തന്നെ പ്രാപിക്കണം

ആത്മാവിൽനിന്ന്
അന്യമല്ലാതെ ആയിത്തീരണം

ജ്ഞാനിക്ക് കാമമില്ല
അതുകൊണ്ട് ജനിയുമില്ല.

സർപ്പത്തിൻ്റെ പടംപോലെ,
കാമങ്ങൾ ഒന്നൊന്നായി  കൊഴിയുമ്പോൾ ,
ആത്മാവ് മാത്രം ശേഷിക്കുന്നു .

41

ന്യൂനീകരണമാണ്
സമ്പത്ത് .
സങ്കലനമല്ല.
 
സങ്കലനങ്ങൾ
ധനമായാലും
സൗന്ദര്യമായാലും
വ്യഥകളായാലും
പ്രണയങ്ങളായാലും കാമങ്ങൾ തന്നെയാണ്

അത് വീണ്ടും സങ്കടരൂപങ്ങളായി
മാറുന്നു

ഒന്നിൽനിന്നു വിടുതൽ തേടി
ഉള്ളിലേക്ക് തന്നെ മടങ്ങിയെത്തുമ്പോൾ
നാം പുതുതാകുന്നു

ആത്മാവ് ഒരു സ്വൈരശാന്തതയാണ്;
അത് ഏറ്റവും
താഴ്ന്ന മൂല്യമുള്ള സംഖ്യയാണ് .
എന്നാൽ അത് പൂജ്യമല്ല

42

ന്യൂനമൂല്യങ്ങൾക്ക്
അന്തമില്ല
മൂല്യങ്ങൾ കുറയുന്നത്
അനന്തമായി നീളുന്നു .

ആത്മാവിൻ്റെ  
അനന്യമായ ഏകതയിൽ
അത് നിശ്ചലമാകുന്നു .

ഒരു ഘട്ടത്തിൽ
ശരീരികളായ നമ്മൾ
അശരീരികളായി
അനുയോജ്യപഞ്ചഭൂതങ്ങളെ
തേടുന്നു

യാത്ര ,
അനുയാത്ര,
വീണ്ടും യാത്ര,
അനുയാത്ര.
 
കൂടുപേക്ഷിച്ച്
പുതിയ കൂട്ടിലേക്ക് .

പുതിയ മനുഷ്യരായി ,
പുതിയ ജീവികളായി
ജീവിച്ചുകൊണ്ടേയിരിക്കുന്നു.

കാമജീവിതങ്ങൾക്ക്
നിതാന്തയാത്രകളാണുള്ളത്

പല ജീവികളായി
മനുഷ്യരായി നമുക്ക് ജീവിക്കാം .
പ്രാപഞ്ചികമായ
അനാസക്ത തൃഷ്ണകൾ

കാമം തന്നെയാണ് മൃത്യു
കാമങ്ങൾ ഇല്ലാതാവുമ്പോൾ
മൃത്യുവും ഇല്ലാതാവുകയാണ്
ഈ ശരീരത്തിൽ തന്നെ
മരണമില്ലാതെ ജീവിക്കാം .

43

ജ്ഞാനരഹിതമായ ഉപാസന ,
ആരാധന,
പൂജ
എന്നിവ വ്യർത്ഥമാണ് .

ഉപാസനയിലൂടെ
ജ്ഞാനമുണ്ടാവണം.

ആത്മാവാണ് താനെന്ന്
അറിയുന്നതോടെ
മറ്റെല്ലാം മറയുന്നു
 
ശരീരവും ദുഃഖവും
ഓളങ്ങൾ മാത്രമാകുന്നു;
അന്യരായി വേറൊന്നുമില്ല

ശരീരത്തിലെ ആത്മാവ് സത്യമാണോ എന്ന ചിന്ത
സന്ദേഹവും ദുഃഖവുമായി ഇഴപിരിയുന്നു

പലവഴികളിലൂടെ അലഞ്ഞാലും
ഉത്തരം കിട്ടണമെന്നില്ല
ആത്മാവ് അനന്യമാണെന്ന് അറിയുമെങ്കിൽ
പിന്നെ എല്ലാം നാം തന്നെയാണ്.

44

ശരീരത്തിനുള്ളിൽ
നമ്മൾ തന്നെ തപ്പിത്തടയുന്നു ,
വലിയ തടവറകളിൽ
പുറത്തേക്കുള്ള വാതിൽ കാണാതെ
ചുറ്റിത്തിരിയുന്നപോലെ

പഞ്ചഭൂതങ്ങളാൽ നിർമ്മിതമായ ശരീരത്തിനുള്ളിൽ
ആത്മാവ് ആകാശമായിരിക്കുന്നു
 
ജീവിതം ആദ്യം നാനാത്വത്തിലേക്ക്
പോവുകയാണ് ,
പലതായി പലതും
സാക്ഷാത്കരിക്കാൻ .

എന്നാൽ മിഥ്യകളായി
നാനാത്വതത്ത്വങ്ങൾ
എരിഞ്ഞമരുമ്പോൾ
തിരിച്ചുനടക്കുകയാണ്
ഏകത്വത്തിലേക്ക് .

ഏകത്വം ആകാശമാണ്
രൂപരഹിതമാണത് ,
ജനനരഹിതവും
മരണരഹിതവുമാണ്.

45

ആത്മാവ് ശിരസിലല്ല,
ഹൃദയാന്തർഭാഗത്താണുള്ളത്

പൂവിൻ്റെ സൗന്ദര്യവും
കുഞ്ഞിൻ്റെ ചിരിയും
കന്നുകുട്ടിയുടെ കളിയും
കാറ്റിൻ്റെ സാരോപദേശവും
ജീവിതയാതനയും
ഹൃദയാന്തർഭാഗത്തേക്ക്
നേർത്ത് നേർത്ത് വരികയാണ്

എല്ലാ ഭൂതങ്ങളുടെയും
അപ്രകാശിത ദൈവം
അവിടെയാണുള്ളത് .

ഒരു വാക്ക് ഉച്ചരിക്കപ്പെട്ടശേഷം
അവിടേക്ക് പോയി
ലയിക്കുന്നു.

ഒരു ചിന്ത ഉയരാൻ കൊതിച്ചു, പിൻവാങ്ങുന്നത് അവിടേക്കാണ്.

പാപപുണ്യങ്ങളില്ലാത്ത അവിടെ
ഇന്ദ്രിയങ്ങളുടെ അതിർത്തി
പൂർവ്വനിശ്ചിതമാണ് .
ആത്മാവ് അവിടേക്ക് വ്യാപിച്ചിരിക്കുന്നു

46

സർവ്വതും കളഞ്ഞ്
ഒരുവൻ
ഈ ആത്മാവിനെ
അറിയുന്നു .

അവനു പിന്നീട് ഈ ലോകം തന്നെ ഒരാശയമല്ല

യാതൊന്നും തേടാൻ  
ബാക്കിയില്ലാതാവുകയാണ്

ആത്മാവിൻ്റെ പ്രകാശിതരൂപമായ
ഒരുവനാണ് എല്ലാം ഉപേക്ഷിച്ചവൻ

അവൻ സ്വന്തം ശരീരത്തെ
അതിനുള്ള പരിഹാരമാക്കുന്നു

47

പ്രപഞ്ചം തന്നെയാണ് ശരീരം
 
ശരീരത്തിൽ ജലമുണ്ടല്ലോ ,
വായുവുമുണ്ട് .
അഗ്നിയുണ്ട് ,
ദഹിപ്പിക്കാൻ .
ആകാശമുണ്ട്,
മനസ്സിൻ്റെ അനന്തമായ ലോകമായി.

മണ്ണില്ലാതെ അന്നമില്ലല്ലോ

എല്ലാ ഭൂതങ്ങളും
പ്രാണനിൽ രമ്യതയോടെ
വസിക്കുന്നു

അന്നമില്ലാതെ
പ്രാണനില്ല .
പ്രാണനില്ലെങ്കിൽ
അന്നം ജീർണിക്കുന്നു

48

"ഹിരണ്മയേന പാത്രേണ
സത്യസ്യാപിഹിതം മുഖം"

സത്യത്തിൻ്റെ മുഖം സ്വർണംകൊണ്ടുള്ള പാത്രത്താൽ മറയ്ക്കപ്പെട്ടിരിക്കുന്നു.

പ്രാണൻ കണ്ണുകളിലുണ്ട് ,
മനസ്സിലുണ്ട് ,
ചിന്തകളിലുണ്ട് ,
ശബ്ദത്തിലുണ്ട് ,
വാക്കിലുണ്ട് ,
ബീജത്തിലുണ്ട്

പ്രാണൻ്റെ ഭക്ഷണം
എന്താണ് ?
കൃമികീടങ്ങൾ തുടങ്ങി മറ്റെല്ലാം ഭക്ഷണമാണ് .
ജലമാണ് ആവരണം .

എല്ലാത്തിൻ്റെയും ആത്മാവാണ്
പ്രാണൻ .

ജലത്തിൽ സ്പർശിക്കൂ
പ്രാണനെ അറിയൂ

49

പുരുഷൻ തീയാണ്
അവൻ വായകൊണ്ട്
തീപിടിപ്പിക്കുന്നു
വാക്ക് ജ്വാലയാകുന്നു
പ്രാണൻ പുകയും

കണ്ണ് കനലുകളെ പേറുന്നു  ചെവിയിൽ അഗ്നിസ്ഫുലിംഗങ്ങളും

ഈ തീയിലാണ് ഭക്ഷണം
പാചകം ചെയ്യുന്നത് .
അങ്ങനെ ബീജമുണ്ടാകുന്നു

അഗ്നിയല്ലാത്തതായി
യാതൊന്നുമില്ല -
സൂര്യൻ ,പകൽ ,
ദിക്കുകൾ ,
മേഘങ്ങൾ ,മഴ ,
മണ്ണ് ,ലിംഗം ,വാക്ക്,
സ്ത്രീ,
എല്ലാം അഗ്‌നി തന്നെ.

50

മരണാനന്തരം ഒരുവനെ
അഗ്നി ഏറ്റെടുക്കുന്നു
അവൻ അഗ്നിയായി മാറുന്നു.
അവൻ വീണ്ടും ജനിക്കുന്നു

മരണാനന്തരം അവൻ
ചന്ദ്രനെ പ്രാപിക്കുന്നു
അവിടെ ഭക്ഷണമായിത്തീരുന്നു
അവനെ ദേവന്മാർ സ്വന്തമാക്കുന്നു
കർമ്മഫലം തീരുന്ന മുറയ്ക്ക്
അവൻ ആകാശത്തെ പ്രാപിക്കുന്നു
 
പിന്നീട് അവൻ ഭൂമിയെ പ്രാപിക്കുന്നു,  മണ്ണിൽ അന്നമായിത്തീരുന്നു

പിന്നീട് പുരുഷനാകുന്ന തീയിൽ
വേവുന്നു
പിന്നീട് സ്ത്രീയാകുന്നു
തീയിൽ വേവുന്നു,
ജനിക്കുന്നു

51

ഭൂതങ്ങളുടെ ഫലമാണ്
മണ്ണ്
മണ്ണിൻ്റെ ഫലമാണ്
ജലം
ജലത്തിൻ്റെ ഫലമാണ്
ഔഷധങ്ങൾ
ഔഷധങ്ങളുടെ ഫലമാണ്
പൂക്കൾ
പൂക്കളുടെ ഫലമാണ്
പഴങ്ങൾ
പഴങ്ങളുടെ ഫലമാണ്
പുരുഷൻ
പുരുഷൻ്റെ ഫലമാണ്
ബീജം

52

രോഗപീഢ തപസ്സാണ്,
രോഗശുശ്രൂഷയും.
ഈ അറിവു തന്നെ
പാപമുക്തിയാണ്

മൃതദേഹം ചുമക്കുന്നത്
തപസ്സാണ്
 
മൃതദേഹം ദഹിപ്പിക്കുന്നത്
തപസ്സാണ്

53

ആത്മാവിനെക്കുറിച്ച്
ചിന്തിച്ച്
നാം ഓരോന്നിനെയും
തള്ളിക്കളയും ...
നേതി നേതി

ഇതുവരെ കണ്ടതല്ല
കേട്ടതല്ല
അറിഞ്ഞതല്ല
രുചിച്ചതല്ല
തൊട്ടതല്ല
മണത്തതല്ല
സ്നേഹിച്ചതല്ല,
അറിഞ്ഞതിനെ അറിയാനുളള
അറിവാണത് 


part 1

at March 26, 2022 No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest
Labels: part 2
Newer Posts Older Posts Home
Subscribe to: Posts (Atom)

അക്ഷരജാലകം ഇരുപത്തിയഞ്ച് വർഷങ്ങൾ പിന്നിട്ടിരിക്കുന്നു: എം. സി. രാജനാരായണൻ

  ഇന്ത്യയിലെ പ്രശസ്ത സിനിമാ വിമർശകനും ഫിപ്രസി അംഗവും ഗ്രന്ഥകാരനുമായ എം.സി. രാജനാരായണൻ എഴുതുന്നു പ്രചാരവും സ്വീകാര്യതയും നിലനിർത്തിക്കൊണ്ട്‌ ...

  • കുരീപ്പുഴയുടെ ഉപരിപ്ളവം /എം.കെ.ഹരികുമാർ
      സർവ്വക്രമവും തെറ്റിച്ച് ,സ്വന്തം പാതയിൽ അനന്യതയെയും  അനന്തതയെയും സംയോജിപ്പിക്കുന്നവനാണ് കവി.  അങ്ങനെയുള്ളവർക്കേ കവിയാകാൻ കഴിയൂ. സ്വന്തം ...
  • എം.കെ.ഹരികുമാർ വിഷുപ്പതിപ്പ് 2022
      എം.കെ.ഹരികുമാറിൻ്റെ  ലേഖനങ്ങൾ ഉത്തര- ഉത്തരാധുനികത   ഉപഭോഗവും വിദ്വേഷവുംകൊണ്ടു നിർമ്മിച്ചെടുക്കുന്ന മാനുഷികമിഥ്യകൾ  വസ്തുവിൻ്റെ അസ്തിത്വത്...
  • ഉത്തര-ഉത്തരാധുനിക കവിത /എം.കെ.ഹരികുമാർ
      പ്രണയമോ അപ്പമോ പോലെ കവിത പ്രധാനമല്ലെന്ന് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഒരു പ്രമുഖ കവിയും ബ്രിട്ടനിലെ മുൻ പോയറ്റ് ലോറേറ്റുമായ  സൈമൺ ആർമിറ്...

Search This Blog

  • Home

About Me

m k harikumar highlights
View my complete profile

Report Abuse

Labels

  • anudhavanam
  • google
  • m k harikumar
  • m k harikumar highlights
  • m k harikumar talk
  • m k harikumar vishu spl 2022
  • pachamalayalam
  • part 1
  • part 2
  • search
  • sivagiri
  • sreedhareeyam
  • എം.കെ ഹരികുമാർ/
  • എം.കെ.ഹരികുമാർ
  • എഴുത്തുകാരൻ
  • പൂവാൽ ചോക്കുന്നു കാടന്തിമേഘങ്ങൾ പോലെ
  • പ്രാപഞ്ചികമായ സൂക്ഷ്മധ്വനികൾ
  • ഭാഷയിൽ

Blog Archive

  • February 2023 (2)
  • January 2023 (16)
  • November 2022 (1)
  • October 2022 (4)
  • September 2022 (21)
  • July 2022 (8)
  • June 2022 (3)
  • May 2022 (2)
  • April 2022 (13)
  • March 2022 (19)
Watermark theme. Powered by Blogger.